Wednesday, June 15, 2011

ബൂലോഗരുടെ യൂണിഫോം വിതരണം
മൂന്നിലോ മറ്റോ പഠിക്കുമ്പോഴാണ് സര്‍ക്കാര്‍ വക ഓരോ യൂണിഫോം ഞങ്ങള്‍ക്ക് കിട്ടിയത്. ചീട്ടിത്തുണിയില്‍ പച്ചപ്പാവാടയും ക്രീം നിറത്തിലൊരു ഷര്‍ട്ടും. എന്തുകൊണ്ടാണ് അക്കൊല്ലം ഞങ്ങള്‍ക്ക് യൂണിഫോം തന്നതെന്ന് ഇന്നുമറിയില്ല. എല്ലാസര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും കൊടുത്തിരുന്നോ എന്നൊന്നുമറിയില്ല. അതോ ഞങ്ങളുടെ സ്‌കൂളിനു മാത്രമോ ജീല്ലയിലെ സ്‌കൂളുകള്‍ക്കു മുഴുവനുമോ എന്നുമറിയില്ല. അക്കൊല്ലം ഭയങ്കരമഴയായിരുന്നെന്നും വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും അഭയാര്‍ത്ഥികളായി ഒരുപാടുപേര്‍ സ്‌കൂളില്‍ കഴിഞ്ഞിരുന്നതും ഓര്‍ക്കുന്നു. പത്താംക്ലാസ്സിലെത്തിയാലും പാകമാകാത്തവണ്ണത്തിലെ പാവാടയും ഷര്‍ട്ടുമായിരുന്നു എനിക്കും അനിയത്തിക്കും കിട്ടിയത്. ഞങ്ങളുടെ സ്‌കൂളില്‍ യൂണിഫോം നിര്‍ബന്ധമായിരുന്നില്ല. എന്നിട്ടും പിറ്റേന്നു മുതല്‍ സഹപാഠികള്‍ അതിട്ടു വന്നു. സഹപാഠികളേക്കാള്‍ അല്പം ഭേദപ്പെട്ട അവസ്ഥയിലായിരുന്നു ഞങ്ങള്‍. അമ്മയ്ക്ക് സര്‍ക്കാര്‍ജോലിയുണ്ട്. കുറച്ചു പറമ്പുണ്ട്. മുറുക്കുന്നത്ത പോലീസിലായിരുന്നതുകൊണ്ട് പെന്‍ഷനുണ്ട്. ഇങ്ങനെയൊക്കെ തട്ടിമുട്ടി പോകാവുന്ന അവസ്ഥ ഞങ്ങള്‍ക്കുണ്ടായിരുന്നതുകൊണ്ടാവണം അമ്മച്ചി ഞങ്ങളെ ആ യൂണിഫോം ഇടുവിച്ചില്ല. ശരിക്കു പറഞ്ഞാല്‍ വീട്ടിലിടാന്‍പോലും സമ്മതിച്ചില്ല. ചിലരാത്രികളില്‍ തണുപ്പു കൂടുമ്പോള്‍ മേല്‍ക്കുപ്പായമായി ഞങ്ങളതിട്ടു. എന്നാല്‍ ബഹുഭൂരിപക്ഷംപേര്‍ക്കും അതായിരുന്നില്ല അവസ്ഥ. ഒരു വീട്ടിലെ കുട്ടികള്‍ക്കെല്ലാവര്‍ക്കും കയറാവുന്ന വലിപ്പമായിരുന്നു യൂണിഫോമിനെങ്കിലും എല്ലാവരും അതിട്ടു. (അന്നത്തെ കുട്ടികളെല്ലാം മെലിഞ്ഞ് ഈര്‍ക്കിലിപോലിരുന്നതാണോ കാരണമെന്നുമറിയില്ല.)
എന്തായാലും ഇക്കാര്യമോര്‍ക്കാന്‍ കാരണമായത് ബൂലോഗ കാരുണ്യത്തിന്റെ യൂണിഫോം വിതരണത്തില്‍് പങ്കെടുക്കാനായതുകൊണ്ടാണ്. വയനാട് തിരുനെല്ലിയിലെ സര്‍വ്വ് ഇന്ത്യ എ യു പി സ്‌കൂളിലെ എല്ലാകുട്ടികള്‍ക്കും ( ഒന്നാംക്ലാസ്സ് ഒഴിച്ച്) യൂണിഫാം എത്തിച്ചു. ഒപ്പം ഇരുളം വളാഞ്ചേരി അംഗനവാടിയിലെ കുട്ടികള്‍ക്കും. ഈ യൂണിഫോം എല്ലാം കൃത്യമായി അളവെടുത്ത് തയ്പ്പിച്ച് ഓരോ കുട്ടിയുടെയും പേരും ക്ലാസ്സും കവറിനു പുറത്ത് രേഖപ്പെടുത്തിയാണ് കൊണ്ടുപോയത്.
കൈപ്പള്ളി, അതുല്യേച്ചി, പ്രിയ, ആഷ്‌ലി, നിരക്ഷരന്‍ തുടങ്ങിയവരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.

മുമ്പ് കൊമ്മഞ്ചേരി കോളനിക്കാര്‍ക്ക് പായ, കമ്പിളി , വസ്ത്രം എന്നിവ ബൂലോഗര്‍ കൊടുത്ത വിവരം അറിഞ്ഞ സര്‍വ്വ് ഇന്ത്യാ സ്‌കൂളിലെ അധ്യാപകന്‍ സാമുവല്‍ സര്‍ , ആദിവാസി മേഖലയെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയ കുഞ്ഞമ്മദിക്കയോട് സ്‌കൂളിലെ കുട്ടികള്‍ക്ക് യൂണിഫോം കിട്ടാന്‍ വല്ല വഴിയുമുണ്ടോ എന്നന്വേഷിക്കുകയായിരുന്നു.

ഭുരിപക്ഷവും ആദിവാസിക്കുട്ടികള്‍, റേഷന്‍ വാങ്ങാന്‍പോലും ഗതിയില്ലാത്തവരുടെ മക്കള്‍...എല്ലാവര്‍ഷവും തങ്ങളുടെ കുട്ടികള്‍ തുണിയുടുത്തുവരാന്‍ ആഗ്രഹിക്കുന്ന ഹെഡ്മാസ്‌റററും മറ്റും മാനന്തവാടിയിലേയും പനമരത്തേയും തുണിക്കടകളില്‍ കയറിയിറങ്ങും . ചിലര് കൊടുക്കും. കിട്ടുന്നതാകട്ടെ അവിടെയുമിവിടെയുമെത്താത്തവ...അല്ലെങ്കില്‍ പത്തുപേര്‍ക്ക് കയറാവുന്നവ...
എല്ലാവര്‍ക്കും പാന്‍സിടാന്‍ മോഹം. അത് ഇന്‍സൈഡ് ചെയ്യുകയും വേണം. എങ്ങനെ നടക്കും? ശരിക്കു പറഞ്ഞാല്‍ ആ മോഹം കൂടിയാണ് പൂവണിഞ്ഞത്.ജൂണ്‍ പതിമൂന്നിനായിരുന്നു ഞങ്ങള്‍ ഒത്തുകൂടിയത്. സുല്‍ത്താന്‍ ബത്തേരിയില്‍ നില്ക്കാന്‍ പറഞ്ഞിടത്ത് പത്തുമിനിറ്റു മുമ്പേ എത്തി. ആഷ്‌ലി, അച്ഛന്‍- അമ്മ- ഭാര്യസമേതം. കൂടെ അതുല്യേച്ചിയും. അതുല്യേച്ചി തലേന്നു വ്ന്ന് റൂമെടുത്ത് നില്‍ക്കുകയായിരുന്നു. നേരെ ഇരുളത്തേക്ക് പോയി. വളാഞ്ചേരി ആദിവാസിക്കുടിയോട് ചേര്‍ന്നുള്ള അംഗനവാടിയില്‍ കുട്ടികള്‍ ഹാജര്‍. മിടുക്കിയായ അംഗനവാടി വര്‍ക്കര്‍. അടുത്ത കുടികളിലെ കുട്ടികളെ നിര്‍ബന്ധിച്ചാണ് കൊണ്ടുവരുന്നതെന്ന് അവര്‍ പറഞ്ഞു.
< പലപ്പോഴും തന്റെ മക്കളുടേയും സഹോദരന്റെയും അയല്‍ക്കാരുടെ കുട്ടികളെയും ഒഴിവാക്കിയ അത്ര കേടുപാടുകളില്ലാത്ത ഉടുപ്പകളാണ് അവരെ ഇടുവിക്കുന്നതെന്ന് പറഞ്ഞു. മൂക്കളയൊലിപ്പിച്ചും അഴുക്കു പുരണ്ടും എത്തുന്നവരെ , കഞ്ഞി തിളയ്ക്കുന്നതിനു മുകളില്‍ പാത്രത്തില്‍ വെള്ളം വെച്ച് ചൂടാക്കി അവരെ കഴുകി വൃത്തിയാക്കുമെന്ന്് സുബൈദ ടീച്ചര്‍...കുട്ടികള്‍ക്ക് യൂണിഫോമും മിഠായിയും കൊടുത്ത് അവര്‍ തന്ന അച്ചപ്പവും കട്ടന്‍ചായയും കുറേ ചിന്തകളുമായി പുല്‍പ്പള്ളി -കാട്ടിക്കുളം വഴി തിരുനെല്ലിയിലേക്ക്്...കാട്ടിക്കുളത്ത് വെച്ച് പട്ടേട്ട് ഒപ്പം.

ബ്രഹ്മഗിരിയുടെ താഴ്വരയില്‍ പുഴയോടും അമ്പലത്തിനോടും നെല്‍വയലിനോടും ചേര്‍ന്നു നില്ക്കുന്ന സ്‌കൂള്‍...അധ്യാപകര്‍ക്ക് സന്തോഷം. കുട്ടികള്‍ക്ക് അതിലേറെ...കുഞ്ഞമ്മദിക്ക കുറച്ചുപേര്‍ക്ക് വിതരണം ചെയ്തു. ബാക്കി അധ്യാപകര്‍ക്ക് കൈമാറി. യൂണിഫോം തയ്ച്ച് തയ്യാറാക്കിയ മനോജ് ഒന്നാംക്ലാസ്സിലെ കുട്ടികളുടെ അളവെടുത്തു. മൂന്നുമാസം മുമ്പ് അന്നത്തെ ഒന്നാംക്ലാസുമുതല്‍ ആറാംക്ലാസ്സുവരെയുള്ളവരുടെ അളവെടുത്തതാണ് തയ്ച്ച് കൊടുത്തത്...അവിടെ നിന്നും കിട്ടി ഞങ്ങള്‍ക്ക് ചായയും ബിസ്‌ക്കറ്റും. ..

ബൂലോഗകാരുണ്യത്തിന് നന്ദി. പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അതിലേറെ..ഇനിയും ഇതുപോലുള്ള പ്രവര്‍ത്തനങ്ങളുണ്ടാവട്ടെ..എല്ലാവിധ പിന്തുണയും ആശംസകളും നേരുന്നു

ഫോട്ടോ ആഷ്‌ലി, അതുല്യേച്ചി

14 comments:

നിരക്ഷരൻ said...

ശരീരം കൊണ്ട് പങ്കെടുക്കാനൊത്തില്ല :(
പക്ഷെ, മനസ്സ് അവിടെത്തന്നെ ഉണ്ടായിരുന്നു :)

Manoraj said...

നല്ല കാര്യങ്ങള്‍ക്ക് നല്ല സല്യൂട്ട്.

ഒരില വെറുതെ said...

great!!!

Jasy kasiM said...

നല്ല സംരഭം!!
എല്ലവർക്കും ആശംസകൾ!!

Manju Manoj said...

നല്ല കാര്യത്തിന് മനസ്സ് നിറഞ്ഞ അഭിനന്ദനം....

☮ Kaippally കൈപ്പള്ളി ☢ said...

Lovely pictures, especially the little one's

SHANAVAS said...

മൈനയുടെയും സഹപ്രവര്‍ത്തകരുടെയും നല്ല മനസ്സിന് പ്രണാമം. ബൂലോകത്തിനു കിട്ടിയ നിധികളാണ് നിങ്ങള്‍. പ്രത്യേകിച്ച് നിരക്ഷരന്‍.

MyDreams said...

gr8

SONY.M.M. said...

a lovely work

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഈ നല്ല പ്രവർത്തനങ്ങളേ ആദരിച്ചു കൊള്ളുന്നു...

ഖരാക്ഷരങ്ങള്‍ kharaaksharangal said...

great work...

yousufpa said...

ഈ ബൂലോഗം കാരുണ്യം കൊണ്ട് നിറയട്ടെ.ആ കാരുണ്യം അശരണർക്കും ദരിദ്രർക്കും അനാധകൾക്കും കൂട്ടാവട്ടെ.ഈ സംരംഭത്തിനു പിന്നിൽ പ്രവർത്തിച്ചവർക്കു ദൈവാനുഗ്രഹം ഉണ്ടാകട്ടെ.

Echmukutty said...

നന്മകൾ മാത്രമുണ്ടാകട്ടെ!

നന്ദ വര്‍മ said...

ജഗദീശ്വരന്‍ ഈ കരങ്ങള്‍ക്ക് കരുത്തു പകരട്ടെ ,എന്നും നന്മ തുണക്കട്ടെ...