Thursday, December 29, 2011

സ്വര്‍ഗ്ഗ നരകങ്ങള്‍ക്കിടയില്‍ ഓടിയോടി...





മിശ്രവിവാഹിതരുടെ മക്കളാണു ഞങ്ങള്‍..മതമറിയാത്ത പേരിടണമെന്നായിരുന്നു അമ്മച്ചിയ്ക്ക്..'നിങ്ങടെ അപ്പനും കൂടി തോന്നേണ്ടേ?'  എന്നായിരുന്നു കുറച്ചു മുതിര്‍ന്നപ്പോള്‍ അതേപ്പറ്റി ചോദിച്ചപ്പോള്‍ മറുപടി പറഞ്ഞത്.  മക്കള്‍ക്ക് പേരിടുന്നതില്‍ ഒരുറച്ച തീരുമാനമെടുക്കാന്‍ അത്തയ്ക്ക് കഴിഞ്ഞില്ലെന്ന്  കുറ്റപ്പെടുത്തി.
വിവാഹത്തോടെ അമ്മച്ചിയെ വീട്ടുകാര്‍ പടിയടച്ച് പിണ്ഡം വെച്ചതാണ്. എന്നാല്‍ അത്തയുടെ വീട്ടുകാരാണെങ്കില്‍ മരുമകളെ ഒരുപാധിയുമില്ലാതെ സസന്തോഷം സ്വീകരിക്കുകയും ചെയ്തു. അവരുടെ ആ സ്‌നേഹത്തിനുമുന്നില്‍ മക്കളുടെ പേരുകള്‍ സ്വയം തീരുമാനിക്കാനാവാതെ മനസ്സില്ലാമനസ്സോടെ വിട്ടുകൊടുക്കുകയായിരുന്നു.

അതുകൊണ്ടെന്താ..എന്റെ പേരുകാണുമ്പോള്‍ ചിലര്‍ക്കെന്നെ മതം പഠിപ്പിക്കണം.  (പുരുഷ വ്യാഖ്യാനങ്ങള്‍ക്ക് അനുസരിച്ച മതം ) തലയില്‍ തട്ടമില്ലാത്തതുകൊണ്ട് എനിക്ക് മതമറിയില്ല എന്ന് ചിലരെങ്കിലും കരുതുന്നുണ്ട്. അത്യാവശ്യം ഖുര്‍-ആനും മറ്റു മതഗ്രന്ഥങ്ങളും ചില സ്ത്രീ വ്യാഖ്യാനങ്ങളും വായിച്ചിട്ടുണ്ട്.  ഓര്‍മയില്‍ നന്നായിട്ടുണ്ടു താനും.

 എന്റെ അത്തയുടെ വീട്ടുകാര്‍ ഇസ്ലാമില്‍ വിശ്വിസിച്ചിരുന്നു.  അവരുടെ സ്‌നേഹവാത്സല്യത്തിലാണ് ഞങ്ങള്‍ വളര്‍ന്നത്. എന്റെ അത്താമ്മയോ ഹാജുചിന്നമ്മായോ മുതിര്‍ന്ന ആരെങ്കിലുമോ തലയില്‍ തട്ടമിടുന്നത് നിര്‍ബന്ധമാക്കിയിരുന്നില്ല.  ഒരുപക്ഷേ, ഞങ്ങളുടെ നാടിന്റെ പ്രത്യേകതയായിരിക്കാം.  അല്ലെങ്കില്‍ അവരുടെ വിശ്വാസം തലയിലെ തട്ടത്തിലായിരുന്നില്ല. അന്നൊന്നും അവര്‍ ആഗോളമുസ്ലീമായിരുന്നില്ല.  പ്രാദേശിക മുസ്ലീം ആയിരുന്നു. നാടിന്റെ പ്രകൃതിക്കനുസരിച്ചാണ് ജീവിച്ചത്.  വിശ്വാസം പുറത്തുകാണിക്കുകയായിരുന്നില്ല.  മനസ്സില്‍ അവരുടെ സ്വകാര്യതകളിലായിരുന്നു.  (ഇതിനൊക്കെ പലന്യായങ്ങള്‍ നിരത്താന്‍ പലര്‍ക്കുമുണ്ടെന്നറിയാം) ആഗോള മുസ്ലീമിന്റെ ഐഡന്റിറ്റി തെളിയിക്കുന്ന വേഷം എന്നൊക്കെ ചിലര്‍ പെണ്‍വേഷങ്ങളെ എടുത്തു പറയുന്നത് കേട്ടിട്ടും വായിച്ചിട്ടും ഉണ്ട്.  അങ്ങനെയൊരു ആണ്‍വേഷമില്ലാതെ പോയതെന്തുകൊണ്ട് എന്ന് തലപുകഞ്ഞിട്ടും ഉത്തരമില്ല. അതിനും ന്യായങ്ങള്‍ നിരത്താന്‍ ഉണ്ടെന്നറിയാം.  എളുപ്പമുള്ളതും സൗകര്യമുള്ളതിനും പുറകെ നിങ്ങള്‍ പോകുന്നു.  ഞങ്ങള്‍ക്ക് പാടില്ല എന്ന യുക്തി എല്ലാവരും സമ്മതിച്ചെന്നു വരില്ല. യുക്തിയും ന്യായവും ഒരുകൂട്ടര്‍ക്കുമാത്രമല്ല.
(ഇതു വായിക്കുന്ന തീവ്ര ഹിന്ദുവോ തീവ്ര ക്രിസ്ത്യാനിയോ മറ്റേതെങ്കിലും തീവ്ര...ക്കാരോ കൈകൊട്ടി ചിരിക്കണ്ട്.  ഇതി നിങ്ങള്‍ക്കും ബാധകമാണ്) ഇതൊന്നുമല്ലാത്ത ഈ പറയുന്ന എല്ലാമതത്തിലും പെട്ട വിശ്വസമുള്ളവരും ഇല്ലാത്തവരുമായ അനേകങ്ങള്‍ ഉണ്ടെന്നുറപ്പാണ്. അവര്‍ മതേതരത്തിലും സാഹോദര്യത്തിലും വിശ്വസിക്കുന്നുവെന്നുമറിയാം.

എന്തു തന്നെയായാലും മുകളില്‍ പറഞ്ഞ അത്താമ്മയും ഹാജു ചിന്നമ്മായുമൊക്കെ മരിച്ചു പോയി.  അവരൊക്കെ നരകത്തിലാണെങ്കില്‍ എനിക്കെന്തിനാണ് സ്വര്‍ഗ്ഗം?

ഒരു ഹിന്ദു സ്വര്‍ഗ്ഗവും ക്രിസ്ത്യാനിസ്വര്‍ഗ്ഗവും മുസ്ലീം സ്വര്‍ഗ്ഗവും വെവ്വേറെയാണെങ്കില്‍ എന്നെ/ഇത്തരം വിശ്വിസകളെ  എവിടെപ്പെടുത്തും?  നരകവും അതുപോലെ വെവ്വേറെ ആയിരിക്കുമോ?

(കപട വിശ്വസികള്‍ എന്നും കപട മതേതരം എന്നും എന്തു വേണമെങ്കിലും വിളിക്കാം കേട്ടോ വായിക്കുന്നവരുടെ മനോധര്‍മ്മമനുസരിച്ച്..ഉപ്പോ മുളകോ എരുവോ കൂട്ടിയോ കുറച്ചോ..)


എല്ലാമതങ്ങളുടേയും നല്ല വശങ്ങളെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നൊരാള്‍ക്ക് പരലോകത്തില്‍ ഏതു മതത്തിന്റെ സ്വര്‍ഗ്ഗവും നരകവുമായിരിക്കും കിട്ടുക?
മരിച്ചു കഴിഞ്ഞാല്‍ എല്ലാമതക്കാരും ഏതു തത്വചിന്തയില്‍ വിശ്വസിച്ചോ അവരെല്ലാവരും കൂടെ എന്നെ/ ഞങ്ങളെ/ നമ്മളെ ആര്‍ക്കു വിട്ടു കിട്ടണം എന്നതിനെ ചൊല്ലി ഉഗ്രന്‍ ശണ്ഠ നടക്കുന്നത് സ്വപ്‌നത്തില്‍ കാണാറുണ്ട്.
സത്യം പറഞ്ഞാല്‍ കേട്ടറിവു വെച്ച് നരകത്തേക്കാള്‍ എനിക്കുപേടി സ്വര്‍ഗ്ഗത്തെയാണ്..അവിടെ ചെന്നാലും നമ്മളിങ്ങനെ തന്നെയാണല്ലോ..അങ്ങോട് നോക്കി ഇങ്ങോട്  നോക്കി സ്വര്‍ഗ്ഗത്തിന്റെ സൗന്ദര്യമൊക്കെ കണ്ട് അന്തം വി്ട്ടു നില്ക്കുമ്പോള്‍ അങ്ങനെയൊന്നും നില്ക്കാന്‍ പാടില്ല എന്നു പറഞ്ഞുകൊണ്ട്് എത്രപേര്‍ വരുമെന്നോര്‍ത്ത് സ്വര്‍ഗ്ഗത്തെ എനിക്ക് പേടിയാണ്.  മറ്റത് തീയില്‍ കിടന്നാല്‍ സമാധാനമായിട്ട് അവിടെ കിടക്കാലോ..മാത്രമല്ല കേട്ടുകേള്‍വയനുസരിച്ച് കാര്‍ന്നോമ്മാരും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ അല്ലറ ചില്ലറ കള്ളത്തരങ്ങളും തെറ്റുകുറ്റങ്ങളും ഇത്തിരി അനുസരണക്കേടും ഒക്കെ ഉണ്ടായിരുന്നവരാണ്്.  അവരും തീയിലും പാമ്പിലും പഴുതാരയിലുമൊക്കെയായിരിക്കും.  അതൊക്കെ മതി നമ്മള്‍ക്ക്.

ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ് ചിന്ത...കുറെ കഴിയുമ്പോള്‍ പല്ലുകൊഴിഞ്ഞ തലനരച്ച് കവിളൊട്ടി നില്ക്കുമ്പോള്‍ ആര്‍ക്കറിയാം സര്‍വ്വപാപത്തിനും പ്രായാശ്ചിത്തം അപേക്ഷിച്ച് ഏതിലേക്കാണ് മാമോദീസാ മുങ്ങി സ്‌നാനപ്പെടുന്നത് എന്ന്.
അന്നുവരേക്കും ഇന്റര്‍നെറ്റും എഴുത്തുപകരണങ്ങളും എഴുതാന്‍ ആവതുമുണ്ടെങ്കില്‍ അക്കാര്യവുമറിയിച്ചേക്കാം.
ഇന്നാളൊരു ദിവസം അനിയത്തി ഞങ്ങളുടെ മുറുക്കുന്നത്തായെയും ഐഷാബീവി അമ്മച്ചിയേയും സ്വപ്‌നം കണ്ടെന്ന്്. ചില്ലറ തെറ്റുകുറ്റങ്ങളൊക്കെ ചെയ്തവരായതുകൊണ്ട് നരകത്തിലായിരുന്നു ഇത്രകാലവും എന്ന് പറഞ്ഞത്രേ!  ഇപ്പോള്‍ അവിടെ തന്നെ ഒരു മുറുക്കാന്‍ കടയൊക്കെയിട്ട് സുഖമായിട്ട് ജീവിക്കുകയാണെന്ന്..

പിന്നെ, FB, Internet സുഹൃത്തുക്കളോട് 

തല മറയ്ക്കാത്ത എന്നെ കണ്ടിട്ട് ആര്‍ക്കെങ്കിലും വിഷമമുണ്ടെങ്കില്‍ ഫ്രണ്ട് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയേക്കുക. തലമറച്ച ഒരു ഫോട്ടോയും കൊടുക്കാതെയാണ് ഇന്നേവരെ ഞാന്‍ ഇവിടെ നിന്നത്. ഞാനാര്‍ക്കും അങ്ങോട്ടു കയറി ഫ്രണ്ട് റിക്വസ്റ്റ് തന്നതല്ല. ( വ്യക്തിപരമായി അറിയാവുന്ന വിരലിലെണ്ണാവുന്നവര്‍ക്ക് റിക്വസ്റ്റ് കൊടുത്തിട്ടുണ്ട്) തലമറയ്ക്കണോ വേണ്ടയോ എന്നത് എന്റെ സ്വകാര്യതയും ഇഷ്ടവും സ്വാതന്ത്ര്യവുമാണ്. എന്റെ തലമുടികള്‍ അലോസരപ്പെടുന്നു എന്നു തോന്നുവര്‍ കണ്ണടച്ചിരിക്കുക. ് ഇത്തരം കാര്യങ്ങള്‍ ടാഗുചെയ്യുകയോ share ചെയ്യുകയോ ചെയ്യുമ്പോള്‍ ദയവു ചെയ്ത് എന്നെ ഒഴിവാക്കുക.

26 comments:

Myna said...

എല്ലാമതങ്ങളുടേയും നല്ല വശങ്ങളെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നൊരാള്‍ക്ക് പരലോകത്തില്‍ ഏതു മതത്തിന്റെ സ്വര്‍ഗ്ഗവും നരകവുമായിരിക്കും കിട്ടുക?
മരിച്ചു കഴിഞ്ഞാല്‍ എല്ലാമതക്കാരും ഏതു തത്വചിന്തയില്‍ വിശ്വസിച്ചോ അവരെല്ലാവരും കൂടെ എന്നെ/ ഞങ്ങളെ/ നമ്മളെ ആര്‍ക്കു വിട്ടു കിട്ടണം എന്നതിനെ ചൊല്ലി ഉഗ്രന്‍ ശണ്ഠ നടക്കുന്നത് സ്വപ്‌നത്തില്‍ കാണാറുണ്ട്.
സത്യം പറഞ്ഞാല്‍ കേട്ടറിവു വെച്ച് നരകത്തേക്കാള്‍ എനിക്കുപേടി സ്വര്‍ഗ്ഗത്തെയാണ്..അവിടെ ചെന്നാലും നമ്മളിങ്ങനെ തന്നെയാണല്ലോ..അങ്ങോട് നോക്കി ഇങ്ങോട് നോക്കി സ്വര്‍ഗ്ഗത്തിന്റെ സൗന്ദര്യമൊക്കെ കണ്ട് അന്തം വി്ട്ടു നില്ക്കുമ്പോള്‍ അങ്ങനെയൊന്നും നില്ക്കാന്‍ പാടില്ല എന്നു പറഞ്ഞുകൊണ്ട്് എത്രപേര്‍ വരുമെന്നോര്‍ത്ത് സ്വര്‍ഗ്ഗത്തെ എനിക്ക് പേടിയാണ്.

Kavya said...

<<..അവിടെ ചെന്നാലും നമ്മളിങ്ങനെ തന്നെയാണല്ലോ..അങ്ങോട് നോക്കി ഇങ്ങോട് നോക്കി സ്വര്‍ഗ്ഗത്തിന്റെ സൗന്ദര്യമൊക്കെ കണ്ട് അന്തം വി്ട്ടു നില്ക്കുമ്പോള്‍ അങ്ങനെയൊന്നും നില്ക്കാന്‍ പാടില്ല എന്നു പറഞ്ഞുകൊണ്ട്് എത്രപേര്‍ വരുമെന്നോര്‍ത്ത് സ്വര്‍ഗ്ഗത്തെ എനിക്ക് പേടിയാണ്.>>

ലളിതമായ, തുറന്ന ഈ എഴുത്താണ് മൈനച്ചേച്ചിയെ പ്രിയപ്പെട്ട എഴുത്തുകാരിയാക്കിയത്...ആശംസകള്‍.

Gargi said...

മൈനാ,
ഈ അടുത്ത കാലത്താണ് ഞാന്‍ മൈനയുടെ ബ്ലോഗ്‌ വായിക്കാന്‍ തുടങ്ങിയത്. ഓരോന്നും ഒന്നിനൊന്നു മെച്ചം..!
ഞാനും ചിലപ്പോള്‍ ചിന്തിക്കാറുണ്ട്, ജാതിയും മതവുമൊക്കെ ഓരോരുത്തരുടെയും സ്വകാര്യ വിഷയം ആവുന്ന ഒരു കാലം വരുമോ എന്ന്...സ്കൂളുകളിലും പൊതു സ്ഥാപനങ്ങളിലെങ്കിലും മതവും ജാതിയും ചോദിക്കാത്ത ഒരു കാലം....!
പിന്നെ വസ്ത്രധാരണം... അത് വീണ്ടും ഓരോരുത്തരുടെയും സ്വകാര്യതയല്ലേ... എന്ന് ചോദിക്കേണ്ടി വരുന്ന ഈ അവസ്ഥ തന്നെ കഷ്ടം! ഇത് വായിച്ചപ്പോള്‍ ഓര്‍ത്ത ചില കാര്യങ്ങള്‍ പങ്കു വയ്ക്കട്ടെ...!
പര്‍ദ്ദ ധരിക്കാത്ത ഒരു ചേച്ചിയുണ്ട്‌ എനിക്ക്. എന്റെ സൈനു ചേച്ചി... ഒരിക്കല്‍ എന്റെ മറ്റൊരു മുസ്ലിം സുഹൃത്ത്‌ ചേച്ചിയെപറ്റി എന്നോട് പറഞ്ഞത് " മോഡേണ്‍ മുസ്ലിം" എന്നാണ്. എനിക്ക് തിരുത്തേണ്ടി വന്നു. കാരണം ചേച്ചിയെയും കുടുംബത്തെയും എനിക്ക് വളരെ ചെറുപ്പം മുതല്‍ അറിയാം. ഒരിക്കല്‍ പോലും ചേച്ചിയുടെ ഉമ്മച്ചിയോ സഹോദരിമാരോ ആരും പര്‍ദ്ദ ധരിച്ചു കണ്ടിട്ടില്ല ഞാന്‍... തലയില്‍ ഒരു തട്ടമോ സാരിതലപ്പോ ഇടാറുണ്ട് എന്ന് മാത്രം... പലപ്പോഴും ജോലി സൌകര്യത്തിനു വേണ്ടി അതും മാറ്റി വയ്ക്കും അവര്‍.
ചെറുപ്പത്തില്‍ എന്നും ഉമ്മച്ചിയുടെയും സൈനു ചേച്ചിയുടെയും 'മിസര്‍' എന്ന ഓമനപ്പേരിലറിയപ്പെടുന്ന തട്ടം അവരുടെ തലയില്‍ നിന്നും വാശി പിടിച്ചൂരി വാങ്ങി തലയിലിട്ടു, എന്റെ മമ്മിയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ഉമ്മാപെണ്ണാ'വാന്‍ ശ്രമിക്കുമായിരുന്നു ഈ ക്രിസ്ത്യാനി പെണ്‍കുട്ടി. അതൊക്കെ ഒരു വലിയ പാപം ആയിരുന്നോ ദൈവമേ... അങ്ങിനെ ആണെങ്കില്‍ എന്റെ കരച്ചില്‍ മാറ്റാന്‍ വേണ്ടി തട്ടം തലയില്‍ നിന്നൂരി തരുമായിരുന്ന പാവം എന്റെ ഉമ്മച്ചിയും, സൈനു ചേച്ചിയും ഒക്കെ നരകത്തില്‍ പോകുമോ...

Muralee Mukundan , ബിലാത്തിപട്ടണം said...

ഒട്ടും സ്വകാര്യമല്ലാത്ത നല്ല മതേതര ചിന്തകൾ കേട്ടൊ മൈനാ...

Sunil G Nampoothiri said...

സ്വാതന്ത്ര്യത്തിന്‍ സുഗന്ധം വഹിച്ച ഒരു ഇളംകാറ്റ് പോലെ ഈ ലേഖനം.
മനോഹരമായി.

SHANAVAS said...

ഈ തുറന്നു പറച്ചില്‍ വളരെ ഇഷ്ട്ടപ്പെട്ടു..മൈന പറഞ്ഞത് പോലെ സ്വര്‍ഗ്ഗത്തിലും ഉണ്ടാവും ജാതിയും മതവും മറ്റും..അപ്പോള്‍ നരകം തന്നെ നല്ലത്...അവനവന്റെ കാര്യം നോക്കി , സമൂഹത്തിനും കൂടി എന്തെങ്കിലും ഗുണം ഉണ്ടാകുന്ന രീതിയില്‍ ജീവിക്കുക...തല മറച്ചാലും ഇല്ലെങ്കിലും..
ആശംസകള്‍..

MG Rajan said...

ഇപ്പോള്‍ ഭൂരിഭാഗം വിശ്വാസികള്‍ക്കും ദൈവത്തിലല്ല, മതത്തിലാണു വിശ്വാസം; ആചാരാനുഷ്ടാനങ്ങളിലാണു വിശ്വാസം. വന്നു വന്നു ദൈവത്തെ രക്ഷിക്കല്‍ വരെയായി വിശ്വാസിയുടെ ചുമതല. അപ്പോള്‍ വിശ്വാസിയെ ആരു രക്ഷിക്കും?

Harinath said...

ഒരു സങ്കുചിത മനോഭാവവും ഭീതിയുമാണ്‌ മതവിശ്വാസികളിൽ കാണുക. ദൈവത്തോടും മനുഷ്യരോടും പ്രകൃതിയോടും ഉള്ളതിനേക്കാൾ കൂടുതൽ മതസംഘടനയോടും ആചാരങ്ങളോടുമാണ്‌ ഇവർക്ക് പ്രിയം.

ചിതല്‍ said...

മാന്യമായ ശൈലിയില്‍ നിലപാടുകള്‍ കുറിച്ചിട്ട മൈനക്ക് എന്റെയും അഭിവാദ്യം . കുറേ മതവിശ്വാസികളും അധിക യുക്തിവാദികളും ഇതൊന്ന് വായിച്ചിരിക്കേണ്ടതുണ്ട്. അവര്‍ തങ്ങളുടെ നിലപാടുകള്‍ക്ക് സത്യത്തിന്റെ നിറം കൊടുക്കുന്നതിന്‌ വേണ്ടി ഇപ്പോള്‍ പച്ച തെറികളെയാണ്‌ കൂട്ട് പിടിക്കാറുള്ളത്.

ചിതല്‍ said...
This comment has been removed by the author.
അതിരുകള്‍/പുളിക്കല്‍ said...

ഏതു വേഷം ധരിച്ചാലും ഏതു സ്റ്റൈലില്‍ നടന്നാലും ദൈവവിശ്വാസം മനുഷ്യ മനുസുകളിലാണ്.ഇന്നു കയ്യില്ലാത്തവന്‍ ചെറുവിരലില്ലാത്തവനെ പരിഹസിക്കുന്ന അവസ്ഥയാണ് മതവും ചുമന്നു നടക്കുന്നവന്റെ സ്ഥിതി....ഈ തുറന്നെഴുത്തിനു അഭിനന്ദനങ്ങള്‍

മനോജ് കുമാർ വട്ടക്കാട്ട് said...

കേവലം ഒരു അറുപത് വർഷത്തെ ജീവിതത്തിന് വേണ്ടി എന്തൊക്കെ വേഷങ്ങളാണ് ഒരു സ്ത്രീ കെട്ടേണ്ടത്! തട്ടമിടണം, കുങ്കുമം അണിയണം, ആണുങ്ങൾ സംസാർക്കുന്നതിനിടയിൽ അഭിപ്രായം പറയരുത്! ഇതൊന്നും പോരാതെ മരണശേഷം കിട്ടേണ്ടിയിരിക്കുന്ന (ബു ഹ ഹ) സ്വർഗ്ഗപ്രാപ്തിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ.. താങ്കളെ പോലുള്ളവരെ ഫ്രണ്ട്ലിസ്റ്റിൽ ചേർക്കൻ പറ്റുന്നവരാണ് സത്യത്തിൽ മനുഷ്യ സ്നേഹികൾ.

Unknown said...

ഏതു മതത്തിലായാലും അതിന്റെ നന്കള്‍ അല്പമെങ്കിലും മനസ്സിലാക്കിയവര്‍ മറ്റൊരു മതത്തെയോ, തങ്ങളില്‍ തന്നെ ഉള്ളവരെയോ പരിഹസിക്കാനും നിര്‍ബന്ധിക്കാനും ശ്രമിക്കാറില്ല. അപ്പോള്‍ ആരാണ് മതത്തിനു വേണ്ടി ഇതൊക്കെ ചെയ്യുന്നത് എന്ന് നമ്മുക്കെല്ലാം അറിയാം ... അവരെ അവരുടെ വഴിക്ക് വിടൂ .. നല്ല ഊര്‍ജം നല്ലതിന് വേണ്ടി ചിലവഴിക്കു .. നല്ല കവിതക്കും , നല്ല ചിത്രത്തിനും മതമില്ല ... നല്ലതൊക്കെ എന്നും നല്ലതായി തന്നെ നില്‍ക്കട്ടെ ( ചീത്ത നന്നായാല്‍ അവര്‍ക്ക് നല്ലത് - അതിനു അവരും ശ്രമിക്കട്ടെ .. പ്രാര്‍ത്ഥിക്കാം

Manoraj said...

ഈ വിഷയത്തെ പറ്റി മൈനയുടെ ഫെയ്സ്ബുക്ക് വാളില്‍ ഇന്ന് ഒരു കമന്റ് കണ്ടിരുന്നു. അവിടെ അതിനൊരു മറുപടിയും നല്‍കിയിരുന്നു. സത്യത്തില്‍ എന്തിനാണ് ഈ തലമറയ്കല്‍ എന്ന് എനിക്കിപ്പോഴും അറിയില്ല. സത്യം. അത് മറക്കാതിരിക്കുന്നത് കൊണ്ട് എന്താണാവോ ഇടിഞ്ഞുവീഴുന്നതെന്നും മനസ്സിലാവുന്നില്ല.

സുബൈദ said...

പോസ്റ്റു വായിച്ചു. താങ്കളുടെ ഈ പ്രസ്താവന
''തലമറച്ച ഒരു ഫോട്ടോയും കൊടുക്കാതെയാണ് ഇന്നേവരെ ഞാന്‍ ഇവിടെ നിന്നത്. ഞാനാര്‍ക്കും അങ്ങോട്ടു കയറി ഫ്രണ്ട് റിക്വസ്റ്റ് തന്നതല്ല. ( വ്യക്തിപരമായി അറിയാവുന്ന വിരലിലെണ്ണാവുന്നവര്‍ക്ക് റിക്വസ്റ്റ് കൊടുത്തിട്ടുണ്ട്) തലമറയ്ക്കണോ വേണ്ടയോ എന്നത് എന്റെ സ്വകാര്യതയും ഇഷ്ടവും സ്വാതന്ത്ര്യവുമാണ്.''
എന്തിന്റെയോ തുടര്‍ച്ചയാണെന്ന് തോന്നിപ്പിക്കുന്നു.. ഹോം പേജിലുള്ള മറ്റു ആറു പോസ്റ്റുകളും ഓടിച്ചു വായിച്ചു. ഈ പോസ്റ്റു ശ്രദ്ധയോടെയും. പക്ഷെ ഒരെത്തും പിടിയും കിട്ടുന്നില്ല. കമന്റുകളില്‍ നിന്നും ഒന്നും കിട്ടിയില്ല. അതെന്തെന്കിലുമാവട്ടെ. കാര്യമാക്കുന്നില്ല.

കുട്ടി തലമറക്കുകയോ, തുറന്നിടുകയോ, കൊട്ടോട്ടിക്കാരന്‍ പറഞ്ഞപോലെ പൂര്‍ണനഗ്നയായി നടക്കുകയോ ചെയ്യുക. അത് നിങ്ങള്‍ തന്നെ സൂചിപ്പിച്ച പോലെ നിങ്ങളുടെ വ്യക്തിപരരമായ കാര്യം.. എന്നാല്‍ വസ്ത്രത്തെ കുറിച്ച ചില വിചാരങ്ങളും വര്‍ത്തമാനങ്ങളും ഇവിടെ നടക്കുന്നു.
ശ്രദ്ധിക്കുമെന്ന വിശ്വാസത്തോടെ ഇവിടെ പകര്‍ത്തട്ടെ


ഒന്ന് ഇവിടെ


രണ്ട് ഇതാ


മൂന്നാം നമ്പര്‍ ഇങ്ങനെ


''അങ്ങനെയൊരു ആണ്‍വേഷമില്ലാതെ പോയതെന്തുകൊണ്ട് എന്ന് തലപുകഞ്ഞിട്ടും ഉത്തരമില്ല.''
ഉത്തരമില്ലതത് കൊണ്ടല്ല അന്വഷിക്കാത്തത് ലഭിച്ചില്ല. അതിനുള്ള ഉത്തരവും ഇവിടെയുണ്ട്.

Manu Nellaya / മനു നെല്ലായ. said...

ജാതീയത ഈ ന്യൂട്രിനോ വേഗ ലോകത്തും ഒരു പുത്തരിയല്ലെന്നു നിശ്ചയം! ഭരണകൂടങ്ങളും ,നിയമ നിര്‍മ്മാന്‍ സഭകളും, ജുഡീഷരിയും , പത്ര ധര്‍മം ഇനിയും പിളരാത്ത ചാരിത്ര ചര്മ്മമെന്നു മേനി നടിക്കുന്ന വിശുദ്ധ പത്ര ധര്മജരും ജാതീയതയെ പരോക്ഷമായെങ്കിലും തോളിലേറ്റുന്ന കാഴ്ച കൌതുകം ജനിപ്പിക്കുന്നതിനപ്പുരം ജനാധിപത്യ മൂല്യങ്ങളെ വധ്യംകരണം ചെയ്യുന്ന വെധനാജനകമായൊരു കാഴ്ചയാണ്...

സമകാലിക കാവ്യലോകത്തെ പോലും കയ്യാളുന്നത് സവര്‍ണ്ണതയുടെ ചെങ്കോല്‍ എന്തിയ അഭിനവ കവികളിലെ പരീശന്‍മാരെന്ന് അതിലും നിര്‍ണ്ണയം...കെട്ടിയാടുന്ന സമകാലിക വേഷങ്ങളിലെ മടങ്ങാത്ത നിത്യ കാഴ്ച്ചകാളായി നിരവികാരതയോടെ കാണുക....നിസ്സങ്ങതയോടെ,വികാരം വറ്റിയ ചിന്തകളിലൂടെ മാത്രം...

ലഹരിയുടെ നിറവിലെ മനുഷ്യ മനസ്സുകളിലും , മദ്യശാലയിലെ ചുവന്ന വെളിച്ചം പരത്തുന്ന വിപ്ലവ ചിന്തകളിലെ ഇടുങ്ങിയ ആശയനഗളില്ലും വില്ലന്‍ ഈ ജാതീയത തന്നെ....സര്‍ക്കാരും, ഭരണ കൂടങ്ങളും, പത്ര മാധ്യമങ്ങളും, നിയമ നൂലാമാലകളില്‍ അന്ത്യ വിധിക്ക് കൂട്ട് പിടിക്കുന്ന ജാതീയതയുടെ നിയമ താളുകളും വീണ്ടും വീണ്ടും വര്‍ഗീയ വിഷം കുത്തി വെക്കുന്നത്, ജനിതകപാമായി പരോക്ഷമായെങ്കിലും ഭ്രാന്തു പിടിച്ച ഈ ജനതയെ ആണെന്നുള്ളതും വിപ്ലവ ചിന്തകള്‍ പ്രത്യക്ഷമായി നടിക്കുന്ന വിപ്ലവ പാര്‍ട്ടികളിലെ ആചാര്യന്മാരും കൂടിയാനെന്നുള്ളത് അതിലും ഭയാനകം...!



be brave mainaaa..... snehaasamsakal.......

arungodan said...

മത നിരപേക്ഷമായ ഒരു സ്വര്‍ഗ്ഗ ലോകം സ്വപ്നം കാണാം...

please visit my Blog:
www.kaithapuzha.blogspot.com

Myna said...

എല്ലാവര്‍ക്കും നന്ദി. സന്തോഷം. പുതുവത്സരാശംസകള്‍.

മനോരാജ്, എനിക്കും ഇന്നേ വരെ തലമറയ്ക്കലിന്റെ ശാസ്ത്രം പിടികിട്ടിയിട്ടില്ല. ഞാന്‍ തല മറയ്ക്കാത്ത ആളൊന്നുമല്ല. തണുപ്പായാല്‍ അധികം വെയലത്തുകൂടെ നടക്കേണ്ടി വന്നാല്‍ ...അതില്‍ നിന്നൊക്കെ മനസ്സിലാവുന്നത് ചില പ്രകൃതി പാഠങ്ങളാണ്. കാലാവസ്ഥ, പരിസ്ഥിതിയുമായി ബന്ധപ്പെട്ടാണ് വസ്ത്രവും നമ്മള്‍ സ്വീകരിക്കുന്നത്.

ഇവിടെ തന്നെ എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ക്ക് ലിങ്കുകള്‍ അനവധി. പക്ഷേ, മതം പറയുന്ന യുക്തിയോ വിശദീകരണമോ അല്ല വേണ്ടത്. നമുക്കുവേണ്ടത് ചുറ്റും മനുഷ്യരായി ജീവിക്കുന്നവരുടെ യുക്തിയാണ്.

നിരക്ഷരൻ said...

കുത്തഴിഞ്ഞ ജീവിതം നയിക്കാതിരിക്കാൻ വേണ്ടി പടച്ചിറക്കിയിട്ടുള്ള രണ്ട് വലിയ കള്ളങ്ങളാണ് നരകവും സ്വർഗ്ഗവും. നമ്മൾ ചെയ്യുന്ന നന്മകൾക്കും തിന്മകൾക്കുമുള്ള പ്രതിഫലം മുഴുവൻ ഇഹലോകത്തുനിന്ന് തന്നെ കിട്ടും. പരലോകം എന്നൊന്ന് ഇല്ല.

മൈനയ്ക്കുള്ള ഷോപ്പിങ്ങ് മാൾ (തീർച്ചയായും പെട്ടിക്കട അല്ല) മൈന തന്നെ പണിതുയർത്തിക്കൊണ്ടിരിക്കുന്നുണ്ട്, വായനക്കാരുടെയും സഹപ്രവർത്തകരുടേയും സഹജീവികളുടേയും മനസ്സിൽ. തല മറയ്ക്കാതെയും തലയ്ക്കുള്ളിൽ ഉള്ളത് മറക്കാതെയും സധൈര്യം മുന്നോട്ട് തന്നെ നീങ്ങുക.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

എന്തു തന്നെയായാലും മുകളില്‍ പറഞ്ഞ അത്താമ്മയും ഹാജു ചിന്നമ്മായുമൊക്കെ മരിച്ചു പോയി. അവരൊക്കെ നരകത്തിലാണെങ്കില്‍ എനിക്കെന്തിനാണ് സ്വര്‍ഗ്ഗം?

അതു തന്നെ..ഇല്ലാത്ത സ്വർഗത്തിന്റേയും നരകത്തിന്റേയും കഥ പറഞ്ഞു മനുഷ്യനെ വിഡ്ഡികളാക്കുന്നവർ സ്വയം മണ്ടന്മാർ ആകുന്നു അല്ലാതെന്ത്?

sureshthannickelraghavan said...

എനിക്കൊരു സംശയം മൈനെ ,,,, ഇയാടെ വിരല് മുറിഞ്ഞാല്‍ , കാണുന്ന പച്ച ചോര ,,,ആര്‍ക്കും ഇഷ്ടപ്പെടില്ലന്നു !!!!

V P Gangadharan, Sydney said...

Bold and Broad. Brevity in the meture observation of humanity
Demonstration of braveness in kicking away the man-made barbed fences between the so-called castes and religions....
Bravo, Maina!

ansh said...

Cngrtss maina....kaaryangal thurannu parayanulla thantedam abhinandhanam arhikkunnu...palappolum palarkkum athu kazhiyaarilla

ansh said...

Cngrtss maina....kaaryangal thurannu parayanulla thantedam abhinandhanam arhikkunnu...palappolum palarkkum athu kazhiyaarilla

Radhakrishnan said...
This comment has been removed by the author.
Radhakrishnan said...

........... ഇന്ന് ആദ്യമായി ഇവിടെ എത്തി . സഹോദരി എഴുതിയ കഥകൾ , ലേഖനങ്ങൾ ആദ്യമായി വായിക്കുന്നതാ . സഹോദരിയുടെതായി മുന്പ് മുഖപുസ്തകത്തിലെ സ്റ്റാറ്റസ് മാത്രമായിരുന്നു വായിച്ചിരുന്നത്. ഇന്ന് സമയം കിട്ടിയപ്പോൾ google എന്നെ ഇവിടെ എത്തിച്ചു . സമയം പാഴായില്ല . എഴുത്തും ശൈലിയും ഇഷ്ടപ്പെട്ടു ..... ബാക്കിയും വായിക്കണം ...... അതിനു വേണ്ടി സമയം നീക്കി വെക്കണം ... ഈ പ്രവാസ വാസം പുസ്തക ലോകത്ത് നിന്നും എന്നെ അകറ്റി, പുതിയ എഴുത്തുകാരെ ആരെയും അറിയില്ല. പഴയ എഴുത്തുകാരുടെ കഴിഞ്ഞ 15-20 വർഷത്തെ പുസ്തകങ്ങള ഒന്നും അറിയില്ല . പ്രവാസ ജീവിതം തന്ന നഷ്ടങ്ങളുടെ കുട്ടത്തിൽ ഇതും. സഹോദരിക്ക് ആശംസകൾ നേരുന്നു .....