Tuesday, December 18, 2007

മകളെ ഏതു ഭാഷാശൈലി പഠിപ്പിക്കും

വഴിയരുകില്‍ വില്‌ക്കാനിട്ടിരുന്ന പഴയ പുസത്‌കങ്ങള്‍ക്കിടയില്‍ നിന്നാണ്‌ ഒരു ഹിന്ദി ബാലപാഠം വാങ്ങിയത്‌. രണ്ടു വയസ്സുകാരി മകള്‍ക്ക്‌ ഹിന്ദി പഠിപ്പിച്ചുകളയാം എന്നൊന്നും കരുതിയിട്ടല്ല. അതിലെ ബഹു വര്‍ണ്ണ ചിത്രങ്ങള്‍ കാണിച്ചുകൊടുക്കുക എന്നേ വിചാരിച്ചുള്ളു.
ഹിന്ദിയായതുകൊണ്ട്‌ ചിത്രങ്ങളുടെ പേര്‌ ഞങ്ങള്‍ മലയാളീകരിച്ചു പറഞ്ഞുകൊടുത്തു.
കഴിഞ്ഞ ദിവസം തണ്ണിമത്തന്റെ ചിത്രം ചൂണ്ടി അവള്‍ ചോദിച്ചു. "ഇതെന്താ?"
ഞാന്‍ പറഞ്ഞു തണ്ണിമത്തന്‍
അവള്‍ മനസ്സിലാവത്തതുപോലെ മിഴിച്ചുനോക്കി....
"തണ്ണിമത്തന്‍" എന്ന്‌ ഞാന്‍ വീണ്ടും ഉറപ്പിച്ചു പറഞ്ഞു.
വീണ്ടും താളുകള്‍ മറിച്ചു. വീണ്ടും അതേ ചിത്രം. ചെറുതാണെന്നു മാത്രം. അവള്‍ പറയുമോ എന്നറിയട്ടേ എന്നു കരുതി "ഇതെന്താ?" എന്ന്‌ ഞാന്‍ ചോദിച്ചു.
ഒട്ടും സംശയമില്ലാതെ അവള്‍ പറഞ്ഞു.
"വത്തക്ക"
ചിരിയും ചിന്തയും ഒപ്പുമുണ്ടായി എനിക്ക്‌.
വയനാട്ടുകാരനായ സുനിലും ഇടുക്കികാരിയായ എന്റെയും സംസാരഭാഷയിലെ വ്യത്യാസമാണ്‌ ഇവിടെ കണ്ടത്‌. അവള്‍ക്ക്‌ ചിത്രങ്ങള്‍ പരിചയപ്പെടുത്തുന്നത്‌ മിക്കപ്പോഴും സുനിലാണ്‌ .
വത്തക്ക എന്നു പറഞ്ഞപ്പോള്‍ വേറൊരു ചിത്രം മാതള നാരങ്ങ
അവള്‍ക്കത്‌ ഉറുമാമ്പഴം എന്ന പേരിലാണ്‌ പരിചയം.
താളുകള്‍ മറിച്ചു. ഞാന്‍ തൂമ്പ എന്നു പറയുന്ന സാധനം കൈക്കോട്ടായി.(മണ്‍വെട്ടി, കൂന്താലി എന്നൊക്കെ പ്രാദേശിക പേരുകളുമുണ്ട്‌)
കലം, കുടം എന്നൊക്കെ പറയുന്നുവയുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ എനിക്കാകെ സംശയം. കലവും കുടവുമൊക്കെ മാനകഭാഷ തന്നെയാണ്‌.
പക്ഷേ സുനിലിന്‍രെ വീട്ടില്‍ അതിനൊക്കെ വേറെ പേരാണ്‌ പറയുന്നത്‌.
കലം= ചെമ്പ്‌( എനിക്ക്‌ ചെമ്പ്‌ എന്നാല്‍ ലോഹമാണ്‌. ചെമ്പുകലം അറിയാം)
കുടം =പാനി( സ്‌കൂളില്‍ ഹിന്ദി പഠിച്ചപ്പോള്‍ വെള്ളത്തിനു കേട്ട പേരാണ്‌ പാനി)
കറി വെയ്‌ക്കുന്ന മണ്‍ചട്ടി ചട്ടി കുടുക്കിയും കുടുക്കയുമാണ്‌
കപ്പ എനിക്കും സുനിലിന്‌ പൂളയുമാണ്‌.
പാവയ്‌ക്ക ഇവിടെ കയ്‌പക്കയാണ്‌.
കത്തി മൂര്‍ച്ചകൂട്ടാന്‍ ഞങ്ങള്‍ രാകുമ്പോള്‍ ഇവര്‍ അണക്കും.
തുണി അലക്കുമ്പോള്‍ ഇവര്‍ തിരുമ്പും.
കഴുകിയ തുണി ഉണങ്ങാനിടുമ്പോള്‍ ഇവര്‍ ആറാനിടും.
കൂര്‍ക്ക കൂര്‍ക്കലാണ്‌

വിവാഹം കഴിഞ്ഞ സമയത്ത്‌ സുനിലിന്റെ അമ്മ "നമുക്കിന്ന്‌ കര്‍മുസ ഉപ്പേരി വെക്കാം" എന്നു പറഞ്ഞപ്പോള്‍ ഇതേ വരെ കാണാത്ത എന്തോ ആണെന്ന്‌ കരുതി. കണ്ടപ്പോള്‍ ചിരിച്ചുപോയി.
കപ്ലങ്ങ, കര്‍മൂസയാണ്‌ (ഓമയ്‌ക്ക, പപ്പായ)
ഉപ്പേരി ഞങ്ങള്ക്ക് തോരനാണ്.
"ഓക്ക്‌ കൊരയാണ്‌" എന്ന്‌ അയല്‍വീട്ടിലെ ജാന്വേടത്തിയോട്‌ പറയുന്നതു കേട്ടപ്പോള്‍ ആ സമയത്ത്‌ എന്നെ അപമാനിക്കുന്നതായാണ്‌ തോന്നിയത്‌.
ചുമയ്‌ക്കാണ്‌ ഇവര്‍ കുര എന്നു പറയുന്നത്‌. (ഞങ്ങളത്‌ കളിയാക്കിയാണ്‌ പറയാറ്‌)
പട്ടിമാത്രമാണ്‌ ഞങ്ങള്‍ക്ക്‌ കുരയ്‌ക്കാറ്‌. പട്ടിയെയും വെറുതേ വിടാനാവില്ല
ഏതു പട്ടിയും ഞങ്ങള്‍ക്കു പട്ടിയും ഇവിയെ നായയും പട്ടിയുമാണ്‌. നായ ആണും പട്ടി പെണ്ണും.
കൊടിച്ചി പട്ടിയും പെണ്‍ പട്ടിയും ഇവിടെ ഔട്ട്‌.

ഉടുപ്പ്‌ കുപ്പായമാണ്‌ ഇവിടെ
ഓറഞ്ച്‌ നാരങ്ങയാണ്‌
താഴ്‌ പൂട്ടാണ്‌
വീട്‌ പുരയാണ്‌
തൊഴുത്ത്‌ ആലയാണ്‌
നുണ എനിക്ക് കള്ളം പറയലാണ്
സുനിലിന് കൊതിയും

ഇങ്ങനെ മലയാളമാണ്‌ ഭാഷയെങ്കിലും മൊത്തത്തില്‍ രണ്ടുപേരുടേയും സംസാരം വെവ്വേറെ...
മത്സ്യങ്ങളുടെ പേരാണ്‌ ഒരു തരത്തിലും പിടി തരാതെ പോകുന്നത്‌. സ്രാവും മുള്ളനും അയലയും മാത്രമാണ്‌ അവിടെയും ഇവിടെയും ഒന്നുതന്നെ പറയുന്നത്‌്.
ചാള =മത്തി
കൊഴുവ =നത്തല്‍
നങ്ക്‌= മാന്തള്‍
ചൂര =സൂത
കൂരി =ഏട്ട
കിളിമീന്‍ =പുതിയാപ്ലകോര
കൊഞ്ച്‌= ചെമ്മീന്‍
ഇങ്ങനെ പോകുന്നു

എല്ലാം സഹിച്ചു. പക്ഷേ, 'ന്റെ' ഉപയോഗമാണ്‌ തീരെ സഹിക്കാന്‍ വയ്യാത്തത്‌.
കോഴിയുടെ, കിളിയുടെ, കാളയുടെ, പക്ഷിയുടെ, മേരിയുടെ, റോസയുടെ, മിനിയുടെ, ഇങ്ങനെ യുടെ എല്ലാം 'ന്റെ'യില്‍ ഒതുങ്ങുന്നു.
കോഴീന്റെ, കിളീന്റെ, മേരീന്റെ..എന്നിങ്ങനെ

തെക്കുനിന്നുള്ള എന്റെ ശൈലി നന്നെന്നും വടക്കുന്നുള്ള ഭര്‍ത്താവിന്റെ ശൈലി ചീത്തയെന്നുമല്ല. പ്രാദേശീകമായി ഓരോന്നും കേട്ടിരിക്കാന്‍ എന്തു രസമാണ്‌. പക്ഷേ, രണ്ടു വയസ്സുകാരിയോട്‌ രണ്ടുപേരും പറയുമ്പോഴുണ്ടാവുന്ന പ്രശ്‌നമാണ്‌ ഇവിടെ പറഞ്ഞു വന്നത്‌.
സുനി മോളോട്‌ "പാത്തിയോ?" എന്നു ചോദിക്കുമ്പോള്‍ "മൂത്രമൊഴിച്ചോ?" എന്നു തിരിച്ചും.

എന്തായാലും അവള്‍ ചിലപ്പോള്‍ പാത്തണമെന്നും ചിലപ്പോള്‍ മൂത്രമൊഴിക്കണമെന്നും പറയുന്നു.

എന്തു ചെയ്യാം അവളുടെ അച്ഛനുമമ്മയും ഒരേ നാട്ടുകാരാവാതെ പോയല്ലോ.

20 comments:

Myna said...

കഴിഞ്ഞ ദിവസം തണ്ണിമത്തന്റെ ചിത്രം ചൂണ്ടി അവള്‍ ചോദിച്ചു. "ഇതെന്താ?"
ഞാന്‍ പറഞ്ഞു തണ്ണിമത്തന്‍
അവള്‍ മനസ്സിലാവത്തതുപോലെ മിഴിച്ചുനോക്കി....
"തണ്ണിമത്തന്‍" എന്ന്‌ ഞാന്‍ വീണ്ടും ഉറപ്പിച്ചു പറഞ്ഞു.
വീണ്ടും താളുകള്‍ മറിച്ചു. വീണ്ടും അതേ ചിത്രം. ചെറുതാണെന്നു മാത്രം. അവള്‍ പറയുമോ എന്നറിയട്ടേ എന്നു കരുതി "ഇതെന്താ?" എന്ന്‌ ഞാന്‍ ചോദിച്ചു.
ഒട്ടും സംശയമില്ലാതെ അവള്‍ പറഞ്ഞു.
"വത്തക്ക"
ചിരിയും ചിന്തയും ഒപ്പുമുണ്ടായി എനിക്ക്‌.
വയനാട്ടുകാരനായ സുനിലും ഇടുക്കികാരിയായ എന്റെയും സംസാരഭാഷയിലെ വ്യത്യാസമാണ്‌ ഇവിടെ കണ്ടത്‌. അവള്‍ക്ക്‌ ചിത്രങ്ങള്‍ പരിചയപ്പെടുത്തുന്നത്‌ മിക്കപ്പോഴും സുനിലാണ്‌ .
വത്തക്ക എന്നു പറഞ്ഞപ്പോള്‍ വേറൊരു ചിത്രം മാതള നാരങ്ങ

കണ്ണൂരാന്‍ - KANNURAN said...

ഇതു കൊള്ളാലോ.. ഭര്‍ത്താവ് വയനാടായതു കൊണ്ട് രക്ഷപ്പെട്ടു, അല്ല കയിച്ചലായി. കുറച്ചു കൂടി വടക്കോട്ടായിരുന്നേല്‍ പ്രശ്നം കൂടുതല്‍ രൂക്ഷമായേനെ.. പാവം കുട്ടി.. ആകെ കണ്‍ഫ്യൂഷ്യസായിട്ടുണ്ടാകും അല്ലെ? :)

കണ്ണൂരാന്‍ - KANNURAN said...

ഇതാ കുറച്ച് കണ്ണൂര്‍ സാമ്പിള്‍ വാക്കുകള്‍....

Sherlock said...

ചേച്ചീ, അതാണ് മലയാളം..ഓരോ 20-30 കിലോമീറ്ററിലും ഭാഷയുടെ ഉച്ചാരണവും പദങ്ങളും മാറുന്നു...

വീട്ടില്‍ നിന്ന് വടക്കോട്ട് ഒരു 10-12 കിലോമീറ്റര്‍ പോയാല്‍ ഇരിങ്ങാലക്കുട ഭാഷ...തെക്കോട്ട് ഒരു 15 കിലോമീറ്റര്‍ പോയാല്‍ കൊടുങ്ങല്ലുര്‍ ഭാഷ.....

എന്തായാലും മോളുടെ ഭാഷ വടക്കന്‍ ഭാഷയായി തീരാനാണു സാധ്യത...അവിടെ താമസിക്കുന്നിടത്തോളം.

ജൈമിനി said...

ഇങ്ങളെന്താണേയ് പറയ്‍ണത്? പുതിയാപ്ലകോര അല്ലട്ടോ... പുയ്യാപ്ലക്കോരാ... എന്തായാലും ’ചേച്ചീന്റെ’ അനുഭവകഥ നന്നായ്‍ക്കിന്... :-) ആശംസകള്‍!

കാട്ടുപൂച്ച said...

അന്തോണി കാറിത്തുപ്പി എന്നതു പറഞ്ഞ് പറഞ്ഞ് അന്തോണി കാക്കയെ തുപ്പിയെന്നും അതല്ല അന്തോണി കാറിന്നകത്താണോ പുറത്താണോ തുപ്പിയത് എന്ന വാദഗതിയും നാനൂർണക്ക് ചോറൂണിന് കണ്യാങ്ങണോ കപ്പളണോ ? എന്നത് നാത്തൂനു് ചോറിനു് കണ്ണിമാങ്ങ വേണോ അതോ കാപ്പിവെള്ളം വേണോ എന്ന് ചോദിച്ചതും മലയാളഭാഷാ വൈചിത്ര്യം കൊണ്ടല്ലേ?

സാജന്‍| SAJAN said...

ഇപ്പോഴാണ് വായിക്കാന്‍ കഴിഞ്ഞത്, എഴുതിയ ശൈലി നന്നായി ഇരിക്കുന്നു ,ഈ പ്രശ്നം ആക്ച്വലി ഞങ്ങള്‍ക്ക് ഉണ്ടാവേണ്ടതാണ് പക്ഷേ അങ്ങനെ ഇതുവരെ ഫീല്‍ ചെയ്തിട്ടില്ല, എന്റെ വീട് കൊല്ലത്തും വൈഫിന്റേത് കണ്ണൂര്‍ ജില്ലയിലും ആണ്.

Pramod.KM said...

കുട്ടിക്ക് ഇഷ്ടമുള്ളത് പറയട്ടെ.ഇന്നത് നല്ലത് ഇന്നത് മോശം എന്നൊന്നുമില്ല..
ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ തനത് ഭാഷ സംസാരിക്കുന്നതാണ് ചിലരുടെയൊക്കെ ശീലവും സന്തോഷവും.:)

:: VM :: said...

ഒരു കാര്യം ചെയ്യ്യ്യൂ,
കൊച്ചിനെ ട്രിവാണ്ട്രം സ്ലാങ്ങ് പഠിപ്പ്പിക്കൂ ;) ഒരു ഉചേച്ചാവും.. നമ്മുടെ ഭാരതമാതാവിനെപറ്റി നാലാം ക്ലാസ്സീലോമറ്റോ പഠിപ്പിക്കുന്നുണ്ടല്ലോ, നാനാത്വത്തില്‍ ഏകത്വം... അതുപോലേ.. ;)

തമാശയാണേ.. കെറുവിരുത്..

“തമാശയാണേ അലമ്പുണ്ടാകല്ലേ” എന്നു സാധാരണയായി പറയേണ്ട, ഒരു തൃശ്ശൂ‍ൂക്കാരനായ ഞാന്‍ വരെ, 3-4 കൊല്ലം അബുധാബിയില്‍ തെക്കന്മാരും അച്ചായന്മാരും മജോരിറ്റിയുള്ള ഒരു കമ്പനിയില്‍ ജോലി ചെയ്തതോടെ ഇങ്ങനാ പറയുന്നേ!


എറണാകുളത്തൂന്നു പെണ്ണുകെട്ടുകയും ചെയ്തതോടെ സമ്പൂര്‍ണ്ണം ;)


അതൊക്കെയങ്ങു പോകട്ടേന്നേ..

ഇടിവാള്‍-

the window.... said...

myna thanne ezhuthiya pole......chiriyum chinthayum...

അനാഗതശ്മശ്രു said...

ithu nokkooo...
pyaj chahiye

അങ്കിള്‍ said...

ശരിക്കും രസിച്ചു, മൈനേ.
ഞാന്‍ തിരോന്തരം‌കാരന്‍.

ശ്രീലാല്‍ said...

ചക്കതിന്നാന്‍ ബെറിയാകുന്നു. ബെറി ബെറി തന്നെയാണ് ഒരിക്കലും കൊതിയല്ല.

അക്കേട്ടന്‍ said...

"കിനാവുമായി"എന്‍റെ കാര്യം പറഞ്ഞപ്പോളാണ് പുള്ളി മൈനയുടെ പോസ്റ്റിനെ പറ്റി പറഞ്ഞത്. ഞാന്‍ കോഴിക്കോടും ഭാര്യ തൊടുപുഴയും ആണേ. ഞാന്‍ ഗള്‍ഫില്‍ ഒക്കെ ആയതു കൊണ്ട് എല്ലാ പ്രാദേശിക ഭാഷകളും വഴങ്ങും. പക്ഷെ എന്‍റെ പെങ്ങളും അവളും തമ്മിലുള്ള ഭാഷ ആണ് രസം. പലപ്പോഴും പരിഭാഷകനായി ഞാന്‍ ഇടയ്ക്കു ചെന്നു നില്‍ക്കും. എങ്കിലും ചിലപ്പോഴൊക്കെ ഞാനും പെട്ട് പോകും. കല്ല്യാണം കഴിഞ്ഞ നാളുകളില്‍ ഒരു ദിവസം കുറച്ചു പാളയം കോടന്‍ പഴം വാങ്ങിച്ചു തരുമോ എന്ന് അവള്‍ ചോദിച്ചു. കല്യാണ സൌഗന്ധികം തേടി ഭീമന്‍ പോയ പോലെ ആയി എന്‍റെ അവസ്ഥ. നാട് മുഴുവന്‍ കറങ്ങി വന്നു ഒടുവില്‍ സംഗതി മനസ്സിലായപ്പോഴല്ലേ വീട്ടില്‍ കൂട്ടച്ചിരി. "മ്മടെ തൊട്ടു മുന്നിലെ സുകുവിന്റെ പീടിയയിലുള്ള(കട) നാടന്‍ മൈസൂര്‍ പഴം. ഇപ്പോള്‍ അവളും അത്ത്യാവശ്യം കോഴിക്കോടന്‍ ഭാഷ പഠിച്ചു തുടങ്ങി പെങ്ങളെ....

അക്കേട്ടന്‍ said...

"കിനാവുമായി"എന്‍റെ കാര്യം പറഞ്ഞപ്പോളാണ് പുള്ളി മൈനയുടെ പോസ്റ്റിനെ പറ്റി പറഞ്ഞത്. ഞാന്‍ കോഴിക്കോടും ഭാര്യ തൊടുപുഴയും ആണേ. ഞാന്‍ ഗള്‍ഫില്‍ ഒക്കെ ആയതു കൊണ്ട് എല്ലാ പ്രാദേശിക ഭാഷകളും വഴങ്ങും. പക്ഷെ എന്‍റെ പെങ്ങളും അവളും തമ്മിലുള്ള ഭാഷ ആണ് രസം. പലപ്പോഴും പരിഭാഷകനായി ഞാന്‍ ഇടയ്ക്കു ചെന്നു നില്‍ക്കും. എങ്കിലും ചിലപ്പോഴൊക്കെ ഞാനും പെട്ട് പോകും. കല്ല്യാണം കഴിഞ്ഞ നാളുകളില്‍ ഒരു ദിവസം കുറച്ചു പാളയം കോടന്‍ പഴം വാങ്ങിച്ചു തരുമോ എന്ന് അവള്‍ ചോദിച്ചു. കല്യാണ സൌഗന്ധികം തേടി ഭീമന്‍ പോയ പോലെ ആയി എന്‍റെ അവസ്ഥ. നാട് മുഴുവന്‍ കറങ്ങി വന്നു ഒടുവില്‍ സംഗതി മനസ്സിലായപ്പോഴല്ലേ വീട്ടില്‍ കൂട്ടച്ചിരി. "മ്മടെ തൊട്ടു മുന്നിലെ സുകുവിന്റെ പീടിയയിലുള്ള(കട) നാടന്‍ മൈസൂര്‍ പഴം. ഇപ്പോള്‍ അവളും അത്ത്യാവശ്യം കോഴിക്കോടന്‍ ഭാഷ പഠിച്ചു തുടങ്ങി പെങ്ങളെ....

Hashim said...

you can teach this language..the language of innocent Malappuaram kaka and thatha..
മലപ്പുറം സിനിമകള്‍!


പഴശ്ശിരാജ : പഴശ്ശി ഹാജി.

ഇരിക്കൂ എം ഡി അകത്തുണ്ട് : ജ്ജ് കുത്തിരിക്കീം ഹമുക്ക് പൊരേലൊണ്ട്.

ഡാഡി കൂള്‍ : ബെറയല്‍ ബാപ്പ.

വെറുതേ ഒരു ഭാര്യ : മൊയിശൊല്ലാനക്കൊണ്ടൊര് കെട്ട്യോള്.

മകന്റെ അച്ചന്‍ : മാന്റ ബാപ്പ.

ഈ പട്ടണത്തില്‍ ഭൂതം : യീ ബശാറില്‍ ചെയ്ത്താന്‍!.

എനിക്ക് നീയും നിനക്ക് ഞാനും : ഇച്ച് ഇജ്ജും അനക്ക് ഞമ്മളും.(ഇച്ച് ഇജ്ജും ഇജ്ജ്ക്ക് ഇച്ചും).

മായാവി : ഇബുലീസ്..

സാഗര്‍ ഏലിയാസ് ജാക്കി : സഗീര്‍ ഇല്യാസ് ജലാക്ക്.

ഭാര്യ സ്വന്തം സുഹുര്‍ത്ത് : ഓള് ഞമ്മന്റ ചെങായി.

കോളേജ് കുമാരന്‍ : കുണ്ടന്‍.

ഇന്നത്തെ ചിന്താവിഷയം : ഇന്നത്ത ക്നാവ്.

തലപ്പാവ് : പച്ചത്തൊപ്പി.

നരസിംഹം : പുലിമന്സന്‍

അതിശയന്‍ : ബല്ലാത്ത പഹയന്‍.

അച്ചനുറങാത്ത വീട് : ബാപ്പ ഒറങാത്ത കുടി.

ഈ തണുത്ത വെളുപ്പാന്‍ കാലത്ത് : സുബഹീന്റ നേരം.

മിസ്റ്റര്‍ ബട്ട്ലര്‍ : ജനാബ് ബദറുദീന്‍.

ചെറിയലോകവും വലിയ മനുഷ്യരും : ഇമ്മിണി ശെറിയ ദുനിയാവും ബെല്യ മന്‍സന്മാരും.

രണ്ടാം വരവ് : റബ്ബേ..ദാ പിന്നേം ബന്ന്ക്ക്ണ്.

ലാല്‍ സലാം : അസ്സലാമു അലൈക്കും.

പെരുന്തച്ചന്‍ : പൊരപണിയണ ബാപ്പ.

കുണുക്കിട്ട കോഴി : അലുക്കത്തിട്ട കോയി.

സ്തലത്തെ പ്രധാന പയ്യന്‍സ് : കള്ള ഹിമാറ്കള്‍.

മൈ ഡിയര്‍ മുത്തഛന്‍ :ഞമ്മന്റ പൊന്നാരുപ്പാപ്പ.

മലബാര്‍ വെഡ്ഡിംഗ് : മലപ്പുറം നിക്കാഹ്.

മഞുപോലൊരു പെണ്‍കുട്ടി : മൊഞ്ചത്തി.

അറബിക്കഥ : അറബിക്കിസ്സ.

ഞാന്‍ ഗന്ധര്‍വന്‍ : ഞമ്മള് ജിന്നാണ്.

ഒരാണും നാലു പെണ്ണും : ഒരു ഹമുക്കും നാല് ഹൂറിയും.

വിസ്മയതുംബത്ത് : യാ റബ്ബുല്‍ ആലമീനേ..

ബാലേട്ടന്‍ : ബാ‍ലനിക്ക.

ദൈവത്തിന്റെ വികൃതികള്‍ : പടശ്ശോന്റ ഖുദ്റത്തുകള്‍

പ്രശ്നം ഗുരുതരം : ഹലാക്കിന്റ അവലും കഞീം.

അലിഭായി : ആലികാക്ക.

സുഖമോ ദേവി : ജ്ജ് ബിശേഷങള് പറ ദേബീ.

കാണാമറയത്ത് : ദുനിയാവിന്ററ്റത്ത്.
ബല്‍റാം v/s താരാദാസ് : രാമൂന്റേം ദാ‍സന്റേം ഹറാംപെറപ്പ്കള്‍

നന്ദിനി ഓപ്പോള്‍ : നന്നിനിയിത്താത്ത.

അച്ചന്‍ കൊംബത്ത് അമ്മ വരംബത്ത് : ബാപ്പ ശക്കകൊംബേലും ഉമ്മ പറംബിലും.

നദിയ കൊല്ലപ്പെട്ട രാത്രി : നാദിയാന മയ്യിത്താക്കിയ രാവ്.

സേതുരാമയ്യര്‍ സി ബി ഐ : സീതി ഹാ‍ജി ശീ ബീ ഐ.
വാര്‍ ആന്ട് ലവ് : ലൌ ജിഹാദ്.

മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും: മീരേന്റ ബെരുത്തോം മുത്തൂന്റ ഹലാക്കില പൂതീം.

Hashim said...

'ഞാന്‍ ഒരു കോഴിയെ കൊല്ലി'
ഗള്‍ഫിലെ വേനലവധിക്കു എന്നോടൊപ്പം നാട്ടിലെത്തിയ ഇളയ മകന്‍ തലാലിന്റെ വാക്കുകള്‍ എന്നെ ഞെട്ടിച്ചു.ഒരു പാവം മിണ്‍ടാപ്രാണിയെ കൊന്നതിലുപരി മലയാള ഭാഷയെ കൊല്ലുന്നതിലായിരുന്നു എന്റെ വിഷമം. ഒരു കോഴിക്കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്നത് അസാധ്യമായ ഒരു കൃത്യം നിര്‍വഹിച്ച നിര്‍വൃതിയിലാണ് മകന്‍ പറഞ്ഞത്.
അജ്മാനില്‍ നിന്നും അവധിക്കു വന്ന മരുമകന്‍ അസദിന്റെ പ്രതികരണമായിരുന്നു അതിലേറെ സഹതാപകരം.
"തലാല്‍ ഒരു കോഴിയെ ചത്തിച്ചു"
മാപ്പ് മലയാളമേ, മാപ്പ്!

സ്വപ്നാടകന്‍ said...

ഹൊ! ആ കുട്ടീന്റെ മലയാളം ഹലാക്കിന്റെ അവിലുംകഞ്ഞി പോലെയാക്വല്ലൊ ന്റെ പടച്ചോനേ....:)


പാത്തല്‍ വയനാട്ടിലുമുണ്ടോ..ഞങ്ങടെ നാട്ടില്‍ മുസ്ലീങ്ങള്‍ മാത്രം ഉപയോഗിക്കുന്ന ഒരു വാക്കാണത്. പ്രാദേശികമാണെങ്കിലും കോമണ്‍ അല്ലെന്ന്. പാത്തല്‍ മലപ്പുറത്തും കോഴിക്കോട്ടും തീരദേശ വാസികളുടെ ഇടയില്‍ മാത്രം ഉള്ളതാണെന്നാണു ഞാന്‍ വിചാരിച്ചിരുന്നത്

Sunil G Nampoothiri said...

മോള്‍ രണ്ടു ശൈലിയും പഠിക്കട്ടെ ......
സരസമായ രചന

മൌനം said...

ഹഹാഹഹ്ഹഹഹ് ആ പപ്പായ കറി ഇഷ്ടായീ.. ഇതെ അനുഭവം എനിക്കും.. പീയണിക്കായാ (മത്തന്‍)പിന്നെ കരുവാട് (ഉണക്കമീന്‍)...