Wednesday, November 9, 2011

'മഞ്ഞവെയില്‍ മരണങ്ങളി'ലൂടെ

ഒറ്റയിരുപ്പിന് വായിച്ചു തീര്‍ത്ത പുസ്തകമേതെന്ന് ചോദിച്ചാല്‍ ഒറ്റ മറുപടിയേയുണ്ടാവൂ ബെന്യാമിന്റെ ' മഞ്ഞവെയില്‍ മരണങ്ങള്‍'. 

നൂറുകൂട്ടം കാര്യങ്ങള്‍ക്കിടയില്‍ ഒറ്റയിരുപ്പെന്നു പറഞ്ഞാല്‍ ശരിയാവില്ല. പക്ഷേ, നേരം വെളുത്ത് ജോലിക്കുപോണോല്ലോ എന്ന സങ്കടത്തോടെയാണ് രാത്രി ഒരുമണിയോടെ പുസ്തകമടച്ചുവെച്ചത്. നേരം വെളുത്താല്‍ ബാക്കികൂടി തീര്‍ക്കണമെന്നൊക്കെയായിരുന്നു അപ്പോള്‍ ചിന്തിച്ചത്. പക്ഷേ, വീട്ടുജോലി്ക്കിടെ പറ്റിയില്ല. എന്നാലോ ഓഫീസിലേക്ക് പോകാന്‍ ബസ്സില്‍ കയറി ഒരു സീറ്റുകിട്ടിയപ്പോഴെ ചെയ്ത പരിപാടി മൊബൈലില്‍ Google ല്‍ Diego Garcia കണ്ടുപിടിക്കുകയായിരുന്നു. പക്ഷേ, അന്ത്രപ്പേറിനെ അവിടെ കണ്ടെത്താനായില്ല. 

 പുസ്തകം വായിച്ചു തീര്‍ന്നിട്ടും ഇതൊക്കെ തന്നെയാണ് ചെയ്തത്. അന്ത്രപ്പേര്‍ എന്ന് മലയാളത്തില്‍ Search ചെയ്തപ്പോള്‍ ആലപ്പുഴയിലെ ഏതൊക്കെയോ അന്ത്രപ്പേര്‍ ചരമവാര്‍ത്തകളിലേക്കാണ് പോയത്. 

ആടുജീവിതവും ഈ നോവലും തമ്മില്‍ ഒരു സാമ്യവുമില്ല എന്നു തന്നെ പറയേണ്ടി വരും. എന്നാലോ ഓരോ പേജും നമ്മളെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തും. ഇടയ്‌ക്കെവിടെനിന്നൊക്കെയോ ടി ഡി രാമകൃഷ്ണന്റെ ' ഫ്രാന്‍സിസ് ഇട്ടിക്കോര'യുടെ മണം വരും. അതുപക്ഷേ, അടുത്തു കാറ്റിന് പോവുകയും ചെയ്യും.

 എഴുത്തുകാരനായ ബെന്യമിന്‍ തന്നെയാണ് ഇതിലെ ഒരു പ്രധാന കഥാപാത്രം. നോവലിനുള്ളിലെ മറ്റൊരു നോവല്‍. നോവലിസ്റ്റ് ആകാന്‍ മോഹിച്ച ഡീഗോ ദ്വീപു നിവാസിയായ അന്ത്രപ്പേര്‍ തന്റെ നോവല്‍ അല്ലെങ്കില്‍ ആത്മകഥയുടെ ഒരുഭാഗം ബെന്യാമിന് അയച്ചുകൊടുക്കുന്നു. തുടര്‍ന്നുള്ള ഭാഗങ്ങള്‍ക്കു വേണ്ടി് ബെന്യമിനും സംഘവും നടത്തുന്ന അന്വേഷണം ഒരു ഭാഗത്ത്..സെന്തിലിന്റെ കൊലപാതകം അന്വേഷിച്ചു നടക്കുന്ന അന്ത്രപ്പേര്‍ മറ്റൊരിടത്ത്. ഒരിക്കല്‍ കിട്ടിയപോലാവില്ല മറ്റൊരിക്കല്‍ നോവല്‍ ഭാഗങ്ങള്‍ കിട്ടുന്നത്. ബ്ലോഗ്, ഓര്‍ക്കുട്ട്, ഫേസ്ബുക്ക് എല്ലാം ഇവിടുണ്ട്. ബെന്യാമിനും സുഹൃത്തുക്കളും ഉള്‍പ്പെടുന്ന വ്യാഴച്ചന്തയില്‍ ബ്ലോഗര്‍ നട്ടപ്പിരാന്തനും അംഗമാണ്.

 ഡീഗോ ഗാര്‍ഷ്യയുടെ ചരിത്രവും വര്‍ത്തമാനവും, അന്ത്രപ്പേര്‍ കുടുംബത്തിന്റേയും സെന്തിലിന്റെ മരണത്തിന്റേയും എല്ലാംകൂടി ഉപ്പും മുളകും പുളിയും മധുരവുമെല്ലാ്ം പാകത്തിന്...ഇതൊക്കെ സത്യമോ ഭാവനാസൃഷ്ടിയോ എന്നൊക്കെ തോന്നിപ്പോകും. എല്ലാം നേരുമാത്രമാണ് എന്ന് നൂറുവട്ടം തോന്നിപ്പോകും. എന്തുമാകട്ടെ, കഥ പറയുന്നതില്‍ അര്‍ത്ഥമില്ല. അത് വായിച്ചുതന്നെ അനുഭവിക്കണം.


വാക്കുകള്‍ ചിലനേരത്ത് അമ്പരപ്പിക്കുന്നു.  കല്ലറയ്ക്കരുകില്‍ പോയ ഒരാളുടെ ചിന്തകള്‍ നോക്കു.  ( കല്ലറയ്ക്കുള്ളിലുള്ളവളുടെ പേര് ഇവിടെ അവള്‍ എന്നാക്കുന്നു)
ഇളക്കിയ മണ്ണില്‍ ചെറുചെടികള്‍ നാമ്പു നീട്ടിയിരിക്കുന്നു.  സിമന്റ് സ്ലാബില്‍ പായലിന്റെ കണികകള്‍ പച്ചപിടിച്ചു തുടങ്ങിയിരിക്കുന്നു.  ലോകം കാണാനുള്ള ആര്‍ത്തിയില്‍ അവള്‍ കല്ലറയ്ക്കു പുറത്തേക്ക് എത്തിനോക്കുകയാണെന്നാണ് എനിക്ക് തോന്നിയത്.  കുഞ്ഞിച്ചെടികളേ,  നിങ്ങളാണോ അവളുടെ കണ്ണുകള്‍.  നിങ്ങളാണോ അവള്‍ക്ക് ഭൂമിയിലെ വാര്‍ത്തകള്‍ പറഞ്ഞു കൊടുക്കുന്നത്.  ഞാന്‍ ആ ചെടികളോട് ചോദിച്ചു. അവ അതെ എന്ന് തലയാട്ടി.  ഞാന്‍ വന്ന കാര്യം അവളോടു പറയാമോ...? പറയാം പറയാം എന്നവ ഇലകള്‍ വിടര്‍ത്തി.  ...മെഴുതിരികള്‍ തെളിച്ച് അവയ്ക്ക് സ്‌നേഹത്തിന്റെ വെളിച്ചം കൊടുത്തു.  തിരിച്ചുപോരുമ്പോള്‍ ഇനിയും വരണേ വരണേ എന്ന് അവ എന്നോട് കരഞ്ഞു.  ഞാനും.


 പ്രിയപ്പെട്ട ബെന്യമിന്‍, 

 മോഹന്‍ദാസ് പുറമേരിയുടെ ആര്‍ക്കിപിലാഗോയ്ക്ക് അവാര്‍ഡുകിട്ടുമ്പോള്‍ അന്ത്രപ്പേറിന് അസൂയയും ദേഷ്യവും ഭ്രാന്തുവരെ വരുന്നുണ്ട്. മോഹനെ അപ്പോള്‍ കൈയ്യില്‍ കിട്ടിയാല്‍ കായലില്‍ മുക്കികൊല്ലുമായിരുന്നു. അത്രയ്ക്കും വൈരാഗ്യമാണ് തോന്നിയത്. ഫോണെടുത്ത് മോഹനെ വിളിച്ചത് പത്തു തെറി പറയാനായിരുന്നു. പക്ഷേ, പറഞ്ഞതത്രയും പൊള്ളയായ അഭിനന്ദന വാക്കുകളാണ്! സ്വയം ലജ്ജ തോന്നുന്ന അഭിനന്ദന വാക്കുകള്‍!
 അങ്ങനെയുള്ള അഭിനന്ദനവാക്കുകളല്ല. ഹൃദയത്തില്‍ നിന്നു വരുന്ന വാക്കുകള്‍..മഞ്ഞവെയില്‍ മരണങ്ങള്‍ ആരെങ്കിലും പറഞ്ഞിട്ട് വായിക്കേണ്ടി വരാഞ്ഞത് ഭാഗ്യമായി കരുതുന്നു. അതിലേറെ സന്തോഷവും... അപ്പോള്‍ 'നെടുമ്പാശ്ശേരി' എവിടെ എന്നൊരു ചോദ്യം ബാക്കി കിടക്കുന്നുണ്ട്. ഇത്തിരി അസൂയ തോന്നിയത് 'വ്യാഴച്ചന്ത'യില്‍ അംഗമാകാനായില്ലല്ലോ എന്നതില്‍ മാത്രം.

 ആശംസകള്‍ നേരുന്നു. 

 D C Books Rs 195/-

10 comments:

Myna said...

മോഹന്‍ദാസ് പുറമേരിയുടെ ആര്‍ക്കിപിലാഗോയ്ക്ക് അവാര്‍ഡുകിട്ടുമ്പോള്‍ അന്ത്രപ്പേറിന് അസൂയയും ദേഷ്യവും ഭ്രാന്തുവരെ വരുന്നുണ്ട്. മോഹനെ അപ്പോള്‍ കൈയ്യില്‍ കിട്ടിയാല്‍ കായലില്‍ മുക്കികൊല്ലുമായിരുന്നു. അത്രയ്ക്കും വൈരാഗ്യമാണ് തോന്നിയത്. ഫോണെടുത്ത് മോഹനെ വിളിച്ചത് പത്തു തെറി പറയാനായിരുന്നു. പക്ഷേ, പറഞ്ഞതത്രയും പൊള്ളയായ അഭിനന്ദന വാക്കുകളാണ്! സ്വയം ലജ്ജ തോന്നുന്ന അഭിനന്ദന വാക്കുകള്‍!
അങ്ങനെയുള്ള അഭിനന്ദനവാക്കുകളല്ല. ഹൃദയത്തില്‍ നിന്നു വരുന്ന വാക്കുകള്‍..മഞ്ഞവെയില്‍ മരണങ്ങള്‍ ആരെങ്കിലും പറഞ്ഞിട്ട് വായിക്കേണ്ടി വരാഞ്ഞത് ഭാഗ്യമായി കരുതുന്നു. അതിലേറെ സന്തോഷവും..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഈ ആസ്വാദനക്കുറിപ്പിനു നന്ദി..പുസ്തകം വായിക്കാൻ പറ്റിയില്ല..ഇനി നാട്ടിൽ പോകുമ്പോൾ വാങ്ങണം.

ആശംസകൾ !

praveen mash (abiprayam.com) said...

"ഇടയ്‌ക്കെവിടെനിന്നൊക്കെയോ ടി ഡി രാമകൃഷ്ണന്റെ ' ഫ്രാന്‍സിസ് ഇട്ടിക്കോര'യുടെ മണം വരും. അതുപക്ഷേ, അടുത്തു കാറ്റിന് പോവുകയും ചെയ്യും."
നല്ല ഭാഷ ..!

shaji koyilandy said...

Hmmm

pravaahiny said...

അങ്ങനെയുള്ള അഭിനന്ദനവാക്കുകളല്ല. ഹൃദയത്തില്‍ നിന്നു വരുന്ന വാക്കുകള്‍..shari aanu. nalla ezhuthu.

Manoraj said...

മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന ഈ പുസ്തകം എന്താണ്? ഇത് ചരിത്രമാണോ? നോവലിസ്റ്റിന്റെ മനോഹരമായ ഭാവനയാണോ? അതോ യാതൊരു നാട്യങ്ങളുമില്ലാതെ പറഞ്ഞു തീര്‍ത്ത ഒരു സസ്പെന്‍സ് ത്രില്ലറാണോ? എന്നോട് ചോദിച്ചാല്‍ ചരിത്രത്തില്‍ ഭാവന ചേര്‍ത്തെഴുതിയ സസ്പെന്‍സ് ത്രില്ലെര്‍ എന്ന് ഞാന്‍ പറയും. നോവലിന് പോരായ്മകള്‍ ഇല്ല എന്നോ പരിപൂര്‍ണ്ണമായി നോവല്‍ ഗംഭീരമെന്നോ അല്ല ഇതിലൂടെ പറയാന്‍ ശ്രമിക്കുന്നത്. മറിച്ച് വായനക്കാരനെ നോവലിന്റെ ആഴങ്ങളിലേക്ക് നയിക്കുവാന്‍ , അതിന്റെ ഗഹനതയിലേക്ക് ഇഴുകിചേര്‍ക്കുവാന്‍ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട് എന്നാണ്. ഓരോ പേജും കടന്നുപോകുന്നത് നിറയെ വിസ്മയം സൃഷ്ടിച്ചുകൊണ്ടാണ്. ഇത്രമേല്‍ ലയിച്ചിരുന്ന് ഇതിന് മുന്‍പ് ഒരു പുസ്തകം വായിച്ചു തീര്‍ത്തത് സങ്കീര്‍ത്തനം പോലെയായിരുന്നു.

മഞ്ഞവെയില്‍ മരണങ്ങളെ പറ്റി ഒരു പോസ്റ്റ് ഞാനും ഇട്ടിരുന്നു. അതിലേക്ക് ഇത് വഴി പോകാം.

അതിരുകള്‍/പുളിക്കല്‍ said...

ചില പുസ്തകങ്ങള്‍ അങ്ങിനെയാണ്.ഒന്നു കണ്ണോടിച്ചു കളയാമെന്നു കരുതി വായിക്കാന്‍ തുടങ്ങിയാല്‍ നിറുത്താന്‍ മനസ്സനുവദിക്കില്ല..ജീവനുള്ള രചനകള്‍ എഴുത്തുകാരനും വയനക്കരനും തമ്മിലുള്ള സംവാദമാണ്.സാഹിത്യത്തെപ്പറ്റി ഒന്നും പറയാനുള്ള കെല്‍പ്പ് ഞാന്‍ അവകാശപ്പെടുന്നില്ല എങ്കിലും എനിക്ക് പറയാന്‍ തോന്നുന്നു.ഒരു സാഹിത്യസൃഷ്ടി ഒരു ഭാഷയിലെഴുതപ്പെടുന്നുവെങ്കിലും എഴുതിത്തീരുന്നതോടെ അതു ഭാഷകള്‍ക്കുപരി മാനവ ഭാഷയിലേക്കുയര്‍ത്തപ്പെടുന്നു.മനുഷ്യനെ അവന്‍ സ്വയം പൂട്ടിയിട്ടുള്ള തടവറകളില്‍ നിന്നും പുറത്തു കൊണ്ടുവരാന്‍ ജീവനുള്ള രചകള്‍ക്ക് മാത്രമേ കഴിയൂ..ഈ ധര്‍മ്മമാണ് ബെന്യമിന്‍ വായനക്കാരനോട് കാണിച്ചിട്ടുള്ളത്...അഭിനന്ദനങ്ങള്‍ മൈനാ.....

Unknown said...

ഏറ്റവും ഒടുവില്‍ നവംബര്‍ ഒന്‍പതിന് കോഴിക്കോട് വിമാനത്താവളത്തില്‍ ദുബൈയിലെക്കുള്ള വിമാനം കയറാന്‍ ഇരിക്കുമ്പോള്‍ എന്തെങ്കിലും ഒന്ന് വായിക്കാന്‍ കിട്ടുമോ എന്ന് നോക്കിയപ്പോള്‍ ആണ് 'മഞ്ഞ വെയില്‍ മരണങ്ങള്‍' കണ്ടത്.. വാങ്ങി വായന തുടങ്ങി. ഇത് വരെ മുഴുമിക്കാന്‍ കഴിഞ്ഞില്ല. ഓരോ തവണ നിര്‍ത്തുമ്പോഴും വായിച്ചു തീര്‍ക്കാന്‍ ഒഴിവു സമയം എങ്ങനെ പാകപ്പെടുതും എന്നതിലാണ് ചിന്ത. ഒരു നല്ല വായനാനുഭവം കാണുന്നു..മുഴുമിച്ചാല്‍ മാത്രമേ എന്തെങ്കിലും പറയാന്‍ കഴിയൂ... ആട് ജീവിതതിനുമപ്പുറം ഒരു പുതിയ അനുഭൂതി കൂടി പകര്‍ത്തിയതിന് നന്ദി.

Unknown said...
This comment has been removed by the author.
സജി said...

നിങ്ങളാണോ അവള്‍ക്ക് ഭൂമിയിലെ വാര്‍ത്തകള്‍ പറഞ്ഞു കൊടുക്കുന്നത്. ഞാന്‍ വന്ന കാര്യം അവളോടു പറയാമോ...? പറയാം പറയാം എന്നവ ഇലകള്‍ വിടര്‍ത്തി. ...മെഴുതിരികള്‍ തെളിച്ച് അവയ്ക്ക് സ്‌നേഹത്തിന്റെ വെളിച്ചം കൊടുത്തു. തിരിച്ചുപോരുമ്പോള്‍ ഇനിയും വരണേ വരണേ എന്ന് അവ എന്നോട് കരഞ്ഞു. ഞാനും.

ഞാനും...