Monday, September 3, 2007

കൈവരിയുടെ തെക്കേയറ്റം


വി.എച്ച്‌.എസ്‌.സിക്കാര്‍ പോയാലും കൈവരി ഒഴിയില്ല. മഴയായാലും വേനലായാലും...കടയിലും ട്യൂഷനും പോകുന്ന ഞങ്ങളാണ്‌ കുടുങ്ങുന്നത്‌. പാലം കടക്കാന്‍ കുറച്ചു പ്രയാസപ്പെടണം. എങ്ങോട്ടും നോക്കാതെ ഒറ്റ നടത്തമാണ്‌. കൈവരിയിലിരിക്കുന്നവരൊന്നും ശരിയല്ല എന്നൊരു കഥ അന്നു പ്രചരിച്ചിരുന്നു. ....എങ്ങോട്ടും നോക്കാതെയുള്ള നടത്തമായിരുന്നു എന്നെ കുടുക്കിയത്‌.


പുഴയ്‌ക്ക അക്കരെയായിരുന്നു സ്‌കൂളും ആശുപത്രിയും. നാട്ടിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇവയായിരുന്നു. എന്നാല്‍ ബസ്സു പോകുന്ന റോഡും കവലയും ഇക്കരെയായിരുന്നു. നടുവിലൊരു പുഴയുള്ളത്‌ പണ്ട്‌ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു രോഗികള്‍ക്കും കുട്ടികള്‍ക്കും. മഴക്കാലത്ത്‌ അക്കരെ സ്‌കൂളിലെത്താന്‍ രണ്ടുകിലോമീറ്റര്‍ മുകളിലുള്ള തടിപ്പാലം കടക്കേണ്ടിയിരുന്നു. മഴക്കാലത്ത്‌ ചിലപ്പോള്‍ ചങ്ങാടമുണ്ടാവും. ഇല്ലിയോ, വാഴത്തടയോ കൊണ്ടുണ്ടാക്കിയ ചങ്ങാടങ്ങള്‍. മലവെള്ളപ്പാച്ചില്‍ കൂടുന്ന ദിവസങ്ങളില്‍ ചങ്ങാടങ്ങള്‍ അപ്രത്യക്ഷമാവും....

ഈ അവസ്ഥയില്‍ അനുഗ്രഹമായാണ്‌ പാലം വന്നത്‌. മൂന്നുനാലുവര്‍ഷമെടുത്തു പാലം പണി കഴിയാന്‍. പുഴയ്‌ക്കു കുറുകെ പാലം വന്നു. വടക്കുനിന്ന്‌ തെക്കോട്ട്‌ ഇരുവശത്തും കൈവരിയും. കറുപ്പും വെളുപ്പും പെയിന്റടിച്ചിരുന്നു കൈവരിക്ക്‌.

പാലം വന്നതോടെ നാട്ടിലെ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക്‌ ആഘോഷമായി. അവര്‍ കൈവരി കൈയ്യേറി. വഴിയേ പോകുന്നു പെണ്ണുങ്ങളെ കമന്റടിച്ചും നേരം പോക്കു പറഞ്ഞും വൈകുന്നേരങ്ങള്‍ അവര്‍ സജീവമാക്കി. അവരുടെയൊക്കെ ഭാഗ്യം പോലെയും ആശപോലെയും ഹൈസ്‌കൂള്‍ വി.എച്ച്‌.എസ്‌.സിയായി...നാട്ടുകാര്‍ മാത്രമല്ല മറുനാട്ടിലെ പെണ്‍കുട്ടികളും വി.എച്ച്‌.എസ്‌.സിയില്‍ പഠിക്കാനെത്തി. മുമ്പൊക്കെ അഞ്ചുമണിക്ക്‌ കൈവരിയില്‍ ചേക്കേറുന്നവര്‍ അതോടെ മൂന്നരയോടെ എത്താന്‍ തുടങ്ങി.സ്‌കൂളുവിടുമ്പോഴേക്കും ഇരു കൈവരിയും കലുങ്കും നിറയും. ചൂളം വിളികള്‍...പാട്ട്‌...കണ്ണിറുക്കല്‍....ചിലര്‍ കൈവരിയില്‍ നിന്ന്‌എഴുന്നേറ്റ്‌ പുറകെ പോകും. വെയിറ്റിംഗ്‌ ഷെഡ്ഡിലേക്ക്‌...ഒരേ പെണ്‍കുട്ടിയെ പ്രേമിക്കുന്നവരാകട്ടെ ഉന്തും തള്ളുമാവും

വി.എച്ച്‌.എസ്‌.സി സുന്ദരികള്‍ക്കൊക്കെ ഇരട്ടപ്പേരുണ്ടാവും. മുയലും, കൊക്കും, തത്തയും....

മുയല്‍ വീട്ടിലെ പെണ്‍കുട്ടികള്‍ മൂന്നുനാലു വര്‍ഷം സജീവമായിരുന്നു വി.എച്ച്‌.എസ്‌.സിയില്‍ ..ഫസ്റ്റ്‌ ഇയറും സെക്കന്റ്‌ ഇയറുമായി മൂന്നു സഹോദരിമാര്‍ ......രണ്ടാമത്തെ മുയലായിരുന്നു അതിസുന്ദരി. അവളെ നോട്ടമിട്ട ഞങ്ങളുടെ നാട്ടുകാര്‍ പയ്യന്മാര്‍ തല്ലുകൂടിയത്‌ മിച്ചം. എന്റെ ക്ലാസ്‌മേറ്റ്‌ ബൈജുവിനെ അവരുടെ അപ്പച്ചന്‍ ഗാര്‍ഡാക്കി. അവര്‍ അയല്‍ക്കാരായിരുന്നു. മുയലുകള്‍ അവന്റെ നോട്ടത്തിന്‌ പുറത്തുപോയില്ല.

പക്ഷേ, അവന്‍ ഞങ്ങലെ നോക്കി സൈറ്റടിച്ചു.
"നിന്റെ കണ്ണു കുത്തിപ്പൊട്ടിക്കും കേട്ടോ ബൈജു"..
"മുയലുകളെ നോക്കി ഒന്നു കൊടുക്കാന്‍ പറ്റുന്നില്ലാലോ...പിന്നെ.."- അവന്‍ പറഞ്ഞു.

വി.എച്ച്‌.എസ്‌.സിക്കാര്‍ പോയാലും കൈവരി ഒഴിയില്ല. മഴയായാലും വേനലായാലും...കടയിലും ട്യൂഷനും പോകുന്ന ഞങ്ങളാണ്‌ കുടുങ്ങുന്നത്‌. പാലം കടക്കാന്‍ കുറച്ചു പ്രയാസപ്പെടണം. എങ്ങോട്ടും നോക്കാതെ ഒറ്റ നടത്തമാണ്‌. കൈവരിയിലിരിക്കുന്നവരൊന്നും ശരിയല്ല എന്നൊരു കഥ അന്നു പ്രചരിച്ചിരുന്നു. ....എങ്ങോട്ടും നോക്കാതെയുള്ള നടത്തമായിരുന്നു എന്നെ കുടുക്കിയത്‌.

മഴയാണെങ്കില്‍ കൂടുതല്‍ സൗകര്യമായി പാലം കടക്കാന്‍ കുടമറച്ചു പിടിച്ച്‌ ഒറ്റ നടത്തം. തെക്കേയറ്റത്ത്‌ എത്തിയപ്പോള്‍ കുടയാരോ പിടിച്ചു വലിച്ചു. ഞാനന്ന്‌ പത്താംക്ലാസുകാരി. ചേട്ടന്‌ ആളുമാറിയെന്ന്‌ ഉറപ്പിച്ചു.
'അയ്യോ' എന്നൊന്ന്‌ പറയുകയും ചെയ്‌തു ചേട്ടന്‍.
കുറേ ദിവസം കഴിഞ്ഞാണ്‌ ചേട്ടനും കൂട്ടുകാരനും പുറകെ പോന്നത്‌. രണ്ടുപേരെയും എനിക്കറിയാം. അയല്‍വാസിയല്ല. എങ്കിലും അടുത്താണ്‌.

അടുത്തെത്തിയപ്പോള്‍ ചേട്ടന്‍പറഞ്ഞു "കൊടേപിടിച്ചു പൊക്കിയത്‌ ചുമ്മാതെയല്ലാട്ടോ, കൊച്ചിനെ ഇവനിഷ്ടവാ....."
......
പോലീസ്‌, ഫോറസ്‌റ്റ്‌, മറ്റു സര്‍ക്കാരാഫീസുകളില്‍ ജോലിയാണ്‌ അന്ന്‌ കൈവരിയിലിരുന്ന പലര്‍ക്കും...കുടുംബവും കുട്ടികളുമായി...

ഇപ്പോഴും സജീവമാണ്‌ കൈവരി. പക്ഷേ ഇപ്പോള്‍ അവരല്ലെന്നുമാത്രം.

ഒരു ചോദ്യം മാത്രം. പാലമേ നിനക്ക്‌ കൈവരിയില്ലായിരുന്നെങ്കില്‍.....

*തലക്കെട്ടിന്‌ പി പത്മരാജനോട്‌ കടപ്പാട്‌

Tuesday, August 7, 2007

ജീന്‍സിട്ട പെണ്‍കുട്ടിയെ ഒറ്റയ്‌ക്കു കിട്ടിയാല്‍ എന്തുചെയ്യണം?


അത്ഭുതപ്പെടേണ്ട. അക്‌ബര്‍ കക്കട്ടില്‍ എഴുതിയ കഥയുടെ പേരാണിത്‌. (മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ 2007 ആഗസ്റ്റ്‌ 12-18 ലക്കം 24) .ആഴ്‌ചപ്പതിപ്പ്‌ കൈയ്യില്‍ കിട്ടിയപ്പോള്‍ തിരക്കിനിടയിലും പതിവുപോലെ ആരുടെയൊക്കെ കഥകളാണുള്ളത്‌ എന്നു നോക്കിപ്പോയതാണ്‌. കഥയുടെ പേരില്‍ കണ്ണുടക്കി. മനസ്സും.
ഈ തലക്കെട്ടുകണ്ട്‌ പലവിധ വിചാരങ്ങളായി പിന്നെ....
ജീന്‍സിട്ട പെണ്‍കുട്ടിയെ ആര്‍ക്ക്‌ ഒറ്റയ്‌ക്കു കിട്ടിയാലാണ്‌..?
എന്തായിരിക്കും ചെയ്‌തിരിക്കുക ?അല്ലെങ്കില്‍ എന്താണ്‌ ചെയ്യേണ്ടത്‌?
അത്‌ നല്ലതോ ചീത്തയോ?
അവള്‍ ജീന്‍സിട്ടത്‌ വലിയ അപരാധമാണോ...?
വായന തുടങ്ങും മുമ്പേ ഒരാധി...


ജീന്‍സും ടോപ്പും ധരിച്ച പെണ്‍കുട്ടി ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനായി നഗരത്തിലെത്തുന്നു. ചെറുപ്പക്കാരനായ ഒരു ഓട്ടോ ഡ്രൈവറുടെ അടുത്തു ചെന്ന്‌ താനൊറ്റയ്‌ക്കാണുള്ളതെന്നും ഈ നഗരം പരിചയമില്ലെന്നും തന്നെ നല്ലൊരു ഹോട്ടലില്‍ കൊണ്ടു വിടാമോ എന്നും ചോദിക്കുന്നു.വണ്ടിയലിരിക്കുമ്പോള്‍ അവള്‍ അവനോട്‌ പേരു ചോദിക്കുന്നു. പേരു പറയുമ്പോഴൊക്കെ ആളുകള്‍ അതില്‍ കേറിമേയും എന്ന്‌ പുരുഷന്‍ എന്ന പേരുകാരന്‍ പറയുന്നു.

അവന്‍ ഒരു ഹോട്ടലില്‍ അവളെ എത്തിക്കുകയും രണ്ടുദീവസത്തേക്ക്‌ അവ്‌ള്‍ക്കുവേണ്ടി ഓടണമെന്ന വാക്കു കേള്‍ക്കുകയും ചെയ്യുന്നു.സര്‍ട്ടിഫിക്കറ്റുകളുടെ ഫോട്ടോകോപ്പിയെടുക്കാന്‍ അവളെ സഹായിക്കുകയും, അവളോടൊത്ത്‌ ബീച്ചില്‍ പോവുകയും ശിവാജി കാണാന്‍ പോവുകയും ചെയ്യുന്നു പുരുഷന്‍...

'തികച്ചും ശാന്തമായിരുന്നാണ്‌ അവര്‍ സിനിമകണ്ടത്‌..ഒരു വികാരപ്രകടനമോ അഭിപ്രായപ്രകടനമോ രണ്ടുപേരുടെ ഭാഗത്തുനിന്നുമുണ്ടായില്ല'.

സിനിമ കഴിഞ്ഞ്‌ റസ്‌റ്റോറണ്ടില്‍ പോയി അവള്‍ അവന്‌ ബിയര്‍ വാങ്ങികൊടുക്കുന്നു. ഡിന്നര്‍ അവളോടൊപ്പം കഴിക്കാന്‍ മുറിയിലേക്ക്‌ ക്ഷണിച്ചിട്ട്‌ അവള്‍ ലിഫ്‌റ്റില്‍ കയറി പോകുന്നു.

പുരുഷന്‍ മുറിയിലെത്തുമ്പോള്‍ കാണുന്ന കാഴ്‌ച-
'നൈറ്റിയില്‍ നനഞ്ഞുകുളിച്ച്‌ കിടക്കയില്‍ വീണുകിടക്കുകയാണ്‌ പെണ്‍കുട്ടി.
"പുരുഷാ ഡോര്‍ ലോക്ക്‌ ചെയ്‌തേ"

അവന്‍ കതകു പൂട്ടുന്നതിനിടയില്‍ ഉത്‌കണ്‌ഠയോടെ ചോദിച്ചു. എന്താ പറ്റ്യേവലതുകാല്‍ തുടയില്‍ അമര്‍ത്തിപ്പിടിച്ച്‌ തേങ്ങുകയാണ്‌ പെണ്‍കുട്ടി.

"കുളിക്കുമ്പോ മസില്‌ കേറിയതാണ്‌ പുരുഷാ..ഇടയ്‌ക്കിങ്ങനെ ഉണ്ടാവാറുണ്ട്‌ ..ഒന്നിവിടെ അമര്‍ത്തിപ്പിടിച്ചേ.."അവള്‍ കാണിച്ച എല്ലാ ഭാഗങ്ങളിലും അവന്‍ അമര്‍ത്തിപ്പിടിച്ചു. തടവി...പതുക്കെ അവള്‍ ശാന്തയായി. അവന്‌ മനസ്സമാധാനവും കൈവന്നു. അവനാകെ പേടിച്ചു പോയിരുന്നു.

ഡിന്നര്‍ കഴിഞ്ഞപ്പോള്‍ അവള്‍:
" പുരുഷനിന്നു പോണോ ?ഇവിടെ കൂടിക്കൂടെ?"
പോകണമെന്ന്‌ അവന്‍ .

‍പിറ്റേന്ന്‌ ഇന്‍രര്‍വ്യൂ കഴിഞ്ഞ്‌ സ്റ്റാന്‍ഡിലേക്കു മടങ്ങുമ്പോള്‍ അവള്‍ പണമെടുത്തു കൊടുത്തിട്ട്‌ അവനോട്‌ ചോദിച്ചു

"പേരെന്താണെന്നാ പറഞ്ഞത്‌?"
അവന്‌ ആ ചോദ്യം അത്ഭുതമുണ്ടാക്കി.
"പുരുഷന്‍ "
"നല്ല പേര്‌".അവള്‍ കൈ വീശി യാത്രയായി.'

കഥ ഇവിടെ അവസാനിക്കുന്നു.
കഥയില്‍ നിന്ന്‌ നമ്മള്‍ എന്തു വിചാരിക്കണം.?
തലക്കെട്ടു വായിക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ തോന്നുന്നതുമായി നോക്കുക -പുരുഷന്റെ ബലഹീനതയെന്നോ ? ജീന്‍സിട്ട പെണ്‍കുട്ടിയെ കാണുമ്പോള്‍ പുരുഷന്‌ ഒന്നും തോന്നുന്നില്ലന്നോ? എന്നാല്‍ അവള്‍ സാരിയോ, പര്‍ദ്ദയോ ധരിച്ചാണ്‌ വന്നതെങ്കിലോ?കഥയാകെ മാറുമായിരുന്നെന്നോ?ജീന്‍സിട്ട പെണ്‍കുട്ടി വ്‌ല്ല ഫെമിനിസ്റ്റ്‌ുമാണെന്ന്‌ ധരിച്ചോ പുരുഷന്‍.?

...ജീന്‍സിട്ട പെണ്‍കുട്ടിക്കുമുമ്പില്‍ എത്ര നല്ലവന്‍ ഈ പുരുഷന്‍...പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ ഇങ്ങനെയൊരു പുരുഷനെ കണ്ടെത്തുക പ്രയാസം.

ജീന്‍സും ടോപ്പുമിട്ട പെണ്‍കുട്ടിക്ക്‌ സമൂഹത്തെ ഭയക്കേണ്ടെന്ന മുന്നറിയിപ്പാണോ ഈ കഥ നമുക്കു തരുന്നത്‌?

...എങ്കില്‍ പെണ്‍കുട്ടികളെ ഇതിലേ, ഇതിലേ.....

ഒരു ചിന്തയ്‌ക്ക്‌ വഴിവെച്ച കക്കട്ടിലിന്‌ നന്ദി.

Saturday, July 28, 2007

ഹോമിയോ എന്ന സുന്ദരമോഹന വാഗ്‌ദാനം

ചിക്കന്‍പോക്‌സിനു മുന്നോടിയായി വന്ന പനിയുടെ അസ്വസ്ഥതയോടെയാണ്‌ കുറിഞ്ഞി ഓണ്‍ലൈനില്‍ വന്ന ഹോമിയോ ചികിത്സയെക്കുറിച്ചുള്ള പോസ്‌റ്റുകള്‍ വായിക്കുന്നത്‌. കമന്റു കൊടുക്കണം എന്നു വിചാരിച്ചപ്പോഴേക്കും ചിക്കന്‍പോക്‌സ്‌ തുടങ്ങിക്കഴിഞ്ഞിരുന്നു. ഹോമിയോ ചികിത്സയുടെ പൊള്ളത്തരങ്ങളിലേക്ക്‌ വെളിച്ചം വിതറുന്നതായിരുന്നു ആ പോസ്‌റ്റുകള്‍.
അസുഖം മാറി വന്നപ്പോള്‍ ചിലതു കുറിക്കാതിരിക്കാന്‍ മനസ്സനുവദിക്കുന്നില്ല.
ചിക്കന്‍പോക്‌സാണെന്ന്‌ ഉറപ്പായപ്പോള്‍ സഹപ്രവര്‍ത്തകരില്‍ പലരും പറഞ്ഞു ഹോമിയോ ആണ്‌ മികച്ച ചികിത്സ എന്ന്‌. എന്റെ അനുഭവത്തില്‍ ചിക്കന്‍പോക്‌സിന്‌ ചികിത്സ ഇല്ലായിരുന്നു. പരമാവധി വിശ്രമിക്കുക, ആര്യവേപ്പിലെ വിതറികിടക്കുക, തണുത്ത കഞ്ഞി, കരിക്കിന്‍വെള്ളം, പഴങ്ങള്‍ കഴിക്കുക തുടങ്ങിയ ശീലങ്ങളേ കണ്ടിരുന്നുള്ളു. ഹോമിയോ മരുന്നു കഴിച്ചാല്‍ പെട്ടെന്നു മാറും എന്ന സുന്ദരമോഹന വാഗ്‌ദാനവും സഹപ്രവര്‍ത്തകര്‍ എനിക്കു നല്‍കി.
പക്ഷേ, മനസ്സനുവദിക്കുന്നില്ല. കുറിഞ്ഞി വായിച്ചിരിക്കുകയാണല്ലോ..ഒരു ഗുണവുമില്ലാത്ത പഞ്ചാരഗുളികകൊണ്ടെന്താവാന്‍....?ഏതായാലും സുവര്‍ണ്ണാവസരമാണ്‌..പരീക്ഷിക്കുക തന്നെ.
എന്തായാലും അതു നന്നായി എന്നു ഇപ്പോള്‍ വിചാരിക്കുന്നു. കാരണം പലതാണ്‌."എന്തു മരുന്നാ കഴിക്കുന്നേ?" എന്നു ചോദിച്ചവരോട്‌ 'ഹോമിയോ' ഒന്നു പറയാന്‍ പറ്റി. 'ഒന്നും കഴിക്കുന്നില്ല' എന്നു പറഞ്ഞാല്‍ "അയ്യോ മരുന്നെന്തെങ്കിലും കഴിക്കണേ, മാറാന്‍ താമസിക്കും" എന്നു പറഞ്ഞുകളയും ഇക്കൂട്ടര്‍.
പണ്ടേ മരുന്ന്‌ എന്ന പറഞ്ഞാന്‍ അലര്‍ജിയാണെനിക്ക്‌. ഏതു ചികിത്സയായാലും. ചുമ, ജലദോഷം, കഫക്കെട്ട്‌ തുടങ്ങിയ രോഗങ്ങളാണ്‌ ആക്രമിക്കാറുള്ളത്‌. ചുക്കുവെള്ളം, ആവി പിടിക്കുക തുടങ്ങിയവയില്‍ ഒതുങ്ങും ചികിത്സ. 'സ്വന്തം ചികിത്സയാണ്‌,' 'പറഞ്ഞാല്‍ കേള്‍ക്കില്ല' തുടങ്ങിയ വീട്ടുകാരുടെ ശകാരത്തിനു വഴങ്ങിയാണ്‌ പലപ്പോഴും ആശുപത്രിയില്‍ പോകുന്നത്‌.
അങ്ങനെ ചിക്കന്‍പോക്‌സിനു പേരുകേട്ട ഒരു ഹോമിയോ ഡോക്ടറെ ഞാന്‍ കണ്ടു. "മരുന്നു തരാം. ഏഴാം ദിവസം കുളിക്കാം. എട്ടാം ദിവസം മുതല്‍ ജോലിക്കുപോകാം."
ഹോ എന്തൊരാശ്വാസം!
രണ്ടാഴ്‌ച വേണം സാധാരണ ഗതിയില്‍ മാറാന്‍..ലീവ്‌ അത്രപോകില്ലല്ലോ..!
'പഥ്യം നോക്കണം തണുത്ത കഞ്ഞി മാത്രം.'
ശരി. മരുന്നു കിട്ടി. രണ്ടു ദിവസത്തേക്ക്‌ പത്തുമിനിറ്റ്‌ ഇടവിട്ട്‌ 'പഞ്ചാരമുട്ടായി'രണ്ടുദിവസം കൊണ്ട്‌ പനിമാറും.മൂന്നാം ദിവസംമുതല്‍ അരമണിക്കൂര്‍ ഇടവിട്ട്‌ അടുത്ത 'പഞ്ചാരമുട്ടായി' കൂടാതെ വീട്ടിലെല്ലാവര്‍ക്കും വരാതിരിക്കാന്‍ പ്രിവന്റീവ്‌ മെഡിസിന്‍.
എന്നെ സംബന്ധിച്ച്‌ അതാണ്‌ വലിയകാര്യം. രണ്ടു വയസ്സാവാത്ത്‌ കുഞ്ഞിന്‌ വരാതിരിക്കട്ടെ.....അങ്ങനെ പ്രിവന്റീവ്‌ മെഡിസിന്‍ അടക്കം ഒരു ലോഡ്‌ പഞ്ചാരമുട്ടായികളുമായി ഞാന്‍ വയനാട്‌ ഭര്‍തൃഗൃഹത്തലേക്ക്‌ വണ്ടി കയറി.
അവിടെ ചെന്നപ്പോള്‍ ഭര്‍ത്താവിന്റെ അമ്മക്ക്‌ കണ്ണില്‍കുരു. പിറ്റേന്ന്‌ വേദന സഹിക്കാനാകാതെ അലോപ്പതി ഡോക്ടറെ കാണിക്കാന്‍ പോയ ആള്‍ ഡോക്ടറെ കാണാഞ്ഞ്‌ ഹോമിയോ ഡോക്ടറുടെ അടുത്തെത്തി. സ്‌പിരിറ്റു മണക്കുന്ന വെള്ളം കൊണ്ട്‌ കണ്ണിനു ചുറ്റും പുരട്ടിക്കൊണ്ടിരുന്നു. എവിടെ മാറാന്‍..പിറ്റേന്ന്‌ കാര്യമ്പാടി കണ്ണാശുപത്രിയില്‍ പോയി മരുന്നുമായി വന്നു. മരുന്നുപുരട്ടി, ഗുളികകഴിച്ച്‌ അരമണിക്കൂറിനകം വേദന പോയി..കുരു പൊട്ടിപോവുകയും ചെയ്‌തു.
ഞാന്‍ പത്തുമിനിറ്റ്‌ ഇടവിട്ട്‌ അഞ്ചുമുട്ടായി തിന്നും. മൂന്നുദിവസം പനിക്കും മൂന്നു ദിവസം കൊണ്ട്‌ ഉണങ്ങും എന്നാണ്‌ പറയാറ്‌. പോരാത്തതിന്‌ ഹോമിയോ മരുന്നു കഴിക്കുകയും ചെയ്യുന്നു. പനിച്ച്‌ ഞെളിപിരി കൊള്ളുകയാണ്‌. കിടക്കാന്‍ വയ്യ. ഇരിക്കാന്‍വയ്യ. നില്‍ക്കാന്‍ വയ്യ. തലകുത്തി നില്‍ക്കാനാണ്‌ തോന്നുന്നത്‌. പനി മൂന്നാം ദിവസത്തിലേക്ക്‌ കടന്നപ്പോള്‍ ആശ്വസിച്ചു. ഇന്നുകൂടി സഹിച്ചാല്‍ മതിയല്ലോ.പക്ഷേ പനി വിട്ടത്‌ അഞ്ചാം ദിവസമാണ്‌. ഹോമിയോ ഡോക്ടറെ ഫോണ്‍ചെയ്‌തു ചോദിച്ചു.
"പനി മാറുന്നില്ലല്ലോ സര്‍...?"
"ചിക്കന്‍പോക്‌സിന്റെ ഗുണമിതാണ്‌. ചിലപ്പോള്‍ മാറുന്നതുവരെ പനിച്ചുകൊണ്ടേയിരിക്കും."
തൊണ്ടവേദന, ചുമ, കഫക്കെട്ട്‌ തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ട്‌ കൂട്ടത്തില്‍.
ഗതികെട്ട്‌ മെഡിക്കല്‍കോളജിലെ സ്‌നേഹിതയായ ഡോക്ടറെ വിളിച്ചു. " കുട്ടികള്‍ക്കുണ്ടാവും പോലെയല്ല മുതിര്‍ന്നവര്‍ക്ക്‌ കുറച്ചു രൂക്ഷത കൂടും. ഒരു വൈറല്‍ രോഗത്തിനും അലോപ്പതിയില്‍ മരുന്നില്ല. പക്ഷേ, രൂക്ഷതകുറക്കാന്‍ ഉപകരിക്കുന്ന ആന്‌റിബയോട്ടിക്‌ ഉ്‌ണ്ട്‌. വൈറല്‍ ഇന്‍ഫക്ഷനൊപ്പം ബാക്ടടീരില്‍ ഇന്‍ഫക്ഷനുമുണ്ടാകും. അതാണ്‌ തൊണ്ടവേദനയും ചുമയും മറ്റും." അവര്‍ പറഞ്ഞു.
ആവശ്യമെങ്കില്‍ കഴിക്കാന്‍ മരുന്നുകളുടെ പേര്‌ മെസ്സേജ്‌ ചെയ്‌തു തന്നു. പിറ്റേന്ന്‌ പനി വിട്ടതു കൊണ്ട്‌ അതു കഴിക്കേണ്ടി വന്നില്ല.സുനിലിന്റെ അമ്മാവന്റെ മകനും മോള്‍ക്കുമാണ്‌ചിക്കന്‍ പോക്‌സ്‌ വരാത്തത്‌. ഇവര്‍ക്ക്‌ പ്രതിരോധ മരുന്നു കൊടുക്കുന്നുണ്ട്‌ സമയാസമയങ്ങളില്‍.
പതിനഞ്ചു ദിവസം കഴിഞ്ഞ്‌ കോഴിക്കോട്‌ മടങ്ങിയെത്തി. വന്ന അന്നു മോള്‍ക്കു പനി. യാത്ര ചെയ്‌തുതുകൊണ്ടായിരിക്കുമെന്നു സമാധാനിക്കുമ്പോഴേക്കും ദേഹമാകെ കുരുക്കള്‍...അവള്‍ക്ക്‌ വന്ന്‌ മൂന്നാം ദിവസം മുതല്‍ അമ്മാവന്റെ മകനും.....
വയനാട്ടില്‍ രണ്ടു വര്‍ഷം സ്ഥിരമായി നിന്നപ്പോഴായിരുന്നു ഞാന്‍ ഏറ്റവുമധികം മരുന്നുപയോഗിച്ചത്‌. കഫക്കെട്ട്‌ ഒരിക്കലും മാറില്ല...ആന്റിബയോട്ടിക്‌ കഴിക്കുമ്പോള്‍ കുറയും. പക്ഷേ, നെഞ്ചരിച്ചില്‍, ദഹനത്തിനെന്തങ്കിലും തകരാറ്‌ വന്നു കൊണ്ടിരിക്കും. ആയുര്‍വേദം കഴിക്കുമ്പോഴും കഴിക്കുമ്പോള്‍ കുറയും..പക്ഷേ, മാറില്ല. ഹോമിയ തീരാവ്യാധി മാറ്റുമെന്നു കേട്ട്‌ അന്നൊരിക്കല്‍ കോഴിക്കോടിനു പുറപ്പെട്ടു. കോഴിക്കോട്ടെ പ്രശസ്‌തനായ, സ്വന്തമായി ആശുപത്രിയുള്ള ഹോമിയോ ഡോക്ടര്‍. എന്തു ചെയ്യാന്‍...പഞ്ചാരമുട്ടായി അന്നും കിട്ടി കുറേയെണ്ണം. കഴിക്കാന്‍ തുടങ്ങിയ അന്നു മുതല്‍ കൂടുകയല്ലാതെ കഫക്കെട്ട്‌ കുറഞ്ഞില്ല.
കാരണം അതൊരു വൃശ്ചികം -ധനുമാസമായിരുന്നു. കുംഭം-മീനമാസമായിരുന്നെങ്കില്‍ കുറഞ്ഞേനെ...!
മോള്‍ക്ക്‌ എന്തസുഖം വന്നാലും ഒന്നോ രണ്ടോ ദിവസം കഴിഞ്ഞെ ഡോക്ടറെ കാണിക്കാറുള്ളു. ഒന്നാമത്‌ മരുന്നു കഴിപ്പിക്കാനുള്ള പ്രയാസം. അലോപ്പതി കഴിക്കുമ്പോള്‍ വിശപ്പു കുറവായിരിക്കും. പിന്നെ ഒരാഴ്‌ചയാവും ഭക്ഷണം കഴിച്ചു തുടങ്ങാന്‍. ജോലിക്കുപോകുന്നതുകൊണ്ട്‌ അവളോടൊപ്പം കൂടുതല്‍ ദിവസം ഇരിക്കാന്‍ കഴിയാറുമില്ല. ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോകാത്തതിന്‌ നിന്റെ സ്വന്തം ചികിത്സ എന്നു പറഞ്ഞു പരിഹസിക്കുന്നവരോട്‌ ഹോമിയോ വഴി പകരം വീട്ടാം.കുഞ്ഞ്‌ യാതൊരു മടിയുമില്ലാതെ പഞ്ചാരമുട്ടായി കഴിക്കുകയും ചെയ്യും...മരുനനു കൊടുത്തില്ലെന്നുള്ള പരാതിയും ഒഴിവാകും.
കുഞ്ഞബ്ദുള്ള എഴുതിയപോലെ ഡോക്ടറെകണ്ട്‌ മരുന്നു കഴിച്ചാല്‍ പനി ഏഴു ദിവസംകൊണ്ടും കാണിക്കാതിരുന്നാല്‍ ഒരാഴ്‌ചകൊണ്ടു മാറും.എന്നാല്‍ പറയാതെ തരമില്ല ഈ പഞ്ചാരമുട്ടായി രണ്ടു ദീവസം കൊടുക്കുമ്പോള്‍ വിശപ്പു കൂടുന്നതായി കാണുന്നുണ്ട്‌.
എന്റെ ഒരു കൂട്ടുകാരി ഫൈബ്രോയ്‌ഡ്‌സിന്‌ ഹോമിയോ ചികിത്സ നടത്തി ഒരു വര്‍ഷക്കാലം (കുട്ടികളില്ല അതിനുകൂടി). പക്ഷേ, ഓപ്പറേഷന്‍ തന്നെ വേണ്ടി വന്നു അവസാനം.
നാലുവര്‍ഷം മുമ്പ്‌ വിഷചികിത്സയില്‍ മിശ്രചികിത്സയുടെ സാധ്യത മനസ്സിലാക്കാന്‍ നടത്തിയ ശ്രമത്തിനിടയില്‍ കോഴിക്കോട്‌ ഹോമിയോ മെഡിക്കല്‍ കോളജില്‍ ഞാന്‍ പോവുകയുണ്ടായി. അന്ന്‌ അവിടുത്തെ പ്രൊഫസര്‍മാരില്‍ നിന്നു കിട്ടിയ വിവരം ഞെട്ടിപ്പിക്കുന്നതായിരുന്നു. ഹാനിമാന്റെ കാലത്തുതന്നെ വിഷത്തിനുള്ള മരുന്നുകളുണ്ടായിരുന്നു എന്നും പക്ഷേ ആരും ചെയ്‌തു നോക്കാന്‍ ധൈര്യപ്പെടുന്നില്ല എന്നും ഞങ്ങളെ പഠിപ്പിച്ച പ്രൊഫസര്‍മാരും അതിനെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ലെന്നുമായിരുന്നു വിശദീകരണം.
ആരെങ്കിലും പാമ്പുകടിയേറ്റു വന്നാല്‍ പ്രഥമ ശുശ്രൂഷ നല്‌കി മെഡിക്കല്‍ കോളജിലേക്ക്‌(ആധുനീകം) വിടുകയാണ്‌ ചെയ്യാറെന്നും ജീവന്‍ പന്താടാന്‍ പറ്റില്ലല്ലോ എന്ന നെടുവീര്‍പ്പും.
ഒരു ആധികാരിക സ്ഥാപനത്തിലെ മേലധികാരിയുടേതാണു വാക്കുകള്‍ എന്നോര്‍ക്കണം. നിങ്ങള്‍ക്കെന്തു തോന്നുന്നു വായനക്കാരെ...അന്ന്‌ എന്നോടൊപ്പം ഉണ്ടായിരുന്ന രമ്യയോട്‌ ഞാന്‍ പറഞ്ഞു.
"രമ്യാ നമുക്കു കുറേ ഗിനിപ്പന്നികളേയും എലികളേയും ഇവര്‍ക്കെത്തിച്ചു കൊടുത്താലോ?"
ഹോമിയോയെ അരക്കിട്ടുറപ്പിക്കുന്ന ചില 'മിറക്കിള്‍' സംഭവിക്കുന്നില്ലേ എന്ന സംശയവും ബാക്കി നില്‍ക്കുന്നുണ്ട്‌. നാട്ടില്‍ ഞങ്ങളുടെ അയല്‍വാസിയുടെ ജ്യേഷ്‌ഠന്‍ പ്രായം 75നു മുകളില്‍. കാലില്‍ ക്യാന്‍സറായിരുന്നു. തൃശൂര്‍ അമലയില്‍ നിന്ന്‌ ഒരു വിരള്‍ മുറിച്ചുമാറ്റി.പിന്നീട്‌ കാലുമുറിച്ചു മാറ്റണമെന്നായിരുന്നു പറഞ്ഞിരുന്നത്‌. അതിനു തയ്യാറെടുത്തു ചെന്നയാള്‍ വഴിക്കുവെച്ച്‌ ഞാറക്കലുള്ള ഹോമിയോ ചികിത്‌സയെക്കുറിച്ചു കേള്‍ക്കുകയും കേവലം 30 രൂപയുടെ മരുന്നു രണ്ടു മാസത്തോളം കഴിക്കുകയും ചെയ്‌തു. പത്തു വര്‍ഷം മുമ്പത്തെ കാര്യമാണിത്‌. ആളിപ്പോഴും പതിനാറിന്റെ ചുറുചുറുക്കോടെ നടക്കുന്നു. എന്താണിവിടെ സംഭവിച്ച 'മിറക്കിള്‍'.
ഇതൊക്കെയല്ലേ ഹോമിയോയെ രക്ഷിച്ചു നിര്‍ത്തുന്നത്‌.
ചിക്കന്‍പോക്‌സു മാറിയപ്പോള്‍ മുഖത്താകെ കറുത്ത കലകള്‍...കലയ്‌ക്കും ഹോമിയോ മരുന്നുണ്ടുപോലും. ഒരാഴ്‌ചകൊണ്ടു മാറും. പ്രലോഭിപ്പിക്കുന്നു...രക്തചന്ദനവും തേനുമുണ്ട്‌, പച്ചമഞ്ഞളും ആര്യവേപ്പിലയുമുണ്ട്‌, ചെറുപയര്‍ പൊടിയോ, കടലപ്പൊടിയോ ഉപയോഗിച്ചു കുളിക്കാം, വേണമെങ്കില്‍ കലാമിന്‍ ലോഷന്‍ വാങ്ങാം, കുങ്കുമാദി ലേപം വാങ്ങാം....ഏതാണു വേണ്ടതെന്നു തീരുമാനിക്കുകയെ വേണ്ടു.....
കുറിഞ്ഞി പോസ്‌റ്റുകള്‍ വായിക്കാത്തവര്‍ വായിക്കുക http://www.kurinjionline.blogspot.com/