Friday, February 13, 2009

കൗമാരസ്വപ്‌നങ്ങളിലെ മഞ്ഞ്‌

കാട്ടുപൊന്തകളിലെ സഞ്ചാരം-1

സര്‍പ്പഗന്ധിക്ക്‌ രണ്ടാം വയസ്സും നൂറാമത്തെ പോസ്‌റ്റും. പ്രണയദിനാശംസകളോടെ...


കാട്ടിലേക്കും നാട്ടില്‍ പലയിടങ്ങളിലുമായി കൊച്ചുകൊച്ചുയാത്രകളൊരുപാട്‌ ചെയ്‌തെങ്കിലും പത്തില്‍ പഠിക്കുമ്പോഴാണ്‌ എന്റെ മനസ്സിലേക്ക്‌ ഒരുമലയും അവിടേക്കുള്ളയാത്രയും കടന്നുവന്നത്‌.
ഒരു വൈകുന്നേരം ആറ്റില്‍ വെള്ളം തെറിപ്പിച്ചു നടക്കുമ്പോഴാണ്‌ വടക്കേ അറ്റത്തെ കുന്നിന്‍ മുകളിലേക്ക്‌ ചൂണ്ടി എന്റെ സഹപാഠിയുടെ ശരിക്കുമുള്ള വീട്‌ അവിടെയാണെന്ന്‌ ഒരു ചേച്ചി പറയുന്നത്‌. അന്നുരാത്രി ഞാനെന്റെ ജനലുകള്‍ തുറന്നിട്ട്‌ മലമുകളിലേക്ക്‌ നോക്കിയിരുന്നു. ഒരു നക്ഷത്രം താഴോട്ടിറങ്ങി വന്നതുപോലെ ചെറിയൊരു വെളിച്ചം മിന്നിമറഞ്ഞു. അത്‌ അവന്റെ വീട്ടിലെ വിളക്കായിരുന്നു.
പിന്നീടെന്നും ജനലുകള്‍ തുറന്നു കിടന്നു. അവിടെ മഞ്ഞിറങ്ങുന്നതു കണ്ടു. മഴവില്‍ തെളിയുന്നതുകണ്ടു. മഴക്കാലത്ത്‌ ചെറിയ വെള്ളച്ചാട്ടങ്ങള്‍ കണ്ടു. വേനലാവുമ്പോള്‍ വെള്ളച്ചാട്ടം വരണ്ടുണങ്ങി കറുത്ത പാറയില്‍ വെളുത്ത വരകള്‍ വരച്ചു.
ആറുകടന്ന്‌, റോഡുകടന്ന്‌ പലരുടേയും പറമ്പ്‌ കടന്ന്‌ വലിയൊരു കുന്നു കയറി .......കുന്നിന്റെ പകുതി മുതല്‍ യൂക്കാലിപ്‌റ്റ്‌സ്‌ കാടാണ്‌. അതും കടന്ന്‌ പിന്നെയും കാട്ടിലൂടെ വടക്കോട്ടു പോകേണ്ടിയിരുന്നു അങ്ങോട്ട്‌. പെണ്‍കുട്ടിയായ എനിക്ക്‌ ഒരു ദിവസം കാടുകയറി പോകാമായിരുന്ന ഒരിടമായിരുന്നില്ല അത്‌. എന്നിട്ടും എന്റെ കൗമാരസ്വപ്‌നങ്ങളില്‍ ആ കുന്നിന്‍ചെരുവിലേക്കുള്ള യാത്രയുണ്ടായിരുന്നു എപ്പോഴും. ആരുമറിയാതെ ഒരു ദിവസം പോകണമെന്നു കൊതിച്ചു. ആരും വഴികാട്ടിയായില്ലാത്ത യാത്ര.
വീടിനു പുറകിലെ മലയുടെ തുഞ്ചത്ത്‌ കയറുമ്പോഴും അക്കരമലയുടെ വടക്കേയറ്റത്തായിരുന്നു എന്റെ കണ്ണുകള്‍. വളരെ ചെറുതായി കണ്ട ഒരോ മരത്തിന്റെയും നില്‌പ്‌ ഇന്നും മനപാഠമാണ്‌. നോട്ടുബുക്കിന്റെ അവസാനതാളുകളില്‍ അവിടമായിരുന്നു വരച്ചുവെച്ചത്‌.

യൂക്കാലിപ്‌റ്റ്‌സ്‌ കാടിനോടുചേര്‍ന്ന്‌ തീപടര്‍ന്നുപിടിച്ചപ്പോള്‍, കരിയോയില്‍തേച്ച്‌ പലകയടിച്ച പത്താംക്ലാസിലിരുന്ന്‌ കൊച്ചുകൊച്ചു വീടുകള്‍ കത്തിവീഴുന്നതു കണ്ടു. അത്‌ വ്യക്തമായി കാണാവുന്ന ദൂരത്തായിരുന്നു. തീ പടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു...വടക്കോട്ടുവടക്കോട്ട്‌...ഉണങ്ങിക്കരിഞ്ഞുകിടന്ന കരിയിലകളിലേക്ക്‌ ആരോ എറിഞ്ഞ ബീഡിക്കുറ്റിയാവാം....
വടക്കേ അറ്റത്തേക്ക്‌ തീ പടരുമോ എന്ന്‌ അന്നുച്ച കഴിഞ്ഞ്‌ അധ്യാപകന്‍ അവനോട്‌ ചോദിച്ചു.
ഇല്ലെന്ന്‌, അവിടെയൊരു തോടുണ്ടെന്ന്‌ തോടിനപ്പുറം കടക്കില്ലെന്ന്‌ മറുപടി പറഞ്ഞപ്പോള്‍ എന്തൊക്കെയോ അവനോട്‌ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, അതിനുള്ള ധൈര്യമില്ലായിരുന്നു.

ആ കുന്നിന്‍മുകളിലേക്കുള്ള യാത്രയായിരുന്നു എന്റെ ആദ്യ കഥ. ദേവികുളം ആകാശവാണിയില്‍ ആ കഥ വായിക്കുമ്പോള്‍പോലും അക്ഷരങ്ങള്‍ക്കുപകരം തെളിഞ്ഞത്‌ അങ്ങോട്ടുള്ള വഴി തന്നെയായിരുന്നു. ഇക്കരെയൊരു വീടിന്റെ ജനാലതുറന്നാല്‍ കാണുന്ന വഴിയല്ല അങ്ങോട്ടേക്കുള്ളതെന്ന്‌ നന്നായറിയാമായിരുന്നു. ഇവിടെനിന്നു നോക്കുമ്പോള്‍ ഒരു കുന്നിന്‍ചെരിവാണ്‌. മലകയറിയാല്‍ നിരപ്പായിരിക്കും. തെരുവപ്പുല്ലും കൊങ്ങിണിയും ഇഞ്ചയും കൂമള്ളും വകഞ്ഞുമാറ്റി വേണ്ടിവരും പോകാന്‍. ഇവിടെ നിന്നു നോക്കുമ്പോള്‍ മരങ്ങളെല്ലാം ചേര്‍ന്ന്‌ ഒരു ഗോപുരത്തിന്റെ ആകൃതിയുണ്ട്‌. അടുത്തെത്തുമ്പോള്‍ ഓരോന്നും ഒരുപാടു ദൂരങ്ങളിലായിരിക്കും. ഓരോന്നും ഒറ്റയായി. എങ്ങനെ അടയാളങ്ങള്‍ കണ്ടെത്തും?


ആയിടക്കാണ്‌ അവന്റെ അയല്‍വാസിയായൊരു പെണ്‍കുട്ടി അവളുടെ സഹപാഠിയായ എന്റെ അയല്‍ക്കാരിയോട്‌ പറഞ്ഞത്‌ അവനവിടെ ചെല്ലുമ്പോഴൊക്കെ വീടിനടുത്തുള്ള പാറയില്‍ കയറി ഇരിക്കുമത്രേ! ആ പാറയില്‍ 'മൈന' 'മൈന' 'മൈന' എന്നെഴുതി വെച്ചിരിക്കുന്നു പോലും.!


ഒരു ദൂരദര്‍ശിനി വേണമെന്ന്‌ എനിക്കപ്പോള്‍ തോന്നി. ദൂരദര്‍ശിനിക്ക്‌ എന്തുവില വരും എന്നന്വേഷിച്ചു. അതുമായി മലയിലേക്ക്‌ നോക്കിയിരിക്കുന്ന എന്നെ സങ്കല്‌പിച്ചു നോക്കി. വീട്ടുകാര്‍ എനിക്ക്‌ വട്ടാണെന്ന്‌ കരുതും.

കഴിഞ്ഞ രണ്ടുവര്‍ഷം മുമ്പാണ്‌ വിദേശത്തുനിന്നു വന്ന ഒരു ബന്ധുവിന്റെ കൈയ്യില്‍ ദൂരദര്‍ശിനി കണ്ടത്‌. ആരുമറിയാതെ ഞാനപ്പോള്‍ നോക്കിയത്‌ മലയുടെ വടക്കേയറ്റത്തേക്കായിരുന്നു.
വര്‍ഷങ്ങളെത്ര കഴിഞ്ഞു. പെട്ടെന്നൊരു ദിവസം ആ മലകയറി പോകാന്‍ പറ്റാത്തത്ര ദൂരത്തായി. ഒരിക്കല്‍ പോകണം പോകണം എന്ന്‌ സ്വപ്‌നം കണ്ടതല്ലാതെ,........

******************************************

2009 ജനുവരി 18-24 മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ എഴുതിയ യാത്രാനുഭവത്തിലെ ഒരു ഭാഗം

നാട്ടുപച്ച ഒരുക്കിയ പ്രണയ വിരുന്ന്‌ കാണുക

18 comments:

ചാണക്യന്‍ said...

രണ്ടാം വാര്‍ഷികത്തിനും നൂറാം പോസ്റ്റിനും ആശംസകള്‍....

പ്രയാണ്‍ said...

മറന്നുവെച്ച പലതും പൊടി തട്ടിയെടുക്കാന്‍ തോന്നുന്നു...ആശംസകള്‍

Myna said...

ആയിടക്കാണ്‌ അവന്റെ അയല്‍വാസിയായൊരു പെണ്‍കുട്ടി അവളുടെ സഹപാഠിയായ എന്റെ അയല്‍ക്കാരിയോട്‌ പറഞ്ഞത്‌ അവനവിടെ ചെല്ലുമ്പോഴൊക്കെ വീടിനടുത്തുള്ള പാറയില്‍ കയറി ഇരിക്കുമത്രേ! ആ പാറയില്‍ 'മൈന' 'മൈന' 'മൈന' എന്നെഴുതി വെച്ചിരിക്കുന്നു പോലും.!


ഒരു ദൂരദര്‍ശിനി വേണമെന്ന്‌ എനിക്കപ്പോള്‍ തോന്നി.

poor-me/പാവം-ഞാന്‍ said...

Congratulation.Read in Mathru bhoomi and sent a letter on tuesday it self and the letter was dropped in to Mathru bhoomi's waste basket!
Regards
http://manjalyneeyam.blogspot.com

Viswaprabha said...

മധുരമാണീ എഴുത്ത്.
ഉഴുതുമറിക്കുന്നത് എന്റെ തന്നെ നിഷ്കളങ്കകൌമാരഭൂവിലാണെങ്കിലും,
കോറിവലിക്കുന്നതെന്റെ തന്നെ
നഷ്ടനീരാളപ്പട്ടുകളിലാണെങ്കിലും,
മധുരമാണീ എഴുത്ത്.

ആണ്ടും തിഥിയും നോക്കാതെ പ്രണയം കാട്ടുതീയായിപ്പടർന്നിരുന്നു പണ്ടൊരു കാലത്ത്.
മലമടക്കിലൊരിടത്ത് കശുമാന്തണലുകളിൽ ഊഞ്ഞാലാടിക്കൊണ്ടിരുന്ന മഞ്ഞിന്റെ മാസ്മരികത തേടി, മുളന്തട്ടികകൾക്കിടയിലൂടെ ഊളിയിടാറുണ്ടായിരുന്നു എന്റെയും കണ്ണുകൾ...

Unknown said...

മലയാളത്തിന്‌ കിട്ടിയ പ്രണയ കാവ്യമെന്ന്‌
മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ തന്നെ
ആരോ വിശേഷിപ്പിച്ചു പോയി.

മലമുകളിലെ പാറയില്‍ മൈന, മൈന
എന്നെഴുതി വെയ്‌ക്കാന്‍ തോന്നിപ്പോയെന്ന്‌
മാത്യൂ സാറും എഴുതി..

ഇനി ഞാനിപ്പോള്‍ എന്തു പറയാന്‍...
നല്ലൊരു പ്രണയാനുഭവം തന്നെ...

വല്യമ്മായി said...

മാതൃഭൂമിയിലെ ലേഖനവും വായനക്കാരുടെ പ്രതികരണങ്ങളും വായിച്ച് മനസ്സ് നിറഞ്ഞിരുന്നു.ആശംസകള്‍

ഐ.പി.മുരളി|i.p.murali said...

ഇനിയും നൂറായിരം പോസ്റ്റുകള്‍ മൈനയില്‍ നിന്നും പ്രതീക്ഷിക്കുന്നു...
ആ‍ശംസകള്‍ !

ചങ്കരന്‍ said...

വായിച്ചു ലയിച്ചു പോകുന്നു..

ഏറനാടന്‍ said...

മാതൃഭൂമിയില്‍ മൈനയുടെ മനോഹരമായ ലേഖനം വായിച്ചിരുന്നു. അതിനു വായനക്കാരുടെ ഒരുപിടി നല്ല മറുപടിക്കത്തുകളും വായിച്ചു. ഭാവുകങ്ങള്‍ നേരുന്നു.

യൂനുസ് വെളളികുളങ്ങര said...

:)

Anonymous said...

സ്വപ്നങ്ങളിലൂടെ യാത്ര ചെയ്തെത്തിയ പ്രതീതി.....

the man to walk with said...

ethra manoharamaayirikkunnu ee article azhchapathippil vayichu..

പകല്‍കിനാവന്‍ | daYdreaMer said...

ഇതൊരു ഒരു വല്ലാത്ത അനുഭവം തന്നെ... നന്നായി ഈ എഴുത്ത്...

നിരക്ഷരൻ said...

ഇതുപോലെയൊക്കെ ഒന്ന് എഴുതാന്‍ പറ്റിയെങ്കില്‍!

ഓ:ടോ:- വെറുതെയല്ല ഒരു യാത്രാവിവരണം പ്രസിദ്ധീകരിക്കാമെന്ന് പറയുകയുണ്ടായ മാതൃഭൂമി എഡിറ്റര്‍ കമല്‍ റാമിന്റെ പൊടിപോലും പിന്നെ കാണാഞ്ഞത് :) യാത്ര ചെയ്യാമെന്നല്ലാതെ അത് വിവരിക്കുന്ന കാര്യം വരുമ്പോള്‍ ഇവനൊരു നിരക്ഷരന്‍ തന്നെയെന്ന് അവര്‍ മനസ്സിലാക്കിയത് ശരിയാണെന്ന് ഞാനും മനസ്സിലാക്കുന്നത് ഇതുപോലുള്ളത് വായിക്കുമ്പോളാണ്. നല്ലതെപ്പോഴും നിലനില്‍ക്കാനിടയാവട്ടെ. മോശമായതിന്റെ കൂട്ടത്തില്‍ പുറത്തേക്ക് പോകുന്നു, സസന്തോഷം.

ഗൗരിനാഥന്‍ said...

good ..nannayitundu

നിലാത്തുമ്പി said...

ഞാനൊരു പുതിയ അതിഥിയാണ്-നിലാത്തുമ്പി എന്നാണ് എന്റെ ബ്ലോഗിന്റെ പേര്-ഈ ബ്ലോഗ്
ഞാൻ പിന്തുടരുന്ന ലിസ്റ്റിൽ ഉണ്ട്-ഇടയ്ക്കു എന്റെ ബ്ലോഗ് വഴി ഒന്നിരങ്ങാൻ സമയം കണ്ടെത്തണേ......

Unknown said...

innadyamayanithu vaayikkunnathu.Assalayirikkunnu