Sunday, April 4, 2010

പ്രിയപ്പെട്ട ഡോക്ടര്‍ക്ക്‌....

ഇന്ന്‌ മെയില്‍ നോക്കുമ്പോള്‍ ഒരു പാടു സന്തോഷം തോന്നി. ഫോര്‍വേഡ്‌ മെയിലുകള്‍ പലപ്പോഴും തുറന്നു നോക്കാതെ ഡീലീറ്റ്‌ ചെയ്യുകയാണ്‌ പതിവ്‌. ഇത്തരം മെയിലുകള്‍ക്കിടയില്‍ ആവശ്യമുള്ള മെയിലുകളും ശ്രദ്ധയില്‍ പെടാതെ പോകാറുണ്ട്‌. മറുപടി അയക്കാന്‍ വിട്ടുപോകാറുമുണ്ട്‌.

ഇന്നും പതിവുപോലെ കുറേയേറെ ഫോര്‍വേഡഡ്‌ മെയിലുകളുണ്ട്‌. ഇതിനിടയിലാണ്‌ ഡോ. പ്രദീപ്‌ രാജിന്റെ ഒരു ഫോട്ടോ മെയില്‍ കണ്ടത്‌.

വെറുതെ നോക്കി. ധന്വന്തരി അവാര്‍ഡ്‌ ലഭിച്ച ഡോ. സി ഡി സഹദേവന്റെ ചിത്രം കണ്ടപ്പോള്‍ ഞാനൊരു രണ്ടാംക്ലാസ്സുകാരിയായി. ഫോട്ടോയില്‍ കണ്ട സഹദേവന്‍ സാര്‍ ഓര്‍മയിലെ ഡോക്ടറല്ല. പത്തിരുപത്തഞ്ചുകൊല്ലം മുമ്പ്‌ ഒരു രണ്ടാംക്ലാസ്സുകാരിയുടെ മൈന എന്ന പേരുകേട്ട്‌ കൗതകത്തോടെ അതിലേറെ വാത്സല്യത്തോടെ ചേര്‍ത്തു നിര്‍ത്തിയ ചെറുപ്പക്കാരന്‍ ഡോക്ടര്‍.

അതിലേറെ കൗതുകത്തോടെ ഞാനും ഡോക്ടറെ നോക്കിനിന്നു.
മറയൂരിലെ സര്‍ക്കാര്‍ ആയൂര്‍വ്വേദ ഡിസ്‌പെന്‍സെറിയായിലായിരുന്നു ആ കൂടിക്കാഴ്‌ച. ഒരുപക്ഷേ, ആദ്യത്തേതും അവസാനത്തേതുമായ കാഴ്‌ച.
ഒരു ഡോക്ടറുടെ മുന്നില്‍ രോഗിയല്ലാതെ നില്‌ക്കുകയായിരുന്നു ഞാന്‍. അമ്മച്ചി ആ ഡിസ്‌പെന്‍സറിയിലായിരുന്നു ജോലി ചെയ്‌തിരുന്നത്‌. അക്കൊല്ലത്തെ വേനലവധിക്കാലത്ത്‌ എന്നെയും കൂടെക്കൂട്ടിയതാണ്‌ അമ്മച്ചി.

മേശപ്പുറത്തിരുന്ന സ്റ്റെതസ്‌കോപ്പില്‍ ഞാനൊന്നു തൊട്ടു. അതൊന്ന്‌ എടുത്ത്‌ ചെവിയില്‍ വെച്ച്‌ കുഞ്ഞുഡോക്ടറാകണമെന്ന്‌ മോഹിച്ചു. ഡോക്ടര്‍ പോയിക്കഴിഞ്ഞാല്‍ അതെന്നെടുത്തു വെച്ചു നോക്കിക്കോട്ടേ എന്ന്‌ അമ്മച്ചിയോട്‌ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, വഴക്കുപറഞ്ഞേക്കുമോ എന്ന പേടിയില്‍ അക്കാര്യം ഉപേക്ഷിച്ചു.

സഹദേവന്‍ ഡോക്ടര്‍ എന്തൊക്കെയോ എന്നോട്‌ ചോദിക്കുന്നുണ്ട്‌. മറുപടി പറയുന്നുണ്ടെങ്കിലും കണ്ണ്‌ സ്റ്റെതസ്‌കോപ്പിലാണ്‌.
അദ്ദേഹം മനസ്സറിഞ്ഞിരിക്കണം. ആശുപത്രിക്കു പുറകിലെ കരിമ്പുപാടങ്ങളില്‍ കരിമ്പോലകള്‍ തമ്മിലുരസി ഉയരുന്ന മര്‍മര സംഗീതം പോലെ ചെവിക്കുള്ളില്‍ ....
വലുതാവുമ്പോള്‍ ഡോക്ടറാകണം കേട്ടോ...അദ്ദേഹം പറഞ്ഞു.

എന്തോ അങ്ങനെയൊരു ഓര്‍മല്ലാതെ ഡോക്ടറാകാനുള്ള ആഗ്രഹമൊന്നും അക്കാലത്തൊന്നും തോന്നിയില്ല. അഞ്ചാംക്ലാസ്സിലൊക്കെ എത്തിയപ്പോള്‍ ടീച്ചര്‍ ആരാകാനാണ്‌ ആഗ്രഹമെന്നു ചോദിച്ചപ്പോള്‍ ആദ്യം പറഞ്ഞവരൊക്കെ ഡോക്ടര്‍ എന്നു പറഞ്ഞപ്പോള്‍ അതുകേട്ട്‌ ആവര്‍ത്തിക്കുകയായിരുന്നു. അപ്പോള്‍ സഹദേവന്‍ ഡോക്ടറെ ഓര്‍ത്തതുമില്ല..

പലപ്പോഴും അമമച്ചിയില്‍ നിന്നാണ്‌ കേട്ടത്‌. വിവാഹം കഴിഞ്ഞ്‌ ഒരുപാട്‌ നാളായിട്ടും കുട്ടികളില്ലാഞ്ഞതും പത്തോപന്ത്രണ്ടോ വര്‍ഷം കഴിഞ്ഞ്‌ ഒരു മകന്‍ ജനിച്ചതും (ഓര്‍മ ശരിയാണെങ്കില്‍ ഹിതേശ്‌ എന്നാണ്‌ പേര്‌) മറയൂരിലായിരിക്കുമ്പോള്‍ കാര്യമായി രോഗികളൊന്നും എത്താറില്ല. എന്നാല്‍ പിന്നീട്‌ ആനച്ചാലിലേക്ക്‌ മാറിയതില്‍ പിന്നെ വളരെ ദൂരത്തുനിന്നുപോലും ഡോക്ടറെ തേടി രോഗികളെത്തി.

(Dr. C.D. Sahadevan, Thodupuzha, bagged the Dhanwanthari award for outstanding and comprehensive contribution to Ayurveda treatment and research.)അന്ന്‌ ഞങ്ങളുടെ നാട്ടിലൊക്കെ ചികിത്സ ആയൂര്‍വ്വേദമെങ്കില്‍ ഡോക്ടര്‍ സഹദേവന്‍ സാര്‍ തന്നെ. ഇരുപത്തിയേഴു കിലോമീറ്റര്‍ അപ്പുറത്തേക്കേണ്‌ പല ഡോക്ടര്‍മാരെയും വൈദ്യന്‍മാരെയും ഉപേക്ഷിച്ച്‌ ആളുകള്‍ പോയിരുന്നത്‌. പല മാറാരോഗങ്ങളും മാറ്റിയെന്ന ഖ്യാതി പടര്‍ന്നിരുന്നു അപ്പോഴേക്കും. പലരും സ്വാനുഭവത്തില്‍ നിന്നും നേരിട്ടു പറഞ്ഞു കേട്ടിട്ടുമുണ്ടായിരുന്നു.

എന്റെ ഡിഗ്രി കാലത്ത്‌ വിട്ടുമാറാത്ത കഫക്കെട്ടും മൂക്കൊലിപ്പും കൊണ്ട്‌ പ്രയാസപ്പെടുകയായിരുന്നു. ആന്റിബയോട്ടിക്കുകള്‍ കഴിച്ച്‌ എപ്പോഴും ഉറക്കം തൂങ്ങി നടന്നു. മൂക്കിനുള്ളിലെ പച്ചമാംസം തുളച്ച്‌ ട്ടൂബിട്ട്‌ ഒരിക്കല്‍ കഫം വലിച്ചുകളഞ്ഞു.

രാസ്‌നാദിപ്പൊടിയും കാച്ചെണ്ണയും എന്നത്തേയും കൂട്ടുകാരായി. എന്നിട്ടും പലപ്പോഴും കഫക്കെട്ടുകൊണ്ട്‌ തലപൊക്കാനാവാതായി.
ഇടയ്‌ക്കിടെ അമ്മച്ചി പറയും സഹദേവന്‍ സാറിനെ ഒന്നു കാണിച്ചു നോക്കായിരുന്നു എന്ന്‌.
ആയിടക്ക്‌ അമ്മച്ചിക്കും ആനച്ചാലിലേക്ക്‌ മാറ്റം കിട്ടിയിരുന്നു. ഡോക്ടറെ കാണാന്‍ നില്‌ക്കുന്നവരുടെ തിരക്കിനെക്കുറിച്ചേ അന്ന്‌ അമ്മച്ചിക്ക്‌ പറയാനുണ്ടായിരുന്നുള്ളു.
എന്നെ ഒരു ദിവസം കൊണ്ടുപോകണം കൊണ്ടുപോകണം എന്നു പറഞ്ഞതല്ലാതെ ഇന്നുവരെ അതിനു കഴിഞ്ഞിട്ടില്ല. എന്നാലും നേരിട്ടുകാണാതെ അമ്മച്ചി പറഞ്ഞ്‌ രണ്ടു മരുന്നുകള്‍ എഴുതിതന്നു. കുറേക്കാലം ആ മരുന്നുകളിലായിരുന്നു എന്റെ കഫക്കെട്ടു മാറിനിന്നത്‌. ഒരു പക്ഷേ, വിവാഹം കഴിയും വരെ. കൂടുതല്‍ തണുപ്പുള്ള വയനാട്ടിലെത്തിയപ്പോള്‍ വീണ്ടും തുടങ്ങി. പണ്ടത്തേക്കാള്‍ ശക്തിയില്‍....അലോപ്പതി, ആയൂര്‍വ്വേദം, ഹോമിയോ, നാട്ടുവൈദ്യം.....പലതും കാണിച്ചു നോക്കി.
ആയൂര്‍വ്വേദ ഡോക്ടര്‍മാര്‍ എഴുതിത്തരുന്ന മരുന്നുകളില്‍ ഒരിക്കലും സഹദേവന്‍ ഡോക്ടര്‍ എഴുതിത്തന്ന മരുന്നു കണ്ടിട്ടില്ല.

വിട്ടുമാറാത്ത കഫക്കെട്ടുകൊണ്ട്‌ എത്രദിവസങ്ങളാണ്‌ നഷ്ടപ്പെട്ടത്‌. എഴുതണമെന്നു വിചാരിച്ച കഥകളെത്രയെണ്ണമാണ്‌ തലപൊങ്ങാതെ നഷ്ടപ്പെട്ടത്‌....വായനയും പഠനവും നിന്നുപോയത്‌ എത്ര വട്ടമാണ്‌....

ഒടുക്കം തണുപ്പില്‍ നിന്നും കോഴിക്കോട്ടുളള ചൂടിലേക്കുള്ള മാറ്റമാണ്‌ കുറച്ചെങ്കിലും രക്ഷിച്ചത്‌. എന്നാലും ഇപ്പോഴും ഇടയ്‌ക്ക്‌ കഫക്കെട്ട്‌ കൂടുമ്പോള്‍ അമ്മച്ചി പറയും..
ആ സഹദേവന്‍ ഡോക്ടറെ ഒന്നു പോയി കണ്ടെങ്കില്‍....


ആ ഡോക്ടര്‍ക്ക്‌ ധന്വന്തരി അവാര്‍ഡ്‌ കിട്ടിയെന്നറിയുമ്പോള്‍ ഒരുപാടു സന്തോഷം തോന്നുന്നു. ഹൃദയം നിറഞ്ഞ ആശംസകള്‍.

20 comments:

മൈന said...

ധന്വന്തരി അവാര്‍ഡ്‌ ലഭിച്ച ഡോ. സി ഡി സഹദേവന്റെ ചിത്രം കണ്ടപ്പോള്‍ ഞാനൊരു രണ്ടാംക്ലാസ്സുകാരിയായി. ഫോട്ടോയില്‍ കണ്ട സഹദേവന്‍ സാര്‍ ഓര്‍മയിലെ ഡോക്ടറല്ല. പത്തിരുപത്തഞ്ചുകൊല്ലം മുമ്പ്‌ ഒരു രണ്ടാംക്ലാസ്സുകാരിയുടെ മൈന എന്ന പേരുകേട്ട്‌ കൗതകത്തോടെ അതിലേറെ വാത്സല്യത്തോടെ ചേര്‍ത്തു നിര്‍ത്തിയ ചെറുപ്പക്കാരന്‍ ഡോക്ടര്‍.

neelambari said...

മൈനാ ഈ പേര്‌.....................ഒരായിരം നാവുകള്‍ക്ക്‌ ഇനിയും വിസമയം തന്നെ

mukthar udarampoyil said...

ഡോക്ടര്‍ക്ക്‌ ഹൃദയം നിറഞ്ഞ ആശംസകള്‍.

അനില്‍ ഐക്കര said...

ഇന്നത്തെ വാർത്താ ലോകത്ത് ഇതേ പോലെ പോസിറ്റീവ് ആയ ചിന്തകൾക്ക്
സ്ഥാനമില്ല. നല്ലൊരു പരദൂഷകന്റെ റോളാണു പല പത്രങ്ങ്നൾക്കും മാസികകൾക്കും ഉള്ളത്. രാവിലെ മനസ്സ് മലീമസമാക്കുകയും സമ്മർദ്ദപ്പെറ്റുകയും
ചെയ്യുന്ന പ്രതിലോമ വികാരങ്ങൾ നിറഞ്ഞ വാർത്തകൾക്കിടയിൽ ആരും
ശ്രദ്ധിക്കാത്ത മൂലകളിൽ ചെറുതായി കാണുന്ന കോളങ്ങൾ ശ്രദ്ധയോടെ വായിക്കാറുണ്ട്. അപ്പോഴൊക്കെ നമ്മുടെ വായനാ സംസ്കാരവും, പത്ര
പ്രവർത്തന സംസ്കാരവുമൊക്കെ ആലോചിച്ച് മനസ്സ് കലുഷിതമാവുകയും ചെയ്യും.
മൈന ഇത്തരം പോസിറ്റീവ് ആയ കാര്യങ്ങ:ൾ പിശുക്ക് കൂടാതെ എഴുതാറുള്ളത്
ശ്രദ്ധിച്ചിരുന്നു. ഇത്തവണയും അക്കാര്യത്തിൽ മൈന ഒട്ടും പിശുക്ക് കാട്ടിയിട്ടില്ല. ഇതേ പോസിറ്റീവ് ചിന്താഗതികൾ നമ്മുടെ ബ്ളോഗുകളിൽ
നിറയുമ്പോൾ മാധ്യമ
പ്രതിലോമ സംസ്കാരം തനിയെ മാറും. നമ്മൾ അതിനു
ഒരുമിച്ച് നില്ക്കണം. മൈനയ്ക്ക് വളരെ നന്ദി.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഹൃദയത്തില്‍ തട്ടിയുള്ള ഈ ഓര്‍മ്മക്കുറിപ്പിന് നന്ദി മൈന...

ആശംസകള്‍!

വീ കെ said...

അർഹിക്കുന്ന ആദരവോടെ എഴുതിയതിൽ നിന്നും ഡോക്ടറുടെ കൈപ്പുണ്യം മനസ്സിലായി..
ഈ സമയത്ത് ഇതെഴുതിയത് നന്നായി...

ആശംസകൾ...

ക്വാര്‍ക്ക്:|:Quark said...

ഡോക്ടര്‍ക്കും മൈനക്കും ആശംസകള്‍... അനില്‍ പറഞ്ഞതിന് താഴെ ഒരൊപ്പ്..

മൈലാഞ്ചി said...

മൈനാ..
മനസില്‍ തട്ടിയുള്ള/ മനസില്‍ തട്ടുന്ന എഴുത്തിനായി എന്നും മൈനയുടെ പോസ്റ്റുകളെ കാത്തിരിക്കാറുണ്ട്.. പതിവു തെറ്റിച്ചില്ല... ഹൃദ്യമായ ഓര്‍മക്കുറിപ്പ്... നന്ദി..

അനിലിന്റെ അഭിപ്രായത്തിനു താഴെ ഒരൊപ്പ് എന്റെ വകയും....

ഡോ.ഹരീന്ദ്രനാഥ്, ഡോ.ഉഷാകുമാരി, ഡോ.എന്‍.ടി.പി നമ്പൂതിരി എന്നിവരെ സ്നേഹത്തോടെ ഓര്‍ക്കുന്നു ഈ വേളയില്‍....

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഡോക്ടറെ പരിചയപ്പെടുത്തിയതിനു നന്ദി. :)

“ക കാ ക്ലീ ക്ലൂ..സഹദേവൻ തിരിഞ്ഞു നോക്കി .. മുറ്റത്തൊരു മൈന .. “ ആ മൈന തന്നെയാണോ ?

ഡോക്ടർക്കും മൈനക്കും അമ്മച്ചിക്കും ആശംസകൾ

കൂതറHashimܓ said...

ഡോ. ക്കെന്റെ ആശംസകള്‍, മൈനക്കിലാ..!!

jayanEvoor said...

ആ കൂട്ടത്തിൽ അവാർഡ് കിട്ടിയവരെല്ലാം എനിക്കു പരിചയമുള്ളവർ തന്നെ, സഹദേവൻ ഡോക്ടർ ഒഴിച്ച്!!

ആ കുറവ് മൈന പരിഹരിച്ചു.

(പ്രദീപ് രാജ് എന്റെ വിദ്യാർത്ഥിയായിരുന്നു, ഇപ്പോൽ സഹപ്രവർത്തകൻ)

നല്ല കുറിപ്പിന് നൂറു നന്ദി!

ശ്രദ്ധേയന്‍ | shradheyan said...

ഡോക്ടര്‍ സാറിന് ആശംസകള്‍; നല്ല കുറിപ്പിനും.

ഓടോ: ബൂലോകത്തെ ഈ സീനിയര്‍ മൈനയെ ചിന്തയില്‍ ആദ്യമായാണോ കാണുന്നത് എന്ന് സംശയം. (അതോ എന്‍റെ കാഴ്ചക്കുറവോ!! :))

ജുജുസ് said...

നല്ല ഒരു ഓർമ്മ കുറിപ്പ്.. മൈന എന്ന പേര് തൂലികാനാമം ആയിരിക്കുമെന്നാണ് ഞാനാദ്യം കരുതിയത്. കൗതുകം തോന്നി മനുഷ്യന്മാർക്ക് ഇങ്ങനെ പേരുണ്ടാവുമോന്ന്

Domy said...

ഞാനുൾപ്പെടുന്ന ബ്ളോഗന്മാർ അമർഷങ്ങൾ വിളിച്ചു പറയാനുള്ള തിരക്കിൽ ഇത്തരം കുഞ്ഞ് നന്മകൾ കാണാതെ പോകുമ്പോൾ, മൈനയ്ക്ക് അതാവുന്നത് പ്രത്യേകം ശ്ലാഘനീയം തന്നെ.

ഇനിയും എഴുതുക, എന്റെയൊക്കെ കണ്ണ്‌ ഒന്നു തുറക്കട്ടെ!

poor-me/പാവം-ഞാന്‍ said...

സഹദേവന്‍ അവര്‍കള്‍ക്ക് അഭിനന്ദനങള്‍!!!

Anonymous said...

എനിക്ക് ഒരുപാട് ഇഷ്ട്ടമായി നിങ്ങളുടെ ഭാഷ, അതിലുപരി നിങ്ങളുടെ പേരും.

ചേച്ചിപ്പെണ്ണ് said...

:)

Satheesh Sahadevan said...

childhood memories are always chilling.....recollecting such events and reproducing it in such a way is 'love of wisdom'.....keep writing,smiling,loving,thinking.....but cross the roads with due care.....there are fast drivers with slow memory...

sanju said...

doctor kku hrudayam niranja aasamsakal,,,,,,

sanju said...

doctor kku hrudayam niranja aasamsakal,,,,,,