പച്ചയുടെ ഭൂപടം
പണ്ട്, വീടിനു പുറകിലെ മലയുടെ തുഞ്ചത്ത് മിന്നാമിനുങ്ങുകള്‍ ചേക്കേറുന്നൊരു മരമുണ്ടായിരുന്നു!
അക്കരെയും ഇക്കരെയും കണ്ണെത്തുംദൂരം മലകളായിരുന്നതുകൊണ്ട് ഞങ്ങള്‍ കുട്ടികളുടെ മനസ്സെപ്പോഴും മലയുടെ തുഞ്ചങ്ങളിലായിരുന്നു. നിരന്നു നിന്ന മരങ്ങള്‍ ഏതെന്നൊന്നും അറിയില്ലെങ്കിലും അവ ഓരോ രൂപങ്ങളായി ഞങ്ങള്‍ കണ്ടു. സാരിയുടുത്ത ചേച്ചി, തലയില്‍ പുല്ലുമായി നില്ക്കുന്ന ചേടത്തി, കുതിര, ഒട്ടകം തുടങ്ങി പലതരത്തില്‍ ആ മരങ്ങള്‍ക്ക് ഞങ്ങള്‍ പേരു നല്കി. അത്തരം പേരു നല്‍കലിനിടയിലേക്കാണ് തീപ്പാല എന്നൊരു ചെടിയെക്കുറിച്ച് കേള്‍ക്കുന്നത്. മിന്നാമിനുങ്ങുകള്‍ ചേക്കേറുന്ന മരമായിരുന്നു അത്! രാത്രികാലങ്ങളില്‍ മലമുകളിലേക്കു നോക്കുമ്പോള്‍ ആ മരത്തില്‍ മാത്രം കൊച്ചുകൊച്ചുവിളക്കുകള്‍ മിന്നുകയും കെടുകയും ചെയ്തുകൊണ്ടിരിക്കും.
മിന്നാമിനുങ്ങുകളാണെന്നും അല്ലെങ്കില്‍ ആ ചെടിയുടെ പൂവിലോ ഇലയിലോ എന്തോ അത്ഭുതം സംഭവിക്കുന്നുഎന്നും ആളുകള്‍ വിശ്വസിച്ചു. പകല്‍ ഒന്നും സംഭവിക്കാതെ മരം നിന്നു. പ്രകാശം പരത്തുന്ന മരമുണ്ടായിരുന്നു എന്നല്ലാതെ എന്താണെന്നോ അതിലെന്തു പ്രതിഭാസമാണ് സംഭവിക്കുന്നതെന്നോ ആരും മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നില്ലെന്നു വേണം കരുതാന്‍. നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ ഓര്‍മയില്‍ ആ മരമില്ല. വിറകിനുവേണ്ടിയോ മറ്റോ മുറിച്ചിരിക്കാം.
അല്‍സ്റ്റോണിയ വെനുനേറ്റ എന്ന അണലിവേഗമാണ് തീപ്പാല എന്ന പേരില്‍ അറിയപ്പെടുന്നതെങ്കിലും മിന്നാമിനുങ്ങുചെടിയും തീപ്പാല എന്ന പേരിലാണ് അവിടെ അിറയപ്പെട്ടിരുന്നത്. അതുപക്ഷേ, പ്രകാശം പരത്തുന്നതുകൊണ്ടായിരിക്കാം. പ്രകാശം പരത്തുന്ന തീപ്പാലതന്നെയാണോ അണലിവേഗമെന്നറിയാന്‍ അന്വേഷിച്ചുനോക്കി. നിരാശയായിരുന്നു ഫലം.
അണലിവേഗത്തിന് വെളുത്തപൂക്കളുണ്ടാകുന്നുണ്ടെങ്കിലും രാത്രികാലങ്ങളില്‍ ഇങ്ങനെ ഒരു പ്രതിഭാസമില്ലെന്ന്, അല്ലെങ്കില്‍ ഏതെങ്കിലും കാട്ടുസസ്യം പ്രകാശിക്കുന്നതായി അറിവില്ലെന്ന് വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളില്‍ ഗവേഷണം നടത്തുന്ന സുഹൃത്ത് സി. എസ്. ധന്യ പറഞ്ഞു.
കാട്ടിലേക്കുള്ള കന്നിയാത്ര അഞ്ചാം വയസ്സിലായിരുന്നു. അതൊരിക്കലും കാടിനെ, സസ്യങ്ങളെ അടുത്തറിയാനുള്ള യാത്രയായിരുന്നില്ല. വിറകുവെട്ടുകാരന് ഉച്ചയൂണുമായിപോകുമ്പോള്‍ അമ്മച്ചി എന്നെയും ഒപ്പം കൂട്ടിയതാണ്. പറമ്പിന്റെ തെക്കേ അതിരിലെ ചെരിഞ്ഞ പാറകേറിയാല്‍ പിന്നെ നിരന്ന പാറയും പുല്‍മേടും കടന്ന് പൂസ്വാമിയുടെ പറമ്പിലെ മുനിയറയുടെ കിഴക്കുവകത്തുകൂടി കുറേ നടക്കണമായിരുന്നു. ഇത്രദൂരം ഞാന്‍ നടക്കുമോ എന്നായിരിക്കാം അന്ന് അമ്മച്ചി ആശങ്കപ്പെട്ടത്. ഒരുകൂട്ട് എന്നതിലപ്പുറം കാടുകാണിക്കാനൊന്നുമല്ല എന്നെയും കൂട്ടി നടന്നത്. പക്ഷേ, ഇന്നും ആ യാത്ര എന്റെ ഓര്‍മയിലുണ്ട്.
പൂസ്വാമിയുടെ പറമ്പ് തീരുന്നിടത്ത് ചതുപ്പുനിലത്തോട് ചേര്‍ന്ന് ഒരു ചോരക്കാലി വീണുകിടന്നിരുന്നു. കുറച്ചൊക്കെ വെട്ടിപ്പൊളിച്ച നിലയിലായിരുന്നു അതുകിടന്നിരുന്നത്. രക്തചന്ദനത്തിന്റെ നിറത്തോട് ചേര്‍ന്ന ആ മരത്തില്‍ ഞാന്‍ ചേര്‍ന്നുനിന്നു. ചോരക്കാലിയുടെ വലിപ്പത്തെ അളക്കാനായിരുന്നു ആ നില്പ്.
വിറകിനും പുല്ലിനും ആളുകള്‍ ആ പ്രദേശത്തെയായിരുന്നു ആശ്രയിച്ചിരുന്നത്.
അതുകൊണ്ടുതന്നെ അത്ര വലിയ കാടൊന്നുമായിരുന്നില്ല അവിടം. ഒരു മൊട്ടക്കുന്ന്. ഇടയ്ക്കിടെ ഉയരമുള്ള മരങ്ങള്‍. കൊച്ചുമരങ്ങളോ ചെടികളോ കാര്യമായിട്ടില്ലായിരുന്നു.
ഇന്നവിടം വലിയ'കാടാ'ണ്. വനം വകുപ്പ് ജണ്ടകെട്ടിത്തിരിച്ച് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. പക്ഷേ, അതിലധികവും ഒരു മരമെന്നുപോലും വിളിക്കാനാവാത്ത അക്കേഷ്യകളാണ്.
ആദ്യയാത്രയിലെ ഓര്‍മയില്‍ നിന്നത് ചോരക്കാലിതന്നെയാണ്.
മലയിറങ്ങുന്നിടത്ത് ഞങ്ങള്‍ക്ക് കുറച്ചുസ്ഥലമുണ്ട്. തലച്ചുമടുമായി വരുന്നവര്‍ ആ പറമ്പിലെ മയിലെള്ളിന്‍ ചുവട്ടിലായിരുന്നു ഭാരമിറക്കി വിശ്രമിച്ചിരുന്നത്. കാട്ടില്‍നിന്നു കൊണ്ടുവരുന്ന മയിലെള്ളിന്റെ മഞ്ഞവിറക് കണ്ടിട്ടുണ്ട്. എന്നാല്‍, ആ മരം ആദ്യമായി കാണുകയായിരുന്നു. നീണ്ടുനിവര്‍ന്നൊരു മരം. കൊച്ചുകൊച്ചിലകള്‍. അക്കൊല്ലം അമ്മായി പ്രസവിച്ചപ്പോള്‍ വേതുവെള്ളത്തില്‍ മയിലെള്ളിന്റെ ഇല കണ്ടു.
മുസ്ലീങ്ങള്‍ക്കിടയില്‍ ബറാഅത്ത് രാവിനു മുമ്പായി തേരകത്തില കൊണ്ടുളള 'തേച്ചുകഴുകല്‍' ഒരാഘോഷമാണ്. ആത്മാക്കളെ പരലോകത്തുനിന്ന് സ്വന്തം വീടുകളിലേക്ക് പറഞ്ഞുവിടുന്നത് ബറാഅത്ത് രാവിലാണെന്നാണ് വിശ്വാസം. ശരീരം നഷ്ടപ്പെട്ടവരായതുകൊണ്ട് ആത്മാക്കള്‍ എവിടെയും വന്നിരിക്കാം. പക്ഷേ, വൃത്തിവേണം. അല്ലെങ്കില്‍ പരേതാത്മാവ് കോപിക്കും. ശപിക്കും. അതുകൊണ്ട് പായ, വിരിപ്പുകള്‍, പാത്രങ്ങള്‍ മുതല്‍ ചവിട്ടുപായ വരെ കഴുകി വൃത്തിയാക്കും. ഒപ്പം തടിയുപകരണങ്ങളും.
മേശ, കട്ടില്, കസേര, കുരണ്ടി, ചിരവ തുടങ്ങിയ തടിയില്‍ തീര്‍ത്ത ഉപകരണങ്ങള്‍ തേച്ചുകഴുകാന്‍ ഉപയോഗിക്കുന്നത് തേരകത്തിലയാണ്. അന്നും ഇന്നും. തേരകത്തിലയക്ക് നല്ല അരമുണ്ട്. ഈ ഇലകൊണ്ട് തേച്ചുകഴുകിയാല്‍ ഏതു ചെളിയും ഇളകും. സോപ്പും ചകിരിയുമൊന്നും വേണ്ട.
ഞങ്ങളുടെ നാട്ടിലെ ഏതുകുട്ടിയും ആദ്യം കണ്ടുതുടങ്ങുന്ന ഔഷധസസ്യമാണ് പനിക്കൂര്‍ക്ക. കുറുകല്‍, ജലദോഷം, ശ്വാസതടസം, പനി എന്തുവന്നാലും ആദ്യത്തെ മരുന്ന് പനിക്കൂര്‍ക്കയില വാട്ടിപ്പിഴിഞ്ഞ് നീരെടുത്ത് തേനോ കല്ക്കമോ ചേര്‍ത്തു കൊടുക്കും. സമാനമാണ് തുളസിയുടെ കാര്യവും. ചെറിയവിഷത്തിന് തുളസിയുലയും മഞ്ഞളും അരച്ചു പുരട്ടും. ജലദോഷത്തിന് ഇലയിട്ട് എണ്ണമൂപ്പിക്കും.
സ്കൂളില്‍ ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ ഏറ്റവും അടുപ്പം തോന്നിയത് സ്ലേറ്റുപച്ചകളോടാണ്. വെറ്റിലപ്പച്ച എന്ന മഷിത്തണ്ടും, അപ്പൂപ്പന്താടിയുടെ തണ്ടും പാറപ്പച്ചയും തേടി നടക്കും. ഇടക്കയ്യാലകളില്‍ ഇടതൂര്‍ന്നു നില്ക്കുകയാവും വെറ്റിലപ്പച്ച. ഗന്ധത്തിലും ആകൃതിയിലും വെറ്റിലയോട് സാമ്യമുള്ളതുകൊണ്ടാവണം മഷിത്തണ്ടിന്് വെറ്റിലപ്പച്ചയെന്ന്് പേരുവന്നത്. ആര്‍ക്കുമൊരു കാര്യവുമില്ലെന്നുതോന്നും അപ്പൂപ്പന്താടി കണ്ടാല്‍. ഇഞ്ചിക്കും കപ്പക്കും കളപറിക്കുമ്പോള്‍ ഗമയില്‍ നില്ക്കുന്ന ഇവരെ പറിച്ചൊരേറാണ്. പക്ഷേ, കുട്ടികള്‍ക്കതിനെ മറക്കാനാവില്ല. മാംസളമായ തണ്ടുകള്‍ ഒടിച്ചെടുത്ത് സ്ലേറ്റുമായ്ക്കും. പൂവ് മൂപ്പായി പൊട്ടുന്നത് കാറ്റത്ത് പറക്കുമ്പോള്‍ ഒപ്പം ഓടി, വീണ്ടും ഈതിപ്പറത്തി...പറന്ന്..പറന്ന്...
ഒരുകുട്ടി പൂവാങ്കുറുന്തലും കറുകയും മുക്കുറ്റിയും നിലപ്പനയുമൊക്കെ മനസ്സിലാക്കുന്നത് പെട്ടൊന്നൊരു ദിവസം സസ്യങ്ങളെ പഠിക്കാനിറങ്ങുന്നതുകൊണ്ടല്ല. വളരെ പതുക്കെ അവളുടെ ജീവിതത്തിലേക്ക് കടന്നു വരുകയാണ് ഓരോന്നും. നിലത്ത് കൊച്ചുതെങ്ങിനെ കാണുകയാണ് മുക്കൂറ്റിയിലൂടെ-എണ്ണകാച്ചാന്‍ കയ്യോന്നി നോക്കി അമ്മയുടെ കൈപിടിച്ചു നടക്കുമ്പോഴാവും മുയല് ചെവിയനെ കാണുന്നത്. ചുമച്ച് തൊണ്ടപൊട്ടുമ്പോള്‍ മുയല് ചെവിയന്‍െയും ആടലോടകത്തിന്റെയും കൈയ്പ്പറിയും.
ഒരുപാട് ഈറ്റത്തുറുകളുണ്ട് നാട്ടില്‍. അത് കുറേ സസ്യങ്ങളെയും ചെറുജീവികളേയും പക്ഷികളേയും സംരക്ഷിക്കുന്നു. സസ്യങ്ങളിലൊന്നാണ് കാട്ടുപടവലം.
മുമ്പ് പല ചെറുപ്പക്കാരും ഉപ്പും അരിയും പലവ്യജ്ഞനങ്ങളുമായി കാട്ടിലേക്കു പോയിരുന്നു, ഈറ്റവെട്ടു തൊഴിലാളികളെപ്പോലെ. ഇവര്‍ പോയത് കാട്ടുപടവലം തേടിയായിരുന്നു. ആഴ്ചയിലൊരിക്കല്‍ വരും. വീണ്ടും പോകും. അന്നൊക്കെ പടവലം പറിക്കാന്‍ പോയി എന്നു കേള്‍ക്കുമ്പോള്‍ ഇതെന്തിനായിരിക്കും എന്നു തോന്നിയിരുന്നു. ചികിത്സിക്കാന്‍ തുടങ്ങിയപ്പോഴാണ് ഗുണമറിയുന്നത്. വിഷത്തിനും, വ്രണത്തിനും, രക്തശുദ്ധിക്കും, ചര്‍മരോഗത്തിനും വിരേചനത്തിനുമെല്ലാം ഉപയോഗിക്കുന്നതാണിത്.
ഞങ്ങളുടെ പറമ്പിനെയാകെ തണല്‍വിരിച്ചു നില്ക്കുന്ന ഒരു ആഞ്ഞിലിയുണ്ട്. അതിരിലെ മലയേക്കാള്‍ ആഞ്ഞിലിക്കാണു പൊക്കമെന്ന് അടുത്തു നില്ക്കുമ്പോള് തോന്നിയിരുന്നു. അത്രയും പൊക്കത്തിലും വണ്ണത്തിലുമാണ് അതിന്റെ നില്പ്. രണ്ടോ മുന്നോ കിലോമീറ്റര്‍ അകലെ നിന്നു നോക്കിയാല്‍, അല്ലെങ്കില്‍ അക്കരെ മലയില്‍ നിന്നു നോക്കിയാല്‍ ഞങ്ങളുടെ പറമ്പിന്റെ അടയാളമായികണ്ടിരുന്നത് ഈ ആഞ്ഞിലിയിലായിരുന്നു. ആഞ്ഞിലിയുടെ ചുവട് പെരുംകാടാണ്. കല്ലാലും കൊങ്കിണിയും വട്ടയും വെള്ളിലയും പലതരം വള്ളികളും പാഴ്ച്ചെടികളും നിറഞ്ഞകാട്. അതുകൊണ്ട് ചുവട്ടിലേക്കൊന്നും പോകാറില്ല. ഇത്രവലിയ മരമായിരുന്നിട്ടും ഒരു ചക്കതരാന്‍ അതിനായില്ല. ആഞ്ഞിലി മച്ചിപ്ലാവായിരുന്നില്ലെന്നത് സത്യമാണ്. കൊച്ചുകൊച്ചുകുരു, ചിലപ്പോള്‍ ചക്കയുടെ മുള്ളന്‍ തൊലി ചിതറി കിടന്നിരുന്നു. ഉയരമാവണം ചിതറിപ്പോകുന്നതിന് കാരണം. പ്രായമായതുകൊണ്ട് കായ്്ഫലം കുറവായിരുന്നിരിക്കുകയുമാവാം.
അവിടെനിന്നും കുറച്ചുമാറി പാലയുടെ കുറ്റി തളിര്‍ത്തു നിന്നിരുന്നു. പാലയാണ്. പേടിക്കണം! പാലക്കെപ്പോഴും അപസര്‍പ്പക കഥകളുമായാണ് ബന്ധം. പക്ഷേ, അതിനുചുവട്ടിലൂടെ നട്ടുച്ചക്കുപോലും നടന്നിട്ടുണ്. ചുവട്ടിലിരുന്നിട്ടു
ണ്ട്്
മറയൂരിലെ കാച്ചാംകാട്ടില്‍ ഒരു വശത്ത്് ഊരുകാരുടെ ശ്മശാനവും മറുവശത്ത് ചക്ലിയ ശ്മശാനവുമായിരുന്നു. കാച്ചാംകാടെന്നുപറഞ്ഞാല്‍ എല്ലാവര്ക്കും ഭയമായിരുന്നു. അവിടെയാണ് വഴിവക്കിലെ ചെമ്പകച്ചോട്ടില്‍ ഒരുരാത്രി നന്നായി കിടന്നുറങ്ങിയെന്ന് അന്തോണിച്ചേട്ടന് പറഞ്ഞത്. അന്ന് മൂന്നാംക്ലാസ്സിലായുരുന്ന എന്റെ മനസ്സിലെ പ്രേതം, പിശാച്, യക്ഷി തുടങ്ങിയവരിലുള്ള വിശ്വാസത്തെ ആകെ മാറ്റിമറിക്കുന്നതായിരുന്നു ആ വിവരണം.
പാല, ചെമ്പകം, പന, പാല്‍മരങ്ങള്‍ തുടങ്ങിയവയാണ് ഇവരുടെ ഇരിപ്പിടങ്ങള്‍.
തേങ്ങയിടുന്ന സമയത്ത് മണ്ഡരിബാധിച്ചതുപോലെയുള്ള ചകിരിത്തൊണ്ടിലെ അടയാളങ്ങള്‍, കാമ്പിന് ഭംഗിയില്ലായ്മ കണ്ടാല്‍, പൊതിച്ചെടുത്താല്‍ ചിരട്ടമാത്രമേ ഉള്ളൂവെങ്കില്‍ കുറ്റം തേരിനാണ്. രാത്രകാലങ്ങളില്‍ തെങ്ങിന് ചേര്‍ന്ന് തേരോട്ടമുണ്ടത്രേ! തേരൂമ്പൂന്നതാണെന്ന് നാട്ടുമൊഴിയില്‍ പറയും. തേരിനേയും ഗന്ധര്‍വ്വനേയുമൊക്കെ തടയാനാണ് പറമ്പിന്റെ മൂലകളില്‍ നായ്ക്കരിമ്പ്് നടുന്നത്.
പാറയില്‍ ചൂല്‍പുല്ല് വളര്‍ന്നു നില്ക്കും. മൂപ്പായാല്‍ ഈ പുല്ല് മുറിച്ചുകൊണ്ടുവന്നാണ് അകമടിക്കാനുള്ള ചൂലുണ്ടാക്കുന്നത്. വീടുമേയാനുള്ള പോതപ്പുല്ലിന്റെ പൂങ്കുലയും ചൂലിനെടുക്കും. ചൂല്‍പുല്ലിനെക്കാളും ബലം കൂടും. പട്ടിത്തിനയും ഉപയോഗിക്കുന്നവരുണ്ട്.
പുല്ലുകളില്‍ കേമന്‍ തെരുവപ്പുല്ലെന്നു വിളിക്കുന്ന ഇഞ്ചിപുല്ലാണ്. തെരുവപ്പുല്ലില്ലാത്ത പറമ്പോ, കാടോ ഇല്ലെന്നുപറയാം. കൃഷിയായി നിര്‍ത്തുന്നവരുമുണ്ട്. തൈലംവാറ്റി വില്‍ക്കാനാണിത്.
കോഴിപ്പേന് പെരുകിയാല്‍ ചതച്ച് കൂട്ടിലും പരിസരത്തുമിട്ടാല്‍ മതി. ജലദോഷവും കഫക്കെട്ടുമുണ്ടാവുമ്പോള്‍ പുല്ലിട്ട് തിളച്ച വെള്ളത്തില്‍ ആവി പിടിക്കാം.
എല്ലാത്തിലുമേറെ സുഗന്ധദ്രവ്യങ്ങളില്‍പെടുന്നു എന്നതാണ്. അണുനാശിനിയുമാണ്. തൈലത്തിലെ പ്രധാനഘടകമായ സിട്രാള്‍ വിറ്റാമിന്‍ അ യുടെ സംശ്ലേഷണത്തിന് ഉപയോഗിക്കുന്നു.
സ്കൂളിലേക്കുപോകുമ്പോള്‍ തെരുവപ്പുല്ലിന്റെ അറ്റങ്ങള്‍ തമ്മില്‍ കൂട്ടിക്കെട്ടും. അധ്യാപകരുടെ ചൂരല്‍പ്രയോഗത്തില്‍ നിന്ന് രക്ഷപെടാനുള്ള മാര്‍ഗം. പഠിക്കാത്തതിന് അടിവാങ്ങുന്ന കുട്ടിയായിരുന്നില്ല ഞാന്‍. എന്നിട്ടും കൂട്ടുകാര്‍ കെട്ടുന്നതു കാണുമ്പോള്‍ കെട്ടിപ്പോകും. ഉള്ളില്‍ ഭയമുണ്ടല്ലോ!
ഏഴാംക്ലാസ്സില്‍ വെച്ച് കണക്കിന്റെ ക്ലാസ് പരീക്ഷക്കിടയിലാണ് ചിന്നമ്മ ടീച്ചര്‍ ഒരു വടിവെട്ടിക്കൊണ്ടുവരാന്‍ പറഞ്ഞത്. ക്ലാസിനു പുറകിലെ കാട്ടില്‍ നിന്ന് പാണല്‍വടിയൊടിച്ചു. അന്ന് വടികൊടുത്ത് അടിവാങ്ങിയത് അടുത്തിരുന്ന കൂട്ടുകാരിക്ക് ഉത്തരം കാണിച്ചുകൊടുത്തതിനായിരുന്നു.
നവജാതശിശുക്കള്‍ക്ക് ചീത്തയുടെ ഉപദ്രവമുണ്ടാകാതിരിക്കാന്‍ പ്രതിരോധത്തിന്റെ വേലി തീര്‍ക്കുന്നു പാണലില. കൊച്ചുകുട്ടികളുമായി യാത്രചെയ്യുമ്പോള്‍ അവരുടെ ഉടുപ്പില്‍ പാണലില വെയ്ക്കും. അമ്മമാര്‍ മാറില്‍ പാണലിലവെച്ചാല്‍ മുലപ്പാല്‍ കേടാകില്ലെന്നാണ് വിശ്വാസം.
ആര്‍ക്കെങ്കിലും അടികിട്ടിയാല്‍ 'ഇഞ്ച ചതക്കുന്നപോലെ ചതച്ചു' എന്നാണ് പറയാറ്. ഇഞ്ച എന്നാല്‍ വളളി വര്‍ഗ്ഗത്തില്‍പ്പെട്ട സസ്യമാണ്. കൂമുള്ളും ഈ ഗണത്തില്‍പ്പെടും. മൊത്തത്തില്‍ മുള്ള്. അത്രയെളുപ്പത്തില്‍ വെട്ടിയെടുക്കാമെന്നു കരുതേണ്ട. പരിചയസമ്പന്നര്‍ക്കേ ഇഞ്ചവെട്ടാന്‍ പറ്റൂ. വെട്ടിയെടുത്ത് മുള്ളുകളഞ്ഞ് വലിയ മുട്ടിത്തടിക്കുമുകളില്‍വെച്ച് ചതച്ചെടുക്കണം. തോലാണ് ഉപയോഗയോഗ്യം. ഞങ്ങളുടെ നാട്ടിലെ പെണ്ണുങ്ങള്‍ക്ക് താളിയും ഇഞ്ചയില്ലാതെ കുളി ചൊവ്വാവില്ല.
താളിയെന്നാല്‍ വെള്ളിലയോ, ചെമ്പരത്തിയോ, കുറുന്തോട്ടിയോ, പാടത്താളിയോ ഏതുമാവാം. ഓരോരുത്തരുടെയും തലക്കുപിടിക്കുംപോലെയാണ് താളിയുടെ തെരഞ്ഞെടുപ്പു. ഏതു താളിക്കുമൊപ്പം ഇഞ്ചചേര്ക്കും. തണുപ്പിനെ കുറക്കും. ചെളിനന്നായി ഇളക്കും. പേറ്റുകുളിക്ക് ഇഞ്ചക്കൊപ്പം വെള്ളിലയാണ് കൂടുതല്‍ ഉപയോഗിച്ചു കാണുന്നത്.
പാടത്താളിയുടെ കിഴങ്ങ് വിഷത്തിനും ചര്‍മരോഗങ്ങള്‍ക്കും രക്തശുദ്ധിക്കും ഉപയോഗിച്ചു വരുന്നു.
വിരിപ്പു വിതയില്‍ തുടങ്ങുന്നു ഹൈറേഞ്ചുകാരുടെ നെല്ലുമായുള്ള ബന്ധം. കാടു വെട്ടിത്തെളിച്ച് കത്തിച്ച് ആ പറമ്പില്‍ നെല്ലുവിതയ്ക്കുന്നതാണ് വിരിപ്പു വിത. വയലായിരുക്കില്ല. കര. ചാമ, കുറുമ്പുല്ല്, എള്ള് തുടങ്ങിയവയൊക്കെ വിതയ്ക്കുന്നവരുണ്ട്. വിരിപ്പുവിത കൊയ്തെടുത്ത ശേഷമാണ് പറമ്പില്‍ മറ്റുകൃഷികള്‍ തുടങ്ങുന്നത്.
ഞങ്ങളുടെ നാട്ടിലെ പലരുടേയും വയസ്സ് വിരിപ്പു വിതയുമായി ബന്ധപ്പെട്ടാണു കിടക്കുന്നത്. സ്കൂളില്‍ ചേര്‍ക്കാന്‍ ജനനത്തീയതി ചോദിക്കുമ്പോള്‍ പല രക്ഷിതാക്കളും അര്‍ത്ഥ ശങ്കയ്ക്ക് ഇടയില്ലാതെ പറയുന്നതാണ്.
'വിരിപ്പു വെതച്ച കൊല്ലമുള്ളതാ..'.
വീപ്പീത്തായുടെ ആരോഗ്യരഹസ്യം
ഞങ്ങളുടെ അയല്‍ക്കാരിയാണ് വീപ്പീത്ത. കൂലിപ്പണിക്കാരി. അന്‍പത്തിയഞ്ച് വയസ്സിന് മുകളില്‍ പ്രായമുണ്ട്. ഏതുപണിക്കും പോകും. കല്ലുചുമക്കാനോ, തടിചുമക്കാനോ , പറമ്പില്‍ പണിയ്ക്കോ എന്തിനും. ഒരുപണിയുമില്ലാത്ത ദിവസങ്ങളില്‍ കാട്ടില്‍ വെറകിനുപോകും . വെറുതെ ഇരിക്കുന്ന പരിപാടിയില്ല. പക്ഷേ, ഭാരം കൂടിയ പണിയെടുത്താല്‍ മേലുനൊമ്പരം വരും. ആറ്റില്‍ കുളിച്ചാല്‍ പറയുകയും വേണ്ട. വേദന കൂടും.
ആടിന് തീറ്റവെട്ടിക്കൊണ്ടുവരുന്നതുപോലെയാണ് വീപ്പീത്ത പനിച്ചംപുളി വെട്ടിക്കൊണ്ടുവരുന്നത്. പനിച്ചംപുളിയെന്നാല്‍ നക്ഷത്രത്തെ ഓര്‍മിപ്പിക്കുന്ന പുളിയിലയാണ്. തണ്ടിലും ഇലയിലുമെല്ലാം മുള്ള്. ഇതിനുംമാത്രം പനിച്ചംപുളിയില എന്തിനാണെന്നോര്ക്കും കൊണ്ടുവരുന്നതു കാണുമ്പോള്‍. ഓരോ ഇലയും സൂക്ഷിച്ചുനോക്കി, നല്ലതുമാത്രം എടുത്തുവെയ്ക്കും വീപ്പീത്ത. ഇലയും കാന്താരിമുളകും ഉപ്പും ചേര്‍ത്തരച്ച് അതില്‍ വെളിച്ചെണ്ണയും ചെറിയ മത്തി നുറുക്കിയതും ചേര്‍ത്ത് ചട്ടിയില്‍ പരത്തി അടചുടും. ചുട്ടെടുക്കുന്ന അട പെട്ടെന്നൊന്നും കേടാകില്ല. ഇത് പനിച്ചംപുളിയുടെ ഒരുവശം.
അടുത്തത് പുളിയില രഅരച്ച് മേലാകെതേച്ച് കുളിക്കും. അല്ലെങ്കില്‍ പുളിയിലയിട്ട് ചൂടാക്കിയ വെള്ളത്തില്‍ കുളിക്കും.
മേലുനൊമ്പരത്തിന് ഇതില്‍പ്പരം ഒരു മരുന്നില്ലെന്ന് വീപ്പീത്ത പറയും.
കറിയെന്താ എന്നുചോദിച്ചാല്‍ രണ്ടുത്തരമേ കിട്ടൂ.
ഒന്ന് പുളിയട. രണ്ടാമത്തേത് ചേമ്പിന്താള്.
പനിച്ചംപുളിയില വെട്ടിക്കൊണ്ടുവരുന്നതുപോലെ തന്നെയാണ് താഴെ കൈത്തോട്ടില്‍ കൂട്ടമായി വളരുന്ന കാട്ടുചേമ്പിന്‍താള് വെട്ടിക്കൊണ്ടുവരുന്നതും.
മുറ്റത്തു നിന്ന തൈപ്ലാവ് വളരുന്നതിനൊപ്പം ഞങ്ങള്‍ കണ്ടത് അതിലൊരു വെറ്റിലക്കൊടികൂടി പടര്‍ന്നു കയറുന്നതാണ്. മുറുക്കുന്നത്ത അതിനുചുവട്ടില്‍ തുളസിച്ചെടികള്‍ വെട്ടിമൂടുമായിരുന്നു. ആറ്റിറമ്പില് നിന്ന തുളസി വരെ പിഴുതെടുത്ത് വെറ്റിലച്ചുവട്ടില്‍ ഇട്ടിരുന്നു. മുറുക്കുമ്പോള്‍ ചൊരുക്കുണ്ടാവാതിരിക്കാനാണെന്നായിരുന്നു കാരണം പറഞ്ഞത്. വേനലില്‍ വെല്‍
ളളമൊഴിച്ചുകൊടുത്തു. ചികിത്സതേടി വരുന്നവര്‍ക്ക് വെള്ളമോതുമ്പോള്‍ മൊന്ത മൂടാന്‍ ഒരു തളിര്‍വെറ്റില നുള്ളും. മരുന്നുപാത്രം മൂടാനും അങ്ങനെതന്നെയായിരുന്നു.
വെറ്റിലക്ക് വിലകൂടുമ്പോഴും കിട്ടാനില്ലാത്തപ്പോഴും അയല്‍വക്കത്തെ മുറുക്കുന്നവര്‍ വെറ്റിലതേടി വരും. പഴുത്തുവീഴുന്ന ഇലയായാലും മതിയായിരുന്നു പലര്‍ക്കും.
എന്നാല്‍, മുറുക്കുന്നത്തയുടെ മരണശേഷം വിഷംതൊട്ടുവന്ന ഒരാള്‍ അമ്മച്ചിയോട് ചോദിച്ചു
എന്തിനാ വെറുതെ ഒരുകാര്യവുമില്ലാതെ വെറ്റിലക്കൊടി പടര്ത്തുന്നതെന്ന്. ആനേരത്ത് കുരുമുളകുവള്ളിയായിരുന്നെങ്കില്‍ എന്തു ഗുണമുണ്ടാവുമെന്നും.
അമ്മച്ചിയത് അത്തയോട് പറയേണ്ട താമസം. കടയോടെ വെട്ടി. എന്തിനിതു ചെയ്തെന്ന് പലരും ചോദിക്കാന്‍ തുടങ്ങി. മുറ്റത്തൊരു തുളസിവെറ്റില ഐശ്വര്യമല്ലേ? കഷ്ടകാലം വരാന്‍ പോകുന്നതുകൊണ്ടാണ് അതുവെട്ടാന്‍ തോന്നിയതെന്നായി.
വേരോടെ പിഴുതെടുക്കാഞ്ഞതുകൊണ്ട് കുറ്റിയില്‍ വെള്ളമൊഴിച്ചു. തണല്‍ നല്കി. വീണ്ടും മുളപൊട്ടി. പ്ലാവില്‍ പടര്‍ന്നുകയറി.
പുസ്തകങ്ങളിലൊന്നും കാണാത്ത ചില മരുന്നുചെടുകള്‍ മുറുക്കുന്നത്ത കാണിച്ചു തന്നിരുന്നു. പലപ്പോഴും വേദനക്കും നീരിനുമൊക്കെ അത് ഉപയോഗിക്കുകയും ചെയ്തിരുന്നു.
ഔഷധമൂല്യമില്ലാത്ത ഒരു പുല്‍ക്കൊടിയും നമുക്കു ചുറ്റിലുമില്ലെന്നാണ് ചാര്‍വാക ദര്‍ശനം.
കമ്മല്‍പ്പൂവെന്ന് ഞങ്ങള്വിളിക്കുന്ന ഒരു തരം കൊച്ചു പൂവ് ആറ്റിലൂടെ ഒഴുകി വരുന്നതു കാണാം. അതു ഞങ്ങള്‍ നീന്തിപ്പിടിക്കും. ആറ്റിറമ്പത്തുനില്‍ക്കുന്ന ഏതോ മരത്തിന്റെ പൂവാവണം. ആറിനോട് ചേര്‍ന്ന വഴിയിലൂടെ പോകുമ്പോള്‍ പലപ്പോഴും ആ മരം ഏതെന്ന് നോക്കാറുണ്ട്. പക്ഷേ, അതേതു മരമെന്ന് ഇന്നുമറിയില്ല.
വേനലായാല്‍ വെള്ളം കുറയും. പാറതെളിയും പാറയിടുക്കിലെ ഇത്തിരി മണ്ണില്‍ കല്ലൂര്‍വഞ്ചികള്‍ കടുകുമണിപ്പൂക്കളോടെ ഞങ്ങളെനോക്കും. പഴുത്ത മഞ്ഞകായ്ക്ക് ഒരു കുരുമുളകിന്റെ വലിപ്പമേയുള്ളുവെങ്കിലും ഓരോന്നും ശ്രദ്ധയോടെ പറിച്ചെടുത്ത് വായിലിടും.
പുളിയാറലിന്റെ കൊച്ചുവെണ്ടക്ക പോലുള്ള കായ തിന്ന് ചെറിയ പുളിരസമറിയും. ഞൊട്ടാഞൊടിയനും, കാന്താരിപ്പഴവും(ചുക്കുട്ടിച്ചീര, കടുമുടുങ്ങ) , പൂച്ചപ്പഴവുമൊക്കെ ഇങ്ങനെ പ്രിയങ്കരമായിരുന്നു. ഇലവിന്റെ വലിയ മുള്ളുകള്‍പൊട്ടിച്ചെടുത്ത് കാപ്പിത്തളിരും ചേര്‍ത്ത് മുറുക്കും. ഇലവ് ഔഷധമെന്നതിനേക്കാള്‍ തീപ്പെട്ടികമ്പനിക്കാര്‍ വാങ്ങുകയായിരുന്നു.
കാലില്‍ മുള്ളുതറച്ചാല്‍ എരുക്കിന്റെയോ കൂനന്‍ പാലയുടെയോ ഒരുതുള്ളി പാലൊഴിച്ചാല്‍ മതി. മുള്ള് പതിയെ പുറത്തുകടക്കും. എരുക്ക് വഴിയോരങ്ങളിലും ശ്മശാനങ്ങളിലുമൊക്കെയാണു കൂടുതല്‍ കാണപ്പെടുന്നത്. എരുക്കിന്റെ ഗുണഗണങ്ങള്‍ അനവധിയാണ്. പാമ്പുവിഷത്തെ ഇല്ലാതാക്കന്‍ ഉത്തമൗഷധമാണിത്. വിഷചികിത്സയില്‍ ഒഴിച്ചുകൂടാനാവാത്തത് എന്നുപറയാം.
നാല്പാമരം എന്ന് ആദ്യമായി കേട്ടപ്പോള്‍ ഒറ്റമരമാണിതെന്നായിരുന്നു വിചാരം. വ്രണവും പഴുപ്പുമില്ലാതാക്കാനും പ്രസവക്കുളിക്കും മറ്റും വേതിടാനുമൊക്കെ ഉപയോഗിച്ച നാല്പമരത്തൊലി നാല് ആലുകളുടെ തൊലിയാണെന്നറിയുന്നത് മറയൂരുവെച്ചാണ്. മറയൂര്‍കാട്ടില്‍ ഞങ്ങള്‍ നടന്നുപോയിടത്തെ ഓരോ ആലും ഇന്നും ഓര്‍മയില്‍ നില്ക്കുന്നു. കാട് അത്ഭുതവും മനസ്സിനെ കുളിര്‍പ്പിക്കുന്നതുമായിരുന്നു.
പറമ്പില്‍ നിന്ന നാരുചെടിയുടെ തൊലിയുരിഞ്ഞാല്‍ ബലമുള്ള പൊട്ടാത്ത വള്ളികിട്ടുമായിരുന്നു. തോട്ടികെട്ടാനും വിറകുകെട്ടാനുമൊക്കെ ഉപയോഗിച്ചിരുന്നത് ആ വള്ളിയാണ്. ഒരിക്കല്‍ കാട്ടുചോലയില്‍ നിന്ന് വെള്ളം കുടിക്കുമ്പോഴാണ് ഇടംപിരി വലംപിരിയെന്ന കായ വെള്ളത്തില്‍ വീണുകിടക്കുന്നതു കാണുന്നത്. ഇതേതു മരത്തില്‍ നിന്നു വീണതാണെന്നറിയാന്‍ നോക്കുമ്പോഴാണ് അത്ഭുതപ്പെട്ടത്. അതു നാരുചെടിയായിരുന്നു.
ദശപുഷ്പങ്ങളിലെ ചെറൂളയെ അലങ്കാരമാക്കിയത് കണ്ടത് പൊങ്കല്‍ നാളുകളിലായിരുന്നു. തൊഴുത്തിലും വഴിയോരങ്ങളിലും വീടുകളിലും തമിഴര്‍ കൂള എന്നും പൂള എന്നും വിളിച്ചിരുന്ന ചെറൂള തൂക്കിയിരുന്നു.
ഒരിക്കല്‍ കാട്ടില്‍നിന്നു മടങ്ങിവന്നപ്പോള്‍ എന്റെ മേലാകെ തടിച്ചുപൊങ്ങിയിരുന്നു. ചേരിന്റെ അലര്‍ജിയാണെന്നായിരുന്നു ആദ്യം വിചാരിച്ചത്. ചേരെങ്കില്‍ മരുന്ന് താന്നി. താന്നിയെ വലംവെക്കുകയും ചാരം തേക്കുകയും ചെയ്താല്‍ മാറാവുന്ന അലര്‍ജി.
പക്ഷേ, ചെറുതായി പനിക്കാന്‍ തുടങ്ങിയപ്പോഴാണ് ചൂടുപനിയാണോ എന്ന് സംശയിക്കാന്‍ തുടങ്ങിയത്. ആര്യവേപ്പില വിതറികിടത്തി.
അതെന്തായാലും ഇതുരണ്ടുമായിരുന്നില്ല. ഒരുവര്‍ഷം മുമ്പാണ് ചിക്കന്‍പോക്സ് വന്നത്. കലപോകാന്‍ നിലംപരണ്ട അരച്ചിടാന്‍ പറഞ്ഞു. കുറച്ചുദിവസംകൊണ്ട് കലപൂര്‍ണ്ണമായും പോകുമെന്നും.
മറയൂരിലെ വഴിയോരത്താണ് ആദ്യമായി പാര്‍ത്തീനിയം എന്ന വിഷച്ചെടി കാണുന്നത്. അതുപറിച്ച് കളിക്കരുത്, അടുത്തു നില്‍ക്കരുത് എന്നൊക്കെ അമ്മച്ചി മുന്നറിയിപ്പു തന്നിരുന്നു. ജൈവാധിനിവേശത്തിന്റെ വിത്തുകള്‍. അമേരിക്കയില്‍നിന്ന് ഗോതമ്പുചാക്കിനൊപ്പം കടല്‍കടന്നെത്തിയതാണ്. റേഷന്‍കടയുടെ പരിസരത്തുനിന്ന് പടര്‍ന്നുപിടിച്ച്....ശ്വാസകോശരോഗവും അലര്‍ജിയും തൊലിപ്പുറത്ത് അസുഖവും മറ്റനവധി ഗുരുതര പ്രശ്നങ്ങളുമുണ്ടാക്കുന്ന ഈ വിഷസസ്യത്തെ ലോകത്തിലെ ഏറ്റവും മോശമായ പത്തു കളകളിലൊന്നായാണ് അന്താരാഷ്ട്ര പാര്‍ത്തീനിയം ഗവേഷണസംഘം വിലയിരിത്തിയത്.
ആവണക്കും ഉമ്മവും കാഞ്ഞിരവും, നഞ്ചും, മേന്തോന്നിയുമൊക്കെ മുറ്റത്തായിരിക്കില്ല. അതൊക്കെ ദൂരത്തായിരുന്നു. ആവണക്കിന്‍കുല കണ്ടാല്‍ മുന്തിരിക്കുലപോലായിരുന്നതുകൊണ്ട് കുഞ്ഞുങ്ങള്‍ കളിക്കാന്‍ പറിച്ചെടുക്കും. ഉന്മാദമുണ്ടാക്കുന്നു എന്ന അര്‍ത്ഥത്തില്‍ ഉന്മത്ത എന്ന സംസ്കൃതവാക്കില്‍ നിന്നാണ് ഉമ്മം എന്ന പേരുണ്ടായത്. പേപ്പട്ടിവിഷത്തിന് അത്യുത്തമം. 'അയ്യോ എന്നെതൊടല്ലേ ഞാന്‍ ശരിയല്ല' എന്ന് മുള്ളോടുകൂടിയ കായ പറയുംപോലെ തോന്നും. മേന്തോന്നിയുടെ പൂവിനാണ് ഭംഗി. മേന്തോന്നിവേര്‍ ചെറിയമാത്രയില്‍ കഴിച്ചാല്‍ മതി മൂന്നുമാസം വരെയുള്ള ഗര്‍ഭമലസാന്‍. ഇല താളിയായി തലയില്‍ തേച്ചാല്‍ പേനും ഈരും ചാകും.
വാതത്തിന് പ്രധാനമായ ആവണക്കും വിഷചികിത്സയിലാവശ്യമായ ഉമ്മവും ശംഖുപുഷ്പവും, അരളിയുമൊക്കെ സ്വയമേ വിഷമാണെങ്കിലും മറ്റുപലതിനും അത്യാവശ്യമായ മരുന്നുകളാണ്.
ചാമ്പയിലും കരിനൊച്ചിയിലുമായി അമൃതുവള്ളിപടര്ന്നു കിടന്നിരുന്നു. സ്വയം മരണമില്ലാത്തും മറ്റു ജീവികളെ രോഗവിമുക്തമാക്കി മരണത്തില്‍ നിന്നു രക്ഷിക്കുകയും ചെയ്യുന്ന ചെടി.
കരിനൊച്ചി കഷായം വെച്ച് വായില്‍കൊണ്ടാല്‍ വായ്പ്പുണ്ണുകുറയും.
മഞ്ഞപ്പിത്തമെന്നുകേട്ടാലേ കീഴാര്‍നെല്ലിയെ ഓര്‍ക്കും. കുടങ്ങലും വെള്ളാവണക്കിന്‍ തളിരുമൊക്കെ പിത്തനിവാരണിയാണ്.
അയിത്തം പാലിക്കുന്ന സസ്യങ്ങള്‍
കറിവേപ്പില, കാന്താരി, തുളസി, പനിക്കൂര്‍ക്ക, ബ്രഹ്മി തുടങ്ങിയ സസ്യങ്ങളുടെ അടുത്ത് തീണ്ടാരിയായിരിക്കുമ്പോള്‍ സ്ത്രീകള്‍ പോകരുതെന്നാണ്. അവ നശിച്ചുപോകുമത്രേ! ഇവയിലൊക്കെ തൊടാതിരുന്നാലും ഉണങ്ങിപ്പോയാല്‍ പാടില്ലാത്ത നേരത്ത് ആരോ വന്ന് പറിച്ചതാണെന്നാണ് കാരണം പറയാറ്.
കുറച്ചുനാള്‍ മുമ്പാണ് സുനിലിന്റെ ഉമ്മ കറിവേപ്പിന്‍തൈയ്യുടെ ചുവട്ടില്‍ മീന്‍വെട്ടിക്കഴുകിയ വെള്ളമൊഴിക്കുന്നതു കണ്ടത്. മാംസം കഴുകിയ വെള്ളവും ഒഴിക്കാറുണ്ടത്രേ!
ചെറുപ്പത്തിലെ അയിത്തം നീക്കിയാല്‍ ഏതു സമയത്തും പെണ്ണുങ്ങള്‍ക്ക് അടുത്തുപോകാം. ഏതായാലും കറിവേപ്പ് തഴച്ചുവളരുന്നതാണ് കാണാനായത്.
കര്‍ക്കിടകത്തില്‍ ദശപുഷ്പം ചൂടണമെന്നാണ്. പാപനാശകമാണത്രേ! ധനുമാസ തിരുവാതിരയിലും സ്ത്രീകള്‍ ദശപുഷ്പം മുടിയില്‍ ചൂടും.
പക്ഷേ, ഇതു പഴയ കഥ. കൊണ്ടോട്ടിയിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയായ കൂട്ടുകാരി പറഞ്ഞു.
ആര്‍ക്കുമിപ്പോള്‍ ദശപുഷ്പമേതെന്ന് അറിയില്ല. പേരു പറയാനറിയുന്നവര്‍ ചുരുക്കം. പേരറിയുന്നവരില്‍തന്നെ കണ്ടാലറിയുന്നവര്‍ വിരലിലെണ്ണാവുന്നവര്‍മാത്രം.
അവളാണ് പറഞ്ഞത് ക്ലാസിലെ ഒരു കുട്ടിക്കും തുമ്പപ്പൂ അറിയില്ലെന്ന്. ഒരു ദിവസം വഴിവക്കില്‍ നിന്നും ഒരു തുമ്പ പറിച്ച് തുമ്പയും പൂവും കാണിച്ചുകൊടുത്തുപോലും.
ചെമ്പരത്തിപ്പൂവെന്ന് പറഞ്ഞപ്പോള്‍ ഒരു പയ്യന് ചോദിച്ചത് അതെന്താണെന്നാണത്രേ! അവന്റെ വീട്ടിലുള്ളത് ഇലച്ചെടികളാണ്. വീട്ടില്‍ നിന്നിറങ്ങി സ്കൂള്‍ ബസ്സില്‍ കയറുന്നു. തിരിച്ചും അതുപോലെയെത്തുന്നു. വീടിനുള്ളല്ലാതെ മറ്റൊന്നും അവന് പരിചിതമല്ല.
നഗരത്തിലാണെങ്കിലും അവിടെയും പച്ചപ്പുണ്ട്..ചതുപ്പുകളുണ്ട്. അവിടെയൊക്കെ അനവധി സസ്യങ്ങളുണ്ട്. നമ്മെ കാത്തുപോരുന്ന സസ്യങ്ങള്‍. പക്ഷേ, അവയൊന്നും ആരും തിരിച്ചറിയുന്നില്ലെന്നുമാത്രം. എല്ലാം ഏതോ പാഴ്ച്ചെടികള്‍മാത്രം.
പത്തുപുത്രനു സമമാണ് ഒരു വൃക്ഷമെന്ന് വൃക്ഷായൂര്‍വ്വേദം പറയുന്നു.
കോഴിക്കോട് സ്വന്തമായൊരു വീടന്വേഷിച്ചപ്പോള്‍ കിണറും മരവുമുള്ള വീടാവണമെന്നാശിച്ചു.
മുറ്റത്തൊരു പ്ലാവ്്്, പേര, രണ്ടു തെങ്ങുകള്‍, കിണര്‍....സന്തോഷമായി. ഞങ്ങള്‍ താമസമാക്കും മുമ്പേ അയല്ക്കാരന് ലോഹ്യത്തില്‍ പറഞ്ഞു. `എന്തിനാ ഈ പ്ലാവ്...?`
`ചക്കക്കുരു നട്ടാല്‍ എവിടെയും പ്ലാവുണ്ടാവും` ആ പറഞ്ഞതിന്റെ അര്‍ത്ഥം പിന്നീടാണു മനസ്സിലായത്്. അതിരിനോടു ചേര്‍ന്നാണ് പ്ലാവ്. ഇപ്പോള്‍ തൈ മരമാണ്. വലുതാവുമ്പോള്‍ ഇലകള്‍ അവരുടെ മുറ്റത്തു വീഴും. മറ്റയല്‍വീട്ടുകാരുടെ മരങ്ങളില്‍നിന് ഇലകള്‍ വീഴുന്നു എന്നും ചക്ക പഴുത്ത്്് ചീഞ്ഞ് ഈച്ചയാര്‍ക്കുന്നെന്നും എത്ര പറഞ്ഞിട്ടും വെട്ടി മാറ്റുന്നില്ലെന്നും അവര്‍ പറഞ്ഞു.ആ വര്‍ഷം ഞങ്ങളുടെ പ്ലാവ് കന്നി കായ്ച്ചു. കണ്ടിട് വെട്ടാന്‍ തോന്നുന്നില്ല. സങ്കടം...തെക്കുവശത്തെ അയല്‍ക്കാര്‍ക് ഞങ്ങളുടെ പ്ലാ പ്രശ്നമല്ല. അവര്‍ക്കും പ്രശ്നം അവരുടെ കിണറിനു മുകളിലേക്കു വീഴുന്ന മാവിലകളാണ്. ഇലകള്‍ കിണറിനകത്തുവീണ് ചീയുന്നു. കുടിക്കുന്ന വെള്ളമല്ലേ ?
കഴിഞ്ഞവര്‍ഷം അയല്‍ക്കാരുടെ ശല്യം സഹിക്കാനാവാതെ മാവും പ്ലാവും വെട്ടി. അതു കണ്ടിട്ട്്് ഞങ്ങള്‍ അയല്ക്കാരന്റെ വശത്തേക്കു നീണ്ടുനിന്ന കമ്പുകള്‍ വെട്ടാന്‍ ഏര്‍പ്പാടുചെയ്തു. സൈ്വരം കിട്ടാന്‍. പക്ഷേ രണ്ടുമാസം കഴിഞ്ഞപ്പോള്‍ പ്ലാവുണങ്ങാന്‍ തുടങ്ങി.
കഴിഞ്ഞ വേനലില്‍ കുംഭമാസം തുടക്കത്തില്‍ തന്നെ മാവില വീണിരുന്ന കിണറില്‍ വെളളം വറ്റി. `മാവ് വെട്ടിയതുകൊണ്ടായിരിക്കുമല്ലേ ?`അവര്‍ സംശയം പ്രകടിപ്പിച്ചു.
അപ്പോള്‍ എനിക്കൊരോര്മ. ചട്ടിയില്‍ ചെടികള്‍ നട്ടിരിക്കുന്നതു കണ്ടപ്പോള്‍ നാട്ടിന് പുറത്തുകാരി സരോജചേച്ചി പറഞ്ഞു. `ആ ചെടിയൊക്കെ നെലത്തു നട്. എന്നാലേ മഴ പെയ്യുമ്പോള്‍ വെള്ളമിറങ്ങി കെണറ്റില് വെളളമുണ്ടാവൂ....`
മുറ്റത്ത് പുല്ലുനട്ടപ്പോള്‍, വീടിനോട് ചേര്‍ന്ന് വള്ളിച്ചെടി പടര്‍ത്തിയപ്പോള്‍, ടെറസിനുമുകളില്‍ മത്തപടര്‍ന്നപ്പോള്‍, മതിലിനോട് ചേര്‍ന്ന് ഇലച്ചെടികള്‍ വളര്‍ന്നപ്പോള്‍ കാണുന്നവരൊക്കെ ഇഴജീവികള്‍ കയറുമെന്നു പറഞ്ഞു.
വീടിനുചുറ്റും കാടുപിടിച്ച പറമ്പും അതിലൊക്കെ പാമ്പും പഴുതാരയും തേളും ജീവിച്ചതിനൊപ്പം തന്നെയല്ലേ ദേവിയാറില്‍ ഞങ്ങളും പിച്ചവെച്ചത്. ഇടക്കവര്‍ കാര്യമന്വേഷിക്കാന്‍ ഏലച്ചുവട്ടില്‍ നിന്നും കുരുമുളകുകൊടികള്‍ക്കിടയില്‍ നിന്നും കയറിവന്നില്ലേ?മരത്തൂണിന്റെ വിള്ളലിലിരുന്ന് മൂന്നോ നാലോ തവണ എന്നെ തേള് കുത്തിനോവിച്ചില്ലേ?.പിന്നെന്തിനു നഗരത്തിലെ ഇത്തിരിപ്പോന്ന പച്ചപ്പിനെ ഞാന്‍ ഭയക്കണം.
മൂന്നുവയസ്സുകാരി മകളുടെ കൈപിടിച്ചു നടക്കുമ്പോള്‍ വഴിയരുകില്‍ തലനീട്ടിനിന്ന ചെടിയെചൂണ്ടി
ഇതാണ് ചെറൂളയെന്നും ഉഴിഞ്ഞയെന്നും അവളോട് പറഞ്ഞു.
ആരും കാണാതെനിന്ന തിരുതാളിപ്പൂവ് അവള്‍ക്കിറുത്തു കൊടുത്തു.
* * * * * * *
കടപ്പാട് - കമല്‍ റാം സജീവ്, മാതൃഭൂമി ആഴ്ചപ്പതിപ്പ്
ഫോട്ടോ- ധന്യ സി എസ്,സുനില്‍ ഫൈസല്‍, മൈന & വിക്കിപീഡിയ
19 comments:
നിങ്ങളുടെ കുട്ടി മഷിത്തണ്ടു കണ്ടിട്ടുണ്ടോ? ( ഒരു പഴുതാരയെ എങ്കിലും)
പച്ചയുടെ ഭൂപടം
കാട്ടിലേക്കുള്ള കന്നിയാത്ര അഞ്ചാം വയസ്സിലായിരുന്നു. അതൊരിക്കലും കാടിനെ, സസ്യങ്ങളെ അടുത്തറിയാനുള്ള യാത്രയായിരുന്നില്ല.....നഗരത്തിലാണെങ്കിലും അവിടെയും പച്ചപ്പുണ്ട്..ചതുപ്പുകളുണ്ട്. അവിടെയൊക്കെ അനവധി സസ്യങ്ങളുണ്ട്. നമ്മെ കാത്തുപോരുന്ന സസ്യങ്ങള്‍. പക്ഷേ, അവയൊന്നും ആരും തിരിച്ചറിയുന്നില്ലെന്നുമാത്രം. എല്ലാം ഏതോ പാഴ്ച്ചെടികള്‍മാത്രം.
.............
nostalgia............vallatha nostalgia
ഒരു ഒന്നൊന്നര പോസ്റ്റ് ആണ് കേട്ടോ..really informative & nostalgic too...മാതൃഭൂമിയിലെ ആര്‍ട്ടിക്കിളും വായിച്ചിരുന്നു.
ഇന്നത്തെ കാലത്തെ കുട്ടികള്‍ക്ക് ഈ സസ്യജാലങ്ങളെക്കുരിച്ചൊന്നും അറിയാതെ പോകുന്നു...നെല്ല് ഉണ്ടാകുന്ന മരം ഏത്?ചക്ക മരം ഇതാ?എന്നൊക്കെ ചോദിക്കുന്ന കാലമായി തുടങ്ങി..
മാതൃഭൂമിയില്‍ വായിച്ചിരുന്നു. വളരെ ലളിതവും ഗൃഹാതുരവുമായ പോസ്റ്റ്..പല ചെടികളും കണ്ടിട്ടുണ്ടെങ്കിലും ശരിയായ പേര് അറിഞ്ഞിരുന്നില്ല. ഇവിടെ അമേരിക്കയില്‍ മുയല് ചെവിയനും തഴുതായ്മയും ഒക്കെ ഞാന്‍ കാണാറുണ്ട്. നമ്മുടെ നാട്ടിലേതിനേക്കാള്‍ ഇലകള്‍ക്ക് ഇത്തിരി വലുപ്പം കൂടുതലാണ്. കുറച്ചു നാള് മുമ്പ് ഞങ്ങളുടെ നാട്ടില്‍ കഞ്ഞുണ്ണി എന്നു വിളിക്കുന്ന ഒരു ചെടി ( തലയില്‍ നീരെറങ്ങില്ല എന്നു പറഞ്ഞ് അമ്മ പണ്ട് അചഛന് എണ്ണ കാച്ചിക്കൊടുക്കുന്നതു കണ്ടിട്ടുണ്ട്) ഇവിടെ കണ്ടപ്പോള്‍ കുറച്ചൊന്നുമല്ല അത്ഭുതപ്പെട്ടത്. ലോകത്തിന്റെ പലഭാഗങ്ങളിലായി ഇവ പരന്നത് എങ്ങനെയാണ് അല്ലെ?? ഇതു വരെയും എനിക്ക് ഇതില്‍ ഗവേഷണം നടത്താന്‍ സമയം കിട്ടിയിട്ടില്ല. അടുത്തകൊല്ലം കാട്ടിലേക്കും പറമ്പിലേക്കും ഒന്ന് എറങ്ങണം. ഞാനും പ്രകൃതിയെ ഒരുപാട് സ്നേഹിക്കുന്ന ഒരാളാണ്.
മൈനാ,
ആത്മദംശ്നത്തിനുശേഷം എന്നെയാകര്‍ഷിച്ച മറ്റൊരു മനോഹരപോസ്റ്റ്.എപ്പോഴും ഇങ്ങനെ കുഞ്ഞിപ്പൂക്കളുടെയും,കാട്ടുചെടികളുടെയും കൂടെയായിരുന്നു ഞാനും..ഇതൊന്നുമറിഞ്ഞല്ല..നമ്മുടെ മോഡേണ്‍ ചെടികളേക്കാള്‍ എന്തോ ഒരിഷ്ടം ഇങ്ങനെനാടന് ചെടികളോടുണ്ടായിരുന്നു..
ഒരിക്കല്‍ “കിണര്‍ അപ്രത്യക്ഷമാകല്‍ പ്രതിഭാസം” കേരളത്തില്‍ കണ്ട അന്ന് ഒരു വിദഗ്ദന് അഭിപ്രായപ്പെട്ടതോര്‍ക്കുന്നു.”മുള്ളഞ്ചീരയും,വെള്ളിലത്താള്ളിയും വെട്ടിക്കളഞ്ഞ് കിണറുകള്‍ക്ക് കോണ്‍ഗ്രീറ്റ് പ്ലാറ്റ്ഫോം കെട്ടാതെ” എന്ന്.എന്റെ ഉപ്പുപ്പ കിണറ്റില്‍ സ്ഥിരമായി ബ്രഹ്മിയും,കഞ്ഞുണ്ണിയും ഇടുമായിരൂന്നു..അന്ധവിശ്വാസമാകാം എന്നാലുംകുഞ്ഞുങ്ങള്ക്ക് രാത്രിയിലുള്ള ഞരക്കങ്ങള്‍ “ഇടമ്പിരി വലമ്പിരി” അരയില്‍ ചരടില്‍ കോര്ത്തിട്ടാല് ശമിക്കാറുണ്ടെന്നത് എന്റെ അനുഭവമാണ്.ഈ പനച്ചം പുളിക്ക് ഞങ്ങളുടെ നാട്ടിലെ പേര് “പട്ടാണിപ്പുളി” യെന്നാണ്..ഇവിടെ ഗള്‍ഫില്‍ വന്നപ്പോളാണ് ഞാന്‍ മറ്റൊരു കാഴ്ചകണ്ടത്..അതിവിടെ നന്നായി വളരുന്നുണ്ട്..പാക്കിസ്ഥാന് വംശജരായ പഠാന്മാര് അഥവാ പട്ടാണികള്‍ ആണിത് നന്നായി ഉപയോഗിക്കുന്നതും..:-)പേരാലിന്റെ ഇളം തളിര് നന്നേവെളുപ്പിനെണീറ്റ് (സൂര്യനുദിക്കും മുന്‍പേ)കുളിച്ചശേഷം കാച്ചാത്ത പശുവിന്‍പാലിലരച്ച് കുടിച്ചാല്‍ ആര്‍ത്തവം ക്രമമാകും .ഉന്മാദമുള്ള മകനു മരുന്നരക്കാനായി വെള്ളശംഘുപുഷ്പത്തിന്റെ വേരുപറിക്കാന്‍ എന്നും വീട്ടിലെത്തിയിരുന്ന അമ്മയേയും ഓര്‍മ്മയുണ്ട്.പ്രസവശുശ്രൂഷക്ക് ഞങ്ങളുടെ നാറ്റില് നാല്പ്പാമരത്തിന്റെ തോലിട്ട വെള്ളമാണ് കുളിക്കാന്‍..ഇടക്കൊക്കെ ആടലോടകം,ഒടിച്ചുകുത്തി എന്നിവയും.കരപ്പന് വന്നവരെ വാളന്പുളിയിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിപ്പിക്കുന്നതും കാണാം.
മാതൃഭൂമിയിൽ വായിച്ചത്.നന്നായിരിക്കുന്നു.
ഇത് മാതൃഭൂമിയില്‍ വായിച്ചിരുന്നു. ഈയ്യിടെ മൈനയുടെ വിക്ഞാനപ്രദമായ ലേഖനങ്ങള്‍ അതിലൂടെ വായിക്കുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. എല്ലാ ഭാവുകങ്ങളും...
മൈനാ,
പത്ത് മുപ്പത് വര്‍ഷം പുറകോട്ട് പോയിരിക്കുന്നു ഞാന്‍. അന്ന് പാലായില്‍ നിന്നും കുറെ അകലെ 'ഉള്ളനാട്" എന്ന മലയോര ഗ്രാമത്തില്‍ ആയിരുന്നു ജീവിതം. അന്ന് കണ്ടിരുന്നതും കേട്ടിരുന്നതുമായ ഒരു മാതിരി എല്ലാം കവര്‍ ചെയ്ത ഒരു സമഗ്ര ലേഖനത്തിന് നന്ദി. പിന്നീട് കോട്ടയത്തിനടുത്തുള്ള കൊല്ലാട്ടേക്ക് മാറിയപ്പോഴും ഗ്രാമത്തിന്റെ ഭംഗി മാറിയിരുന്നില്ല. അവിടവിടെയായി ധാരാളം കുറ്റിക്കാടുകളും വെറുതേ കാടു കയറി കിടന്നിരുന്ന സ്ഥലങ്ങളും ധാരാളമുണ്ടായിരുന്നു. ഒരു മരത്തില്‍ നിന്നും മറ്റൊന്നിലേക്ക് കയറി ഫലങ്ങള്‍ പറിക്കാന്‍ മാത്രം വൃക്ഷങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ ഇന്നത് ഇല്ലാതായിരിക്കുന്നു. 5 സെന്റ് സ്ഥലം കിട്ടിയാല്‍ അതിലൊരു വീട് എന്ന സ്ഥിതിയിലാണിന്ന് കാര്യങ്ങള്‍.
ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ ഒരു പയ്യന് പുല്‍ത്തൈലം കൊണ്ടുവന്നിരുന്നു. പത്തു മില്ലിക്ക് മുപ്പത് രൂപ. പണ്ട് ഇഞ്ചപ്പുല്ലിന്റെ കാട്ടില്‍ കൂടി കളിച്ചു നടന്നതിന്റെ ഓര്‍മയില്‍ ഒരു ചെറിയ കുപ്പി വാങ്ങി.
പോസ്റ്റിന് നന്ദി.
നമ്മുടെ കുട്ടികളെ ഇതൊക്കെ കാണിക്കാന്‍ മിനക്കെടുന്ന എത്ര അച്ഛനമ്മമാരുണ്ട് എന്നുകൂടി ചോദിക്കണം.
“ഒരുകുട്ടി പൂവാങ്കുറുന്തലും കറുകയും മുക്കുറ്റിയും നിലപ്പനയുമൊക്കെ മനസ്സിലാക്കുന്നത് പെട്ടൊന്നൊരു ദിവസം സസ്യങ്ങളെ പഠിക്കാനിറങ്ങുന്നതുകൊണ്ടല്ല. വളരെ പതുക്കെ അവളുടെ ജീവിതത്തിലേക്ക് കടന്നു വരുകയാണ് ഓരോന്നും. നിലത്ത് കൊച്ചുതെങ്ങിനെ കാണുകയാണ് മുക്കൂറ്റിയിലൂടെ..”
മനോഹരമായ പോസ്റ്റ്.
അഭിവാദ്യങ്ങളോടെ
മാതൃഭൂമിയില്‍ വായിച്ചിരുന്നു.മാതൃഭൂമിയിലൂടെ തന്നെയാണ് മൈനയെ അടുത്തറിയുന്നതും.ചെറുപ്പും മുതല്‍ക്കെ പറമ്പിലെ പേരറിയാ ചെടികളേയും മരങ്ങളേയും അടുത്തറിയണമെന്ന് മോഹമുണ്ടായിരുന്നു.ഇതുവരേയും കഴിഞ്ഞിട്ടില്ല.ഔഷധ സസ്യങ്ങളെ കുറിച്ചുള്ള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകം മാത്രമാണ് ഞാന്‍ കണ്ടിട്ടുള്ള നാട്ടു ചെടികളെ കുറിച്ചുള്ള ഓരേ ഒരു പുസ്തകം.വേറെ അറിയുമെങ്കില്‍ പറഞ്ഞു തരുക.പ്രകൃതി ജീവിതത്തിന്റേയും മനുഷ്യ സ്നേഹത്തിന്റേതുമായ ഒരു വഴി മൈനയുടെ ലേഖനത്തില്‍ തെളിഞ്ഞു കിടക്കുന്നു.ആശംസകള്‍
വിജ്ഞാനപ്രദമായ പോസ്റ്റ്...
ഇതില്‍ പറയുന്ന ഒട്ടുമിക്കവയും പരിചയമുള്ളവതന്നെ. ഇതേ തേരകത്തിന്റെ ഇലയാണ് കര്‍ക്കടമാസത്തില്‍ ശീവോതി വെയ്ക്കുന്നതിനു മുന്‍പ് വാതിലും,ജനലുമൊക്കെ തേച്ച് കഴുകാന്‍ ഇപ്പോഴും നാട്ടില്‍ ഉപയോഗിക്കുന്നത്. വൃത്തിയുള്ള സഥലത്തേ ശ്രീഭഗവതിയും ഇരിയ്ക്കൂ. വിശ്വാസങ്ങള്‍ക്ക് പോലും എന്താ സാമ്യം അല്ലേ? പക്ഷേ ഇലയുടെ പേരില്‍ ഒരു ചിന്ന മാറ്റം ‘പാറകം’
പിന്നെ എരിക്ക്,മുള്ളെടുക്കാന്‍ മാത്രമല്ല, അരിമ്പാറയ്ക്കും എരിക്കിന്പാലാണ് മരുന്ന്. അരിമ്പാറയ്ക്ക് മുകളില്‍ എരിക്കിന് പാല് വീഴ്ത്തിയാല്‍ മതി.
വായിച്ചിരുന്നു
നൈസ്
:-)
ഉപാസന
ഒരു കമന്റ്റിന്റെ രൂപത്തില്‍ ഭംഗിവാക്കുമാത്രം പറഞ്ഞ് കാട് പോലെ, നാട്ടിന്‍പ്പുറം പോലെ നിര്‍മ്മലമായ ഈ പോസ്റ്റ് മലീമസമാക്കുന്നില്ല. ഹൈറേഞ്ചിന്റെ അറിയപ്പെടാത്ത സസ്യവൈവിധ്യങ്ങള്‍ കണ്ട് ഒപ്പംനടന്നതു പോലെ.
മാതൃഭൂമിയില്‍ പച്ചയുടെ ഭൂപടം വായിച്ചിരുന്നു. ബൂലോകത്തില്‍ ഉണ്ടായിരുന്നുവെന്നറിഞ്ഞില്ല.
നല്ലത്, നന്ദി
hai mainaji....
nalla post...
ithil mukkaalbaagam chedikalem njaan ariyilla....
kandittundaakum chilappol perariyillallo
Kurachu neram njan ente kuttikalathu koodi veendum nadannu....marannu poya palathum orppichathinu nanni... All The Best.
വളരെ വളരെ നല്ല വിജ്ഞാനപ്രദമയ പോസ്റ്റ്.നന്ദി ഈ പോസ്റ്റിനു.
അണലി വേഗത്തിന്റെ തൊലി ചതച്ച് കടിവായില് വെച്ചാല്‍ വിഷം പുറത്തു പോകുമെന്ന് കേട്ടിട്ടുണ്ട്.
അണലി വേഗം വളരുന്ന്നിടത് പാമ്പ് വരില്ല എന്ന് പറയാറുള്ളത് സത്യമാണോ?
തിളങ്ങുന്ന കാട്ടുമരങ്ങള്‍ ഉണ്ട് എന്നതാണ് എന്റെ അനുഭവം.കുറച്ചു നാളുകള്ക്കുമുന്പ് വീടിനടുത്ത് കട്ടില് കടപുഴകി വീണ മരത്തിന്റെ തടി രാത്രിയില്‍ തിളങ്ങുമായിരുന്നു.വീട്ടില്‍ കൊണ്ടുവന്ന അതിന്റെ ചെറിയ കഷ്ണങള്‍ക്ക് രാത്രിയില്‍ "തിളങ്ങുന്ന റേഡിയം കൊന്ത" യെക്കാള്‍ തിളക്കമുണ്ടയിരുനു.
ഇനി വീട്ടില്‍ ചെല്ലുമ്പോള്‍ പോയി നോക്കണം ..ആ മരത്തിന്റെ ബാക്കി വല്ലതും ഉണ്ടോ എന്ന്.
വളരെ വൈകി ബ്ലോഗ് എന്ന വലിയ ലോകത്തില്‍ എത്തിയതില്‍ ഖേദമുണ്ട്...മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിച്ചു പരിചയമുണ്ട്..അങ്ങനെ സര്‍പ്പ ഗന്ധിയിലുമെത്തി..മറ്റുള്ളതെല്ലാം എന്ന പോലെ ഇതും വളരെ നന്നായിരിക്കുന്നു..മക്കളെ പ്രകൃതിയോടു അടുപ്പിക്കാന്‍ എല്ലാക്കാലത്തും ശ്രദ്ധിച്ച എന്റെ അമ്മയെ ഓര്‍ത്തുപോയി..ടൌണില്‍ ആണ് വളര്‍ന്നതെങ്കിലും ചുറ്റിനും കാണുന്നതും തറവാടുകളിലെക്കുള്ള യാത്രയില്‍ കാണുന്നതും ആയ ചെടികളെയെല്ലാം അവയുടെ പേരും അമ്മയ്ക്കറിയുന്ന ഉപയോഗങ്ങളും ചെറിയൊരു ഓര്‍മ്മ കഥകളുടെ തോങ്ങലോടുകൂടി വര്‍ണിച്ചു തരുമായിരുന്നു..ഇടയ്ക്ക് അച്ഛനും..അമ്മയുടെ പിറകെ നടന്നു തന്നെയാണ് ഞാനും തോട്ടരികിലെ കയ്യോന്നിയും,ബ്രഹ്മിയും,കൊഴുപ്പയും എല്ലാം കണ്ടതും പഠിച്ചതും..അങ്ങനെ എനിക്കും കിട്ടി ചെടികളെ അറിയാനും സ്നേഹിക്കാനും ഉള്ള ഒരു മനസ്സ്..എന്നാല്‍ പഠിക്കാന്‍ ചെന്ന വലിയ നഗരത്തിലെ വഴിയരികില്‍ കണ്ട നാട്ടുചന്ദനത്തെയും കദളിപ്പൂവിനെയും കൂട്ടുകാര്‍ക്കു കാട്ടിക്കൊടുത്ത എന്നെ അവര്‍ കളിയാക്കിയതല്ലാതെ അതില്‍ യാതൊരു താല്പര്യവും കാട്ടിയില്ല..പഠിച്ച മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നുണ്ടായിരുന്ന ആയുര്‍വേദ ഹോസ്പിറ്റലിന്റെ ഔഷധ തോട്ടത്തില്‍ വെറുതെ നടക്കാന്‍ പോലും ആരെയും കൂട്ടുകിട്ടിയില്ല..എങ്കിലും അമ്മ പകര്‍ന്നു തന്ന ആ 'ബോറന്' ശീലം ഇന്നും കൂടെയുണ്ട്..ഇപ്പോള്‍ ഞാന്‍ താമസിക്കുന്ന സേലത്തെ വീട്ടില്‍ വന്നപ്പോളും വീട്ടു പറമ്പില്‍ കണ്ട തഴുതാമ പറിച്ചു രണ്ടു മൂന്നു ദിവസം അതിന്റെ തോരന്‍ എന്നെയും എന്റെ ഭര്‍ത്താവിനെയും തീറ്റിക്കാന്‍ മറന്നതുമില്ല അമ്മ..നാട്ടില്‍ വീടിരിക്കുന്ന 6 സെന്റ് സ്ഥലത്ത് പനികൂര്‍ക്കയും,കറുകയും,മുറികൂട്ടിയും,ആടലോടകവും....പിന്നെ കുറെ പച്ചക്കറികളും വച്ചുപിടിപ്പിച്ചു അച്ഛനും അമ്മയും വിശ്രമ ജീവിതം നയിക്കുന്നു..ഭാവിയില്‍ എന്റെ മക്കള്‍ക്ക് ഇതൊക്കെ പറഞ്ഞുകൊടുക്കുവാന്‍ അമ്മയുണ്ടാവട്ടെ..നന്ദി മൈന..
Post a Comment