കുട്ടിക്കാലത്ത് അമ്മവീടെന്ന സങ്കല്‌പലോകം പോലും ഞങ്ങള്‍ക്കന്യമായിരുന്നു.
അങ്ങനെയൊരു വീടിനെക്കുറിച്ചോ അവിടുള്ളവരെക്കുറിച്ചോ ഞങ്ങള്‍ക്കു മുന്നില്‍വെച്ച് ഒരക്ഷരം പോലും മിണ്ടാതിരിക്കാന്‍ മുതിര്‍ന്നവര്‍ ശ്രദ്ധിച്ചിരുന്നു എന്നു തോന്നുന്നു. ഒരിക്കലോ മറ്റോ അമ്മച്ചിയുടെ ചേച്ചിമാര്‍ വന്നു കണ്ടിട്ടുണ്ട്. അത്രമാത്രം.
സ്‌കൂളവധികളില്‍ കൂട്ടുകാരൊക്കെ അമ്മവീടുകളിലേക്കു പോകുമ്പോള്‍ ഞങ്ങള്‍ മുറുക്കുന്നത്തയുടേയും ഐഷാബീവി അമ്മച്ചിയുടേയും കണ്‍വെട്ടത്തുനിന്നു മാറാതെ പറമ്പിലും ആറ്റിറമ്പിലും കളിച്ചു നടന്നു. അമ്മായിമാരുടെ മക്കള്‍ അവധിക്കു വരും. അതാണ് സന്തോഷം.
രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അമ്മച്ചി എന്നെ ഒരു യാത്ര കൊണ്ടുപോകാനൊരുങ്ങിയത്‌്. നേര്യമംഗലത്തെ അമ്പലത്തില്‍ മകരവിളക്കുത്സവത്തിനായിരുന്നു അത്. ആറിനക്കരെ താമസിക്കുന്ന തയ്യല്‍ക്കാരനെക്കൊണ്ട് ഇളം ഓറഞ്ചുനിറത്തിലൊരു ജൂബയും പാന്‍സും അടിപ്പിച്ചു. ഉച്ചകഴിഞ്ഞപ്പോള്‍ ആറ്റില്‍ കൊണ്ടുപോയി കുളിപ്പിച്ചു. ആദ്യമായി നേര്യമംഗലത്തേക്കു പോകുന്നതിനേക്കാള്‍ പുതിയ ഉടുപ്പിട്ട് യാത്രക്കൊരുങ്ങുന്നതിലായിരുന്നു എന്റെ കൗതുകം. അതിനുമുമ്പ് അമ്പലത്തില്‍ പോയതായിട്ടും ഓര്‍മയില്ല.
സന്ധ്യക്കാണ് അമ്പലത്തിനടുത്തെത്തിയത്. കണ്ണുകളില്‍ പൂത്തിരി കത്തി.
എവിടെയും പ്രകാശം. കച്ചവടക്കാര്‍..കുപ്പിവളയും മാലകളും പീപ്പിയും ബലൂണും...ഒരുപാടു മനുഷ്യര്‍...പെരിയാറിന്റെ തീരത്തായിരുന്നു ക്ഷേത്രം. അക്കരെ മീനാക്ഷിക്ഷേത്രത്തിലേക്കു പോകു്‌ന്നവരെ കയറ്റിയ വള്ളം....ഏതോ അത്ഭുതലോകത്ത് എത്തിയതുപോലെ...
അമ്പലപറമ്പിലെ സ്റ്റേജില്‍ നിന്ന് 'ദേവതാരൂ പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍?.' എന്ന പാട്ട്...സ്റ്റേജില്‍ നിന്ന് കുറേ അകലെയായിരുന്നതുകൊണ്ട് അമ്മച്ചി ഒന്നുകൂടി എത്തിവലിഞ്ഞുനോക്കി ഉറപ്പിച്ചു. മുമ്പ് അയല്‍വാസിയായിരുന്ന ചെറുക്കനാണത്രേ ആ പാട്ടു പാടുന്നത്.
ആ യാത്രയില്‍ ഇത്രയൊക്കെയാണ് തെളിച്ചമുള്ളത്.
പക്ഷേ, ഇതൊന്നുമായിരുന്നില്ല പ്രധാനം. സന്ധ്യക്ക്, അമ്പലമതിലിനോട് ചേര്‍ന്നു നിന്ന അമ്മമ്മയെ കണ്ടപ്പോള്‍ ഏതു ഭാവമായിരുന്നു എന്റെ മുഖത്ത്? അമ്മമ്മയാണെന്നൊന്നും ആരും പറഞ്ഞു തന്നില്ലെന്നാണ് ഓര്‍മ. എന്നിട്ടും എനിക്കു മനസ്സിലായി! ഒരു ഓറഞ്ച് നല്‌കിയപ്പോള്‍ എന്റെ ഉടുപ്പിനും ഇതിനും ഒരേ നിറമാണല്ലോ എന്നോര്‍ത്തു.
ചേച്ചിമാര്‍ വന്ന് അമ്മച്ചിയെ വീട്ടിലേക്ക് ക്ഷണിച്ചു.
ഞാന്‍ വരുന്നില്ല എന്ന കടുപ്പിച്ച വാക്കുകള്‍ കേട്ട് എനിക്കു വേദനിച്ചു.
എന്നാലും നീ ഇവിടെവരെ വന്നിട്ട്....ഈ കൊച്ചിനേങ്കിലും വിടടീ..എന്നൊക്കെ കൊച്ചേച്ചി പറഞ്ഞുകൊണ്ടിരുന്നു. അവസാനം എന്നെ വിടാമെന്നായി...
്
വലിയൊരു വെളിച്ചത്തില്‍ നിന്ന് ഇടവഴിയിലേക്കിറങ്ങി ഇരുള്‍ പടര്‍ന്ന കൊക്കോച്ചെടികള്‍ക്കിടയിലൂടെ കുനിഞ്ഞും നിവര്‍ന്നും....അമ്മവീട്ടിലേക്കാണെന്നാണ് കരുതിയത്. പക്ഷേ അമ്മച്ചിയുടെ ചേച്ചിയുടെ വീട്ടിലാക്കായിരുന്നെന്നു മാത്രം.
തിരിച്ച് അമ്പലപ്പറമ്പിലേക്കും കൊക്കോച്ചെടികളുടെ ഇടയിലൂടെയായിരുന്നു നടത്തം.
പറമ്പിന്റെ പലഭാഗങ്ങളും ഇരുള്‍മൂടി കിടന്നിരുന്നെങ്കിലും അതൊന്നുമൊരിക്കലും ഭയപ്പെടുത്തുന്നതായിരുന്നില്ല. അതൊക്കെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഞങ്ങള്‍ക്കു ചുറ്റും മലകളായിരുന്നെന്ന് പറയാം. ഈറ്റക്കാടും പുല്‍മേടും, കൂറ്റന്‍ പാറകളും, നിബിഡ വനവുമൊക്കെയായി... ഉറക്കമുണര്‍ന്ന് നോക്കുന്നതെ അക്കരെ കുന്നിലേക്കായിരുന്നു. അടുത്തായിരുന്നിട്ടും ആ മല കയറിയിരുന്നില്ല.
ചില അമാനുഷികരായ സന്യാസിമാര്‍ ഉണ്ടത്രേ! അവര്‍ കാടുകള്‍ക്കുള്ളിലിരുന്ന് ജപം ചെയ്‌താണ് അമാനുഷികരാവുന്നതെന്നും അവര്‍ക്ക് ത്രികാലങ്ങളെക്കുറിച്ച് ജ്ഞാനമുണ്ടെന്നും മുറുക്കുന്നത്ത എന്ന മുത്തച്ഛന്‍ പറഞ്ഞു.
വലുതാവുമ്പോള്‍ എനിക്കുമൊരു സന്യാസിയാവണമെന്നും ജ്‌്‌ഞാനമുണ്ടാവണമെന്നും അന്നേരത്തൊക്കെ തോന്നി. ഈശ്വരനെ ധ്യാനിച്ചിരിക്കുവാന്‍ ഞാന്‍ കണ്ടത് അക്കരെ മലയായിരുന്നു.
വലുതാവുമ്പോള്‍ അങ്ങോട്ടു യാത്ര പോകണം. ഈശ്വരനെ ധ്യാനിച്ചിരിക്കണം. ത്രികാലജ്ഞാനിയായി കാടും മേടും അലഞ്ഞു നടക്കണം.
അന്നൊന്നും അങ്ങനെയൊരു യാത്ര സാധ്യമല്ലെന്നൊന്നും തോന്നിയിട്ടില്ല. ഒരു പെണ്‍കുട്ടിക്ക് ഒറ്റക്ക് യാത്രചെയ്യാന്‍ പരിമിതികളുണ്ടെന്ന തിരിച്ചറിവായിട്ടില്ല.
വിനോദയാത്ര എന്നു കേള്‍ക്കുന്നത് അഞ്ചാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. അക്കൊല്ലം മധുരക്കും ആറില്‍ വെച്ച് മലമ്പുഴക്കുമായിരുന്നു യാത്രകള്‍. പക്ഷേ, എന്നെ വിട്ടില്ല. ബസ്സില്‍ കയറിയാല്‍ ഉറങ്ങാനും ഛര്‍ദ്ദിക്കാനും തുടങ്ങുന്ന നിന്നെ എങ്ങനെ വിടുമെന്നായിരുന്നു അമ്മച്ചിയുടെയും അത്തയുടെയും ചോദ്യം. ശരിയാണ് ബസ്സുകാണേണ്ടതാമസം. ഞാനുറങ്ങും. ഛര്‍ദ്ദിക്കുകയും ചെയ്യും. സ്‌കൂളടക്കുമ്പോഴും തുറക്കുമ്പോഴും മറയൂരുനിന്ന് ദേവിയാറിലേക്കും തിരിച്ചുമുള്ള യാത്രകള്‍ ഇത്തരത്തില്‍ സാഹസം തന്നെയായിരുന്നു. വിനോദയാത്രക്കു വിടണമെങ്കില്‍ ഞാന്‍ തന്നെ ശ്രമിക്കണം. എന്നാലേ അത്താക്കുമമ്മച്ചിക്കും എന്നിലൊരു വിശ്വാസം വരൂ.
അടുത്ത ദേവിയാറിലേക്കുള്ള യാത്രയില്‍ ബസ്സില്‍ കയറിയിരിക്കുമ്പോള്‍ ഉറങ്ങാതിരിക്കാന്‍ കണ്ണുതുറന്നു പിടിച്ചിരുന്നു. ഛര്‍ദിക്കാതിരിക്കാന്‍ ബലം പിടിച്ചു നോക്കി. ചന്ദനം ഇടതൂര്‍ന്ന് നില്‍ക്കുന്ന ആനക്കാല്‍ പെട്ടിപോലുമെത്തിയില്ല. അതിനുമുമ്പേ കലാപരിപാടി തുടങ്ങി.
സ്‌കൂളില്‍നിന്നുള്ള വിനോദയാത്ര നടക്കില്ലെന്നുള്ള ബോധത്തില്‍ നിന്നാണോ എന്തോ നടന്നുപോകാവുന്ന യാത്രകളിലേക്ക്, കാട്ടിലേക്ക് പോകാന്‍ തുടങ്ങിയത്. കൊങ്ങിണിച്ചുള്ളി ഒടിക്കാനെന്നു പറഞ്ഞായിരുന്നു അയല്‍വീട്ടിലെ ബിന്ദുവിനും അനിക്കും ലതചേച്ചിക്കും പൊടിയമ്മചേച്ചിക്കുമൊക്കെ ഒപ്പം കാടും നാടും അതിരിടുന്ന കനാല്‍ കടന്നത്. കനാലിലെ മുട്ടൊപ്പമുള്ള വെള്ളം കടന്ന് കാട്ടിലേക്ക് കടക്കുമ്പോഴെ മനസ്സു പറക്കാന്‍ തുടങ്ങും. കമ്പെറിഞ്ഞ് നെല്ലിക്കവീഴ്‌ത്തി, പൊട്ടിപ്പഴങ്ങള്‍ പറിച്ച്‌് , ഞൊട്ടാഞൊടിയനും ചുക്കുട്ടിച്ചീരപ്പഴങ്ങഴും തിന്ന് പേരറിയാമരങ്ങള്‍ക്കു ചുവട്ടിലൂടെ..മുമ്പേ കടന്നുപോയ ആരോ തെളിച്ച കൊച്ചു വഴികളിലൂടെ...
കാടൊരിക്കലും ഭയമായിരുന്നില്ല. വല്ലാതെ പടര്‍ന്നു പന്തലിച്ച ആല്‍മരച്ചുവട്ടിലേക്കൊന്നും നൂഴ്‌ന്നു കയറാറില്ല. പക്ഷികളുടെ ചിറകടിയൊച്ചയും ഇരുളും അങ്ങോട്ടടുപ്പിച്ചില്ല.
വെക്കാലിയും വേങ്ങയും വീട്ടിയുമൊക്കെയുണ്ടായിരുന്നെങ്കിലും അതിനേക്കാളൊക്കെ കൂടുതല്‍ കരിന്തൊലിയോടെ നിന്ന ചന്ദനമരങ്ങളായിരുന്നു. ചന്ദനത്തിന്റെ വിലയേക്കുറിച്ച്‌് അറിവില്ലാഞ്ഞിട്ടോ, അല്ലെങ്കില്‍ നിയമത്തെക്കുറിച്ച് അജ്ഞരായിരുന്നതുകൊണ്ടോ എന്നറിയില്ല. ഒപ്പമുണ്ടായിരുന്ന മുതിര്‍ന്നവര്‍ ഉണങ്ങിവീണ ചന്ദനകഷ്‌ണങ്ങള്‍ തീകത്തിക്കനായി എടുത്തിരുന്നു. ഫോറസ്‌റ്റുകാരുകണ്ടാല്‍ പിടിക്കുമെന്നറിയാം. അതുകൊണ്ട് കാട്ടുകാപ്പിയുടെയും കൊങ്ങിണിയുടെയും ഇടയില്‍ പൊതിഞ്ഞായിരുന്നു കൊണ്ടുവന്നിരുന്നത്. പലരുടെയും അടുക്കള ചിമ്മിനിയില്‍ നിന്ന് പുറത്തേക്കുവന്ന പുകക്ക് ചന്ദനസുഗന്ധമായിരുന്നു.
വഴിയില്‍ വട്ടം ചാടി കാട്ടുമുയല്‍, ഞങ്ങളെ കണ്ട് പേടിച്ചോടുന്ന മാന്‍ കൂട്ടം, പാമ്പാറിന്റെ തീരത്തു നിന്ന് ചിന്നം വിളി, ചൂടാറാത്ത ആവിപറക്കുന്ന് ആനപ്പിണ്ടം........പാറയിടുക്കുകളിലും ഗുഹകളിലും മൃഗങ്ങളുടെ കാല്‍പ്പാടുകള്‍.........
മുതിര്‍ന്നവര്‍ ഉണങ്ങിവീണ വലിയ കമ്പുകള്‍ തേടി നടക്കുമ്പോള്‍ ഞങ്ങള്‍ കൊങ്ങിണിപ്പൊന്തക്കുള്ളില്‍ നൂഴ്‌ന്നു കയറും. എന്റെ വിറകുകെട്ട് കണ്ട് കാക്ക കൂടുവെയ്‌ക്കാന്‍ കൊണ്ടുപോകും എന്ന് പൊടിയമ്മചേച്ചി കളിയാക്കി.
ഈ കാക്കച്ചുള്ളികളായിരുന്നോ ആ യാത്രകളുടെ ലക്ഷ്യം? ഓരോ ശനിയും ഞായറും തൂക്കുപാത്രത്തില്‍ വെള്ളവുമായി കാടുകയറിയതെന്തിനായിരുന്നു ?
ഓരോ യാത്രയിലും കാടിന്റെ ഉള്ളുകളിലേക്ക് പോയിത്തുടങ്ങി. മുതിര്‍ന്നവരില്ലാതെ ഞങ്ങള്‍ കുട്ടികള്‍ മാത്രം. നാട്ടിലെ, സ്‌കൂളിലെ പലതരം കഥകള്‍ പറഞ്ഞുകൊണ്ടിരിക്കും. അങ്ങുതാഴെ പാമ്പാറിന്റെ തീരത്തേക്ക് പോകണമെന്നും അവിടെ നീന്തണമെന്നുമൊക്കെയായിരുന്നു അന്നത്തെ വലിയ മോഹം.
സാധാരണ രാവിലെ ഒന്‍പതുമണിക്കുമുമ്പായി പോകും. പന്ത്രണ്ടുമണിക്കുമുമ്പായി വരികയും ചെയ്യും. അന്നേരത്ത് അമ്മച്ചി ജോലികഴിഞ്ഞ് വീട്ടിലെത്തുന്നതേ ഉണ്ടാവൂ. ഒരിക്കല്‍ എന്തു സംഭവിച്ചതാണെന്ന് ഇന്നുമോര്‍മയില്ല. സ്വപ്‌നത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ പാമ്പാറിന്റെ തീരത്തേക്ക് നടന്നതാണോ, വീട്ടില്‍ നിന്ന് ഇറങ്ങാന്‍ വൈകിയതാണോ, വഴിതെറ്റിയതാണോ ഒന്നുമോര്‍മയില്ല. ചുള്ളിയൊടിച്ചും പെറുക്കിയും ഇടക്ക് വാതോരാതെ വര്‍ത്തമാനം പറഞ്ഞും നേരമൊന്നുമായില്ലെന്നോര്‍ത്ത് കുറേ നേരം പുല്ലിലിരുന്നത് മാത്രം ഓര്‍മയുണ്ട്.
താഴെ പാമ്പാറിലെ വെള്ളം കുത്തുകളിലേക്ക് വീഴുന്ന ശബ്ദം. അതിനിടയിലേക്കാണ് ആരൊക്കെയോ ഞങ്ങളെ വിളിക്കുന്നത് കേട്ടത്. കുറേ മുകളില്‍ കാട്ടില്‍ ഒറ്റപ്പെട്ടു നിന്നിരുന്ന കനാലിനടുത്തുനിന്നായിരുന്നു അത്. വിറകുകെട്ടുമായി കുന്നു കയറുമ്പോള്‍ ഞങ്ങളെ അന്വേഷിക്കുന്ന ശബ്ദം മാത്രം കാട്ടില്‍ മുഴങ്ങിക്കേട്ടു.
`രണ്ടുമണിയുടെ പി. എമ്മസ്സുപോയി. നിങ്ങളെവിടെയാ? `
....അയല്‍വക്കത്തെ കുമാറിന്റെ ശബ്ദം. രണ്ടുമണിയോ? ഒരു തരം വിറയലായിരുന്നു എനിക്കും അനിയത്തിക്കും. ഞങ്ങളിന്നേവരെ ഇത്ര വൈകിയിട്ടില്ല. അമ്മച്ചി വീട്ടിലെത്തിയിട്ടുണ്ടാവും. അടിയുറപ്പ്. കനാല്‍കടക്കുമ്പോള്‍ സമാധിനിച്ചു. വഴക്കു പറയില്ലായിരിക്കും..
പക്ഷേ, പ്രശ്‌നം അതിലും കടുപ്പമായിരുന്നു. വീടുപൂട്ടി ഇറങ്ങുമ്പോള്‍ അനിയത്തി താക്കോല്‍കൊണ്ടുവെച്ചത് അയല്‍വക്കത്തെ വീടിന്റെ ഇറയത്ത് തൂക്കിയ പൂച്ചട്ടിയില്‍...താക്കോല്‍ അന്വേഷിച്ച് കിട്ടാത്തതിലും ഞങ്ങളെ കാണാഞ്ഞതിലുമുള്ള ദേഷ്യത്തില്‍ പൊതിരെത്തല്ലി. ഞങ്ങള്‍ കരഞ്ഞു കരഞ്ഞ് തളര്‍ന്നുറങ്ങിപ്പോയി. ഉറക്കത്തില്‍നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ അഞ്ചുമണികഴിഞ്ഞിരുന്നു. വിശപ്പുമാത്രമായിരുന്നു അപ്പോള്‍.
ഓരോ ദിവസവും മാട്ടുചെക്കന്മാര്‍ അക്കാതങ്കച്ചിമലയിലേക്ക് മാടുകളുമായി പോയി. ഒരു സന്ധ്യക്ക് മാത്തുക്കുട്ടിച്ചേട്ടന്റെ വരാന്തയിലിരിക്കുമ്പോള്‍ ദൂരേക്ക് വിരല്‍ചൂണ്ടി ഷീബ അക്കാതങ്കച്ചി മലയുടെ കഥ പറഞ്ഞു.
പണ്ട്, അനിയത്തിയും ജ്യേഷ്‌ഠത്തിയും കൂട്ടുകാരോടൊപ്പം വിറകുപെറുക്കാന്‍ പോയി. വിറകുപെറുക്കിക്കെട്ടിവെച്ച് അവര്‍ അടുത്തുകണ്ട് ഗുഹക്കുള്ളില്‍ കയറിയിരുന്നു. പേന്‍കുത്തിയിരുന്ന അവര്‍ ഉറങ്ങിപ്പോയി. അനിയത്തിയും ജ്യേഷ്‌ഠത്തിയും ഉണരുമ്പോള്‍ പോന്നോളുമെന്ന് കരുതി കൂട്ടുകാര്‍ വിറകുമായി നടന്നു. അവരെ കാണാഞ്ഞ് അന്വേഷിച്ചു വന്നപ്പോഴാണ് ഗുഹാമുഖമടഞ്ഞിരിക്കുന്നത് കണ്ടത്. അന്നു മുതല്‍ ആ മല അക്കാതങ്കച്ചിമലയെന്ന പേരില്‍ അറിയപ്പെട്ടു....
(തുടരും)
മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച യാത്രാനുഭവത്തിലെ ഒരു ഭാഗം
Friday, February 20, 2009
Friday, February 13, 2009
കൗമാരസ്വപ്‌നങ്ങളിലെ മഞ്ഞ്
കാട്ടുപൊന്തകളിലെ സഞ്ചാരം-1
സര്‍പ്പഗന്ധിക്ക് രണ്ടാം വയസ്സും നൂറാമത്തെ പോസ്‌റ്റും. പ്രണയദിനാശംസകളോടെ...

കാട്ടിലേക്കും നാട്ടില്‍ പലയിടങ്ങളിലുമായി കൊച്ചുകൊച്ചുയാത്രകളൊരുപാട് ചെയ്‌തെങ്കിലും പത്തില്‍ പഠിക്കുമ്പോഴാണ് എന്റെ മനസ്സിലേക്ക് ഒരുമലയും അവിടേക്കുള്ളയാത്രയും കടന്നുവന്നത്.
ഒരു വൈകുന്നേരം ആറ്റില്‍ വെള്ളം തെറിപ്പിച്ചു നടക്കുമ്പോഴാണ് വടക്കേ അറ്റത്തെ കുന്നിന്‍ മുകളിലേക്ക് ചൂണ്ടി എന്റെ സഹപാഠിയുടെ ശരിക്കുമുള്ള വീട് അവിടെയാണെന്ന് ഒരു ചേച്ചി പറയുന്നത്. അന്നുരാത്രി ഞാനെന്റെ ജനലുകള്‍ തുറന്നിട്ട് മലമുകളിലേക്ക് നോക്കിയിരുന്നു. ഒരു നക്ഷത്രം താഴോട്ടിറങ്ങി വന്നതുപോലെ ചെറിയൊരു വെളിച്ചം മിന്നിമറഞ്ഞു. അത് അവന്റെ വീട്ടിലെ വിളക്കായിരുന്നു.
പിന്നീടെന്നും ജനലുകള്‍ തുറന്നു കിടന്നു. അവിടെ മഞ്ഞിറങ്ങുന്നതു കണ്ടു. മഴവില്‍ തെളിയുന്നതുകണ്ടു. മഴക്കാലത്ത് ചെറിയ വെള്ളച്ചാട്ടങ്ങള്‍ കണ്ടു. വേനലാവുമ്പോള്‍ വെള്ളച്ചാട്ടം വരണ്ടുണങ്ങി കറുത്ത പാറയില്‍ വെളുത്ത വരകള്‍ വരച്ചു.
ആറുകടന്ന്, റോഡുകടന്ന് പലരുടേയും പറമ്പ് കടന്ന് വലിയൊരു കുന്നു കയറി .......കുന്നിന്റെ പകുതി മുതല്‍ യൂക്കാലിപ്‌റ്റ്‌സ് കാടാണ്. അതും കടന്ന് പിന്നെയും കാട്ടിലൂടെ വടക്കോട്ടു പോകേണ്ടിയിരുന്നു അങ്ങോട്ട്. പെണ്‍കുട്ടിയായ എനിക്ക് ഒരു ദിവസം കാടുകയറി പോകാമായിരുന്ന ഒരിടമായിരുന്നില്ല അത്. എന്നിട്ടും എന്റെ കൗമാരസ്വപ്‌നങ്ങളില്‍ ആ കുന്നിന്‍ചെരുവിലേക്കുള്ള യാത്രയുണ്ടായിരുന്നു എപ്പോഴും. ആരുമറിയാതെ ഒരു ദിവസം പോകണമെന്നു കൊതിച്ചു. ആരും വഴികാട്ടിയായില്ലാത്ത യാത്ര.
വീടിനു പുറകിലെ മലയുടെ തുഞ്ചത്ത് കയറുമ്പോഴും അക്കരമലയുടെ വടക്കേയറ്റത്തായിരുന്നു എന്റെ കണ്ണുകള്‍. വളരെ ചെറുതായി കണ്ട ഒരോ മരത്തിന്റെയും നില്‌പ് ഇന്നും മനപാഠമാണ്. നോട്ടുബുക്കിന്റെ അവസാനതാളുകളില്‍ അവിടമായിരുന്നു വരച്ചുവെച്ചത്.
യൂക്കാലിപ്‌റ്റ്‌സ് കാടിനോടുചേര്‍ന്ന് തീപടര്‍ന്നുപിടിച്ചപ്പോള്‍, കരിയോയില്‍തേച്ച് പലകയടിച്ച പത്താംക്ലാസിലിരുന്ന് കൊച്ചുകൊച്ചു വീടുകള്‍ കത്തിവീഴുന്നതു കണ്ടു. അത് വ്യക്തമായി കാണാവുന്ന ദൂരത്തായിരുന്നു. തീ പടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു...വടക്കോട്ടുവടക്കോട്ട്...ഉണങ്ങിക്കരിഞ്ഞുകിടന്ന കരിയിലകളിലേക്ക് ആരോ എറിഞ്ഞ ബീഡിക്കുറ്റിയാവാം....
വടക്കേ അറ്റത്തേക്ക് തീ പടരുമോ എന്ന് അന്നുച്ച കഴിഞ്ഞ് അധ്യാപകന്‍ അവനോട് ചോദിച്ചു.
ഇല്ലെന്ന്, അവിടെയൊരു തോടുണ്ടെന്ന് തോടിനപ്പുറം കടക്കില്ലെന്ന് മറുപടി പറഞ്ഞപ്പോള്‍ എന്തൊക്കെയോ അവനോട് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, അതിനുള്ള ധൈര്യമില്ലായിരുന്നു.
ആ കുന്നിന്‍മുകളിലേക്കുള്ള യാത്രയായിരുന്നു എന്റെ ആദ്യ കഥ. ദേവികുളം ആകാശവാണിയില്‍ ആ കഥ വായിക്കുമ്പോള്‍പോലും അക്ഷരങ്ങള്‍ക്കുപകരം തെളിഞ്ഞത് അങ്ങോട്ടുള്ള വഴി തന്നെയായിരുന്നു. ഇക്കരെയൊരു വീടിന്റെ ജനാലതുറന്നാല്‍ കാണുന്ന വഴിയല്ല അങ്ങോട്ടേക്കുള്ളതെന്ന് നന്നായറിയാമായിരുന്നു. ഇവിടെനിന്നു നോക്കുമ്പോള്‍ ഒരു കുന്നിന്‍ചെരിവാണ്. മലകയറിയാല്‍ നിരപ്പായിരിക്കും. തെരുവപ്പുല്ലും കൊങ്ങിണിയും ഇഞ്ചയും കൂമള്ളും വകഞ്ഞുമാറ്റി വേണ്ടിവരും പോകാന്‍. ഇവിടെ നിന്നു നോക്കുമ്പോള്‍ മരങ്ങളെല്ലാം ചേര്‍ന്ന് ഒരു ഗോപുരത്തിന്റെ ആകൃതിയുണ്ട്. അടുത്തെത്തുമ്പോള്‍ ഓരോന്നും ഒരുപാടു ദൂരങ്ങളിലായിരിക്കും. ഓരോന്നും ഒറ്റയായി. എങ്ങനെ അടയാളങ്ങള്‍ കണ്ടെത്തും?
ആയിടക്കാണ് അവന്റെ അയല്‍വാസിയായൊരു പെണ്‍കുട്ടി അവളുടെ സഹപാഠിയായ എന്റെ അയല്‍ക്കാരിയോട് പറഞ്ഞത് അവനവിടെ ചെല്ലുമ്പോഴൊക്കെ വീടിനടുത്തുള്ള പാറയില്‍ കയറി ഇരിക്കുമത്രേ! ആ പാറയില്‍ 'മൈന' 'മൈന' 'മൈന' എന്നെഴുതി വെച്ചിരിക്കുന്നു പോലും.!
ഒരു ദൂരദര്‍ശിനി വേണമെന്ന് എനിക്കപ്പോള്‍ തോന്നി. ദൂരദര്‍ശിനിക്ക് എന്തുവില വരും എന്നന്വേഷിച്ചു. അതുമായി മലയിലേക്ക് നോക്കിയിരിക്കുന്ന എന്നെ സങ്കല്‌പിച്ചു നോക്കി. വീട്ടുകാര്‍ എനിക്ക് വട്ടാണെന്ന് കരുതും.
കഴിഞ്ഞ രണ്ടുവര്‍ഷം മുമ്പാണ് വിദേശത്തുനിന്നു വന്ന ഒരു ബന്ധുവിന്റെ കൈയ്യില്‍ ദൂരദര്‍ശിനി കണ്ടത്. ആരുമറിയാതെ ഞാനപ്പോള്‍ നോക്കിയത് മലയുടെ വടക്കേയറ്റത്തേക്കായിരുന്നു.
വര്‍ഷങ്ങളെത്ര കഴിഞ്ഞു. പെട്ടെന്നൊരു ദിവസം ആ മലകയറി പോകാന്‍ പറ്റാത്തത്ര ദൂരത്തായി. ഒരിക്കല്‍ പോകണം പോകണം എന്ന് സ്വപ്‌നം കണ്ടതല്ലാതെ,........
******************************************
2009 ജനുവരി 18-24 മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ എഴുതിയ യാത്രാനുഭവത്തിലെ ഒരു ഭാഗം
നാട്ടുപച്ച ഒരുക്കിയ പ്രണയ വിരുന്ന് കാണുക

Sunday, February 8, 2009
സര്‍പ്പങ്ങളെക്കുറിച്ച് ചില സംശയങ്ങള്‍

കോഴിക്കോട് ആര്‍. കെ. മിഷന്‍ സ്‌കൂളിലെ പി. കെ ഉണ്ണികൃഷ്‌ണന്‍ എന്ന അധ്യാപകന്‍ വിഷചികിത്സ എന്ന പുസ്‌തകം വായിച്ച് ചില തെറ്റുകള്‍ ചൂണ്ടികാട്ടുകയും സംശയങ്ങള്‍ ചോദിക്കുകയും ചെയ്‌തുകൊണ്ട് കത്തെഴുതി. അദ്ദേഹത്തിന് മറുപടി എഴുതിയപ്പോള്‍ അതൊരു പോസ്‌റ്റായി കൊടുക്കുന്നതു നന്നാവും എന്നു തോന്നി. കാരണം ഞാന്‍ സര്‍പ്പഗവേഷകയല്ല എന്നാല്‍ അറിയാന്‍ ശ്രമിക്കാറുണ്ട്. പാമ്പകടിക്ക് ചികിത്സിച്ചിട്ടുണ്ട്. ചില പുസ്‌തകങ്ങളുടെ സഹായത്തോടെയും ഇന്റര്‍നെറ്റിന്റെ സഹായത്തോടെയുമാണ് പാമ്പകളെക്കുറിച്ചുള്ള വിവരങ്ങള്‍ കൊടുത്തത്. പല പുസ്‌തകങ്ങളിലും വിരുദ്ധമായ വിവരങ്‌ഹളാണ് കാണാനായത്. ഏഴു വര്‍ഷം മുമ്പ് പുസ്‌തകമെഴുതുമ്പോഴുള്ള വിവരങ്ങളല്ല ഇപ്പോള്‍ ശരി. ശാസ്‌ത്രം വളര്‍ന്നുകൊണ്ടിരിക്കുന്നു. മാറ്റങ്ങളുമുണ്ടാവുന്നു.
എല്ലാചോദ്യത്തിനുമല്ല ഉത്തരമെഴുതിയത്. ചില ചോദ്യങ്ങള്‍ക്ക് പരസ്‌പരബന്ധമുള്ളതുകൊണ്ട് വെവ്വേറെ ഉത്തരമെഴുതിയിട്ടില്ല.
1. അണലിയും ചേനത്തണ്ടനും ഒന്നുതന്നെയല്ലേ?
അണലിയും ചേനത്തണ്ടനും ഒരേ കുടുംബത്തില്‍പെട്ടവരാണ്. എന്നാല്‍ ഒന്നല്ല. വൈപറിഡേ കുടുംബത്തില്‍ പെടുന്നു അവര്‍. ആയൂര്‍വേദത്തില്‍ മൂര്‍ഖന്‍, മണ്ഡലി, രാജിലം, വേന്തിരന്‍ എന്നിങ്ങനെ നാലുവിഭാഗമായാണ് തരം തിരിച്ചിരിക്കുന്നത്. ഇതില്‍ മണ്ഡലി എന്ന വിഭാഗമാണ് വൈപറിഡേ. 60 ഇനം മണ്ഡലികളുണ്ടെന്നാണ് ഗ്രന്ഥങ്ങളില്‍ കാണുന്നത്. മണ്ഡലി വിഭാഗത്തെ ചില പുസ്‌തകങ്ങളില്‍ അണലി എന്നും പറയുന്നുണ്ട്. ചേനത്തണ്ടന്‍( Russel Viper ) അണലി(Viper)യെക്കാള്‍ വലിപ്പമുണ്ട്. ( ചുരട്ട മണ്ഡലിക്ക് (Saw Scaled Viper) അണലിയെന്നു പറയുന്നവരുമുണ്ട്‌്) ചില മണ്ഡലാകാരത്തിലും വിഷത്തിന്റെ കാര്യത്തിലും വ്യത്യാസമുണ്ട്. കേരളത്തില്‍ ഓരോ പ്രദേശത്തും പലതരം പേരുകളില്‍ അറിയപ്പെടുന്നതുകൊണ്ട് അണലിയും ചേനത്തണ്ടനും ഒന്നാണെന്ന് തോന്നിയേക്കാം. മണ്ഡലി എന്ന് കോഴിക്കോടും മറ്റും അറിയപ്പെടുന്നത് നീര്‍ക്കോലിയെയാണ്.
2. 36 അടി നീളമുള്ള അനക്കോണ്ടയെക്കുറിച്ച് Official Records ഉണ്ടോ?
ലോകത്തിലെ ഏറ്റവും വലിയ പാമ്പാണ് അനാക്കോണ്ട. അനാക്കോണ്ടയെക്കുറിച്ച് Official records ഉണ്ടോ എന്ന ചോദ്യം എന്താണ് എന്നു മനസ്സിലായില്ല. പല സൈറ്റുകളിലും അനാക്കോണ്ടയെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. ചിത്രങ്ങളുമുണ്ട്. അനാക്കോണ്ട സങ്കല്‌പസൃഷ്ടിയല്ല.
3.എല്ലാ പാമ്പുകള്‍ക്കും 400 ലധികം വാരിയെല്ലുകള്‍ കാണുമെന്നാണല്ലോ BBC, Discovery തുടങ്ങിയവര്‍ പറയുന്നത്?
എല്ലാപാമ്പുകള്‍ക്കും മുന്നൂറിലധികം വാരിയെല്ലെന്നും നാന്നൂറിലധികം വാരിയെല്ലുകളെന്നും വ്യത്യസ്‌തമായി പറയുന്നുണ്ട്.
4. Black Mamba ക്ക്‌ഒരിക്കലും 30 fts നീളം വെക്കുന്നതായി കേട്ടിട്ടില്ലല്ലോ?
മാംബക്ക് 30 അടിയിലേറെ നീളം വെക്കുന്നതായി ചില പുസ്‌തകങ്ങളില്‍ പറയുന്നുണ്ട്.(ബ്ലാക്ക് മാംബ എന്ന് ഉണ്ണികൃഷ്‌ണന്‍ സാറിന് എങ്ങനെ വന്നു എന്നറിയില്ല.)
5.ഒരു കടിയില്‍ ഏല്‌പിക്കുന്ന പരമാവധി വിഷം- മറ്റു പല ആധികാരികഗ്രന്ഥങ്‌ഹളിലും വ്യത്യസ്ഥമാണല്ലോ?
ഒരു കടിയില്‍ ഏല്‌പിക്കാവുന്ന വിഷത്തിന്റെ പട്ടിക വിവിധ പുസ്‌തകങ്ങസളില്‍ വ്യത്യസ്‌തമാണ്.
6.പാമ്പിനെ 4 കുടുംബങ്ങളായാണോ 11 കുടുംബങ്ങളായാണോ തരം തിരിച്ചിരിക്കുന്നത്?
പാമ്പുകളെ നാലിനങ്ങളായാണ് തരം തിരിച്ചിരിക്കുന്നത്. അവ ഇലപിഡേ, വൈപറിഡേ, കോളുബ്രിഡേ, ഹൈഡ്രോഫിഡേ തുടങ്ങിയവയാണ്. നമ്മുടെ നാട്ടിലെ മുര്‍ഖന്‍, വെള്ളിക്കെട്ടന്‍ (Cobra & Krait) എന്നിവ ഇലാപിഡേ വര്‍ഗ്ഗത്തിലും മണ്ഡലി, അണലി, ചേനത്തണ്ടന്‍ തുടങ്ങിയവ വൈപറിഡേ കുടുംബത്തിലും ത്രികോണാകൃതിയുള്ള തലയും മണ്ഡലാകാരവുമാണൽ. പ്രത്യേകത.
കോളുബ്രിഡേ പൊതുവേ വിഷമില്ലാത്തവയാണ്. ചേര ഇതില്‍പ്പെടും.
എല്ലാകടല്‍പാമ്പുകളും ഹൈഡ്രോഫിഡേ കുടുംബത്തില്‍പ്പെടുന്നു.
7. കോളുബ്രിഡേ കുടുംബത്തില്‍ വിഷമുള്ള പാമ്പുകള്‍ ഇല്ലേ?
കൊളുബ്രിഡേ കുടുംബം പൊതുവേ വിഷമില്ലാത്തതാണ്. എന്നാല്‍ Boom Slang ഉഗ്രവിഷമുള്ളതാണ്.
8.അണലിയും ചേനത്തണ്ടനും മാത്രമാണോ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത്?
അണലിയും ചേനത്തണ്ടനും അടങ്ങുന്ന viparide കുടുംബത്തിലെ പാമ്പുകളാണ് കുഞ്ഞുങ്ങളെ പ്രസവിക്കുന്നവ.
9.വിഷപാമ്പുകളില്‍ ഏറ്റവും വലുത് KING COBRA യോ ബ്ലാക്ക് മാംബയോ?
വിഷപ്പാമ്പുകളില്‍ ഏറ്റവും വലുത് രാജവെമ്പാലയാണ്. ഈ പുസ്‌തകം എഴുതുന്ന സമയത്തുള്ള അന്വേഷണത്തില്‍ Mambaക്ക് ആയിരുന്നു ഒന്നാംസ്ഥാനം. അന്ന് റെഫറന്‍സിനെടുത്ത പുസ്‌തകങ്ങളില്‍ അങ്ങനെ കാണുന്നു.
10.വിഷത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലുള്ളത് tiger-ഓ അതോ Tipen-ഓ?
വിഷത്തിന്റെ കാര്യത്തില്‍ മുമ്പന്‍ Tipen ആണ്. Tiger എന്ന് അന്നത്തെ കണ്ടെത്തല്‍. (7 വര്‍ഷം മുമ്പാണ് പുസ്‌തകം എഴുതുന്നത്) മാത്രമല്ല ചില സൈറ്റുകളില്‍ വിഷശക്തിയില്‍ രണ്ടാംസ്ഥാനം നമ്മുടെ വെള്ളിക്കെട്ടനു നല്‌കുന്നുണ്ട്. നാലാംസ്ഥാനത്താണ് രാജവെമ്പാല.
വെള്ളിക്കെട്ടന് വിഷശക്തി കൂടുതലുണ്ടെങ്കിലും ഒറ്റക്കടിയില്‍ കൂടുതല്‍ വിഷം ഉള്ളില്‍ പ്രവേശിപ്പിക്കാന്‍ കഴിയുന്നത് അണലിക്കാണ്. അണലിയുടെ പല്ലുകളെ അപേക്ഷിച്ച് വളരെ ചെറിയ പല്ലുകളാണ് വെള്ളിക്കെട്ടന്റേത്.
11.രാജവെമ്പാലയുടെ കടിയില്‍ നിന്നു ബില്‍ ബാസ്റ്റ് മാത്രമല്ല, തായിലന്‌ഡുകാരായ ചിലരും രക്ഷപ്പെട്ടിട്ടുള്ളതായി രേഖകളില്ലേ? (വയനാട്ടിലെ ചൂരല്‍ മലയിലെ ജോര്‍ജിന്റെ കാര്യവും പഠനാര്‍ഹമായി ഉണ്ട്)
രാജവെമ്പാലയുടെ കടിയില്‍ നിന്നു രക്ഷപ്പെട്ടു എന്നു പറയുന്നത് ബില്‍ ഹാസ്റ്റ് മാത്രമാണ്.

ചെറുപ്പമുതല്‍ പാമ്പിന്‍ വിഷം നേരിയ തോതില്‍ ശരീരത്തില്‍ കുത്തിവെച്ചാണ് ഈ പ്രതിരോധ ശക്തി ആര്‍ജിച്ചത്. വയനാട്ടിലെ ചൂരല്‍ മലയിലെ ജോര്‍ജ്ജ് രാജവെമ്പല കടിച്ചിട്ടും രക്ഷപ്പെട്ടു എന്ന് ഞാനും കേട്ടിട്ടുണ്ട്. പക്ഷേ ഇതിന് ആധികാരിക രേഖകളില്ല. ബില്‍ഹാസ്റ്റ് രക്ഷപെട്ടത് മരുന്നു കൊണ്ടല്ല പ്രതിരോധ ശക്തികൊണ്ടാണെന്ന് ഇവിടെയോര്‍ക്കേണ്ടതാണ്. (കടിയേറ്റാല്‍ 15 മിനിറ്റിലധികം ജീവിച്ചിരുന്നതായി കേട്ടിട്ടില്ല. എല്ലായ്‌പ്പോഴും പാമ്പുകടിക്കുമ്പോള്‍ വിഷമേല്‍ക്കണമെന്നില്ല- അതാവും ജോര്‍ജ്ജിനെ രക്ഷിച്ചത്.)
12.ഇന്ത്യയില്‍ മൂന്നിനം മൂര്‍ഖന്മാരല്ലേയുള്ളു?
ഇന്ത്യയില്‍ മുന്നിനം മൂര്‍ഖന്‍ പാമ്പുകളാണുള്ളതെന്ന് സര്‍പ്പ ഗവേഷകരായ സായി വിറ്റക്കറും റോം വിറ്റക്കറും പറയുന്നു. ഒറ്റ കണ്ണടയുള്ളവ, ഇരട്ട കണ്ണടയുള്ളവ, കറുത്ത നിറമുള്ളവ. എന്നാല്‍ ആയൂര്‍വേദ ഗ്രന്ഥങ്ങള്‍ 26 ഇനം മൂര്‍ഖന്മാരെക്കുറിച്ചും അവക്കൊക്കെയുള്ള ചികിത്സയും വെവ്വേറെ പറയുന്നുണ്ട്.
13. വെള്ളിക്കെട്ടന്റെ വെള്ളിവളയങ്‌ഹള്‍ തലമുതല്‍ ആരംഭിക്കുമോ?
വെള്ളിക്കെട്ടന്റെ വെള്ളിവരകള്‍ തലമുതല്‍ ആരംഭിക്കണമെന്നില്ല. എന്നാല്‍ തലയോട് അടുത്ത ഭാഗങ്ങളിലും വാല്‍ഭാഗങ്ങളിലും അത്ര തെളിഞ്ഞ വരകള്‍ കാണാറില്ലെന്നുമാത്രം.
14.വിഷപാമ്പുകള്‍ക്ക് പ്രധാനമായും വിഷപ്പല്ലുകള്‍ രണ്ടാണെങ്കിലും അവക്കുപിന്നില്‍ റിസര്‍വ്വ പല്ലുകള്‍ ഇല്ലേ?
വിഷപാമ്പകള്‍ക്കൊക്കെ വിഷപ്പല്ലുകള്‍ പോയാല്‍ റിസര്‍വ്വ് പല്ലുകള്‍ ഉണ്ട്.
15.ഇരയെന്നു കരുതിയുള്ള എല്ലകടിയും ശുഷ്‌കദംശനം ആകുമോ?
വിഷപാമ്പുകള്‍ ഇരയെന്നു കരുതി കടിക്കുന്നത് ശുഷ്‌കദംശനമാവാമെന്നേയുള്ളു. ചിലപ്പോള്‍ വിഷമേല്‍ക്കാം.
16. സസ്യങ്ങളെയും ജന്തുക്കളെയും ജീവിതചക്രത്തില്‍ ബന്ധിപ്പിക്കുന്ന-പാമ്പുകള്‍ സസ്യങ്ങളെ എങ്ങനെ ജീവിതചക്രവുമാി ബന്‌ധിപ്പിക്കുന്നു?
പുല്ല്-പുല്‍ച്ചാടി-തവള-പാമ്പ്-ഗരുഡന്‍ ജീവിതം ചക്രം തന്നെയല്ലേ?
17. പല്ലിക്കും അരണക്കും യഥാര്‍ത്ഥത്തില്‍ വിഷമുണ്ടോ?
18. ചേരട്ട , പാറ്റ , ഉറുമ്പ് എന്നിവക്ക് വിഷമുണ്ടോ?
പല്ലിക്കും അരണക്കും ഉറുമ്പിനുവരെ വിഷമുണ്ടെന്നാണ് ആയൂര്‍വ്വേദമതം.
ഈ വിഷമൊക്കെ മരണകാരണമെന്നോ, ഉഗ്രവിഷമെന്നോ അല്ല. നേരിയ തോതിലുള്ള വിഷം അതായത്‌് ശരീരത്തില്‍ പ്രവേശിക്കുന്ന ഏത് അന്യ പദാര്‍ത്ഥത്തെയും വിഷമായി ഗണിക്കുന്നു. ശരീരം അതിനെതിരെ പ്രവര്‍ത്തിക്കുന്നുമുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുമല്ലോ
Subscribe to:
Posts (Atom)