Tuesday, August 7, 2012

നിങ്ങളാസ്വദിക്കുക...

ഹിരോഷിമ, നാഗസാക്കി ദിനങ്ങള്‍ നമ്മള്‍ ആചരിക്കും..ഇനിയും ഒരു യുദ്ധം വേണ്ടേ വേണ്ടേ..എന്ന് പാടും.  ഒപ്പം, നമ്മുടെ മുറ്റത്ത് നടന്ന മറ്റൊരു രാസയുദ്ധത്തിന്റെ കെടുതികള്‍ നമ്മള്‍ കണ്ടില്ലെന്നാണോ?  എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു എന്നതുകൊണ്ടു മാത്രം ഒരു ദേശം രക്ഷപെട്ടിട്ടില്ല എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ മറന്നോ?  ഇനിയും 50 വര്‍ഷത്തേക്കെങ്കിലും അവിടുത്തെ ജനങ്ങള്‍ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരും.  ഇതും ഒരു യുദ്ധമായിരുന്നു.  ഒരു സര്‍ക്കാര്‍ പൗരന്മാര്‍ക്ക് മേല്‍ തളിച്ച രാസയുദ്ധം.  ദുരിതബാധിതരായ അമ്മമാര്‍ കാസര്‍കോട് കളക്ടറേറ്റിനു മുന്നില്‍  നിരാഹാരസമരം നടത്തുന്നു.  മൂന്നുവട്ടം സമരപ്പന്തലിനരുകിലൂടെ പോയ മുഖ്യമന്ത്രി ആ അമ്മമാരെ കണ്ടിട്ടില്ല.  ആ അരജീവിതങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക എന്നത്  ഔദാര്യമോ അവകാശമോ അല്ല...ഭരണകൂടം സ്വന്തം ജനതയോട് ചെയ്യേണ്ട പ്രായാശ്ചിത്തമാണ്. 
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പു നടത്തുകയും ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയതിട്ടുണ്ട്. പക്ഷേ, സര്‍ക്കാരില്‍ നിന്ന് ഗുണപരമായ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. എവിടെയൊക്കെയോ എന്തെല്ലാമോ പറഞ്ഞു കൊണ്ടിരിക്കുന്നു. പക്ഷേ, കൃത്യമായ ഉറപ്പൊന്നും ദുരിതബാധിതതര്‍ക്ക് കിട്ടിയിട്ടില്ല.

തങ്ങളുടേതല്ലാത്ത കുററത്തിനാണ് കാലങ്ങളോളം ഇവിടെത്തെ അമ്മമാരും കുഞ്ഞുങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇവിടത്തെ അമ്മമാര്‍ റിലേ നിരാഹാര സത്യാഗ്രഹമനുഷ്ഠിക്കുന്നു. സര്‍ക്കാരില്‍ നിന്ന് അനുകൂലമായ തീരുമാനമുണ്ടാവുമെന്ന പ്രതീക്ഷയോടെ...

പക്ഷേ കേന്ദ്ര സര്‍ക്കാരിന് ഇന്നും എന്‍ഡോസള്‍ഫാന്‍ വിഷമല്ല. വെറും മരുന്നു മാത്രം. അതുകൊണ്ടാണ് നിരോധനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.  എന്‍ഡോ സള്‍ഫാന്‍ നിര്‍മിക്കാനുളള വസ്തുക്കള്‍ കെട്ടിക്കിടക്കുന്നുപോലും!
ഈ യുദ്ധം വേണ്ടേ, വേണ്ടാ എന്ന് ആരു വിളിച്ചു പറയും? 

.
ഇവള്‍ കണ്ടിട്ടുണ്ട് അവിടുത്തെ കുഞ്ഞുങ്ങളെ..ചിത്രത്തിലൂടെ മാത്രമല്ല..നേരിട്ടും..അപ്പോഴൊക്കെ കൈപിടിച്ച് ഒപ്പമുള്ള മകളെയോര്‍ത്ത് സാമാധാനിച്ചു..അത് എന്തുകൊണ്ടെന്ന് യൂറീക്കയുടെ ആഗസ്റ്റ് ലക്കത്തില്‍ വീണ കെ എസ് എഴുതിയ കവിതയിലുണ്ട്...

കാഴ്ചക്കാരേ,
ക്യാമറക്കണ്ണു തുറന്ന്
കൗതുകത്തോടെ കാത്തിരിക്കുക
ഇനിയും ഞങ്ങള്‍ വരും.
കണ്ണില്ലാതെ,
വാ കീറാതെ,
 എടുത്താല്‍ പൊങ്ങാത്ത തലയുമായി,
കൈകാല്‍ തളര്‍ന്ന്,
ബുദ്ധി മന്ദിച്ച്,
തൊലി വിണ്ടുകീറി,
ഉമിനീരൊലിപ്പിച്ച്,
കോക്രി കാട്ടി...
ഞങ്ങളെക്കണ്ട്
നിങ്ങളാസ്വദിക്കുക.
ലേഖന, ഫോട്ടോ, കവിതാ
മത്സരങ്ങളില്‍
ഞങ്ങളെ വിഷയമാക്കുക.
നിങ്ങള്‍ക്ക്
ഞങ്ങളെപ്പോലൊരു കുഞ്ഞ്
ജനിക്കും വരെ


*   *


10 comments:

Myna said...

കാഴ്ചക്കാരേ,
ക്യാമറക്കണ്ണു തുറന്ന്
കൗതുകത്തോടെ കാത്തിരിക്കുക
ഇനിയും ഞങ്ങള്‍ വരും.
കണ്ണില്ലാതെ,
വാ കീറാതെ,
എടുത്താല്‍ പൊങ്ങാത്ത തലയുമായി,
കൈകാല്‍ തളര്‍ന്ന്,
ബുദ്ധി മന്ദിച്ച്,

kichu / കിച്ചു said...

:((

Echmukutty said...

ഈ അവസാന വരിയുണ്ടല്ലോ, അതിലാണു മൈനേ, എല്ലാം...എപ്പോഴും തനിക്കു ചുടണം..അപ്പോള്‍ പൊള്ളും..അപ്പോഴേ എല്ലാവര്‍ക്കും പൊള്ളുന്നുള്ളൂ...

ഞാനും ഒരു ഇന്ത്യക്കാരിയാണെന്ന് പറയുമ്പോള്‍ ....ഇപ്പോള്‍ രക്തം ഉറഞ്ഞു പോകുന്നു....

പൈമ said...

ലേഖനകഥകളില്‍ ഒരു വിഷയം ..അത്ര തന്നെ
എല്ലാവര്ക്കും ..ചിലര്‍ക്ക് ഒരു ദുരിതചിത്രം ..
അനുഭവിക്കുന്ന പാവങ്ങളുടെ വേദന ഒരു കടലാസും
കണ്ണുകളും അറിയുന്നില്ല ..നല്ല പോസ്റ്റ്‌ ..


ആദ്യയിട്ടാണ് ഇവിടെ... എച്ചുമു ചേച്ചി ആണ് ലിങ്ക് തന്നത് നന്ദി ..ആ ചേച്ചിക്ക്, ഭാവുകങ്ങള്‍ എഴുതിയ ചേച്ചിക്ക്

SIVANANDG said...

"ഞങ്ങളെക്കണ്ട്
നിങ്ങളാസ്വദിക്കുക.
ലേഖന, ഫോട്ടോ, കവിതാ
മത്സരങ്ങളില്‍
ഞങ്ങളെ വിഷയമാക്കുക.
നിങ്ങള്‍ക്ക്
ഞങ്ങളെപ്പോലൊരു കുഞ്ഞ്
ജനിക്കും വരെ"
ഇതാണെഥാര്‍ത്ഥമായ മുദ്രാവാക്യം ഇത് എല്ലാവരിലേക്കും എത്തിച്ചേരണം

SHANAVAS said...

എച്ച്മുകുട്ടി ആണ് ഇവിടെ എത്തിച്ചത്.. കഴിഞ്ഞ പത്തു വര്‍ഷമായി ഈ ദുരിതങ്ങള്‍ അടുത്ത് നിന്ന് കാണുന്ന ഒരു വ്യക്തി എന്നാ നിലയില്‍ പറയട്ടെ, ഇത് ഇത്തിരി കടന്ന കൈ ആയിപ്പോയി.. ചോര ഉറയുന്ന ഈ കാര്യത്തെക്കുറിച്ച്, ഇനിയും ഇനിയും എഴുതേണ്ടി വരും.. ഉറക്കം നടിക്കുന്ന അധികാരികളെ ഉണര്‍ത്താന്‍.. അവസാന വരികള്‍ അറം പറ്റാതിരിക്കാന്‍ പ്രാര്‍ഥിക്കുന്നു..

Myna said...

എച്ച്മു, ഷാനവാസ്, കിച്ചു, പൈമ, sivanan എല്ലാവര്‍ക്കും നന്ദി. ഇവിടെ എത്തിയതില്‍ സന്തോഷം. അവരോടൊപ്പം ചേരാന്‍ കുഞ്ഞുസഹായം ചെയ്യാന്‍ എന്താ വഴിയെന്നാലോചിച്ചുകൊണ്ടിരിക്കുന്നു.

ശ്രീനാഥന്‍ said...

ഭരണകൂടം ഒരു മർദ്ദനോപകരണമാണ് എന്ന് അക്ഷരാര്ത്ഥത്തിൽ തെളിയിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങൾക്കു വേണ്ടി ജനങ്ങൾ തെരഞ്ഞെടുക്കുന്ന രാക്ഷസരാകുന്നു അവരെ ഭരിക്കുന്നത്.അംബികാസുതന്റെ എന്മകജെപ്പോലെ മൈനയുടെ ഈ കുറിപ്പുപോലെ യുറീക്കക്കവിതപോലെ എത്ര മാനിഷാദകൾ ഉയർന്നാലും ഇതു തുടർന്നു കൊണ്ടിരിക്കും. അധികാരം ജനങ്ങൾ നേരിട്ട് ഏറ്റെടുത്തില്ലെങ്കിൽ.

ഭാനു കളരിക്കല്‍ said...

ഭരണകൂട ഭീകരതയുടെ സാക്ഷ്യപത്രങ്ങളാണിവയെല്ലാം. തീവ്രവാദപരമായ ഭരണകൂട വിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കെ അന്തിമ വിജയം സാദ്ധ്യമാകു. മൈനയുടെ ആധിയില്‍ പങ്കു ചേരുന്നു.

Harinath said...

ജനിതകവൈകല്യം തലമുറകൾ നീണ്ടുനിൽക്കും.

എൻഡോസൾഫാൻ ഉപയോഗിക്കുന്ന തൊഴിലാളികൾ ഇതിന്റെ ദോഷങ്ങളെക്കുറിച്ച് മിക്കപ്പോഴും ബോധവാന്മാരല്ല. ഒരു പാരസറ്റാമോളും ഒരുഗ്ലാസ്സ് കട്ടൻകാപ്പിയും കഴിച്ചാൽ മാറുന്ന പ്രശ്നം മാത്രമാണെന്ന് ചിലർ കരുതുന്നു !