Tuesday, March 18, 2008

മുംതാസ്‌ നിനക്കുവേണ്ടി

രണ്ടു മുംതാസിനെയാണ്‌ എനിക്കറിയൂ. അവര്‍ രണ്ടുപേരും എന്നെ അത്ഭുതപ്പെടുത്തി. സങ്കടപ്പെടുത്തി. ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങള്‍ തന്നു. ഒരാള്‍ സഹപാഠിയും അടുത്തയാള്‍ സഹപ്രവര്‍ത്തകയുമായിരുന്നു.

സഹപാഠിയായ മുംതാസിനെക്കുറിച്ചാണ്‌ ഈ കുറിപ്പ്‌.


ഒന്‍പതാംക്ലാസ്സില്‍ വെച്ചാണ്‌ മുംതാസ്‌ ഞങ്ങളുടെ സ്‌കൂളിലെത്തുന്നത്‌. അവള്‍ വേറെ ക്ലാസ്സിലായിരുന്നിട്ടും ഞങ്ങള്‍ അവളുടെ വരവറിഞ്ഞു.
കറുപ്പില്‍ ഇത്രയും അഴക്‌ കാണുന്നത്‌ ആദ്യമായിട്ടായിരുന്നു. അവളുടെ ഒപ്പം വെട്ടിയിട്ട മുടിയിഴകള്‍ ഒന്നിനോടൊന്ന്‌ ഒട്ടാതെ പാറിക്കളിച്ചു. അന്നു വരെ അങ്ങനെയുള്ള മുടി ഞങ്ങള്‍ കണ്ടിരുന്നില്ല. എണ്ണതേച്ച്‌ തലയോട്ടിയോട്‌ ചേര്‍ന്നു നിന്ന മുടിയില്‍ പേനുകളരിക്കുന്നതാണ്‌ അന്നു വരെ കണ്ടത്‌.
എപ്പോഴും ചിരയുള്ള മുഖം. ..മൂളിപ്പാട്ട്‌..നടത്തത്തിന്‌ തന്നെ പ്രത്യേക താളം.

നന്നായി പാടുമായിരുന്നു. അത്തവണ സ്‌കൂള്‍ യൂത്ത്‌ ഫെസ്‌റ്റിവലില്‍ "സര്‍വ്വേശ്വരാ നിന്‍ സാമിപ്യ ലഹരിയില്‍ സര്‍വ്വം മറന്നിന്നു പാടുന്നു ഞാന്‍.."എന്ന ലളിതഗാനം പാടി ജില്ലാതലം വരെ എത്തി അവള്‍. ഞങ്ങളുടെ ഷിഫ്‌റ്റിലോടുന്ന സ്‌കൂളിന്‌ അതൊരു നേട്ടം തന്നെയായിരുന്നു. അന്നു വരെ ഞങ്ങളുടെ സ്‌കൂള്‍ കായികയിനങ്ങളിള്‍ മാത്രമായിരുന്നു മികവു കാട്ടിയിരുന്നത്‌.

നന്നായി നൃത്തം ചെയ്യാനറിയാമായിരുന്നിട്ടും അവള്‍ മത്സരിച്ചില്ല. അന്നുവരെ മത്സരിച്ച്‌ ഒന്നാംസ്ഥാനം നേടിയിരുന്ന രാധികയെ അവള്‍ ഗാന്‌്‌ധാരി വിലാപം പഠിപ്പിക്കുകയാണു ചെയ്‌തത്‌. രാധികയ്‌ക്കു പകരം മുംതാസായിരുന്നു നൃത്തം ചെയ്യേണ്ടിയിരുന്നതെന്ന്‌ തോന്നുമായിരുന്നു അപ്പോഴൊക്കെ..

മത്സരത്തിന്‌ മുംതാസ്‌ സ്റ്റേജില്‍ കയറും മുമ്പേ മറ്റു മത്സരാര്‍ത്ഥികള്‍ ശപിക്കുന്നത്‌ കേള്‍ക്കാനിട വന്നിട്ടുണ്ട്‌. പദ്യപാരായണത്തിന്‌ അവള്‍ മറന്നുപോകണേ എന്നും തെറ്റിപോകണമേ എന്നും എങ്കില്‍ ബാവാക്ക്‌ (കോതമംഗലം ബസോലിയോസ്‌ ബാവ) മെഴുകുതിരി കത്തിച്ചേക്കാവേ എന്നും നേര്‍ന്നു ചിലര്‍.
പക്ഷേ, "ജനിച്ചിടും മരിച്ചമര്‍ത്യരൊക്കെയും.." എന്ന മേരി ബനിജ്ഞുടെ പദ്യം ചൊല്ലുമ്പോള്‍ മുംതാസിനു തെറ്റല്ലേ എന്ന്‌ ഞാനാഗ്രഹിച്ചു. എത്ര മനോഹരമായാണ്‌ അവള്‍ ആലപിക്കുന്നത്‌.

അവള്‍ എന്റെ ബുക്കില്‍ 'സര്‍വ്വേശ്വരാ..' എന്ന ഗാനം എഴുതി തന്നു. ഞാനവളെകൊണ്ട്‌ പിന്നെയും പിന്നെയും പാട്ടു പാടിപ്പിച്ചു.

നേര്‍ച്ചകളും ശാപങ്ങളും പിന്നെയുമുണ്ടായിരുന്നു. ഷിഫ്‌റ്റിലോടുന്ന ഞങ്ങളുടെ സ്‌കൂളിലെ സര്‍വ്വ മണ്ടന്മാരെയും മണ്ടികളെയും ബഹുദൂരം പിന്നിലാക്കി അവള്‍ മാര്‍ക്കു വാങ്ങി. അന്നു വരെ വട്ടുകളിക്കുമ്പോള്‍(ഗോലി-ഗോട്ടി) കണ്ടേപ്പസ്റ്റ്‌്‌ എന്നു പറയും പോലെ മാര്‍ക്കു വാങ്ങിയര്‍ തലകുനിച്ചു. മുംതാസിനൊപ്പം എത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഒരു കാര്യത്തിലും...

പരീക്ഷയ്‌ക്ക്‌ മാര്‍ക്കു വാങ്ങിയത്‌ കോപ്പിയടിച്ചാണത്രേ.
വിരിച്ചിട്ട മുടിക്കുള്‌്‌ളില്‍ കോപ്പിക്കടലാസ്‌ വെച്ചാണത്രേ കോപ്പിയടി...

എന്തിനായിരുന്നു മുംതാസിനോട്‌ അസൂയ?
എന്തിനായിരുന്നു പരദൂഷണം?

ചില അധ്യാപകര്‍ക്കുമുണ്ടായിരുന്നെന്നു വേണം അവളോട്‌ ദേഷ്യം.
മലയാളം ക്ലാസ്സില്‍ അവളൊന്നു ചിരിച്ചതിന്‌ ടീച്ചര്‍ പറഞ്ഞത്‌
'കരിമ്പൂച്ച തേങ്ങക്കൊത്ത്‌ കടിച്ചപോലുണ്ടല്ലോ' എന്നാണ്‌.
എന്തു നേടാനാണ്‌ എല്ലാവരും ഇങ്ങനെയൊക്കെ..
ആണ്‍കുട്ടികളും പെണ്‍കുട്ടികളുമൊക്കെ അവളുടെ കാര്യത്തില്‍ ഒരേപോലെയായിരുന്നു. തെറിപ്പാട്ടെഴുതി അവള്‍ക്ക്‌ ഊമക്കത്തയച്ചു ചിലര്‍..ചിലര്‍ പ്രേമലേഖനം.
വെളിക്കുവിടുന്ന നേരത്ത്‌ ഞങ്ങള്‍ സംശയമുള്ള ചില കുട്ടികളുടെ നോട്ട്‌ ബുക്ക്‌്‌ പരിശോധിച്ചു. തെറിപ്പാട്ടിലെ കൈയ്യക്ഷരം കണ്ടു പിടിക്കാന്‍..ചിലരെ കണ്ടു പിടിക്കുകയും ചെയ്‌തു. അവരോരാരോടും മുംതാസ്‌ പരിഭവിച്ചില്ല. ചിരിച്ചു.

പത്താംക്ലാസ്സില്‍ അവള്‍ എന്റെ ക്ലാസ്സിലായിരുന്നു. അവളുടെ വീടിനടുത്തുകൂടി പോകുമ്പോള്‍ ഞാനവിടെ കയറും. അവള്‍ പഴയ ഫോട്ടോകള്‍ എടുത്തു കാണിക്കും. പാട്ടുപാടും.
പുഴയോരത്തായിരുന്നു വീട്‌. പുഴയിലെ പാറകള്‍ക്കു മുകളിലിരുന്നാണ്‌ പഠിക്കാറെന്ന്‌ അവള്‍ പറഞ്ഞു. വീട്ടില്‍ കറണ്ടില്ല. പക്ഷേ, പുഴയിലേക്കിറങ്ങുന്നിടത്ത്‌ സ്‌്‌ട്രീറ്റ്‌ ലൈറ്റിന്റെ വെളിച്ചമുണ്ടായിരുന്നു.

പ്രായം ചെന്ന അത്ത, തടികൊണ്ട്‌ നടക്കാന്‍ പ്രയാസപ്പെടുന്ന അമ്മ. രണ്ടു അക്കച്ചിമാര്‍..ഒരനിയത്തി..
അത്തയുടെ കൊച്ചുചായക്കടയായിരുന്നു അവരുടെ ജീവിതം.
പത്താംക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങി അവിടെത്തന്നെ അവള്‍ വി. എച്ച്‌. സെ്‌. സിക്കു ചേര്‍ന്നു.
പക്ഷേ,...
എന്തു പറ്റിയെന്നറിയല്ല...
ഒരു പേടിയുടെ രൂപത്തില്‍...തുറിച്ച കണ്ണുകളോടെ അവള്‍...
വി. എച്ച്‌. എസ്‌്‌. സി പരീക്ഷയ്‌ക്ക്‌ അവളുടെ അമ്മ അവള്‍ക്കു കൂട്ടിരുന്നു. ആദ്യവട്ടം എഴുതാന്‍ പറ്റാഞ്ഞിട്ട്‌..അവള്‍ അമ്മയുടെ കൈയ്യില്‍ മുറുകെപ്പിടിച്ചു കൊണ്ട്‌ പരീക്ഷ എഴുതി...
പിന്നെ..പിന്നെ...

ഇഠയ്‌ക്കു ഞങ്ങള്‍ കണ്ടു.
അപ്പോഴൊക്കെ അവള്‍ എന്റെയും കൈകളില്‍ മുറുകെപ്പിടിക്കും. അവളോരോന്ന്‌ ചോദിക്കുമ്പോള്‍ കൊച്ചുകുട്ടി ചോദിക്കുമ്പോലെ തോന്നും. മറുപടി പറയുമ്പോള്‍ എനിക്ക്‌ സങ്കടം വരും.

അന്ന്‌ അത്ര വലിയ കഴിവുകളൊന്നുമില്ലാതിരുന്ന ഞാന്‍ മുംതാസിനെ അഭിമാനത്തോടെ, ആരാധനയോടെ നോക്കി...ഇവള്‍ ആരൊക്കെയോ ആകുമെന്ന്‌ പ്രതീക്ഷിച്ചു.
പാട്ടുപാടിച്ചു...

ഇപ്പോഴവള്‍ കവലയിലെ കടത്തിണ്ണയുടെ തൂണും ചാരിനിന്ന്‌ എന്തൊക്കെയോ പിറുപിറുക്കുന്നു....
കുറേ ചികിത്സ ചെയ്‌തെന്ന്‌ കേട്ടു...കുറച്ചുകാലം കറിപ്പൊടിക്കമ്പനിയില്‍ പായ്‌ക്കറ്റ്‌ നിറക്കാന്‍ പോയെന്നും. ഇടയക്ക്‌ പെന്തിക്കോസ്‌തില്‍ ചേര്‍ന്നെന്ന്‌. അത്ത മരിച്ചപ്പോള്‍ പള്ളിയില്‍ അടക്കിയില്ലത്രേ. അവര്‍ തോട്ടു പുറമ്പോക്കില്‍ അടക്കിപോലും......

ഇപ്പോഴും ഇതെഴുതുന്നതിന്‌ തൊട്ടു മുന്‍പും അവളെക്കുറിച്ച്‌ വിളിച്ചന്വേഷിച്ചു.
തോട്ടു പുറമ്പോക്ക്‌ വിറ്റ്‌ ഒരു മലയ്‌ക്കു മുകളിലാണ്‌ ഇപ്പോള്‍ താമസമെന്ന്‌ അറിഞ്ഞു.
ഇവിടെ എനിക്ക്‌ വാക്കുകള്‍ നഷ്ടപ്പെടുന്നു.
നിനക്കു വേണ്ടി എന്തു ചെയ്യാനാകും കൂട്ടുകാരി...

23 comments:

മൈന said...

രണ്ടു മുംതാസിനെയാണ്‌ എനിക്കറിയൂ. അവര്‍ രണ്ടുപേരും എന്നെ അത്ഭുതപ്പെടുത്തി. സങ്കടപ്പെടുത്തി. ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങള്‍ തന്നു. ഒരാള്‍ സഹപാഠിയും അടുത്തയാള്‍ സഹപ്രവര്‍ത്തകയുമായിരുന്നു.

സഹപാഠിയായ മുംതാസിനെക്കുറിച്ചാണ്‌ ഈ കുറിപ്പ്‌.

ഡോക്ടര്‍ said...

നല്ല കുറിപ്പ് ..മുംതാസ് മുന്നില്‍ വന്നു നില്കനത് പോലെ ...അവള്‍ക്ക് വേണ്ടി നമുക്ക് എന്ത് ചെയ്യാന്‍ പറ്റും ....ആ കൂട്ടുകാരിയെ പരിചയപ്പെടുത്തിയതിനു നന്ദി ..കുഞ്ഞു നാളില്‍ മനസ്സിലേക്ക് ഓര്‍മയുടെ നല്ല ചില്ലിട്ട ഫ്രയിമുകള്‍ മുന്നിലേക്ക് ഓടിയെത്തും ....ആ നല്ല ഓര്‍മകള്‍ കുറിച്ചിടാന്‍ കഴിയുന്നത് ഒരു ഭാഗ്യമാണ്...

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

മൈന.. ഈ മുംതാസ് കരളില്‍ ഒരു നോവായിമാറുന്നു...
മുംതാസിന്‌ താജ്മഹല്‍ അല്ലെങ്കിലും ഒരു കുടില്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ വച്ചുകൊടുക്കാനും, ചികില്‍സിക്കാനും, തുണയാവാനും ആരെങ്കിലും വരുമെന്ന് പ്രത്യാശിക്കാം...

റീനി said...

മുംതാസിനെ അറിയില്ലയെങ്കിലും വായിച്ചപ്പോള്‍ ഒരു നൊമ്പരം ബാക്കിയായി. എന്നെങ്കിലും അവള്‍ക്കു സുഖമാവട്ടെ എന്നു പ്രാര്‍ഥിക്കുന്നു.

ചിലരങ്ങനെയാണ്, 'perfectionists'. തന്നെക്കുറിച്ചുതന്നെ വളരെ പ്രതീക്ഷകള്‍ ഉണ്ടാവും. കൈവരിക്കാനാവില്ല എന്നു ഭയക്കുമ്പോള്‍ വിഭ്രാന്തി വര്രും

കണ്ണൂരാന്‍ - KANNURAN said...

എന്താണെഴുതേണ്ടത്, പറയേണ്ടത് എന്നറിയില്ല. ഇങ്ങനെയും ചിലര്‍..

ചാരുദത്തന്‍‌ said...

മൈന,

എന്തിനാണു്‌ മുംതാസ് ഇങ്ങനെനൊക്കെ ആയത് ? നിസ്സഹായതയ്ക്കുള്ളിലും നീ അവള് ക്കായി കാത്തുവച്ച മൗനങ്ങളും പ്രാറ്ത്ഥനകളുമില്ലേ? അതു മാത്രം മതി, അവളെ സുഖപ്പെടുത്തും.‌

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അവള്‍ക്ക് നല്ലതു വരട്ടെ

Sharu.... said...

ഈ അനുഭവക്കുറിപ്പിനു എന്തു മറുപടി...നല്ലതു മാത്രം വരട്ടെ..ഇനിയെങ്കിലും

സുല്‍ |Sul said...

അവള്‍ക്ക് നന്മ വരാനായി പാര്‍ത്ഥിക്കുന്നു.
-സുല്‍

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ആലുവവാല said...

പ്രിയപ്പെട്ട മൈന!

വേദനിക്കുമ്പോളും ചിരികൊണ്ട് മുഖം മറക്കുന്നവരെ സൂക്ഷിക്കുക! അടക്കി വച്ച വേദനകളെല്ലാം അടക്കാന്‍ പറ്റാത്ത പ്രതിഷേധങ്ങളായി ഏതുനിമിഷവും പൊട്ടിത്തെറിച്ചേക്കാം!

സദാ സന്തോഷവാനായ, പ്രതിസന്ധികളില്‍ ചിരിക്കുന്ന, എന്റെ കൂട്ടുകാരന്‍ ഇതേപോലെ പൊട്ടിത്തെറിച്ചത് കഴിഞ്ഞയാഴ്ചയാണ്...!

ആ അനുഭവത്തിന്റെ നൊമ്പരത്തിനിടയില്‍ മൈനയുടെ ഈ അനുഭവത്തിന്റെ നന്നായി വിവരിച്ച അവസാന ഭാഗം വായിച്ചപ്പോള്‍, വിമര്‍ശിക്കാന്‍ പഴുതുനോക്കി വന്ന, എന്റെ മുതുകിനു മേലോട്ട് ഒരു തണുത്ത വിറയല്‍....!

ഇതുകൊണ്ടൊക്കെയാണ്..മലയാളത്തിലെ ഏറ്റവും നല്ല ബ്ലോഗ് 'സര്‍പ്പഗന്ധി'യാണെന്ന് എല്ലാവരോടും ഞാന്‍ പറയുന്നത്...!

ആലുവവാല said...

...ഇതുകൊണ്ടൊക്കെയാണ്..മലയാളത്തിലെ ഏറ്റവും നല്ല ബ്ലോഗ് 'സര്‍പ്പഗന്ധി'യാണെന്ന് എല്ലാവരോടും ഞാന്‍ പറയുന്നത്...!

കുഞ്ഞന്‍ said...

മുംതാസ് ഒരു നൊമ്പരമായിമാറിയല്ലൊ എനിക്കും..!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്നും നന്മയുണ്ടായിരിക്കട്ടെ.അവള്‍ക്ക്,

Anil said...

മുംതാസിന്റെ ദുരന്തം മുംതാസ് അറിയുന്നില്ലല്ലോ

നമുക്കുണ്ടായ വേദന അവള്‍ക്കില്ലായിരിക്കാം

അങ്ങിനെ ആശ്വസിക്കാന്‍ ശ്രമിക്കാം അല്ലേ മൈനാ

Salim Cheruvadi said...

മുംതാസിനെ എനിക്കറിയാം..ഞാനവരെ കണ്ടിടില്ലെങിലും !!

തേങ്ങലുകള്‍ ഒതുക്കിയൊതുക്കി മുറിവു വീണ ഉള്ളം പിടയുന്നതാരറിയാന്‍ ?
മുംതാസിന്നായി ഇനി ആശംസിക്കാന്‍ എന്തുന്ടു നമുക്കു ..
ദുര്‍ബ്ബല മനസ്സുകളെ നോവിച്ചു രസിക്കുമ്പോള്‍ നമ്മള്‍ വീഴ്തുന്ന സൈക്കളോജിക്കല്‍ മുറിവിന്റെ (psychological scar )ആഴമെത്രയെന്നു ഓര്‍ക്കാറില്ല .
മാനസിക പീഡനം ഇന്നു എല്ലാര്‍ക്കും എളുപ്പം എടുത്തുപയൊഗിക്കാവുന്ന ആയുധമായി മാറിയ സാഹചര്യത്തില്‍ മൈനയുടെ മുംതസ് നമ്മെ ദുഖിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു ..

Prajeshsen said...

mumthas oru vismayam thanne
namukkithu prasidheekarikkamayirunnu
saramilla
hridayathil kolluunna varikal

thanks

മൈന said...

നമുക്കു എഴുതാം. എഴുത്തിന്റെ അഹങ്കാരത്തില്‍. അപ്പോഴും ഏതോ മലയുടെ മുകളില്‍ ആകാശവും നോക്കി അവള്‍...സ്വകാര്യമായിരുന്നത്‌ പോസ്‌റ്റു വഴി അറിയിച്ചതില്‍ അല്‌പം ദുഖമുണ്ട്‌്‌.
എല്ലാവര്‍ക്കും നന്ദി.
പിന്നെ ആലുവാവാല താങ്ങളോടെന്നല്ല ആരോടുമെനിക്ക്‌ വ്യക്തിപരമായി വൈരാഗ്യമോ ദേഷ്യമോ ഇല്ല. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. ഞാനെഴുതുന്നതൊക്കെ നല്ലതാണെന്ന തോന്നലൊന്നുമില്ല. അഭിപ്രായ സ്വാതന്ത്ര്യത്തെ വിലമതിക്കുന്നു സുഹൃത്തെ...

സഞ്ചാരി said...

നൊമ്പരങ്ങളിലെ മുംതാസിന് ഹൃദയപൂര്‍വ്വം പൂര്‍ണ്ണസൌഖ്യം ആഗ്രഹിക്കുന്നു പ്രാര്‍ത്ഥിക്കുന്നു...

salam said...

മുംതാസിനെ എനിക്കും ഏറെയിഷ്ടമായി... അവള്‍ക്ക് സാധരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിയുമാറവട്ടെ എന്നു പ്രാര്‍ത്ഥിക്കാം.
ഈ നൊന്വരം ഞാനും പങ്കിടുകയാണ്....മുംതാസിനെ ഞാനെന്നുമോര്‍ക്കും... അവളെക്കുറിച്ചുള്ള നല്ല വാര്‍ത്തകളുമായി മൈന ഇനിയും വരുമെന്ന് ഞാനാശിക്കുന്നു

അനില്‍ ഐക്കര said...

ഇതൊക്കെ സത്യമോ മൈന?
എത്ര അനുഭവങ്ങളാണ്‌ താങ്കള്‍ക്ക്‌?
താങ്കള്‍ സര്‍ഗ്ഗസൃഷ്ടി നടത്താതിരുന്നാലേ അത്ഭുതമുള്ളു.

മുംതാസിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്‌ മൈന?അവള്‍ എവിടെ ആണ്‌ താമസം?
നമുക്ക്‌ വേദനിക്കുവാന്‍ ആരെങ്കിലുമൊക്കെ ഉണ്ടാവുമ്പോള്‍ നമ്മുടെ നിസ്സാര വേദനകള്‍ മറക്കാമല്ലോ..

സാദിഖ്‌ മുന്നൂര്‌ said...

അനുഭവങ്ങളെ ഹൃദയസ്പൃക്കായി അവതരിപ്പിക്കുന്ന രചനാ രീതി കൊള്ളാം.

Sunil G Nampoothiri said...

കണ്ണുകളില്‍ ഒരു നനവായി മുംതാസ് നിറയുന്നു..
അസുഖമെല്ലാം മാറി മുംതാസ് സുഖമായി ജീവിച്ചു എന്ന് വായിക്കാന്‍ ഇട വരട്ടെ.