Wednesday, June 30, 2010

ദഹിക്കാതെ പോയത്‌

ഇടുക്കിയിലാണ് ജനിച്ചു വളര്‍ന്നതെങ്കിലും ആദിവാസികളുമായി അടുത്തു പരിചയമില്ലായിരുന്നു. ഒരു മലയ്ക്കപ്പുറം മുതുവാന്‍ കുടിയുണ്ടായിരുന്നു. അതു തന്നെ മുതിര്‍ന്ന ശേഷമാണ് കാണാനായത്. പറമ്പിന്റെ അതിരു വഴി പാറ കേറിപ്പോകുന്ന മുതുവാന്മാരെയും മുതുവാത്തികളെയും കണ്ടിട്ടുണ്ട്. പുറത്ത് തുണിസഞ്ചി കെട്ടി കുഞ്ഞുങ്ങളെ അതിലിരുത്തിയായിരുന്നു അവര്‍ തേനെടുക്കാന്‍ കാടുകയറിയത്. കങ്കാരുക്കള്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കും പോലെ...

ഞങ്ങള്‍ കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും അവരുടെ യാത്ര നോക്കി നില്ക്കുമായിരുന്നു.

പിന്നെയും കുറേ ദൂരെയായിരുന്നു മന്നാക്കുടികള്‍...മുതുവാന്മാരെക്കാള്‍ പരിഷ്‌കൃത സമൂഹവുമായി കൂടുതല്‍ അടുത്തിരുന്നു മന്നാന്മാര്‍. വേഷത്തിലൊക്കെ കാര്യമായി മാറ്റം വന്നതുകൊണ്ട് പലപ്പോഴും തിരിച്ചറിയാന്‍ പറ്റിയിരുന്നില്ല. ആദിവാസി വിഭാഗത്തില്‍ പെടുന്ന മലയരയരെയോ ഉള്ളാടന്മാരെയോ ഞങ്ങള്‍ക്ക് ഒരു തരത്തിലും തിരിച്ചറിയാന്‍ പറ്റിയിരുന്നില്ല. അവര്‍ അത്രയേറെ സാംസ്‌ക്കാരികമായി മുന്നോട്ടു പോയിക്കഴിഞ്ഞിരുന്നു.

എന്നാല്‍ വയനാട്ടിലെത്തിയപ്പോഴാണ് വ്യക്തമായും തിരിച്ചറിയാന്‍ പറ്റുന്ന രീതിയില്‍ തന്നെ ഇവരെ കാണുന്നത്. ഇരുണ്ട നിറവും കുഴിയിലാണ്ട കണ്ണുകളും സ്​പ്രിംഗ് പോലുള്ള പടര്‍പ്പമുടിയും അല്പം പതിഞ്ഞ മൂക്കും...

പലര്‍ക്കും ആദിവാസി എന്നു കേള്‍ക്കുന്നതേ അലോസരമാണ്. ചിലര്‍ക്ക് ആനന്ദവും. ആനന്ദം തോന്നുന്നവര്‍ക്ക് അവരുടെ ഇരുണ്ട തൊലി പ്രിയപ്പെട്ടതാണ്. അതുകൊണ്ടു തന്നെ പല ആദിവാസി പെണ്‍കുട്ടികളും തന്തയില്ലാത്ത കുഞ്ഞുങ്ങളുടെ അമ്മയാകേണ്ടി വരുന്നു.
ബസ്സിലും മററും യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിച്ചിട്ടുണ്ട്. കമ്പിയില്‍ മുറുകെ പിടിച്ചിരിക്കുന്നവരെങ്കിലും ബസ്സിന്റെ വേഗത്തിനനുസരിച്ച് ആടിയുലയും. ധരിച്ചിരിക്കുന്ന ബ്ലൗസിന്റേയും ഉടുമുണ്ടിന്റെയും ഇടയില്‍ അരച്ചാണ്‍ വയറു കാണുമ്പോള്‍ ആലിലവയറിലേക്കുള്ള ഒളിഞ്ഞുനോട്ടത്തിന്റെ സുഖമല്ല കിട്ടുന്നത്. ഇരുണ്ട തൊലി ചുക്കിച്ചുളിഞ്ഞ് ഉള്ളിലേക്ക് വലിഞ്ഞ്... വെറ്റില മുറുക്കി പല്ലു ചുവപ്പിച്ച്, നില്ക്കുന്ന അവരുടെ മുഖത്ത് ഒരു തരം നിര്‍വ്വികാരതയാണ്.

ഈ മനുഷ്യരില്‍ കാമം കാണുന്നതെങ്ങനെയെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്.

അവരുടെ വിശപ്പിനെ ഞാനൊരിക്കല്‍ കണ്ടിട്ടുണ്ട്.

വിശപ്പ് എന്തെന്നറിയാത്തവര്‍ക്ക് അതിനെക്കുറിച്ചറിയുമോ എന്നറിയില്ല. യാത്രയിലെ മറ്റോ അബദ്ധത്തിലെങ്ങാന്‍ ഒരു നേരം ഭക്ഷണം കിട്ടാതിരുന്നിട്ടുണ്ടാവാം. അല്ലെങ്കില്‍ മറ്റുളളവന്റെ വിശപ്പറിയാന്‍ വ്രതമെടുക്കുമ്പോള്‍...പക്ഷേ അപ്പോഴും നമ്മുടെ മുന്നില്‍ വിഭവ സമൃദ്ധമായ അടുത്ത നേരമുണ്ട്. അതൊന്നും യഥാര്‍ത്ഥ വിശപ്പാണെന്ന് തോന്നിയിട്ടില്ല. ഒരിക്കലും...

ഇന്നും ദഹിക്കാതെ കിടക്കുന്ന ആഹാരം എന്നിലുണ്ട്. ഏതു മരുന്നുകഴിച്ചാല്‍ ആ ദഹനക്കേടു മാറുമെന്നെനിക്കറിയില്ല. കുറെനാള്‍ മുമ്പാ ണ്. വയനാട്-നീലഗിരി അതിര്‍ത്തി ഗ്രാമത്തില്‍ ഒരു ബന്ധുവിന്റെ വിവാഹത്തിനു പോയതാണ് ഞങ്ങള്‍. ബിരിയാണിയുടേയും കോഴിക്കാലുകളുടേയും ബഹളം. അതില്‍ നിന്ന് ഒഴിഞ്ഞ് ഒരു മൂലയിലേക്ക് മാറി സസ്യാഹാരിയായ ഞാന്‍ ചോറും സാമ്പാറും കഴിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടുമുറ്റത്തെ പന്തലിനപ്പുറത്ത് വഴിയോട് ചേര്‍ന്ന് കുറെ ആദിവാസി സ്ത്രീകള്‍ നില്പുണ്ട്. പണിയ വിഭാഗത്തില്‍ പെട്ട പല പ്രായക്കാരായ സ്ത്രീകള്‍...

അയല്‍ക്കാരായിരിക്കണം. ഇവര്‍ക്കും ക്ഷണമുണ്ടായിരിക്കണം. തിരക്കില്‍ മാറി നിന്നതാവണം എന്നൊക്കെ ഈയുള്ളവള്‍ വിചാരിച്ചു.
പക്ഷേ, ചോറുണ്ട് കൈകഴുകനെഴുന്നേറ്റപ്പോഴാണ് കണ്ടത്. എച്ചില്‍ വീപ്പയ്ക്കരുകില്‍, പട്ടികളെപ്പോലെ....ആരൊക്കെയോ കടിച്ചു വലിച്ച എല്ലിന്‍ കഷ്ണങ്ങള്‍ക്കും അവശേഷിച്ച വററുകള്‍ക്കും വേണ്ടി....

നാട്ടുകാര്‍ എന്നു പറയുന്നവര്‍ അവരെ ആട്ടുന്നുണ്ട്. വേലിപ്പത്തലൂരി തല്ലാനോങ്ങുന്നുണ്ട്.

ഇക്കാഴ്ചയില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്റെ ദഹനേന്ദ്രിയങ്ങള്‍...അന്ന് അവിടെ നിന്നു കഴിച്ച ആഹാരം ദഹിപ്പിക്കാനുള്ള രസങ്ങള്‍ ഗ്രന്ഥികള്‍ പുറപ്പെടുവിക്കുമോ എന്നെങ്കിലും? ....

പിന്നീട് ഏതൊരു ആദിവാസിയേയും തിരിച്ചറിഞ്ഞാല്‍ ആ രംഗം ഓര്‍മ വരും. ദഹിക്കാതെ കിടക്കുന്നത് തികട്ടി വരും.
അന്നു സങ്കടം കൊണ്ടെന്റെ തൊണ്ടയടഞ്ഞുപോയി.

എന്നാല്‍ അല്പമെങ്കിലും ആശ്വാസമായത് ഈയിടെ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്തപ്പോഴാണ്. വിവാഹ ഹാളിന്റെ ഒരു മൂലയില്‍ അന്യരെപ്പോലെ അവര്‍ നിന്നിരുന്നു. വളരെ വൃത്തിയുള്ള വേഷം. സുഹൃത്തിന്റെ പറമ്പില്‍ പണിയെടുക്കുന്നവരാണ്. വിവാഹത്തിന് സെറ്റും മുണ്ടും വാങ്ങി കൊടുത്തത് അവരുടെ പാരമ്പര്യ രീതിയില്‍ തന്നെ മുട്ടിനുമേലെ വച്ച് ഉടുത്തിരിക്കുന്നു. സദ്യ വിളമ്പുമ്പോഴും അവര്‍ മാറി നിന്നു. പക്ഷേ, അവനും പെങ്ങന്മാരും ആദ്യ പന്തിയില്‍ എല്ലാവര്‍ക്കുമൊപ്പം അവരെ പിടിച്ചിരുത്തി.

അല്പം സങ്കോചത്തോടെയെങ്കിലും അവരിരുന്നു....

എന്റെയുള്ളില്‍ ദഹിക്കാതെ കിടന്നിരുന്നതിനു മുകളില്‍ അല്പം ദഹനരസം വീണു. പ്രതീക്ഷയുടെ ചെറിയ നാമ്പെങ്കിലും....


* * * *

കടപ്പാട്‌-മാതൃഭൂമി ഓണ്‍ലൈന്‍

19 comments:

Myna said...

വിശപ്പ് എന്തെന്നറിയാത്തവര്‍ക്ക് അതിനെക്കുറിച്ചറിയുമോ എന്നറിയില്ല. യാത്രയിലെ മറ്റോ അബദ്ധത്തിലെങ്ങാന്‍ ഒരു നേരം ഭക്ഷണം കിട്ടാതിരുന്നിട്ടുണ്ടാവാം. അല്ലെങ്കില്‍ മറ്റുളളവന്റെ വിശപ്പറിയാന്‍ വ്രതമെടുക്കുമ്പോള്‍...പക്ഷേ അപ്പോഴും നമ്മുടെ മുന്നില്‍ വിഭവ സമൃദ്ധമായ അടുത്ത നേരമുണ്ട്. അതൊന്നും യഥാര്‍ത്ഥ വിശപ്പാണെന്ന് തോന്നിയിട്ടില്ല. ഒരിക്കലും...

ഉപാസന || Upasana said...

ഒരു ഇഷ്ടികക്കളം മുതലാളിയുടെ മകളുടെ കല്യാണത്തിനു കുറച്ചു അന്യസംസ്ഥാന തൊഴിലാളികള്‍ മാറി നില്‍ക്കുന്നതു കണ്ടിട്ടുണ്ട്. കളത്തിലെ പണീക്കാരാണ്. പക്ഷേ ഊണൊക്കെ സുഭിക്ഷമായി കിട്ടിയെന്നാണ്‍ അറിഞ്ഞത്

കാണാന്‍ ഇനിയും എന്തുമാത്രം കിടക്കുന്നു ഈ ലോകത്തു
:-(

ശ്രദ്ധേയന്‍ | shradheyan said...

മൈനക്ക് വേറെ പണിയൊന്നുമില്ലേ? അവരെയൊക്കെ ആര് ശ്രദ്ധിക്കുന്നു! പറ്റുമെങ്കില്‍ രണ്ടു ടൂറിസ്റ്റുകളുടെ മുമ്പില്‍ കുറച്ച് ആദിവാസികളെ ഉടുത്തൊരുക്കി പ്രദര്ശിപ്പിക്ക്, നാല് കാശ് സമ്പാദിക്കാം. :(

Unknown said...

വിശപ്പ്‌ അതറിഞ്ഞവര്‍ക്ക് മാത്രമേ അവരുടെ നേരിലുടെ ഇത്ര മനോഹരമായി എഴുതാന്‍ കഴിയു. ഗള്‍ഫില്‍ ആയിരുന്ന കാലത്ത് ഒരു റംസാന്‍ കാലത്ത് ദിവസങ്ങളോളം പട്ടിണി കിടന്നിട്ടുണ്ട്.
പഴ്സ് മോഷണം പോയതാണ് കാരണം. പിന്നെ ഇവരുടേത് ഇല്ലായ്മയുടെ വേദനയാണ്. ഇത് പങ്കു വെച്ചതിനു നന്ദി .

Anonymous said...

അവശന്മാരാര്‍ത്തന്മാര്‍ ആലംബഹീനന്മാര്‍ അവരുടെ സങ്കടം ആരറിവൂ?മൈന അറിഞ്ഞു.

മൈലാഞ്ചി said...

സങ്കടം കൊണ്ട് തൊണ്ടയടഞ്ഞുപോയി... ആ മനസ്സെങ്കിലും ഉണ്ടല്ലൊ മൈനാ.. അതു തന്നെ വലിയ കാര്യം... അതുപോലും ഇല്ലാത്തവരുടെ കൂടെയാണ് പലപ്പോഴും...

മൈനയോടൊപ്പം ഇത്തരം ചിന്തകള്‍ പങ്കുവക്കുന്ന കുറച്ചുപേര്‍ കൂടിയുണ്ടാവുമ്പോള്‍ അല്പം പ്രതീക്ഷക്ക് വകയുണ്ടാകും... സുഹൃത്തിനും പെങ്ങള്‍ക്കും സല്യൂട്ട്....

Kalam said...

Great Thoughts!

പി. എം. ബഷീര്‍ said...

തിരക്ക് പിടിച്ച ഈ കാലത്ത് ജീവിതത്തിന്‍റെ ഓരങ്ങളിലേക്ക്‌ തള്ളിനീക്കപ്പെട്ടവരെക്കുരിചോക്കെ വേവലാതിപ്പെടാന്‍ സാധിക്കുന്നത്‌ തന്നെ വലിയ പുണ്യമാണ്.

Satheesh Haripad said...

നിര്‍വികാരമായ മുഖങ്ങളില്‍ വിശപ്പ് വിളിച്ചു വരുത്തുന്ന ദൈന്യത. ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കി ഈ യാഥാര്‍ത്ഥ്യം. പങ്കുവച്ചതിന് വളരെ നന്ദി.

Rajesh T.C said...

നന്നായിരുന്നു...ഈ ലോകത്ത് ഇങ്ങനെയും നല്ല മനുഷ്യരുണ്ടെന്ന് മനസ്സിലായി..വ്രതമെടുക്കുമ്പോൾ വൈകീട്ട് ഭക്ഷണം കിട്ടുമെന്ന പ്രതീക്ഷയുണ്ട്..പക്ഷെ വിശന്നു വലഞ്ഞ് കുപ്പതെട്ടിയിൽ പ്രതീക്ഷയോടെ ഭക്ഷണത്തിനായി പരതുന്നവരുടെ മാനസ്സികാവസ്ഥ എന്തായിരിക്കും...

Mohanam said...

എന്താണ് പറയേണ്ടത് എന്നറിയില്ല, എന്നാലും ഞങ്ങളുടെ നാട്ടില്‍ ഇങ്ങനെ കാണുന്നവരെ ആരും ആട്ടിയിറക്കുന്നതായി കണ്ടിട്ടില്ല, അവര്‍ക്ക് ഭക്ഷണം കൊടുക്കും , എന്നിട്ട് കാത്തുനില്‍ക്കാനും പറയുന്നത് കേട്ടിട്ടുണ്ട് ശേഷം മിച്ചം വന്നാല്‍ വീട്ടിലേക്ക് പൊതിഞ്ഞുകൊടുക്കുകയും ചെയ്യും.

Fayas said...

ആദിവാസികളെ കുടുതല്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും അടുത്തറിയാന്‍ പറ്റിയിട്ടില്ല. ഇത് വായിച്ചപ്പോളാണ് അവരുടെ അവസ്ഥയെപറ്റി ചിന്തിക്കാന്‍ തുടങ്ങിയത്. ലേഖനത്തിനു നന്ദി.

Anonymous said...

എന്താണ് പറയേണ്ടത് എന്നറിയില്ല.ആദിവാസികളെക്കുറിച്ചുള്ള ഫീച്ചെറുകള്‍ വായിച്ചിട്ടുണ്ട്.ഒരു ഇരയെ കിട്ടിയ സന്തോഷത്തോടെ ചാനലുകാര്‍ അവരെപ്രതി ആഘോഷിക്കുന്നത് കണ്‍ടിട്ടുണ്ട്...മൃഗതുല്യമായ അവരുടെ ജീവിതത്തെക്കുറിച്ചോര്‍ത്ത് സങ്കടപ്പെട്ടിട്ടുണ്ട്. അവരെപ്പോലുള്ളവര്‍ ഉണ്ടെന്നിരിക്കേ, എന്നെപ്പോലുളളവര്‍ പോലും സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത് എന്ന് ആശ്വസിച്ചിട്ടുണ്ട്..

തൂലിക നാമം ....ഷാഹിന വടകര said...

ആദി വാസികളെ കുറിച്ച് കേട്ടറിവേ ഉള്ളൂ
ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ ആ പാവങ്ങളെ
കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു ..

നിങ്ങളുടെ നല്ല മനസ്സിനെ അഭിനന്ദിക്കട്ടെ ..

ആ പാവങ്ങളെ ദൈവം രക്ഷിക്കട്ടെ ..
ആശംസകള്‍ .... വേണ്ടും കാണാം ...

LIVEStyle Malayalam eMagazine said...
This comment has been removed by the author.
LIVEStyle Malayalam eMagazine said...

താല്പര്യമുണ്ട്... താങ്കളുടെ ബ്ലൂലിക ഞങ്ങൾക്കും വേണ്ടി ചലിപ്പിക്കണം.. ഉടൻ പുറത്തിറക്കുന്ന ഓൺലൈൻ മലയാളം
മാഗസിനുവേണ്ടി താങ്കളുടെ ആർട്ടിക്കിൾസ് ആവിശ്യമുണ്ട്.. താല്പര്യമുണ്ടെങ്കിൽ.. ദയവായി അറിയിക്കുക.. ഞങ്ങൾ നിങ്ങൾക്കായി
സ്പേസ് മാറ്റിവച്ചു കഴിഞ്ഞു..
www.malayalamemagazine.com
livestyle@gmx.com

Muralee Mukundan , ബിലാത്തിപട്ടണം said...

പക്ഷേ, ചോറുണ്ട് കൈകഴുകനെഴുന്നേറ്റപ്പോഴാണ് കണ്ടത്. എച്ചില്‍ വീപ്പയ്ക്കരുകില്‍, പട്ടികളെപ്പോലെ....ആരൊക്കെയോ കടിച്ചു വലിച്ച എല്ലിന്‍ കഷ്ണങ്ങള്‍ക്കും അവശേഷിച്ച വററുകള്‍ക്കും വേണ്ടി..... വിശ്വസിക്കുവാൻ സാധിക്കുന്നില്ല ...ഇപ്പോഴും...നമ്മുടെ നാട്ടിലാണൊ ..ഇതൊക്കെ

മൌനം said...
This comment has been removed by the author.
മൌനം said...

വിശപ്പ്‌ അതറിഞ്ഞവര്‍ക്ക് മാത്രമേ അവരുടെ നേരിലുടെ ഇത്ര മനോഹരമായി എഴുതാന്‍ കഴിയു.