Monday, October 31, 2011

നട്ടപ്പാതിരായില്‍ നിന്നും വെളിയുലകം കണ്ടവള്‍അക്കാലത്ത് അവളുടെ ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് സിനിമ നിഷിദ്ധമായിരുന്നു. അവളും കൂട്ടുകാരികളും വിലക്കിനെ വകവെക്കാതെ സിനിമക്കുപോയി. തീയറ്ററില്‍ അവരല്ലാതെ സ്ത്രീകളായി ആരുമില്ലായിരുന്നു. എല്ലാപുരുഷന്മാരുടേയും കണ്ണുകള്‍ അവര്‍ക്കുമേലെ വീണു. തിരയില്‍ കണ്ടത് 'A
'പടമായിരുന്നു.
വീട്ടിലെത്തിയ അവള്‍ക്ക് തല്ലുകിട്ടിയതിനോടൊപ്പം സ്‌കൂള്‍ പഠനവും അവസാനിച്ചു. 'നീയൊരു പെണ്ണാണ' എന്ന് അമ്മ ഓര്‍മിപ്പിച്ചു. അങ്ങനെ പഠനം നിര്‍ത്തി അവള്‍ ഏകാന്തതയുടെ തടവുകാരിയായി. വീടിനു പുറത്തേക്കിറങ്ങാന്‍ പോലും അവള്‍ക്കു സാധിക്കുമായിരുന്നില്ല. അവള്‍ വായിക്കാന്‍ തുടങ്ങി..പിന്നെ പിന്നെ കവിതകള്‍ എഴുതാന്‍...

അവള്‍ക്കു പതിനെട്ടുവയസ്സുള്ളപ്പോള്‍ വീട്ടുകാര്‍ ബന്ധുവിനെകൊണ്ട് വിവാഹമുറപ്പിച്ചു. അവള്‍ എതിര്‍ത്തു. പട്ടിണികിടന്നു. അവളുടെ അമ്മക്ക് നെഞ്ചുവേദന വന്നു. ഡോക്ടറും വീട്ടുകാരും അവള്‍ക്കെതിരെ തിരിഞ്ഞു. അമ്മ മരിച്ചാല്‍ അവളുടെ സ്വാര്‍ത്ഥതയായിരിക്കും കാരണമെന്ന്.
അമ്മയുടെ നെഞ്ചുവേദന വിവാഹത്തിനു സമ്മതിക്കുന്നതിനുവേണ്ടിയുള്ള അടവുമാത്രമായിരുന്നെന്ന് വിവാഹശേഷമാണ് അവള്‍ക്ക് മനസ്സിലായിത്.

പക്ഷേ, അവള്‍ക്ക് എഴുതാതിരിക്കാനായില്ല. ശ്വാസം പോലെയായിരുന്നു അവള്‍ക്ക് എഴുത്ത്. പകല്‍ അവള്‍ എല്ലാവരുടേയും റുഖിയ രാജാത്തിയായിരുന്നു. രാത്രിയില്‍ അവള്‍ മറ്റൊരാളായി മാറി. ഭര്‍ത്താവറിയാതെ അവള്‍ നട്ടപ്പാതിരയക്ക് കുളിമുറിയിലിരുന്ന് കവിതയെഴുതി. തമിഴിലെ അറിയപ്പെടുന്ന കവയത്രിയായി.

പക്ഷേ, പിന്നീട് റുഖിയ മാലിക് രാജാത്തിയെ 'സല്‍മ' എന്ന പേരില്‍് ലോകമറിഞ്ഞു. അവരുടെ ആ മാറ്റം, അനുഭവങ്ങള്‍ ഇപ്പോഴും രണ്ടാംയാമങ്ങളില്‍ മാത്രം ജീവിക്കുന്ന സ്ത്രീകളെ വെളിയുലകം കാണാന്‍ പ്രേരിപ്പിക്കുന്നതാണ്.

?കുട്ടിക്കാലത്തെക്കുറിച്ച് പറയാമോ? എങ്ങനെയാണ് കവിത എഴുതാനുള്ള താത്പര്യമുണ്ടാവുന്നത്?


തിരുച്ചിയിലെ തുവരന്‍കുറിച്ചി എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. മതവും നാട്ടാചാരങ്ങളും കൂടിച്ചേര്‍ന്ന വളരെ യാഥാസ്ഥിതിക ചുററുുപാടിലാണ് വളര്‍ന്നത്. ഒന്‍പതാംക്ലാസ്സുവരെയെ പഠിക്കാനായുള്ളു. കൂട്ടുകാരോടൊപ്പം ഒരു സിനിമകാണാന്‍ പോയതോടെയാണ് എന്റെ പഠിപ്പു നിന്നു പോയത്. . സ്‌കൂളില്‍ പോകാന്‍ പറ്റാതായതോടെ ഞാന്‍ തികച്ചും ഏകാകിയായി. പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. പെണ്ണ് എന്നാല്‍ വീട്ടില്‍ ഇരിക്കണം. പുറത്തുപോകാന്‍ പാടില്ല. കല്ല്യാണം കഴിഞ്ഞുപോകണം, പ്രസവിക്കണം, കുട്ടികളെ വളര്‍ത്തണം ഇതാണല്ലോ സമൂഹം ഉണ്ടാക്കിവെച്ചിരിക്കുന്ന സ്ത്രീയുടെ അടയാളങ്ങള്‍. ഈയൊരു ഐഡന്റിറ്റി വളരെ കഷ്ടമായി തോന്നി. ആ ഐഡന്റിറ്റിക്ക് അപ്പുറം കടക്കാന്‍ പാടില്ല. പക്ഷേ, അങ്ങനെ മാത്രമായൊരു സ്ത്രീയാവാന്‍ ഞാന്‍ ആഗ്രഹിച്ചതേയില്ല. പൂര്‍ണ്ണമായും വീട്ടിനുളളില്‍ തന്നെയായിരുന്നു. ഏകാന്തത എന്നെ കൂടുതല്‍ വായിപ്പിച്ചു. തൊട്ടടുത്ത് ലൈബ്രറിയുണ്ടായിരുന്നു. കിട്ടുന്നതെന്തും വായിച്ചു. പതുക്കെ പതുക്കെ എഴുതണം എന്ന തോന്നലുണ്ടായി. ഒരുപാടു വായിച്ചതുമൂലമാവണം എഴുത്തെന്നില്‍ കയറിക്കൂടുകയായിരുന്നു. ആദ്യമൊക്കെ എഴുതിയത് കവിതയാണെന്നൊന്നും പറയാനാവില്ല. എന്തൊക്കെയോ എഴുതി ..എന്റെ പ്രതിഷേധങ്ങള്‍...ചിന്തകള്‍..സ്വപ്നങ്ങളൊക്കെയും..


?എഴുത്തിനെ എങ്ങനെയാണ് വീട്ടുകാര്‍ സ്വീകരിച്ചത്?

വീട്ടില്‍ അപ്പാ-അമ്മ എതിര്‍ത്തില്ല. പ്രോത്സാഹിപ്പിച്ചുമില്ല. പക്ഷേ,
കവിത അച്ചടിച്ചു വരാന്‍ തുടങ്ങിയതോടെ പെണ്ണ് എഴുതരുത് എന്നായി ഊരില്‍. എന്നെക്കുറിച്ചും എന്റെ ചുററുപാടിനെക്കുറിച്ചുമായിരുന്നു കൂടുതല്‍ കവിതകളും. സ്ത്രീയുടെ വൈകാരികാനുഭവങ്ങള്‍...സൊസൈറ്റിയെപ്പറ്റി വിമര്‍ശനമിരിക്കുമ്പോള്‍ അവര്‍ക്ക് സഹിക്കാനാവില്ലല്ലോ..പക്ഷേ, ഞാനെഴുതിക്കൊണ്ടിരുന്നു.

?വിവാഹത്തിനുശേഷം ആരുമറിയാതെ രാത്രി ബാത്ത്‌റൂമിലിരുന്നാണ് എഴുതിയിരുന്നത് എന്ന് കേട്ടിട്ടുണ്ട്...

അതേ, ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് ഞാനെഴുതരുത് എന്നു നിര്‍ബന്ധമായിരുന്നു. എഴുതരുത് എന്ന് അവര്‍ ഉറപ്പു വാങ്ങിയിരുന്നു. എന്നാല്‍ കുട്ടികളായിക്കഴിഞ്ഞിട്ടും എനിക്ക് ആ വീട്ടിലെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടുപോവാനായില്ല. ഞാന്‍ ഒറ്റയ്ക്കായിരുന്നു. കടുത്ത ഏകാന്തതയില്‍..അപ്പോള്‍ ഭര്‍ത്താവുറങ്ങിക്കഴിയുമ്പോള്‍ ഞാന്‍ ബാത്ത്‌റൂമില്‍ പോയിരുന്ന് എഴുതും. എഴുതിയത് മാസികകള്‍ക്ക് അയച്ചുകൊടുക്കാനും മറ്റും അമ്മയാണ് സഹായിച്ചത്. വിവാഹത്തിനു മുമ്പ് രാജാത്തി റുഖിയ എന്ന യഥാര്‍ത്ഥപേരിലായിരുന്നു എഴുതിയിരുന്നത്. എന്നാല്‍, വീണ്ടും എഴുതാന്‍ തുടങ്ങിയെന്ന കാര്യം ആരും അറിയരുതെന്നു കരുതി സല്‍മ എന്ന അപരനാമത്തിലെഴുതുകയായിരുന്നു.

?വീട്ടുകാരെ അത്ര ഭയമായിരുന്നോ?

തീര്‍ച്ചയായും പേടിയായിരുന്നു. കുടുംബമാണ് പെണ്ണിന് ആധാരമായ വിഷയം. അവള്‍ പുറത്തുപോകരുത്. എങ്ങോട്ടിറങ്ങിയാലും അത് അന്വേഷിക്കും. മുററത്തിറങ്ങി നിന്നാല്‍പോലും എന്തിനിവിടെ നില്ക്കുന്നു എന്നു ചോദിക്കും അതുകൊണ്ട് പെണ്ണിന് കുടുംബത്തിനപ്പുറമൊരു ലോകമില്ല. കുടുംബത്തെയും സമൂഹത്തെയും വിട്ട് പുറത്തുപോകാന്‍ അവള്‍ക്കു ധൈര്യമില്ല. ആ ധൈര്യക്കുറവ് എനിക്കുമുണ്ടായിരുന്നു.

?അറിയപ്പെടുന്ന എഴുത്തുകാരിയായി മാറിയിട്ടും ആദ്യപുസ്തകത്തില്‍ ഫോട്ടോ ഇല്ലായിരുന്നല്ലോ..പ്രകാശനത്തിനും പോയില്ല..ധൈര്യക്കുറവു തന്നെയായിരുന്നോ കാരണം?


അതേ, ഒരുവള്‍ എങ്ങോട്ടുപോകുന്നു, എവിടെ നിന്നു വരുന്നു എന്നെല്ലാം സമൂഹം നോക്കിക്കൊണ്ടിരിക്കും. ...അവരുടെ കണ്ണെപ്പോഴും പെണ്ണിനെ പിന്തടര്‍ന്നുകൊണ്ടിരിക്കും. സല്‍മയെ പുറം ലോകമാണ് അറിഞ്ഞത്. വീട്ടുകാരറിഞ്ഞില്ല. അവിടെ സാധാരണ വീട്ടമ്മയായ രാജാത്തി മാത്രമായിരുന്നു ഞാന്‍. അപ്പോള്‍ ധൈര്യമില്ല. ഒട്ടും ധൈര്യമുണ്ടായില്ല.


?പിന്നെങ്ങനെ പുറംലോകത്തേക്കു വരാന്‍ ധൈര്യം കിട്ടി?

സ്വാതന്ത്ര്യദാഹം എനിക്കെപ്പോഴുമുണ്ടായിരുന്നു. എപ്പോഴെങ്കിലും പുറത്തു വരണമെന്ന ആശ. ഞങ്ങളുടെ പഞ്ചായത്തില്‍ വനിതസംവരണം വന്നപ്പോള്‍ രാഷ്ട്രീയത്തില്‍ നിന്നിരുന്ന ഭര്‍ത്താവ് പല സ്ത്രീകളെയും സമീപിച്ചു. പക്ഷേ, ആരും മത്സരിക്കാന്‍ മുന്നോട്ടു വന്നില്ല. അപ്പോള്‍ ഞാന്‍ സ്ഥാനാര്‍ത്ഥിയായി. മത്സരിച്ചു ജയിച്ചു. ഓര്‍ക്കണം വീട്ടിനുളളില്‍ മുഖം കറുപ്പിക്കാനോ, ശണ്ഠകൂടാനോ പോലും സ്വാതന്ത്ര്യമില്ലാതിരുന്നവളാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്നത്. എതിര്‍സ്ഥാനാര്‍ത്ഥിയെ എങ്ങനെയും തോല്പിക്കാനിറങ്ങുന്നത്. വീടിന്റെ അധികാരം പോലുമില്ലാതിരുന്നവള്‍ ഒരു പഞ്ചായത്ത് ഭരിക്കേണ്ട ഉത്തരവാദിത്വത്തിലേക്ക് , അധികാരത്തിലേക്ക് വന്നു ചേരുകയായിരുന്നു. അന്നേരം നല്ല ധൈര്യം കിട്ടുകയായിരുന്നു. നമ്മുടെ കൈയ്യില്‍ കുടുംബത്തേക്കാള്‍ വലിയൊരു ലോകത്തിന്റെ അധികാരം വന്നു ചേര്‍ന്നപ്പോള്‍ രാജാത്തി റുഖിയയാണ് സല്‍മ എന്ന് അറിയിക്കാനുളള ധൈര്യമായി.

?അപ്പോള്‍ ആരുമറിയാതിരുന്ന കാലത്ത് കവിതയെഴുതി കഴിയുമ്പോഴുള്ള മാനസികാവസ്ഥ എന്തായിരുന്നു?

വിവാഹശേഷം കുറച്ചുനാള്‍ തീരെ എഴുതിയിരുന്നില്ല. പിന്നീട് എഴുതാനായപ്പോള്‍ ഒരുപാട് സന്തോഷിച്ചു. മനസ്സിനുളളില്‍ അത്രനാളും കെട്ടിക്കിടന്നതെല്ലാം പുറത്തേക്കു പ്രവഹിച്ചപ്പോള്‍ അടക്കാനാകാത്ത ആഹ്ലാദം. പക്ഷേ, ഇതെനിക്കാരെയും അറിയിക്കാനാവുന്നില്ലല്ലോ, യഥാര്‍ത്ഥ എന്നില്‍ നിന്ന് മറ്റൊരാളായി മാറേണ്ടി വരുന്നല്ലോ എന്ന ദുഖവും വല്ലാതെ അലട്ടി. സങ്കടവും സന്തോഷവുമുണ്ടായിരുന്നു. എന്നാലും സന്തോഷത്തിനായിരുന്നു മുന്‍തൂക്കം...ഇങ്ങനെയും എഴുതാന്‍ പററുന്നുണ്ടല്ലോ എന്ന്...

?സല്‍മ കുട്ടിക്കാലത്തുകണ്ട സ്ത്രീ ജീവിതത്തില്‍ നിന്ന് എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ ഇപ്പോള്‍?

കാര്യമായ മാററമൊന്നുമുണ്ടായിട്ടില്ല. മുമ്പ് പെണ്‍കുട്ടികളുടെ പഠനം ചെറിയ ക്ലാസ്സിലെ നിര്‍ത്തുമായിരുന്നു. ഇപ്പോഴത് പ്ലസ്ടു വരെയായിട്ടുണ്ട്. .
അപൂര്‍വ്വം ചിലര്‍ കോളേജില്‍ പോകുന്നുണ്ട്. മുമ്പ് പര്‍ദയിട്ടുപോലും പുറത്തു പോകാന്‍ പാടില്ലായിരുന്നു. ഇപ്പോള്‍ അതു പറ്റും. ഇത്രയൊക്കെയാണ് മാറ്റം.


?'രണ്ടാം യാമങ്ങളിന്‍ കഥൈ'എന്ന നോവലില്‍ പുരുഷന്മാര്‍ക്കൊന്നും വലിയ സ്ഥാനമില്ല. രണ്ടാംയാമമെന്നാല്‍ നട്ടപ്പാതിര. ആ നട്ടപ്പാതിരകളാണ് സ്ത്രീകളുടെ ലോകം. നാലതിരുകള്‍ തീര്‍ത്ത അറക്കപ്പുറം അവര്‍ക്കു ലോകമില്ല. എന്നാല്‍ മതത്തിന്റെയും ആണ്‍കോയ്മയ്ക്കുമിടയില്‍ അവര്‍ക്കുമൊരു ലോകമുണ്ടെന്നു കാണിച്ചു തരുന്നു ഈ നോവല്‍. സ്ത്രീയുടെ സ്‌നേഹം, നന്മ, ദയ, അസൂയ, കുശുമ്പ്്, പ്രണയം, കാമം. എല്ലാം വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. സ്ത്രീകളെ ഇത്ര സൂക്ഷ്മമായി അവതരിപ്പിച്ച നോവല്‍ വേറെ വായിച്ചതായിട്ടോര്‍മയില്ല.. എങ്ങനെ ഇത്ര സൂക്ഷമമായി നിരീക്ഷിക്കാനാവുന്നു?


മതം , ആചാരാനുഷ്ഠാനങ്ങള്‍ ഒരു വഴിക്കും നാട്ടുനടപ്പുകള്‍ മറ്റൊരു വഴിക്കും സ്ത്രീകളെ പലവിധത്തില്‍ വേട്ടയാടുന്ന ഒരു ചുറ്റുപാടിലാണ് ഞാന്‍ ജീവിച്ചത്. പെണ്ണുങ്ങള്‍ സന്തോഷമായി ഇരിക്കാനെ പാടില്ല. അ്‌ല്ലെങ്കില്‍ വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നു കിട്ടുന്നതെന്തോ അതു മാത്രമാണ് സന്തോഷം എന്നാണ് സമൂഹം വെച്ചിരിക്കുന്ന നിയമം. ഇതിനിടയില്‍ ഗാര്‍ഹിക പീഡനവും, സ്ത്രീധനപ്രശ്‌നവും, പുരുഷന്റെ പരസ്യമായ രഹസ്യബന്ധങ്ങളുമെല്ലാം സ്ത്രീ സഹിച്ചുകൊള്ളണം. നോവലില്‍
ഞാനെഴുതിയതു മുഴുവന്‍ കൊടുക്കാന്‍ പറ്റിയില്ലെന്നതാണ് സത്യം. കൈയ്യെഴുത്തു പ്രതി വായിച്ച സുഹൃത്തുക്കള്‍ പലതും എഡിറ്റ് ചെയ്യാന്‍ പറഞ്ഞു. ഒരുപാട് കാര്യങ്ങള്‍ എഡിറ്റ് ചെയ്തു ഒഴിവാക്കി. സ്ത്രീകളുടെ സംഭാഷണത്തില്‍ നിന്നൊക്കെയുള്ള ഭാഗങ്ങളാണ് ഒഴിവാക്കിയത്.. എഴുതിയതിന്റെ പകുതിയോളം സംഭാഷണങ്ങള്‍ ഇങ്ങിനെ പേടി മൂലം ഒഴിവാക്കേണ്ടി വന്നു. അവരുടെ സ്വാതന്ത്ര്യ ബോധത്തെക്കുറിച്ച സംഭാഷണങ്ങള്‍, വെളിയുലകത്തോടുള്ള താല്‍പര്യങ്ങള്‍, ആണ്‍ പെണ്‍ സന്ധിപ്പുകള്‍ക്കുള്ള അവസരമില്ലായ്മ അങ്ങിനെ ഒരുപാട് കാര്യങ്ങള്‍ ഒഴിവാക്കി. ആദ്യ നോവലിന് കൂടുതല്‍ എതിര്‍പ്പുകളുണ്ടായാല്‍ തുടര്‍ന്നുള്ള എഴുത്തിനെ അത് ബാധിക്കുമെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. ഞാനെന്റെ ലോകത്തെക്കുറിച്ചാണ് പറഞ്ഞത്. ഞാന്‍ കണ്ട സ്ത്രീജീവിതം. അവരിലൊരാളായിരുന്നു ഞാനും. എന്റെ ചുറ്റുമുളള സ്ത്രീകള്‍..എതിര്‍പ്പു പ്രകടിപ്പിക്കാന്‍ പോലുമാവാത്തവര്‍....ഒരു സ്വാതന്ത്ര്യവുമില്ലാത്തവര്‍..എന്നാലോ അവര്‍ക്കൊക്കെ ജീവിതമുണ്ട്. രണ്ടാം യാമത്തിനുപ്പുറത്തേക്കു പോകാന്‍ പറ്റാത്തവരുടെ ജീവിതം.

?പഞ്ചായത്ത് പ്രസിഡണ്ടും തമിഴ്‌നാട് സോഷ്യല്‍ വല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്ുമൊക്കെയായ സമയത്ത് സമുദായത്തിലെ സ്ത്രീകള്‍ക്കുവേണ്ടി എന്തുചെയ്യാനായി?

ഒരുപാട് ബോധവത്ക്കരണപരിപാടികള്‍ സംഘടിപ്പിക്കാനായിട്ടുണ്ട്. മുസ്ലീം സ്ത്രീകളുള്ള പ്രദേശത്ത് ചെന്ന് അവര്‍ക്കുമാത്രമായി ക്ലാസ്സുകള്‍ നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെപ്പറ്റിയും സ്ത്രീ ശാക്തീകരണത്തെപ്പററിയുമൊക്കെ..എല്ലാരും വെളിയില്‍ വരണം. ഞാനും നിങ്ങളെപ്പോലെയായിരുന്നു. എനിക്കു പറ്റിയതുപോലെ നിങ്ങള്‍ക്കും പുറത്തു വരാനാകണം എന്നുമൊക്കെ...സ്ത്രീകള്‍ വളരെ സന്തോഷത്തോടെയാണ് കേട്ടിരുന്നത്. പതുക്കെ അവര്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

?നിങ്ങള്‍ പുറംലോകത്തേക്ക് വന്നപ്പോള്‍ വീട്ടുകാരും നാട്ടുകാരും എങ്ങനെ സ്വീകരിച്ചു?

ഭര്‍ത്താവിന് ആദ്യം ഞെട്ടലായിരുന്നു. പിന്നെ ശരിയായി വന്നു. വീട്ടുകാര്‍ക്ക് എന്റെ വളര്‍ച്ചയില്‍ വളരെ അഭിമാനവും സന്തോഷവുമുണ്ട് ഇപ്പോള്‍. എന്നാല്‍ സൊസൈറ്റിക്ക്് അത്ര പിടിച്ചിട്ടില്ല. എന്റെ എഴുത്തില്‍ ഒരുപാട് വിമര്‍ശനങ്ങളുണ്ടല്ലോ..അതൊന്നും അവര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. നോവലില്‍ എഴുതിയതൊ്‌ക്കെ കളവാണെന്ന് പ്രചരിപ്പിച്ചു. ഞാനെന്തോ തെറ്റായ കാര്യം ചെയ്തപോലെയാണ് സമുദായം പെരുമാറിയത്. പെണ്ണ് ഗുണപാഠകഥയോ സാരോപദേശമോ എഴുതിയാല്‍ പ്രശ്‌നമില്ല. അവളുടെ ലോകത്തെക്കുറിച്ച്, അവള്‍ കണ്ട കാഴ്ചകള്‍ എഴുതിയാല്‍ പ്രശ്‌നമായി...?സമുദായത്തിനുമാത്രമാണോ ഈ എതിര്‍പ്പ്? തമിഴില്‍ പെണ്ണെഴുത്തിനെ വല്ലാതെ വിമര്‍ശിക്കുന്നുണ്ടല്ലോ?

അതെ. ആണിന് എന്തുമെഴുതാം. പെണ്ണെഴുതുന്നതിന് കൃത്യമായ ചിട്ടവട്ടങ്ങളുണ്ടാവണം. അതിരുകള്‍ ഉണ്ടാവണം. സ്ത്രീ സെക്‌സിനെപ്പറ്റി എഴുതിയാല്‍ അതവര്‍ക്ക് പിടിക്കില്ല. അവര്‍ക്ക് എന്തുമെഴുതാം. എന്നാല്‍ പെണ്ണെങ്ങനെ എഴുതണമെന്നും എങ്ങനെ നടക്കണമെന്നും അലിഖിത നിയമങ്ങളുണ്ടാക്കി വെച്ചിരിക്കുകയാണ്. എന്തോ തെററു ചെയ്യുന്നപോലെയാണ് ഇവര്‍ കരുതുന്നത്. കവിതയിലും മററും പറയാനുള്ളത് നേരിട്ട് പറയാന്‍ സെക്ഷ്വാലിറ്റി ആണെന്നു തോന്നുന്ന ചില വാക്കുകള്‍ ഉപയോഗിക്കേണ്ടി വരും. തിലെന്താണ് തെറ്റ് എന്നറിയില്ല.

?വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നു?

വല്ലാത്ത കഷ്ടമാണ് ഇവിടുത്തെ വിമര്‍ശനങ്ങള്‍. ശരിയായ വിമര്‍ശനമല്ല അതൊന്നും. എന്താണ്് എഴുതിയത്, എന്തിനുവേണ്ടിയായിരിക്കും ് എഴുതിയത് എന്നൊന്നും നോക്കാതെ മോശമാണെന്ന് വിചാരിക്കന്ന വാക്കിനെ മാത്രമെടുത്താവും വിമര്‍ശനം. ആരോഗ്യകരമായ ഒരു വിഷയവും എടുക്കില്ല. അതാണു കഷ്ടം.

?എഴുത്തില്‍ ശക്തമായ ഫെമിനിസ്റ്റ് വീക്ഷണങ്ങളുണ്ടല്ലോ?

ഫെമിനിസ്റ്റ് എന്ന പേര് കിട്ടണമെന്ന് ആഗ്രിഹിക്കുന്നില്ല. എന്നാല്‍ അതില്‍ എതിര്‍പ്പുമില്ല. ഞാന്‍ സ്ത്രീയായതുകൊണ്ട് പ്രത്യേകിച്ച് അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗത്തിലെ അംഗമെന്ന നിലയ്്ക്ക് ഞാനെഴുതുമ്പോള്‍ ഫെമിനിസ്റ്റ് വീക്ഷണങ്ങള്‍ സ്വാഭാവികം മാത്രമാണ്. അത് മനപ്പൂര്‍വ്വം എഴുതാന്‍ ശ്രമിക്കുന്നതല്ല. അറിയാതെ വന്നു പോകുന്നതാണ്. പുറംലോകത്തെ കാണാന്‍ ആഗ്രഹിക്കാത്ത, സ്വാത്ന്ത്ര്യം ആഗ്രഹിക്കാത്ത പെണ്ണുങ്ങളില്ലല്ലോ...

?നിങ്ങള്‍ ഡി എം കെ മെമ്പറാണല്ലോ? ആ പാര്‍ട്ടി ഇപ്പോള്‍ പരിതാപാവസ്ഥയിലല്ലേ?


അങ്ങനെപറയാന്‍ പററില്ല. തമിഴ്‌നാട്ടില്‍ കുറെക്കാലമായിട്ട് ഒരുപാര്‍ട്ടി തന്നെ അധികാരത്തിലിരിക്കാറില്ല. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ അടുത്തപാര്‍ട്ടി വരും. ഒരേ പാര്‍ട്ടിയെതന്നെ അധികാരത്തിലിരുത്താന്‍ തമിഴ്മക്കള്‍ ആഗ്രഹിക്കുന്നില്ല എന്നു വേണം കരുതാന്‍. പിന്നെ ഇത് തമിഴ്‌നാടിന്റെ മാത്രം പ്രശ്‌നമല്ലല്ലോ..ഇന്ത്യയില്‍ മൊത്തത്തിലില്ലേ..ഒരു പാര്‍ട്ടി എന്തു ഗുണം നാടിനു ചെയ്താലും എതിര്‍പാര്‍ട്ടിക്കാര്‍ പലവിധ ആരോപണവുമായി വരും. സര്‍ക്കാരൊന്നും ചെയ്തില്ല എന്ന് ജനങ്ങളുടെ മനസ്സില്‍ കുത്തിവെയ്ക്കും.

അഴിമതിക്കാര്യങ്ങള്‍ തമിഴ് മക്കളുടെ മനസ്സില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. വിലക്കയറ്റവും അഴിമതി പ്രശ്‌നങ്ങളും ഇത്തവണ പരാജയത്തിന്റെ ആഴം കൂട്ടിയെന്നത് നേരാണ്.

?അഴിമതി വിഷയങ്ങള്‍ ഡി എം കെയെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്നാണല്ലോ കേള്‍ക്കുന്നത്?


അങ്ങനെ പറയാന്‍ പറ്റില്ല. 1991 ല്‍ രാജീവി ഗാന്ധി മരണപ്പെട്ടപ്പോള്‍ ഉണ്ടായ തെരഞ്ഞെടുപ്പില്‍ ഡി എം കെ ക്ക് കിട്ടിയത് ഒരു സീററുമാത്രമാണ്. പിന്നെയും രണ്ടുതവണ അധികാരത്തില്‍ വന്നില്ലേ..അരുപതുവര്‍ഷം പഴക്കമുള്ള പാര്‍ട്ടി..അതത്ര പെട്ടെന്ന് ഇല്ലാതാകില്ല. കുറച്ചു കഴിഞ്ഞാല്‍ ഇപ്പോഴത്തെ സ്ഥിതി മാറും. കാത്തിരുന്ന് കാണാം.

?ഡി എം കെയില്‍ പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയിലും കവയത്രി എന്ന നിലിയിലും കനിമൊഴിയെ അറിയുമായിരിക്കുമല്ലോ?


അതെ ഞങ്ങള്‍ക്ക് പരസ്പരം അറിയാം. രണ്ടുപേരും കവയത്രികള്‍...ഒരേ പാര്‍ട്ടിയിലുള്ളവര്‍...കവി എന്ന നിലയില്‍ എനിക്കവരെ ഇഷ്ടമാണ്. പക്ഷേ, അവര്‍ തലൈവരുടെ മകള്‍. എം പി ആയതിനുശേഷം അവരുടെ സൗഹൃദങ്ങള്‍ വേറെ..

?വീട്, കുട്ടികള്‍, എഴുത്ത്, സാമൂഹ്യ പ്രവര്‍ത്തനം എല്ലാംകൂടി എങ്ങനെ കൊണ്ടുപോകുന്നു?

വീടിന്റെയും കുട്ടികളുടെയും കാര്യത്തില്‍ വലിയ പ്രശ്‌നമില്ല. അപ്പ- അമ്മ അവരുടെ സഹായം എപ്പോഴുമുണ്ട്. പിന്നെ ജീവിതം പോരാട്ടമല്ലേ..അപ്പോള്‍ എല്ലാം നടക്കും. പ്രശ്‌നങ്ങളില്ലെന്നല്ല...പോരാടാന്‍ മനസ്സുള്ളതുകൊണ്ട കുഴപ്പമില്ലാതെ പോകുന്നു.

?നിങ്ങള്‍ക്ക് പുറംലോകത്തിലേക്ക് വരാന്‍ പറ്റി...ഒരുപാടുകാര്യങ്ങള്‍ ചെയ്യാന്‍ പററി..ഇപ്പോള്‍ സന്തോഷവതിയാണോ?നിശ്ചയമായും. മുമ്പ് വെളിയില്‍ പോകാന്‍ പാടില്ല. വീട് വിട്ട് പുറത്തുപോവുക അസാധ്യമായിരുന്നു. പുറത്തേക്കു വരാനാവത്തത്ര കെട്ടുപാടുകളിലായിരുന്നു. എന്നാല്‍ ഇന്ന് എവിടെയും പോകാനാകും. ആഗ്രഹിക്കുന്ന പല കാര്യങ്ങളും നടത്താനാവും. സ്വാതന്ത്ര്യം അനുഭവിക്കുന്നു.
അതുകൊണ്ടുതന്നെ ഞാന്‍ സന്തോഷവതിയാണ്.
പക്ഷേ, എന്റെ ചുറ്റുവട്ടത്തെ സത്രീകളുടെ ജീവിതം കാണുമ്പോള്‍ വിഷമമുണ്ട്. അവരെയും വെളിയുലകത്തില്‍ കൊണ്ടുവരണം. അതിന് ജീവിതം പോരാട്ടമാക്കാന്‍ അവരെ പ്രേരിപ്പിക്കണം. എഴുത്തുവഴിയൊക്കെയേ അതിനു സാധിക്കൂ. അസ്വാതന്ത്ര്യത്തിന്റെ ചങ്ങലകള്‍ പതുക്കെ പതുക്കെ ഇല്ലാതാവണം. അവരെ സ്വാതന്ത്ര്യത്തിന്റെ നീലാകാശം കാണിക്കണം.കടപ്പാട് സംഘടിത

11 comments:

മൈന said...

അവള്‍ക്ക് എഴുതാതിരിക്കാനായില്ല. ശ്വാസം പോലെയായിരുന്നു അവള്‍ക്ക് എഴുത്ത്. പകല്‍ അവള്‍ എല്ലാവരുടേയും റുഖിയ രാജാത്തിയായിരുന്നു. രാത്രിയില്‍ അവള്‍ മറ്റൊരാളായി മാറി. ഭര്‍ത്താവറിയാതെ അവള്‍ നട്ടപ്പാതിരയക്ക് കുളിമുറിയിലിരുന്ന് കവിതയെഴുതി. തമിഴിലെ അറിയപ്പെടുന്ന കവയത്രിയായി.

പക്ഷേ, പിന്നീട് റുഖിയ മാലിക് രാജാത്തിയെ 'സല്‍മ' എന്ന പേരില്‍് ലോകമറിഞ്ഞു. അവരുടെ ആ മാറ്റം, അനുഭവങ്ങള്‍ ഇപ്പോഴും രണ്ടാംയാമങ്ങളില്‍ മാത്രം ജീവിക്കുന്ന സ്ത്രീകളെ വെളിയുലകം കാണാന്‍ പ്രേരിപ്പിക്കുന്നതാണ്.

Sandeep.A.K said...

ഉള്ളിലുള്ള സര്‍ഗ്ഗശക്തിയെ ആര്‍ക്കും തടയാനാവില്ല.. അത് പുറത്തേക്ക് വരിക തന്നെ ചെയ്യും...

എന്റെ പരിചയത്തില്‍ ഒരു ചേച്ചിയുണ്ട്.. രാജകുടുംബത്തിന്റെ അധികാരശാസനത്തിന്‍ കീഴില്‍ വളര്‍ന്ന അവര്‍ക്ക് എഴുത്തിന് പോലും വിലക്ക് നേരിട്ടു..
ഇപ്പോള്‍ വീട്ടുകാര്‍ അറിയാതെ മറ്റൊരു പേരില്‍ ബ്ലോഗുകളിലും മറ്റും അവര്‍ എഴുതിക്കൊണ്ടിരിക്കുന്നു...
ആ എഴുത്ത് ശൈലിയുടെ ആരാധകര്‍ ഇപ്പോള്‍ ബ്ലോഗില്‍ ധാരാളമുണ്ട്... അങ്ങനെയും ചില ജീവിതങ്ങള്‍ ..

എന്നാലും ഈ പ്രവണത മുസ്ലീം സമുദായത്തില്‍ കൂടുതലായി ഉണ്ട് എന്ന് തോന്നുന്നു.. വിശുദ്ധഖുറാനില്‍ സ്ത്രീയ്ക്ക് മഹത്തായ സ്ഥാനം കൊടുക്കുമ്പോള്‍ തന്നെയും അതിന്റെ വിശ്വാസികള്‍ അതിനു കടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് കാണുന്നു..

ഹാ... വൈകിയെങ്കിലും സൂര്യനുടിക്കുമെന്നു പ്രത്യാശിക്കാം...

രജനീഗന്ധി said...

സ്വാതന്ത്ര്യമില്ലായ്മയുടെ ദുരിതങ്ങള്‍ അത്രകണ്ട് പേറേണ്ടിവരാത്തവരാണ് കേരളത്തിലെ ഇന്നത്തെ സ്ത്രീകള്‍. എന്നാല്‍ കേരളത്തിനുപുറത്ത് സ്ഥിതി ഇന്നും പഴയപോലെത്തന്നെയാണ്. കേരളത്തില്‍ നമ്മള്‍ ഇപ്പോഴും ഇത്രയേറെ ശബ്ദം മുഴക്കുന്നുണ്ടെങ്കില്‍ അതിനുപോലും ശക്തിയില്ലാത്ത അവരുടെ ജീവിതം ഒന്നാലോചിച്ചുനോക്കൂ.. കാലത്തിന്റെ കാറ്റില്‍ മാറ്റത്തിന്റെ ശക്തിയുണ്ടാവുമെന്ന് ആശിക്കാം...
റുഖിയമാര്‍ കാലത്തിന്റെ ആവശ്യമാണ്...

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

റുഖിയ മാലിക് രാജാത്തിയെന്ന 'സല്‍മ' യെ ഞാനിവിടെ പരിചയപ്പെട്ടു കേട്ടൊ മൈന

യാത്രികന്‍ said...

പലപ്പോഴും നമ്മള്‍ കരുതും സ്ത്രീധനം ആണ് പെണ്ണിന്റെ ശാപം എന്ന്. എന്നാല്‍ യഥാര്‍ഥത്തില്‍ സ്ത്രീധനം ഇല്ലാത്തതോ വേണ്ടത്ര സ്ത്രീധനം കിട്ടാത്തതോ അല്ലേ പെണ്ണിന് ഒരു വിലയും ഇന്ന് സമൂഹത്തില്‍ ഇല്ലാതായതിന്റെ യഥാര്‍ത്ഥ കാരണം?

സ്ത്രീധനം ഒരു പുരുഷന്‍ (പെണ്ണിന്റെ അച്ഛന്‍) പെണ്ണിനു കൊടുക്കുന്ന സ്വത്താണല്ലോ?. അതെന്തു കൊണ്ടാണ് പെണ്ണുങ്ങള്‍ നിരോധിക്കണം എന്ന് പറയുന്നത്?

കുടുംബ സ്വത്ത് എനിക്കു വേണ്ടാ എന്ന് പറയുന്ന ഏതെങ്ങിലും പുരുഷന്മാരെ അറിയാമോ? ഏതെങ്കിലും ആണുങ്ങള്‍ പറയുമോ "പുരുഷന്‍ തന്നെ ധനം ആണ്, ഇനി വേറെ ഒരു ധനത്തിന്റെ ആവശ്യം ഇല്ല" എന്ന്?

യഥാര്‍ഥത്തില്‍ പെണ്ണുംങ്ങളുടെ സമൂഹത്തിലെ നില ഉയരണമെങ്ങില്‍ വേണ്ട ചില കാര്യങ്ങള്‍:
1. കുടുംബ സ്വത്തില്‍ പെണ്ണിന്റെ അര്‍ഹതയുള്ള ഭാഗം കൊടുക്കാന്‍ കര്‍ശനമായ നിയമം ഉണ്ടാക്കുക. ഏതെങ്കിലും പെണ്ണ് ആ വീതം വേണ്ട എന്ന് പറഞ്ഞാല്‍ ആ സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുക്കുക. Mary Roy case ഇല്‍ സുപ്രീം കോടതി വിധി

വന്നെങ്കിലും ഇപ്പോഴും പെണ്ണുംങ്ങളെ പറ്റിച്ചു ആങ്ങളമാരും അപ്പനും കൂടി സ്വത്തെല്ലാം ആങ്ങളക്ക് കൊടുക്കുന്ന രീതിയാണ് മിക്ക കുടുംബങ്ങളിലും.

2. മനുഷ്യന് ജീവിക്കാന്‍ പൈസ വേണം എന്ന് പെണ്ണുങ്ങള്‍ മനസ്സിലാക്കുകയും അത് അംഗീകരിക്കുകയും ചെയ്യുക.

3. സ്വന്തം വീട്ടില്‍ ഭര്‍ത്താവിനോട് ഒപ്പം നിന്ന് സ്വത്ത് കൈകാര്യം ചെയ്യാന്‍ എല്ലാ പെണ്ണുംങ്ങളും പഠിക്കുക. പൈസയുടെ കാര്യം എല്ലാം കേട്യോനെ ഏല്‍പ്പിക്കുന്ന പെണ്ണുംങ്ങള്‍ക്ക് പിന്നെ "അയ്യോ ഞാന്‍ രണ്ടാം തരക്കാരിയാണേ" എന്നു കരയാന്‍

എന്തവകാശം?.

4. ശാരീരികമായും മാനസീകമായും സ്ത്രീ, പുരുഷനില്‍ നിന്നും വ്യത്യസ്ഥ ആണെന്ന് മനസ്സിലാക്കുക. വ്യത്യസ്ഥ ആണെന്ന് പറയുന്നത്, താഴെ ആണെന്ന് അര്‍ത്ഥമാക്കേണ്ട കാര്യമില്ല.

Bindhu Unny said...

റുഖിയയെ പരിചയപ്പെടുത്തിയതിന് നന്ദി. ഇത്രയും പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച അവർ ഒത്തിരി അഭിനന്ദനം അർഹിക്കുന്നു. :)

മൈലാഞ്ചി said...

മുന്‍പു് പണ്ടെവിടെയോ ഇവരെക്കുറിച്ച് വായിച്ചിരുന്നു. വീണ്ടും വായിക്കാനായതിന് നന്ദി..

യാത്രികനോട് ഒരു വാക്ക്..സ്ത്രീധനം ഒരു പുരുഷന്‍ (പെണ്ണിന്റെ അച്ഛന്‍) പെണ്ണിനു കൊടുക്കുന്ന സ്വത്താണല്ലോ?- എന്ന് താങ്കള്‍ പറയുന്നു. സത്യം അറിയാഞ്ഞിട്ടോ, അറിയില്ലെന്ന് നടിക്കുന്നതോ? പെണ്ണിന്റെ അച്ഛന്‍(വീട്ടുകാര്‍) ചെക്കനോ ചെക്കന്റെ വീട്ടുകാര്‍ക്കോ കൊടുക്കുന്ന തുകയാണ് സ്ത്രീധനം... അത് പെണ്ണിന് കൊടുക്കുന്നതല്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.. പെണ്ണിന് കൊടുക്കുന്നതല്ലാത്തതായതുകൊണ്ടാണ് അതിന് ചെക്കന്റെ വീട്ടുകാര്‍ കണക്ക് പറയുന്നത്... അതുകൊണ്ടുതന്നെയാണ് അത് നിരോധിക്കണം എന്നു പറയുന്നത്.. ഇതിന്റെ അര്‍ത്ഥം പെണ്ണിന് സ്വന്തം വീട്ടില്‍ അവകാശമില്ലാതെയാക്കണം എന്നല്ല..

മറ്റു നിരീക്ഷണങ്ങളോട് യോജിക്കുന്നു.

സോറി മൈന...വിഷയത്തില്‍നിന്ന് മാറിയതിന്..

യാത്രികന്‍ said...

മൈലാഞ്ചി, "മറ്റു നിരീക്ഷണങ്ങളോട് യോജിക്കുന്നു." Thank you for that.

"സത്യം അറിയാഞ്ഞിട്ടോ, അറിയില്ലെന്ന് നടിക്കുന്നതോ?" My situation is closer to സത്യം അറിയാഞ്ഞിട്ടാണ്. പക്ഷേ ഞാന്‍ ഈ ബ്ലോഗ് ഉം (http://keralatomorrow10.blogspot.com/2011/11/1961.html?showComment=1321900666319#c5744433217441453637) , അതില്‍ വന്ന comments ഉം കണ്ടപ്പോള്‍ സ്ത്രീധനം എന്നതിനെപ്പറ്റി ആര്‍ക്കും വ്യക്തമായ കാഴ്ചപ്പാടില്ലെന്ന് തോന്നി. ഏതാണ്ട് ഒരു idea ഒക്കെ എല്ലാവര്‍ക്കും ഉണ്ട്. But the devil is in the details.

"പെണ്ണിന്റെ അച്ഛന്‍ (വീട്ടുകാര്‍) ചെക്കനോ ചെക്കന്റെ വീട്ടുകാര്‍ക്കോ കൊടുക്കുന്ന തുകയാണ് സ്ത്രീധനം... അത് പെണ്ണിന് കൊടുക്കുന്നതല്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.." പെണ്ണിന് കൊടുക്കുക എന്ന് വച്ചാല്‍ എന്താണ്
അര്‍ത്ഥമാക്കുന്നത്? അവളുടെ പേരില്‍ മാത്രമായി CD ഇടണോ? പെണ്ണിനും ചെറുക്കനും കൂടി, കല്യാണം കഴിഞ്ഞു joint account മാത്രമേയുള്ളൂവെങ്കില്‍ എന്തു ചെയ്യും? ഇനി പെണ്‍ വീട്ടുകാര്‍ പൈസ ചെറുക്കന്‍റെ വീട്ടുകാര്‍ക്കാണ് കൊടുത്തത് എങ്കില്‍, അവര്‍ ആ പൈസ എടുത്ത് എന്താണ് സാധാരണ ചെയ്യുന്നത്? ചെറുക്കന്‍റെ വീട്ടിലേക്ക് വരുന്ന പൈസ ഇന്നല്ലെങ്കില്‍ നാളെ കല്യാണം കഴിച്ചു വന്ന പെണ്ണിനും അവളുടെ കുട്ടികള്‍ക്കും കൂടി വേണ്ടിയുള്ളത് അല്ലേ? പിന്നെന്താണ് പ്രശ്നം?

ഞാന്‍ ഒരു വാദത്തിന് വേണ്ടി എന്തെങ്കിലും എഴുതി വിടുക ആണെന്ന് താങ്കള്‍ക്കു തോന്നരുത്. As far as dowry in India is concerned, the devil is in the details. ഇത് കൈകാര്യം ചെയ്യുന്ന ആരും ഇതിന്‍റെ details മുഴുവനായി പഠിച്ചു ഒരു പോംവഴി നിര്‍ദേശിച്ചിട്ടില്ല. അത് കൊണ്ടാണ് "ഒരുപാട് കാലമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടും വലിയ മാറ്റങ്ങള്‍ സംഭവിക്കതെ കുതിച്ചുകൊണ്ടിരിക്കുന്ന ഒന്ന്തന്നെയാണ് സ്ത്രീധനം." എന്ന് ഷബീര്‍ എഴുതുന്നത്.

Sunil G Nampoothiri said...

കനല്‍ക്കട്ടയിലെഴുതിയ ജീവിതം...
നല്ല അഭിമുഖം

മൈന said...

എല്ലാവര്‍ക്കും നന്ദി

P.M.Ali said...

I Have read Salma's poems. But I did not know the writer. Thank you for this information. Best wishes.