Sunday, August 31, 2008
ആനയോര്‍മ
ദേവപ്രകാശിന്റെ ആനവര വായിച്ചപ്പോള്‍(മാതൃഭൂമി ആഴ്ചപ്പതിപ്പ് ലക്കം 25 ) ആന ഓര്‍മകളിലേക്കെത്തിപ്പോയി.
വട്ടപ്പൂജ്യം മാര്‍ക്കുകിട്ടുന്നവരെ ആനമൊട്ട കിട്ടി എന്നു പറഞ്ഞു കളിയാക്കുന്നതില്‍ തുടങ്ങുന്നു ആന ഓര്മ. ഇത്തിരി വലുതായ എന്തിനേയും അതിശയോക്തി കലര്‍ത്തി ഉപമിക്കുന്നത് ആനയോടാണല്ലോ!
കഷണ്ടിയായ അധ്യാപകനും തടിച്ച അധ്യാപികയും ചേനസാറും ആനടീച്ചറുമായിരുന്നു ഞങ്ങള്‍ക്ക്. സ്കൂളുവിട്ടു വരുന്ന വഴി ആറ്റില്‍ കുളിപ്പിക്കാന്‍ കിടത്തിയിരിക്കുന്ന ആനയെ കാണാം. മലയില്‍ നിന്ന് തടിവലിച്ച് കൊണ്ടുവരുന്നതാണ് മറ്റൊരു കാഴ്ച. ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കുന്നതൊക്കെ മുതിര്ന്നതില് പിന്നെയാണ് കണ്ടത്. അതിനേക്കാളേറെ തടിവലിക്കാന്‍ കൊണ്ടുപോകുന്ന ആനയായിരുന്നു ഞങ്ങള്‍ക്കു ചുറ്റും.
വീടിനു മുന്നില്‍ ദേവിയാറിനു മുന്നില്‍ പാലമില്ലായിരുന്നു. മഴക്കാലത്ത് അക്കരെയെത്തണമെങ്കില്‍ ഒന്നുരണ്ടുകിലോമീറ്റര്‍ കിഴക്കോട്ടോ പടിഞ്ഞാട്ടോ നടക്കണമായിരുന്നു ഒരു പാലത്തിന്. ഒന്നിലോ രണ്ടിലോ മറ്റോ പഠിക്കുമ്പോഴാണ് ഞങ്ങളുടെ പറമ്പിലെ താന്നിമരം പാലത്തിനുവേണ്ടി മുറിച്ചത്. അതും ഒരു ആനമരമായിരുന്നെന്നു പറയാം. ആറിനു കുറുകെ നെടുനീളന്‍ ഒറ്റത്തടിപാലം. പക്ഷേ മലയോടു ചേര്‍ന്നു നിന്ന മരം ആറ്റിലേക്കുകൊണ്ടുവരിക എന്നത് ചില്ലറ കാര്യമായിരുന്നില്ല. മൂന്നു ദിവസമാണ് ഞങ്ങളുടെ പറമ്പില്‍ ആനകേറി നിരങ്ങിയത്. രാത്രി പറമ്പിനു നടുക്കുനിന്ന ഇത്തിരിപോന്ന പേരയിലായിരുന്നു അതിനെ തളച്ചത്. രണ്ടോമൂന്നോ ആനകളെ കൊണ്ടിവന്നിരുന്നെന്നാണ് ഓര്മ. മൂന്നു ദിവസം കൊണ്ടാണ് താന്നി പാലമായത്. ആനയെ ഇത്രത്തോളം അടുത്തു കാണുന്നത് അവിടെ നിന്നായിരുന്നു.- ഏതാണ്ട് അതേ സമയത്തുതന്നെയാണ് ദേവപ്രകാശിന്റെ നാട്ടില്‍വെച്ച് ആനക്ക് പഴം കൊടുത്തത്. കാട്ടാനയല്ല അതും തടിവലിക്കാന്‍ കൂപ്പിലേക്കു കൊണ്ടുപോകുന്നതായിരുന്നു. അന്ന് പൈനാവിലായിരുന്നു അമ്മായി താമസിച്ചിരുന്നത്.
എന്നാല്‍ കാട്ടാനയെ ആദ്യമായി കണ്ടത് തോല്‍പ്പെട്ടിയിലേക്കുള്ള യാത്രയിലാണ്. ഒന്നരവര്‍ഷം മുമ്പു മാത്രം. മറയൂരായിരിക്കുമ്പോള്‍ വീടിനടുത്തുള്ള വയലില്‍ രാത്രികാലങ്ങളില്‍ ആനയിറങ്ങി നെല്ല് ചവിട്ടിമെതിച്ചിടുമായിരുന്നു. ആനയിറങ്ങുന്ന സമയങ്ങളില്‍ തകരച്ചെണ്ടയും പന്തവുമായി കാവലിരിക്കുമായിരുന്നു കൃഷിക്കാര്‍.
കാട്ടിലേക്കുള്ള ഞങ്ങളുടെ വഴികാട്ടിയായിരുന്ന സെല്വന് കാടിനോട് ചേര്‍ന്ന് വയലിലെ കാവല്‍മാടത്തിലായിരുന്നു കൊയ്ത്തു കഴിയുന്നതുവരെ കഴിഞ്ഞിരുന്നത്. ചൂടാറാത്ത, ചൂരുപോകാത്ത ആനപ്പിണ്ടങ്ങള്‍ക്കരുകിലൂടെയായിരുന്നു ഞാനും ബിന്ദുവും അനിയും മാനുവും യാത്ര. അകലെ ചിന്നം വിളികേട്ടിട്ടുണ്ട്.
പൊട്ടപ്പുള്ളകളേ എന്ന് താക്കീതിന്റെ സ്വരത്തില്‍ ഞങ്ങളെ വിളിച്ച് സെല്വന് ചിന്നംവിളി കേട്ട ഭാഗത്തേക്ക് അടുപ്പിച്ചില്ല. കാട്ടില്‍ ഒറ്റക്കു നടക്കാനോ കാവല്മാടത്തില് ഒറ്റക്കുകിടക്കാനോ ഭയമില്ലാതിരുന്ന സെല്വന് പക്ഷേ, ചേട്ടന് നിസാരകാര്യത്തിന് വഴക്കു പറഞ്ഞതിനാണ് എക്കാലക്സ് കുടിച്ച് സ്വയം തീര്‍ന്നത്.
അനിയുടെ അമ്മമ്മ ആന വീടുകുത്തി മലര്‍ത്തിയതും രണ്ടുമക്കളെയും കൊണ്ട് ഓടിരക്ഷപെട്ടതുമായ കഥ പറഞ്ഞതോര്‍ക്കുന്നു.
വയലിലിറങ്ങിയ ആനയെ തകരച്ചെണ്ടമുട്ടിയും പടക്കം പൊട്ടിച്ചും ആര്‍ത്തു കൂവിയും പന്തങ്ങളുമായി ഓടിക്കുന്ന ശബ്ദങ്ങള്‍ക്കിടക്കാണ് അമ്മച്ചി ആനക്കഥ പറഞ്ഞത്.
അത് ആനയില്‍ നിന്ന് രക്ഷപെട്ട കഥയായിരുന്നു. നേര്യമംഗലത്ത് പെരിയാറിനക്കരെ മീനാക്ഷിക്ഷേത്രത്തിനോട് ചേര്‍ന്നുള്ള സ്ഥലത്തെ കൊച്ചുവീട്ടില്‍ കാവല്‍ കിടക്കാന്‍ പോകുമായിരുന്ന അച്ഛനോടൊപ്പം കുട്ടിക്കാലത്ത് അമ്മച്ചിയും ചിലപ്പോള്‍ പോകുമായിരുന്നത്രേ! വിളികേള്‍ക്കാവുന്ന ദൂരത്തൊന്നും വീടുകളില്ല. എന്നാല്‍ മിക്ക പറമ്പുകളിലും കാവല്‍ മാടങ്ങളുണ്ടായിരുന്നു.
ഒരു രാത്രി അമ്മച്ചിയുടെ അച്ഛന് തിടുക്കത്തില്‍ വിളിച്ചുണര്‍ത്തുമ്പോള്‍ അമ്മച്ചി അന്ധാളിച്ച് 'എന്നാച്ഛാ' എന്നു ചോദിച്ചപ്പോള്‍ വാപൊത്തുകയായിരുന്നത്രേ! (പെണ്ണുങ്ങളുടെ ശബ്ദം കേട്ടാല്‍ ആനക്കു കലികൂടുംപോലും )
ആനയുടെ കാല്‍ച്ചുവട്ടിലായിരുന്നത്രേ അപ്പോള്‍ അമ്മച്ചി. (വീട് ഒറ്റക്കുത്തിന് മറിച്ചിട്ടിരുന്നു. അന്നത്തെ ഏഴോ എട്ടോ വയസ്സുകാരി ഗാഢ ഉറക്കത്തിലായിരുന്നു) അച്ഛന് പിടിച്ചു വലിച്ചുകൊണ്ടോടി..ആന പുറകെയും..എങ്ങനെയോ ഒരു കയ്യാലയില്‍ വലിഞ്ഞുകയറി താഴോട്ടോര്‍ന്നു വീണ്....ഇന്നും കാല്‍മുട്ടിലും നെഞ്ചിലുമൊക്കെ ആ വീഴ്ചയുടെ പാടുകള്‍ മായാതെ കിടക്കുന്നു. 'ആനേടെ കാച്ചോട്ടീന്ന് രക്ഷിച്ചെടുത്ത മോളാ'..വളര്‍ന്നപ്പോള്‍ നന്ദികാണിച്ചില്ലെന്ന് അക്കരയച്ഛന്‍(അമ്മയുടെ അച്ഛന്) പറഞ്ഞ് പലപ്പോഴും കേട്ടിട്ടുണ്ട്.
ജീവിതത്തില്‍ നിന്നുള്ള ആനക്കഥകള്‍ക്കൊക്കെ ശേഷമല്ലേ 'ഗുരുവായൂര്‍ കേശവനും' 'എന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു'വുമൊക്കെ അറിയാന്‍ തുടങ്ങിയത്.
അക്കരയച്ഛന്‍ നന്ദികേടിനെക്കുറിച്ചു പറയട്ടേ. പക്ഷേ ഞങ്ങള്‍ ആകാശമിഠായികളായില്ലേ!
ഫോട്ടോ ആരെടുത്തതാണെന്നറിയില്ല. കടപ്പാട് www.flickr.com
Subscribe to:
Post Comments (Atom)
13 comments:
വീടിനടുത്തുള്ള വയലില്‍ രാത്രികാലങ്ങളില്‍ ആനയിറങ്ങി നെല്ല്് ചവിട്ടിമെതിച്ചിടുമായിരുന്നു. ആനയിറങ്ങുന്ന സമയങ്ങളില്‍ തകരച്ചെണ്ടയും പന്തവുമായി കാവലിരിക്കുമായിരുന്നു കൃഷിക്കാര്‍.
കാട്ടിലേക്കുള്ള ഞങ്ങളുടെ വഴികാട്ടിയായിരുന്ന സെല്വന് കാടിനോട് ചേര്‍ന്ന് വയലിലെ കാവല്‍മാടത്തിലായിരുന്നു കൊയ്ത്തു കഴിയുന്നതുവരെ കഴിഞ്ഞിരുന്നത്. ചൂടാറാത്ത, ചൂരുപോകാത്ത ആനപ്പിണ്ടങ്ങള്‍ക്കരുകിലൂടെയായിരുന്നു ഞാനും ബിന്ദുവും അനിയും മാനുവും യാത്ര. അകലെ ചിന്നം വിളികേട്ടിട്ടുണ്ട്.
നല്ല പോസ്റ്റ് മൈന..:)
നന്നായി പോസ്റ്റ്..
നന്നായിരിക്കുന്നു. ഒരു നിമിഷം എന്റെ ഓർമ്മകൾ വയനാട്ടിലേക്ക് പോയി.അവിടെ കഴിഞൌകൂടിയ വർഷങ്ങളിൽ നിരവധി തവണ കാട്ടാനകളെ കാണുവാൻ അവസരം കിട്ടിയിട്ടുണ്ട്.പ്രത്യേകിച്ച്ച്ച് മൈസൂർ റോഡിലും.പുൽപ്പിള്ളി റോഡിലും..
നന്നായിരിക്കുന്നു.
എത്ര നാളായി ഒരാനയെ കണ്ടിട്ട്. എനിക്കിപ്പോ ഒരു ആനയെ കാണണം :)
എന്തു കൊണ്ടാണാവോ ആനകളെ മനുഷ്യര്‍ ഇത്രമേല്‍ ഇഷ്ടപ്പെടുന്നത്?
ഒരു ചെറിയ ഓര്‍മ്മക്കുറിപ്പില്‍ എത്ര പേരെയാണ് മൈന പരിചയപ്പെടുത്തുന്നത്? ചേനസാര്, ആനടീച്ചര്, ശെല്വന്, അക്കരയച്ഛന്‍ അങ്ങിനെയെത്രപേര്‍.. വിഷയമെന്തായാലും കാന്വാസ്സ് ചെറുതല്ല തന്നെ.
നല്ല പോസ്റ്റ്..എത്രകണ്ടാലും മതി വരാത്ത ഒന്നാണ് ഈ "ആന" അല്ലെ? കാണുംതോറും,ആന ചന്തത്തിനു തിളക്കം കൂടിക്കൂടി വരുന്നപോലെ.
നല്ല പോസ്റ്റ്.
കണ്ണൂസ് പറഞ്ഞതിന്റെ താഴെ എന്റെയും ഒരു ഒപ്പ്. ശെല്‍വനും അക്കരയച്ഛനും.. ഓരോ കഥകളുണ്ടല്ലോ..
ആനക്കഥ ഇഷ്ടപ്പെട്ടു.
എന്തെല്ലാം അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആന ഇപ്പോഴും ഒരു ദൗര്‍ബല്ല്യമാണ്, പ്രത്യേകിച്ച് തൃശ്ശൂര്‍ക്കാര്‍ക്ക്. ഞാന്‍ 5ആം ക്ലാസ്സില്‍ പഠിക്കുന്ന പ്രായത്തില്‍ ആനപ്പുറത്ത് കയറി ആലവട്ടം പിടിച്ചിട്ടുണ്ട്. ക്ഷേത്രദര്‍ശനത്തില്‍ വിശ്വാസമില്ലാതിരുന്നിട്ടും ആനകളെകാണാന്, പ്രത്യേകിച്ച് ഗുരുവായൂര്‍ കേശവനെ കാണാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഗുരുവായൂര്‍ക്ക് എല്ലാ ആഴ്ചകളിലും പോകുമായിരുന്നു. എങ്കിലും ആനകളെ ഇങ്ങനെ കെട്ടിയിടുന്നതിനോട് എനിയ്ക്ക് യോചിക്കാനാവില്ല. കഴിഞ്ഞ ദിവസം ഒരു ന്യുസ്സ് കേട്ടിരുന്നു, ഒരു സ്ഥലത്ത് നാട്ടാനകള്‍ക്ക് കാടിന്റെ ലഹരി ആസ്വദിച്ച് കഴിയാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന്.
നല്ല പൊസ്റ്റ്. മുഴുവന്‍ ഇരുന്ന് വായിച്ചു.
അയവിറക്കിയ ആനക്കഥകൾ നന്നായിട്ടുണ്ട്.
ആന എന്നും ഏതു പ്രായക്കാർക്കും കൌതുകം ഉണ്ടാക്കുന്ന ജീവിതന്നെ. എത്രകേട്ടാലും എത്രകണ്ടാലും മതിവരാത്ത അതിശയം.
ആശംസകൾ...
ആനകളെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരാളാണ് ഞാന്‍. പൊതുവേ ആനകള്‍ക്കും എന്നെ വലിയ കാര്യമാണ്. ചിലല് ആന ഓര്‍മ്മകള്‍ പങ്കു വയ്ക്കട്ടെ...
ഞങ്ങളുടെ വീടിനു പിന്നില്‍ ഒരു വലിയ മാവുണ്ടായിരുന്നു. പണ്ടു കാലത്ത് അതിലായിരുന്നത്രേ ആനയെ തളച്ചിരുന്നത്. ഏത്താനും വര്‍ഷങ്ങള്‍ക്കു മുന്‍പേ ആ മാവ് അമ്മാവന് വെട്ടി. മുപ്പതിനായിരം രൂപ അതിനു വില കിട്ടീന്നു പറയുമ്പോള്‍ അതിന്ന്റ്റെ വലിപ്പം ഊഹിക്കാമല്ലോ...
ഇടക്കാലത്തെ എന്റെ താമസ സ്ഥലത്തു കൂടി ദിവസവും കടന്നു പോയിറ്റുന്ന ഒരു പിടിയാനയ്ക്ക് ഒരു ദിവസം ഞാനൊരു പോപ്പിന്‍സ് മിഠായി കൊടുത്തു. അതിനു ശേഷം എന്നും അവിടം കടന്നു പോകുമ്പോള്‍ ഒരു നിമിഷം അതു തിരിഞ്ഞു നോക്കുമായിരുന്നു. (മന്നുഷ്യന്‍ കാണിക്കാത്ത്ത നന്ദിയും സ്നേഹവും, കേവലം ഇത്തിരിപ്പോന്ന ഒരു പോപ്പിന്‍സ് മിഠായിയുടെ പേരില്‍!!!)
പൂര്‍ണ്ണത്രയീശന്റെ മുന്പില് മദപ്പാടോടെ തളച്ചിരുന്ന ഒരു പരാക്രമിയായ കൊമ്പന് പഴക്കുല കൊടുത്തതിന്റെ പേരില്‍ കമ്മറ്റിക്കാര് പാപ്പാന്മാരെയും, പാപ്പാന്ന്മാര് എന്നെയും ചീത്ത പറഞ്ഞത് ഒരിക്കലും മറക്കാനാവാത്ത ഒരു ആനസ്മൃതിയാണ്.
മറ്റൊരിടത്ത് അതു പോലെ തന്നെ മദപ്പാടോടെ തളച്ചിരുന്ന കുട്ടിക്കൊമ്പന്. അവന് ആര്‍ക്കും എന്തും കൊടുക്കാം. പക്ഷേ കൊടുത്തു കൊണ്ടേയിരിക്കണം. അല്ലെങ്കില്‍ അവസാനം അവന് കൈ കൂട്ടിപ്പിടിച്ചു നിലത്തടിക്കും. പാപ്പാന്മാരുടെ കണ്ണു വെട്ടിച്ചു പഴം കൊടുക്കാന്‍ തുടങ്ങി. അവസാഅനത്തെ പഴം കൊടുക്കുമ്പോള്‍ അവന് എന്റെ കൈയില്‍ പിടിക്കാന്‍ നോക്കി... ആ പിടി കിട്ടിയിരുന്നെങ്കില്‍...
ഇങ്ങനെ ഒത്തിരി അനുഭവങ്ങള്‍ ആനയുമായി ബന്ധപ്പെട്ടുണ്ട്. പക്ഷേ ഒന്നു തീര്‍ത്തും പറയാം. മദം പൊട്ടി നില്ക്കുന്ന ആന പോലും മനുഷ്യരേക്കാള്‍ വളരെ ഭേദമാണ്. അതിന്റെ അസ്വസ്ഥത കൊണ്ട് അത് ഉപദ്രവിക്കുമെന്നേയുള്ളൂ. മാത്രമല്ല ആനകള്‍ മനുഷ്യരെ കൊല്ലുന്നത് മിക്കവാറും പാപ്പാന്മാരുടെ ദേഹോപദ്രവം സഹിക്കാതെ വരുമ്പോഴാണ്. എനിക്കൊത്തിരിയിഷ്ടമാണ് അവരെ. എന്നെങ്കിലും ഒരിക്കല്‍ ഞാനും വാങ്ങും ഒരാനയെ. സ്നേഏഹ്ഹിക്കാന്. മതി വരുവോളം സ്നേഹിക്കാന്‍.
ആനസ്മൃതിയുണര്ത്തിയ ഈ പോസ്റ്റിന് നന്ദി
ആശംസകള്‍
ആന ചന്തമുള്ള ഓര്‍മ്മകള്‍. :)
Post a Comment