ശക്തിയായ ഒഴുക്കില്‍ നീന്താനുള്ള ധൈര്യം തന്നത് സിന്ധുചേച്ചിയായിരുന്നു. അത് കുട്ടിക്കാലത്തായിരുന്നു. ഒരുപക്ഷേ, കുറച്ചു മുതിര്‍ന്നപ്പോള്‍ ജീവിതമെന്ന ഒഴുക്ക് കണ്ട് അമ്പരന്നു നില്ക്കാതെ ഒന്നു നീന്തി നോക്കാം എന്ന് ചിന്തിപ്പിച്ചതിനു പിന്നിലും സിന്ധുചേച്ചിയുടെ ധൈര്യം പകരലാവാം. ഒരു കായികവിനോദം പഠിക്കുന്നത് ചുമ്മാതല്ലെന്നും അത് മനസ്സിനെക്കൂടി ശക്തിപ്പെടുത്തുന്നുവെന്നതും മറ്റൊരു കാര്യം.
ഞങ്ങള്‍ തൊട്ടയല്‍വാസികളായിരുന്നിട്ടും കാണുന്നത് അപൂര്‍വ്വമായിരുന്നു. തിരുവനന്തപുരം ജി വി രാജയിലും തൃശൂരുമൊക്കെ പഠിക്കാനായി പോയിരുന്നതുകൊണ്ട് അവധിക്കാലത്തായിരുന്നു സിന്ധുചേച്ചി വീട്ടിലേക്കു വന്നിരുന്നത്. അതില്‍ മധ്യവേനലവധിക്കാലം ആറ്റില്‍ വെള്ളം കുറവായതുകൊണ്ട് നീന്താന്‍ സാധ്യമല്ലായിരുന്നു. അല്ലെങ്കില്‍ ആറ്റില്‍ കുളിക്കാന്‍ വരുന്ന പെണ്ണുങ്ങള്‍ ആട്ടിയോടിച്ചു.
വെള്ളം കലക്കാതെ കൊച്ചേ...എന്നു പറഞ്ഞുകൊണ്ട്...
സിന്ധുചേച്ചി കുറച്ചു മുതിര്‍ന്നതായിരുന്നതുകൊണ്ട് അവരുടെ ചീത്ത കേള്‍ക്കാതിരിക്കാനായിട്ട് വെള്ളം കുറവുള്ളപ്പോള്‍ ഇറങ്ങിയതേയില്ല. അന്ന് എന്റെ കളികള്‍ സമപ്രായക്കാരോടൊപ്പമായിരുന്നു. അതുകൊണ്ടാവണം സിന്ധുചേച്ചി നീന്തലില്‍ മാത്രം സുഹൃത്തായത്.
അവരെന്റെ മഴക്കാലത്തെ നീന്തല്‍ കൂട്ടുകാരിയായിരുന്നു.
മഴയില്‍, ആറ്റില്‍ മലവെള്ളം കുത്തിയൊഴുകും. കരയേയും പാറകളേയും മൂടിക്കളയും. അപ്പോള്‍ ഞങ്ങള്‍ കുറച്ചു മുകളില്‍ നിന്ന് താഴോട്ടേക്ക് ഒഴുക്കിലൂടെ നീന്തും. ഒഴുക്കില്‍ വെറുതെ കിടന്നാല്‍ മതി. താളത്തിനൊപ്പിച്ച് ഉയര്‍ന്നും താഴ്ന്നും അങ്ങു പൊയ്‌ക്കോളും. പക്ഷേ, സുരക്ഷിതമെന്നു തോന്നുന്നിടത്ത് വെച്ച് മുറിച്ചു നീന്തി കര പറ്റണം. അതിലേ ശ്രദ്ധ വേണ്ടൂ.
ഒരോ ദിവസവും ഞങ്ങള്‍ കുറേ മുകളിലേക്കു പോകും. എന്നിട്ട് താഴോട്ടേക്ക് ഒഴുകുകയാണ്.
ചിലപ്പോള്‍ പാറകളില്‍ തട്ടിയുള്ള വെള്ളത്തിന്റെ ശക്തിയും ശബ്ദവും ഭയപ്പെടുത്തും. പക്ഷേ, കടലില്‍ നീന്തുന്ന സിന്ധുചേച്ചിയുള്ളപ്പോള്‍ ഇത്തിരിപ്പോന്ന ആറ്റൊഴിക്കിനെ പേടിക്കാനുണ്ടോ എന്ന് തോന്നലായിരുന്നു. ആ തോന്നല്‍ ശരിയായിരിക്കാന്‍ ഒരു കാരണവുമുണ്ടായി.
രാത്രി മുഴുവന്‍ മഴ പെയ്‌തൊരു ദിവസം കുറച്ചേറെ വെള്ളമുണ്ടായിരുന്നു. വെള്ളം കണ്ടപ്പോള്‍ സിന്ധുചേച്ചിയും പരിഭ്രമിച്ചോ എന്നു സംശയം. അസാമാന്യധൈര്യം...നീന്താന്‍ മറ്റൊരയല്‍വാസി ഉദയയുമുണ്ട്്. അവരു രണ്ടുപേരുമാണ് ആദ്യം വെള്ളത്തിലേക്ക് ചാടിയത്. സാധാരണ കരയിലേക്ക് കയറുന്നിടത്ത് ഒഴുക്കു കൂടുതലായിരുന്നു. നീന്തി നോക്കിയിട്ടും കുറച്ചുകൂടി താഴോട്ടു ചെന്നേ കരപറ്റാനായുള്ളു.
അല്പം കൂടി താഴോട്ടു പോയാല്‍ പിന്നെ നോക്കണ്ട. കല്ലുകളുടെ കൂട്ടമാണ്. എത്ര അഭ്യാസിയായിരുന്നാലും അവിടുത്തെ ഒഴുക്കില്‍ രക്ഷപെടില്ലെന്ന് നിശ്ചയം. ഒഴുക്കുമാത്രമല്ല കൈയ്യോ കാലോ തലയോ എവിടെച്ചെന്നിടിക്കുമെന്ന് പറയാനാവില്ല. വെള്ളത്തിനാണെങ്കില്‍ അസ്ഥിമരയ്ക്കുന്ന തണുപ്പും.
തൊട്ടു പുറകേ വന്ന എനിക്കും പതിവു സ്ഥലത്ത് പിടുത്തം കിട്ടിയില്ല. പിന്നെയും പോയി കുറച്ചുകൂടി താഴോട്ട്..മുറിച്ചു നീന്തലില്‍ താഴോട്ടാണ് ബലം. ഒരു പേര വെള്ളത്തിലേക്ക് ചാഞ്ഞുകിടപ്പുണ്ട്്്. ആ പേരത്തുമ്പാണ് എന്റെ ലക്ഷ്യം. പേരത്തുമ്പ് എനിക്ക് കിട്ടില്ല എന്ന് കൃത്യസമയത്ത് സിന്ധുചേച്ചി തിരിച്ചറിഞ്ഞുവെന്നു തോന്നുന്നു. ശരിയായിരുന്നു ലക്ഷ്യത്തിനും കുറച്ചുകൂടി അപ്പുറത്താണ് ഞാന്‍.. പേരത്തുമ്പ് കിട്ടില്ലേ എന്ന തോന്നല്‍ വന്ന് പേടിപ്പെടുത്തും മുമ്പേ സിന്ധുചേച്ചിയുടെ കൈകള്‍ പേരിതുമ്പില്‍ നിന്നുമെത്തി. എന്നിട്ടും എനിക്കല്പം എത്തിപ്പിടിക്കേണ്ടി വന്നു. ആ പിടുത്തം മുറുക്കിയല്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ ഞങ്ങള്‍ രണ്ടുപേരും..അല്ലെങ്കില്‍ ഒരാളെങ്കിലും വാര്‍ത്തയായേനേ..
ആ സിന്ധുചേച്ചി കോഴിക്കോടേക്ക്്് വിവാഹം കഴിഞ്ഞു വന്നു. വയനാട്ടിലെത്തിയ ഞാനും കോഴിക്കോടെത്തി. ഞങ്ങള്‍ അത്ര ദൂരത്തല്ലായിരുന്നു. എന്നിട്ടും കോഴിക്കോട് വെച്ച് കാണാനായതേയില്ല. അവരുടെ വീടെവിടെയെന്ന് തപ്പിപ്പിടിച്ചു പോകാന്‍ കോഴിക്കോടിന്റെ ഭൂമിശാസ്ത്രം അത്ര വശമില്ലായിരുന്നതുകൊണ്ട്... ഞാന്‍ കോഴിക്കോടാണെന്നറിഞ്ഞപ്പോള്‍ പക്ഷേ, സിന്ധുചേച്ചി ബാങ്കിലെ തിരക്കിലേക്ക് ഒരുദിവസം കയറി വന്നു. കൂടുതല്‍ ംസാരിക്കാനോ ഫോണ്‍ നമ്പര്‍ പോലും കൈമാറാനോ പറ്റാത്ത അവസ്ഥയില്‍...
ഒരേ നഗരത്തില്‍ ജീവിച്ചിട്ട് വര്‍ഷങ്ങളോളം കാണാതിരുന്നു. കാണുന്നതൊക്കെ ഇപ്പോഴും ആ പഴയ ആറ്റിലെ വെള്ളത്തില്‍ വെച്ചുതന്നെ എന്നത് യാദൃശ്ചികമോ എന്തോ?
മൂന്നുമാസം മുമ്പ് രണ്ടുദിവസം അവധിയെടുത്ത് വീട്ടില്‍ പോയപ്പോള്‍ ആറ്റില്‍ നീന്താന്‍ മോഹം. ചെന്നപ്പോഴുണ്ട് സിന്ധുചേച്ചിയും മക്കളും.
മുമ്പ് വര്‍ഷത്തില്‍ ഒന്നോ രണ്ടോ വട്ടമായിരുന്നു നാട്ടിലേക്കു വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ ഒരു ദിവസം അവധി കിട്ടിയാലും മക്കളേയും കൊണ്ട് പോരുമെന്ന് പറഞ്ഞു.
തങ്ങള്‍ക്കു കിട്ടിയ അനുഗ്രഹമായ പുഴ അവര്‍ക്കു കൂടി പകര്‍ന്നു നല്കാന്‍...അവരെ നീന്തല്‍ പഠിപ്പിക്കാന്‍...അവരെയും നീന്തിക്കാന്‍..അവരും ഇപ്പോള്‍ നന്നായി നീന്തും. വെള്ളത്തിലിറങ്ങാന്‍ മടിച്ചു നിന്ന എന്റെ മകളെ അച്ചുവും കിച്ചുവും ധൈര്യത്തോടെ ഇപ്പോള്‍ വെള്ളത്തിലിറക്കുന്നു. നീന്തിക്കാന്‍ ശ്രമിക്കുന്നു.
ഹോ! എന്തൊരാനന്ദമാണ്.
പെരുവെള്ളത്തിലങ്ങനെ നീന്തുന്നതും എങ്ങനെയൊക്കെയോ കരകയറുന്നതും ഇപ്പോഴും സ്വപ്‌നം കാണാറുണ്ട്. ചിലപ്പോള്‍ സുഹൃത്തുക്കളുടെ വീടുകളിലേക്ക് പോകുന്ന വഴി മുഴുവന്‍ കായല്‍പ്പരപ്പുപോലെയാണെന്നും ആ പരപ്പിലൂടെ നീന്തി അവരുടെ വീടുകളിലേക്ക് പോകുന്നതും സ്വപ്‌നം കാണുന്നു.
ഇന്നലെ വൈകിട്ട് ഞങ്ങള്‍ വീണ്ടും കണ്ടു. കോഴിക്കോട് വെച്ചു തന്നെ. ഇത്തവണ കോണ്‍ക്രീറ്റുകാടുകള്‍ക്കിടയില്‍ നിന്ന് ആ വീട് കണ്ടുപിടിച്ചു ചെന്നു. പിന്നെ ബീച്ചില്‍ പോയിരുന്നു.
പേരാമ്പ്രക്കടുത്ത് കുറച്ച് സ്ഥലം വാങ്ങിയെന്നു പറഞ്ഞപ്പോള്‍ ഞാന്‍ അന്തം വിട്ടു. സ്വാഭാവികമായും അത്രദൂരെയോ എന്നു ചോദിച്ചു പോകും..
'നിക്കു മടുത്തു മൈനാ..ഈ നഗരജീവിതം...ഈ തിരക്കിലെ ജീവിതം. റിട്ടയര്‍ ആവുമ്പോഴെങ്കിലും കാറ്റും വെളിച്ചവുമുള്ളൊരിടമാവണം...
നമ്മുടെ ആറില്ലെന്നേയുള്ളു അവിടെ..എന്നാലും ...'
എന്റെ നെഞ്ചില്‍ അപ്പോള്‍ വല്ലാത്ത ഭാരം വിങ്ങല്‍....
കാടും ആറും മലയും പാറകളും ഒക്കെച്ചേര്‍ന്നു കിട്ടിയ സ്വര്‍ഗ്ഗത്തില്‍ നിന്നാണല്ലോ .....
ആണ്ടില്‍ ഒന്നോ രണ്ടോ വട്ടം അല്ലെങ്കില്‍ കുറച്ചു കൂടി പ്രവശ്യം പോകാമെന്നല്ലാതെ ഒരുപക്ഷേ, എന്നെന്നേക്കുമായി ആ സൗഭാഗ്യങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നുവല്ലോ...
ഇവിടെ കിട്ടുന്ന മറ്റു സൗഭാഗ്യങ്ങളെ മറന്നുകൊണ്ടല്ല..എന്നാലും നാടിനെ ഓര്‍ക്കുമ്പോള്‍ എന്തോ എന്തൊക്കെയോ...
ഞങ്ങള്‍ സംസാരിച്ചത് അധികവും ഞങ്ങളുടെ പാറ, ഞങ്ങളുടെ ആറ്, ഞങ്ങളുടെ വെള്ളം, ഞങ്ങളുടെ നീന്തല്‍...
എ്ല്ലാം ഞങ്ങളുടെ മാത്രം...
ദാ...
തോരാത്ത മഴയില്‍ പരസ്പരം കൈകോര്‍ത്ത് ഒഴുക്കിലൂടെ നീന്തുകയാണ് ഞങ്ങളിപ്പോള്‍ എന്നു തോന്നുന്നു
3 comments:
ഞങ്ങള്‍ സംസാരിച്ചത് അധികവും ഞങ്ങളുടെ പാറ, ഞങ്ങളുടെ ആറ്, ഞങ്ങളുടെ വെള്ളം, ഞങ്ങളുടെ നീന്തല്‍...
എ്ല്ലാം ഞങ്ങളുടെ മാത്രം...
ദാ...
തോരാത്ത മഴയില്‍ പരസ്പരം കൈകോര്‍ത്ത് ഒഴുക്കിലൂടെ നീന്തുകയാണ് ഞങ്ങളിപ്പോള്‍ എന്നു തോന്നുന്നു
ഈ സിന്ധുച്ചേച്ചി ക്ലര്‍ക്കാണോ :)
അശോകന്‍ ചരുവിലിന്റെ കഥയില്‍ പറയുന്നതുപോലെ ക്ലര്‍ക്കുമാര്‍ പാര്‍ത്തുപാര്‍ത്താണ് നഗരം ഇത്ര വലുതാവുന്നത്. കൂട്ടത്തില്‍ അവന് നൊസ്റ്റി നൊസ്റ്റി രസിക്കാന്‍ വേണ്ടിയാണ് ഗ്രാമങ്ങള്‍ അങ്ങനെ നിലനിക്കുന്നത് എന്നുകൂടി ചേര്‍ക്കാം.
ആദ്യഭാഗം എനിക്ക് ഭയങ്കര ഇഷ്ടായി.:)
"ഞങ്ങള്‍ സംസാരിച്ചത് അധികവും ഞങ്ങളുടെ പാറ, ഞങ്ങളുടെ ആറ്, ഞങ്ങളുടെ വെള്ളം, ഞങ്ങളുടെ നീന്തല്‍ "
ഇതാണ് എന്നെ ആകർഷിക്കുന്നത്. ഇതൊക്കെ ഇനിയും തിരിച്ചുപിടിക്കണം.
Post a Comment