Friday, September 21, 2007

കുവലിന്റെ രസതന്ത്രം


നിങ്ങള്‍ക്ക്‌ കൂവാന്‍ തോന്നുന്നുണ്ടോ?
കൂവുന്നവര്‍ തറയാണെന്നും ഇതൊന്നും നമുക്കു പറ്റിയ പണിയല്ലെന്നും ചിന്തിച്ചേക്കാം. എന്നാല്‍ ജാടകളില്‍ പുറത്തിറങ്ങി, ഈ വൈറ്റ്‌ കോളര്‍ ഒന്നഴിച്ചു വെച്ച്‌ തനിച്ചൊന്നു നടന്നു നോക്കൂ....അപ്പോള്‍ എവിടെ നിന്നോ ഒരു തോന്നല്‍ വരും. ഒന്നു കൂവാന്‍..ഒന്നു ചൂളമടിക്കാന്‍, വിസിലടിക്കാന്‍...

പഴയൊരു സുഹൃത്തിനെ കഴിഞ്ഞ ദിവസം അവിചാരിതമായി വഴിയില്‍ വെച്ച്‌ കണ്ടുമുട്ടിയപ്പോഴാണ്‌ കൂവലിന്റെ രസതന്ത്രത്തെക്കുറിച്ച ഞാന്‍ ചിന്തിച്ചു പോയത്‌.

എന്റെ ഓഫീസ്‌ ചീഫ്‌ എക്‌സിക്യൂട്ടീവിനെ വയനാട്ടിലേക്കുള്ള ഒരു ബസ്സുയാത്രയില്‍ കണ്ടുവത്രേ.സ്വാഭാവികമായും വയനാട്ടിലേക്കുള്ള യാത്രയായതുകൊണ്ട്‌ ചുരം കയറണം. ചുരത്തില്‍ വെച്ച്‌ ബസ്‌ നിന്നു പോവുകയും അവര്‍ ഒരുമിച്ചു നടക്കാമെന്ന തീരുമാനിച്ചു നടക്കാന്‍ തുടങ്ങി...കുറച്ചുദൂരം നടന്നപ്പോള്‍ അദ്ദേഹത്തിനൊരാശ.
ഇപ്പോള്‍ ഓഫീസില്ല, സഹപ്രവര്‍ത്തകരില്ല, കീഴ്‌ജീവനക്കാരില്ല, ഇടപാടുകാരില്ല, ബന്ധങ്ങളില്ല, ബന്ധനങ്ങളില്ല.
അദ്ദേഹം പറഞ്ഞു.
"എനിക്കു കൂവാന്‍ തോന്നുന്നു". അദ്ദേഹം കൂവി...തിരക്കിനിടയില്‍പെട്ട നട്ടംതിരിയുന്ന സുഹൃത്തും കൂവി..കൂട്ടകൂവല്‍..മതിയാവുവോളം..'
എന്തിനായിരുന്നു ആ കൂവല്‍?

തിരക്കുകളില്‍ നിന്നൊന്ന്‌ ഒഴിയുമ്പോള്‍, ജീവിതത്തിന്റെയും ജോലിയുടെയും വലക്കണ്ണിയല്‍ നിന്ന്‌ ഒന്നു പുറത്തുകടക്കുമ്പോള്‍ മനസ്സില്‍ ഭാരമില്ലായ്‌മ അനുഭവപ്പെടുന്നു. ചിത്രശലഭത്തെപ്പോലെ പറന്നു നടക്കുകയാണെന്നു തോന്നി പോകുന്നു.അപ്പോഴൊന്ന്‌ കൂവാന്‍ തോന്നുന്നു.

തീയറ്ററിന്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ കരണ്‌ടു പോകുമ്പോള്‍ കൂട്ടക്കൂവല്‍ ഉയരുന്നു. ഇവന്നാര്‍ക്കൊന്നും വേറെ പണിയില്ലേയെന്ന്‌ നമ്മള്‍ ഗമയില്‍ ചിന്തിക്കുന്നു. കുറുക്കന്മാരണോ കൂവാന്‍ എന്ന ഭാവത്തിലിരിക്കുന്നവരുണ്ട്‌ . എന്നാല്‍ ഒപ്പം ഒന്നു കൂവിനോക്കു.

പക്ഷേ, നമ്മളെ തിരിച്ചറിയാത്തിടത്തെ നമ്മള്‍ കൂവുന്നുള്ളു. തിരിച്ചറിയുന്നിടത്തവുമ്പോള്‍ നമ്മള്‍ കെട്ടിപ്പടുത്ത ബിംബത്തിനൊരു പോറല്‍ പറ്റുമെന്ന ഭയം കൂടെ നില്‍ക്കും. തിക്കിലും തിരക്കിലും മനസ്സ്‌ ഭാരപ്പെട്ടിരിക്കുമ്പോള്‍ ഒന്നു കൂവാന്‍ കഴിഞ്ഞാല്‍ ഭാരം പറപറക്കും...പക്ഷേ കൂവാന്‍ സ്ഥലമെവിടെ..ഒളിത്താവളമെവിടെ?

കാടും മലയും പാറക്കെട്ടും ഒക്കെ നിറഞ്ഞ എന്റെ ഗ്രാമത്തില്‍ കുട്ടിക്കാലത്ത കൂവല്‍ ആശയ വിനിമയത്തിനൊരുപാധിയായിരുന്നു ചിലര്‍ക്ക്‌. കാട്ടില്‍ നിന്ന്‌ തടിയുമായി വരുന്നവര്‍ ഉയര്‍ന്ന പാറക്കുമുകളില്‍ നിന്ന്‌ ഉച്ചത്തില്‍ കൂവും.ആരെങ്ങീലും മലകയറി വരുന്നുണ്ടെങ്ങില്‍ മാറി നില്‌ക്കാനാണത്‌. പാറക്കുമുകളില്‍ നിന്ന്‌ തടി താഴേക്കു ഉരുട്ടാനുള്ള പണിയുടെ ആരംഭമാണത്‌.സന്ധ്യകഴിഞ്ഞ്‌ താഴെ വഴിയിലൂടെ ചൂളം വിളി കേള്‍ക്കുമ്പഴറിയാം. എല്‍ദോസ്‌ പണി കഴിഞ്ഞു വരുന്ന വഴിയാണ്‌...

അക്കരെ നിന്നൊരുവിസില്‍ ...ചീട്ടുകളിക്കാരുടെ സംഘം ചേരലിന്‌..
ഇതിനൊക്കെ അപ്പുറത്താണ്‌ കുട്ടികളുടെ കൂവലും വിസിലടി പരിശീലനവും...

മഴയില്ലാത്ത ചില സന്ധ്യക്ക്‌ ഞങ്ങള്‍ കുട്ടികള്‍ മലമുകളിലേക്ക്‌ കയറും ..പ്രത്യേകച്ചൊരു കാരണവുമില്ലാതെ കൂവും.....ഞങ്ങളുടെ കൂവല്‍ മലഞ്ചെരുവുകളിലെ പാറകളില്‍ തട്ടി പ്രതിധ്വനിക്കും.കാട്ടില്‍ ഗുഹാമുഖങ്ങള്‍ക്കരുകില്‍ നിന്നു കൂവിയാല്‍ അത്‌ അയിരം മടങ്ങായി പ്രതിധ്വനിക്കും....

പാറക്കുമുകലിലിരുന്നുള്ള ആ കൂവലുകള്‍ക്കിടയിലാണ്‌ എന്റെ കുഞ്ഞാങ്ങളമാര്‍ വിസിലടിയിലേക്ക്‌ തിരിഞ്ഞത്‌..പലതാളത്തില്‍..ഈണത്തില്‍..കൂവലിനേക്കാള്‍ ശബ്ദം കൂടുതലുമുണ്ട്‌.....അവരോട്‌ അസൂയ തോന്നി.എങ്ങനെ വിസിലടിക്കും...പെണ്‍ പിള്ളേര്‍ വിസിലടിക്കാന്‍ നോക്കിയാല്‍ നടക്കുമോ?

നാവുമടക്കി രണ്ടുവിരലുകള്‍ വെച്ച്‌ ഊതിനോക്കി...ദയനീയമായ കൂവല്‍ പുറപ്പെട്ടു.
സാധ്യമല്ല.

പക്ഷേ, ഉപേക്ഷിക്കാന്‍ തോന്നിയില്ല.
"വിസിലടിക്കുന്നതൊന്നു പഠിപ്പിച്ചു താടാ.".അവരോട്‌ കെഞ്ചി.
"അതു പഠിക്കാനൊന്നുമില്ല. നാക്ക്‌ മടക്കി വെരലുവെച്ച്‌ ഒരൂത്ത്‌ ഊതിയാ മതി..."അവന്‍ പറഞ്ഞു.
"ദേ ഇങ്ങനെ ചെയ്യ്‌ "എന്നു പറഞ്ഞ്‌ അവന്‍ നാവു മടക്കുന്നതും വിലവു വെക്കുന്നതും കാണിച്ചു തന്നു.
ഓക്കെ
ഇത്തവണ റെഡി..
പറഞ്ഞറിയിക്കാനാവാത്ത ആനന്ദം

.ഇക്കഴിഞ്ഞ ഓണാവധിക്ക്‌ തൊമ്മന്‍കുത്ത്‌ കാണാന്‍ പോകുമ്പോള്‍ വനത്തിനുള്ളിലേക്ക്‌ നടക്കുമ്പോള്‍ മുമ്പിലും പുറകിലും പോയ പയ്യന്മാരുടെ സംഘങ്ങള്‍ കൂവുന്നു..വിസിലടിക്കുന്നു.
തിരിച്ചൊന്നു കൂവിയാല്‍ ഇടിഞ്ഞുവീഴാന്‍ ഒന്നുമില്ലെന്നൊരു തോന്നാല്‍..പഴയ വിസിലടി പരിശീലനം ഓര്‍ത്തുപോയി..ഇല്ല.. ഇപ്പോഴും ശബ്ദമുണ്ട്‌...പക്ഷേ തിരിഞ്ഞു നോക്കിയവര്‍ ശ്രദ്ധിച്ചത്‌ ഞങ്ങളുടെ സംഘത്തിലുള്ള ഭര്‍ത്താവടക്കം കൂടെയുള്ള മൂന്നു പുരുഷന്മാരെയാണ്‌.

അതിലൊരാനന്ദമുണ്ട്‌..നിര്‍വചിക്കാനാകാത്ത ആനന്ദം...
ഫോട്ടോ എടുക്കാന്‍ കാമറയെടുക്കാന്‍ മറന്നതും, മൊബൈലിന്‌ റേഞ്ചും ചാര്‍ജുമില്ലാതിരുന്നതും എത്ര നന്നായി. പ്രകൃതിയെ കണ്‍കുളിര്‍ക്കെ കാണാനായി.ഇടക്കൊന്ന്‌ ഭാരമില്ലാതെ ...കൂവാന്‍...വിസിലടിക്കാന്‍...അതിലൊന്ന്‌ ആനന്ദിക്കാന്‍...

19 comments:

മൈന said...

നിങ്ങള്‍ക്ക്‌ കൂവാന്‍ തോന്നുന്നുണ്ടോ?
കൂവുന്നവര്‍ തറയാണെന്നും ഇതൊന്നും നമുക്കു പറ്റിയ പണിയല്ലെന്നും ചിന്തിച്ചേക്കാം. എന്നാല്‍ ജാടകളില്‍ പുറത്തിറങ്ങി, ഈ വൈറ്റ്‌ കോളര്‍ ഒന്നഴിച്ചു വെച്ച്‌ തനിച്ചൊന്നു നടന്നു നോക്കൂ....അപ്പോള്‍ എവിടെ നിന്നോ ഒരു തോന്നല്‍ വരും. ഒന്നു കൂവാന്‍..ഒന്നു ചൂളമടിക്കാന്‍, വിസിലടിക്കാന്‍...

ശ്രീ said...

അതു ശരി തന്നെ ആണ്‍...

തേങ്ങയ്ക്കു പകരം ഇരിക്കട്ടെ സന്തോഷത്തിന്റെ പ്രതീകമായി ഒരു കൂവല്‍‌!
:)

വിഷ്ണു പ്രസാദ് said...

മൈനേ,

ഈ കവിതയും അതില്‍ സിമി എഴുതിയ കമന്റും വായിച്ചോ?

കുഞ്ഞന്‍ said...

തികച്ചും ശരിയാണ്, ജാഡയൊക്കെ മാറ്റി ഒന്നു കൂവുമ്പോള്‍ എന്താ സുഖം, പക്ഷെ അസ്ഥാനത്ത് കൂവരുത്! കൂവിയാ‍ല്‍.....!

പിന്നെ എന്റെ നാട്ടില്‍ വഴിയില്‍ക്കൂടി പ്രത്യേക കൂവല്‍ കേട്ടാല്‍ അതു മീന്‍‌കാരനാണെന്ന് ഉറപ്പിക്കാം...(ഒരു 25 വര്‍‌ഷങ്ങള്‍ക്കു മുമ്പാണെട്ടോ)

മൂര്‍ത്തി said...

കൂവാനൊക്കെ തോന്നാറുണ്ട്..

ഒന്നു കൂവാനുള്ളില്‍ മോഹം മോഹം തീരാദാഹം ദാഹം..എന്നോ മറ്റോ ഒരു സിനിമാപ്പാട്ടില്ലേ? :)

നല്ല എഴുത്ത്..

കൂവലുപോലെ നിന്നു പോയ ഒന്നാണ് “ട്ടക്ക്” എന്ന് അണ്ണാക്കുപയോഗിച്ചുള്ള ശബ്ദമുണ്ടാക്കല്‍. പണ്ട് സുഹൃത്തുക്കളുടെ വീടിന്റെ പരിസരത്ത് എത്തിയാല്‍ സിഗ്നല്‍ ആയി ഉണ്ടാക്കിയിരുന്ന ശബ്ദം അതായിരുന്നു...

ബ്ലോഗില്‍ തേങ്ങക്കു പകരം ഇനി കൂവലാക്കിയാലോ?(കടപ്പാട്: ശ്രീ)

പ്രദീപ് said...

സത്യം ...എന്തു പറയാന്‍ ..ഒന്നു കൂവാന്‍ പോലും ഇപ്പോള്‍ സ്റ്റാറ്റസ് നോക്കണം ..പണ്ട് കോളേജിലെ ഗാനമേളകളില്‍ നാടകങ്ങളില്...ഹോസ്റ്റലില്..എവിടെ എല്ലാം കൂവി സായൂജ്യമടഞ്ഞിരിക്കുന്നു...നല്ല പോസ്റ്റ്

സു | Su said...

ഓഫീസില്‍ നിന്ന് കൂവാന്‍ തോന്നിയതാണെന്ന് പറയുന്ന കഥ, പുതിയ, മലയാളമനോരമ വാര്‍ഷികപ്പതിപ്പിലുണ്ട്.

ഭൂതാവിഷ്ടന്‍ - ഉണ്ണി. ആര്‍.

കൃഷ്‌ | krish said...

കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ.....
കൂവലിനെക്കുറിച്ചുള്ള് പോസ്റ്റിനെ ഒന്നു കൂവി പ്രോത്സാഹിപ്പിച്ചതാ.

കരീം മാഷ്‌ said...

സത്യം, വിചിത്രമായ സത്യം,
പണ്ടു ഞാനടങ്ങുന്ന ചില മാഷമ്മാരുടെ (ട്യൂട്ടോറിയല്‍) സംഘം അങ്ങാടിയില്‍ രാത്രി സമ്മേളിക്കുമ്പോള്‍ അപ്രതീക്ഷിതമായുണ്ടാവുന്ന കറണ്ടു പോക്കില്‍ ഈ കൂവല്‍ സ്വാതന്ത്യം ഉപയോഗപ്പെടുത്തിയിരുന്നതു ഓര്‍ത്തു പോയി.
പ്രതീക്ഷിച്ചത്ര സമയം കറണ്ടുപോക്കു നീണ്ടു നില്‍ക്കാതീരുന്ന ഒരു ദിവസം ഞങ്ങളുടെ കൂട്ട കൂവല്‍ പിടിക്കപ്പെടുകയും സ്വന്തം വിദ്യാര്ത്ഥികള്‍ മൂക്കത്ത് വിരല്‍ വെച്ച അയ്യേ! എന്നു പറഞ്ഞ ദിവസം മുതല്‍ ആ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ചെയ്തു.

KANNURAN - കണ്ണൂരാന്‍ said...

ഇതു കേവലം കൂവലിനു മാത്രം ബാധകമല്ലെന്നു തോന്നുന്നു. ആരും കാണാതെ വീടിനു പിറകില്‍ ചെന്ന് വായില്‍ വന്ന തെറി വിളിക്കുന്ന മോളെ ഞാന്‍ ഇതിനിടെയായിരുന്നു കൈയ്യോടെ പിടികൂടിയത്..

Sunil Krishnan said...

എല്ലാ മലയാളികളും അടിസ്ഥാന പരമായി കൂവാന്‍ ഇഷ്ടപ്പെടുന്നവരാണ്....ഇതു വായിച്ചപ്പോള്‍ പണ്ടു കോളേജിലെ കൂവല്‍ ഓര്‍മ്മയില്‍ വന്നു.....പിന്നെ കറന്റു പോകുമ്പോള്‍ സിനിമ തീയേറ്ററിലെ കൂവല്‍...കിട്ടിയ ഒരു ചാന്‍സും കളഞ്ഞിട്ടില്ല....പോപ്പ് സംഗീതം ആസ്വദിക്കുന്നു എന്ന വ്യാജേന കലാഭവന്‍ മണിയുടെ “നാടന്‍ പാട്ടി” നു അനുസരിച്ചു നൃത്തം വയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആണ് മലയാളികള്‍....മുഖം മൂടികള്‍ നമുക്കു മാത്രം സ്വന്തം....മലയാളി മനസുകളിലെ വളരെ ലഘുവായ ചിന്തകളെ പകര്‍ത്തിയതിലൂടെ, സ്വന്തം മനസ്സിന്റെ ഇഷ്ടങ്ങളിലേയ്ക്കു ഒന്നു തിരിഞ്ഞു നോക്കാന്‍ വായനക്കാരനെ പ്രേരിപ്പിയ്ക്കുന്നു മൈന....നമ്മള്‍ വെറും പാവത്താന്മാര്‍ അല്ലേ?

Reshma said...

നാവ് മടക്കി, വിരല്‍ വെച്ച് ഒരൂത്ത്...അങ്ങനെയല്ലേ? ഒന്നും പോളിയൂലാന്ന് ഉറപ്പല്ലേ?

രസിച്ചു:)

ബിന്ദു said...

എനിക്കു കൂവാന്‍ മാത്രല്ല ഉറക്കെ പാടാനും തോന്നാറുണ്ട്‌. :)

(കൂവാനും ഇമേജ്‌ നോക്കണമെങ്കില്‍ അനോണിയായി കൂവിയാലോ? ;) )

ഉമ്പാച്ചി said...

ഇന്ന്
ഇപ്പോഴാ
ഇയാളെ ഇവിടെക്കണ്ടത്.
ഇവിടേയും എഴുത്തുണ്ട് അല്ലെ...
ഇനി
ബ്ലൊഗില്‍ എത്ര വേണമെങ്കിലും
വിഷം ചീറ്റലാകാം
ചികിത്സിപ്പാന്‍ ആളുണ്ട്

കൂവല്‍
എന്നൊരു കുഞ്ഞു കവിത
ഉമ്പാച്ചിയില്‍ എവിടെയോ ഉണ്ട്.

ദ്രൗപതി said...

നന്നായിട്ടുണ്ട്‌...
കൂവലിനുമുണ്ടല്ലോ ഒരു രസതന്ത്രം...
അഭിനിവേശത്തിന്റെ
കളിയാക്കലിന്റെ
ഇതിലേത്‌ മുഖം മൂടിയണിഞ്ഞാലും കൂവല്‍ തന്റെ ധൈഷണികപദവിയില്‍ നിന്ന്‌ ഉയരുന്നതേയില്ല...

നല്ല എഴുത്ത്‌
ഭാവുകങ്ങള്‍

ഇടങ്ങള്‍|idangal said...

കൂവേണ്ട സമയത്ത് കൂവാതെ 'മാന്യനായി' ഇരുന്ന് ഒരു നല്ല പ്രേക്ഷകന്റെ കടമയെ കൊല്ലുന്ന സ്വഭാവത്തെ കുറിച്ച് മാധ്യമത്തില്‍ ഒരിക്കല്‍ വിജു വി നായര്‍ എഴുതിയിരുന്നു, 'വെള്ളെഴുത്ത്' എന്ന പക്തിയില്‍.

നല്ല ഒരു കൂവലിനെ ഒരു ആഭാസത്തരത്തിനെ എറ്റവും വേഗതയുള്ള വാക്കാവാനൊക്കൂ, അങ്ങിനെ ചെയ്യാതിരിക്കുമ്പോള്‍ നിങ്ങളും ആ ആഭാസത്തരത്തിന്റെ പങ്കുകാരാണ്.

വേണു venu said...

കൂവുമ്പോള്‍ മനുഷ്യനിലൊളിഞ്ഞിരിക്കുന്ന ആദിമ മനുഷ്യനു് ചങ്ങലകള്‍ നഷ്ടമാകുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഒരു നിലവിളി തന്നെ. രജനീഷിന്‍റെ ആശ്രമത്തിലെ അന്തേ വാസികളെ ഉച്ചത്തില്‍ കൂകിപ്പിക്കുന്നതും ആചാര്യന്‍റെ കൌതുകമായിരുന്നു എന്നു് എവിടെയോ വായിച്ചതോര്‍ക്കുന്നു.
മൈനേ എനിക്കു് കൂകാന്‍ തോന്നാറുണ്ടു്.:)

ആഷ | Asha said...

ഇതു വായിച്ചപ്പോ എനിക്കും കൂവാന്‍ തോന്നണൂ
കൂവട്ടെ കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ്
ഹ ഹ
എന്തൊരു സന്തോഷം :))

വാത്മീകി said...

പണ്ടൊരു തിരുവനന്തപുരം- കൊല്ലം യാത്രയില്‍ ബസ്സില്‍ ഇരുന്നു ഉറക്കെപ്പാടിയതു ഓര്‍മ്മവന്നു. ഇന്നതു ചെയ്യാന്‍ അത്ര തൊലിക്കട്ടി പോരാ.