Sunday, February 8, 2009

സര്‍പ്പങ്ങളെക്കുറിച്ച്‌ ചില സംശയങ്ങള്‍


കോഴിക്കോട്‌ ആര്‍. കെ. മിഷന്‍ സ്‌‌കൂളിലെ പി. കെ ഉണ്ണികൃഷ്‌ണന്‍ എന്ന അധ്യാപകന്‍ വിഷചികിത്സ എന്ന പുസ്‌തകം വായിച്ച്‌ ചില തെറ്റുകള്‍ ചൂണ്ടികാട്ടുകയും സംശയങ്ങള്‍ ചോദിക്കുകയും ചെയ്‌തുകൊണ്ട്‌ കത്തെഴുതി. അദ്ദേഹത്തിന്‌ മറുപടി എഴുതിയപ്പോള്‍ അതൊരു പോസ്‌റ്റായി കൊടുക്കുന്നതു നന്നാവും എന്നു തോന്നി. കാരണം ഞാന്‍ സര്‍പ്പഗവേഷകയല്ല എന്നാല്‍ അറിയാന്‍ ശ്രമിക്കാറുണ്ട്‌‌. പാമ്പകടിക്ക്‌ ചികിത്സിച്ചിട്ടുണ്ട്‌. ചില പുസ്‌തകങ്ങളുടെ സഹായത്തോടെയും ഇന്റര്‍നെറ്റിന്റെ സഹായത്തോടെയുമാണ്‌ പാമ്പകളെക്കുറിച്ചുള്ള വിവരങ്ങള്‍ കൊടുത്തത്‌. പല പുസ്‌തകങ്ങളിലും വിരുദ്ധമായ വിവരങ്‌ഹളാണ്‌ കാണാനായത്‌. ഏഴു വര്‍ഷം മുമ്പ്‌ പുസ്‌തകമെഴുതുമ്പോഴുള്ള വിവരങ്ങളല്ല ഇപ്പോള്‍ ശരി. ശാസ്‌ത്രം വളര്‍ന്നുകൊണ്ടിരിക്കുന്നു. മാറ്റങ്ങളുമുണ്ടാവുന്നു.
എല്ലാചോദ്യത്തിനുമല്ല ഉത്തരമെഴുതിയത്‌. ചില ചോദ്യങ്ങള്‍ക്ക്‌ പരസ്‌പരബന്ധമുള്ളതുകൊണ്ട്‌ വെവ്വേറെ ഉത്തരമെഴുതിയിട്ടില്ല.

1. അണലിയും ചേനത്തണ്ടനും ഒന്നുതന്നെയല്ലേ?


അണലിയും ചേനത്തണ്ടനും ഒരേ കുടുംബത്തില്‍പെട്ടവരാണ്‌. എന്നാല്‍ ഒന്നല്ല. വൈപറിഡേ കുടുംബത്തില്‍ പെടുന്നു അവര്‍. ആയൂര്‍വേദത്തില്‍ മൂര്‍ഖന്‍, മണ്ഡലി, രാജിലം, വേന്തിരന്‍ എന്നിങ്ങനെ നാലുവിഭാഗമായാണ്‌ തരം തിരിച്ചിരിക്കുന്നത്‌. ഇതില്‍ മണ്ഡലി എന്ന വിഭാഗമാണ്‌ വൈപറിഡേ. 60 ഇനം മണ്ഡലികളുണ്ടെന്നാണ്‌ ഗ്രന്ഥങ്ങളില്‍ കാണുന്നത്‌. മണ്ഡലി വിഭാഗത്തെ ചില പുസ്‌തകങ്ങളില്‍ അണലി എന്നും പറയുന്നുണ്ട്‌. ചേനത്തണ്ടന്‍( Russel Viper ) അണലി(Viper)യെക്കാള്‍ വലിപ്പമുണ്ട്‌. ( ചുരട്ട മണ്ഡലിക്ക്‌ (Saw Scaled Viper) അണലിയെന്നു പറയുന്നവരുമുണ്ട്‌്‌) ചില മണ്ഡലാകാരത്തിലും വിഷത്തിന്റെ കാര്യത്തിലും വ്യത്യാസമുണ്ട്‌. കേരളത്തില്‍ ഓരോ പ്രദേശത്തും പലതരം പേരുകളില്‍ അറിയപ്പെടുന്നതുകൊണ്ട്‌ അണലിയും ചേനത്തണ്ടനും ഒന്നാണെന്ന്‌ തോന്നിയേക്കാം. മണ്ഡലി എന്ന്‌ കോഴിക്കോടും മറ്റും അറിയപ്പെടുന്നത്‌ നീര്‍ക്കോലിയെയാണ്‌.

2. 36 അടി നീളമുള്ള അനക്കോണ്ടയെക്കുറിച്ച്‌ Official Records ഉണ്ടോ?

ലോകത്തിലെ ഏറ്റവും വലിയ പാമ്പാണ്‌ അനാക്കോണ്ട. അനാക്കോണ്ടയെക്കുറിച്ച്‌ Official records ഉണ്ടോ എന്ന ചോദ്യം എന്താണ്‌ എന്നു മനസ്സിലായില്ല. പല സൈറ്റുകളിലും അനാക്കോണ്ടയെക്കുറിച്ച്‌ വിശദമായി പറയുന്നുണ്ട്‌. ചിത്രങ്ങളുമുണ്ട്‌. അനാക്കോണ്ട സങ്കല്‌പസൃഷ്ടിയല്ല.

3.എല്ലാ പാമ്പുകള്‍ക്കും 400 ലധികം വാരിയെല്ലുകള്‍ കാണുമെന്നാണല്ലോ BBC, Discovery തുടങ്ങിയവര്‍ പറയുന്നത്‌?

എല്ലാപാമ്പുകള്‍ക്കും മുന്നൂറിലധികം വാരിയെല്ലെന്നും നാന്നൂറിലധികം വാരിയെല്ലുകളെന്നും വ്യത്യസ്‌തമായി പറയുന്നുണ്ട്‌.

4. Black Mamba ക്ക്‌ഒരിക്കലും 30 fts നീളം വെക്കുന്നതായി കേട്ടിട്ടില്ലല്ലോ?


മാംബക്ക്‌ 30 അടിയിലേറെ നീളം വെക്കുന്നതായി ചില പുസ്‌തകങ്ങളില്‍ പറയുന്നുണ്ട്‌.(ബ്ലാക്ക്‌ മാംബ എന്ന്‌ ഉണ്ണികൃഷ്‌ണന്‍ സാറിന്‌ എങ്ങനെ വന്നു എന്നറിയില്ല.)

5.ഒരു കടിയില്‍ ഏല്‌പിക്കുന്ന പരമാവധി വിഷം- മറ്റു പല ആധികാരികഗ്രന്ഥങ്‌ഹളിലും വ്യത്യസ്ഥമാണല്ലോ?


ഒരു കടിയില്‍ ഏല്‌പിക്കാവുന്ന വിഷത്തിന്റെ പട്ടിക വിവിധ പുസ്‌തകങ്ങസളില്‍ വ്യത്യസ്‌തമാണ്‌.

6.പാമ്പിനെ 4 കുടുംബങ്ങളായാണോ 11 കുടുംബങ്ങളായാണോ തരം തിരിച്ചിരിക്കുന്നത്‌?


പാമ്പുകളെ നാലിനങ്ങളായാണ്‌ തരം തിരിച്ചിരിക്കുന്നത്‌. അവ ഇലപിഡേ, വൈപറിഡേ, കോളുബ്രിഡേ, ഹൈഡ്രോഫിഡേ തുടങ്ങിയവയാണ്‌. നമ്മുടെ നാട്ടിലെ മുര്‍ഖന്‍, വെള്ളിക്കെട്ടന്‍ (Cobra & Krait) എന്നിവ ഇലാപിഡേ വര്‍ഗ്ഗത്തിലും മണ്ഡലി, അണലി, ചേനത്തണ്ടന്‍ തുടങ്ങിയവ വൈപറിഡേ കുടുംബത്തിലും ത്രികോണാകൃതിയുള്ള തലയും മണ്ഡലാകാരവുമാണൽ. പ്രത്യേകത.
കോളുബ്രിഡേ പൊതുവേ വിഷമില്ലാത്തവയാണ്‌. ചേര ഇതില്‍പ്പെടും.
എല്ലാകടല്‍പാമ്പുകളും ഹൈഡ്രോഫിഡേ കുടുംബത്തില്‍പ്പെടുന്നു.

7. കോളുബ്രിഡേ കുടുംബത്തില്‍ വിഷമുള്ള പാമ്പുകള്‍ ഇല്ലേ?


കൊളുബ്രിഡേ കുടുംബം പൊതുവേ വിഷമില്ലാത്തതാണ്‌. എന്നാല്‍ Boom Slang ഉഗ്രവിഷമുള്ളതാണ്‌.

8.അണലിയും ചേനത്തണ്ടനും മാത്രമാണോ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത്‌?


അണലിയും ചേനത്തണ്ടനും അടങ്ങുന്ന viparide കുടുംബത്തിലെ പാമ്പുകളാണ്‌ കുഞ്ഞുങ്ങളെ പ്രസവിക്കുന്നവ.

9.വിഷപാമ്പുകളില്‍ ഏറ്റവും വലുത്‌ KING COBRA യോ ബ്ലാക്ക്‌ മാംബയോ?

വിഷപ്പാമ്പുകളില്‍ ഏറ്റവും വലുത്‌ രാജവെമ്പാലയാണ്‌. ഈ പുസ്‌തകം എഴുതുന്ന സമയത്തുള്ള അന്വേഷണത്തില്‍ Mambaക്ക്‌ ആയിരുന്നു ഒന്നാംസ്ഥാനം. അന്ന്‌ റെഫറന്‍സിനെടുത്ത പുസ്‌തകങ്ങളില്‍ അങ്ങനെ കാണുന്നു.

10.വിഷത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലുള്ളത്‌ tiger-ഓ അതോ Tipen-ഓ?


വിഷത്തിന്റെ കാര്യത്തില്‍ മുമ്പന്‍ Tipen ആണ്‌. Tiger എന്ന്‌ അന്നത്തെ കണ്ടെത്തല്‍. (7 വര്‍ഷം മുമ്പാണ്‌ പുസ്‌തകം എഴുതുന്നത്‌) മാത്രമല്ല ചില സൈറ്റുകളില്‍ വിഷശക്തിയില്‍ രണ്ടാംസ്ഥാനം നമ്മുടെ വെള്ളിക്കെട്ടനു നല്‌കുന്നുണ്ട്‌. നാലാംസ്ഥാനത്താണ്‌ രാജവെമ്പാല.
വെള്ളിക്കെട്ടന്‌ വിഷശക്തി കൂടുതലുണ്ടെങ്കിലും ഒറ്റക്കടിയില്‍ കൂടുതല്‍ വിഷം ഉള്ളില്‍ പ്രവേശിപ്പിക്കാന്‍ കഴിയുന്നത്‌ അണലിക്കാണ്‌. അണലിയുടെ പല്ലുകളെ അപേക്ഷിച്ച്‌ വളരെ ചെറിയ പല്ലുകളാണ്‌ വെള്ളിക്കെട്ടന്റേത്‌.



11.രാജവെമ്പാലയുടെ കടിയില്‍ നിന്നു ബില്‍ ബാസ്റ്റ്‌ മാത്രമല്ല, തായിലന്‌ഡുകാരായ ചിലരും രക്ഷപ്പെട്ടിട്ടുള്ളതായി രേഖകളില്ലേ? (വയനാട്ടിലെ ചൂരല്‍ മലയിലെ ജോര്‍ജിന്റെ കാര്യവും പഠനാര്‍ഹമായി ഉണ്ട്‌)


രാജവെമ്പാലയുടെ കടിയില്‍ നിന്നു രക്ഷപ്പെട്ടു എന്നു പറയുന്നത്‌ ബില്‍ ഹാസ്റ്റ്‌ മാത്രമാണ്‌.

ചെറുപ്പമുതല്‍ പാമ്പിന്‍ വിഷം നേരിയ തോതില്‍ ശരീരത്തില്‍ കുത്തിവെച്ചാണ്‌ ഈ പ്രതിരോധ ശക്തി ആര്‍ജിച്ചത്‌. വയനാട്ടിലെ ചൂരല്‍ മലയിലെ ജോര്‍ജ്ജ്‌ രാജവെമ്പല കടിച്ചിട്ടും രക്ഷപ്പെട്ടു എന്ന്‌ ഞാനും കേട്ടിട്ടുണ്ട്‌. പക്ഷേ ഇതിന്‌ ആധികാരിക രേഖകളില്ല. ബില്‍ഹാസ്റ്റ്‌ രക്ഷപെട്ടത്‌ മരുന്നു കൊണ്ടല്ല പ്രതിരോധ ശക്തികൊണ്ടാണെന്ന്‌ ഇവിടെയോര്‍ക്കേണ്ടതാണ്‌. (കടിയേറ്റാല്‍ 15 മിനിറ്റിലധികം ജീവിച്ചിരുന്നതായി കേട്ടിട്ടില്ല. എല്ലായ്‌പ്പോഴും പാമ്പുകടിക്കുമ്പോള്‍ വിഷമേല്‍ക്കണമെന്നില്ല- അതാവും ജോര്‍ജ്ജിനെ രക്ഷിച്ചത്‌‌.)

12.ഇന്ത്യയില്‍ മൂന്നിനം മൂര്‍ഖന്മാരല്ലേയുള്ളു?


ഇന്ത്യയില്‍ മുന്നിനം മൂര്‍ഖന്‍ പാമ്പുകളാണുള്ളതെന്ന്‌ സര്‍പ്പ ഗവേഷകരായ സായി വിറ്റക്കറും റോം വിറ്റക്കറും പറയുന്നു. ഒറ്റ കണ്ണടയുള്ളവ, ഇരട്ട കണ്ണടയുള്ളവ, കറുത്ത നിറമുള്ളവ. എന്നാല്‍ ആയൂര്‍വേദ ഗ്രന്ഥങ്ങള്‍ 26 ഇനം മൂര്‍ഖന്മാരെക്കുറിച്ചും അവക്കൊക്കെയുള്ള ചികിത്സയും വെവ്വേറെ പറയുന്നുണ്ട്‌.

13. വെള്ളിക്കെട്ടന്റെ വെള്ളിവളയങ്‌ഹള്‍ തലമുതല്‍ ആരംഭിക്കുമോ?


വെള്ളിക്കെട്ടന്റെ വെള്ളിവരകള്‍ തലമുതല്‍ ആരംഭിക്കണമെന്നില്ല. എന്നാല്‍ തലയോട്‌ അടുത്ത ഭാഗങ്ങളിലും വാല്‍ഭാഗങ്ങളിലും അത്ര തെളിഞ്ഞ വരകള്‍ കാണാറില്ലെന്നുമാത്രം.

14.വിഷപാമ്പുകള്‍ക്ക്‌ പ്രധാനമായും വിഷപ്പല്ലുകള്‍ രണ്ടാണെങ്കിലും അവക്കുപിന്നില്‍ റിസര്‍വ്വ പല്ലുകള്‍ ഇല്ലേ?


വിഷപാമ്പകള്‍ക്കൊക്കെ വിഷപ്പല്ലുകള്‍ പോയാല്‍ റിസര്‍വ്വ്‌ പല്ലുകള്‍ ഉണ്ട്‌.

15.ഇരയെന്നു കരുതിയുള്ള എല്ലകടിയും ശുഷ്‌കദംശനം ആകുമോ?

വിഷപാമ്പുകള്‍ ഇരയെന്നു കരുതി കടിക്കുന്നത്‌ ശുഷ്‌കദംശനമാവാമെന്നേയുള്ളു. ചിലപ്പോള്‍ വിഷമേല്‍ക്കാം.

16. സസ്യങ്ങളെയും ജന്തുക്കളെയും ജീവിതചക്രത്തില്‍ ബന്ധിപ്പിക്കുന്ന-പാമ്പുകള്‍ സസ്യങ്ങളെ എങ്ങനെ ജീവിതചക്രവുമാി ബന്‌ധിപ്പിക്കുന്നു?

പുല്ല്‌-പുല്‍ച്ചാടി-തവള-പാമ്പ്‌-ഗരുഡന്‍ ജീവിതം ചക്രം തന്നെയല്ലേ?

17. പല്ലിക്കും അരണക്കും യഥാര്‍ത്ഥത്തില്‍ വിഷമുണ്ടോ?
18. ചേരട്ട , പാറ്റ , ഉറുമ്പ്‌ എന്നിവക്ക്‌ വിഷമുണ്ടോ?


പല്ലിക്കും അരണക്കും ഉറുമ്പിനുവരെ വിഷമുണ്ടെന്നാണ്‌ ആയൂര്‍വ്വേദമതം.
ഈ വിഷമൊക്കെ മരണകാരണമെന്നോ, ഉഗ്രവിഷമെന്നോ അല്ല. നേരിയ തോതിലുള്ള വിഷം അതായത്‌്‌ ശരീരത്തില്‍ പ്രവേശിക്കുന്ന ഏത്‌ അന്യ പദാര്‍ത്ഥത്തെയും വിഷമായി ഗണിക്കുന്നു. ശരീരം അതിനെതിരെ പ്രവര്‍ത്തിക്കുന്നുമുണ്ട്‌.

കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുമല്ലോ

Monday, January 19, 2009

ഒരു കോപ്പിയടി യാത്ര


വയനാട്‌-കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമമായ തോല്‍പ്പെട്ടിയിലാണ്‌ ഇളയമ്മ താമസം. ഇളയമ്മയുടെ മകന്റെ വിവാഹത്തിനാണ്‌. മകന്‌ പെണ്ണുകണ്ടെത്തിയത്‌ കര്‍ണ്ണാടകയിലെ ഹുന്‍സൂറില്‍ നിന്ന്‌. മൂന്നുദിവസം അവധിയെടുത്ത്‌ പുറപ്പെടുമ്പഴേ ഹുന്‍സൂറു പോകണമെന്ന്‌ തീരുമാനിച്ചിരുന്നു. കല്ല്യാണവണ്ടിയില്‍ ഇടിച്ചുകേറേണ്ടിവരും. എന്നാലും സാരമില്ല. പുതിയ കാഴ്‌ചകള്‍ കാണുകമാത്രമായിരുന്നു ലക്ഷ്യം.

ഏതായാലും അഞ്ചോ ആറോ ജീപ്പുകളുണ്ടായിരുന്നതിലൊന്നില്‍ ഞങ്ങള്‍ കുറേ പെണ്ണുങ്ങള്‍ ഇടിച്ചുകയറിയിരുന്നു. കേരളാ അതിര്‍ത്തികടന്ന്‌ കുട്ട കഴിഞ്ഞ്‌.....നാഗര്‍ഹോള രാജീവ്‌ ഗാന്ധി ദേശീയ ഉദ്യാനത്തില്‍ പ്രവേശിച്ചു. ഇരുവശവും വനം. ഇടക്ക്‌ മാന്‍കൂട്ടം. ചിലപ്പോള്‍ ഒറ്റക്ക്‌. വഴിയരുകില്‍ കറുത്തൊരു പാറ കണ്ടപ്പോള്‍ ആന, ആന എന്ന്‌ കൂടെയുണ്ടായിരുന്നു കൊച്ചുപിള്ളേര്‍ ഒച്ചവെച്ചു.


ആറുമണിക്കുശേഷം ഇതിലെ കടത്തിവിടില്ലത്രേ! ഹുന്‍സൂറിലെത്താന്‍ നാഗര്‍ഹോളവഴിയാണ്‌ എളുപ്പവും. മുര്‍കില്‍ ആന പരിശീലനകേന്ദ്രത്തിനടുത്തുകൂടി കടന്നു പോകുമ്പോള്‍ അഞ്ചാറനകളെ നിരത്തി തളച്ചിട്ടിരിക്കുന്നതു കണ്ടു.

തോല്‍പ്പെട്ടിയില്‍ നിന്നും ഏതാണ്ട്‌ 60-65 കിലോമീറ്റര്‍ വരും ഹുന്‍സൂറിലേക്ക്‌. ഈ ദൂരമത്രയും വനമാണെന്ന്‌ പറയാം. ഇടക്ക്‌ ഒറ്റപ്പെട്ട കൊച്ചുഗ്രാമങ്ങളൊഴിച്ചാല്‍. കൊച്ചുകൊച്ചു കുടിലുകള്‍. ഒറ്റമുറി ഓടുവീടുകള്‍...ഒന്നുരണ്ടു ഉണങ്ങിയ കൈത്തോടുകളല്ലാതെ പുഴയോ തോടോ ഒന്നുമില്ല. വിജനം.

ഹുന്‍സൂറ്‌ അടുക്കാറായപ്പോഴാണ്‌ കിളച്ചുമറിച്ച വയലുകള്‍ കാണാനായത്‌. ഇഞ്ചികൃഷിക്കാണത്രേ! പാട്ടത്തിനെടുത്ത്‌ കൃഷി നടത്തും. വയനാട്ടില്‍ നിന്ന്‌ പണിക്കു കൊണ്ടുവരുന്ന സ്‌ത്രീകളെക്കുറിച്ച്‌ പിന്നീടൊരു വിവരവും കിട്ടാറില്ല. ലൈംഗീക പീഡനമാണ്‌ കാരണമായി പറയാറ്‌. പക്ഷേ സ്ഥലം കണ്ടാല്‍ വെള്ളം കുടിക്കാന്‍ കിട്ടാതെ ദാഹിച്ചു.....ദാഹിച്ച്‌....
അങ്ങനെയാണ്‌ വരണ്ട പാടങ്ങള്‍ കണ്ടാല്‍ തോന്നുക. ചോളം, കടുക്‌, നിലക്കടല, പച്ചമുളകു തോട്ടങ്ങള്‍ കടന്ന്‌ ഹുന്‍സൂറിലെത്തി.
ഒരു മുഴം മുല്ലപ്പൂവിന്‌ കോഴിക്കോട്‌ 8-10 രൂപയാണ്‌ വിലയെങ്കില്‍ അവിടെ 30 രൂപ. ഓറഞ്ചിന്‌ അറുപതും എഴുപതും. മലയാളികളാണ്‌. കന്നട അറിയില്ല എന്നോര്‍ത്താണോ എന്തോ ഈ വിലപറിച്ചില്‍.

ബദാംപാലും ഒരു പൊതിയും തന്ന്‌ ഞങ്ങളെ സ്വീകരിച്ചു പെണ്‍വീട്ടുകാര്‍. ( അവര്‍ മലയാളികളാണ്‌). പൊതിതുറന്നപ്പോള്‍ മൈസൂര്‍പാക്കും ജിലേബിയും.ചുവന്ന ബിരിയാണി ആദ്യമായിട്ട്‌ കാണുകയായിരുന്നു. അതുപോലെ ബദാംപാലും. ബിരിയാണി അരികണ്ടാല്‍ മട്ട അരി പോലുണ്ട്‌. ബിരിയാണി വേണ്ടാത്തവര്‍ക്ക്‌ വെള്ളച്ചോറുണ്ട്‌. അത്‌ വെച്ചു കോരിയതോ വാര്‍ത്തെടുത്തതോ അല്ല. വറ്റിച്ചെടുത്തത്‌. സാമ്പാര്‍ കണ്ട്‌ ഞെട്ടി. പരിപ്പുണ്ട്‌. പിന്നെക്കുറെ ഇലകള്‍. പായസം പോലൊരു സാധനം കിട്ടി. കണ്ടപ്പോള്‍ മത്തങ്ങയും പയറും എരിശ്ശേരിയാണെന്നാണ്‌ വിചാരിച്ചത്‌. തൊട്ട്‌ നാക്കില്‍ വെച്ചവര്‍ പായസം എന്ന പേരു കൊടുത്തു. നെയ്‌ കുത്തുന്നു. ഒപ്പം മധുരവും. മില്‍ക്‌ പേഡയുടെ രുചി.

ബന്‌ധുക്കളില്‍ ആരോ തോല്‍പ്പെട്ടിക്ക്‌ വിളിച്ചു പറഞ്ഞു. "നൂറാള്‍ക്ക്‌ ചോറു കരുതിക്കോ..."

പെണ്ണിന്റെ കരച്ചിലിനും പിഴിച്ചിലിനുമിടയിലൂടെ ഞങ്ങള്‍ വണ്ടിയില്‍ കയറി.ഡ്രൈവര്‍ പയ്യന്‍ ജിപ്പ്‌ സ്റ്റാര്‍ട്ട്‌ ചെയ്‌തു. നല്ല വെയില്‍. ഇങ്ങോട്ടുവന്ന ഉത്സാഹമൊന്നും ആര്‍ക്കുമില്ല. ആഹാരത്തെക്കുറിച്ച്‌ കുറ്റം പറഞ്ഞ്‌ ഉറക്കത്തിലേക്ക്‌ വഴുതാന്‍ തുടങ്ങുകയാണ്‌ എല്ലാരും.
"ഇവിടെത്തെ രീതി ഇതാണ്‌. നമ്മുടെ അടുത്ത്‌ ഇവര്‍ വരുമ്പോള്‍ ബിരിയാണി എന്താ വെളുത്തിരിക്കുന്നതെന്ന്‌ ചോദിച്ചേക്കാം". സമാധാനിക്കാന്‍ ഞാന്‍ പറഞ്ഞു.
ഇത്രയൊക്കെ ആയപ്പോഴാണ്‌ സുന്ദരമായ കാഴ്‌ചകളിലേക്കെത്തിയത്‌. കണ്ണെത്താദൂരത്തോളം പാടം. മിക്കതും കൃഷിയൊന്നുമില്ലാതെ ഒഴിഞ്ഞു കിടക്കുന്നു.
ചിലയിടത്ത്‌ ചോളപ്പാടം. അതിന്‌ നനക്കുന്നുണ്ട്‌. കടുകും കാബേജും നിലക്കടയുമുണ്ട്‌. കുറെക്കൂടി പോയപ്പോള്‍ ഇടക്കൊക്കെ തെങ്ങുകള്‍. അപ്പോള്‍ ഒരു സംശയം. വരുമ്പോള്‍ കാടായിരുന്നല്ലോ..ഇതിപ്പോള്‍? റോഡിന്‌ മാറ്റമൊന്നുമില്ല. വീണ്ടും വരണ്ടപാടങ്ങള്‍. കാടായിരുന്നു വരുമ്പോള്‍. ഇരുവശവും കാട്‌. കണ്ണെത്താദൂരം എന്ന അവസ്ഥ കണ്ടിട്ടില്ല. ഇങ്ങോട്ടു പോരുമ്പോള്‍ ഉറങ്ങിയിരുന്നോ? ഇല്ല. ഉറങ്ങിയില്ലെന്നു തന്നെയാണ്‌ ഓര്‍മ. പുറകോട്ട്‌ നോക്കി. കൂട്ടത്തിലെ വണ്ടികളൊന്നുമില്ല. മുന്നിലും ഒന്നും കണ്ടില്ല.

വഴിയിലൊരാളെ കണ്ടതെ പയ്യന്‍ വണ്ടി നിര്‍ത്തി ചോദിച്ചു.
"നാഗരഹോള വളി ഇല്ലി?"
അയാള്‍ നേരെ എന്ന്‌ ആഗ്യം കാട്ടി.
നേരേ കുറേ ദൂരം പോയപ്പോള്‍ പയ്യന്‌‌ തോന്നി ഇതല്ല വഴിയെന്ന്‌.
ഞങ്ങള്‍ കുറേ പെണ്ണുങ്ങള്‍. കൈയ്യില്‍ ഫോണുണ്ട്‌. കാര്യമില്ല. റേഞ്ചില്ല. എവിടെയെങ്കിലും ചെന്ന്‌ ബുത്തില്‍ നിന്ന്‌ കൂടെയുള്ളവര്‍ക്ക്‌ വിളിക്കാമെന്നു വെച്ചാല്‍ ആര്‍ക്ക്‌? ഒരിടത്തും റേഞ്ചില്ല.
മണി നാലാവുന്നു. രാജീവ്‌ ഗാന്ധി ദേശീയോദ്യാനത്തിലേക്ക്‌ ആറുമണികഴിഞ്ഞാല്‍ കയറ്റി വിടില്ല. പിന്നെ വളഞ്ഞുചുറ്റി വേറെയേതോ വഴിക്കു പോകണം.
പയ്യന്‍ വണ്ടി തിരിച്ചു.
വഴിതെറ്റിയോ? പിന്നില്‍ നിന്ന്‌ കൂക്കുവിളി.

തിരിച്ചു വരവില്‍ മൂന്നും കൂടിയ കവലക്ക്‌ വണ്ടി നിര്‍ത്തി ഒരാളോട്‌ ചോദിച്ചു.
"നാഗരഹോള റോഡ്‌‌ ഇല്ലി? റോഡ്‌..റോഡ്‌..."
ഡ്രൈവര്‍ പയ്യന്‍ എന്താണ്‌ ചോദിക്കുന്നത്‌. ഇവന്‌ കന്നട അറിയുമോ?
"right 5 km and left"
എന്നയാള്‍ ഒരുവിധത്തില്‍ പറഞ്ഞൊപ്പിച്ചപ്പോള്‍ സംശയം തീര്‍ക്കാന്‍ വേറൊരാളോട്‌ ചോദിച്ചു.
അവസാനത്തെ left അയാള്‍ക്ക്‌ right ആയി. ഏതായാലും ആദ്യത്തെ right ഒന്നു തന്നെയാണല്ലോ എന്നു വിചാരിച്ച്‌ വണ്ടി തിരിച്ചു. ഇംഗ്ലീഷില്‍ ഒരു ബോര്‍ഡുകണ്ടു. 'gurupura' .
പക്ഷേ, വണ്ടി തിരിച്ചപ്പോള്‍ മുതല്‍ ചൈനക്കാരെപ്പോലെ പതിഞ്ഞ മൂക്കും ചീര്‍ത്ത കണ്ണുകളുമുള്ള മനുഷ്യരെയാണ്‌ കാണുന്നത്‌. ഒരു കടയുടെ മുന്നില്‍ നിര്‍ത്തി അവിടെ നിന്ന ചൈനക്കാരനോട്‌ ചോദിച്ചു.
"നാഗരബോള ഇല്ലി? "
അയാള്‍ ഒന്നും മനസ്സിലാവതെ അറിയില്ലെന്ന്‌ ആംഗ്യം.

പാടത്തും വഴിയോരത്തും ചൈനമുഖം......
എതിരെ വന്ന ബൈക്കുകാരുടെ മുഖം ചൈനയല്ല. നിര്‍ത്തി ചോദിച്ചു.
"right 5 km and left."
ok.
പുറകിലിരുന്ന റസീന പറഞ്ഞു. "നമ്മളിപ്പോള്‍ ചൈനേലെത്തീന്നാ തോന്നുന്നേ" അതുകേട്ട്‌ എല്ലാരും ചിരിച്ചു.
സത്യത്തില്‍ ആര്‍ക്കും പേടിയൊന്നുമില്ലായിരുന്നു. അത്ര ദൂരമൊന്നും പിന്നിട്ടട്ടില്ല.
അപ്പോഴാണ്‌ പയ്യന്‍ വഴി ചോദിച്ച ഭാഷ ഓര്‍മവന്നത്‌.' അമ്പട കള്ളാ നീ തേന്മാവിന്‍ കൊമ്പത്ത്‌ കോപ്പിയടിച്ചല്ലേ..'.

അതങ്ങ്‌ അവതരിപ്പിച്ചപ്പോഴേക്കും പുറകില്‍ നിന്ന്‌ 'മുത്ത്‌ഖൗ 'കിട്ടിയോ? എന്ന്‌.

ഏതായാലും അപ്പോഴേക്കും left ലേക്ക്‌ തിരിഞ്ഞു. കാടുകണ്ടു.'തേന്മാവിന്‍ കൊമ്പത്ത്‌' രക്ഷിച്ചു എന്ന്‌ പറയാതെ വയ്യ
മുര്‍കിലില്‍ ആന പരിശീലനകേന്ദ്രത്തിനടുത്തെത്തുമ്പോള്‍ ഞങ്ങളെ കാണാഞ്ഞ്‌ എല്ലാരും.....

photo : sunil faizal

Tuesday, December 23, 2008

നീയാണ്‌ യഥാര്‍ത്ഥ സഖാവ്‌

മുരളിയുടെ അച്ഛന്‌ എങ്ങനെയുണ്ട്‌ എന്ന്‌ ഓഡിറ്റര്‍ ചോദിക്കുമ്പോഴാണ്‌ ഞാനക്കാര്യം അറിയുന്നതു തന്നെ.

അല്ലെങ്കിലും കുറേ നാളായി ഞാനൊരു കൂട്ടിലാണ്‌. പുറം ലോകവുമായി ബന്ധമൊന്നുമില്ല. തൊട്ടടുത്തു നടക്കുന്ന കാര്യങ്ങള്‍ പോലും ശ്രദ്ധയില്‍ വരുന്നില്ല. കൂടിനു പുറത്തേക്ക്‌ കണ്ണും കാതും പോയാല്‍ ഉള്ളതൊക്കെക്കൂടി വിറ്റു പെറുക്കിയാല്‍പോലും നഷ്ടം നികത്താനാവില്ല. വല്ല്യ ഉണ്ണിയേട്ടന്‍ തന്നെ കൈപൊള്ളിയ അനുഭവവുമായി മുന്നിലുണ്ട്‌. ഒരു വൈകുന്നേരം ഉണ്ണിയേട്ടന്‌ മൂന്നു ലക്ഷമാണ്‌ കൈയ്യില്‍ നിന്നു വെക്കേണ്ടി വന്നത്‌ . ആരാ? എന്താ? എങ്ങനെയാ? എന്ന ചോദ്യങ്ങള്‍ക്കൊന്നും ഒരു പ്രസക്തിയുമില്ല. ആരായാലും അതിവിദഗ്‌ദനായ കള്ളന്‍ കൊണ്ടുപോയി എന്നെ അറിയൂ. പറഞ്ഞുവന്നത്‌ എന്റെ സഹപ്രവര്‍ത്തകന്‍ മുരുളിയെക്കുറിച്ചാണ്‌.

മുരളിയുടെ അച്ഛന്‍ മുറ്റത്തോ മറ്റോ വീണത്രേ! ഒരു വശം തളര്‍ന്നുപോയെന്നും തലയില്‍ രക്തം കട്ടപിടിച്ചെന്നും ഇപ്പോള്‍ ഐ സി യുവിലാണെന്നും അന്വേഷിച്ചപ്പോള്‍ അറിഞ്ഞു.

പ്രായമുണ്ട്‌. ഒന്‍പതോ പത്തോ മക്കളില്‍ അവസാനത്തേതാണ്‌ അവന്‍.
അച്ഛന്റെ വീഴ്‌ചയല്ല ചിന്തിപ്പിച്ചത്‌. കഴിഞ്ഞ ആറേഴുമാസമായി മുരളിക്ക്‌ മുന്നില്‍ എന്തൊക്കെയാണ്‌ വന്നുകൊണ്ടിരിക്കുന്നത്‌.

ഭാര്യ ഗര്‍ഭിണിയായിരുന്നു. രണ്ടാമത്തേത്‌. അവസാനമാസത്തിലാണ്‌ പെട്ടെന്ന്‌ ഇളക്കം നിലച്ചതും കുട്ടി മരിച്ചതും. അതുകൊണ്ടതന്നെ പൂര്‍ണ്ണ വിശ്രമത്തിലായിരുന്നു അവള്‍. വീട്ടില്‍ അച്ഛനുമമ്മയുണ്ട്‌.
അടുത്തിടെയായി അച്ഛന്‍ ആശുപത്രിയില്‍ തന്നെയാണ.‌ പ്രായത്തിന്റേതായ എല്ലാ അസുഖങ്ങളുമുണ്ട്‌. തിമിരത്തിന്‌ ശസ്‌ത്രക്രിയ ചെയ്‌തുവന്നപ്പോഴേക്കും രക്തസമ്മര്‍ദ്ദം കൂടി. അതിനു ചികിത്സചെയ്‌തപ്പോള്‍ മറ്റൊന്ന്‌. അമ്മയും വലിയ വ്യത്യാസമില്ല അസുഖക്കാര്യങ്ങളില്‍.

പെങ്ങള്‍ ഗര്‍ഭപാത്രം നീക്കംചെയ്യാനുള്ള ശസ്‌ത്രക്രിയക്കുവേണ്ടി മെഡിക്കല്‍ കോളേജിലായതും ഏതാണ്ടിതേ സമയത്താണ്‌. തീയറ്ററിലേക്കു കയറും മുമ്പ്‌ മൂത്രശങ്കമാറ്റുന്നതിന്‌ കക്കൂസില്‍ കയറിയതാണ്‌. കാല്‍വഴുതി ക്ലോസറ്റില്‍...ഗര്‍ഭപാത്രത്തിനു പകരം കാലാണ്‌ തത്‌ക്കാലം ഓപ്പറേഷന്‍ ചെയ്യേണ്ടി വന്നത്‌.

അന്നൊരു ഞായറാഴ്‌ചയായിരുന്നു. അച്ഛന്‍ ആശുപത്രിയില്‍ വന്നിട്ടേയുള്ളു. അമ്മക്കാണെങ്കില്‍ കണ്ണു ശസ്‌ത്രക്രിയക്ക്‌ പിറ്റേന്ന്‌ അഡ്‌മിറ്റാവണം. ഭാര്യ വിശ്രമത്തിലായതുകൊണ്ടും ....
കുറച്ചുദിവസമായി കിണറ്റില്‍ നിന്ന്‌ വെള്ളമടിക്കുന്ന മോട്ടോര്‍ പണിമുടക്കുന്നു. ഏതായാലും മോട്ടര്‍ നന്നാക്കി കളയാം എന്നു കരുതിയാണ്‌ കിണറ്റിലിറങ്ങിയത്‌. പഴയ കിണര്‍...പത്തിരുപതുകോല്‍ താഴ്‌ച്ച. മോട്ടോര്‍ നന്നാക്കി തിരിച്ചു കയറുമ്പോഴാണ്‌...ചവിട്ടിക്കേറിയിരുന്ന കല്ലിളകിയത്‌.....

ഒരു കാല്‍ ചെന്നടിച്ചത്‌ പാറയില്‍...പിന്നെ വെള്ളത്തിലോട്ട്‌....അരക്കൊപ്പമേ വെള്ളമുണ്ടായിരുന്നുള്ളു. കയറ്റാന്‍ നാട്ടുകാര്‍ ശ്രമിച്ച്‌ പരാജയപ്പെട്ടപ്പോള്‍ ഫയര്‍ഫോഴ്‌സ്‌ തന്നെ രക്ഷ. രണ്ടാഴ്‌ചയോളം ആശുപത്രിയില്‍...പിന്നെ പെങ്ങളുടെ വീട്ടില്‍..അച്ഛനെ ഒരു ചേട്ടന്‍ നോക്കി. അമ്മയെ മറ്റൊരാള്‍..ഭാര്യ അവളുടെ വീട്ടില്‍...

വടികുത്തിയെങ്കിലും നടക്കാനാവണമെങ്കില്‍ നാലുമാസം വേണം. ശരിക്കു നടക്കണമെങ്കില്‍ ഒരുവര്‍ഷത്തിലേറെ വേണമത്രേ!

മറ്റൊരു ഞായറാഴ്‌ച രാത്രിയിലാണ്‌ പ്രസന്നേച്ചിയുടെ ഫോണ്‍ 'മുരളിയുടെ ഭാര്യ പ്രസവിച്ചു. ഇത്തവണയും....'

വടികുത്തിപ്പിടിച്ച്‌ അവന്‍ വരാന്‍ തുടങ്ങി. വരാതെ നിവൃത്തിയില്ല. എടുക്കാവുന്ന അവധികളൊക്കെ കഴിഞ്ഞ്‌ ലോസ്‌ ഓഫ്‌ പേയിലാണിപ്പോള്‍.
പത്തിരുപതു കിലോമീറ്റര്‍ ദൂരത്തു നിന്നാണ്‌ വരേണ്ടത്‌.
ബസ്സില്‍ യാത്ര വയ്യ. ബന്ധുക്കളാരെങ്കിലും കൊണ്ടുവരികയും കൊണ്ടുപോവുകയും ചെയ്യുന്നു....
അതിനിടക്കാണ്‌ ഇപ്പോള്‍ അച്ഛന്‍....

മുരളി മെമ്പര്‍ഷിപ്പുള്ള ഒരു സഖാവാണ്‌.
അച്ഛന്റെ കാര്യം തിരക്കിയപ്പോള്‍ അതുപോലൊരു സഖാവായ സുഹൃത്തു പറഞ്ഞു.
" കാടാമ്പുഴപ്പോയി ഒരു മുട്ടറക്കിയാല്‍ തീരാവുന്ന കാര്യോളളൂ...പക്ഷേ, കേക്കണ്ടേ..."
ആ നിമിഷം എനിക്ക്‌ മുരളിയെക്കുറിച്ചോര്‍ത്ത്‌ അഭിമാനം തോന്നി.
അത്‌ വിശ്വാസത്തിന്റെയും അവിശ്വാസത്തിന്‍േയും പ്രശ്‌നമല്ല. ഇത്രയെല്ലാമായിട്ടും പലരും പറഞ്ഞിട്ടും തന്റെ നിലപാടുകളില്‍ നിന്ന്‌ വ്യതിചലിക്കാത്തതുകൊണ്ട്‌...
നീയാണ്‌ യഥാര്‍ത്ഥ സഖാവ്‌...ലാല്‍സലാം.