Monday, December 31, 2007

വിരിപ്പു വിതയില്‍ നിന്ന്‌ വീടുകളിലേക്ക്‌

വിരിപ്പു വിതയില്‍ തുടങ്ങുന്നു ഹൈറേഞ്ചുകാരുടെ നെല്ലുമായുള്ള ബന്ധം. കാടു വെട്ടിത്തെളിച്ച്‌ കത്തിച്ച്‌ ആ പറമ്പില്‍ നെല്ലുവിതയ്‌ക്കുന്നതാണ്‌ വിരിപ്പു വിത. വയലായിരുക്കില്ല. കര. ചാമ, കുറുമ്പുല്ല്‌, എള്ള്‌ തുടങ്ങിയവയൊക്കെ വിതയ്‌ക്കുന്നവരുണ്ട്‌. വിരിപ്പുവിത കൊയ്‌തെടുത്ത ശേഷമാണ്‌ പറമ്പില്‍ മറ്റുകൃഷികള്‍ തുടങ്ങുന്നത്‌. തെരുവപ്പുല്ലിന്റെ കുന്നിന്‍ പുറങ്ങളാണെങ്കില്‍ പുല്ലുമുറിച്ച്‌ വാറ്റി തൈലമാക്കും.
എന്റെ കുട്ടിക്കാലത്ത്‌ ഞങ്ങളുടെ പറമ്പിന്റെ ഒരു വശം വയലായിരുന്നു. വയലില്‍ നെല്ലു വിളഞ്ഞു നില്‌ക്കുന്നതും, പെണ്ണുങ്ങള്‍ കൊയ്യുമ്പോള്‍ അവര്‍ക്കരുകില്‍ ഞങ്ങള്‍ നിന്നിരുന്നതും പച്ചക്കുതിരകള്‍ ഞങ്ങള്‍ക്കു മേലേക്ക്‌ പറന്നു വീഴുന്നതും നിറം മങ്ങിയ ഓര്‍മയാണ്‌. കൊയ്‌തിട്ട കറ്റകള്‍ മെതിക്കാന്‍ കൊണ്ടിടുമ്പോള്‍ അതില്‍ കുത്തി മറിയുമായിരുന്നു ഞങ്ങള്‍.

ഞങ്ങളുടെ നാട്ടിലെ പലരുടേയും വയസ്സ്‌ വിരിപ്പു വിതയുമായി ബന്ധപ്പെട്ടാണു കിടക്കുന്നത്‌. സ്‌കൂളില്‍ ചേര്‍ക്കാന്‍ ജനനത്തീയതി ചോദിക്കുമ്പോള്‍ പല രക്ഷിതാക്കളും അര്‍ത്ഥ ശങ്കയ്‌ക്ക്‌ ഇടയില്ലാതെ പറയുന്നതാണ്‌.
'വിരിപ്പു വെതച്ച കൊല്ലള്ളതാ'...
വിരിപ്പു വിതച്ച കൊല്ലം പോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌ ഉരുളുപൊട്ടിയ കൊല്ലവും.
അറുപതുകളുടെ തുടക്കത്തിലായിരുന്നു നാട്ടിലാദ്യത്തെ കുടിയേറ്റം. നാലു മാപ്പിളമാരും(ക്രിസ്‌ത്യാനികള്‍) മൂന്ന്‌ തുലുക്കമ്മാരും അഞ്ചോ ആറോ ചോമ്മാരുമായിരുന്നു (ഈഴവര്‍) ആദ്യകാല കുടിയേറ്റക്കാര്‍. അവര്‍ക്കൊന്നും കാര്യമായ പ്രാധാന്യമില്ല...കാരണം വിരിപ്പുവിത വ്യാപകമായത്‌ അറുപതുകളുടെ ഒടുവിലാണ്‌. പലതരത്തില്‍ കോളനികിട്ടിയും അല്ലാതെയും കുടിയേറ്റം കൂടിയത്‌ അക്കാലത്തായിരുന്നു.

എഴുപതുകളുടെ തുടക്കത്തില്‍ വന്‍തോതില്‍ കുടിയേറ്റമുണ്ടായി. പലതും അക്കാലത്ത്‌ എങ്ക്രോച്ച്‌മെന്റായിരുന്നു.
ഉരുളുപൊട്ടിയ കൊല്ലം എന്നു പറയുന്നത്‌ 1974 ലാണ്‌. പക്ഷേ, വര്‍ഷമേതെന്ന്‌ പലരും ഓര്‍ത്തിരിക്കാറില്ല. സ്‌കൂളില്‍ ചേര്‍ക്കാന്‍ മക്കളെ കൊണ്ടുപോകുമ്പോഴാണ്‌ തീയതിപോയിട്ട്‌ വര്‍ഷം പോലും പറയാനാകാതെ നിന്നു പോകുന്നത്‌.
ഉരുളു പൊട്ടിയ അന്നൊള്ളതാ..
'ഉരുളുപൊട്ടിയേന്റെ പിറ്റേന്നൊള്ളതാ...'
'ഒരുമാസം മുമ്പൊള്ളതാ...'
ഇങ്ങനെ പോകുന്നു കണക്കുകള്‍.
ഏതായാലും വിരിപ്പിവിതച്ച 68-69 കാലവും ഉരുളുപൊട്ടിയ 74ലും നാട്ടില്‍ ജനസംഖ്യാ വിസ്‌ഫോടനത്തിന്റെ കാലമായിരുന്നു.

ഞങ്ങളുടെ വീടിന്‌ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ ഇരുപത്തഞ്ചുകുട്ടികളെങ്കിലും ഉരുളുപൊട്ടിയ കൊല്ലം പുറന്നു വീണു. അച്ഛനമ്മമാരൊക്കെ തെക്കന്‍ ജില്ലകളില്‍ ജനിക്കുകയും മക്കള്‍ ഹൈറേഞ്ചിന്റെ കന്നിമണ്ണിലേക്ക്‌ പിറക്കുകയും ചെയ്‌തു. എന്റെ തൊട്ടയല്‍വാസി രാജീവ്‌ ചേട്ടായി, സഫിയാത്ത മുതല്‍ എന്റെ അമ്മായിയുടെ മകന്‍ നെജിയണ്ണന്‍ വരെ എത്രപേരാണ്‌ ഉരുളുപൊട്ടിയ കൊല്ലം പിറന്നത്‌.
അക്കൊല്ലത്തെ ഉരുള്‍ പൊട്ടലില്‍ പലരുടേയും എങ്ക്രോച്ച്‌ ഭൂമി ഒലിച്ചുപോയി. കന്നുകാലിയും ആടും കോഴിയും വീടും ഒലിച്ചുപോയി. ചിലര്‍ അനാഥരായി. മറ്റു ചിലര്‍ അഭയാര്‍ത്ഥികളായി....
പക്ഷേ, അക്കൊല്ലം ജനിച്ച കുട്ടികളിലാരും മരിക്കുകയോ, ആരോഗ്യമില്ലാത്തവരോ ആയിരിന്നില്ല.
പുഴയില്‍ കുളിക്കാനിറങ്ങുമ്പോള്‍ ഉരിളുപൊട്ടിയകാലത്തെ മക്കളുടെ അമ്മമാര്‍ ഒത്തുകൂടും. അയവിറക്കും.

പറഞ്ഞു വന്നത്‌ ഞങ്ങളുടെ പറമ്പിനൊരു വശം കണ്ടമായിരുന്നതാണ്‌. കണ്ടത്തിനോട്‌ ചേര്‍ന്നുള്ള കരയില്‍ അതിരില്‍ മുത്തച്ഛന്‍ കശുമാവ്‌ നട്ടു. കശുമാവിന്റെ വേരിറങ്ങി വയല്‍ നെല്‍കൃഷിക്ക്‌ യോഗ്യമല്ലാതായി. കൊച്ചുനാളില്‍ ഞങ്ങളുടെ മേലേക്ക്‌ പറന്നു വീണ പച്ചക്കുതിരകളെ ഓര്‍ത്തുകൊണ്ട്‌ പലപ്പോഴും ഞാന്‍ ചോദിച്ചിരുന്നു.
'നമുക്ക്‌ നെല്ലു കൃഷി ചെയ്‌താലെന്നാ?'
അപ്പോള്‍ മുത്തച്ഛന്‍ ചിരിച്ചു.
നെല്ലിനേക്കാള്‍ പ്രധാനമായിരുന്നോ കശുമാവ്‌. ആണ്ടില്‍ ഒരുമാസം മാത്രം ആദായം തന്ന കശുമാവിനെന്തിനായിരുന്നു പ്രാധാന്യം നല്‌കിയതെന്ന്‌ മനസ്സിലാവുന്നില്ല ഇന്നും. കാടു പിടിച്ചു കിടന്ന ഭൂമിയില്‍ അഞ്ചോ ആറോ കാട്ടു മരങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. മരം വളര്‍ത്തുകയായരുന്നോ ലക്ഷ്യം.
പിന്നീട്‌ വയലില്‍ കപ്പ നട്ടു. കുറേ കഴിഞ്ഞ്‌ ഏത്തവാഴ കൃഷി ചെയ്‌തു. കപ്പ നട്ടകാലത്തു തന്നെ മഴക്കാലത്ത്‌ പെരുമഴയില്‍ ഊത്തമീന്‍ പിടിക്കാന്‍ വയലിലെ ചെളിയിലും വെള്ളത്തിലും ഞങ്ങള്‍ നടന്നു.
കുറേക്കാലം കാലിപ്പറമ്പായും ഞങ്ങള്‍ ബാറ്റുകളിച്ചും നടന്നു.

ഭാഗം വെച്ചപ്പോള്‍ ഇരുപതു സെന്റോളമുണ്ടായിരുന്ന വയല്‍ ഭാഗം ഇളയ അമ്മായിക്ക്‌ കിട്ടി. ഒരു കൊല്ലം കഴിയും മുമ്പേ അത്‌ വിറ്റു. വാങ്ങിയ ആള്‍ മൂന്നായി വിറ്റു. അയാള്‍ക്ക്‌ കച്ചവടമറിയുമായിരുന്നു.

പുതുവര്‍ഷപുലരികളില്‍ കുളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇനി ഒരു കൊല്ലം കുളിക്കാന്‍ കഴിയില്ലെന്നൊരു ധാരണയായിരുന്നു. ചിലപ്പോള്‍ മഴയായിരിക്കും. മടി തോന്നും. പുഴ കവിഞ്ഞ്‌ വെള്ളമൊഴുകുന്നുണ്ടാവും. പുഴയില്‍ കുളിക്കാന്‍ മുത്തശ്ശി സമ്മതിക്കില്ല. അപ്പോള്‍ ഞങ്ങള്‍ വയലിലെ നിറഞ്ഞു കിടക്കുന്ന കുളത്തിലായിരുന്നു കുളിക്കാന്‍ പോയിരുന്നത്‌.
ആ വയലില്‍ ഇന്ന്‌ നാലു വീടുകളാണുള്ളത്‌.

പുതുവത്സരാശംസകള്‍

9 comments:

Myna said...

ഞങ്ങളുടെ വീടിന്‌ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ ഇരുപത്തഞ്ചുകുട്ടികളെങ്കിലും ഉരുളുപൊട്ടിയ കൊല്ലം പുറന്നു വീണു. അച്ഛനമ്മമാരൊക്കെ തെക്കന്‍ ജില്ലകളില്‍ ജനിക്കുകയും മക്കള്‍ ഹൈറേഞ്ചിന്റെ കന്നിമണ്ണിലേക്ക്‌ പിറക്കുകയും ചെയ്‌തു. എന്റെ തൊട്ടയല്‍വാസി രാജീവ്‌ ചേട്ടായി, സഫിയാത്ത മുതല്‍ എന്റെ അമ്മായിയുടെ മകന്‍ നെജിയണ്ണന്‍ വരെ എത്രപേരാണ്‌ ഉരുളുപൊട്ടിയ കൊല്ലം പിറന്നത്‌.
അക്കൊല്ലത്തെ ഉരുള്‍ പൊട്ടലില്‍ പലരുടേയും എങ്ക്രോച്ച്‌ ഭൂമി ഒലിച്ചുപോയി. കന്നുകാലിയും ആടും കോഴിയും വീടും ഒലിച്ചുപോയി. ചിലര്‍ അനാഥരായി. മറ്റു ചിലര്‍ അഭയാര്‍ത്ഥികളായി....
പക്ഷേ, അക്കൊല്ലം ജനിച്ച കുട്ടികളിലാരും മരിക്കുകയോ, ആരോഗ്യമില്ലാത്തവരോ ആയിരിന്നില്ല.

അങ്കിള്‍ said...

പുതുവര്‍ഷത്തെ പോസ്റ്റു വായനയുടെ തുടക്കം മൈനയില്‍നിന്ന്‌.

ബാല്യകാലസ്മരണകള്‍ ഒരു രസം തന്നെയാണല്ലേ, മൈനെ.

നഗരമധ്യത്തില്‍ ജനിച്ച എന്നെപ്പോലുള്ളവര്‍ക്ക്‌ ഏത്‌ കാട്‌, ഏത്‌ വയല്‍. അസൂയക്കാരായ അയല്‍ വാസികള്‍, ട്രാന്‍സ്പോര്‍ട്ട്‌ ബസ്സ്‌, തൊട്ടടുത്തുള്ള സ്കൂള്‍, പിന്നെ അമ്പലപ്പറമ്പ്‌ ഇതൊക്കെയേ ആദ്യം ഓര്‍മ്മയില്‍ വരൂ.

സ്വയം അനുഭവിച്ചിട്ടില്ലാത്തതുകൊണ്ടായിരിക്കാം, ഇത്തരത്തിലുള്ള, മൈനയെപ്പോലെയുള്ളവരുടെ, സ്മരണകള്‍ വായിക്കുമ്പോള്‍ നല്ല രസം തോന്നുന്നത്‌.

പുതുവത്സരാസംശകള്‍.

രാജ് said...

ഇനിയെങ്കിലും ഭൂമി തുണ്ടുകളായി മനുഷ്യര്‍ക്കിടയിലേയ്ക്കു് അടര്‍ന്നു പോകാതിരിക്കട്ടെ.

അലി said...

മൈന...
വളരെ പരിചിതമായ ചുറ്റുപാടുകളായതുകൊണ്ടാവും മനസ്സ് കുട്ടിക്കാലത്തേക്ക് തിരിച്ചുപോയത്..
ഭാവുകങ്ങള്‍.

പുതുവത്സരാശംസകള്‍!

പ്രിയംവദ-priyamvada said...

എന്റെ മൈനെ..വീടുകൃഷിയല്ലെ ഇപ്പോള്‍ കേരളത്തില്‍ ഏറ്റവും ലാഭകരം ? അപ്പൊ പിന്നെ

കണ്ണൂരാന്‍ - KANNURAN said...

ഞങ്ങളുടെ നാട്ടില്‍ പൂത്താടയെന്നു പറയും വിരിപ്പു വിതയ്ക്ക്... ഇപ്പൊ എങ്ങും കാണാനില്ല.. പഴയ പുനംകൃഷിയും ഇതു തന്നെയല്ലെ... :) ഇപ്പൊ ആര്‍ക്കു വേണം കൃഷി.

Myna said...

പെരിങ്ങോടന്റെ അഭിപ്രായംപോലെ 'ഇനിയെങ്കിലും ഭൂമി തുണ്ടുകളായി മനുഷ്യര്‍ക്കിടയിലേയ്ക്കു് അടര്‍ന്നു പോകാതിരിക്കട്ടെ'എന്ന്‌ ആശിക്കാം. പ്രിയംവദ പറഞ്ഞതുപോലെ വീടു കൃഷിയാണ്‌ ഏറെ ലാഭകരം എന്നായിരിക്കുന്നു കേരളത്തില്‍...പ്രത്യാഘാതവും സമീപഭാവിയില്‍ നമുക്കു കാണാം. ഓരോ നാട്ടിലും ഓരോ പേരുകളിലാവാം വിരിപ്പു വിത അറിയപ്പെടുക കണ്ണൂരാനെ...ഏതായാലും പൂത്താടയ്‌ക്ക്‌ നന്ദി. അങ്കിള്‍, അലി എല്ലാവര്‍ക്കും നന്ദി

മിന്നാമിനുങ്ങുകള്‍ //സജി.!! said...

തലമുറയുടെ അന്തരം ഇങ്ങനെ തുടരുമ്പോള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നൂ ഓര്‍മകള്‍ പിന്നേയും പിന്നേയും പിന്നോക്കം പായുന്നൂ

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മൈനയുടെ ഈ പോസ്റ്റ് വായിയ്ക്കാന്‍ വൈകിപ്പോയി.നാട്ടിലായിരുന്നതു കൊണ്ടു നെറ്റുമായുള്ള ബന്ധം കുറവായിരുന്നു....

ഇത്തരം കാര്യങ്ങള്‍ എഴുതുന്നതില്‍ മൈനയുടെ സവിശേഷത എന്നതു പഴയ കാര്യങ്ങളെ വളരെ വ്യക്തമായി ഓര്‍ത്തെടുത്തു എഴുതാനുള്ള കഴിവാണ്.ചെറിയ ചെറിയ കാര്യങ്ങളിപ്പോലും സൂക്ഷ്മത പ്രത്യേകം ശ്രദ്ധിയ്ക്കുന്നു...

നന്നായി...പുതു വര്‍ഷത്തില്‍ കൂടുതല്‍ കൂടുതല്‍ ഭംഗിയായും ശക്തമായും എഴുതാന്‍ സാധിയ്ക്കട്ടെ.