Monday, January 7, 2013

വാടകവീടുകള്‍


1

കരിമ്പോല മേഞ്ഞ തെങ്ങിന്റെ ചിത്രം വരച്ച മാതിരി ചാണകം മെഴുകിയ വീടായിരുന്നു അത്.  ഞങ്ങളുടെ ആദ്യത്തെ വാടകവീട്.  ഒരു കുഞ്ഞു വരാന്തയും ഒറ്റമുറിയും അടുക്കളയും മാത്രമുണ്ടായിരുന്ന വീട്.   ഒരിക്കലും ഉപയോഗിച്ചു കണ്ടിട്ടില്ലാത്ത ഒരു ഇളം മഞ്ഞ സില്‍ക്ക് ഷര്‍ട്ട് ഞങ്ങള്‍ വരാന്തയുടെ ഒരുമൂലയില്‍ തൂക്കി.  ആ ഫുള്‍ക്കൈയ്യന്‍ ഷര്‍ട്ടിലായിരുന്നു അനിയത്തിയെ മുടിപ്പിന്നല്‍ പഠിപ്പിച്ചത്. അടുത്തുള്ള കൊങ്ങിണിക്കാട്ടില്‍ പോയി ചുവപ്പും റോസും പൂക്കള്‍ കൊണ്ടുവന്ന് ആ മുറ്റത്തായിരുന്നു ആദ്യമായി പൂക്കളമിട്ടത്.  അമ്മച്ചി നട്ടുപിടിപ്പിച്ച സൂര്യകാന്തി പൂക്കള്‍ ഞങ്ങളെ നോക്കിച്ചിരിച്ചു.   പുറത്ത് ഡിസംബറിലെ അസ്ഥിമരക്കുന്ന തണുപ്പിലും കരിമ്പോലകള്‍  ചൂടേകി. 


കമ്മട്ടിപ്പത്തലിന്റെ വേലിയും മുളകൊണ്ടുള്ള വേലിക്കടമ്പയുമുണ്ടായിരിന്നു.  അതിരില്‍ നിന്നിരുന്ന കാട്ടുറബ്ബറില്‍ ചെറിയ പോറലുകള്‍ വീഴ്ത്തി കറയെടുത്തു ഞങ്ങള്‍ പന്തുണ്ടാക്കാന്‍ ശ്രമിച്ചു.  പട്ടിക്കാട്ടിലെ തമിഴത്തിപ്പെണ്ണുങ്ങള്‍ ആ വഴിയാണ് അക്കാതങ്കച്ചി മലയിലേക്ക് വിറകിനു പോയിരുന്നത്.  പുറ്റുമണ്ണുണ്ട കൊതിയോടെ ഇളക്കിയെടുത്ത് അവര്‍  വേലിയില്‍ വെച്ചിട്ടുപോയി.  തിരിച്ചുവരുമ്പോഴവരതെടുത്ത് രുചിയോടെ തിന്നുകൊണ്ടു നടന്നു.  വികൃതിയായ അനിയത്തി അവര്‍ വേലിയില്‍ വെച്ചിട്ടുപോയ പുറ്റുമണ്ണുണ്ടകള്‍ കൈത്തോട്ടിലെറിഞ്ഞു.  വിറകുമായ് വരുന്നവര്‍ പുറ്റുമണ്ണുണ്ട കാണാതെ ആരെയോ പ്രാകിപ്പറഞ്ഞു. 

അമ്മച്ചിയുടെ ജോലിസ്ഥലത്തെ ആ കുഞ്ഞുവീട്ടില്‍ അഞ്ചോ ആറോ മാസമാണ് നിന്നത്.  അപ്പോഴേക്കും മാറ്റം കിട്ടി മറ്റൊരിടത്തേക്ക്.  പക്ഷേ, മറയൂരിലേക്കുള്ള ഏതുയാത്രയിലും ഞാനാ വീടിന്റെ മുറ്റത്തേക്ക് പോകാന്‍ കൊതിച്ചു. 
കുറച്ചുനാള്‍ മുമ്പ് ഞങ്ങള്‍ അവിടേക്ക് പോയി.  മുതിര്‍ന്നതില്‍ പിന്നെ, അല്ലെങ്കില്‍ മറയൂരില്‍ നിന്നുപോന്നതില്‍ പിന്നെ ഞാനും അവളും കൂടി പോയതപ്പോഴായിരുന്നു.  മാടുകള്‍ നടന്നുപോയ അതേ വഴി, അതേ കൈത്തോട്, അടുത്തവീട്ടിലെ മരഗേറ്റ് എല്ലാം അങ്ങനെതന്നെയായിരുന്നു.  പക്ഷേ, വീടുമാത്രം കോണ്‍ക്രീറ്റായിരുന്നു. 

എന്നിട്ടും ആ വീടിനുമുന്നില്‍ ആ വഴിയില്‍ നിന്നപ്പോള്‍ കൂടെയുണ്ടായിരുന്ന ക്യാമറയുണ്ടായിരുന്നയാളോട് അണ്ണാ ഞങ്ങടെയൊരു ഫോട്ടോ എടുക്കാമോ എന്നു ചോദിച്ചു.  അണ്ണനെടുത്ത ഫോട്ടായാകട്ടെ ഞങ്ങളു വിചാരിച്ച പോലെയായതുമില്ല.  ഫോട്ടോ നോക്കുമ്പോഴൊക്കെ എന്തിനായിരുന്നു ഈ ഫോട്ടോ എന്നു ചോദിച്ചുകൊണ്ടിരുന്നു.  അത് ഞങ്ങളുടെ വീടായിരുന്നില്ല.  ഞങ്ങള്‍ താമസിച്ചിരുന്ന വാടകവീടുമായിരുന്നില്ല.  എന്നിട്ടും അന്ന് കാട്ടുറബ്ബര്‍ പോറിച്ച് പാലെടുത്തപ്പോള്‍ കൈയ്യില്‍ പിടിച്ചതിലല്പം മനസ്സിലും പറ്റിപ്പിടിച്ചിരുന്നിരിക്കണം.


അഞ്ചോ ആറോ ഗ്രാനൈറ്റ് ഷോപ്പുകള്‍ക്കു മുന്നിലൂടെയാണ് ദിവസവും യാത്രചെയ്യുന്നത്.  ആ ഷോപ്പുകള്‍ക്കു മുന്നില്‍ ബസ്സു നിര്‍ത്തുമ്പോള്‍ ആ കല്‍പ്പാളികളിലേക്കു തന്നെ നോക്കിയിരിക്കാറുണ്ട്.  ഭൂമിയുടെ ബഹിരാകാശചിത്രമാണ് അതില്‍ പലതിനുമെന്ന് തോന്നാറുണ്ട്.  ചിലപ്പോള്‍ അത് പുരാതന നാഗരിക സംസ്‌ക്കാരത്തിന്റെ കണ്ടെടുക്കപ്പെട്ട അവശിഷ്ടങ്ങള്‍ പോലെ തോന്നിച്ചു. പുഴയൊഴുകുന്നതും വന്‍മരങ്ങള്‍ വീണുകിടക്കുന്നതും കാറ്റടങ്ങിയ മരുഭൂമിയുമെല്ലാമുണ്ടായിരുന്നു ആ കാഴ്ചയില്‍.  ആ കല്‍ചിത്രങ്ങള്‍ അങ്ങനെയെന്തെല്ലാമോ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.  അപ്പോഴൊക്കെ ഓര്‍ത്തു പോകുന്ന മറ്റൊന്ന് ഏതൊക്കെയോ വീടിന്റെ നിലത്തു പതിക്കാനുള്ളതാണല്ലോ ഇവ എന്നായിരുന്നു. 

ഇപ്പോഴത്തെ ടെറസ്സ് വീടുകള്‍ക്ക് വലിയ ആയുസ്സുള്ളതായി കണ്ടിട്ടില്ല.  മിക്കവാറുമാളുകള്‍ പതിനഞ്ചും ഇരുപതും വര്‍ഷത്തെ ദീര്‍ഘകാല വായ്പയെടുത്താണ് വീടു നിര്‍മിക്കുന്നത്.  ആ കാലവധി കഴിയുമ്പോഴേക്കും വീടും ഉപയോഗശൂന്യമായിത്തുടങ്ങും.  പലയിടത്തും ചിതലരിക്കാന്‍ തുടങ്ങും.  ചിലയിടങ്ങളില്‍ ചോര്‍ച്ച, വെള്ളം കാലിക്കല്‍...പുതുതലമുറയ്ക്ക്്് ആ വീടിനോട് ഒരു മമതയുമുണ്ടാവില്ല.  അവര്‍ പുതിയ കാഴ്ച്ചപ്പാടിനനുസരിച്ചുള്ള വീടുകളെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങും.  നിലത്തു പതിച്ച ബഹിരാകാശച്ചിത്രത്തിനും ഒരു വിലയുമില്ലാതാകുന്നു.  എന്തിനായിരുന്നു അപ്പോള്‍ വലിയൊരു സംഖ്യ ചെലവാക്കി വീടു പണിതതെന്ന് തോന്നിപ്പോകും. 

വാടക വീടായിരുന്നെങ്കില്‍ ഈ കാലയളവില്‍ നാലിലൊന്നുപോലും ചിലവു വരില്ലായിരുന്നല്ലോ എന്നൊക്കെ വിചാരിക്കും. 
മുമ്പൊക്കെ, വലിയൊരു പറമ്പിനു നടുവിലായിരുന്നു വീട്.  കളപ്പുരയും തൊഴുത്തും കോഴിക്കൂടും ഒക്കെ ചേര്‍ന്നത്.  ഇപ്പോഴത് നാട്ടിന്‍പുറങ്ങളില്‍ പോലും റോഡിനോട് ചേര്‍ന്ന് കുറഞ്ഞ സ്ഥലത്ത് വീടുമാത്രമാകുന്നു.  മുറ്റം പോലും പേരിനാണ്. 
വാടക വീടിനുള്ളില്‍  എപ്പോഴും സ്വന്തമല്ലല്ലോ , എപ്പോഴാണിവിടെ സ്വന്തമായൊരു വീടുണ്ടാവുക എന്ന അശാന്തിയാണ്.  വീട്ടുടമയ്ക്ക് ഇവര്‍ ഒഴിഞ്ഞു പോകാതിരിക്കുമോ എന്നും വാടകക്കാരന് എപ്പോഴാണ് ഒഴിയാന്‍ പറയുന്നത് എന്ന ഭയവും വിടാതെ പിന്തുടര്‍ന്നുകൊണ്ടോയിരിക്കും....

അമ്മച്ചിയുടെ സ്ഥലംമാറ്റങ്ങള്‍ക്കനുസരിച്ച് ഞങ്ങള്‍ വീടുമാറിക്കൊണ്ടിരുന്നു.  മറയൂരില്‍ ഒരു കൊല്ലം തികച്ചപ്പോഴേക്കും ആനച്ചാലിലേക്ക്..അവിടത്തെ ഒരുകൊല്ലം കഴിഞ്ഞപ്പോള്‍ വീണ്ടും മറയൂരിലേക്ക്.  .  മറയൂരിലേക്ക് വീണ്ടും വന്നപ്പോള്‍ കിട്ടിയ വീട്ടുടമസ്ഥര്‍ക്ക് നാലുമക്കളായിരുന്നു.  അതില്‍ ആണ്‍കുട്ടിയായിരുന്നവന്‍ എന്റെ സഹപാഠിയുമായിരുന്നു. അവരുടെ  വീടിനോട് ചേര്‍ന്ന് രണ്ടുമുറിയും നിന്നു തിരിയാന്‍ ഇടമില്ലാത്ത അടുക്കളയുമായിരുന്നു ഞങ്ങളുടേത്.  സ്‌കൂളിലേക്ക് ഒറ്റയോട്ടം മതി. വീടിനെതിര്‍വശത്ത് ് വലിയൊരു ആല്‍മരമുണ്ടായിരുന്നു.  അതിനോട് ചേര്‍ന്ന് ഒറ്റയായി നിന്ന പാറയും. ഞങ്ങള്‍ പേരാല്‍ വള്ളികളില്‍ ഊഞ്ഞാലാടി.  പാറയില്‍ വലിഞ്ഞുകയറി കഥ പറഞ്ഞു. പാട്ടുപാടി...ഊരമ്പലത്തിലെ ഉത്സവത്തിന് ഞങ്ങള്‍ ഇരുവീട്ടിലേയും കുട്ടികള്‍ ഒരുമിച്ചുപോയി.  വള താത്തനില്‍ നിന്ന് വളകള്‍ മേടിച്ചു കിലുക്കി നടന്നു. 
പക്ഷേ, നാലുമാസം കഴിഞ്ഞപ്പോഴൊരു ദിവസം രാവിലെ മൂത്ത ചേച്ചി വന്ന് അമ്മച്ചിയോട് പറഞ്ഞു.
പപ്പ വീടൊഴിയാന്‍ പറയുന്നു എന്ന്. എന്തു കാരണത്താലാണ് അങ്ങനെ പറഞ്ഞതെന്ന് ഇന്നുമെനിക്കറിയില്ല.  വാടകകൊടുക്കാതിരുന്നില്ല.  ബഹളക്കാരുമായിരുന്നില്ല.
അമ്മച്ചി സങ്കടങ്ങള്‍ ഇറക്കിവെച്ചിരിന്നത് കുറച്ചപ്പുറത്ത് താമസിക്കുന്ന ഏലിയാമ്മ ചേച്ചിയുടെയും മാത്തുക്കുട്ടിച്ചേട്ടന്റെയും അടുത്തായിരുന്നു. നേരെ അങ്ങോട്ടോടി.
അതു ഞങ്ങളുടെ തറവാടു പോലെയായിരുന്നു.   പരിഹാരം അവിടെനിന്നുണ്ടാവുമെന്നുറപ്പായിരുന്നു.  അന്നു വൈകിട്ട് സ്‌കൂളുവിട്ടുപോയത് അങ്ങോട്ടാണ്്്്്.   പുതിയൊരു വീടുകണ്ടുപിടിക്കും വരെ അവിടുത്തെ ചുരുങ്ങിയ സൗകര്യങ്ങളില്‍, ചേച്ചിയുടെ കടുമാങ്ങ അച്ചാറും തൈരും ശര്‍ക്കര കടിച്ചുകൂട്ടിയുള്ള കാപ്പികുടിയും പ്രിയപ്പെട്ടതായി...
കുറച്ചു പാത്രങ്ങളും തുണിപ്പെട്ടിയും ഒരു മടക്കുകട്ടിലുമായി പുതിയൊരു വീട്ടിലേക്ക്.  അത് ശരിക്കും പുതിയ വീടായിരുന്നു.  ടാറ്റയുടെ തേയിലത്തോട്ടത്തില്‍ ജോലിയെടുത്തിരുന്ന ലക്ഷ്മിയക്കയും കുടുംബവും പിരിയുമ്പോള്‍ താമസിക്കാന്‍ പണിതിട്ട വീടായിരുന്നു.  പുല്ലുകേറിക്കിടന്ന മുറ്റവും പിന്നാമ്പുറവും.  വൈദ്യുതവെളിച്ചമുണ്ടായിരുന്നു.  തൊട്ടടുത്ത പറമ്പില്‍ കുളമുണ്ടായിരുന്നു.  അതിരില്‍ കൈത്തോടൊഴുകുന്നുണ്ടായിരുന്നു.  മുന്നില്‍ കോവില്‍ക്കടവിലേക്ക്, കാന്തല്ലൂരിലേക്ക് പോകുന്ന റോഡ്...മുന്നില്‍ നിന്നു നോക്കിയാലും പിറകില്‍ നിന്നായാലും സ്വര്‍ഗ്ഗം താണിറങ്ങി വന്നതുപോലെയുണ്ടായിരുന്നു.  ഒരായിരം കിളികളുടെ കലപിലകള്‍..അഴുക്കില്ലായിരുന്നിട്ടോ തണുപ്പായിരുന്നിട്ടോ കാക്കകള്‍ ഇല്ലായിരുന്നു. 

ലക്ഷ്മിയക്കക്ക് പിരിയാന്‍ പതിനൊന്നു വര്‍ഷംകൂടിയുണ്ടായിരുന്നു.  അത്രനാള്‍ താമസിച്ചോളാന്‍ പറഞ്ഞു. മാസം നൂറുരൂപ വാടക. 
അമ്മച്ചി, ആ വീടിനെ സ്വന്തം വീടുപോലെ കരുതി .. വീടിനു വെള്ളയടുപ്പിച്ചു. കമ്മട്ടിപ്പത്തലും കൊങ്ങിണിയും കൊണ്ട് ചുറ്റും വേലികെട്ടി.   തെങ്ങും കപ്പുയും ബീന്‍സും തക്കാളിയും നട്ടു.  മുറ്റത്ത് കുഞ്ഞു പൂന്തോട്ടമുണ്ടായി.  ഇതിനൊക്കെ വെള്ളം നനയ്ക്കാന്‍ കുളമുണ്ടാക്കി. 
നാലുകൊല്ലത്തിലേറെ അവിടെ താമസിച്ച് അടുത്ത സ്ഥലമാററവുമായി മടങ്ങും വരെ വീട്ടുടമസ്ഥര്‍ക്കോ വാടകക്കാര്‍ക്കോ പരാതിയൊന്നുമുണ്ടായില്ല.

പക്ഷേ, ഇപ്പോളോര്‍ക്കുമ്പോള്‍ വലിയൊരു പരാതിതോന്നുന്നു. കക്കൂസില്ലായിരുന്നു.  ഒരുവീടിനും കക്കൂസില്ലായിരുന്നു.  ചന്ദന റിസോര്‍ട്ടിനോ രശ്മി ആശുപത്രിയിലോ ഉണ്ടെങ്കില്‍ ഉണ്ട്.  വേറൊരിടത്തുമില്ല.  എല്ലാരും കാട്ടിലേക്കാണ് പോകുന്നത്.  കാടിരികിലൂടെയാണ് കനാലൊഴുകിയിരുന്നത്.പെട്ടെന്നെങ്ങാനും തോന്നിപ്പോയാല്‍ വയല്‍ വരമ്പിലൂടെ കാട്ടിലേക്കോടണം.  രാത്രിയിലാണെങ്കില്‍ കഷ്ടം തന്നെ.  ആ പ്രദേശത്തെ വലിയ വീട് പഞ്ചായത്ത്്്്് മെമ്പറുടേതായിരുന്നു.  അവരും ഞങ്ങളോടൊത്ത് കാട്ടിലേക്കു നടന്നു.

ഞങ്ങള്‍ കുട്ടികള്‍ കാട്ടിലേക്കുള്ള ദൂരമോര്‍ത്ത്്്് പുതിയൊരിടം കണ്ടു പിടിച്ചിരുന്നു.  അത് താഴെ പൊന്നുത്തായിയക്കയുടെ വയലിനപ്പുറം മററൊരു കൈത്തോടിനരുകിലെ കുററിക്കാടായിരുന്നു.  അതിലെ ആള്‍ നടത്തമൊന്നുമില്ല.  എന്നാലും അങ്ങോട്ടേക്ക് പോക്കു കുറവായിരുന്നു.  ഒരിക്കല്‍ ഞാനുമനിയത്തിയും അവിടെ ഇരിക്കുകയായിരുന്നു.  അപ്പോഴാണ് കുറച്ചു ദൂരെ ആള്‍പ്പെരുമാറ്റം.  വെളുപ്പിനെ മണ്ണാറപ്പെട്ടിയിലോ മറ്റോ പോയി എളുപ്പത്തിന് കരിമ്പുകാട്ടിനുള്ളിലൂടെ നടന്നു വരികയാണ് അയല്‍വീട്ടിലെ ഷാജിച്ചേട്ടനും അച്ഛനും. ഞങ്ങളവരെ കണ്ടതേ വീട്ടിലേക്കോടി.  പക്ഷേ, ഷാജിച്ചേട്ടന്‍ കണ്‍വെട്ടത്തു കണ്ടാലെ വിളിച്ചു തുടങ്ങും ' പച്ച നിക്കറേ, ..നീല നിക്കറേ..'

ഇങ്ങനെ, ഒഴിഞ്ഞുപോക്കിനെക്കുറിച്ച് പേടിപ്പിക്കാത്ത എത്ര വീടുകളുണ്ടെന്ന്് അറിയില്ല.


 കൃത്യമായി വാടക കിട്ടുമോ എന്ന്, കുഴപ്പാക്കാരാണോ എന്ന്്്, ആവശ്യപ്പെടുമ്പോള്‍ വീടൊഴിയുമോ എന്നുമൊക്കെയാണ് വീട്ടുടമയുടെ അലട്ടലുകള്‍.  എങ്ങനെയാണ് വാടകക്കാരന്‍ ഇതിനെല്ലാം ശരിയുത്തരം പറയുക?  വീട്ടുടമയുടെ അലട്ടലുകള്‍ക്ക് ഒരു സ്ഥാനവുമില്ലെന്ന്, ഒരിക്കലും ഒരനിശ്ചിതത്വവും തനിക്കുണ്ടാവില്ലെന്ന് വാടകക്കാരന് എങ്ങനെ പറയാനാവും.? 


 ഔദ്യോഗിക ജീവിതത്തിനിടയില്‍ വളരെക്കുറച്ചു കാലം മാത്രമാണ് അമ്മച്ചി സ്വന്തം വീട്ടില്‍ നിന്ന് പോയി വന്നത്. കുറച്ചുദൂരത്തേക്ക്  തനിച്ച് യാത്ര ചെയ്ത് തുടങ്ങിയത് അമ്മച്ചിയുടെ ജോലി സ്ഥലത്തേക്കാണെന്ന് തോന്നുന്നു.   ആശുപത്രി കണ്ടുപിടിച്ചെങ്കിലും അടച്ചു കഴിഞ്ഞിരുന്നു. പിന്നെ പറഞ്ഞു തന്ന അച്ചും അടയാളവും വെച്ച് വാടകവീട്ടിലേക്ക് നടക്കുകയായിരുന്നു.

 ജ്യേഷ്ഠന്റെയും അനിയന്റെയും ഭാര്യമാര്‍...ഒരാള്‍ ഭര്‍ത്താവ് മരിച്ചവള്‍..മറ്റേയാള്‍ ഭര്‍ത്താവുപേക്ഷിച്ചവള്‍..അവരെ മമ്മിയെന്നും ആന്റിയെന്നും എല്ലാവരും വിളിച്ചു.  അവരായിരുന്നു അപ്പോഴത്തെ വീട്ടുടമസ്ഥര്‍.  മമ്മിയുടെ വാടകക്കാരിയായിരുന്നു അമ്മച്ചി.  പ്രാധാനവീടിനോട് ചേര്‍ന്ന് ഏച്ചുകെട്ടിയുണ്ടാക്കിയതായിരുന്നു വാടകമുറികള്‍.  ഒറ്റമുറികളായി ജോലിക്കാര്‍ക്ക് വാടകയ്ക്ക് കൊടുക്കലായിരുന്നു അവരുടെ വരുമാന മാര്‍ഗ്ഗം. ഏതോ ഉള്‍മുറിയില്‍ മമ്മിയുടെ മകള്‍ക്കൊപ്പമാണ് ഞാനന്ന് ഉറങ്ങിയത് .  നേരം വെളുത്ത്  പുറത്തേക്കു നടന്നപ്പോഴാണ് ഓരോ മുറിയുടെയും ആകൃതി മനസ്സിലാകുന്നത്.  വീടിനു പുറകുവശത്തെ ഭിത്തി വലിയൊരു പാറയായിരുന്നു!
ആ പാറയ്ക്കു മുകളിലെ ഓലിയില്‍ നിന്നായിരുന്നു ഹോസുവഴി  മുറ്റത്തേക്ക് വെള്ളം വന്നുകൊണ്ടിരുന്നത്. 


അത്തയും അമ്മച്ചിയും ദൂരത്തായിരുന്നപ്പോഴൊക്കെ ഞങ്ങള്‍ മൂവരും മുറുക്കുന്നത്തയ്ക്കും ഐഷാബി അമ്മച്ചിയ്ക്കുമൊപ്പമായിരുന്നു. അവരുടെ മരണം ഞങ്ങളെ അനിശ്ചിതത്തിലെത്തിച്ചെന്ന് പറയാം.  അപ്പോഴത്തെ ഞങ്ങളുടെ പ്രായവും പ്രശ്‌നമായിരുന്നെന്ന് തോന്നുന്നു.
ഞാനും അനിയത്തിയും അത്തയുടെ അടുത്തേക്ക്, ഒരു ലൈന്‍ വാടകവീട്ടിലേക്ക് ..
ഒരു നീളന്‍ വരാന്തയും ആറുകുടുംബങ്ങളും. അമ്മ അടുത്തില്ലാത്ത കുട്ടികളെന്ന നിലയില്‍ അയല്‍ക്കാരികള്‍ പ്രത്യേക പരിഗണന കാണിച്ചിരുന്നു.  നല്ലൊരു കറിയുണ്ടാക്കുമ്പോള്‍, പലഹാരമുണ്ടാക്കുമ്പോള്‍ അതിലൊരു പങ്ക് ഞങ്ങള്‍ക്കു തന്നു.  വിശേഷാവസരങ്ങളില്‍ കൂടെക്കൂട്ടി.  ആറുവീട്ടുകാര്‍ക്കും കൂടി നാലുകക്കൂസും രണ്ടു കുളിമുറിയുമായിരുന്നു ഉണ്ടായിരുന്നത്.  ആരുടേതെന്ന് അത്ര നിശ്ചയമില്ലാത്തതിനാല്‍ അതെപ്പോഴും വൃത്തികെട്ടു കിടന്നു.  കുളിമുറി ഭേദമായിരുന്നെങ്കിലും  രാവിലെ കുളിക്കാന്‍ ക്യൂ നില്‌ക്കേണ്ടിയിരുന്നു. 

അവിടെ വെച്ചാണ് ആദ്യമായി കഥയെഴുതുന്നത്.  ശരിക്കുപറഞ്ഞാല്‍ സ്വന്തം നാട്ടില്‍ നിന്ന്, വീട്ടില്‍ നിന്ന് സ്വന്തമെന്നു കരുതിയ പലതില്‍ നിന്നുമുള്ള വിട്ടുപോരലായിരുന്നു വ്യക്തമായ എഴുത്തിലേക്ക് കൊണ്ടെത്തിച്ചത്.  ഒരിക്കലും കഥയെഴുതണം എന്നു വിചാരിക്കാതെ എഴുതിപ്പോയത്...എഴുത്തുകാരുടെ, കലാകാരന്മാരുടെ കുറിപ്പുകള്‍ വായിക്കുമ്പോള്‍ ശ്രദ്ധിച്ചിട്ടുണ്ട്, വാടകവീട്ടിലായിരിക്കുമ്പോള്‍ സര്‍ഗ്ഗാത്മകതയ്ക്ക് കൂടുതല്‍ ഉത്തേജനം കിട്ടുന്നതായിട്ട്് ...
ആ വാടകവീടില്ലായിരുന്നുവെങ്കില്‍ എഴുത്തുജീവിതമോ ഇന്നത്തെ കുടുംബജീവിതമോ ഉണ്ടാവുമായിരുന്നില്ല എന്നാണ് തോന്നുന്നത്. 
'വീട്ടിലേയും കോളേജിലേയും വിലാസം വാങ്ങിയ സുഹൃത്താണ്..ഓര്‍മയില്ലേ?' എന്നു ചോദിച്ചു കൊണ്ട്്്്്്്്  പോസ്റ്റ് കാര്‍ഡില്‍ വന്ന കത്ത്...മൂന്നാലു വര്‍ഷത്തിനുശേഷം ആ  സൗഹൃദം 'ഞങ്ങള്‍' എന്ന വാക്കായി മാറി.  

തൊട്ടടുത്ത വീട്ടില്‍ കൈയ്യും കാലും ഇളക്കാന്‍ പോലും പറ്റാത്ത ഒരു കുഞ്ഞുണ്ടായിരുന്നു.  ഒരു വയസ്സായിട്ടും ചിരിക്കുകയല്ലാതെ അതൊന്നും ചെയ്യില്ലായിരുന്നു. കൈയ്യുംകാലും പെന്‍സിലുപോലിരുന്നു. ലൈന്‍ കെട്ടിടത്തിന്റെ പിന്നില്‍ കുറേ ഒഴിഞ്ഞ സ്ഥലമുണ്ട്.  അവിടെ കുറേ പപ്പായ മരങ്ങളും.  രണ്ടാമതു കുഞ്ഞുണ്ടാവാന്‍ അതിന്റെ അമ്മയ്ക്കിഷ്ടമായിരുന്നില്ലത്രേ! ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍  മൂത്തതും മൂക്കാത്തതുമായ പപ്പായ പറിച്ച് കറിവെച്ചും പച്ചയ്ക്കുമൊക്കെ തിന്നിരുന്നുപോലും.  ഗര്‍ഭഛിദ്രത്തിന്റെ പ്രാകൃത വഴി!
പക്ഷേ, ആ കുഞ്ഞ് ജനിച്ചു. 
അവളെ നോക്കാന്‍ ഒരു ചേച്ചി നിന്നിരുന്നു.  അവര്‍ക്ക് പുള്ളിയും വരകളുമുള്ള വസ്ത്രങ്ങളിഷ്ടമായിരുന്നില്ല.  അത്തരം വസ്ത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ വികലമനസ്സിനുടമകളാണെന്ന്്് അവര്‍ പറഞ്ഞുകൊണ്ടിരുന്നു.

അയല്‍വീട്ടിലെ തങ്കമണി ഒരുദിവസം എന്നെയും കൂട്ടി കുറച്ചദൂരെയുള്ള റബ്ബര്‍തോട്ടത്തിനുള്ളിലൂടെ നടന്നു.  അതിനപ്പുറത്തുള്ള ഒരു വീട്ടില്‍ നിന്ന് പുസ്തകം വാങ്ങുകയായിരുന്നു ലക്ഷ്യം.  അത്ര ദൂരത്തൊരുവീടുമായി തങ്കമണിക്കെങ്ങനെ പരിചയമെന്ന് അത്ഭുതം തോന്നിയിരുന്നു.  ടൈപ്പു പഠിക്കാന്‍ പോകുമ്പോഴുള്ള അടുപ്പമാണെന്ന് അവള്‍ പറഞ്ഞു. 
പക്ഷേ, റബ്ബര്‍ തോട്ടത്തിനു നടുവിലെ കല്ലുവെട്ടുകുഴി കാണിക്കാനാണ് അവളെന്നെ കൊണ്ടുപോയത്.  വളരെ ആഴമുള്ള കുഴിയായിരുന്നു അത്.  അതില്‍ പകുതിയോളം വെള്ളം.  പടികളിറങ്ങി വെള്ളത്തിലേക്ക് കാലുകളിട്ടിരുന്നു.  പേടിപ്പെടുത്തുന്ന നിശബ്ദതയായിരുന്നു അവിടെ. ..
പെട്ടെന്നവള്‍ പൊട്ടിക്കരഞ്ഞു.  എന്തിനെന്നറിയാതെ ഞാന്‍ അമ്പരുന്നു.  കടുംപച്ചയായി കിടന്നിരുന്ന വെള്ളത്തില്‍ മുഖം കഴുകി അവളെന്നോടു ചോദിച്ചു
'താന്‍ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ?' 
ഒരുത്തരം പറയുംമുമ്പേ അടുത്ത ചോദ്യം വന്നു
'അവന്‍ വീട്ടില്‍ ഒറ്റമകനാണോ?  എങ്കില്‍  മറക്കാന്‍ ശ്രമിച്ചോ ഇപ്പോഴേ'...

ഏതോ ഒറ്റമകനെ പ്രണയിച്ച പെണ്ണായിരുന്നു തങ്കമണി.  വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ ഒറ്റമകന് നിന്നു കൊടുക്കേണ്ടി വന്നപ്പോള്‍ തങ്കമണി കരഞ്ഞുകൊണ്ടുമിരുന്നു.

അവളുടെ കരച്ചിലിന് കാത്തിരിപ്പിന്റെ നിറംപോലുമില്ലായിരുന്നു. 
  നാലോ അഞ്ചോ കൊല്ലം മുമ്പ് ഞങ്ങളുടെ വീടിനടുത്ത് ഒരു ഓലപ്പുരയില്‍ വാടകയ്ക്ക് താമസിച്ചുപോയൊരു പയ്യനെ കാത്തിരുന്ന കൂട്ടുകാരിയുണ്ടായിരുന്നു.  ഫോണ്‍തീരെയില്ലായിരുന്നൊരു കാലം.  കത്തുകളൊന്നും വന്നതുമില്ല.  എന്നിട്ടും അവള്‍ കാത്തിരുന്നു.
  വരും വരാതിരിക്കില്ല...
.
(തുടരും)


Thursday, December 6, 2012

നേര്‍ച്ചക്കോഴികള്‍





പത്തുപതിമൂന്നു വര്‍ഷം മുമ്പ് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. അകന്ന ബന്ധുവിന്റെ മകളെ മൈസൂരിലേക്ക് വിവാഹം കഴിച്ചു വിടുന്നു. അതിലപ്പുറം ഒന്നുമറിയില്ലായിരുന്നു. വയനാട്ടില്‍ മുസ്ലീങ്ങളുടെ നിക്കാഹും പെണ്ണിനെ കൂട്ടിക്കൊണ്ടുപോക്കുമൊക്കെ ഉച്ചയ്ക്ക് ശേഷമാണ് നടക്കാറ്. പക്ഷേ, ഈ കല്ല്യാണത്തിനു ചെന്നപ്പോള്‍ ചെറുക്കനും കൂട്ടരും നേരത്തെ എത്തിയിട്ടുണ്ട്. അതും ഒരു ലോറിയില്‍..

ലോറിയില്‍ വന്ന ചെറുക്കനെയും കൂട്ടരെയും കാണാന്‍ പിന്നെ കൗതുകമായിരുന്നു. കൂടെ വന്ന സ്ത്രീകളെല്ലാം ഒരു കുഞ്ഞു മുറിയില്‍ നിലത്ത് പുല്‍പ്പായ വിരിച്ച് ഇരിക്കുന്നു. അവര്‍ക്കു നടുവില്‍ കല്ല്യാണപ്പെണ്ണ്. കുട്ടികളല്ലാതെ മറ്റു ബന്ധുക്കളാരും അവിടെ ഇല്ലായിരുന്നു. കുട്ടികളോട് ചങ്ങാത്തം കൂടി അവരുടെ ഇടയിലേക്ക് ഇവളും സ്ഥലം പിടിച്ചു. മൈസൂരുകാരികള്‍ കല്ല്യാണപ്പെണ്ണിനെ ഒരുക്കുകയാണ്. തലനിറച്ച് മുല്ലപ്പൂ ചൂടിച്ച്, കൈകള്‍ നിറച്ചും ഗില്‍റ്റു പതിച്ച കുപ്പിവളകള്‍ ഇടുവിച്ച്, കാല്‍ വിരലില്‍ മിഞ്ചിയിടുവിച്ച്, ചില നൃത്തച്ചമയങ്ങളില്‍ കാണാറുള്ളതു പോലെ പുരികത്തിനു മുകളിലായി ചുവപ്പും കറുപ്പും വെള്ളയും കുഞ്ഞു കുഞ്ഞു പൊട്ടുകള്‍ പതിച്ച്, കാല്‍ നഖങ്ങളിലും കൈനഖങ്ങളിലും ക്യൂട്ടക്‌സ് അണിയിച്ച്...ഇതൊന്നും സാധാരണ വിവാഹങ്ങളില്‍ പതിവില്ല. ക്യൂട്ടക്‌സും പൊട്ടുമൊന്നുമണിയാറേയില്ലജീവിതത്തിലൊരുക്കലും. ആ പെണ്ണുങ്ങള്‍ ചിരിച്ചും കളിച്ചും കല്ല്യാണപ്പെണ്ണിനെ നോക്കി എന്തെല്ലാമോ പറഞ്ഞു കൊണ്ടിരുന്നു. അതൊന്നും ഞങ്ങള്‍ക്ക് മനസ്സിലായതേയില്ല. അവര്‍ ഉറുദുവിലാണ് സംസാരിച്ചിരുന്നത് എന്ന് പിന്നീട് മനസ്സിലാക്കി.

പെണ്ണിനെ ചമയിക്കല്‍ പെട്ടെന്നൊന്നും അവസാനിക്കുന്നതായിരുന്നില്ല. മുഖത്ത് റോസ് പൗഡര്‍ ഇടുവിച്ച്, നെറ്റിച്ചുട്ടിവെച്ച്, ലിപ്സ്റ്റിക് തേച്ച്....മുഖത്തുകുറേ ഗില്‍റ്റും വാരിത്തേച്ചു. ഉണ്ടായിരുന്ന ചന്തമൊക്കെ അതോടെ പോയല്ലോ എന്ന് തോന്നിപ്പോയി.

പിന്നെ മണവാളന്‍ വരവായി..പള്ളിയില്‍വെച്ച് നിക്കാഹു കഴിഞ്ഞ് വന്നതാണ്. പക്ഷേ, ഈ പെണ്ണുങ്ങള്‍ക്കിടയില്‍ അവനൊരുത്തനേയുള്ളു. മറ്റുള്ളവരൊക്കെ പുറത്ത്..കൂട്ടത്തില്‍ മുതിര്‍ന്ന സ്ത്രീ എന്തൊക്കെയോ അവന്റെ ചെവിയില്‍ മന്ത്രിച്ചു. അവന്‍ താലി ചാര്‍ത്തി. പൂമാലയിട്ടു. അപ്പോഴാണ് വീണ്ടും മന്ത്രണം. അവന്‍ വധുവിനെ കെട്ടിപ്പിടിച്ച് ചെവിയിലെന്തൊക്കെയോ മന്ത്രിക്കുന്നു. പെണ്ണുങ്ങള്‍ രണ്ടുപേരുടേയും കൈകള്‍ പൂമാലകൊണ്ട് ചേര്‍ത്തു കെട്ടി പുറത്തേക്കിറക്കി. പന്തലിലിരുത്തി അവരുടെ എന്തൊക്കെയോ ചടങ്ങുകള്‍ വീണ്ടും നടത്തി പൂമാലബന്ധനം അഴിച്ചുമാറ്റി. പിന്നെ, വരന്റെ കൂട്ടുകാര്‍ അവളോട് എന്തൊക്കെയോ ചോദിക്കുകയായാണ്. പേരെന്താണെന്നും എത്രവരെ പഠിച്ചു എന്നുമൊക്കെയാണെന്ന് അടുത്തു നിന്ന ഉറുദു അറിയാവുന്നവര്‍ പറഞ്ഞു. പിന്നെയാണ് ബഹുരസം! വീട്ടുകാരോട് യാത്ര പറഞ്ഞു പോവുകയാണ്. നടന്നൊന്നുമല്ല ലോറി കിടക്കുന്നിടത്തേക്ക് പോകുന്നത്. മണവാളന്‍ അവളെ തോളിലേറ്റി ഇടവഴിയുലൂടെ ഒരു നടത്തമായിരുന്നു!

സത്യത്തില്‍, വ്യത്യസ്തമായൊരു കല്ല്യാണം കണ്ടതിന്റെ കൗതുകം മാത്രമായിരുന്നു അന്ന്. കുറച്ചു ദിവസം കഴിഞ്ഞ് വേറൊരു വിവാഹം, പിന്നെ പിന്നെ പലതും കേട്ടു. മൈസൂര്‍ കല്ല്യാണമെന്ന പേരില്‍. പലപ്പോഴും മൈസൂര്‍ കല്ല്യാണത്തിന് നിന്ന് കൊടുക്കേണ്ടി വരുന്നവര്‍ ദരിദ്രരായിരുന്നു. സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായി ഒട്ടും മുന്നിലല്ലാത്തവര്‍.

ഒരുവശത്ത് ആഡംബരത്തിലും ആര്‍ഭാടത്തിലും മുങ്ങിക്കുളിച്ച് വിവാഹങ്ങള്‍ നടക്കുമ്പോള്‍ മറുവശത്ത് ഇങ്ങനെ ചിലത് നടക്കുന്നു. അതിന് പലപ്പോഴും പൊതുസമൂഹം ശ്രദ്ധ കൊടുക്കാറുമില്ല. സ്ത്രീധനമോ, വിലപേശി ചോദിക്കുന്ന സ്വര്‍ണ്ണമോ കൊടുക്കാന്‍ കഴിവില്ലാത്ത എത്രയോ പേര്‍ നമുക്കു ചുറ്റുമുണ്ട്. അന്നന്നത്തെ ആഹാരത്തിനുപോലും വകകണ്ടെത്താന്‍ നിവൃത്തിയില്ലാത്തവര്‍. കേരളത്തില്‍ അങ്ങനെയുണ്ടോ എന്നു ചോദിക്കുമായിരിക്കും..സത്യമാണ്. കുഗ്രാമങ്ങളിലേക്ക് പോകുക, പ്രത്യകിച്ച് തമിഴ്‌നാടോ കര്‍ണ്ണാടകയോ ആയി അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങളിലേക്ക്..


മൈസൂര്‍ കല്ല്യാണങ്ങളും കല്ല്യാണങ്ങളല്ലേ എന്നു ചോദിച്ചേക്കാം. എവിടെയായാലും നന്നായി ജീവിച്ചാല്‍ പോരെ എന്നു ചോദിച്ചേക്കാം. പക്ഷേ, അപൂര്‍വ്വമായി മാത്രമേ നന്നായി പോകാറുള്ളു. കുറഞ്ഞ സ്വര്‍ണ്ണവും പണവും നല്‍കിയാല്‍ മൈസൂര്‍ കല്ല്യാണം നടത്താം. പക്ഷേ, ഈ പെണ്‍കുട്ടികള്‍ അതോടെ അന്യഗ്രഹവാസികളായി മാറുകയാണ്. അറിയാത്ത ഭാഷ, പരിചയിച്ചിട്ടില്ലാത്ത ഭക്ഷണം, കണ്ടുവളരാത്ത രീതികള്‍, തികച്ചും ഒറ്റപ്പെട്ടു പോകുന്നു ഇവര്‍. കുട്ടികളെ പഠിക്കാന്‍ വിടാന്‍ ഉത്സാഹികളല്ല ഈ മൈസൂര്‍ പഠാണികള്‍. അന്നുണ്ടാക്കുന്നതു കൊണ്ട് അന്നത്തെ ജീവിതം. നാളെയെക്കുറിച്ച് യാതൊരു ചിന്തയോ വിചാരമോ ഉണ്ടാവാറില്ല. രോഗം വന്നാല്‍ മന്ത്രിച്ചൂതികെട്ടാനുമൊക്കെ നടക്കും. ആശുപത്രിയില്‍ പോയി വിദഗ്ദചികിത്സയൊന്നും ഇവരുടെ നിഘണ്ടുവിലില്ല. ഭക്ഷണം തയ്യാറാക്കുന്നതു മുതല്‍ വിരുന്നുകാരെ സ്വീകരിക്കുന്നത് വരെ വ്യത്യസ്തം. എന്തുമാകട്ടെ, ഉപദ്രവം കൂടിയായാലോ?
മൂന്നോ നാലോ വര്‍ഷംകൊണ്ട് ചിലരെല്ലാം ആ സംസക്കാരവുമായി ഒത്തുപോകും. വീട്ടിലേക്കു മടങ്ങിയാലും പ്രയോജനമില്ലല്ലോ എന്നോര്‍ത്ത്, അപ്പോഴേക്കും ജനിച്ചുപോയ കുഞ്ഞുങ്ങളെയോര്‍ത്ത്...ഇതൊക്കെ സാധാരണ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍. ഇതിനൊക്കെ അപ്പുറത്താണ് ഗാര്‍ഹിക പീഡനങ്ങള്‍..അത് ഭര്‍ത്താവില്‍ നിന്ന് വേണ്ടുവോളം.
ചടച്ച പേക്കോലങ്ങളാകുന്നു പലരും. ഭര്‍ത്താവ് ആവശ്യപ്പെടുമ്പോഴൊക്കെ പണത്തിനായി നാട്ടിലേക്ക് പോന്നോളണം. മാനസികവും ശാരീരികവുമായ ഉപദ്രവങ്ങള്‍ സഹിച്ചോളണം. ഇതിനിടയ്ക്ക് ഉപേക്ഷിക്കലും നടത്തും ചിലര്‍.


ചില മൈസൂര്‍ കല്ല്യാണങ്ങള്‍ നടന്ന പെണ്‍കുട്ടികളുടെ വീട്ടിലെ അന്തരീക്ഷം നിരീക്ഷിച്ചിട്ടുണ്ട്. മിക്കയിടത്തും പിതാവിന് വേറെയും ഭാര്യയുള്ളവനായിരിക്കും. അല്ലെങ്കില്‍ ആദ്യഭാര്യയെ ഒഴിവാക്കി പുനര്‍ വിവാഹം നടത്തിയയാള്‍. ചിലതിലാകട്ടെ മാതാവ് പുനര്‍വിവാഹിത. ഇതെങ്ങനെയായാലും കുട്ടികളും അമ്മമാരുമാണ് പ്രയാസപ്പെടുന്നത്. ദാരിദ്ര്യം മാത്രമാണ് കൂട്ട്. ഒരു ഭാര്യയെയും ഒന്നോ രണ്ടോ കുഞ്ഞുങ്ങളെയും നോക്കാന്‍ കഴിവില്ലാത്തവനാണ് രണ്ടാം വിവാഹം കഴിക്കുന്നത്. അവിടെയും ഉണ്ടാകും കുഞ്ഞുങ്ങള്‍. ഭാര്യമാര് കൂലിപ്പണിയെടുത്ത് റേഷനരി വാങ്ങും. മക്കള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുറച്ചൊക്കെ പോകും. അല്ലെങ്കില്‍ പോയാല്‍ പോയി വന്നാല്‍ വന്നു...അങ്ങനെയൊക്കെയാണ്...പെണ്‍കുട്ടികള്‍ക്ക് പതിമൂന്ന് പതിന്നാല് വയസ്സാകുമ്പോഴേക്കും ബന്ധുക്കളും നാട്ടുകാരും കല്ല്യാണമായില്ലേ എന്ന ചോദ്യം തുടങ്ങും. ആ ചോദ്യത്തെ ഭയത്തോടെ കാണുന്നവര്‍ക്കു മുന്നിലേക്കാണ് മിതമായ സ്ത്രീധനത്തിനും സ്വര്‍ണ്ണത്തിലും തീര്‍ക്കാവുന്ന മൈസൂര്‍ കല്ല്യാണ ബ്രോക്കര്‍മാര്‍ പൊട്ടി വീഴുന്നത്.
അടുത്ത വീട്ടിലെ മൈസൂര്‍ കല്ല്യാണം കഴിഞ്ഞു പോയ പെണ്‍കുട്ടി രണ്ടോ മൂന്നോ മക്കളുമായി മടങ്ങി വന്നിട്ടുണ്ടാവും. അല്ലെങ്കില്‍ തോരാത്ത കഷ്ടപ്പാടാണെന്ന് കേട്ടിട്ടുണ്ടാവും. പക്ഷേ, തന്റെ മകള്‍ക്ക് അങ്ങനെ സംഭവിക്കില്ല എന്ന വിശ്വാസത്തിലാണ് അവളെയും അണിയിച്ചൊരുക്കുന്നത്. നാട്ടുകാരറിഞ്ഞ് ഒരു പുതിയാപ്ലയെ കിട്ടിയാല്‍ മതി. പിന്നെ വരുന്നതൊക്കെ വിധി, തലയിലെഴുത്ത്...നാട്ടില്‍ തന്നെ കെട്ടിച്ചു വിടുന്ന എത്ര പേര്‍ തീരാ ദുരിതത്തിലാവുന്നു. മൊഴി ചൊല്ലുന്നു. ഒന്നും സംഭവിക്കില്ല എന്നു സമാധാനിക്കാം എന്ന് അവര്‍ കരുതുന്നു.
ഒരു വയര്‍ ഒഴിഞ്ഞുകിട്ടിയാല്‍ അത്രയുമായി എന്നു വിചാരിക്കും ഇവര്‍.


ഈ കല്ല്യാണത്തിന്റെ പ്രശ്‌നങ്ങളെന്തൊക്കെയെന്ന് ആരും പറഞ്ഞു മനസ്സിലാക്കി കൊടുക്കാറില്ല. പള്ളിയും സമൂഹവുമൊക്കെ നിശബ്ദത നടിക്കും. ഇവര്‍ക്കൊക്കെ മനസ്സിനിണങ്ങിയ ആളെ സംഘടിപ്പിച്ചു കൊടുക്കാനാവുമോ? അല്ലെങ്കില്‍ പാവപ്പെട്ടവന്റെ ദുഖങ്ങള്‍ക്കെന്ത് പ്രസക്തി? അവരില്‍ നിന്ന് വോട്ടല്ലാതെ മറ്റൊന്നും കിട്ടാനില്ല.


തുടര്‍ന്നു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക






Friday, November 2, 2012

ഏദന്‍തോട്ടത്തിലേക്ക്...



പരിചയപ്പെട്ട നാള്‍ മുതല്‍ ജോണ്‍സേട്ടന്‍ വീട്ടിലേക്ക് ക്ഷണിക്കുന്നതാണ്.  ഒരിക്കല്‍ കൈയ്യോടെ കൊണ്ടു പോകാന്‍ വണ്ടിയുമായി വന്നതാണ്.  പക്ഷേ, അന്ന് തിരക്കില്‍ നിന്നിരുന്നതുകൊണ്ട് പോകാനായില്ല. 
'മൈന'യെ പിടിച്ചുകൊണ്ടു വരാം എന്ന് വീട്ടുകാരോട് പറഞ്ഞ് സുഹൃത്ത് റൗഫിക്കയോടൊപ്പം വന്ന അവരെ പിന്നീട് വരാം എന്നു പറഞ്ഞയക്കുമ്പോള്‍ വിഷമമുണ്ടായിരുന്നു. 

ഇത്തവണ വയനാട്ടിലെത്തിയപ്പോള്‍ ജോണ്‍സേട്ടന്റെ വീട്ടിലേക്ക് പോയേക്കാം എന്നു തീരുമാനിച്ചു. 


നെയ്‌ച്ചോറിന്റെ മണമായിരുന്നു വയലില്‍ നിന്നടിച്ച കാറ്റിന്.  കതിരിട്ടു നിന്നിരുന്ന വയലുകളില്‍ മൂന്നു കണ്ടത്തിലെ  നെല്ലിന് കരിംപച്ച നിറമായിരുന്നു.  നെയ്‌ച്ചോറിന്റെ മണത്തോടെ നിന്ന കരിംപച്ച പാടം 'ഗന്ധകശാല'യായിരുന്നു. 'ഗന്ധകശാല' ആദ്യമായിട്ടു കാണുകയായിരുന്നു.

ജോണ്‍സേട്ടന്റെ വയലില്‍  രാസവളമിടാത്ത വയനാടന്‍  നെല്ലമാത്രമാണുണ്ടായിരുന്നത്.  എന്റെയത്ര പൊക്കത്തില്‍ നിന്ന നെല്ല് 'അടുക്കന്‍'. നല്ല സ്വാദാണത്രേ..നല്ലോണം കച്ചി കിട്ടും. പക്ഷേ, മഴയോ കാറ്റോ വന്നാല്‍ വീണുപോകും.  എന്നാല്‍  തൊട്ടപ്പുറത്ത് മറ്റൊരു ജാതിയാണുള്ളത്.  'വലിച്ചൂരി' എന്നു പറയും.  പൊക്കം തീരെ കുറവാണ്. വീണുപോകില്ല. 
നെല്‍വയലുകള്‍ക്കു ചേര്‍ന്ന് ഇഞ്ചി നട്ടിട്ടുണ്ട്. കുറച്ചേയുള്ളു.  അതില്‍ വെണ്ടയും പയറും പച്ചമുളകും തക്കാളിയും.  കുറച്ചു മാറി ഏത്തവാഴ അവിടുന്ന് പിന്നെയും മാറി കപ്പ.  എല്ലാം കുറച്ചേയുള്ളു.  വീട്ടാവശ്യങ്ങള്‍ക്ക് മാത്രം.  വയലിനുപ്പുറത്ത് അതിരില്‍ തോടൊഴുകുന്നുണ്ട്. 
തോടരുകിലെ കൈതയും മറ്റും തൊഴിലുറപ്പുകാര്‍ വെട്ടിമാറ്റുന്നതില്‍ ജോണ്‍സേട്ടന് പരാതിയുണ്ട്.  കൈതയും ഞാറയുമൊക്കെ വെട്ടിക്കളഞ്ഞാല്‍ തോട്ടിന്‍കര ഇടിയും. പിന്നെ മണല്‍ ചാക്കു വെയ്ക്കും. പിന്നെയും കരയിടിയും.  തന്റെ പറമ്പിനോട് ചേര്‍ന്നുള്ള തോട്ടില്‍ തൊഴിലുറപ്പുകാര്‍ പണിയെടുപ്പിക്കരുത് എന്ന് പറഞ്ഞ് മുന്‍ എം എല്‍ എ കൃഷണപ്രസാദിന് ഒരപേക്ഷ നല്‍കിയിരുന്നു  അദ്ദേഹം.  കരയിടിയാതിരിക്കാന്‍ മണല്‍ചാക്കിനേക്കാള്‍ ദൃഢമായ, എന്നാല്‍ ജൈവവ്യവസ്ഥ തന്നെ ഉണ്ടാക്കിയിട്ടുണ്ട്.  പലതരം മുളകള്‍,  ഈറ്റ, കൈത, പൈക്കസ് മരങ്ങള്‍ അങ്ങനെ...
ഇതൊക്കെ ഇവിടെ നിന്നാല്‍ പക്ഷികള്‍ കതിരു തിന്നാന്‍ വരും.  പക്ഷേ, അതൊരു ശല്യമായി കാണുന്നില്ല അദ്ദേഹം.  എല്ലാവര്‍ക്കും കൂടിയുള്ളതാണ് ഈ ഭുമി, വയലും കതിരുമെല്ലാം...
മുള്ളുള്ളതും മുള്ളില്ലാത്തതും പല നിറത്തിലുള്ളതും മെലിഞ്ഞതും വണ്ണമുള്ളതുമൊക്കെയായി പലതരം മുളങ്കൂട്ടങ്ങളുണ്ട്.  കേട്ട പേരുകള്‍ പലതും മറന്നു പോയി.  വീട്ടിലേക്ക് കയറുന്നതിന് തൊട്ടു മുന്നേ രണ്ടു കുളങ്ങള്‍ കാണാം.  ആ കുളക്കരയിലുണ്ട് ഈ പറഞ്ഞ മുളയും ഈറ്റയും അരയാലും പൈക്കസുമൊക്കെ.  ഒരു കുളത്തില്‍ അരയന്നങ്ങള്‍ നീരാടും.  മറ്റേതില്‍ മീന്‍ വളര്‍ത്തുന്നുണ്ട്.  മീനുകള്‍ക്ക് തീറ്റ തവിടും പിണ്ണാക്കുമാണ്.

ഇലഞ്ഞി, അശോകം, കൂവളം, പലക പയ്യാനി, പുളി, ജാതി, ചന്ദനം, ചാമ്പ, ചെറുനാരകം, മധുരനാരകം, ബബ്ലൂസ് നാരകം, റൂബി, ഏലം, വെണ്ണപ്പഴമരം അങ്ങനെയെത്രയെത്ര മരങ്ങളും ചെടികളും പഴങ്ങളും.... 

ഒന്‍പതാംക്ലാസ്സുകാരനായ ജിനുവാണ് എന്നോടൊപ്പമുണ്ടായിരുന്നത്. അവന് അതെല്ലാം അത്ഭുതമായിരുന്നു.  കുളത്തില്‍ നിന്ന് അവന് മീന്‍ പിടിക്കണം.  കുറേ പൊടിമീനുകളെ പിടിച്ച് കുപ്പിയിലാക്കി. 

പറമ്പിലെ പ്രധാന വളം ചാണകമാണ്.  തൊഴുത്തില്‍ പശുക്കള്‍. കോഴി, താറാവ്...
ഇങ്ങനെയൊരു പറമ്പ് മുമ്പൊരുക്കലെ കണ്ടിട്ടുള്ളു.  അത് കുട്ടിക്കാലത്തെ അയല്‍ക്കാരായിരുന്ന മാത്തുക്കുട്ടി ചേട്ടന്റെയും ഏലിയാമ്മ ചേച്ചിയുടെയും പറമ്പായിരുന്നു.  അന്ന് ഞങ്ങളതിനെ ഏദന്‍തോട്ടമെന്ന് വിളിച്ചു.  എത്രയോ മുതിര്‍ന്നിട്ടും ഞാനുമനിയത്തിയും ഇപ്പോഴും ആ തോട്ടത്തെപ്പറ്റി പറഞ്ഞുകൊണ്ടേയിരിക്കുന്നു. അത് മറയൂരിലായിരുന്നു. 

ഇത് വയനാട് മീനങ്ങാടിയ്ക്കടുത്ത് പാതിരിപ്പാലത്ത്.  പാതിരപ്പാലം എന്ന സ്ഥലപ്പേര് മറക്കാതിരിക്കാനോ എന്തോ ജോണ്‍സേട്ടന്‍ ആ സ്ഥലപ്പേരിന്റെ കഥ പറഞ്ഞു.  പണ്ട് അവിടെ ബെണാഡോ എന്നു പേരായ ഇറ്റാലിയന്‍ പാതിരി താമസിച്ചിരുന്നുവത്രേ..അദ്ദേഹത്തിന് ഇന്നാട്ടുകാരനായ വിശ്വസ്തനായൊരു കാര്യസ്ഥനുമുണ്ടായിരുന്നു.  രണ്ടാംലോകമഹായുദ്ധകാലത്ത് കാര്യസ്ഥന്റെ പേരില്‍ മുക്ത്യാര്‍ എഴുതികൊടുത്ത് അദ്ദേഹം ഇറ്റലിയിലേക്ക് തിരി്ച്ചു.  യുദ്ധമൊക്കെ കഴിഞ്ഞ് പാതിരി മടങ്ങി വന്നപ്പോള്‍ കാര്യസ്ഥന്‍ മുക്ത്യാറിന്റെ കാര്യമൊക്കെ മറന്നു. നിരാശനായ പാതിരി അതിലെ അലഞ്ഞു നടന്നു. അവിടെയൊരു പാലമുണ്ടായിരുന്നു.  ആ പാലത്തില്‍ മിക്കപ്പോഴും പാതിരി വന്നിരിക്കും.  ആളുകള്‍ ആ സ്ഥലത്തെ പാതിരപ്പാലമെന്നു വിളിച്ചു.  എതിരെ കണ്ട വലിയ പാറയെ പാതിരിപ്പാറയെന്നും. 

ജോണ്‍സേട്ടന്‍ നല്ലൊരു വായനക്കാരനാണ്.  വായനയിലൂടെയാണ് പരിചയപ്പെടുന്നത്. 
ഒരു നട്ടുച്ചയ്ക്കാണ് ജോണ്‍സേട്ടനും എല്‍സിചേച്ചിയും കൂടെ ഓഫീസിലേക്ക് കയറി വന്നത്.  മുമ്പ് ജോലി ചെയ്തിരുന്ന ഓഫീസിലൊക്കെ പോയി കുറെ വട്ടം കറങ്ങിയാണ് വരവ്്.  കോഴിക്കോടു വന്നപ്പോള്‍ വന്നു കണ്ടു പോകാമെന്നു കരുതി എന്നവര്‍ പറഞ്ഞു. ഇവള്‍ സത്യത്തില്‍ അമ്പരന്ന് നില്ക്കുകയായിരുന്നു.  പ്രായമായ രണ്ടുപേര്‍ എത്ര ചുറുചുറുക്കോടെ...പ്രായം ശരീരത്തിനു മാത്രമാണ്. 
എന്നാലും അവര്‍ പോയി കഴിഞ്ഞപ്പോള്‍ സഹപ്രവര്‍ത്തകര്‍ കളിയാക്കി...ഈ വയസ്സുകാലത്ത് അവര്‍ക്ക് എന്തിന്റെ കേടാണെന്നൊക്കെയായിരുന്നു. ഇവളെ വന്നു കണ്ടിട്ട് എന്തു കിട്ടാനാണെന്നും...

മടങ്ങുമ്പോള്‍ ഗന്ധകശാല അരി, കാപ്പിപ്പൊടിയും പൊതിഞ്ഞു തന്നു. 
ഹായ് എന്തൊരു സുഗന്ധം. നെയ്‌ച്ചോറു വെച്ചപ്പോഴും എന്തു രുചി..
തനതു നെല്ലില്‍ നിന്ന് രാസവളമിടാത്ത ചോറുണ്ണുന്നത് ആദ്യമാവണം.
വരുംതലമുറയ്ക്ക് സ്വപ്‌നം കാണാന്‍ പറ്റുമോ ഈ സൗഭാഗ്യങ്ങള്‍ എന്ന സങ്കടമുണ്ട്. 
ജോണ്‍സേട്ടന് അതിനുമുണ്ട് മറുപടി ആരെങ്കിലുമൊക്കെ എവിടെയെങ്കിലുമൊക്കെ ഇങ്ങനെയൊക്കെ ചെയ്യുന്നുണ്ടാവും.  ലോകം വേറോതോ വഴിയിലൂടെ പോകുമ്പോള്‍ നമുക്ക് സാധിക്കുന്ന കൊച്ചുകൊച്ചു കാര്യങ്ങളല്ലേ  മനസ്സമാധാനമുണ്ടാക്കുന്നത്...