Sunday, June 5, 2011

സഹജീവനം അതിജീവനം

ഇന്ന് ലോക പരിസ്ഥിത ദിനം


ഞങ്ങളുടെ പറമ്പിന്റെ കിഴക്കേ അതിര് വയലായിരുന്നു. ഒരുപാട് കിളികള്‍ അവിടെ പറന്നിറങ്ങിയിരുന്നു. കൊയ്ത്തുകാരികള്‍ക്കൊപ്പം പോകുന്ന ഞങ്ങളുടെ മേലേക്ക് പച്ചക്കുതിരകള്‍ പറന്നുവന്നിരുന്നു. കണ്ടത്തിനോട് ചേര്‍ന്ന പറമ്പ് ഇരുള്‍മൂടിക്കിടന്നു. മാവും പ്ലാവും പുല്ലാഞ്ഞിയും വട്ടിരുമ്പും..കരിയിലകള്‍ വീണ് നിലം കാണാന്‍ കഴിയുമായിരുന്നില്ല. വേനലവധിക്കാലങ്ങളില്‍ ആ കരിയിലകളില്‍ ഞങ്ങള്‍ കുത്തിമറിഞ്ഞു. അന്നേരം കരിയില അല്പം നീക്കിയാല്‍ തണുത്ത മണ്ണ് കാണാമായിരുന്നു. വിരലില്‍ കുത്തിനോവിച്ചു കൊണ്ട് ഇരുവാലന്‍ ഉറുമ്പ്, ആദ്യമായി ആകാശം കണ്ടമട്ടില്‍ ഞങ്ങളെ നോക്കിച്ചിരിക്കുന്ന മണ്ണിര, ചേരട്ടയും ചെറുപ്രാണികളും..ചിതലുകള്‍...ഇരുട്ടില്‍ മൂളിപ്പേടിപ്പിച്ച നത്ത്...രാത്രികാലങ്ങളില്‍നിന്ന് കാട്ടില്‍ നിന്ന് കോഴിയെപിടിക്കാന്‍ വന്നിരുന്ന കുറുക്കന്‍..കോഴികളുടെ എണ്ണം ഓരോന്നായി കുറയുമ്പോള്‍ കാടിനു തീയിട്ട് കുറുക്കനെ ഓടിക്കാനല്ല ശ്രമിച്ചത്. ഇവിടെ കോഴി വാഴില്ലെന്ന് പറഞ്ഞ് കോഴിക്കൂട് കിഴക്കുവശത്തു നിന്ന് പടിഞ്ഞാട്ടേക്ക് മാറ്റി... കലപില ഒച്ചവെച്ചുകൊണ്ട് പൂത്താങ്കീരികള്‍ പറന്നിറങ്ങി, മുറ്റത്തും പറമ്പിലും മാടത്തകള്‍, ഓലേഞ്ഞാലി...

മരങ്ങളുടെ വേരുകള്‍ ഇറങ്ങുന്നുവെന്ന് പറഞ്ഞ് കണ്ടത്തില്‍ കപ്പനട്ടു. പിന്നെ വാഴയായി ..കുറച്ചുകാലം വെളിമ്പ്രദേശംപോലെയായി...കണ്ടത്തിന്റെ ഒരറ്റത്ത് ഓലികുത്തി. തെളിനീര്‍വെള്ളം. വെളളം മൂക്കാന്‍ ഉപ്പും കരിക്കട്ടയുമിട്ടു. മണ്ണിന്റെ അവകാശിയായ മുറുക്കുന്നത്തയോടോ ഓലി കുത്താന്‍ മുന്നില്‍ നിന്ന അമ്മച്ചിയോടോ അനുവാദം ചോദിക്കാതൊരു ദിവസം വെളളത്തിപ്രാണി വന്നു. ഇനിയങ്ങോട്ട് വെള്ളം തെളിയിക്കാന്‍ ഞങ്ങളുണ്ടെന്ന് അവ പ്രഖ്യാപിച്ചു. അതിനടുത്തൊരുനാള്‍ പലതരം മീനുകള്‍ വന്നു. പിന്നെ തവള , ഞണ്ട്, നീര്‍ക്കോലി...കവുങ്ങിന്‍ തലപ്പത്തൊരു പൊന്മാന്‍...

പക്ഷേ, ഭാഗം കിട്ടിയവര്‍ കണ്ടവും അതിനോട് ചേര്‍ന്ന ഇരുള്‍മൂടിയ പറമ്പും വിറ്റു. കരിയിലകള്‍ പുതഞ്ഞുകിടന്നിടം ഒരു വീട്ടിലേക്കു വണ്ടി കയറിപ്പോകുന്ന റോഡായി..കണ്ടത്തില്‍ നാലോ അഞ്ചോവീടുകള്‍...തീര്‍ച്ചയായും, മരങ്ങള്‍, അവിടെ വസിച്ചിരുന്ന ജീവികള്‍, ആ നിഴലില്‍ പറ്റിപ്പിടിച്ചു വളര്‍ന്നിരുന്ന സസ്യങ്ങള്‍ ഒന്നുമില്ലാതായി..ഒന്നിന്റെ നാശം സര്‍വ്വതിന്റെയും നാശമായി..മനുഷ്യന്റെ, ജീവിജാലങ്ങള്‍ക്കിടയിലെ പരസ്പരാശ്രിതത്വമാണ് അതോടെ ഇല്ലാതായത്. എവിടെ നിന്നെങ്കിലും ഒരു പാമ്പ് കയറി വന്നാല്‍ നമ്മള്‍ വിറയ്ക്കുന്നു. കൊല്ലാന്‍ വിറകുകോലെടുക്കുന്നു.
ഡി. വിനയചന്ദ്രന്‍ ആത്മകഥയില്‍ പറയുന്നു: 'വല്ലപ്പോഴും വീട്ടുമുറ്റത്ത് വിചിത്രശബളിമയുളള കുഞ്ഞു സര്‍പ്പങ്ങള്‍ വരും. അമ്മയ്ക്കു പേടിയില്ല, അടുത്തു ചെന്നു ശാസിക്കും. ഞങ്ങള്‍ വിളക്കുകൊളുത്തുന്നുണ്ടല്ലോ, ഇങ്ങനെയൊക്കെ വന്നാല്‍ ആളുകള്‍ പേടിക്കില്ലേ?.. പൂര്‍ണ്ണവിശ്വാസത്തിന്റെ ഈ അഭ്യര്‍ത്ഥനകേട്ട് സര്‍പ്പദൈവങ്ങള്‍ അപ്രത്യക്ഷമാകും.'
വിശ്വാസത്തേക്കാളേറെ സഹജീവനത്തിന്റെ സംസ്‌ക്കാരമായിരുന്നു മുമ്പുണ്ടായിരുന്നത്.
പുരാതന ജൈനര്‍ സന്ധ്യയ്ക്ക് വിളക്ക് കത്തിച്ചിരുന്നില്ല. വിളക്കിന്റെ പ്രകാശത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ചെറുപ്രാണികള്‍ ചത്തുവീഴാതിരിക്കാനായിരുന്നത്. സഹജീവികളോട് അത്രയേറെ ബഹുമാനമുണ്ടായിരുന്നു ജൈനസംസ്‌ക്കാരത്തിന്. എന്നാല്‍ കേരളത്തില്‍ ജൈനരില്‍ അധികവും താമസിക്കുന്ന പ്രദേശമാണ് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതപ്രദേശം. അവിടെ ചെറുജീവികളോ പറവകളോ, ജലജീവികളോ ഇല്ല. അവയ്‌ക്കൊന്നും നിലനില്ക്കാന്‍ ആവാത്തവിധം വിഷാംശം മണ്ണിലും വെള്ളത്തിലും ലയിച്ചു കഴിഞ്ഞു.

കുറച്ചുനാള്‍ മുമ്പ് ഒരു സുഹൃത്ത് വിളിച്ചു ചോദിച്ചു.
വീടിനടുത്ത് പാമ്പുവരാതിരിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ?
വന്നോട്ടെ, അതിനെന്താണെന്ന പ്രതികരണത്തിന് വലിയ മൂര്‍ഖന്‍ പാമ്പുവന്ന് കോഴിയെ വിഴുങ്ങുന്നു. കണ്ടാല്‍തന്നെ പേടിയാവുന്നു എന്ന് അവന്‍.
മണ്ണെണ്ണ, വെളുത്തുള്ളി, കായം ഇതൊക്കെ എത്രനാള്‍ പറ്റും?
മൂര്‍ഖന്‍ തന്നെയാണ് വീട്ടുമുറ്റത്തേക്ക് ഭയപ്പെടുത്തിക്കൊണ്ട് വരുന്നതെന്നു പറഞ്ഞപ്പോള്‍ അടുത്ത് വയലുണ്ടോന്ന്് വെറുതെ ചോദിച്ചതാണ്. മുമ്പ് വയല്‍ മാത്രമായിരുന്നത്രേ അവിടം. പുല്ലും പുല്‍ച്ചാടിയുമില്ലാതാവുമ്പോള്‍
തവളയും എലിയുമില്ലാതാവുമ്പോള്‍ മാളം നഷ്ടപ്പെട്ട പാമ്പ് അതിജീവനത്തിന് അടുത്ത ഇരയെ തേടിയിറങ്ങും.

ഒ. എന്‍. വിയുടെ ഭൂമിക്കൊരു ചരമഗീതം വായിച്ചതോടെ നെഞ്ചിലൊരു വിള്ളലുണ്ടായി.
റേഡിയോ പാടുന്നു.

പാമ്പുകള്‍ക്കു മാളമുണ്ട്
പറവകള്‍ക്കാകാശമുണ്ട്
മനുഷ്യപുത്രന് ജീവിക്കാന്‍
മണ്ണിലിടമില്ല......

സത്യമാണോ?

പ്രകൃതിയിലെ സമ്പന്നമായ വൈവിധ്യങ്ങളുടെ ഒരു ഭാഗം മാത്രമാണ് മനുഷ്യന്‍. വന്‍ മരങ്ങള്‍ മുതല്‍ സൂക്ഷ്മജീവികള്‍ വരെ അടങ്ങുന്ന വൈവിധ്യത്തിലാണ് നമ്മുടെ നിലനില്പ്. മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളുടെയും ജീവന്റെ നിലനില്പ് ജൈവവൈവിധ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. എന്നാല്‍ പ്രകൃതിയെ സംരക്ഷിക്കാനും നശിപ്പിക്കാനുമാകുന്നത്് മനുഷ്യനുമാത്രമാണ.്

പ്രകൃതിയെ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം എന്ന് നമ്മള്‍ വിചാരിച്ചു. എടുക്കും തോറും വീണ്ടും വീണ്ടും ഉണ്ടാവുമെന്ന് കരുതി. പക്ഷേ, ഭൂമിയില്‍ ജീവനെ താങ്ങി നിര്‍ത്തുന്ന ജൈവ വൈവിധ്യങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ നശിച്ചു പോകുമെന്നും, ശരിയായ അവബോധമില്ലായ്മയുടെയും അശ്രദ്ധമായ ചെയ്തികളുടെയും ദുരന്തഫലമാണ് ഇന്ന് ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും തിരിച്ചറിയാന്‍ വൈകിപ്പോയെന്നു മാത്രം.

ഒന്നു കണ്ണടച്ചു തുറന്നാല്‍ കാണുന്ന സസ്യങ്ങളില്‍ പലതിനെയും അറിയില്ല. പലപ്പോഴുമത്് മറ്റു ഭാഷകളിലെ ലിപികള്‍ കാണുമ്പോലെയാണ്. ഒരുതരം നിശ്ചയമില്ലായ്മ. ഒരക്ഷരമെങ്കിലും തിരിയുമോ എന്ന് ശ്രമിച്ചുനോക്കും. കടലാസില്‍ ഉറുമ്പരിക്കുന്നതുപോലുളള അക്ഷരങ്ങള്‍...അതുപോലെയാണ് പലപ്പോഴും ചുററുപാടും. അധികവും അറിയില്ല. ലക്കു കിട്ടാതങ്ങനെ നില്ക്കും. പ്രകൃതിയുടെ വൈവിധ്യങ്ങള്‍ കണ്ട് അമ്പരന്ന്...
1.75 ദശലക്ഷം ഇനം ജീവികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ തിരിച്ചറിയാത്ത പതിന്മടങ്ങ് ജീവികളുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത് എന്നു കേള്‍ക്കുമ്പോള്‍ പകച്ചിരിക്കുകയല്ലാതെന്തു ചെയ്യാന്‍...

നാം ഉള്‍പ്പെടുന്ന ഈ ജീവന്റെ ശൃംഖല, കോടാനുകോടി വര്‍ഷങ്ങളിലൂടെയുണ്ടായ മാറ്റങ്ങളുടെയും പ്രകൃതി പ്രതിഭാസങ്ങളുടെയും മനുഷ്യ സ്വാധീനത്തിന്റെയും ഫലമാണ്.

ഇന്നുതന്നെ ജനസംഖ്യയില്‍ പകുതിയോളവും നഗരങ്ങളിലാണ് താമസിക്കുന്നത്. പ്രകൃതിയുമായി നേരിട്ടു ബന്ധമില്ലാതായിരിക്കുന്നു. പ്രകൃതിയുമായി മനുഷ്യനുള്ള അടുപ്പത്തില്‍ ഒരുപാട് നാട്ടറിവുകളുണ്ടായിരുന്നു. സാധാരണ മനുഷ്യനുകൂടി അനേകം ഔഷധസസ്യങ്ങളെയും മറ്റും തിരിച്ചറിയാനായിരുന്നു. ഈ വൈവിധ്യവുമായുള്ള ഇടപെടാല്‍ ഇല്ലാതാവുന്നതോടെ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള നമ്മുടെ ഔഷധ വിജ്ഞാനം തീര്‍ത്തും ഇല്ലാതാകും.

ഇന്നത്തെ കൃഷിയും പാരമ്പര്യവൈദ്യവും തമ്മില്‍ ചേര്‍ച്ചയില്ലെന്ന് പലപ്പോഴുമെനിക്ക് തോന്നിയിട്ടുണ്ട്. കൃഷിക്കാര്‍ക്ക് വിത്തുകള്‍ പൊട്ടിമുളച്ചുണ്ടാകുന്നതാണ് നല്ല ചെടി. ബാക്കിയെല്ലാം പാഴ്‌ച്ചെടികള്‍. എന്നാല്‍ ഒരു വൈദ്യനെ സംബന്ധിച്ച് കാണുന്ന ഏതു ചെടിയിലും ഔഷധഗുണം കണ്ടെത്തും.

ഒരുകാലത്ത് ഏകവിളത്തോട്ടങ്ങള്‍ അപൂര്‍വ്വമായിരുന്നു ഞങ്ങളുടെ നാട്ടി്ല്‍. കാപ്പി, കുരുമുളക്, ഇഞ്ചി, മാവ്, പ്ലാവ്, തെങ്ങ്, കവുങ്ങ്, എല്ലാം നിറഞ്ഞതായിരുന്നു ഏതു പറമ്പും. പിന്നെയത്,. റബ്ബറിലേക്കുമാത്രമോ, കുരുമുളകിലേക്കു മാത്രമോ ആയി ചുരുങ്ങി. വൈവിധ്യം നിറഞ്ഞൊരു തോട്ടത്തിലെ ചെടികളുടെ ഉത്പാദനശേഷിയോ കരുത്തോ ഏകവിളത്തോട്ടങ്ങള്‍ക്കില്ലെന്നാണ് തോന്നുന്നത്. ഒരു കീടം ആക്രമിച്ചാല്‍ ആ തോട്ടത്തിലെ എല്ലാമരങ്ങളും നശിക്കുന്നു. തെങ്ങായാലും റബ്ബറായാലും, പ്ലാന്റേഷനിലെ തേക്കുകളായാലും. എന്നാല്‍ വൈവിധ്യത്തിനു നടുവില്‍ നില്ക്കുന്നവയ്ക്ക്്് കൂട്ടത്തോടെ ഇത്തരം പ്രശ്‌നങ്ങളുണ്ടാവുന്നില്ല. തെങ്ങിനെ ആക്രമിക്കുന്ന കീടത്തിന് അടുത്തു നില്ക്കുന്ന മാവിനെ ആക്രമിക്കാനാവുന്നില്ല. അല്ലെങ്കില്‍ കുറച്ചകലെ നില്ക്കുന്ന തെങ്ങിനെതന്നെ ആക്രമിക്കാനാവുന്നില്ല.

മൂന്നുനൂറ്റാണ്ടുമുമ്പുണ്ടായ വ്യാവസായിക വിപ്ലവത്തോടെ , പുതു സാങ്കേതിക വിദ്യ ഉപയോഗിച്ച് അമിതമായ വിളവെടുപ്പിന് കണക്കില്ലാതായി. ഇക്കാലയളവില്‍ പ്രകൃതിയുടെ കണക്കിനേക്കാള്‍ എത്രയോ ഇരട്ടി സസ്യജന്തുജാലങ്ങള്‍ ഭൂമിയില്‍ നിന്ന് ഇല്ലാതായിട്ടുണ്ട്. പലതും വംശനാശഭീഷണിയിലാണ്. ആഡംബരത്തിനും അന്ധവിശ്വാസത്തിനും വേണ്ടി എത്രയേറെ ജീവജാലങ്ങളാണ് വേട്ടയാടപ്പെടുന്നത്?

കൗമാരത്തില്‍, ഒരു ദിവസം ഉണര്‍ന്നത് അസാധാരണമായ ഒരു ശബ്ദം കേട്ടുകൊണ്ടാണ്. ഒറ്റച്ചിലപ്പുമാത്രം. പിന്നെ കുറേ നേരത്തേക്ക് അനക്കമില്ല. ഈ ശബ്ദത്തെ തിരഞ്ഞുകൊണ്ട് കുറേ നേരം നടന്നു. കനം തൂങ്ങിയ ചിറകടി ശബ്ദം. ഇത്തവണ കണ്ടുകിട്ടി. അതിരിലെ പ്ലാവില്‍ ഒരു വിരുന്നുകാരന്‍ പരന്ന നീളന്‍കൊക്കും അത്ര ആകര്‍ഷണമല്ലാത്ത തൂവലുകളുമായി. ശബ്ദവും ഒട്ടും ഇമ്പമുളളതായിരുന്നില്ല. മലമുഴക്കി വേഴാമ്പാലായിരുന്നുവത്.
പേരിലെ ഇമ്പംകൊണ്ട് പഞ്ചവര്‍ണ്ണക്കിളിയെപ്പോലൊന്നാണ് വേഴാമ്പല്‍ എന്നായിരുന്നു അതു വരെ ധാരണ.

'േവഴാമ്പല്‍ ഒരുതുള്ളി ജലത്തിനായ് കാത്തിരിക്കും പോലെ
പ്രിയേ നിന്‍ സാമീപ്യം ഞാന്‍ കൊതിപ്പൂ...'എന്ന സ്വന്തമായതോ കോപ്പിയടിച്ചതോ ആയ വരികളോടെ കിട്ടിയ പ്രണയലേഖനത്തെ ഓര്‍ത്തു ചിരിച്ചു അപ്പോള്‍.

വെള്ളിമൂങ്ങയെ കണ്ടാല്‍ കന്യസ്ത്രീയുടെ മുഖത്തെ ഓര്‍മവരും. ഇരുതലയനാണെങ്കിലും പാമ്പെന്നു പറയുമ്പോഴേ പേടിയാവും ചിലര്‍ക്ക്്്. മുമ്പൊക്കെ രാത്രിയായാല്‍ മൂങ്ങയുടെ മൂളല്‍ കേട്ടാല്‍ പേടിയാവും. യക്ഷി, പ്രേതം..ഇപ്പോള്‍ ഇവയെല്ലാം കടല്‍ കടക്കുന്നു. പല തുമ്പികളും , ശലഭങ്ങളും , കഴുകനുമൊക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.

നമുക്കറിയാത്ത, ചിലപ്പോള്‍ പാഴ്‌ച്ചെടിയെന്നു വിചാരിക്കുന്ന സസ്യങ്ങളാവും മാരകരോഗങ്ങള്‍ക്കുള്ള ഔഷധം. ഏതാണ്ട് 34000 ത്തിലധികം സസ്യങ്ങളും 5200 ജീവികളും ലോകത്തുള്ള പക്ഷികളില്‍ എട്ടിലൊന്നും വംശനാശം നേരിട്ടുകഴിഞ്ഞു എന്നാണ് കണക്കുകള്‍. അതില്‍ കേരളത്തില്‍ മാത്രം കണ്ടുവരുന്നവയുമുണ്ട്. ജാവാദി വെരുക്, പറയോന്ത്, സിംഹവാലന്‍ കുരങ്ങ്,മരപ്പട്ടി, മണവാട്ടിത്തവള....
അടുത്തിടെ ലോകപൈതൃക പട്ടികയില്‍ സ്ഥാനം നേടി പശ്ചിമഘട്ടം. ലോകത്തെ 34 ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നുമാണ് സഹ്യാദ്രി. ജൈവസമ്പന്നതകൊണ്ട് മുന്നില്‍ നില്ക്കുന്നതും എന്നാല്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുമായ പ്രദേശങ്ങളാണ് ഹോട്ട് സ്‌പോട്ടുകളായി അറിയപ്പെടുന്നത്. കാടുകളാണ് ജൈവവൈവിധ്യത്തിന്റെ അറിയപ്പെടുന്ന സങ്കേതം. പക്ഷേ, പകുതിയോളം കാടും ഇന്നില്ലാതായിരിക്കുന്നു.

ദേശീയതൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന പല പണികളും കാണുമ്പോള്‍ വിചിത്രമായി തോന്നും. തോടുകളും നിരത്തും വൃത്തിയാക്കാനിറങ്ങുന്നവര്‍ തോട്ടരികിലെ കൈതകള്‍ വേരോടെ പിഴുതുകളയുന്നു. കൈതക്കാടുകള്‍ ഒരു ആവാസവ്യവസ്ഥയാണെന്നോ. ഉറവനല്കാന്‍ കൈതപ്പൊന്തകള്‍ക്കു കളിയുമെന്നോ ഒന്നും ആരും ചിന്തിക്കുന്നില്ല. തോട്ടിന്‍ വക്ക് പിറ്റേക്കൊല്ലം ഇടിഞ്ഞുവീഴുന്നു. പ്പോഴും തൊഴിലുറപ്പിലൂട തൊഴില്‍ ഉറപ്പാക്കാം. തോട്ടിന്‍കര ഇടിയാതിരിക്കാന്‍ മണല്‍ചാക്കുകള്‍ വെയ്ക്കാം.
കൈതയും ഈറ്റത്തുറുവുമൊക്കെ ഇപ്പോള്‍ വ്യാപകമായി ഇത്തരത്തില്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നുണ്ട്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ഇത്തരം തൊഴിലിന് നേതൃത്വം നല്‍കുന്നവര്‍ പരിസ്ഥിതി അവബോധം കൂടി ഉളളവരായിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു.

കൊതുകുമുട്ട ഭക്ഷണമാക്കിയിരുന്ന വാല്‍മാക്രികള്‍ ഇല്ലാതായിട്ടുണ്ട്. അലങ്കാര മത്സ്യകൃഷിക്കും കരിമീന്‍ വളര്‍ത്തലിനും മറ്റും പ്രോത്സാഹനം നല്കുന്ന സര്‍ക്കാരിനോട് വന്‍തോതില്‍ വാല്‍മാക്രികളെ ഉത്പാദിപ്പിച്ച് കുളങ്ങളിലും ജലാശയങ്ങളിലും എത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം കൊടുക്കാന്‍ ഒരുങ്ങുകയാണ് മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ എന്‍ എന്‍ എസ് യൂണിറ്റ്.

പഴയകാര്യങ്ങള്‍ പറയുമ്പോള്‍ മുടിഞ്ഞ നൊസ്റ്റാള്‍ജിയ എന്ന് ചിലര്‍ മുറുമുറുക്കും. നാളേക്കുവേണ്ടി എന്തെങ്കിലും ഇവിടെ ബാക്കി വെയ്ക്കാന്‍ നാം ബാധ്യസ്ഥരല്ലേ? തകര്‍ന്നു പോകേണ്ടതാണോ ഈ വൈവിധ്യവും ഭൂമിയും?

പലപ്പോഴും നഗരജീവിതത്തിനുള്ളില്‍ അസ്വസ്ഥതപ്പെട്ട് നടക്കുമ്പോള്‍ അറിയുന്ന ഒരു ചെടിയെ കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട-അടുത്ത ആരെയൊ കണ്ടതുപോലെ...
കുട്ടിക്കാലത്ത് ഞാനുമനിയത്തിയും ഏദന്‍തോട്ടമെന്ന് വിളിച്ചിരുന്ന തോട്ടത്തിലേക്ക് അടുത്തിടെ പോയി. ആ തോട്ടത്തില്‍ ഇല്ലാത്തതായി ഒന്നുമുണ്ടായിരുന്നില്ല. വിലക്കപ്പെട്ട കനിയൊഴിച്ച്. ആണ്ടില്‍ പ്ന്ത്രണ്ടു മാസവും ചക്ക തരുന്ന പ്ലാവ്. കായ്ച്ച് കുലകുത്തി നില്ക്കുന്ന അരിനെല്ലിമരം, നെല്ലി, മാതളനാരകം, ചെറുനാരകം, മുന്തിരിവളളി, ചന്ദനമരങ്ങള്‍....കൈത്തോട് അതിനപ്പുറം കരിമ്പിന്‍ വയല്‍...ഏതാണ്ടെല്ലാം ഇപ്പോഴും അങ്ങനെ തന്നെയുണ്ട്. ഉടമകളും. അവരെന്നും വീട്ടില്‍ തനിച്ചായിരുന്നു,. വയസ്സായിട്ടും അവരെങ്ങനെ ഏകാന്തതയെ അതിജീവിക്കുന്നു എന്ന് അത്ഭുതപ്പെട്ടു.. ഞങ്ങളെപ്പോലെ ആരെങ്കിലും അതിലെ വന്നാലായി..മനുഷ്യന്‍ തന്നെയായിരിക്കണം സഹവാസിക്കാനും ഇടപെടാനും സംസാരിക്കാനുമൊക്കെ വേണ്ടത് എന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് തോന്നിപ്പോയി. ചേച്ചി കോഴിയോടും പൂച്ചയോടും പശുവിനോടും സംസാരിച്ചുകൊണ്ടിരുന്നു. അവ തലകുലുക്കി കേട്ടുകൊണ്ടുമിരുന്നു. മുറ്റത്തെ റോസയോടും കനകാംബരത്തോടും ചേച്ചി ചോദിച്ചേക്കാം ഇവരെ അറിയില്ലേ എന്ന്്്. അവ മറുപടി പറയുന്നതും ചേച്ചിക്ക് മനസ്സിലാവും.

പലപ്പോഴും വേലികളെക്കുറിച്ച് ചിന്തിക്കാറുണ്ട്. പടുകൂറ്റന്‍ മതിലുകള്‍ കാണുമ്പോള്‍ പ്രത്യേകിച്ചും. വേലിതന്നെ ജൈവവൈവിധ്യത്തിന്റെ ചെറിയ സങ്കേതമായിരുന്നു. പലപ്പോഴും ചെമ്പരത്തിവേലികള്‍, അല്ലെങ്കില്‍ കമ്മട്ടിപത്തലോ, ചീമക്കൊന്നയോ നാട്ടിയ വേലികള്‍...ഈ വേലിയിലേക്ക് നിത്യ വഴുതിനയോ ചതുരപ്പയറോ, കുമ്പളമോ, മത്തയോ പടര്‍ന്നു കയറും. അതില്‍ പൂമ്പാറ്റകളും തുമ്പികളും പറന്നിരിക്കും. ഓന്തും അരണയും ഒളിച്ചിരിക്കും. പക്ഷികള്‍ കൂടുകൂട്ടും. പക്ഷേ, ഇന്ന് മതിലുകള്‍ക്കുള്ളില്‍ പുറം ലോകത്തെ അറിയാതെ അവനവനിലേക്കിറങ്ങുന്നു. ആ ലോകത്ത് നമ്മള്‍ മാത്രമേയുള്ളു. അതുപോലപ്പോഴും ഞാന്‍ മാത്രം എന്നാകുന്നു. ഭാവിതലമുറയെക്കുറിച്ച് ചിന്തിക്കുന്നേയില്ല. അവരും ഭൂമിയുടെ അവകാശികളാണെന്ന് ഓര്‍ക്കുന്നേയില്ല.നമ്മള്‍ കണ്ടനുഭവിച്ചതില്‍ കുറച്ചെങ്കിലും അവര്‍ക്കും വേണം എന്നു വിചാരിക്കുന്നേയില്ല.
കല്ലടാമുട്ടി, പരല്‍, വാലേപ്പുള്ളി, കുയില്‍, നെറ്റീപ്പൊട്ടന്‍, തലേക്കല്ലന്‍, വരാല്‍ ഇങ്ങനെ തിരച്ചറിഞ്ഞ മത്സ്യങ്ങള്‍ എത്രയായിരുന്നു. രാത്രികാലങ്ങളില്‍ ചൂട്ടും കത്തിച്ച് മീന്‍ പിടിക്കാന്‍ പോകുന്ന കുഞ്ഞാങ്ങളമാര്‍ക്കൊപ്പം കൂടിയിട്ടുണ്ട്. തോട്ടുവക്കത്തേക്ക് ചേര്‍ന്നിരിക്കും അവ.
നമ്മുടെ കുഞ്ഞുങ്ങള്‍
ചേറിന്‍ കുണ്ടിലെ ചെറുമീനേ
നീയോന്നോട് കളിക്കണ്ട
നീയെന്നോടു കളിച്ചെന്നാല്‍
ചൂണ്ടലിട്ടു പിടിക്കും ഞാന്‍...
എന്ന് അനിമേഷന്‍ കാര്‍ട്ടൂണ്‍ സിഡി കണ്ട് വളരും.
അവര്‍ ചേറും കുണ്ടോ ചൂണ്ടയോ കാണുന്നുണ്ടോ? കൃത്രിമായി കാണിച്ചുകൊടുത്ത് തൃപ്തിപ്പെടുക.
ആഗോളതാപനവും ഓസോണ്‍പാളിയുടെ വിളളലുമെല്ലാം ജൈവസമ്പത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്. ശരാശരി താപനില ഒരു ഡിഗ്രി ഉയര്‍ന്നാല്‍ തന്നെ പല സസ്യജീവജാലങ്ങളുടേയും നിലനില്പിനെ സാരമായി ബാധിക്കുമെന്ന് ശാസ്ത്രജഞര്‍ മുന്നറിയിപ്പു തരുന്നു.
ജൈവസമ്പത്തിനെ ചൂഷണം ചെയ്യാതെ നമുക്കു നിലനില്ക്കാനാവില്ല, എന്നാല്‍ സര്‍വ്വചരാചരാങ്ങളെയും മാനിച്ചുകൊണ്ട് ഒരു ക്രമത്തിലാവണമത്. ആഗോളീകരണത്തിന്റെയും പാരിസ്ഥിതിക തകര്‍ച്ചയുടേയും ഇക്കാലത്ത് ജൈവവൈവിധ്യശോഷണം മാനവരാശിനേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് ശാസ്ത്രലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു.


ജൈവവൈവിധ്യത്തെ തകര്‍ക്കുന്ന മറ്റൊന്ന് അധിനിവേശ സസ്യജീവജാലങ്ങളാണ്. നമ്മുടെ വൈവിധ്യത്തിലേറെയും വിദേശീയരാണ്. പക്ഷേ, അവ ഇവിടുത്തെ പരിസ്ഥിതിയുമായി ഇണങ്ങി വസിക്കുന്നു. എന്നാല്‍ അന്യജീവജാതികള്‍ ഒരു പ്രേദശത്ത് കടന്നുകൂടി പ്രാദേശിക സസ്യജന്തുജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും ഭീഷണിയാകുന്നതിനെയാണ് ജൈവഅധിനിവേശം എന്നു പറയുന്നത്.
ധൃതരാഷ്ട്രപ്പച്ച, പാണ്ടിത്തൊട്ടാവാടി, പാര്‍ത്തനീയം, കൊങ്ങിണി, കമ്മ്യൂണിസ്റ്റ് പച്ച, അക്കേഷ്യ, തിലോപ്പിയ, ഗാംബൂസിയ തുടങ്ങിയവയാണ് പ്രധാന അധിനിവേശ സസ്യജീവജാതികള്‍..
രണ്ടുമൂന്നു വര്‍ഷമായി പാണ്ടിത്തൊട്ടാവാടി പടര്‍ന്നുപിടിച്ച് ഒരു തെങ്ങിന്‍തോട്ടത്തെ നിരീക്ഷിച്ചുവരുന്നു. വര്‍ഷംതോറും അധിനിവേശത്തിന്റെ വ്യാപ്തികൂടുകയും തദ്ദേശീയ സസ്യങ്ങളെ കീഴടിക്കിയും ഇല്ലാതാക്കിയുമാണതിന്റ വളര്‍ച്ച. എന്നാല്‍ ആ പറമ്പിന്റെ ഒരരുകില്‍ നില്ക്കുന്ന പ്ലാവിന്റെ നിഴല്‍ വീഴുന്നൊരിടത്തും ഈ സസ്യത്തെ കാണാനില്ല. തോട്ടത്തിലുണ്ടായിരുന്ന പഴയ സസ്യങ്ങളില്‍ ചിലതെങ്കിലും അതിജീവനം തേടി പ്ലാവിന്‍ ചുവട്ടിലേക്കു വന്നു...സര്‍വ്വവും പാണ്ടിത്തൊട്ടാവാടിയുടെ പ്രളയത്താല്‍ മുങ്ങിപ്പോയപ്പോള്‍ നോഹയുടെ പെട്ടകമാണ് പ്ലാവിന്‍ ചുവടെന്ന് തോന്നി.
അധിനിവേശസസ്യജാലങ്ങള്‍, പ്രകൃതി നമുക്ക് നല്‍കുന്ന പാഠമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി ധൃതരാഷ്ട്രപ്പച്ചയോ , പാണ്ടിത്തൊട്ടാവാടിയോ അല്ല നമ്മുടെ പരിസ്ഥിതിക്ക് നാശം വിതച്ചു കൊണ്ടിരിക്കുന്നത്. വേലിപ്പടല്‍ ആണ്. കേരളത്തില്‍ എന്നല്ല ഗോവ അടക്കമുള്ള പടിഞ്ഞാറന്‍ തീരം മുഴുവന്‍ ഇതു പടര്‍ന്നു കഴിഞ്ഞു. പയറുവളളിയോട് സാദൃശ്യം തോന്നാവുന്ന ഈ സസ്യം വിവിധ രൂപത്തില്‍ കാണപ്പെടുന്നുണ്ട്. മറ്റ് അധിനിവേശസസ്യങ്ങളേക്കാള്‍ വേഗത്തിലും വളരാന്‍ കഴിയുന്നതിനു പുറമേ വളരെ ഉയരത്തിലേക്ക് പടര്‍ന്നു കയറാനും കഴിയുന്നു. അതുകൊണ്ടുതന്നെ വന്‍മരങ്ങള്‍ക്കുവരെ ഭീഷണിയാണ്. ഇവ നമ്മുടെ ചുറ്റുപാടില്‍ കുറച്ച് മുമ്പ് തന്നെയുണ്ട്. പക്ഷേ, അന്നൊന്നും ഭീഷണിയായി മാറിയിരുന്നില്ല. അനുകൂല കാലവസ്ഥ കിട്ടും വരെ അത് പതുങ്ങി ന്ിന്നു. പിന്നെ വളരെ പെട്ടെന്ന് പടര്‍ന്നു പിടിക്കുകയായിരുന്നു.
നമ്മുടെ പരിസ്ഥിതിയുമായി ഇണങ്ങിനിന്ന പല സസ്യങ്ങളും ഇവയ്ക്കുമുന്നില്‍ ഞെരിഞ്ഞമര്‍ന്നു പോയി.

പ്രകൃതി വേലിപ്പടലിലൂടെ മനുഷ്യസമൂഹത്തിനു മുന്നില്‍ ചില ദൃഷ്ടാന്തങ്ങള്‍ കാണിച്ചു തരികയാണ്. നാം അവനവനിലേക്കൊതുങ്ങി ചുറ്റുപാടിനെ ശ്രദ്ധിക്കാതിരിക്കുമ്പോള്‍ ചിലത് പതുങ്ങി നമുക്കടുത്തു വരികയും സൗഹൃദം കാണിച്ചു നില്ക്കുകയും പെട്ടെന്നൊരു ദിവസം നമ്മുടെ പൈതൃകത്തെയും സംസ്‌ക്കാരത്തെയും നമ്മളെത്തന്നെയും ഞെരിച്ചമര്‍ത്തി ശ്വാസം മുട്ടിച്ച് കൊല്ലുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ- ന്മമുടെ ചിന്തയെ, ജീവിതത്തെ, സാമൂഹ്യക്രമത്തെയെല്ലാം കീഴടക്കിക്കൊണ്ട് സാമ്രാജ്യത്വമെന്നോ, തീവ്രവാദമെന്നോ, മതാന്ധതയെന്നോ, ഏതെങ്കിലും തത്വശാസ്ത്രമെന്നോ എന്തുവേണമെങ്കലും പേരിട്ടുവിളിക്കാവുന്ന അധിനവേശത്തിന്റെ കീഴ്‌പ്പെടുത്തലവുകള്‍ക്ക് എന്നും പ്രകൃതി ചില പാഠങ്ങള്‍ കാണിച്ചു തന്നിരുന്നു. ജൈവവൈവിധ്യമെവിടെയുണ്ടോ അവിടം വിവിധ സംസ്‌ക്കാരങ്ങളുടെ വൈവിധ്യം നിലനില്ക്കാന്‍ പോന്ന ഇടമായിരിക്കും. ഏകശിലാത്മകസംസ്‌ക്കാരം നിലനില്ക്കുന്ന സംസ്‌ക്കാരങ്ങളില്‍ പ്രകൃതിയെ നിരീക്ഷിച്ചാല്‍ കാണാവുന്നത് വിരലിലെണ്ണാവുന്ന സസ്യജന്തുജാലങ്ങളെയാണ്.
ജൈവവൈവിധ്യമില്ലെങ്കില്‍ നമുക്ക് നിലനില്പില്ല.

വിഭൂതിഭൂഷണ്‍ ബന്ദോപാധ്യായയുടെ ആരണ്യക് നോവലില്‍ യുഗളപ്രസാദന്‍ എന്നൊരു കഥാപാത്രമുണ്ട്. യുഗളന്‍ ഓരോ കാട്ടിലും നടന്ന് അവിടെയില്ലാത്ത സസ്യങ്ങള്‍ മറ്റൊരിടത്ത് കൊണ്ടുവന്ന് പിടിപ്പിക്കും. കാട് നാടിന് വഴിമാറുമ്പോള്‍ യുഗളന്‍ വല്ലാതെ വേദനിക്കുന്നുണ്ട്. ജൈവവൈവിധ്യം സംരക്ഷിക്കുന്നതും വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി ജീവിതം മാറ്റിവെച്ച് യുഗളപ്രസാദനെപ്പോലൊരാളെ മറ്റൊരിടത്ത് വായിക്കുകയോ കണ്ടുമുട്ടുകയോ ചെയ്തിട്ടില്ല.
സ്വപ്നം കാണാന്‍ ചെലവൊന്നുമില്ലാത്തതുകൊണ്ട് യുഗളനെപ്പോലൊരാള്‍ എവിടെയോ ജീവിച്ചിരിക്കുന്നുവെന്നും നോഹയുടെ പെട്ടകം പോലൊന്ന് തീര്‍ത്തുകൊണ്ടിരിക്കുന്നുവെന്നും അങ്ങനൊരാളെ കണ്ടുമുട്ടാനാവുമെന്നും പ്രത്യാശിക്കാം.

24 comments:

Myna said...

ഇന്ന് ലോക പരിസ്ഥിത ദിനം

കുറച്ചുനാള്‍ മുമ്പ് ഒരു സുഹൃത്ത് വിളിച്ചു ചോദിച്ചു.
വീടിനടുത്ത് പാമ്പുവരാതിരിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ?
വന്നോട്ടെ, അതിനെന്താണെന്ന പ്രതികരണത്തിന് വലിയ മൂര്‍ഖന്‍ പാമ്പുവന്ന് കോഴിയെ വിഴുങ്ങുന്നു. കണ്ടാല്‍തന്നെ പേടിയാവുന്നു എന്ന് അവന്‍.
മണ്ണെണ്ണ, വെളുത്തുള്ളി, കായം ഇതൊക്കെ എത്രനാള്‍ പറ്റും?
മൂര്‍ഖന്‍ തന്നെയാണ് വീട്ടുമുറ്റത്തേക്ക് ഭയപ്പെടുത്തിക്കൊണ്ട് വരുന്നതെന്നു പറഞ്ഞപ്പോള്‍ അടുത്ത് വയലുണ്ടോന്ന്് വെറുതെ ചോദിച്ചതാണ്. മുമ്പ് വയല്‍ മാത്രമായിരുന്നത്രേ അവിടം. പുല്ലും പുല്‍ച്ചാടിയുമില്ലാതാവുമ്പോള്‍
തവളയും എലിയുമില്ലാതാവുമ്പോള്‍ മാളം നഷ്ടപ്പെട്ട പാമ്പ് അതിജീവനത്തിന് അടുത്ത ഇരയെ തേടിയിറങ്ങും.

മണിലാല്‍ said...

ഞങ്ങളുടെ പറമ്പിന്റെ കിഴക്കേ അതിര് വയലായിരുന്നു. ഒരുപാട് കിളികള്‍ അവിടെ പറന്നിറങ്ങിയിരുന്നു. കൊയ്ത്തുകാരികള്‍ക്കൊപ്പം പോകുന്ന ഞങ്ങളുടെ മേലേക്ക് പച്ചക്കുതിരകള്‍ പറന്നുവന്നിരുന്നു. കണ്ടത്തിനോട് ചേര്‍ന്ന പറമ്പ് ഇരുള്‍മൂടിക്കിടന്നു. മാവും പ്ലാവും പുല്ലാഞ്ഞിയും വട്ടിരുമ്പും..കരിയിലകള്‍ വീണ് നിലം കാണാന്‍ കഴിയുമായിരുന്നില്ല. വേനലവധിക്കാലങ്ങളില്‍ ആ കരിയിലകളില്‍ ഞങ്ങള്‍ കുത്തിമറിഞ്ഞു. അന്നേരം കരിയില അല്പം നീക്കിയാല്‍ തണുത്ത മണ്ണ് കാണാമായിരുന്നു. വിരലില്‍ കുത്തിനോവിച്ചു കൊണ്ട് ഇരുവാലന്‍ ഉറുമ്പ്, ആദ്യമായി ആകാശം കണ്ടമട്ടില്‍ ഞങ്ങളെ നോക്കിച്ചിരിക്കുന്ന മണ്ണിര, ചേരട്ടയും ചെറുപ്രാണികളും..ചിതലുകള്‍...ഇരുട്ടില്‍ മൂളിപ്പേടിപ്പിച്ച നത്ത്...രാത്രികാലങ്ങളില്‍നിന്ന് കാട്ടില്‍ നിന്ന് കോഴിയെപിടിക്കാന്‍ വന്നിരുന്ന കുറുക്കന്‍..കോഴികളുടെ എണ്ണം ഓരോന്നായി കുറയുമ്പോള്‍ കാടിനു തീയിട്ട് കുറുക്കനെ ഓടിക്കാനല്ല ശ്രമിച്ചത്. ഇവിടെ കോഴി വാഴില്ലെന്ന് പറഞ്ഞ് കോഴിക്കൂട് കിഴക്കുവശത്തു നിന്ന് പടിഞ്ഞാട്ടേക്ക് മാറ്റി... കലപില ഒച്ചവെച്ചുകൊണ്ട് പൂത്താങ്കീരികള്‍ പറന്നിറങ്ങി, മുറ്റത്തും പറമ്പിലും മാടത്തകള്‍, ഓലേഞ്ഞാലി...

വിപിൻ. എസ്സ് said...

valare nalla post. print eduthu vachitundu.. thanks ....

Kaithamullu said...

വായിച്ചപ്പോള്‍ ഒന്നും പറയാതെ പോകുന്നത് ശരിയല്ലെന്ന് തോന്നി.

എത്ര എഴുതിയാലും തീരില്ല മൈന, പഴയ കാര്യങ്ങള്‍,പൂത്ത് നില്‍ക്കുന്ന ചില ഓര്‍മ്മകള്‍.

മക്കളോട് പറഞ്ഞാലവര്‍ ചിരിക്കും, പരിഹാസം കലര്‍ന്ന ഒരു അരച്ചിരി.
-മുറ്റം മുഴുവന്‍ കോണ്‍ക്രീറ്റോ ടൈത്സോ ഇട്ടില്ലെങ്കില്‍ പ്രാണികള്‍ വീട്ടിലേക്ക് ഇഴഞ്ഞ് വരുമെന്ന്‍ ഭയപ്പെടുന്ന ഭാര്യയോട് എന്ത് പറയാനാണ്?

നന്ദി.
നീണ്ട ഈ സഹജീവനത്തിന്, അതിജീവനത്തിന്.

ഷിനോജേക്കബ് കൂറ്റനാട് said...

goooood

ഷിനോജേക്കബ് കൂറ്റനാട് said...
This comment has been removed by the author.
ഷാ said...

touching....

പാര്‍ത്ഥന്‍ said...

മൈന,

വളരെ പന്തലിച്ചു നില്ക്കുന്ന മാഞ്ചുവട്ടിലിരിക്കുന്ന ഒരു അനുഭൂതി തോന്നി ഈ ലേഖനം വായിച്ചു കഴിഞ്ഞപ്പോൾ.
കുറെ മുമ്പ് വൃക്ഷങ്ങൾ മനുഷ്യന്റെ നിലനില്പിനും ആവാസവ്യവസ്ഥക്കും നൽകുന്ന പ്രാധാന്യത്തെക്കുറിച്ച് ഞാൻ ഇവിടെ ഒരു പോസ്റ്റിട്ടിരുന്നു.

appooppanthadilkal said...

NOSTALGEAYALLA, ORILAYODENKILUM VARTHAMANAM PARAYANULLA MANASUM SAMAYAVUMANU NAMUKKAVASYAM...........

KAZHCHA said...

വിജ്ഞനപ്രദം...ഒരു സംശയം..സസ്യങ്ങളുടെ കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന സൈറ്റ് ഏതാണ്?

ഏറനാടന്‍ said...

ലോക പരിസ്ഥിതി ദിനത്തിന് ഇതിലും നല്ല ലേഖനം ഇനി വേറെ ഇല്ല. നന്നായി എഴുതിയിരിക്കുന്നു. ശരിക്കും ഒരു വേള വര്‍ഷങ്ങള്‍ക്കപ്പുറം വരെ നാട്ടിന്‍പുറങ്ങളില്‍ കൂടെ പോയി വന്നു.

ശ്രീനാഥന്‍ said...

വളരെ നല്ലൊരു ലേഖനം. എന്റെ വീടിരിക്കുന്ന ആറു സെന്റിൽ ആവശ്യത്തിന് പാമ്പുണ്ട്!

SHANAVAS said...

മൈനയുടെ എഴുത്തിനു മണ്ണിന്റെ മണം ഉണ്ട്. ഈ പ്രകൃതി സ്നേഹം ഞാന്‍ മുന്പെയും വായിച്ചു അനുഭവിചിട്ടുള്ളതാണ്. ഇനിയും ഇനിയും എഴുതുക, നമുക്ക് നഷ്ട്ടപ്പെട്ട ഒരു നല്ല കാലത്തെക്കുറിച്ച്, ഒരു നല്ല സംസ്ക്കാരത്തെ കുറിച്ച്. എല്ലാ ആശംസകളും.

നിരക്ഷരൻ said...

ഇന്നലെ ഒരു പ്രാവശ്യം വായിച്ചു. കമന്റിടുന്നതിന് മുൻപ് ഇന്ന് ഒരിക്കൽക്കൂടെ വായിച്ചു.

വായനയുടെ അന്ത്യത്തിൽ മനസ്സിലാക്കിയത് ഞാൻ ഒരു സമ്പൂർണ്ണ നാഗരികനാണെന്ന സത്യമാണ്. ലേഖനത്തിൽ അങ്ങോളമിങ്ങോളം എടുത്തുപറയുന്ന പല ജീവജാലങ്ങളുടേയും സസ്യലതാദികളുടേയും പേരുപോലും ഇതുവരെ കേട്ടിട്ടുള്ളതല്ല. പ്രകൃതിയോടുള്ള സ്നേഹം ഉള്ളിലുണ്ടെങ്കില്‍പ്പോലും പേരുപറഞ്ഞ് വിളിച്ച് ഒന്നിനേയും സ്നേഹിക്കാനാവില്ലെങ്കിൽ അത് ഒരു പോരായ്മ തന്നെയാണെന്നും മനസ്സിലാക്കുന്നു. ഇനിയുള്ള കാലമെങ്കിലും സ്വന്തമായിട്ടുള്ള ചെറിയ പുരയിടത്തിൽ എവിടെയെങ്കിലും കൊത്തിക്കിളച്ച്, ചേറിലും ചെളിയിലും പുരണ്ട് കൃഷിയൊക്കെ ചെയ്ത് ഒരു ഗ്രാമീണനായി ജീവിക്കണമെന്നുള്ള ആഗ്രഹത്തിന്റെ തീയിലേക്ക് എണ്ണയൊഴിച്ചിരിക്കുന്നു ഈ മനോഹരമായ ലേഖനം. ഹാറ്റ്സ് ഓഫ് റ്റു യു.

ഓഫ്:- പരിസ്ഥിതി ദിനമായ ഇന്നലെ, ഇപ്പോൾ ജീവിക്കുന്ന സ്ഥലത്തിന്റെ പിന്നാമ്പുറത്തുള്ള ആപ്രിക്കോട്ട്,ആപ്പിൾ, പോംഗ്രനേഡ് തോട്ടങ്ങളിലേക്ക് കടന്ന് ഫലങ്ങളൊക്കെ ആവശ്യത്തിന് പറിച്ച് തിന്നു. നിറയെ പാമ്പും തവളയും എലികളും പുൽച്ചാടികളും കിളികളും ഒക്കെയുള്ള ഒരു തോട്ടത്തിൽ ഇന്നലെ കടന്നുകയറാനായത് മഹാഭാഗ്യമായി കാണുന്നു.

muraliyeettan said...

എങ്ങനെയാണീ അവസ്ഥ നമ്മുടെ മക്കള്‍ക്ക് മനസ്സിലാക്കികൊടുക്കുക.നിലവിലുള്ള പ്രക്രുതിവിരുദ്ധ വിദ്യാഭ്യാസത്തില്‍ നിന്ന് എങ്ങനെയെങ്കിലും അവരെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കില്‍

yousufpa said...

പ്രകൃതിയെ സ്നേഹിക്കത്തവർക്ക് ഈ വികാരം എങ്ങിനെ മനസ്സിലാകും..?
ഫ്ലാറ്റ് സംസ്കാരവും പുതിയ നൂറ്റാണ്ടിന്റെ സൈബർ സംസ്കാരവും മനുഷ്യനെ അമാനുഷിക തലങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു.
മനോഭാവം മാറാതെ ഒരിക്കലും നമ്മുടെ ജൈവ സമ്പത്ത് സംരക്ഷിക്കപ്പെടുകയില്ല. തീർച്ച.

മൈന നന്നായി എഴുതി.

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാം സൂപ്പറായി പറഞ്ഞിരിക്കുന്നൂ...
‘ആഗോളതാപനവും ഓസോണ്‍പാളിയുടെ വിളളലുമെല്ലാം ജൈവസമ്പത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്. ശരാശരി താപനില ഒരു ഡിഗ്രി ഉയര്‍ന്നാല്‍ തന്നെ പല സസ്യജീവജാലങ്ങളുടേയും നിലനില്പിനെ സാരമായി ബാധിക്കുമെന്ന് ശാസ്ത്രജഞര്‍ മുന്നറിയിപ്പു തരുന്നു.
ജൈവസമ്പത്തിനെ ചൂഷണം ചെയ്യാതെ നമുക്കു നിലനില്ക്കാനാവില്ല, എന്നാല്‍ സര്‍വ്വചരാചരാങ്ങളെയും മാനിച്ചുകൊണ്ട് ഒരു ക്രമത്തിലാവണമത്. ആഗോളീകരണത്തിന്റെയും പാരിസ്ഥിതിക തകര്‍ച്ചയുടേയും ഇക്കാലത്ത് ജൈവവൈവിധ്യശോഷണം മാനവരാശിനേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് ശാസ്ത്രലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു...’

Sapna Anu B.George said...

നന്നായിട്ടുണ്ട് മൈന

Zerobabu said...

മണ്ണില്‍ , മരിച്ചവരുടെ ഭയങ്കരങ്ങളായ കാമനകള്‍ കൂടിയുണ്ട് ...പുല്ലായും പുഴുവായും സര്‍പ്പഗന്ധിയായും ......മൈനയുടെ ഒഴിഞ്ഞ കയ്യൊപ്പിനു കീഴെ പച്ച നിറത്തില്‍ അക്ഷരങ്ങള്‍......thanx

ഒരില വെറുതെ said...

ഭൂമി പതുക്കെ മനുഷ്യനു മാത്രമുള്ളതായി
മനുഷ്യന്‍ മാത്രമുള്ളതായി മാറുന്നു.
നമുക്കൊപ്പം ജീവിച്ച പലതും
മരണത്തിലേക്ക്, ഇല്ലായ്മയിലേക്ക്
പതുക്കെ നടന്നടുക്കുന്നു.
ഇത് വാസ്തവമാണ്. യാഥാര്‍ഥ്യം.
മനുഷ്യ കേന്ദ്രിതമായ നമ്മുടെ ആലോചനകള്‍
അടിമുടി മാറുന്നതു വരെ തിരിച്ചറിയാനാവില്ല
നഷ്ടപ്പെടുന്നതിന്റെ ആഴം.
ചുറ്റുമുള്ള മറെല്ലാം ചേര്‍ന്നതാണ് ഭൂമിയെന്നും
അനാവശ്യമായ ഒരു ജന്‍മവും ഇവിടെയില്ലെന്നുമുള്ള
പരസ്പരാശ്രിതത്വത്തിന്റെ ഭാഷ
ആര്‍ക്കും അത്രയെളുപ്പം മനസ്സിലാവില്ല.
വിപല്‍സൂചനകള്‍ നിരന്തരം കേട്ട്
ഒന്നിലുമൊരു വികാരവും തോന്നാത്ത
നമ്മുടെ തലമുറയോട് ഇങ്ങിനെ പറഞ്ഞു
കൊണ്ടേയിരിക്കാം.
അതാവാം നമ്മുടെ വിധി.

Manoj vengola said...

വീടിനടുത്ത് ധാരാളം ഇല്ലിത്തുറുവും കൂമുള്ളിന്‍കാടും ഉണ്ടായിരുന്നു.അതിനിടയില്‍ പാമ്പുകള്‍,മരപ്പട്ടി, വവ്വാല്‍,ഉടുമ്പ്‌,തത്തകള്‍...അങ്ങനെ പേരറിയാത്ത അനേകര്‍.ഇപ്പോള്‍ ഇല്ലിത്തുറുവും കൂമുള്ളിന്‍കാടും ഒന്നുമില്ല.മേല്‍പ്പറഞ്ഞ താമസക്കാരെ ആരെയും കാണാനുമില്ല.
അവരെയൊക്കെ മൈന ഓര്‍മിപ്പിച്ചു.
നന്ദി.

Myna said...

അഭിപ്രായമെഴുതിയ, വായിച്ച, നേരിട്ടു വിളിച്ചു സംസാരിച്ചവരെ എല്ലാവര്‍ക്കും നന്ദി. ഓര്‍മകളെ അയവിറക്കുകയല്ലാതെ കുഞ്ഞുകുഞ്ഞു കാര്യങ്ങള്‍ നമുക്ക് വരും തലമുറയ്ക്ക് വേണ്ടി, ഭൂമിക്കുവേണ്ടി എന്തെങ്കിലും ചെയ്യാനുമാകട്ടെ

Echmukutty said...

ഈ ലേഖനം വളരെ നന്നായിട്ടുണ്ട്.
ഞാൻ പാർക്കുന്ന പത്ത് സെന്റിൽ പാമ്പുണ്ട്. ഇടയ്ക്ക് എന്നോട് പിരിയൻ നാക്ക് കാണിച്ച് സംസാരിയ്ക്കും. പാമ്പുള്ള പറമ്പാണ് ഏറ്റവും നല്ല പറമ്പെന്നാണ് ഞാൻ കേട്ട് വളർന്നിട്ടുള്ളത്.

എഴുതിയിരിയ്ക്കുന്ന എല്ലാറ്റിനോടും യോജിക്കുന്നു.

Shyjurain said...

ഓര്‍ത്തു പോകുന്നത് അമേരിക്കയിലെ റെഡ് ഇന്‍ഡ്യന്‍ ആദിവാസിമൂപ്പനായ സിയാറ്റിലിന്‍റെ വാക്കുകളാണ്. അരവിയിലൂടെയൊഴുകകന്നജലം തന്‍റെ പൂര്‍വ്വികരുടെ രക്തമായും സൗഗന്ധികങ്ങളായ പുഷ്പങ്ങള്‍ സഹോദരിമാരായും സസ്യജന്തുജാലങ്ങള്‍ സഹോദരങ്ങളായും നാമെല്ലാവരും ഒരെ ജീവവൃക്ഷത്തിന്‍റെ ശാഖികളായും കാണാനുള്ള കാഴ്ചശക്തി മൈനയില്‍ സമ്പന്നമാണെന്നതില്‍ സന്തോഷം. ഇരിക്കുംകൊമ്പ് മുറിക്കാതിരിക്കാന്‍ ആധുനികരെന്ന് നാംവിളിക്കുന്ന നമ്മളോട് അസഹിഷ്ണുതയില്ലാതെ ആവര്‍ത്തിച്ചു പറയുന്നുവെന്നതും ഹൃദ്യം. തളിരിലയുടെ മൃദുലതയുള്ള ഭാഷ മൈനയ്ക്കല്ലാതെ കാലം ആര്‍ക്കുകൊടുക്കും.....?