Monday, August 2, 2010

ചില കൊച്ചു കൊച്ചു കാര്യങ്ങള്‍


തണുപ്പ് എനിക്കെന്തായിരുന്നുവെന്ന് ചിന്തിച്ചു നോക്കിയത് ഒരുപക്ഷേ, കുഞ്ഞമ്മദിക്കായുമായി സംസാരിച്ചപ്പോഴായിരിക്കണം. തണുപ്പറിഞ്ഞത്് മറയൂരിലെ കുട്ടിക്കാലത്തായിരുന്നു. വൃശ്ചികം ധനുമാസങ്ങളില്‍ അസ്ഥിമരക്കുന്ന തണുപ്പായിരുന്നു. എനിക്കന്നൊക്കെ രാവിലെ കുളിക്കുകയെന്നാല്‍ എന്തൊരു മടിയായിരുന്നെന്നോ..ചൂടുവെളളമല്ല..ഐസായിക്കിടന്ന വെള്ളമെടുത്തു കുളിക്കണമായിരുന്നു. പലപ്പോഴും മടിക്കുന്നതു കാണുമ്പോള്‍ അമ്മച്ചി തലവഴി വെളളം കോരിയൊഴിക്കും.

കുളിക്കാന്‍ തലയില്‍ എണ്ണതേയ്ക്കുമ്പോഴാണ് രസം. കട്ടപിടിച്ചിരിക്കുന്ന വെളിച്ചെണ്ണ അടുപ്പിനടുത്ത് വെച്ച് ചൂടാക്കി ദ്രാവകരൂപത്തിലേക്കാക്കി ഉള്ളം കൈയ്യിലേക്കൊഴിക്കുമ്പോഴേക്കും കട്ടപിടിക്കും. അതു തലയില്‍ തേച്ചാലോ മുടിയില്‍ അപ്പുപ്പന്‍ താടികള്‍ പറന്നിരുന്ന പോലെ...

അടിയുറപ്പുള്ള വീടായിരുന്നു. നാലുചുവരുകള്‍ക്കും നല്ല ബലമുണ്ടായിരുന്നു. മികച്ച മേച്ചിലായിരുന്നു. ജനലുകള്‍ക്കും കതകുകള്‍ക്കും ഉറപ്പുണ്ടായിരുന്നു. പറമ്പിനു ചുറ്റും കൊങ്ങിണിയും കമ്മട്ടിപ്പത്തലും നാട്ടിയ വേലിയുണ്ടായിരുന്നു. എന്നിട്ടും ആ രാത്രികളില്‍ ഈ ബലങ്ങളെയെല്ലാം നിഷ്്പ്രഭമാക്കി തണുപ്പ് ഞങ്ങളുടെ അടുത്തെത്തി. തലേരാത്രിയിലെ തണുപ്പോര്‍ത്ത് പഴയ പാന്‍സെടുത്തിടും. സ്വെറ്ററിടും, മങ്കിത്തൊപ്പിവെയ്ക്കും. കട്ടിലില്‍ ഞാനുമനിയത്തിയും കറുത്തകമ്പിളിക്കുള്ളില്‍ കെട്ടിപ്പിടിച്ചു കിടക്കും. എന്നിട്ടും ഞങ്ങളുടെ മേല്‍ തണുപ്പു തുളച്ചു കയറി.... ഞങ്ങളുടെ വസ്ത്രങ്ങള്‍ക്കോ പുതപ്പിനോ വീടിനോ വേലിക്കോ തണുപ്പിനെ തടുക്കാനായില്ല. പലരാത്രികളിലും തണുപ്പുകൊണ്ടെനിക്കുറങ്ങാന്‍ പറ്റിയിരുന്നില്ല. കമ്പിളിക്കുള്ളില്‍ ഞങ്ങള്‍ ഞെളിപിരികൊണ്ടു.

ഒരു ചാക്കു കിട്ടിയിരുന്നെങ്കില്‍ അതിനുള്ളില്‍ കയറിക്കൂടാമെന്നു തോന്നിയ രാത്രികള്‍...
എങ്കിലും സുരക്ഷിതത്വത്തിന്റെ തണുപ്പായിരുന്നു അന്നനുഭവിച്ചതെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു.

അത്തരം തണുപ്പില്‍ ഉടുതുണിയില്ലാതെ പുതയ്ക്കാന്‍ ഒന്നുമില്ലാതെ...മുകളില്‍ മേല്‍ക്കൂരയില്ലാത്ത എത്രയോപേര്‍...ഇന്നും ഇങ്ങനെയുണ്ടോ എന്ന് അത്ഭുതപ്പെട്ടേക്കാം. ഉണ്ടെന്നതാണ് നേര്.

പ്രവാസിയായ സുഹൃത്ത് നാട്ടിലേക്കുളള ഓരോ യാത്രയിലും ബ്ലാങ്കറ്റ് നിര്‍ബന്ധമായും വാങ്ങിയിരുന്നു എന്നു പറഞ്ഞതോര്‍ക്കുന്നു. ആ ബ്ലാങ്കറ്റുകള്‍ അടുത്തുളള ആവശ്യക്കാര്‍ക്കു കൊടുക്കാറാണ്. കാരണം ചെറുപ്പത്തില്‍ തണുപ്പെന്താണെന്ന് അവന്‍ അറിഞ്ഞിരുന്നു.

കുറച്ചു ദിവസമായി ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് ചില കൊച്ചു കൊച്ചുകാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അതിന് കാരണമായത് മാതൃഭൂമിയിലെ ഈ കോളമാണ്. കുഞ്ഞുടുപ്പുകളുടെ നഷ്ടം, ദഹിക്കാതെ പോയത് തുടങ്ങിയ കുറിപ്പുകള്‍ക്ക് കമന്റായും മെയിലായും ഒരുപാട് പ്രതികരണങ്ങള്‍ കിട്ടിയിരുന്നു. പലരും എന്തെങ്കിലും ചെയ്യാന്‍ തയ്യാറായിരുന്നു. ചിലരെങ്കിലും സമൂഹത്തിന്റെ ഒരുമൂലയിലേക്ക് ഒതുങ്ങിപ്പോയവര്‍ക്കുവേണ്ടി എന്തുചെയ്തു എന്നു ചോദിച്ചു. മറ്റു ചിലരാകട്ടെ, അവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് എന്തുകൊണ്ടു പ്രതികരിച്ചില്ല എന്നും. എഴുതുക മാത്രമല്ല മുമ്പും ഇകൂട്ടായ്മയിലൂടെ ചിലത് ഞങ്ങള്‍ ചെയത്ിട്ടുണ്ട്. വസ്ത്രം ശേഖരിച്ചാലോ എന്നൊരു ആശയം തോന്നിയപ്പോഴാണ്് മനോജ് രവീന്ദ്രനോട്(നിരക്ഷരന്‍) സംസാരിച്ചത്.


അടുത്ത ദിവസം മനോജ് ഗൂഗള്‍ ബസ്സില്‍ ചര്‍ച്ചയ്ക്കുവെച്ചു. അമ്പരപ്പിക്കുന്ന പ്രതികരണമായിരുന്നു. വസ്ത്രം ശേഖരിക്കാം എന്നു തീരുമാനിക്കുമ്പോള്‍ അതില്‍ ഒരുപാടു പ്രശ്‌നങ്ങളുണ്ട്. പുതിയതും പഴയതുമായ് വസ്ത്രം ശേഖരക്കാം. പക്ഷേ പഴയതെന്നു പറയുമ്പോള്‍ ഉപയോഗിച്ച് പഴകി പിഞ്ഞിത്തുടങ്ങിയവ ആവശ്യമില്ല. കമ്പിളി മുതല്‍ എന്തുമാവാം പക്ഷേ, കേടുപാടുകള്‍ ഉളളതാവരുത്. ഒരു ബട്ടണ്‍ പോയതുപോലും വേണ്ട. തരുന്നവര്‍ കഴുകി വൃത്തിയാക്കിവേണം തരാന്‍.

വയനാട്ടില്‍ കാട്ടിനുളളില്‍ ജീവിക്കുന്ന ആദിവാസികളെ കണ്ടപ്പോള്‍ കുട്ടികള്‍ പലരും പൂര്‍ണ്ണമായും നഗ്‌നരായിരുന്നു എന്ന് സര്‍ക്കാരിന്റെ ആശ്രയപദ്ധതിയുടെ ഭാഗമായി നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത ബന്ധുപറഞ്ഞു . ഇടുവാന്‍ വസ്ത്രമില്ലാഞ്ഞിട്ടു തന്നെയായിരുന്നു അത്. വസ്ത്രമുളളവര്‍ തന്നെ അങ്ങേയറ്റം കീറി പറിഞ്ഞ വേഷക്കാര്‍...

ഏതാണ്ട്് ഇതേ അനുഭവം തന്നെയാണ് കുഞ്ഞമ്മദിക്ക പറഞ്ഞതും.
ശേഖരിക്കുന്ന തുണി ആര്‍ക്കു നല്കുമെന്നതിന് ആദ്യം ഇവര്‍ക്ക് എന്ന തീരുമാനത്തിലാണ് കുഞ്ഞമ്മദിക്കയോട് ചോദിച്ചു നോക്കാം എന്നു വിചാരിച്ചത്.

അദ്ദേഹത്തോട് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ എല്ലാ സഹായവും ചെയ്തു തരാമെന്നു പറഞ്ഞു.

കുഞ്ഞമ്മദിക്ക ഒരു കൂലിപ്പണിക്കാരനാണ്. ഭാര്യയും രണ്ടു പെണ്‍കുട്ടികളുമുണ്ട്. സത്യം പറയാമല്ലോ ആ മനുഷ്യനു മുന്നില്‍ നമ്മുടെ ലോകം എത്ര ചെറുതാണ് എന്ന തോന്നല്‍. ആഴ്ചയില്‍ അഞ്ചു ദിവസവും ആദിവാസികള്‍ക്കു വേണ്ടി കഷ്ടപ്പെടുന്നു. രണ്ടു ദിവസത്തെ പണം സ്വന്തം വീട്ടില്‍ അരിവാങ്ങാനും. ചില കോളനികളില്‍ കഴിഞ്ഞ വര്‍ഷം അദ്ദേഹം കൊടുത്ത മകളുടെ ഉടുപ്പ് തന്നെ ഇപ്പോഴും. .. പ്രസവിച്ചു കിടക്കുന്ന ഒരു സ്ത്രീ മഴയില്‍ നനഞ്ഞ നിലത്ത് പഴകി കീറിയ സാരി വിരിച്ചാണത്രേ കിടക്കുന്നത്. കാട്ടിനുള്ളില്‍ പ്ലാസ്റ്റിക് കൂടാരമുണ്ടാക്കിയാണ് ഇവരുടെ താമസം. ഒരു ദിവസം നിങ്ങള്‍ വരൂ എന്നിട്ട് അവര്‍ ജീവിക്കുന്നത് ഒന്ന് കാണൂ എന്നാണ് കുഞ്ഞമ്മദിക്ക പറയുന്നത്. അദ്ദേഹത്തെ പൂര്‍ണ്ണമായും ഞങ്ങള്‍ വിശ്വസിക്കുന്നു.

പലപ്പോഴും നമ്മുടെയൊക്കെ ധാരണ ആദിവാസികള്‍ക്കുവേണ്ടി ധാരാളം ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടല്ലോ എന്നാണ്് . അതൊന്നും കൃത്യമായി അവരിലെത്തുന്നില്ല..കാട്ടിനുള്ളില്‍ ജീവിക്കുന്ന പലര്‍ക്കും റേഷന്‍ കാര്‍ഡില്ല. റേഷന്‍ കാര്‍ഡില്ലാതെ എന്തു സര്‍ക്കാര്‍ സഹായം കിട്ടാന്‍...കുഞ്ഞമ്മദിക്കയുടെ നിരന്തരപ്രയത്‌നം കൊണ്ട് ചിലര്‍ക്ക് റേഷന്‍ കാര്‍ഡ് കിട്ടിയിട്ടുണ്ട്. ആഴ്ചയില്‍ 10 കിലോ അരികിട്ടും. അതുകൊണ്ട് ഒരു നേരമാണ് പലരുടേയും ഭക്ഷണം.

വസ്ത്രം ശേഖരിക്കുന്നു എന്നറിഞ്ഞപ്പോള്‍ വയനാട്ടിലെ കൂട്ടുകാരിചേച്ചി പറഞ്ഞത് അവരുടെ പരിചയത്തില്‍ കുറെ HIV + ve കാരുണ്ടെന്നാണ്. എല്ലാവരും നിര്‍ധനര്‍..മരുന്നുപോലും വാങ്ങാന്‍ കഴിയാത്തവര്‍..എന്താണു രോഗമെന്നറിയാത്തവര്‍...മരുന്നിനൊപ്പം വസ് ത്രം അവരുടേയും പ്രധാന പ്രശ്‌നമാണ്.

എന്തായാലും വസ്ത്രശേഖരണം തുടങ്ങിക്കഴിഞ്ഞു. ആദ്യമായി തുടക്കം കുറിച്ചത് ബാംഗഌരുവിലെ ആഷ്‌ലിയായിരുന്നു.

ആഷ്‌ലിയുടെ വാക്കുകള്‍ ഇതാ...

'കൊറേ ആള്‍ക്കാര്‍ വസ്ത്രങ്ങള്‍ കഴുകി ഡ്രൈ ക്ലീന്‍ ചെയ്യിച്ചു അയണ്‍ ചെയ്താണ് കൊണ്ട് വന്നത്. ചില ഡ്രെസ്സുകള്‍, ഞാന്‍ ഓഫീസില്‍ ഇടുന്ന സൊ കോള്‍ഡ് കോര്‍പ്പറേറ്വെയറിയേക്കാള്‍ നല്ലവ.

ഇത് പറയാന്‍ കാരണം, ഇതിനു സഹകരിച്ചവര്‍, വേണ്ടാത്ത അല്ലെങ്കില്‍ ഉപയോഗിയ്ക്കാന്‍ കഴിയാത്ത ഡ്രസ്സ് ഒഴിവാക്കാന്‍ വേണ്ടി അല്ല നമ്മുടെ കയ്യില്‍ തന്നത്. ഫോര്‍ ഉദാഹരണം : നമ്മുടെ പാത്രത്തില്‍ രണ്ടു ഇഡലി (ഫോര്‍ നോണ്‍ വെജ് ആള്‍ക്കാര്‍, രണ്ടു ചിക്കന്‍ പീസ്) ഒരെണ്ണം, അടുത്ത് ഇരിയ്ക്കുന്ന കൂടപിറപ്പിന് കൊടുക്കുന്ന അതെ സ്‌നേഹത്തോടെ, നല്ലത് നോക്കിയാണ് തന്നത്. ഞാന്‍ ഈ പരിപാടി പറഞ്ഞു വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോ എന്റെ ചുള്ളത്തി വിചാരിച്ചത് കൊറച്ചു മാത്രെമേ കിട്ടൂ, അത് വീട്ടിന്റെ ഒരു മൂലയില്‍ രണ്ടു തുണി കവര്‍ ആയി തല്‍കാലം ഇരുനോള്ളും എന്നാ. ഞാന്‍ തിരിച്ചു വന്നു, ഫസ്റ്റ് ഒരു ചെറിയ ബോക്‌സ് പൊക്കി കൊണ്ട് അകത്തു കേറി. മൂപ്പര്‍ കണ്ണ് തള്ളി, ഭഹോ...ഒരു ബോക്‌സ് ഫുള്‍ കിട്ട്യാ ....ഗുഡ് !!!`

കുറച്ചു കഴിഞ്ഞപ്പ, ദാ വരുന്നു അടുത്ത ഒരു ചെറിയ ബോക്‌സ് വിത്ത് നാലഞ്ചു കവര്‍. അപ്പൊ `ഹോ...ഇതും ഉണ്ടോ. നല്ല response ആയിരുന്നു, അല്ലെ` കണ്ണ് അഗെയിന്‍ തള്ളല്‍.

അത് കഴിഞ്ഞു ഒരു ഗ്ലാസ് വെള്ളം കുടിച്ചു ഞാന്‍ മെല്ലെ പോയി ഏറ്റവും വലിയ, ആ വെള്ള ബോക്‌സ് പൊക്കി കൊണ്ടുവന്നു. എന്റെ ചുള്ളത്തിയുടെ ആള്‍റെഡി തള്ളിയ കണ്ണ് പിന്നെയും തള്ളാന്‍ സ്​പയിസ് ഇല്ലാത്തതു കൊണ്ട്, കണ്ണ് ഊരി ഒരു കവറില്‍ ഇട്ടു കയ്യില്‍ തൂക്കി പിടിച്ചു.' (www.aakramanam.blogspot.com)

സദാസമയവും സെല്‍ഫോണിലേയ്ക്ക് ഒതുങ്ങിക്കൂടി, എസ്.എം.എസും ബ്ലോഗിംഗുമൊക്കെയായി കഴിഞ്ഞുകൂടുന്ന ഒരു തലമുറ ജീവിത യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാതെ പോകുകയാണോ. അതോ ആധുനിക വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ പ്രദാനം ചെയ്ത വലിയൊരു ശൃംഖലയുടെ കണ്ണികളായി മാറി വെല്‍ കണക്ടഡ് എന്ന ആധുനികതയിലൂടെ അവര്‍ വിശ്വപൗരന്മാരായി മാറുകയാണോ?
കഴിഞ്ഞ ദിവസം മലയാളത്തിലെ ഒരു പ്രസിദ്ധീകരണത്തില്‍ നിന്ന് അയച്ചു കിട്ടിയ ചോദ്യമാണിത്....

അരാജകത്വത്തിലും അരക്ഷിതാവസ്ഥയിലും പെട്ട ഒരുപറ്റം യുവജനങ്ങളുണ്ടാവാം. പക്ഷേ, അതിനേക്കാളേറെ ഭൂമിയുടെ ഏതു കോണിലായാലും തനിക്കു ചുററുമുളളത് കാണാന്‍ കാഴ്ചയുളളവരുമായ ഒരുപാടുപേരുണ്ടെന്ന് തിരിച്ചറിയുന്നു.

സഹായം വാഗ്ദാനം ചെയ്തവര്‍ക്ക്, ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ തന്നവര്‍ക്ക്, പ്രിയപ്പെട്ട ബ്ലോഗ്, ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ക്ക് എല്ലാവര്‍ക്കും നന്ദി പറയുന്നു. അതിനേക്കാളേറെ മാതൃഭൂമി ഓണ്‍ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ഹൃദയപൂര്‍വം നന്ദി.


കടപ്പാട് -മാതൃഭൂമി ഓണ്‍ലൈന്‍
ALL RIGHT RESERVED

14 comments:

chithrakaran:ചിത്രകാരന്‍ said...

അപ്പോള്‍, കാര്യമായ മാനുഷിക പ്രവര്‍ത്തനങ്ങള്‍
നടക്കുന്നുണ്ടല്ലേ... ചിത്രകാരന്റെ ആശംസകള്‍ !!!

poochakanny said...

വളരെ നന്നായിട്ടുണ്ട് നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ ആശംസകളും. ഒപ്പം എന്നാല്‍ കഴിയുന്ന സഹായവും വാഗ്ദാനം ചെയ്യുന്നു. ഇപ്പോള്‍
ഒരു ട്രീറ്റ് മെന്റില്‍ ആണ്. വളരെ സജീവമാണ് നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് ഒരു സുഹൃത്ത് പറഞ്ഞിരുന്നു.

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

നല്ല നല്ല പ്രവർത്തനങ്ങൾ ..കേട്ടൊ മൈനാജി.ഈ കൊച്ചു കൊച്ചു കാര്യങ്ങൾ വലിയ വലിയ കാര്യങ്ങളായി തീരട്ടേ എന്നാശംസിച്ചുകൊള്ളുന്നൂ...

jayanEvoor said...

നിരക്ഷരനെ ബന്ധപ്പെട്ടിരുന്നു.
ഞാനുമുണ്ട് ഇക്കൂട്ടത്തിൽ...
ആശംസകൾ!

Palam said...

Maina....
Congradulations,
please convay my regards your freinds

Mary said...

Hi,

I have a new born babay and i got so many dresses for him. I also have some baby bed, mosquito net etc. can i donate these items for your activities? I will also add some stuff for elder ppl.

Please do reply..my mother in law is working in mathrubhumi, so i can directly hand it over- or i will even courier it from bangalore.

ഫിലിംപൂക്കള്‍ said...

സാമുഹികപ്രവര്‍ത്തനത്തിന് വേണ്ടത് ദാനശീലമുള്ള നല്ല മനസ്സാണ്. താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സന്മനസുള്ള ഒരുപാടു ആളുകള്‍ ഇനിയും സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു. ...

പ്രവാസം..ഷാജി രഘുവരന്‍ said...

പ്രിയ സോദരി ...
മറ്റുള്ളവരുടെ വിഷമം കണ്ടു അതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന
ഈ മനസ്സ് .എന്നും ഇതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍
നില്‍ക്കുവാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.ഞാന്‍ ഒരു പ്രവാസിയാണ്
ഇവിടെ നിന്നും ഞങള്‍ വസ്ത്ര ശേഖരണം നടത്തി നിങ്ങളോടൊപ്പം
സഹകരിക്കുവാന്‍ തിരുമാനിചിരിക്കുന്നു
shajiraghuvaran@gmail.com

വെഞ്ഞാറന്‍ said...

മൈനാ, അമ്പരപ്പിക്കുന്നു നിങ്ങൾ. ആത്മനിന്ദ തോന്നുന്നു എനിക്ക്.

Pramod Nair said...

മൈന, എങ്ങനെ ആണ് സഹായിക്കേണ്ടത് എന്ന് അറിയിച്ചാല്‍, ഞാന്‍ കുറച്ചു വസ്ത്രങ്ങള്‍ എന്റെയും കൂട്ടുകാരുടെയും വക അറേഞ്ച് ചെയ്തു അയച്ചു തരാം.
എല്ലാ ഭാവുകങ്ങളും നേരുന്നു

നന്ദിയോടെ
-പ്രമോദ്

വഴിപോക്കന്‍ said...

ഒരു സുഹൃത്ത്‌ അയച്ചു തന്ന ലിങ്ക് വഴി വന്നതാണ്
ഇതൊക്കെയാണോ കൊച്ചു കൊച്ചു കാര്യങ്ങള്‍?
താങ്കളുടെ സന്മനസ്സിന് മുന്നില്‍ എന്റെ പ്രണാമം

വാക്കേറുകള്‍ said...

മൈനായുടെയും സുഹൃത്തുക്കളുടേയും പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍

മൈന said...

പ്രിയപ്പെട്ടവരെ,

നല്ല വാക്കുകള്‍ക്കും സഹായമനസ്സിനും നന്ദി. മേരി, ഏതു സ്ഥലത്താണ്‌ അമ്മ ജോലിചെയ്യുന്നത്‌. കോഴിക്കോടാണോ?

അയയ്‌ക്കാന്‍ കഴിയുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക
ഈ മാസം 20 നു മുമ്പ്‌ കിട്ടത്തക്ക വിധത്തില്‍ അയയ്‌ക്കുക
manoj ravindran
geethanjali
valavi road
cochin - 682018
kerala

അല്ലെങ്കില്‍

myna umaiban
Calicut Co-op Urban Bank,
Kallai Road,
Kozhikode-02

അയക്കുക

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

മാനവസേവ മാധവസേവ.

ഭാവുകങ്ങള്‍