Thursday, July 31, 2008

കറണ്ടുപോകുന്നത്‌ എനിക്കെന്തിഷ്ടമാണെന്നോ!

ബൂലോഗരില്‍ ഭൂരിഭാഗവും കേരളത്തിലല്ലാത്തതുകൊണ്ടു ലോഡ്‌ഷെഡ്ഡിംഗ്‌ അറിയുന്നുണ്ടോ ആവോ? മഴയില്ല. വെള്ളമില്ല. കേന്ദ്രവിഹിതമില്ല, ഊര്‍ജ്ജ പ്രതിസന്ധിഎന്നൊക്കെ പറഞ്ഞ്‌ രാത്രിയായാല്‍ അരമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിംഗ്‌. ലോഡ്‌ഷെഡ്ഡിംഗ്‌ എന്നു കേട്ടപ്പോഴേ കേരളം വിറച്ചു. അയ്യോ എങ്ങനെ കഴിച്ചുകൂട്ടും അരമണിക്കൂര്‍...ഈ നേരത്ത്‌ കള്ളനിറങ്ങും. ഐഡിയ സ്റ്റാര്‍ സിംഗര്‍ പകുതി പോകും. സീരിയല്‍ ഒരാഴ്‌ച. പിള്ളേരുടെ പഠുത്തം..പത്താംക്ലാസ്‌, പ്ലസ്‌ടു, കോച്ചിംഗ്‌..എല്ലാം അരമണിക്കൂര്‍കൊണ്ട്‌ പോകും! സര്‍ക്കാരു ചെയ്യുന്ന ജനദ്രോഹം നോക്കണേ..പ്രകൃതി അതിലേറെ...

എന്തോ ലോഡ്‌ഷെഡ്ഡിംഗ്‌ എനിക്കു സന്തോഷം തരുന്നു. ടിവിയുടെ ഒച്ചയില്ല (വല്ല്യമ്മച്ചിയും മോളും). കമ്പ്യൂട്ടറിനു മുന്നില്‍ ആരുമില്ല (ഞാനും സുനിലും). എപ്പോഴും കറങ്ങിക്കൊണ്ടിരിക്കുന്ന മൂന്നു ഫാനില്ല. ഫ്രിഡ്‌ജില്ല. എന്തിനേറെ ജോലികഴിഞ്ഞെത്തിയാല്‍ അടുക്കളയും ടിവിയും കമ്പ്യൂട്ടറും പുസ്‌തകവുമൊക്കെയായി ആകെ ഏതില്‍ കൈവെക്കണം എന്ന കണ്‍ഫ്യൂഷനില്‍ നിന്ന്‌ അരമണിക്കൂറില്‍ ഒരു കണ്‍ഫ്യൂഷനുമില്ല. ഒരു കൊച്ചുള്ളതിനെ ടിവിക്കുമുന്നിലും ചപ്പാത്തി ഉണ്ടാക്കുമ്പോള്‍ ബോളുരുട്ടാന്‍ കൊടുത്തുമൊക്കെയാണ്‌ അവളോടൊപ്പം ചെലവഴിക്കുന്നതെന്നോര്‍ക്കണം. അവളെ ശ്രദ്ധിക്കുന്നില്ലെന്ന്‌ കണ്ടാല്‍ അവള്‍ ചിലപ്പോള്‍ കടിക്കും. നുള്ളും. അടിക്കും. ഇടിക്കും. എല്ലാത്തിനുംകൂട്ടി “ഈ കൊച്ചിനേകൊണ്ടു തോറ്റൂ“ എന്നങ്ങലറും.
കറണടുപോകുമ്പോള്‍ അവളുറങ്ങിയിട്ടില്ലെങ്കില്‍ അവളോടൊപ്പം ഞങ്ങള്‍ക്കൊരുമിച്ചിരിക്കാം. കളിക്കാം. കൊഞ്ചിക്കാം.
ഉറങ്ങിയാലോ ആരുടെയെങ്കിലും കുറ്റവും പരദൂഷണവും പരസ്‌പരം പറഞ്ഞിരിക്കാം. ഇടക്ക്‌ ഇഷ്‌‌ടപ്പെടാത്തതെന്തെങ്കിലും പറഞ്ഞ്‌ വഴക്കടിക്കാം.
രാത്രി ഭക്ഷണം കഴിക്കുന്നതിനു ഒരു നേരമൊക്കെ വേണ്ടേ. പലപ്പോഴും അതേറെ വൈകും. ഭക്ഷണം നമ്മളെ കാത്തിരിക്കരുത്‌ എന്ന്‌ പത്തുവട്ടം പറഞ്ഞാലും നമ്മള്‌ കഴിക്കില്ല.
കറണ്ടുപോകുന്നതുകൊണ്ട്‌ ‘ഇപ്പോ കറണ്ടുപോകും’ എന്നു പറഞ്ഞ്‌ നേരത്തേ ഇക്കാര്യം നടക്കും.
ഒന്നുമല്ലെങ്കില്‍ മെഴുകുതിരിയുടെ ചെറിയ നാളത്തിന്‌ പണ്ടെന്തു പ്രകാശമായിരുന്നു എന്നോര്‍ത്ത്‌ പഴയകാലത്തേക്ക്‌ ഓര്‍മയെ തിരിച്ചുവിടാം. ഡിഗ്രിവരെ ഈ വെളിച്ചത്തിലല്ലേ പഠിച്ചേ എന്നോര്‍ക്കാം. അന്നൊക്കെ രാത്രി ചോറുണ്ണുമ്പോള്‍ മണ്ണെണ്ണ വിളക്കിന്‌ എന്തു പ്രകാശമായിരുന്നു. മുറ്റത്തിറങ്ങണമെങ്കിലും വിളക്കുവേണമായിരുന്നു. കാറ്റു പതുക്കെ വന്നാല്‍ മതി. ഒരു കൈകൊണ്ടു കാറ്റിനെ തടുത്തു നിര്‍ത്തും. വെളിച്ചത്തെ സംരക്ഷിക്കും...
ഹ ഹ..ഹ
ഓര്‍ക്കാനെന്തുരസം.
പക്ഷേ ഈ അരമണിക്കൂര്‍മാറി കുറേ നേരം കൂടി കറണ്ടില്ലാതായാലോ? ...
പ്രാകുന്നതാരെയൊക്കെയാണെന്ന്‌ എനിക്കേ അറിയൂ..ചിലപ്പോള്‍ അതും ഓര്‍മ കിട്ടില്ല.
ഏതായാലും ഈ അരമണിക്കൂര്‍ എനിക്കെത്ര ഇഷ്ടമാണെന്നോ!

Thursday, July 24, 2008

ഇതാണോ ആണത്തം?

ആരാണ്‌ വ്യഭിചാരി? എന്നപേരില്‍ ഞാന്‍ കൊടുത്ത പോസ്‌റ്റിന്‌ AK എന്നൊരു ബ്ലോഗര്‍ കമന്റിട്ടു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അതു വെളിച്ചം കണ്ടില്ല. കാരണം കമന്റ്‌കള്‍ പോസ്‌റ്റിലെ വിഷയത്തില്‍ നിന്ന്‌ വ്യതിചലിച്ച്‌ പോകുന്നതുകണ്ടപ്പോള്‍ കമന്റ്‌ മോഡറേഷന്‍ കൊടുക്കുകയും പോസ്‌റ്റില്‍ ചില തിരുത്തലുകള്‍ വരുത്തുകയും ചെയ്‌തു. അതിനു ശേഷമാണ്‌ AK യുടെ കമന്റു വന്നത്‌. അത്‌ അങ്ങേയറ്റം എന്നെയും ഇട്ടിമാളുവിനെയും മുംതാസിനെയും ചീത്തവിളിച്ചുകൊണ്ടുള്ളതും കാന്തപുരത്തെ അടുത്തറിയാന്‍ ചില സൈറ്റുകളിലേക്കുള്ള ലിങ്കും ഇംഗ്ലീഷിലുള്ള വലിയൊരു മാറ്ററുമായിരുന്നു. കമന്റ്‌ മോഡറേഷന്‍ വെറുതെ വെച്ചതല്ലാത്തതുകൊണ്ട്‌ അത്‌ Reject ചെയ്‌തു.
അതിനുള്ള പ്രതികരണമാണ്‌ ഇത്‌.
AK Said:
എന്തേ ഇപ്പോള്‍ ഇങ്ങിനെ ഒരു മനം മാറ്റം ?
വിഷയത്തില്‍ നിന്ന് വ്യതിചലിച്ച്‌ ഇട്ടിയും പൊട്ടിയും പൊട്ടനും കാന്തപുരത്തിനെതിരെയും ഇസ്ലാമിനെതിരെയും നുണപ്രചാരണം നടത്തിയപ്പോള്‍ മൈന അത്‌ ആസ്വസിച്ച്‌ ( ബ്ലൂടൂത്ത്‌ ആസ്വദിച്ച പോലെ ) വികാരവതിയായി പോസ്റ്റിയിരുന്നല്ലോ ..എന്തേ മൈനക്ക്‌ അത്‌ ഡിലിറ്റ്‌ ചെയ്യാമായിരുന്നില്ലേ ? ഇപ്പോള്‍ കൗണ്ടര്‍ ആര്‍ഗ്യൂമന്റ്‌ വന്നപ്പോള്‍ അത്‌ അങ്ങട്‌ ദഹിക്കുന്നില്ല അല്ലേ.. സൂക്കേട്‌ നമുക്കറിയാം. അതിനു മരുന്നില്ല.. അല്ലാഹു നല്ല ബുദ്ധി തരട്ടെ

ഞാന്‍ എഴ്തിയ മറുപടി മൈന ( ?) എഡിറ്റ്‌ കൊടുത്തില്ല..
ഇതും കൊടുക്കുമുമെന്ന് തോന്നുന്നില്ല.. ഇനി കൊടുത്തില്ലെങ്കിലും എനിക്കൊരു മൈ. ഇല്ല ( മൈനയും ഇല്ല )

നിനക്ക്‌ നല്ലത്‌ ആ പഴയ നോട്ടം തന്നെ (ആണുങ്ങളുടെത്‌ നോക്കല്‍ )

ഞാനടുത്തറിയുന്ന ഇസ്ലാം സഹിഷ്‌ണുതയുടേയും സ്‌നേഹത്തിന്റെയും മതമാണ്‌. ഞാനൊരിക്കലും ഇസ്ലാമിനെ വിമര്‍ശിച്ചിട്ടില്ല. എന്നാല്‍ ഇതാണ്‌ ഇസ്ലാം എന്നു കാണിക്കാന്‍ വരുന്ന ചിലതിനോട്‌ കലഹിച്ചിട്ടുണ്ട്‌. കാന്തപുരത്തെയോ മറ്റേതെങ്കിലും മതനേതാക്കളെ ഞാന്‍ വിമര്‍ശിച്ചിട്ടില്ല. ജയകൃഷ്‌ണന്‍ കാവാലം ഒരു കമന്റിട്ടത്‌ തന്നെ ആദ്യഭാഗത്തോടുമാത്രമേ എനിക്ക്‌ യോജിപ്പുള്ളു എന്നും മറുപടി കൊടുത്തിരുന്നു

ഇവിടെ AK യുടെ കമന്റിനോടുള്ള പ്രതികരണമാണ്‌ ആവശ്യപ്പെടുന്നത്‌. അല്ലാതെ ഇസ്ലാം വിമര്‍ശനമല്ലെന്ന്‌ പറയട്ടെ.
ഒരു പോസ്‌റ്റിനോടുള്ള അസഹിഷ്‌ണുത ക്രിയാത്മകമായ വിമര്‍ശനമാണെങ്കില്‍ അത്‌ ബൂലോഗത്തെ കൂട്ടയ്‌മയെയും ആശയസംവാദങ്ങളെയും ആരോഗ്യകരമാക്കുകയുള്ളു. അതല്ലാതെ അന്ധമായ മതഭ്രാന്തും അസഹിഷ്‌ണുതയും വ്യക്തിവിദ്വേഷവും തീര്‍ക്കാന്‍ പെണ്ണിനോട്‌ 'മൈ' പ്രയോഗം നടത്തുകയാണോ വേണ്ടത്‌?
സര്‍വ്വശക്തനും കരുണാനിധിയുമായ അള്ളാഹുവിന്റെ മുമ്പില്‍ ഖുര്‍-ആന്‍ സൂക്തങ്ങള്‍ ഉരുവിട്ട്‌ കുമ്പിടുന്ന യഥാര്‍ത്ഥ മുസ്ലീമിന്റെ നാവിലും വിരല്‍ തുമ്പിലും എങ്ങനെയാണ്‌ 'മൈ'പ്രയോഗം വരുന്നത്?
ബൂലോഗത്തെ ആണുങ്ങളില്‍ ഇയാള്‍ക്കിടമുണ്ടോ?

Sunday, July 20, 2008

ആരാണ് വ്യഭിചാരി? / 'ബ്ലൂ' ടൂത്ത്

ഇന്നലെ എന്നെ ആകെ ആശയക്കുഴപ്പത്തിലാക്കിയ ഒരു സംഭവമുണ്ടായി. ബ്ലൂടുത്ത്‌‌ വഴി ഒരു മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട കമിതാക്കളുടെ ഫോണ്‍ സംഭാഷണമായിരുന്നു അത്‌. ഭര്‍ത്താവ്‌ ഗള്‍ഫിലായ ഒരു കാമുകിയും, ഭാര്യയുമൊത്ത് നാട്ടില്‍ ജീവിക്കുന്ന കാമുകനുമാണ്‌ കഥാപാത്രങ്ങള്‍. ഒന്നുകില്‍ ഇവരറിയാതെ ആരോ ഫോണ്‍ ചോര്‍ത്തിയിരിക്കുന്നു. അല്ലെങ്കില്‍ ഇവരിലൊരാള്‍ റിക്കോര്‍ഡ്‌ ചെയ്‌തിരിക്കുന്നു. ഏതായാലും ബ്ലൂടുത്ത്‌ വഴി പടര്‍ന്നുകൊണ്ടിരിക്കുകയാണ്‌ ഇവരുടെ സല്ലാപം. ബ്ലൂടൂത്ത്‌ വഴി ഇപ്പോള്‍ കന്യാസ്‌ത്രീയും ഡ്രൈവറും കോളേജുവിദ്യാര്‍ത്ഥികളായ പ്രണയിനികളുമൊക്കെ വീഡിയോ ക്ലിപ്പുകള്‍ പ്രചരിക്കുന്നു. (അറിഞ്ഞതെത്രയോ തുച്ഛം..അറിയാനെത്രയോ ബാക്കി).
ഇവിടെ സദാചാരം പഠിപ്പിക്കലല്ല എന്റെ ഉദ്ദേശ്യം. ന്യായീകരിക്കലുമല്ല.
സ്‌ത്രീയായാലും പുരുഷനായാലും ഒരാള്‍ മറ്റേയാളെ അങ്ങേയറ്റം വിശ്വസിക്കുന്നുണ്ട്‌. ഏതായാലും ആ വിശ്വാസത്തിനേറ്റ മുറിവാണ്‌ ഓരോരുത്തരുടേയും മൊബൈല്‍ ഫോണ്‍വഴി പടര്‍ന്നു കൊണ്ടിരിക്കുന്നത്‌.

രണ്ടു വ്യക്തികള്‍ക്കിടയിലുള്ള രഹസ്യമാണ്‌ ചോര്‍ന്നു പോകുന്നത്‌. ഇവിടെ കാമുകികാമുകന്മാരാവാം.
ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയിലേക്ക്‌, അവരുടെ കിടപ്പറകളില്‍ ഒളികാമറകളുമായി ആരെങ്കിലും പതുങ്ങി ഇരിക്കുന്നില്ലെന്ന്‌ എങ്ങനെ ഉറപ്പിക്കും?
വിവരസാങ്കേതികവിദ്യ എന്തിനുവേണ്ടിയാണ്‌?
എന്റെ സഹപ്രവര്‍ത്തകയോട്‌ ഞാനിതു പറയുമ്പോള്‍ അവര്‍ വികാരാധീനയായി. തന്റെ മകള്‍ക്ക്‌ ഒരിക്കലും ഒരു മൊബൈല്‍ വാങ്ങികൊടുക്കില്ല എന്ന്‌ ആ അമ്മ പറയുന്നു. വ്യക്തിപരമായ അഭിപ്രായമാണ്‌. എങ്കിലും അവര്‍ വാങ്ങികൊടുത്തില്ലെങ്കിലും കൂട്ടുകാരിയുടെ കൈയ്യിലെ മൊബൈലായാലും മതി ഈ ദൃശ്യങ്ങള്‍ കാണാന്‍..കേള്‍ക്കാന്‍ എന്നവര്‍ മറക്കുന്നെങ്കിലും. കൊച്ചുകുട്ടികളുടെ കൈയ്യില്‍വരെ മൊബൈലുള്ള കാലമാണ്‌...

ഒരു മൊബൈല്‍ ഫോണില്‍ നിന്ന്‌ മറ്റൊന്നിലേക്ക്‌ പടരുന്ന കമിതാക്കളുടെ ഫോണ്‍ സംഭാഷണം കേട്ട്‌ ആനന്ദിക്കുകയാണ്‌ ചുറ്റുമുള്ളവര്‍. നമ്മുടെ കൂട്ടത്തിലെ ആരുടെയെങ്കിലും മക്കളുടേയോ ബന്ധുക്കളുടേയോ കൂട്ടുകാരുടേയോ പ്രണയരംഗങ്ങളും വഴിവിട്ട ഏതെങ്കിലും ബന്ധങ്ങളുമാണ് ഇങ്ങനെ പകര്‍ത്തപ്പെട്ട് പ്രചരിപ്പിക്കുന്നതെങ്കിലോ?‍.
ചിലരോട്‌ ഞാന്‍ ചോദിച്ചും അല്ലാതെയും മനസ്സിലാക്കിയത്‌- അവര്‍ ഇവിടെ ഇതിനെ ഒരു സദാചാരപ്രശ്‌നമായിട്ടല്ല കാണുന്നത്‌,മറിച്ച് ആനന്ദമായിട്ടാണ് എന്നതാണ്‌.
കുടുംബം, കുട്ടികള്‍, ബന്ധുക്കള്‍, അയല്‍വാസികള്‍ എല്ലാമുള്ളവരാണ്‌ കമിതാക്കള്‍. ഈ ഫോണ്‍ സംഭാഷണം അവരിലേക്കാണ്‌ ചെന്നെത്തുന്നതെങ്കിലോ? പിന്നീടുണ്ടാവുക എന്തായിരിക്കും എന്നോര്‍ത്ത്‌ എനിക്ക്‌ സൈ്വര്യം നശിച്ചു. ഇപ്പോള്‍ തന്നെ എന്തായിരിക്കാം അവരുടെ അവസ്ഥ. ആ സ്‌ത്രീയെക്കുറിച്ച്‌ വല്ലാതെ ആലോചിച്ചു. ഈ ബന്ധം അവര്‍ക്കാവശ്യമായിരുന്നിരിക്കാം. പക്ഷേ അത്‌ ആരുമറിയാത്ത ഒരു രഹസ്യമാക്കാനല്ലേ അവരാഗ്രഹിച്ചിരിക്കുക. അവരൊരിക്കലും ഇത്‌ ലോകമറിയണമെന്ന്‌ ആഗ്രഹിച്ചിരിക്കില്ല. നമ്മുടെ വിചാരലോകം വിശാലമൊന്നുമല്ല. പുരുഷന്റെ തെറ്റിനെ ന്യായീകരിക്കപ്പെടുകയും സ്‌ത്രീയുടേത്‌ അപരാധവുമാവും. ഇവിടെ സഹിക്കേണ്ടിവരുന്നത്‌ സ്‌ത്രീ തന്നെയായിരിക്കും.
ഇവര്‍ മാത്രമല്ല ഇവരുടെ അടുപ്പമുള്ളവര്‍ കാണുമ്പോഴുള്ള /കേള്‍ക്കുമ്പോഴുള്ള അവസ്ഥകൂടി ആലോചിച്ചു നോക്കൂ ....

അതെന്തുമാകട്ടെ ഇവിടെ പ്രശ്‌നം പടര്‍ന്നു പിടിക്കുന്ന രോഗമാണ്‌. ഒളിഞ്ഞുനോട്ടം. അന്യന്റെ സ്വകാര്യതയിലേക്ക്‌ കടന്നുകയറല്‍..പോരാത്തതിന്‌ താന്‍ കണ്ടുകഴിഞ്ഞത്‌/കേട്ടത്‌
അടുത്തയാള്‍ക്ക്‌ കൈമാറുന്നു. അവരും ആനന്ദിക്കുന്നു...
ഒരാളെങ്കിലും ആദ്യത്തെ രണ്ടുപേരെക്കുറിച്ചോ അവരുടെ ചുറ്റുപാടിനെയോ ചിന്തിച്ചിരിക്കുമോ?....
എനിക്ക് ഒരു സംശയമേ ഉള്ളൂ ‘ആരാണ് വ്യഭിചാരി?’