Thursday, February 9, 2012

മടിയന്മാരെ ആവശ്യമുണ്ട്.



മടിയനോ മടിച്ചിയോ ആവാന്‍ മോഹിക്കുന്ന ആരെങ്കിലുമുണ്ടോ?  ഉണ്ടെങ്കിലും അധ്വാനികളുടെ ലോകത്തില്‍ ഞാന്‍ മടിയനാണ്/മടിച്ചിയാണ് എന്നു പറയാന്‍ അല്പം മടിക്കും.

പക്ഷേ, ലോകത്തിനു വേണ്ടത് മടിയന്മാരെയാണ്.  അതിനു ചില കാരണങ്ങളും കൂടി പറയുകയാണ് ഏറെ പഴയൊരു ലേഖനത്തില്‍ മുത്തിരിങ്ങോട് ഭവത്രാതന്‍ നമ്പൂതിരിപ്പാട്. (1903-1944)
'ഞാന്‍ പലപ്പോഴും സ്വപ്‌നം കാണാറുളളത്, മടിയന്മാരെകൊണ്ട് നിറഞ്ഞ ഒരു ലോകത്തെയാണ്. അങ്ങിനെയുണ്ടായെങ്കില്‍ ആ ലോകം ഇന്നത്തേക്കാള്‍ എത്രയധികം സുഖകരമായേനേ.  ....ഒരുമടിയെനെപ്പോഴും ഒരു ക്ഷമയുണ്ട്.  സമാധാനമുണ്ട്.  ഏതിലുമൊരു സന്തോഷമുണ്ട്, സാവധാനമുണ്ട്..'




മടിയില്ലാത്തവരെക്കുറിച്ച് പറയുന്നവരെക്കുറിച്ച് അദ്ദേഹത്തിന്റെ വരികള്‍ നോക്കു

'മടിയുടെ മധുരചുംബനമേല്ക്കുവാന്‍ ഒരിയ്ക്കലും സാധിച്ചിട്ടില്ലാത്ത ഒരുവന്റെ കഥ കുറേയേറെ കഷ്ടതരമാണ്....തീരെ മടിയില്ലാത്ത ഒരുവന്റെ ജീവിതം എത്ര പരുപരുത്തതായിരിക്കും! അയാളുടെ ഹൃദയം എത്ര കഠിനമായിരിക്കും! വിചാരവികാരങ്ങള്‍ എത്ര വിരസങ്ങളും വിലക്ഷണങ്ങളുമായിരിക്കും! അയാളുടെ ജീവിതം എപ്പോഴും പിടഞ്ഞുകൊണ്ടാണിരിക്കുന്നത്....'

കലാലോലനും ചിത്രകാരനും കവിയും ഗായകനുമൊക്കെ മടിയന്മാര്‍ക്കുദാഹരണമാണെന്നാണ് ഭവത്രാതന്‍ നമ്പൂതിരിപ്പാട് പറയുന്നത്.

ശരിക്കു പറഞ്ഞാല്‍ മടി കലാവാസനയാണ്.  ഒരു കലോലോലനെ, കവിയെ, ചിത്രകാരനെ, ഗായകനെ പരിശോധിക്കു-ഇവരെല്ലാം മടിയന്മാരായിരിക്കും.  കലാവാസനയെന്നത് വളരെ മിനുസവും മാര്‍ദ്ദവവുമുളള ഒന്നാണ്.  അതുണഅടോ ഒരു ധൃതിക്കാരനു സാധ്യമാവാന്‍ പോകുന്നു?   മടി സഹൃദയത്തത്തിന്റെ ലക്ഷണമാണ്.  മടിയില്ലാത്തവന് സംഗതികളെ സാവധാനമൊന്നു വീക്ഷിക്കാനാവില്ല; അവയുടെ വിലയറിഞ്ഞ് ആസ്വദിക്കുവാനും അഭിനന്ദിക്കുവാനുമാകില്ല.  ...


മടിയില്ലായിരുന്നെങ്കില്‍ ഇന്നത്തെ ലോകം എന്നോ പൊട്ടിപൊടിഞ്ഞുപോകുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.  എന്നാല്‍ ഇന്നത്തെകാലത്തെ മനുഷ്യര്‍  മടിയില്ലാത്തവരായി മാറിയിരിക്കുന്നതുകൊണ്ടെന്തു സംഭവിച്ചു എന്നു പറയുന്നത് കേള്‍ക്കൂ

'മനുഷ്യരുടെ അനവധികാലത്തെ മടിയില്ലാത്ത സ്വഭാവം കാരണം ഈ ലോകസൗന്ദര്യം തന്നെ നശിച്ചു പോയിരിക്കുന്നു.  പച്ചപിടിച്ച പുല്‍പ്പറമ്പുകള്‍ പടുകൂറ്റന്‍ സദാ ഇരമ്പവും കമ്പവും പൂണ്ടവയായി പൈങ്കിളികളുടെ പൂമ്പല്ലവിയ്ക്കു പകരം യന്ത്രങ്ങളുടെ കര്‍ണ്ണാരുന്തൂദമായി ക്രേങ്കാരമായി.  കുളിരോലും വള്ളിക്കുടിലുകള്‍ കൃത്രിമക്കെട്ടിടങ്ങളായിമാറി.  ആടിപ്പാടി മന്ദഗമനം ചെയ്യുന്ന പുഴകള്‍ അവിടെയവിടെ അണകെട്ടിമൂട്ടിയ്ക്കപ്പെട്ടു. കുന്നുകളുടെ പൂഞ്ചോല പിച്ചിച്ചീന്തിക്കളഞ്ഞു.  നോക്കൂ, മനുഷ്യന്റെ മടിയില്ലായ്മ ഈ സുന്ദരലോകത്തെ എത്ര വികൃതവും വിരൂപവുമാക്കിക്കളഞ്ഞു!  അതുകൊണ്ട്, ഇനി വളരെക്കാലത്തേയ്ക്ക് നാമെല്ലാം മടിയന്മാരാവുക! എ്പ്പോഴും വിയര്‍ത്തൊലിച്ചോടി നടക്കാതിരിക്കുക! മടിയുടെ മലര്‍മഞ്ചത്തില്‍ കിടന്നു കുറേ സുഖ സ്വപ്‌നം കാണുക!'

* * *
സമ്പാദകര്‍: ടിയെന്‍ ജോയ്, റോബിന്‍
അവലംബം കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച മുത്തിരിങ്ങോടിന്റെ കഥകളും ഉപന്യാസങ്ങളും.




8 comments:

Myna said...

ശരിക്കു പറഞ്ഞാല്‍ മടി കലാവാസനയാണ്. ഒരു കലോലോലനെ, കവിയെ, ചിത്രകാരനെ, ഗായകനെ പരിശോധിക്കു-ഇവരെല്ലാം മടിയന്മാരായിരിക്കും. കലാവാസനയെന്നത് വളരെ മിനുസവും മാര്‍ദ്ദവവുമുളള ഒന്നാണ്. അതുണഅടോ ഒരു ധൃതിക്കാരനു സാധ്യമാവാന്‍ പോകുന്നു? മടു സഹൃദയത്തത്തിന്റെ ലക്ഷണമാണ്. മടിയില്ലാത്തവന് സംഗതികളെ സലാവധാനമൊന്നു വീക്ഷിക്കാനാവില്ല; അവയട വിലയറിഞ്ഞ് ആസ്വദിക്കുവാനും അഭിനന്ദിക്കുവാനുമാകില്ല.

Unknown said...

മടി വേണം, മടി ഇല്ലാത്തവരും ചുരുക്കം.
മടി കൂടിയാലും കുടുങ്ങും. മടിയന്‍ മല ചുമക്കും എന്നത് സത്യവുമാണ്.
മടിയന്‍ ചിന്തകള്‍ മടിയില്ലത്ത്തത് എന്നൊരു ചൊല്ലുണ്ട്

കുഞ്ചുമ്മാന്‍ said...

ഗ്രീക്കുകാരുടെ മടിയെപ്പറ്റി എവിടെയോ വായിച്ചതു ഓര്‍മ വരുന്നു..

Muralee Mukundan , ബിലാത്തിപട്ടണം said...

അല്ലാ...പിന്നേ
തനി കുഴിമടിയനായ എനിക്ക് ഈ പോസ്റ്റ് എന്റെ പെണ്ണിന് കാണിച്ച് കൊടുക്കണം..

Harinath said...

സത്യം. സമകാലികമായി വളരെ പ്രസക്തിയുള്ള ലേഖനം. ധൃതിയും മത്സരബുദ്ധിയും വാശിയും കാണുമ്പോൾ സമാധാനമായിരിക്കുന്നതാണ്‌ ഭേദമെന്ന് തോന്നിപ്പോകാറുണ്ട്.

കൈതപ്പുഴ said...

പ്രസക്തിയുള്ള ലേഖനം.

കൈതപ്പുഴ said...

പ്രസക്തിയുള്ള ലേഖനം.

Echmukutty said...

മിടുക്കത്തീ മൈനേ, ഈ പോസ്റ്റ് ഫോട്ടൊ കോപ്പി എടുത്ത് കുറെ ആൾക്കാർക്ക് അയയ്ക്കാൻ പോവാ.....ഏതു നേരവും പാത്രം കഴുകീല, തുണി അലക്കീല, തുണി തേച്ചീല, ബട്ടൺസ് തുന്നീല,കഷണം മുറിച്ചപ്പോ ചെറുതായീല.....എന്താലോചിച്ചാ മടിച്ചിപ്പാറു ഇരിയ്ക്കണേ എന്നൊക്കെ എപ്പളും എപ്പളും പറയണ ഒരുപാട് പേരുണ്ട്....മടി പോയിട്ട് ഒരു സ്വപ്നം കൂടി മുഴുവൻ കാണാൻ സമ്മതിയ്ക്കില്ല.......അവര് ഒക്കെ വായിച്ചു പഠിയ്ക്കട്ടെ.

ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.