Tuesday, October 16, 2007

മറവിയുടെ പെരുന്നാളോര്‍മ്മ



മണ്ണെണ്ണ വിളിക്കിന്റെ ഇത്തിരി വെട്ടത്തിലേക്ക്‌ കൈ നീട്ടിപ്പിടിച്ച്‌ മൈലാഞ്ചി ഇടാന്‍ ഇരിക്കുന്ന ചിത്രമാണ്‌ കുട്ടിക്കാലത്തെ പെരുന്നാളോര്‍മ്മ. എങ്ങനെ അരച്ച മൈലാഞ്ചിയാണെങ്കിലും കൊമ്പും കോലും തടയും. ആ തടച്ചിലില്‍ നിന്ന്‌ നല്ലോണം അരഞ്ഞത്‌ ഈര്‍ക്കിലില്‍ കുത്തിയെടുക്കും. കിടക്കാന്‍ നേരത്ത്‌ ഐഷാബിയമ്മച്ചി (അത്തയുടെ അമ്മ) പറയും.
` പൊതപ്പേലൊക്കെ ആകും കുഞ്ഞുങ്ങളെ.... കഴുകിക്കളഞ്ഞിട്ട്‌ കെടക്ക്‌...`

പെരുന്നാളിന്റന്നും പിറ്റേന്നുമൊക്കെയായി മക്കളൊക്കെ പോയിക്കഴിഞ്ഞാല്‍ ഐഷാബിയമ്മച്ചി തന്നെ വേണം ഹൈറേഞ്ചു കേറിയ കാലം മുതല്‍ തുടങ്ങിയ വലിവും വെച്ചോണ്ട്‌ പുതപ്പലക്കാന്‍ പുഴയില്‍ പോകാന്‍.

രാവിലെ ഉണര്‍ന്നെണീറ്റാല്‍ മുറുക്കുന്ന അത്തയുടെ (വല്യത്ത) വക ശര്‍ക്കര കാപ്പി.പിന്നെ ഞങ്ങള്‍ കുട്ടികളെ മേലാകെ എണ്ണ തേപ്പിച്ച്‌ പുഴയിലേക്ക്‌ നടക്കും ഐഷാബിയമ്മച്ചി.

ബിരിയാണിയും നെയ്‌ച്ചോറും അങ്ങോട്ടേക്കു പതിവില്ല. തേങ്ങാച്ചോറാണ്‌. പായസത്തിനും തേങ്ങാച്ചോറിനുമുള്ള തേങ്ങ ചുരണ്ടുപ്പിഴിഞ്ഞെടുക്കും പെണ്ണുങ്ങള്‍. മുറ്റത്ത്‌ അടുപ്പുണ്ടാക്കി ചോറു വെയ്‌ക്കുന്നത്‌ മുറുക്കുന്ന അത്തയാണ്‌.

മുറുക്കുന്ന അത്തയുടെ തേങ്ങാച്ചോറിന്റെയും, അമ്മച്ചിയുടെ അരിയും ചെറുപയര്‍ പരിപ്പും ചേര്‍ത്തുവെച്ച ശര്‍ക്കര പായസത്തിന്റെയും രുചിയാണ്‌ പെരുന്നാളിന്‌. പെരുന്നാള്‍ പൈസയുടേയും.

അടുത്തെങ്ങും കോടി എടുത്തിട്ടില്ലെങ്കില്‍ എടുക്കും. കിട്ടിയാല്‍ കിട്ടി. അത്രയെ ഉള്ളൂ. ഉള്ളതില്‍ പുതിയത്‌ ഇട്ടു മുഷിക്കാതെ പെട്ടിയില്‍ മടക്കി വെച്ചിട്ടുണ്ടാവും. അതിടും.

നാട്ടില്‍ പൊതുവേ അങ്ങനെയാണ്‌. അധികവും കൂലിവേലക്കാര്‍...കടയില്‍ പോയി തെരഞ്ഞെടുത്തു വാങ്ങാനും പലരും മിനക്കെടാറില്ല. കുടുംബാഗംങ്ങള്‍ക്ക്‌ മുഴുവന്‍ കോടി എടുക്കാനുള്ള പണം ഒരിക്കലുമുണ്ടാവില്ല. അണ്ണാച്ചിമാര്‍ മലകയറി കൊണ്ടുവരുന്ന കെട്ടുതുണിയാണ്‌ പലരും വാങ്ങുന്നത്‌. അത്‌ ഇന്‍സ്റ്റാള്‍മെന്റ്‌ വ്യവസ്ഥയില്‍. ആഴ്‌ചയിലൊരിക്കല്‍ പൈസ കൊടുത്താല്‍ മതി.

അമ്മച്ചിക്ക്‌ ജോലി ദൂരയായതുകൊണ്ട്‌ ഞങ്ങള്‍ മക്കള്‍ അത്തത്തായുടേയും അത്താമ്മായുടേയും കൂടെയാണ്‌ ജീവിതം. പെരുന്നാളിന്‌ എല്ലാവരും ഒത്തുകൂടുന്നു എന്നതാണ്‌ പ്രത്യേകത.അമ്മായിമാരും മക്കളുമൊക്കെ വരും.

പെരുന്നാളിന്റന്ന്‌ ഉച്ചക്കുശേഷം ഉമ്മമാരുടെ വീടുകളിലേക്കു പോകുന്നവരായിരുന്നു സഹപാഠികളൊക്കെ. പക്ഷേ, പോകാന്‍ അമ്മച്ചിയുടെ വീടില്ലാതെ ഐഷാബിയമ്മച്ചിയുടെയും മുറുക്കുന്നത്തയുടേയും ഇത്തിരി വട്ടത്ത്‌ ഞങ്ങള്‍ കളിച്ചു നടന്നു.(ഹിന്ദു സമുദായക്കാരായിരുന്നു അമ്മയുടെ വീട്ടുകാര്‍ ) അന്ന്‌ അതൊരു വിഷമമായി ഞങ്ങള്‍ക്കു തോന്നിയിരുന്നില്ല. അവര്‍ പോകുന്നിടത്തൊക്കെ ഞങ്ങളെയും കൊണ്ടുപോയിരുന്നു.

പത്താം ക്ലാസ്‌ കഴിഞ്ഞിരിക്കുന്ന സമയത്താണ്‌ .. മുറുക്കുന്ന അത്ത മുഴുവന്‍ സമയ രോഗിയായി കഴിഞ്ഞിരുന്നു. ഇടക്കിടെ മറവി, നടക്കാന്‍ വയ്യായ്‌ക, ക്ഷീണം.അത്തവണ പെരുന്നാളിന്‌ ഞങ്ങള്‍ പേരക്കിടാങ്ങള്‍ മാത്രം അവര്‍ക്കൊപ്പം. മറ്റാരും വന്നില്ല.

പെരുന്നാളിന്‌ പള്ളിയില്‍ പോകണമെന്ന്‌ നിര്‍ബന്ധം പിടിച്ചു.
പുഴകടന്ന്‌ , ചെറിയ പാറകേറി, റോഡിലൂടെ ഒരു കിലോമീറ്ററോളം എങ്ങനെ പോകും?കിടപ്പിലാണെങ്കിലും ചികിത്സയുണ്ട്‌. ഞാന്‍ സഹായിയും ശിഷ്യയുമായി എവിടേയും കൂടെയുണ്ട്‌ നിഴലായി..

പുഴയില്‍ കുളിക്കണമെന്നും മുറുക്കുന്ന അത്താക്ക്‌ നിര്‍ബന്ധം. കുളിക്കാന്‍ പുഴയിലേക്ക്‌ നടത്തിക്കുമ്പോള്‍കൈയ്യേലെന്തോ കടിച്ച്‌ ചികിത്സയിലായിരുന്ന ചന്തു മുന്നില്‍. കുളി കഴിഞ്ഞു വരുന്നതുവരെ അവന്‍ കാത്തു നിന്നു.
'ഇവന്‌ മരുന്നു കൊടുത്തിട്ട്‌ എപ്പോള്‍ പോകും പള്ളിയില്‍'..എനിക്കാശങ്ക.
നടക്കാന്‍വയ്യാത്ത ആളാണ്‌.ഇന്നത്തെപ്പോലെ റോഡില്‍ കയറിയാല്‍ ഓട്ടോറിക്ഷ കിട്ടുന്ന കാലമല്ല. എന്നിട്ടും വീട്ടില്‍ചെന്ന ഉടന്‍ വെളളം ഓതിയൊഴിച്ച്‌ മരുന്നു നല്‌കി അവനെ പറഞ്ഞയച്ചിട്ടാണ്‌ പള്ളിയിലേക്ക്‌ നടന്നത്‌.
ഇളം നീല ജൂബയും ഡബിള്‍ മുണ്ടും തോളില്‍ നേര്യതുമിട്ട്‌.
ഊന്നുവടിക്കു പകരം കൊച്ചുമകള്‍.
പള്ളി എത്തുന്നവരെ പലയിടത്തും ഇരുന്നും നിന്നുമാണ്‌ പോയത്‌.എല്ലാവര്‍ക്കുമൊപ്പം നമസ്‌ക്കരിക്കാനാവുമോ? വീണു പോകുമോ? മറവിയില്‍ എന്തെങ്കിലും ചെയ്‌തു പോകുമോ? ഞാന്‍ ചിന്തിച്ചു.
കാരണമുണ്ട്‌ . ഇരിക്കുന്ന ഇരിപ്പിലാണ്‌ ചിലപ്പോള്‍ ഓര്‍മ പോകുന്നത്‌, വീണു പോകുന്നത്‌. മുറ്റത്തും പറമ്പിലും പതുക്കെ നടന്ന്‌ ചിലപ്പോള്‍ മൂപ്പെത്താത്ത കൊക്കോ കായ്‌ പൊട്ടിച്ചു കൊണ്ടുവന്ന്‌ 'മാങ്ങ, മാങ്ങ' എന്നു പറയുന്നു. കാലിലെ ചെരുപ്പൂരി കട്ടിലില്‍ വെച്ച്‌ രണ്ടു വാറും നീട്ടിപ്പിടിച്ച്‌ ` മുയലിനെ അറക്ക്‌ `എന്നു പറയുന്നു.
ചോറുണ്ട്‌ കൈകഴുകിയ ഉടനെ `മൂന്നുദിവസമായി ചോറുണ്ടിട്ട്‌` എന്നു പറയുന്നു.

എന്നാല്‍ ചിലപ്പോള്‍ ഓര്‍മക്കൊരു തകരാറുമില്ല.
പള്ളി മുറ്റത്ത്‌ കൊണ്ടുചെന്നാക്കി ഞാന്‍ പള്ളിപ്പറമ്പിനപ്പുറം പുല്ലില്‍ പടിഞ്ഞിരുന്നു. നമസ്‌ക്കാരം കഴിയും വരെ.
പലവിധ ആധിയോടെ..
പിന്നീട്‌ രണ്ടു പെരുന്നാള്‍ കാലം കൂടി അദ്ദേഹമുണ്ടായിരുന്നു. ആ പെരുന്നാളുകള്‍ മുറുക്കുന്ന അത്ത അറിയാന്‍ വഴിയില്ല. മറവിയുടെ ഏതോ കയത്തിലായിരുന്നു അപ്പോഴേക്കും അദ്ദേഹം...കുഞ്ഞുനാളിലെ കൊച്ചുകൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞുകൊണ്ട്‌.......

കടപ്പാട്‌
വര്‍ത്തമാനം ദിനപ്പത്രം 13.10.2007

Thursday, October 4, 2007

മുസ്ലീം സ്‌ത്രീക്ക്‌ ടി.വിക്കു മുമ്പില്‍പ്രത്യക്ഷപ്പെട്ടു കൂടെ?

ഇസ്ലാമിനേയും ഖുര്‍-ആനെയും സ്‌ത്രീപക്ഷത്തുനിന്നു കണ്ട്‌ നോവലെഴുതിയ ഡോക്ടറെ വിളിച്ചു.
"മാഡം, ഞാനൊരു പ്രതിസന്ധിയിലാണ്‌."ഡോക്ടര്‍ സമാധാനിപ്പിച്ചു.
"കാര്യമായിട്ടൊന്നും ചോദിക്കില്ലെടോ...ധൈര്യമായിട്ടിരിക്ക്‌."
അപ്പോള്‍ ഞാന്‍ പറഞ്ഞു ഈ വിഷയത്തില സ്വന്തമായി കാഴ്‌ചപ്പാടുള്ള മാഡമായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.
അപ്പോഴാണ്‌ ഡോക്ടറെ അവര്‍ സമീപിച്ചിരുന്നു എന്നറിയുന്നത്‌.
"മൂപ്പര്‌ മ്മതിക്കില്ലെടോ"



മതത്തോടല്ല എന്നാല്‍ മതങ്ങളിലെ ചില നടപ്പുകളോടാണ്‌ എന്റെ കലഹം. ഏതു മതത്തിന്റെയും നല്ല വശങ്ങളെ ഉള്‍ക്കൊള്ളാനുള്ള മനസ്സുമുണ്ട്‌. എന്നാല്‍ ഇതാണെന്റെ മതം..ഇതുമാത്രമാണ്‌ ശരി എന്ന നിലപാടെനിക്കില്ല. ഒരു പക്ഷേ ഒളിച്ചോട്ടമാവാം അത്‌. എങ്കിലും...

ഒരാഴ്‌ച മുമ്പ്‌ എന്നെ വിഷമത്തിലാഴ്‌ത്തിയ സംഭവമുണ്ടായി. ഏഷ്യാനെറ്റ്‌ ചാനലില്‍ കേരള സ്‌കാന്‍ പരിപാടിയിലേക്ക്‌ ചെറിയ സംഭാവന.. വിഷയം നോമ്പും ഇസ്ലാമും...നോമ്പ്‌ എന്ന്‌ ‌ മലബാറിലും തെക്കോട്ട നൊയമ്പും എന്നും പറയപ്പെടുന്ന വ്രതാനുഷ്‌ഠാനത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നു. ശരീരത്തിനും മനസ്സിനും ആനന്ദം. ആത്മസംസ്‌ക്കരണത്തിന്റെ നാളുകള്‍...റംസാനില്‍ മാത്രം നോമ്പെടുക്കണമെന്ന ശാഠ്യമില്ല. തോന്നുമ്പോഴൊക്കെ അനുഷ്‌ഠിക്കാം എന്ന നിലപാടെനിക്ക്‌.

പക്ഷേ പ്രശ്‌നമതല്ലല്ലോ.. ഇസ്ലാം, ഖുര്‍-ആന്‍, ചിട്ടകള്‍ ഒന്നും കാര്യമായിട്ടറിയാത്ത എന്നോടാണ്‌ അഭിമുഖം. നിരസിക്കാന്‍ പറ്റാത്ത , ഗുരുതുല്യനായൊരാള്‍ പറയുമ്പോള്‍....എനിക്കൊന്നുമറിയില്ലെന്നു പറഞ്ഞു നോക്കി. പക്ഷേ പെണ്‍ പക്ഷത്തുനിന്നൊരാള്‍ വേണം.

മതത്തെക്കുറിച്ച്‌ നന്നായറിയാവുന്ന കര്‍മ്മങ്ങള്‍ മുറകൂടാതെ ചെയ്യുന്ന എന്നാല്‍ പുരുഷ കാഴ്‌ചപ്പാടുകളോട്‌ എതിരും സ്വന്തം കാഴ്‌ചപ്പാടുമുള്ള ഒന്നു രണ്ടു പേരുടെ പേര്‍ ഞാന്‍ പറഞ്ഞു നോക്കി.

നോ രക്ഷ

പക്ഷേ ഞാനെന്തു പറയും.

ആദ്യം കോഴിക്കോട്ടുകാരി സുഹൃത്തിനെ വിളിച്ചു.

അവള്‍ അടുക്കളയുടെ ഭാരം പറഞ്ഞു.

- പെണ്ണുങ്ങള്‍ക്ക്‌ പ്രാര്‍ത്ഥിക്കാനോ, വേദപുസ്‌തകം പാരായണം ചെയ്യാനോ നേരമില്ല. വെയ്‌ക്കുക,വിളമ്പുക...രണ്ടും മൂന്നും പെണ്‍മക്കളുള്‌ളവരുടെ കാര്യം പറയുകയും വേണ്ട. നോമ്പു തുറപ്പിക്കാന്‍ ഇങ്ങോട്ടു വിളിക്കണം. അങ്ങോട്ടു പോകണം. ഓരോ പത്തിലും അങ്ങോട്ട്‌ വിഭവങ്ങള്‍ ഉണ്ടാക്കി കൊടുത്തയക്കണം. ബന്ധുവീടുകളില്‍ നോമ്പു തുറക്കു പോകണം....

എവിടെ ആത്മ സംസ്‌ക്കരണം? (സ്‌ത്രീക്ക്‌ )

മധ്യ തിരിവിതാംകൂറുകാരിയായ എനിക്ക്‌ നോമ്പനുഭവം മറ്റൊരു തരത്തിലാണ്‌. നോമ്പു തുറപ്പിക്കാല്‍ എന്നാല്‍ അവിടെ പുണ്യ പ്രവര്‍ത്തിയാണ്‌. പാവങ്ങളെ വിളിച്ച്‌ നോമ്പു തുറപ്പിക്കുന്നു. ചായ, പത്തിരി, കറി...സമ്പന്നരായവര്‍ പഴങ്ങളും തരിയും മറ്റും ഇപ്പോള്‍ വടക്കുനിന്നുള്ള കാറ്റേറ്റ്‌ ചെയ്യുന്നുണ്ട്‌.
ഇവിടെ പക്ഷേ മുകളില്‍ പറഞ്ഞതുപോലെയാണ്‌.

ആയിരം വിഭവങ്ങള്‍..എണ്ണയില്‍ വറുത്തതും പൊരിച്ചതും....പലഹാരങ്ങളേക്കാള്‍ ഇപ്പോള്‍ പ്രിയം ബിരിയാണികള്‍ക്കാണ്‌...
വനിതയുടെ പരസ്യം പോലെ 'പെരുന്നാളിന്‌ 20 തരം ബിരിയാണികള്‍..'

വ്രതാനുഷ്‌ഠാനത്തിന്റെ യഥാര്‍ത്ഥസത്ത നഷ്ടപ്പെടുകയല്ലേ ഇവിടെ?

കാഞ്ഞ വയറിലേക്ക്‌ എണ്ണയും കൊഴുപ്പുകളും ചെന്നാല്‍ ഒരു കുഴപ്പവുമില്ലെന്നാണോ?
വലിയവര്‍ ചെറിയവനെ (ദരിദ്രനെ അറിയാനാണ്‌ നോമ്പെടുക്കുന്നതെന്നാണ്‌ എന്റെ അറിവ്‌)

ഇവിടെ പാചകമേളയും, ധൂര്‍ത്തും , ആര്‍ഭാടവുമല്ലേ? ഇല്ലാത്തവനെ അറിയുന്നുണ്ടോ?

കൂട്ടുകാരിയെ വിളിച്ചൂ കഴിഞ്ഞ്‌ ഇസ്ലാമിനേയും ഖുര്‍-ആനെയും സ്‌ത്രീപക്ഷത്തുനിന്നു കണ്ട്‌ നോവലെഴുതിയ ഡോക്ടറെ വിളിച്ചു.

"മാഡം, ഞാനൊരു പ്രതിസന്ധിയിലാണ്‌."ഡോക്ടര്‍ സമാധാനിപ്പിച്ചു.
"കാര്യമായിട്ടൊന്നും ചോദിക്കില്ലെടോ...ധൈര്യമായിട്ടിരിക്ക്‌."
അപ്പോള്‍ ഞാന്‍ പറഞ്ഞു ഈ വിഷയത്തില്‍ സ്വന്തമായി കാഴ്‌ചപ്പാടുള്ള മാഡമായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

അപ്പോഴാണ്‌ ഡോക്ടറെ അവര്‍ സമീപിച്ചിരുന്നു എന്നറിയുന്നത്‌.

"മൂപ്പര്‌ സ്‌മ്മതിക്കില്ലെടോ"

ഭാര്യ ടി. വി.ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത്‌ പല മുസ്ലീം പുരുഷന്മാര്‍ക്കും ഇഷ്ടമല്ലത്രേ..(എല്ലാവര്‍ക്കും അങ്ങനെയാണോ)

പറയേണ്ടതു പറയാന്‍ പിന്നെ ആര്‍ വരും?

എന്തായാലും പരിപാടി വന്നു.

ഗ്രാമഫോണിനരുകില്‍ സില്‍ക്കു ജൂബയിട്ടിരുന്ന്‌ ഹാജി പറഞ്ഞു. ഭാര്യ പര്‍ദ്ദയിടേണ്ടത്‌ എന്റെ ആവശ്യമല്ല..കാണുന്ന നിങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാനെണെന്ന്‌ .

പക്ഷേ, ജൂബക്കാരനായ അദ്ദേഹത്തിന്റെ മുഖം മാത്രമാണല്ലോ എന്റെ കണ്ണില്‍ വീണ്ടും വീണ്ടും തെളിയുന്നത്‌.

Friday, September 21, 2007

കുവലിന്റെ രസതന്ത്രം


നിങ്ങള്‍ക്ക്‌ കൂവാന്‍ തോന്നുന്നുണ്ടോ?
കൂവുന്നവര്‍ തറയാണെന്നും ഇതൊന്നും നമുക്കു പറ്റിയ പണിയല്ലെന്നും ചിന്തിച്ചേക്കാം. എന്നാല്‍ ജാടകളില്‍ പുറത്തിറങ്ങി, ഈ വൈറ്റ്‌ കോളര്‍ ഒന്നഴിച്ചു വെച്ച്‌ തനിച്ചൊന്നു നടന്നു നോക്കൂ....അപ്പോള്‍ എവിടെ നിന്നോ ഒരു തോന്നല്‍ വരും. ഒന്നു കൂവാന്‍..ഒന്നു ചൂളമടിക്കാന്‍, വിസിലടിക്കാന്‍...

പഴയൊരു സുഹൃത്തിനെ കഴിഞ്ഞ ദിവസം അവിചാരിതമായി വഴിയില്‍ വെച്ച്‌ കണ്ടുമുട്ടിയപ്പോഴാണ്‌ കൂവലിന്റെ രസതന്ത്രത്തെക്കുറിച്ച ഞാന്‍ ചിന്തിച്ചു പോയത്‌.

എന്റെ ഓഫീസ്‌ ചീഫ്‌ എക്‌സിക്യൂട്ടീവിനെ വയനാട്ടിലേക്കുള്ള ഒരു ബസ്സുയാത്രയില്‍ കണ്ടുവത്രേ.സ്വാഭാവികമായും വയനാട്ടിലേക്കുള്ള യാത്രയായതുകൊണ്ട്‌ ചുരം കയറണം. ചുരത്തില്‍ വെച്ച്‌ ബസ്‌ നിന്നു പോവുകയും അവര്‍ ഒരുമിച്ചു നടക്കാമെന്ന തീരുമാനിച്ചു നടക്കാന്‍ തുടങ്ങി...കുറച്ചുദൂരം നടന്നപ്പോള്‍ അദ്ദേഹത്തിനൊരാശ.
ഇപ്പോള്‍ ഓഫീസില്ല, സഹപ്രവര്‍ത്തകരില്ല, കീഴ്‌ജീവനക്കാരില്ല, ഇടപാടുകാരില്ല, ബന്ധങ്ങളില്ല, ബന്ധനങ്ങളില്ല.
അദ്ദേഹം പറഞ്ഞു.
"എനിക്കു കൂവാന്‍ തോന്നുന്നു". അദ്ദേഹം കൂവി...തിരക്കിനിടയില്‍പെട്ട നട്ടംതിരിയുന്ന സുഹൃത്തും കൂവി..കൂട്ടകൂവല്‍..മതിയാവുവോളം..'
എന്തിനായിരുന്നു ആ കൂവല്‍?

തിരക്കുകളില്‍ നിന്നൊന്ന്‌ ഒഴിയുമ്പോള്‍, ജീവിതത്തിന്റെയും ജോലിയുടെയും വലക്കണ്ണിയല്‍ നിന്ന്‌ ഒന്നു പുറത്തുകടക്കുമ്പോള്‍ മനസ്സില്‍ ഭാരമില്ലായ്‌മ അനുഭവപ്പെടുന്നു. ചിത്രശലഭത്തെപ്പോലെ പറന്നു നടക്കുകയാണെന്നു തോന്നി പോകുന്നു.അപ്പോഴൊന്ന്‌ കൂവാന്‍ തോന്നുന്നു.

തീയറ്ററിന്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ കരണ്‌ടു പോകുമ്പോള്‍ കൂട്ടക്കൂവല്‍ ഉയരുന്നു. ഇവന്നാര്‍ക്കൊന്നും വേറെ പണിയില്ലേയെന്ന്‌ നമ്മള്‍ ഗമയില്‍ ചിന്തിക്കുന്നു. കുറുക്കന്മാരണോ കൂവാന്‍ എന്ന ഭാവത്തിലിരിക്കുന്നവരുണ്ട്‌ . എന്നാല്‍ ഒപ്പം ഒന്നു കൂവിനോക്കു.

പക്ഷേ, നമ്മളെ തിരിച്ചറിയാത്തിടത്തെ നമ്മള്‍ കൂവുന്നുള്ളു. തിരിച്ചറിയുന്നിടത്തവുമ്പോള്‍ നമ്മള്‍ കെട്ടിപ്പടുത്ത ബിംബത്തിനൊരു പോറല്‍ പറ്റുമെന്ന ഭയം കൂടെ നില്‍ക്കും. തിക്കിലും തിരക്കിലും മനസ്സ്‌ ഭാരപ്പെട്ടിരിക്കുമ്പോള്‍ ഒന്നു കൂവാന്‍ കഴിഞ്ഞാല്‍ ഭാരം പറപറക്കും...പക്ഷേ കൂവാന്‍ സ്ഥലമെവിടെ..ഒളിത്താവളമെവിടെ?

കാടും മലയും പാറക്കെട്ടും ഒക്കെ നിറഞ്ഞ എന്റെ ഗ്രാമത്തില്‍ കുട്ടിക്കാലത്ത കൂവല്‍ ആശയ വിനിമയത്തിനൊരുപാധിയായിരുന്നു ചിലര്‍ക്ക്‌. കാട്ടില്‍ നിന്ന്‌ തടിയുമായി വരുന്നവര്‍ ഉയര്‍ന്ന പാറക്കുമുകളില്‍ നിന്ന്‌ ഉച്ചത്തില്‍ കൂവും.ആരെങ്ങീലും മലകയറി വരുന്നുണ്ടെങ്ങില്‍ മാറി നില്‌ക്കാനാണത്‌. പാറക്കുമുകളില്‍ നിന്ന്‌ തടി താഴേക്കു ഉരുട്ടാനുള്ള പണിയുടെ ആരംഭമാണത്‌.സന്ധ്യകഴിഞ്ഞ്‌ താഴെ വഴിയിലൂടെ ചൂളം വിളി കേള്‍ക്കുമ്പഴറിയാം. എല്‍ദോസ്‌ പണി കഴിഞ്ഞു വരുന്ന വഴിയാണ്‌...

അക്കരെ നിന്നൊരുവിസില്‍ ...ചീട്ടുകളിക്കാരുടെ സംഘം ചേരലിന്‌..
ഇതിനൊക്കെ അപ്പുറത്താണ്‌ കുട്ടികളുടെ കൂവലും വിസിലടി പരിശീലനവും...

മഴയില്ലാത്ത ചില സന്ധ്യക്ക്‌ ഞങ്ങള്‍ കുട്ടികള്‍ മലമുകളിലേക്ക്‌ കയറും ..പ്രത്യേകച്ചൊരു കാരണവുമില്ലാതെ കൂവും.....ഞങ്ങളുടെ കൂവല്‍ മലഞ്ചെരുവുകളിലെ പാറകളില്‍ തട്ടി പ്രതിധ്വനിക്കും.കാട്ടില്‍ ഗുഹാമുഖങ്ങള്‍ക്കരുകില്‍ നിന്നു കൂവിയാല്‍ അത്‌ അയിരം മടങ്ങായി പ്രതിധ്വനിക്കും....

പാറക്കുമുകലിലിരുന്നുള്ള ആ കൂവലുകള്‍ക്കിടയിലാണ്‌ എന്റെ കുഞ്ഞാങ്ങളമാര്‍ വിസിലടിയിലേക്ക്‌ തിരിഞ്ഞത്‌..പലതാളത്തില്‍..ഈണത്തില്‍..കൂവലിനേക്കാള്‍ ശബ്ദം കൂടുതലുമുണ്ട്‌.....അവരോട്‌ അസൂയ തോന്നി.എങ്ങനെ വിസിലടിക്കും...പെണ്‍ പിള്ളേര്‍ വിസിലടിക്കാന്‍ നോക്കിയാല്‍ നടക്കുമോ?

നാവുമടക്കി രണ്ടുവിരലുകള്‍ വെച്ച്‌ ഊതിനോക്കി...ദയനീയമായ കൂവല്‍ പുറപ്പെട്ടു.
സാധ്യമല്ല.

പക്ഷേ, ഉപേക്ഷിക്കാന്‍ തോന്നിയില്ല.
"വിസിലടിക്കുന്നതൊന്നു പഠിപ്പിച്ചു താടാ.".അവരോട്‌ കെഞ്ചി.
"അതു പഠിക്കാനൊന്നുമില്ല. നാക്ക്‌ മടക്കി വെരലുവെച്ച്‌ ഒരൂത്ത്‌ ഊതിയാ മതി..."അവന്‍ പറഞ്ഞു.
"ദേ ഇങ്ങനെ ചെയ്യ്‌ "എന്നു പറഞ്ഞ്‌ അവന്‍ നാവു മടക്കുന്നതും വിലവു വെക്കുന്നതും കാണിച്ചു തന്നു.
ഓക്കെ
ഇത്തവണ റെഡി..
പറഞ്ഞറിയിക്കാനാവാത്ത ആനന്ദം

.ഇക്കഴിഞ്ഞ ഓണാവധിക്ക്‌ തൊമ്മന്‍കുത്ത്‌ കാണാന്‍ പോകുമ്പോള്‍ വനത്തിനുള്ളിലേക്ക്‌ നടക്കുമ്പോള്‍ മുമ്പിലും പുറകിലും പോയ പയ്യന്മാരുടെ സംഘങ്ങള്‍ കൂവുന്നു..വിസിലടിക്കുന്നു.
തിരിച്ചൊന്നു കൂവിയാല്‍ ഇടിഞ്ഞുവീഴാന്‍ ഒന്നുമില്ലെന്നൊരു തോന്നാല്‍..പഴയ വിസിലടി പരിശീലനം ഓര്‍ത്തുപോയി..ഇല്ല.. ഇപ്പോഴും ശബ്ദമുണ്ട്‌...പക്ഷേ തിരിഞ്ഞു നോക്കിയവര്‍ ശ്രദ്ധിച്ചത്‌ ഞങ്ങളുടെ സംഘത്തിലുള്ള ഭര്‍ത്താവടക്കം കൂടെയുള്ള മൂന്നു പുരുഷന്മാരെയാണ്‌.

അതിലൊരാനന്ദമുണ്ട്‌..നിര്‍വചിക്കാനാകാത്ത ആനന്ദം...
ഫോട്ടോ എടുക്കാന്‍ കാമറയെടുക്കാന്‍ മറന്നതും, മൊബൈലിന്‌ റേഞ്ചും ചാര്‍ജുമില്ലാതിരുന്നതും എത്ര നന്നായി. പ്രകൃതിയെ കണ്‍കുളിര്‍ക്കെ കാണാനായി.ഇടക്കൊന്ന്‌ ഭാരമില്ലാതെ ...കൂവാന്‍...വിസിലടിക്കാന്‍...അതിലൊന്ന്‌ ആനന്ദിക്കാന്‍...