Thursday, October 20, 2011

പെണ്‍യാത്രകള്‍

സുന്ദരിയക്കയ്ക്ക് എഴുത്തറിയുമായിരുന്നെങ്കില്‍ എത്ര മനോഹരമായ യാത്ര വിവരണങ്ങളെഴുതുമായിരുന്നു. എഴുത്തറിഞ്ഞാലും കാര്യമുണ്ടോന്നറിയില്ല, അവര്‍ക്കതിന് നേരവും വേണം. വാക്കുകളെ കൂട്ടിയോജിപ്പിച്ച് ഭംഗിയൊപ്പിക്കണം. കുറേ മാടുകള്‍ക്കും ആടുകള്‍ക്കും കോഴി വാത്തകള്‍്ക്കും ഇടയില്‍ വയലിലും കാട്ടിലുമായി ഓടിനടക്കുകയായിരുന്നു അവര്‍. പകലെങ്ങും അടങ്ങിയിരിക്കുന്നത് കണ്ടിട്ടില്ല. എപ്പോഴും ചലിച്ചുകൊണ്ടേയിരിക്കും. ഒരുപാട് സംസാരിക്കില്ല. അതിനു നേരമില്ലെന്നതാണ് സത്യം. സംസാരിക്കാന്‍ തുടങ്ങിയാലോ കാട്ടിലെ അവരുടെ ജീവിതത്തെക്കുറിച്ച് പറയുകയായി...കേള്‍ക്കുമ്പോള്‍ ഞാനതിനെ യാത്രകളെന്നും യാത്രവിവരണങ്ങളെന്നും കരുതി.
അത്രയൊന്നും സുന്ദരിയല്ല സുന്ദരിയക്ക. അവരൊരിക്കലും സൗന്ദര്യത്തെക്കുറിച്ചോ അവരുടെ പേരിന്റെ അര്‍ത്ഥത്തെക്കുറിച്ചോ ചിന്തിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. പേരെന്താണെന്ന് ചോദിച്ചാല്‍ നിര്‍വ്വികാരയായി 'സുന്ദരി'യെന്നു പറയും.
നല്ലൊരു ചേലയുടുത്താല്‍, കാതില്‍ കമ്മലിട്ടാല്‍, മൂക്കുത്തിയിട്ടാല്‍, മുഖത്തല്പം പൗഡറിട്ട് പൊട്ടു വെച്ചാല്‍, മുടിയൊന്നു ചീകിവെച്ചാലെങ്കിലും അവര്‍ സുന്ദരിയായേനേ...
അവര്‍ ദൂരോട്ടൊന്നും പോകാറില്ല. ഒരിക്കലേ അവര്‍ ദീര്‍ഘയാത്ര ചെയ്തിട്ടുള്ളു. അന്നവര്‍ക്ക് പട്ടുസാരിയും കമ്മലും വൈരക്കല്‍ മൂക്കുത്തിയുമുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ ഒരുള്‍ഗ്രാമത്തില്‍ നിന്ന് മലയാള അതിര്‍ത്തിയിലേക്ക് വയസ്സനായ കങ്കാണിതാത്തയുടെ രണ്ടാംഭാര്യയായി പോന്നതായിരുന്നു ആ യാത്ര. സ്വന്തം ഗ്രാമത്തിലുണ്ടായിരുന്ന എല്ലാത്തില്‍ നിന്നും...ഒരു രണ്ടാംജന്മത്തിലേക്ക്. ..നെഞ്ചിലെ വേദന കടിച്ചമര്‍ത്താന്‍ വയ്യാതായപ്പോള്‍ അവര്‍ വൈരക്കല്‍ മൂക്കുത്തി വലിച്ചുരിയെറിഞ്ഞു. മൂക്കുത്തി വലിച്ചപറിച്ചപ്പോള്‍ ഉണ്ടായ മുറിവ് മൂക്കിനൊരുവശത്തെ രണ്ടായി പകുത്തു .മൂക്കുത്തിയണിഞ്ഞാല്‍ എന്തു അഴകുണ്ടായിരുന്നോ ആ സ്ഥാനത്ത് ഒറ്റനോട്ടത്തിലെ തിരിച്ചറിയാവുന്ന അഭംഗി വന്നു.
പിന്നീടവര്‍ മടങ്ങി്‌പ്പോക്കിനെക്കുറിച്ചോ ദീര്‍ഘയാത്രകളെക്കുറിച്ചോ ചിന്തിച്ചതേയില്ല. രാവിലെയും വൈകിട്ടും വീടിനടുത്തുള്ള കാട്ടിലേക്ക് പോയി. ആടുകള്‍ക്കു തീറ്റവെട്ടാന്‍..മാടുകളെ കാട്ടില്‍ മേയാന്‍ വിടാനും തിരിച്ചടിച്ചുകൊണ്ടുവരാനും. ചിലപ്പോള്‍ ഒന്നോ രണ്ടോ മാടുകളെ കാണാതാവും. ഇരുളുംവരെ തിരയും. കണ്ടുകിട്ടിയില്ലെങ്കില്‍ മടങ്ങും. അന്നുരാത്രി മനസ്സു കാട്ടില്‍ തന്നെയായിരിക്കും. ഓരോ കാട്ടുപൊന്തകളിലേക്കും അവര്‍ ഇറങ്ങിച്ചെല്ലും. ഉയരമുള്ള മരത്തിന്റെ തുഞ്ചത്ത് കയറി കാടുമുഴുവന്‍ വീക്ഷിക്കും.

.നേരം വെളുത്താല്‍ പശുവിനെ കറക്കുന്നതോ, കോഴിയെ തുറന്നു വിടുന്നതോ മക്കള്‍ക്കും താത്താക്കും ആഹാരമുണ്ടാക്കുന്നതോ ഒക്കെ മറന്ന് അവര്‍ കാട്ടിലേക്കോടും.
രാവിലെ തൂക്കുപാത്രത്തില്‍ കുടിക്കാനുളള വെള്ളവുമായി ഞങ്ങള്‍ അയല്‍വീടുകളിലെ കുട്ടികള്‍ കാട്ടില്‍ ചുള്ളിയൊടിക്കാന്‍ പോകുമ്പോള്‍ മുന്നില്‍ സുന്ദരിയക്ക.

'എവിടെയെന്റെ ചുവന്ന മാട്.?'.. .
'നിങ്ങളു പോകുന്നവഴി കണ്ടാല്‍ അടിച്ചു വിടണേ' എന്ന് അവര്‍ പറയും. സത്യം പറഞ്ഞാല്‍ ചുള്ളിയൊടിക്കല്‍ മറന്ന് ഞങ്ങള്‍ അവരുടെ പിന്നാലെ കൂടും. മാടിനെ കണ്ടെത്തണ്ടേ..കഥകള്‍ കേള്‍ക്കേണ്ടേ...

ആനയില്‍ നിന്നു രക്ഷപെട്ടതും പുലിയെക്കണ്ടതും...എന്നും മുമ്പിലേക്കു ചാടുന്ന മ്ലാവിനെയും കേഴയെയും മാന്‍കൂട്ടത്തെയും മുയലുകളെയും...അവര്‍ പറഞ്ഞു കൊണ്ടിരിക്കും. അവരോടൊപ്പമുളള ആ സഞ്ചാരത്തില്‍ അവരുടെ സ്ഥിരം വഴികളില്‍ ഇവയെയൊക്കെ കാണാമെന്ന് പ്രലോഭനവുമുണ്ട്്്. അന്നൊക്കെ ആന മുന്നില്‍ വന്നുപെട്ടാല്‍, പുലിയെ കണ്ടാല്‍ എന്തുചെയ്യണമെന്നൊക്കെ മനസ്സില്‍ കണക്കുകൂട്ടും. ചില സൂത്രങ്ങളൊക്കെ ഒപ്പിക്കണമെന്നൊക്കെ...ചുമ്മാ ചില യുക്തികള്‍...
പുലി ഒന്നും ചെയ്യില്ലാന്ന് അവര് പറഞ്ഞു. നായയെപ്പോലെ ഒന്നു നോക്കും. പിന്നെ അത് അതിന്റെ പാട്ടിനും നമ്മള്‍ നമ്മടെ പാട്ടിനും നടക്കുമെന്ന്.
ഇതൊക്കെ അവരുടെ പൊയ്പറച്ചിലുകളല്ലേയെന്ന് ഒരിക്കലും തോന്നിയിട്ടില്ല. അത്രയൊന്നും സംസാരിക്കാത്ത അവര്‍ക്ക് പൊയ്പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് തോന്നിയിരുന്നു.
സുന്ദരിയക്കയുടെ മാടിനെ കാണാതാവുന്നത് ആരും പറഞ്ഞിട്ടല്ല ഞങ്ങളറിയുന്നത്. കാലത്ത് പാലിനുചെല്ലുമ്പോള്‍ കറന്നിട്ടുണ്ടാവില്ല.
ഒരിക്കല്‍ കാണാതെപോയ കന്നുക്കുട്ടിയെ അന്വേഷിച്ച് രണ്ടുദിവസം നടന്നു. ആ കന്നുക്കുട്ടി തിരിച്ചുവന്നില്ല. മൂന്നാം ദിവസം ഒരുവെക്കാലിമരത്തിന്റെ തുഞ്ചത്തിരിക്കുമ്പോള്‍ സുന്ദരിയക്ക കണ്ടു കുറച്ചപ്പുറെ ഗുഹയ്ക്കടുത്ത് പകുതിമുക്കാല്‍ മാംസവും നഷ്ടപ്പെട്ട കന്നുക്കുട്ടിയുടെ ജഡം. സുന്ദരിയക്ക ആ മരത്തിലങ്ങനെ ഇരുന്നു കുറേനേരം.
രണ്ടുപുലികള്‍ പങ്കിട്ടു തിന്നുകയായിരുന്നു കന്നുക്കുട്ടിയെ..!

അങ്ങനെ എന്തെല്ലാം കഥകളാണ്. ഒരിക്കല്‍ മലമുഴക്കി വേഴാമ്പല്‍ വന്നിട്ടുണ്ട് കാട്ടിലെന്നു പറഞ്ഞു. ഞങ്ങള്‍ കുറേ തിരഞ്ഞു. കണ്ടു കിട്ടിയില്ല. വേഴാമ്പലെന്ന പേരിന്റെ സൗന്ദര്യത്തില്‍ പഞ്ചവര്‍ണ്ണക്കിളി പോലൊന്നായിരിക്കുമെന്നായിരുന്നു ചിന്ത. പിന്നീടെത്രയോ കഴിഞ്ഞാണ് വേഴാമ്പലിനെ കാണാനായത്.

സുന്ദരിയക്ക മാത്രമല്ല എത്രയോ പേര്‍ ഇങ്ങനത്തെ കഥകള്‍ പറഞ്ഞു തന്നിരിക്കുന്നു. അവരുടെ യാത്രാനുഭവങ്ങള്‍. ദൂരേക്കൊന്നും അവരു പോകാറില്ല. ജീവിതം കഴിഞ്ഞുപോകാനുള്ള നെട്ടോട്ടത്തിനിടയില്‍ കാണുന്ന കാഴ്ചകള്‍..മിക്കവാറും പെണ്‍യാത്രകളൊക്കെ ഇങ്ങനെയാണെന്നാണ് തോന്നുന്നത്. കുഞ്ഞുകുഞ്ഞു യാത്രകള്‍..മുററത്തിനതിരുവിട്ട് അല്പം കൂടി നീളുന്ന യാത്രകള്‍..
ഇക്കാലത്ത് ബസ്സിലും ട്രെയിനിലുമൊക്കെ ജനങ്ങള്‍ക്കിടയിലൂടെ യാത്ര ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്ക് ഒരു സുരക്ഷതവുമില്ലെന്നറിയാം. ചുറ്റുപാടുകള്‍ക്കപ്പുറത്തേക്ക് സ്ത്രീയാത്രകള്‍ നീണ്ടപ്പോള്‍ അതെല്ലാം ഒരുപാടുകാലമായി പുരുഷന്റെ ലോകമായിരിന്നതുകൊണ്ട്്്് വീട്ടിലിരുന്നോ പെണ്ണേ, ഇല്ലെങ്കില്‍ ഞങ്ങളിങ്ങനെയൊക്കെയായിരിക്കും എന്ന് ചിലരെങ്കിലും കാണിച്ചു തരുന്നു. ആ യാത്രകളൊന്നും വിനോദയാത്രകളല്ലെങ്കിലും... ഭരണഘടനയും നിയമങ്ങളും സ്ത്രീക്കും പുരുഷനും തുല്യമായി തന്നെ സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചിരിക്കുമ്പോള്‍ വനിതകമ്മീഷന്റെ തലപ്പത്തിരിക്കുന്ന, നീതിപീഠത്തിലിരുന്നവര്‍ ..അവരും സത്രീയായിരുന്നുകൊണ്ടു തന്നെ പറയുന്നു ഒറ്റയ്ക്ക് യാത്ര ചെയ്യരുത് ..ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് .

പറഞ്ഞു വന്നത് പെണ്‍ യാത്രാനുഭവങ്ങളെക്കുറിച്ചാണ്. ജനനിബിഡമല്ലാത്ത കുഞ്ഞുദൂരത്തേക്കുള്ള യാത്രകളെകുറിച്ചാണ്. എഴുതപ്പെടാത്ത ഞാന്‍ കേട്ട ആ യാത്രകളിലൊന്നും സ്ത്രീ-പുരുഷന്‍ എന്ന വാക്കുകളോ ആരെങ്കിലും ഉപദ്രവിച്ചു എന്നോ ഒന്നും കേട്ടിട്ടില്ല. (എന്നാല്‍ നീണ്ടു നില്ക്കാത്ത ചില പ്രണയത്തെക്കുറിച്ച് കേട്ടിരുന്നു.) ഒരുപക്ഷേ, അവരൊക്കെ ധൈര്യവതികളായിരുന്നു. ഉപദ്രവിക്കാന്‍ ഇവരെ അറിയുന്ന പുരുഷന് സാധിച്ചിട്ടുണ്ടാവില്ല. ഹൈറേഞ്ചിലെ പെണ്ണുങ്ങള്‍ സാമര്‍ത്ഥ്യമുള്ളവരും ധൈര്യശാലികളും യുക്തിയുള്ളവരുമായിരുന്നു.
ജീവിതത്തിന്റെ നെട്ടോട്ടമാണല്ലോ അവരുടെ യാത്രകള്‍. നേരം പുലരും മുമ്പേ വിറകിനും പുല്ലിനുമായി മലകയറുന്ന പെണ്ണുങ്ങള്‍ക്ക് വനഭംഗി ആസ്വദിക്കാന്‍ കഴിയാറുണ്ടോ? നിത്യജീവിതത്തില്‍ കണ്ടുകൊണ്ടിരിക്കുന്നവയ്ക്ക് സൗന്ദര്യമുണ്ടോ? പലവിധ ചോദ്യങ്ങള്‍ സ്വയം ചോദിച്ചു നോക്കാറുണ്ട്.
അപ്പോഴായിരിക്കും കുഞ്ഞീരാത്താ ' മോനേ, ഇന്നു കാടൊന്നു കാണണം..എന്നാ രസവാന്നോ...നെറച്ചും ചൊമന്ന പൂക്കളാ..എന്തോരം പൂക്കളാന്നോ...' എന്നു പറഞ്ഞുകൊണ്ട് തോര്‍ത്തില്‍ കെട്ടിയ പൂക്കള്‍ മുന്നിലേക്ക് ചൊരിയുന്നത്.
പിന്നെയൊരിക്കല്‍ നീലപൂക്കളെക്കുറിച്ചായിരിക്കും പറയുന്നത്. മറ്റൊരിക്കല്‍ മഞ്ഞച്ചേലയുടുത്തു നില്ക്കുന്ന വനസുന്ദരിയെക്കുറിച്ചായിരിക്കും ... ചിലപ്പോള്‍ പൂക്കളെ വര്‍ണ്ണിച്ചിട്ട് പറയും
'മോനേ, ഇത് ഓരോന്നായിട്ട് കാണാന്‍് രസവില്ലാട്ടോ. മരത്തില് പൂത്തു നിക്കണ കാണണം. '

കുഞ്ഞീരാത്തായുടെ കൂടെ കാടുകാണാന്‍ പോകണം എന്നോര്‍ക്കും. പണ്ടുപോയ വഴികളൊക്കെ ഇപ്പോഴുമുണ്ടോ എന്നറിയണമെന്നോര്‍ക്കും... ചുവന്ന പൂക്കള്‍ ചൊരിഞ്ഞ ദിവസം 'നാളെ ഞാനും വരാട്ടോ' എന്നു പറഞ്ഞു.

'രണ്ടൂന്നു ദിവസത്തേക്ക് ഇത്താക്ക് മഠത്തി പണിയാന്‍ പോണോല്ലോ..അര്‍ജന്റ് പണിയാ...അതു കഴിയട്ടേട്ടോ...'

അന്നേരത്തേക്കും എനിക്ക് കോഴിക്കോട്ടേക്ക് മടങ്ങേണ്ട സമയമായി.
പണ്ട്, മുമ്പും പിമ്പും നോക്കാതെ പാറകേറിയങ്ങ് നടന്നാല്‍ മതിയായിരുന്നു. കൂട്ടിനാരും വേണമെന്ന നിര്‍ബന്ധവുമില്ലായിരുന്നു. ഇപ്പോള്‍ മോളുണ്ട്്. ഒന്നുകില്‍ അവളുടെ കണ്ണുവെട്ടിക്കണം. അല്ലെങ്കില്‍ കൂടെകൂട്ടണം. അതു പ്രയാസമാവും. എടുക്കാനും വയ്യ. നടത്താനും വയ്യ. പറമ്പിന്റെ അതിരിലെ പാറയില്‍ കുറച്ചു നേരം പോയിരിക്കാമെന്നു കരുതിയാല്‍ തന്നെ, തോട്ടിലൊന്നുപോയി ഒഴുക്കിനെ മീനുകളെ കണ്ടിരിക്കാമെന്നുവെച്ചാല്‍ തന്നെ 'നിനക്കെന്നാ പ്രാന്താണോ?' എന്ന് അമ്മച്ചി ചോദിക്കും.
സുന്ദരിയക്കയും ഇന്ദിരചേച്ചിയും കുഞ്ഞീരാത്തയുമൊക്കെ പോയ ആ വഴികളിലൂടെ എന്നാണ് പോകാനാവുക, ഇനിയെന്നെങ്കിലും സാധിക്കുമോ എന്നെല്ലാമാണ് ചിന്തകള്‍. അപ്പോഴാണ് വിറകുകെട്ടുമായി വീപ്പീത്താ മുന്നില്‍...ഈ പെണ്ണുങ്ങളൊക്കെ ഓരോ ഇതിഹാസമാണല്ലോ എന്നോര്‍ക്കും അപ്പോള്‍...ഇവരെപ്പറ്റിയൊക്കെ എവിടെയൊക്കെയോ കഥയായിട്ടും കാര്യമായിട്ടും എഴുതിയിട്ടുണ്ട്. എന്നാലും തീരുന്നില്ല. ഒരിക്കലും ആരും പൂര്‍ണ്ണമാകുന്നില്ല.

കാട്ടിലേക്ക് പോകാന്‍ പേടിയുണ്ടെന്ന് ഇന്നേവരെ വീപ്പീത്ത പറഞ്ഞു കേട്ടിട്ടില്ല. എന്നാല്‍ മകളെ പ്രസവിച്ച ഉടനെ കൊടും വനം താണ്ടി പെരിയാറു നീന്തി അക്കരെ കടന്ന് ഇടുക്കിറോഡിന്റെ പണിക്കുപോയ കഥ പലവട്ടം പറഞ്ഞു കേട്ടിട്ടുണ്ട്. ഇന്ന് ആ വനം എന്താണെന്ന് ഊഹിക്കാം. പത്തിരുപതുവര്‍ഷം മുമ്പ് എന്തായിരുന്നുവെന്ന് എനിക്കറിയാം. അതിനും പത്തിരുപത്തിരണ്ടുവര്‍ഷം മുമ്പ് ഞങ്ങളുടെ പറമ്പുപോലും കൊടുംകാടായിരുന്നെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. അക്കാലത്താണ് കൊടും വനമായിരുന്ന ഒരു മലകയറി പിന്നെയൊരു സമതലം കടന്ന് വീണ്ടും ചെറിയ കുന്നു കയറി പിന്നെയാണ് ശരിക്കുമുളള വനം. ഇന്നും അവിടെ വനമാണ്. കിഴക്കാംതൂക്കായ മല. അന്ന് ഇടുക്കിറോഡിനു പണിക്കുപോയവര്‍ തെളിച്ച ചെരിഞ്ഞ വഴികളാണ് പിന്നീട് വിറകിനു പോയവര്‍ ഉപയോഗിച്ചിരുന്നത്. കുത്തനേയും ചെരിഞ്ഞുമായുള്ള പാറകളും വഴികളും എത്രദൂരം നടന്നാലാണ് പെരിയാറിന്റെ തീരത്തെത്തുക.? പിന്നെയത് നീന്തിക്കടക്കണം. പിന്നെയും നടക്കണം. എങ്ങനെ വേഗത്തില്‍ നടന്നാലും രണ്ടുമണിക്കൂറിലേറെ വേണമെന്നാണ് തോന്നുന്നത്. തിരിച്ചുള്ള കയറ്റം ദുര്‍ഘടം. ..അന്ന് നാട്ടില്‍ കൂലിപ്പണി കാര്യമായില്ലാത്ത കാലം. ഇടുക്കിറോഡുപണിക്കുപോയാല്‍ കൂലികിട്ടും..അരിയും ധാന്യങ്ങളും കിട്ടും. അപ്പോള്‍ നേരം പുലരും മുമ്പേ ഇറങ്ങുകയായി.

മകള്‍ തൊട്ടിലില്‍...വല്ല്യുമ്മയെ ഏല്പിച്ച് നടക്കും. പ്രസവരക്ഷയില്‍ കിടക്കേണ്ട നാളുകളില്‍ മാറില്‍ പാണനിലയും വെച്ച് കാടുകയറുകയാണ്. കാട്ടിലൊരുപാട് പിശാചുക്കളുണ്ട്. ചീത്തയുടെ ഉപദ്രവമുണ്ട്. ആ ചീത്തയില്‍ നിന്ന് മുലപ്പാലിനെയും പെറ്റെണീറ്റ പെണ്ണിനേയും രക്ഷിക്കുന്നത് പാണനിലയാണ്.

പണിസ്ഥലത്തെത്തുമ്പോഴേക്കും പാലുനിറയും. പിന്നെ വേദനയാണ്.
'എന്തോരം പാലാര്‍ന്നുന്നോ'...
പിന്നെയവര്‍ പാലുതിങ്ങി വേദനിക്കുമ്പോള്‍ എല്ലാരും കഞ്ഞികുടിച്ച് പോകുന്നവരെ അടുപ്പുകല്ലിന്നരികില്‍ കാത്തിരിക്കുമായിരുന്നു. അടുപ്പിടുത്തുനിന്ന് ആളുമാറിക്കഴിയുമ്പോള്‍ പാലുപിഴിഞ്ഞ് അടുപ്പിലേക്കൊഴുക്കിയിരുന്നത്രേ! മറ്റെവിടെയെങ്കിലുമൊഴി്ച്ചാല്‍ അത് കുഞ്ഞിന് കേടാണുപോലും..

പണികഴിഞ്ഞ് വീണ്ടും പുഴനീന്തി മലകയറിയിറങ്ങി വീട്ടിലെത്തുമ്പോള്‍ ഇരുളും.
'പാവം പെണ്ണ്..കരഞ്ഞ് കരഞ്ഞ് ഒന്നു ചപ്പുമ്പളേക്കും ഒറങ്ങിപ്പോകും..പിന്നേം അടുപ്പിന്റടുത്തേക്കു പോണം'.....

ജീവിക്കാനുള്ള ആ ഓട്ടത്തിനിടയിലും അവര്‍ കാടുകണ്ടു. കാട്ടുപൂക്കളേയും ചിത്രശലഭങ്ങളേയും കണ്ടു. പുതിയയിനം വള്ളി കാട്ടില്‍ വരുമ്പോള്‍ വേഗം തിരിച്ചറിഞ്ഞു. അറുപതുവയസ്സിനുമുകളില്‍ പ്രായമുള്ള അവര്‍ കാടുകൊണ്ടാണ് ജീവിതം നീ്ക്കുന്നത്.
ഇപ്പോഴും വിറകിനു പോകും.
സസ്യങ്ങളെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ലേഖനത്തില്‍ 'വീപ്പീത്തയുടെ ആരോഗ്യരഹസ്യം' എന്നൊരു ഭാഗമുണ്ടായിരുന്നു. മേലുനൊമ്പരത്തിന് പനിച്ചംപുളിയിലയിട്ട് ചൂടാക്കിയ വെള്ളത്തില്‍ കുളി..ചാളമേടിച്ച് പനിച്ചംപുളിയില ഉപ്പും കാന്താരിയും ചേര്‍ത്തരച്ചുണ്ടാക്കുന്ന അട. പുളിയിലച്ചമ്മന്തി..കാട്ടുതാള്‍...
വായിക്കാനറിയാത്ത വീപ്പീത്താക്ക് അമ്മച്ചി വായിച്ച് കേള്‍പ്പിച്ചപ്പോള്‍ -ആ കൊച്ചിതൊക്കെ ശ്രദ്ധിച്ചത് ഞാനറിഞ്ഞില്ലാല്ലോ...ഇങ്ങനെ കഥയെഴുതുവെങ്കി..എന്തോരം കാര്യങ്ങളാ പറയാനൊള്ളത് -.എന്നു പറഞ്ഞെന്ന്്..
ഒരു യാത്രാനുഭവം എഴുതേണ്ടി വന്നപ്പോള്‍ ആലോചിച്ചത് വിനോദയാത്രകളൊന്നുമായിരുന്നില്ല. പാട്ടും ആട്ടവുമായി പുറംലോകത്തെ അത്രയൊന്നും ശ്രദ്ധിക്കാതെ രണ്ടോ മുന്നോ ദിവസം കറങ്ങി നടന്നതൊക്കെ എന്തെഴുതാനാണെന്നോര്‍ത്തു. അത്തരം യാത്രകള്‍ ആഘോഷമാണ്. അതുകൊണ്ടാണ് വനയാത്രയെക്കുറിച്ചെഴുതാനിരുന്നത്. അതിലല്പം സാഹസികതയുണ്ടായിരുന്നു. ചില യാത്രകള്‍ ഒറ്റയ്ക്കായിരുന്നു. ആ യാത്രയുടെയൊന്നും പിന്നില്‍ വിനോദമായിരുന്നില്ല. ഓരോ ആവശ്യങ്ങള്‍ വന്നു ചേര്‍ന്നപ്പോള്‍ അങ്ങനെയങ്ങ് പോയി. കാടു കയറി. എഴുതിയതൊന്നും പൂര്‍ണ്ണമല്ലെന്നറിയുന്നു. ഇപ്പോള്‍ അത്തരം യാത്രകളില്ല.

സാഹസികയാത്രകള്‍ ഞാനിഷ്ടപ്പെട്ടിരുന്നു. കുറേനാള്‍ മുമ്പ് നൂറോളം പേര്‍ പങ്കെടുത്ത വിനോദയാത്രയില്‍ സഹയാത്രികമാരോട് ഞാനിക്കാര്യം ചോദിച്ചു. പലര്‍ക്കും മലയും കുന്നും കയറാനും കാടുകാണാനും ഇഷ്ടമായിരുന്നു. പക്ഷേ, ഒപ്പമുള്ള പുരുഷന്‍മാര്‍ പലതും പറഞ്ഞ് മാറ്റിനിര്‍ത്തുന്നുവത്രേ!
ശരിയാണ് ആണിനെ സംബന്ധിച്ച് ഒരു കൂട്ടുകാരനെ കിട്ടിയാല്‍ നേരയങ്ങു പോവുകയായി ശിരുവാണിയിലോ, ചിത്രമൂലയിലോ, ചെമ്പ്രയ്ക്കുമുകളിലേക്കോ...'നിങ്ങള്‍ക്കൊരു ശല്യവുമുണ്ടാക്കില്ല. കൂടെയുണ്ടെന്ന് വിചാരിക്കുകയേ വേണ്ട ..എനിക്കും കാണേണ്ടേ മാനം തൊട്ടു നില്ക്കുന്ന മേഘങ്ങളെ..സന്ധ്യക്ക് കാറ്റത്ത് തോണിയിലൊരു സാഹസികയാത്ര...കാട്ടിലെ പാറയിടുക്കുകളും വെള്ളച്ചാട്ടങ്ങളും. ...മുമ്പില്‍ വന്നുപെടാവുന്ന മൃഗങ്ങളെ..ഇതിന്റെയൊക്കെ അപകടങ്ങളെ'...

എത്ര പറഞ്ഞാലും കൊണ്ടുപോകില്ല. മുമ്പത്തേക്കാളേറെ സ്ത്രീകള്‍ ഉദ്യോഗസ്ഥകളാണ്. സ്വന്തമായി അധ്വാനിക്കുന്ന പണമുണ്ട്. പക്ഷേ, ഒരു സാധാരണ വിനോദയാത്രപോലും ചിലപ്പോള്‍ വിലക്കപ്പെടും.

പുരുഷന്റെ യാത്രവിവരണങ്ങളില്‍നിന്ന് വ്യത്യസ്തമാകുന്ന സ്ത്രീയാത്രകളെക്കുറിച്ച്് ഗീതാഞ്ജലി കൃഷ്ണന്‍ എഴുതിയ 'യാത്രയിലെ പെണ്‍കാഴ്ചകള്‍' എന്ന ലേഖനം വായിച്ചു നടത്തിയ സംവാദത്തില്‍, ചിലയാത്രകള്‍ നമ്മള്‍ ആഗ്രഹിക്കുകയും പലപ്പോഴും സാധിക്കാതെ വരുന്നതിനെക്കുറിച്ചും പറഞ്ഞപ്പോള്‍ കേട്ടിരുന്ന സ്ത്രീകളേതാണ്ട് എന്റെ സമാനമായ അവസ്ഥയിലായിരുന്നു.
തിരിച്ചിറങ്ങുമ്പോള്‍ ഒരാള്‍ എന്നോട് മാത്രമായി പറഞ്ഞു. 'ഞങ്ങള്‍ ആണുങ്ങള്‍ പലയിടത്തും പോകും. വെള്ളമടിക്കും. രസിക്കും. അതുകണ്ട് പെണ്ണുങ്ങള്‍ തുള്ളണ്ട'
ഈ ലോകം മുഴുവന്‍ എന്നാണ് ഇവര്‍ക്കുമാത്രമായി പതിച്ചു നല്കിയത് എന്നും ആ പട്ടയക്കടലാസ് ഒന്നു കാണാനായെങ്കില്‍ എന്നുമോര്‍ത്ത് നടന്നു. അതും യാത്രയായിരുന്നു. ജീവിതത്തില്‍ ചിലരെ തിരിച്ചറിയാന്‍ കിട്ടിയ യാത്രാനുഭവം.

ചിലര്‍ക്കേ ഈ ലോകത്തുകൂടി സഞ്ചരിക്കാനും സഞ്ചരിച്ചാല്‍ തന്നെ എഴുതാനുമാവൂ. ആഗ്രഹിച്ച ഇടങ്ങളിലുടെ മറ്റാരോ സഞ്ചരിച്ചെഴുതിയ വിവരണങ്ങള്‍ വായിച്ച് മനസ്സുകൊണ്ടൊരുലോകം തീര്‍ത്ത് അതിലൂടെ സഞ്ചരിക്കാം. ശരീരം കൊണ്ട് സഞ്ചരിക്കാവുന്ന ദൂരം ചങ്ങലവട്ടം മാത്രമായേക്കാം. പക്ഷേ, മനസ്സിന്റെ അതിരുകള്‍ ആകാശം തൊടും. മേഘങ്ങളെ ഉമ്മവെയ്ക്കും. നക്ഷത്രങ്ങളോടു കൂടുകൂട്ടും. ആര്‍ക്കു പറയാനാവും പോകരുതെന്ന്...?


കടപ്പാട് മാതൃഭൂമി ഓണ്‍ലൈന്‍

6 comments:

Myna said...

ശരീരം കൊണ്ട് സഞ്ചരിക്കാവുന്ന ദൂരം ചങ്ങലവട്ടം മാത്രമായേക്കാം. പക്ഷേ, മനസ്സിന്റെ അതിരുകള്‍ ആകാശം തൊടും. മേഘങ്ങളെ ഉമ്മവെയ്ക്കും. നക്ഷത്രങ്ങളോടു കൂടുകൂട്ടും. ആര്‍ക്കു പറയാനാവും പോകരുതെന്ന്...?

Muralee Mukundan , ബിലാത്തിപട്ടണം said...

ചിലര്‍ക്കേ ഈ ലോകത്തുകൂടി സഞ്ചരിക്കാനും സഞ്ചരിച്ചാല്‍ തന്നെ എഴുതാനുമാവൂ. ആഗ്രഹിച്ച ഇടങ്ങളിലുടെ മറ്റാരോ സഞ്ചരിച്ചെഴുതിയ വിവരണങ്ങള്‍ വായിച്ച് മനസ്സുകൊണ്ടൊരുലോകം തീര്‍ത്ത് അതിലൂടെ സഞ്ചരിക്കാം....

അനില്‍@ബ്ലോഗ് // anil said...

നല്ല കുറിപ്പ്, മൈന. മനസ്സുകൊണ്ടുള്ള സഞ്ചാരത്തിൽ മാത്രം ഒതുങ്ങിക്കോളൂ എന്നാണോ സൂചന?

Manoraj said...

ഇത് ഞാന്‍ മാതൃഭൂമിയില്‍ വായിച്ചിരുന്നു. ഓഫീസില്‍ വെച്ച് മറ്റൊരു സുഹൃത്തിനെ കൊണ്ട് വായിപ്പിക്കുകയും ചെയ്തിരുന്നു.

ബിലാത്തിചേട്ടന്റെ കമന്റിനടിയില്‍ ഞാന്‍ ഒപ്പുവെക്കുന്നു.

Vp Ahmed said...

മനസ്സങ്ങനെ സഞ്ചരിക്കട്ടെ............
http://surumah.blogspot.com

Sunil G Nampoothiri said...

മനസ്സ് സഞ്ചരിക്കട്ടെ ...
എന്നാല്‍ സാരഥി വേണമെന്ന് മാത്രം...
സാരഥി ഇല്ലാത്ത യാത്രകള്‍ അപകടം തന്നെ