ഒരുകാലത്ത് ഞങ്ങളുടെ നാട്ടില്‍ വിഷം കഴിച്ചു മരിക്കാനാഗ്രഹിച്ചവരൊക്കെ പനാമര്‍ കുടിച്ചു. പിന്നെയത് എക്കാലക്‌സിലേക്ക് മാറ്റി. നെല്‍കൃഷിയുടെ കാലമായിരുന്നു അത്. വീട്ടുകാരെപ്പേടിപ്പിക്കാന്‍ തമാശയ്ക്ക് എക്കാലക്‌സ് കുടിച്ച ശെല്‍വനു മുന്നില്‍ മരണം തമാശ കാണിച്ചില്ല. എക്കാലക്‌സ് കുടിച്ചൊരാള്‍ വളരെ കൂളായിട്ട് വണ്ടിയില്‍ കയറി ആശുപത്രിയിലേക്ക് പോവുകയും വൈകിട്ടോടെ വെള്ള പുതച്ച് വീട്ടുമുറ്റത്തെത്തുകയും ചെയ്തു.
പക്ഷേ, നെല്‍വയലുകള്‍ വാഴയ്ക്കു വഴിമാറിയപ്പോള്‍ ആ സ്ഥാനം ഫ്യൂറഡാന്‍ കൈയ്യടക്കി. ഒരുതരം കുത്തുന്ന മണം. അതടിച്ചാലേ ഛര്‍ദ്ദിക്കാന്‍ തോന്നും. എങ്ങനെയിത് വാരിത്തിന്ന് ആത്മഹത്യ ചെയ്യുന്നുവോ? പക്ഷേ, മരണം മുന്നില്‍ കാണുന്നവര്‍ക്ക് അതിന്റെ ദുര്‍ഗന്ധം ഒരു പ്രശ്‌നമായിരുന്നില്ലായിരുന്നിരിക്കണം.
മിക്ക വീടുകളിലും ഫ്യൂറഡാന്‍ സൂക്ഷിച്ചിരിന്നു. വാഴകൃഷിക്ക് മാത്രമല്ല, തെങ്ങിന്റെ മണ്ടചീയല്‍, കൊമ്പന്‍ ചെല്ലി, ചെമ്പന്‍ ചെല്ലി തുടങ്ങിയ കീടങ്ങളെ തുരുത്താനും എന്തിനു പറയുന്നു എന്തിനുമേതിനും ഫ്യൂറഡാന്‍ വേണമായിരുന്നു. കര്‍ഷകര്‍ക്ക് ഇതിന്റെ പേര് അത്ര വഴങ്ങുന്നതായിരുന്നില്ല. അതുകൊണ്ടവര്‍ കുരുടാന്‍ എന്നു പറഞ്ഞു. കണ്ടാല്‍ കുരുടനാണെങ്കിലും കുറച്ചു തരികള്‍ മതി ഒരു മനുഷ്യജീവന്‍ തീരാന്‍.
അക്കാലത്ത് കുരുടാന്‍ തിന്നവരാരും രക്ഷപെട്ടില്ല. രക്ഷപെടണം, എന്നാല്‍ ആത്മഹത്യാശ്രമമാണെന്ന് തോന്നണം എന്നു വിചാരിച്ചവരൊക്കെ എലിവിഷം തിന്നു. മരത്തില്‍ കെട്ടിത്തൂങ്ങി. ചിലര്‍ കൊമ്പടിഞ്ഞുവീണു് രക്ഷപെട്ടു. ചിലരങ്ങ് യമപുരി പൂണ്ടു.
എട്ടോ ഒമ്പതോ പേര്‍ ആത്മഹത്യ ഒരു വര്‍ഷമുണ്ടായിരുന്നു. അതിലൊരാള്‍ മാത്രമേ വീടിന്റെ ഉത്തരത്തില്‍ കെട്ടിത്തൂങ്ങിയുള്ളു. ബാക്കിയെല്ലാവരും കുരുടാന്‍ തിന്നാണ് ആത്മഹത്യചെയ്തത്. മിക്കവരും ചെറുപ്പക്കാരായിരുന്നു. മനസ്സിനൊട്ടും കരുത്തില്ലായിരുന്നിരിക്കണം.
പത്താംക്ലാസ്സുകാരി പെങ്കൊച്ച് പ്രണയനൈരാശ്യത്താലാണ് കുരുടാന്‍ തിന്നത്. മോളെന്തെങ്കിലും അവിവേകം ചെയ്‌തേക്കുമോ എന്ന് അച്ഛനുമമ്മയ്ക്കും ഭയമുണ്ടായിരുന്നു. അതുകൊണ്ടാണ് അനിയത്തിക്കൊച്ചിനോട് ശ്രദ്ധിച്ചേക്കണേ എന്നു പറഞ്ഞ് അവര്‍ കാട്ടില്‍ ഇല്ലിവെട്ടാന്‍ പോയത്. അനിയത്തി ശ്രദ്ധിച്ചിട്ടെന്താ? മുറ്റത്തിനു താഴെ നിന്ന് അവള്‍ പുല്ലരിയുകയായിരുന്നു. കുറച്ചു മുമ്പുവരെ ചേച്ചിയോടൊപ്പം ഉണ്ടായിരുന്നതാണ്. ചേച്ചിയപ്പോള്‍ ഉരുളക്കിഴങ്ങും ഉള്ളിയും വറുത്തരച്ച കറിവെച്ചുകൊണ്ടിരിക്കുന്നത് കണ്ടിട്ടാണ് പുല്ലരിയാന്‍ പോയത്. അപ്പോഴാണ് ഛര്‍ദ്ദിയുടെ ശബ്ദം.
അടുക്കളയില്‍ ഒരുപാത്രത്തില്‍ തേങ്ങ ചിരകയിതിനൊപ്പം ശര്‍ക്കര ചീകിയിട്ട് അതില്‍ കുരുടാന്‍ കുഴച്ചുവെച്ചിരുന്നു. അവലു നനയ്ക്കുംപോലെ...അതില്‍ പകുതിയും അവള്‍ തിന്നിരുന്നു.
എന്നാ പണിയാ കാണിച്ചേ എന്ന അനിയത്തിയുടെ ചോദ്യത്തിനു മുന്നില്‍ ചേച്ചി ഉള്ളംകൈ നിവര്‍ത്തി കാണിച്ചു. തിരസ്‌ക്കരിച്ചവന്റെ പേര് മൈലാഞ്ചി ഇട്ടുവെച്ചിരുന്നു.
ഇങ്ങനെ ചെറുപ്പക്കാര്‍ പലവിധ കാരണത്തിലും ജീവനൊടുക്കാന്‍ കുരുടാനെ ആശ്രയിച്ചു കൊണ്ടിരുന്നു. ചിലരുടെ മരണത്തിന് കാരണമെന്താണെന്ന് കുറച്ച് കുനുഷ്ടും കന്നായ്മയുമുള്ള നാട്ടുകാര്‍ക്ക് കണ്ടു പിടിക്കാനുമായില്ല. പല കാരണങ്ങള്‍ പറഞ്ഞു. അവയൊന്നും പരസ്പരം ചേരുന്നവയായിരുന്നില്ല. പുതിയ കഥ കിട്ടിയപ്പോള്‍ പഴയതു മറന്നു.
ഞങ്ങളുടെ വീട്ടിലുമുണ്ടായിരുന്നു ഫ്യൂറഡാന്‍. തൂമ്പയും വെട്ടുകത്തിയും ചുറ്റികയും കൂടവും പിക്കാസുമൊക്കെ വെച്ചിരുന്ന മൂലയ്ക്കായിരുന്നു ആദ്യമൊക്കെ അതിന്റെ സ്ഥാനം. പിന്നെയത് കുറേ നാളത്തേക്ക് കണ്ടില്ല. തെങ്ങൊരുക്കാന്‍ ആളു വന്നപ്പോള്‍ അമ്മച്ചിയത് വിറകുപുരയില്‍ നിന്ന് എടുത്തുകൊണ്ടു വരുന്നത് കണ്ടു. പിന്നീടൊരിക്കല്‍ വിറകു പുരയില്‍ നിന്നല്ല പറമ്പില്‍ നിന്നാണ് കൊണ്ടു വരുന്നത് കണ്ടത്.
പറമ്പിലെവിടെയോ കുഴിച്ചിട്ടിരിക്കുകയായിരുന്നു. വളര്‍ന്നു വരുന്ന മക്കളുടെ ബുദ്ധി ഏതു വഴി തിരിയുമെന്ന് ആര്‍ക്കറിയാം? അതുകൊണ്ട് ഒരു കരുതല്‍. അത്രേം വിശ്വാസമായിരുന്നു ഞങ്ങളെ!
കുറച്ചുനാള്‍ മുമ്പ്് വയനാട്ടിലെ ഒരു വാഴത്തോട്ടില്‍ നിന്ന് ബന്ധുവായ പയ്യന്‍ പഴം തിന്നതേ ചുണ്ടും മുഖവും തടിച്ചുവീര്‍ത്ത് ചെറിയാന്‍ തുടങ്ങി.
എന്തിനാണ് ഇത്രമേല്‍ വിഷം നമ്മുടെ പച്ചക്കറികളില്‍ തളിക്കുന്നത്?
ജൈവ കീടനിയന്ത്രണ രീതികള്‍ നടപ്പിലാക്കിക്കൂടെ?
ഇന്ന് മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുന്ന കീടനാശിനി തളിക്കല്‍..അത് എന്‍ഡോ സള്‍ഫാനോ ഫ്യൂറഡാന്‍, നുവാക്രോണ്‍ അങ്ങനെ പോകുന്നു. ..
കുറച്ച് ഫ്യൂറഡാന്‍ തരികള്‍ കഴിച്ചാല്‍ മരണം നിശ്ചയമെങ്കില്‍ അവ ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ കഴിച്ചാല്‍ എന്തായിരിക്കും ഫലം എന്നാലോചിച്ചു നോക്കു...
6 comments:
നെല്‍വയലുകള്‍ വാഴയ്ക്കു വഴിമാറിയപ്പോള്‍ ആ സ്ഥാനം ഫ്യൂറഡാന്‍ കൈയ്യടക്കി. ഒരുതരം കുത്തുന്ന മണം. അതടിച്ചാലേ ഛര്‍ദ്ദിക്കാന്‍ തോന്നും. എങ്ങനെയിത് വാരിത്തിന്ന് ആത്മഹത്യ ചെയ്യുന്നുവോ? പക്ഷേ, മരണം മുന്നില്‍ കാണുന്നവര്‍ക്ക് അതിന്റെ ദുര്‍ഗന്ധം ഒരു പ്രശ്‌നമായിരുന്നില്ലായിരുന്നിരിക്കണം.
മിക്ക വീടുകളിലും ഫ്യൂറഡാന്‍ സൂക്ഷിച്ചിരിന്നു.
ലേഖനത്തിന്റെ അവസാനഭാഗം വായിക്കുന്നതുവരെ എന്താണ് പറഞ്ഞുവരുന്നതെന്ന് പിടികിട്ടിയതേയില്ല !!!
വീണ്ടും ഓർഗാനിക് പച്ചക്കറി-പഴ വർഗ്ഗങ്ങൾ മാത്രം ഉപയോഗിച്ചിച്ച് നാം ശീലിക്കേണ്ടിയിരിക്കുന്നൂൂ...!
രാസവളവും കീട നാശിനിയും ഉപയോഗിക്കുന്ന ശീലം നമ്മില്‍ വേരൂന്നാന്‍ ശ്രമിച്ചവര്‍ വിജയിച്ചിരിക്കുന്നു. മേല്‍പ്പറഞ്ഞവ ഉപയോഗിക്കാത്ത കൃഷി കൃഷിയേ അല്ലാ എന്നിടം വരെ എത്തി കാര്യങ്ങള്‍.
എന്നാണൊരു തിരിച്ച് പോക്ക് പഴയതിലേക്ക്?!
“അതിവിസ്തൃതമായ കൃഷിയിടങ്ങളിൽ വർഷങ്ങളോളം രാസവളവും കീടനാശിനിയും പ്രയോഗിച്ചതിനാൽ മണ്ണും അന്തരീക്ഷവും വിഷമയമായി. മനുഷ്യർക്കും മൃഗങ്ങൾക്കും മാരക രോഗങ്ങൾ വ്യാപിച്ചുതുടങ്ങി. ഇവരുടെ ചികിത്സാചിലവുകൾക്കും ഈ പ്രദേശത്തിന്റെ പുനരുദ്ധാരണത്തിനുമായി സർക്കാർ വൻ തുക ചെലവാക്കേണ്ടി വന്നു. അപ്പോൾ, കൃഷിപ്പണികൾ ചെയ്യാതെ വെറുതെയിരിക്കുന്ന കർഷകർക്ക് സർക്കാർ പണം നൽകുന്ന പദ്ധതി ആരംഭിച്ചു. കുറേ വർഷങ്ങൾ ഈ രീതി തുടർന്നതോടെ ആ പ്രദേശത്തെ മാരകമായ അവസ്ഥയ്ക്ക് ശമനമുണ്ടായി. രാസവളവും കീടനാശിനികളും പ്രയോഗിക്കാതെയുള്ള കൃഷിരീതികളെക്കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞരെ മറ്റു രാജ്യങ്ങളിലേക്കയച്ചു.”
പതിറ്റാണ്ടുകൾക്കുമുൻപ് കാലിഫോർണിയയിൽ നടന്ന സംഭവത്തെക്കുറിച്ച് വന്ന പത്രവാർത്തയാണിത്.
ഒരു എൻ ഡ്രിൻ ഉണ്ടായിരുന്നു മൈന, ഇതേ കൂട്ടത്തില്....കാലന്റെ ജോലി ഭാരം കുറയ്ക്കാൻ...
ശരിയാ, ഇപ്പോ പഴങ്ങൾ ശാപ്പിട്ടാൽ തൊണ്ടയുടെ ഉള്ളിലും കൂടി ചൊറിയും.....എന്നിട്ടു പിന്നെ ചൂടുവെള്ളം കുടിയെടാ കുടി...
Post a Comment