Sunday, January 22, 2012

മഴക്കാലത്തെ നീന്തല്‍ കൂട്ടുകാരി



ശക്തിയായ ഒഴുക്കില്‍ നീന്താനുള്ള ധൈര്യം തന്നത് സിന്ധുചേച്ചിയായിരുന്നു.  അത് കുട്ടിക്കാലത്തായിരുന്നു. ഒരുപക്ഷേ, കുറച്ചു മുതിര്‍ന്നപ്പോള്‍ ജീവിതമെന്ന ഒഴുക്ക് കണ്ട് അമ്പരന്നു നില്ക്കാതെ ഒന്നു നീന്തി നോക്കാം എന്ന് ചിന്തിപ്പിച്ചതിനു പിന്നിലും സിന്ധുചേച്ചിയുടെ ധൈര്യം പകരലാവാം.  ഒരു കായികവിനോദം പഠിക്കുന്നത് ചുമ്മാതല്ലെന്നും അത് മനസ്സിനെക്കൂടി ശക്തിപ്പെടുത്തുന്നുവെന്നതും മറ്റൊരു കാര്യം.

ഞങ്ങള്‍ തൊട്ടയല്‍വാസികളായിരുന്നിട്ടും കാണുന്നത് അപൂര്‍വ്വമായിരുന്നു.  തിരുവനന്തപുരം ജി വി രാജയിലും തൃശൂരുമൊക്കെ പഠിക്കാനായി പോയിരുന്നതുകൊണ്ട് അവധിക്കാലത്തായിരുന്നു സിന്ധുചേച്ചി വീട്ടിലേക്കു വന്നിരുന്നത്.  അതില്‍ മധ്യവേനലവധിക്കാലം ആറ്റില്‍ വെള്ളം കുറവായതുകൊണ്ട് നീന്താന്‍ സാധ്യമല്ലായിരുന്നു.  അല്ലെങ്കില്‍ ആറ്റില്‍ കുളിക്കാന്‍ വരുന്ന പെണ്ണുങ്ങള്‍  ആട്ടിയോടിച്ചു.
വെള്ളം കലക്കാതെ കൊച്ചേ...എന്നു പറഞ്ഞുകൊണ്ട്...
സിന്ധുചേച്ചി കുറച്ചു മുതിര്‍ന്നതായിരുന്നതുകൊണ്ട് അവരുടെ ചീത്ത കേള്‍ക്കാതിരിക്കാനായിട്ട് വെള്ളം കുറവുള്ളപ്പോള്‍ ഇറങ്ങിയതേയില്ല. അന്ന് എന്റെ കളികള്‍ സമപ്രായക്കാരോടൊപ്പമായിരുന്നു.  അതുകൊണ്ടാവണം സിന്ധുചേച്ചി നീന്തലില്‍ മാത്രം സുഹൃത്തായത്.

അവരെന്റെ മഴക്കാലത്തെ നീന്തല്‍ കൂട്ടുകാരിയായിരുന്നു.

മഴയില്‍, ആറ്റില്‍ മലവെള്ളം കുത്തിയൊഴുകും.  കരയേയും പാറകളേയും മൂടിക്കളയും.  അപ്പോള്‍ ഞങ്ങള്‍ കുറച്ചു മുകളില്‍ നിന്ന് താഴോട്ടേക്ക് ഒഴുക്കിലൂടെ നീന്തും.  ഒഴുക്കില്‍ വെറുതെ കിടന്നാല്‍ മതി.  താളത്തിനൊപ്പിച്ച് ഉയര്‍ന്നും താഴ്ന്നും അങ്ങു പൊയ്‌ക്കോളും.  പക്ഷേ, സുരക്ഷിതമെന്നു തോന്നുന്നിടത്ത് വെച്ച് മുറിച്ചു നീന്തി കര പറ്റണം. അതിലേ  ശ്രദ്ധ വേണ്ടൂ.
ഒരോ ദിവസവും ഞങ്ങള്‍ കുറേ മുകളിലേക്കു പോകും.  എന്നിട്ട് താഴോട്ടേക്ക് ഒഴുകുകയാണ്.
ചിലപ്പോള്‍ പാറകളില്‍ തട്ടിയുള്ള വെള്ളത്തിന്റെ ശക്തിയും ശബ്ദവും ഭയപ്പെടുത്തും. പക്ഷേ, കടലില്‍ നീന്തുന്ന സിന്ധുചേച്ചിയുള്ളപ്പോള്‍ ഇത്തിരിപ്പോന്ന ആറ്റൊഴിക്കിനെ പേടിക്കാനുണ്ടോ എന്ന്  തോന്നലായിരുന്നു.  ആ തോന്നല്‍ ശരിയായിരിക്കാന്‍ ഒരു കാരണവുമുണ്ടായി.

രാത്രി മുഴുവന്‍ മഴ പെയ്‌തൊരു ദിവസം കുറച്ചേറെ വെള്ളമുണ്ടായിരുന്നു.  വെള്ളം കണ്ടപ്പോള്‍ സിന്ധുചേച്ചിയും പരിഭ്രമിച്ചോ എന്നു സംശയം.  അസാമാന്യധൈര്യം...നീന്താന്‍ മറ്റൊരയല്‍വാസി ഉദയയുമുണ്ട്്.  അവരു രണ്ടുപേരുമാണ് ആദ്യം വെള്ളത്തിലേക്ക് ചാടിയത്.  സാധാരണ കരയിലേക്ക് കയറുന്നിടത്ത് ഒഴുക്കു കൂടുതലായിരുന്നു.  നീന്തി നോക്കിയിട്ടും കുറച്ചുകൂടി താഴോട്ടു ചെന്നേ കരപറ്റാനായുള്ളു.

അല്പം കൂടി താഴോട്ടു പോയാല്‍ പിന്നെ നോക്കണ്ട.  കല്ലുകളുടെ കൂട്ടമാണ്.  എത്ര അഭ്യാസിയായിരുന്നാലും അവിടുത്തെ ഒഴുക്കില്‍ രക്ഷപെടില്ലെന്ന് നിശ്ചയം.  ഒഴുക്കുമാത്രമല്ല കൈയ്യോ കാലോ തലയോ എവിടെച്ചെന്നിടിക്കുമെന്ന് പറയാനാവില്ല.  വെള്ളത്തിനാണെങ്കില്‍ അസ്ഥിമരയ്ക്കുന്ന തണുപ്പും.

തൊട്ടു പുറകേ വന്ന എനിക്കും പതിവു സ്ഥലത്ത് പിടുത്തം കിട്ടിയില്ല. പിന്നെയും പോയി കുറച്ചുകൂടി താഴോട്ട്..മുറിച്ചു നീന്തലില്‍  താഴോട്ടാണ് ബലം.  ഒരു പേര വെള്ളത്തിലേക്ക് ചാഞ്ഞുകിടപ്പുണ്ട്്്.   ആ പേരത്തുമ്പാണ് എന്റെ ലക്ഷ്യം. പേരത്തുമ്പ് എനിക്ക് കിട്ടില്ല എന്ന്  കൃത്യസമയത്ത് സിന്ധുചേച്ചി തിരിച്ചറിഞ്ഞുവെന്നു തോന്നുന്നു.  ശരിയായിരുന്നു ലക്ഷ്യത്തിനും കുറച്ചുകൂടി അപ്പുറത്താണ് ഞാന്‍.. പേരത്തുമ്പ് കിട്ടില്ലേ എന്ന തോന്നല്‍ വന്ന് പേടിപ്പെടുത്തും മുമ്പേ സിന്ധുചേച്ചിയുടെ കൈകള്‍ പേരിതുമ്പില്‍ നിന്നുമെത്തി.  എന്നിട്ടും എനിക്കല്പം എത്തിപ്പിടിക്കേണ്ടി വന്നു.  ആ പിടുത്തം മുറുക്കിയല്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ ഞങ്ങള്‍ രണ്ടുപേരും..അല്ലെങ്കില്‍ ഒരാളെങ്കിലും വാര്‍ത്തയായേനേ..

 ആ സിന്ധുചേച്ചി കോഴിക്കോടേക്ക്്് വിവാഹം കഴിഞ്ഞു വന്നു. വയനാട്ടിലെത്തിയ ഞാനും കോഴിക്കോടെത്തി.  ഞങ്ങള്‍ അത്ര ദൂരത്തല്ലായിരുന്നു.  എന്നിട്ടും കോഴിക്കോട് വെച്ച് കാണാനായതേയില്ല.  അവരുടെ വീടെവിടെയെന്ന് തപ്പിപ്പിടിച്ചു പോകാന്‍ കോഴിക്കോടിന്റെ ഭൂമിശാസ്ത്രം അത്ര വശമില്ലായിരുന്നതുകൊണ്ട്...  ഞാന്‍ കോഴിക്കോടാണെന്നറിഞ്ഞപ്പോള്‍ പക്ഷേ, സിന്ധുചേച്ചി ബാങ്കിലെ തിരക്കിലേക്ക് ഒരുദിവസം കയറി വന്നു.  കൂടുതല്‍ ംസാരിക്കാനോ ഫോണ്‍ നമ്പര്‍ പോലും കൈമാറാനോ പറ്റാത്ത അവസ്ഥയില്‍...
ഒരേ നഗരത്തില്‍ ജീവിച്ചിട്ട് വര്‍ഷങ്ങളോളം കാണാതിരുന്നു.  കാണുന്നതൊക്കെ ഇപ്പോഴും ആ പഴയ ആറ്റിലെ വെള്ളത്തില്‍ വെച്ചുതന്നെ എന്നത് യാദൃശ്ചികമോ എന്തോ?
മൂന്നുമാസം മുമ്പ് രണ്ടുദിവസം അവധിയെടുത്ത് വീട്ടില്‍ പോയപ്പോള്‍ ആറ്റില്‍ നീന്താന്‍ മോഹം.  ചെന്നപ്പോഴുണ്ട് സിന്ധുചേച്ചിയും മക്കളും.
മുമ്പ് വര്‍ഷത്തില്‍ ഒന്നോ രണ്ടോ വട്ടമായിരുന്നു നാട്ടിലേക്കു വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ ഒരു ദിവസം അവധി കിട്ടിയാലും മക്കളേയും കൊണ്ട് പോരുമെന്ന് പറഞ്ഞു.
തങ്ങള്‍ക്കു കിട്ടിയ അനുഗ്രഹമായ പുഴ അവര്‍ക്കു കൂടി പകര്‍ന്നു നല്കാന്‍...അവരെ നീന്തല്‍ പഠിപ്പിക്കാന്‍...അവരെയും നീന്തിക്കാന്‍..അവരും ഇപ്പോള്‍ നന്നായി നീന്തും. വെള്ളത്തിലിറങ്ങാന്‍ മടിച്ചു നിന്ന എന്റെ മകളെ അച്ചുവും കിച്ചുവും ധൈര്യത്തോടെ ഇപ്പോള്‍ വെള്ളത്തിലിറക്കുന്നു.  നീന്തിക്കാന്‍ ശ്രമിക്കുന്നു.

ഹോ! എന്തൊരാനന്ദമാണ്.

പെരുവെള്ളത്തിലങ്ങനെ നീന്തുന്നതും എങ്ങനെയൊക്കെയോ കരകയറുന്നതും ഇപ്പോഴും സ്വപ്‌നം കാണാറുണ്ട്.  ചിലപ്പോള്‍ സുഹൃത്തുക്കളുടെ വീടുകളിലേക്ക് പോകുന്ന വഴി മുഴുവന്‍ കായല്‍പ്പരപ്പുപോലെയാണെന്നും ആ പരപ്പിലൂടെ നീന്തി അവരുടെ വീടുകളിലേക്ക് പോകുന്നതും സ്വപ്‌നം കാണുന്നു.



ഇന്നലെ വൈകിട്ട് ഞങ്ങള്‍ വീണ്ടും കണ്ടു.  കോഴിക്കോട് വെച്ചു തന്നെ.  ഇത്തവണ കോണ്‍ക്രീറ്റുകാടുകള്‍ക്കിടയില്‍ നിന്ന് ആ വീട് കണ്ടുപിടിച്ചു ചെന്നു. പിന്നെ ബീച്ചില്‍ പോയിരുന്നു.

പേരാമ്പ്രക്കടുത്ത് കുറച്ച് സ്ഥലം വാങ്ങിയെന്നു പറഞ്ഞപ്പോള്‍ ഞാന്‍ അന്തം വിട്ടു.  സ്വാഭാവികമായും അത്രദൂരെയോ എന്നു ചോദിച്ചു പോകും..
'നിക്കു മടുത്തു മൈനാ..ഈ നഗരജീവിതം...ഈ തിരക്കിലെ ജീവിതം. റിട്ടയര്‍ ആവുമ്പോഴെങ്കിലും കാറ്റും വെളിച്ചവുമുള്ളൊരിടമാവണം...
നമ്മുടെ ആറില്ലെന്നേയുള്ളു അവിടെ..എന്നാലും ...'
എന്റെ നെഞ്ചില്‍ അപ്പോള്‍ വല്ലാത്ത ഭാരം വിങ്ങല്‍....

കാടും ആറും മലയും പാറകളും ഒക്കെച്ചേര്‍ന്നു കിട്ടിയ സ്വര്‍ഗ്ഗത്തില്‍ നിന്നാണല്ലോ .....
ആണ്ടില്‍ ഒന്നോ രണ്ടോ വട്ടം അല്ലെങ്കില്‍ കുറച്ചു കൂടി പ്രവശ്യം പോകാമെന്നല്ലാതെ ഒരുപക്ഷേ, എന്നെന്നേക്കുമായി ആ സൗഭാഗ്യങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നുവല്ലോ...

ഇവിടെ കിട്ടുന്ന മറ്റു സൗഭാഗ്യങ്ങളെ മറന്നുകൊണ്ടല്ല..എന്നാലും നാടിനെ ഓര്‍ക്കുമ്പോള്‍ എന്തോ എന്തൊക്കെയോ...

ഞങ്ങള്‍ സംസാരിച്ചത് അധികവും ഞങ്ങളുടെ പാറ, ഞങ്ങളുടെ ആറ്,  ഞങ്ങളുടെ വെള്ളം,     ഞങ്ങളുടെ നീന്തല്‍...
എ്ല്ലാം ഞങ്ങളുടെ മാത്രം...

ദാ...
തോരാത്ത മഴയില്‍  പരസ്പരം കൈകോര്‍ത്ത് ഒഴുക്കിലൂടെ നീന്തുകയാണ് ഞങ്ങളിപ്പോള്‍ എന്നു തോന്നുന്നു

Wednesday, January 11, 2012

നുജൂദും നമ്മുടെ പെണ്‍കുഞ്ഞുങ്ങളും

പൂങ്കുടിമനയില്‍ വെച്ച് നടന്ന മാനസീകാരോഗ്യ സെമിനാറില്‍ പങ്കെടുത്തിറങ്ങുമ്പോഴാണ് ഒരു പറ്റം വിദ്യാര്‍ത്ഥിനികള്‍ അവരുടെ സംശയങ്ങളും ജിജ്ഞാസകളുമായി മുന്നിലെത്തിയത്. അതിലൊരാള്‍ മാത്രം ഒറ്റയ്ക്കു സംസാരിക്കണമെന്നാശ്യപ്പെട്ടപ്പോള്‍ ശരിക്കും അമ്പരന്നുപോയി. എന്തായിരിക്കും ഈ കുട്ടിക്കു ചോദിക്കാനുള്ളത് എന്നോര്‍ത്തുകൊണ്ട് കുറച്ചു മാറി നിന്നു.

പത്താംക്ലാസ്സുകാരിയായ അവള്‍ക്ക് വീട്ടില്‍ കല്ല്യാണമാലോചിക്കുന്നു. സ്‌കൂളിലെ ടീച്ചര്‍മാരും സഹപാഠികളും കുറച്ചുകൂടി കഴിഞ്ഞിട്ടു പോരെ എന്നു ചോദിക്കുന്നു.

ഇന്ത്യയില്‍ വിവാഹപ്രായം 18 ആണ്. നിനക്ക് 15 അല്ലേ, ആയിട്ടുള്ളു... എന്ന ചോദ്യത്തിന് പഠിച്ചിട്ടെന്തു ഗുണം എന്നാണ് അവള്‍ തിരിച്ചു ചോദിച്ചത്.

അവളുടെ ഉമ്മയും ചെറിയ ക്ലാസ്സുവരെയെ പഠിച്ചിട്ടുള്ളു. പഠിച്ചാല്‍ തന്നെ കുടുംബത്തിലെ ആണുങ്ങള്‍ ജോലിക്ക് വിടില്ല.
അവളത് പറയുമ്പോള്‍ വിവാഹത്തെ സ്വപ്‌നം കണ്ടു തുടങ്ങിയിരിക്കുന്നു എന്ന് തിളങ്ങുന്ന കണ്ണുകള്‍ പറഞ്ഞു.
പഠിക്കുന്നത് ജോലികിട്ടാന്‍ മാത്രമല്ല..ലോകത്തെ അറിയാനും നിന്റെ മക്കള്‍ക്കു തന്നെ നല്ല ദിശാബോധം നല്കാനുമാണെന്നൊക്കെ പറഞ്ഞു നോക്കി.

പക്ഷേ, ചെറുപ്രായത്തില്‍ വിവാഹം കഴിച്ചാല്‍ എന്താണ് കുഴപ്പം എന്ന മട്ടില്‍ തന്നെ അവള്‍ നിന്നു.
അവളുടെ മനസ്സില്‍ വിവാഹം മാത്രമേയുള്ളു എന്ന് വ്യക്തമായി കഴിഞ്ഞിരുന്നു. 

മലപ്പുറത്തെ അധ്യാപകരായ സുഹൃത്തുക്കള്‍ ഹൈസ്‌കൂള്‍ ക്ലാസ്സിലെ പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്കിനെ കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്.

ആരോഗ്യവകുപ്പില്‍ ജോലിനോക്കുന്ന അവിവാഹിതനായ 33 കാരന്‍ സുഹൃത്ത് പറയാറുണ്ട് അവന്റെ സഹപാഠികളില്‍ പലരും പേരക്കുട്ടികളുമായാണ് ആശുപത്രിയില്‍ വരുന്നതെന്ന്.

കുട്ടികള്‍ കുട്ടികളെ പ്രസവിക്കുന്ന കാലം...

കുട്ടിത്തം വിട്ടുമാറാത്ത ഇവര്‍ വിവാഹമെന്ന ആഘോഷത്തെയാണ് സ്വപ്‌നം കാണുന്നത്. അതിനപ്പുറമുള്ള ജീവിതത്തിന്റെ പരുക്കന്‍ വശം തിരിച്ചറിയുന്നേയില്ല. അല്ലെങ്കില്‍ അതിനുള്ള പ്രായമാകുന്നില്ല. 13 നും 17 നും ഇടയില്‍ വിവാഹം കഴിഞ്ഞ എത്രയോ പെണ്‍കുട്ടികളെ അറിയാം. അവരുടെ പ്രയാസങ്ങള്‍ നേരിട്ടു കണ്ടിട്ടുണ്ട്.

അടുത്തിടെ ഒരു വിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍ ബന്ധു തൊട്ടടുത്തിരുന്ന പതിനഞ്ചുകാരി പെണ്‍കുട്ടിയെ തൊട്ടു പറഞ്ഞു ഇവളുടെ വിവാഹമുറപ്പിച്ചുവെന്ന്. കേട്ടപ്പോള്‍ എനിക്കൊട്ടും സന്തോഷം തോന്നിയില്ല.

പൊന്നും പണവും ഒന്നും വേണ്ടെന്ന്, പറ്റുന്നത് തന്നാല്‍ മതിയെന്നു പറഞ്ഞപ്പോള്‍ വീട്ടുകാരുറപ്പിച്ചത്രേ..രണ്ടോ മൂന്നോ കൊല്ലം കാത്തിരുന്നാല്‍ ഇതേപോലൊരു ബന്ധം കിട്ടുമോ? എത്ര പൊന്നും പണവും നല്‍കേണ്ടി വരും?

ആ പെണ്‍കുട്ടിയുടെ മുഖത്തേക്ക് നോക്കിയിരിന്നപ്പോള്‍ അവള്‍ക്കും നൂജൂദിനും ഒരേ ഛായ.

നുജൂദ് ലോകത്തെ ഏറ്റവും പ്രായകുറഞ്ഞ വിവാഹമോചിതയാണ്. 10 വയസ്സ്. ആ യെമനി പെണ്‍കുട്ടിയെ 10 വയസ്സിലാണ് അവളുടെ അബ്ബ മൂന്നിരട്ടിപ്രായമുള്ളരൊള്‍ക്ക് നിക്കാഹ് ചെയ്തു കൊടുത്തത്. അവളാണെങ്കിലോ അന്ന് രണ്ടാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. കടല്‍ കണ്ടിട്ടില്ലെങ്കിലും അവള്‍ സ്വയം കടലാമയാണെന്ന് സങ്കല്പിച്ചു. അവളുടെ കൂട്ടുകാരി മലക് ഒരു കടല്‍കക്കകൊണ്ടുവന്ന് അവളുടെ ചെവിയിലേക്ക് ചേര്‍ത്തുവെച്ച് കടലിരമ്പം കേള്‍പ്പിച്ചുകൊടുത്തു. ഒരു പൂമ്പാറ്റയെപ്പോലെ പാറി നടക്കാന്‍ അവളാഗ്രഹിച്ചു. അവള്‍ക്ക് ഒളിച്ചു കളിക്കാനും ചോക്ലേറ്റു തിന്നാനും നിറങ്ങള്‍ ചാലിച്ച് ചിത്രം വരയ്ക്കാനും ഇഷ്ടമായിരുന്നു.




തുടര്‍ന്നു വായിക്കുക ഇവിടെ

Friday, January 6, 2012

വരൂ ..നമുക്കും മരുന്നു പരീക്ഷണങ്ങള്‍ നടത്താം


മിക്ക ആയൂര്‍വ്വേദ ഉത്പന്നങ്ങളുടെ കവറിനു മുകളിലും അവയില്‍ അടങ്ങിയിരിക്കുന്ന ഔഷധങ്ങളുടെ പേര് നല്‍കാറുണ്ട്.  അതു പലപ്പോഴും സംസ്‌കൃതത്തിലാവും.  അല്ലെങ്കില്‍ botanical name. കേരളത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന (നാടന്‍ വൈദ്യന്മാരടക്കം) മരുന്നുകള്‍ നാനാഭാഷകള്‍ സംസാരിക്കുന്ന ഇന്ത്യയെയാണോ കേരളത്തെയാണോ പ്രതിനിധീകരിക്കുന്നത്?  ഇന്ത്യയെ എന്നാണെങ്കില്‍ സംസ്‌കൃതനാമങ്ങളെ അംഗീകരിച്ചേ പറ്റൂ.  പക്ഷേ, ചില മരുന്നു പായ്ക്കറ്റിനകത്ത് വിവിധ ഭാഷകളില്‍ അവയുടെ ഉപയോഗക്രമവും അടങ്ങിയിരിക്കുന്ന ഔഷധങ്ങളുടെ പേരുകളും അളവും കൊടുക്കാറുണ്ട്.. എന്നാല്‍, അവിടെ ഉദാഹരണത്തിന് മലയാളത്തില്‍ സംസകൃതനാമങ്ങള്‍ കൊടുക്കുകയാണ് ചെയ്യാറ്.

ഏതൊക്കെ മരുന്നാണ് ചേര്‍ന്നിരിക്കുന്നത് എന്ന് പച്ച മലയാളത്തിലറിഞ്ഞാല്‍ അറിയുന്നവരെല്ലാം മരുന്നുകമ്പനികള്‍ തുടങ്ങുമെന്നാണോ?  അല്ലെങ്കില്‍ സ്വന്തമാവശ്യത്തിനെങ്കിലും ഉണ്ടാക്കുമെന്നാണോ?  ഇക്കാലത്ത് യഥാര്‍ത്ഥ പേര് (മലയാളം) അറിഞ്ഞാല്‍ എത്രപേര്‍ക്ക് ചുക്കേത് ചുണ്ണാമ്പേത് എന്നറിയുമോ?


മറ്റൊന്ന് ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ ഏതുപേരില്‍ അറിയപ്പെട്ടാലും പ്രാദേശികനാമം തിരിച്ചറിയാന്‍ നെറ്റിലൊന്ന് വീശുകയേ വേണ്ടൂ..

കഴിഞ്ഞ ദിവസം ശ്രദ്ധയില്‍പെട്ട രണ്ട് എണ്ണകളില്‍ അടങ്ങിയിരിക്കുന്ന ഔഷധങ്ങളും അവയുടെ വിലവിവരവും ചേര്‍ക്കുന്നു.

നീലിഭൃംഗാദി തൈലം 100 ml 53 രൂപ

ഔഷധങ്ങള്‍
കവറിനു പുറത്ത് ഔഷധനാമം ഇംഗ്ലീഷില്‍ എന്നാല്‍ സംസ്‌കൃതം
Neelidalam
bhringaraja
indravalli samoolam
Amalakiphalam
yashtimadhu
gunjabeejam
karpura
kerathailam
keraksheeram
ksheeram
mahishaksheeram


ഇവയൊന്ന് മലയാളത്തിലാക്കിയാലോ
നീലയമരിയില
കയ്യൂന്നി (കൈയ്യുണ്യം)
ഉഴിഞ്ഞ
നെല്ലിക്ക
ഇരട്ടിമധുരം
കുന്നിക്കുരു
കര്‍പ്പൂരം
വെളിച്ചെണ്ണ
തേങ്ങാപ്പാല്‍
പശുവിന്‍ പാല്‍
എരുമപ്പാല്‍


എവിടെയും പരസ്യത്തിന്റെ പ്രളയവുമായി നമ്മുടെ താരങ്ങളായ താരങ്ങളെല്ലാം അണിനിരക്കുന്ന ഇന്ദുലേഖ Bringha complete hair care oil
100 ml വില 423/-രൂപ

ഔഷധങ്ങള്‍
Nalikera
svetakutaja
Bringaraja
Amrita
Amalaki
Kaidarya
Yashti
kshiram
Nimba
Brahmi
Kerathailam
Karpura
kumari
Draksha

ഇവയൊന്ന് മലയാളീകരിക്കാം
തേങ്ങ
svetha kutaja എന്നാണോ svethagunja എന്നാണോ എന്നു സംശയമുണ്ട്.  svethagunja ആവാനാണ്്് സാധ്യത. കുടജ എന്നാല്‍ കുടകപ്പാലയും ഗുഞ്ജ എന്നാല്‍ കുന്നിയുമാണ്.  നീലിഭൃഗാദി തൈലത്തിലെ ഉള്ളടക്കം വെച്ചു നോക്കുമ്പോള്‍ വെള്ള കുന്നിക്കുരു ആകാനാണ് സാധ്യത
കയ്യൂന്നി
അമൃത്
നെല്ലിക്ക
കറിവേപ്പ്
ഇരട്ടിമധുരം
പശുവിന്‍പാല്‍
ആര്യവേപ്പ്
ബ്ര്്ഹ്മി
വെളിച്ചെണ്ണ
കര്‍പ്പൂരം
കറ്റാര്‍വാഴ
മുന്തിരി

423 രൂപയിലേക്കെത്തിച്ചത് ഇതില്‍ ഏത് ഔഷധമാണോ എന്തോ?
പരസ്യം, താരങ്ങള്‍ എന്നിവയ്ക്കല്ലേ 400 രൂപയും കൊടുത്തത്?

വേണമെങ്കില്‍ ഇവയുടെ അല്ലറചില്ലറ അളവുകളും നിര്‍മ്മാണരീതിയും അറിയുന്നവര്‍ക്ക് ഈ പരസ്യകമ്പനികളുടെ മരുന്നുണ്ടാക്കാം എന്നു സാരം