Tuesday, August 26, 2008

ഒരു 'കാക്ക'പുരാണം



ഞങ്ങളുടെ വീട്ടിലെ ആണുങ്ങളൊക്കെ പക്ഷിപ്രേമികളായിരുന്നു. എന്റെ ചെച്ചാക്കും (കൊച്ചച്ഛന്‍) അമ്മായിയുടെ മക്കള്‍ക്കുമൊക്കെ പക്ഷിപ്രാന്തായിരുന്നെന്നു പറയാം. ഇവരുടെയൊക്കെ വിനോദങ്ങളിലൊന്ന്‌ കുടുക്കിട്ട്‌ പക്ഷികളെ പിടിക്കുകയായിരുന്നു. പൂത്താങ്കീരിയും തത്തയും മാടത്തയുമാണ്‌ കൂട്ടത്തോടെ ഞങ്ങടെ മുറ്റത്തും പറമ്പിലും വന്നിറങ്ങുന്നത്‌.
മഴക്കാലമായാല്‍ ചക്കപഴുത്തുവീഴുന്ന പ്ലാവില്‍ ചുവടുകളില്‍ കുറച്ചകലങ്ങളിലായി രണ്ടുകുറ്റിയടിച്ച്‌ അവയെ തമ്മില്‍ ബലമുള്ള നൂലുകൊണ്ടു ബന്ധിച്ച്‌ , ആ നൂലില്‍ ചൂണ്ടുനൂലുകൊണ്ട്‌ തലങ്ങളും വിലങ്ങും കുടുക്കുകളിട്ടായിരുന്നു പക്ഷിവേട്ട. രണ്ടും മൂന്നും മാടത്തകള്‍ കുടുക്കില്‍ വീഴും.
കൂട്ടിലാക്കി പാലും പഴവും കൊടുത്താലും കണ്ണുവെട്ടിച്ച്‌ ഇവ പറന്നു പൊയ്‌ക്കളയും. ചിലപ്പോള്‍ ചത്തുപോകും. തത്തയൊഴിച്ച്‌ മറ്റൊന്നും അധികകാലം വാണില്ല.
ഈ പക്ഷിഭ്രമത്തിനിടയിലേക്കാണ്‌ കുടുംബത്തില്‍ ആദ്യപെണ്‍കുട്ടിയായ ഞാന്‍ പിറന്നത്‌. ചെച്ചാക്കു പിന്നെ ആലോചിക്കാനൊന്നുമില്ലായിരുന്നു -പിറ്റേന്നു മുതല്‍ മൈനേ എന്നു വിളിക്കാന്‍ തുടങ്ങി. എല്ലാവരുമത്‌ ഏറ്റു വിളിച്ചു...


പക്ഷേ ഒരു കാക്കയെ വളര്‍ത്തുക എന്നത്‌ അന്നു വരെ കേള്‍ക്കാത്ത കാര്യമായിരുന്നു. ഇന്നും. മുറ്റത്തെ പ്ലാവിന്‍കൊമ്പിലോ മീന്‍വെട്ടുന്നിടത്തോ കാക്കയെന്നാല്‍ ആട്ടിയോടിക്കുക എന്ന പതിവു തന്നെയായിരുന്നു ഈ പക്ഷിപ്രാന്തന്മാര്‍ക്കും....
എന്നാല്‍ എനിക്ക്‌ നാലോ അഞ്ചോ വയസ്സുള്ളപ്പോഴാണ്‌ അമ്മായിയുടെ മൂത്തമകന്‍ ഹമീദ്‌ (അണ്ണച്ചി എന്നു വിളിക്കും ഞാന്‍) ഒരു കാക്കക്കുഞ്ഞുമായി വീട്ടില്‍ വരുന്നത്‌. പപ്പും പൂടയും ഒന്നുമില്ലാത്ത മാംസതുണ്ട്‌.
അക്കരെ പവിത്രന്‍ സാറിന്റെ പറമ്പിലെ കുടംപുളിമരത്തില്‍ നിന്നു കിട്ടിയാതാണെന്ന്‌ പറഞ്ഞു. ( ഈ പവിത്രന്‍സാറിനെ ഞാനോ എന്റെ സമപ്രായക്കാരായ ആരെങ്കിലും ഇന്നുവരെ കണ്ടിട്ടില്ല. ഞങ്ങള്‍ കണ്ടത്‌ കുടുംബസമേതം വന്നു താമസിക്കുന്ന നോട്ടക്കാരെയാണ്‌. ആ തോട്ടത്തിലാണ്‌ അണ്ണച്ചി അടക്കമുള്ളവരുടെ കളി)
പപ്പും പൂടയും വെക്കാത്ത ഈ മാംസത്തുണ്ടിനെ എന്തുചെയ്യാന്‍?
പക്ഷേ അണ്ണച്ചി വിടാനൊരുക്കമായിരുന്നില്ല. തുണിയിലും പഞ്ഞിയിലും പൊതിഞ്ഞ്‌ പാലുകോരിക്കൊടുത്ത്‌്‌ വളര്‍ത്തി. ചിറകുവെച്ചപ്പോള്‍ കൂട്ടിലിട്ടിരിന്നെങ്കിലും അതു വെറുതേയായിരുന്നു. ഒരു ദിവസം കൂടു തുറന്നുപോയെങ്കിലും കാക്ക എങ്ങും പോയില്ല. അതു ഞങ്ങളുടെ മുറ്റത്തും വീടിനുള്ളിലും പറന്നു നടന്നു.
പിന്നെ കൂട്ടിലാക്കിയുമില്ല.
പറമ്പുവിട്ട്‌ എങ്ങോട്ടും പോകാറില്ലായിരുന്നു. ചില സന്ധ്യകളില്‍ ഇതിനെ കാണാനില്ലെങ്കില്‍ അണ്ണച്ചിക്ക്‌ ഇരിക്കപ്പൊറിതി കിട്ടില്ല.
' കാക്കേ കാക്കേ' എന്നു വിളിച്ച്‌ പറമ്പിലൂടെ നടക്കും.
അന്വേഷിച്ചു നടക്കുന്നതിനിടയില്‍ കാക്കയെത്തും.
എന്നും രാവിലെ ഞങ്ങളെ വിളിച്ചുണര്‍ത്തുന്നത്‌ കാക്കയാണ്‌. അന്ന്‌ പുല്ലുവീടായിരുന്നു. കാക്കയ്‌ക്ക്‌ എവിടെയും കയറിവരാം. കിടക്കുന്നിടത്തുവന്ന്‌ പുതപ്പു വലിച്ചുപൊക്കലാണ്‌ പ്രധാന ഹോബികളൊന്ന്‌്‌. (ആണോ പെണ്ണോ അതൊന്നുമറിയില്ല കേട്ടോ).
'ഈ കാക്കേക്കൊണ്ട്‌ തോറ്റു' എന്നു പറഞ്ഞാണ്‌ പലദിവസങ്ങളിലും മുതിര്‍ന്നവരും ഞങ്ങളുമുണര്‍ന്നിരുന്നുത്‌. ഞങ്ങള്‍ കുട്ടികള്‍ എഴുന്നേറ്റാലേ അടുത്ത കുസൃതി ഒപ്പിക്കാന്‍ പറ്റൂ. നേരെ ഇളയ അനിയത്തിയെ കാക്കയ്‌ക്ക്‌്‌്‌്‌ കണ്ണിനു നേരെ കണ്ടുകൂടാ...അവളാണെങ്കില്‍ അടങ്ങിയിരിക്കുന്ന പ്രകൃതക്കാരിയുമായിരുന്നില്ല. കാക്കയെ കൊഞ്ഞനം കുത്തിക്കാണിക്കും. കാക്ക അവളെ വീടിനു ചുറ്റും ഓടിക്കും. അവളെന്തു കഴിക്കുന്നോ അതു കാക്കയ്‌ക്കുവേണം. പലപ്പോഴും കാക്ക തട്ടിയെടുക്കും. അവള്‍ ഉറക്കെക്കരയും. കാക്കക്കും അവള്‍ക്കുമിടയിലെ വഴക്കുതീര്‍ക്കാന്‍ മുതിര്‍ന്നവര്‍ മത്സരിക്കും.
കാക്കയ്‌ക്കുണ്ടോ മനസ്സിലാവുന്നു? അവള്‍ക്കുണ്ടോ മനസ്സിലാവുന്നു?
'ഹമീദേ നീ നിന്റെ കാക്കേ എവിടേങ്കിലും കൊണ്ടുക്കളയുന്നുണ്ടോ?'എന്നാവും പിന്നെ എല്ലാവരുടെയും വര്‍ത്താനം.
എന്തു സഹിക്കാം. കാക്ക തൂറുന്നത്‌ അലക്കിവിരിച്ച വെള്ളമുണ്ടിലാവും. ഉറങ്ങുന്നതോ? അതും അയയില്‍ ഇട്ടിരിക്കുന്ന സാരിയിലോ മുണ്ടിലോ...
അമ്മച്ചിയാണ്‌ ഏറ്റവും ബുദ്ധിമുട്ടുന്നത്‌. തുണി പിന്നെയും കഴുകണം. മാനുവിനെ കാക്ക ഓടിക്കുന്നുണ്ടോ എന്നു നോക്കണം. ഞങ്ങള്‍ക്ക്‌ കഴിക്കാനെന്തെങ്കിലും തന്നാല്‍ തിന്നു തീരുംവരെ കാവലിരിക്കണം......

അങ്ങനെയിരിക്കെയാണ്‌ അമ്മായിക്ക്‌ ഒരു മകന്‍കൂടി ജനിക്കുന്നത്‌. മുപ്പതോ നാല്‌പതോ ദിവസമായിട്ടേയുള്ളു. അവനെ കുളിപ്പിച്ച്‌ കിടത്തിയിട്ട്‌ ഒന്നു കണ്ണു തെറ്റിയ തക്കത്തിന്‌ 'ഇതെന്തു സാധനം' എന്ന മട്ടില്‍ കാക്ക അവന്റെ കണ്ണില്‍ ഒറ്റക്കൊത്ത്‌. ഭാഗ്യം അല്ലാതെന്തുപറയാന്‍. ..അതു പുരികത്തില്‍ തട്ടിപ്പോയി..
എല്ലാംകൊണ്ടും അമ്മച്ചി കാക്കയേ കൊണ്ട്‌ തോറ്റുതൊപ്പിയിട്ടിരിക്കുന്ന സമയം. തേങ്ങയരച്ചോട്ടു നില്‌ക്കുമ്പോഴാണ്‌ അരപ്പുകൊത്താന്‍ കാക്ക വന്നത്‌. അമ്മച്ചി കലികേറി എടുത്തത്‌ ഒരു വിറകിന്‍ കഷ്‌ണമായിരുന്നു. ഒന്നു കൊടുത്തു...
അതില്‍ പിന്നെ, കാക്കയ്‌ക്ക്‌ ഇടക്ക്‌ തലചുറ്റല്‍ വന്നുകൊണ്ടിരിന്നു. അയയില്‍ നിന്നും പ്ലാവിന്‍കൊമ്പില്‍ നിന്നുമൊക്കെ താഴെ വീഴും. കുറച്ചു കഴിഞ്ഞാല്‍ എഴുന്നേല്‍ക്കുകയും ചെയ്യും.
കാക്കയ്‌ക്ക്‌ തലചുറ്റാല്‍ വരാന്‍ കാരണം അമ്മച്ചിയാണല്ലോ എന്ന സങ്കടം ഞങ്ങള്‍ക്കെപ്പോഴുമുണ്ടായിരുന്നു.

'കാക്കേ കാക്കേ കൂടെവിടെ?' എന്നു ഞങ്ങള്‍ക്ക്‌ ചോദിക്കേണ്ടി വന്നിട്ടില്ല. ഞങ്ങടേം കാക്കയുടേയും വീടൊന്നായിരുന്നല്ലോ! പറമ്പിലെ മരങ്ങളില്‍ പറന്നു നടന്നിരുന്നെങ്കിലും അതിന്‌ ഒരു കൂട്ടുകാരി/ കൂട്ടുകാരനില്ലായിരുന്നു. സാധാരണ കാക്കകളൊന്നും അതിനെ കൂടെ കൂട്ടിയുമില്ല്‌. രണ്ടുമൂന്നുകൊല്ലം ഞങ്ങള്‍ക്കൊപ്പംമാത്രം അതു വളര്‍ന്നു.
ഒരു വൈകുന്നേരം മുറ്റത്തിനു താഴെയുള്ള തെങ്ങിന്‍ തലപ്പിലിരിക്കുന്നതു കണ്ടതാണ്‌. സന്ധ്യക്ക്‌ വന്നില്ല. അന്നു ഇടിയും മിന്നലും മഴയുമായിരുന്നു. നേരം വെളുത്തിട്ടും കാക്കയെ കണ്ടില്ല.
തലേന്ന്‌ അത്‌ ഇരുന്ന തെങ്ങിന്‍ ചുവട്ടില്‍ പോയി നോക്കി. ഇല്ല.
തെങ്ങിനപ്പുറം മൂന്നുകോല്‍ കുഴിച്ച്‌ പിന്നെ പാറകണ്ടപ്പോള്‍ ഉപേക്ഷിച്ച കിണറ്റില്‍ നോക്കി. വലിയ മഴ വരുന്ന ദിവസങ്ങളില്‍, അന്നെങ്കിലും ഞങ്ങടെ കിണറ്റില്‍ വെള്ളമുണ്ടാവുമോ എന്നറിയാന്‍ പോയി നോക്കാറാണ്ടായിരുന്നു. ഇത്തിരി നേരത്തേക്ക്‌ വെള്ളമുണ്ടാവുകയും പിന്നീടത്‌ എങ്ങോട്ടോ വറ്റിപ്പോവുകയുമാണ്‌ ചെയ്യാറ്‌.
തലേന്നത്തെ മഴയില്‍ വെള്ളമുണ്ടാവുകയും പിന്നെയത്‌ വറ്റുകയും ചെയ്‌ത കിണറിന്റെ ഒരു മൂലക്ക്‌ ചിറകു രണ്ടും വിരിച്ച്‌ തലയല്‍പം ചെരിച്ച്‌......മഴയില്‍ തലകറങ്ങി വീണതാവണം.....

25 comments:

Myna said...

'കാക്കേ കാക്കേ കൂടെവിടെ?' എന്നു ഞങ്ങള്‍ക്ക്‌ ചോദിക്കേണ്ടി വന്നിട്ടില്ല. ഞങ്ങടേം കാക്കയുടേയും വീടൊന്നായിരുന്നല്ലോ! പറമ്പിലെ മരങ്ങളില്‍ പറന്നു നടന്നിരുന്നെങ്കിലും അതിന്‌ ഒരു കൂട്ടുകാരി/ കൂട്ടുകാരനില്ലായിരുന്നു. സാധാരണ കാക്കകളൊന്നും അതിനെ കൂടെ കൂട്ടിയുമില്ല്‌. രണ്ടുമൂന്നുകൊല്ലം ഞങ്ങള്‍ക്കൊപ്പംമാത്രം അതു വളര്‍ന്നു.

കണ്ണൂരാന്‍ - KANNURAN said...

ഒരുപാടാലോചിച്ചിട്ടുണ്ടായിരുന്നു ഇതെങ്ങിനെ മൈന മൈനയായെന്ന്.. പക്ഷി പ്രേമിയായ ചെച്ചാക്കു ആണല്ലെ മൈനയെ മൈന ആക്കിയത്?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വളരെ ഹൃദയസ്പര്‍ശിയായ അനുഭവ കഥ.ഒരു കാക്ക മനുഷ്യനോടു ഇത്രയും ഇണങ്ങുമെന്ന് ഇപ്പോളാണ് മനസ്സിലാവുന്നത്.ബഷീര്‍ “ഭൂമിയുടെ അവകാശികള്‍” എന്ന് വിളിച്ച ഈ മിണ്ടാപ്രാണികളും ഇത്ര സ്നേഹ സമ്പന്നരാണല്ലോ എന്ന് തോന്നിപ്പോകുന്നു.ഇത്രയേറെ അടുത്ത ആ പക്ഷിയോടു പോലും മനുഷ്യര്‍ എങ്ങനെയാണ് സ്വാര്‍ത്ഥതയോടെ പെരുമാറുന്നതെന്ന് അമ്മായി ദേഷ്യപ്രകടനം നടത്തിയ രീതിയില്‍ നിന്നു നമുക്കു മനസ്സിലാക്കാം.ഒരു നിമിഷം എന്തെല്ലാം ചിന്തകളാവാം ആ കാക്കയുടെ മനസ്സിലൂടെ കടന്നു പോയിട്ടുണ്ടാവുക!തനിയ്ക്കു കിട്ടിയിരുന്ന സ്നേഹം തട്ടിയെടുക്കാന്‍ വന്ന കുട്ടിയെക്കുറിച്ചു അവന്‍ ചിന്തിച്ചിട്ടുണ്ടാവില്ലേ?

കാക്കയുടെ അന്ത്യരംഗത്തിന്റെ വര്‍ണ്ണന അതി മനോഹരമായി.ഒരിയ്ക്കല്‍ ഈ വരികള്‍ വായിയ്ക്കുന്നവരാരും ഇനിയെപ്പോളെങ്കിലും “കാ കാ” എന്ന ശബ്ദം കേള്‍ക്കുമ്പോള്‍ അങ്ങോട്ടു ഒരു നിമിഷം ശ്രദ്ധിയ്ക്കാതിരിയ്ക്കില്ല...

( അപ്പോള്‍ ഇതാണ് മൈന എന്ന പേരിന്റെ രഹസ്യം അല്ലേ?)

Unknown said...

:)

അയല്‍ക്കാരന്‍ said...

കാക്ക ഇത്രയും ഇണങ്ങുമോ?

പിന്നെ വീട്ടിലെ പാമ്പുപ്രേമികളാരും പേരിടാഞ്ഞത് നന്നായി. പേര് അണലി എന്നോ മറ്റോ ആയിരുന്നെങ്കില്‍ ആരെങ്കിലും ഈ പരിസരത്തുകൂടി വരുമായിരുന്നോ? :)

പാമരന്‍ said...

ഇഷ്ടായി ടീച്ചറെ.. അയല്‍ക്കാരന്‍റെ കമന്‍റും..

ശ്രീലാല്‍ said...

കഥ കേട്ടിരിക്കുന്ന ഒരു കുട്ടിയെപ്പോലെയായിപ്പോവുന്നു വായിക്കുമ്പോള്‍.

നജൂസ്‌ said...

കക്കയിണങുന്നത്‌ വളരെ വിരളമാണ്.എന്നാലിണങാത്തതായി ഒന്നുമില്ല.

മൈന എന്നെ പേരിന് ഒരു കാരണമാവാം. മൈന എന്ന്‌ പേരുള്ളവര്‍ മുന്‍പുമുണ്ടായിരുന്നു.

നല്ല കുറിപ്പ്‌

നജൂസ്‌ said...
This comment has been removed by the author.
Myna said...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...
എന്നിട്ട്........???????????? കുടുക്കിട്ട പക്ഷികളെ കൊന്നോ അതോ തിരികെ പറത്തി വിട്ടോ ? അതു കൂടി ഒന്നു സൂചിപ്പിക്കാമായിരുന്നു മൈനേ........

അനില്‍@ബ്ലോഗ് // anil said...

മൈന !!!!

anushka said...

നല്ല കുറിപ്പ്..ഒരു കഥ വായിച്ചതു മാതിരി തോന്നി.

ഗോപക്‌ യു ആര്‍ said...

ഇവരുടെയൊക്കെ വിനോദങ്ങളിലൊന്ന്‌ കുടുക്കിട്ട്‌ പക്ഷികളെ പിടിക്കുകയായിരുന്നു.


of course i dislike
ur family...

നരിക്കുന്നൻ said...

ഒരുപാടിഷ്ടമായി.... നല്ല എഴുത്ത്...

ആശംസകള്‍

‍ശരീഫ് സാഗര്‍ said...

നന്നായിരിക്കുന്നു. ഇത്രയും സ്‌നേഹമുള്ള, നനുത്ത, കവിതയുള്ള എഴുത്ത്‌ അടുത്തെങ്ങും വായിച്ചിട്ടില്ല. ഒരു മഴ നനഞ്ഞ സുഖം. ഒപ്പം ചില ബാല്യകാലസ്‌മരണകളുടെ എക്കിട്ടവും.

Sarija NS said...

മൈന എന്ന പേരിന്‍റെ ഉറവിടം കിട്ടി.
ശല്യമായിരുന്നെങ്കിലും അത് മരിക്കേണ്ടിയിരുന്നില്ല

PIN said...

മൈനക്കൂട്ടിൽ വളർന്ന ആ കാക്ക, അവഗണനകൾ സഹിക്കവയ്യാതെ അവസാനം അത്മാഹുതി ചെയ്തത്താകുമോ ???

എഴുത്ത്‌ നന്നായിരുന്നു...

Anil said...

നന്നായിരുന്നു :-)

poor-me/പാവം-ഞാന്‍ said...

മാന്യ മിത്രമേ ,
കുറിപ്പ് വായിച്ചു.രസിച്ചു. പക്ഷെ കാക്ക ഇന്നങ്ങും ഒരു തര്‍ക്കവുമില്ല.പക്ഷെ കുഴപ്പം തുടങ്ങുന്നത് താത ഇന്നങ്ങാതിടതാന്നു .താതമാര്‍ ഇന്നങ്ങിയിരുന്നെങ്ങില്‍ ഓരോ കുടുംബം കുറെ വരുമാനം ഒരു പേപ്പര്‍ ഒരു ഇസ്തിരിപ്പെട്ടി ഒരു TV ഒരു ഫ്രിഡ്ജ്‌ കുട്ടികളെ നോക്കാന്‍ വീട്ടില്‍ ആരെങ്ങിലും എപ്പോളും ...ജീവിതം എത്ര സുഖം ..... ( ദുര്‍ വ്യാഖ്യാനത്തിനു ക്ഷമ )

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

മൈനയുടെ കാക്ക :!!!!!!
പാത്തുമ്മയുടെ ആട്‌ എന്ന്‌ പറയുന്നത്‌ പോലെ
ഹമീദിന്റെ കാക്ക.....അല്ലേ...????
കാക്കയെ ഇണക്കി വളര്‍ത്തുക..
കേള്‍ക്കാന്‍ ഒരല്‌പം പുതുമയുള്ള
കാര്യം തന്നെയാണല്ലോ...
എന്തായാലും..അതിന്റെ അന്ത്യം
അല്‌പം ദയനീയമായിപ്പോയല്ലോ...
ഊട്ടിയ കൈകൊണ്ടു തന്നെ ഉദകക്രിയ
ചെയ്‌തപോലെ .....

വിവരണം നന്നായി സുഹൃത്തെ
ആശംസകള്‍...

എം.എസ്.പ്രകാശ് said...

നന്നായിട്ടുണ്ട്..

അനില്‍ ഐക്കര said...

Good. Getting themes from life itself..!nice and touching.

I have also such a childhood.

ea jabbar said...

എന്റെ കുട്ടിക്കാലം ഓര്‍ത്തു. മൈനയെ കൂട്ടിലാക്കി വളര്‍ത്തലായിരുന്നു എന്റെ ഹോബി. ഒരു ദിവസം മതി അവ ഇണങ്ങാന്‍ . ഞാന്‍ സ്കൂള്‍ വിട്ടു വരുന്നതു കണ്ടാല്‍ പറന്നുവന്ന് തലയിലോ തോളിലോ ഇരിക്കും.
പക്ഷേ എന്റെ വീട്ടില്‍ കുറെ പൂച്ചകളും ഉണ്ടായിരുന്നു പണ്ടാറങ്ങള്‍ എന്നെ കുറെ തവണ കരയിച്ചിട്ടുണ്ട്. ..

onlooker said...

അല്പം chankkoottam കാണിക്കു. Delete cheyyan nchan മാനിയത കുറവൊന്നും കാണിച്ചിട്ടില്ല. ഇസ്ലാം മത പോസ്റ്റുകളില്‍ കമന്റ് ഇട്ടിട്ടുണ്ടെന്ന് മാത്രം പറഞ്ചു.

Myna said...

കാക്കപുരാണം വായിച്ച / കമന്റിയ എല്ലാവര്‍ക്കും നന്ദി. ഒരു പോസ്‌റ്റില്‍ പരസ്‌പരബന്ധമില്ലാത്ത കമന്റുകള്‍ ഇടാതെ ശ്രദ്ധിക്കുക. ചിലപ്പോള്‍ ഡിലീറ്റ്‌ ചെയതേക്കും. അത്‌ ചങ്കൂറ്റമാണോ അല്ലയോ എന്നത്‌ വേറെ കാര്യമാണ്‌