'രാത്രിയില്‍ നിങ്ങളും കുഞ്ഞുമോനും ഉറങ്ങിക്കഴിയുമ്പോള്‍ ആകാശം കാണാന്‍ മട്ടുപ്പാവിലിറങ്ങി നില്ക്കുന്ന എന്റെ മനസ്സ്, അതിന് അപ്പോള്‍ കിട്ടുന്ന ആനന്ദം നിങ്ങള്‍ക്കൂഹിക്കാന്‍ കഴിയുമോ? ആകാശത്തിലെ വേട്ടക്കാരനും മകരമത്സ്യവും നിലാവില്‍ അനങ്ങുന്ന ഓലത്തുമ്പിന്റെ മൗനസംഗീതവും ചിലപ്പോഴൊക്കെ രാവിന്റെ കരിംസൗന്ദര്യവും എന്റെ സ്വകാര്യതയില്‍ സലോമിയെ ഉണര്‍ത്തുന്നു. കയ്യില്‍ വെള്ളിത്താമ്പാളവുമായി മിഴി ചിതറി, കണ്ണുജ്വലിച്ച്, നാവുനുണഞ്ഞ് , സലോമിയുടെ നൃത്തം. എന്റെയാ കൊച്ചു സ്വകാര്യതയ്ക്ക് നിങ്ങള്‍ ഇത്രയേറെ വില കല്പിച്ചിരുന്നുവോ?'
(ചന്ദ്രമതിയുടെ ജനകീയ കോടതി )
ഈ കഥയിലെ മൈക്കിള്‍ ജോസഫ്, ഭാര്യ മേബിളിനെ ജനകീയ കോടതിക്കു മുമ്പില്‍ നിര്‍ത്തുമ്പോള്‍ ഭാര്യ എന്ന നിലയിലുളള കുറവുകള്‍ പറയുന്ന കൂട്ടത്തില്‍ പറയുന്നതാണ് ' രാത്രിയില്‍ നിര്‍വേദഭാവേന അവളെന്നെ അവഗണിക്കുന്നു' എന്ന്. അതിനുള്ള മറുപടിയാണ് മുകളില്‍ കൊടുത്ത മേബിളിന്റെ വാക്കുകള്‍.
രാത്രിയില്‍ മട്ടുപ്പാവില്‍ നിന്നു കാണുന്ന ഒരു തുണ്ട് ആകാശം പോലും സ്ത്രീയക്ക് അന്യമാണെന്ന്, അതുപോലും ആസ്വദിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞുവെയ്ക്കുന്നു.
ശരിയാണ്, ആകാശത്തെ മകരമത്സ്യമോ വേട്ടക്കാരോ മിന്നാമുനുങ്ങുകളോ രാത്രിയുടെ കരിം സൗന്ദര്യമോ സ്ത്രീക്ക് അന്യമാണ്. ആണുങ്ങളുള്ളപ്പോള്‍ വീടിന്റെ പൂമുഖം അന്യമാകും പോലെ..അവള്‍ കരിപിടിച്ച ചിമ്മിനി ചുമരില്‍ രാത്രിയുടെ സൗന്ദര്യം കാണണം. അവിടെ നക്ഷത്രങ്ങളെയും മിന്നാമിനുങ്ങുകളെയും കാണണം.
രാത്രിയുടെ സൗന്ദര്യം സ്ത്രീക്ക് അന്യമാണോ എന്ന ചോദ്യത്തിനു മുന്നിലാണ് ഞാനിക്കാര്യത്തെക്കുറിച്ച് ആലോചിച്ചു പോകുന്നത്. കുട്ടിക്കാലത്തോ കുറച്ചു മുതിര്‍ന്നപ്പോഴോ രാത്രിയെനിക്ക് അന്യമായിരുന്നില്ല. നിലാവില്‍ ആറ്റുവക്കത്തെ പാറയില്‍ കിടന്ന് ആകാശം കണ്ടിരുന്നു. അപ്പോഴെന്റെ മനസ്സ് തൊട്ടുചേര്‍ന്നൊഴുകുന്ന പുഴയിലോ, ഭൂമിയിലോ ആയിരുന്നില്ല. ആകാശത്തെ തൊട്ടു തൊട്ടില്ല എന്ന മട്ടിലായിരുന്നു.
കുഞ്ഞാങ്ങളമാര്‍ക്കൊപ്പം ചൂട്ടും കത്തിച്ച് മീന്‍പിടിക്കാന്‍ പോവുകയും മിന്നാമിനുങ്ങുകളെപ്പിടിച്ച് അത് പകലും മിനുങ്ങുമോ എന്നറിയാന്‍ പെട്ടിയിലടച്ചുവെയ്ക്കുകയും ചെയ്തു.
മൂന്നാറിലേക്ക്് സബ് ജില്ലാ യൂത്ത് ഫെസ്റ്റിവലിന് പോകാന്‍ സ്‌കൂളില്‍ തങ്ങിയ രാത്രി സ്‌കൂള്‍ പറമ്പിലൂടെ ചുമ്മാ നടന്നതും കന്യാസ്ത്രീകള്‍ നട്ടുപിടിപ്പിച്ച റോസാപ്പൂക്കള്‍ കട്ടു പറച്ച് കന്യാമറിയത്തിന് സമര്‍പ്പിച്ചതിനും നിലാവുമാത്രം സാക്ഷി.
അതുകൊണ്ടൊക്കെയാവാണം മറ്റു പെണ്‍കുട്ടികള്‍ക്ക് രാത്രി എങ്ങനെയെന്നൊന്നും ചിന്തിക്കാന്‍ മിനക്കെടാഞ്ഞത്.
പുറംലോകം പകലുപോലും സ്ത്രീക്ക് നിഷിദ്ധമാണെന്ന് ഇന്ന് തിരിച്ചറിയുന്നു. അപ്പോള്‍ രാത്രി എന്നാഗ്രഹിക്കുന്നതു തന്നെ നടക്കാത്ത സ്വപ്‌നമാണ്. പുറം ലോകത്തിന്റെ , രാത്രിയുടെ സൗന്ദര്യത്തേക്കാളുപരി ഭയപ്പെടുത്തുന്ന വാക്കുകളാണ് അവള്‍ കേട്ടു വളരുന്നത്. സൗന്ദര്യം ആസ്വദിക്കാനിറങ്ങിയാല്‍ തിരിച്ചു വരേണ്ടി വരില്ലെന്നും നല്ലപിള്ള അടങ്ങിയൊതുങ്ങിയിരിക്കുന്നതാണ് നല്ലതെന്നും.
കൗമാരത്തില്‍ എനിക്കൊരു പ്രണയമുണ്ടായിരുന്നു.
അവന്റെ വീട് ഒരു മലയ്ക്കുമുകളിലാണെന്നറിഞ്ഞ നിമിഷം മുതല്‍ എന്റെ ജനലുകള്‍ തുറന്നു കിടന്നു. രാത്രി അവിടെ വിളക്കുകത്തുന്നത് കണ്ടു.
പിന്നീടെന്നും എന്റെ ജനലുകള്‍ തുറന്നു കിടന്നു. രാത്രിയില്‍ ജനലഴികളില്‍പിടിച്ച് ഞാന്‍ അങ്ങോട്ടേക്കു നോക്കി നിന്നു. ഒരു കീറാകാശത്തിന്റെ ദൂരം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. ആ ദൂരത്തെ ഞാനെപ്പോഴും അളന്നളന്ന് നോക്കാന്‍ ശ്രമിച്ചിരുന്നു. എന്നിലെ യുക്തിബോധത്തിനപ്പുറമായിരുന്നു ആ പ്രണയമെങ്കിലും ...ഇരുട്ടില്‍ ഒരു കൂമനോ, നത്തോ ആവാന്‍ ഞാന്‍ കൊതിച്ചു. ഓരോ മരച്ചില്ലയില്‍ നിന്ന് മറ്റൊന്നിലേക്ക് അവിടെനിന്ന് പറന്ന് പറന്ന്...
അവിടെ മലയുടെ തുഞ്ചത്തെ വീട്ടില്‍ നിന്ന് അവന്‍ എന്നെ കാണുന്നുണ്ടാവുമോ എന്നെല്ലാം ആലോചിച്ച് ജനാലയ്ക്കല്‍ എത്ര നേരമാണ് നിന്നതെന്ന് ഓര്‍മയില്ല.
നിനക്കെന്നാ വട്ടാണോ വീട്ടിലുള്ളവര്‍ ചോദിച്ചു.
ഒരു ജനലില്‍ നിന്നുള്ള കാഴ്ചകള്‍ പോലും സ്ത്രീക്ക് അന്യമാണെന്ന് തിരിച്ചറിയുന്നു.
കോഴിക്കോട് കുറ്റിച്ചിറയിലും കല്ലായിയിലുമുള്ള ചില പെണ്‍സുഹൃത്തുക്കള്‍ രാത്രി പത്തുമണിക്കുശേഷം ബീച്ചില്‍പോയിരുന്ന് കാറ്റുകൊള്ളുകയും ആകാശം കാണുകയും ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞ് കേട്ടിട്ടുണ്ട്. ഇത് അപൂര്‍വ്വം സ്ത്രീകള്‍ക്കുമാത്രം കിട്ടുന്നതാണെന്നറിയാം.
കുട്ടിക്കാലത്ത് നല്ലൊരു ആകാശനോക്കിയായിരുന്നിട്ടും എനിക്കവരുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അസൂയ തോന്നി.
രാത്രിയില്‍ പ്രേതത്തെയും പിശാചിനെയും കണ്ടത് അധികവും ആണുങ്ങളായിരുന്നു. അവരെ അപായപ്പെടുത്താന്‍ വന്ന യക്ഷി മുന്നിലും പിന്നിലുമായി നടന്നു. അവള്‍ കരിമ്പനയുടെ അടുത്തെത്തി മറഞ്ഞു പോയി. അല്ലെങ്കില്‍ പുഴയോരത്തെത്തിയപ്പോള്‍ ആഴത്തിലേക്ക് മുങ്ങിത്താണു പോയി. കല്ലുവെച്ച നുണകളോ മിത്തോ സത്യമോ?
കേള്‍ക്കുമ്പോള്‍ സത്യമെന്നപോലെ നമ്മളും ഇരുട്ടത്ത് ചൂട്ടുവെട്ടത്തില്‍ വയല്‍വക്കത്തുകൂടിയും ഇടവഴിയിലൂടെയും നടക്കുകയാണ്. മനസ്സിന്റെ സഞ്ചാരം.
പണ്ടൊക്കെ മുറ്റത്തേക്കിറങ്ങിയാല്‍ പെണ്ണുങ്ങള്‍ കൈയ്യില്‍ ഇരുമ്പു കരുതണം. ഭൂതപ്രേതാദികളില്‍ നിന്ന്, രക്തദാഹിയായ യക്ഷികളില്‍ നിന്ന് രക്ഷനേടാന്‍...
ആ ചുടലയക്ഷികള്‍ എങ്ങോ പോയിയൊളിച്ചു. പെണ്ണിനു ഭയം ആണിനെ മാത്രമാണ്.
വിലക്കുകള്‍, ഭയപ്പെടുത്തല്‍ അവള്‍ക്കെന്നും. എവിടെയും ലക്ഷ്മണരേഖകള്‍. സീതാദേവി പോലും ലക്ഷ്മണരേഖ മുറിച്ചു കടന്നു പോയതാണല്ലോ സര്‍വ്വ കുഴപ്പങ്ങള്‍ക്കും കാരണമായത്.- അതുകൊണ്ടവര്‍ക്ക് പുഷ്പകവിമാനത്തില്‍ കയറി യാത്രചെയ്യാന്‍ പറ്റി. കടലു കാണാന്‍ പററി. ലങ്ക കാണാന്‍ പറ്റി എന്നിങ്ങനെയും പറയാം.
അമ്പലപറമ്പില്‍ ഉത്സവത്തിനുപോയതും വഹഌ കേള്‍ക്കാന്‍ പള്ളിയില്‍പോയതുമാവണം ചില ഭക്തകള്‍ക്കുകിട്ടിയ രാത്രിയുടെ ബഹളത്തില്‍ മുങ്ങിയ ഉപഹാരം.
നിശബ്ദതയില്‍ ഒരു നടത്തം. നത്തിന്റെ മൂളല്‍, പുഴയൊഴുകുന്നതിന്റെ സംഗീതം, യക്ഷിപ്രേതാദികളുടെ പാദസരകിലുക്കങ്ങള്‍, ആകാശത്തെ തേരോട്ടം എല്ലാം നഷ്ടം നഷ്ടം.
13 comments:
ആകാശത്തെ് മകരമത്സ്യമോ വേട്ടക്കാരോ മിന്നാമുനുങ്ങുകളോ രാത്രിയുടെ കരിം സൗന്ദര്യമോ സ്ത്രീക്ക് അന്യമാണ്. ആണുങ്ങളുള്ളപ്പോള്‍ വീടിന്റെ പൂമുഖം അന്യമാകും പോലെ..അവള്‍ കരിപിടിച്ച ചിമ്മിനി ചുമരില്‍ രാത്രിയുടെ സൗന്ദര്യം കാണണം. അവിടെ നക്ഷത്രങ്ങളെയും മിന്നാമിനുങ്ങുകളെയും കാണണം.
രാത്രിയുടെ സൗന്ദര്യം സ്ത്രീക്ക് അന്യമാണോ എന്ന ചോദ്യത്തിനു മുന്നിലാണ് ഞാനിക്കാര്യത്തെക്കുറിച്ച് ആലോചിച്ചു പോകുന്നത്. കുട്ടിക്കാലത്തോ കുറച്ചു മുതിര്‍ന്നപ്പോഴോ രാത്രിയെനിക്ക് അന്യമായിരുന്നില്ല. നിലാവില്‍ ആറ്റുവക്കത്തെ പാറയില്‍ കിടന്ന് ആകാശം കണ്ടിരുന്നു. അപ്പോഴെന്റെ മനസ്സ് തൊട്ടുചേര്‍ന്നൊഴുകുന്ന പുഴയിലോ, ഭൂമിയിലോ ആയിരുന്നില്ല. ആകാശത്തെ തൊട്ടു തൊട്ടില്ല എന്ന മട്ടിലായിരുന്നു.
ഇന്നിപ്പോള്‍ രാത്രിയുടെ സൌന്ദര്യം സ്ത്രീക്കന്യമാണെന്ന് പറയുവാന്‍ കഴിയുമോ? എത്രയൊ സ്ത്രീകള്‍ രാത്രിയില്‍ തൊഴിലിടങ്ങളിലേക്കും മറ്റും പോകുന്നു. ഉണ്ട്, ഇപ്പോഴും ചില അവസ്ഥകള്‍ ഉണ്ടെന്നത് സത്യം തന്നെ. എങ്കിലും പഴയ കാലത്ത് നിന്നും ഏറേ മാറ്റമുണ്ടെന്ന് തോന്നുന്നു.
രാത്രി അന്യമായിരുന്നതായിരിക്കാം സ്ത്രീകൾ കൂടുതൽ ദിവാസ്വപനം കാണാൻ ഇഷ്ട്ടപ്പെടുന്നതു എന്നു ഞാൻ കരുതുന്നു.
ഒരുതരം virtual reality..ശരിയല്ലെ മൈനാ..
ശരിയാണ്, ആകാശത്തെ മകരമത്സ്യമോ വേട്ടക്കാരോ മിന്നാമുനുങ്ങുകളോ രാത്രിയുടെ കരിം സൗന്ദര്യമോ സ്ത്രീക്ക് അന്യമാണ്. ആണുങ്ങളുള്ളപ്പോള്‍ വീടിന്റെ പൂമുഖം അന്യമാകും പോലെ..അവള്‍ കരിപിടിച്ച ചിമ്മിനി ചുമരില്‍ രാത്രിയുടെ സൗന്ദര്യം കാണണം. അവിടെ നക്ഷത്രങ്ങളെയും മിന്നാമിനുങ്ങുകളെയും കാണണം.'
ഇതൊക്കെ നമ്മുടെ നാട്ടിലുള്ള മഹിളകൾക്ക് മാത്രം വിധിക്കപ്പെട്ടിരിക്കുകയാണല്ലോ അല്ലേ മൈനേ
വളരെ നല്ല രചന ..കൂടുതല്‍ പ്രതീക്ഷിക്കുന്നു ആശംസകള്‍ ....
njanum mohikkunnu...rathri veruthe onnu purathirangi nadakkan...enthinu rathri??????????pakalilum oru lakshyathilekku allathe njan ''veruthe'' nadannitteyilla!!!!
മനോരാജ്, തൊഴിലിടങ്ങളിലേക്കുള്ള പോക്കും വരവുമല്ലല്ലോ രാത്രിയുടെ സൗന്ദര്യം. ആ സൗന്ദര്യം നോക്കി നില്ക്കാന്‍ ...കുറച്ചുനേരം പുറത്തിറങ്ങി നില്‍ക്കാന്‍ പറ്റുന്ന എത്രപേരുണ്ട്? ഉപ്പുമാങ്ങ പറഞ്ഞപോലെ പകലുപോലും ഭൂരിപക്ഷത്തിനും അന്യമാണ്. എനിക്കു പോലും feel ചെയ്യുന്നു.
എല്ലാവര്‍ക്കും നന്ദി.
രാത്രിയുടെ സൌന്ദര്യം നമ്മുടെ നാട്ടിലെങ്കിലും സ്ത്രീകള്‍ക്ക് അന്യമാണ്...പണ്ട് രാത്രിയില്‍ മുറ്റത്ത് ഇറങ്ങിയാല്‍ വിശാലമായ ആകാശം കണ്ട്, നിലാവിന്റെ മോഹിപ്പിക്കുന്ന നനുനനുത്ത സൌന്ദര്യം ആസ്വടിക്കാംആയിരുന്നു,സ്ത്രീകള്‍ക്ക്..ഇന്നിപ്പോള്‍ എവിടെ മുറ്റം???ഇരുളില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ എത്രയെത്ര???ശെരിക്കും ഇന്നത്തെ സ്ത്രീകള്‍ കൂടുതല്‍ അരക്ഷിതരായി എന്നതാണ് സത്യം..
നന്നായിരിക്കുന്നു.
സ്ത്രീകളുടെ സുരക്ഷ ഒരു പ്രശ്നം തന്നെയാണ്-രാത്രിയെന്നല്ല പകല്‍ പോലും.
എന്നാല്‍ രാവും പകലും സുന്ദരം തന്നെ.
സൌന്ദര്യം, ആസ്വാദനം ഇതെല്ലം ആപേക്ഷികമായ,കാല്പനികമായ സങ്കല്പങ്ങള്‍ അല്ലെ?
പുരുഷൻ ആക്രമിക്കപ്പെടുന്നില്ലായെങ്കിൽ അതിനു പ്രധാനകാരണം ഒരു പുരുഷൻ മാത്രമല്ല പുറത്തിറങ്ങി നടക്കുന്നത് എന്നായിരിക്കണമെന്നു തോന്നുന്നു .അവൻ ഒറ്റയ്കാകുമ്പോൾ ഈ സാധ്യത തള്ളിക്കളയാൻ കഴിഞ്ഞെന്നു വരില്ല . സ്ത്രീകൾ ഭയന്നൊളിക്കാതെ ഒത്തൊരുമയോടെ വെളിയിൽ വരണമെന്നാണ് എന്റെ അഭിപ്രായം . ഒരു മുന്നേറ്റത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു . മാറ്റുവിൻ ചട്ടങ്ങളേ .. എന്നതുപോലെ മാറ്റുവിൻ ഭയങ്ങളെ ...
മൈന ..ഞാന്‍ ഒരുപാട് ചിന്തിച്ചിട്ടുള്ള ഒരുകാര്യമാണ് വളരെ നന്നായി താങ്കള്‍ ഇവിടെ വിവരിച്ചത് .
ഞങ്ങള്‍ ആണുങ്ങള്‍ക്ക് അറിയാത്ത ഭൂഭങ്ങികള്‍ അന്വേഷിച്ചിരങ്ങാം ,
അപരിചിത ദേശങ്ങളില്‍
പ്രഭാദങ്ങളും സന്ധ്യകളും രാത്രികളും അനുഭവിച്ചറിയാം .
ബോറടിക്കുമ്പോള്‍ രാത്രിയാനെങ്ങിളും ഇറങ്ങി നടക്കാം .ഒറ്റയ്ക്ക് യാത്രചെയ്യാം
.മിനുങ്ങിനടക്കാം ..
.നിങ്ങള്‍ സ്ത്രീകള്‍ അടുക്കളയും കിടപ്പരയും വാഗ്ദത്തം കിട്ടിയ മുഷിപ്പന്‍ ജന്മങ്ങലാനെന്നു നിസ്സഹായതയോടെ ഓര്തുപോകാറുണ്ട്.
മൈന..
എത്രയോ സ്ത്രീ മനസുകളുടെ അടക്കിപ്പിടിച്ച വേദനയാണ് ഈ വരികളിലൂടെ പറഞ്ഞത്..
വൃശ്ചിക പൂനിലാവിനെ ഭാസ്കരന്‍ മാഷിന്റെ ഗാനത്തോളം തന്നെ സ്നേഹിച്ചിരുന്നു ഞാന്‍. ഇന്ന്‍ വൃശ്ചികവും നിലാവും അറിയാറുപോലുമില്ല.
Post a Comment