Sunday, January 6, 2008
തിരുവനന്തപുരത്തെ ഓട്ടോഡ്രൈവര്‍മാര്‍ക്കെന്താ കൊമ്പുണ്ടോ?
തിരുവനന്തപുരത്തുകാരോട് എന്തോ ദേഷ്യം കൊണ്ടാവാം ഓട്ടോഡ്രൈവര്‍മാര്‍ക്ക് കൊമ്പുണ്ടോ എന്നു ചോദിച്ചതെന്നു തോന്നിയേക്കാം.
ഈയുള്ളവള്‍ക്ക് ഏറെ സ്‌നേഹം തോന്നിയ നഗരമാണ് തലസ്ഥാനം. എന്റെ മുത്തശ്ശിയുടെ ജന്മനാട്, മുത്തശ്ശന്‍, ഭര്‍ത്താവ് ജോലിചെയ്‌ത നാട്. അതിനൊക്കെ പുറമേ വല്ലാത്തൊരു വൈകാരിക ബന്ധമായിരുന്നു തിരുവനന്തപുരത്തോട്.
എന്നാല്‍ ഇന്നു ജീവിക്കുന്ന കോഴിക്കോടുമായി ഒരു ബന്ധവും എനിക്കില്ലായിരുന്നു.
പൊതുവേ വടക്കുള്ളവര്‍ക്ക് തെക്കരെ പേടിയാണ്. തിരുവനന്തപുരത്തുകാരാണെങ്കില്‍ പറയുകയും വേണ്ട. തിരുവന്തപുരത്തുകാര്‍ കള്ളന്മാരാണെന്നു പറയുമ്പോള്‍ നിഷ്‌ക്കളങ്കയായ മുത്തശ്ശിയെയാണ് എനിക്കോര്‍മ വരിക.
ആര്‍ക്കും എന്തും പറയാമല്ലോ എന്നു സമാധാനിക്കും.
പക്ഷേ കഴിഞ്ഞ ദിവസം തിരുവന്തപുരത്ത് പോയപ്പോള്‍ അവിടുത്തെ ഓട്ടോഡ്രൈവര്‍മാരെ നിയന്ത്രിക്കാന്‍ ആരുമില്ലേ എന്നു ചിന്തിച്ചുപ്പോയി. അങ്ങേയറ്റം വിഷമം തോന്നി.
ഓട്ടോറിക്ഷയ്‌ക്ക് എന്തിനാണ് മീറ്റര്‍ ഘടിപ്പിച്ചിരിക്കുന്നത്?
മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഒരു ഡ്രൈവര്‍ക്കും മനസ്സില്ല എന്നതാണ് സത്യം.
മ്യൂസിയത്തിനു മുന്നില്‍ നിന്നും വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളിനു മുന്നിലിറങ്ങുന്നതിന് 25/- രൂപ. മീറ്ററില്ല.
"എന്താണു മീറ്ററിടാത്തത് " എന്നു ചോദിച്ചപ്പോള്‍ "അത് അത്രയും ആകും" എന്നു ഡ്രൈവറുടെ മറുപടി.
അതു പറ്റില്ലല്ലോ മീറ്ററിടണമല്ലോ...
"അത് ആദ്യം പറയേണ്ടായിരുന്നോ" എന്ന് നൂറു മീറ്റര്‍ ഓടിയിട്ടില്ല അപ്പോഴാണ് ഈ പ്രതികരണം.
തിരിച്ചു പോകുമ്പോള്‍ കുറച്ചു നടന്ന് ഒരു ജങ്കഷ്‌നില്‍ നിന്ന് കിഴക്കേക്കോട്ടയ്‌ക്ക് പോകാന്‍ ആദ്യം കണ്ട ഓട്ടോയ്‌ക്ക് കൈ നീട്ടി.
കിഴക്കേകോട്ടയ്‌ക്ക് 30/- രൂപ.
'മീറ്ററിട്ടല്ലേ പോവുക?'
'മീറ്ററിട്ടാലും അത്രയാവും 'മറുപടി.
'മീറ്റര്‍ ചാര്‍ജ്ജ് തന്നാല്‍ മതിയല്ലോ, അല്ലേ?'
അതില്‍ സംതൃപ്‌തനല്ല ഡ്രൈവര്‍.
മീറ്ററിന്റെ വയര്‍ വിട്ടു കിടക്കുകയാണത്രേ
വയറു വിട്ടു കിടക്കുന്ന ഓട്ടോയില്‍ കയറേണ്ടെന്നു വെച്ചു.
അടുത്ത ഓട്ടോയെ സമീപിച്ചു.
കിഴക്കേക്കോട്ടയ്‌ക്ക് 20/- രൂപ. ശരി
10/- രൂപ കുറഞ്ഞല്ലോ അതില്‍ കയറി. എതായാലും അദ്ദേഹവും മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ല.
മരുതന്‍കുഴി ജങ്കഷ്‌നില്‍ നിന്ന് കാഞ്ഞിരം പാറ ജങ്കഷ്‌നിലേക്ക് ഒന്നര-രണ്ടു കിലോ മീറ്ററുണ്ടാവും
പക്ഷേ 20/- രൂപ.
മരുതന്‍കുഴിയില്‍ നിന്നും സുഹൃത്തിനൊപ്പം വൈകിട്ട് ഏഴു മണിക്ക് പാളയത്തെത്തുമ്പോള്‍ മീറ്ററില്‍ 35/- രൂപ. സ്ഥിരം യാത്രക്കാരിയായ സൂഹൃത്ത് 25/- ല്‍ താഴെയേ വരൂ എന്ന് വാദിച്ചു. മീറ്ററില്‍ കൃത്രിമം. ഏതായാലും 30/- ല്‍ ഒതുക്കി.
അടുത്ത യാത്ര പാളയത്തു നിന്ന് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കായിരുന്നു. മീറ്ററിടണമെന്ന് പറഞ്ഞതു കൊണ്ട് മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചു.
പതിനാലു രുപ.
പക്ഷേ മീറ്റര്‍ പ്രവര്‍പ്പിച്ചാലെന്ത് ഇല്ലെങ്കിലെന്ത് 20/- രൂപ വേണം.
അതെന്തിന്?
ഒന്‍പതുമണിക്ക് ശേഷമല്ലേ അധിക ചാര്‍ജ്ജ് കൊടക്കേണ്ടതുള്ളു.
ഏതായാലും തിരുവന്തപുരത്തെ ഓട്ടോഡ്രൈവര്‍മാര്‍ കോഴിക്കോടു വന്നു നോക്കു...
മീറ്റര്‍ ചാര്‍ജ്ജില്‍ കൂടിയ ചാര്‍ജ്ജ് ഈടാക്കി കണ്ടിട്ടില്ല. മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരുന്നിട്ടില്ല. ഇനി നഗരത്തിലല്ലാതെ ഉള്ളിലേക്കാ ണു പോകേണ്ടതെങ്കില്‍ മീറ്ററും പകുതിയും.
കേരളത്തില്‍ രണ്ടു നഗരങ്ങളിലെ ഓട്ടോറിക്ഷക്കാര്‍ക്ക് വ്യത്യസ്‌തമായ നിയമങ്ങളാണോ?
കെട്ടഴിച്ചുവിട്ടിരിക്കുകയാണോ ഈ അമ്പലക്കാളയെ?
കെട്ടിയിടാന്‍ ആരുമില്ലേ.....
Subscribe to:
Post Comments (Atom)
36 comments:
കഴിഞ്ഞ ദിവസം തിരുവന്തപുരത്ത് പോയപ്പോള്‍ അവിടുത്തെ ഓട്ടോഡ്രൈവര്‍മാരെ നിയന്ത്രിക്കാന്‍ ആരുമില്ലേ എന്നു ചിന്തിച്ചുപ്പോയി. അങ്ങേയറ്റം വിഷമം തോന്നി.
ഓട്ടോറിക്ഷയ്‌ക്ക് എന്തിനാണ് മീറ്റര്‍ ഘടിപ്പിച്ചിരിക്കുന്നത്?
മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഒരു ഡ്രൈവര്‍ക്കും മനസ്സില്ല എന്നതാണ് സത്യം.
കെട്ടഴിച്ചുവിട്ടിരിക്കുകയാണോ ഈ അമ്പലക്കാളയെ?
കെട്ടിയിടാന്‍ ആരുമില്ലേ.....
മൈന പറഞ്ഞതു അക്ഷരം പ്രതി ശരിയാണ്‍.
ഞാനും ഒരു തിരുവനന്തപുരത്തുകാരന്‍ തന്നെ, ഇത്രയും മര്യാദയില്ലാത്ത ഓട്ടോക്കരെ ഞാന്‍ വേറെ എവിടെയും കണ്ടിട്ടില്ല. .പ്രത്യേകിച്ച് തമ്പാനുറ് സ്റ്റാന്‍ഡില്‍ ഓട്ടം പോകാന്‍ കിടക്കുന്ന ആട്ടോക്കാര്‍,
ഓരോരുത്തറ്ക്കും ഓരൊ ചാറ്ജാണ്‍. തിരിച്ചെന്തെങ്കിലും ചോദിച്ചാല്‍ പിന്നെ തീര്‍ന്നു...
തിരുവനന്തപുരത്തെ ഓട്ടോക്കാരുടെ ഐക്യം നിങ്ങള്‍ കാണണം. ഒരു ഓട്ടോക്കാരനെ എന്തെങ്കിലും പറഞ്ഞു നോക്കൂ കാക്കയെപോലെ പലരും എത്തും അവിടെ. ഇവിടെയുള്ളവര്‍ മറ്റ് സ്ഥലങ്ങളിലില്‍ പോയി ഓട്ടോയില്‍ കയറുമ്പോള്‍ ആ ഡ്രൈവറുടെ പെരുമാറ്റം വളരെ നല്ലതായി ഈ ഉള്ളവനും തോന്നിയിട്ടുണ്ട്. തിരുവനന്തപുരത്തെ ചില ഓട്ടോക്കാരോട് ചോദിച്ചാല്‍ ചിലപ്പോള്‍ സത്യം പറയും. ആര്‍.ടി.ഒ, പോലീസ് തുടങ്ങി പലയിടത്തും റേറ്റ് അല്പം കൂടുതലാണേ.
എന്റെ അനുഭവം തിരിച്ചാണ്. ആലപ്പുഴയിലെ ഓട്ടോ ഡ്രൈവര്‍മാരാണ് ഏറ്റവും പ്രശ്നക്കാര്‍. തിരു.പുരത്തെ ഓട്ടോക്കാര്‍ മിക്കവരും മീറ്റര്‍ ഇടാറുണ്ട് എന്നാണ് എന്റെ അനുഭവം.
• മീറ്റര്‍ ഇട്ടിട്ടുണ്ടെങ്കില്‍, പിന്നെ ഒരിക്കലും ‘എത്രയായി?’ എന്ന് അവരോട് ചോദിക്കരുത്. അപ്പോള്‍ അവര്‍ മനസിലാക്കും നിങ്ങള്‍ തിരു.പുരത്തുകാരനല്ലെന്ന്. മീറ്റര്‍ നോക്കുക, റൌണ്ട് ചെയ്യുക, ഒന്ന്-രണ്ട് രൂപ കൂടുതല്‍ കൊടുക്കുക. അവരൊന്നും ചോദിക്കില്ല.
• മീറ്ററില്ലെങ്കില്‍, അവരോട് ഇന്നയിടത്തു പോവുന്നതിന് എത്രയാവും എന്നു ചോദിക്കുക. ഒന്നു രണ്ട് ഓട്ടോക്കാരോട് ഈ രീതിയില്‍ ചോദിക്കുക. എത്ര കിലോമീറ്ററുണ്ടെന്ന് ആരോടെങ്കിലും തിരക്കിയിരിക്കുകയും വേണം. എന്നിട്ട് ന്യായമെന്നു തോന്നുന്നതില്‍ കയറുക. (പിന്നീടവര്‍ മീറ്ററിടാതിരിക്കാന്‍ ശ്രദ്ധിക്കണം, തിരു.പുരത്തെ രീതിയനുസരിച്ച് ഓരോ ദിവസവും ഓരോ റൂട്ടാണ്. :) ന്യായമാണെങ്കില്‍; റൂട്ട് വല്ലാതെ ചുറ്റി പോവേണ്ടി വരിക, വളരെക്കൂടുതല്‍ സമയം ട്രാഫിക്കില്‍ നില്‍ക്കേണ്ടി വരിക, ഇങ്ങിനെയൊക്കെ വരുമ്പോള്‍ അല്പം കൂടുതല്‍ കൊടുക്കുക. അവരുടെ ഉപജീവനമല്ലേ...)
• രാത്രിയില്‍ അധിക ചാര്‍ജ്ജ് കൂടി ചേര്‍ത്താണ് മീറ്ററില്‍ കാണിക്കുക. പലര്‍ക്കും അത് അറിവില്ലെന്നു തോന്നുന്നു. പുതിയ ഡിജിറ്റല്‍ മീറ്ററിന്റെ കാര്യമാണേ... പിന്നെയും മീറ്റര്‍ ചാര്‍ജ്ജിന്റ് കൂടെ പകുതി കൂടി ചേര്‍ക്കേണ്ടതില്ലെന്നു സാരം.
• തമ്പാനൂരില്‍ നിന്നു യാത്ര ചെയ്യുവാന്‍, റയില്‍വേ സ്റ്റേഷനില്‍ ഉള്ള ട്രാഫിക്കിന്റെ പ്രീ-പെയ്ഡ് ഓട്ടോ സര്‍വീസ് ഉപയോഗപ്പെടുത്തുക.
--
ഹരി പറഞ്ഞതിനോട് പൊതുവെ യോജിക്കാനാണ് തോന്നുന്നത്. തമ്പാനൂരില്‍ നിന്നാണെങ്കില്‍ പ്രി പെയ്‌ഡ് ഉപയോഗിക്കുക..കഴുത്തറപ്പ് തീവണ്ടിയില്‍ വന്നിറങ്ങുന്നവരോടാണ് നടക്കാറുള്ളത്..വീട്ടില്‍ എത്തിപ്പറ്റാനുള്ള തിരക്കില്‍ ചോദിച്ച പണംകൊടുക്കുമല്ലോ...പൊതുവേ മീറ്റര്‍ ഇടാറുണ്ട്..
ഒരു ഓഫും കിടക്കട്ടെ..
പണ്ട് ഒരു സായിപ്പ് തിരുവനന്തപുരത്ത് തമ്പാനൂരില്‍ വന്നിറങ്ങി.ഹോട്ടലിലേക്ക് ഓട്ടോ പിടിച്ചു..ഓട്ടോക്കാരന്‍ ഓടിയ വഴികളിലൂടെ, സെക്രട്ടറിയറ്റ് വഴിയൊക്കെ പിന്നെയും പിന്നെയും ഓടിച്ചുകൊണ്ടിരിക്കുകയാണ്. ഇടക്ക് സായിപ്പ് അത്ഭുതത്തോടെ നിലവിളിക്കാന്‍ തുടങ്ങി“മാര്‍വലസ്..ഇത്ര ചെറിയ നഗരത്തില്‍ 5 സെക്രട്ടറിയറ്റോ? ഹൊ ഹൊ..ലോകത്തില്‍ ഒരിടത്തും ഞാനീ കാഴ്ച കണ്ടിട്ടില്ല”. ഇത് കേട്ട് ഓട്ടോക്കാരന്‍ “ ഒന്നു മിണ്ടാതിരി സായിപ്പേ...നാലെണ്ണം കൂടി കാണാന്‍ കിടക്കുന്നു..”
തിരുവനന്തപിരത്തെ മാത്രം കാര്യമല്ലല്ലൊ ഓട്ടൊക്കാര്‍.
എല്ലാടുത്തും ഇതൊക്കെതന്നെയാ നടക്കുന്നെ.
റയില്‍വേ സ്റ്റേഷനില്‍ വരുന്നവര്‍ കഴിവതും പ്രീ പെയ്ഡ് ഓട്ടോ സര്‍വീസ് ഉപയോഗപ്പെടുത്തുക.അതായിരിക്കും കുറച്ചൂടെ നല്ലത്.
പിന്നെ തിരുവനന്തപിരത്തെ ആസ്പദമാക്കി പറയുകയാണെങ്കില്‍
ദിവസംചെല്ലുന്തോറും റൂട്ടുകള്‍ മാറിക്കൊണ്ടിരിക്കുകയാണ് അവരേയും കുറ്റം പറഞ്ഞിട്ട് കാര്യമൊന്നുമില്ലാ ഇന്നത്തെ പെട്രോളിന്റെ വിലയും സിഗ്നല്‍ പ്രശ്നങ്ങളും തരണം ചെയ്യുന്ന അവര്‍ക്കും ഇതൊരു ഉപജീവനമാര്‍ഗമല്ലെ..?
നട്ടപാതിരാത്രി ട്രയിനെങ്ങാനും ഭാഗ്യദോശത്തിന് താമസിച്ചാല്‍ ഓട്ടോക്കാരെ ആശ്രയിക്കാതെ നിര്‍വാഹവുമില്ലാ അപ്പോള്‍ ചിലപ്പോള്‍ അവര്‍ കഴുത്തറുക്കുമായിരിക്കും,!!
എവിടെയായാലും മീറ്ററില്‍ കാണുന്ന ചാര്‍ജ്ജിന് ഓടാന്‍ ബാധ്യസ്ഥരല്ലെ അവര്‍? കോഴിക്കോടും, കണ്ണൂരും മീറ്ററില്‍ കാണുന്ന കാശിനു ഓടുമെങ്കില്‍ പിന്നെന്താ തിരുവനന്തപുരത്തും ആലപ്പുഴയിലും പ്രത്യേകത??
തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും ഓട്ടോക്കാര്‍ തമ്മില്‍ അജഗജാന്തരമുണ്ട്. കോഴിക്കോട് ഓട്ടോക്കാരുടെ പെരുമാറ്റം കണ്ട് ഞാന്‍ അത്ഭുതപെട്ടിട്ടുണ്ട്.
കോഴിക്കോട്ടെ ഓട്ടോക്കാര്‍ ജനങ്ങളുടെ സുഹൃത്തുക്കളാണ്. ഒരിക്കല്‍ പാസ്പോര്‍ട്ട് ഓഫീസിലേക്ക് ഓട്ടോ വിളിച്ച എന്നോട് ഓട്ടോക്കാരന്‍ സ്നേഹത്തോടെ പറഞ്ഞു “ മോനെ, ആ കാണുന്ന ബസ്സില്‍ കയറിയാല്‍ മിനിമം ബസ് ചാര്‍ജ്ജേ ആവുള്ളൂ.., അതില്‍ പൊയ്ക്കോളൂ” എന്ന്. തിരുവനന്തപുരത്ത് ഇത് പ്രതീക്ഷിക്കാന്‍ പറ്റില്ല. തിരുവനന്തപുരത്ത് ഓട്ടോ വിളിക്കുന്ന ചിലര്‍ക്ക് ഓട്ടോക്കാരന്‍ 2 സെക്രട്ടറിയേറ്റ് കാണിച്ചു കൊടുത്തിട്ടുണ്ടത്രെ (എന്റെ ഒരു ചേട്ടന്‍ ഉള്‍പ്പെടെ).
ഇന്‍ഡ്യയില്‍ മിക്കയിടങ്ങളിലും അങ്ങനെയൊരു പ്രശ്നമുണ്ടെന്ന് തോന്നുന്നു. കോഴിക്കോട് അതത്രയും ഇല്ലെന്ന് കേള്‍ക്കുമ്പോ ആശ്വാസമുണ്ട് . എനിക്കുമുണ്ട് സമാനമായ അനുഭവങ്ങള്‍ ഇന്‍ഡ്യാക്കാരും പാക്കിസ്ഥാനികളും ഓടിക്കുന്ന മീറ്റര്‍ ടാക്സിയില്‍ കഴിയുന്നതും ഞാന്‍ എവിടേയും കയറാറില്ല , 10 പൌണ്ട് റ്റാക്സി ചാര്‍ജിനു ഒരു വശത്തേക്ക് പോയിട്ട്
തിരിച്ചുവന്നപ്പോ 23 പൌണ്ട് ചാര്‍ജ് ചെയ്ത അനുഭവം ഉണ്ടായത് മുതലാണ് അങ്ങനെ തീരുമാനിച്ചത്, അതും ഒരു പാക്കിസ്ഥാനിയായിരുന്നു.
തിരുവനന്തപുരത്തെ ഓട്ടോക്കാര്‍ക്കെതിരെ ഞാന്‍ പ്രയോഗിച്ചിരുന്ന ഒരു വിദ്യയുണ്ട്. കുറെ വര്‍ഷം മുമ്പാണ്. കോഴിക്കോട്ടൂനിന്ന് തമ്പാനൂരില്‍ ട്രെയിനിറങ്ങി, വഞ്ചിയൂരില്‍ അനുജന്‍ താമസിക്കുന്ന ലോഡ്‌ജിലേക്ക് പോകേണ്ടി വരുമായിരുന്നു പലപ്പോഴും. അന്നവിടെ പ്രീപെയ്‌ഡ് സംവിധാനം തുടങ്ങിയിട്ടില്ല. വരി വരിയായി നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോയില്‍ ഒന്നു പോലൂം വഞ്ചിയൂരിന് വരില്ല. ദീര്‍ഘദൂരം മതി എല്ലാവര്‍ക്കും. അതിനാല്‍, ഞാന്‍ ബാഗും തൂക്കി മുന്നില്‍ കിടക്കുന്ന ഓട്ടോയുടെ ഡ്രൈവറോട് പറയും, "മെഡിക്കല്‍ കോളേജിന്", അല്ലെങ്കില്‍, " ശ്രീകാര്യത്തിന്. എന്തു സന്തോഷം, ഉത്സാഹം. മീറ്ററിട്ടോളാന്‍ പറയും. ഓവര്‍ബ്രഡ്‌ജ് കയറുമ്പോള്‍ പറയും, "കുന്നുംപുറം വഴി പോകാം, വഞ്ചിയൂരില്‍ ഒരൂ സാധനം ഏല്‍പ്പിക്കാനുണ്ട്". എനിക്കിറങ്ങേണ്ട സ്ഥലത്തെത്തുമ്പോഴേക്കും, മീറ്ററിലുള്ള മിനിമം ചാര്‍ജ് കൈയിലെടുത്തിട്ടുണ്ടാകും. ബാഗുമായി ഇറങ്ങിയിട്ട്, "ചേട്ടാ ഇവിടെ വരെ മതി. ഇവിടെ വരെയെന്നു പറഞ്ഞാല്‍ നിങ്ങള്‍ വരില്ല, അതുകൊണ്ടാണ് കൊച്ചുവെളുപ്പാന്‍ കാലത്ത് എനിക്ക് കള്ളം പറയേണ്ടി വന്നത്". ഏതെങ്കിലും ഓട്ടോ ഡ്രൈവര്‍ എന്നെ കൈവെയ്‌ക്കും എന്നെനിക്ക് ഉള്ളില്‍ പേടിയുണ്ടായിരുന്നു. പക്ഷേ, മിക്കവരും അതിനു മുതിരാത്തതിനാല്‍, തടികേടാകാതെ ഇപ്പോഴും കഴിയുന്നു.
എന്നെ തല്ലാന്‍ വരേണ്ടാ ഞാന്‍ നന്നാവൂലാ...
പിന്നെ ഒന്നു മിഴിച്ചു നോക്കിപ്പോയാല്‍ സമരം ചെയ്തു കളയുമോ എന്ന് പേടിച്ചിട്ടോ എന്തോ അധികാരികളും മൗനത്തിലാകുമ്പോള്‍ പിന്നെ പറയുകയും വേണ്ടാ.. :)
Thiruvanthorathu mathramalla ee India maha rajyathulla bhoori bhagam autokkarkkum kombundu.....cheruthonnumalla....immini balya kombu...Kozhikkodan autokkare kurichu kettappol oru santhosham thonni...nanmayulla nalla manushyar avide eniyum avasheshikkunnundallo ennarinju...
തിരുവനന്തപുരത്തെ ഒട്ടോ ഡ്രൈവര്‍മാര്‍ പൊതുവേ കഴുത്തറപ്പനമാരാണ്.
കഴിഞ്ഞ ദിവസം ഞാന്‍ എയര്‍പ്പോര്‍ട്ടില്‍ നിന്ന് കഴക്കുട്ടം വരെ പോണമായിരുന്നു. 14 കിലോമീറ്റര്‍ ദൂരമുണ്ട്. സമയം രാത്രി എട്ടേ മുക്കാലായി. ആദ്യം കിടന്ന ചേട്ടനോട് അവിടെ വരെ പോണതിന് എത്ര രൂപയാകുമെന്ന് ചോദിച്ചു. 250 രുപയുടെ ഓട്ടമുണ്ട്, 225 തന്നാല്‍ കൊണുവിടാമെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു, എന്നാല്‍ എനിക്ക് 100 രൂപാ കൂടി കൊടുത്ത് ടാക്സിയില്‍ പോയാല്‍ പോരേ? ഒടുക്കം 200 വരെ താന്നു. അങ്ങേരാണെങ്കില്‍ ഒന്ന് മിനുങ്ങിയിട്ടാണ് നില്‍ക്കുന്നത്.എത്ര താത്തി പറഞ്ഞാലും അങ്ങേരുടെ വണ്ടിയില്‍ കയറുന്നില്ലെന്ന് ഞാനുറപ്പിച്ചു.
ഞാന്‍ അവിടുന്ന് നടന്നു. തൊട്ടു പുറകേ മറ്റൊരു ഓട്ടോ ഡ്രൈവര്‍ വന്നു പറഞ്ഞു, മോനേ, ഇവിടുന്ന് പതിനാലു കിലോമീറ്ററുണ്ട്. നുറ്റിനാല്പത് രൂപയാകും രാത്രിയായതിനാല്‍ 10 രൂപ കൂടി കുടുതല്‍ നല്‍കണം. ന്യായമായ കൂലിയാണതെന്ന് എനിക്ക് തോന്നി. 150 രൂപയ്ക്ക് കഴക്കുട്ടത്ത് വന്നിറങ്ങി.
യാത്രയ്കിടയില്‍ അദ്ദേഹത്തിന്റെ ജീവിത കഥ പറഞ്ഞു. പന്ത്രണ്ട് കൊല്ലത്തോളം സ്വന്തമായി ടാക്സിയൊടിച്ചിരുന്ന വ്യക്തിയായിരുന്നു. ഇപ്പോള്‍ മിക്ക വീട്ടിലും വണ്ടിയുള്ളതുകാരണവും, റെന്റ് എ കാര്‍ വ്യവസായം വളര്‍ന്നതു കൊണ്ടും ടാക്സി നഷ്ടത്തിലായി. ഇപ്പോള്‍ കുടുംബം പോറ്റാന്‍ ഓട്ടോ ഓടിക്കുന്നു. അതും വലിയ മെച്ചമൊന്നുമില്ലാ.
അങ്ങനെയും ആളുകള്‍ ജീവിക്കുന്നു...
പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി.
കേരളാ ഫാര്‍മര്‍ പറയുന്നു 'തിരുവനന്തപുരത്തെ ചില ഓട്ടോക്കാരോട് ചോദിച്ചാല്‍ ചിലപ്പോള്‍ സത്യം പറയും. ആര്‍.ടി.ഒ, പോലീസ് തുടങ്ങി പലയിടത്തും റേറ്റ് അല്പം കൂടുതലാണേ'
എന്ന്. തിരുവനന്തപുരത്തുമാത്രമാണോ പോലീസും ആര്‍.ടി.ഓയും എന്ന സംശയം ബാക്കി നില്‍ക്കുന്നു.
ഹരിയുടെ നിര്‍ദ്ദേശങ്ങളില്‍ ചിലതിനോട് വിയോജിപ്പുണ്ട്. മീറ്ററിടുമ്പോള്‍ നമ്മളെന്തിന് ഒന്നോ രണ്ടോ രൂപ അധികം നല്‌കുന്നത്? മീറ്ററിന്റെ ആവശ്യകത എന്താണ്? നമ്മള്‍ മീററര്‍ ചാര്‍ജ്ജ് മാത്രം നല്‌കിയാല്‍ ന്യായമായ മാനദണ്ഡം നിയമംമൂലം വെച്ചിരിക്കുന്നു എന്നല്ലേ..അല്ലാതെ തോന്നിയതു പോലെ പ്രവര്‍ത്തിക്കാനാണെങ്കില്‍ നമുക്ക് നിയമങ്ങളുടേയും മീറ്ററിന്റെയും ആവശ്യമില്ലല്ലോ.സജിയും മൂര്‍ത്തിയുമൊക്കെ ഓട്ടോക്കാരുടെ ഹീനമായ പ്രവര്‍ത്തിയെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്.
'എവിടെയായാലും മീറ്ററില്‍ കാണുന്ന ചാര്‍ജ്ജിന് ഓടാന്‍ ബാധ്യസ്ഥരല്ലെ അവര്‍? കോഴിക്കോടും, കണ്ണൂരും മീറ്ററില്‍ കാണുന്ന കാശിനു ഓടുമെങ്കില്‍ പിന്നെന്താ തിരുവനന്തപുരത്തും ആലപ്പുഴയിലും പ്രത്യേകത??'
കണ്ണൂരാന്റെ അഭിപ്രായത്തോട് യോജിക്കുന്നു.
വാല്‍മീകിയും പ്രതിഷേധവും പറഞ്ഞത് ശരിവെക്കുന്ന ഒരുപാടനുഭവങ്ങളുണ്ട്. കോഴിക്കോട് ലിങ്ക് റോഡില്‍ വെച്ച് ഒരാള്‍ ഓട്ടോ ഡ്രൈവറോട് റെയില്‍വേസ്‌റ്റേഷനില്‍ പോകണമെന്നു പറയുകയും ഡ്രൈവര്‍ 'ചേട്ടാ നേരെ നടന്നാല്‍ മതി..ആ കാണുന്നതാണ് റെയില്‍വേസ്‌റ്റേഷന്‍ 'എന്നു പറയുന്നത് നേരിട്ടറിഞ്ഞതാണ്. രണ്ടോ അഞ്ചോ സെക്രട്ടറിയേറ്റ് കാണിച്ച്‌ു കൊടുത്തതുപോലെ വേണമെങ്കില്‍ അയാള്‍ക്ക് അതിലേറെ മാനഞ്ചിറയും കാണിച്ചു കൊടുക്കാമായിരുന്നു.
നമ്പൂതിരി, വഴിപോക്കന്‍, സാജന്‍, പ്രമോദ്, കൊച്ചുമുതലാളി എല്ലാവര്‍ക്കും നന്ദി .
അധികാരികള്‍ മൗനത്തിലാവുമ്പോള്‍ നമ്മള്‍ പ്രതിഷേധിക്കണം നജീം. അധികാരികള്‍ക്കു വേണ്ടിയല്ലല്ലോ നമുക്കു വേണ്ടിയല്ലേ നിയമങ്ങള്‍. ആ നിയമങ്ങള്‍ ലംഘിക്കുന്നു,നമുക്കര്‍ഹതപ്പെട്ട നീതി ലഭിക്കുന്നില്ല എന്നു തോന്നുമ്പോള്‍ JA പ്രതികരിച്ചചുപോലെ നമ്മളോരുരുത്തരും പ്രതികരിക്കാന്‍ തുടങ്ങും.
നിയമങ്ങള്‍ നമുക്കു വേണ്ടിയാണെന്നും നടപ്പാകാത്തതിനെതിരെ പ്രതിഷേധിക്കുകയും ചെയ്യുക.
ന്യായീകരണം ഒന്നിനും പരഹാരമാവില്ലെന്നും ഓര്‍ക്കുക.
ഇപ്പോള്‍ ഞാന്‍ താമസ്സിയ്ക്കുന്ന ചെന്നൈയിലും പിന്നെ സഞ്ചരിച്ചിട്ടുള്ള മിക്ക ഇന്‍ഡ്യന്‍ പട്ടണങ്ങളിലും ഇതു തന്നെ സ്ഥിതി.ഇതിനു ഒരു മാറ്റം ഉള്ളതു മുംബൈയില്‍ മാത്രമാണ്.അവിടെ മാത്രം ഒരു പ്രശ്നവുമില്ല..ഓട്ടോ ആണെങ്കിലും ടാക്സി ആണെങ്കിലും കയറിയിരിയ്ക്കുക,പോകേണ്ട സ്ഥലം പറയുക, മീറ്റര്‍ അപ്പോള്‍ തന്നെ ഇട്ടിരിയ്ക്കും..ഇറങ്ങുമ്പോള്‍ ബാക്കി തുക കൃത്യമായി തരും.പലപ്പോളും ആലോചിയ്ക്കും, നമ്മുടെ നാട്ടിലും ഇങ്ങനെ ഒരു അവസ്ഥ എന്ന് വരും?
സമയോജിതമായി മൈന പ്രതികരിച്ചിരിയ്ക്കുന്നു.ഇതു ബ്ലോഗില്‍ നിന്നു മാറ്റി പത്രത്തിലും കൊടുക്കാവുന്നതാണ്
തിരുവനന്തപുരത്ത് ഓട്ടോക്കാര്‍ക്ക് മാത്രമല്ല നാട്ടുകാര്‍ക്ക് മൊത്തം കൊമ്പാണ്. ഞാനും പക്കാ തിരുവനന്തപുരത്തുകാരിയാ പക്ഷെ കേരളത്തില്‍ മറ്റുപലയിടത്തും താമസിച്ചപ്പഴാ ഈ കൊമ്പു ഞാന്‍ തിരിച്ചറിഞ്ഞത്.
ഉദാഹരണത്തിന് നിങ്ങള്‍ ഒരു ഇരു ചക്രവാഹനത്തില്‍ യാത്രചെയ്യോ തിരൊന്തരത്തൂടെ നാലുവീലില്‍ വരുന്നവന്‍ നിങ്ങളേ തുലോം വകവയ്ക്കില്ല. ഇനി നിങ്ങളൊരു സ്ത്രീ ആണെങ്കില്‍ നിങ്ങള്‍ക്ക് സൈഡ് തരാതിരിക്കുക, തൊട്ടടുത്ത് വന്ന് ഹോണടിക്കുക, കയറ്റത്തിലും വളവിലുമെല്ലാം എതിരെ റോങ്ങ് വന്ന് നിങ്ങളെ ഭയപ്പെടുത്തുക ഇനി രാത്രിയിലാണെങ്കില്‍ എതിരേ വരുമ്പോള്‍ ലൈറ്റ് ഡിം ആക്കാതെ നിങ്ങളെ പരീക്ഷിക്കുക തുടങ്ങിയ വിനോദോപാധികള്‍ അവര്‍ അവതരിപ്പിക്കും. അങ്ങനെ പറയുവാണേ അതിനായോരു പോസ്റ്റിടണം. അതോണ്ട് തല്ലീട്ടും കാര്യമില്ല ഞങ്ങളു നന്നാവില്ലന്നെ
“തിരുവനന്തപുരത്ത് ഓട്ടോക്കാര്‍ക്ക് മാത്രമല്ല നാട്ടുകാര്‍ക്ക് മൊത്തം കൊമ്പാണ്“ ഓട്ടോക്കാരെ പറഞ്ഞതു സമ്മതിച്ചു തരാം. പക്ഷെ നാട്ടുകാരെ മൊത്തത്തില്‍ അടച്ചാക്ഷേപിക്കരുത്.
തിരുവനന്തപുരത്തു വന്നു വേലത്തരങ്ങള്‍ കൂടുതലും കാട്ടുന്നത് മറ്റുള്ള നാട്ടുകാരാണെ.
ഞാന്‍ അവരെ ആരെയും കുറ്റം പറയുന്നതല്ല,
തിരുവനന്തപുരത്തു ഏറ്റവും കൂടുതലുള്ളത് തിരുവനന്തപുരത്തുകാരല്ല എന്ന വസ്തുത കൂടി മനസ്സിലാക്കി വേണം കാര്യങ്ങള്‍ പറയാന്‍.
മിക്കവാറുമെല്ലാ സര്‍ക്കാരോഫീസുകളും തിരുവനന്തപുരത്തായതിനാല്‍ എല്ലാ ജില്ലക്കാരും ഇവിടെയുണ്ട്.ആരെന്തു കാണിച്ചാലും എല്ലാം തിരുവനന്തപുരത്തുകാരുടെ തലയില്‍ കൊണ്ടു വന്നു ചുമത്തരുത്.
പഴിയെല്ലാം പാവം തിരുവനന്തപുരത്തുകാര്‍ക്കൊ?. ഒരു കാര്യവും ചുമ്മാ അങ്ങു പെരുപ്പിച്ചു കാട്ടരുത്, എന്തെങ്കിലും പറയാന്‍ വേണ്ടി ഒന്നും പറയുകയും ചെയ്യരുത്!!!
കാര്‍വര്‍ണ്ണത്തിനാണ് മുകളില്‍ പറഞ്ഞ മറുപടി...
ഒരു തിരുവനന്തപുരത്തുകാരനെന്നനിലയില്‍ ഞാന്‍ അപമാനിതനാകുന്നില്ല;കാരണം ഞാനവിടെ ഓട്ടോറിക്ഷക്കാരനല്ല!
നല്ലതും ചീത്തയും എല്ലാദിക്കിലുമുണ്ട്!ഓട്ടോക്കാരുടെ മര്യാദക്കാര്യത്തിലുള്ള ഇത്തരം ‘റേറ്റിങ്ങുകള്‍’കേരളത്തില്‍ ഓട്ടോ ഓടിത്തുടങ്ങിയകാലം മുതല്‍ കേള്‍ക്കുന്നുണ്ട്!കോഴിക്കോട്ട് ഒരുള്‍നാട്ടിലെ സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോള്‍ ഒരേ ഓട്ടോയില്‍ ഞങ്ങള്‍ 9 പേര്‍ ഞെരുങ്ങിയിരുന്നത് നന്ദിയോടെ സ്മരിക്കുന്നു!
ഇത്തവണ നാട്ടില്‍(ഡിസ.’07)പോയപ്പോള്‍ ഇതേ ദുരനുഭവങ്ങള്‍ തിരുവനന്തപുരത്ത് എനിക്കുമുണ്ടായി!!
തമ്പാനൂരിലെ ഒരു ഓട്ടോക്കാരനോട് റേറ്റ് ചോദിച്ച് കൂടുതലാണെന്ന് കണ്ട് അടുത്ത ഓട്ടോക്കാരനോട് ചോദിക്കാന്‍ നടക്കുമ്പോള്‍ രണ്ടാമനോട് ഒന്നാമന്‍ വിളിച്ചുപറയുന്നു...അളിയാ ഞാന്‍ 50 പറഞ്ഞിറ്റൊണ്ടെ..!!
അവിടുത്തെ ഓട്ടോക്കാരില്‍ 90% രാഷ്ടീയസ്വാധീനമുള്ള ഗുണ്ടകളും ശിങ്കിടികളുമാണെന്നതാണ് വസ്തുത.മിച്ചമുള്ള 10%ന്റെ മഹത്സേവങ്ങളും മഹാമനസ്സും ഈ കാളകൂടം വീണ് കറുത്തുപോകുന്നു!
മറ്റുദേശങ്ങളിലെല്ലാം നല്ലപിള്ളാരല്ലെന്ന് ഹരീ പറഞ്ഞതാണൊരു സമാധാനം.
എറണാകുളത്ത് സൌത്ത് റയില്‍വേ സ്റ്റേഷനുമുന്നിലെ പോലീസ് നിയന്ത്രിത ‘പ്രീ പെയ്ഡ്’ ഓട്ടോറിക്ഷാ സ്റ്റാന്റില്‍ വച്ച് കണ്ട ഒരു രംഗം സ്മരിക്കുന്നു.
“ഒരു പയ്യനും അമ്മൂമ്മയും ഇടപ്പള്ളിയിലേക്ക് പോകാനായി ക്യൂവില്‍ നില്‍ക്കുന്നു.ഔട്ട് പോസ്റ്റിലെ പോലീസുകാര്‍ നോക്കിനില്‍ക്കേ ഒരു ഓട്ടോക്കാരന്‍ വന്ന് ആ പയ്യനോട് അയാളുടെ വണ്ടിയില്‍ കയറാന്‍ പറയുന്നു.താല്പര്യമില്ലാതെ ക്യൂവില്‍ തുടര്‍ന്നപയ്യനെ ഉടന്‍ തന്നെ അയാള്‍ വലിച്ച് വെളിയിലിട്ട് മര്‍ദ്ദിക്കുമ്പോള്‍ ആ വൃദ്ധയും ഞാനടക്കമുള്ള പൌരാവലിയും നീതിപാലകരും നോക്കുകുത്തികളായി നില്‍ക്കുന്നു!!കരളലിയിപ്പിക്കുന്ന ആ വൃദ്ധയുടെ നിലവിളിക്കുമുന്നില്‍ കുറ്റബോധത്തോടെ കുമ്പിട്ട് നില്‍ക്കുകയല്ലാതെ സൂപ്പര്‍മാനല്ലാത്ത എനിക്ക് നിവര്‍ത്തിയില്ലായിരുന്നു.
ഒരിക്കല്‍ കോഴിക്കോട് ഔട്ടൊക്കരു വലിയ പ്രഷ്നക്കരു അയിരുന്നൂ എന്നും
പുലിക്കൊടന്‍ എന്ന പൊലിസ് ഒഫ്ഫിസെര്‍ അന്നു ഇതു മട്ടിയതെന്നു കെട്ടിട്ടുട്ട്. ( അടിയന്തരാവസ്തക്കാലം)
Joji
ചാത്തനേറ്: തിരുവനന്തപുരത്തൂന്ന് എന്തിനാ ഓട്ടോയിലു കയറുന്നത്? സിറ്റിബസ്സുകള്‍ എത്ര എണ്ണമുണ്ട്.. ഞാനാകെ നാട്ടിലേക്കുവരാന്‍ കെട്ടും മുട്ടും എടുത്ത് വരുന്ന സന്ദര്‍ഭങ്ങളിലേ ഓട്ടോയില്‍ കയറാറുള്ളൂ, പിന്നെ സിനിമ കഴിഞ്ഞ് വരുമ്പോള്‍ പ്രീപെയ്ഡ് ഓട്ടോലും. അല്ലാത്തപ്പോള്‍ ബസ്സ് തന്നെ ധാരാളം.
ഹരീ പറഞ്ഞതിനോട് കൂടുതലും യോജിയ്ക്കുന്നു
അതൊക്കെ കൊച്ചീലെ ഓട്ടോക്കാരു...
അവരെക്കൊണ്ട് ഒരു പ്രശ്നോമില്ലല്ലോ...
[വിളിച്ചാല്‍ ഓട്ടം പോയാലല്ലേ പ്രശ്നമുള്ളൂ]
തന്നെ, ഇത്രയും മര്യാദയില്ലാത്ത ഓട്ടോക്കരെ ഞാന്‍ വേറെ എവിടെയും കണ്ടിട്ടില്ല.
നോക്കൂ എനിക്കെന്തെങ്കിലും പറയാന്‍ വേണ്ടി പറഞ്ഞതല്ല. എന്റെ അനുഭവം പറഞ്ഞതാണ്.എല്ലാരും എന്നു പറഞ്ഞാല്‍ 100 ല്‍ 100 എന്നല്ലല്ലോ ഉദ്ദേശിക്കുന്നത് ഭൂരിഭാഗം എന്നു മാത്രമല്ലേ. ഞാനും ഒരു തിരുവനന്തപുരത്തുകാരി തന്നെയല്ലേ. ഞാന്‍ പറഞ്ഞതില്‍ ഒട്ടും തന്നെ സത്യമില്ല എന്നാണോ.
മറുപടി വഴിപോക്കന്
സര്‍പ്പഗന്ധി ക്ഷമിക്കൂ
സാന്‍ഡോ കൊച്ചീലെ ഒരു ഓട്ടോയില്‍ ഇരുന്ന് നീ പറഞ്ഞ “തേങ്ങേണ്... ” ഞാനിപ്പോഴും ഓര്‍ക്കുന്നു. അയാളെപ്പറ്റി രണ്ട് നല്ല വാക്ക് എഴുതിയേ. എന്തായാലും നിനക്ക് നല്ല മാച്ചായിരുന്നു. നട്ടുച്ചയ്ക്കും ആ ആമ്പല്‍ചേട്ടന്‍!!!!!
മൈന പറഞ്ഞത് ശരിവയ്ക്കുന്നു. വഴി അറിയാമെങ്കില്‍ മീറ്റര്‍ ചാര്‍ജ്ജേ തരികയുള്ളൂ എന്ന് ആദ്യമേ സമ്മതിച്ച ശേഷം മീറ്റര്‍ ഇടാന്‍ ആവശ്യപ്പെടണം. വഴി അറിയാത്ത അവസ്ഥയില്‍ ഇത് നഷ്ടമായിത്തീരും.
minaji,
thiruvananthapuramkar ethra bhedam ,chennaikarumayi tharathammyam cheyyumbol.ivareyellam calicutil trainingn ayakkendathannu.
എന്റെ അഭിപ്രയത്തില്‍ കേരളത്തിലെ ഓട്ടോക്കാരേക്കാളും കഴുത്തറപ്പന്മാറ് bangaloreഇലുള്ളവറ് ആണു....
കേരളത്തിലെ Driverമാറ് ഇരട്ടി charge ആണു ഈടാക്കാറുള്ളതെങ്കില്‍ ഇവിടെ അതു മൂന്നു മടങ്ങോളം ആണു... അവരെ ഈ ചൂഷണത്തിനു പ്രോത്സാഹിപ്പിക്കുന്നതു ഇവിടെ ഉള്ള IT comapanyകളില്‍ work ചെയ്യുന്ന North Indiansഉം (ഒരു പരിധി വരെ..)...ഞാനും ഈ കൂട്ടത്തില്‍ പെടുന്നവന്‍ ആണേ....
ഇവിടുത്തെ മിനിമം ചാര്‍ജ്ജ് 12 രൂപ ആണു...(അല്ല ആയിരുന്നു.. ഇപ്പോ അതു 14 ആക്കി)
കിലോമീറ്ററിനു 6 രൂപയും (7 ആണു പുതുക്കിയ നിരക്കു പ്രകാരം)...
എന്റെ ഒരു അനുഭവം പറയാം...
ഒരു ദിവസം നട്ടുച്ച സമയത്തു എനിക്കു എന്റെ താമസ സ്ഥലത്തു നിന്നും electronic city എന്ന സ്ഥലം വരെ ഓട്ടോയില്‍ പോകേണ്ടതായി വന്നു..
മീറ്ററില്‍ 60 രൂപ വരെ ആകാവുന്ന യാത്രയ്ക്കു അയാള്‍ എന്നോടു 100 രൂപയാണു ചോദിച്ചതു....എന്റെ കൂടെ ഉള്ള സുഹ്രുത്തിന്റെ മുന്‍പില്‍ വച്ചു അയാളോടു തറ്‌ക്കിക്കാന്‍ കഴിയാതിരുന്നതു കൊണ്ടു ഞാന്‍ അയാളുടെ demand അംഗീകരിച്ചു...electronic city എത്തിയ അയാള്‍ക്കു ഉടന്‍ തന്നെ വേറെ ഒരു യാത്രക്കാരനെ കിട്ടി...ഞാന്‍ വന്ന ഭാഗത്തെക്കു തന്നെ ആയിരുന്നു അയാള്‍ക്കു പോകേണ്ടിയിരുന്നതു (പകുതി ദൂരം മാത്രം)... അയാളുടെ ID-card, സംസാരം തുടങ്ങിയവ അയാള്‍ infosys ഇല്‍ ജോലി ചെയ്യുന്ന north indian ആണെന്നു കാണിച്ചു തന്നു...100 രൂപ വേണം എന്നു പറഞ്ഞ ഓട്ടോക്കാരനോടു മറുത്തൊന്നും പറയാതെ അയാള്‍ യാത്രയ്ക്കു സമ്മതിച്ചു...
വെറും 30 രൂപ മാത്രം ആകുന്ന യാത്രയ്ക്കു 100 രൂപ കൊടുക്കാന്‍ തയ്യാറാകുന്ന നമ്മള്‍ തന്നെയാണു ഇവറ്ക്കു വളം വച്ചു കൊടുക്കുന്നതു....
ഈയടുത്താണു ഇവിടെ ഓട്ടോ ചാര്‍ജ്ജ് കൂട്ടിയതു..
ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു 2 ആഴ്ച മുന്‍പു തന്നെ ഇവിടുള്ള ഓട്ടോക്കാറ് മിനിമം ചാര്‍ജ്ജ് 20 രൂപ ആണെന്നു തര്‍ക്കിക്കാന്‍ തുടങ്ങിയിരുന്നു....
വെറും 2 കിലോമീറ്ററിനായിരുന്നു 20 roopa ആവശ്യപ്പെടാറു...
ഒരിക്കല്‍ അറിയാവുന്ന കന്നഡയില്‍ ഞാന്‍ ഒരു ഓട്ടോക്കാരനോടു ചോദിച്ചതില്‍ നിന്നും എനിക്കു മനസ്സിലായതു കിലോമീറ്ററിനു വെറും 1രൂപ 50 പൈസ മാത്രമാണു ഇവറ്ക്കു വരുന്ന ഇന്ധനച്ചിലവു..
bangalore പോലുള്ള ഒരു നഗരത്തില്‍ ഒരു ഓട്ടോ ഒരു ദിവസം എത്ര ദൂരം താണ്ടൂം എന്നതു ആര്ക്കും കണക്കു കൂട്ടാവുന്നതെ ഉള്ളൂ...
ഏവരുടെയും കണ്ണു ലാഭത്തില്‍ ആണല്ലോ...
well this is nice, i am reading a story after a long time, but its coooling........sreekanth Ravindran
മാന്യതയില്ലാത്തവന്മാര്‍.....
ഇതിലും ഭേദം പിടിച്ചു പറിക്കാന്‍ പോകുന്നതാ..
എല്ലാവരും കൂടെ പാവം ഓട്ടോകാരന്റെ പള്ളക്കടിച്ചോളൂ.
ഓ ടോ---
അവസരം കിട്ടിയാല്‍ എല്ലാവരും ഈങ്ങനെയൊക്കെ തന്നെയാണ്.എയര്‍ ഇന്ത്യയുടെ കാര്യം നോക്കൂ.പാവം പ്രവാസികളെ പിഴിയലാണ് അവര്‍ക്ക് ജോലി.സീസണായാല്‍ പിന്നെ യഥാര്‍ത്ത ചാര്‍ജിന്റെ മൂന്നിരട്ടിയാണ് ചാര്‍ജ്ജ്.അതിന് പല കാരണങ്ങളും പറഞ്ഞ് തുളസീദാസിനെ പോലുള്ള ഡാഷ് മക്കളുമുണ്ട്.അനുഭവിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതതരാണ് അല്ലാതെന്തു ചെയ്യും.
-------------
പിന്നെ കോഴിക്കോട്ടേ ഓട്ടോകാര്‍ അവര്‍ പരമ്പരാകതമായി നല്ലവരാണല്ലോ.പിന്നെ ഓട്ടോകാരും എങ്ങനെ മോശമാവും. (ഞാന്‍ ഒരു കോഴിക്കോട്ടുകാരനാണേ!!!)
Post a Comment