Monday, March 19, 2007

ഷരീഫാ ഖാനത്തെ കേരളത്തിലെ മുസ്ലീങ്ങള്‍ക്കറിയുമോ?




ഭര്‍ത്താവ്‌ പൊതുപ്രവര്‍ത്തനത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന ചോദ്യത്തോട തനിക്ക്‌ വെറുപ്പാണ്‌ എന്നവര്‍ പറയുന്നു. അതുപോലെ 'ഒറ്റ സ്‌ത്രീ' എന്ന പ്രയോഗവും. "വിവാഹിതയായലും നിങ്ങള്‍ക്ക്‌ നിങ്ങളുടെ സ്വകാര്യലോകവും ചിന്തകളുമുണ്ട്‌. അതിനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്‌. അതുകൊണ്ട്‌ വിവാഹം കഴിച്ചെങ്കിലും ഞാനിന്നും 'ഒറ്റ സ്‌ത്രീ'യാണ്‌ പ്രധാനപ്പെട്ട ഒരര്‍ത്ഥത്തില്‍. എനിക്ക്‌ ഭര്‍ത്താവില്‍നിന്ന്‌ വേറെ ഒരു ജീവിതം തന്നെയുണ്ട്‌. " ഷെരീഫ പറയുന്നു.


കഴിഞ്ഞ ലക്കം മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ തമിഴ്‌നാട്ടുകാരി ഷെരീഫ ഖാനവുമായി അഭിമുഖമുണ്ട്‌. തമിഴ്‌നാട്‌ മുസ്ലീം ജമാഅത്ത്‌ പ്രവര്‍ത്തകയാണ്‌ ‌അവര്‍.
വ്യവസ്ഥാപിത ജമാഅത്തുകള്‍ സ്‌ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക്‌ വേണ്ടത്ര പ്രാധാന്യവും പരിഗണനയും നല്‌കാന്‍ മിനക്കെടാറില്ലാത്തതിലുള്ള പ്രതിഷേധമെന്ന നിലയിലാണ്‌ തമിഴ്‌നാട്‌ മുസ്ലീം ജമാഅത്ത്‌ പ്രവര്‍ത്തനമാരംഭിച്ചത്‌. വ്യവസ്ഥാപിത ജമാഅത്തുകള്‍ ചിലകാര്യങ്ങളില്‍ (തലാഖ്‌, ബഹുഭാര്യത്വം) ശരീഅത്തിന്റെ അധികാരം ഉയര്‍ത്തിക്കാട്ടുമ്പോള്‍ മറ്റു പലകാര്യങ്ങളിലും (സ്‌ത്രീധനം, മഹര്‍, സ്‌ത്രീയുടെ സ്വത്തവകാശം) ആ ശാഠ്യം ഉപേക്ഷിച്ചു കളയുന്നു എന്നതിലുള്ള പ്രതിഷധമാണ്‌ ഈ സ്ഥാപനങ്ങളില്‍ അലയടിച്ചുകൊണ്ടിരിക്കുന്നത്‌ . ഇതിന്റെ പ്രവര്‍ത്തകയാണ്‌ ഷരീഫ ഖാനം.

" സ്‌ത്രീക്കും പുരുഷനും തുല്യനീതി ലഭിക്കുന്നുടത്തെ നീതിയുള്ളു എന്ന വിശ്വാസമാണ്‌ ഞങ്ങളെ നയിക്കുന്നത്‌. ഞങ്ങള്‍ വിളിച്ചാല്‍ പല പുരുഷന്മാരും വരാറില്ല. വരുന്നവര്‍ തന്നെ മുരടന്‍ വര്‍ത്തമാനങ്ങളുമായാണ്‌ വരുന്നത്‌.."എന്നവര്‍ പറയുന്നു. മതത്തിന്റെ ചട്ടക്കുടില്‍ നിന്നുകൊണ്ടുതന്നെയാണ്‌ അവര്‍ പ്രവര്‍ത്തിക്കുന്നത്‌ .

ഭര്‍ത്താവ്‌ പൊതുപ്രവര്‍ത്തനത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന ചോദ്യത്തോട തനിക്ക്‌ വെറുപ്പാണ്‌ എന്നവര്‍ പറയുന്നു. അതുപോലെ 'ഒറ്റ സ്‌ത്രീ' എന്ന പ്രയോഗവും.

"വിവാഹിതയായലും നിങ്ങള്‍ക്ക്‌ നിങ്ങളുടെ സ്വകാര്യലോകവും ചിന്തകളുമുണ്ട്‌. അതിനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്‌. അതുകൊണ്ട്‌ വിവാഹം കഴിച്ചെങ്കിലും ഞാനിന്നും 'ഒറ്റ സ്‌ത്രീ'യാണ്‌ പ്രധാനപ്പെട്ട ഒരര്‍ത്ഥത്തില്‍. എനിക്ക്‌ ഭര്‍ത്താവില്‍നിന്ന്‌ വേറെ ഒരു ജീവിതം തന്നെയുണ്ട്‌. " ഷെരീഫ പറയുന്നു.

-ആണുങ്ങളും പെണ്ണുങ്ങളും ഞങ്ങളെ ഉപദേശിക്കാന്‍ മുതിരാറുണ്ട്‌. തലയില്‍ തട്ടം കണ്ടില്ലെങ്കില്‍ പറയും "ഷരീഫ തട്ടം ധരിക്കുന്നതാണ്‌ നല്ലത്‌" എന്ന്‌. അപ്പോള്‍ ഞാനും പറയും, ഏറ്റവും ഇസ്ലാം വിരുദ്ധ നടപടിയായ സ്‌ത്രീധനത്തെ നിരോധിക്കാന്‍ എല്ലാ ജമാഅത്തുകള്‍ക്കും ധൈര്യമുണ്ടാകുന്ന ഒരു കാലം വരട്ടെ, അന്നു മുതല്‍ ഞാന്‍ പര്‍ദ്ദ ധരിച്ചേ നടക്കു._

നമ്മുടെ കേരളത്തിലുള്ള ഏതെങ്കിലും സ്‌ത്രീ ഇങ്ങനെ സംസാരിക്കുമോ? - വായിച്ചപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു.

സ്‌ത്രീകളുടെ ചെറിയ പോരായ്‌മകളെ പര്‍വതീകരിച്ച്‌ കാണിക്കുകയും അവളുടെ നാവിന്‌ കടിഞ്‌ഞാണിടുകയുമല്ലേ നമ്മുടെ സമൂഹം ചെയ്യുന്നത്‌.

കേരളത്തിലെ ഏതെങ്കിലും മുസ്ലീം സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന സ്‌ത്രീക്ക്‌ ഉറക്കെ പറയാനാവുമോ ഇങ്ങനെ?

തൊടുപുഴക്കടുത്ത്‌ ഒരു വിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍ മനസ്സിനെ വല്ലാതെ മുറിപ്പെടുത്തിയ സംഭവമുണ്ടായി. കൊടുക്കുന്ന സ്‌ത്രീധനത്തിന്റെ രണ്ടു ശതമാനം പള്ളിക്കു കൊടുത്താലേ നിക്കാഹു നടത്തൂ എന്ന്‌ തര്‍ക്കം. പെണ്‍വീട്ടുകാര്‍ ഉള്ളതു മുഴുവന്‍ വിറ്റുപെറുക്കിയും കടം വാങ്ങിയുമാണ്‌ വിവാഹം നടത്തുന്നത്‌. അതില്‍ നിന്നു രണ്ടുശതമാനം പള്ളിക്ക്‌ . അവസാനം നിക്കാഹുനടത്തിക്കിട്ടാന്‍ പണം നല്‌കേണ്ടിവന്നു. അന്വേഷിച്ചപ്പോള്‍ ഇത്‌ പതിവാണത്രേ. എന്നാല്‍ സ്‌ത്രീധനം വാങ്ങുന്ന പുരുഷന്മാരുടെ കൈയ്യില്‍ നിന്നാണിത്‌ വാങ്ങുന്നതെങ്കിലോ? സസ്‌ത്രീധനം വാങ്ങുന്നതിനുള്ള ശിക്ഷ എന്ന നിലയിലാണെങ്കിലോ?
സ്‌ത്രീധനം തെറ്റായ മുസ്ലീം സമൂഹത്തിലാണിത്‌. കൂടാതെ രാജ്യത്ത്‌ സ്‌ത്രീധന നിരോധന നിയമവുമുണ്ട്‌.
ആരുണ്ട്‌ പ്രതികരിക്കാന്‍.....?
പ്രതികരിക്കുന്നവരുടെ പെണ്‍മക്കള്‍ വീട്ടിലിരിക്കുകയേ ഉള്ളു എന്ന മുതുനെല്ലിക്കയും.
പിന്നെ ആരു പ്രതികരിക്കാന്‍...?
പെണ്‍മക്കള്‍ക്ക്‌ പ്രതികരിക്കാം...അപ്പോഴുമുണ്ട്‌ മറുചോദ്യം
'പണമുള്ളവര്‍ കെട്ടിച്ചുവിടും..ഇല്ലാത്തവര്‍ പ്രതികരിച്ചിരിക്കുകയേയുള്ളൂ.'
ഇവിടെ ഷരീഫ ഖാനം കേരളീയര്‍ക്കൊരു മാതൃകയാവട്ടെ.

കടപ്പാട്‌

മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌


Thursday, March 8, 2007

ഞങ്ങള്‍ സന്തുഷ്ടരാണ്‌-ഒരു പുറംപൂച്ച്‌




ഗാര്‍ഹിക പീഡന നിരോധന നിയമം, സ്‌ത്രീധന നിരോധന നിയമം, ബാലവിവാഹം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ചോദിക്കുന്നുണ്ട്‌ അവതാരക. മറുപടിയാണ്‌ രസം.
"നാട്ടിലൊക്കെ അങ്ങനെ കേള്‍ക്കുന്നു. എനിക്കെങ്ങനെ തോന്നിയിട്ടില്ല."
ഗാര്‍ഹിക പീഡനം സ്‌ത്രീ പരിധിയില്‍ മാത്രം ഒതുങ്ങിയാല്‍ പോരാ. പുരുഷന്മാരും പീഡനം അനുഭവിക്കുന്നുണ്ടെന്ന്‌ രണ്ടുപേര്‍. വനിതാദീനത്തില്‍ സ്‌ത്രീകളെ കുറിച്ച്‌ പറഞ്ഞില്ലെങ്കിലും പുരുഷന്മാര്‍ക്കിരിക്കട്ടെ സപ്പോര്‍ട്ട്‌.


"പാട്ടിന്റെ പാലാഴിയിലേക്ക്‌ സ്വാഗതം. ഇന്ന്‌ അന്താരാഷ്ട്ര വനിതാദിനമാണല്ലോ. ഈ ദിനത്തില്‍ നിങ്ങള്‍ക്കെന്താണ്‌ പറയാനുള്ളത്‌."

ഇന്നുച്ചക്ക്‌ കോഴിക്കോട്‌ ആകാശവാണിയില്‍ കേട്ട തത്സമയഫോണ്‍-ഇന്‍ പരിപാടിയില്‍ കേട്ടതാണിത്‌. വിളിക്കാവുന്നത്‌ സ്‌ത്രീകള്‍ക്ക്‌ മാത്രം.ഒരുമണിക്കൂര്‍ നീണ്ട പരിപാടിയില്‍ ആര്‍ജ്ജവമുള്ള ഒരു വാക്കു കേള്‍ക്കാനായില്ലെന്നത്‌ ഈ വനിതദിനത്തില്‍ ഓര്‍ക്കേണ്ട ദൂഖസത്യം.


സംസാരിച്ച സ്‌ത്രീകളൊക്കെ സംസാരിച്ചത്‌ മാതൃത്വത്തിന്റെ മഹത്വത്തെക്കുറിച്ച്‌. അവതാരക ഇതോടെ വെട്ടിലായി. വിഷയം മാറ്റാന്‍ അവതാരകതന്നെ ശ്രമിച്ചു. കാരണം ഇന്ന്‌ മാതൃദീനമല്ലല്ലോ.

" ഒരു സ്‌ത്രീയായിരിക്കുന്നതില്‍ നിങ്ങള്‍ അഭിമാനിക്കുന്നണ്ടോ?"

"ഉണ്ട്‌."

"ജീവിതത്തിന്റെ ഒരു ഘട്ടത്തിലും എനിക്ക്‌ സ്‌ത്രീയായ് ജീവിക്കേണ്ടായിരുന്നു എന്നു തോന്നിയിട്ടില്ലേ?"

ഒരിക്കലുമില്ലെന്ന്‌ മറുപടി.

"അടുത്തജന്മത്തിലും സ്‌ത്രീയായി ജനിക്കണമെന്നു തന്നെ കരുതുന്നു അല്ലേ"

"അതേ"


ഗാര്‍ഹിക പീഡന നിരോധന നിയമം, സ്‌ത്രീധന നിരോധന നിയമം, ബാലവിവാഹം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ചോദിക്കുന്നുണ്ട്‌ അവതാരക. മറുപടിയാണ്‌ രസം.

"നാട്ടിലൊക്കെ അങ്ങനെ കേള്‍ക്കുന്നു. എനിക്കെങ്ങനെ തോന്നിയിട്ടില്ല."

ഗാര്‍ഹിക പീഡനം സ്‌ത്രീ പരിധിയില്‍ മാത്രം ഒതുങ്ങിയാല്‍ പോരാ. പുരുഷന്മാരും പീഡനം അനുഭവിക്കുന്നുണ്ടെന്ന്‌ രണ്ടുപേര്‍. വനിതാദീനത്തില്‍ സ്‌ത്രീകളെ കുറിച്ച്‌ പറഞ്ഞില്ലെങ്കിലും പുരുഷന്മാര്‍ക്കിരിക്കട്ടെ സപ്പോര്‍ട്ട്‌.


"അപ്പോള്‍ നിങ്ങളെല്ലാവരും സന്തുഷ്ടരാണ്‌."


അടുത്തൊരു ചോദ്യം കുറിക്കു കൊള്ളുന്നതായിരുന്നു.

"പുറത്തിങ്ങനെയൊക്കെ പറയുകയും കുടുംബത്തില്‍ പീഡനമനുഭവിക്കുകയും ചെയ്യുന്നവരല്ലേ പലരും"

കൃത്യമായി മറുപടി പറയാനൊക്കുന്നില്ല ആര്‍ക്കും.


ഒരാള്‍ മാത്രം പറഞ്ഞു. വഴിയെ നടക്കുമ്പോള്‍ പുരുഷന്മാര്‍ കമന്റടിക്കുന്നു. ഒരിക്കലൊരുത്തനെ ചെരുപ്പൂരുയടിച്ചു എന്ന്‌. അതിന്‌ അവള്‍ അഹങ്കാരിയാണ്‌ എന്ന മറുപടിയാണ്‌ ചിലര്‍ പറഞ്ഞതെന്നും.

ഒരു റേഡിയോ പരിപാടിയാവുമ്പോള്‍ ഗ്രാമ പ്രദേശങ്ങളിലാണ്‌ കൂടുതല്‍ ശ്രോതാക്കള്‍. പ്രത്യേകിച്ച്‌്‌്‌ താഴേക്കിടയിലുള്ളവര്‍. (F M ശ്രോതാക്കളെ മറന്നല്ല. )


അവസാനം നൂര്‍ബീന റഷീദ്‌ ലൈനില്‍. ഗാര്‍ഹിക പീഡന നിരോധന നിയമം സ്‌ത്രീകള്‍ക്ക്‌അഭിമാനിക്കാവുന്നതാണ്‌ എന്നു പറഞ്ഞപ്പോഴേക്കും കട്ടായി.അടുത്തത്‌ ഒരാള്‍ കൂടിയുണ്ടായിരുന്നു.

"ഗാര്‍ഹിക പീഡനം, അമ്മായിയമ്മ, ഭര്‍ത്താവ്‌......." പിന്നെ കേട്ടത്‌ പൊട്ടിച്ചിരി.

"പറയൂ..." അവതാരക.

"ഗാര്‍ഹിക പീഡനം, അമ്മായിയമ്മ, ഭര്‍ത്താവ്‌......"വീണ്ടും പൊട്ടിച്ചിരി.

"ഇങ്ങനെയെക്കെ കേള്‍ക്കുന്നു."


പാട്ടിന്റെ പാലാഴിയാണല്ലോ പരിപാടി.ആവശ്യപ്പെട്ട പാട്ടില്‍ ഒന്നിതായിരുന്നു.

സ്‌ത്രീയെ കണ്ണുനീരിനോടുപമിച്ച കാവ്യഭാവനേ , അഭിനന്ദനം...


അപ്പോള്‍ നമുക്ക്‌ അഭിമാനിക്കാം. നമ്മുടെ സ്‌ത്രീകള്‍ സന്തുഷ്ടരാണ്‌.

സ്‌ത്രീകള്‍ക്ക്‌‌ നേടാന്‍ ഇനിയൊന്നുമില്ലെന്നോ? സ്‌ത്രീയും പുരുഷനും പരസ്‌പരപൂരകവും തുല്യരുമാണെന്ന നിലയിലേക്ക്‌ നാം ഉയര്‍ന്നു കഴിഞ്ഞോ?അവതാരക ചോദിച്ചപോലെ സന്തുഷ്ടരാണെന്ന്‌ പുറത്തു പറയുകയും കുടുംബത്തില്‍ പീഡനമനുഭവിക്കുകയും ചെയ്യുന്നവരല്ലേ പലരും .

അല്ലെങ്കില്‍ സമത്വസുന്ദര നീലാകാശത്തില്‍ നാം തൊട്ടുവോ?


പിന്‍കുറിപ്പ്‌


സ്‌ത്രീകള്‍ക്കു നേരെയുള്ള അതിക്രമം വര്‍ദ്ദിച്ചുനെന്ന്‌ സര്‍ക്കാരിന്റെ സാമ്പത്തികാവലോകന റിപ്പോര്‍ട്ടു വന്നത്‌ ഇന്ന്‌.

Thursday, March 1, 2007

വേഷത്തിലെന്തിരിക്കുന്നു..!






സാരിക്കിടയിലൂടെ കാണുന്ന ചെറിയ നഗ്നത പണ്ട്‌ വലുതായി തോന്നിയിരുന്നില്ല. ഇപ്പോഴങ്ങനെയല്ല. സഹപ്രവര്‍ത്തകര്‍ക്കിടയില്‍നിന്നാണ്‌ ഞാനിക്കാര്യം തിരിച്ചറിഞ്ഞത്‌.
തടിച്ചവര്‍ ഉടുത്താന്‍ അവരുടെ നഗ്നത പുറത്തു കാണുന്നു. മെലിഞ്ഞവര്‍ക്കും കുഴപ്പം തന്നെ. 'പൊക്കിള്‍ കാണുന്നു, വയറുകാണുന്നു, പുറം കാണുന്നു, മാറുകാണുന്നു അങ്ങനെപോകുന്നു. കൈ ഉയര്‍ത്തുവാനോ താഴ്‌ത്തുവാനോ പാടില്ല. എവിടെയും ലൈംഗീക പ്രേരണയുണ്ടാകുന്നു പുരുഷന്‌'. പുരുഷന്മാരുടെ കമന്റുകള്‍ ഇങ്ങനെ പോകുന്നു
.



കഴിഞ്ഞ ദിവസം ഒരു ഘോഷയാത്രയില്‍ പങ്കെടുക്കുന്നതിന്‌ കേരളീയവേഷം ധരിക്കണമെന്നനിര്‍ദ്ദേശം കണ്ടു. എന്താണീ കേരളീയ വേഷം? ആരു കല്‌പ്പിച്ചുണ്ടാക്കിയാതാണീ വേഷം? എനിക്ക്‌ അമ്പരപ്പ്‌ തോന്നി. ഉദ്ദേശിച്ചതെന്താണെന്ന്‌ മനസ്സിലാവാഞ്‌ഞിട്ടല്ല. കേരളാസാരി (സെറ്റുസാരി) ഉടുക്കണമെന്നര്‍ത്ഥം. പുരുഷന്മാര്‍ മുണ്ടുടുക്കണം.

കുറേമുമ്പ്‌ അധ്യാപികമാര്‍ക്ക്‌ സാരി നിര്‍ബന്ധമാണോ എന്ന വിഷയത്തില്‍ പത്രത്തില്‍ സംവാദം നടന്നപ്പോള്‍ ചെറുപ്പക്കരായ അധ്യാപികമാര്‍ സാരിയെ എതിര്‍ക്കുകയും മറ്റുള്ളവര്‍ സാരിവേണമെന്നു ശഠിക്കുകയുമായിരുന്നു.ഞാനന്ന്‌ സ്‌കൂള്‍വിദ്യാര്‍ത്ഥിനിയായിരുന്നതു കൊണ്ടും സാരി ധരിക്കുമ്പോഴുണ്ടാകുന്ന അലോസരങ്ങളെക്കുറിച്ച്‌ ഒട്ടും ബോധവതിയാകാതിരുന്നതുകൊണ്ടും സാരിയുടുത്ത അധ്യാപികയെ മാത്രമേ എനിക്കു ചിന്തിക്കാനായുള്ളു.

എന്നാല്‍ എനിക്കു ജോലികിട്ടിയപ്പോള്‍ ഞാന്‍ ചുരിദാര്‍ ധരിച്ചു. ഞങ്ങള്‍ ഒന്നു രണ്ടുപേരൊഴികെ മറ്റുള്ളവര്‍ സാരി ഉപയോഗിക്കുന്നവരായിരുന്നു. അപൂര്‍വ്വമായി മാത്രം സാരിയുടുത്തു. സാരിയുടുക്കുമ്പോഴൊക്കെ ഇതു വല്ലാത്തപാടാണല്ലോ എന്നു വിചാരിക്കുകയും ചെയ്‌തു.

ബസ്സില്‍ കയറുമ്പോള്‍ ശ്രദ്ധിക്കണം. ഇരിക്കാന്‍ സീറ്റു കിട്ടിയില്ലെങ്കില്‍ കമ്പിയില്‍ പിടിച്ചു തൂങ്ങുമ്പോള്‍ ശ്രദ്ധിക്കണം. ഓഫീസിലിരിക്കുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും തിരിയുമ്പോള്‍ നോക്കണം.നോക്കണേ എന്തൊരു പാടാണ്‌!...

സാരിക്കിടയിലൂടെ കാണുന്ന ചെറിയ നഗ്നത പണ്ട്‌ വലുതായി തോന്നിയിരുന്നില്ല. ഇപ്പോഴങ്ങനെയല്ല. സഹപ്രവര്‍ത്തകര്‍ക്കിടയില്‍നിന്നാണ്‌ ഞാനിക്കാര്യം തിരിച്ചറിഞ്ഞത്‌.

തടിച്ചവര്‍ ഉടുത്താന്‍ അവരുടെ നഗ്നത പുറത്തു കാണുന്നു. മെലിഞ്ഞവര്‍ക്കും കുഴപ്പം തന്നെ. 'പൊക്കിള്‍ കാണുന്നു, വയറുകാണുന്നു, പുറം കാണുന്നു, മാറുകാണുന്നു അങ്ങനെപോകുന്നു. കൈ ഉയര്‍ത്തുവാനോ താഴ്‌ത്തുവാനോ പാടില്ല. എവിടെയും ലൈംഗീക പ്രേരണയുണ്ടാകുന്നു പുരുഷന്‌'. പുരുഷന്മാരുടെ കമന്റുകള്‍ ഇങ്ങനെ പോകുന്നു.

സാരിയുടുത്തു വരുന്ന ഇടപാടുകാര്‍ക്കുമുണ്ട്‌ ഇത്തരം വിശേഷണങ്ങള്‍.


ഇതൊക്കെ പോകട്ടേ, അവനവന്റെ കണ്ണിലെ തടിയെടുക്കാതെ അന്യന്റെ കണ്ണിലെ കരടെടുക്കാനാണ്‌ സ്‌ത്രീകളില്‍ പലര്‍ക്കും കമ്പം. 'കണ്ടോ അവളുടെ അവിടം കാണുന്നു. ഇവിടം കാണുന്നു. കഴുത്ത്‌ വെട്ടിയിറക്കിവെച്ചിരിക്കുന്നു. നാണമില്ലേ ?'എന്നിങ്ങനെ പോകുന്നു അവരുടെ വിചാരങ്ങള്‍.

ഈ പറഞ്ഞവരെയൊക്കെ ഞാന്‍ രഹസ്യമായി ശ്രദ്ധിക്കാന്‍ തുടങ്ങി. ആരെയും കുറ്റം പറയാന്‍ ഞാനടക്കം ആര്‍ക്കും അര്‍ഹതയില്ലെന്ന തിരിച്ചറിവാണെനിക്കുണ്ടായത്‌. മുഴച്ചും തെളിഞ്ഞും നിഴലടിച്ചും നില്‌ക്കുന്ന ഈ അഞ്ചരമീറ്റര്‍ വലിയപ്രതിസന്ധി തന്നെ. എന്നാല്‍ ഒളിഞ്ഞു നോട്ടങ്ങളൊഴിച്ചാല്‍ സാരി ഭംഗി നല്‌കുന്ന വേഷമാണെന്ന്‌ പറയാതിരിക്കാനും വയ്യ.

ചുരിദാരിനെ മഹത്വവല്‍ക്കരിക്കുകയല്ല. ശരീരവടിവുകള്‍ തെളിഞ്ഞു കാണിക്കുന്ന ചുരിദാറും ഇത്തരത്തില്‍ അപകടകാരി തന്നെ.

ചിലപ്പോള്‍ വിനയയ്‌ക്കൊപ്പം ചേരേണ്ടിവരും. അയഞ്ഞ പാന്റസും ഷര്‍ട്ടും ധരിക്കുക.


ഇപ്പോഴാണോര്‍മ. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി പോക്കറ്റുള്ള ഷര്‍ട്ടിട്ടു വന്നു. ആണ്‍കുട്ടികളില്‍ ഒരാളുടെ ചോദ്യം ഇങ്ങനെയായിരുന്നു.

"പോക്കറ്റില്‍ കൈയ്യിട്ടോട്ടെ?"


കോളേജിലെത്തിയപ്പോള്‍ മറ്റൊരുകുട്ടി ജീന്‍സിട്ടു വന്നപ്പോഴുള്ള ചോദ്യം "മൂത്രമൊഴിക്കാന്‍ എന്തുചെയ്യും?" എന്നായിരുന്നു.

അന്ന്‌ അവളുടെ മറുപടി ഇതായിരുന്നു. "നിങ്ങള്‍ ആണുങ്ങളേപ്പോലെ പൊതു വഴിയില്‍ മൂത്രമൊഴിക്കലാണോ ഞങ്ങള്‍ക്ക്‌ പണി?"


വസ്‌ത്രം ഇന്നത്‌ വേണം എന്ന്‌ ആരെയും കെട്ടിയേല്‌പ്പിക്കാന്‍ പാടില്ല. എന്തും ധരിക്കാം. ധരിക്കാതിരിക്കാം. രാധുവിനെപ്പോലെ മറുപടി പറയാന്‍ കഴിയണം എന്നുമാത്രം. (പുറത്തുള്ളവരാണ്‌ നമ്മുടെ വേഷത്തിന്റെ അഭംഗി തിരിച്ചറിയുന്നത്‌‌. ഭംഗിയും. അത്‌ ഓരോരുത്തരുടെ കാഴ്‌ച്ചപ്പാടനുസരിച്ച്‌ മാറിയും മറിഞ്ഞുമിരിക്കും. ഇഷ്ടവേഷം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കുമാത്രമാണുള്ളത്‌. അത്‌‌ മറ്റുള്ളവര്‍ക്ക്‌ അലോസരമുണ്ടാക്കുന്നതോ അല്ലാത്തതോ ആകട്ടെ. നമുക്കു സ്വയം തീരുമാനിക്കാം.)


ഉചിതമായ വസ്‌ത്രധാരണത്തെക്കുറിച്ച്‌ മൂന്നു വര്‍ഷം മുമ്പ്‌ റേഡിയോയില്‍ ചര്‍ച്ചകേട്ടു. ശരിരവും മുടിയും മറക്കുന്ന പര്‍ദ്ദപോലുള്ള വേഷമാണ്‌ സ്‌ത്രീകള്‍ക്ക്‌ നല്ലതെന്ന്‌ ഒരുവന്‍ പറഞ്ഞു. മുടിക്കു വലിയ പ്രാധാന്യമുണ്ടുപോലും. കവികള്‍ കാര്‍ക്കൂന്തല്‍ കണ്ടല്ലേ വര്‍ണ്ണിച്ചെഴുതുന്നത്‌. അവനോട്‌ മറുത്തൊന്നും പറയാന്‍ മറ്റു മൂന്നുപേര്‍ക്കും കവിഞ്ഞില്ലെന്നതാണ്‌ ദുഖം.

എന്നാല്‍ കേട്ടിരുന്ന എനിക്കു പറയാനുള്ളത്‌ ഇതായിരുന്നു." നാളെ മുതല്‍ ഞങ്ങള്‍ പെണ്ണുങ്ങള്‍ നിന്റെ മുടിപോലെ ക്രോപ്പു ചെയ്യാം."

കവികളൊക്കെ പുരുഷന്മാരായിട്ടും 'കളരി വിളക്കു തെളിഞ്ഞതാണോ കുന്നത്തുസൂര്യനുദിച്ചതാണോ' എന്നു ചന്തുവിന്റെ അംഗവടിവുളെനോക്കി കുഞ്ഞി സന്ദേഹപ്പെട്ട്‌ പാടിയില്ലേ? വടക്കന്‍ പാട്ടുകളിലും സിനിമകളിലും ഇതു പലവട്ടം വന്നു കഴിഞ്ഞല്ലോ.

യുവവാണി ചര്‍ച്ചകേട്ട ഞാന്‍ നാണിച്ചു പോയി സത്യത്തില്‍. നല്ലൊരു മറുപടി കൊടുക്കാന്‍ പറ്റിയ ആരുമുണ്ടായിരുന്നില്ലല്ലോ എന്നോര്‍ത്ത്‌....