
അഴുകി ദ്രവിച്ച ഒരു അസ്ഥികൂടത്തിന്റെ ഓര്‍മയുണ്ടെങ്കിലും ഞങ്ങള്‍ കുട്ടികള്‍ക്ക് മഴക്കാലം സന്തോഷത്തിന്റേതായിരുന്നു. അല്‌പം ക്രൂരമാണെങ്കിലും. മധ്യവേനലവധി കഴിഞ്ഞ് സ്‌കൂളിലെത്തിയാല്‍ ഒരുമാസം കഴിയും മുമ്പേ സ്‌കൂളുപൂട്ടേണ്ടിവരും പലപ്പോഴും. സ്‌കൂളില്‍ അഭയാര്‍ത്ഥിക്യാമ്പു തുടങ്ങുമ്പോഴാണ് ഞങ്ങള്‍ക്ക് അവധി കിട്ടുന്നത്. പുസ്‌തകമെടുക്കേണ്ട. പഠിക്കേണ്ട. കളിച്ച്, ചിരിച്ച് രസിച്ച് നടക്കാം.
പത്തുപതിനാലു കിലോമീറ്റര്‍ ചുറ്റളവില്‍ ആകെയുള്ള ഹൈസ്‌കൂളാണ് ഞങ്ങളുടേത്. കുട്ടികള്‍ കൂടുതലും സൗകര്യം കുറവുമായിരുന്നു. അതുകൊണ്ട് സ്‌കൂള്‍ ഷിഫ്‌റ്റിലാണ് പ്രവര്‍ത്തിക്കുന്നത്.
മഴ തുടങ്ങിയാല്‍ പലയിടത്തും മലയിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടാവും. തോട്ടുപുറമ്പോക്കുകളിലെ കുടിലുകള്‍ ആറെടുക്കും. അവരുടെ കട്ടിലും പായും, പാത്രങ്ങളും കലക്കവെള്ളത്തില്‍ ഒഴുകിപ്പോകും. വെള്ളം കുറയുമ്പോള്‍ കാണാം മരക്കുറ്റികളിലും വേരുകളിലും പാറയിടുക്കുകളിലും തടഞ്ഞു നില്‌ക്കുന്ന വസ്‌ത്രങ്ങള്‍...
അഭയാര്‍ത്ഥികളാവുന്നവര്‍ക്ക് പിന്നെ രക്ഷ സ്‌കൂളാണ്. ഞങ്ങളുടെ കൂട്ടുകാരും അക്കൂട്ടത്തിലുണ്ടാവും. അവര്‍ക്കും സ്‌കൂളിലെ വാസം സന്തോഷമാണ്. കാറ്റിലും പേമാരിയിലും വീട് നിലംപൊത്തുമെന്ന പേടിയില്ലാതെ ഉറങ്ങാം. പുതിയ കൂട്ടുകാരെ കിട്ടും. പഠിക്കേണ്ട. സാറന്മാരെ പേടിക്കണ്ട. പക്ഷേ അഭയാര്‍ത്ഥികളാവുന്ന മുതിര്‍ന്നവരുടെ മനസ്സ് ആറ്റിലെ വെള്ളത്തേക്കാള്‍ കലങ്ങിയിരിക്കും.
സ്‌കൂളു തുറന്നാലും ക്ലാസില്‍ പകുതിയിലേറെപ്പേര്‍ ഹാജരുണ്ടാവില്ല. അവരിലധികവും പിന്‍ബഞ്ചുകാരാണ്. കുറച്ചു മുതിര്‍ന്നവര്‍. പലക്ലാസ്സിലും തോറ്റുതോറ്റ് പിന്‍ബഞ്ചിലെത്തിയവര്‍....
മഴക്കാലത്ത് ഇവരാരും സ്‌കൂളിലേക്കുള്ള സാഹസികയാത്രക്ക് മുതിരില്ല. ആഴ്‌ചയില്‍ ഒന്നോ രണ്ടോ ദിവസം മുഖം കാണിക്കാനെത്തും ചിലര്‍. ഞങ്ങള്‍ സ്‌കൂളിനടുത്തുള്ള കുറച്ചു കുട്ടികള്‍ മാത്രമാണ് ക്ലാസിലുണ്ടാവുക.
രണ്ടും മൂന്നും മലകള്‍ കയറിയിറങ്ങി, ഈറ്റക്കാടുകളും യൂക്കാലിതോട്ടങ്ങളും താണ്ടി കൈത്തോടുകളും ആറും കടന്നാണവര്‍ സ്‌കൂളിലെത്തുന്നത്. ക്ലാസിലെത്തിയാല്‍ ഇരിക്കില്ല. കൂനിപ്പിടിച്ച് നില്‌ക്കും. അവരുടെ നനഞ്ഞൊട്ടിയ പാവാടത്തുമ്പുകളില്‍ നിന്ന് വെളളം ഇറ്റിറ്റു വീണുകൊണ്ടിരിക്കും. ഒപ്പം രക്തം കുടിച്ചുവീര്‍ത്ത തോട്ടപ്പുഴുക്കളും നിലത്തു വീഴും. പലരുടേയും കാലില്‍ ഉണങ്ങാത്ത വലിയ വ്രണങ്ങളുണ്ടാവും. തോട്ടപ്പുഴു കടിക്കുന്നതാണ്. രക്തം കുടിച്ചു വീര്‍ത്ത് തനിയേ വീണാല്‍ കുഴപ്പമില്ല. പക്ഷേ, കടിച്ചിരിക്കുന്നിടത്തുനിന്ന് വലിച്ചെടുത്താല്‍ കൊമ്പ് മാംസത്തില്‍ തന്നെയിരിക്കും. ഇതു പഴുക്കും. വ്രണമാവും...
പാവാടത്തുമ്പുകളില്‍ നിന്ന് വെള്ളം ഇറ്റി വീണിരുന്ന കൂട്ടുകാരികളിലൊരാള്‍ക്കും രണ്ടുജോഡിയില്‍ കുടുതല്‍ പാവാടയും ബ്ലൗസുമില്ലായിരുന്നു.
സ്‌കൂള്‍ ആറിന് ഇക്കരെയായിരുന്നു.
ഞാന്‍ മൂന്നാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ദേവിയാറിനു കുറുകെ പാലംപണി തുടങ്ങിയത്‌്. മൂന്നുവര്‍ഷമെടുത്തു പണി തീരാന്‍..അതുവരെ ചങ്ങാടത്തിലായിരുന്നു അക്കരെയിക്കരെ കടന്നത്.
ഇപ്പോള്‍ മുമ്പത്തേക്കാള്‍ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെട്ടു. കാറ്റിനു വീഴാവുന്ന വീടുകളൊന്നുമില്ലെന്നു പറയാം. എന്നാലും ഒരുപാടു കുട്ടികള്‍ ഇപ്പോഴും കിലോമീറ്ററുകള്‍ നടന്ന് മലയും കുന്നുമൊക്കെ കയറിയിറങ്ങിതന്നെയാണ് സ്‌കൂളിലെത്തുന്നത്.
നാലാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കൂട്ടുകാരിയുടെ അച്ഛന്‍ രണ്ടുകിലോമീറ്റര്‍ മുകളിലുള്ള തടിപ്പാലത്തില്‍ തെന്നി ആറ്റില്‍ വീണു പോയത്. പുഴയിലൂടെ ഒരാള്‍ ഒഴുകുപ്പോകുന്നത് കണ്ടിട്ടും അതാരാണെന്ന് ആര്‍ക്കും മനസ്സിലായില്ല. ദിവസങ്ങള്‍ കഴിഞ്ഞാണ് തന്റെ അച്ഛനാണ് ഒഴുകിപ്പോയതെന്ന് അവളും അമ്മയും തിരിച്ചറിയുന്നത് . ഒരുമാസം കഴിഞ്ഞ് വെള്ളം താണപ്പോള്‍ വാളറകുത്തിനു താഴെ നിന്ന് ഒരസ്ഥികൂടം കിട്ടി.
ഇന്നും ആറ്റില്‍ നീന്താനിറങ്ങുന്ന കുട്ടികളെ അദ്ദേഹത്തിന്റെ പ്രേതത്തെക്കുറിച്ച് പറഞ്ഞാണ് അമ്മമാര്‍ പേടിപ്പിക്കുന്നത്.
കടപ്പാട് വര്‍ത്തമാനം ആഴ്‌ചപ്പതിപ്പ് 06.07.2008
photo: Bobinson
17 comments:
രണ്ടും മൂന്നും മലകള്‍ കയറിയിറങ്ങി, ഈറ്റക്കാടുകളും യൂക്കാലിതോട്ടങ്ങളും താണ്ടി കൈത്തോടുകളും ആറും കടന്നാണവര്‍ സ്‌കൂളിലെത്തുന്നത്. ക്ലാസിലെത്തിയാല്‍ ഇരിക്കില്ല. കൂനിപ്പിടിച്ച് നില്‌ക്കും. അവരുടെ നനഞ്ഞൊട്ടിയ പാവാടത്തുമ്പുകളില്‍ നിന്ന് വെളളം ഇറ്റിറ്റു വീണുകൊണ്ടിരിക്കും. ഒപ്പം രക്തം കുടിച്ചുവീര്‍ത്ത തോട്ടപ്പുഴുക്കളും നിലത്തു വീഴും. പലരുടേയും കാലില്‍ ഉണങ്ങാത്ത വലിയ വ്രണങ്ങളുണ്ടാവും. തോട്ടപ്പുഴു കടിക്കുന്നതാണ്. രക്തം കുടിച്ചു വീര്‍ത്ത് തനിയേ വീണാല്‍ കുഴപ്പമില്ല. പക്ഷേ, കടിച്ചിരിക്കുന്നിടത്തുനിന്ന് വലിച്ചെടുത്താല്‍ കൊമ്പ് മാംസത്തില്‍ തന്നെയിരിക്കും. ഇതു പഴുക്കും. വ്രണമാവും...
മനസ്സിനെ ഉലയ്ക്കുന്ന വിവരണം.
“എന്നാലും ഒരുപാടു കുട്ടികള്‍ ഇപ്പോഴും കിലോമീറ്ററുകള്‍ നടന്ന് മലയും കുന്നുമൊക്കെ കയറിയിറങ്ങിതന്നെയാണ് സ്‌കൂളിലെത്തുന്നത്.“ - ഈ കുട്ടികള്‍ക്കൊക്കെ ഇപ്പൊഴത്തെ കഷ്ടപ്പാടിന് പ്രതിഫലമായി നല്ല ഭാവിയുണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു. ആശംസകള്‍ :-)
ഓര്‍മ്മകളും ഓളങ്ങളും, അല്ലെ? കാലത്തിന്റെ മാറ്റത്തിനു അതിനെ ഊതിവീര്‍പ്പിയ്ക്കാനേ ആവൂ.....
മഴ അങനെയാൺ ഓർമിപ്പിക്കും
നല്ല വിവരണം.
നല്ല വിവരണം.
മഴ, ഓര്‍മ്മ, സ്കൂള്‍....
വല്ലത്തൊരു തലത്തിലേക്ക് എത്തിച്ചു ഈ പൊസ്റ്റ്.
നന്ദി. ആശംസകള്‍.
ഹൃദ്യമായ വിവരണം മൈന.
സസ്നേഹം
ദൃശ്യന്‍
എന്റെ വീടിനു മുന്നിലെ വല്ലിടവഴി മഴക്കാലത്ത് ഒരു തോടായിരുന്നു.. ഇപ്പോള്‍ അതു മാറി.. കനത്ത മഴ കഴിയുമ്പോള്‍ നേരെ ഓടുന്നതങ്ങോട്ടായിരുന്നു.. നനയാനായി മാത്രം നടക്കുമായിരുന്നു.. പക്ഷെ മഴകൊണ്ടുള്ള ദുരിതങ്ങള്‍ അധികമൊന്നും കാണാത്തതുകൊണ്ടാവാം.. മഴയെനിക്ക് ആഘോഷമായിരുന്നു..
പിന്നെ ഇടുക്കിയിലെത്തിയപ്പൊഴാണ് ചപ്പാത്തില്‍ വെള്ളം കേറി, മലയിടിഞ്ഞു, ഉരുള്‍പൊട്ടി അങ്ങനെ പത്രവാര്‍ത്തകള്‍ക്കപ്പുറം മഴയേ അതിന്റെ ഭീകരതയില്‍ കണ്ടത്..
അലകള്‍ തീര്‍ക്കുന്നു മഴയുടെ ഓര്‍മ്മകള്‍ ല്ലെ
മഴ നനഞ്ഞ് സ്കൂളില്‍ പോയിരുന്ന ബാല്യകാലത്തേക്ക് പിടിച്ച് വലിച്ചുകൊണ്ടു പോയി ഈ പോസ്റ്റ്.
മഴകാലത്ത് വെള്ളം പൊട്ടിയൊലിക്കുന്ന പാടവരമ്പത്തൂടെ സൂകൂളില്‍ പോയിരുന്ന ആ ബാല്യം
എന്റെ മനസ്സിലും ഓര്‍മ്മിപ്പിച്ചു.
"ഇന്നും ആറ്റില്‍ നീന്താനിറങ്ങുന്ന കുട്ടികളെ അദ്ദേഹത്തിന്റെ പ്രേതത്തെക്കുറിച്ച് പറഞ്ഞാണ് അമ്മമാര്‍ പേടിപ്പിക്കുന്നത്"
നീന്താനിറങ്ങുന്ന കുട്ടികളില്‍ തന്‍റെ മകളെ തിരയുകയായിരിക്കണം ആ പ്രേതം..
പലതും ഓര്‍മ്മിപ്പിച്ചു.
മറയൂര്‍ക്ക് പോയിരുന്നോ? മുംതാസിനു സുഖമല്ലേ?
മഴക്കാലം ഞങ്ങളുടെ നാട്ടിലും ഏതാണ്ട് ഇതുപോലെക്കെ തന്നെയാണ്.
ഓര്‍മക്കുറിപ്പ് നന്നായി.
മുതിര്‍ന്നവരുടെ മനസ്സ് പുഴയിലെ വെള്ളത്തേക്കാള്‍ കലങ്ങിയിരിക്കുമെന്ന പ്രയോഗം അസ്സലായി.
ഞനൊന്നുകൂടി നാലാം ക്ലാസിലേക്കു തോട്ടുവക്കത്തൂകൂടി നടന്നുപോയി. :)
Nannayittund.
Ente pazhaya schoolile ormakal unarthiyathinu orupaadu nanni.
http://quotes2readb4udie.blogspot.in/
http://mridulcp.blogspot.in/
Post a Comment