Sunday, February 8, 2009
സര്‍പ്പങ്ങളെക്കുറിച്ച് ചില സംശയങ്ങള്‍
കോഴിക്കോട് ആര്. കെ. മിഷന് സ്കൂളിലെ പി. കെ ഉണ്ണികൃഷ്ണന് എന്ന അധ്യാപകന് വിഷചികിത്സ എന്ന പുസ്തകം വായിച്ച് ചില തെറ്റുകള്‍ ചൂണ്ടികാട്ടുകയും സംശയങ്ങള്‍ ചോദിക്കുകയും ചെയ്തുകൊണ്ട് കത്തെഴുതി. അദ്ദേഹത്തിന് മറുപടി എഴുതിയപ്പോള്‍ അതൊരു പോസ്റ്റായി കൊടുക്കുന്നതു നന്നാവും എന്നു തോന്നി. കാരണം ഞാന്‍ സര്‍പ്പഗവേഷകയല്ല എന്നാല്‍ അറിയാന്‍ ശ്രമിക്കാറുണ്ട്. പാമ്പകടിക്ക് ചികിത്സിച്ചിട്ടുണ്ട്. ചില പുസ്തകങ്ങളുടെ സഹായത്തോടെയും ഇന്റര്‍നെറ്റിന്റെ സഹായത്തോടെയുമാണ് പാമ്പകളെക്കുറിച്ചുള്ള വിവരങ്ങള്‍ കൊടുത്തത്. പല പുസ്തകങ്ങളിലും വിരുദ്ധമായ വിവരങ്ഹളാണ് കാണാനായത്. ഏഴു വര്‍ഷം മുമ്പ് പുസ്തകമെഴുതുമ്പോഴുള്ള വിവരങ്ങളല്ല ഇപ്പോള്‍ ശരി. ശാസ്ത്രം വളര്‍ന്നുകൊണ്ടിരിക്കുന്നു. മാറ്റങ്ങളുമുണ്ടാവുന്നു.
എല്ലാചോദ്യത്തിനുമല്ല ഉത്തരമെഴുതിയത്. ചില ചോദ്യങ്ങള്‍ക്ക് പരസ്പരബന്ധമുള്ളതുകൊണ്ട് വെവ്വേറെ ഉത്തരമെഴുതിയിട്ടില്ല.
1. അണലിയും ചേനത്തണ്ടനും ഒന്നുതന്നെയല്ലേ?
അണലിയും ചേനത്തണ്ടനും ഒരേ കുടുംബത്തില്‍പെട്ടവരാണ്. എന്നാല്‍ ഒന്നല്ല. വൈപറിഡേ കുടുംബത്തില്‍ പെടുന്നു അവര്‍. ആയൂര്‍വേദത്തില്‍ മൂര്‍ഖന്‍, മണ്ഡലി, രാജിലം, വേന്തിരന്‍ എന്നിങ്ങനെ നാലുവിഭാഗമായാണ് തരം തിരിച്ചിരിക്കുന്നത്. ഇതില്‍ മണ്ഡലി എന്ന വിഭാഗമാണ് വൈപറിഡേ. 60 ഇനം മണ്ഡലികളുണ്ടെന്നാണ് ഗ്രന്ഥങ്ങളില്‍ കാണുന്നത്. മണ്ഡലി വിഭാഗത്തെ ചില പുസ്തകങ്ങളില്‍ അണലി എന്നും പറയുന്നുണ്ട്. ചേനത്തണ്ടന്‍( Russel Viper ) അണലി(Viper)യെക്കാള്‍ വലിപ്പമുണ്ട്. ( ചുരട്ട മണ്ഡലിക്ക് (Saw Scaled Viper) അണലിയെന്നു പറയുന്നവരുമുണ്ട്്) ചില മണ്ഡലാകാരത്തിലും വിഷത്തിന്റെ കാര്യത്തിലും വ്യത്യാസമുണ്ട്. കേരളത്തില്‍ ഓരോ പ്രദേശത്തും പലതരം പേരുകളില്‍ അറിയപ്പെടുന്നതുകൊണ്ട് അണലിയും ചേനത്തണ്ടനും ഒന്നാണെന്ന് തോന്നിയേക്കാം. മണ്ഡലി എന്ന് കോഴിക്കോടും മറ്റും അറിയപ്പെടുന്നത് നീര്‍ക്കോലിയെയാണ്.
2. 36 അടി നീളമുള്ള അനക്കോണ്ടയെക്കുറിച്ച് Official Records ഉണ്ടോ?
ലോകത്തിലെ ഏറ്റവും വലിയ പാമ്പാണ് അനാക്കോണ്ട. അനാക്കോണ്ടയെക്കുറിച്ച് Official records ഉണ്ടോ എന്ന ചോദ്യം എന്താണ് എന്നു മനസ്സിലായില്ല. പല സൈറ്റുകളിലും അനാക്കോണ്ടയെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. ചിത്രങ്ങളുമുണ്ട്. അനാക്കോണ്ട സങ്കല്പസൃഷ്ടിയല്ല.
3.എല്ലാ പാമ്പുകള്‍ക്കും 400 ലധികം വാരിയെല്ലുകള്‍ കാണുമെന്നാണല്ലോ BBC, Discovery തുടങ്ങിയവര്‍ പറയുന്നത്?
എല്ലാപാമ്പുകള്‍ക്കും മുന്നൂറിലധികം വാരിയെല്ലെന്നും നാന്നൂറിലധികം വാരിയെല്ലുകളെന്നും വ്യത്യസ്തമായി പറയുന്നുണ്ട്.
4. Black Mamba ക്ക്ഒരിക്കലും 30 fts നീളം വെക്കുന്നതായി കേട്ടിട്ടില്ലല്ലോ?
മാംബക്ക് 30 അടിയിലേറെ നീളം വെക്കുന്നതായി ചില പുസ്തകങ്ങളില്‍ പറയുന്നുണ്ട്.(ബ്ലാക്ക് മാംബ എന്ന് ഉണ്ണികൃഷ്ണന് സാറിന് എങ്ങനെ വന്നു എന്നറിയില്ല.)
5.ഒരു കടിയില്‍ ഏല്പിക്കുന്ന പരമാവധി വിഷം- മറ്റു പല ആധികാരികഗ്രന്ഥങ്ഹളിലും വ്യത്യസ്ഥമാണല്ലോ?
ഒരു കടിയില്‍ ഏല്പിക്കാവുന്ന വിഷത്തിന്റെ പട്ടിക വിവിധ പുസ്തകങ്ങസളില്‍ വ്യത്യസ്തമാണ്.
6.പാമ്പിനെ 4 കുടുംബങ്ങളായാണോ 11 കുടുംബങ്ങളായാണോ തരം തിരിച്ചിരിക്കുന്നത്?
പാമ്പുകളെ നാലിനങ്ങളായാണ് തരം തിരിച്ചിരിക്കുന്നത്. അവ ഇലപിഡേ, വൈപറിഡേ, കോളുബ്രിഡേ, ഹൈഡ്രോഫിഡേ തുടങ്ങിയവയാണ്. നമ്മുടെ നാട്ടിലെ മുര്‍ഖന്‍, വെള്ളിക്കെട്ടന് (Cobra & Krait) എന്നിവ ഇലാപിഡേ വര്‍ഗ്ഗത്തിലും മണ്ഡലി, അണലി, ചേനത്തണ്ടന്‍ തുടങ്ങിയവ വൈപറിഡേ കുടുംബത്തിലും ത്രികോണാകൃതിയുള്ള തലയും മണ്ഡലാകാരവുമാണൽ. പ്രത്യേകത.
കോളുബ്രിഡേ പൊതുവേ വിഷമില്ലാത്തവയാണ്. ചേര ഇതില്‍പ്പെടും.
എല്ലാകടല്‍പാമ്പുകളും ഹൈഡ്രോഫിഡേ കുടുംബത്തില്‍പ്പെടുന്നു.
7. കോളുബ്രിഡേ കുടുംബത്തില്‍ വിഷമുള്ള പാമ്പുകള്‍ ഇല്ലേ?
കൊളുബ്രിഡേ കുടുംബം പൊതുവേ വിഷമില്ലാത്തതാണ്. എന്നാല്‍ Boom Slang ഉഗ്രവിഷമുള്ളതാണ്.
8.അണലിയും ചേനത്തണ്ടനും മാത്രമാണോ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത്?
അണലിയും ചേനത്തണ്ടനും അടങ്ങുന്ന viparide കുടുംബത്തിലെ പാമ്പുകളാണ് കുഞ്ഞുങ്ങളെ പ്രസവിക്കുന്നവ.
9.വിഷപാമ്പുകളില്‍ ഏറ്റവും വലുത് KING COBRA യോ ബ്ലാക്ക് മാംബയോ?
വിഷപ്പാമ്പുകളില്‍ ഏറ്റവും വലുത് രാജവെമ്പാലയാണ്. ഈ പുസ്തകം എഴുതുന്ന സമയത്തുള്ള അന്വേഷണത്തില്‍ Mambaക്ക് ആയിരുന്നു ഒന്നാംസ്ഥാനം. അന്ന് റെഫറന്‍സിനെടുത്ത പുസ്തകങ്ങളില്‍ അങ്ങനെ കാണുന്നു.
10.വിഷത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലുള്ളത് tiger-ഓ അതോ Tipen-ഓ?
വിഷത്തിന്റെ കാര്യത്തില്‍ മുമ്പന്‍ Tipen ആണ്. Tiger എന്ന് അന്നത്തെ കണ്ടെത്തല്‍. (7 വര്‍ഷം മുമ്പാണ് പുസ്തകം എഴുതുന്നത്) മാത്രമല്ല ചില സൈറ്റുകളില്‍ വിഷശക്തിയില്‍ രണ്ടാംസ്ഥാനം നമ്മുടെ വെള്ളിക്കെട്ടനു നല്‍കുന്നുണ്ട്. നാലാംസ്ഥാനത്താണ് രാജവെമ്പാല.
വെള്ളിക്കെട്ടന് വിഷശക്തി കൂടുതലുണ്ടെങ്കിലും ഒറ്റക്കടിയില്‍ കൂടുതല്‍ വിഷം ഉള്ളില്‍ പ്രവേശിപ്പിക്കാന്‍ കഴിയുന്നത് അണലിക്കാണ്. അണലിയുടെ പല്ലുകളെ അപേക്ഷിച്ച് വളരെ ചെറിയ പല്ലുകളാണ് വെള്ളിക്കെട്ടന്റേത്.
11.രാജവെമ്പാലയുടെ കടിയില്‍ നിന്നു ബില്‍ ബാസ്റ്റ് മാത്രമല്ല, തായിലന്ഡുകാരായ ചിലരും രക്ഷപ്പെട്ടിട്ടുള്ളതായി രേഖകളില്ലേ? (വയനാട്ടിലെ ചൂരല്‍ മലയിലെ ജോര്‍ജിന്റെ കാര്യവും പഠനാര്‍ഹമായി ഉണ്ട്)
രാജവെമ്പാലയുടെ കടിയില്‍ നിന്നു രക്ഷപ്പെട്ടു എന്നു പറയുന്നത് ബില്‍ ഹാസ്റ്റ് മാത്രമാണ്.
ചെറുപ്പമുതല്‍ പാമ്പിന് വിഷം നേരിയ തോതില്‍ ശരീരത്തില്‍ കുത്തിവെച്ചാണ് ഈ പ്രതിരോധ ശക്തി ആര്‍ജിച്ചത്. വയനാട്ടിലെ ചൂരല്‍ മലയിലെ ജോര്‍ജ്ജ് രാജവെമ്പല കടിച്ചിട്ടും രക്ഷപ്പെട്ടു എന്ന് ഞാനും കേട്ടിട്ടുണ്ട്. പക്ഷേ ഇതിന് ആധികാരിക രേഖകളില്ല. ബില്‍ഹാസ്റ്റ് രക്ഷപെട്ടത് മരുന്നു കൊണ്ടല്ല പ്രതിരോധ ശക്തികൊണ്ടാണെന്ന് ഇവിടെയോര്‍ക്കേണ്ടതാണ്. (കടിയേറ്റാല്‍ 15 മിനിറ്റിലധികം ജീവിച്ചിരുന്നതായി കേട്ടിട്ടില്ല. എല്ലായ്പ്പോഴും പാമ്പുകടിക്കുമ്പോള്‍ വിഷമേല്‍ക്കണമെന്നില്ല- അതാവും ജോര്‍ജ്ജിനെ രക്ഷിച്ചത്.)
12.ഇന്ത്യയില്‍ മൂന്നിനം മൂര്‍ഖന്മാരല്ലേയുള്ളു?
ഇന്ത്യയില്‍ മുന്നിനം മൂര്‍ഖന്‍ പാമ്പുകളാണുള്ളതെന്ന് സര്‍പ്പ ഗവേഷകരായ സായി വിറ്റക്കറും റോം വിറ്റക്കറും പറയുന്നു. ഒറ്റ കണ്ണടയുള്ളവ, ഇരട്ട കണ്ണടയുള്ളവ, കറുത്ത നിറമുള്ളവ. എന്നാല്‍ ആയൂര്‍വേദ ഗ്രന്ഥങ്ങള്‍ 26 ഇനം മൂര്‍ഖന്മാരെക്കുറിച്ചും അവക്കൊക്കെയുള്ള ചികിത്സയും വെവ്വേറെ പറയുന്നുണ്ട്.
13. വെള്ളിക്കെട്ടന്റെ വെള്ളിവളയങ്ഹള്‍ തലമുതല്‍ ആരംഭിക്കുമോ?
വെള്ളിക്കെട്ടന്റെ വെള്ളിവരകള്‍ തലമുതല്‍ ആരംഭിക്കണമെന്നില്ല. എന്നാല്‍ തലയോട് അടുത്ത ഭാഗങ്ങളിലും വാല്‍ഭാഗങ്ങളിലും അത്ര തെളിഞ്ഞ വരകള്‍ കാണാറില്ലെന്നുമാത്രം.
14.വിഷപാമ്പുകള്‍ക്ക് പ്രധാനമായും വിഷപ്പല്ലുകള്‍ രണ്ടാണെങ്കിലും അവക്കുപിന്നില്‍ റിസര്‍വ്വ പല്ലുകള്‍ ഇല്ലേ?
വിഷപാമ്പകള്‍ക്കൊക്കെ വിഷപ്പല്ലുകള്‍ പോയാല്‍ റിസര്‍വ്വ് പല്ലുകള്‍ ഉണ്ട്.
15.ഇരയെന്നു കരുതിയുള്ള എല്ലകടിയും ശുഷ്കദംശനം ആകുമോ?
വിഷപാമ്പുകള്‍ ഇരയെന്നു കരുതി കടിക്കുന്നത് ശുഷ്കദംശനമാവാമെന്നേയുള്ളു. ചിലപ്പോള്‍ വിഷമേല്‍ക്കാം.
16. സസ്യങ്ങളെയും ജന്തുക്കളെയും ജീവിതചക്രത്തില്‍ ബന്ധിപ്പിക്കുന്ന-പാമ്പുകള്‍ സസ്യങ്ങളെ എങ്ങനെ ജീവിതചക്രവുമാി ബന്ധിപ്പിക്കുന്നു?
പുല്ല്-പുല്‍ച്ചാടി-തവള-പാമ്പ്-ഗരുഡന് ജീവിതം ചക്രം തന്നെയല്ലേ?
17. പല്ലിക്കും അരണക്കും യഥാര്‍ത്ഥത്തില്‍ വിഷമുണ്ടോ?
18. ചേരട്ട , പാറ്റ , ഉറുമ്പ് എന്നിവക്ക് വിഷമുണ്ടോ?
പല്ലിക്കും അരണക്കും ഉറുമ്പിനുവരെ വിഷമുണ്ടെന്നാണ് ആയൂര്‍വ്വേദമതം.
ഈ വിഷമൊക്കെ മരണകാരണമെന്നോ, ഉഗ്രവിഷമെന്നോ അല്ല. നേരിയ തോതിലുള്ള വിഷം അതായത്് ശരീരത്തില്‍ പ്രവേശിക്കുന്ന ഏത് അന്യ പദാര്‍ത്ഥത്തെയും വിഷമായി ഗണിക്കുന്നു. ശരീരം അതിനെതിരെ പ്രവര്‍ത്തിക്കുന്നുമുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുമല്ലോ
Subscribe to:
Post Comments (Atom)
11 comments:
കോഴിക്കോട് ആര്. കെ. മിഷന് സ്കൂളിലെ പി. കെ ഉണ്ണികൃഷ്ണന് എന്ന അധ്യാപകന് വിഷചികിത്സ എന്ന പുസ്തകം വായിച്ച് ചില തെറ്റുകള്‍ ചൂണ്ടികാട്ടുകയും സംശയങ്ങള്‍ ചോദിക്കുകയും ചെയ്തുകൊണ്ട് കത്തെഴുതി. അദ്ദേഹത്തിന് മറുപടി എഴുതിയപ്പോള്‍ അതൊരു പോസ്റ്റായി കൊടുക്കുന്നതു നന്നാവും എന്നു തോന്നി. കാരണം ഞാന്‍ സര്‍പ്പഗവേഷകയല്ല എന്നാല്‍ അറിയാന്‍ ശ്രമിക്കാറുണ്ട്. പാമ്പകടിക്ക് ചികിത്സിച്ചിട്ടുണ്ട്. ചില പുസ്തകങ്ങളുടെ സഹായത്തോടെയും ഇന്റര്‍നെറ്റിന്റെ സഹായത്തോടെയുമാണ് പാമ്പകളെക്കുറിച്ചുള്ള വിവരങ്ങള്‍ കൊടുത്തത്. പല പുസ്തകങ്ങളിലും വിരുദ്ധമായ വിവരങ്ഹളാണ് കാണാനായത്. ഏഴു വര്‍ഷം മുമ്പ് പുസ്തകമെഴുതുമ്പോഴുള്ള വിവരങ്ങളല്ല ഇപ്പോള്‍ ശരി. ശാസ്ത്രം വളര്‍ന്നുകൊണ്ടിരിക്കുന്നു. മാറ്റങ്ങളുമുണ്ടാവുന്നു.
അനിവാര്യമായി അറിഞ്ഞിരിക്കേണ്ട ചിലകാര്യങ്ങള്‍ ഈ കുറിപ്പില്‍ ഉണ്ട്. ജപ്പാനില്‍ പ്രസവിച്ചഉടനെം ശിശുക്കള്‍ക്ക് കൊടുക്കുന്ന കൂട്ടുമരുന്നില് ഒരു സൂചിമുനയില്പാമ്പിന്വിഷവും ചേര്‍ക്കുമെന്ന് പറഞ്ഞുകേള്‍ക്കുന്നു. ശാസ്ത്രവിഷയങ്ങള്‍ കാലത്തിനൊത്ത് കാലഹരണപ്പെടും. അതില്തെറ്റൊന്നുമില്ല. ടോളമിയുടഎ ജ്യോതിശാസ്ത്രമല്ലല്ലോ കോപ്പര്നിക്കസിന്റേത്. മാറ്റം അറിവിലും അനിവാര്യം.
ഭാവുകങ്ങള്‍
പി കെ ഉണ്ണികൃഷ്ണന്റെ കത്തുകൂടി പബ്ലിഷ് ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നേനേ എന്ന് തോന്നി. ചൂണ്ടിക്കാണിക്കപ്പെട്ട ചില തെറ്റുകള്‍ വളരെ വിചിത്രമായി തോന്നിയതുകൊണ്ടുകൂടിയാണിത്. (ഉദാഹരണത്തിന് മൂന്നുമീറ്ററിലധികം നീളം വയ്ക്കാത്ത ബ്ലാക്ക് മാംബയ്ക്ക് 30 അടി നീളം എന്നൊക്കെ പറഞ്ഞത്.. )
ചില സംശയങ്ങള്‍ താരതമ്യേന തീര്‍ച്ചയോടെ മറുപടി പറയാവുന്നവയാണ് -- ചോദ്യം വ്യക്തമാണെങ്കില്‍. ഉദാഹരണത്തിന് വണ്ണത്തിലും തൂക്കത്തിലും ലോകത്തീലെ ഏറ്റവും വലിയ പാമ്പ് ആമസോണ്‍ വനങ്ങളില്‍ കണ്ടുവരുന്ന പച്ച അനക്കോണ്ടയാണ്. എന്നാല്‍ ഇതിന്റെ എറ്റവും നീളമുള്ള ലഭ്യമായ സ്പെസിമനെക്കാള് കൂടുതല്‍ നീളമുള്ള റെക്റ്റികുലാത്തൂസ് പൈതോണിന്റെ സ്പെസിമന്‍സ് ലഭ്യമാണ്. അനക്കോണ്ടയുടെ നീളത്തെക്കുറിച്ച് വന്പന് കഥകള്‍ പലതും നിലവിലുണ്ടെന്നേയുള്ളൂ. അതുകൊണ്ട് ഏറ്റവും വലിയ പാമ്പ് എന്ന് ചോദ്യത്തിലാണ് പ്രശ്നം.
മറ്റൊന്ന് രാജവെമ്പാലയുടെ വിഷത്തിന്റെ കഥയാണ്. രാജവെമ്പാലയുടെ ശല്യം കൂടുതലുള്ള ഇന്തോനേഷ്യയില്‍ ഒക്കെ വിഷത്തെ അതിജീവിച്ച അനേകരുണ്ട്. നാഷണല്‍ ജ്യോഗ്രാഫികിലെ ഒരു പ്രോഗ്രാമില്‍ കണ്ടതാണ്. അടുത്തകാലത്ത് ബ്രിട്ടനില്‍ പോലും ഒരു പെറ്റ് ഷോപ്പില്‍ വച്ച് രാജവെമ്പാല കടിച്ച ഒരാള്‍ രക്ഷപെട്ടിരുന്നു.
എന്തായാലും മറുപടി പോസ്റ്റ് ഇട്ട സ്ഥിതിക്ക് അദ്ദേഹത്തിന്റെ പ്രശ്നങ്ങളും കൂടി പോസ്റ്റ് ചെയ്യുന്നതായിരുന്നു നല്ലത് :)
1. റോമുലസ് വിറ്റേക്കർ എന്ന അമേരിക്കൻ (ഇപ്പോൾ ഇന്ത്യൻ പൌരൻ) ഉരഗശാസ്ത്രജ്ഞനെപ്പറ്റി പരാമർശിക്കാതെ ആധുനിക ഇന്ത്യൻ സർപ്പവിജ്ഞാനം പൂർണ്ണമാവില്ല. രാജവെമ്പാലയുടെ പ്രകൃത്യാവാസവ്യവസ്ഥയെക്കുറിച്ച് പഠിക്കുവാനും പുനഃസൃഷ്ടിക്കുവാനും അപകടമരമായ രീതിയിൽ അവയുമായി ദീർഘകാലം സഹവസിച്ചിട്ടുണ്ട് അദ്ദേഹം. മദ്രാസ് സ്നേക് പാർക്കിന്റെയും മാമല്ലപുരം മുതലപ്പാർക്കിന്റെയും സ്ഥാപക ഡയറക്ടറും പ്രധാന ഉപദേശകനും ആയ റോം വിറ്റേക്കർ ഉഷ്ണമേഖലാമഴക്കാടുകളിലെ ഉരഗശാസ്ത്രത്തിലുള്ള പ്രത്യേകതാൽപ്പര്യം മൂലം ഇന്ത്യയിലേക്ക് സ്ഥിരതാമസം മാറ്റുകയായിരുന്നു.
നാഷനൽ ജ്യോഗ്രഫിക്, ബി.ബി.സി., അനിമൽ പ്ലാനറ്റ് തുടങ്ങിയവർക്കുവേണ്ടി അദ്ദേഹം ധാരാളം ഡോക്യുമെന്ററി ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
ദക്ഷിണേഷ്യൻ വന്യജന്തുഗവേഷണത്തിനു് അന്താരാഷ്ട്രതലത്തിൽ വളരെ ആക്കം കൂട്ടിയിട്ടുണ്ട് ഈ ചിത്രങ്ങൾ. കർണ്ണാടകയിലെ അഗുംബേ എന്ന സ്ഥലത്തെ കാടുകളിൽ രാജവെമ്പാലകൾക്കുവേണ്ടി തനത് ആവാസവ്യവസ്ഥയിൽ ഊന്നിയ ഒരു പ്രത്യേക പാർക്കുതന്നെ അദ്ദേഹം
ഉണ്ടാക്കിയെടുത്തിട്ടുണ്ട്.
ഈയടുത്ത് 2005-ൽ നാച്ചുറൽ വേൾഡ് പരമ്പരയ്ക്കുവേണ്ടി അദ്ദേഹം നിർമ്മിച്ച “രാജവെമ്പാലയും ഞാനും” എന്ന അതിപ്രസിദ്ധമായ ഡോക്യുമെന്ററി രാജവെമ്പാലകളെ വളരെ അടുത്ത് മനസ്സിലാക്കാൻ സഹായിക്കും.
67-ാമത്തെ വയസ്സിലും കാടിനേയും ഇഴജന്തുക്കളേയും വിട്ടൊഴിയാത്ത അദ്ദേഹം വരുംകാല ഇന്ത്യൻ വനപരിസ്ഥിതിവിജ്ഞാനീയത്തിൽ ഒരു ദീപസ്തംഭമായി വിലയിരുത്തപ്പെടും.
2. പാമ്പിൻ വിഷം ഭൂരിഭാഗവും അതീവഘനമുള്ള പ്രോട്ടീനുകളും അവയെ ഇരയുടെ ശരീരത്തിലെത്തുമ്പോൾ നേർപ്പിക്കുവാനുള്ള എൻസൈമുകളും ചേർന്ന, വിശേഷാൽ രൂപപ്പെടുത്തിയ ഉമിനീർ ആണു്. നേരിട്ട് രക്തത്തിലെത്താതെ വായിലൂടെ അകത്തു പ്രവേശിച്ചാൽ പാമ്പിൻ വിഷം വാസ്തവത്തിൽ ഒരു പോഷകാഹാരമാണത്രേ. ആ അർത്ഥത്തിൽ, പോയ്സൺ എന്നതിന്റെ നിർവ്വചനമനുസരിച്ച്, പാമ്പിൻവിഷം ഒരു വിഷമേ അല്ല! അതുപോലെത്തന്നെ രസകരമായ ഒരു കാര്യം അതിശക്തമായ ഒരു നിക്കോട്ടിൻ ഡോസും മൂർഖൻപാമ്പിന്റെ ഒരു കടിയും മാരകശേഷിയിലും സ്വഭാവത്തിലും തുല്യമാണു് എന്നതത്രേ!
3. ചില ജീവികൾക്കു് പാമ്പിൻവിഷം അപകടകരമല്ല. മിക്ക പാമ്പുകൾക്കും അതേ ഇനത്തിലുള്ള പാമ്പിന്റെ വിഷം നിരുപദ്രവകരമാണു്. കീരി, മുള്ളൻപന്നി, ചിലയിനം വേട്ടപ്പക്ഷികൾ എന്നിവയ്ക്കും ഇത്തരം പ്രതിരോധശക്തിയുണ്ട്. പന്നിയുടെ ശരീരത്തിലെ അമിതമായ കൊഴുപ്പ് വിഷം അകത്തെ പേശികളിൽ എത്തുന്നത് തടയുകയോ മന്ദീഭവിപ്പിക്കുകയോ ചെയ്യുന്നു.
മനുഷ്യരിൽത്തന്നെ ജനിതകവൈവിധ്യമനുസരിച്ച് പലർക്കും പലരീതിയിലായിരിക്കാം പാമ്പുവിഷത്തിന്റെ സ്വാധീനം.
ആദ്യം ചെറിയതോതിലും ക്രമേണ അളവു വർദ്ധിപ്പിച്ചും പാമ്പിൻവിഷം ശരീരത്തിൽ ഏൽപ്പിച്ച് ഏതാണ്ട് പൂർണ്ണമായിത്തന്നെ പ്രതിരോധം കൈവരിക്കാനാവുമെന്ന് പറയപ്പെടുന്നു. പ്രാചീനകാലം മുതൽക്കേ ഈ രീതി നിലവിലുണ്ട്. റോമുലസ് വിറ്റേക്കർക്കു തന്നെ ചെറുപ്പകാലം മുതൽ ആർജ്ജിച്ച ഇത്തരം പ്രതിരോധം പിന്നീട് രാജവെമ്പാലകളേയും മറ്റും സുഗമമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നുണ്ട്.
ആധുനികവൈദ്യഗവേഷണം വളരെ താൽപ്പര്യപൂർവ്വം ഉറ്റുനോക്കുന്ന ഒരു സങ്കേതം DNA-അധിഷ്ഠിതപ്രതിരോധം ആണു്. ഇതിന്റെ ആദ്യപടിയായി ഗവേഷണം നടക്കുന്നത് പാമ്പുവിഷത്തിനെതിരേ ആണു്. ഓരോ വർഷവും ഒരു ലക്ഷത്തിനടുത്ത് മനുഷ്യർ പാമ്പുകടിയേറ്റ് മരിച്ചുപോകുന്നുണ്ടെന്നു് ഗവേഷകർ കണക്കുകൂട്ടിയെടുത്തിട്ടുണ്ട്. DNA യിൽ / ജെനോമിൽ രേഖപ്പെടുത്തിയെടുക്കാവുന്ന ഒരു പ്രതിവിഷ ജീൻ സൂത്രവാക്യം എലെക്ട്രോപ്പൊറേഷൻ / സ്റ്റാബിൾ ട്രാൻസ്ഫെക്ഷൻ തുടങ്ങിയ ആധുനികസങ്കേതങ്ങളിലൂടെ മനുഷ്യകോശങ്ങളിലേക്ക് കടത്തിവിടുകയും അവയെ പിന്നീട് തലമുറകളിലൂടെ സ്വയം നിലനിർത്തുകയും ചെയ്യുന്നതാണു് ഈ വിദ്യ.
പാമ്പുവിഷപ്രതിരോധം പോലെയുള്ള ചികിത്സയിൽ വിജയകരമായി നടപ്പിലാക്കാനായാൽ പിന്നീട് കൂടുതൽ വികാസം പ്രാപിച്ച് ഒട്ടുമിക്ക അന്തകരോഗങ്ങളേയും മനുഷ്യനിൽനിന്നകറ്റി നിർത്താൻ ഈ സങ്കേതം പ്രാപ്തമായേക്കാം.
4. വിഷത്തിന്റെ ശക്തിയുടെ കാര്യത്തിൽ വെള്ളിക്കെട്ടൻ ( ശംഖുവരയൻ krait) കേമനായിരിക്കാം. പക്ഷേ വിഷസഞ്ചാലനം ഏറ്റവും വികാസം പ്രാപിച്ച കടിവിദഗ്ദൻ അണലിയാണത്രേ. ചേര അപൂർവ്വമായേ കടിക്കൂ എങ്കിലും അഥവാ കടിച്ചാൽ പട്ടികടിക്കുന്നതുപോലെ ഒരു ലക്കും ലഗാനുമില്ലാതെ തലങ്ങും വിലങ്ങുമായാണു കടിക്കുക എന്നുകേട്ടിട്ടുണ്ട്.
ചില നീർക്കോലികൾ കടിച്ചുപിടിച്ചിട്ട് പിടിവിടാൻ മറന്നുപോയതുപോലെ (പുളിയുറുമ്പിന്റേതുപോലെ) അതുപോലെത്തന്നെ തുടരുമെന്നും നാട്ടറിവിൽനിന്നു കേട്ടിട്ടുണ്ട്.
5. പാമ്പുകൾ തന്നെയാണു് രാജവെമ്പാലയുടെ (Ophiophagus Hannah) ഇഷ്ടഭക്ഷണം. Ophiophagy എന്നാൽ പാമ്പിനെ ഭക്ഷിക്കുന്ന സ്വഭാവം.
6. അനകൊണ്ട എന്ന പേർ എവിടെനിന്നുവന്നു? 1768ൽ ആദ്യം പ്രയോഗിക്കപ്പെട്ടപ്പോൾ ഈ പേർ ഒരു ശ്രീലങ്കൻ പെരുമ്പാമ്പിനാണു് ആദ്യം കിട്ടിയത്. തമിഴിൽ "ആനൈ-കൊണ്ട” (ആനയെ തിന്നാൻ/ഞെരുക്കാൻ പോന്ന) എന്ന അത്യുക്തി കലർന്ന ഒരു നാടൻപേരായിരിക്കാം സായിപ്പ് anaconda എന്നാക്കി മാറ്റിയതത്രേ. ഇതിന്റെ ഒരു രസകരമായ വിവരണം ഇവിടെ കാണാം. എന്തായാലും തെക്കേ അമേരിക്കയിലെ പച്ച അനകൊണ്ടയാണു് ഇപ്പോഴത്തെ അനകൊണ്ടാ താരം.
(അനകൊണ്ടയ്ക്ക് വിഷമില്ല. ആ പേരിൽ വന്ന ഇംഗ്ലീഷ് ചലച്ചിത്രം പക്ഷേ പതിവുപോലെ വളരെ തെറ്റിദ്ധാരണാജനകമാണു്.)
7. ശരാശരി ഏറ്റവും നീളമുള്ള പാമ്പ് നമ്മുടെ കള്ളിവരയൻ പെരുമ്പാമ്പ് (വട്ടക്കൂറ Reticulated Python) തന്നെ. 1912ൽ ഇന്തോനേഷ്യയിൽ രേഖപ്പെടുത്തിയിട്ടുള്ള ഒരുത്തനു് 10 മീറ്റർ (32 അടി) നീളമുണ്ടായിരുന്നുവത്രേ. ഔദ്യോഗികമായി ഇതുതന്നെ ഇപ്പോഴും ലോകറെക്കോർഡ്.
അനകൊണ്ടയുടെ ശരീരഭാരമാണു് അതിനെ ഏറ്റവും വലിയ പാമ്പ് എന്നു സാധാരണ വിശേഷിപ്പിക്കാൻ കാരണം. ശരാശരി 100 മുതൽ 150 കിലോ വരെ ഭാരം ആവാം ഇവയ്ക്ക്. എന്നിരുന്നാലും അറിയപ്പെടുന്നതിൽ ഏറ്റവും ഭാരം കൂടിയ പാമ്പ് ഇല്ലിനോയ്സിൽ പ്രദർശനത്തിലുള്ള ഒരു ബർമീസ് പെരുമ്പാമ്പാണു്. 182 കിലോ!
ഏറ്റവും നീളമുള്ള വിഷപ്പാമ്പ് രാജവെമ്പാല തന്നെ. 18 അടി 9 ഇഞ്ച് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. (മലേഷ്യ, ലണ്ടൻ ~1940). വിറ്റേക്കർ അദ്ദേഹത്തിന്റെ ചിത്രത്തിൽ Elvis എന്ന 19 വയസ്സുകാരനെ കാണിക്കുന്നുണ്ട്. അവനു് 14 അടി നാലിഞ്ചു നീളം ഉണ്ടായിരുന്നു. (2005 പിലിക്കുള, മംഗലാപുരം). ഭാരം 21 റാത്തൽ (ഏകദേശം 10 കിലോ)
ലോകത്ത് എക്കാലത്തും ജീവിച്ചിരുന്നതിൽ ഏറ്റവും ഭീമനായ സർപ്പത്തെക്കുറിച്ച് ശാസ്ത്രകേരളത്തിന്റെ ഏറ്റവും പ്രിയങ്കരനായ ബ്ലോഗർ ജോസഫ് ആന്റണി കുറിഞ്ഞി ഓൺലൈനിൽ ഈ പോസ്റ്റ് ഇട്ടിരിക്കുന്നതും ശ്രദ്ധിക്കുമല്ലോ.
പണ്ടു സെക്കന്റ് ഷോ വിട്ട് വരുമ്പോള്‍ വീടിനടുത്ത കൂട്ടുകാര്‍ പലവഴിക്ക് പിരിയുമ്പോള്‍ നടക്കേണ്ട ചെറിയ ദൂരങ്ങളില്‍ പാമ്പിനെക്കാളേറെ പേടി പ്രേതങ്ങളെയായിരുന്നു.പ്രേതപ്പേടിയുടെ ഗോപുരമുകളിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ പാമ്പുകള്‍ മാളത്തിലൊളിച്ചു.പിന്നെ പ്രേതങ്ങള്‍ അറിവിന്റെ കനത്തില്‍ മാഞ്ഞുപോയപ്പോള്‍ പാമ്പുകള്‍ ബാക്കിയായി,പേടിയായി.അറിയാതെ മുന്നില്പ്പെടുക,സ്വപ്നം കാണുക,ഉറയുരിഞ്ഞത് കാണുക,ചവിട്ടില്‍ നിന്നും രക്ഷപ്പെടുക ഇവയെല്ലാം സുഖമുള്ള പേടീകളായി ഇന്നും അവശേഷിക്കുന്നു.എന്തൊക്കെയൊ അജ്ഞതകളും നിഗൂഡതകളും കലര്‍ന്ന് പാമ്പുകളും നമ്മുടെ ജീവിതത്തിന്റെ ഏതോ അളകളില്‍ ആവശ്യത്തിന് ഭയം സമ്മാനിക്കാന്‍ ഒളിഞ്ഞിരിക്കുന്നതായി ഒരു തോന്നല്‍
2. 37 അടി നീളമുള്ള ഒരു അനക്കോണ്ടയെക്കുറിച്ച് ഒരു റിപ്പോര്‍ട്ടുണ്ട്. അത് അംഗീകരിക്കപ്പെട്ടിട്ടില്ല. ഞാന്‍ നേരത്തെ തന്ന ലിങ്കില്‍ വിവരങ്ങള്‍ കാണും. ഇന്‍ഡിവിജ്വല്‍ സ്പെസിമന്‍ റെക്കോഡ് റെക്റ്റികുലേറ്റഡ് പൈതണ്‍ ആണ്. (എന്നാലും ഏറ്റവും വലിയ പാമ്പ് എന്ന ചോദ്യം മിസ്നോമര്‍ ആണ്. ഏറ്റവും നീളം കൂടിയത്, ഏറ്റവും വണ്ണം/ തൂക്കം കൂടിയത് ഇതുരണ്ടും രണ്ടായിട്ടാണ് നിലവിലുള്ള റിക്കോഡുകള്‍. )
6. പാമ്പുകളുടെ സയന്റിഫിക് റ്റാക്സോണമി തെറ്റായിട്ടാണ് മനസ്സിലാക്കിയിരിക്കുന്നതെന്ന് തോന്നുന്നു. ഈ നാലും പതിനൊന്നും ഒക്കെ എന്താണെന്ന് മനസ്സിലാവൂന്നില്ല. മൈന തന്നെ കൊടുത്തിരിക്കുന്ന ഉത്തരവും ശരിയാണെന്ന് തോന്നുന്നില്ല. കടല്പാമ്പുകളില് എലാപിഡുകള് ഉണ്ട് (ഉറപ്പായിട്ടും. പക്ഷെ എല്ലാ കടല്‍പാമ്പുകളും എലാപിഡുകള് അല്ല.) അതായത് എലാപിഡുകളെ ഒരു ഗണമായി കൂട്ടുന്ന സിസ്റ്റത്തില്‍ കടല്പാമ്പുകള്ക്കായിട്ട് മറ്റൊരു ഗണം ഉണ്ടാവില്ല.
****
ജെനറലി ആയുര്വേദവിഷചികിത്സയിലെ പല സങ്കല്പങ്ങളും മിത്തിക്കല്‍ ആണ്. വേന്തിരന്‍ എന്ന ഇനം തന്നെ അത്തരം ഒരു സൃഷ്ടി ആണെന്ന് ദേവേട്ടന് പറഞ്ഞതോര്‍മയുണ്ട്. അത്തരം ആശയങ്ങളും ആധുനിക ജീവശാസ്ത്രവും കൂടി കൂട്ടിക്കുഴക്കാതിരിക്കുകയാണ് നല്ലത്. മൂര്‍ഖന്‍ മൂന്നിനം എന്നു കൂട്ടുന്നെങ്കില്‍ മൂന്നിനം. 28 എന്നു കൂട്ടുന്നെങ്കില്‍ അങ്ങനെ. ഇതുരംണ്ടും കൂടി കൂട്ടിക്കുഴക്കരുത്.
ആധുനിക ശാസ്ത്രീയ അന്വേഷണങ്ങളുടെ വെളിച്ചത്തില്‍ പരമ്പരാഗത വിഷചികിത്സ ഒക്കെ പുനര്‍നിര്‍വചിക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. രണ്ടറ്റത്തുനിന്നും ഉള്ള ഇന്‍ഫോര്‍മേഷന്‍ കൂട്ടിക്കുഴച്ചാല്‍ അതുകൊണ്ട് പ്രയോജനം ഒന്നും ഉണ്ടാവില്ല.
ഗുപ്തന്റെയും വിശ്വപ്രഭയുടെയും കമന്റ് കണ്ട് വന്നതാണിവിടെ. വിശ്വം പറഞ്ഞ മിസ്റ്റര്‍ വിറ്റേക്കറുടെ വീഡിയോ ഇവിടെ കാണാം.
മലബാറിലെ ( കണ്ണൂരിലെ ശ്രീകണ്ഠാപുരമാണ് സ്ഥലമെന്നാരോ പറഞ്ഞു) രാജവെമ്പാലയെപ്പറ്റിയുള്ള ഈ ഡിസ്കവറി വീഡിയോയും വളരെ പ്രസിദ്ധമാണ്. ഓസ്റ്റിന്‍ സ്റ്റീവന്‍സ് ആണ് ചിത്രത്തിലുള്ളത് എന്ന് തോന്നുന്നു. ഇതിന്റെ കടിയേറ്റാല്‍ പതിനഞ്ച് മിനിറ്റിലധികം ജീവിച്ചിരിക്കില്ലെന്ന് പറയപ്പെടുന്ന വിഷപ്പാമ്പുമായി അദ്ദേഹം കളിയ്ക്കുന്നത് കണ്ട് അന്തം വിട്ടിരുന്നിട്ടുണ്ട്.
ഓഫ്ഫാണ്,
ഗുപ്തരുടെ കമന്റ്"
ആധുനിക ശാസ്ത്രീയ അന്വേഷണങ്ങളുടെ വെളിച്ചത്തില്‍ പരമ്പരാഗത വിഷചികിത്സ ഒക്കെ പുനര്‍നിര്‍വചിക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. രണ്ടറ്റത്തുനിന്നും ഉള്ള ഇന്‍ഫോര്‍മേഷന്‍ കൂട്ടിക്കുഴച്ചാല്‍ അതുകൊണ്ട് പ്രയോജനം ഒന്നും ഉണ്ടാവില്ല."
ഒരു പരിധി വരെ യോജിക്കുന്നു. പക്ഷെ പാരമ്പര്യ ചികിത്സ നൂറു ശതമാനവും തള്ളിക്കളയാനാവുമോ?
മറ്റൊരു സംശയം , ഹോമിയോപ്പതിയെപ്പറ്റി പറഞ്ഞാല്‍ പോലും ചാടി വീഴുന്ന യുവശാസ്ത്രജ്ഞരെ ഒന്നും മൈനയുടെ വിഷ ചികിത്സ പോസ്റ്റില്‍ കാണാറുമില്ല.
:)
വിലയേറിയ വിവരങ്ങള്‍ക്ക് നന്ദി...
4. Black Mamba ക്ക്ഒരിക്കലും 30 fts നീളം വെക്കുന്നതായി കേട്ടിട്ടില്ലല്ലോ?
പെട്ടെന്ന് Barrak Obama എന്നു വായിച്ചു പോയി....! മൈനക്ക് അഭിനന്ദനനങ്ങള്‍...!
അണലിയും ചേനത്തണ്ടനും രണ്ടണെന്ന് എഴുതിക്കണ്ടു , ചേനത്തണ്ടന്‍ എന്നത് പ്രാദേശിക നാമം മാത്രമാണെന്നതാണെന്നാണ് എന്റെ വിശ്വാസം .ചിലയിടങ്ങളില്‍ വട്ടക്കൂറ എന്നും വിളിയ്ക്കും...
Post a Comment