Thursday, July 31, 2008

കറണ്ടുപോകുന്നത്‌ എനിക്കെന്തിഷ്ടമാണെന്നോ!

ബൂലോഗരില്‍ ഭൂരിഭാഗവും കേരളത്തിലല്ലാത്തതുകൊണ്ടു ലോഡ്‌ഷെഡ്ഡിംഗ്‌ അറിയുന്നുണ്ടോ ആവോ? മഴയില്ല. വെള്ളമില്ല. കേന്ദ്രവിഹിതമില്ല, ഊര്‍ജ്ജ പ്രതിസന്ധിഎന്നൊക്കെ പറഞ്ഞ്‌ രാത്രിയായാല്‍ അരമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിംഗ്‌. ലോഡ്‌ഷെഡ്ഡിംഗ്‌ എന്നു കേട്ടപ്പോഴേ കേരളം വിറച്ചു. അയ്യോ എങ്ങനെ കഴിച്ചുകൂട്ടും അരമണിക്കൂര്‍...ഈ നേരത്ത്‌ കള്ളനിറങ്ങും. ഐഡിയ സ്റ്റാര്‍ സിംഗര്‍ പകുതി പോകും. സീരിയല്‍ ഒരാഴ്‌ച. പിള്ളേരുടെ പഠുത്തം..പത്താംക്ലാസ്‌, പ്ലസ്‌ടു, കോച്ചിംഗ്‌..എല്ലാം അരമണിക്കൂര്‍കൊണ്ട്‌ പോകും! സര്‍ക്കാരു ചെയ്യുന്ന ജനദ്രോഹം നോക്കണേ..പ്രകൃതി അതിലേറെ...

എന്തോ ലോഡ്‌ഷെഡ്ഡിംഗ്‌ എനിക്കു സന്തോഷം തരുന്നു. ടിവിയുടെ ഒച്ചയില്ല (വല്ല്യമ്മച്ചിയും മോളും). കമ്പ്യൂട്ടറിനു മുന്നില്‍ ആരുമില്ല (ഞാനും സുനിലും). എപ്പോഴും കറങ്ങിക്കൊണ്ടിരിക്കുന്ന മൂന്നു ഫാനില്ല. ഫ്രിഡ്‌ജില്ല. എന്തിനേറെ ജോലികഴിഞ്ഞെത്തിയാല്‍ അടുക്കളയും ടിവിയും കമ്പ്യൂട്ടറും പുസ്‌തകവുമൊക്കെയായി ആകെ ഏതില്‍ കൈവെക്കണം എന്ന കണ്‍ഫ്യൂഷനില്‍ നിന്ന്‌ അരമണിക്കൂറില്‍ ഒരു കണ്‍ഫ്യൂഷനുമില്ല. ഒരു കൊച്ചുള്ളതിനെ ടിവിക്കുമുന്നിലും ചപ്പാത്തി ഉണ്ടാക്കുമ്പോള്‍ ബോളുരുട്ടാന്‍ കൊടുത്തുമൊക്കെയാണ്‌ അവളോടൊപ്പം ചെലവഴിക്കുന്നതെന്നോര്‍ക്കണം. അവളെ ശ്രദ്ധിക്കുന്നില്ലെന്ന്‌ കണ്ടാല്‍ അവള്‍ ചിലപ്പോള്‍ കടിക്കും. നുള്ളും. അടിക്കും. ഇടിക്കും. എല്ലാത്തിനുംകൂട്ടി “ഈ കൊച്ചിനേകൊണ്ടു തോറ്റൂ“ എന്നങ്ങലറും.
കറണടുപോകുമ്പോള്‍ അവളുറങ്ങിയിട്ടില്ലെങ്കില്‍ അവളോടൊപ്പം ഞങ്ങള്‍ക്കൊരുമിച്ചിരിക്കാം. കളിക്കാം. കൊഞ്ചിക്കാം.
ഉറങ്ങിയാലോ ആരുടെയെങ്കിലും കുറ്റവും പരദൂഷണവും പരസ്‌പരം പറഞ്ഞിരിക്കാം. ഇടക്ക്‌ ഇഷ്‌‌ടപ്പെടാത്തതെന്തെങ്കിലും പറഞ്ഞ്‌ വഴക്കടിക്കാം.
രാത്രി ഭക്ഷണം കഴിക്കുന്നതിനു ഒരു നേരമൊക്കെ വേണ്ടേ. പലപ്പോഴും അതേറെ വൈകും. ഭക്ഷണം നമ്മളെ കാത്തിരിക്കരുത്‌ എന്ന്‌ പത്തുവട്ടം പറഞ്ഞാലും നമ്മള്‌ കഴിക്കില്ല.
കറണ്ടുപോകുന്നതുകൊണ്ട്‌ ‘ഇപ്പോ കറണ്ടുപോകും’ എന്നു പറഞ്ഞ്‌ നേരത്തേ ഇക്കാര്യം നടക്കും.
ഒന്നുമല്ലെങ്കില്‍ മെഴുകുതിരിയുടെ ചെറിയ നാളത്തിന്‌ പണ്ടെന്തു പ്രകാശമായിരുന്നു എന്നോര്‍ത്ത്‌ പഴയകാലത്തേക്ക്‌ ഓര്‍മയെ തിരിച്ചുവിടാം. ഡിഗ്രിവരെ ഈ വെളിച്ചത്തിലല്ലേ പഠിച്ചേ എന്നോര്‍ക്കാം. അന്നൊക്കെ രാത്രി ചോറുണ്ണുമ്പോള്‍ മണ്ണെണ്ണ വിളക്കിന്‌ എന്തു പ്രകാശമായിരുന്നു. മുറ്റത്തിറങ്ങണമെങ്കിലും വിളക്കുവേണമായിരുന്നു. കാറ്റു പതുക്കെ വന്നാല്‍ മതി. ഒരു കൈകൊണ്ടു കാറ്റിനെ തടുത്തു നിര്‍ത്തും. വെളിച്ചത്തെ സംരക്ഷിക്കും...
ഹ ഹ..ഹ
ഓര്‍ക്കാനെന്തുരസം.
പക്ഷേ ഈ അരമണിക്കൂര്‍മാറി കുറേ നേരം കൂടി കറണ്ടില്ലാതായാലോ? ...
പ്രാകുന്നതാരെയൊക്കെയാണെന്ന്‌ എനിക്കേ അറിയൂ..ചിലപ്പോള്‍ അതും ഓര്‍മ കിട്ടില്ല.
ഏതായാലും ഈ അരമണിക്കൂര്‍ എനിക്കെത്ര ഇഷ്ടമാണെന്നോ!

22 comments:

മൈന said...

ലോഡ്‌ഷെഡ്ഡിംഗ്‌ എന്നു കേട്ടപ്പോഴേ കേരളം വിറച്ചു. അയ്യോ എങ്ങനെ കഴിച്ചുകൂട്ടും അരമണിക്കൂര്‍...ഈ നേരത്ത്‌ കള്ളനിറങ്ങും. ഐഡിയ സ്റ്റാര്‍ സിംഗര്‍ പകുതി പോകും. സീരിയല്‍ ഒരാഴ്‌ച. പിള്ളേരുടെ പഠുത്തം..പത്താംക്ലാസ്‌, പ്ലസ്‌ടു, കോച്ചിംഗ്‌..എല്ലാം അരമണിക്കൂര്‍കൊണ്ട്‌ പോകും! സര്‍ക്കാരു ചെയ്യുന്ന ജനദ്രോഹം നോക്കണേ..പ്രകൃതി അതിലേറെ...

എന്തോ ലോഡ്‌ഷെഡ്ഡിംഗ്‌ എനിക്കു സന്തോഷം തരുന്നു.

കണ്ണൂരാന്‍ - KANNURAN said...

ഇന്നലെ ഇതിനു സമാനമായ ഒരനുഭവം എനിക്കുണ്ടായി. മൊബൈല്‍ എടുക്കാന്‍ മറന്നു, ഓഫീസിലേക്കു പോകുമ്പോള്‍. എന്തൊരു സുഖം.. സാധാരണ ചെയ്യുന്നതിന്റെ ഇരട്ടി ജോലി ചെയ്യാന്‍ പറ്റി, മാത്രമോ സുഖം, സമാധാനം.

ഇപ്പൊ മനസ്സമാധാനത്തോടെ ഇരിക്കാന്‍ പറ്റുന്ന നല്ല സമയം ഇതന്നെ, പവര്‍കട്ട്. കൊള്ളാം പോസ്റ്റ്..

doney “ഡോണി“ said...

ശരിയാ..ഞാനുമോര്‍‌ക്കുന്നു,മണ്ണെണ്ണ വിളക്കിന്റെ പ്രകാശം..എന്റെ സഹപാഠികളില്‍ എത്രപേര്‍‌ അതു കണ്ടിട്ടുണ്ടാവും..വളരെ ചുരുക്കമായിരിക്കും...

ഫാരിസ്‌ said...

പഴയ ഒരുപാട് കാര്യങ്ങള്‍ ഓര്‍ത്തുപോയി.. പവര്‍കട്ട് സമയത്ത് മണ്ണണ്ണ വിളക്കിന് ചുറ്റുമിരുന്ന് കടലാസു കൊണ്ട് കള്ളനും പോലീസും കളിച്ചതും.. സിനിമാപ്പേര് പറഞ്ഞ് കളിച്ചതും.. ഒരുപാട് ഓര്‍മ്മകളിലേക്ക് തിരിച്ച് പോയി... നന്ദി മൈന....

പവര്‍കട്ട് നല്ലതാണ് !!! ( കറ നല്ലതാണ് എന്ന് പറയണ പോലെ)

ശിവ said...

കറണ്ടില്ലാത്ത ആ അര മണിക്കൂര്‍ എനിക്ക് നരകം തന്നെയാ...

അവസാനം എഴുതിയ ഓര്‍മ്മകള്‍ ഏറെ ഹൃദ്യം...

അജ്ഞാതന്‍ said...

സംഭവമൊക്കെ കൊള്ളാം..പക്ഷെ പവര്‍കട്ടിന്റെ സമയത്ത് കൊച്ചിയിലെ കൊതുകിന്റെ ആക്രമണം സഹിക്കാന്‍ പറ്റില്ല....അര മണിക്കുര്‍ കൊണ്ട് അര ലിറ്റര്‍ ബ്ലഡെങ്കിലും അവ കുടിച്ചു തീര്‍ക്കും...

ഫാരിസ് പറഞ്ഞ പോലെ പഴയ ഒരുപാടു കാര്യങ്ങള്‍ ഓര്‍ത്തു പോയി....നന്നായിരിക്കുന്നു.....

അനില്‍@ബ്ലോഗ് said...

ചിന്ത കൊള്ളാം,പഴയകാലം ഒര്‍മിച്ചെടുക്കാന്‍ അതുപകരിക്കുമെങ്കില്‍ .
ഞാന്‍ മണ്ണെണ്ണ വിളക്കിലായിരുന്നു പത്താം ക്ലാസ്സ് വരെ.പിന്നെ സെലിബ്രിറ്റി ഷോകള്‍, സീരിയല്‍,റിയാലിറ്റി ഷോകള്‍ ഇവയെല്ലാം എന്റെ ടി.വിയില്‍ നിരോധിച്ചിര്‍ക്കുകയായതിനാല്‍ ആര്‍ക്കും വലിയ ഞരമ്പുവലിച്ചിലും ഇല്ല.
ഓ.ടൊ.
സ്ത്രീ സ്വാതത്ര്യത്തിന്മേലുള്ള പുരുഷന്റെ കടന്നുകയറ്റം എന്നൊക്കെ പറഞ്ഞ് ഭാര്യ എന്നെ ഇടിക്കാറുണ്ട്.

അടകോടന്‍ said...

കഴിഞഞ്ഞ ഹര്‍ത്താലിന്‍റെ അന്ന് നട വരമ്പിലൂടെ ശുദ്ധമായ കറ്റേറ്റ് ഞാന്‍ നടക്കുമ്പോഴാണാലോചിച്ചത്:
ഹാ..ഇതെത്ര സന്തോഷം തരുന്നെന്ന്.
ഇടക്കുള്ള ഈ ഹര്‍ത്താലുകള്‍ എനിക്കെന്തിഷ്ടമാണെന്നോ..

ഹൊ..ഒന്നിങു വന്നെങ്കില്‍ ......

ശ്രീലാല്‍ said...

Extactly !!
കരണ്ട്പോകുമ്പോള്‍ നമ്മുടെ മനസ്സിലേക്കുള്ള ഒരുപാട് 'currents' നിലയ്ക്കുന്നുണ്ട് എന്നു തോന്നുന്നു. കറന്റ് പോകുമ്പോള്‍ നിലയ്ക്കുന്ന ഫാന്‍ പോലെ നമ്മളും പതുക്കെ ശാന്തരാക്കുന്നു.

ശ്രീ said...

നല്ല പോസ്റ്റ്.

ശ്രീലാല്‍ പറഞ്ഞതു പോലെ എവിടെയായാലും കറന്റ് പോയിക്കഴിഞ്ഞാല്‍ പതുക്കെ നമ്മള്‍ റിലാക്സ്‌ഡ് ആകും. പിന്നെ, മനസ്സും ചിന്തകളും സ്വന്തന്ത്രമായി കുറച്ചു നേരമെങ്കിലും...
:)

കരീം മാഷ്‌ said...

ഗേറ്റിന്റെ കറകറ ശബ്‌ദം മാറ്റാന്‍ ഇത്തിരി ഗ്രീസ്‌ ഇടണമെന്ന്‌ പറഞ്ഞാലാരും അനുസരിക്കില്ല. പവര്‍കട്ടു സമയത്ത്‌ കാളിംഗ്‌ ബെല്‍ മിണ്ടാതിരിക്കുമ്പോഴും ഉമ്മറത്താരെങ്കിലും വന്നാല്‍ വാതില്‍ തുറന്നുകൊടുക്കാന്‍ കഴിയുന്നത്‌ ഈ ശബ്‌ദം കേട്ടുകൊണ്ടാണെന്നാണ്‌ ഗ്രീസ്‌ ഇടാതിരിക്കാനുള്ള ഉമ്മക്കു, അവരുടെ ന്യായികരണം. എല്ലാ പ്രതികൂല സാഹചര്യങ്ങളേയും പ്രയോജനപ്പെടുത്താന്‍ നിര്‍ബന്ധിതനായ മലയാളിയുടെ വിധി.

shino said...

ശരിയാണ്. കറന്റ് പോകുമ്പോഴെങ്കിലും കുടുംബാംഗങ്ങള്‍ തമ്മില്‍ സംസാരിക്കാന്‍

ഒരു അവസരമുണ്ടാകുമല്ലോ. ആ അര്‍ത്ഥത്തില്‍ പവര്‍ കട്ട് നല്ലത് തന്നെ .

കറന്റ് ഉള്ളപ്പോള്‍ ടിവിയിലെ കണ്ണീര്‍ പരമ്പരകളും റിയാലിറ്റി ഷോകളും കഴിഞ്ഞു മറ്റൊന്നിനും

സമയം കിട്ടാറില്ലല്ലോ

യാരിദ്‌|~|Yarid said...

പവര്‍ കട്ട്.. ഹോ.. ഓര്‍മ്മിക്കുമ്പൊള്‍ തന്നെ ദേഷ്യം വരുന്നു.. എന്തെങ്കിലും ചെയ്ത് കൊണ്ടിരിക്കുമ്പോഴെ കറന്റ് പോകു..(പവര്‍കട്ടിന്റെ കാര്യം മാത്രമല്ലപറഞ്ഞതു) , അതു വരെ ചെയ്തതതെല്ലാം ദാ കിടക്കുന്നു എല്ലാം..! മോണിറ്റര്‍ എടുത്തു തറയില്‍ അടിക്കാന്‍ തോന്നും.ഒരു പുത്യ എല്‍ സി ഡി മോണിറ്ററിന്റെ വില ഓര്‍ക്കുമ്പോള്‍ പിന്നെ അങ്ങു ക്ഷമിക്കും..വെറുതെ ഇരിക്കുന്ന സമയത്തു കറന്റ് പോകില്ല..ഒന്നുകില്‍ എന്തേലും ചെയ്തു കൊണ്ടിരിക്കുമ്പോ. അല്ലെങ്കില്‍ മൂവി കണ്ടു കൊണ്ടിരിക്കുമ്പോ..ഇലക്ടിസിറ്റി ബോര്‍ഡുകാരെ കയ്യില്‍ കിട്ടിയാല്‍ എടുത്തു തൂക്കി തറയില്‍ അടിക്കാന്‍ തോന്നും..!

സാദിഖ്‌ മുന്നൂര്‌ said...

പവര്‍കട്ടും ലോഡ് ഷെഡിംഗുമില്ലാത്ത പ്രവാസിയായ ഈ ബൂലോഗ വാസിക്കും ഇഷ്ടമായി ഈ പോസ്റ്റ്.

മണ്ണെണ്ണ വിളക്ക് ഊതിക്കെടുത്താന്‍ വരുന്ന കാറ്റിനെ കൈകൊണ്ട് തടയുന്പോള്‍ എന്‍റെ ഓര്‍മകളില്‍ വീണ്ടുമൊരു തിരി തെളിഞ്ഞുവോ?

ഏറനാടന്‍ said...

eniKum ara maniKoor ലോഡ്‌ഷെഡ്ഡിംഗ്‌ kittiyirunnenkil.. (sorry for manglish..)

kaalachakram said...

അനുഭവങ്ങള്‍ ഒരുപോലെയാകുമ്പോള്‍ അടുപ്പംതോന്നുന്നത്‌ സ്വാഭാവികം..കമ്പ്യൂട്ടറും ടി.വിയുമില്ലാത്ത അര മണിക്കൂര്‍..ഇത്‌ ശരിക്കും ആസ്വദിക്കുന്ന ഒരാളാണ്‌ ഞാന്‍. പരസ്‌പരം കണ്ടാല്‍ സംസാരിക്കാന്‍ നേരമില്ലാത്ത കുടുംബബന്ധങ്ങള്‍ ഇരുട്ടിന്റെ തണലില്‍ ഊട്ടിയുറപ്പിക്കുന്നു ഈ പവര്‍കട്ട്‌. ഓഫീസ്‌ വിട്ട്‌ വീട്ടിലെത്തിയാല്‍ മോനെ നെഞ്ചോടു ചേര്‍ക്കാനുള്ള സമയം..ഈ നേരം അവന്റെ സന്തോഷം കാണേണ്ടതുതന്നെ...കുഞ്ഞുങ്ങള്‍ കരുതുന്നുണ്ടാവണം..ദീവസംമുഴുവന്‍ ഇരുട്ടായിരുന്നെങ്കില്‍, ഓഫീസ്‌ എന്ന ശത്രു ഇല്ലായിരുന്നങ്കിലെന്ന്‌..

നജൂസ്‌ said...

വെളിച്ചമില്ലാത്ത രത്രി... ഓര്‍മ്മകളില്‍ നല്ല വെളിച്ചമാണാ രാത്രികള്‍ക്ക്‌. ഉമ്മ കത്തിക്കുന്ന മെഴൂകുതിരിക്ക്‌ ചുറ്റും വട്ടത്തിലിരുന്ന്‌ നൂറാം കോല് കളിക്കാറുണ്ട്‌... മാഞു പോയിട്ടില്ല ഇപ്പോഴും ആ രാത്രീകള്‍

smitha adharsh said...

നല്ല പോസ്റ്റ്..ശരിക്കും ഇഷ്ടപ്പെട്ടു.

Alok said...

athenik eshtapeetuu peruthishttapettu...

മനോജ് കാട്ടാമ്പള്ളി said...

ഇതുപോലോരു അരമണിക്കൂര്‍ തരുന്ന നോസ്റ്റാള്‍ജിയ എത്ര വലുതാണ് ..

NishkalankanOnline said...

നല്ല പോസ്റ്റ്‌... ബാല്യകാലത്തിലേക്ക് മനസ് ഒരു നിമിഷം മടങ്ങിപ്പോയി.

7 മുതല്‍ 7.30 വരെ പവര്‍കട്ടുള്ളപ്പോള്‍ നാമം ജപിക്കുന്ന സമയമായതിനാല്‍ ദിനചര്യകളില്‍ വ്യത്യാസങ്ങളൊന്നുമില്ല... പക്ഷേ ബാക്കി വരുന്ന പവര്‍ കട്ട് സമയങ്ങളെല്ലാം അമ്മാവന്മാരുമൊത്ത്‌ നിറയെ കഥകളും കളികളുമായി... അദ്ധ്യാപകരുടെ ഗൌരവമെല്ലാം വിട്ട് മനസ്സിലെ കുട്ടിത്തവുമായി അമ്മാവന്മാരും... എത്രയോ പവര്‍ കട്ടുകള്‍ കിഴക്കുപുറം പാടത്തിന്‍റെ നനുത്ത വരമ്പിലൂടെ കൂട്ടുകാരുമൊത്തും, ഒറ്റയ്ക്കും നെല്ലോലകളുടെ കുഞ്ഞിളക്കങ്ങള്‍ക്കിടയിലൂടെ, ഇളം കാറ്റേറ്റും, മഴ നനഞ്ഞും...

മണ്ണെണ്ണ വിളക്കിന്‍റെ സൌന്ദര്യമൊന്നും എമര്‍ജന്‍സി ലൈറ്റിന് ഉണ്ടെന്നു തോന്നുന്നില്ല. കാണുമ്പൊഴേ ദേഷ്യം പിടിപ്പിക്കുന്ന ഒരു സാധനം.

ഓര്‍ക്കുമ്പോള്‍ നഷ്ടബോധമാണുള്ളത്‌... ഇനിയൊരിക്കലും തിരിച്ചു വരാത്ത കുട്ടിക്കാലം...

നല്ല കുറെ ഓര്‍മ്മകളെ തൊട്ടുണര്‍ത്തിയതിന് നന്ദി അറിയിക്കുന്നു മൈന...

ജയകൃഷ്ണന്‍ കാവാലം

rashid said...

nalla post,,,