Monday, August 30, 2010
ചില കൊച്ചുകാര്യങ്ങളുമായി കാട്ടിലേക്ക്
കഴിഞ്ഞ കുറേദിവസമായിട്ടുള്ള മഴയില്‍, കൊമ്മഞ്ചേരി കോളനിയിലെത്തിപ്പെടാനാവുമോ എന്നായിരുന്നു ഞങ്ങളുടെ ആശങ്ക. ഈ കോളനി കാട്ടിനുള്ളിലാണ്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ കുറിച്ച്യാട് റേഞ്ചില്‍ പെടുന്നിടം. കാട്ടിനുള്ളിലൂടെ ജീപ്പുപോകുന്ന വഴിയുണ്ട്. പക്ഷേ, പലയിടത്തും കമ്മ്യൂണിസ്റ്റ് പച്ച പടര്‍ന്നു പിടിച്ച് വഴി മൂടിപ്പോയിരുന്നു. ആനയുടെ കളിസ്ഥലം. വഴിയിലെങ്ങും ആനപ്പിണ്ടം. അട്ട. എന്നാലും അവിടെ പോയി കാണണം എന്നത് ഒരു വാശിതന്നെയായിരുന്നു.
ഓണ്‍ലൈന്‍, ബ്ലോഗ് സുഹൃത്തുക്കള്‍ വഴി ശേഖരിച്ച വസ്ത്രങ്ങളുമായി ഞങ്ങള്‍ വയനാട്
കുറിച്ച്യാട് റേഞ്ച് ഓഫീസിനു മുന്നില്‍ ഒത്തുകൂടി. ആഷ്ലി (ക്യാപ്റ്റന്‍ ഹഡോക്)അച്ഛനും അമ്മയും ചുളളത്തിയുമായിട്ടാണ് എത്തിയത്. മനോജും (നിരക്ഷരന്) സകുടുംബം. പിന്നെ സുനില്‍, ഞാന്‍...കുടുംബമാകാന്‍ മോളെക്കൂടി കൂട്ടേണ്ടിയിരുന്നു. അട്ട കടിക്കാനുള്ള ഭാഗ്യം അവള്‍ക്കുണ്ടായില്ല! എന്തു ചെയ്യാന്‍...
കുറച്ചു ദിവസമായി ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് ചില കൊച്ചു കൊച്ചുകാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. തണുപ്പില്‍ ഉടുതുണിയില്ലാതെ പുതയ്ക്കാന്‍ ഒന്നുമില്ലാതെ...മുകളില്‍ മേല്‍ക്കൂരയില്ലാത്ത എത്രയോപേര്‍...ഇന്നും ഇങ്ങനെയുണ്ടോ എന്ന് അത്ഭുതപ്പെട്ടേക്കാം. ഉണ്ടെന്നതാണ് നേര്.
തണുപ്പനുഭവിച്ചു ജീവിക്കുന്നവര്‍ വയനാട്ടിലില്ലെന്ന് ചിലര്‍ പറഞ്ഞു. ആദിവാസികള്‍ നല്ലനിലയില്‍ ജോലിയെടുത്തും മറ്റും ജീവിക്കുന്നുപോലും!
ആദിവാസിയായി ജനിച്ചാല്‍ മതിയായിരുന്നെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. സര്‍ക്കാര്‍ അത്രയേറെ ഫണ്ടുചെലവാക്കുന്നു. വെറുതെ ഇരുന്നാല്‍ മതിയെന്ന അര്‍ത്ഥത്തില്‍...
എഴുതുക മാത്രമല്ല മുമ്പും ഇകൂട്ടായ്മയിലൂടെ ചിലത് ഞങ്ങള്‍ ചെയത്ിട്ടുണ്ട്. വസ്ത്രം ശേഖരിച്ചാലോ എന്നൊരു ആശയം തോന്നിയപ്പോഴാണ്് മനോജ് രവീന്ദ്രനോട്(നിരക്ഷരന്) സംസാരിച്ചത്.
ആഷ്്ലിയുടെയും മനോജിന്റെയും ഗൂഗിള്‍ ബസ്സിലൂടെ ഇത് വളര്‍ന്നു. ബസ്സ് ചിരിയും തമാശയുമൊക്കെയായി മുന്നേറുന്നതാണ് സാധാരണ കാണാറ്. പക്ഷേ, ബസ്സിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതാണ് ഇവിടെ കണ്ടത്.
ബസ്സിലെ ചര്‍ച്ചയ്ക്കൊപ്പം എനിക്കു വന്ന സ്വകാര്യ മെയിലുകളില്‍ ഡ്രസ്സ് വിതരണം വഴിതിരിച്ചുവിടാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. ചില സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാനും സംഘങ്ങളായി പ്രവര്‍ത്തിക്കുവാനും ഉപദേശിച്ചു. പക്ഷേ, ഈ ഓണ്‍ലൈന്‍ കൂട്ടായ്മയക്ക് അപ്പുറത്തേക്കു പോകാന്‍ ആഗ്രഹിക്കാഞ്ഞതുകൊണ്ട് നിശബ്ദത പാലിച്ചു
ശേഖരിക്കുന്ന തുണി ആര്‍ക്കു നല്‍കുമെന്ന ചോദ്യത്തിനുത്തരം കുഞ്ഞമ്മദിക്കയായിരുന്നു. കുഞ്ഞമ്മദിക്ക ഒറ്റയാള്‍ പട്ടാളമാണ്. ആദിവാസികള്‍ക്കും നാടിനും വേണ്ടി നിരന്തരം പോരാടിക്കൊണ്ടിരുക്കുന്നയാള്‍...
കുഞ്ഞമ്മദിക്ക വഴിയാണ് ഞങ്ങള്‍ കൊമ്മഞ്ചേരിയിലേക്കെത്തുന്നത്. കൊമ്മഞ്ചേരി വനത്തിലുള്ളിലായതുകൊണ്ട് വനം വകുപ്പില്‍ നിന്നുള്ള അനുമതി വേണം. കുറച്ചു തുണിയുമായി പോയ ഞങ്ങള്‍ വനവിഭവ മോഷണത്തിന് പ്രതിയാവാന്‍ പാടില്ല. മാവോ ലിസ്റ്റില്‍ പെടാന്‍ പാടില്ല. അനുമതിയില്ലാതെ വനത്തില്‍ പ്രവേശിച്ച് ആനയുടെ ചവിട്ടേറ്റ് ചാവാന്‍ പാടില്ല.
കേരളാ വനഗവേഷണ കേന്ദ്രത്തിലെ ഡോ ടി വി സജീവ് വഴി സൗത്ത് വയനാട് ഡി എഫ് ഒ സുനില്‍ കുമാര്‍, റേഞ്ച് ഓഫീസര്‍ രാജീവ് സാര്‍ ഞങ്ങള്‍ക്കനുമതി തന്നു. വനത്തില്‍ കടന്ന് സുരക്ഷിതമായി പുറത്തെത്തിക്കാന്‍ സദാനന്ദന്, സുരേന്ദ്രന് എന്നീ ഉദ്യോഗസ്ഥര്‍ കൂട്ടുവന്നു. എന്തെല്ലാം കടമ്പകള്‍...പണ്ട് ആരോടും ചോദിക്കാതെ കാട്ടില്‍ കേറി...ആവശ്യമുള്ളതൊക്കെ പെറുക്കി പുറത്തു കടന്നല്ലേ..എത്രവട്ടം!
ആഷ്ലിയുടെ ചുളളത്തി മംമ്ത കുറിച്ച്യാട് റേഞ്ചോഫീസിനു മുന്നില്‍ നിന്ന പേരയില്‍ നിന്ന് പൊട്ടുപേരയ്ക്ക പറിച്ച് തീറ്റ തുടങ്ങി- വനവിഭവ ചൂഷണം. മൂക്കാത്ത പേരയ്്ക്കയോടാ മോള്‍ക്കു കമ്പമെന്ന് അമ്മയുടെ കമന്റ്. കോളനിയിലേക്ക് പോകാമ്പോള്‍ അച്ഛന്, അമ്മ , കുഞ്ഞുകുട്ടി പാരാധീനങ്ങളെയെല്ലാം ഒഴിവാക്കി പോകാനായിരുന്നു തീരമാനം. പക്ഷേ, ഭാഗ്യത്തിന് വനം വകുപ്പിന്റെ ആവശ്യത്തിനോടിക്കുന്ന ജീപ്പുകിട്ടി. കൊമ്മഞ്ചേരിയിലേക്കാവശ്യമായ ഡ്രസ്സ്, പായ്, കമ്പിളി, കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളുമായി രണ്ടു ട്രിപ്പായി ജീപ്പില്‍...വണ്ടി കാട്ടിലേക്ക് കയറിയതേ ആനച്ചൂര്... അടുത്തെവിടെയോ പിണ്ടമിട്ടുപോയിട്ട് അധികനേരമായിട്ടില്ല. കടുവ ഇറങ്ങുന്ന ഇടം കൂടിയാണ്. കടുവാക്കാട്ടം ഫോട്ടോ ആഷ്ലി എടുത്തിട്ടുണ്ട്.
മനോജിന്റെ മകള്‍ നാലാംക്ലാസ്സുകാരി നേഹ കരച്ചില് തുടങ്ങി. കാട്ടിലോ ജീപ്പിലോ ഇന്നേവരെ കയറിയിട്ടില്ല.
മഴ ഞങ്ങള്‍ക്കു വേണ്ടി തോര്‍ന്നതുപോലുണ്ടായിരുന്നു. തിരിച്ചുള്ള യാത്രയില്‍ ജീപ്പ് ചെളിയില്‍ പൂണ്ടിട്ട് തള്ളേണ്ടിവന്നു. ജീപ്പില്‍ കയറയവരൊക്കെ നന്നായി ബുദ്ധിമുട്ടി. ജീപ്പില്‍ കയറാതെ നടന്നു വന്ന എനിക്ക് തള്ളേണ്ട ഗതികേട് വന്നില്ല.
ഇനി എറങ്ങി നടന്നാല്‍ മതിയെന്ന ഡ്രൈവറുടെ വാക്കുകേട്ട് തുണിപായ്ക്കറ്റുകളും ചാക്കുകെട്ടുമായി ഇറങ്ങി.
സത്യം പറയാമല്ലോ ഈ യാത്രയിലെ താരങ്ങള്‍ എന്നു പറയേണ്ടത് ആഷ്ലിയുടെ അച്ഛനുമമ്മയുമാണ്. ക്യാപ്റ്റന്‍ ഹഡോക്, അച്ഛനോ മോനോ പ്രായക്കൂടുതല്‍?
ദൂരെ പട്ടിയുടെ കുരകേള്‍ക്കാം. ഒരു വയല്‍ക്കരയിലേക്കാണ് ചെന്നെത്തിയത്. പണ്ടെന്നോ വയലായിരുന്നു. ഇപ്പോള്‍ കാടുപിടിച്ചു കിടക്കുന്നു. വയലോരത്തായി മുളങ്കമ്പുകള്‍ നാട്ടിമറച്ച ആറു കുടിലുകള്‍, പുല്ലിന്റെ മേല്‍ക്കൂര, ചിലതിനു മുകളിലിട്ട പ്ലാസ്റ്റിക് ഷീറ്റ് പകുതിമുക്കാലും കീറിപ്പോയിരിക്കുന്നു. കുടിലന്റെ തിണ്ണയില്‍ ഒരു മുത്തി രണ്ടു വിറകുകഷ്ണങ്ങള്‍ കൂട്ടിവെച്ച് കനലുണ്ടാക്കി തീകായുന്നു. കുടുലിനുളളില്‍ മെഴുകിയ തറയല്ലാതെ ഒന്നുമില്ല. രണ്ടോ മൂന്നോ പാത്രങ്ങള്‍ മുറ്റത്ത് മഴകൊണ്ട് കിടപ്പുണ്ട്. മുററത്തു നിന്ന പ്ലാവില്‍ ചക്ക വിരിഞ്ഞു തുടങ്ങിയിട്ടേയുള്ളു!
ആ കുടിലുകള്‍ കണ്ടപ്പോള്‍ കുട്ടിക്കാലത്തുണ്ടാക്കിയ കളവീടിനെയാണ് ഓര്മ വന്നത്. മുന്നോ നാലോ പേര്‍ക്ക് കഷ്ടിച്ച് കിടക്കാം. നിന്നാല്‍ മേല്‍ക്കൂരയില്‍ തലമുട്ടും. പലപ്രായത്തിലുള്ള കുറേ കുട്ടികളുണ്ട്. പലരുടേയും പ്രായത്തില്‍ നോട്ടത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. മൂന്നു വയസ്സുകാരന് എന്നു പറഞ്ഞ കുട്ടിയെ കണ്ടാല്‍ ആറുമാസം പോലും തോന്നിക്കില്ല. ചില കുട്ടികള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതപ്രദേശത്തെ ഓര്‍മിപ്പിച്ചു.
കുഞ്ഞമ്മദിക്കയുടെ ശ്രമഫലമായി നാലുമാസം മുമ്പ് റേഷന്‍ കാര്‍ഡ് കിട്ടി ഇവര്‍ക്ക്. അതില്‍ പിന്നെ അരി കിട്ടുന്നുണ്ട്. ഒരു നേരം ചോറുവെയ്ക്കും. പിന്നെ കാട്ടുകിഴങ്ങുകുത്തി തിന്നും. കുടിലിനു ചുറ്റും മിക്കവാറും ആന വരും. പക്ഷേ, ഇന്നേവരെ ഉപദ്രവിച്ചിട്ടില്ലെന്ന് അവര്‍. അവരുടെ ദൈവം ഇവിടെയാണത്രേ! അതുകൊണ്ട് ഈ കാടുവിട്ട് എങ്ങും പോകാന്‍ കഴിയില്ലപോലും..
വയലിനോട് ചേര്‍ന്ന് കൊച്ചു കുളമുണ്ട്...തെളിനീര്...ചെണ്ടയുടേയോ മദ്ദളത്തിന്റെയോ സംഗീതം...കുറച്ചപ്പുറത്തുനിന്നാണ്. വയലില്‍ മേഞ്ഞു നടക്കുന്ന പശുക്കളുടേയും എരുമകളുടേയും കഴുത്തില്‍ കെട്ടിയിരിക്കുന്ന മണിയാണത്. തടികൊണ്ടുണ്ടാക്കിയ ആഭരണം. ഈ മാടുകള്‍ ഇവരുടേതല്ല. ചെതലയത്തുനിന്ന് നാട്ടുകാര്‍ മേയാന്‍ കൊണ്ടു വിട്ടിരിക്കുന്നതാണ്.
കുഞ്ഞമ്മദിക്ക ഓരോരുത്തരെയും പേരുവിളിച്ച് പാകത്തിനുള്ള ഡ്രസ്സെടുത്തു കൊടുത്തു. പ്രായം കൂടിയവര്‍ക്ക് കമ്പിളി, എല്ലാ വീട്ടിലും പായ്, കുട്ടികള്‍ക്കെല്ലാവര്‍ക്കും കളിപ്പാട്ടങ്ങള്‍...പതിനാലോ പതിനഞ്ചോ വയസ്സുള്ള പെണ്‍കുട്ടി പാവക്കുട്ടിയെ നോക്കി നില്ക്കുന്ന കാഴ്ച മറക്കാനാവില്ല.
കുഞ്ഞമ്മദിക്ക തലേന്നാണ് രോഗം ബാധിച്ച മാരന് മുത്തനെ ഈ ദൂരമത്രയും എടുത്ത് ചേനാട് അടുത്തുള്ള നെല്ലിമൂല കോളനിയിലെത്തിച്ചത്.
ജീപ്പില്‍ നിന്നിറങ്ങി കുറച്ചേ നടന്നുള്ളുവെങ്കിലും കാലില്‍ ചോര കുടിച്ചു വീര്‍ത്തു വരുന്ന അട്ടകള്‍...മനോജും ആഷ്ലിയുമൊക്കെ ഷൂവും സോക്സുമിട്ടിരുന്നിട്ടും അട്ട കടിച്ചു. ഷൂവും സോക്സും കണ്ടിട്ടാവണം മനോജിന്റെ കൈയ്യില്‍ നിന്നാണ് ചോരയൊഴുകുന്നത്. അട്ട കൈയ്യിലെത്തിയത് എപ്പോഴെന്ന് ആരുകണ്ടു? നേഹയാണ് പ്രയാസപ്പെട്ടുപോയത്.
ഈ സ്ഥലം ആരാച്ഛാ കണ്ടുപിടിച്ചതെന്ന് ചോദിച്ചു കൊണ്ടിരുന്നു. ചെളി ചവിട്ടി അഴുക്കായ അവളോട് വെള്ളമുള്ളിടത്ത് ചെന്ന് കഴുകിക്കളയാമെന്ന് ഗീത ആശ്വസിപ്പിക്കുമ്പോഴാണ് അട്ട കടിക്കുന്നത്. ചോര നിലക്കണ്ടേ..അടുത്ത കോളനിയില്‍ പോയി മടങ്ങി വന്നിട്ടും ചോര നിന്നില്ല.
മുമ്പേ നടക്കുന്നവര്‍ ഭാഗ്യവാന്മാര്...അവരുടെ രക്തത്തിന്റെ മണം ശ്വസിച്ച് പുറകെ വരുന്നവരെയേ കടിക്കൂ...
ഇതെഴുതികൊണ്ടിരിക്കുമ്പോള്‍ സുനില്‍ ചൊറിഞ്ഞുകൊണ്ട് ചോദിക്കുന്നു
വല്ല മരുന്നുമുണ്ടോ നിന്റെ കൈയ്യില്‍...എനിക്ക് ചൊറിഞ്ഞിട്ട് ഇരിക്കാമ്മേലാ...
വിഷചികിത്സകയാണെന്ന് പറഞ്ഞിട്ട് ഇതിനു മരുന്നു തന്നില്ലെങ്കില്‍ ഇക്കാര്യം പറഞ്ഞ് ബ്ലോഗിലൊരു പോസ്റ്റിട്ട് നാണംകെടുത്തും (ഭീഷണി)
വീട്ടില്‍ പോയി നോക്കുമ്പോള്‍ മനോജിനെ നാല് അട്ട കടിച്ചെന്നും, അതേസമയം ആഷ്്ലിയെ കടിച്ച അട്ടകളെല്ലാം പുതിയ പല്ലുവെയ്ക്കാന്‍ ദന്താശുപത്രിയില്‍ പോയെന്നുമാണ് വാര്‍ത്തകള്‍.
നന്നാറിയും മഞ്ഞളും നെയ്യ്ില്‍ അരച്ചു പുരട്ടിയാല്‍ അട്ടവിഷം കെടും. ഉപ്പുവെള്ളത്തില്‍ കഴുകാം. വെള്ളെരുക്കിന്‍വേര്‍ അരച്ചു കഴിച്ചാലും മതി.
രക്തസ്രാവം നില്ക്കുന്നില്ലെങ്കില് മുളയില്‍ മുളച്ച കൂണരച്ചിട്ടാല്‍ മതി.
ഡ്രസ്സു തരുന്നവര്‍ അടുത്ത പ്രാവശ്യം കുറച്ച് ഉപ്പും പുകയിലയും കൂടി തരണേ..
പക്ഷേ, ഒരു കാര്യം ശ്രദ്ധിച്ചു. ഞങ്ങള്‍ പെണ്ണുങ്ങളെ അട്ട കാര്യമായി ആക്രമിച്ചിട്ടില്ല. തിരിച്ചു വരുമ്പോള്‍ നടക്കുകയായിരുന്നിട്ടും സുനിലിന്റെ കാലില്‍ നിറച്ച് അട്ടയായിരുന്നിട്ടും ഞാന്‍ എങ്ങനെ രക്ഷപെട്ടു?
അടുത്തത് നെല്ലിമൂല കോളനിയിലേക്കായിരുന്നു. ഭേദപ്പെട്ട വീടുണ്ട്. പക്ഷേ, ഓരോ വീട്ടിലുമുള്ള ആളുകളുടെ എണ്ണം വെച്ചുനോക്കുമ്പോള്‍ ചോരാതെ കിടക്കാം. അത്രമാത്രം. പത്തു വയസ്സുണ്ടെന്നു പറഞ്ഞ അനൂപിനെ കണ്ടാല്‍ രണ്ടു വയസ്സു തോന്നിക്കില്ല. എഴുന്നേറ്റു നില്ക്കും. ഉടുപ്പ് കൊടുത്തപ്പോള്‍ അവന് ഉടുപ്പ് എന്നു പറഞ്ഞു. അവന് കളിക്കാന്‍ കിട്ടിയത് ഒരു സിംഹത്തെയാണ്. പഷു...പഷു....അവന് പറഞ്ഞുകൊണ്ടിരുന്നു.
പശുവല്ല...സിംഹം..സിംഹം..മനോജ് മനസ്സിലാക്കിക്കാന്‍ ശ്രമിച്ചു നോക്കി...
അവനപ്പോഴും പഷു...പഷു..
ഒരു വീടിന്റെ ചായ്പിലാണ് മാരന് മൂത്തന്‍ പഴഞ്ചാക്കു വരിച്ച്്് ഇരുന്നിരുന്നത്. എന്തോ കാര്യമായ അസുഖമുണ്ട്്്. കിടക്കാനുള്ള സ്ഥലമില്ല. മഴയൊന്ന് ആഞ്ഞുപെയ്താല്‍ അവിടം നനയും. അടുത്ത് തീകൂട്ടി കൊടുത്തിട്ടുണ്ട്.
അവിടുത്തെ കുട്ടികള്‍ സ്കൂളില്‍ പോകുന്നുണ്ട്. കൊമ്മഞ്ചേരി കോളനിയില്‍ പല പ്രായക്കാരായ കുട്ടികളുണ്ടായിട്ടും അവര്‍ക്ക് സ്കൂളില്‍ പോകാനോ അക്ഷരം പഠിക്കാനോ വഴിയില്ല. ആരും അങ്ങോട്ടു പോയി പഠിപ്പിക്കുമെന്നും കരുതണ്ട.
എല്ലാവരും വസ്ത്രം ധരിച്ചിട്ടുണ്ട്. പക്ഷേ, അഴുക്കുപിടിച്ചതും പിഞ്ഞിത്തുടങ്ങിയവയുമായിരുന്നു. ഒന്നു രണ്ടു കൂട്ടികള്‍ പൂര്‍ണ്ണമായും നഗ്നരായിരുന്നു. വണ്ടിയിലിരിക്കുന്ന തുണിയുടെ എണ്ണം നോക്കിയില്‍ രണ്ടു ദിവസം നിന്നു കൊടുക്കുവാനുണ്ട്. കുഞ്ഞമ്മദിക്കായെ ഏല്പിക്കാന് തീരുമാനിച്ചു. വഴിയില്‍ കണ്ടവരോട് അദ്ദേഹം പറയുകയും ചെയ്തു വീട്ടിലേക്ക് പോന്നോളാന്‍...
വോയ്സ് ഓഫ് ഇരുളം
ഒരു ഇംഗ്ലീഷ് പത്രത്തിന്റെ ലേഖകന്‍ കുഞ്ഞഹമ്മദിക്കയെ വിശേഷിപ്പിച്ചത് വോയ്സ് ഓഫ് ഇരുളം എന്നായിരുന്നു.
കുഞ്ഞമ്മദിക്ക ഒരു കൂലിപ്പണിക്കാരനാണ്. ഭാര്യയും രണ്ടു പെണ്‍കുട്ടികളുമുണ്ട്. ആഴ്ചയില്‍ അഞ്ചു ദിവസവും ആദിവാസികള്‍ക്കു വേണ്ടി കഷ്ടപ്പെടുന്നു. രണ്ടു ദിവസം കൂലിപ്പണിക്കുപോകും സ്വന്തം വീട്ടില്‍ അരിവാങ്ങാന്‍.
ഭാര്യയ്ക്കോ മക്കള്‍ക്കോ ഒരെതിര്‍പ്പൊന്നുമില്ലെങ്കിലും വീട്ടിലെ റേഷന്‍ കാര്‍ഡ് ഭാര്യ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്. വീട്ടിലേക്ക് അരി വാങ്ങി വരുമ്പോഴായിരിക്കും ആരെങ്കിലും പട്ടിണിയാണെന്നറിയുന്നത്. അരി വീട്ടിലെത്തില്ല. പട്ടിണി സ്വന്തം വീട്ടിലാവും. ഭാര്യ ഇപ്പോള്‍ പണിക്കു പോകുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം വരെ സ്വന്തമായി വീടില്ലായിരുന്നു. ആദിവാസി കുടിലിനേക്കാള്‍ കഷ്ടമായിരുന്നു കുഞ്ഞമ്മദിക്കയുടെ കുടിലെന്ന് കഴിഞ്ഞ വര്‍ഷം വീട്ടില്‍ പോയ സുനില്‍ പറഞ്ഞു. ഇപ്പോള്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് വീടനുവദിച്ചു. പണി പൂര്‍ത്തിയിട്ടില്ലെങ്കിലും ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീടുണ്ട്.
കുറച്ചുനാള്‍ മുമ്പ് സുനിലിന് കുഞ്ഞമ്മദിക്കയുടെ ഫോണ്‍ വന്നത് ഓര്‍ക്കുന്നു. ഒരു സന്തോഷവാര്‍ത്ത അറിയിക്കാനുണ്ടുപോലും! മകളെ നിയമപരമായി മൊഴിചൊല്ലിക്കഴിഞ്ഞു! ആകെ മൂന്നുമാസത്തെ ദാമ്പത്യം. ഒരു ലക്ഷം രൂപയും പതിനഞ്ചും പവനും കൊടുത്തു. തിരിച്ചെന്തുകിട്ടിയെന്നു ചോദിച്ചാല്‍ കുഞ്ഞമ്മദിക്കയുടെ ജീവിതത്തിലേക്ക് ഒരു പെണ്‍കുഞ്ഞിനെക്കൂടി ലഭിച്ചു.
ഇളയ മകള്‍ക്ക് ഇപ്പോള്‍ വിവാഹോലോചന നടക്കുന്നു. വീടും സ്ഥലവും വില്‍ക്കണം.
രണ്ടുമക്കളും പത്താംക്ലാസ്സുവരെയാണ് പഠിച്ചത്. ഇളയമകളിപ്പോള്‍ കൂലിക്ക് തൈയ്ക്കാന്‍ പോകുന്നുണ്ട്. സ്വന്തമായി ഒരു മെഷിന് വാങ്ങികൊടുക്കണമെന്നുണ്ട്. പക്ഷേ, കുഞ്ഞമ്മഹമ്മദിക്കയ്ക്ക് അത് സാധിച്ചു കൊള്ളണമെന്നില്ല. കുഞ്ഞമ്മദിക്കയെയോ അദ്ദേഹം എന്തിനും ഓടിയെത്തുന്ന ആളുകളെയോ അധികമാരുമറിയില്ല.
പലപ്പോഴും നമ്മുടെയൊക്കെ ധാരണ ആദിവാസികള്‍ക്കുവേണ്ടി ധാരാളം ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടല്ലോ എന്നാണ്് . അതൊന്നും കൃത്യമായി അവരിലെത്തുന്നില്ല..കാട്ടിനുള്ളില്‍ ജീവിക്കുന്ന പലര്‍ക്കും റേഷന്‍ കാര്‍ഡില്ല. റേഷന്‍ കാര്‍ഡില്ലാതെ എന്തു സര്‍ക്കാര്‍ സഹായം കിട്ടാന്‍...കുഞ്ഞമ്മദിക്കയുടെ നിരന്തരപ്രയത്നം കൊണ്ട് ചിലര്‍ക്ക് റേഷന്‍ കാര്‍ഡ് കിട്ടിയിട്ടുണ്ട്. ആഴ്ചയില്‍ ഒരാള്‍ക്ക് രണ്ടു കിലോ അരികിട്ടും. അതുകൊണ്ട് ഒരു നേരമാണ് പലരുടേയും ഭക്ഷണം.
കൊമ്മഞ്ചേരിയില്‍ പോയപ്പോള്‍ തോന്നിയത് അവിടുത്തെ മനുഷ്യര്‍ ഒരു തരത്തിലും പരിഷ്കൃതസമൂഹ ജീവിതവുമായി അടുത്തിട്ടില്ലെന്നാണ്.
അവര്‍ക്ക് വിദ്യാഭ്യാസം നല്കാന്, ഭക്ഷണം ലഭിക്കാന്‍, ചികിത്സ ലഭിക്കാന്‍, ഏതൊരു മനുഷ്യന്റെയും അടിസ്ഥാന ആവശ്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയില്ലേ? ഒരു പക്ഷേ ചോദിച്ചു വാങ്ങാന്‍ അവര്‍ക്ക് സമരമുറകളോ വാക്കുകളോ ഉണ്ടാവില്ല. ഇപ്പോള്‍ ചില കാര്യങ്ങളെങ്കിലും ആവശ്യപ്പെടാന്‍ കുഞ്ഞഹമ്മദിക്കയുണ്ട്. അതുകൊണ്ടുതന്നെ പലരുടേയും ശത്രുവുമാണ്.
നമ്മള് ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ കുറച്ചു തുണികൊടുക്കുന്നതുകൊണ്ട് കിടക്കാന്‍ പായ കൊടുത്തതുകൊണ്ടോ തീരുന്നതല്ല പ്രശ്നങ്ങള്‍...നമുക്ക് കുഞ്ഞഹമ്മദിക്കക്കൊപ്പം നില്ക്കാന് ശ്രമിക്കാം.
സദാസമയവും സെല്‍ഫോണിലേയ്ക്ക് ഒതുങ്ങിക്കൂടി, എസ്.എം.എസും ബ്ലോഗിംഗുമൊക്കെയായി കഴിഞ്ഞുകൂടുന്ന ഒരു തലമുറ ജീവിത യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാതെ യാണെന്നാണ് പലരുടേയും വിലയിരുത്തല്‍. ആധുനിക വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ പ്രദാനം ചെയ്ത വലിയൊരു ശൃംഖലയുടെ കണ്ണികളായി മാറി വെല്‍ കണക്ടഡ് എന്ന ആധുനികതയിലൂടെ അവര്‍ വിശ്വപൗരന്മാരായി യാണെന്നാണ് ഈ പ്രവര്‍ത്തനം തെളിയിക്കുന്നത്.
അരാജകത്വത്തിലും അരക്ഷിതാവസ്ഥയിലും പെട്ട ഒരുപറ്റം യുവജനങ്ങളുണ്ടാവാം. പക്ഷേ, അതിനേക്കാളേറെ ഭൂമിയുടെ ഏതു കോണിലായാലും തനിക്കു ചുററുമുളളത് കാണാന്‍ കാഴ്ചയുളളവരുമായ ഒരുപാടുപേരുണ്ടെന്ന് തിരിച്ചറിയുന്നു.
മടങ്ങി വരുമ്പോള്‍ വയനാടു കടക്കും മുമ്പേ കുഞ്ഞമ്മദിക്കയുടെ ഫോണ്‍ വന്നു. ഏല്‍പ്പിച്ചിരുന്ന തുണിയൊക്കെ തീര്‍ന്നു. കുറേപ്പേര്‍ക്ക് കിട്ടിയിട്ടില്ല.
ഞങ്ങള്‍ ഉടനെ വരുന്നുണ്ട്.
പിന്നെ നമ്മളെക്കുറിച്ച് നാട്ടുകാരുടെ വിലയിരുത്തലുണ്ട്.
അവര്‍ NDF കാരാ...കൈവെട്ടിയ കൂട്ടര്...
അപ്പോ അച്ഛനുമമ്മയും പെണ്ണുങ്ങളുമൊക്കെയുണ്ടായിരുന്നല്ലോ...
എന്നാല്‍ മാവോ....ഒരു സംശയവുമില്ല.
Subscribe to:
Post Comments (Atom)
67 comments:
വായിച്ചു മനസ്സുനിറഞ്ഞു മൈന ..
നല്ല മനസ്സിന് നന്ദി പറയുന്നു ..
എല്ലാര്ക്കും മനോജിനു ,അശ്ലിക്ക് .....
മനസ്സ് കൊണ്ട് കൂടെ യാത്രാ ചെയ്തു .. നിങ്ങളുടെ .. ( അട്ടയുടെ കടി കൊള്ളാതെ ..ആനയെ പേടിക്കാതെ .. )
Great work! Congratulations to the team!
പത്തും പതിനഞ്ചും ലക്ഷം മുടക്കി പൂക്കളമിട്ട് ഗിന്നസ്സ് ബുക്കില്‍ കേറുന്നതിനെക്കാള്‍ മഹത്തരവും നൈര്‍മല്ല്യവും, ആദര്‍വും തോന്നുന്നു.നിങ്ങളുടെ ഈ കൂട്ടായ്മ കാണുമ്പോള്‍.....
സ്നേഹത്തോടെ..
നട്ട്സ്
ആശ്ലിക്ക് ഞാന്‍ മെസ്സേജ് അയച്ചതാ പൊകല പൊടി കൊണ്ട് പോവാണേ എന്ന് :-/.. ഇത് സക്സസ് ആയി എന്നറിഞ്ഞതില്‍ ഒരു പാട് സന്തോഷം ..
നാട്ടുകാരുടെ വിലയിരുത്തൽ അസ്സലായി. ഏതായാലും ഈ നല്ല ശ്രമത്തിന് എല്ലാവർക്കും അഭിനന്ദനങ്ങൾ. കുഞ്ഞമ്മദ്ക്കായെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്.
ഒത്തിരിയൊത്തിരി സന്തോഷം ഇതു വായിച്ചപ്പോ മൈനാ. ഇതിൽ സഹകരിക്കാൻ പറ്റിയില്ലെങ്കിലും എന്നെ കൊണ്ടു ആവുന്നതു പോലെ ഇവിടെ ചെയ്യണമെന്നൊരു ആഗ്രഹമുണ്ടായിരുന്നു. അതിനു ശേഷമേ ഇതിൽ കമന്റു ചെയ്യാവൂന്ന് കരുതി പക്ഷേ ഇതുവരെ സാധിച്ചില്ല. :(
really feeling bad abt myself
എന്റെ കൈയ്യും കാലും ആരെങ്കിലും ഒന്ന് വെട്ടിത്തരുമോ ? കൈയ്യും കാലും ഉണ്ടെങ്കിലല്ലേ ഇമ്മാതിരി കാര്യങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കൂ.
അവസാനത്തെ പാരഗ്രാഫിലെ വിശേഷം വായിച്ചപ്പോള്‍ മനസ്സില്‍ വന്നത് തടുത്തുനിര്‍ത്താന്‍ ആയില്ല :( ക്ഷമിക്കണം.
അഭിനന്ദങ്ങള്‍ !
മനുഷ്യപറ്റിന്റെ ഈ കൂട്ടായ്മയുടെ സാർത്ഥകമായ പ്രവർത്തിയ്ക്ക് നമോവാകം.
ഒരുപാടൊരുപാട് സന്തോഷം.. കൂട്ടത്തില്‍ കൂടാനായില്ലല്ലൊ എന്ന കൊച്ചു സങ്കടവും..
മനസ്സില്‍ തട്ടുന്ന വിവരണം. ഈ കൂട്ടായ്മക്ക് ഇനിയും ഇത്തരം നല്ല പ്രവര്‍ത്തങ്ങള്‍ നടത്താന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
Great job! നിങ്ങളോട് അസൂയ തോന്നുന്നു.
എന്റെ കുറിപ്പ് ഇവിടുണ്ട് മൈനാ :)
അഭിനന്ദനങ്ങള്‍, ഇതൊരു കൊച്ചുകാര്യമല്ല വലിയ ഒരു സേവനം തന്നെ ആണ്.
എല്ലാവർക്കും അഭിനന്ദനങ്ങൾ!
അഭിനന്ദനങ്ങള്‍...അസൂയ തോന്നുന്നു.....
നാട്ടുകാരുടെ വിലയിരുത്തല്‍ കൊള്ളാം.....കഷ്ടം..
@നിരക്ഷരന്...ഇതൊന്നും കേട്ട് വിഷമിക്കരുത് ചങ്ങാതീ.
"ആധുനിക വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ പ്രദാനം ചെയ്ത വലിയൊരു ശൃംഖലയുടെ കണ്ണികളായി മാറി വെല്‍ കണക്ടഡ് എന്ന ആധുനികതയിലൂടെ അവര്‍ വിശ്വപൗരന്മാരായി യാണെന്നാണ് ഈ പ്രവര്‍ത്തനം തെളിയിക്കുന്നത്.
അരാജകത്വത്തിലും അരക്ഷിതാവസ്ഥയിലും പെട്ട ഒരുപറ്റം യുവജനങ്ങളുണ്ടാവാം. പക്ഷേ, അതിനേക്കാളേറെ ഭൂമിയുടെ ഏതു കോണിലായാലും തനിക്കു ചുററുമുളളത് കാണാന്‍ കാഴ്ചയുളളവരുമായ ഒരുപാടുപേരുണ്ടെന്ന് തിരിച്ചറിയുന്നു."
തീര്‍ച്ചയായും, ഈ ഒരു കൂട്ടായ്മ ഇനിയും വളരട്ടെ, കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയട്ടെ.
എല്ലാം അവിടെ എത്തി ന്നു അറിഞ്ഞതില്‍ വലിയ സന്തോഷം.. നുക് ഇനിയിം ഇതയു പോലെ ഉള്ള പ്രവര്‍ത്തങ്ങള്‍ ഉം ആയി മുന്നോട്ടു പോവാം ....
ഈ സംരഭത്തില്‍ നേരിട്ടും അല്ലതെയും പങ്കെടുത്ത എല്ലാവര്ക്കും അഭിനന്ദനങ്ങള്‍...
vayichu....
ariyikkuka adutha thavanna ennalavunnathu njnum chyeyam
ചെറുതെങ്കിലും ചെയ്ത സഹായം അർഹിക്കുന്നവരിലെത്തി എന്നത് സന്തോഷകരം തന്നെ. എല്ലാവർക്കും അഭിനന്ദനങ്ങൾ!
അഭിനന്ദനങ്ങള്‍..!
ആദ്യം എല്ലാവര്ക്കും അഭിനന്ദനങ്ങള്‍....
മൈന, ഉള്ളില്‍ തട്ടുന്ന വിവരണം.
ഇവര്‍ മാവോക്കാരോ NDF കാരോയെന്നു അവര്‍ സന്ദേഹിക്കുമ്പോള്‍ നമുക്കു അനിഷ്ടം തോന്നുമെങ്കിലും നാട്ടുകാരുടെ പറച്ചില് വായിച്ചതില്‍ നിന്നും പെട്ടെന്നു തോന്നിയ മറ്റൊന്നുണ്ട്. ഇക്കാലത്തിനിടക്കു അവരെ സഹായിക്കാന്‍ ചെന്നവര്‍ ഒരുപക്ഷേ മാവോക്കാരോ NDF കാരോയൊക്കെയായിരിക്കും.
ഒത്തിരി സന്തോഷം..എല്ലാവർക്കും അഭിനന്ദനത്തിന്റെ സ്നേഹപ്പൂച്ചെണ്ടുകൾ.. :-)
su
നിങ്ങളുടെ ഈ തുടക്കത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ഇതില്‍ പങ്കാളി ആവാന്‍ കഴിയാത്തതില്‍ വളരെ വിഷമം ഉണ്ട്. എല്ലാ വിധ നന്മകളും നേരുന്നു.
വലതു കൈ കൊണ്ട് കൊടുക്കുന്നത് ഇടതു കൈ അറിയരുതെന്നാണല്ലോ?
എന്റെ പത്രപവര്‍ത്തന ജീവിതത്തില്‍ ഞാന്‍ ഏറ്റവും വെറുത്തത് സഹായം വാങ്ങുന്നതും കൊടുക്കുന്നതുമായ ഫോട്ടോകള്‍ പത്രത്തില്‍ കൊടുത്തതാണ്.
മാറ്റിവെച്ചാലും സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ അതു കൊടുക്കേണ്ടി വന്നിട്ടുണ്ട്.
ഫോട്ടോയില്‍ മിസ്സായ തലകള്‍ ഫോട്ടോഷോപ്പില്‍ ചേര്ത്തുവെച്ചിട്ടുപോലും ചില വമ്പന്മാര് വരാറുണ്ട്.
അനഥ പെണ്‍കുട്ടി പുതവസ്ത്രം ഏറ്റുവാങ്ങുന്നതും അഗതിക്ക് അരി നല്‍കുന്നതും.
ഏതായാലും അഭിനന്ദനാര്‍ഹമായ കാര്യമാണ് മൈനയുടെ നേതൃത്വത്തില്‍ നടന്നത്. ഇതുപോലുള്ള കുറിപ്പുകള്‍ മറ്റുള്ളവര്‍ക്കും പ്രചോദനമാവട്ടെ.
എന്നാലും വാങ്ങുന്നത് ആരും ഇഷ്ടപ്പെടാത്ത കാര്യമാണ്. അവരുടെയൊക്കെ അഭിമാനം സംരക്ഷിക്കപ്പെടുന്ന നല്ല നാളേക്ക് കാത്തിരിക്കാം.
മൈനാ..വാക്കുകളില്ല.നിരു പറഞ്ഞിരുന്നു.പങ്കെടുക്കാൻ കഴിഞ്ഞില്ല.വലിയൊരു പുണ്യ പവൃത്തിയാണ് ചെയ്തത്.പടച്ചവൻ അനുഗ്രഹിക്കട്ടെ .
ellam naannayittu varatte!
അഭിനന്ദനങ്ങള്‍!
(അടുത്ത തവണയെങ്കിലും കഴിയുന്ന പോലെ പങ്ക് ചേരാം)
പത്തു രൂപ ആര്‍ക്കെങ്കിലും വേണ്ടി ചിലവാക്കി അത് പത്രത്തില്‍ കൊടുക്കുന്നവര്‍ ഇതൊക്കെ ഒന്ന് കണ്ടിരുന്നെങ്കില്‍
ഒരുപാട് സന്തോഷം മൈനാ
ഇത്തരം കൂട്ടായ്മകള്‍ ഇനിയം ഉണ്ടാകട്ടെ..അപ്പൊ "അണ്ണാന് കുഞ്ഞിനും തന്നാലായത്...ഞാനും ഉണ്ടാകും കൂടെ..."
ബൂലോകം വളരട്ടെ, നന്മകളിലൂടെ
സഹോദരീ
താങ്കളുടെ ബ്ലോഗ് മുന്‍പും വായിച്ചിടുണ്ട്. എങ്കിലും ഇത്രയും ഹൃദയസ്പര്ശീയായ ഒരു ലേഖനം ഇതുവരെ വായിച്ചിട്ടില്ല. താങ്കളുടെ
വിവരണത്തിനു നന്ദി
മൈന ,ആഷ്ലീ നിരക്ഷരൻ കുഞ്ഞമ്മദിക്ക എല്ലാവർക്കും അഭിന്ദനങ്ങൾ
സന്തോഷം...:):)
മനം നിറഞ്ഞ അഭിനന്ദനങ്ങളും :)
നന്നായി എഴുതി ..
കുഞ്ഞഹമ്മദിക്കയെപ്പറ്റി അല്‍പ്പം വിവരം ഇവിടെ എഴുതി ഇട്ടിട്ടുണ്ട്. പരസ്യം ഇട്ടതിന് മൈന ക്ഷമിക്കണം.
ഈ മാസം നാട്ടില്‍ വരുന്നുണ്ട്, മൈനാ. കുഞ്ഞഹമ്മദിക്കയെ പരിചയപ്പെടുത്തിത്തരണം.
ആഷ്ലി, നിരു,സുനില്‍ കുടുംബങ്ങള്‍ക്ക് ആശംസകള്‍!
അഭിനന്ദനങ്ങള്‍
പുണ്യം ചെയ്തവര്‍ നിങ്ങള്‍
ആദിവാസി ക്ഷേമത്തിന് നമ്മുടെ സര്‍ക്കാര്‍ ചിലവഴിച്ച കാശു മൊത്തം ചേര്‍ത്ത് വെച്ചാല്‍ കേരളത്തിലെ ഓരോ ആദിവാസിയും ഇപ്പൊ കോടീശ്വരന് (അല്ലെങ്കില്‍ കുറഞ്ഞപക്ഷം ലക്ഷപ്രഭു) ആയിട്ടുണ്ടാവണം. അത് വഴി വേറെ കുറെ പേര് കാശുണ്ടാക്കി എന്ന് മാത്രം. കാരുണ്യത്തിന്റെ ഈ ചെരുതിരി അങ്ങനെ കൂടുതല്‍ പടരട്ടെ.. പലതുള്ളി പെരുവെള്ളം എന്നാണല്ലോ.. ആശംസകള്‍..
ഞാനും പോകുന്നുണ്ട് വയനാട്, പെരുനാളിനു.. ഇപ്പോള്‍ പോയ സ്ഥലത്തേക്ക് എനിക്ക്പോകാന്‍ പറ്റുമോ..? ഇതു പോലെ ആദിവാസി കുടിയില്‍ ഇടമലയാര്‍, എറണാകുളത്തും ഞാന്‍ പോയിട്ടുണ്ട് .. അവര്‍ക്ക് വേണ്ടി.. അവരുടെ ജീവിതം കാണാന്‍.. കഴിയുമെങ്കില്‍ കുറച്ചു കാര്യം നേരില്‍ അറിയണം.. എന്റ്റെ നമ്പര്‍ 94 00 333 582
എനിക്കും പോകനമെന്നുണ്ട്, ഈ പെരുനാളിനു വയനാട് കണാന ഞാന്‍ പ്ലാന്‍ ചെയ്തിരിക്കുനത്. അടിവാസികളുടെയ് ജീവിതം നേരില്‍ ഞാന്‍ എവിടേ കണ്ടിട്ടുണ്ട് .. എന്റെ സ്ഥലം മുവാറ്റുപുഴ എറണാകുളം..
എനിക്ക് വയനാടിനെ കുറിച്ച് അറിയണം എന്നുണ്ട് എന്റെ നമ്പര്‍ 9400333582
പ്രിയ യാക്കൂബ്,
പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നല്ലതു തന്നെ..പക്ഷേ, കാട്ടിലുള്ള കോളനിയായതുകൊണ്ട് വനം വകുപ്പിന്റെ അനുമതി വേണം. സൗത്ത് വയനാട് ഡിവിഷനില്‍ പെട്ട കുറച്ച്യാട് റേഞ്ച് ഓഫീസ് പരിധിയിലാണ്. ബത്തേരിയില്‍ പത്തു കിലോമീറ്ററോളം...തനിച്ച് പോകുന്നതും ഉചിതമല്ല. റേഞ്ച് ഓഫീസില്‍ നിന്ന് അനുമതി ലഭിച്ചാല്‍ അവര്‍ തന്നെ കൊണ്ടുപോകും.
priya, mayina. wayanad yathra nannayi.
അവര്‍ NDF കാരാ...കൈവെട്ടിയ കൂട്ടര്...
അപ്പോ അച്ഛനുമമ്മയും പെണ്ണുങ്ങളുമൊക്കെയുണ്ടായിരുന്നല്ലോ...
എന്നാല്‍ മാവോ....ഒരു സംശയവുമില്ല.
എനിക്കൊട്ടും സംശയമില്ല.പ്രതികരിക്കുന്നവരെല്ലാം തീവ്രവാദികൾ തന്നെ.
മൈനയുടെ മനസിനോട് ,,എന്തോന്നു പറയും.
ഒന്നും പറയുന്നില്ല.
“അവന് കളിക്കാന്‍ കിട്ടിയത് ഒരു സിംഹത്തെയാണ്. പഷു...പഷു....അവന് പറഞ്ഞുകൊണ്ടിരുന്നു.”
ഉള്ളിൽ തട്ടി...
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ആശംസകൾ!
excellant work,
vayichappol enthanenu ariyilla kannukal niranju poyi, sankadam kondano atho santhosham kondo ariyilla.
ee nalla manasinu namovakam
എന്തു പറയാനാ...
ഹൃദയത്തില്‍ നന്മകള് മാത്രം സൂക്ഷിക്കുന്ന കുറെ നല്ല മനുഷ്യര്‍
മനസ്സുകൊണ്ടെങ്കിലും നിങ്ങളോടൊപ്പം...
മൈനാ. ആദ്യായിട്ടാണ് ഈ വഴി. നിരക്ഷരന് വഴിയാ എത്തിയത്. എന്തെ മുമ്പ് കാണാതെ പോയി എന്ന് സംശയിച്ചു. ഒരുപാടുണ്ടല്ലോ വായിക്കാന്‍. സാവധാനം വരാം. കൂടെ പിന്തുടരാന് വഴികളൊന്നും കാണുന്നുമില്ല.
nannayi. anukarikkapedendathu.
ആത്മനിന്ദയോടെ.....
യാത്രകള്‍ അറിയിക്കുമെങ്കില്‍ കഴിയുന്ന സഹായത്തിന് ശ്രമിക്കാം. പറ്റുമെങ്കില്‍ വരുവാനും......കൂട്ടായ്മയുടെ വളര്‍ച്ച ആഗ്രഹിക്കുന്നു.......
മൈന, നിരന്, ക്യാപ്റ്റന്‍... നിങ്ങളെ എങ്ങനെ അഭിനന്ദിക്കും എന്നറിയില്ല... നന്മ നേരുന്നു...
ബസ്സിലും ബ്ലോഗിലുമൊക്കെ വസ്ത്രശേഖരണവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ കണ്ടിരുന്നെങ്കിലും എനിക്കെന്തു ചെയ്യാനാവും എന്ന സംശയത്തില്‍ അധികമൊന്നും ശ്രദ്ധകൊടുത്തിരുന്നില്ല. ഇപ്പോള്‍ ഈ പോസ്റ്റ് വായിച്ചപ്പോള്‍ എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദുഖമാണ് ബാക്കിയാവുന്നത്. ദൈവാനുഗ്രഹമുണ്ടാവട്ടെ നിങ്ങള്‍ക്ക്.. ഇനി മേല്‍ എന്റെ പരിശ്രമവും ഉണ്ടാവുമെന്ന വാഗ്ദാനത്തോടെ..
അവര്‍ NDF...കാരാ..കൈ വെട്ടിയകൂട്ടരാ....സംശയം വേണ്ട ചൂട് വെള്ളത്തില്വിണ പൂച്ചക്ക് പച്ചവെള്ളം കണ്ടാലും പേടിയാണ്.ക്ഷമിക്കൂ നിരക്ഷരേട്ടാ..മൈനക്ക് ആയിരമായിരം അഭിനന്ദനങ്ങള്‍.ബൂലോകര്‍ക്ക് എല്ലാവിധ നന്മകളും നേരുന്നു.
thank u
കാണാൻ വൈകി.
എല്ലാ നന്മകളും നേരുന്നു.
ഇപ്പഴാണിതിനെക്കുറിച്ച് അറിഞ്ഞത്. ഇത്രയെങ്കിലുമൊക്കെ ചെയ്ത നിങ്ങള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍.
കഴിഞ്ഞ ആഴ്ച നാട്ടിലെ ഒരു പ്രമാണി (പകല്‍ മാന്യന് ) വിളിച്ചിരുന്നു - അമ്പലത്തില്‍ ഉദയാസ്തമന പൂജ ,അന്നധാനം(പ്രഭു കുടുംബിനികളുടെ ജാഡ ) അഞ്ഞൂറ് ദിര്‍ഹംസ് വേണമത്രെ .ദൈവത്തിന്റെ പേരില്‍ അര്ബാടം,ചൂഷണം .
നിങ്ങള്‍ പറ ,അമ്പലത്തിനു നല്‍കണോ അതോ ഈ പാവം കുട്ടികള്ക് തുണി വാങ്ങാന്‍ നല്‍കണോ?
അഭിനന്ദനാര്‍ഹമായ ശ്രമം...
നന്ദി. ആശംസകൾ !
It was u who familiarized Wayanad & Idukki for me, drawing fantastic pictures. Try to publish a Travelogue on Wayanad, and take us to places.
sunilkp.70@gmail.com
Like tobecome a part of such small small things in future. all the best to u and team.
Chechy,
are you planning anything now ? I mean distributing cloths/toys etc?
Please let me know.
Regards
Deepthy
Post a Comment