Monday, March 24, 2008

ചില നബിദിന (തലതിരിഞ്ഞ) ചിന്തകള്‍

-മുഹമ്മദ്‌ നബിയുടെ ഭാര്യ ആയിഷ അതിബുദ്ധിമതിയായിരുന്നു. യുദ്ധമുഖത്തേക്കുവരെ അവരെ അദ്ദേഹം കൊണ്ടുപോയി. യുദ്ധതന്ത്രങ്ങള്‍ അവര്‍ അദ്ദേഹത്തിനു പറഞ്ഞു കൊടുക്കുമായിരുന്നത്രേ. നബിക്കന്ന്‌ 50 വയസ്സുകഴിഞ്ഞിരുന്നു. ആയിഷക്ക്‌ പതിനെട്ടായിരുന്നു പ്രായം. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പിന്മുറക്കാര്‍ എന്തുകൊണ്ട്‌ ചരിത്രം മറക്കുന്നു?-

ഈ നബിദിനത്തില്‍ രാവിലെ തന്നെ ഞാന്‍ യാത്രയിലായിരുന്നു. കോഴിക്കോടുനിന്നും വയനാട്ടിലേക്കുള്ള യാത്രയില്‍ താമരശ്ശേരിവരെ ഓരോ കിലോമീറ്ററിനുള്ളില്‍ രണ്ടുജാഥകളെങ്കിലും കടന്നുപോയി. ഒരുപാടു നിറപ്പകിട്ടുള്ള ജാഥയല്ല. കുറച്ച്‌ ആണ്‍കുട്ടികള്‍... പിന്നെ മുതിര്‍ന്ന പുരുഷന്മാര്‍....
റോഡരികത്തും പറമ്പിലും മരങ്ങളുടെ പിന്നിലും അതിനേക്കാളേറെ സ്‌ത്രീകള്‍ ജാഥ കടന്നു പോകുന്നതു കാണാന്‍ കാത്തു നിന്നു.
ആ സ്‌ത്രീകളുടെ മുഖത്തേക്കു നോക്കിയപ്പോള്‍ എനിക്കെന്തോ സങ്കടം വന്നു. അതി ഭയങ്കര ദുഖം!

പലയിടത്തും നബിദിന പരിപാടികളും നടക്കുന്നുണ്ടായിരുന്നു. സ്റ്റേജില്‍ നിന്ന്‌ ഒരുപാടുമാറി സ്റ്റേജിലേക്ക്‌ നോട്ടം കിട്ടാത്തവണ്ണം മറച്ച ഇടങ്ങളിലായിരുന്നു മദ്രസാവിദ്യാര്‍ത്ഥിനികളും സ്‌ത്രീകളും ഇരുന്നത്‌.

ആണ്‍കുട്ടികള്‍ പാട്ടുപാടും, കഥാപ്രസംഗവും പ്രസംഗവും അവതരിപ്പിക്കന്നു. ജാഥയില്‍ പങ്കെടുക്കുന്നു. കോല്‍ക്കളിയിലും ഒപ്പനയിലും പങ്കെടുക്കുന്നു.

എന്നാല്‍ ഓത്തുപള്ളിയിലെ ഒരേ ക്ലാസ്സിലിരുന്ന്‌ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക്‌ ഇതെല്ലാം നിഷിദ്ധം! വേണമെങ്കില്‍ ദൂരത്തിരുന്ന്‌ ശബ്‌ദം കേള്‍ക്കാം. മുഖം കാണാന്‍ പാടില്ല. മകന്റെ, സഹോദരന്റെ, സഹപാഠിയുടെ ശബ്‌ദം മാത്രം കേള്‍ക്കാന്‍ വേനല്‍മഴയിലും അവര്‍ ഇരുന്നു. എന്തിനാണിത്‌?

ഒരുമിച്ച്‌ ഓരേക്ലാസ്സില്‍ പഠിക്കാമെങ്കില്‍ 13 വയസ്സില്‍ താഴെ പ്രായമുള്ള ഒരു പെണ്‍കുട്ടി പാട്ടുപാടുന്നതു കേട്ടാല്‍ ചെവി പൊട്ടിപ്പോകുമോ?
ആകാശം ഇടിഞ്ഞു വീഴുമോ?
പാട്ടുപാടാനെങ്കിലുമുള്ള അവളുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതുകൊണ്ട്‌ ഈ ആണ്‍സമൂഹത്തിന്‌ എന്തു കിട്ടാനാണ്‌?

(പാട്ട്‌ എന്ന ‌മാത്രമല്ല അവളുടെ എല്ലാ ആവിഷ്‌ക്കാരത്തെയും)

വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഞാനും ഓത്തുപള്ളിക്കൂടത്തിലിരുന്നിട്ടുണ്ട്‌. അന്ന്‌ ജാഥയില്‍ പങ്കെടുക്കുകയും പ്രസംഗിച്ചതും ഓര്‍ക്കുന്നു. പതിനേഴോ പതിനെട്ടോ കൊല്ലം മുമ്പ്‌ പെണ്‍കുട്ടികള്‍ക്ക്‌ കിട്ടിയ സ്വാതന്ത്യം പോലും ഇന്നില്ലെന്നാണോ?
അന്നൊന്നും ആകാശമിടിഞ്ഞു വീണിട്ടില്ലെങ്കില്‍ പിന്നീട്‌ ഇപ്പോള്‍ എന്തു പറ്റി?

ഞങ്ങളൊന്നും അന്ന്‌ ഒരു പാടുമാറി ഇരുളിന്റെ മറപറ്റിയല്ല ഇരുന്നത്‌. ഒരു മറയുടേയും ആവശ്യമില്ലാതെ ഒരേ വേദിയില്‍...
മുളയിലെ കഴിവുകള്‍ നുള്ളിക്കളയുന്ന പ്രവണത ശരിയാണോ?
ഈ പെണ്‍കുട്ടികള്‍ക്കു വേണ്ടി ശബ്‌ദമുയര്‍ത്താന്‍ ആരുണ്ട്‌?

ജാഥയില്‍ പങ്കെടുക്കാന്‍ പറ്റാത്ത ഇവര്‍ എന്തിനാണ്‌ വഴിയോരത്ത്‌ നില്‌ക്കുന്നത്‌? അതും കാഴ്‌ചവസ്‌തുവായി നില്‌ക്കലല്ലേ?....

ഇവര്‍ക്ക്‌ വീട്ടില്‍ വേറെ പണിയൊന്നുമില്ലേ എന്നു ചോദിക്കാന്‍ ആഗ്രഹിക്കുന്നു.

ഈ പെണ്‍കുട്ടികളില്‍ ചിലരെങ്കിലും പിന്നീട്‌ ഒരഗ്നിപര്‍വ്വതം പോലെ പൊട്ടിത്തെറിക്കില്ലെന്നാരു കണ്ടു?

സ്വന്തം വീട്ടില്‍, കൂട്ടുകാര്‍ക്കിടയിലൂടെയല്ലേ അവള്‍ വളരേണ്ടത്‌?
കഴിവുകള്‍ നുള്ളിക്കളയുമ്പോള്‍ മാനസീകാരോഗ്യത്തെത്തന്നെയല്ലേ ബാധിക്കുന്നത്‌?


ഓത്തുപള്ളിക്കൂടത്തില്‍ നിന്ന്‌ കിട്ടിയ കൈപ്പേറിയ ഒരോര്‍മയുണ്ട്‌ എനിക്ക്‌.
അക്കാലത്ത്‌ എന്റെ ഏതു നോട്ടുബുക്കിന്റെയും പിന്നിലെ കുറേ താളുകള്‍ ചിത്രംകൊണ്ടു നിറഞ്ഞിരുന്നു.
അങ്ങനെയൊരു ബുക്കിന്റെ പിന്നില്‍ ഞാനൊരു പെണ്‍കുട്ടിയുടെ ചിത്രംവരച്ച്‌ നിറം കൊടുത്തിരുന്നു. ഓത്തുപള്ളിയിലെ കൂട്ടുകാര്‍ കൗതുകത്തോടെ ആ ചിത്രം നോക്കിയിരിക്കുകയും അതുപോലൊന്ന്‌ വരച്ചു കൊടുക്കാമോ എന്ന്‌ ചോദിക്കുകയും ചെയ്‌തു.

ആരോ കൗതുകത്തോടെ അത്‌ ഉസ്‌താദിനെ കാണിക്കുകയും അദ്ദേഹത്തിന്റെ കണ്ണുകള്‍ ചുവക്കുകയും ചെയ്‌തു.
-മനുഷ്യന്റെ പടം വരക്കുകയോ മരിച്ചു ചെല്ലുമ്പോള്‍ പടച്ചോന്‍ ജീവന്‍ വെപ്പിക്കാന്‍ പറഞ്ഞാല്‍ വെപ്പിക്കുമോ..-അദ്ദേഹം ആ ചിത്രം കുനുകുനെ കീറി ജനാലക്കു പുറത്തേക്കെറിഞ്ഞു. ഇനി മേലില്‍ പടം വരയ്‌ക്കരുതെന്ന്‌ താക്കീതും നല്‌കി.
ഹൃദയംപൊട്ടി മരിച്ചുപോകുമെന്നു തോന്നി അന്നേരം.


എന്നാല്‍ അടുത്ത ദിവസമാണ്‌ ഒരാണ്‍കുട്ടി വരച്ച പട്ടിയേയും പൂച്ചയേയും കണ്ട്‌ അദ്ദേഹം പ്രോത്സാഹിപ്പിച്ചത്‌.
-പട്ടിക്കും പൂച്ചയ്‌ക്കും ജീവനില്ലേ..?
മരിച്ചു ചെല്ലുമ്പോള്‍ അതിനു ജീവന്‍ വെപ്പിക്കാന്‍ ഷാനവാസിനോട്‌ പറയില്ലേ പടച്ചോന്‍...?
ഇലയ്‌ക്കും പൂവിനും മരത്തിനും ജീവനില്ലേ...?-
നൂറു നൂറു ചോദ്യങ്ങള്‍ എനിക്കപ്പോള്‍ തോന്നി.
പൂര്‍ണ്ണമായി ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങള്‍.

നബിദിനം എന്ന്‌ ആഘോഷിക്കണം?

ക്രിസ്‌തുമസ്‌ ഡിസംബര്‍ 25 നാണ്‌.
നബിദിനം ചന്ദ്രമാസ കലണ്ടര്‍ പ്രകാരം റബിഉല്‍-അവ്വല്‍ 12നും.
ക്രിസ്‌തുമസ്‌ 25 നല്ലാതെ 27ന്‌ ആഘോഷിക്കാറില്ല. ഏതു ജന്മദിനങ്ങളും. ഒന്നുകില്‍ ജന്മനക്ഷത്രം വെച്ച്‌. അല്ലെങ്കില്‍ ജനനത്തീയതി വെച്ച്‌.
കണക്കു പ്രകാരം നബിദിനം ഇക്കൊല്ലം വ്യാഴാഴ്‌ചയായിരുന്നു. പക്ഷേ പലയിടത്തും സൗകര്യപ്രകാരം ആഘോഷിച്ചത്‌ വെള്ളി, ശനി, ഞായര്‍ ദിവസങ്ങിലായിരുന്നു. ഇനിയും പല സ്ഥലങ്ങളിലും നബിദിനം കഴിഞ്ഞിട്ടില്ല!
ഇങ്ങനെ സൗകര്യപ്രകാരം മാറ്റിവെച്ച്‌ ആഘോഷിക്കാനുള്ളതാണോ നബിദിനം?

34 comments:

മൈന said...

ഒരുമിച്ച്‌ ഓരേക്ലാസ്സില്‍ പഠിക്കാമെങ്കില്‍ 13 വയസ്സില്‍ താഴെ പ്രായമുള്ള ഒരു പെണ്‍കുട്ടി പാട്ടുപാടുന്നതു കേട്ടാല്‍ ചെവി പൊട്ടിപ്പോകുമോ?
ആകാശം ഇടിഞ്ഞു വീഴുമോ?
പാട്ടുപാടാനെങ്കിലുമുള്ള അവളുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതുകൊണ്ട്‌ ഈ ആണ്‍സമൂഹത്തിന്‌ എന്തു കിട്ടാനാണ്‌?

(പാട്ട്‌ എന്ന ‌മാത്രമല്ല അവളുടെ എല്ലാ ആവിഷ്‌ക്കാരത്തെയും)

പാമരന്‍ said...

കലോല്‍സവത്തില്‍ നൃത്തത്തില്‍ ഏ ഗ്രേഡ്‌ നേടിയതിന്‌ ഒരു പെണ്‍കുട്ടിയേയും അവളുടെ കുടുംബത്തേയും മഹല്ല്‌ കമ്മറ്റി ഊരു വിലക്കിയത്‌ പത്രത്തില്‍ വായിച്ചതോര്‍ക്കുന്നു.. കോഴിക്കോട് ജില്ലയില്‍..

മനുഷ്യനെ എന്തിനാണിങ്ങനെ മതങ്ങള്‍ മുന്നേറിയ ദൂരമത്രയും തിരിച്ചു വലിച്ചുകൊണ്ടു പോകാന്‍ ശ്രമിക്കുന്നത്?

ഇങ്ങനെ ഉറക്കെ ചിന്തിക്കാനുള്ള ആര്‍ജ്ജവം കാണിക്കുന്നതിന്‌ അഭിനന്ദനങ്ങള്‍..

Sunil Krishnan said...

എല്ലാ സമൂഹങ്ങള്ലും പുരോഗതിയിലേയ്കു മുന്നേറുന്നു.ചരിത്രത്തിനു ഒരു തിരിച്ചുപോക്കു അസാദ്ധ്യം.പക്ഷേ ചരിത്രത്തെ പിന്നോട്ടു പിടിച്ചു വലിയ്ക്കുന്ന ശക്തികള്‍ എക്കാലത്തും എല്ലാ സമൂഹങ്ങളിലും ഉണ്ടായിട്ടുണ്ട്.അവര്‍ക്കു ചില താല്‍‌ക്കാലിക വിജയങ്ങളും ഉണ്ടാകും.കേരള സമൂഹത്തിലും ഇപ്പോള്‍ അതാണ് ഉണ്ടായിക്കൊണ്ടിരിയ്ക്കുന്നത്.പണ്ടു പര്‍ദ്ദ ധരിച്ച ഒരു മുസ്ലിം സ്ത്രീയെ കാ‍ണണമെങ്കില്‍ കേരളത്തിനു വെളിയില്‍ പോകണമായിരുന്നു.മുംബൈ വരെ ട്രയിനില്‍ സധാരണ പോലെ സഞ്ചരിച്ചിട്ടു അവിടെ ഇറങ്ങാ‍ാകുമ്പോള്‍ പര്‍ദ്ദ എടുത്ത് ഇടുന്നവരെ കണ്ടിട്ടുണ്ട്..എന്നാല്‍ ഇപ്പോള്‍ കേരളത്തിലെ വഴികളിലൂടെ ഒന്നു സഞ്ചരിച്ചാല്‍ നമുക്കു പര്‍ദ്ദയുടെ പരസ്യങ്ങള്‍ തന്നെ കൂടുതലും കാണാന്‍ പറ്റും.

അതേ ശക്തികള്‍ തന്നെ മൈന വിവരിയ്ക്കുന്ന അവസ്ഥയ്ക്കും കാരണം.ഇതില്‍ തന്നെ പരയുന്നതു പോലെ എല്ലാം കൂടി ഒരു നാള്‍ പൊട്ടിത്തിറിയ്ക്കും എന്നു ഉറപ്പണ്.

കാലം എന്നും മുന്നോട്ടാണ്.അതിനു ഒരു മടക്കയാത്ര ഇല്ല.

ഗുപ്തന്‍ said...

പ്രസക്തമായ ചോദ്യങ്ങള്‍ മൈന. മറ്റൊരിടത്ത് ഇസ്ലാമിക ഫെമിനിസത്തെക്കുറിച്ച് ഒരു സഹോദരന്‍ വാചാലനാകുന്നത് കണ്ടിരുന്നു. അധികനാളായിട്ടില്ല.

തോന്ന്യാസി said...

അടച്ചു വക്കുമ്പോഴാണ് പൊട്ടിത്തെറികള്‍ ഉണ്ടാകുന്നത്...

മൈന പറയുമ്പോലെ പൊട്ടിത്തെറിക്കുന്ന ഒരുനാള്‍ വരും എന്ന് പ്രതീക്ഷിക്കാം

Anil said...

ഒരു കലാമത്സരത്തില്‍ പെണ്‍കുട്ടി ഇടക്ക കൊട്ടിയതിനെ മത്സരം വിലയിരുത്താന്‍ വന്ന മഹാന്‍ വിമര്‍ശിച്ചത് TV യില്‍ കണ്ടിരുന്നു. (പിന്നീട് ഒരു ക്ഷേത്രത്തില്‍ ഭാരവാഹികള്‍ തന്നെ അവളെ വിളിച്ചു കൊട്ടിച്ചു - ഒന്നും സംഭവിച്ചില്ല), മൈനെ സ്വാതന്ത്രം ദാനമായി കിട്ടേണ്ടതല്ല അതു നേടാനുള്ളതാണ്. "Kiran Bedi" യുമായി പണ്ട് നടന്ന ഒരു അഭിമുഖം ഓര്‍ക്കുന്നു "സ്ത്രീ ആയതുകൊണ്ട് എപ്പോഴെങ്കിലും വേദന നിറഞ്ഞ അനുഭവം ഉണ്ടായിട്ടുണ്ടോ" എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് "തീര്‍ച്ചയായും, എന്‍റെ കുഞ്ഞിനു ജന്മം നല്‍കിയപ്പോള്‍" എന്നാണ് !!!

നജൂസ്‌ said...

സമൂഹത്തിന്റെ മാറ്റം മനുഷ്യനാര്‍ജിക്കുന്ന മൌലികമായ മതവിദ്യാഭ്യാസത്തിനപ്പുറം മതത്തിനപ്പുറമുള്ള അറിവില്‍ നിലകൊള്ളുന്നതാണ്‌. പാട്ടുകള്‍ പാടിക്കേട്ട ശീലമേ നമുക്കുള്ളൂ... എന്‍ങ്കിലും പറയാതെ വയ്യ ആധുനിക മുസ്ലിം സമൂഹം മാറ്റങ്ങളുടെ പാതയില്‍ തന്നെയാണ്‌.

കിനാവ് said...

ഓത്തുപള്ളിക്കൂടത്തില്‍ നിന്ന്‌ കിട്ടിയ കൈപ്പേറിയ ഒരോര്‍മയുണ്ട്‌ എനിക്ക്‌.
അക്കാലത്ത്‌ എന്റെ ഏതു നോട്ടുബുക്കിന്റെയും പിന്നിലെ കുറേ താളുകള്‍ ചിത്രംകൊണ്ടു നിറഞ്ഞിരുന്നു.
അങ്ങനെയൊരു ബുക്കിന്റെ പിന്നില്‍ ഞാനൊരു പെണ്‍കുട്ടിയുടെ ചിത്രംവരച്ച്‌ നിറം കൊടുത്തിരുന്നു. ഓത്തുപള്ളിയിലെ കൂട്ടുകാര്‍ കൗതുകത്തോടെ ആ ചിത്രം നോക്കിയിരിക്കുകയും അതുപോലൊന്ന്‌ വരച്ചു കൊടുക്കാമോ എന്ന്‌ ചോദിക്കുകയും ചെയ്‌തു.

ആരോ കൗതുകത്തോടെ അത്‌ ഉസ്‌താദിനെ കാണിക്കുകയും അദ്ദേഹത്തിന്റെ കണ്ണുകള്‍ ചുവക്കുകയും ചെയ്‌തു.
-മനുഷ്യന്റെ പടം വരക്കുകയോ മരിച്ചു ചെല്ലുമ്പോള്‍ പടച്ചോന്‍ ജീവന്‍ വെപ്പിക്കാന്‍ പറഞ്ഞാല്‍ വെപ്പിക്കുമോ..-അദ്ദേഹം ആ ചിത്രം കുനുകുനെ കീറി ജനാലക്കു പുറത്തേക്കെറിഞ്ഞു. ഇനി മേലില്‍ പടം വരയ്‌ക്കരുതെന്ന്‌ താക്കീതും നല്‌കി.
ഹൃദയംപൊട്ടി മരിച്ചുപോകുമെന്നു തോന്നി അന്നേരം.

എന്നാല്‍ അടുത്ത ദിവസമാണ്‌ ഒരാണ്‍കുട്ടി വരച്ച പട്ടിയേയും പൂച്ചയേയും കണ്ട്‌ അദ്ദേഹം പ്രോത്സാഹിപ്പിച്ചത്‌.
-പട്ടിക്കും പൂച്ചയ്‌ക്കും ജീവനില്ലേ..?
മരിച്ചു ചെല്ലുമ്പോള്‍ അതിനു ജീവന്‍ വെപ്പിക്കാന്‍ ഷാനവാസിനോട്‌ പറയില്ലേ പടച്ചോന്‍...?


മതത്തില്‍ നിന്നൊരു പെണ്‍കുട്ടി ചിത്രം വരച്ചാല്‍ എന്താണുണ്ടാകുക. ആവിഷ്കാര സ്വാതന്ത്ര്യമെന്ന് പറഞ്ഞ് അവള്‍ കൂടുതല്‍ വരക്കുകയും ചിന്തിക്കുകയും ചെയ്താല്‍ എന്താണുണ്ടാകുക എന്നൊക്കെ മൊയ്ല്യാര്‍ക്ക് നന്നായി അറിയാം. എല്ലാ ഉസ്താദുമാര്‍ക്കും തമ്പ്രാന്മാര്‍ക്കും അറിയാം. ഗള്‍ഫ് രാജ്യങ്ങളില്‍ ഏതോ നൂറ്റാണ്ടിലുണ്ടായ ഒരു സംസ്കാരത്തെ അതേ പോലെ തന്നെ അനുകരിക്കണം എന്ന് വാശി പിടിക്കുന്നവരാണ് നമ്മുടെ തങ്ങന്മാരും മതമേലാളല്‍ന്മാരുമൊക്കെ. ഗള്‍ഫിന്റെ സംസ്കാരമൊക്കെ എത്ര മാറി. എന്നിട്ടെന്താ, രാജാവിനേക്കാള്‍ വലിയ രാജഭക്തി, അല്ല്ല ചൂഷണം നിലനിര്‍ത്തികൊണ്ടു പോകാനുള്ള ത്വര.

നജൂസ്‌ said...
This comment has been removed by the author.
Anonymous said...

താങ്കളുടെ ബ്ലോഗിന്റെ തലക്കെട്ടുപോലെ തന്നെ തല തിരിഞ്ഞുപോയ ചിന്തകള്‍..

ആരെ പ്രീതിപ്പെടുത്താനാണിതൊക്കെ..

സ്ത്രീകള്‍ ജാഥ വിളിച്ചു മറ്റുള്ളവര്‍ക്ക്‌ കാഴ്ച വസ്ഥുവായാല്‍ മാറുന്നതാണോ ഈ പരാതി ?

സ്ത്രീയെ വെറും ഉപഭോഗ വസ്ഥുവായിമാത്രം പരിഗണിച്ചിരുന്ന ഇരുണ്ട യുഗത്തില്‍ മാതാവിന്റെ കാലിന്നടിയിലാണു മക്കളുടെ സ്വര്‍ഗം എന്ന് പ്രഖ്യാപിച്ച ഒരു സംസ്ക്യതി സ്ത്രീകളെ ഒരിക്കലും അടിച്ചമര്‍ത്തിയിട്ടില്ല. ഇസ്ലാമിക ചരിത്രവും കര്‍മ്മശാസ്ത്രവും അല്‍പമെങ്കിലും പഠിച്ചിരുന്നെങ്കില്‍ ഈ ജല്‍പനങ്ങള്‍ ഉണ്ടാവുമായിരുന്നില്ല..

ആദ്യകാലത്ത്‌ പെണ്‍ കുട്ടികള്‍ സ്റ്റേജില്‍ കയറി പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. പിന്നിടത്‌ ചില യിടങ്ങളിലൊക്കെ നടന്ന അനിഷ്ട സംബവങ്ങളാല്‍ വിലക്കുകയായിരുന്നു..

പിന്നെ കുരുന്നുകളെ സ്റ്റേജില്‍ കയറ്റാത്തത്‌ എന്തെങ്കിലും സംഭവിക്കുമെന്ന് കരുതിയല്ല.. ഒരു നിശ്ചിത വയസു വരെ അനുവധിക്കുകയും പിന്നെ ഒരു സമയത്ത്‌ നിരോധിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാനാണെന്ന് മനസ്സിലാക്കുക..

പിന്നെ നബിദിനം ഒരു ദിവസം തന്നെ ആഘോഷിക്കണെമെന്ന് നിര്‍ബന്ധമൊന്നുമില്ല.
അത്‌ റബീ ഉല്‍ അവ്വലില്‍ എല്ലാ ദിവസവും എന്നല്ല മനുഷ്യായുസ്സ്‌ മുഴുവന്‍ ആഘോഷിക്കേണ്ടതാണു..

ജാഥയില്‍ പങ്കെടുക്കുന്നതും പാട്ട്‌ പാടുന്നതും മാത്രമല്ല ആഘോഷം

നിങ്ങളില്‍ ആരാണു നിങ്ങളുടെ സ്ത്രീകളോട്‌ മാന്യമായി പെരുമാരുന്നത്‌ അവരാണു ഉത്തമര്‍ എന്ന് പഠിപ്പിച്ച നബി (സ) യുടെ ജന്മദിനം വീടിന്റെ അകത്തളങ്ങളില്‍ ഇരുന്നും ആഘോഷിക്കാം .. പ്രവാചക അധ്യാപനങ്ങള്‍ പിന്‍ പറ്റിക്കൊണ്ട്‌..

ഖുര്‍ ആനില്‍ അല്ലാഹു പറയുന്നു..( വകര്‍ ന ഫീ ബുയൂതികുന്ന , ല തബര്‍ജ .. തബറുജ ജാഹിലിയത്ത്ല് ഊലാ ..സൂറത്ത്‌ അഹ്സാബ്‌ ) സ്ത്രീകളെ നിങ്ങള്‍ ജാഹിലിയ കാല ഘറ്റങ്ങളിലെ സ്ത്രീകള്‍ അലങ്കാരങ്ങള്‍ ചാര്‍ത്തി കാഴച
വസ്തുവായി നടന്ന പോലെ നടക്കരുത്‌.. നിങ്ങളുടെ വീട്ടില്‍ ഇരുന്ന് ആരാധന നിര്‍ വഹിക്കുക )

ഇതിനു തയ്യാറില്ലാത്തവരെ നിര്‍ബന്ധിച്ച്‌ നിറുത്താന്‍ ഇസ്ലാം ആഗ്രഹിക്കുന്നില്ല്.. മതത്തില്‍ യാതൊരു നിര്‍ബന്ധവുമില്ല എന്ന് ഖുര്‍ ആന്‍ പ്രഖ്യാപിക്കുന്നു..

അത്‌ കൊണ്ട്‌ സഹോദരി.. പഠിക്കൂ..

ഇസ്ലാമിന്റെ ശത്രുക്കളുടെ കയ്യടി നേടാനായി മാത്രം എഴുതാതിരിക്കാന്‍ ശ്രമിക്കൂ..

കിനാവ് said...

ഹാ, സുഹൃത്തേ ak എന്ന തൂലികാ നാമത്തിനു പിറകിലിരുന്ന് കീബോഡുചലിപ്പിക്കുന്നവനേ, നിന്റെ തന്നെ ദൈവമേ...

എന്തൊരു സ്വാതന്ത്ര്യമാണ് അങ്ങിവിടെ പുലമ്പിവെച്ചുപോയത്. ചിരിവരുന്നു. ചേലനാട്ടിന്റെ ഒരു പോസ്റ്റിലെ താങ്കളുടെ കമന്റ് കണ്ടപ്പോള്‍ ഇത്രയും മത പാരമ്പര്യമുള്ളവനാണെന്ന് കരുതിയേ ഇല്ല. ഇതേതായാലും നന്നായി.

‘ജാഥയില്‍ പങ്കെടുക്കുന്നതും പാട്ട്‌ പാടുന്നതും മാത്രമല്ല ആഘോഷം’
ഇത് മൊത്തം മുസ്ലീങ്ങളോടല്ല. സ്ത്രീകളോടു മാത്രം. ഹഹഹ ആണുങ്ങളുടെ ജല്പനം. നിങ്ങള്‍ അനുസരിച്ചാല്‍ മാത്രം മതി. നിങ്ങള്‍ക്ക് അതിനുള്ള അവകാശമേ ഉള്ളൂ. അതുകൊണ്ട് നിങ്ങള്‍ക്ക് “നബി (സ) യുടെ ജന്മദിനം വീടിന്റെ അകത്തളങ്ങളില്‍ ഇരുന്നും ആഘോഷിക്കാം ...” ഹഹഹ. അതെന്താ ആണുങ്ങള്‍ക്കും ഇത് നടക്കില്ലേ.
ഇല്ല
‘സ്ത്രീകള്‍ ജാഥ വിളിച്ചു മറ്റുള്ളവര്‍ക്ക്‌ കാഴ്ച വസ്ഥുവാകും’
അപ്പോള്‍ ആണുങ്ങള്‍ കാഴ്ചവസ്തുവാകുന്നതോ?

ആണുങ്ങളല്ലേ കാഴ്ചകാണാനും ലോകത്തെ അനുഭവിക്കാനുമൊക്കെ യോഗ്യരായ ഒരേ ഒരു വര്‍ഗ്ഗം.

അത്‌ കൊണ്ട്‌ സഹോദരി.. പഠിക്കൂ..
ഇസ്ലാമിന്റെ ശത്രുക്കളുടെ കയ്യടി നേടാനായി മാത്രം എഴുതാതിരിക്കാന്‍ ശ്രമിക്കൂ...

എന്തു നല്ല ഉപദേശം.

നീയൊക്കെ എരിതീയില്‍ കിടന്ന് പിടഞ്ഞാലും പൊതുശത്രുവിന്റെ കാതില്‍ കേള്‍ക്കും വിധം അലറിക്കരയാതിരിക്കൂ എന്ന് തീയ്ക്കു ചുറ്റും വടിയും കുന്തവുമായി നില്‍ക്കുന്ന പിശാചിന്റെ ജല്പനം പോലെ...

സഹോദരാ ഭംഗിയായിട്ടുണ്ട്. നീയും എന്റെ സഹോദരനാണല്ലൊ...!!!

കുഞ്ഞന്‍ said...

ak യുടെ കമന്റു വായിച്ചിട്ട് ചിരിവരുന്നുണ്ട്..

അങ്ങിനെ വരുമ്പോള്‍, അറബികളൊക്കെ മണ്ടന്മാരാകേണ്ടി വരുമോ? കാരണം ഇവിടെ നബിദിനത്തിനു ഒരു ദിവസം മാത്രമെ അവധി തരുന്നത്. ak യുടെ വാക്കനുസരിച്ച് എല്ലാ ദിവസവും നബിദിനമായി ആചരിക്കുകയാണെങ്കില്‍ ഹായ് 365 ദിവസവും അവധി...!

ഈ അറബിപ്പെണ്ണുങ്ങള്‍ക്ക് ആഘോഷയാത്രയില്‍ പങ്കെടുക്കാമെങ്കില്‍ അതെ മത നിയമങ്ങള്‍ അനുസരിക്കുന്ന നമ്മുടെ നാട്ടിലെ പെണ്ണുങ്ങള്‍ക്കും ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ പാടില്ലെ ? (ഒരു സ്ഥലത്ത് കാണിക്കുന്ന കാര്യങ്ങളെല്ലം മറ്റൊരു സ്ഥലത്ത് അതേപടി അനുകരിച്ച് കാണിക്കണമെന്ന അഭിപ്രായം എനിക്കില്ലാട്ടോ)

വളര്‍ന്നുവരുന്ന യുവ പ്രതിഭകളെ ഇനിയെങ്കിലും ക്രൂരമായി ഇങ്ങിനെ ചവിട്ടിക്കൊല്ലല്ലേ മുസ്ലീം സഹോദരന്മാരെ ( to ak)

ഇസ്ലാം രാജ്യങ്ങള്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുമ്പോള്‍, സാക്ഷരതയില്‍ സ്പോടനാത്മകമായ വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന നമ്മുടെ കൊച്ചു കേരളത്തില്‍...

കിനാവ് എഴുതിയതിനു താഴെ എന്റെയൊരൊപ്പും.

അനില്‍ശ്രീ... said...
This comment has been removed by the author.
അത്ക്കന്‍ said...

ഇസ്ലാമിക ചരിത്രത്തില്‍, ഏത് സ്ത്രീക്കാണു സ്വാതന്ത്ര്യം കിട്ടാതെ പോയിട്ടുള്ളത്..
ചരിത്രം പഠിക്കുക,ഉള്‍കൊള്ളാന്‍ ശ്രമിക്കുക.
ചരിത്രത്തെ വികലമാക്കതിരിക്കുക.

വായിക്കുക.....എഴുതുക...എന്നൊക്കെ മാനവ സമൂഹത്തെ ,
ആദ്യമായി ഉത്ബോധിപ്പിച്ച ഒരേ ഒരു വേദപുസ്തകം വിശുദ്ധ ഖുര്‍ആന്‍ ആണ്.

ഇത്ര നല്ല ഒരു സംഹിത കയ്യില്‍ വെച്ച്,
ഉപ്പു കുടത്തില്‍ കയ്യിട്ട കുരങ്ങിനെ പോലെ ആക്രാന്തം കാട്ടുകയാണ്,
ചില പുരോഹിതന്മാര്‍ ഉദരപൂരണത്തിനു വേണ്ടി.
ഇതൊന്നും മനസ്സിലാക്കാതെ,"ചിന്തിക്കുന്നവര്‍ക്ക് ദ്റുഷ്ടാന്തമുണ്ട്" എന്നു പ്ഠിപ്പിച്ച അതേ ഇസ്ലാമിന്റെ മക്കള്‍ ഉസ്താതുമാരുടെ മസ്തിഷ്ക പ്രക്ഷാളനത്തിനു വശംവദരായി ഇസ്ലാമിനെ അല്ലെങ്കില്‍ മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിപ്പികയാണ്-

അഞ്ചു നേരവും പ്രാര്‍ത്ഥിക്കുന്നവരാണ്,മുസ്ലീംകളില്‍ അധികവും.എന്നിട്ടെന്താ-അതില്‍ എത്ര പേര്‍ക്കറിയാം,താനുരുവിടുന്ന മന്തത്തിന്റെ അര്‍ത്ഥ വ്യാപ്തി.

ഒന്നിനേയും അടിച്ചാക്ഷേപിക്കതിരിക്കുക നിജസ്ഥിതി മനസ്സിലാവുന്നതു വരെ.

അനില്‍ശ്രീ... said...

രാവിലെ എഴുതാന്‍ ഉദ്ദേശിച്ച കമന്റ് സമയക്കുറവു മൂലം ഇപ്പോഴാണ് പറ്റിയത്... (അതിനാല്‍ AK-യുടെ കമന്റ് കൂടി കാണാന്‍ പറ്റി.)

നബിദിനം എപ്പോള്‍ അഘോഷിക്കണം എന്നൊന്നും പറയാന്‍ ഞാന്‍ ആളല്ല. അതിനാല്‍ കലയുമായി ബന്ധപ്പെട്ട ഭാഗം മാത്രം പറയുന്നു.

കുഞ്ഞന്‍ പറഞ്ഞ കാര്യം ഒന്നു കൂടി ആവര്‍ത്തിക്കേണ്ടിയിരിക്കുന്നു. അറബി നാടുകളിലെ ആഘോഷങ്ങള്‍ കാണാറുണ്ട്. സൗദി ഒഴികെയുള്ള അറബി രാജ്യങ്ങളില്‍ എല്ലാ ആഘോഷങ്ങളിലും സ്ത്രീകളേയും കാണാറുണ്ട്. അതും മുഖം മറക്കാതെ. കൂടുതലും " നമ്മുടെ സിനിമാ നടികളേക്കാള്‍ " സൗന്ദര്യം ഉള്ളവര്‍. (അവര്‍ പ്രദര്‍ശന വസ്തുവായിട്ടല്ലേ സഹോദരന്‍ കണ്ടത് എന്ന് ചോദിച്ചാല്‍ , അതേ എന്നുത്തരം). അവര്‍ക്കില്ലാത്ത മത വിലക്കുകള്‍ നമ്മുടെ നാട്ടില്‍ എങ്ങെനെ ഉണ്ടായി എന്നു മാന്യ "AK" ഒന്നു പറഞ്ഞു തരുമോ?. ഒരു മുസ്ലിം രാജ്യം ഭരിക്കുന്ന വ്യക്തിയുടെ ഭാര്യ പൊതു വേദിയില്‍ പോലും പര്‍ദ ഇടാറില്ല. അവരുടെ മകള്‍ കൂടി ഉള്‍പ്പെടുന്ന സംഘത്തിന്റെ നൃത്തം ഞാന്‍ ഇവിടെ ടെലിവിഷനില്‍ കണ്ടിട്ടുണ്ട്. അവരോടൊക്കെ ചോദിക്കൂ സ്ത്രീ സ്വാതന്ത്ര്യം എന്താണെന്ന്. ഇനി എന്നും സ്ത്രീ അകത്തളങ്ങളില്‍ മാത്രം ഇരുന്നാല്‍ മതിയെന്നാണെങ്കില്‍ നിങ്ങളെയോര്‍ത്ത് ദുഖം അല്ല, പുഛം ആണ് തോന്നുന്നത്. (AK-യുടെ ഗണത്തില്‍ പെട്ട ആള്‍ക്കാര്‍ക്ക് മാത്രം ബാധകം).

ഒരു കലാകാരിക്ക്, (അത് പാട്ടു പാടുന്നവര്‍ ആകട്ടെ, നൃത്തം ചെയ്യുന്നവര്‍ ആകട്ടെ, വരക്കുന്നവര്‍ ആകട്ടെ , എഴുതുന്നവര്‍ ആകട്ടെ ) വില കൊടുത്തിരുന്നവര്‍ ആണ് പണ്ട് ഭാരതത്തില്‍ ഉണ്ടായിരുന്ന മുസ്ലിം ഭരണാധികാരികള്‍ എന്നാണ് പഠിച്ചിട്ടുള്ളത്. അല്ലെങ്കില്‍ മുജ്‌ര, കഥക് തുടങ്ങിയ നൃത്തരൂപങ്ങള്‍ ഇവിടെ നിലനില്‍ക്കില്ലായിരുന്നല്ലോ. അപ്പോള്‍ പിന്നെ എപ്പോഴാണ് സ്ത്രീകളുടെ കല ഒരു പാപം ആണെന്നും അത് വിലക്കണം എന്നും മുസ്ലീം പണ്ഡിതന്മാര്‍ക്ക് തോന്നിയത്? ഈ ആധുനിക യുഗത്തിലോ?

ഏതായാലും ഒരു കാര്യത്തില്‍ ആശ്വസിക്കാം, ഈ തമസ്സില്‍ നിന്നും മോചിതമായി ചില മനസ്സുകള്‍ എങ്കിലും വെളിച്ചത്തിലേക്ക് വരുന്നുണ്ട്. കലയെ സ്നേഹിക്കുന്ന കൂടുതല്‍ കൂടുതല്‍ ആളുകള്‍ വെളിച്ചത്തിലേക്ക് വരട്ടെ.

(ഇനി സൗദിയിലെ കാര്യം അറിയണം എന്നിണ്ടെങ്കില്‍ യുട്യൂബില്‍ "saudi dance" എന്നോ " saudi girls" എന്നോ സേര്‍ച്ച് അടിച്ചാല്‍ മതി. അവിടെ നടക്കുന്ന ഡാന്‍സുകള്‍ കാണാം. )

സൂരജ് :: suraj said...

പ്രസക്തമായ ഒരു വിഷയമാണ് മൈന ചര്‍ച്ചയ്ക്കുവച്ചത്.

AK യുടെ കമന്റ് അത്ഭുതപ്പെടുത്തുന്നു. വളരെ കഷ്ടപ്പെട്ട് അദ്ദേഹം ന്യായങ്ങാള്‍ ചമയ്ക്കുകയാണെന്ന് വ്യക്തമാണ്. നബിചര്യകള്‍ക്ക് ഇമ്മാതിരി പിന്തിരിപ്പന്‍ വ്യാഖ്യാനങ്ങള്‍ നല്‍കുന്നവരാണ് ഇസ്ലാമിന്റെ വിലയിടിക്കുന്നത്. മതഗ്രന്ഥങ്ങള്‍ പഠിക്കുമ്പോള്‍ ചരിത്രത്തില്‍ അതിന്റെ പ്രായോഗിക രൂപങ്ങള്‍ ഉണ്ടായിരുന്നു എന്നു കൂടി നോക്കി വേണം വ്യാഖ്യാനിക്കപ്പെടാന്‍. ഇവിടെ മൈന ആമുഖമായി പറഞ്ഞ ആയിഷയുടെ കഥ തന്നെ സാക്ഷ്യം.

റഫീക്ക് കിഴാറ്റൂര്‍ said...

പ്രസ്ക്തമായ വിഷയം.
ചര്‍ച്ചക്കെടുത്തതില്‍ സന്തോഷം മൈന.
എ.കെ.യെ പോലുള്ളവര്‍ ഉറഞ്ഞു തുള്ളികൊണ്ടിരിക്കും.
അതിനിടെയിലേക്കു ചെറുതീപ്പൊരികളുമായി മൈനയേപോലുള്ളവര്‍
കടന്ന് വരിക തന്നെ ചെയ്യും......കൂടെ ഞങ്ങളുണ്ട്.

മലയാ‍ളി said...

നബിദിനം എന്ന്‌ ആഘോഷിക്കണം?


ആഘോഷിക്കാനേ പാടില്ല!

പാമരന്‍ said...
This comment has been removed by the author.
ആലുവവാല said...

പ്രിയപ്പെട്ട മൈന!

ഈ കമന്റ് നീണ്ടുപോയതില്‍ ക്ഷമചോദിക്കുന്നു. പറയല്‍ പ്രസക്തമാണെന്നു തോന്നിയത്കൊണ്ട് എഴുതാതിരിക്കാന്‍ കഴിഞ്ഞില്ല.

പ്രവാചക(സ) പത്നി ആയിഷ(റ) യുദ്ധനേതൃത്വത്തില്‍ അപാര പക്വത പ്രകടിപ്പിച്ച വനിതയാണ്.

നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ അനുയായികള്‍ സ്ത്രീകളെ പര്‍ദ്ദക്കും മക്കനക്കും ഉള്ളില്‍ തളച്ച്, മുറിയിലും മറയിലും ഒളിപ്പിച്ച്, സ്വാതന്ത്ര്യവും നീതിയും നിഷേധിക്കുന്നു എന്നല്ലേ മൈന പറഞ്ഞതിന്റെ രത്നച്ചുരുക്കം?

എങ്കില്‍ ആ ആയിഷ(റ) വിനെ കുറച്ചെങ്കിലും പിന്‍പറ്റാനുള്ള മുസ്‌ലിം സ്ത്രീകളുടെയും അവരുടെ ഭര്‍ത്താക്കന്മാരുടെയും ശ്രമങ്ങളെയാണ് ഫെമിനിസ്റ്റുകളും, പഴയ ചില പോസ്റ്റുകളിലൂടെ മൈനയും കൊടിയ പാതകം എന്ന് വിമര്‍ശിക്കുന്നത്.

ശരീരം മറക്കുന്ന വേഷധാരണവും, അത്യാവശ്യ ഘട്ടങ്ങളീലൊഴികെ അന്യപുരുഷനു മുന്നില്‍ പ്രത്യക്ഷപ്പെടാതിരിക്കുന്നതും, അവര്‍ക്കുമുന്നില്‍ അഴിഞ്ഞാടാതിരിക്കുന്നതും, അങ്ങനെ വേണം എന്നാവശ്യപ്പെടുന്നതും എല്ലാം പ്രവാചകന്‍(സ) പഠിപ്പിച്ചതും ആയിഷ(റ) പ്രവര്‍ത്തിച്ചതും പിന്‍പറ്റാന്‍ ശ്രമിക്കുന്നവരാണ്. അത് പടച്ചവനെ പേടിയുള്ളത് കൊണ്ടാണ്. അധികം സ്ത്രീകളും അഭിമാനത്തോടെ തന്നെയാണ് ഇതൊക്കെ ചെയ്യുന്നതും.

ഏതെങ്കിലും ഭര്‍ത്താവ് ഭാര്യയില്‍‍ ഇതൊക്കെ അടിച്ചേല്പ്പിക്കുന്നുണ്ടെങ്കില്‍ അത് ശരിയല്ല. അതോടൊപ്പം അത് ഇരുവര്‍ക്കുമിടയില്‍ ആശയപ്പൊരുത്തം ഇല്ലാത്തത് കൊണ്ടാണ് എന്ന് മനസ്സിലാക്കുക. ആകാര, വികാര, ആശയപ്പൊരുത്തങ്ങളുള്ള ഇണകളെ തിരഞ്ഞെടുക്കാന്‍ പ്രവാചകന്‍ പഠിപ്പിച്ചത് ഈ അടിച്ചേല്പ്പിക്കല്‍ ഇല്ലാതിരിക്കാനും കൂടിയാണ്. ഇണയുടെ സഭ്യേതരമല്ലാത്ത ഇഷ്ടങ്ങളും, നിര്‍ദ്ദേശങ്ങളും സ്വമേധയാ സ്വീകരിക്കാന്‍ തയ്യാറല്ലാത്ത ഭാര്യമാരുള്ള ഭര്‍ത്താക്കളും, ഭര്‍ത്താക്കളുള്ള ഭാര്യമാരും ദൗര്‍‌ഭാഗ്യവാന്മാരും വതികളു‌മാണ്.

സ്ത്രീകള്‍ക്ക് കച്ചവടത്തിനും, ജോലിക്കും ഒന്നും ഇസ്‌ലാമില്‍ പുരുഷന്‍‌മാരെപ്പോലെ തന്നെ ഒരു വിലക്കും ഇല്ല. തന്നെയുമല്ല ഇസ്‌ലാം കുടുംബ സാമൂഹ്യരംഗത്ത് സ്ത്രീക്കു നല്‍കുന്ന സ്ഥാനം തുല്യതയില്ലാത്തതാണ്.

മൈനയുടെ മദ്രസാനുഭവം ഒറ്റപ്പെട്ടതും, മുസ്‌ല്യാരുടേ വിവരക്കുറവുകൊണ്ട് സംഭവിച്ചതുമാണ്. അതില്‍ ഇസ്‌ലാമിനോ കര്‍മ്മശാസ്ത്രത്തിനോ യാതൊരു പങ്കുമില്ല!.

നബിദിനാഘോഷം ഇസ്‌ലാമിലില്ല, അഥവാ പ്രവാചകനോ പിന്‍‌ഗാമികളോ ആഘോഷിച്ചിട്ടില്ല. എന്നിരിക്കെ അതിന്റെ തീയതിക്കുറിച്ചൊരു ചര്‍ച്ചക്ക് പ്രസക്തിയുണ്ട് എന്ന് തോന്നുന്നില്ല.

ഇപ്പറഞ്ഞതെല്ലാം എന്റെ മാത്രം അഭിപ്രായങ്ങളാണ്. ആധികാരിക പ്രസ്താവനകള്‍ അല്ല.

മൈന said...

പ്രത്യേകിച്ച്‌ എന്തെങ്കിലും മറുപടി കൊടുക്കേണ്ടതുണ്ടോ?..മറ്റാരും കൊടുക്കാത്ത ചിലഭാഗങ്ങള്‍ ചേര്‍ക്കുന്നു

തലതിരിഞ്ഞ ചിന്തകള്‍ എന്ന തലക്കെട്ടുകൊടുക്കുമ്പോള്‍ തലതിരിഞ്ഞ ചിന്തകളോണോ ഇതെന്ന്‌ ഒന്നുകൂടി ചിന്തിച്ചുനോക്കി. പിന്നീട്‌ ഉറപ്പുവരുത്തി തലതിരിഞ്ഞ ചിന്തകള്‍ ആര്‍ക്കാണെന്ന്‌?

ന്യായവും അന്യായവും എവിടെയാണ്‌ വേര്‍തിരിയുന്നത്‌?
ഇസ്ലാമിന്റെ ശത്രുക്കളുടെ കൈയ്യടിവാങ്ങാനല്ല ഞാനീ പോസ്‌റ്റ്‌ തയ്യാറാക്കിയത്‌. കണ്ണുകൊണ്ടുകാണുകയും ചെവികൊണ്ട്‌ കേള്‍ക്കുകയും ചെയത്‌ കാര്യങ്ങള്‍ പറഞ്ഞു ചോദിച്ചു. എന്റെ ചില കാഴ്‌ചപ്പാടുകള്‍ പരിമുതമായ സമയത്തിനുള്ളില്‍ ഈ ബ്ലോഗിലെങ്കിലും അവതരിപ്പിക്കാനായില്ലെങ്കില്‍ പിന്നെന്ത്‌?

പിന്നെ ഇസ്ലാമിനെ ഞാനൊരിക്കലും വിമര്‍ശിച്ചിട്ടില്ല. പൗരോഹിത്യത്തെയാണ്‌ എതിര്‍ത്തിട്ടുള്ളത്‌. ഇവിടെതന്നെ നബിയേയോ ഇസ്ലാമിനെയോ അല്ല വിമര്‍ശിച്ചതെന്ന്‌ അറിയുക.

ബ്ലോഗിന്റെ പേര്‌‌ സര്‍പ്പഗന്ധി എന്നു കൊടുക്കുമ്പോള്‍ തലതിരിഞ്ഞ പേരാണെന്ന്‌ എനിക്കു തോന്നിയിരുന്നില്ല. ഇപ്പോഴും. ഈ പേര്‌ തിരഞ്ഞെടുക്കാന്‍ എന്റേതായ ന്യായങ്ങളുമുണ്ടായിരുന്നു. സര്‍പ്പഗന്ധി എന്നു കേള്‍ക്കുമ്പോഴേക്കും കാല്‌പനീകലോകത്തെത്തുന്നു ചിലര്‍...
ബ്ലോഗിംഗ്‌‌ എങ്ങനെയാണെന്ന്‌ ആദ്യമായി പറഞ്ഞുതരുമ്പോള്‍ ജോസഫ്‌ ആന്റണി സാര്‍ 'മൈന ഓണ്‍ലൈന്‍' എന്നാണ്‌ കൊടുത്തത്‌. കുറേ കഴിഞ്ഞ്‌ ബ്ലോഗ്‌ തുടങ്ങുമ്പോള്‍ 'സര്‍പ്പഗന്ധി'യെന്നാണ്‌ പേരെന്ന്‌ അദ്ദേഹത്തോട്‌ പറഞ്ഞപ്പോള്‍ ഉചിതമായ പേര്‌ അതാണെന്ന്‌ അദ്ദേഹം പറഞ്ഞത്‌ കാല്‌പനീക അര്‍ത്ഥത്തിലാണെന്ന്‌ കരുതുന്നില്ല. കാരണം സര്‍പ്പദംശനത്തെയും വിഷചികിത്സയെയും കുറിച്ച്‌ പുസ്‌തകം തയ്യാറാക്കുമ്പോള്‍ ഗൈഡ്‌ അദ്ദേഹമായിരുന്നു. ഈ പേരു കേട്ടപ്പോള്‍ എന്റെ ഭര്‍ത്താവിനും ഒന്നും തോന്നിയില്ല. അടുപ്പമുള്ളവര്‍ക്ക്‌ കാല്‌പനീകാര്‍ത്ഥം തോന്നേണ്ട കാര്യമില്ല. കാരണം രക്താദിസമ്മര്‍ദ്ദത്തിനുള്ള ഔഷധമാണിത്‌. (High Blood Pressure)

ഭൂമിപുത്രി said...

പാതയോരത്തും മറവിലും നിന്ന്
ജീവിതം ആഘോഷമായി കടന്നുപോകുന്നതു കണ്ട് നെടുവീറ്പ്പിടുന്ന,വളറ്ന്നുവരുന്ന കൊച്ചനുജത്തിമാറ്ക്ക് ഈ ചെറുനാളത്തില്‍നിന്നു വെളിച്ചം പകറ്ന്നുകൊടുക്കാനാകട്ടെ-ചോദ്യങ്ങള്‍ ചോദിയ്ക്കാനുള്ള മൈനയുടെ ഈ തന്റേടം,നീലപാടുകള്‍
എടുക്കാനുള്ള ആത്മവിശ്വാസം-അതുമതിയല്ലൊ ഇതിനു

ചിത്രകാരന്‍chithrakaran said...

വളരെയേറെ ശ്രദ്ധിക്കപ്പെടേണ്ടതും,ചര്‍ച്ചചെയ്യപ്പേടേണ്ടതുമായ കാര്യമാണ് മൈന മുന്നോട്ടു വച്ചിരിക്കുന്നത്.
എല്ലാ വിശ്വാസങ്ങളും,നിയമങ്ങളും വേഗത്തില്‍ ആക്രമിച്ചു കീഴ്പ്പെടുത്തുന്നത് സ്ത്രീത്വത്തെ തന്നെയാണ്. വിശ്വാസം കൊണ്ടുള്ള വിലങ്ങുകളാകുംബോള്‍ ഒരിക്കലും പൊട്ടിത്തെറിയുണ്ടാകില്ലെന്ന് ചിത്രകാരന്‍ ഉറപ്പു തരാം. കാരണം വിശ്വാസത്തിന്റെ ചങ്ങലകള്‍ വിശ്വാസി സ്വന്തം ഇഷ്ടപ്രകാരം അണിയുന്നവയാണ്. അതുകൊണ്ടുതന്നെ വിശ്വാസം പ്രബലമായി നില്‍ക്കുന്ന കാലത്തോളം ഒരു വിശ്വാസിക്കും അതിന്റെ അടിമച്ചങ്ങലകളെ അലര്‍ജ്ജിയുണ്ടാക്കുന്ന ,പാരതന്ത്ര്യത്തിന്റെ ചിഹ്നങ്ങളായി തിരിച്ചറിയാനാകില്ല. ആധുനിക വിദ്യാഭ്യാസത്തിന്റേയോ, അന്യ ജാതി-മതസ്തരുടേയോ സംബര്‍ക്കംമൂലം മാനവികതയുടെ മൂല്യങ്ങളെക്കുറിച്ചുള്ള അറിവു നേടുന്നതോടെ വിശ്വാസത്തിന്റെ കല്‍ത്തുറുങ്കിന് ഇടിവുണ്ടാകുന്നതു നിമിത്തമാണ് വിശ്വാസത്തിന്റെ അടിമത്വത്തെ സ്ത്രീ പീഢനമായെങ്കിലും തിരിച്ചറിയാനും ,ചെറുക്കാനും വിശ്വാസിയായ മനുഷ്യര്‍ തയ്യാറാകുന്നത്. സ്വന്തം ഭര്‍ത്താവോ, അച്ഛനോ ആയ ആണിന്റെ തുണ നല്‍കുന്ന ദൈര്യത്തില്‍നിന്നുമാണ് നാം സ്ത്രീപീഢ്നമെന്നു പേരുമാറ്റി അവതരിപ്പിക്കുന്ന വിശ്വാസത്തിലെ അനാചാരങ്ങള്‍ക്കെതിരെ പൊരുതാന്‍ ആരംഭിക്കുന്നത് .
ചിത്രകാരന് കമന്റുകളൊന്നും വായിക്കാനായിട്ടില്ല. ഇത് പോസ്റ്റ് മാത്രം വായിച്ചുള്ള പ്രതികരണമാണ്. വീണ്ടും വരാം.
ഈ പോസ്റ്റ് ചിത്രകാരന്റെ ശ്രദ്ധയില്പെടുത്തിയ കണ്ണൂരാനോട് നന്ദി പറയുന്നു.

Sebin Abraham Jacob said...

ak,

മതം തലയ്ക്ക് പിടിച്ചാല്‍ കണ്ണുകാണില്ല എന്നു് പറയുന്നതു് എത്ര സത്യം?

ആലുവവാല പറയുന്നു: മൈനയുടെ മദ്രസാനുഭവം ഒറ്റപ്പെട്ടതും, മുസ്‌ല്യാരുടേ വിവരക്കുറവുകൊണ്ട് സംഭവിച്ചതുമാണ്. അതില്‍ ഇസ്‌ലാമിനോ കര്‍മ്മശാസ്ത്രത്തിനോ യാതൊരു പങ്കുമില്ല!.

അത്ക്കന്‍ പറയുന്നു: വായിക്കുക.....എഴുതുക...എന്നൊക്കെ മാനവ സമൂഹത്തെ ,
ആദ്യമായി ഉത്ബോധിപ്പിച്ച ഒരേ ഒരു വേദപുസ്തകം വിശുദ്ധ ഖുര്‍ആന്‍ ആണ്.


ഒര്‍ഹാന്‍ പാമുക്കിന്റെ my name is red എന്ന പുസ്തകം വായിച്ചുതീര്‍ന്നിട്ടു് അധികംനാളായിട്ടില്ല. പ്രിയ സഹോദരന്മാര്‍ക്കു് സമയം കിട്ടുമെങ്കില്‍ ഇതൊക്കെ ഒന്നു് വായിക്കുന്നതു് നല്ലതാണു്. ബുദ്ധി തെളിഞ്ഞില്ലെങ്കിലും കണ്ണെങ്കിലും ഒന്നു തെളിയട്ടെ!

sree said...

റോഡരികത്തും പറമ്പിലും മരങ്ങളുടെ പിന്നിലും അതിനേക്കാളേറെ സ്‌ത്രീകള്‍ ജാഥ കടന്നു പോകുന്നതു കാണാന്‍ കാത്തു നിന്നു.
ആ സ്‌ത്രീകളുടെ മുഖത്തേക്കു നോക്കിയപ്പോള്‍ എനിക്കെന്തോ സങ്കടം വന്നു. അതി ഭയങ്കര ദുഖം!

മൈന,
ഇതു വായിച്ചപ്പോള്‍ എനിക്കും വന്നു സങ്കടം. മാര്‍ച്ചു മാസത്തില്‍ വെയിലത്തലയുന്ന പണി കഴിഞ്ഞ് ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി ഒരു മൂലയ്ക്കു ശിരോവസ്ത്രം കുടഞ്ഞെറിഞ്ഞ് നെടുവീര്‍പ്പിടുന്ന എന്റെ ഒരു കൂട്ടുകാരിയെ കണ്ടപ്പോള്‍ എന്നോടു തന്നെ തോന്നിയ ദേഷ്യം മൈനയുടെ കുറിപ്പില്‍ വായിച്ചു. വെറും നോക്കുകുത്തിയാ‍യി നില്‍ക്കേണ്ട അവസ്ഥക്ക് മതം ഇവിടെ ഒരു നിമിത്തമായി എന്നു മാത്രം. കിനാവു പറഞ്ഞതു പോലെ എരിതീയില്‍ ആണെങ്കിലും ശബ്ദം പുറത്തു കേള്‍ക്കരുതെന്നു പറയുന്ന പിശാചുകള്‍ അനവദിയുണ്ട് ഇനിയും. കല, സ്വത്വാവിഷ്കാരം, അഭിപ്രായസ്വാതന്ത്ര്യം ഒക്കേറ്റിലും കൈകടത്തുന്ന അത്തരത്തില്‍ ഒന്നിനെ ചര്‍ച്ചക്കു വച്ചത് വളരെ അനുയോജ്യമായി.

ആലുവവാല said...

സെബിന്‍..!
അബ്രഹാം...!
ജേക്കബ്....!
ഇതില്‍ താങ്കള്‍ക്കിഷ്ടമുള്ള പേരിനു മുന്‍പ് ചേര്‍ക്കാന്‍ ഫ്രീകിട്ടിയ ഒരു 'പ്രിയപ്പെട്ട' ഇവിടെ വക്കുന്നു. ആ പേരില്‍ തന്നെ എന്റെ ഈ നമസ്കാരവും ഫ്രീയായിട്ട് വരവുവക്കുക.

താങ്കള്‍ ഒരു കണ്ണുഡോക്ടര്‍ ആണെന്ന് കമന്റില്‍ നിന്ന് മനസ്സിലാകുന്നു. 'ബുദ്ധി തെളിഞ്ഞില്ലെങ്കിലും കണ്ണെങ്കിലും ഒന്നു തെളിയട്ടെ!' എന്ന താങ്കളുടെ പ്രാര്‍ത്ഥന ഒരു സ്പെഷ്യലിസ്റ്റിന്റെ സ്വാര്‍ത്ഥതയായി ഞാന്‍ മനസ്സിലാക്കുന്നു.

പിന്നെ താങ്കളുടെ പ്രിയ സഹോദരന്‍‌മാരായ ഞാനും അത്‌ക്കനും ആരാണ്ട്റെ my name is red വായിച്ചിട്ടില്ല എന്നവിവരം അങ്ങേക്ക് തന്ന വിവരദോഷി ആരാണ്? ഈ കമന്റെഴുതിയതിലൂടെ ഞങ്ങളെ നന്നാക്കലൊന്നുമല്ല ഉദ്ദേശമെന്നൊക്കെ എനിക്കു മനസ്സിലായി പൊന്നു സാറേ..! ഉദ്ദേശമെന്തായാലും അത് നേരിട്ടങ്ങു പറഞ്ഞാല്‍ പോരേ... "ഡാ..മക്കളേ...ഞാന്‍ ഒര്‍ഹാന്‍ പാമുക്കിന്റെ my name is red വായിച്ചൂട്ടോ...വല്യാളായീ...!"

മാന്യ മറ്റു വായനക്കാരേ..!
'താങ്കള്‍' എന്ന് പലപ്രാവശ്യം ആവര്‍ത്തിച്ചത് നിങ്ങള്‍ക്ക് രസിച്ചിട്ടില്ല എന്നെനിക്കറിയാം. എനിക്കും തീരെ താല്പര്യമുണ്‍ടായിട്ടല്ല, ഇദ്ദേഹത്തെ ഏതുപേരു വിളിക്കണം എന്ന കണ്‍ഫ്യൂഷന്‍‌കാരണം ആ പദം ദുരുപയോഗം ചെയ്യേണ്ടി വന്നതില്‍ ഖേദിക്കുന്നു....!

Sebin Abraham Jacob said...

ആലുവവാലയുടെ സ്നേഹത്തിനു് നന്ദി. ഒരു പുസ്തകം വായിക്കുന്നതു് വലിയ കാര്യമോ വായിക്കാതിരിക്കുന്നതു് വലിയ പാതകമോ ആകുന്നില്ല. എന്നാല്‍ നിങ്ങള്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഇസ്ലാം ജീവിതചര്യയായിട്ടുള്ള ഒരു രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ എത്രമാത്രം ശരിയാണു് എന്നു് പരിശോധിക്കാന്‍, ഒരു സ്വയം വിമര്‍ശനം എങ്കിലും നടത്താന്‍ ഒര്‍ഹാന്‍ പാമുക്കിന്റെ my name is red എന്ന പുസ്തകം സഹായിക്കും എന്നു് എനിക്കു് തോന്നിയതുകൊണ്ടു് ഞാന്‍ അക്കാര്യം പങ്കുവച്ചു. സൌകര്യമുണ്ടെങ്കില്‍ ചെയ്താല്‍ മതി. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ക്ഷമിക്കൂ. പക്ഷെ ഈ അസഹിഷ്ണുത കളയാതെ ഒരു കാലത്തും നിങ്ങള്‍ ശരിയാകുമെന്നു് എനിക്കു് വിശ്വാസമില്ല. അതു പറയാന്‍ ഞാന്‍ സ്വാതന്ത്ര്യമെടുത്തോട്ടെ?

എം.ബി.ബി.എസ് പോയിട്ടു് പ്രീഡിഗ്രിക്കു് ബയോളജി പോലും പഠിക്കാത്ത എന്നെ കണ്ണുഡോക്‍റാക്കാന്‍ കാട്ടിയ കാരുണ്യത്തിനു് നന്ദി. ഇനി വ്യാജ ഡോക്‍ടര്‍ എന്നു വിളിച്ചു് തല്ലിക്കൊല്ലുക കൂടി ചെയ്താല്‍ ജോര്‍.

സുഹൃത്തെ, അഞ്ചുനേരം നിസ്കരിച്ചതുകൊണ്ടു് മാത്രം ആയില്ല. സമയമുണ്ടെങ്കില്‍ ദാ ഇതുകൂടി വായിക്കുക.

ഇനി വണ്ടിപിടിച്ചു് വന്നു് എന്നെ തല്ലണമെന്നു തോന്നുണ്ടെങ്കില്‍ എന്റെ ബ്ലോഗില്‍ കൃത്യമായ വിലാസമുണ്ടു്. അതല്ല, ഇസ്ലാം സമ്പൂര്‍ണ്ണമായ ജീവിതചര്യ. പ്രവാചകന്‍ വലിയവന്‍. അള്ളാഹു ഏക ദൈവം എന്നു് പത്തുതവണ ഇമ്പോസിഷനെഴുതിയാല്‍ നിങ്ങളുടെ രോഷം തീരുമെങ്കില്‍ അതിനും റെഡി. പക്ഷെ ഇരുട്ടുകൊണ്ടു് ഓട്ടയടയ്ക്കാന്‍ പറ്റത്തില്ലല്ലോ...

ആലുവവാല said...

ഗംഭീര മറുപടി, ഇനിയും എഴുതുക..!

എനിക്ക് കിട്ടിയ വിലപ്പെട്ട ഉപദേശങ്ങള്‍ ലോകത്തുള്ള ഉപദേശിക്കാന്‍ ആളില്ലാതെ തെറ്റിക്കിടക്കുന്ന എല്ലാ ദൗര്‍‌ഭാഗ്യവാന്‍‌മാര്‍ക്കും കിട്ടിയിരുന്നെങ്കില്‍ അവരൊക്കെ ശരിയാകുമായിരുന്നു..!

താങ്കള്‍ പറഞ്ഞു "ഇനി വണ്ടിപിടിച്ചു് വന്നു് എന്നെ തല്ലണമെന്നു തോന്നുണ്ടെങ്കില്‍ എന്റെ ബ്ലോഗില്‍ കൃത്യമായ വിലാസമുണ്ടു്." പക്ഷെ..

ഒരു ജീവിയെയും ഉപദ്രവിക്കുന്നത് എനിക്കിഷ്ടമല്ല..സോറി..!

താങ്കള്‍ വീണ്ടും പറഞ്ഞു "ഇസ്ലാം സമ്പൂര്‍ണ്ണമായ ജീവിതചര്യ. പ്രവാചകന്‍ വലിയവന്‍. അള്ളാഹു ഏക ദൈവം എന്നു് പത്തുതവണ ഇമ്പോസിഷനെഴുതിയാല്‍ നിങ്ങളുടെ രോഷം തീരുമെങ്കില്‍ അതിനും റെഡി. പക്ഷെ ഇരുട്ടുകൊണ്ടു് ഓട്ടയടയ്ക്കാന്‍ പറ്റത്തില്ലല്ലോ.."

അത് ഇങ്ങനെയാക്കലാണ് ശരി: "ഇസ്‌ലാം സമ്പൂര്‍‌ണ്ണ ജീവിത ചര്യ. അല്ലാഹു വലിയവന്‍, ഏക ദൈവം. മുഹമ്മദ്(സ) അന്ത്യ പ്രവാചകന്‍."

ഇരുട്ടുകൊണ്ടടഞ്ഞ ഓട്ടകളില്‍ താങ്കളുടെ കണ്ണൂം, കാതും, മനസ്സും പെടാതിരിക്കട്ടെ..!

പിന്നെ സെബിന്‍! താങ്കളോടുള്ള രോഷം മാറി കെട്ടോ..ഇപ്പോള്‍ സഹതാപമാണ്..!

അനില്‍ശ്രീ... said...

ആലുവാവാല സെബിന്റെ പേരിന്റെ പേരില്‍ എഴുതിക്കണ്ട കമന്റ് ആണ് ഏറ്റവും വലിയ തമാശ. അങ്ങാടിയില്‍ തോറ്റാതിന് സെബിനോട് എന്ന് പറഞ്ഞ പോലെ ആണല്ലോ..

അതു പോലെ ആ പുസ്തകം "ഞാന്‍ വായിച്ചിട്ടില്ല" എന്ന് പറഞ്ഞാല്‍ പോരെ,, അത്കന്‍ വായിച്ചോ എന്ന് താങ്കള്‍ എങ്ങനെ അറിഞ്ഞൂ?

പിന്നെ താങ്കളോടൊന്നും പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്ന് മനസ്സിലായി. അല്ലെങ്കില്‍ പിന്നെ താങ്കള്‍ എഴുതിയത് ഒന്ന് ക്വോട്ട് ചെയ്തു എന്ന് കണ്ട് ഈ രീതിയില്‍ സെബിന്റെ പേരിന്റെ അസ്ഥിത്വത്തെ പോലും ചോദ്യം ചെയ്യേണ്ട കാര്യമില്ലല്ലൊ. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞാല്‍ പോരെ "ആലുവാ വാല" ?

( ഇതിന്റെ മറുപടി എന്താണെന്ന് എനിക്ക് അറിയാം.. അതിനാല്‍ എഴുതണം എന്നില്ല..).

അനില്‍ശ്രീ... said...

ഈ വിഷയത്തോട് അടുത്തു നില്‍ക്കുന്ന , ഒരു ലേഖനം ജബ്ബാര്‍ മാഷിന്റേതായി വന്നിട്ടുണ്ട്.. കാണൂ..

മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍, സീ ദാവൂദ് എഴുതിയ ‘ഹലാല്‍ സിനിമയും ഹറാം സിനിമയും‘ എന്ന ലേഖനത്തിനോടുള്ള പ്രതികരണം

ആലുവാവാലയും, AK-യും ഒക്കെ അവിടെയും പ്രതികരിക്കണം..

ആലുവവാല said...

അനില്‍ജീ,
താങ്കള്‍ പറഞ്ഞത് ശരിയാണ്..വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞാല്‍ മതിയായിരുന്നു....!
ഈ പോസ്റ്റില്‍ എന്റെ ആദ്യത്തെ കമന്റ് അനില്‍ജി വായിച്ചു കാണും എന്നു കരുതുന്നു. അതില്‍ ഇത്തരം ശൈലിയല്ല ഞാന്‍ ഉപയോഗിച്ചത്.

ശേഷം വന്ന സെബിന്റെ കമന്റില്‍, "പ്രിയ സഹോദരന്മാര്‍ക്കു് സമയം കിട്ടുമെങ്കില്‍ ഇതൊക്കെ ഒന്നു് വായിക്കുന്നതു് നല്ലതാണു്. ബുദ്ധി തെളിഞ്ഞില്ലെങ്കിലും കണ്ണെങ്കിലും ഒന്നു തെളിയട്ടെ!" എന്ന പ്രയോഗമാണ് എന്നെ ചൊടിപ്പിച്ചത്.

അപ്പോള്‍ എന്തെങ്കിലും ഒന്നു പറയണം എന്നുതോന്നി...! പറഞ്ഞത് അമിതമായിപ്പോയി എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

വേദനിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കടോ സെബിനേ, വിട്ടു കള... തമാശയായിട്ടെടുക്ക്..!

സര്‍പ്പഗന്ധി ദുരുപയോഗം ചെയ്തതില്‍ മൈനയോടും, മോശം കമന്റ് ഇട്ടതില്‍ മാന്യ വായനക്കാരോടും ക്ഷമചോദിക്കുന്നു...!

Sebin Abraham Jacob said...

പ്രിയ ആലുവവാല,

താങ്കളെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ച് ഞാനൊന്നും പറഞ്ഞിരുന്നില്ല. എന്റെ വാക്കുകള്‍ പരുഷമായെങ്കില്‍ ക്ഷമിക്കൂ. സര്‍വ്വകന്മഷവും മാറട്ടെ. സഹതാപം മാത്രം ഏതായാലും വേണ്ട. നന്ദി.

അനില്‍ ഐക്കര said...

മറ്റൊരു തസ്ലീമ നസ്രീനിനെ കാണാന്‍ പറ്റുന്നുണ്ടോ...?

Navaf.v said...

മൈന പ്രവാചകനെ സ്നെഹിക്കുന്നുണ്ടെങ്കിൽ പ്രവാചകന്റെ ചരിത്രം പഠിക്കുക . എന്നിട്ടു പ്രവാചകൻ ഇഷ്ടപ്പെടുന്ന രൂപത്തിൽ അഘോഷിക്കുക , അതു മൈനയുടെ കര്യം .

പിന്നെ ,

നബിദിനം എന്നു അഘോഷിക്കണമെന്നത്‌ ഒരു മതതിന്റെ കര്യമാണു , അതിനെന്തിനനു മട്ടുള്ളവർ ഇദപെടുന്നത്‌ . ഇന്ത്യയിൽ എല്ലാ മത്തതിലുള്ളവർക്കും തങ്ങളുടെ മതത്ത്തതിൽ വിസ്വസിക്കൻ അവകാശമുണ്ട്‌ . അതിണെയ്പ്പട്ടി മോശം അഭിപ്രായം പറയുന്നത്‌ ഒരു മത്തതിലുള്ളവരുടെ വിശ്വാസ സ്വാതന്ത്ര്യത്തെ നിഷീധിക്കലും ഇന്ത്യൻ നിയമപ്രകരം കുട്ടകരവുമാണു .

പിന്നെ,
സ്ത്രീസ്വാതന്ത്ര്യം തീരെയ്‌ ഇല്ലാത്ത രണ്ടു മതങ്ങൾ ഹിന്ദു മതവും ക്രിസ്റ്റ്യനുമനു . സതി , മിസ്രവിവഹം എന്നിവ ഹിന്ദു മത്തതിൽ നില നിന്നുരുന്നു . ഈ രണ്ടു മതങ്ങളെ അപെക്ഷിച്ചു സ്ത്രീ സ്വതന്ത്ര്യം കൂടുതലുള്ളത്‌ ഇസ്ലാം മത്തതിലാകുന്നു .