Wednesday, January 11, 2012

നുജൂദും നമ്മുടെ പെണ്‍കുഞ്ഞുങ്ങളും

പൂങ്കുടിമനയില്‍ വെച്ച് നടന്ന മാനസീകാരോഗ്യ സെമിനാറില്‍ പങ്കെടുത്തിറങ്ങുമ്പോഴാണ് ഒരു പറ്റം വിദ്യാര്‍ത്ഥിനികള്‍ അവരുടെ സംശയങ്ങളും ജിജ്ഞാസകളുമായി മുന്നിലെത്തിയത്. അതിലൊരാള്‍ മാത്രം ഒറ്റയ്ക്കു സംസാരിക്കണമെന്നാശ്യപ്പെട്ടപ്പോള്‍ ശരിക്കും അമ്പരന്നുപോയി. എന്തായിരിക്കും ഈ കുട്ടിക്കു ചോദിക്കാനുള്ളത് എന്നോര്‍ത്തുകൊണ്ട് കുറച്ചു മാറി നിന്നു.

പത്താംക്ലാസ്സുകാരിയായ അവള്‍ക്ക് വീട്ടില്‍ കല്ല്യാണമാലോചിക്കുന്നു. സ്‌കൂളിലെ ടീച്ചര്‍മാരും സഹപാഠികളും കുറച്ചുകൂടി കഴിഞ്ഞിട്ടു പോരെ എന്നു ചോദിക്കുന്നു.

ഇന്ത്യയില്‍ വിവാഹപ്രായം 18 ആണ്. നിനക്ക് 15 അല്ലേ, ആയിട്ടുള്ളു... എന്ന ചോദ്യത്തിന് പഠിച്ചിട്ടെന്തു ഗുണം എന്നാണ് അവള്‍ തിരിച്ചു ചോദിച്ചത്.

അവളുടെ ഉമ്മയും ചെറിയ ക്ലാസ്സുവരെയെ പഠിച്ചിട്ടുള്ളു. പഠിച്ചാല്‍ തന്നെ കുടുംബത്തിലെ ആണുങ്ങള്‍ ജോലിക്ക് വിടില്ല.
അവളത് പറയുമ്പോള്‍ വിവാഹത്തെ സ്വപ്‌നം കണ്ടു തുടങ്ങിയിരിക്കുന്നു എന്ന് തിളങ്ങുന്ന കണ്ണുകള്‍ പറഞ്ഞു.
പഠിക്കുന്നത് ജോലികിട്ടാന്‍ മാത്രമല്ല..ലോകത്തെ അറിയാനും നിന്റെ മക്കള്‍ക്കു തന്നെ നല്ല ദിശാബോധം നല്കാനുമാണെന്നൊക്കെ പറഞ്ഞു നോക്കി.

പക്ഷേ, ചെറുപ്രായത്തില്‍ വിവാഹം കഴിച്ചാല്‍ എന്താണ് കുഴപ്പം എന്ന മട്ടില്‍ തന്നെ അവള്‍ നിന്നു.
അവളുടെ മനസ്സില്‍ വിവാഹം മാത്രമേയുള്ളു എന്ന് വ്യക്തമായി കഴിഞ്ഞിരുന്നു. 

മലപ്പുറത്തെ അധ്യാപകരായ സുഹൃത്തുക്കള്‍ ഹൈസ്‌കൂള്‍ ക്ലാസ്സിലെ പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്കിനെ കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്.

ആരോഗ്യവകുപ്പില്‍ ജോലിനോക്കുന്ന അവിവാഹിതനായ 33 കാരന്‍ സുഹൃത്ത് പറയാറുണ്ട് അവന്റെ സഹപാഠികളില്‍ പലരും പേരക്കുട്ടികളുമായാണ് ആശുപത്രിയില്‍ വരുന്നതെന്ന്.

കുട്ടികള്‍ കുട്ടികളെ പ്രസവിക്കുന്ന കാലം...

കുട്ടിത്തം വിട്ടുമാറാത്ത ഇവര്‍ വിവാഹമെന്ന ആഘോഷത്തെയാണ് സ്വപ്‌നം കാണുന്നത്. അതിനപ്പുറമുള്ള ജീവിതത്തിന്റെ പരുക്കന്‍ വശം തിരിച്ചറിയുന്നേയില്ല. അല്ലെങ്കില്‍ അതിനുള്ള പ്രായമാകുന്നില്ല. 13 നും 17 നും ഇടയില്‍ വിവാഹം കഴിഞ്ഞ എത്രയോ പെണ്‍കുട്ടികളെ അറിയാം. അവരുടെ പ്രയാസങ്ങള്‍ നേരിട്ടു കണ്ടിട്ടുണ്ട്.

അടുത്തിടെ ഒരു വിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍ ബന്ധു തൊട്ടടുത്തിരുന്ന പതിനഞ്ചുകാരി പെണ്‍കുട്ടിയെ തൊട്ടു പറഞ്ഞു ഇവളുടെ വിവാഹമുറപ്പിച്ചുവെന്ന്. കേട്ടപ്പോള്‍ എനിക്കൊട്ടും സന്തോഷം തോന്നിയില്ല.

പൊന്നും പണവും ഒന്നും വേണ്ടെന്ന്, പറ്റുന്നത് തന്നാല്‍ മതിയെന്നു പറഞ്ഞപ്പോള്‍ വീട്ടുകാരുറപ്പിച്ചത്രേ..രണ്ടോ മൂന്നോ കൊല്ലം കാത്തിരുന്നാല്‍ ഇതേപോലൊരു ബന്ധം കിട്ടുമോ? എത്ര പൊന്നും പണവും നല്‍കേണ്ടി വരും?

ആ പെണ്‍കുട്ടിയുടെ മുഖത്തേക്ക് നോക്കിയിരിന്നപ്പോള്‍ അവള്‍ക്കും നൂജൂദിനും ഒരേ ഛായ.

നുജൂദ് ലോകത്തെ ഏറ്റവും പ്രായകുറഞ്ഞ വിവാഹമോചിതയാണ്. 10 വയസ്സ്. ആ യെമനി പെണ്‍കുട്ടിയെ 10 വയസ്സിലാണ് അവളുടെ അബ്ബ മൂന്നിരട്ടിപ്രായമുള്ളരൊള്‍ക്ക് നിക്കാഹ് ചെയ്തു കൊടുത്തത്. അവളാണെങ്കിലോ അന്ന് രണ്ടാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. കടല്‍ കണ്ടിട്ടില്ലെങ്കിലും അവള്‍ സ്വയം കടലാമയാണെന്ന് സങ്കല്പിച്ചു. അവളുടെ കൂട്ടുകാരി മലക് ഒരു കടല്‍കക്കകൊണ്ടുവന്ന് അവളുടെ ചെവിയിലേക്ക് ചേര്‍ത്തുവെച്ച് കടലിരമ്പം കേള്‍പ്പിച്ചുകൊടുത്തു. ഒരു പൂമ്പാറ്റയെപ്പോലെ പാറി നടക്കാന്‍ അവളാഗ്രഹിച്ചു. അവള്‍ക്ക് ഒളിച്ചു കളിക്കാനും ചോക്ലേറ്റു തിന്നാനും നിറങ്ങള്‍ ചാലിച്ച് ചിത്രം വരയ്ക്കാനും ഇഷ്ടമായിരുന്നു.
തുടര്‍ന്നു വായിക്കുക ഇവിടെ

2 comments:

മൈന said...

യെമനിപ്പെണ്‍കുട്ടിയുടെ അനുഭവം വായിക്കുമ്പോള്‍ അവിടെ സ്്ത്രീകളുടെ സാക്ഷരത 30% മാത്രമാണ്. എന്നാല്‍ സമ്പൂര്‍ണ്ണ സാക്ഷരരെന്ന് അവകാശപ്പെടുന്ന നമുക്കിടയിലോ?
അക്ഷരം പഠിച്ച് ബിരുദം നേടിയിട്ട് കാര്യമില്ല. മാനസിക വളര്‍ച്ചകൂടി ഉണ്ടാകേണ്ടിയിരിക്കുന്നു.

SHANAVAS said...

ഇപ്പോഴും ഇതൊക്കെ ഉണ്ടോ ഈ കേരളത്തില്‍??? അതിശയം തോന്നുന്നു...വിവാഹം കുറെ കഴിഞ്ഞു മതി എന്ന് പറയുന്ന പെന്ക്‌ുട്ടികളെ കാണാറുണ്ട്‌..പക്ഷെ ഇത് ..അല്പം കടന്ന കൈ തന്നെ...