Monday, December 10, 2007

ഈറ്റകൊണ്ടൊരു നക്ഷത്രം

എത്രയെത്ര വര്‍ണ്ണങ്ങളിലും രൂപത്തിലുമാണ്‌ ഇന്ന്‌ നക്ഷത്രങ്ങള്‍. കൂടെ വൈദ്യുത ബള്‍ബിള്‍ മിന്നുകയുംകെടുകയും ചെയ്യുന്ന കുസൃതികളും.

‌ വൈദ്യുതി വെളിച്ചം എന്തെന്ന്‌ ഞങ്ങളുടെ നാടിനറിയില്ലായിരുന്നു. ഇടുക്കിയില്‍ നിന്ന്‌ വൈദ്യുതി മറ്റിടങ്ങളിലേക്ക്‌ പോയിരുന്നു എങ്കിലും ഇടുക്കിയുടെ പല പ്രദേശങ്ങളിലും വൈദ്യുതി അടുത്ത കാലത്താണ്‌ എത്തി തുടങ്ങിയത്‌. ഇപ്പോഴും വൈദ്യുതിയില്ലാത്ത പ്രദേശങ്ങളുണ്ടു താനും.
കുട്ടിക്കാലത്ത്‌ ഞാന്‍ കണ്ട നക്ഷത്രങ്ങളെല്ലാം ഈറ്റ ഉപയോഗിച്ച്‌ നിര്‍മിച്ചതായിരുന്നു. നാലാംക്ലാസില്‍ പഠിക്കുമ്പോഴാണ്‌. ഞങ്ങള്‍ക്കും ഒരു നക്ഷത്രമുണ്ടാക്കണമെന്നു തോന്നി. അസംസ്‌കൃത വസ്‌തുക്കളെല്ലാം സംഘടിപ്പിച്ചു. ഈറ്റയും കുറച്ചു പശയും വര്‍ണ്ണക്കടലാസുമാണ്‌ ആവശ്യം. ഞങ്ങളുടെ പറമ്പു കഴിഞ്ഞ്‌ പാറകേറി അപ്പുറത്തെത്തിയാല്‍ ഈറ്റക്കാടാണ്‌. അവിടെ നിന്നും ഈറ്റ വെട്ടിയെടുത്തു. സ്‌കൂളിനടുത്തുള്ള കടയില്‍നിന്ന്‌ വര്‍ണ്ണ കടലാസു വാങ്ങി. പശയ്‌ക്ക്‌ മൈദ കലക്കി. ഈറ്റക്കോലുകളുടെ അറ്റങ്ങള്‍ കൂട്ടികെട്ടാന്‍ വാഴ വള്ളി നനച്ചെടുത്തു.

അങ്ങനെ അനിയത്തിമാരുടെ ചെറിയച്ഛന്റെ മക്കളുടെ സാന്നിധ്യത്തില്‍ നക്ഷത്രം പൂര്‍ത്തിയായി.
അടുത്തത്‌ എവിടെ തൂക്കുമെന്നതാണ്‌. ആദ്യം പുറത്ത്‌ തൂക്കിയടാം എന്നു തീരുമാനിച്ചു. പിന്നീടാണ്‌ തീരുമാനം ഇറയത്ത്‌ തൂക്കാമെന്നാക്കിയത്‌.

ഇറയത്തെ വാരിയില്‍ രണ്ടു ദിവസം നക്ഷത്രം തൂങ്ങി. പക്ഷേ, തൃപ്‌തി പോര. അന്ന്‌ പുല്ലുമേഞ്ഞ വീടാണ്‌. ആരാണു പറഞ്ഞതെന്ന്‌ ഓര്‍മയില്ല. കറണ്ടില്ലാത്തതുകൊണ്ട്‌ ബള്‍ബിടാന്‍ കഴിയില്ല. പക്ഷേ മെഴുകു തിരി കത്തിച്ചു വെയ്‌ക്കാം.
നക്ഷത്രത്തിന്റെ വര്‍ണ്ണക്കടലാസ്‌ വീണ്ടും ഇളക്കി. അഞ്ചു വാലുകളില്‍ താഴോട്ട്‌ നിന്ന വാലിനു സമാന്തരമായി ഒരു കട്ടിക്കടലാസ്‌ മടക്കിയൊട്ടിച്ച്‌ മെഴുകി തിരി വെച്ചു. നേരം ഇരുട്ടിയപ്പോള്‍ ഞങ്ങള്‍ മെഴുകുതിരി തെളിച്ചു.
ഹായ്‌...നാലു വാലുകളില്‍ വെളിച്ചമെത്തുന്നുണ്ട്‌. താഴോട്ടുള്ള വാലില്‍ വെളിച്ചമില്ല. കാറ്റത്ത്‌ നക്ഷത്രം മെല്ലെയാടുന്നു. ഞങ്ങളങ്ങനെ നോക്കിയിരുന്നു. ഞങ്ങള്‍ അഞ്ചുപേരും തിരിഞ്ഞും മറിഞ്ഞും മുററത്തിറങ്ങി പല കോണില്‍നിന്നു കൊണ്ട്‌ ആസ്വദിച്ചു.
പെട്ടെന്നാണ്‌ നക്ഷത്രത്തിന്‌ കത്തു പിടിച്ചത്‌. പുല്ലുമേഞ്ഞ ഇറയത്തേക്ക്‌ പടരാന്‍ അധികം താമസമില്ല. ഞങ്ങള്‍ അഞ്ചുപേരും സ്‌തംഭിച്ചു നിന്നു. മിണ്ടാന്‍ പോലും ആര്‍ക്കുമാകുന്നില്ല.
എങ്ങനെയെന്നറിയില്ല. നക്ഷത്രത്തിന്റെ കത്തല്‍നിന്നു. കടലാസു മുഴുവന്‍ കത്തിപ്പോയിരുന്നു. പച്ച ഈറ്റക്കോലായതുകൊണ്ടാവണം കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാവാതിരുന്നത്‌.

പക്ഷേ, ഞങ്ങള്‍ വിടാന്‍ ഭാവമില്ലായിരുന്നു. പിറ്റേന്ന്‌ വീണ്ടും വര്‍ണ്ണക്കടലാസൊട്ടിച്ച്‌ നക്ഷത്രം മുറ്റത്തേക്കു ചാഞ്ഞുനിന്ന കശുമാവിന്റെ കൊമ്പില്‍ തൂക്കി. രാത്രി തലേന്ന്‌ ചെയ്‌ത പോലെ മെഴുകുതിരി തെളിച്ചു.

കശുമാവിന്‍ കൊമ്പില്‍ വെളിച്ചംവിതറി, കാറ്റില്‍ മെല്ലെയാടി ആടി.....
അന്നും കുറേ നേരം ഞങ്ങള്‍ നോക്കി നിന്നു. പിന്നെ മുത്തശ്ശി അത്താഴത്തിനു വിളിച്ചപ്പോള്‍ അകത്തേക്കു പോയി. ചോറുണ്ട്‌ കൈ കഴുകി ഇറയത്തു വന്നപ്പോള്‍ ഇലകളെല്ലാം കൊഴിഞ്ഞ്‌ പുതിയ നാമ്പുകള്‍ തളിര്‍ത്തു തുടങ്ങിയ കശുമാവില്‍ ഞങ്ങള്‍ തൂക്കിയ നക്ഷത്രമില്ല. മെഴുകുതിരി വെട്ടവുമില്ല.
വീണിതല്ലോ കിടക്കുന്നു ധരണിയില്‍.......
കരിഞ്ഞ ഈറ്റക്കമ്പകള്‍ക്കൊപ്പം ഒരു പിടിചാരം.

പിന്നീട്‌ പതിനൊന്നു വര്‍ഷത്തിനു ശേഷം ഞാന്‍ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോഴാണ്‌ കടയില്‍ നിന്ന്‌ ഒരു വെള്ള നക്ഷത്രം വാങ്ങിയതും സണ്‍ഷേഡിലെ കൊളുത്തില്‍ ബള്‍ബിട്ട്‌ പ്രകാശിപ്പിച്ചതും.

7 comments:

Myna said...

ഇറയത്തെ വാരിയില്‍ രണ്ടു ദിവസം നക്ഷത്രം തൂങ്ങി. പക്ഷേ, തൃപ്‌തി പോര. അന്ന്‌ പുല്ലുമേഞ്ഞ വീടാണ്‌. ആരാണു പറഞ്ഞതെന്ന്‌ ഓര്‍മയില്ല. കറണ്ടില്ലാത്തതുകൊണ്ട്‌ ബള്‍ബിടാന്‍ കഴിയില്ല. പക്ഷേ മെഴുകു തിരി കത്തിച്ചു വെയ്‌ക്കാം.
നക്ഷത്രത്തിന്റെ വര്‍ണ്ണക്കടലാസ്‌ വീണ്ടും ഇളക്കി. അഞ്ചു വാലുകളില്‍ താഴോട്ട്‌ നിന്ന വാലിനു സമാന്തരമായി ഒരു കട്ടിക്കടലാസ്‌ മടക്കിയൊട്ടിച്ച്‌ മെഴുകി തിരി വെച്ചു. നേരം ഇരുട്ടിയപ്പോള്‍ ഞങ്ങള്‍ മെഴുകുതിരി തെളിച്ചു.
ഹായ്‌...നാലു വാലുകളില്‍ വെളിച്ചമെത്തുന്നുണ്ട്‌. താഴോട്ടുള്ള വാലില്‍ വെളിച്ചമില്ല. കാറ്റത്ത്‌ നക്ഷത്രം മെല്ലെയാടുന്നു. ഞങ്ങളങ്ങനെ നോക്കിയിരുന്നു. ഞങ്ങള്‍ അഞ്ചുപേരും തിരിഞ്ഞും മറിഞ്ഞും മുററത്തിറങ്ങി പല കോണില്‍നിന്നു കൊണ്ട്‌ ആസ്വദിച്ചു.
പെട്ടെന്നാണ്‌ നക്ഷത്രത്തിന്‌ കത്തു പിടിച്ചത്‌

കണ്ണൂരാന്‍ - KANNURAN said...

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം...

ഏ.ആര്‍. നജീം said...

ഓര്‍ക്കാന്‍ സുഖമുള്ളവ...
ആശംസകള്‍

ആഷ | Asha said...

മെഴുകുതിരിക്കു പകരം മണ്ണെണ്ണവിളക്കും കത്തിച്ചു വെയ്ക്കാറുണ്ടായിരുന്നുവെന്നു തോന്നുന്നു.
:)

മൂര്‍ത്തി said...

പട്ടമുണ്ടാക്കുന്നതും പണ്ട് നല്ല രസമുള്ള കാര്യമായിരുന്നു..

അപ്പു ആദ്യാക്ഷരി said...

നല്ല ഓര്‍മ്മകള്‍! കുളിരുള്ള ഓര്‍മ്മകള്‍, അല്ലേ!

Sathees Makkoth | Asha Revamma said...

നല്ല ഓര്‍മ്മകള്‍! കുട്ടിക്കാലത്ത് ഞാനും ഇതുപോലെ നക്ഷത്രങ്ങളുണ്ടാക്കിയിട്ടുണ്ട്. മെഴുകുതിരിക്ക് പകരം മണ്ണെണ്ണ വിളക്കായിരുന്നു ഉപയോഗിച്ചിരുന്നത്.