Friday, February 28, 2014

ഈ ബസ്സ് പണ്ടത്തേക്കല്ല പോകുന്നത്...



അടുത്തൊരു ദിവസം ഒറ്റയ്ക്ക് യാത്ര പോയാലോന്ന് ആലോചിക്കുവാണെന്ന് അല്‍പം മുതിര്‍ന്ന കൂട്ടുകാരിയോട് പറഞ്ഞപ്പോള്‍ 'അയ്യോ മൈനാ ഒറ്റയ്ക്ക് പോകല്ലേ, പണ്ടത്തെകാലമല്ല ഇപ്പോള്‍' എന്നാണ് അവര്‍ പ്രതികരിച്ചത്. ഇങ്ങനൊരാഗ്രഹം പ്രകടിപ്പിച്ചാല്‍ മിക്കവാറും പേരുടെ പ്രതികരണം ഇതുതന്നെയായിരിക്കുമെന്ന് എനിക്കറിയാം. എന്റെ അമ്മച്ചിയുടെ, മാമിമാരുടെ, അനിയത്തിമാരുടെ, സുഹൃത്തുക്കളുടെ ഒക്കെ അഭിപ്രായമിതാവാം. പക്ഷേ, കാര്യത്തോടടുക്കുമ്പോള്‍ അവര്‍ക്കും എവിടേക്കെങ്കിലും പോകേണ്ടി വന്നാല്‍ കൂട്ടില്ലാതിരിക്കുമ്പോള്‍ പോകേണ്ട എന്നു വെയ്ക്കില്ല, നേരെ ഇറങ്ങും...സത്രീയുടെ പൊതു ഇടത്തിലേക്കുള്ള ഈ ബസ്സ് എന്തുകൊണ്ടോ പണ്ടത്തേക്കാലത്തേക്കല്ല യാത്ര തിരിക്കുന്നത്..മുന്നോട്ടേക്കാണ്...

യാത്ര എന്ന നിലയിലല്ലെങ്കിലും ചുറ്റവട്ടത്തേക്കൊക്കെ ഇറങ്ങി നടക്കാറുണ്ട് പലപ്പോഴും. കോഴിക്കോട് നഗരത്തിലാണെങ്കില്‍ ഒരുപാട് ഇടവഴികളിലൂടെ നടന്ന് വലിയൊരു റോഡിലേക്കെത്തുകയാവും. മിഠായിതെരുവിലെ കച്ചവടമൊക്കെക്കണ്ട് നടക്കുകയാവാം. ചില വഴികളിലൂടെ നടക്കുമ്പോള്‍ ആളുകളെത്തട്ടിയിട്ട് നടക്കാന്‍ വയ്യാതാവുകയും ചിലപ്പോള്‍ ആളുകളെ കാണാനേ ഉണ്ടാവുകയുമില്ല. പണ്ടേ അല്പം സ്വപ്‌നജീവിയായ ഇവള്‍ കാഴ്ചകളും മനക്കാഴ്ചകളുമായിട്ടങ്ങനെ നടക്കും. 

മുമ്പ് അടുത്തുള്ള കാടുകളിലേക്ക് നടക്കാനിറങ്ങുന്നവളായിരുന്നു ഞാന്‍. ഓലിയില്‍ മുഖം കഴുകിവെള്ളം കുടിച്ച് ഈറ്റത്തുറുവിലെ കിളിക്കൂടും മുട്ടയും കണ്ട്, നാകമോഹനേയും ഇരട്ടത്തലച്ചിയേയും നോക്കിയിരുന്ന് നീറ്റിപ്പുല്ലില്‍ നിന്ന് മുറിവേറ്റ് അങ്ങനെ നടക്കുക..അതൊന്നും ഇന്നില്ല. അത് നാട്ടില്‍ വെച്ചാണ്. കുഞ്ഞായിരിക്കുമ്പോഴാണ്. കൗമാരത്തിലാണ്..ചുമ്മാ കാണുന്ന കുറേ സ്വപ്‌നമുണ്ടാവും കൂടെ..

ഇപ്പോള്‍ കോഴിക്കോടിരിക്കുമ്പോള്‍ വണ്ടൂരുള്ള അനിയത്തിയുടെ അടുത്തേക്ക് പോകാന്‍ രണ്ടുമണിക്കൂര്‍ ബസ്സ് യാത്ര മതി. പക്ഷേ, ചിലപ്പോള്‍ തോന്നും ട്രെയിനില് പോകണമെന്ന്. രണ്ടുമണിക്കൂര്‍ എന്നത് അഞ്ചോ ആറോ മണിക്കൂറെടുക്കും. പക്ഷേ, ഒരുപാട് കാഴ്ചകള്‍ കണ്ടങ്ങനെ പോകാം. 

വണ്ടൂരുനിന്ന് വയനാട്ടിലേക്ക് പോകണമെങ്കില്‍ ഒറ്റബസ്സുകിട്ടും. പക്ഷേ, അതിന് കാത്തുനില്ക്കാറില്ല. കിട്ടുന്ന ബസ്സിനു കയറുകയും നിലമ്പൂരും വഴിക്കടവിലും നാടുകാണിയിലും ഗൂഡല്ലൂരുമൊക്കെ ഇറങ്ങി പാട്ടവയല്‍ നൂല്‍പ്പുഴ വഴിയൊക്കെ പോയിട്ടുണ്ട്. അപ്പോഴൊക്കെ ഞാനോര്‍ക്കും ഇങ്ങനെയൊക്കെയേ എന്റെ യാത്രാമോഹങ്ങളെ കുറച്ചെങ്കിലും തൃപ്തിപ്പെടുത്താനാവൂ എന്ന്. 

പറഞ്ഞുവന്നത് യാത്രാമോഹത്തെപ്പറ്റിയല്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള 'പണ്ടത്തെപ്പോലെയല്ല ഇപ്പേങറ്റ' എന്ന ആശങ്കയെപ്പറ്റിയാണ്. അത്രയേറെ മോശമാണോ നമ്മുടെ സമൂഹം? അത്രയേറെ ആശങ്കപ്പെടാനുണ്ടോ? പണ്ടത്തെപ്പോലെയല്ല ഇപ്പോള്‍ എന്നു കേള്‍ക്കുമ്പോഴൊക്കെ ആലോചിച്ചു നോക്കാറുണ്ട്. അപ്പോഴാണ് എന്റെ പരിമിതദൂരത്തേക്കുള്ള യാത്രകളെക്കുറിച്ച് ഓര്‍ത്തു പോകുന്നത്. നാട്ടിലും നഗരത്തിലും കാട്ടിലുമൊക്കെയായി ഒരുപാട് നടന്നിട്ടും മോശമായ അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ആരെങ്കിലും ആക്രമിക്കാന്‍ വരുന്നുവെന്ന തോന്നലോ ചിന്തയോ ഇന്നേവരെ തൊട്ടുതീണ്ടിയിട്ടില്ല എന്നു പറയാം. 

നിനക്ക് ദുരനുഭവങ്ങളൊന്നുമില്ല എന്നാണെങ്കില്‍ അതു നിന്റെ ഭാഗ്യം കൊണ്ടാണെന്ന് ചിലരെങ്കിലും പ്രതികരിക്കാറുണ്ട്. ചിലപ്പോള്‍ ശരിയായിരിക്കാം. എന്നാലും സിംഹക്കൂട്ടില്‍ ചെന്നുപെട്ട മുയലിന്റെ ഭാവം എനിക്കൊരിക്കലും ഉണ്ടാവാറില്ല. എല്ലാ പുരുഷന്മാരും ആക്രമണകാരികളാണ് എന്ന് വിശ്വസിക്കുന്നില്ല. കുറച്ചുപേരുണ്ട് അവരുടെ മുന്നില്‍ എത്തപ്പെടുന്നില്ല എന്നതും ശരിയാവാം. ഒരുപക്ഷേ, എന്റെ വിശ്വാസം എന്നെ രക്ഷിക്കുകയാവാം. എന്തായാലും എനിക്കുകൂടി അവകാശപ്പെട്ട ഭൂമിയിലൂടെ, വഴികളിലൂടെ ഞാന്‍ നടക്കുന്നു..അത് ഏതെങ്കിലും പുരുഷന്റെ കുത്തകയാണ് എന്ന് കരുതുന്നില്ല. 

വളരെ അപൂര്‍വ്വമായി ബസ്സുയാത്രയിലോ മറ്റോ ചില ഞരമ്പുരോഗികളുടെ ഞോണ്ടലൊക്കെ കിട്ടിയിട്ടുണ്ട്. അവര്‍ക്കപ്പോള്‍ തന്നെ ഇവളുടെ കൈയ്യുടെ ചൂട് എന്താണെന്ന് അറിയിച്ചു കൊടുത്തിട്ടുമുണ്ട്. 

അത്യാവശ്യങ്ങള്‍ക്കായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരു കൂട്ടുകാരി എന്നോടൊരിക്കല്‍ ചോദിച്ചു 'ഒരു സ്ത്രീയുടെ ഏറ്റവും വലിയ ആയുധം ഏതാണെന്നറിയുമോ' എന്ന്. 

'22 ഫീമെയില്‍ കോട്ടയം എന്ന സിനിമയില്‍ പറയുന്ന ആയുധമല്ല, അവളവളുടെ കണ്ണാണ് ഏറ്റവും വലിയ ആയുധം' എന്ന് അവള്‍ ഉത്തരവും പറഞ്ഞു. നമ്മുടെ കണ്ണില്‍ മനസ്സ് പ്രതിഫലിക്കും. ഭയമാണെങ്കില്‍ അങ്ങനെ. ധൈര്യമാണെങ്കില്‍ അങ്ങനെ. ആ പ്രതിഫലനത്തിന്റെ വ്യാപ്തിപോലിരിക്കും നമ്മുടെ രക്ഷയും ശിക്ഷയും എന്ന് അവള്‍. 

നമ്മള്‍ വാര്‍ത്തകളില്‍ പെട്ടുപോവുകയാണ്. അച്ഛനെ വിശ്വസിക്കാനാവാത്ത കാലം, ആങ്ങളെയെ വിശ്വസിക്കാനാവാത്ത, അമ്മാവനെ വിശ്വസിക്കാനാവാത്ത കാലം..പിന്നെങ്ങനെ പുറത്തുളളവരെ? 

എല്ലാ അച്ഛനും എല്ലാ ആങ്ങളയും എല്ലാ അമ്മാവനും എല്ലാ പുറത്തുള്ളവരും ഇങ്ങനെയാണെന്നാണോ? 
എക്കാലത്തുമുണ്ട് ഒരു വിഭാഗം ക്രിമിനലുകള്‍.. ഒരു വിഭാഗം ഞരമ്പുരോഗികള്‍.. മാനസികരോഗികള്‍..

ആ ചെറുവിഭാഗത്തെപ്പേടിച്ച് പുറത്തിറങ്ങാതിരിക്കണമെന്നാണോ? 
പണ്ട് സ്ത്രീയുടെ ലോകം അടുക്കളയില്‍ നിന്ന് ഇരുട്ടുമുറിയിലേക്കായിരുന്നു. പൂമുഖം പോലും നിഷിദ്ധമായിരുന്നു. പൂമുഖപ്പടിയിലെ പൂന്തിങ്കളൊക്കെ പിന്നെ വന്നതാണ്. പുറത്തേക്കിറങ്ങേണ്ടി വന്നാല്‍ അത് അച്ഛനോ ഭര്‍ത്താവിനോ ഒക്കെ ഒപ്പമായിരുന്നു. പിന്നാമ്പുറത്തെ കാന്താരിച്ചെടിയുടെ അപ്പുറം അവള്‍ക്ക് ലോകമില്ലായിരുന്നു. 

ഈലോകത്തിനപ്പുറത്തുള്ളതൊക്കെ അവന്റെ യാത്രകള്‍, അവന്റെ വഴികള്‍, കാഴ്ചകള്‍..സമൂഹം അതിനെമാത്രം ശരിവെച്ചു.

പക്ഷേ, പിന്നീട് സമൂഹത്തിന്റെ ആ ധാരണകളെ തിരുത്തിക്കൊണ്ട് ചില പെണ്ണുങ്ങള്‍ പുറത്തേക്കിറങ്ങാന്‍ തുടങ്ങി. പഠിക്കാന്‍ തുടങ്ങി. പുറത്ത് ജോലിയെടുക്കാമെന്നായി. വാഹനത്തില്‍ കയറാമെന്നായി. ചെറിയദൂരങ്ങള്‍ക്കും പതിവു ദൂരങ്ങള്‍ക്കും ആദ്യം കൂട്ടുവേണ്ടിടത്ത് വേണ്ടെന്നായി. 

ഒറ്റയ്ക്കും കൂട്ടായുമുള്ള സ്ത്രീയുടെ പോരാട്ടങ്ങളില്‍ നിന്നാണ് സ്ത്രീഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിലേക്കെങ്കിലും എത്തിച്ചത്. വിലയ സ്വാതന്ത്ര്യത്തിലൊന്നും അവളെത്തിയിട്ടില്ല. സ്ത്രീയുടെ മാത്രം പോരാട്ടമല്ല അവളോടൊപ്പം പുരുഷനും ഒപ്പം നിന്നിട്ടുണ്ട്. വിവേകമുള്ളവര്‍, അവളെ ആദരിക്കുന്നവര്‍, സമഭാവനയോടെ കാണുന്നവര്‍.. 

കുറച്ചുപേര്‍ ധൈര്യത്തോടെ പുറത്തിറങ്ങിയതുകൊണ്ടാണ് ഒരുപാട് പേര്‍ക്കിറങ്ങാനായത്. ഇത് ഒരു ദിവസംകൊണ്ടുണ്ടായ മാറ്റമല്ല. പതുക്കെ പതുക്കെ ആര്‍ജ്ജിച്ചെടുത്തതാണ്. 

തീര്‍ച്ചയായും ഇന്നലെ വരെ കാണാത്തവളെ കാണുമ്പോള്‍ ചിലര്‍ കൗതുകത്തില്‍ മിഴിച്ചു നോക്കിയെന്നുവരും. ചിലര്‍ അസുഹിഷ്ണുക്കളാകും. വേറൊരുത്തര്‍ അവളുടെ അഴകളവുകളുടെ കണക്കെടുത്തുന്നും വരും. 

അപൂര്‍വ്വമായി ആ ഇറങ്ങല്‍ കൊണ്ട് ചിലര്‍ക്ക് ജീവന്‍ തന്നെ നഷ്ടപ്പെടുന്നു. രക്തസാക്ഷികളാകേണ്ടി വരുന്നു. അതിനര്‍ത്ഥം പുറത്തിറങ്ങുന്നവളുടെ ഗതി ഇതാണെന്നല്ല. ദൗര്‍ഭാഗ്യവശാല്‍ പ്രചരിപ്പിക്കുന്നത് അങ്ങനെയായിപ്പോകുന്നുവെന്നു മാത്രം. 

വാര്‍ത്താമാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ മുമ്പത്തേക്കാളേറെ വരുന്നു ഇപ്പോള്‍. മുമ്പത്തേക്കാളേറെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഇപ്പോഴാണ്. എന്തുകൊണ്ട് പീഡനത്തിനിരയാവുന്നവര്‍ അക്കാര്യം പുറത്തു പറയാന്‍ തയ്യാറാകുന്നതും നീതി ലഭിക്കും എന്ന പ്രതീക്ഷയിലാണ്. അതും ബോധതലത്തിലുണ്ടായ മാററമാണ്. മുമ്പ് ഇരുചെവിയറിയാതെ മറച്ചുവെയ്ക്കപ്പെടുമ്പോള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ തയ്യാറാവുന്നു. സമൂഹം ഒറ്റപ്പെടുത്തുകയല്ല കൂടെയുണ്ടാവും എന്ന തോന്നലില്‍ നിന്നാണ് ഈ വെളിപ്പെടുത്തല്‍. 

വാര്‍ത്താമാധ്യമങ്ങള്‍ പീഡനവാര്‍ത്തകളെയും മറ്റും പൊടിപ്പും തൊങ്ങലും വെച്ച്, അനാവശ്യമായ വിശദീകരണങ്ങളോടെ അവതരിപ്പിക്കുന്നു. ഒരു പോണ്‍ഫിലിം കാണുന്നതുപോലെ ഈ വിശദീകരണങ്ങള്‍ ഫാന്റസിയുടെ ലോകത്തുകൂടിയാണ് മിക്ക പുരുഷനും കാണുന്നത് എന്ന് ജീവന്‍ ജോബ് തോമസ് അഭിപ്രായപ്പെടുന്നു. ഒരു തരം ആസ്വാദനമാണ് അവിടെ നടക്കുന്നത്. 

'എന്നാല്‍ പണ്ടത്തെപ്പോലെയല്ല ഇപ്പോള്‍' എന്നു പറയുന്നവരോട് 'ദ ബെറ്റര്‍ ഏഞ്ചല്‍സ് ഓഫ് അവര്‍ നേച്ചര്‍ വൈ വയലന്‍സ് ഹാസ് ഡിക്ലൈന്‍ഡ് ' (The Better Angels of Our nature why violence has declined-Steven Pinker) എന്ന സ്റ്റീവന്‍ പിങ്കറുടെ പുസ്തകത്തെപ്പറ്റിയാണ് ജീവന് പറയാനുളളത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് മനുഷ്യനില്‍ ആക്രമണ വാസന കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഹിംസയില്‍ നിന്ന് മനുഷ്യന്‍ മനുഷ്യസ്‌നേഹത്തിലേക്കും സഹകരണത്തിലേക്കും പടിപടിയായി മാറിക്കൊണ്ടിരിക്കുകയാണ്. തന്മയീഭാവം, ആത്മസംയമനം, ധാര്‍മ്മികത, വിവേകം എന്നിവയിലൂടെയാണ് ഇത് സാധ്യമാകുന്നത്. ആധുനിക കാലത്ത് ഹിംസ എങ്ങനെ കുറയുന്നു എന്നതിനെ കാര്യകാരണസഹിതം വിശദീകരിക്കുന്നുണ്ട് പിങ്കര്‍. സ്ത്രീകളോടുള്ള കാഴ്ചപ്പാടില്‍ ശുഭോദര്‍ക്കമായ മാറ്റം സമൂഹത്തില്‍ വന്നിട്ടുണ്ട് എന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അവരെ അനുഭാവപൂര്‍വ്വം പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. 

അതൊരു മാറ്റമാണ്. തിരിച്ചറിയേണ്ട മാറ്റമാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പീഡനങ്ങളുടെ എണ്ണം കൂടുന്നു എന്നതിലല്ല മൊത്തത്തില്‍ സമൂഹം സ്ത്രീകളെ എങ്ങനെ കാണുന്നു എന്നതിലാണ് കാര്യം. തൊട്ടുമുമ്പത്തെ വര്‍ഷത്തെ സ്ഥിതിവിവരണക്കണക്കുകളുമായിട്ടല്ല അതിനെ തട്ടിച്ചു നോക്കേണ്ടത്. അമ്പതോ നൂറോ വര്‍ഷം മുമ്പത്തെ സ്ത്രീയുടെ സാമൂഹിക അടയാളപ്പെടുത്തല്‍ എന്തായിരുന്നു എന്ന് അന്വേഷിക്കുകയാണ് വേണ്ടത്. വര്‍ഷം പുറകോട്ട് പോകുന്തോറും അവളെ മനുഷ്യവര്‍ഗ്ഗത്തില്‍പെടുത്തിയിരുന്നോ എന്നു പോലും സംശയം തോന്നും. അവളുടെ സ്വാതന്ത്ര്യം എന്തായിരുന്നു എന്നതിലേക്കെത്തും കാര്യങ്ങള്‍. 

വെറും പേറ്റുയന്ത്രവും അടിമയും മാത്രമായിരുന്നു അവള്‍. ഇരുണ്ടിടത്തു നിന്ന് ഇരുണ്ടിടത്തേക്കുമാത്രം പൂച്ചയുടെ കാല്‍വെപ്പുകളോടെ നടന്നിരുവള്‍. 

എന്നാല്‍, നവോത്ഥാനപ്രസ്ഥാനങ്ങളിലൂടെ, സ്വാതന്ത്ര്യസമരത്തിലൂടെ, സ്ത്രീവേദികളിലൂടെ, വനിതാപ്രസ്ഥാനങ്ങളിലൂടെ അവള്‍ പതുക്കെ പതുക്കെ അവളുടെ സത്വം തിരിച്ചറിയാന്‍ തുടങ്ങിയരിക്കുന്നു. ചിലപ്പോള്‍ ഒറ്റയ്ക്കുള്ള സമരങ്ങളിലൂടെയും തിരിച്ചറിവുകളിലൂടെയും…ഇപ്പോള്‍ എല്ലാം കണ്ടും കേട്ടും നില്ക്കുന്ന അത്ര സഹനദേവതയൊന്നുമല്ല അവള്‍. പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒരു വശത്ത് അതിന്റെ ഗുണങ്ങള്‍ പ്രകടമായി തുടങ്ങിയിരിക്കുന്നു. അതുപക്ഷേ, പൊതുസമൂഹം അംഗീകരിക്കാന്‍ മടിക്കുന്നു. അവളെ പഴി പറയുന്നു. 

ഇന്നലെവരെ പുരുഷന്‍ നിയന്ത്രിച്ചിരുന്ന വാക്കുകള്‍ തന്നെ കടമെടുത്ത് ഉന്നതതലങ്ങളിലിരിക്കുന്ന സത്രീ തന്നെ ചോദിക്കുന്നു 'രാത്രിയില്‍ റോഡില്‍ അവള്‍ക്കെന്തുകാര്യം ? '

രാത്രി അവന്റേതുമാത്രമാണ് എന്ന്് വീണ്ടും വീണ്ടും ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ്. 
പകലും ആ വഴിയില്‍ അവള്‍ക്കെന്തുകാര്യം എന്നു ചോദിക്കും ചിലര്‍.

ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയലല്ല അവളുടെ കര്‍ത്തവ്യം. അവള്‍ മുമ്പേ നടക്കുന്നു. പിന്നില്‍ സത്വത്തെ തിരിച്ചറിഞ്ഞ കുറച്ചുപേരെങ്കിലും നടക്കാനുണ്ടാകും. 

അതുകൊണ്ട് തീര്‍ച്ചയായും ഇവള്‍ കരുതുന്നു, മുന്നേ പോയവരുടെ വഴി പിന്തുടരുകയാണെന്ന്. അവിടെ ഭയം തരിമ്പുമില്ല. ഒരുപക്ഷേ, ഏതുവഴിയിലാണ് അപകടം, ഹിംസ പതിയിരിക്കുന്നത് എന്നറിയില്ല. ആകാശവും ഭൂമിയും വെള്ളവും വഴിയും കാണാതെ അടച്ചിട്ട മുറിയില്‍ ജീവിച്ച് തൊണ്ണൂറ് വയസ്സില്‍ അങ്ങുപോകണമെന്ന് ഒരാഗ്രഹവുമില്ല. കുഞ്ഞുകുഞ്ഞു യാത്രകളിലൂടെ കുഞ്ഞുകുഞ്ഞു വഴികളിലൂടെയെങ്കിലും നടന്ന് ആ കാഴ്ചകളെയെങ്കിലും മനസ്സില്‍ നിറച്ച് ഒരുദിവസമേ ജീവിതമുളളൂ എങ്കില്‍ അതുമതി.

കുറേ കടലാസുകളില്‍ ഭൂമിയുടെ അവകാശികളായതുകൊണ്ടുമാത്രം സ്വകാര്യസ്വത്താവുന്നില്ല ഒന്നും. അത് മറ്റാരുടെയൊക്കെയോ കാഴ്ചകളുടെ സ്വകാര്യമാകുന്നു. ഓര്‍മകളുടെ സ്വകാര്യമാകുന്നു. അന്നേരം ഞങ്ങള്‍ എന്റെ പുഴ എന്നും എന്റെ കാട് എന്നും എന്റെ മണ്ണെന്നും ആകാശമെന്നും പറയുന്നു. പഞ്ചേന്ദ്രിയങ്ങളും തുറന്നുവെച്ചുകൊണ്ട് പഞ്ചഭൂതമയമായ ലോകത്തിലൂടെ നടക്കുന്നു. 
അന്നേരത്താണ് ഞങ്ങള്‍ക്ക് സ്ത്രീ നടക്കുന്നത് അടുക്കളയില്‍ നിന്നും ഇരുട്ടുമുറിയിലേക്കല്ല എന്ന ബോധ്യം വരുന്നത്. അതുമാത്രമാണ് ഞങ്ങളുടെ ശക്തിയും ധൈര്യവും. 

*                  *                        *

കടപ്പാട് മാതൃഭൂമി ഓണ്‍ലൈന്‍

Sunday, November 17, 2013

കരിക്കും പുകയ്ക്കുമിടയിലെ ഇ ലോകം





എഴുത്തും വായനയും ഏതാണ്ട് നിലച്ചിരുന്ന സമയത്താണ് ഇ വായനയെപ്പറ്റിയും എഴുത്തിനെപ്പറ്റിയും അറിയുന്നത്.  ആദ്യം ഇ വായനക്കാരിയാവുകയും പിന്നീട് സര്‍പ്പഗന്ധി എന്ന ബ്ലോഗിലൂടെ ഇ എഴുത്തിലേക്ക് കടന്നു വരികയുമായിരുന്നു.   ബ്ലോഗെഴുത്തിന്റെ പ്രതികരണങ്ങള്‍ അമ്പരപ്പിക്കുന്നതായിരുന്നു.  ഒരു രചന ബ്ലോഗില്‍ പോസ്റ്റ് ചെയ്തു കഴിഞ്ഞാല്‍ നിമിഷങ്ങള്‍ക്കകം അഭിപ്രായം കിട്ടിയിരുന്നു.  ബ്ലോഗെഴുത്തെന്നാല്‍ അവനവന്‍ പ്രസാധകന്‍ എന്നും അവളവള്‍ പ്രസാധക എന്നുമൊക്കെ പറയുമെങ്കിലും അങ്ങനെയായിരുന്നില്ല എന്റെ അനുഭവം.  ഒരു പരിധിവരെ അത് ശരിയാണെങ്കിലും, എഡിററര്‍ അവരവര്‍ തന്നെയായിരുന്നെങ്കിലും വായനക്കാര്‍  തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും അവ ആവശ്യമാണെന്നു തോന്നിയാല്‍ തിരുത്തുകയും ചെയ്തിരുന്നു.  അച്ചടിയിലാണെങ്കില്‍ ആ തിരുത്ത് ഒരിക്കലും സാധ്യമാകില്ല.  എന്നാല്‍ ഇ എഴുത്തില്‍ എപ്പോള്‍ വേണമെങ്കിലും തിരുത്തല്‍ സാധ്യമാണ്.

2006 ലാണ് ഞാന്‍ ഇ ലോകത്തേക്ക് കടന്നു വരുന്നത്.  അന്ന് അച്ചടി മാധ്യമത്തിലെഴുതുന്നത് ചിന്തിക്കാന്‍ കൂടി കഴിയുമായിരുന്നില്ല.  എന്നാല്‍ ഇ എഴുത്ത് സജീവമാകുന്ന സമയവുമായിരുന്നു അത്.  എന്നിട്ടും അച്ചടി മഷി പുരണ്ടുകാണാന്‍ ആഗ്രഹിച്ചിട്ടുണ്ട്.  എഴുത്തിന്റെ അംഗീകാരം അച്ചടിയിലാണെന്നു തന്നെ ഇവള്‍ വിശ്വസിച്ചു.  പക്ഷേ, അല്പം ധൈര്യക്കുറവുണ്ടായിരുന്നുവെന്നുമാത്രം.  ബ്ലോഗെഴുത്ത് എനിക്ക് എഴുത്തുകളരിയായിരുന്നു.  ഭാഷ മെച്ചപ്പെടുത്താന്‍, എന്തുമെഴുതാന്‍, വളരെപ്പെട്ടെന്നു മറുപടി കുറിക്കാന്‍, പുതിയ വിഷയങ്ങള്‍ കണ്ടെത്താന്‍, കൂടുതല്‍ കൂടുതല്‍ വായിക്കാന്‍..ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നതിനുവേണ്ടിയാണ് എഴുതുന്നതെങ്കിലും ചിലത് എഴുതിക്കഴിയുമ്പോള്‍ അച്ചടിയിലേക്കൊന്നു കൊടുത്താലോ എന്നു തോന്നും.  എഴുതിയത് ഓണ്‍ലൈനിലുളള അടുപ്പമുള്ള സുഹൃത്തുക്കള്‍ക്കയയ്ക്കും.  അവരുടെ അഭിപ്രായത്തിനും തിരുത്തലുകള്‍ക്കും ശേഷമായിരുന്നു ആദ്യ രചനകള്‍ പ്രസിദ്ധീകരിക്കാന്‍ അയച്ചിരുന്നത്.  ഇ ലോകത്തെ സൗഹൃദങ്ങളില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ, ബാങ്കുജോലിക്കാരിയും വീട്ടമ്മയുമായ എനിക്ക് എഴുത്തുകാരി എന്ന വിലാസമുണ്ടാവുമായിരുന്നില്ല.  അച്ചടിയിലും ഓണ്‍ലൈനിലും ഇപ്പോഴും സജീവമായി നില്ക്കാന്‍ സാധിക്കുന്നുമുണ്ട്.  നാളെത്തെ പ്രധാന മാധ്യമം ഇ മാധ്യമമായിരിക്കുമെന്നതില്‍ ഒരു സംശയമില്ല. വായന ഓഫ് ലൈനിലോ ഓണ്‍ലൈനിലോ എന്നതിലേ പ്രശ്‌നമുള്ളു.

 ലാപ്‌ടോപ്പിന്റെയോ ടെസ്‌ക്ടോപ്പിന്റെയോ സ്‌ക്രീനില്‍ നിന്ന് ഇ ബുക്ക് റീഡറുകളിലേക്ക് ഇപ്പോള്‍ തന്നെ വായന മാറിക്കഴിഞ്ഞു.  ഇ ബുക്ക് റീഡറുകളില്‍ കൂടുതല്‍ നടക്കുന്നത് ഓഫ് ലൈന്‍ വായനയാണ്.  എളുപ്പം വായിച്ചുപോകാവുന്ന, ലളിതമായ കുറിപ്പുകളും ചെറു ലേഖനങ്ങളും കവിതകളും ഹാസ്യ ലേഖനങ്ങളും വിവാദവിഷയങ്ങളുമൊക്കെയാണ് ഓണ്‍ലൈന്‍ വായനക്കാര്‍ക്ക് കൂടുതല്‍ പ്രിയം.  ഗൗരവമേറിയ രചനകള്‍ , വലിയ രചനകളൊക്കെ ഓഫ്‌ലൈനായാണ് വായിക്കുന്നത്.
അച്ചടി പ്രസിദ്ധീകരങ്ങള്‍ക്ക് കൊടുത്താല്‍ പ്രസിദ്ധീകരിക്കുമോ എന്നു തോന്നുന്ന രചനകള്‍, മനസ്സില്‍ തോന്നുന്നത് ഒരു വിട്ടുവീഴ്ചയും കൂടാതെ തുറന്നെവുതേണ്ടിവരുമ്പോള്‍ അച്ചടിയെയല്ല ഇ ലോകത്തെയാണ് ഞാന്‍ കൂട്ടു പിടിക്കാറ്.  ചിലപ്പോള്‍ എതിരഭിപ്രായങ്ങളാവാം ഏറെയും.  എന്നാലും പറയാനുളളത് പറഞ്ഞു കഴിഞ്ഞു എന്ന ആശ്വാസമുണ്ടാവാറുണ്ട്.  ഒരു ആശയം, അഭിപ്രായം ശരിയോ തെറ്റോ ആകട്ടെ അതു പ്രകടിപ്പിക്കാന്‍ ആരെയും ഭയക്കാതെ,  ഒരു വേദിയുണ്ടെന്നതാണ് പ്രധാനം.

ഫേസ്ബുക്ക്, ഗൂഗിള്‍ പ്ലസ് തുടങ്ങിയ സൗഹൃദകൂട്ടായ്മകളെ ഇപ്പോഴും ഭയത്തോടെ കാണുന്നവരുണ്ട്.  ഇന്റര്‍നെറ്റിനെ തന്നെ ഭയക്കുന്നവരുണ്ട്.  ഇവിടെ കിട്ടുന്നതൊക്കെ പുറത്തും നമുക്കു കിട്ടുന്നുണ്ട്.  പക്ഷേ കുറച്ചു വേഗം കൂടുന്നുവെന്നുമാത്രം.  നമുക്ക് ആവശ്യമുള്ളതിലേക്കേ നാം പോകൂ.  അത് ഇന്റര്‍നെറ്റിനുളളിലായാലും പുറത്തായാലും.


എന്റെ ഒരു പുസ്തകം വരുമ്പോള്‍ അതിനേപ്പറ്റി രണ്ടുവരി, അല്ലെങ്കില്‍ കവര്‍ ചിത്രം നല്‍കുമ്പോള്‍ തീര്‍ച്ചയായും അതു കുറേപ്പേര്‍ അറിയുന്നുണ്ട്.  ചിലരത് ഓണ്‍ലൈനില്‍ തന്നെ വാങ്ങുന്നുണ്ട്.  ഒരു പുസ്തകമേളയില്‍ കാണുമ്പോള്‍ ഓര്‍്ത്തു വാങ്ങുന്നുണ്ട്.  ഇതുനൊന്നും മുമ്പ് നമുക്ക് അവസരമില്ല.  ഒരു പുസ്തകം വന്നാല്‍ നമുക്കു നേരിട്ടു പറയാവുന്ന ആളുകളുടെ എണ്ണത്തില്‍ പരിധിയുണ്ടായിരുന്നു.  എന്നാല്‍ ആ ദൂരത്തെ പരമാവധി കുറക്കുകയാണ് വെബ്ബിടങ്ങള്‍.


ഫേസ് ബുക്കിലും മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും ഇവള്‍ എതെങ്കുലിലുമൊരു കാര്യത്തെക്കുറിച്ച് ഒരഭിപ്രായമെഴുതിയിടുമ്പോള്‍ അത് കുറച്ചുപേരെങ്കിലും കാണുന്നു.  അതില്‍ കുറച്ചു പേര്‍ പ്രതികരിക്കുന്നു.  ഇങ്ങനെ ഒരു ലോകം എനിക്ക് കിട്ടിയില്ലായിരുന്നുവെങ്കില്‍ ആ അഭിപ്രായം ബാങ്കിലെ ഡെബിറ്റിനും ക്രെഡിറ്റിനുമിടയിലെ കിട്ടാക്കടമായേനേ...അല്ലെങ്കില്‍ അടുക്കളയിലെ കരിയിലും പുകയിലും  ആവിയായിപ്പോയേനേ...ഒരു സ്ത്രീയുടെ അഭിപ്രായങ്ങള്‍ക്ക് വേരൊരിടത്തും ഇതുവരെ സ്ഥാനമില്ലാതിരിക്കുമ്പോള്‍ ഇ ലോകത്തെ എന്റെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നു.


കടപ്പാട്-മാതൃഭൂമി ജേണല്‍






Wednesday, September 25, 2013

തൈക്കിളവികളും കുറേ വയസ്സറിയിക്കാത്തവരും!

സമ്പൂര്‍ണ്ണ സാക്ഷരരെന്ന് ഓരോ നിമിഷവും അഭിമാനിക്കുന്ന കേരളീയ സമൂഹത്തില്‍ നിന്നാണ് ഒരു മത സമൂഹത്തിലെ ഭൂരിപക്ഷം സംഘടനകളും സ്ത്രീകളുടെ വിവാഹപ്രായം കുറച്ചു കിട്ടുന്നതിനു വേണ്ടി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഈ വാര്‍ത്ത കേട്ടപ്പോള്‍ സത്യമായും ലജ്ജിച്ചുപോയി. 

മത മേലധ്യക്ഷന്മാരുടെ ഇപ്പോഴത്തെ നടപടികള്‍ കണ്ടാല്‍, സ്ത്രീയുടെ വിവാഹപ്രായമാണ് മുസ്ലീം സമൂഹം നേരിടുന്ന ഏററവും വലിയ പ്രശ്‌നമെന്നു തോന്നും. ഞങ്ങള്‍ വയസ്സറിയിച്ചില്ലേ എന്നൊരു ധ്വനി സമൂഹത്തിന് മുമ്പാകെ അവര്‍ നല്‍കുന്നുണ്ട്. 
സത്യത്തില്‍ ഈ നടപടി സ്ത്രീയെ നിശബ്ദരാക്കാനുള്ള തന്ത്രമാണെന്നാണ് ഇവള്‍ കരുതുന്നത്. വിദ്യാഭ്യാസപരവും സാമൂഹ്യപരവും രാഷ്ട്രീയപരവുമായി സ്ത്രീ ഉന്നതിയിലെത്തുന്നത് തങ്ങള്‍ക്ക് തടസ്സമാണെന്ന് അവര്‍ കരുതുന്നുണ്ടാവണം. ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനുമുള്ള ആര്‍ജ്ജവം അവള്‍ക്കുണ്ടാവുന്നതിനെ അവര്‍ ഭയക്കുന്നു. വിദ്യാഭ്യാസം ചെയ്താല്‍, വിദ്യാഭ്യാസത്തിനനുസരിച്ച് അവളിലേക്ക് സാമൂഹ്യബോധവും അറിവും ഉണ്ടായാല്‍ സ്വാഭാവികമായും അവള്‍ ന്യായം എന്തെന്ന് ചിന്തി ച്ചു തുടങ്ങും. ഇതുവരെ പുരുഷന്‍ മാത്രം കൈയ്യടക്കി വെച്ചിരുന്ന സാമ്രാജ്യങ്ങളിലേക്ക് അവള്‍ കയറിച്ചെല്ലും. തീര്‍ച്ചയായും ആ ഭയത്തന്റെ പ്രതിഫലനമാണ് ഇപ്പോള്‍ കാണുന്നത്. 


കാടന്‍ യുഗത്തിലേക്ക്, ഇരുണ്ട യുഗത്തിലേക്കുളള തിരിച്ചു പോക്കാണോ ഇങ്ങനെയൊരു തീരുമാനത്തിലൂടെ ഇവര്‍ നടത്തുന്നത് എന്ന് സ്വാഭിവകമായും തോന്നിയേക്കാം. പൊതു സമൂഹം അങ്ങനെ ചിന്തിക്കുന്നതില്‍ തെറ്റു പറയാനൊന്നും പറ്റില്ല. 

യഥാര്‍ത്ഥത്തില്‍ പതിനെട്ടു വയസ്സിനു മുമ്പ് വിവാഹം നടക്കുന്നതിനു പിന്നില്‍ ഇവിടുത്തെ അനാചാരങ്ങളാണ്. പലപ്പോഴും ബലിയാടാകേണ്ടി വരുന്നത് പാവപ്പെട്ടവരും. സ്ത്രീധനമാണ് പ്രധാന വില്ലന്‍. മിക്കവാറും വീടുകളില്‍ പെണ്‍കുട്ടികള്‍ ബാധ്യതയാകുന്നതിന് പിന്നില്‍ സ്ത്രീധനമാണ്. ഇസ്ലാം മതത്തില്‍ പുരുഷധനമാണ് (മഹര്‍) കൊടുക്കേണ്ടത്. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ സ്വര്‍ണ്ണമോ പണമോ ഇല്ലാത്ത വിവാഹങ്ങള്‍ അപൂര്‍വ്വമാണ്. സ്വര്‍ണ്ണത്തെ ചിലര്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ പെടുത്താറുമില്ല!

ചെറുപ്രായത്തില്‍ വിവാഹത്തിന് നിന്നു കൊടുക്കേണ്ടിവരുന്നത് കൂടതലും സമൂഹത്തിലെ താഴെത്തട്ടിലെ വിഭാഗത്തിനാണ്. ദാരിദ്ര്യത്തെ ചൂഷണം ചെയ്യുക തന്നെയാണിവിടെ. കുറച്ചുകൂടി കാത്തിരുന്നാല്‍ മകളെ കെട്ടിക്കൊണ്ടുപോകാന്‍ ആളെക്കിട്ടില്ല എന്ന വിശ്വാസം ഇവരില്‍ ഉറച്ചു പോയിട്ടുണ്ട്. പെണ്‍മക്കള്‍ ബാധ്യതയാണെന്നും അവരെ ഏതെങ്കിലുമൊരുത്തന്റെ തലയില്‍ ഏല്‍പിച്ചാല്‍ സ്വസ്ഥമായി എന്നും വിചാരിക്കുന്നു ഭൂരിപക്ഷമാളുകളും. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ വിവാഹം കഴിച്ചയച്ചിട്ട് എത്ര രക്ഷിതാക്കള്‍ സമാധാനമായി ജീവിക്കുന്നുണ്ട്? 

കൗമാരത്തിലെ വിവാഹവും ലൈഗിംകജീവിതവും പെണ്‍കുട്ടിയുടെ മനസ്സിലേല്‍പ്പിക്കുന്ന ആഘാതത്തേക്കുറിച്ചും മുടങ്ങിപ്പോകുന്ന വിദ്യാഭ്യാസത്തേക്കുറിച്ചും ചെറുപ്രായത്തില്‍ അവര്‍ നേരിടേണ്ടി വരുന്ന ഗര്‍ഭപ്രാരാബ്ദങ്ങളെപ്പറ്റിയുമുള്ള ആകുലതകള്‍ ആരു മനസ്സിലാക്കുന്നു? 

പെണ്‍കുട്ടികള്‍ വിദ്യ നേടുക എന്നത് തന്നെയാണ് പരമ പ്രധാനം. ആ വിദ്യ മുന്‍ഗാമികള്‍ നേടാത്തതിന്റെ പരിണിതഫലമാണ് ബാലവിവാഹങ്ങള്‍. പെണ്‍കുട്ടിക്ക് 18 വയസ്സാകും മുമ്പ് നടക്കുന്ന വിവാഹം ശൈശവവിവാഹം തന്നെയാണ്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ക്രിമിനല്‍ കുറ്റവുമാണ്. ഓരോ നിയമങ്ങളുമുണ്ടാകുന്നത് ലംഘനം ഉണ്ടാവാതിരിക്കാനാണ്.

പണ്ടേ, ഭൂമിയോളം ക്ഷമയുളളവള്‍ എന്ന വിശേഷണത്തിന് അടിമപ്പെട്ടിരിക്കുന്നവള്‍ സ്വപ്‌നങ്ങളെക്കുറിച്ചോ തനിക്ക് നഷ്ടപ്പെട്ട കൗമാരത്തെക്കുറിച്ചോ മക്കളോടോ ഭര്‍ത്താവിനോടോ സഹോദരനോടോ ഒന്നും പറയാന്‍ സാധ്യതയില്ല. അവളെപ്പോഴും മനു പറഞ്ഞതിനപ്പുറം ഒരു ലോകമുണ്ടെന്ന് കാണിക്കാനൊന്നും പോകില്ല. അതിനപ്പുറം ഒരു ലോകമുണ്ടെന്ന് അവളറിയണമെങ്കില്‍ വിദ്യാഭ്യാസം നേടണം. ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുളള കഴിവാര്‍ജ്ജിക്കണം.

വലിയ സ്ത്രീധനം കൊടുക്കാന്‍ സാധിക്കാത്തവരാണ് അറബിക്കല്ല്യാണത്തിലും മൈസൂര്‍ക്കല്ല്യാണത്തിലും ഹരിയാനക്കല്ല്യാണത്തിലുമൊക്കെ പെട്ടുപോകുന്നത്. 

ഇങ്ങനെയുള്ള പെട്ടുപോകലില്‍ ചെന്ന് കഷ്ടപ്പെടാതിരിക്കാന്‍ ബോധവത്ക്കരണം നല്‍കി വിദ്യാഭ്യാസം നല്‍കി മുന്നോട്ടു കൊണ്ടുപോകേണ്ട സമൂഹമാണ്, പെണ്‍കുട്ടികളെ ഒരു ബാധ്യതയായി കണ്ട് അവളെ എത്രയും പെട്ടെന്ന് കൈയ്യൊഴിയാന്‍ ശ്രമിക്കുന്നത്. അവളില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ശ്രമിക്കുന്നത് .
ശാരീരികമായ വളര്‍ച്ചയെമാത്രം പരിഗണിച്ചുകൊണ്ടല്ല വിവാഹപ്രായം നിര്‍ണ്ണയിക്കുന്നത്. പണ്ടങ്ങനെ നടന്നു, അതുകൊണ്ട് ഇപ്പോഴും അങ്ങനെയാവാം എന്നു ശഠിക്കുന്നത് സ്ത്രീയെ വെറും അടിമയോ ഉപഭോഗ വസ്തുവോ ആയി മാത്രം കാണുന്നതുകൊണ്ടാണ്. 
സ്ത്രീകള്‍ക്കെതിരെ വരുന്ന നിയമങ്ങള്‍, അവളുടെ സ്വപ്‌നങ്ങളെയും വിദ്യാഭ്യാസത്തെയും ഇല്ലാതാക്കിക്കൊണ്ടുളള പ്രവര്‍ത്തികള്‍ നാളെയെയാണ് പ്രതികൂലമായി ബാധിക്കുന്നത്. കാരണം അവളുടെ അറിവാണ് അടുത്ത തലമുറയിലേക്ക് പകര്‍ന്നു പോകേണ്ടത്. അവളുടെ ധൈര്യമാണ് അവര്‍ ആര്‍ജ്ജിച്ചെടുക്കേണ്ടത്. അവളാണ് ഭാവി നിര്‍ണ്ണയിക്കേണ്ടത്. 

സംഘടനകള്‍ സുപ്രീംകോടതിയേല്ക്കു പോകുന്നു എന്ന വാര്‍ത്തയുടെ അവലോകനത്തില്‍ പങ്കെടുക്കാന്‍ ഇവള്‍ക്കും ഒരു ചാനലില്‍ നിന്ന് ക്ഷണം കിട്ടി. 
ഇരുപത്തിയഞ്ചും ഇരുപത്തിയാറും വയസ്സില്‍ പെണ്‍കുട്ടികള്‍ തൈക്കിളിവികളാകുന്നുവെന്നാണ് ഒരു ലീഗ് നേതാവ് പറഞ്ഞത്. പെണ്‍കുട്ടിയുടെ ശരീരം ആ പ്രായമെത്തുമ്പോള്‍ അങ്ങനെയാകുന്നു ഇങ്ങനെയാകുന്നു എന്നൊക്കെ പറഞ്ഞ് അദ്ദേഹം ഉരുണ്ടു കളിച്ചു. ആ പ്രായത്തില്‍ ശരീരപ്രകൃതി കണ്ടാല്‍ തൈക്കിളവികളാണെന്ന് തോന്നും എന്നൊക്കെ...
ആരാണ് തൈക്കിളവികള്‍? ഏതു കാലം മുതല്‍ തൈക്കിളിവികളുടെ പ്രായം തുടങ്ങും? 

പെണ്‍കുട്ടികള്‍ മാത്രമാണോ തൈക്കിളവികള്‍ ആകുന്നത്? ഇവിടെ തൈക്കിളവന്മാര്‍ ഉണ്ടാകുന്നില്ലേ? 

തൈക്കിളിവന്മാര്‍ക്ക് തൈക്കിളവികളെ കെട്ടിക്കൂടെ? 
പുരുഷന് എന്നും നിത്യ യൗവ്വനമാണോ? 
ഒരു മതത്തിലെ പെണ്‍കുട്ടികള്‍ മാത്രം എന്തുകൊണ്ട് ഇരുത്തയഞ്ചില്‍ തൈക്കിളവികളാകുന്നു? 

ഹോ! നാലഞ്ചുകൊല്ലം മുമ്പ് ഇവള്‍ ഒരപരാധം ചെയ്തു. മുപ്പതിലെത്തിയ ഒരുവള്‍ക്ക് കിളവി എന്ന പ്രയോഗം കേള്‍ക്കേണ്ടി വന്നതില്‍ അരിശം പൂണ്ട് 'പെണ്‍നോട്ടങ്ങള്‍ ' എന്നൊരു ലേഖനമെഴുതി. 
എന്റെ ഏറ്റവും വലിയ പിഴ..!
ഇരുപത്തിനാലിലും ഇരുപത്തിയഞ്ചിലും കിളവി എന്നു കേള്‍ക്കേണ്ടി വരുന്ന അതും പരസ്യമായി കേള്‍ക്കേണ്ടി വരുന്ന പെണ്‍ സമൂഹമേ, ഇവളറിഞ്ഞില്ലല്ലോ ഇത്രയും നേരത്തേ 'കിളവി' എന്ന വിളി കേള്‍ക്കേണ്ടി വരുമെന്ന്...

എന്തു ചെയ്യാം നമ്മള്‍ കിളവികളും അവര്‍ വയസ്സറിയിക്കാത്ത പ്രായക്കാരും. അതുകൊണ്ടാണ് അവരുടെ കൂടിയിരുപ്പുകളില്‍ വയസ്സറിവില്ലാത്ത ചിന്തകള്‍ കടന്നു വരുന്നതും. 

അപ്പോഴാണ് കട്ടവന്റെ കൈ മുറിക്കണമെന്നും വ്യഭിചരിക്കുന്നവനെ കല്ലെറിയണമെന്നു പറയുന്ന ശരീഅത്തിനെ മറന്നു പോകുന്നതും പെണ്ണിനെപ്പറ്റിമാത്രം ചിന്തിച്ചു പോകുന്നതും. ബഹുഭാര്യത്വം, ത്വലാഖ്, സ്വത്ത് തുടങ്ങിയ അവളുടെ കാര്യങ്ങള്‍ക്ക് വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും മതനിയമം. അല്ലാത്തവര്‍ക്ക് ശിക്ഷ ഇളവായ നിയമങ്ങള്‍! ഇതിന്റെ ന്യായമെന്തെന്ന് മനസ്സിലാകുന്നേയില്ല. 

വയസ്സറിയിക്കാത്തത് ആരാണ്? ഒരു മതസമൂഹം ഒറ്റക്കെട്ടായി എടുത്ത തീരുമാനം അവരിലാരും വയസ്സയറിയിച്ചില്ലെന്ന് തെളിയിക്കുന്നു. അവരിന്നും ഇരുണ്ടയുഗത്തില്‍ ജീവിക്കുന്നു. അത് സമുദായത്തെ പിന്നോട്ടടിക്കുമെന്നതില്‍ സംശയമില്ല. 

സുപ്രീം കോടതിയില്‍ പോയാല്‍ ശൈശവവിവാഹത്തെ അംഗീകരിച്ചു കിട്ടുമെന്ന് വിചാരിക്കുന്നില്ല. എന്തു വ്യക്തി നിയമം പറഞ്ഞാലും..ഇനി അംഗീകരിച്ചു കിട്ടി എന്നിരിക്കട്ടെ..അധികകാലമൊന്നും ബാലവിവാഹങ്ങള്‍ക്ക് ഇവിടുത്തെ പെണ്‍കുട്ടികള്‍ ഇവര്‍ വിചാരിക്കുംപോലെ നിന്നു കൊടുക്കുമെന്ന് തോന്നുന്നില്ല. കാലം അവരെ തിരിച്ചറിവുള്ളവാക്കും. അവര്‍ ഇന്നല്ലെങ്കില്‍ നാളെ ശക്തമായി പ്രതികരിക്കും എന്നു തന്നെ വിശ്വസിക്കുന്നു. ലക്ഷ്യത്തിലെത്താന്‍ കുറച്ചു കാത്തിരിക്കേണ്ടി വരുമെന്നുമാത്രം.