Thursday, April 7, 2011

മുസ്തഫയുടെ വീട്ടിലേക്ക് സ്വാഗതം

പ്രിയപ്പെട്ട കൂട്ടുകാരെ,

നമ്മള്‍ വാങ്ങിക്കൊടുത്ത സ്ഥലത്തേക്ക്, നമ്മുടെ സഹായത്താല്‍ പണിത വീട്ടിലേക്ക് മുസ്തഫ താമസം മാറുകയാണ് ഏപ്രില്‍ 17 ന്. ഇത് നമ്മുടെ സന്തോഷമാണ്. നമ്മള്‍ ബൂലോകവാസികളുടെ സന്തോഷം.
കൃത്യമായി പറഞ്ഞാല്‍ രണ്ടുവര്‍ഷം മുമ്പാണ് മുസ്തഫയുടെ വീടിനുവേണ്ടി തുടക്കം കുറിച്ചത്.

മരത്തില്‍ നിന്ന് വീണ് നട്ടെല്ലിന് ക്ഷതം പറ്റി, അരക്കു താഴെ ചലനമില്ലാതെ കിടപ്പിലായിപ്പോയ മുസ്തഫക്ക് വായന മാത്രമായിരുന്നു ആശ്വാസം. ഞാനെഴുതിയ ചന്ദനഗ്രാമം എന്ന പുസ്തകം വായിച്ചശേഷം, ഇപ്പോള്‍ പുസ്തകം വാങ്ങാന്‍ മാര്‍ഗ്ഗമില്ലാത്തതുകൊണ്ട്, വേറെ പുസ്തകം വല്ലതുമുണ്ടെങ്കില്‍ അയച്ചു കൊടുക്കാന്‍ മാത്രമേ മുസ്തഫ എഴുതിയുള്ളു. അരിവാങ്ങാന്‍ മുസ്തഫക്ക് പണമില്ല. മരുന്നു വാങ്ങാന്‍ മാര്‍ഗ്ഗമില്ല. ജീവിയ്ക്കാന്‍ ഒരു ഗതിയുമില്ല. അതൊന്നും മുസ്തഫ എഴുതിയില്ല. സത്യത്തില്‍ അതൊക്കെയാണ് മുസ്തഫയ്ക്കുള്ള യഥാര്‍ഥ ഇല്ലായ്മകള്‍. അരിയും മരുന്നും മാത്രമല്ല, തല ചായ്ക്കാന്‍ മണ്ണില്‍ സ്വന്തമായി ഒരിടവുമില്ലാത്തവനുമായിരുന്നു മുസ്തഫ.


മുസ്തഫയ്‌ക്കൊരു പുസ്തകമെന്നേ അന്നു കരുതിയിരുന്നുള്ളൂ.
പക്ഷേ, പുസത്കത്തില്‍ തുടങ്ങിയ കാര്യങ്ങള്‍ എത്ര പെട്ടെന്നാണ് വീട്ടിലേക്കെത്തിയത്. ആദ്യം നിരക്ഷരനും മുരളികയും മുസ്തഫയെ നേരിട്ട് കണ്ടു. പിന്നെ മൂന്നൂരാനും ഞാനും. പലരും മുസ്തഫയെ വിളിച്ച് സംസാരിച്ചു. പുസ്തകത്തിനൊപ്പം പലരും ധനസഹായവുമായി എത്തി. ബൂലോകകാരുണ്യം ആവശ്യപ്പെട്ടതനുസരിച്ചാണ് സുലൈഖയുടെയും എന്റെയും പേരില്‍ കാലിക്കറ്റ് കോ ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് എടുത്തത്.
ചെറിയ ചെറിയ സഹായങ്ങള്‍ വന്നു കൊണ്ടിരുന്നപ്പോള്‍, പിന്നെയത് വീടെന്ന സ്വപ്‌നത്തിലേക്കെത്തി.
ആരും ആവശ്യപ്പെട്ടിട്ടൊന്നുമായിരുന്നില്ല ബൂലോകവാസികള്‍ സാമ്പത്തികമായി സഹായിക്കാമെന്നേറ്റത്. വീടും സഥ്‌ലവും ഉണ്ടാവുമെന്നൊന്നും പ്രതീക്ഷിക്കാതെയാണ് ഞാനതുവരെ കാണുകയോ സംസാരിക്കുകയോ ചെയതിട്ടി്ല്ലാത്ത സുഹൃത്തുക്കളുടെ ഉത്സാഹത്തില്‍ മുസ്തഫയ്‌ക്കൊരു വീട് എന്ന സ്വപ്‌നത്തെക്കുറിച്ച് ചിന്തിക്കുന്നത്. എത്രപെട്ടെന്നായിരുന്നു പ്രതികരണങ്ങള്‍... പിറ്റേന്നുമുതല്‍ മുസ്തഫയുടെ വീടിനുവേണ്ടി തുടങ്ങിയ അക്കൗണ്ടിലേക്ക് ഡ്രാഫ്റ്റ് വരാന്‍ തുടങ്ങി. ഈ സ്വപ്‌നത്തിലേക്ക് എത്തിച്ചേരാനൊക്കുമോ എന്ന് പലപ്പോഴും പേടിച്ചു. മുസ്തഫക്ക് വെറുതേ വേണ്ടാത്ത സ്വപ്‌നം കൊടുക്കണോ എന്ന്. അതുകൊണ്ടു തന്നെ ഇടയ്ക്കിടക്ക് മുസ്തഫയെ വിളിച്ചു പറയും ഇത് വെറും ശ്രമമാണ്. പരമാവധി ശ്രമിച്ചു നോക്കാം എന്ന്.
മ അപ്പോഴൊക്കെ നിരക്ഷരനെന്ന മനോജ് രവീന്ദ്രനും മുന്നൂറാനെന്ന പി ടി മുഹമ്മദ് സാദിക്കും എനിക്കു ധൈര്യം തന്നു. അവര്‍ എനിക്കൊപ്പം എപ്പോഴും നിന്നു. നിര്‍ണ്ണായകമായ പല തീരുമാനമെടുക്കുന്നതിനും സഹായിക്കുന്നതിനും....


പുളിക്കലില്‍ ഇരിക്കുന്ന മുസ്തഫ പലപ്പോഴും കിടക്കപ്പുണ്ണുവന്ന് ആശുപത്രിയിലായിരുന്നു . ഞാന്‍ കോഴിക്കോട്ട്. ബൂലോകസുഹൃത്തുക്കള്‍ ലോകത്തിന്റെ പലകോണില്‍...

നമ്മുടെ ബ്ലോഗേഴ്‌സ് ഒററക്കും കൂട്ടായും സഹായിച്ചു. കൂടാതെ ഗള്‍ഫ്ില്‍ മാധ്യമത്തിലും മലയാളം ന്യൂസിലും കൊടുത്ത വാര്‍ത്ത കണ്ട് ഒരുപാടുപേര്‍ സഹായിച്ചു. വലുതും ചെറുതുമായ സഹായങ്ങള്‍. ഇങ്ങനെ കിട്ടിയതില്‍ നല്ലൊരു പങ്കും ഗള്‍ഫ് നാടുകളില്‍ നിന്നായിരുന്നു എന്ന് മാത്രമല്ല വളരെ കുറഞ്ഞ വേതനത്തിന് അവിടെ ജോലി ചെയ്യുന്ന നല്ലൊരു കൂട്ടം മലയാളികളാണ് വളരെ ചെറിയ ചെറിയ തുകകള്‍ സ്വരുക്കൂട്ടി അയച്ചുതരുന്നതില്‍ മുന്നില്‍ നിന്നത്.

മുസ്തഫക്കൊരു പുസ്തകം എന്ന പോസ്റ്റും മൂന്നൂരാന്‍ എഴുതിയ 'ബ്ലോഗെഴുത്ത് വെറുമെഴുത്തല്ല' എന്ന പോസ്റ്റും മാതൃഭൂമി ബ്ലോഗനയില്‍ വരുകയുണ്ടായി.
ബ്ലോഗനയില്‍ കണ്ടതുകൊണ്ടുമാത്രമാണ് ഹാരൂണ്‍ സാഹിബിനെ പരിചപ്പെടാനിടയായത്. മുസ്തഫ കിടപ്പിലായിരുന്നതുകൊണ്ട് കിടക്കപ്പുണ്ണുവന്ന് തിരിയാന്‍ പോലുമാകാത്ത അവസ്ഥയിലായിരുന്നു. കോഴിക്കോട് ഇഖ്‌റ ഹോസ്പിററലില്‍ ഓപ്പറേഷനും ചികിത്സക്കും വേണ്ടി ഒന്നരമാസത്തോളം മുസ്തഫ കിടന്നു. ഹാരൂണ്‍ സാഹിബിന്റെ സഹായത്തിലാണ് അതു സാധിച്ചത്.


മുസ്തഫയ്ക്ക് ഒരു സ്ഥലം കണ്ടുപിടിക്കുന്നതിനുവേണ്ടി പെയ്ന്‍ & പാലിയേറ്റീവിനെ ഇടപെടുവിച്ചുകൊണ്ട് ജനകീയ സമിതി രൂപീകരിച്ചു. പെയ്ന്‍ & പാലീയേറ്റീവിലെ അഷ്‌റഫ് സാറും അഫ്‌സലും ചേര്‍ന്ന് സ്ഥലം കണ്ടെത്തി. പുളിക്കലില്‍ തന്നെ...ദൂരത്തൊക്കെ വിലകുറച്ച് സ്ഥലം കിട്ടുമായിരുന്നു. പക്ഷേ, ദൂരത്തെവിടെയെങ്കിലും സ്ഥലം വാങ്ങിയിട്ട് വയ്യാത്ത മുസ്തഫയ്ക്ക് എന്തുചെയ്യാന്‍..പെയ്ന്‍ & പാലീയേറ്റീവ് ക്ലിനിക്കിനടത്തു തന്നെ വേണമായിരുന്നു. വാഹനം ചെന്നെത്തുന്ന, കറണ്ടും വെള്ളവുമൊക്കെയുള്ള അഞ്ചേമുക്കാല്‍ സെന്റ് സ്ഥലം. വീടില്ല. തറയുണ്ട്. നമ്മുടെ ടാര്‍ജറ്റിനേക്കാള്‍ അപ്പുറത്തെത്തുന്ന വില. നാലേകാല്‍ ലക്ഷം രൂപ. അപ്പോഴും ബൂലോകര്‍ സഹായിക്കാനെത്തി. ചിലരുടേതൊക്കെ രണ്ടാമത്തെയോ മൂന്നാമത്തെയോ സഹായമായിരുന്നു.
. പല ബ്ലോഗുകളിലും, അമൃത ടി വി, കള്‍ച്ചറല്‍ & ബാങ്കിംഗ് സോളിഡാരിറ്റി മാസിക, കോഴിക്കോട് ജില്ലാസഹകരണബാങ്കിന്റെ അകത്തളം മാസിക,കോഴിക്കോട് ബാങ്ക്‌മെന്‍സ് ക്ലബ്ബ് ബുളളറ്റിന്‍ ,, സഹയാത്ര , നാട്ടുപച്ച, മാസികകളില്‍ മുസ്തഫയെക്കുറിച്ചു വന്നു. ( ഏതെങ്കിലും വിട്ടുപോയോ എന്തോ? ക്ഷമിക്കുക, ഓര്‍മിപ്പിക്കുക)

അമേരിക്കയിലെ FOMAA എന്ന സംഘടന വീടിനു സഹായിക്കാന്‍ തയ്യാറായി...ഫോമയിലെ അനിയന്‍ ജോര്‍ജ്, ജോണ്‍ ടൈറ്റസ്, റീനി മമ്പലം എന്നിവരെ പ്രത്യേകമോര്‍ക്കുന്നു. പബ്ലിക് റിലേഷന്‍ വകുപ്പിലെ രാജ്‌മോഹന്റെ സഹായത്തില്‍, പുളിക്കല്‍ പഞ്ചായത്തിന്റെ സഹായത്തില്‍..അങ്ങനെ അങ്ങനെ ചെറുതും വലുതുമായ ഒരുപാടൊരുപാടു സഹായങ്ങളിലൂടെ മുസ്തഫയുടെ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായിരിക്കുന്നു. പെയ്ന്‍ ക്ഷ പാലിയേററീവ് പ്രവര്‍ത്തകര്‍ തന്നെയായിരുന്നു വീടുപണിയുടെ മേല്‍നോട്ടം. പലപ്പോഴും മണല്‍ക്ഷാമവും പണിക്കാരുടെ ക്ഷാമവും കൊണ്ട് പണി നീണ്ടുപോയി...കാലതാമസം വന്നതൊന്നും ഒരു കാര്യമാണെന്നു തോന്നുന്നില്ല. അത് മനപ്പൂര്‍വ്വമായിരുന്നില്ല.

സാമ്പത്തികമായി സഹായിച്ചവര്‍, മാനസീകമായി പിന്തുണച്ചവര്‍ , പുസ്തകങ്ങള്‍ അയച്ചുകൊടുത്തവര്‍, ...അങ്ങനെ എത്രയെത്രപേരാണ്. പേരെടുത്തു പറയാത്തതില്‍ ക്ഷമിക്കുക. ചിലപ്പോള്‍ പേരുകള്‍ വിട്ടുപോയെന്നു വരും. (മുന്‍പോസ്റ്റ കമന്റുകളിലുണ്ട്) .
മിക്ക പത്രമാധ്യമങ്ങളിലും വന്നതുകൊണ്ട് അങ്ങനെയും സഹായമെത്തിയിട്ടുണ്ട്. പല സുഹൃത്തുക്കളും പരിചയക്കാരും സഹായിക്കാമെന്നു പറഞ്ഞിരുന്നു. നമ്മള്‍ ലക്ഷ്യത്തിലെത്തിയതുകൊണ്ട് അവരോടൊക്കെ പിന്നീടൊരവസരം തരാം എന്നു പറഞ്ഞിട്ടുണ്ട്.

വീടിനുവേണ്ടി തുടങ്ങിയ അക്കൗണ്ടിലേക്ക്‌ ഇതുവരെ 543008 രുപ ലഭിച്ചിട്ടുണ്ട്‌. (FOMAA യുടെ ഒരുലക്ഷം ഉള്‍പ്പെടെ) ഇപ്പോഴും ചെറിയ തുകയുടെ ഡ്രാഫ്‌റ്റുകള്‍ കിട്ടാറുണ്ട്‌. ആരാണ്‌ അയയ്‌ക്കുന്നതാ എന്നറിയില്ല. ഇങ്ങനെ നമുക്കോ മുസ്‌തഫയ്‌ക്കോ അറിയാത്ത ചിലര്‍ അരിയും സാധനങ്ങളുമായി ചെന്നിട്ടുണ്ട്‌. ആ അജ്ഞാത സുഹൃത്തുക്കള്‍ക്ക്‌്‌ നന്ദി..

സ്ഥലത്തിന്‌ വേണ്ടിവന്ന 425000യ- രൂപയില്‍ 375000 രുപയാണ്‌ നമ്മള്‍ കൊടുത്തത്‌. 50000യ- സാദിക്കിന്റെ പരിചയത്തിലുള്ള ഒരാള്‍ പെയ്‌ന്‍ & പാലിയേറ്റീവ്‌ ക്ലിനിക്കില്‍ നേരിട്ടേല്‌പിക്കുകയായിരുന്നു. പെയ്‌ന്‍ & പാലിയേറ്റീവ്‌ യൂണിറ്റ്‌ കുടനിര്‍മ്മാണത്തിലും സോപ്പു നിര്‍മ്മാണത്തിലും മുസ്‌തഫയ്‌ക്ക്‌ പരിശീലനം നല്‌കിയിരുന്നു. സോപ്പു നിര്‍മ്മാണത്തിനാവ്‌ശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനു വേണ്ടി 15000 രൂപ നല്‌കിയിട്ടുണ്ട്‌. വീടു നിര്‍മ്മാണത്തിലേക്കായി FOMAA നല്‌കിയ പണമടക്കം 125000 രൂപ നല്‌കി. ( ഒരിക്കല്‍ ചെക്ക്‌ കളക്ഷന# ചാര്‍ജ്‌ 105 രൂപ) വീടുപണി കഴിഞ്ഞശേഷം അക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്ന 27903 /- രൂപയില്‍ 25000/- രൂപ സ്ഥിരനിക്ഷേപമിട്ടിട്ടുണ്ട്‌. FD Receipt 17 ന്‌ മുസ്‌തഫയ്‌ക്ക്‌ കൈമാറുന്നതാണ്‌.





എനിക്കറിഞ്ഞുകൂടാ...എങ്ങനെയാ, ആര്‍ക്കൊക്കെയാ നന്ദി പറയേണ്ടതെന്ന്..അതിന് ഏതു വാക്കാണ് വേണ്ടതെന്ന്...വാക്കിനുവേണ്ടി തപസ്സിരിക്കേണ്ടി വരുന്നു. ഭാഷയുടെ പരിമിതിയോര്‍ത്ത് ദുഖിക്കുന്നു.

ഇന്‍രര്‍നെറ്റുമായി ജീവിക്കുന്ന യുവത്വത്തിന് മനഷ്യത്വമോ കാരുണ്യമോ ഇല്ലെന്നാണ് പൊതുസമൂഹത്തിന്റെ കാഴ്ചപ്പാട്. അതുകേള്‍ക്കുമ്പോള്‍ വല്ലാതെ വിഷമം തോന്നാറുണ്ട്. അങ്ങനെ പറയുന്നവര്‍ക്കു മുന്നില്‍ ഇനിമുതല്‍ മുസ്തഫയുടെ വീടുണ്ട്. അതുപോലെ നമ്മുടെ കുഞ്ഞുകുഞ്ഞു സാഹായങ്ങളെത്തിയ പലതുമുണ്ട്.
മുസ്തഫയെപ്പോലെ അല്ലെങ്കില്‍ ഇതിലും വലിയ പ്രയാസത്തിലുള്ളവര്‍ വേറെയുമുണ്ടാവാം. പക്ഷേ നമ്മുടെ മുന്നില്‍ അപ്പോള്‍ മുസ്തഫയാണുണ്ടായിരുന്നത്. ...


ജാതിയോ മതമോ കൊടിയുടെ നിറമോ ഒന്നും നോക്കാതെ സഹജീവി എന്ന നിലയില്‍ മാത്രമായിരുന്നു നമ്മള്‍ മുസ്തഫയെ കണ്ടത്. ഈ രണ്ട് വര്‍ഷത്തെ ഇടപെടലുകളില്‍ നിന്ന് എനിക്കൊ രുപാട് പാഠങ്ങള്‍ കിട്ടിയിട്ട്. ഒരുപാട് നല്ല സുഹത്തുക്കളെ കിട്ടിയിട്ടുണ്ട്. ഇതൊക്കെ ഇതിനിയും നിലനില്ക്കണം എന്നാഗ്രഹമുണ്ട്. ഇനിയും നമുക്കിതുപോലെ കൊച്ചുകൊച്ചു കാര്യങ്ങള്‍ ഒരുമിച്ചു ചെയ്യാനുണ്ട്. അത് എന്തൊക്കെ, ഏതൊക്കെ പതുക്കെ എന്നാലോചിക്കാം.

ഈ 17 ന് പുളിക്കലില്‍ മുസ്തഫയുടെ വീട്ടിലേക്ക് എല്ലാവരെയും സന്തോഷത്തോടെ, അതിലേറെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നു.

Wednesday, March 30, 2011

അമ്മച്ചിക്ക്‌ ...

എന്തുകൊണ്ടാണ്‌ ഞാനന്ന്‌ കരഞ്ഞതെന്ന്‌ ഇപ്പോഴും വ്യക്തമല്ല. അന്നത്തെ രണ്ടാംക്ലാസ്സുകാരിയെ സംബന്ധിച്ചിടത്തോളം അത്രയേറെ സങ്കടപ്പെടാന്‍ എന്താണുണ്ടായിരുന്നത്‌? ക്ലാസ്സിലിരിക്കുമ്പോഴും സ്‌കൂളുവിട്ട്‌ വീട്ടിലേക്ക്‌ ഒറ്റയ്‌ക്കു നടന്നു വരുമ്പോഴും കണ്ണിലൂടെ വെള്ളമൊഴുകിക്കൊണ്ടേയിരുന്നു. നെഞ്ചില്‍ വലിയൊരു കനംപോലെ...കുഞ്ഞുങ്ങളായിരുന്ന അനിയത്തിമാര്‍ ആ ദിവസം എങ്ങനെയായിരുന്നു കഴിച്ചുകൂട്ടിയതെന്ന്‌ എനിക്കോര്‍മയില്ല. പിന്നീടൊരിക്കലും അവരതിനേപ്പറ്റി പറയുന്നതു കേട്ടുമില്ല. സങ്കടം മുഴുവന്‍ എനിക്കായിരുന്നു. അല്‌പമെങ്കിലും ഓര്‍മവെച്ചവള്‍ ഞാനായിരുന്നതുകൊണ്ടാവം.

ഞങ്ങളുടെ അമ്മച്ചിക്ക്‌ ജോലികിട്ടിയിരിക്കുന്നുവെന്നോ അതുകുറേ ദൂരത്താണെന്നോ പെട്ടെന്നൊന്നും ഞങ്ങള്‍ക്കു കാണാനാവില്ലെന്നോ തിരിച്ചറിയാന്‍ അനിയത്തിമാര്‍ക്ക്‌ വകതിരിവായിരുന്നില്ല. കടും നീലയില്‍ പിങ്ക്‌ പൂക്കളുളള ഇളം നീല ബോര്‍ഡറുള്ള സാരി ( എനിക്കൊരുപാടിഷ്ടമുണ്ടായിരുന്ന ) യായിരുന്നു അമ്മച്ചി ഉടുത്തിരുന്നത്‌. അത്തയ്‌ക്കൊപ്പം ജീപ്പിലേക്കു കയറിയ അമ്മച്ചിയെ നോക്കി നിന്നു ഞങ്ങള്‍ മൂവരും ...അമ്മച്ചി ഞങ്ങള്‍ക്കു നേരെ കൈവീശിയില്ല..തിരിച്ചും..പക്ഷേ, അമ്മച്ചിയുടെ മുഖത്ത്‌ ഒട്ടും സന്തോഷമില്ലായിരുന്നെന്നോര്‍ക്കുന്നു. ജീപ്പ്‌ മാഞ്ഞുപോകുംവരെ ഞങ്ങള്‍ നോക്കി നിന്നു. പിന്നെ, ഒന്നും സംഭവിക്കാത്തപോലെ (അങ്ങനെതന്നെയായിരിക്കണം) റോഡില്‍ നിന്ന്‌ താഴോട്ടിറങ്ങി ആറുകടന്ന്‌ കളിയുടെ ലോകത്തേക്ക്‌ പോയി.

ഒരുപക്ഷേ, ഞങ്ങള്‍ക്കു സന്തോഷമായിരിക്കണം. വഴക്കുപറയാന്‍, അടിക്കാന്‍ അമ്മച്ചി പെട്ടെന്നൊന്നും ഇല്ലെന്നുളളത്‌... അടിയ്‌ക്കും ശകാരത്തിനുമിടയില്‍ അമ്മച്ചി ഞങ്ങളെ അന്ന്‌ സ്‌നേഹിച്ചിരുന്നോ എന്ന്‌ തിരിച്ചറിയാനുമായില്ലെന്നു തോന്നുന്നു. അന്നേരമൊക്കെ മുറുക്കുന്നത്തയുടേയോ ഐഷാബീ അമ്മച്ചിയുടേയും അരികുപറ്റി നിന്നു ഞങ്ങള്‍..പേടിപ്പിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യാത്ത അവര്‍ മതിയായിരുന്നു ഞങ്ങള്‍ക്ക്‌. കൊച്ചനിയത്തിക്കന്ന്‌ രണ്ടുവയസ്സായിരുന്നു പ്രായം. അമ്മച്ചിയോടൊപ്പമായിരുന്നില്ല ഞങ്ങള്‍ ഉറങ്ങിയിരുന്നത്‌. (കൊച്ചനിയത്തിക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നോ എന്ന്‌ ഓര്‍മയുമില്ല) അമ്മച്ചി വേണ്ടായിരുന്നു ഞങ്ങള്‍ക്കു ഭക്ഷണം തരാന്‍..കുളിപ്പിക്കാന്‍..സ്‌കൂളിലേക്കൊരുക്കി വിടാന്‍...

എന്നിട്ടും മൂന്നാംനാള്‍ സങ്കടം സഹിക്കാന്‍ വയ്യാതെ കരഞ്ഞുകൊണ്ടിരുന്നു. പലപ്പോഴും സഹപാഠികള്‍ കാണുമല്ലോ എന്നോര്‍ത്ത്‌ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. അങ്ങനത്തെ സങ്കടം ഞാനന്നേവരെ അറിഞ്ഞിട്ടില്ലായിരുന്നു- അടികിട്ടുമ്പോള്‍ വേദനിച്ചിട്ട്‌, അല്ലെങ്കില്‍ വഴക്കുകേള്‍ക്കുമ്പോഴല്ലാതെ..വീണു കാലുമുട്ടുപൊട്ടുമ്പോഴല്ലാതെ...മനസ്സിനുള്ളില്‍ നിന്നൊരു വേദന...

സഹപാഠികള്‍ക്കെല്ലാവര്‍ക്കും സിന്ധുജാനകിയെ പേടിയായിരുന്നു.
അരുകിലിരിക്കുന്നവരെ അവള്‍ എപ്പോഴും നുള്ളിപ്പറിച്ചുക്കൊണ്ടിരുന്നു. അതുകൊണ്ട്‌ സഹപാഠികള്‍ അവള്‍ക്കൊപ്പമിരിക്കാന്‍ പേടിച്ചു. തിരിച്ചൊന്നു കൊടുത്താല്‍ നുള്ളിയും കടിച്ചുമവള്‍ കൊന്നുകളഞ്ഞേക്കും...കരഞ്ഞുകൊണ്ടിരുന്ന എനിക്കരുകില്‍ അന്ന്‌ അവളായിരുന്നു.
അവളെന്നോട്‌ എന്തിനാണ്‌ കരയുന്നതെന്നു ചോദിച്ചു.
എന്റെ അമ്മച്ചി ജോലികിട്ടിപ്പോയി എന്ന്‌ പറഞ്ഞു. ഒത്തിരി ദൂരത്തേക്കാണെന്നും. ഞാന്‍ പറഞ്ഞത്‌ അവള്‍ക്കു മനസ്സിലായിട്ടോ എന്തോ... മനസ്സിലായിക്കാണുമോ..അറിയില്ല. അവളെന്നെ നുള്ളിയില്ല. കടിച്ചില്ല..പിന്നീടൊരിക്കലും...

അമ്മച്ചിയ്‌ക്ക്‌ ജോലികിട്ടിയ വകയില്‍ എനിക്കുകിട്ടിയ ആനുകൂല്യമായിരുന്നുവത്‌.

ദൂരെയായിരിക്കുമ്പോള്‍ അമ്മച്ചി കത്തെഴുതാന്‍ തുടങ്ങിയത്‌ ഞാന്‍ ഒന്‍പതില്‍ പഠിക്കുമ്പോള്‍ മുതലാണ്‌. ഞങ്ങള്‍ മാസത്തിലൊരിക്കലേ കണ്ടിരുന്നുള്ളു. മലവെള്ളം വരുമ്പോള്‍ ആറ്റില്‍ പോയി കുളിക്കരുതെന്നും നന്നായി പഠിക്കണമെന്നും മാനുവിനേയും മഞ്ചുവിനേയും ശ്രദ്ധിക്കണമെന്നും നന്നായി നടക്കണമെന്നുമൊക്കെയാവും കത്തില്‍ (ആവര്‍ത്തനങ്ങള്‍ )

പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ്‌ ആകാശദൂത്‌ സിനിമ വന്നത്‌. ഞങ്ങള്‍ കൂട്ടുകാര്‍ ചേര്‍ന്ന്‌ സിനിമകാണാന്‍ പോയി...പലയിടവും അതിവൈകാരികമായി എനിക്കു തോന്നി. കരയിപ്പിക്കാനൊരു സിനിമ. പക്ഷേ, മൂത്തമകള്‍ക്ക്‌ മാധവി എഴുതിയ കത്തവള്‍ വായിക്കുന്നിടത്തെത്തിയപ്പോള്‍ ഞാനെന്റെ അമ്മച്ചിയെയോര്‍ത്ത്‌ ഉറക്കെയുറക്കെ കരഞ്ഞു.


പിന്നീട്‌ ഞങ്ങള്‍ മക്കളും അമ്മച്ചിയും അത്തയും ഒരുമിച്ച്‌ ജീവിക്കുന്നത്‌ പന്ത്രണ്ടു വര്‍ഷത്തിനു ശേഷമായിരുന്നു. അപ്പോഴേക്കും ഞങ്ങളൊക്കെ പരസ്‌പരം മാനസികമായി അകന്നുപോയിരുന്നോ എന്നിപ്പോഴും ചിന്തിച്ചുപോകുന്നു.
കുറച്ചുനാള്‍ ഞാനും മാനുവും അമ്മച്ചിക്കൊപ്പം
അതേപോലെ അത്തയ്‌ക്കൊപ്പം.
മഞ്ചു കൂടുതലും മുറുക്കുന്നത്തയ്‌ക്കും ഐഷാബി അമ്മച്ചിക്കുമൊപ്പം..
ഞങ്ങള്‍ മൂവരും അവര്‍ക്കൊപ്പം...

എങ്ങനെയൊക്കെയാണ്‌ ആ പന്ത്രണ്ടുകൊല്ലം കഴിഞ്ഞുപോയത്‌? പലപ്പോഴും അമ്മച്ചി എല്ലാവരും ഒരുമിച്ചു നില്‌ക്കുന്നകാലത്തെ സ്വപ്‌നം കണ്ടിരുന്നു. തീര്‍ച്ച. അതുപക്ഷേ, ദൂരേയക്കുള്ള ട്രാന്‍സ്‌ഫറുകളായി മാറിയെന്നു മാത്രം. എന്നിട്ടും ഞങ്ങള്‍ ഒരുമിച്ചു നില്‌ക്കാന്‍ തുടങ്ങിയപ്പോഴോ? അമ്മച്ചിയപ്പോഴും ദൂരത്തായിരുന്നു ജോലിചെയ്‌തിരുന്നത്‌. ഒരുമിച്ചു നില്‌ക്കുന്നതിനുവേണ്ടി പോയി വന്നു. എന്നിട്ടോ? അമ്മച്ചി സ്‌നേഹിക്കുന്നില്ല അംഗീകരിക്കുന്നില്ല എന്ന തോന്നലായിരുന്നു ഞങ്ങള്‍ക്ക്‌. അമ്മച്ചിക്കാണെങ്കില്‍ തിരിച്ചും. എന്നാല്‍ ഞങ്ങള്‍ മൂവരും ഒരു മനസ്സോടെ ഇരുന്നു. പരസ്‌പരം കേള്‍ക്കുകയും കാണുകയും ചെയ്‌തു. ഒരുമിച്ചു നിന്ന ഇക്കാലത്തേക്കാള്‍ എത്രയോ ഭേദമായിരുന്നു മുമ്പെന്നും കുഞ്ഞുന്നാളുമുതല്‍ മക്കളെ നോക്കിയാലെ പരസ്‌പരം സ്‌നേഹവും ബഹുമാനവും അംഗീകാരവുമുണ്ടാവുകയുള്ളുവെന്ന്‌ ഞങ്ങള്‍ മൂവരും പൊട്ടത്തരം പറഞ്ഞു.(നേരോ? )
രണ്ടോ മുന്നോ കൊല്ലങ്ങളുടെ ഇടവേളകളില്‍ ഞങ്ങളോരോരുത്തരായി ആ വീട്ടില്‍ നിന്നു പോന്നു. ഒരുപക്ഷേ, ഇനിയൊരിക്കലും അതേപോലെ ഒരുമിച്ചു നില്‌ക്കാനാകാത്തവിധം. ...

ഞാനും ജോലിക്കാരിയായി. മകളായി...അവളെ നോക്കാന്‍ ആളില്ലാതായപ്പോള്‍ ജോലിക്കും അവള്‍ക്കും വീടിനുമിടയില്‍ ഞാന്‍ വിഷമിച്ചു. വേണമെങ്കില്‍ അവളെ പിരിഞ്ഞിരിക്കാമായിരുന്നു. പക്ഷേ, എനിക്കൊരിക്കലുമതിന്‌ കഴിഞ്ഞില്ല. അവള്‍ ഞങ്ങളൊടൊപ്പം വളരണമെന്ന്‌ ആശിച്ചു. ചിലപ്പോള്‍ വാശിതോന്നി. ശരിയാണ്‌, ചിലപ്പോള്‍ അവള്‍ എന്റെ തിരക്കില്‍ വിഷമിച്ചിട്ടുണ്ടാവും. എന്നാലുമെന്നാലും ...ഞങ്ങള്‍ക്കു കുട്ടിക്കാലത്ത്‌ കിട്ടാതെ പോയ അമ്മച്ചിയെയോര്‍ത്ത്‌...അത്തയെയോര്‍ത്ത്‌...ദൂരേക്ക്‌ കൂടുതല്‍ നല്ല ജോലികിട്ടിയപ്പോഴും ഏതിനേക്കാളും പ്രധാനം എനിക്കവളായിരുന്നു. അത്ര സംതൃപ്‌തമല്ലാത്ത ജോലിയില്‍, സാഹചര്യങ്ങളില്‍ ...നാളെ എന്തായിരിക്കാമെന്നൊന്നും സ്വപ്‌നം കാണാന്‍ വയ്യാതെ...
എന്നാല്‍ ഞങ്ങളെ ഇവിടെവരെ എത്തിച്ചത്‌, ഞങ്ങളുടെ ആവശ്യങ്ങളൊക്കെ സാധിച്ചത്‌, ചിന്തകളെ രൂപപ്പെടുത്തിയത്‌, ഏതുസാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള മനസ്സിനുടമകളാക്കിയത്‌ (ആണോ എന്തോ..ആണെന്നാ വിചാരം) ഏതുലോകത്തേക്കും ഇറങ്ങിനടക്കാന്‍ ധൈര്യമുള്ളവരാക്കിയത്‌...എനിക്കറിഞ്ഞുകൂടാ..വാക്കുകള്‍ക്ക്‌ എവിടെ പോകുമെന്ന്‌? അങ്ങനെ ഏതാണ്ടെല്ലാമോ...

തികച്ചും പ്രായോഗികമതിയായ അമ്മച്ചിയും തുടങ്ങുന്നതെല്ലാം പരാജയപ്പെട്ടുകൊണ്ടിരുന്ന അത്തയും...

എന്നെ ഡോക്ടറാക്കാന്‍ ആശിച്ചിരുന്നതായി തോന്നിയിട്ടുണ്ട്‌. മക്കളില്‍ ഞാനായിരുന്നു പഠിക്കാന്‍ മുന്നില്‍...എന്റെ പ്രോഗ്രസ്‌ റിപ്പോര്‍ട്ടില്‍ ഒ പ്പുവെയ്‌ക്കുമ്പോള്‍ അങ്ങനൊരാഗ്രഹം എന്നോട്‌ പറഞ്ഞിരുന്നു. പക്ഷേ, എന്റെ ഹൈസ്‌കൂള്‍ കാലത്ത്‌്‌ അമ്മച്ചി അടുത്തുണ്ടായിരുന്നില്ല. ആഗ്രഹിച്ചിരുന്നതുപോലൊരു പള്ളിക്കൂടവുമായിരുന്നില്ല. ( ആ അലസത ഭാവിയില്‍ എന്റടുത്തു വന്നേക്കാവുന്ന രോഗികളെ രക്ഷപെടുത്തി...!!!)

എന്നാലും അമ്മച്ചിക്ക്‌ ജോലിയില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ എന്തായി തീരുമാനമായിരുന്നു...വരും വരായ്‌മകകളെക്കുറിച്ച്‌ ഒന്നും പറയാന്‍ വയ്യ. എന്നാലും അമ്മച്ചിക്കു കിട്ടിയ ശമ്പളത്തിന്റെ ഓരോ രൂപയിലും കണക്കുസൂക്ഷിച്ച്‌്‌്‌, കരുതലോടെ മാത്രം ചെലവഴിച്ചു. മൂന്നു പെണ്‍മക്കളായതുകൊണ്ട്‌ സ്‌ത്രീധനം കൊടുത്തുകെട്ടിച്ചു വിടേണ്ടി വന്നാല്‍ എന്തു ചെയ്യുമായിരുന്നോ എന്തോ? അങ്ങനെ വേണ്ടി വന്നില്ലെങ്കിലും ബാധ്യതക്കാരിയായി...ഞങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി...തൊഴില്‍ എന്ന ഒറ്റ ധൈര്യത്തില്‍...

ഞങ്ങള്‍ തിരിച്ചെന്തുനല്‍കിയെന്നു ചോദിച്ചാല്‍ ഒന്നുമുണ്ടാവില്ല. മൂന്നുപെണ്‍മക്കളെ പ്രസവിച്ചതിന്‌ ഈ ജീവിതം മുഴുവന്‍ അവര്‍ ഭാരം ചുമന്നു. ( ആണായാല്‍ എന്തെങ്കിലും പ്രയോജനമുണ്ടാവുമായിരുന്നോ എന്നറിയില്ല) ഇരുപത്തിയാറു കൊല്ലം അധ്വാനിച്ചിട്ട്‌ എന്തു മിച്ചമുണ്ടായി എന്നു ചോദിച്ചാലും ഒന്നുമുണ്ടാവില്ല.

ഒരു സാമ്പ്രദായിക അമ്മയായിരുന്നില്ല അവര്‍. വെളുപ്പിനെ എഴുന്നേറ്റ്‌ ഞങ്ങള്‍ക്ക്‌ ചോറും കറിയും പലഹാരങ്ങളും ഉണ്ടാക്കിതന്ന്‌ സ്‌കൂളിലേക്കു വിടുന്ന, ഞങ്ങളെ സ്‌നേഹിച്ചും ലാളിച്ചും ഓമനിച്ചുമിരിക്കുന്ന ഒരാളായിരുന്നില്ല.

എന്നാല്‍, വിവാഹത്തിനു മുമ്പ്‌ നല്ലൊരു രാഷ്ട്രീയക്കാരിയായിരുന്നു. സംഗീതവും നൃത്തവും ഒപ്പമുണ്ടായിരുന്നു. മുട്ടിനും താഴോട്ടു മുടിയുണ്ടായിരുന്നു....
എന്തിനു പറയുന്നു ഇനി...?

എടപ്പേതില്‍ പത്മനാഭന്‍ നായര്‍ മകള്‍ ആനന്ദവല്ലീശ്വരിയമ്മ ഇന്ന്‌ മൂന്നാര്‍ സര്‍ക്കാര്‍ ആയൂര്‍വ്വേദ ആശുപത്രിയില്‍ നിന്ന്‌ വിരമിക്കുന്നു.

. സിന്ധുജീനകിയോട്‌ പറയണമെന്നുണ്ട്‌..എന്റെ അമ്മച്ചിയുടെ ജോലി കഴിഞ്ഞു...നീയെന്നെ നുള്ളുമോ?

കുട്ടിക്കാലം തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു ഇപ്പോള്‍...

Sunday, February 13, 2011

കാടുമാത്രം തിരച്ചറിഞ്ഞത്‌....

പ്രണയദിനാശംസകളോടെ




അന്ന്‌ കാടുകയറിത്‌ എന്തിനാണെന്ന്‌ ഇന്നുമറിയില്ല. ഓര്‍ക്കുമ്പോള്‍ അല്‍പം നൊമ്പരം, അതിനേക്കാളേറെ...കൃത്യമായിട്ടൊന്നും പറയാനാവാത്ത എന്തോ ...എന്റെ ധമനകളില്‍ പ്രണയത്തിന്റെ ഉന്മാദം അലിഞ്ഞൊഴുകിയിരുന്നു എന്നുമാത്രമറിയുന്നു.
പ്രീഡിഗ്രിക്കാലം. രാത്രി മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ആരോരുമറിയതെ കുറിച്ച കവിതകള്‍ ഉറക്കെ ചൊല്ലിയത്‌ കാട്ടിനുളളില്‍ വെച്ചായിരുന്നു. പറമ്പിന്റെ ഒരറ്റത്തു നിന്ന്‌ കാടു തുടങ്ങുന്നു. ആ ഇരുളിമയില്‍ ഒരു പാലക്കുറ്റി തളിര്‍ത്തു നിന്നിരുന്നു. പാവച്ചുവട്ടിലിരുന്ന്‌ കവിത ചൊല്ലുമ്പോള്‍ ചുറ്റുപാടും നോക്കും. എന്നെ കേള്‍ക്കുന്നതാരാണ്‌? ഇലകളും പൂക്കളും തലയാട്ടുന്നു. പാറപ്പച്ചകള്‍ എന്നെ നോക്കിച്ചിരിക്കുന്നു. പേരക്ക കൊത്താന്‍ വന്ന തത്തകള്‍ കലമ്പുന്നു.
ഇതെന്തു പൊട്ടക്കവിതയാണെന്നാവണം...
പക്ഷേ, ഞാന്‍ നനഞ്ഞു. കവിതക്കടലാസും നനഞ്ഞു കുതുര്‍ന്നു. ആ മഴക്കാലത്തെ ശനിയാഴ്‌ച മഴകള്‍ ഉച്ചവരെ നനഞ്ഞു. തണുത്തു വിറച്ചു. പാറ തെന്നിക്കിടന്നിരുന്നു. വേനലില്‍ കാട്ടിലേക്കുപോയവര്‍ തെളിച്ചിട്ട വഴികള്‍ പലതും പായല്‍പിടിച്ചു കിടന്നിരുന്നു. അവിടെ ഒന്ന്‌ തെന്നിയാല്‍ ,ചിതറിത്തെറിച്ചുപോകാവുന്ന മാംസതുണ്ടുകളെക്കുറിച്ച്‌ ഓര്‍ത്തില്ല. അതുകൊണ്ട്‌ തന്നെ പേടിച്ചുമില്ല. മഴയിലും കാറ്റിലും കാട്ടുമരങ്ങളുടെ എകരങ്ങളൊടിഞ്ഞ്‌ വീഴാമായിരുന്നു. പക്ഷേ, അതുമുണ്ടായില്ല. അത്തരം ഭയങ്ങളൊന്നും ഇവളെ തൊട്ടില്ല.
എന്തുകൊണ്ടോ, നിന്നെ ഞാന്‍ സ്‌നേഹിച്ചു പോയി എന്ന്‌ ഉറക്കെയുറക്കെ പറഞ്ഞതു കേട്ടതും ആ കാട്ടുപൊന്തകളും മഴയുമായിരുന്നു. ദൂരെ ഒരു പൊട്ടുപോലെ അവനെ കാണാമായിരുന്നു. ശനിയാഴ്‌ചകളില്‍ അവനു ക്ലാസ്സുണ്ടായിരുന്നു. വീട്ടിലിരുന്നാല്‍ കൊക്കോയുടേയും കശുമാവുകളുടേയും പച്ചിലകള്‍ക്കിടയില്‍, അക്കരെ പറമ്പിലെ റബ്ബര്‍ മരങ്ങളുടെ ഇരുളില്‍ അവന്‍ അപ്രത്യക്ഷമായിരുന്നു. അവിടെയായിരുന്നു കോളേജ്‌. എന്നാല്‍ കുറച്ചു മുകളില്‍ കാട്ടിലേക്ക്‌ കയറിയാല്‍..കൃത്യാമായി പറഞ്ഞാല്‍ പലക്കുറ്റിക്കു ചേര്‍ന്നിരുന്നാല്‍ ഒരു പൊട്ടുപോലെയായിരുന്നെങ്കിലും എനിക്കു കാണാമായിരുന്നു. അക്കാലത്ത്‌ ദൂരദര്‍ശിനിയുടെ കാഴ്‌ച എനിക്കുണ്ടായിരുന്നെന്ന്‌ തിരിച്ചറിയുന്നു.

എന്തിനായിരുന്നു ആ സാഹസം? തൊട്ടടുത്ത ക്ലാസ്സിലായിരിക്കുമ്പോള്‍പോലും ഒന്നു നോക്കാതെ , മിണ്ടാതെ ഇരുന്നിട്ടും...
മഴയില്‍ കുതുര്‍ന്നിരിക്കുന്ന എന്നെ അവന്‍ കാണുന്നുണ്ടാവുമോ? ഒരിക്കലുമില്ലെന്നറിയാമായിരുന്നു. ഓരോ വള്ളിയും ഒതുക്കിമാറ്റി, എവിടെയൊക്കെയോ ഉരുണ്ടുവീണ്‌ കൈകാലുകള്‍ പോറി..ചളിപിടിച്ച്‌്‌...


തണുപ്പില്‍, കത്തുപിടിക്കാന്‍ പ്രയാസമുളള മുട്ടിക്കഷ്‌ണങ്ങളെക്കുറിച്ച്‌ അത്താമ്മ പരാതി പറഞ്ഞു. അടുപ്പില്‍ തീയൂതി ശ്വാസം നിലച്ചുപോകുന്നു. അതോര്‍ത്ത്‌ നനഞ്ഞു കുതിര്‍ന്നു കിടന്ന ചുള്ളിക്കമ്പുകള്‍ പെറുക്കിയെടുത്തു. കാടുകയറിയതിന്‌ വീട്ടില്‍ ഒരു കാരണം പറയണമല്ലോ...
അപ്പോഴൊക്ക, ഇവള്‍ അവനോട്‌ സംസാരിച്ചു കൊണ്ടിരുന്നു. പക്ഷേ, ദൂരത്തിരിക്കുന്ന അവന്‍ അതു കേള്‍ക്കാന്‍ വഴിയില്ല. പെയ്‌തുകൊണ്ടിരുന്ന മഴയും കാറ്റും ശബ്ദവീചികളെ തടഞ്ഞിരിക്കണം. കാടുമാത്രമാണ്‌ എന്റെ പ്രണയം തിരിച്ചറിഞ്ഞത്‌...