കുറച്ചുദിവസം മുമ്പാണ് ഓഫീസില്‍ നിന്ന് മൂന്നുനാലു പാമ്പിന്‍കുഞ്ഞുങ്ങളെ കിട്ടിയത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി കൊണ്ടുവച്ചിരുന്ന സിമന്റുചാക്കുകള്ക്കിടയിലായിരുന്നു ആ പാവങ്ങള്‍. അയ്യോ പാമ്പ് എന്ന് ആര്ത്തുവിളിച്ചവര്ക്കിടയിലെ ധൈര്യശാലികള്‍ അവയെ ഷിമ്മിക്കൂടിനുള്ളിലാക്കി.
സഹപ്രവര്ത്തകരോരുത്തരും പിന്നീട് വളരെ സൂക്ഷിച്ച് കോണിപ്പടി ഇറങ്ങാന്‍ തുടങ്ങി. ചുറ്റും പത്തു പ്രാവശ്യമെങ്കിലും നോക്കാനും... കൂട്ടിനുളളിലായവയെ കാണാന്‍ പലര്‍ക്കും ധൈര്യമുണ്ടായില്ല. പാമ്പിന്റെ വലിപ്പത്തെക്കുറിച്ചും ജാതിയെക്കുറിച്ചും വിഷത്തെപ്പറ്റിയും ചര്‍ച്ചകളേറെ നടന്നു. ആകാംക്ഷ സഹിക്കാഞ്ഞ് എനിക്കും അവയെ ഒന്നു കാണണമെന്നു തോന്നി.
കാണാന്‍ ചെന്നപ്പോള്‍ ഒന്നുമില്ല. പാമ്പെവിടെ എന്ന ചോദ്യത്തിന് അടുത്തുള്ള കാട്ടിലേക്കു നടന്നു സഹപ്രവര്ത്തകന്. പ്ലാസ്റ്റിക് കൂടുമായി വരുന്നതു കണ്ടപ്പോള്‍ ചത്തതാണെന്നാണ് കരുതിയത്. പക്ഷേ, അവ കൂട്ടിനുള്ളില്‍ കിടന്നു പുളയുന്നു. വളവളപ്പന്‍ കുഞ്ഞുങ്ങള്‍.
പാമ്പു കഥകള്‍ എന്റെ ഇഷ്ടവിഷയമായതുകൊണ്ട് വെറുതെ ഒരുത്തരം കിട്ടാനായി ചോദിച്ചു, 'ഇതെന്താ കൊല്ലാതെ കൂട്ടില്‍ കേറ്റിയത്' എന്ന്. 'കൊന്നാലേ ശാപം കിട്ടും' എന്ന ഉത്തരം അല്പം ചിന്തിപ്പിക്കുന്നതായിരുന്നു. അപ്പോള്‍ ഈ കൂട്ടില്‍ കയറ്റി കൂടിന്റെ വാമൂടിക്കെട്ടിയാല്‍ ശ്വാസം മുട്ടിച്ചാവില്ലേ? അതിലും നല്ലത് ആ കാട്ടിനുള്ളിലേക്കു തുറന്നു വിടുന്നതായിരുന്നില്ലേ?
അടിച്ചുകൊന്നാലേ പാപമുള്ളൂ എന്നവര്‍ ചിന്തിച്ചിരിക്കണം.
കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങളുടെ അയല്‍വീട്ടിലെ കുളിമുറിയില്‍ ഒരു സന്ധ്യക്ക് വളവളപ്പന്‍ കയറി. ഒരാള്‍ തല്ലിക്കൊല്ലാന്‍ വടിയെടുത്തു. പക്ഷേ ചുറ്റും കൂടി നിന്നവര്‍ പല അഭിപ്രായക്കാരായി. ചിലരുടെ അഭിപ്രായം ഇങ്ങനെ:
"സന്ധ്യാനേരത്ത് ഒരു വരുത്തുപോക്കുണ്ട്. സാക്ഷാല്‍ നാഗമാണത്. കൊന്നു ശാപം മേടിക്കല്ലേ..."
ഒച്ചപ്പാടിനിടയില്‍ കുളിമുറിയിലെ ബക്കറ്റിനടുത്തു പതുങ്ങിയ പാമ്പിനെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. കൊല്ലണോ വേണ്ടയോ എന്ന തര്‍ക്കത്തിനും കൊന്നവര്ക്കേല്ക്കേണ്ടി വന്ന ശാപത്തെക്കുറിച്ചുമൊക്കെ കുളിമുറിക്കുപുറത്ത് ചര്‍ച്ച നടക്കുന്നതിനിടയില്‍ ആയുസിനു നീളമുണ്ടായിരുന്ന വളവളപ്പന്‍ ഓവു വഴി രക്ഷപ്പെട്ടു.
രാജിലവും (വളവളപ്പന്‍, മോതിരവളയന്‍, ശംഖുവരയന്‍) അണലി വര്‍ഗ്ഗവും പൊതുവെ നല്ല പാമ്പുകളില്‍ പെടാറില്ല. ഇവിടെ സന്ധ്യാനേരമാണ് രാജിലവര്ഗ്ഗത്തില്പ്പെട്ട പാമ്പിനെ രക്ഷിച്ചത്. മിക്കവാറും ആളുകള്‍ നല്ലപാമ്പിനെ കൊല്ലാറില്ല. നല്ല പാമ്പെന്നാല് മൂര്‍ഖനാണ്. ഐതീഹ്യങ്ങളും ചിത്രങ്ങളും മുഴുവന്‍ പത്തിവിടര്‍ത്തിയ നാഗങ്ങളെ പരിചയപ്പെടുത്തുന്നതുകൊണ്ട് ഒരു സാധാരണ മൂര്‍ഖനെ കണ്ടാലും തങ്കനാഗങ്ങളോട് ഉപമിക്കുകയായി.
ഇത്തരം നാഗങ്ങള്‍ക്ക് പലതരത്തിലെ മാസ്മരവിദ്യകളുണ്ടെന്നും കണ്ണില്‍പൊടിയിട്ട് രക്ഷപ്പെടുമെന്നുമാണ് ഒരു കെട്ടുകഥ. പാമ്പിനെ കൊന്നാല്‍ അതിന്റെ ഇണ വന്ന് പകരം വീട്ടുമെന്ന് മറ്റൊരു കഥ. സത്യമെന്തായിരിക്കാം?
എല്ലാപാമ്പുകള്‍ക്കും ഗന്ധഗ്രന്ഥികളുണ്ട്. ക്ഷോഭം വരുമ്പോള്‍ ഈ ഗ്രന്ഥിയില്‍ നിന്നും ഒരുതരം ഗന്ധം പുറത്തു വരാറുണ്ട്. കൊല്ലുകയോ മുറിവേല്‍ക്കുകയോ ചെയ്യുമ്പോള്‍ പാമ്പ് ഈ ഗന്ധം പുറപ്പെടുവിക്കും. അടുത്തുള്ള മറ്റു പാമ്പുകള്‍ ഈ ഗന്ധം തിരിച്ചറിഞ്ഞ് കാര്യമറിയാന്‍ എത്തിയേക്കാം; കൊന്നയാളോട് പകവീട്ടാനല്ല. പക്ഷേ, ഇതില്‍ നിന്നാവാം പാമ്പിനെ കൊന്നാല്‍ ഇണ വന്ന് പക വീട്ടുമെന്ന കഥ പ്രചരിച്ചത്.
നോവിച്ചു വിടുന്ന പാമ്പ് പക വീട്ടുമെന്ന് പരക്കെ കേള്‍ക്കുന്ന മറ്റൊരു കഥയാണ്. ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് മനുഷ്യരാശിയുടെ അത്രതന്നെ പഴക്കമുണ്ടെന്നു പറയാം. മനുഷ്യന് ഏറ്റവുമേറെ കഥകള്‍ കെട്ടിയുണ്ടാക്കിയത് പാമ്പിനുചുറ്റുമായിരിക്കണം. വഴുവഴുപ്പു തോന്നിപ്പിക്കുന്ന സ്ഥൂലപ്രകൃതിയാവാം പാമ്പിനെ ഇത്രയേറെ നിഗൂഢസ്വഭാവിയും മനുഷ്യന്റെ ശത്രുവുമാക്കിയത്. പ്രകൃതിക്ഷോഭങ്ങള്‍ കഴിഞ്ഞാല്‍ മനുഷ്യന് എന്നും ഭയന്നത് പാമ്പുകളെയാണ്.
ഇരതേടുക, വിശ്രമിക്കുക, ശത്രുക്കളില്‍ നിന്നും രക്ഷതേടുക എന്നതിലപ്പുറം ചിന്തിക്കാന്‍ കഴിയുന്ന മസ്തിഷ്കമൊന്നും ഈ ജീവികള്‍ക്കില്ല. മനുഷ്യനുള്ളതുപോലുള്ള വിവേകബുദ്ധി ഒരു ജീവിക്കുമില്ല. മനുഷ്യരെപ്പോലെ മുന്‍കൂട്ടി ചിന്തിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യാനാകാത്ത പാമ്പുകള്ക്കുമേല് പക, അസൂയ, തുടങ്ങിയ കുറ്റങ്ങള്‍ കെട്ടിവെയ്ക്കുന്നതാണ് അസംബന്ധം.
പാമ്പിനെ കണ്ടാല്‍ കൊല്ലണം ചിലര്‍ക്ക്. കൊല്ലാനായില്ലെങ്കില്‍ പരമാവധി ഉപദ്രവിക്കുകയെങ്കിലും വേണം. പ്രാണരക്ഷാര്‍ത്ഥം ഓടുന്ന പാമ്പ് മുമ്പില്‍ കാണുന്ന എന്തിനേയും കടിച്ചേക്കാം. പൂര്‍വ്വ വിരോധം കൊണ്ട് ആര്‍ക്കും കടി കിട്ടിയതായി അറിവില്ല. എന്റെ ചികിത്സാനുഭവങ്ങളില്‍ പക കൊണ്ട് കടിച്ചതായി അറിവില്ല. പലപ്പോഴും ചവിട്ടിയിട്ടാണ് കടിച്ചിട്ടുളളത്. ചിലപ്പോള്‍ പുല്ലരിയുകയോ മറ്റോ ചെയ്യുമ്പോള്‍ കത്തി തട്ടിയും മറ്റും...
വിഷ ചികിത്സ ചെയ്തിരുന്ന ഒരു കുടുംബത്തില്‍ ജനിച്ചിട്ടും കുട്ടിക്കാലത്ത് സന്ധ്യ കഴിഞ്ഞാല്‍ പാമ്പിന്റെ പേരുച്ചരിക്കാനോ പാമ്പുകഥകള് പറയാനോ പാടില്ലായിരുന്നു. പാമ്പിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ തന്നെ മൂര്‍ഖന്‍, ചേര, അണലി എന്നൊന്നും പറയാതെ അത്, ഇത്, ആ സാധനം, ഈ സാധനം എന്നൊക്കെ വേണമായിരുന്നു പറയാന്‍. ഈ വര്‍ത്തമാനങ്ങള്‍ എന്നെ കുറച്ചൊന്നുമല്ല കുഴക്കിയത്. ഒരു സന്ധ്യാനേരത്ത് അത്താമ്മയെ പാമ്പു കടിച്ചപ്പോള്‍ 'എന്നെ ഒരു സാധനം തൊട്ടൂ' എന്നാണ് അതിനെക്കുറിച്ച് പറഞ്ഞത്.. പേരു പറയുന്നതിനെന്താണെന്ന് അത്താമ്മയോടു ചോദിച്ചപ്പോള്‍ അവ വീട്ടിനകത്തേക്ക് കയറി വരുമെന്നായിരുന്നു മറുപടി...
മുതിര്‍ന്നപ്പോള്‍ പാമ്പുകള്‍ക്ക് മനുഷ്യന്റെ ഭാഷ തിരിയുമോ എന്ന് ബലമായ സംശയമുണ്ടായി. ഇന്നും അതു തുടരുന്നുണ്ട്. കാരണം ഇപ്പോഴും പലരും സന്ധ്യക്ക് പോയിട്ട് പകലുപോലും പേരുച്ചരിക്കാന്‍ മടിക്കുന്നു. മൂര്‍ഖന്‍ എന്ന് മലയാളത്തില്‍ പറയുന്ന പേരാണല്ലോ..ഇംഗ്ലീഷിലാവുമ്പോള് കോബ്രയാവും. ഇതൊക്കെ രാത്രി പറയുമ്പോള്‍ ആ പാമ്പ് പതുക്കെ വിളികേട്ടു വരുമത്രേ... അല്ലെങ്കിലും മാസ്മരവിദ്യകളിറിയുന്ന പാമ്പിന് ലോകത്തെ സകല ഭാഷയും മനസ്സിലാകാതെ വയ്യല്ലോ!
അമ്മ ടിവിയില്‍ പാമ്പിനെ കണ്ടാല്‍ പാമ്പെന്നുപോലും പറയില്ലെന്ന്, അതിനെ മാറ്റ് എന്നാണ് പറയുന്നതെന്ന് അടുത്തിടെ ഇക്കാര്യത്തെക്കുറിച്ച് സുഹൃത്തുമായി സംസാരിക്കുമ്പോള്‍ അവന് പറഞ്ഞു. ഈ വിശ്വാസങ്ങളൊക്കെ എവിടെ നിന്നു വന്നു എന്നും എങ്ങനെ ഇവിടെ ഉറച്ചു നില്ക്കുന്നു എന്നുമാണ് ഇന്നുമറിയാത്തത്.
അടുത്തിടെയാണ് സോറിയാസിസിനു ചികിത്സിച്ചു കൊണ്ടിരുന്ന ആള് വിഷമാണോ എന്ന സംശയത്താല്‍ വന്നത്. കൈയ്യിലും കാലിലും ഒരുതരം ചൊറിയും ചിരങ്ങുമാണ് രോഗം. ചില സമയത്ത് വിസര്പ്പവുമുണ്ട്. പരസ്യത്തില്‍ കണ്ട സോറിയാസിസ് ചികിത്സാകേന്ദ്രത്തില്‍ ഒരു മാസത്തിനടുത്ത് കിടന്നിട്ടും കൂടുകയല്ലാതെ കുറയാതെ വന്നപ്പോള്‍ മറ്റൊരു സോറിയാസിസ് വിദഗ്ധനെ കാണിച്ചപ്പോള്‍ അദ്ദേഹമാണ് വിഷമാണോ എന്നറിയാന്‍ പറഞ്ഞത്. പക്ഷേ, വിഷത്തെ അറിയാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് ബഹുരസം. ഒരു ജ്യോത്സ്യനെ കാണാനാണ് അദ്ദേഹം പറഞ്ഞത്. ജ്യോത്സ്യനെന്തു പറയുന്നു എന്നു നോക്കൂ എന്ന്.
എനിക്ക് ചികിത്സ അറിയാം എന്നറിയാവുന്നവരായതുകൊണ്ട് ജ്യോത്സനെ കാണുന്നതിനു മുമ്പ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചു. അവര്‍ സംസാരിക്കുമ്പോഴൊക്കെ ഞാന്‍ ശ്രദ്ധിച്ചത് അവരുടെ മനോഭാവമാണ്. അതുകൊണ്ടുതന്നെ ഒരുകാര്യം വ്യക്തമായിരുന്നു. മുറിവുനോക്കി ലക്ഷണങ്ങള്‍ വച്ച് വിഷമാണോ അല്ലയോ എന്ന് ഞാന്‍ പറയുന്നതിനേക്കാള്‍ അവര്‍ ജ്യോത്സ്യനില്‍ വിശ്വസിക്കുന്നുണ്ട്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ മാനസിക സംതൃപ്തിക്കാണ് മുന്‍ഗണന കൊടുക്കാറ്. അതുകൊണ്ടുതന്നെ ജ്യോത്സ്യനെ കണ്ടിട്ട് വന്നാല്‍ മതിയെന്നു പറഞ്ഞു. മുമ്പും ഒന്നു രണ്ടുപേര്‍ മാറാതിരുന്ന ചൊറിയിലും ചിരങ്ങിലും പെട്ട് കൃത്യമായി ചികിത്സ ചെയ്യാതെ ജ്യോത്സ്യനെ കണ്ട് കാലക്കേട്, കണ്ടകശ്ശനി, വിഷമേല്ക്കേണ്ട സമയം എന്നൊക്കെ കേട്ട് ചികിത്സക്കു വന്നിട്ടുണ്ട്. ആ ഓര്‍മയിലും കൂടിയായിരുന്നു ജ്യോത്സ്യനെ കണ്ടിട്ടു വരൂ എന്നു തന്നെ പറഞ്ഞതും. പലപ്പോഴും മനശ്ശാസ്ത്ര സമീപനമാണ് ഇത്തരം കാര്യങ്ങളില്‍ കൂട്ടുനില്‍ക്കൂ എന്നതുകൊണ്ട് വിരോധമുണ്ടെങ്കിലും എതിര്‍ക്കാറില്ല.
പക്ഷേ, കൈയ്യിലെ ചിരങ്ങ് കണ്ട് ജോത്സ്യന് ചോദിച്ചത്രേ, പാമ്പിനെ കൊന്നിട്ടുണ്ടോ എന്ന്. ഇല്ല എന്നുത്തരം. അടുത്ത ചോദ്യം ഉപദ്രവിച്ചിട്ടുണ്ടോ എന്നായിരുന്നു. അതിനും ഇല്ലെന്നു തന്നെ.
വീടിനടുത്ത് അമ്പലമുണ്ടോ, പുറ്റുണ്ടോ, എന്നായി അടുത്ത ചോദ്യങ്ങള്‍ അമ്പലവും പുറ്റുമുണ്ട്. ( ഇവ രണ്ടുമില്ലാത്ത കേരളീയ പരിസരമുണ്ടോ എന്ന സ്വാഭാവിക ചോദ്യം എന്റേത്) പുറ്റു പൊളിച്ചിട്ടുണ്ടോ? ഇല്ല. പക്ഷേ, പറമ്പില്‍ പുറ്റുണ്ടായിരുന്നു. അത് വേറൊരാളാണ് പൊളിച്ചത്. ഏതായാലും പറമ്പിലെ പുറ്റ് പൊളിച്ചത് വേറാളാണെങ്കിലും പാമ്പിന്റെ അധിവാസസ്ഥലം പൊളിച്ചു നീക്കിയതില്‍ ശാപമേറ്റതാണ് ഇപ്പോഴത്തെ രോഗത്തിനു കാരണമെന്ന് ജ്യോത്സന് ശങ്കയ്ക്കിടയില്ലാതെ പറഞ്ഞു.
സ്ത്രീകള്‍ ഗര്‍ഭം ധരിക്കാതിരിക്കുമ്പോള്‍, തുടര്‍ച്ചയായി ഗര്ഭഛിദ്രമുണ്ടാകുമ്പോഴൊക്കെ കുടുംബത്തിലാരെങ്കിലും കൊന്ന പാമ്പിന്റെ തലയിലാണ് ഇതെല്ലാം കെട്ടിവയ്ക്കുന്നത്. പലരുടേയും വീരസാഹസിക കഥകള്‍ പാപത്തിന്റേയും ശാപത്തിന്റേയും കഥകളായി മാറുന്നു അപ്പോള്‍.
ഒരു ജീവിയേയും കൊല്ലാതിരിക്കുക, ഉപദ്രവിക്കാതിരിക്കുക, അവയുടെ ആവാസസ്ഥലം നശിപ്പിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രകൃതിയോട് കാണിക്കുന്ന നന്മയാണ്. ഈ പ്രകൃതിയില്‍ ഏതു ജീവിക്കും വളരാനും നിലനില്ക്കാനുമുള്ള അവകാശമുണ്ട്. അതു നിഷേധിക്കാതിരിക്കുക എന്നേയുള്ളു. അല്ലാതെ പാവം പാമ്പുകള്ക്കുമേല് കെട്ടിവയ്ക്കേണ്ടതല്ല ഈ ശാപഭാരം മുഴുവന്‍.
ഒരു പക്ഷേ, വിരോധാഭാസം എന്നു തന്നെ പറയട്ടെ... യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ വിസര്പ്പച്ചൊറിയുടെ രഹസ്യം ചിലന്തി വിഷമായിരുന്നു!!! പുറ്റുപൊളിച്ചതിന് പാമ്പിന്റെ തലയില്‍ കെട്ടിവെച്ച പാപത്തിന്റെ ഭാരം ആരനുഭവിക്കുമോ എന്തോ?
കടപ്പാട് malayal.am
അവിടെ വന്ന comments കൂടി ചേര്‍ക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. ഞാനെന്താണ് എഴുതിയത് comment എഴുതിയവര്‍ എന്താണ് പറഞ്ഞിരിക്കുന്നത് ?
Comments
Padmesh
Padmesh (not verified) - 02/10/2011 - 9:57am
അടുത്തിടെ കേട്ടതാണ്, കേരളത്തിലെ പഴയ കുറെ ആചാരങ്ങളുടെ ഒരു വിവരണം, അതില്‍ പറയുന്നു അന്തരീക്ഷത്തില്‍ oxygen പുറത്തേക്ക് വിടാന്‍ കഴിവുള്ള ചുരുക്കം ചില ജീവികളില്‍ ഒന്നാണ് പാമ്പ് എന്ന് മറ്റൊന്ന് തേനീച്ച . കാവുകളും പാമ്പും, പാമ്പിനു വിളക്ക് വെക്കലും പാമ്പ് പുറ്റും എല്ലാം ചിലപ്പോള്‍ നല്ലൊരു ആവാസ വ്യവസ്ഥ ഉണ്ടാകാന്‍ സഹായകമായേക്കാം എന്നൊരു വിശ്വാസംകൊണ്ടു തന്നെ ആകാം ഇങ്ങനെ ചില വിശ്വാസങ്ങളില്‍ നമ്മളെ പണ്ടുള്ളവര്‍ തളച്ചിട്ടത് അല്ലെങ്കില്‍ എന്നെ നമ്മള് പാമ്പിനെയും ഫ്രൈ ആക്കി തട്ടിയേനെ ....
| Permalink
reply Permalink
ponni iyyar
ponni iyyar (not verified) - 02/10/2011 - 12:36pm
മേല്‍പ്പറഞ്ഞ കാര്യങ്ങളോട് എനിക്ക് പൂര്‍ണമായ വിയോജിപ്പാണുള്ളത് എന്തെന്നാല്‍ സര്‍പ്പ ശാപം സര്‍പ്പ കോപം എന്നിങ്ങനെ ഒന്ന് ഇല്ല എന്നാണ് ലേഖിക എഴുതിയിരിക്കുന്നത്. ഒരു പരിധി വരെ ഇത് ശരിയായിരിക്കാം എന്നാല്‍ വര്‍ഷങ്ങളായി സര്‍പ്പക്കാവുള്ള ഒരു വസ്തു വാങ്ങി ഈ ആള് ഒന്ന് താമസിക്കുക. എന്നിട്ട് ബാക്കി കഥ ഞാന്‍ പറയാം. മേല്‍പ്പറഞ്ഞ ലേഖികയുടെ സര്‍വ്വനാശം അന്ന് മുതല്‍ തുടങ്ങും. അതിനു അതിന്റേതായ കാരണങ്ങള്‍ പൂര്‍ണമായി അറിവുള്ള വ്യക്തിയാണ് ഞാന്‍ . അതിനെ കുറിച്ച് ഇപ്പോള്‍ വിവരിക്കാന്‍ ആഗ്രഹിക്കുന്നില്ല , എന്നാല്‍ മൂര്‍ഖന്റെ പക നൂറ്റാണ്ട് കഴിഞ്ഞാലും തീരില്ല , എന്നാല്‍ സ്നേഹിച്ചാലും ഇതേ അനുഭവം , ഇതെല്ലം അനുഭവതിന്റെ വെളിച്ചത്തില്‍ ആധികാരികമായി പറയാന്‍ കഴിയുന്നു !!!
| Permalink
reply Permalink
naagan
naagan (not verified) - 02/10/2011 - 3:23pm
ശാപങ്ങള്‍ നല്ലതല്ല. യോജിക്കുന്നു. അതിനു ശാസ്ത്രീയാടിസ്ഥാനം ഉണ്ടാവുകയുമില്ല. അതിലും യോജിപ്പ്. പക്ഷെ....ആ വേദനയില്ലേ... പ്രാണന് പിടയുമ്പോഴുള്ള ആ അവസാന വേദന... അതറിയാന്‍ ആ കുഞ്ഞു തലച്ചോറ് ആവശ്യത്തിലധികമല്ലേ...? ശപിക്കട്ടെ. ശപിച്ചു കുലം മുടിക്കട്ടെ. ഗംഗയുടെ നടുവിലെ ഒളിയിടത്തില്‍ പോലും പുഴുവായെത്തി പരമ്പരയുടെ പിന്തുടര്ച്ചക്കാരെ മുഴുവന്‍ കടിച്ചു കൊല്ലട്ടെ. പാപയാഗങ്ങള്‍ക്ക് ചിതി ഒരുക്കുന്നവന്റെ ചിതാഭസ്മം ചിത്ര കൂടങ്ങളുടെ അന്തേവാസികള്‍ക്ക് ജന്മാവകാശമാകട്ടെ.....
| Permalink
reply Permalink
sethulakshmi
sethulakshmi (not verified) - 03/10/2011 - 11:37pm
ശാസ്ത്രീയമായി എന്തിനും വിശകലനമുണ്ടാകാം എങ്കിലും, ഒരു കാര്യം പറയട്ടെ. യുക്തി ചിന്തകല്‍ക്കുമപ്പുറത്തു എന്നെ കുഴക്കിയത്. ധാരാളം സര്‍പ്പക്കാവുകള്‍ ഉള്ള നാടാണ് ഞങ്ങളുടേത്. ഒരു വീട്ടില്‍ തന്നെ മൂന്നും നാലും. അമ്മൂമ്മയൊക്കെ സര്‍പ്പത്തെ കണ്ടിട്ടുണ്ടത്രേ. സ്വര്‍ണ നിറത്തില്‍ തീരെ മെലിഞ്ഞു.. അത്തരം പാമ്പുണ്ടോ..? അന്നൊക്കെ തളിച്ച് കൊട വൈകിയാല്‍ വീട്ടില്‍ പാമ്പ് വരും. ഇതിനു ഞാനും സാക്ഷി. വര്‍ഷത്തില്‍ ഒരിക്കലെ മുറ്റത്തു തന്നെയുള്ള കാവില്‍ നിന്നും പാമ്പ് വന്നിട്ടുള്ളു. അതെങ്ങിനെ..? ഒരിക്കല്‍ ഇങ്ങിനെ വന്ന ഒരു പാമ്പിനെ അമ്മാവന് അടിക്കാന്‍ നോക്കിയപ്പോള്‍ വടിയുടെ നേരെ തല ഉയര്‍ത്തി,അത് കറങ്ങി. പത്തി വിടര്ത്തിയില്ല. പിന്നെ പൊയ്ക്കോളൂ എന്ന് പറഞ്ഞപ്പോള്‍ വളരെ പതുക്കെ സര്‍പ്പക്കാവിലേക്ക് തന്നെ പോയി.
മൈനയ്ക്ക് ഇതെപ്പറ്റി പറയാന്‍ കഴിയുമോ...?
| Permalink
reply Permalink
Sivaram Karayil
Sivaram Karayil (not verified) - 04/10/2011 - 12:54pm
സ്ഥൂല ബുദ്ധികള്‍ക്ക് ഗ്രഹിക്കാന്‍ പറ്റുന്ന ഒന്നല്ല ഹൈന്ദവ തത്വ ശാസ്ത്രവും അതിലെ താന്ത്രിക / വൈദിക ഉപാസന രീതികളും
മുന്നേ പോവുന്ന പെണ്ണിന്റെ കൊഴുപ്പില്‍ പൊട്ടി ഒലിക്കുന്ന ശുക്ല സംഭരണികളും സുന്ദരിക്കുട്ടി ആയി പറമ്പില്‍ മേയുന്ന പശുവിന്റെ മെയ്യില്‍ ബിരിയാണിയും സ്വപ്നം കാണുന്ന മ്ലേച്ചനു ഇതെല്ലാം ദുര്ഗ്രഹ്യം തന്നെ....
താഴെ ചവിട്ടുമ്പോള്‍ ആദി മാതാവിന്റെ ഭൂമി ഭാവത്തിനു ഉണ്ടാകുന്ന വേദനയെ പോലും ചിന്തിച്ച ഋഷി വര്യന്മാരുടെ പിന്മുറക്കാര് ആണ് ഭാരതീയര്‍.. കണ്മുന്നില് കണ്ട അപ്പക്കഷണത്തിന് വേണ്ടി മറുകണ്ടം ചാടിയ മ്ലേച്ചന്മാരുടെ മൂലവും ഹൈന്ദവത തന്നെ....
കുണ്ടലിനി എന്ന് കേള്‍ക്കുമ്പോള്‍ കോഴിക്കോട്ടെ കുണ്ടന്മാരെ പറ്റി ഓര്‍ക്കുന്ന യെവന്മാരോട് / യെവലുമാരോട് വേദം ഒതിയിട്ടെന്തു കാര്യം!!!
വിട്ടു കളയുക!! ഇവളുമാര്‍ക്ക് പറമ്പില്‍ ഇഴയുന്ന ചേരപ്പാമ്പ് ആയി ഇരുന്നോട്ടെ പുണ്യ പുരാതനം ആയ നാഗ / സര്‍പ്പ പ്രതിഷ്ഠകള്‍
| Permalink
reply Permalink
ജിജൊ ടോമി
ജിജൊ ടോമി (not verified) - 05/10/2011 - 9:00am
സര്‍പ്പ ശാപം! പാമ്പിന്റെ പക!!! പാമ്പും കാവ് വാങ്ങി താമസിക്കാന്‍ ഒരു ചലഞ്ചും. ഈ മലയാള്,അംമ്മിനു സ്ഥൂലബുദ്ധിയല്ലാത്ത ഒരൊറ്റ വായനക്കാരന് പോലുമില്ലേ എന്റെ പാമ്പുമേയ്ക്കാട്ട് നാഗത്താനേ? :)))
| Permalink
reply Permalink
റോബി
റോബി (not verified) - 05/10/2011 - 9:46am
പാമ്പും തേനീച്ചയുമടക്കമുള്ള എല്ലാ ജീവികളും ഓക്സിജന്‍ ശ്വസിച്ച് കാര്‍ബണ്‍ ഡയോക്സൈഡ് പുറത്തേക്ക് വിടുകയാണു ചെയ്യുന്നത്. ശരീരത്തിലെത്തുന്ന ഓക്സിജനു എന്തു സംഭവിക്കുന്നെന്നും ഓക്സിജന്റെ ആവശ്യമെന്തെന്നും ആലോചിച്ചാല്‍ ഈ അന്ധവിശ്വാസത്തിന്റെ പുറകേ പോകേണ്ട കാര്യം പദ്മേഷിനുണ്ടാകില്ല.
പാമ്പിനെ ആരാധിച്ചതും വിളക്കുവെച്ചതുമൊക്കെ നല്ല ആവാസവ്യവസ്ഥ ഉണ്ടാക്കാനല്ല, അവയോടുള്ള പേടികൊണ്ടാണ്. പേടിയുള്ളതിനെ ആരാധിക്കുക എന്നത് അറിവില്ലാത്ത മനുഷ്യന്റെ സ്വഭാവമാണ്.
എന്നാല്‍ മൂര്‍ഖന്റെ പക നൂറ്റാണ്ട് കഴിഞ്ഞാലും തീരില്ല , എന്നാല്‍ സ്നേഹിച്ചാലും ഇതേ അനുഭവം
മൂര്‍ഖന്റെ പരമാവധി ജീവിതകാലം 20 വര്‍ഷമാണ്.
അമ്മൂമ്മയൊക്കെ സര്‍പ്പത്തെ കണ്ടിട്ടുണ്ടത്രേ
എന്റെ അമ്മൂമ്മ മൂന്നു തലയുള്ള പാമ്പിനെ കണ്ടിട്ടുണ്ടത്രേ..! ഉവ്വ, അമ്മൂമ്മയായതുകൊണ്ട് ഞാനങ്ങു വിശ്വസിച്ചു.
ഇങ്ങിനെ വന്ന ഒരു പാമ്പിനെ അമ്മാവന് അടിക്കാന്‍ നോക്കിയപ്പോള്‍ വടിയുടെ നേരെ തല ഉയര്‍ത്തി,അത് കറങ്ങി. പത്തി വിടര്ത്തിയില്ല. പിന്നെ പൊയ്ക്കോളൂ എന്ന് പറഞ്ഞപ്പോള്‍ വളരെ പതുക്കെ സര്‍പ്പക്കാവിലേക്ക് തന്നെ പോയി.
പത്തിയില്ലാത്ത പാമ്പാണെങ്കില്‍ പത്തി വിടര്‍ത്തില്ല. പൊയ്ക്കൊള്ളു എന്നു പറയാതെ തന്നെ ഒരുമാതിരി പാമ്പൊക്കെ അടുത്തുള്ള കാട്ടിലേക്ക് രക്ഷപ്പെടും. അതു കാവാണെങ്കില്‍ അങ്ങോട്ട്.
| Permalink
reply Permalink
Anonymous
Anonymous (not verified) - 05/10/2011 - 4:29pm
ചിലര്‍ക്ക് പശുവിനെ കാണുമ്പോഴാ പൊട്ടി ഒലിക്കുന്നതെന്നു Sivaram Karayilന്റെ കമന്റു ("സുന്ദരിക്കുട്ടി ആയി പറമ്പില്‍ മേയുന്ന പശു") വായിച്ചപ്പോഴാണ് വ്യക്തമായത്. അത്തരക്കാര്‍ IPC Section 377 ഒന്ന് നോക്കിയേക്ക് കേട്ടോ...
| Permalink
reply Permalink
Sivaram Karayil
Sivaram Karayil (not verified) - 06/10/2011 - 12:46pm
സൃഷ്ടി വേറെ, സൃഷ്ടാവ് വേറെ, ഞാന്‍ വേറെ, എന്ന് ചിന്തിക്കുന്ന, ചിന്തിക്കാന്‍ പഠിപ്പിക്കുന്ന മ്ലേച്ചനു, ആടിന്റെ കാഷ്ടവും കൂര്‍ക്കയുടെ കിഴങ്ങും സമം!!
ലിംഗ ആരാധനയുടെ തത്വം മനസ്സില്‍ ആക്കാന്‍ തക്ക ശക്തി ഇല്ലാത്ത നാടീ വ്യൂഹം ചുമന്നു നടന്നവന് ലിംഗഛേദി ആയതില്‍ അത്ഭുതം ഇല്ല!! എന്നിട്ട് ചെയ്യുന്നതോ ലിംഗ ആരാധനയും!!
യാതൊരു തത്വവും അറിയാതെ സൂര്യ ദേവന് പ്രിയപ്പെട്ട ദിവസം കുളിക്കാതെ ഉറക്കച്ചടവ് മാറ്റാതെ "അര"മനകളില്‍ കയറി ഇറങ്ങുന്നവന് ഗ്രഹിക്കാന്‍ കഴിയുമോ പ്രപഞ്ച ഊര്‍ജ കേന്ദ്രത്തെ പറ്റിയുള്ള ഹൈന്ദവ ശാസ്ത്രീയ ദര്‍ശനം?
ഈ ഊര്‍ജ പ്രവാഹത്തിന്റെ മാനുഷികമായ ഊര്ധ്വ അധോ ഗതികളെപ്പറ്റി ഒക്കെ സംസാരിക്കാന്‍ തക്ക നിലവാരം ഇല്ലാത്തവന്/ഇല്ലാതവള്‍ക്ക് നാഗ / സര്‍പ ആരാധനയെ പറ്റി പറയാന്‍ എന്ത് ജ്ഞാനം ?
പോളണ്ടിനെ പറ്റി ഒരു അക്ഷരം മിണ്ടരുത് എന്ന് പറയുന്ന ശ്രീനിവാസന് വിറ്റ് നു പോലും ഈ മ്ലേച്ച ബുദ്ധികളെക്കാള്‍ നിലവാരം ഉണ്ട്!!
ഒരു ചെറിയ ഇടവേള നോക്കി ഓരോ ഹൈന്ദവ രീതികളെ വിമര്‍ശിക്കാന്‍ നോക്കുന്ന ഗതികെട്ട കൂട്ടം. ബിരിയാണിയുടെ എല്ലില്‍ കുത്തല് മാറാന്‍ വേറെ വഴി നോക്കുക!!
| Permalink
reply Permalink
anu warrier
anu warrier (not verified) - 06/10/2011 - 1:51pm
താഴെ ചവിട്ടുമ്പോള്‍ ആദി മാതാവിന്റെ ഭൂമി ഭാവത്തിനു ഉണ്ടാകുന്ന വേദനയെ പോലും ചിന്തിച്ച ഋഷി വര്യന്മാരുടെ പിന്മുറക്കാര് ആണ് ഭാരതീയര്‍.. കണ്മുന്നില് കണ്ട അപ്പക്കഷണത്തിന് വേണ്ടി മറുകണ്ടം ചാടിയ മ്ലേച്ചന്മാരുടെ മൂലവും ഹൈന്ദവത തന്നെ.
അതെയതെ... ഇതേ ഋഷി വര്യന്മാര് തന്നെയാണ് വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കിയോഴിക്കാന്‍ ഉപദേശിക്കുന്നതും.... സുന്ദരമായ ഒരു സര്‍പ്പക്കാവ് നശിപ്പിച്ച് പ്രതിഷ്ഠ മാത്രമായപ്പോള്‍ അത് തല്ലിപ്പൊളിക്കാന്‍ മുന്നില്‍ നിന്ന ആളാണ് ഞാന്‍... വര്‍ഷം പത്തു കഴിഞ്ഞിട്ടും ആരും എന്നെ തിരഞ്ഞു വരാഞ്ഞത് പക മറന്നത് കൊണ്ടാവും... സഹജീവി സ്നേഹവും ഭയവുമോക്കെയാവാം.. പക്ഷെ ശാസ്ത്രം പറയുമ്പോ അസഭ്യം പറഞ്ഞു രക്ഷപ്പെടാന്‍ നോക്കുന്നവരോട് എന്ത് പറയാന്‍?
|
26 comments:
അടുത്തിടെയാണ് സോറിയാസിസിനു ചികിത്സിച്ചു കൊണ്ടിരുന്ന ആള് വിഷമാണോ എന്ന സംശയത്താല്‍ വന്നത്. കൈയ്യിലും കാലിലും ഒരുതരം ചൊറിയും ചിരങ്ങുമാണ് രോഗം. ചില സമയത്ത് വിസര്പ്പവുമുണ്ട്. പരസ്യത്തില്‍ കണ്ട സോറിയാസിസ് ചികിത്സാകേന്ദ്രത്തില്‍ ഒരു മാസത്തിനടുത്ത് കിടന്നിട്ടും കൂടുകയല്ലാതെ കുറയാതെ വന്നപ്പോള്‍ മറ്റൊരു സോറിയാസിസ് വിദഗ്ധനെ കാണിച്ചപ്പോള്‍ അദ്ദേഹമാണ് വിഷമാണോ എന്നറിയാന്‍ പറഞ്ഞത്. പക്ഷേ, വിഷത്തെ അറിയാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് ബഹുരസം. ഒരു ജ്യോത്സ്യനെ കാണാനാണ് അദ്ദേഹം പറഞ്ഞത്. ജ്യോത്സ്യനെന്തു പറയുന്നു എന്നു നോക്കൂ എന്ന്.
ഇതേ ചികിത്സയിലൂടെ ആളുകളെ ചൂഷണം ചെയ്യാന്‍ അവസരമുണ്ടായിട്ടും അതിനു മുതിരാതെ അറിവു പകരന് ശ്രമിക്കുന്ന മൈനയുടെ വിജ്ഞാനത്തേക്കാള്‍ ജാതി നോക്കിപ്പോകുന്നവരെ കുറിച്ച് എന്തു പറയാന്‍. അറിവു ചിലരുടെ കുത്തകയാക്കിവെക്കാനുള്ള ശ്രമം എല്ലാ കാലത്തും വിലപ്പോകില്ല. മൈനയുടെ യത്നം തുടരട്ടെ.
മറ്റൊരു പാഠം കൂടിയുണ്ട്. പേരുകൊണ്ട് രക്ഷപ്പെടാനാവില്ല. എഴുത്തിലായാലും എയര്പോര്ട്ടിലായാലും. ഇസ്്ലാമിനെ കുറിച്ച് തല്പരകക്ഷികള് പറഞ്ഞുപരത്തുന്ന ഭീതി ഇല്ലാതാക്കാന്‍ അതു മുന്നോട്ടു വെക്കുന്ന സ്നേഹവും ദയയും സ്വീജീവിതത്തിലൂടെ പ്രകടിപ്പിക്കാതെ.
അക്ഷരങ്ങള്‍ ആത്മരേതസ്സാനെന്നു കേട്ടിട്ടുണ്ട്.അത് സത്യമാണെന്ന് തോന്നിയിട്ടുമുണ്ട്. പക്ഷെ...ഇത്തരം ആത്മാക്കളും ഇവിടെയുണ്ടോ...?കാഴ്ചയില്‍ പോലും കാഷ്ടം വാരിപ്പുരട്ടുന്ന ആത്മാക്കള്‍. അവനവന്റെ മനസ്സിലെ കൊടിയ അസംതൃപ്തികളല്ലേ ഇത്തരം വിസര്‍ജ്യ വാക്കുകളായി പുറത്ത് വരുന്നത്? തെറ്റ് മതത്ത്തിന്റെതല്ല. കോപ്രോളജിയെ കുലദൈവമായി ആരാധിക്കുന്ന ദൈവനാമാധാരികളുടെതാണ്.
മൈനാ, നല്ല പോസ്റ്റ്. ഞാന്‍ ഒരു ആയുര്‍വേദ ഡോക്ട്ടര്‍ ആണ്. പാമ്പു ചികിത്സകയായിട്ടും അതുമായി ബന്ധപ്പെട്ട ചില വിശ്വാസങ്ങളെ താങ്കള്‍ കാര്യമക്കുന്നില്ല. അങ്ങനെയെങ്കില്‍ ദൂത ലക്ഷണങ്ങളെപറ്റി താങ്കളുടെ അനുഭവം എന്താണെന്ന് അറിയാന്‍ ആഗ്രഹമുണ്ട്.. വെറുതെ ചോദിച്ചതല്ല. ചരകസംഹിതയില്‍ അവപഠിക്കുന്ന സമയത്ത്തന്നെ തോന്നിയ സംശയങ്ങളാണ്. ഇവ അധുനിക പ്രായോഗിക ചികിത്സയില്‍ എത്രമാത്രം പങ്കുവഹിക്കുന്നു എന്നത്. ചില പ്രായമേറിയ സര്പ്പചികിത്സകരോട് സംസാരിച്ചതില്‍ നിന്നും അവരെല്ലാം ദൂത ലക്ഷണങ്ങള്‍ നോക്കുകയും അതിന് അനുസരിച്ച് ചികിത്സിക്കുകയും ചെയ്യുന്നവരാണെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. പുതിയ തലമുറയില്‍പ്പെട്ട ഒരാള്‍ എന്ന നിലയില്‍ മൈന ദൂത ലക്ഷണങ്ങളെ എങ്ങനെ മനസിലാക്കുന്നു???
@jishnu
ദൂതലക്ഷണത്തിനോ ദുര്‍ദ്ദേശങ്ങളില്‍ വെച്ച് കടിയേല്‍ക്കുന്നതിനോ കാര്യമായ പ്രാധാന്യം കൊടുത്തിരുന്നില്ല. ഇതിനെ ആശ്രയിച്ചിരുന്നാല്‍ കാര്യമായി വിഷമേറ്റിട്ടില്ലാത്ത ആളെപ്പോലും ചിലപ്പോള്‍ അപകടത്തില്‍ പെടുത്തിയേക്കാം എന്ന തിരിച്ചറിവാണ്. ഉറങ്ങുന്ന വൈദ്യനെ വിളിച്ചുണര്‍ത്തുന്നത് നല്ല ലക്ഷണമല്ല ദൂതലക്ഷണപ്രകാരം. പക്ഷേ രാത്രകാലങ്ങളില്‍ പലപ്പോഴും വിളിച്ചുണര്‍ത്താതെ എന്തുചെയ്യും? വൈദ്യന് താനെ ഉണരമെന്നാണ്.
ശ്മശാനത്തില്‍, തൊഴുത്തില്‍, മാളികയില്‍, കാട്ടില്‍, പുല്മേട്ടില്, നാല്‍ക്കൂട്ടപ്പെരുവഴിയില്‍, ദേവാലയത്തില്‍,...ഇവിടെയൊക്കെ വെച്ചു കടിയേറ്റാല്‍ അസാദ്ധ്യ ലക്ഷണങ്ങളായാണ് വിലയിരുത്തുന്നത്. ഗ്രഹണസമയത്തും മറ്റും പാമ്പുകടിയേറ്റാല്‍ വൈദ്യന് സ്വീകരിക്കരുതെന്നാണ്.
ഏതാണ്ട് മൂന്നു വര്‍ഷം മുമ്പ് ച്രന്ദഗ്രഹണ സമയത്ത് ഒരാളെ വെള്ളിക്കെട്ടന് കടിച്ചു വന്നു. ഇടവഴിയിലൂടെ ഏലച്ചാക്കും ചുമന്ന് പോകുമ്പോഴാണ് ചവിട്ടിയത്. ചെരുപ്പിനടിയിലായിരുന്ന പാമ്പ് തലയുയര്‍ത്തി പ്രാണരക്ഷാര്‍ത്ഥം കടിക്കുന്നത് പുറകില്‍ വന്ന സുഹൃത്താണ് കണ്ടത്.
ഭാര്യയ്ക്കും സുഹൃത്തിനുമൊപ്പം എത്തിയ അദ്ദേഹത്തിനെ അല്ല ഭാര്യയെയാണ് കടിച്ചെതെന്നായിരുന്നു ആദ്യ കാഴ്ചയില്‍ എനിക്കു തോന്നിയത്. അവരത്രക്ക് പരവേശപ്പെട്ടും കരഞ്ഞും തളര്‍ന്നിരുന്നു.
കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയപ്പോള്‍ ഗ്രഹണസമയത്താണ് കടിച്ചത്. അപ്പോഴും ഗ്രഹണം അവസാനിച്ചിട്ടില്ലെന്നാണ് ഓര്മ.
`ഗ്രഹണസമയമാണേ` അമ്മച്ചി ഓര്‍മപ്പെടുത്തി. സാരമില്ലെന്നു മനസ്സു പറഞ്ഞു. കാര്യമായി കുഴപ്പങ്ങളൊന്നും കണ്ടില്ല. എന്നാലും അല്പം ശ്രദ്ധ കൂടുതല്‍ കൊടുത്തു. ഒരാളെ സ്വീകരിച്ചു കഴിഞ്ഞാല്‍ എനിക്കത്ര പേടിയില്ല. ഒരു പനിയോ ജലദോഷമോ പോലുള്ള തോന്നലേയുള്ളു. അണലി വര്‍ഗ്ഗത്തില്‍ പെട്ടപാമ്പു കടിയേറ്റു വരുമ്പാഴാണ് മാനസീക പിരിമുറുക്കവും പ്രയാസവും. നീരും വേദനയും കൂടുതലായിരിക്കും. രോഗിയേയും ചികിത്സിക്കുന്നവരേയും ഇത്രത്തോളം ബുദ്ധിമുട്ടിക്കുന്ന വിഷമില്ലെന്നു പറയാം.
pls read http://sarpagandhi.blogspot.com/2008/08/blog-post_24.html
ഇല്ല മൈനേ.. താങ്കള്‍ എത്ര തന്നെ മതേതരത്വം പ്രസംഗിച്ചാലും പര്‍ദ്ദ വലിച്ചെറിഞ്ഞാലും ഉമൈബാന്‍ എന്ന വാല് താങ്കളുടെ പേരിനൊപ്പമുള്ള കാലത്തോളം ഈ തെറികളും പരിഹാസങ്ങളും താങ്കള്‍ക്കു അവകാശപ്പെട്ടത് തന്നെയാണ്. മൈന മുമ്പ് പരാമര്‍ശിച്ചു പിന്നീട് മറന്നു പോയ (അതോ ഞാന്‍ കാണാതെ പോയതോ) ഷാഹിനയും ഇപ്പോള്‍ നേരിടുന്നത് അവകാശപ്പെട്ടത് തന്നെയാണ്.
ഇനി പോസ്റ്റിനെ കുറിച്ച്: അന്ധവിശ്വാസങ്ങളെ തുറന്നു കാട്ടുന്ന വരികള്‍ക്കും ചിന്തകള്‍ക്കും നന്ദി.
രാജേഷ് ആര് വര്‍മ്മയുടെ ഉപാസനാപഞ്ചകം കൂടി വായിച്ചാലെ ഒരു പഞ്ചുള്ളു. അമ്മാതിരി കമന്റിട്ടവന്മാര്ക്കിട്ടു് ഇമ്മാതിരെ കൊട്ടല്ലാതെ പിന്നെ എന്തുകൊടുക്കാന്‍?
ഈ പോസ്റ്റ് malayal.am ത്തില്‍ വായിച്ചിരുന്നു. അതോ മാതൃഭൂമിയിലോ? മാതൃഭൂമിയില്‍ വന്നിരുന്നുവോ ഇത്. എവിടെയോ ഞാന്‍ ഇത് വായിച്ചിരുന്നു. കൂടുതല്‍ അറിവില്ലാത്ത ഒരു വിഷയമായതിനാല്‍ ഒന്നും പറയാതെ തിരികെ പോന്നു.
ചർച്ച വീക്ഷിക്കുന്നു.
ഒട്ടനവധി അന്ധവിശ്വാസങ്ങളിലൂടെയാണ് നമ്മുടെ സമൂഹം കടന്നു പോകുന്നത്.. ബാല്യത്തിലെ ചൊല്ലിയുറയ്ക്കുന്ന ഈ വിശ്വാസങ്ങള്‍ മനുഷ്യന്റെ യുക്തി ചിന്തകളെ കൂടി കെടുത്തുന്നു.. അവനെ ഭയത്തോടെ എല്ലാത്തിനെയും നോക്കി കാണാന്‍ പ്രേരിപ്പിക്കുന്നു.. ഒരു തരത്തില്‍ പ്രപിതാമഹന്മാര് സഹജീവി സ്നേഹം കൊണ്ട്, പാമ്പുകളെ ആളുകള്‍ ദ്രോഹിക്കാതിരിക്കട്ടെ എന്ന സത്ബുദ്ധിയോടെയാവണം ഇത്തരം കഥകള്‍ പ്രചരിപ്പിച്ചത്.. അങ്ങനെ കരുതാനാണ് എനിക്കിഷ്ടം..
മൈനചേച്ചി പറഞ്ഞു..
പറയാനുള്ളത് ഉറക്കെ തന്നെ പറഞ്ഞു..
നല്ലതു..
കാതുള്ളവര്‍ കേള്‍ക്കട്ടെ..
എന്തായാലും ഈ പാമ്പുപുരാണം അസ്സലായി.ചർച്ചകൾ തുടരട്ടെ..
പിന്നെ
ഇതിന്റെ ലിങ്ക് ഈ ആഴച്ചത്തെ ‘ബിലാത്തിമലയാളിയുടെ‘ വരാന്ത്യത്തിൽ ഇടുന്നുണ്ട് കേട്ടൊ മൈനേ
I don't agree Myna with your comments.There is something behind it. We accept and follow it our tradition, our rituals and beliefs, this is what makes us different from others...
ചെറുപ്പം മുതലേ എനിക്ക് പാമ്പിനോട് വല്ലാത്ത ഒരു വൈരാഗ്യം ഉണ്ടായിരുന്നു..അതുകൊണ്ട് എവിടെ കണ്ടാലും കൊല്ലാന്‍ പറ്റിയില്ലെങ്കില്‍ ഒരു കല്ലെടുത്ത് ഒരു ഏറെന്കിലും കൊടുകുമായിരുന്നു.പക്ഷെ എന്റെ ഒരു സുഹൃത്തിനെ പാമ്പ് കടിച്ചു. അതില്‍ നിന്നും അയാള്‍ രക്ഷപ്പെടാന്‍ പെട്ട പാട് കണ്ടപ്പോള്‍ ഞാന്‍ പാമ്പിനെ ഉപദ്രവിക്കുന്നത് നിര്‍ത്തി.ഇപ്പോള്‍ ഭയങ്കര സ്നേഹമാണ്..പോസ്റ്റ് വളരെ വിജ്ഞാന പ്രദം..
എന്റെ ഉമ്മാടെ വീട്ടുപറമ്പില്‍ പണ്ടു സര്‍പ്പക്കാവ് ഉണ്ടായിരുന്നു. ഏതോ നമ്പൂതിരി മാറില്‍ നിന്നും വാങ്ങിയതാണ്. കുറെ കാലം അത് പോലെ സൂക്ഷിച്ചു. വിളക്ക് വെക്കല്‍ ഒക്കെ ഉണ്ടായിരുന്നത്രേ. പിന്നീട് അന്ന് യുവാവായിരുന്ന അമ്മാവന് അത് തീയിട്ടു. ആര്‍ക്കും പ്രത്യേകിച്ച് പ്രശ്നമൊന്നും ഉണ്ടായിട്ടില്ല.
അമ്മാവന് ഏതാണ്ട് 60 വയസ്സ് വരെ ജീവിച്ചു.
പാമ്പുകളെ കുറിച്ച് വിശ്വാസപരമായും അല്ലാതെയും ധാരാളം തെറ്റിധാരണകള്‍ പലര്ക്കുമുന്ടു. മൈനയുടെ കുറിപ്പുകള്‍ വിജ്ഞാനപ്രദമാണ്.
സ്വന്തം അമ്മയെ സ്നേഹിച്ചില്ലെങ്കിലും പശു അമ്മയാണെന്ന് പറയുന്നവന് ജയ് വിളിക്കുന്ന വിഡ്ഢികളിൽ നിന്നും ഈ കമന്റൊന്നും പോര. പാമ്പ് ദൈവമാണെന്ന് പറയുന്നവന്റെ കുടുമ്മത്തു പാമ്പു കയറിയാൽ അതിനെ എങ്ങനെ അവിടെനിന്നും പറഞ്ഞയക്കാം എന്നേ അവൻ ചിന്തിക്കൂ. കുടുമ്മത്തു കയറി വന്ന ദൈവത്തെ കുടിയിരുത്തുകയൊന്നുമില്ല അടുക്കളയിലും കിടപ്പുമുറിയിലും.
പാമ്പിന്റെ ദൈവീകത്വത്തെക്കുറിച്ചൊക്കെ പറഞ്ഞാൽ ഇപ്പൊഴത്തെ കുട്ടികൾ വരെ ചിരിച്ച് തള്ളും. വഴിയിൽ ഒരു പട്ടിയെയോ ഒരു പശുവിനെയോ കണ്ടാൽ നമ്മൾ അല്പം മാറി നടക്കും. അതുപോലെ പാമ്പിനെയും. പാമ്പിനൊരു പ്രത്യേകത എന്നുപറയുന്നത് നടക്കുന്ന വഴിയിൽ അറിയാതെ ചവിട്ടിപ്പോയാലും അത് കടിക്കും. അതുകൊണ്ട് അതിനെ നമ്മൾ കൂടുതൽ ഭയക്കുന്നു. ഭയമുള്ള എന്തിനെയും ആരാധിച്ച് ശീലിച്ച നമ്മുടെ പൂർവ്വികർ കഥകൾ മെനഞ്ഞുകൂട്ടി. അതൊക്കെ സത്യമാണെന്ന് ഇപ്പൊഴും വിശ്വസിച്ച് നടക്കുന്നവരെക്കുറിച്ച് കഷ്ടം എന്ന ഒറ്റവാക്കേ പറയാനുള്ളൂ.
(കഥകളില്ലാതെ എന്തു ജീവിതം! സർപ്പമാവട്ടെ എന്ന് പ്രാർത്ഥിച്ച് സർപ്പമായി, തിർച്ച് മനുഷ്യനാവാൻ പറ്റാതെ മാണിക്യകല്ലും തലയിലേറി നടക്കുന്ന സർപ്പത്തിന്റെ കഥയൊക്കെ ബാല്യത്തിലെ ഒരു വലിയ സങ്കടമായിരുന്നു)
ഹൈ..എന്താത് കഥ..
ഒരു പോസ്റ്റിട്ടാൽ അതിന്റെ യുക്തിയിലേക്ക് നോക്കാതെ,എഴുതിയവന്റെ കുലവും മഹിമയും നോക്കി കമന്റുക....ആരാപ്പൊ ംലേച്ചൻ..?.ഒരു പിടിയും കിട്ടിണ്ല്യ.
പാമ്പിനെക്കാൾ വിഷമുള്ള മ്ലേച്ഛന്മാർ തന്നെ.
ബിലാത്തി മലയാളിയുടെ ഈ ആഴ്ച്ചയിലെ വരാന്ത്യത്തിൽ ഇതിന്റെ ലിങ്ക് ചേർത്തിട്ടുണ്ട് കേട്ടൊ മൈനേ
ദേ ഇവിടെ (https://sites.google.com/site/bilathi/vaarandhyam (clik current issue Oct8-14 /week 41 of 2011 ) ബ്ലോഗ് വിഭാഗത്തിൽ
സസ്നേഹം ,
മുരളി
അന്ധവിശ്വാസങ്ങൾ മനസിലേറ്റുകയും വിശ്വാസങ്ങളെ തള്ളിക്കളയുകയും ചെയ്യുക. ഇന്നത്തെ ടെൻഡ് :
@ ശ്രദ്ധേയൻ
==ഇല്ല മൈനേ.. താങ്കള്‍ എത്ര തന്നെ മതേതരത്വം പ്രസംഗിച്ചാലും പര്‍ദ്ദ വലിച്ചെറിഞ്ഞാലും ഉമൈബാന്‍ എന്ന വാല് താങ്കളുടെ പേരിനൊപ്പമുള്ള കാലത്തോളം ഈ തെറികളും പരിഹാസങ്ങളും താങ്കള്‍ക്കു അവകാശപ്പെട്ടത് തന്നെയാണ് ===
തെറികളൊന്നും കാണാനില്ല. ഇനീ തെറികൾ എനിക്ക് മനസിലാവാഞിട്ടാണോ ? :)
പാമ്പുകളെ ഭയമായിരുന്നു . ഇപ്പോള്‍ ജീവിക്കുന്നത് ഒരു നഗരത്തിലാണെങ്കിലും ഭയം മാറി എന്നൊന്നും പറയാന്‍ വയ്യ .'സര്‍പ്പകോപ'ത്തെയൊന്നുമല്ല , പാമ്പ് കടിക്കുമോ എന്ന സാധാരണ ഭയം .ഒരു പാമ്പിനെ ഉപദ്രവിച്ചാല്‍ ഇണ മൈലുകള്‍ക്കപ്പുറത്തു നിന്ന് പറന്നെത്തി കൊത്തുന്ന , ഉഗ്രവിഷമുള്ള ഒരു പാമ്പിനെ കുറിച്ചുള്ളതൊഴിച്ചാല് അധികം കഥകളൊന്നും ചെറുപ്പത്തില്‍ കേട്ടിട്ടില്ല . യഥാര്‍ത്ഥ പാമ്പുകള്‍ ധാരാളമുള്ള ഒരു മലയോര ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നതുകൊണ്ടാവാം . മുറ്റത്ത് , വീട്ടിനുള്ളില്‍ , കിടക്കമേല്‍ , ഉത്തരത്തില്‍ ഒക്കെ ചിലപ്പോഴൊക്കെ വന്നിട്ടുള്ള ഭയപ്പെടുത്തുന്ന ഒരു അതിഥിയായി പാമ്പ് മനസ്സിലെവിടെയോ ഉറച്ചുപോവുകയും ചെയ്തിരുന്നു . പാമ്പിന്റെ സൌന്ദര്യം ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ല . പാമ്പുകളെ ക്കുറിച്ചു എത്ര ചെറിയ അറിവാണ് എനിക്കുള്ളതെന്ന് മൈനയുടെ കുറിപ്പ് വായിച്ചപ്പോള്‍ മനസ്സിലായി. ശാസ്ത്രീയ മായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ എഴുതിയ ഉപകാരപ്രദമായ കുറിപ്പ്. എന്നാല്‍ അതിനെ കുറിച്ച് വന്ന ചില കമന്റുകള്‍ കണ്ടപ്പോള്‍ ആദ്യമായി 'സര്‍പ്പകോപ ' ത്തില്‍ വിശ്വാസം വന്നു തുടങ്ങിയോ എന്നൊരു സംശയം . ആ കുറിപ്പ് മുഴുവനും വായിച്ചിട്ട് അതെഴുതിയ മൈന ഉമൈബാന്റെ മതവും ജാതിയും തീര്‍ച്ചയാക്കി , 'ബിരിയാണി'യും, 'കൊഴുപ്പും' , 'എല്ലിന് കഷണങ്ങളും ' ഒക്കെ ഇത്ര 'മ്ലേച് ചമായി ' ചര്ദ്ധിച്ചു വെക്കാന്‍ എത്ര നൂറ്റാണ്ടുകള്‍ക്കു പുറകില്‍ നിന്നാണ് വിഷസഞ്ചികള്‍ പേറി ഈ ഇഴഞ്ഞെത്തലുകള് ? മൈന ഇനി എത്ര ശാസ്ത്രീയമായി വിശദീകരിച്ചാലും ശരി , സര്പ്പപ്പക സത്യമാണ് . പൂര്‍വ്വികരാരെങ്കിലും സര്‍പ്പക്കാവ് തെളിക്കുകയോ ,പാമ്പിനെ കൊല്ലുകയോ ഒന്നും വേണ്ട ; ബ്ലോഗെഴുതിയാലും മതി ആയിരക്കണക്കിന് കാതങ്ങള്‍ അകലെ നിന്നും പറന്നെത്തും കൊത്താന്‍ . ഷേക്സ്പീരിയന്‍ കഥാപാത്രത്തെ കുറിച്ചു പറയുന്നത് പോലെ ഒരു - Motiveless Malignity- കാരണമോ ഉദ്ദേശ്യമോ ഇല്ലാത്ത പകയുമായി സൈബര്‍ ലോകത്തിലെങ്കിലും അവ ഇഴഞ്ഞു നടക്കുന്നുണ്ട് . സൂക്ഷിക്കണം . മൈന മാത്രമല്ല . വിവേകവും തെളിഞ്ഞ ബോധവുമുള്ള എല്ലാവരും .കാരണം വിവേകത്തോടാണ് പക .
to sivaram karayil ചേട്ടാ ദയവായി ഹിന്ദുക്കളെ നാറ്റിക്കരുതേ ..
നല്ല ലേഖനം...
ശാപവും അനുഗ്രഹവും എല്ലാം വിശ്വാസം മാത്രമാണ്.
നമ്മുടെ തന്നെ മനസ്സ് നമ്മളില്‍ നിന്ന് എത്രയോ ദൂരെയാണ്....
ഈ Sivaram Karayil എന്തൊക്കെയാണ് എഴുതിവച്ചിരിക്കുന്നത്. സർപ്പാരാധന അന്ധവിശ്വാസമല്ലെന്ന് പറയാനായിരുന്നോ ഇത്രയും പരാക്രമങ്ങൾ. ഒരാളുടെ വിശ്വാസം മറ്റൊരാൾക്ക് അന്ധവിശ്വാസമായിരിക്കും. അത് നല്ലരീതിയിൽ എങ്ങനെ അവതരിപ്പിക്കാമെന്ന് ഈ ലേഖനം തന്നെ ഉദാഹരണമായെടുത്ത് പഠിക്കൂ.
തലച്ചോറിലെ സെരിബ്രം എന്ന ഭാഗമാണ് ഓര്‍മ്മയുടെ കേന്ദ്രം. അത് ഏറെ വികസിച്ചാല്‍ ഏറെ ഓര്‍മ്മയുണ്ടാവും.തീരെ വികസിചിട്ടില്ലെങ്കില് തീരെ ഓര്‍മ്മ ഉണ്ടാവില്ല.പാമ്പിന്റെ സെരിബ്രതിനു കാര്യമായ വികാസമില്ല.അതുകൊണ്ട് അതിനു ഓര്‍മ്മയുമില്ല.അതുകൊണ്ട് തന്നെ അത് ഇണങ്ങുകയും പിണങ്ങുകയും ഇല്ല.സ്നേഹിക്കുകയും പക വെച്ചു ഉപദ്രവിക്കുകയുമില്ല.പാമ്പുകളില്‍ കൂടുതല്‍ വികാസമുള്ള സെരിബ്രം ഉള്ളത് രാജ വെമ്പാലക്കാന്.അതിനു പോലും രണ്ടോ മൂന്നോ മിനിട്ട് മാത്രമാണ് ഓര്‍മ്മ നിലനില്ക്കുക.അപ്പോള്‍ പിന്നെ അത് ശപിക്കുമെന്നും പറയുന്നത് അനുസരിക്കുമെന്നുമൊക്കെ പറയുന്നത്.അറിവില്ലായ്മ മാത്രമാണ്.പറയുന്നത് കേള്‍ക്കാന്‍ അതിനു ചെവിയില്ല.ചെവിയുടെ സ്ഥാനത്ത് കൊലുമെല്ല ഓരിസ് എന്ന ഒരു കാര്ട്ടിലെജ് മാത്രമാണുള്ളത്.പിന്നെങ്ങനെ അമ്മാവന് പറയുന്നതും അമ്മായി പറയുന്നതുമൊക്കെ പാമ്പ് കേള്‍ക്കും?അതൊക്കെ യാദൃശ്ചികതകള്‍ മാത്രമാണ്.മതപരമായ വിശ്വാസങ്ങളും കഥകളും അതി മനോഹരങ്ങളാണ്.അത് നമ്മുടെ ഭാവനകളെ ആകാശത്തോളം ഉയര്‍ത്തും.അത് അഭിമാനിക്കാവുന്ന പൈതൃകം ആണ് താനും.പക്ഷെ അതില്‍ മാത്രമാണ് സത്യമെന്ന് വാശി പിടിക്കുമ്പോള്‍ നമ്മള് മുഖം തിരിക്കുന്നത് അടിസ്ഥാനപരമായ ചില യുക്തി ബോധങ്ങളില്‍ നിന്നാണെന്നുള്ള കാര്യം മറക്കാതിരിക്കുക. മക്ലീന് എന്ന ശാസ്ത്രജ്ഞന് മൂന്നു അടരുകളുള്ള ഒരു ബ്രെയിന്‍ മോഡല്‍ അവതരിപ്പിച്ചിരുന്നു.ഏറ്റവും ഉള്ളില്‍ പ്രവിശ്യാബോധവും ഇര തേടലും ഇണ തേടലും ഒക്കെ സ്വന്തമാക്കി വെച്ചിരിക്കുന്ന ഉരഗ മസ്തിഷ്കം.അതിനു പുറത്ത് അല്പസ്വല്പം ബുദ്ധിയൊക്കെ ഉപയോഗിക്കുന്ന ലിംബിക് സിസ്ടെം അഥവാ മൃഗ മസ്തിഷ്കം.അതിനും പുറമേ നമ്മള് അനുനിമിഷം ഊറ്റം കൊള്ളുന്ന നവ മസ്തിഷ്കം.നവ മസ്തിഷ്കം അനുപമമായ യുക്തി ചിന്തയുടെ അടരാണ്.മനുഷ്യനെ മനുഷ്യനാക്കുന്ന അടര്.അതിനെ തിരസ്കരിച്ച്ചു വിശ്വാസത്തിന്റെ പ്രവിശ്യകളില്‍ സ്ഥിര താമസം കൊതിക്കുന്നവരെ പക്ഷെ ഇപ്പോഴും ആദിമമായ ആ ഉരഗ മസ്തിഷ്കമാണ് നിയന്ത്രിക്കുന്നതെന്ന് തോന്നിപ്പോകുന്നു.....
Post a Comment