Tuesday, December 23, 2008

നീയാണ്‌ യഥാര്‍ത്ഥ സഖാവ്‌

മുരളിയുടെ അച്ഛന്‌ എങ്ങനെയുണ്ട്‌ എന്ന്‌ ഓഡിറ്റര്‍ ചോദിക്കുമ്പോഴാണ്‌ ഞാനക്കാര്യം അറിയുന്നതു തന്നെ.

അല്ലെങ്കിലും കുറേ നാളായി ഞാനൊരു കൂട്ടിലാണ്‌. പുറം ലോകവുമായി ബന്ധമൊന്നുമില്ല. തൊട്ടടുത്തു നടക്കുന്ന കാര്യങ്ങള്‍ പോലും ശ്രദ്ധയില്‍ വരുന്നില്ല. കൂടിനു പുറത്തേക്ക്‌ കണ്ണും കാതും പോയാല്‍ ഉള്ളതൊക്കെക്കൂടി വിറ്റു പെറുക്കിയാല്‍പോലും നഷ്ടം നികത്താനാവില്ല. വല്ല്യ ഉണ്ണിയേട്ടന്‍ തന്നെ കൈപൊള്ളിയ അനുഭവവുമായി മുന്നിലുണ്ട്‌. ഒരു വൈകുന്നേരം ഉണ്ണിയേട്ടന്‌ മൂന്നു ലക്ഷമാണ്‌ കൈയ്യില്‍ നിന്നു വെക്കേണ്ടി വന്നത്‌ . ആരാ? എന്താ? എങ്ങനെയാ? എന്ന ചോദ്യങ്ങള്‍ക്കൊന്നും ഒരു പ്രസക്തിയുമില്ല. ആരായാലും അതിവിദഗ്‌ദനായ കള്ളന്‍ കൊണ്ടുപോയി എന്നെ അറിയൂ. പറഞ്ഞുവന്നത്‌ എന്റെ സഹപ്രവര്‍ത്തകന്‍ മുരുളിയെക്കുറിച്ചാണ്‌.

മുരളിയുടെ അച്ഛന്‍ മുറ്റത്തോ മറ്റോ വീണത്രേ! ഒരു വശം തളര്‍ന്നുപോയെന്നും തലയില്‍ രക്തം കട്ടപിടിച്ചെന്നും ഇപ്പോള്‍ ഐ സി യുവിലാണെന്നും അന്വേഷിച്ചപ്പോള്‍ അറിഞ്ഞു.

പ്രായമുണ്ട്‌. ഒന്‍പതോ പത്തോ മക്കളില്‍ അവസാനത്തേതാണ്‌ അവന്‍.
അച്ഛന്റെ വീഴ്‌ചയല്ല ചിന്തിപ്പിച്ചത്‌. കഴിഞ്ഞ ആറേഴുമാസമായി മുരളിക്ക്‌ മുന്നില്‍ എന്തൊക്കെയാണ്‌ വന്നുകൊണ്ടിരിക്കുന്നത്‌.

ഭാര്യ ഗര്‍ഭിണിയായിരുന്നു. രണ്ടാമത്തേത്‌. അവസാനമാസത്തിലാണ്‌ പെട്ടെന്ന്‌ ഇളക്കം നിലച്ചതും കുട്ടി മരിച്ചതും. അതുകൊണ്ടതന്നെ പൂര്‍ണ്ണ വിശ്രമത്തിലായിരുന്നു അവള്‍. വീട്ടില്‍ അച്ഛനുമമ്മയുണ്ട്‌.
അടുത്തിടെയായി അച്ഛന്‍ ആശുപത്രിയില്‍ തന്നെയാണ.‌ പ്രായത്തിന്റേതായ എല്ലാ അസുഖങ്ങളുമുണ്ട്‌. തിമിരത്തിന്‌ ശസ്‌ത്രക്രിയ ചെയ്‌തുവന്നപ്പോഴേക്കും രക്തസമ്മര്‍ദ്ദം കൂടി. അതിനു ചികിത്സചെയ്‌തപ്പോള്‍ മറ്റൊന്ന്‌. അമ്മയും വലിയ വ്യത്യാസമില്ല അസുഖക്കാര്യങ്ങളില്‍.

പെങ്ങള്‍ ഗര്‍ഭപാത്രം നീക്കംചെയ്യാനുള്ള ശസ്‌ത്രക്രിയക്കുവേണ്ടി മെഡിക്കല്‍ കോളേജിലായതും ഏതാണ്ടിതേ സമയത്താണ്‌. തീയറ്ററിലേക്കു കയറും മുമ്പ്‌ മൂത്രശങ്കമാറ്റുന്നതിന്‌ കക്കൂസില്‍ കയറിയതാണ്‌. കാല്‍വഴുതി ക്ലോസറ്റില്‍...ഗര്‍ഭപാത്രത്തിനു പകരം കാലാണ്‌ തത്‌ക്കാലം ഓപ്പറേഷന്‍ ചെയ്യേണ്ടി വന്നത്‌.

അന്നൊരു ഞായറാഴ്‌ചയായിരുന്നു. അച്ഛന്‍ ആശുപത്രിയില്‍ വന്നിട്ടേയുള്ളു. അമ്മക്കാണെങ്കില്‍ കണ്ണു ശസ്‌ത്രക്രിയക്ക്‌ പിറ്റേന്ന്‌ അഡ്‌മിറ്റാവണം. ഭാര്യ വിശ്രമത്തിലായതുകൊണ്ടും ....
കുറച്ചുദിവസമായി കിണറ്റില്‍ നിന്ന്‌ വെള്ളമടിക്കുന്ന മോട്ടോര്‍ പണിമുടക്കുന്നു. ഏതായാലും മോട്ടര്‍ നന്നാക്കി കളയാം എന്നു കരുതിയാണ്‌ കിണറ്റിലിറങ്ങിയത്‌. പഴയ കിണര്‍...പത്തിരുപതുകോല്‍ താഴ്‌ച്ച. മോട്ടോര്‍ നന്നാക്കി തിരിച്ചു കയറുമ്പോഴാണ്‌...ചവിട്ടിക്കേറിയിരുന്ന കല്ലിളകിയത്‌.....

ഒരു കാല്‍ ചെന്നടിച്ചത്‌ പാറയില്‍...പിന്നെ വെള്ളത്തിലോട്ട്‌....അരക്കൊപ്പമേ വെള്ളമുണ്ടായിരുന്നുള്ളു. കയറ്റാന്‍ നാട്ടുകാര്‍ ശ്രമിച്ച്‌ പരാജയപ്പെട്ടപ്പോള്‍ ഫയര്‍ഫോഴ്‌സ്‌ തന്നെ രക്ഷ. രണ്ടാഴ്‌ചയോളം ആശുപത്രിയില്‍...പിന്നെ പെങ്ങളുടെ വീട്ടില്‍..അച്ഛനെ ഒരു ചേട്ടന്‍ നോക്കി. അമ്മയെ മറ്റൊരാള്‍..ഭാര്യ അവളുടെ വീട്ടില്‍...

വടികുത്തിയെങ്കിലും നടക്കാനാവണമെങ്കില്‍ നാലുമാസം വേണം. ശരിക്കു നടക്കണമെങ്കില്‍ ഒരുവര്‍ഷത്തിലേറെ വേണമത്രേ!

മറ്റൊരു ഞായറാഴ്‌ച രാത്രിയിലാണ്‌ പ്രസന്നേച്ചിയുടെ ഫോണ്‍ 'മുരളിയുടെ ഭാര്യ പ്രസവിച്ചു. ഇത്തവണയും....'

വടികുത്തിപ്പിടിച്ച്‌ അവന്‍ വരാന്‍ തുടങ്ങി. വരാതെ നിവൃത്തിയില്ല. എടുക്കാവുന്ന അവധികളൊക്കെ കഴിഞ്ഞ്‌ ലോസ്‌ ഓഫ്‌ പേയിലാണിപ്പോള്‍.
പത്തിരുപതു കിലോമീറ്റര്‍ ദൂരത്തു നിന്നാണ്‌ വരേണ്ടത്‌.
ബസ്സില്‍ യാത്ര വയ്യ. ബന്ധുക്കളാരെങ്കിലും കൊണ്ടുവരികയും കൊണ്ടുപോവുകയും ചെയ്യുന്നു....
അതിനിടക്കാണ്‌ ഇപ്പോള്‍ അച്ഛന്‍....

മുരളി മെമ്പര്‍ഷിപ്പുള്ള ഒരു സഖാവാണ്‌.
അച്ഛന്റെ കാര്യം തിരക്കിയപ്പോള്‍ അതുപോലൊരു സഖാവായ സുഹൃത്തു പറഞ്ഞു.
" കാടാമ്പുഴപ്പോയി ഒരു മുട്ടറക്കിയാല്‍ തീരാവുന്ന കാര്യോളളൂ...പക്ഷേ, കേക്കണ്ടേ..."
ആ നിമിഷം എനിക്ക്‌ മുരളിയെക്കുറിച്ചോര്‍ത്ത്‌ അഭിമാനം തോന്നി.
അത്‌ വിശ്വാസത്തിന്റെയും അവിശ്വാസത്തിന്‍േയും പ്രശ്‌നമല്ല. ഇത്രയെല്ലാമായിട്ടും പലരും പറഞ്ഞിട്ടും തന്റെ നിലപാടുകളില്‍ നിന്ന്‌ വ്യതിചലിക്കാത്തതുകൊണ്ട്‌...
നീയാണ്‌ യഥാര്‍ത്ഥ സഖാവ്‌...ലാല്‍സലാം.

34 comments:

Myna said...

ആ നിമിഷം എനിക്ക്‌ മുരളിയെക്കുറിച്ചോര്‍ത്ത്‌ അഭിമാനം തോന്നി.
അത്‌ വിശ്വാസത്തിന്റെയും അവിശ്വാസത്തിന്‍േയും പ്രശ്‌നമല്ല. ഇത്രയെല്ലാമായിട്ടും പലരും പറഞ്ഞിട്ടും തന്റെ നിലാപടുകളില്‍ നിന്ന്‌ വ്യതിചലിക്കാത്തതുകൊണ്ട്‌...

Unknown said...

മുരളിക്കും ഈ പോസ്റ്റിനും ലാല്‍ സലാം.....

മലബാറി said...

------ LAL SALAM -----

യാരിദ്‌|~|Yarid said...

:)

Unknown said...

എന്താണ് മൈന ഈ എഴുത്തുകൊണ്ട്‌ ഉദ്ദേശിക്കുന്നത്? എത്രയോ മുരളിമാര്‍ നമുക്കു ചുറ്റും ഇങ്ങനെയൊക്കെ ഉണ്ട്. വായിച്ചു തുടങ്ങിയപ്പോള്‍ മുരളിയുടെ ധര്‍മസങ്കടങ്ങളാണ് എഴുത്തിന് ചോദനയായത് എന്നാണ് തോന്നിയത്. പക്ഷേ ആ 'അശുഭാന്ത വാക്യം' വേണമായിരുന്നോ?

പാമരന്‍ said...

ലാല്‍സലാം!

ഓടോ. മീര ഈ പോസ്റ്റ്‌ ഒന്നുകൂടി മനസ്സിരുത്തി വായിക്കണം.

ബാജി ഓടംവേലി said...

ലാല്‍സലാം!

pullode praveen said...

എം ആര്‍ മുരളി എന്ന സഖാവ് നിറഞ്ഞു നില്‍ക്കുന്ന സമയം ആയതുകൊണ്ട് ആ മുരളി ആവും ഇവുടുത്തെ മുരളി എന്ന് തെറ്റിധരിച്ചു പോയി.. ആയ തെറ്റിധാരണയിലൂടെ എന്റെ വിലപ്പെട്ടെ അഞ്ചു മിനുട്ടും നഷ്ട്ടപെട്ടു !! ഒരു സംശയം ഈ മുരളി ആരാണ് ? ഇത് കഥയോ അനുഭവമോ ?
മനസ്സില്‍ ആവുന്നില്ല .. ലാല്‍ സലാം പാടിയവരും പറയുക .... "വരൂ നമുക്ക് ആകാശ മിടായികള്‍ ആവാം " എന്ന് പിറന്ന തൂലിക ഇപ്പോള്‍ ശരിക്കും ചലിക്കുന്നില്ല , ചലിപ്പിക്കുന്ന പോലെ തോന്നുന്നു ... വിമര്‍ശനം അല്ല ...മനസ്സില്‍ തോന്നിയത് പറഞ്ഞു എന്ന് മത്രേം ..

അയല്‍ക്കാരന്‍ said...

ലാല്‍ സലാം...

ഓ. ടോ. കൊണ്ടിട്ടറിയാത്തവന്‍ പൂണ്ടാലുമറിയില്ല എന്നൊരു പഴഞ്ചൊല്ലുണ്ടോ മലയാളത്തില്‍?

തറവാടി said...

വിശ്വാസത്തിലൂടെയും അവിശ്വാസത്തിലൂടെയുമാണ് നിലപാടുകള്‍ ഉണ്ടാകുന്നത്.

,, said...

കണ്ടും പഠിക്കാം കൊണ്ടും പഠിക്കാം !

പകല്‍കിനാവന്‍ | daYdreaMer said...

നീയാണ്‌ യഥാര്‍ത്ഥ സഖാവ്‌...ലാല്‍സലാം.
:)

Myna said...

മുരളി എന്റെ സഹപ്രവര്‍ത്തകനാണ്‌. ഇത്‌ കഥയല്ല, യാഥാര്‍ത്ഥ്യമാണ്‌. പലരും ചിലനേരത്ത്‌ വിശ്വാസിയും ചിലനേരത്ത്‌ അവിശ്വാസിയുമാണ്‌. അത്‌ വ്യക്തമാക്കല്‍ ഇവിടെ ആവശ്യമില്ലെന്നാണ്‌ തോന്നുന്നത്‌. ഈ പോസ്‌റ്റിനു വേണ്ടി ആരെങ്കിലും എന്നെക്കൊണ്ട്‌ തൂലിക ചലിപ്പിച്ചതല്ല പ്രവീണ്‍. ആരു ചലിപ്പിക്കാന്‍ നോക്കിയാലും എനിക്കുകൂടി തോന്നേണ്ടേ ചലിക്കാന്‍?

അവസാന വാക്ക്‌ അശുഭമാണെന്ന്‌ മീരക്ക്‌ തോന്നിയെങ്കില്‍ അതെനിക്ക്‌ ശുഭമാണെന്നാണ്‌ തോന്നിയത്‌. അതാണല്ലോ ഈ പോസ്‌റ്റിന്റെ പ്രധാന കാരണം.

പിന്നെ, ഒരുകാര്യംകൂടി-ഞാന്‍ ഈശ്വരവിശ്വാസിയാണ്‌. പക്ഷേ, ഈ പോസ്‌റ്റ്‌ ഈശ്വരനിഷേധമല്ല.
ജീവിതത്തില്‍ പ്രതിസന്ധികള്‍ വരുമ്പോള്‍
'കഷ്ടകാലം' 'കാലക്കേട്‌" എന്നൊക്കെ പറഞ്ഞ്‌ അതിനെ ഒഴിവാക്കാന്‍ പല മുട്ടുന്യായങ്ങളും പറഞ്ഞുകൊണ്ടുവരുമ്പോള്‍ ഞാനടക്കം പലപ്പോഴും എന്റെ യഥാര്‍ത്ഥവിശ്വാസത്തില്‍ നിന്ന്‌ ഒന്നു ചാഞ്ചാടിപോകാറുണ്ട്‌.
ആ ചാഞ്ചാട്ടമില്ലായ്‌മ മാത്രമാണ്‌ ഞാന്‍ മുരളിയില്‍ കണ്ട Quality.

‍ശരീഫ് സാഗര്‍ said...

സഖാക്കളുടെയും സാഖാവ്‌ കാടാമ്പുഴയില്‍ പൂമൂടുമ്പോള്‍ മുരളി സഖാവിന്‌ ഈ വിശ്വാസിയുടെ വക നല്ല പൂവ്‌.

prachaarakan said...

visit and comment
പ്രഭാഷണവേദി

നിരക്ഷരൻ said...

മുരളിയുടെ പ്രശ്നങ്ങള്‍ ഉടന്‍ തീരുമാറാകട്ടെ, മുട്ടിറക്കാതെ തന്നെ. മുരളിയുടെ വിശ്വാസങ്ങള്‍ മുരളിയെ രക്ഷിക്കട്ടെ, മറ്റുള്ളവരുടേത് അവരേയും .

കൃസ്തുമസ്സ് ആശംസകള്‍

pullode praveen said...

ഈശ്വര വിശ്വാസി അല്ലാത്ത "ഹിന്ദു" മുരളിക്ക് സഖാക്കളുടെ ലാല്‍ സലാം !!!
ലാല്‍ സലാം പാടിയവരോട് ഒരു ചോദ്യം ,
ഒരു കയ്യില്‍ കൊന്തയും മനസ്സില്‍ കമ്മ്യൂണിസവും ആയി നടക്കുന്ന "ക്രിസ്ത്യന്‍" സഖാക്കളേ പള്ളിയില്‍ പോകുന്നതും മുടക്കു...
വെള്ളിയഴ്ചാ തൊപ്പി അണിഞ്ഞു പള്ളിയില്‍ പോകുന്ന മുസ്ലിം സഖാക്കളെയും ഈശ്വര വിശ്വാസികള്‍ അല്ലാതെ ആക്കു ..
അപ്പോള്‍ ഞാനും തരാം "നൂറു ചുവപ്പിന്റെ അഭിവാദ്യങ്ങള്‍ "

അല്ലാതെ ഹിന്ദു ദൈവങ്ങളോട് മത്രേം എന്തെ സഖാക്കളേ ഈ പുച്ഛം ?

യാരിദ്‌|~|Yarid said...

ഇതിലാരുടെ വിശ്വാസമാണു പുള്ളോട്ടെ ഇവിടെ “സഖാക്കൾ“ തകർത്തത്. ഒരാളുടെ ആദർശത്തിലുള്ള നിലപാടിനെക്കുറിച്ചെ മൈന പറഞ്ഞുള്ളു. അഭിപ്രായത്തിൽ സ്ഥിരത പുലർത്തുന്നവരെ ബഹുമാനിക്കും പുള്ളോട്ടെ.ചെലപ്പോ സഖാവെയെന്നും വിളിക്കും, ചെലപ്പൊ ലാൽ‌സലാം സഖവെ എന്നും പറയും.

അതിനി പുള്ളോട്ടായാലും ശരി, മുരളിയായാലും ശരി..

പോസ്റ്റ് ശരിക്കും വായിച്ചില്ല അല്ലിയൊ.?

VINAYA N.A said...

നന്നായിട്ടുണ്ട്‌

pullode praveen said...

സുഹൃത്തേ , ആരുടെ എങ്കിലും വിശ്വാസം തകര്‍ത്തു എന്ന് ഞാന്‍ പറഞ്ഞോ ?
"ഈശ്വര വിശ്വാസി അല്ലാത്ത ഹിന്ദു സഖാവിനു " എല്ലാരും ലാല്‍സലാം കൊടുത്തപ്പോള്‍ അറിയാതെ ചോദിച്ചു പോയതാണ് മാഷെ ..
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തന്നെ ഹിന്ദുവിന് ദൈവ വിശ്വാസം പാടില്ല എന്നും ,
മുസ്ലിമിനും ക്രിസ്ത്യാനിക്കും അതാകാമെന്നും ഉള്ള അലിഖിത നിയമം ഒന്ന് ഓര്‍ത്തു പോയി എന്ന് മാത്രം ..
അതുകൊണ്ട് തന്നെ ആണല്ലോ എഴുത്തുകാരിയും മുരളിക്ക് സലാം കൊടുത്തത് !!

യാരിദ്‌|~|Yarid said...

എവിടെ ആരു അലിഖിത നിയമം എഴുതിവെച്ചു. പ്രവീണിനു തോന്നിയ പോലെ അങ്ങു വ്യാഖ്യാനിച്ചാൽ മതിയൊ..?

pullode praveen said...

വീട്ടില്‍ ഗണപതി ഹോമം നടത്തിയ നേതാവ് പാര്‍ട്ടിക്കു പുറത്തു ..
ഉമ്രിനു സഖാവ് ഇപ്പോളും എം.പി തന്നെ ..
അത് ലിഖിത നിയമമോ അലിഖിത നിയമമോ?

യാരിദ്‌|~|Yarid said...

പോസ്റ്റെവിടെ കിടക്കുന്നു. പ്രവീണെവിടെ കിടക്കുന്നു. ആദ്യം പോസ്റ്റ് വായിച്ച് എന്താണു മൈന ഉദ്ദേശിച്ചതെന്നു മനസ്സിലാക്കു.

pullode praveen said...

സുഹൃത്തേ ,
നല്ലവണ്ണം മനസ്സിരുത്തി ഞാന്‍ വായിച്ചു ..
"എന്തൊക്കെ ധര്‍മ സങ്കടങ്ങള്‍ വന്നാലും ഈശ്വര വിശ്വാസി ആകില്ല എന്ന മുരളിയെ ഒരു വെക്തിയെ അല്ല മൈന എന്ന എഴുത്തുകാരി അഭിനന്ദിച്ചത് . 'മുരളി എന്ന സഖാവിനെ" ആണ് !!! അതുകൊണ്ടാനല്ലേ ഇത്രേം ലാല്‍ സലാം കിട്ടിയതും "
വായിച്ചപ്പോള്‍ എനിക്ക് മനസ്സിലായത് അതാണ്‌ ,
കഥയുടെ (അനുഭവത്തിന്റെ) തലവാചകവും അത് തന്നെ !!
ഇനി എന്റെ പ്രിയ സുഹൃത്തിനു എന്താണ് മനസ്സിലായത് എന്ന് പറഞ്ഞു തരാമോ?

യാരിദ്‌|~|Yarid said...

അങ്ങനെയല്ലല്ലൊ പ്രവീണെ മൈന ഉദ്ദേശിച്ചതു. മൈനയോടൂ നേരിട്ടു ചോദിക്കാം അത്.

സ്വന്തം ഇഷ്ടപ്രകാരം എങ്ങനെ വേണമെങ്കിലും പ്രവീണിനു അതു വ്യാഖ്യാനിക്കാം. ചിന്തകളൊക്കെ ഇടുങ്ങിയതാകുന്നതിന്റെ പ്രശ്നമാണ്. അതു മാറില്ല.!

മുസാഫിര്‍ said...

നല്ലൊരു കഥ പറഞ്ഞത് കൂടാതെ ഒരു പ്രാവശ്യം വിശദീകരണവും തന്നു.ഇനി കൂ‍ടുതല്‍ കിഴിഞ്ഞ് ചോദിച്ച് കഥാകൃത്തിനെ എന്തിനാണ് വിഷമിപ്പിക്കുന്നത് എന്നു മനസ്സിലാകുന്നില്ല.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സ്വന്തം വിശ്വാസങ്ങളിലും അഭിപ്രായങ്ങളിലും ഏതു പ്രതി സന്ധി ഘട്ടങ്ങളിലും ഉറച്ചു നിൽ‌ക്കുക എന്നതാണു ഇന്നത്ത കാലത്ത് എല്ലാവരും നേരിടുന്ന വെല്ലുവിളി.ജീവിതത്തിൽ വന്നു ചേരുന്ന ബുദ്ധിമുട്ടുകളേയും കഷ്ടപ്പാടുകളെയും വിധി എന്ന് കരുതി സമാധാനിയ്ക്കാനാണു ഇവിടെ എല്ലാ മതങ്ങളും പഠിപ്പിയ്ക്കുന്നത്.അതിനായി ചില പരിഹാരക്രിയകളും അവർ ഓതി തരുന്നു.എന്നാൽ അതൊക്കെ ചെയ്താലും ഒരു മാറ്റവും ഉണ്ടാകുന്നുമില്ല.ആത്യന്തികമായ് മനുഷ്യന്റെ മാ‍നസിക വികാരങ്ങളെ ചൂഷണം ചെയ്യുകയാണ് മതങ്ങളെല്ലാം ചെയ്യുന്നത്.

ഈ ചെറിയ പോസ്റ്റിൽ, സ്വന്തം നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന ഒരു സഖാവിനെ മൈന പരിചയപ്പെടുത്തുന്നു.അതിലെവിടെയാണു കുഴപ്പം?ഹിന്ദു സഖാവു എന്നോ ക്രിസ്ത്യൻ സഖാവ് എന്നോ അതിൽ പറയുന്നുമില്ല.കേരളത്തിലും ഇടതു പക്ഷങ്ങൾക്കു വോട്ട് ചെയ്യുന്നവരിൽ ഭൂരിപക്ഷവും ഈശ്വര വിശ്വാസികൾ തന്നെയാണ്.ഇടതു പക്ഷത്തിന്റെ സാമ്പത്തിക നിലപാടുകളോടു യോജിയ്ക്കുന്നവർ ഈശ്വര വിശ്വാസികളും ആവാം.അവരുടേയും കൂടി പ്രശ്നങ്ങൾ ഇല്ലാതാക്കാനാണു ഇടതു പക്ഷം ശ്രമിയ്ക്കുന്നത്.അത് സ്വർഗ രാജ്യം മരണാനന്തരം വാഗ്ദാനം ചെയ്യുന്നതു പോലെ അല്ല.

എന്നാൽ ഈ തിരിച്ചറിവു എല്ലാ സഖാക്കൾക്കും ഉണ്ടാകണമെന്നില്ല.എന്നു വച്ചു അവർ സഖാക്കൾ ആകാതെയിരിയ്ക്കുന്നുമില്ല.ഉത്തമനായ ഒരു സഖാവ് എങ്ങനെ ആയിരിയ്ക്കണം എന്നു മാത്രമാണു മൈന കാട്ടിത്തരുന്നത്.

pullode praveen said...

സുനില്‍ താങ്കള്‍ പറഞ്ഞ ശരി ശരി ആണ് എങ്കില്‍ ( "ഉത്തമനായ ഒരു സഖാവ് എങ്ങനെ ആയിരിയ്ക്കണം എന്നു മാത്രമാണു മൈന കാട്ടിത്തരുന്നത്"....)ഞാന്‍ അംഗീകരിക്കുന്നു
ഞാന്‍ ചോദിച്ചതും ഇത് തന്നെ ആണ് ..
മൈന അന്ഗീകരിച്ച്ത് മുരളി എന്ന വെക്തിയെയോ , അതോ കമ്മ്യുണിസ്റ്റ് ആയ മുരളിയെയോ ?


മുരളി എന്ന വെക്തിയെ ആണ് അംഗീകരിച്ചത് എങ്കില്‍ കേരളത്തില്‍ ഉള്ള എല്ലാ ഉക്തി വാധികളെയും മൈന അംഗീകരിക്കുമോ ?

മുരളി എന്ന സഖാവിനെ ആണ് അംഗീ കരിച്ചത് എങ്കില്‍ കേരളത്തിലെ ഈശ്വര
വിശ്വാസികള്‍ ആയ സഖാക്കളേ , "നീ ഒന്നും അല്ല യഥാര്‍ത്ഥ സഖാവ്" എന്ന് പറയാന്‍ മൈന തയ്യാര്‍ ആവുമോ ?

ചോദിച്ചത് മൈനയോടു മത്രേം അല്ല ..
ഇവിടെ ലാല്‍ സലാം എഴുതിയ എല്ലാ സഖക്കലോടും ആണ് ...

പറയാന്‍ മനസ്സില്ലേല്‍ ഞാന്‍ ഒന്ന് പറയാം,
മൈന തരുന്ന ബ്ലോഗ് ഇന്റെ ലിങ്ക് വായിച്ചു അവരെ പ്രീത്തിപെടുത്തന്‍ എഴുതുന്ന തരാം താഴ്ന കമന്റ്സ് , അത് നിങ്ങള്‍ എഴുത്തുന്നത് ...
ചുരുക്കിപറഞ്ഞാല്‍ പ്രീണനം ...

എന്നിട്ട് എന്നോട് ഒരു ചോദ്യവും, ഞാന്‍ ആ ബ്ലോഗ് മനസ്സിരുത്തി വായിചോഎന്നു ...


ഞാന്‍ ആദ്യം പറഞ്ഞത് വീണ്ടും പറയുന്നു,
"വരൂ നമുക്ക് ആകാശ മിടായികള്‍ ആവാം എന്ന് പറഞ്ഞു തൂലിക ഇപ്പോള്‍ ചലിക്കുന്നില്ല, മറ്റാര്‍ക്കോ വേണ്ടി ചലിക്കുന്നു,, ഏതോ കമ്മ്യൂണിസ്റ്റ് കാരന് വേണ്ടി... അല്ലേല്‍ നമ്മുടെ ബ്ലോഗ് എഴുത്ത് കാരിക്ക്യുടെ കമ്മ്യുണിസ്റ്റ് ചിന്താഗതിക്ക് വേണ്ടി ടിതന്നെ..

ഉത്തരം പറയേണ്ടത് മൈന്റും അതുപോലെ തന്നെ ഓശാന പാടിയ കംമുന്‍...

ഉത്തരം എഴുത്തിയിട്ടു മതി അടുത്ത ബ്ലോഗ് ഉപ്ടറ്റ് ഇന്റെ ലിങ്ക് അയച്ചു തരുവാന്‍ എന്നാ ഒരു അപേക്ഷ എനിക്കുണ്ട് ..

Myna said...

പ്രവീണിന്‌ ഒരു മറുപടി ആവശ്യമില്ലെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. കാരണം ഞാന്‍ പറയാനുള്ളത്‌ പറഞ്ഞു കഴിഞ്ഞതാണ്‌. എന്റെ തൂലിക കമ്മ്യൂണിസ്റ്റുകാര്‍ക്കുവേണ്ടി ചലിക്കുന്നു അല്ലെങ്കില്‍ ചലിപ്പിക്കുന്നു എന്നു തന്നെ വിശ്വസിച്ചേക്കുക. ആരെയും എനിക്കു ബോധിപ്പിക്കേണ്ട ആവശ്യമില്ല. എന്റെ മനസ്സിനെ അല്ലാതെ.

ലിങ്ക്‌ അയച്ചതില്‍ ക്ഷമിച്ചേക്കുക പ്രവീണ്‍. കാരണം ഓര്‍ക്കുട്ടു വഴിയാണ്‌ ഞാന്‍ ലിങ്ക്‌ അയക്കാറ്‌. ഓര്‍ക്കുട്ടില്‍ എനിക്ക്‌ ഇന്നുവരെ 800ലധികം friends ഉണ്ട്‌. ഇവരില്‍ 50 പേരെയെങ്കിലും എനിക്കു നേരിട്ടറിയുമോ എന്നു സംശയമാണ്‌. എനിക്കു നേരിട്ടറിയുന്നവരെയല്ലാതെ ഒരാളെയും ഞാന്‍ എന്റെ ഫ്രണ്ടാവാന്‍ Request കൊടുത്തിട്ടില്ല. അതായത്‌ ബാക്കിവരുന്ന 750 ല്‍ പരം friends ഇങ്ങോട്ടു Request തന്നിട്ട്‌ Add ചെയ്‌തതാണ്‌. ഒരു Friend ന്‌ പ്രത്യേകമായി ഞാന്‍ link അയക്കാറില്ല. group message ആണ്‌ അയക്കാറ്‌. പ്രവീണ്‍ എന്റെ ഓര്‍ക്കൂട്ട്‌ ഫ്രണ്ടാണോ എന്നറിയില്ല. വേറാരെങ്കിലും link അയക്കുന്നതാണോ എന്നു മറിയില്ല. എന്റെ freind groupil പ്രവീണുണ്ടെങ്കില്‍ ദയവു ചെയ്‌തു delete ചെയ്‌തേക്കുക. പ്രവീണിനെപ്പോലെ വേറെ ആര്‍ക്കെങ്കിലും link അയക്കാന്‍ പാടില്ലെങ്കില്‍ ദയവു ചെയ്‌തു അറിയിക്കുക. നിങ്ങളെ ശല്യം ചെയ്യില്ല.
അല്‌പം വേദനയോടെ തന്നെ...

സ്രാങ്ക് said...

കഴിഞ്ഞ കുറേക്കാലമായി മൈനയുടെ പോസ്‌റ്റുകളില്‍ ഇസ്ലാം എന്നോ പര്‍ദ എന്നോ ഒന്നുമല്ലെങ്കില്‍ ഇസ്ലാം പേരുകളോ വന്നാല്‍ AK, സലാവുദ്ദീന്‍, onlooker, വിചാരം, ആലുവവാല, ചിന്തകന്‍ തുടങ്ങി കുറേപ്പേര്‍ വന്ന്‌ വിമര്‍ശിച്ച്‌ ,ചിലപ്പോള്‍ പച്ചത്തെറിവിളിച്ചു പോകുമായിരുന്നു. മുസ്ലീം സ്‌ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ചു എഴുതുമ്പോള്‍ ഇതൊക്കെയെന്താ മുസ്ലീംസ്‌ത്രീക്കുമാത്രമേയുള്ളോ എന്നായിരുന്നു അവരുടെ കമന്റ്‌. അപ്പോഴൊക്കെ അവര്‍ മൈനയെ ഇസ്ലാംവിരോധിയായി കണ്ടു. ഇപ്പോള്‍ ഹിന്ദു വിരോധിയുമാക്കി.

മുരളിയുടെ വിശ്വാസപ്രമാണങ്ങളെക്കുറിച്ചെഴുതിയപ്പോൾ പ്രവീൺ “ജി“ക്കു എന്താണാവൊ അത്രക്കു രക്തം തിളചതു. ഇദ്ദേഹത്തിന്റെ മനസ്സിലെ വിഷം അടിഞ്ഞു കൂടിയിരിക്കുന്നതു കാ‍ണാൻ ഓർക്കുട്ടിലെ മാതൃഭൂമി കമ്മ്യൂണിറ്റി നോക്കിയാൽ മതി. രണ്ടു ഭാഗത്തുമുള്ള വിഷബീജങ്ങൾ അലറിത്തുള്ളുന്നതു കാണാം.


ആകാശമിഠായി എഴുതിയ മൈന തന്നെയാണു ഇതുമെഴുതിയതെന്ന് സാമാന്യബുദ്ധിയും വിവരവുമുള്ള എല്ലാവരും മനസ്സിലാക്കും. അതു മനസ്സിലാക്കാൻ കഴിവില്ലാത്തതു ഇടുങ്ങിയ ചിന്താഗതിയും മനസു നിറയെ വിഷം വമിക്കുന്നതുമായ വിരലിലെണ്ണാവുന്നവർ മാത്രം.

മൈനയെ പ്രീതിപ്പെടുത്തുവാനാണത്രെ പോസ്റ്റിൽ കമന്റിടുന്നത്. പ്രവീൺ “ജി” യുടെ കണ്ടുപിടിത്തം ബഹുഭേഷായിരിക്കുന്നു. എന്നാൽ ഇനി കമ്മ്യൂണിസ്റ്റുകളെയും മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ആക്ഷേപിച്ചു പോസ്റ്റിടാൻ പറയാം. അപ്പോൽ കയ്യടിക്കാനും ഹൂറെ വിളിക്കാനും വന്നാൽ മതിയാകും പ്രവീൺ”ജി”.അതാണല്ലൊ ഓർക്കുട്ടിൽ ചെയ്തു വരുന്നതും.


ഇവനൊക്കെ മറുപടി കൊടൂത്തു മൈനയുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്നു അഭ്യർത്ഥിക്കുന്നു..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പ്രവീൺ‌ജി എന്റെ കമന്റിനെ പരാമർശിച്ചതു കൊണ്ട് ഞാൻ എഴുതുന്നു.ഒന്നു രണ്ടു കാര്യങ്ങൾ പറയട്ടെ.
ഒന്നാമതായി മൈനയുടെ പോസ്റ്റിൽ ഇതു “വിശ്വാസത്തിന്റേയും അവിശ്വാസത്തിന്റേയും പ്രശനമല്ല,നിലപാടുകളിൽ ഉറച്ചു നിൽ‌ക്കുക “ എന്നതാണു മുരളിയെക്കുറിച്ചു അഭിമാനം തോന്നാൻ കാരണം എന്ന്.അതിലെവിടെയാണു ഹിന്ദുവായതുകൊണ്ടാണു ഇതെഴുതിയത് എന്ന് താങ്കൾക്ക് തോന്നിയത്?ഞങ്ങൾക്കാർക്കും അങ്ങനെ തോന്നിയിട്ടില്ല.മഞ്ഞ കണ്ണട കൊണ്ടു നോക്കുമ്പോൾ ലോകം മുഴുവൻ മഞ്ഞയായി കാണും.

പിന്നെ, എല്ലാ യുക്തിവാദികളേയും അംഗീകരിക്കുമോ എന്നതു എന്തു ചോദ്യം?ആ‍ദ്യമായി പറയട്ടെ നിരീശ്വര വാദവും യുക്തിവാദവും പരസ്പര പൂരകങ്ങൾ അല്ല.എല്ലാ നിരീശ്വര വാദികളും യുക്തിവാദികൾ അല്ല.നിലപാടുകളെ ആശ്രയിച്ചാണു യുക്തിവാദികളെ അംഗീകരിക്കുന്നതും അംഗീകരിയ്ക്കാതിരിക്കുന്നതും അല്ലാതെ കണ്ണടച്ച് അല്ല.കമ്മ്യൂണിസ്റ്റ് ആയിരിയ്ക്കുക എന്നു പറഞ്ഞാൽ അതിലെന്തോ മോശമുള്ളതു പോലെയാണല്ലോ പ്രവീൺ എഴുതുന്നത്.മാനവികതയുടെ ഏറ്റവും ഉയർന്ന രൂപമാണു അതു.മനുഷ്യൻ അതിന്റെ പരമ്മോന്നതിയിൽ എത്തുന്ന അവസ്ഥ.ഇവിടുത്തെ മത നേതൃത്വങ്ങളും മത സംഘടനകളും അത്തരം മാനവികതയേയും മനുഷ്യത്വത്തേയും ഭയപ്പെടുന്നു.അവർക്കാവശ്യം മനുഷ്യനെ അല്ല.അവർ മനുഷ്യനെ മതത്തിന്റെ വേലി കെട്ടി വേർ തിരിച്ചു നിർത്തുന്നു.ഒരു മനുഷ്യന്റേയും ഒരു പ്രശനത്തിനും മതങ്ങൾ ഇന്നുവരെ ഒരു പരിഹാരം നേടിക്കൊടുത്തിട്ടില്ല.പകരം അവനെ ഒരു മോഹ വലയത്തിൽ പെടുത്തി കുടുക്കി സ്വന്തം കാര്യ സാദ്ധ്യം നെടുകയാണു മത നേതൃത്വം എന്നും ചെയ്തിട്ടുള്ളത്.കമ്മ്യൂണിസ്റ്റുകാരകട്ടെ വിശ്വാസികളെയും അവിശ്വാസികളെയും ഒരുമിച്ചു നിർത്തി അവരെ മനുഷ്യരായി കണ്ട് ആ പ്രശനങ്ങൾക്ക് “ഈ ഭൂമിയിൽ”തന്നെ പരിഹാരമുണ്ടാക്കനുള്ള യത്നത്തിലാണു ഏർപ്പെട്ടിട്ടുള്ളത്.മതമേതെന്ന് നോക്കാതെ തന്നെ എല്ലാ വിഭാഗം വിശ്വാസികളെയും അവർ സംരക്ഷിയ്ക്കുന്നു.വിശ്വാസികളാണു ഇടതു പക്ഷത്തോടൊപ്പം നിൽ‌ക്കുന്ന ഭൂരിപക്ഷവും.എന്നാൽ അവരുടെ വിശ്വാസം ഇല്ലാതാക്കാനല്ല കമ്മ്യൂണിസ്റ്റ് പാർട്ടി ശ്രമിയ്ക്കുന്നത്.മറിച്ചു മാനവികതയുടെ പുതിയ തലങ്ങളിലേയ്ക്കു നയിയ്ക്കാനാണ്.

ഇവിടെ ആരും മൈനയുടെ ലിങ്ക് കണ്ട് പ്രലോഭിതരായി കമന്റിടാൻ വരുന്നില്ല.മൈനയെ പ്രീതിപ്പെടുത്തിയും ഓശാന പാടിയും എന്തെങ്കിലും നേടിയെടുക്കാൻ മൈന ഒരു പഞ്ചായത്ത് മെമ്പർ പോലുമല്ല പ്രവീൺ!താങ്കൾക്ക് മാത്രമേ ചിന്താ ശക്തിയുള്ളൂ എന്ന് ധരിയ്ക്കുന്നത് ശരിയാണോ?സ്വന്തം തലച്ചോറു പണയം വയ്ക്കാതെ ചിന്തിച്ചതു കൊണ്ടാണ് പലരും ജാതി മത സംഘടനകളിൽ പോവാതെ കമ്മ്യൂണിസ്റ്റുകാർ ആയി മാറിയിരിക്കുന്നത്.മൈനയെപ്പോലുള്ളവർ ഇന്നത്തെ “ഇരുണ്ട സമൂഹ”ത്തിലെ നെയ്ത്തിരിനാളങ്ങളാണു.അത്തരം ചില “നുറുങ്ങുവെട്ട “ങ്ങൾ സംരക്ഷിയ്ക്കപ്പെടേണ്ടതുണ്ട്.“മനുഷ്യനായി ജനിച്ചു എന്ന ഒറ്റക്കാരണം മാത്രം മതി സൌഹൃദങ്ങൾക്ക് എന്ന് കരുതുന്ന വ്യക്തിയാണ് ഞാൻ.അവനെ ഇല്ലാത്ത ജാതിയുടേയും മതത്തിന്റേയും പേരു പറഞ്ഞു മാറ്റി നിർത്തുമ്പോളാണു പ്രശ്നം.ആ പ്രലോഭനങ്ങളിൽ കുടുങ്ങാതിരിയ്ക്കുക ഒരു വലിയ കാര്യം തന്നെയാണ്.

manu paingalam said...

മുട്ടറുക്കുവാന്‍ പറഞ്ഞ സഖാവും, അതിനെ അവഗണിച്ച സഖാവും
ആധുനിക സമൂഹത്തിലെ സ്ഥിര കാഴ്ച്ചകളാണ്...
ഇക്കാര്യത്തെക്കുറിച്ച് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുള്ളതുമാണല്ലോ...

ഇതിനെ വക്രീകരിച്ചു കാണിക്കാന്‍ ശ്രമിക്കുന്നവര്‍
ഉറക്കം നടിക്കുന്നവരാണ്....അവരെ വിട്ടേക്കുക...

എന്‍റെ മനസ്സ് സഖാവ്. മുരളിക്കൊപ്പം തന്നെ...!!!!

ടി.സി.രാജേഷ്‌ said...

കൊടികുത്തിയ സ്വയംസേവകരും സംഘബന്ധുക്കളുമൊക്കെ സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറിയാലുടന്‍ എന്‍.ജി.ഒ യൂണിയനില്‍ അംഗത്വമെടുക്കുകയാണു പതിവ്‌. പലരേയും എനിക്കു നേരിട്ടറിയാം. ഇതെന്തു മറിമായമാ സഖാക്കളേ?

Anonymous said...

എന്നാലും മൈനെ ഞൻ ആകെ വെഷമിച്ചുപോയി, പ്രവീണിന്റെ കമന്റും, സുനിലിന്റെ ഈ കമന്റും ഒക്കെ കണ്ട്, ഇവിടെ ക്ഷണിക്കാതെ എത്തിയ വായനക്കാരനാണ് ഞാൻ, മുരളിയുടെ “ചില” അനുഭവങ്ങൾ വിവരിച്ചപ്പോൾ നേരിയ വേദന തോന്നി, പക്ഷേ കമന്റിലെ രാഷ്ട്രീയ, വർഗ്ഗീയ കുതിച്ചുചാട്ടം കണ്ടപ്പോൾ അമ്പരന്നു, അവസാനം മൈന പറയുന്നുമുണ്ട് ഇത് വിശ്വാസ അവിശ്വാസ പ്രശ്നമല്ല എന്ന്. എന്നിട്ടും പ്രവീണിന് അതിൽ വിശ്വാസ പ്രച്ചനം ആണ് കാണാൻ കഴിഞ്ഞത്.

എന്നെ വിഷമിപ്പിച്ച വരി ഇതായിരുന്നു " കാടാമ്പുഴപ്പോയി ഒരു മുട്ടറക്കിയാല്‍ തീരാവുന്ന കാര്യോളളൂ...പക്ഷേ, കേക്കണ്ടേ..." കമന്റ്കൾ മുഴുവനും വായിച്ചപ്പോൾ ആണ് ഈ വരി എന്താണ് പറഞ്ഞതെന്ന് മനസ്സിലായത്. ഇങ്ങനെ ഒരു സംഭവത്തെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. “ജി.കെ” കുറവാണെന്ന് “സോണി” പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചില്ല. ഇപ്പം മനസിലായി.

പ്രവീണ് വിശ്വസിക്കുന്ന തത്വസംഹിതകളിൽ ഉറച്ചുതന്നെ നിൽക്കുക, അപ്പോൾ പ്രവീണും മറ്റൊരു മുരളിയാകും, അത് വിശ്വാസത്തിന്റെ കാര്യമായാലും, അവിശ്വാസത്തിന്റെ കാര്യമായാലും. ഒരു കമ്മ്യൂണിസ്റ്റ് അത് മാനവികതയുടെ മൂർത്തഭാവമാണ്, അതിൽ എത്തിച്ചേരാൻ കഴിയുന്നതിലും “പുണ്യം“ മറ്റൊന്നുമില്ല. (ഒരു കമ്മ്യൂണിസ്റ്റ് ആകാൻ C.P.M, C.P.I. എല്ലെങ്കിൽ മറ്റേതെങ്കിലും രാഷ്ട്രീയ സംഘടനയിൽ ചേരണമെന്നില്ല, ജീവിതം കൊണ്ടെ കമ്മ്യൂണിസ്റ്റാവാൻ സാധിക്കു) മതം മനുഷ്യനെ ഭക്ഷിക്കാൻ തുടങ്ങുമ്പോൾ,ഉള്ളവൻ ഇല്ലാത്തവനെ വിഴുങ്ങുമ്പോൾ മാത്രമേ കമ്യൂണിസത്തെ ഭയക്കേണ്ടതുള്ളു, കാരണം കമ്മ്യൂണിസത്തിൽ മനുഷ്യനുശേഷമേ മറ്റെന്തുമുള്ളു .