Thursday, October 15, 2009

'മുസ്‌തഫയുടെ വീട്ടി'ലേക്ക്‌ ഇനി അല്‌പദൂരം മാത്രം.

മുസ്‌തഫക്കൊരു പുസ്‌തകം എന്ന പേരില്‍ മുമ്പ്‌ എഴുതിയ കൊച്ചുപോസ്‌റ്റില്‍ നിന്ന്‌ ഇന്നു നമ്മള്‍ മുസ്‌തഫയ്‌ക്കൊരു വീടെന്ന യാഥാര്‍ത്ഥ്യത്തിലേക്ക്‌ അടുത്തുകൊണ്ടിരിക്കുകയാണ്‌.

മരത്തില്‍ നിന്ന്‌ വീണ്‌ നട്ടെല്ലിന്‌ ക്ഷതം പറ്റി, അരക്കു താഴെ ചലനമില്ലാതെ കിടപ്പിലായിപ്പോയ മുസ്‌തഫക്ക്‌ വായന മാത്രമായിരുന്നു ആശ്വാസം. ഞാനെഴുതിയ ഒരു പുസ്‌തകം വായിച്ചശേഷം, ഇപ്പോള്‍ പുസ്‌തകം വാങ്ങാന്‍ മാര്‍ഗ്ഗമില്ലാത്തതുകൊണ്ട്‌, വേറെ പുസ്‌തകം വല്ലതുമുണ്ടെങ്കില്‍ അയച്ചു കൊടുക്കാന്‍ മാത്രമേ മുസ്‌തഫ എഴുതിയുള്ളു. അരിവാങ്ങാന്‍ മുസ്‌തഫക്ക്‌ പണമില്ല. മരുന്നു വാങ്ങാന്‍ മാര്‍ഗ്ഗമില്ല. ജീവിയ്‌ക്കാന്‍ ഒരു ഗതിയുമില്ല. അതൊന്നും മുസ്‌തഫ എഴുതിയില്ല. സത്യത്തില്‍ അതൊക്കെയാണ്‌ മുസ്‌തഫയ്‌ക്കുള്ള യഥാര്‍ഥ ഇല്ലായ്‌മകള്‍. അരിയും മരുന്നും മാത്രമല്ല, തല ചായ്‌ക്കാന്‍ മണ്ണില്‍ സ്വന്തമായി ഒരിടവുമില്ലാത്തവനുമായിരുന്നു മുസ്‌തഫ.

മുസ്‌തഫയ്‌ക്കൊരു പുസ്‌തകമെന്നേ അന്നു കരുതിയിരുന്നുള്ളൂ.
പക്ഷേ, പുസത്‌കത്തില്‍ തുടങ്ങിയ കാര്യങ്ങള്‍ എത്ര പെട്ടെന്നാണ്‌ വീട്ടിലേക്കെത്തിയത്‌. ആദ്യം നിരക്ഷരനും മുരളികയും മുസ്‌തഫയെ നേരിട്ട്‌ കണ്ടു. പിന്നെ മൂന്നൂരാനും ഞാനും. പലരും മുസ്‌തഫയെ വിളിച്ച്‌ സംസാരിച്ചു. പുസ്‌തകത്തിനൊപ്പം പലരും ധനസഹായവുമായി എത്തി. ബൂലോകകാരുണ്യം ആവശ്യപ്പെട്ടതനുസരിച്ചാണ്‌ സുലൈഖയുടെയും എന്റെയും പേരില്‍ കാലിക്കറ്റ്‌ കോ ഓപ്പറേറ്റീവ്‌ അര്‍ബന്‍ ബാങ്കില്‍ ജോയിന്റ്‌ അക്കൗണ്ട്‌ എടുത്തത്‌.
ചെറിയ ചെറിയ സഹായങ്ങള്‍ വന്നു കൊണ്ടിരുന്നപ്പോള്‍, പിന്നെയത്‌ വീടെന്ന സ്വപ്‌നത്തിലേക്കെത്തി.
ആദ്യമൊക്കെ ഇങ്ങനൊരു സ്വപ്‌നം കാണാന്‍ കഴിയുമോ എന്നു ആശങ്കയുണ്ടായിരുന്നു. അത്‌ പലപ്പോഴും നിരക്ഷരനോടും മൂന്നൂരാനോടും പറയുകയും ചെയ്‌തു. അപ്പോഴൊക്കെ അവര്‍ ധൈര്യപ്പെടുത്തി. എന്നാലും ധൈര്യം പോരായിരുന്നു. മുസ്‌തഫക്ക്‌ വെറുതേ വേണ്ടാത്ത സ്വപ്‌നം കൊടുക്കണോ എന്ന്‌. അതുകൊണ്ടു തന്നെ ഇടയ്‌ക്കിടക്ക്‌ മുസ്‌തഫയെ വിളിച്ചു പറയും ഇത്‌ വെറും ശ്രമമാണ്‌. പരമാവധി ശ്രമിച്ചു നോക്കാം എന്ന്‌.

നമ്മുടെ ബ്ലോഗേഴ്‌സ്‌ ഒററക്കും കൂട്ടായും സഹായിച്ചു. കൂടാതെ ഗള്‍ഫ്‌ില്‍ മാധ്യമത്തിലും മലയാളം ന്യൂസിലും കൊടുത്ത വാര്‍ത്ത കണ്ട്‌ ഒരുപാടുപേര്‍ സഹായിച്ചു. വലുതും ചെറുതുമായ സഹായങ്ങള്‍. ഇങ്ങനെ കിട്ടിയതില്‍ നല്ലൊരു പങ്കും ഗള്‍ഫ്‌ നാടുകളില്‍ നിന്നായിരുന്നു എന്ന്‌ മാത്രമല്ല വളരെ കുറഞ്ഞ വേതനത്തിന്‌ അവിടെ ജോലി ചെയ്യുന്ന നല്ലൊരു കൂട്ടം മലയാളികളാണ്‌ വളരെ ചെറിയ ചെറിയ തുകകള്‍ സ്വരുക്കൂട്ടി അയച്ചുതരുന്നതില്‍ മുന്നില്‍ നിന്നത്‌.

മുസ്‌തഫക്കൊരു പുസ്‌തകം എന്ന പോസ്‌റ്റും മൂന്നൂരാന്‍ എഴുതിയ 'ബ്ലോഗെഴുത്ത്‌ വെറുമെഴുത്തല്ല' എന്ന പോസ്റ്റും മാതൃഭൂമി ബ്ലോഗനയില്‍ വരുകയുണ്ടായി.
ബ്ലോഗനയില്‍ കണ്ടതുകൊണ്ടുമാത്രമാണ്‌ ഹാരൂണ്‍ സാഹിബിനെ പരിചപ്പെടാനിടയായത്‌. മുസ്‌തഫ കിടപ്പിലായിരുന്നതുകൊണ്ട്‌ കിടക്കപ്പുണ്ണുവന്ന്‌ തിരിയാന്‍ പോലുമാകാത്ത അവസ്ഥയിലായിരുന്നു. കോഴിക്കോട്‌ ഇഖ്‌റ ഹോസ്‌പിററലില്‍ ഓപ്പറേഷനും ചികിത്സക്കും വേണ്ടി ഒന്നരമാസത്തോളം മുസ്‌തഫ കിടന്നു. ഹാരൂണ്‍ സാഹിബിന്റെ സഹായത്തിലാണ്‌ അതു സാധിച്ചത്‌.

പല ബ്ലോഗുകളിലും, അമൃത ടി വി, കള്‍ച്ചറല്‍ & ബാങ്കിംഗ്‌ സോളിഡാരിറ്റി മാസിക, കോഴിക്കോട്‌ ജില്ലാസഹകരണബാങ്കിന്റെ അകത്തളം മാസിക,കോഴിക്കോട്‌ ബാങ്ക്‌മെന്‍സ്‌ ക്ലബ്ബ്‌ ബുളളറ്റിന്‍ ,, സഹയാത്ര , നാട്ടുപച്ച, മാസികകളില്‍ മുസ്‌തഫയെക്കുറിച്ചു വന്നു. ( ഏതെങ്കിലും വിട്ടുപോയോ എന്തോ? ക്ഷമിക്കുക, ഓര്‍മിപ്പിക്കുക)

സഹായിച്ചവരുടെ പേരുകള്‍ പേരെടുത്തു പറയുന്നില്ല. പുസ്‌തകങ്ങള്‍ അയച്ചുകൊടുത്തും സാമ്പത്തികസഹായം ചെയതവരും മാത്രമല്ല മാനസീക പിന്തുണ നല്‌കിയവരും എല്ലാവര്‍ക്കും നന്ദി എന്ന വാക്കെങ്ങനെ മതിയാകും? വാക്കുകളുടെ പരിമിതി വല്ലാതെ തിരിച്ചറിയുന്നതിപ്പോഴാണ്‌.ഇതിനിടയില്‍ അമേരിക്കയില്‍ നിന്നുള്ള ഫോമ എന്ന സംഘടനയുടെ ഭാരവാഹികളായ അനിയന്‍ ജോര്‍ജ്ജ്‌, ടൈറ്റസ്‌ എന്നിവരുമായി മുസ്‌തഫയുടെ കാര്യങ്ങള്‍ നിരക്ഷരന്‍ ചര്‍ച്ച ചെയ്‌ത്‌ അതുവഴി മുസ്‌തഫയ്‌ക്ക്‌ ഒരു വീടുണ്ടാക്കിക്കൊടുക്കുന്ന കാര്യത്തെപ്പറ്റിയുള്ള ആലോചനകളിലേക്ക്‌ കാര്യങ്ങള്‍ ചെന്നെത്തുകയുമുണ്ടായി. ഫോമ കേരളത്തിലങ്ങോളമിങ്ങോളമായി അശരണര്‍ക്കായി 25 വീടുകള്‍ നിര്‍മ്മിച്ചുകൊടുക്കുന്നതില്‍ ഒരു വീട്‌ മുസ്‌തഫയ്‌ക്ക്‌ വേണ്ടി നല്‍കാമെന്ന്‌ അവര്‍ വാഗ്‌ദാനം ചെയ്യുകയുമുണ്ടായി.

മുസ്‌തഫയുടെപേരില്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്ന ഒരു പുരയിടവും അതില്‍ ഒരു കൊച്ചു വീട്‌ നിര്‍മ്മിക്കേണ്ടതിലേക്കാവശ്യമായ തറയും അതില്‍ പണികഴിപ്പിക്കേണ്ട വീടിന്റെ പ്ലാനും മാത്രമാണ്‌ ഫോമയ്‌ക്ക്‌ വീട്‌ നിര്‍മ്മാണത്തിലേയ്‌ക്ക്‌ ആവശ്യമായിട്ടുള്ളത്‌.

ഇക്കാര്യത്തിലേക്കായി പെയിന്‍ & പാലിയേറ്റീവ്‌ ക്ലിനിക്കിന്റെ ഭാരവാഹികള്‍ ഐക്കരപ്പടിയിലും സമീപപ്രദേശത്തുമൊക്കെയായി നടത്തിയ തിരച്ചിലുകള്‍ക്കൊടുവില്‍ അനുയോജ്യമായ ഒരു സ്ഥലം കണ്ടുപിടിക്കുകയും ആ സ്ഥലം വാങ്ങുന്നതിനായി 3 ലക്ഷം രൂപ കൊടുത്ത്‌ കരാര്‍ എഴുതുകയുമുണ്ടായി. ഈ സ്ഥലത്ത്‌ ഇപ്പോള്‍ത്തന്നെ ഒരു വീടിനുള്ള തറ കെട്ടിയിട്ടിട്ടുണ്ട്‌ എന്നത്‌ വലിയൊരു അനുഗ്രഹവുമായി.

സ്ഥലം രജിസ്റ്റര്‍ ചെയ്യാനാവശ്യമായ ബാക്കി പണം ( 1.25 ലക്ഷം )സമാഹരിക്കാനുള്ള തീവ്രയജ്ഞവും ഇതിനോടൊപ്പം നടന്നുകൊണ്ടിരിക്കുന്നു. ഫോമയുടെ വീടുകള്‍ എല്ലാം 2010 ജനുവരി മാസത്തില്‍ താക്കോല്‍ ദാനം നിര്‍വ്വഹിക്കണമെന്നുള്ളതുകൊണ്ടും മറ്റ്‌ വീടുകളുടെയൊക്കെ പണികള്‍ ഒരുപാട്‌ പുരോഗമിച്ചു എന്നുള്ളതുകൊണ്ടും മുസ്‌തഫയ്‌ക്ക്‌ വേണ്ടി വാങ്ങാനായി അഡ്വാന്‍സ്‌ കൊടുത്തിട്ടുള്ള സ്ഥലം ഉടനെ തന്നെ രജിസ്റ്റര്‍ ചെയ്യേണ്ട ഒരു ആവശ്യമാണ്‌ ഇപ്പോള്‍ നമുക്ക്‌ മുന്‍പില്‍ ഉള്ളത്‌.

ലോകത്തിന്റെ പലഭാഗത്തായി ജീവിക്കുന്ന, ഒരിക്കല്‍പ്പോലും നേരിട്ട്‌ കാണാതെ സൌഹൃദം പങ്കുവെച്ച്‌ കഴിയുന്ന നല്ലമനസ്സുകള്‍ ഒന്നാകുമ്പോള്‍ , 'എനിക്കൊരു ഒരു പുസ്‌തകം വായിക്കാന്‍ തന്ന്‌ എന്റെയീ മുരടിപ്പിക്കുന്ന കിടപ്പിന്‌ അല്‍പ്പം ആശ്വാസമേകൂ' എന്ന്‌ പറഞ്ഞ മുസ്‌തഫക്ക്‌ ഒരു വീടും പുരയിടവും തന്നെയാണ്‌ ബ്ലോഗിന്റെ അതിര്‍വരമ്പുകളൊക്കെ ഭേദിച്ച്‌ നമ്മള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ പോകുന്നത്‌. നമുക്ക്‌ അത്യധികം അഭിമാനിക്കാനാവുന്ന ഒരു മുഹൂര്‍ത്തത്തിലേക്ക്‌ ഇനി അല്‍പ്പം ദൂരമേ ബാക്കിയുള്ളൂ. എല്ലാ നല്ലമനസ്സുകള്‍ക്കും ഒരിക്കല്‍ക്കൂടെ നന്ദിപറഞ്ഞുകൊണ്ട്‌ ..........
double click here


മുസ്‌തഫയുടെ വീടിനുവേണ്ടി തുടങ്ങിയ അക്കൗണ്ട്‌

SB V A/C No.15

Calicut Co-Op Urban Bank,

Kallai Road, Calicut -2


10904100001990


പി. ടി. മുഹമ്മദ്‌ സാദിക്കിന്റെ(munnooran blogspot.com) പേരില്‍ ഫെഡറല്‍ ബാങ്ക്‌, മുക്കം ശാഖയിലെ നമ്പറാണിത്‌. ഓണ്‍ലൈന്‍ ട്രാന്‍സഫറിന്‌ ആര്‍ക്കും ഈ അക്കൗണ്ട്‌ ഉപയോഗിക്കാം.

45 comments:

മൈന said...

മുസ്‌തഫയുടെ വീട്ടിലേക്ക്‌ ഇനി അല്‌പദൂരം മാത്രം.

മുസ്‌തഫക്കൊരു പുസ്‌തകം എന്ന പേരില്‍ മുമ്പ്‌ എഴുതിയ കൊച്ചുപോസ്‌റ്റില്‍ നിന്ന്‌ ഇന്നു നമ്മള്‍ മുസ്‌തഫയ്‌ക്കൊരു വീടെന്ന യാഥാര്‍ത്ഥ്യത്തിലേക്ക്‌ അടുത്തുകൊണ്ടിരിക്കുകയാണ്‌

നിരക്ഷരന്‍ said...

‘മുസ്തഫയ്ക്ക് ഒരു വീട്‘ എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടുക തന്നെ ചെയ്യും.

എവിടന്നൊക്കെയോ പല അദൃശ്യകരങ്ങള്‍ പലപ്പോഴായി ഈ ആവശ്യത്തിലേക്കായി നല്‍കിയ ഉദാരമായ സഹായങ്ങളും പിന്തുണയുമൊക്കെ കാണിക്കുന്നത് അതാണ്.

ബ്ലോഗ് സമൂഹത്തിനു തന്നെ അഭിമാനിക്കാവുന്ന ഒരു വലിയ പ്രവര്‍ത്തനമായി ഇത് എക്കാലവും സ്മരിക്കപ്പെടുകയും ചെയ്യും.

ഈ ആവശ്യത്തിലേക്ക് എന്നാലാവുന്ന സഹായങ്ങള്‍ തുടര്‍ന്നും വാഗ്ദാനം ചെയ്യുന്നു.

നിരക്ഷരന്‍ said...

ഫോമ എന്ന അമേരിക്കന്‍ സംഘടനയെ എനിക്ക് പരിചയപ്പെടുത്തിത്തന്ന റീനി മമ്പടം എന്ന വലിയ മനസ്സിനെ സ്മരിക്കാതെ പോയാല്‍ അത് നന്ദികേടായിപ്പോകും.

Captain Haddock said...

Good job.

ബ്ലോഗിലെ തല്ലും പിടിയും മാറ്റിവെച്ചു നമ്മുക്ക് ഇതിനു വേണ്ടി കുറച്ച് വര്‍ക്ക്‌ ചെയാം.

സജി said...

തല്ലൊക്കെ ഒരു രസമല്ലേ, ക്യാപ്റ്റന്‍ സാര്‍!
ആരും കുടും‍ബ ശത്രുക്കളല്ലോ?

ഒരു മെയില്‍ അയക്കുമ്പോള്‍ തീരുന്ന് വഴക്കേയുള്ളൂ.
എന്തായാലും നമുക്കു ഒന്നൂകൂടി ഒത്തു പിടിക്കാം...

അനില്‍ശ്രീ... said...

ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍...

ഹരീഷ് തൊടുപുഴ said...

നീരു വിനോടു സംസാരിച്ചതിൻ പ്രകാരം എന്റെ എളിയ വീതം ഞാൻ പ്രസ്തുത അക്കൌണ്ട് നമ്പെറിലേക്കയക്കുന്നതായിരിക്കും..

മനോവിഭ്രാന്തികള്‍ said...

ആദ്യമായി ബൂലോകത്തില്‍ വന്നതു തന്നെ July 2009 ല്.... പല ബ്ലോഗ് ettiquettes ഇപ്പൊഴും അറിയില്ല... തല്ലും വഴക്കും കുത്തുവാക്കും കൂടി ചിലസമയത്തു മലീമസമായിക്കൊണ്ടിരിക്കയാണല്ലൊ ബൂലോകം. അതിനിടയില്‍ ഇത്തരം കാര്യങ്ങളും നടക്കുന്നുണ്ടെന്നു പരിചയപ്പെടുത്തിയതില്‍ സന്തോഷം. എല്ലാവര്‍ക്കും ഭാവുകങ്ങള്‍

kichu / കിച്ചു said...

ഞാനും അയക്കം ഒരു വിഹിതം

ജോ l JOE said...

I will also send some amount to the account soon....

ആഗ്നേയ said...

അഭിനന്ദനങ്ങള്‍!ആ സ്വപ്നത്തിലേക്ക് വളരെ വേഗം എത്തിച്ചേരട്ടെ.

കുഞ്ഞായി said...

ഇങ്ങനെ ഒരു സല്‍കൃത്യത്തിനുവേണ്ടി ഇറങ്ങിത്തിരിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍..
ഇതിലേക്ക് ഒരു തുക അയച്ച് ഞാനും സഹകരിക്കുന്നതായിരിക്കും

chithrakaran:ചിത്രകാരന്‍ said...

നന്മയുള്ള പ്രവര്‍ത്തനങ്ങളുടെ നല്ല കൂട്ടയ്മക്ക്
ആശംസകള്‍ നേരുന്നു.

കുമാരന്‍ | kumaran said...

പുണ്യപ്രവര്‍ത്തനത്തിന് എല്ലാ വിധ മംഗളാശംസകളും..

ടി.സി.രാജേഷ്‌ said...

മുസ്‌തഫ ഇടയ്‌ക്കൊക്കെ വിളിക്കുമ്പോള്‍ സാമ്പത്തികമായി സഹായിക്കാന്‍ സാഹചര്യങ്ങള്‍ അനുവദിക്കുന്നില്ലല്ലോ എന്ന വിഷമം എന്നെ അലട്ടാറുണ്ട്‌. പക്ഷെ, ഫോണിന്റെ മറുതലയ്‌ക്കല്‍ മുസ്‌തഫയുടെ സ്‌നേഹവും സന്തോഷവും നിറഞ്ഞ ശബ്ദം കേള്‍ക്കുമ്പോള്‍ ഞാന്‍ ആ ദുഃഖം തല്‍ക്കാലത്തേക്കു മാറ്റിവയ്‌ക്കും.
തിരുവനന്തപുരത്തെ പാലിയം ഇന്ത്യയുടെ പ്രതിമാസ പത്രികയായ 'സഹയാത്ര'യില്‍ മുസ്‌തഫയെപ്പറ്റിയും ബ്ലോഗര്‍മാരുടെ കൂട്ടായ്‌മ മുസ്‌തഫയ്‌ക്കു നല്‍കിയ പുനര്‍ജന്‍മത്തെപ്പറ്റിയും എഴുതിയതുകൊണ്ട്‌ മുസ്‌തഫയ്‌ക്ക്‌ ഒരു വീട്‌ എന്ന ലക്ഷ്യത്തിന്‌ എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. സഹയാത്രയിലേക്ക്‌ ഓരോ മാസവും ശേഖരിക്കുന്ന ലേഖനങ്ങളില്‍ ഒന്നുമാത്രമായിരുന്നു എനിക്കത്‌. പക്ഷെ, സഹയാത്ര കൃത്യമായി ഓരോ മാസവും കിട്ടുമ്പോള്‍ ദുഃഖങ്ങള്‍ മറക്കാനാകുന്നുവെന്നാണ്‌ മുസ്‌തഫ പറഞ്ഞത്‌. കാരണം, തന്നേക്കാള്‍ വേദന അനുഭവിക്കുന്നവര്‍ വേറെയും ധാരാളം പേരുണ്ടെന്നറിയുമ്പോള്‍ തന്റെ വേദന നിസ്സാരമാകുന്നുവെന്ന്‌. സഹാത്രയില്‍ ലേഖനം വന്നതിലൂടെ ഏറെ സന്തോഷകരമായ ഒരനുഭവം മുസ്‌തഫക്കുണ്ടായി. ഒരു ദിവസം പത്തു പുസ്‌തകങ്ങളടങ്ങിയ ഒരു പായ്‌ക്കറ്റും സ്‌നേഹപൂര്‍വ്വമൊരു കത്തും മുസ്‌തഫയ്‌ക്കു കിട്ടി. ആ പായ്‌ക്കറ്റില്‍ പി.പദ്‌മരാജന്റെ പത്തു പുസ്‌തകങ്ങളായിരുന്നു ഉണ്ടായിരുന്നത്‌. അതയച്ചതാകട്ടെ, മറ്റാരുമല്ല, പദ്‌മരാജന്റെ പത്‌നി രാധാലക്ഷ്‌മിച്ചേച്ചിയായിരുന്നു. ഏറെ സന്തോഷത്തോടെയാണ്‌ മുസ്‌തഫ ഇക്കാര്യം പങ്കുവച്ചത്‌. എന്തായാലും ഇത്രയുമായ സ്ഥ്‌ിതിക്ക്‌ ഇനി തിരിഞ്ഞു നോക്കേണ്ടിവരില്ല.
അധികം വൈകാതെ മുസ്‌തഫയുടെ പുതിയ വീടിന്റെ പാലുകാച്ചിന്‌ നമുക്ക്‌ ഒത്തുചേരാം, ചേരണം.

കാട്ടിപ്പരുത്തി said...

ഒരു വലിയ കാര്യം ചെയ്യുന്ന എന്റെ കൂട്ടുകാര്‍ക്കു സ്നേഹത്തോടെ

Captain Haddock said...

മൈനാ,

ഫെഡറല്‍ ബാങ്കും ICICI ബാങ്കും തമ്മില്‍ ചെരൂല്ല എന്നാ തോനുന്നത്. ട്രാന്‍സ്ഫര്‍ ചെയാന്‍ പറ്റുനില്ല.

തത്കാലം നിരുവിന്റെ കൈയില്‍ കൊടുക്കാം. നിരു എത്തിയ്കും. (Thanks Neeru and Co !!)

പിന്നെ, എന്‍റെ കൂടെ ഉള്ളവര്‍ എല്ലാവരും ICICI or other bank account holders ആന്നു, അപ്പോള്‍ ഇതിനു ഒരു പോംവഴി വേണ്ണം. വേറെ ബാങ്ക് വഴി എല്ലാം കൈമാറി പണം എത്തിയ്ക്കാം, പക്ഷെ എന്തിനാ സമയവും, പിന്നെ എല്ലാ ബാങ്കുകള്‍ക്കും കമ്മിഷന്‍ കൊടുക്കുനത് ? ആ കമ്മിഷന്‍, അതും കൂടെ നമുക്ക് ഉപയോഗിചൂടെ ?

I think, if you can publish a VISA card number, that would make things easier. VISA's Card-to-Card transfer is easy and quick.

നിരക്ഷരന്‍ said...

@ ക്യാപ്റ്റന്‍ ഹാഡോക്ക്

മൈന ഔട്ട് ഓഫ് സ്റ്റേഷന്‍ ആണ്. ഇനി 3 ദിവസം കൂടെ കഴിഞ്ഞേ മടങ്ങിയെത്തൂ. അതുവരെ പണം ട്രാന്‍സ്ഫര്‍ ചെയ്യണമെന്നുള്ള ക്യാപ്റ്റന്റെ സുഹൃത്തുക്കള്‍ക്ക് ഞാന്‍ ക്യാപ്റ്റന് തന്ന ICICI അക്കൌണ്ടിലേക്ക് പണം അയക്കാവുന്നതാണ്. (എന്റെ വിശ്വാസമാണെങ്കില്‍ )

ഓരോരുത്തരുടേയും പണം കിട്ടുന്നതിനനുസരിച്ച് ഞാന്‍ ഇവിടെ അതയച്ച ആളുടെ പേര് കമന്റായി പറയാം. പണം എത്ര കിട്ടി എന്നത് ക്യാപ്റ്റനെ മെയില്‍ വഴി അറിയിക്കുകയും ചെയ്യാം. സുതാര്യമായ പണമിടപാടുകള്‍ക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്യാം എന്ന് പറയുന്നത്.

VISA കാര്‍ഡ് നമ്പര്‍ മൈന മടങ്ങി വന്നാല്‍ ഉടനെ തീരുമാനമാക്കാം.

poor-me/പാവം-ഞാന്‍ said...

Glad to hear all these good news.
you had given him hope.then treatment..now a roof above his head..but you got a
limit..you cannot keep them helping for ever....
you cannot give them fish for ever...
One thing can be done teach them catching fish..
helping HER to start a small shop..or a tailoring shop...
then they will mnage them selves for running their daily affair...(after getting house)

Captain Haddock said...

എന്‍റെ നിരു ...നിങളെ വിശ്വാസമിലെങ്ങില്‍ പിന്നെ ആരെയാ ഞങള്‍ ബൂലോകര്‍ വിശ്വസിക്കുക ?

തന്ന ICICI അക്കൌണ്ടിലേക്ക് അയയ്ക്കാന്‍ ഏര്‍പ്പാട്‌ ചെയാം.

ചിന്തകന്‍ said...

കൂടുതല്‍ നന്മയിലേക്ക് ഇത് ഒരു പ്രചോദനമായി തീരട്ടെ.

മൈനക്കും കൂട്ടുകാര്‍ക്കും ഒരായിരം അഭിനന്ദനങ്ങള്‍.

Captain Haddock said...

@ പാവം-ഞാന്‍ :

Good point !!!RangDe (http://rangde.org/) കേട്ടിടുണ്ടോ ? നിങള്‍ പറഞ്ഞ അതെ ലൈനില്‍ പ്രവര്തികുന്ന്വര്‍ ആണ്. നിരക്ഷരന്‍ മൈന വഴി
അവര്‍ക്ക് (സുലൈഖ) എന്ത് ജോലി ചെയ്യാന്‍ സാധിക്കും എന്ന് അനെക്ഷിക്കും. ആ ഭാഗത്ത് ക്ലിക്ക് ആവുന്ന, അവര്‍ക്ക്‌ ചെയാന്‍ പറ്റുന്ന ഒരു തൊഴില്‍ കണ്ടു പിടിച്ചു, നമുക്ക് മീന്‍ പിടുത്തം പഠിപിച്ചു കൊടുക്കാം, അല്ലെ ?

നിരക്ഷരന്‍ said...

@ പാവം ഞാന്‍

ക്യാപ്റ്റന്‍ ഹാഡോക്ക് http://rangde.org/ നെപ്പറ്റി കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ഇക്കാര്യം കോഴിക്കോട് പെയിന്‍ & പാലിയേറ്റീവ് ക്ലിനിക്കുമായി ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തില്‍ എത്താന്‍ പറ്റുമെന്ന് കരുതുന്നു. ഇത്തരം നല്ല അഭിപ്രായങ്ങള്‍ക്ക് നന്ദി. തയ്യല്‍ പോലുള്ള എന്തെങ്കിലും വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലികളില്‍ ‍ സുലൈഖാ മുസ്തഫയെ പരിശീലിപ്പിക്കാനും അതുവഴി എന്തെങ്കിലും വരുമാനം ഉണ്ടാക്കാനും സാധിക്കുമെന്നാണ് തോന്നുന്നത്. അതുപോലുള്ള കാര്യങ്ങള്‍ മുസ്തഫയ്ക്കും ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകില്ല.

@ ക്യാപ്റ്റന്‍ ഹാഡോക്ക്

ക്യാപ്റ്റന് എന്നെ ബ്ലോഗുകളിലൂടെയും കമന്റുകളിലൂടെയും ഫോണിലൂടെയും അറിയാം. പക്ഷെ നേരിട്ട് കണ്ടിട്ടില്ലല്ലോ ? ക്യാപ്റ്റന്റെ സുഹൃത്തുക്കള്‍ക്ക് എന്നെ ഒരു പരിചയവും ഇല്ല. അതുകൊണ്ടാണ് ഞാനങ്ങനെ സൂചിപ്പിച്ചത്.

പലതരം തട്ടിപ്പുകള്‍ നടക്കുന്ന കാലമാണിത്. ചിലതൊക്കെ ഈ അടുത്ത ദിവസങ്ങളില്‍ വിവാദമായിരിക്കുന്നത് കണ്ടുകാണുമല്ലോ ? ആര്‍ക്കും ആരെയും കണ്ണടച്ച് വിശ്വസിക്കാന്‍ പറ്റില്ല എന്ന സ്ഥിതിവിശേഷം ഉള്ളപ്പോള്‍ പരമാവധി സുതാര്യത പണമിടപാടുകളില്‍ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അത് എല്ലാവരുടേയും നന്മയ്ക്കും കൂടെ വേണ്ടിയാണ്.

ക്യാപ്റ്റന്റെ കൂട്ടുകാര്‍ ആരെങ്കിലും പണം അയച്ചുകഴിഞ്ഞാല്‍ മെയില്‍ വഴി എന്നെ അറിയിക്കണം. കിട്ടിയോ ഇല്ലയോ എന്ന് ഞാന്‍ ഉറപ്പുവരുത്തുന്നതും വിശദവിവരങ്ങള്‍ ക്യാപ്റ്റനെ അറിയിക്കുന്നതുമാണ്. വിശ്വാസത്തിനും സഹായങ്ങള്‍ക്കും മുസ്തഫയുടെ പേരില്‍ നന്ദി.

ഗീത said...

നീരൂ, ഞാനും കൂടുന്നുണ്ട്. എനിക്കും നീരുവിന്റെ അക്കൌണ്ട് നമ്പര്‍ തരൂ.

നിരക്ഷരന്‍ said...

ഗീതേച്ചീ

ഈ പോസ്റ്റില്‍ കൊടുത്തിരിക്കുന്ന 2 അക്കൌണ്ടുകളിലേക്ക് പണം അയക്കാന്‍ ശ്രമിക്കൂ. അതില്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ ഞാന്‍ എന്റെ അക്കൌണ്ട് നമ്പര്‍ അയച്ചുതരാം.

മുന്നൂറാന്‍ said...
This comment has been removed by the author.
മുന്നൂറാന്‍ said...

എന്റെ എക്കൗണ്ടിലേക്ക് പണം അയക്കുന്നവര്‍ ദയവു ചെയ്ത് എനിക്ക് ഒരു മെയില്‍ കൂടി തരാന്‍ താല്‍പര്യം. -ptsadik@gmail.com
P.T. Muhamed Sadik

നരിക്കുന്നൻ said...

എന്റെ എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്യുന്നു. ഈ നല്ല മനസ്സുകൾക്ക് ആശംസകൾ.

നീര്‍വിളാകന്‍ said...

മുസ്തഫക്ക് ഒരു കൈസഹായവുമായി ഞാനും എത്തുന്നു...... ഏറ്റവും അടുത്ത ദിവസം തന്നെ എന്റെ സഹായം അക്കൌണ്ടില്‍ എത്തുന്നതായിരിക്കും.

ശിഹാബ് മൊഗ്രാല്‍ said...

സുമനസുകളേ.. ഒത്തിരി സന്തോഷം തോന്നുന്നു.. എല്ലാം മംഗളമാവട്ടെ.

റീനി said...

ബൂലോകരെ, ഇന്നലെ FOMAA (Federation of Malayalee Associations of America)മീറ്റിങ്ങില്‍ വെച്ച് ഫോമ പ്രസിഡണ്ട് ജോണ്‍ റ്റൈറ്റസ്, സെക്രട്ടറി ജോണ്‍ വര്‍ഗീസ്, എക്സ് ഓഫീസര്‍ അനിയന്‍ ജോര്‍ജ് എന്നിവരുമായി സംസാരിച്ചിരുന്നു. മുസ്തഫയുടെ ഭവന നിര്‍മ്മാണത്തിലേക്കാവശ്യമായ പുരയിടം രെജിസ്റ്റര്‍ ചെയ്താലുടന്‍ തന്നെ പൈസ നല്‍കുവാന്‍ റെഡിയാണ്‌ എന്നാണ് പ്രസിഡന്റ് ജോണ്‍ റ്റൈറ്റസ് അറിയിച്ചത്‌. കാരണം ജനുവരിയില്‍ തിരുവല്ലയില്‍ വെച്ച് നടത്തുന്ന ഫോമ ക‌ണ്‍‌വെന്‍ഷനില്‍ വെച്ച് താക്കോല്‍ ദാന ചടങ്ങ് നിരവഹിക്കുവാനാണ് ഫോമ പരിപാടിയിടുന്നത്.

സൌകര്യമുള്ളവര്‍ തിരുവല്ലയില്‍ നടക്കുന്ന കണ്‍വെന്‍ഷ്യനില്‍ സംബന്ധിക്കണം.കൂടുതല്‍ വിവരങള്‍ക്ക് ഫോമ വെബ്സൈറ്റ് www.fomaa.com

പ്രസിഡന്റ് ജോണ്‍ ടൈറ്റസ് ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ഒരു വീടിന് ഒരു ലക്ഷം എന്ന നിരക്കില്‍ ഇരുപത്തിയഞ്ച് വീടുകള്‍ നിര്‍മ്മിക്കുന്നതിനായി ഇരുപത്തിയഞ്ചു ലക്ഷം രൂപ അദ്ദേഹം ഫോമക്ക് സംഭാവന നല്‍കിയിരുന്നു. എന്നാല്‍ അറുപതില്‍ പരം അപേക്ഷകള്‍ ലഭിച്ചതിനാല്‍ ഇരുപത്തിയെട്ടു വീടുകള്‍ നിര്‍മ്മിക്കുവാനാണ് ഫോമ തീരുമാനിച്ചിരിക്കുന്നത്.

ഈ സംരംഭത്തിനെ ഫോമയുമായി കണക്റ്റ് ചെയ്യുവാനും അവസാന ചവിട്ടുപടിയായ ഭവനനിര്‍മ്മാണം സാധിപ്പിച്ചതിലും എനിക്ക് വളരെ ചാരിതാര്‍ഥ്യമുണ്ട്.

ഫണ്ടിലേക്ക് ഇനിയും ആവശ്യമുള്ള തുക സംഭാവന നല്‍കൂന്ന ബൂലോകര്‍ക്ക് നന്ദി.

മൈനയുടെയും, നിരക്ഷരന്റെയും, മുന്നൂറാന്റെയും സംരംഭങ്ങള്‍ വിജയിക്കട്ടെ.

മുസ്തഫയുടെ വീട്ടിലേക്കുള്ള ദൂരം മായ്ച്ച് കളഞ് താമസിയാതെ വീടിന്റെ ചവിട്ടുപടിയില്‍ നമുക്ക് നില്‍ക്കാനാവട്ടെ!

റീനി മമ്പലം

മൈന said...

ഈ പോസ്‌റ്റിട്ടിട്ട്‌ ഇന്നാണ്‌ ഈ വഴിക്കു വരുന്നത്‌. ഒരു യാത്രപോയിട്ട്‌ ഇന്നാണ്‌ വന്നത്‌. എല്ലാവര്‍ക്കും നന്ദി. സഹായം ചെയ്യണമെന്നാഗ്രഹിക്കുന്നവര്‍ അധികം താമസിക്കാതിരുന്നാല്‍ നന്നായിരുന്നു. റീനിയുടേയും നിരക്ഷരന്റേയും കമന്റുകള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ..രജിസ്‌ട്രേഷന്‍ പെട്ടെന്നു നടന്നെങ്കിലേ വീടു പണി തുടങ്ങാനാവൂ. ജനുവരിയില്‍ പൂര്‍ത്തിയാവണം. ഇക്കാര്യം ശ്രദ്ധിക്കുമല്ലോ

നിരക്ഷരന്‍ said...

എന്റെ സഹപ്രവര്‍ത്തകരായ ഫൈസല്‍ ഹുസൈന്‍ , ഷാഹുദ്ദീന്‍ , ഇസ്മായില്‍ പി.മാമു, എന്നിവര്‍ തന്ന പണവും, ഏറനാടന്‍ , മുരളിക, പിരിക്കുട്ടി, എന്നീ ബ്ലോഗേഴ്സ് എന്റെ കൈവശം തന്ന പണവും, ഇന്നലെ എന്റെ ഭാര്യ ഗീതയുടെ ICICI ബാങ്ക് അക്കൌണ്ടിലേക്ക് ക്യാപ്റ്റന്‍ ഹാഡോക്ക് അയച്ച തുകയും അടക്കമുള്ള സഹായം മുരളികയുടെ സുഹൃത്ത് അജി കൈവശം ചെക്ക് ആയിട്ട് മൈനയ്ക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇന്ന് കൈപ്പറ്റാന്‍ സാധിക്കും. സ്പീഡ് ക്ലിയറന്‍സിന് എന്റെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ അറിയിക്കുമല്ലോ ?

സഹായങ്ങള്‍ നല്‍കിയ എല്ലാവര്‍ക്കും മുസ്തഫയുടെ പേരില്‍ നന്ദി :)

ബാങ്ക് ടു ബാങ്ക് ഇന്റര്‍നെറ്റ് വഴിയൊക്കെ പണം അയക്കാനാണ് എല്ലാവര്‍ക്കും താല്‍പ്പര്യം. ഇന്നലെ ജറുസലേമില്‍ നിന്ന് ഒരു സുഹൃത്തിന്റെ മെയില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന് പണം അയക്കാനുള്ള സൌകര്യത്തെപ്പറ്റി ചോദിച്ചുകൊണ്ട്. നിലവിലുള്ള നമ്മുടെ അക്കൊണ്ടുകളിലേക്ക് വിദേശത്തുനിന്ന് പണം അയക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എക്‍ചേഞ്ച് സെന്ററില്‍ പോയിട്ടൊക്കെ പണമയക്കാന്‍ പലര്‍ക്കും സമയം കിട്ടുന്നില്ല എന്ന് നാം മനസ്സിലാക്കണം.

സാങ്കേതിക ബുദ്ധിമുട്ടുകള്‍ കാരണം ഒരു പൈസ പോലും നമ്മള്‍ നഷ്ടപ്പെടുത്തരുത്. ബാങ്ക് ടു ബാങ്ക് പണം അയക്കാനുള്ള എന്തെങ്കിലും സംവിധാനം ഉടനെ ഏര്‍പ്പാടാക്കണം. ക്യാപ്റ്റന്‍ ഹാഡോക്ക് പറഞ്ഞതുപോലെ വിസ കാര്‍ഡ് നമ്പര്‍ സംവിധാനത്തെപ്പറ്റി ഒന്ന് ആലോചിച്ചുകൂടെ മൈനാ ?

Eranadan / ഏറനാടന്‍ said...

നിരക്ഷരന്‍ സൂചിപ്പിച്ചതു പ്രകാരമാണ് ഈ പോസ്റ്റ് കാണുന്നത്.

വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ സന്തോഷം തോന്നുന്നു. ബ്ലോഗിലെ അടിപിടികളും വാഗ്വാദങ്ങളും കൊണ്ട് മലീമസമായ അന്തരീക്ഷത്തില്‍ വിചാരിക്കാവുന്നതിലപ്പുറം ഏവരുടേയും സന്മനസ്സാലും സഹായഹസ്തങ്ങളാലും മഹാമനസ്കതയാലും അദൃശ്യകരങ്ങളുടെ പിന്‍ബലത്താലും ഇത്രയൊക്കെ ചുരുങ്ങിയ കാലയളവില്‍ ചെയ്യാന്‍ സാധിക്കുക എന്നത് അല്‍ഭുതമുളവാക്കുന്നു. ഇതിന് വേണ്ടി പ്രയക്നിച്ച മൈന ഉമൈബാനും നിരക്ഷരനും മറ്റ് എല്ലാ സഹൃദയര്‍ക്കും നന്ദി അറിയിക്കുന്നു.
മുസ്തഫ വേഗം സുഖം പ്രാപിയ്ക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ, സ്നേഹപൂര്‍‌വം...

ഒരു നുറുങ്ങ് said...

മുസ്തഫയുടെ വീട്ടിലേക്ക് ഇനി ഏതാനും മീറ്ററുകളുടെ
ദൈര്‍ഘ്യമെ ബാക്കിയുള്ളു!എല്ലാം പ്രപഞ്ചനാഥന്‍റെ
അനുഗ്രഹങ്ങള്‍!മൈനയും,നീരുവുമൊക്കെയുള്‍പ്പെടുന്ന
കുറെ സുമനസ്സുകളായ ബ്ലോഗ് ചങ്ങലയിലെ കണ്ണികള്‍
ഒത്തുചേര്‍ന്നപ്പോള്‍ വലിയൊരു’ബൂലോകകാരുണ്യം‘
ഇവിടെ സാക്ഷാല്‍ക്കരിക്കപ്പെടുന്നു...സര്‍വ്വസ്തുതിയും
ദൈവത്തിനു...ബ്ലോഗ് സമൂഹത്തിനാകെ അഭിമാനിക്കാം,
ഇതൊരു മാത്രുകാപ്രവര്‍ത്തനമായി എക്കാലവും
സ്മരിക്കപ്പെടുക തന്നെ ചെയ്യും!!

ആയുര്‍വേദ ചികിത്സക്കായി മാറാഞ്ചേരി’ബിന്‍സ്
ആശുപത്രി‘ലായതു കൊണ്ട് നാട്ടിലില്ലായിരുന്നു,
നിരക്ഷരന്‍ വിവരങ്ങളൊക്കെ ആശുപത്രിയില്‍ വന്നു
വിശദമായി കേള്‍പിച്ചിരുന്നു..കാലത്തെ അവിടെ
എത്തിച്ചേര്‍ന്ന അദ്ദേഹം ഉച്ചനേരം വരെ ഈയുള്ള
വന്‍റെ കൂടെ ആശുപത്രിയില്‍ സാന്ത്വനവുനായി,
ഒരാശ്വാസമായി എന്നതു എനിക്കു അവാച്യമായ ഒരു
അനുഭൂതി പകര്‍ന്നു നല്‍കി!ചെറിയ ലീവില്‍
നാട്ടിലെത്തിയ നിരക്ഷരന്‍,തിരക്കിനിടയില്‍ നീണ്ടദൂരം
യാത്രചെയ്തു എന്നെത്തേടിയെത്തിയതു ഞങ്ങളെ
പോലെ പരിക്കേറ്റ് ഭാഗീകമായും പൂര്‍ണമായുമൊക്കെ
തളര്‍ന്നു കിടക്കുന്ന നട്ടെല്ലുക്ഷതക്കാര്‍ക്കു ആശ്വാസമ
ല്ലാതെ പിന്നെന്താണു നല്‍കുക !!

ഓ.ടോ:(മുസ്തഫയുടെ ചികിത്സയുമായി ബന്ധപ്പെട്ട്
പറയട്ടെ!മൈനേ,വളരെ ചിലവു കൂടിയ
ആ ചികിത്സ എന്‍റെ ചിലവില്‍ വരവു
വെച്ചതെന്തേ?എനിക്കതിനു ചെറിയ ഒരു
തുകയേ ചിലവാക്കേണ്ടി വന്നുള്ളൂ.ബാക്കി
സംഖ്യ ഒരിക്കലും പേര്‍ പറയാന്‍ താല്പര്യ
പ്പെടാത്ത ചില നല്ല മനുഷ്യര്‍ ചേര്‍ന്നു
നല്‍കിയതാണു!അങ്ങിനെ ചിലരുണ്ട്,അത്ത
രം സല്‍ക്കര്‍മികള്‍ക്കായി നാം ബ്ലോഗര്‍മാര്‍
നന്മക്കായി പ്രാര്‍ത്ഥിക്കുമല്ലോ.ഇത്തരം
രണ്ടു പേരുടെ ചികിത്സ നിലവില്‍ നടന്നു
കൊണ്ടിരിക്കുന്നു...)

നിരക്ഷരന്‍ said...

ഇന്നലെ സുനില്‍ ചന്ദ്രന്‍ എന്ന സുഹൃത്ത് എന്റെ ഭാര്യ ഗീതയുടെ അക്കൌണ്ടിലേക്ക് അയച്ചുതന്ന തുക കൈപ്പറ്റി.

കൂടാതെ ജോഹര്‍ (നമ്മുടെ ബൂലോകം) നേരിട്ട് എന്റെ കൈയ്യില്‍ അദ്ദേഹത്തിന്റെ പങ്കും കൊണ്ടുവന്നു തന്നു.

എല്ലാവര്‍ക്കും നന്ദി :)

@ ഒരു നുറുങ്ങ് ‌-

ഹാറോണ്‍ ചേട്ടാ...തളര്‍ന്ന് കിടക്കുമ്പോളും അങ്ങ് പ്രസരിപ്പിക്കുന്ന പോസിറ്റീവ് എനര്‍ജി വളരെ വലുതാണ്. ആ പ്രസരണവലയത്തില്‍ നിന്ന് പെട്ടെന്ന് പുറത്ത് കടക്കാന്‍ എനിക്കെന്നല്ല ആര്‍ക്കുമാകില്ല.

താങ്കള്‍ എഴുന്നേറ്റ് നടക്കുന്നത് അധികം താമസിയാതെ കാണാനാകുമെന്ന് എനിക്കുറപ്പുണ്ട്. പ്രാര്‍ത്ഥനകളോടെ.....

kichu / കിച്ചു said...

ഒരുപാട് സന്തോഷം ഉണ്ട് ഇതു കാണുമ്പോള്‍.. ഈ ഒരുമ,മനസ്സ്.. ഇനിയും പലര്‍ക്കും സാന്ത്വനമാകട്ടെ. ഒരു തുക അയച്ചിട്ടുണ്ട്. നീരു എത്തിക്കുന്നതായിരിക്കും.

ഒ.ടോ: ഇതിനു വേണ്ടി ഇത്രയധികം ബുദ്ധിമുട്ടുന്ന ആ “അക്ഷരാഭ്യാസമില്ലാത്തവന്”
എല്ലാ നന്മകളും ഉണ്ടാവട്ടെ. പിന്നെ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മറ്റു നല്ല മനസ്സുകള്‍ക്കും.

ഹാറൂണ്‍ മാഷേ..
താങ്കളെ നമിക്കുന്നു.

Sunil chandran said...

“മുസ്തഫയ്ക്കു ഒരു വീട്“ എന്ന വളരെയേറെ മഹത്തരമായ സംരംഭത്തില്‍ ബ്ലൊഗേഴ്സിന്റെ ഒപ്പം ഒത്തുചേരാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.
അതിനു നിമിത്തമായ നിരക്ഷരനോടുള്ള എന്റെ നന്ദി ഞാന്‍ അറിയിക്കട്ടെ. നമ്മുടെ സമൂഹത്തില്‍, നിരക്ഷരന്‍ പറഞ്ഞതു പോലെ സഹജീവിയോടുള്ള സ്നേഹം, ദയ, അലിവ് ഇപ്പൊഴും ആള്‍ക്കാര്‍ കാത്തുസൂക്ഷിക്കുന്നതില്‍ സന്തോഷിക്കുന്നു. മുസ്തഫയ്ക്കും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു, അദ്ദേഹത്തിന്റെ ആരോഗ്യത്തിനു വെണ്ടി പ്രാര്‍ത്ഥിക്കുന്നു.

മൈന said...

പ്രിയപ്പെട്ടവരെ,
നമ്മള്‍ മുസ്‌തഫയുടെ വീട്ടിലേക്ക്‌ അടുത്തുകൊണ്ടിരിക്കുന്നു. മനോജ്‌ അയച്ച തുകയും സാദിക്കിന്റെ അക്കൗണ്ടില്‍ വന്ന തുകയും ഇന്നുച്ചക്ക്‌ സാദിക്ക്‌ കൊണ്ടുവന്നു തന്നു. കഴിഞ്ഞ ഒരാഴ്‌ചകൊണ്ട്‌ നമുക്കാവശ്യമായ തുകയുടെ പകുതിയോളം ലഭിച്ചിരിക്കുന്നു. ആരോടൊക്കെ എങ്ങനെയൊക്കെയാണ്‌ നന്ദി പറയേണ്ടത്‌ എന്നറിയില്ല.
കഴിഞ്ഞ ദിവസം ബാങ്ക്‌ അക്കൗണ്ട്‌ നോക്കുമ്പോള്‍ ആരുമറിയാതെ ചെറിയൊരു തുക നേരിട്ടടച്ചിരിക്കുന്നു. സെക്ഷന്‍ ക്ലര്‍ക്കിനോട്‌ ചോദിച്ചപ്പോള്‍ പ്രായമായ ഒരാളാണ്‌ അടച്ചത്‌. മകന്‍ വിദേശത്തു പോകുമ്പോള്‍ ഈ അക്കൗണ്ടില്‍ അടക്കാനേല്‌്‌പിച്ചതാണെന്നു പറഞ്ഞു. അഞ്‌ജാതനായ സുഹൃത്തേ നന്ദി.

ഹാരൂണ്‍മാഷേ, ക്ഷമിക്കുക...എനിക്കറിയുന്ന പേരുകൊടുക്കാനേ സാധിച്ചുള്ളു. പക്ഷേ ആ വലിയ തുകയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത്‌ മാഷ്‌ തന്നെയാണല്ലോ...
വാക്കുകള്‍ക്ക്‌ അര്‍ത്ഥമില്ലെന്നറിയാം.

എന്നാലും ഞങ്ങളോടൊപ്പം നിന്ന എല്ലാവര്‍ക്കുമെല്ലാവര്‍ക്കും നന്ദി.... നന്ദി. ...നന്ദി....

നിരക്ഷരന്‍ said...

ബഹറിനില്‍ നിന്ന് ബ്ലോഗര്‍ സജി അയച്ച് തന്ന പണം സുലേഖാ മുസ്തഫയുടെ അക്കൊണ്ടില്‍ കൈപ്പറ്റി. രണ്ടാമത്തെ പ്രാവശ്യമാണ് അദ്ദേഹം പണം അയക്കുന്നത്. ആ വലിയ മനസ്സിന് നന്ദി.

കൂടാതെ ഹരീഷ് തൊടുപുഴ അയച്ച പണവും സുലേഖാ മുസ്തഫയുടെ അക്കൌണ്ടില്‍ കൈപ്പറ്റി. ഹരീഷിനും നന്ദി.

ഈ വിവരങ്ങള്‍ മൈന വഴി അറിഞ്ഞതാണ്. പണമയച്ചിരിക്കുന്ന മറ്റ് സഹൃദയരുടെ വിവരങ്ങള്‍ ബാങ്ക് അക്കൌണ്ട് പരിശോധിച്ചതിനുശെഷം മൈന തന്നെ അറിയിക്കുന്നതായിരിക്കും.

ജുജുസ് said...

“മുസ്‌തഫയുടെ വീട്ടിലേക്ക്‌ ഇനി അല്‌പദൂരം മാത്രമേ ഉള്ളു എന്നതറിഞ്ഞതിൽ വളരെ സന്തോഷം.മൈന,നിരക്ഷരൻ,മുന്നൂറാൻ തുടങ്ങി ഈ ലക്ഷ്യത്തിനു പിന്നിൽ പ്രവർത്തിക്കുന്നവർക്കുന്ന എല്ലാവർക്കും അഭിന്ദനങ്ങൾ...മൈന,കഴിഞ്ഞ തവണത്തെ പോലെ തന്നെ ഒരു ചെറിയ തുക കൂടി ഇന്ന് താങ്കളുടെ അക്കൌണ്ടിലേക്ക് അയച്ചിട്ടുണ്ട്..

മൈന said...

ജൂജൂസ്‌ രണ്ടാം തവണയാണ്‌ സഹായം. ഇന്ന്‌ ഡ്രാഫ്‌റ്റ്‌ കിട്ടി. അതേപോലെ അച്ചായനും രണ്ടാംതവണ. ആശയുടെ, ഹരീഷ്‌ തൊടുപുഴയുടെ, അപ്പുവിന്റെ സഹായം എത്തിയിട്ടുണ്ട്‌. ഈ പോസ്‌റ്റിട്ടശേഷം കേരളകൗമുദിയില്‍ എം ബി സന്തോഷ്‌ വായനക്കിടക്കയില്‍ വേദനമറന്ന്‌ മുസ്‌തഫ ... എഴുതിയിരുന്നു. സ്‌കാന്‍ചെയ്‌ത കോപ്പി പോസ്‌റ്റിനുചുവടെ കൊടുക്കുന്നു. ആ കുറിപ്പു വന്നതിനുശേഷം പേരറിയാത്ത ചിലര്‍ ചെക്ക്‌ അയച്ചു തന്നിട്ടുണ്ട്‌. അതില്‍ ഒന്ന്‌ മൗണ്ട്‌ ടാബോര്‍ കോണ്‍വെന്റില്‍ നിന്നാണ്‌. മുംബൈയില്‍ നിന്ന്‌ ഒരു ചെക്ക്‌ കിട്ടിയിരുന്നു. ആരാണ്‌ അയച്ചത്‌ എന്നറിയില്ല. അതേപോലെ സാദിക്കിന്റെ അക്കൗണ്ടിലേക്ക്‌ പണമയച്ചത്‌ ബ്ലോഗര്‍മാരില്‍ ആരെങ്കിലുമാവാനാണ്‌ സാധ്യത. അതും ആരെന്ന്‌ അറിഞ്ഞിട്ടില്ല. ആരുടെയെങ്കിലും പേരു വിട്ടുപോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. അറിയിക്കുക. mynaumaiban@gmail.com

നമ്മള്‍ വളരെ അടുത്ത്‌ എത്തിക്കൊണ്ടിരിക്കുന്നു. എല്ലാവര്‍ക്കും നന്ദി.

നിരക്ഷരന്‍ said...

കിച്ചു അയച്ച പണം കൈപ്പറ്റി. അക്കാര്യം പറയാന്‍ വിട്ടുപോയി. കിച്ചു ക്ഷമിക്കണം.

നിരക്ഷരന്‍ said...

ജറുസലേമില്‍ നിന്ന് കുര്യന്‍ എന്ന
ബ്ലോഗര്‍ സുഹൃത്ത് അയച്ചുതന്ന പണം കൈപ്പറ്റി. കുര്യന് മുസ്തഫയുടെ പേരില്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ഹംസ said...

തുടക്കകാരനാണൂ ,നിങ്ങളുടെ പ്രവര്‍ത്തിയില്‍ അഭിമാനം തോന്നുന്നു,നാനുമുണ്ട്‌ നിങ്ങളോടൊപ്പം, ഭാവുകങ്ങള്‍...