ഒരുകാലത്ത് ഞങ്ങളുടെ നാട്ടിലെ ആളുകള്‍ ഉച്ചയ്‌ക്കുശേഷം പുറത്തിറങ്ങാറില്ലായിരുന്നു. അന്നേരത്ത് പറമ്പിന്റെ അതിരോ മുറ്റമോ തിരിച്ചറിയാത്തവിധം മഞ്ഞായിരുന്നു. കോട പരക്കാന്‍ തുടങ്ങിയാല്‍ ഇരുട്ടായി എന്ന തോന്നലായിരുന്നു എന്ന് മുതിര്‍ന്നവര്‍ പറഞ്ഞു കേട്ടു. മഞ്ഞിനിടയിലൂടെ നടക്കാനുള്ള ഭയമായിരുന്നു പുറത്തിറങ്ങാതിരിക്കാനുള്ള കാരണം. ഇരുട്ടിലൂടെ നടക്കാന്‍ ചൂട്ടു കത്തിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ മഞ്ഞിലൂടെ നടക്കാന്‍ ആര്‍ക്കുമറിയില്ലായിരുന്നു.
പക്ഷേ, അങ്ങനെയൊരവസ്ഥ അപൂര്‍വ്വമായി മാത്രമാണ് ഞങ്ങള്‍ കണ്ടത്. കുഞ്ഞുക്ലാസ്സിലായിരുക്കുമ്പോള്‍ അവസാനത്തെ പിരിയഡില്‍ സ്‌കൂളും ചുറ്റുപാടും മഞ്ഞുകൊണ്ടു മൂടും. സ്‌കൂളില്‍ നിന്നു കാണാവുന്ന മലകളുടെ തുഞ്ചത്തു നിന്നും പതുക്കെ പതുക്കെ പരന്നു തുടങ്ങുകയായിരുന്നു.
മലയ്‌ക്കപ്പുറം ഒരു ആനയുണ്ടെന്നും, ആ ആന പുകവലിച്ചൂതുന്നതാണ് മഞ്ഞെന്നും ഞങ്ങള്‍് വിശ്വസിച്ചു.
ഇക്കഥ കേള്‍ക്കുമ്പോഴൊക്കെ മല കയറി അപ്പുറത്തേക്ക് കടന്ന് പുകവലിക്കുന്ന ആനയെ കാണണമെന്ന് കൊതിച്ചു. പലപ്പോഴും ബീഡി വലിക്കുന്ന ആനയെ സങ്കല്‌പിച്ചിട്ടുണ്ട്. മലയ്‌ക്കപ്പുറത്തെ ലോകത്തെ അന്നു പരിചയമില്ലായിരുന്നതുകൊണ്ട് അവിടെ ഇത്ര പുകയുള്ള വലിയ ബീഡിയുണ്ടാക്കിക്കൊടുക്കാന്‍ ആരെങ്കിലുമുണ്ടാവുമെന്ന്‌്‌് ചിന്തിച്ചില്ല. നാട്ടിലെ ബീഡി തെറുപ്പുകാരന്‍ അമ്മാവന്‍ എടുത്താല്‍ പൊങ്ങാത്തത്ര വലിപ്പത്തിലുള്ളൊരു ബീഡിയുമായി മല കയറുന്നത് സ്വപ്‌നം കണ്ടു.
എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മലഞ്ചെരുവുകളില്‍ പോലും മഞ്ഞു കാണാതായി. പിന്നെ പിന്നെ ആനയെയും അമ്മാവനെയും മറന്നു. പക്ഷേ, ഏതു മലയ്‌ക്കപ്പുറത്തേക്കാണ് മഞ്ഞ് ഒളിച്ചുപോയതെന്നു മാത്രം ഇന്നും കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല.
വൃശ്ചികം ധനുമാസത്തില്‍ കുളിരോടെ എഴുന്നേറ്റാല്‍ ഞങ്ങള്‍ കുട്ടികള്‍ കരിയില അടിച്ചുകൂട്ടി തീയിട്ട് അതിനു ചുറ്റുമിരിക്കും. ശരീരം ചൂടുപിടിക്കാന്‍ തുടങ്ങുമ്പോള്‍ മഞ്ഞും തണുപ്പും അപ്രത്യക്ഷമാവും.
കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ തീയിട്ടു കായാനുള്ള മഞ്ഞും കുളിരുമൊന്നുമില്ലാതായി.
തണുത്തുറഞ്ഞു കിടന്ന ഒരു പ്രദേശം പത്തോ പതിനഞ്ചോ കൊല്ലം കൊണ്ടാണ് ചൂടുപിടിച്ചത്...ഇപ്പോള്‍ ഓരോ വര്‍ഷവും ചൂടേറി വരുന്നു.
വയനാട്ടിലെ ആദ്യകുടിയേറ്റക്കാരികള്‍ പറയുന്ന ഒരു കഥയുണ്ട്.
കഞ്ഞിവെക്കാന്‍ എക്കാലത്തും മുക്കാല്‍കലം വെള്ളമേ വെക്കാറുള്ളു. എവിടെയും. ആ ഓര്‍മയില് കുടിയേററത്തിന്റെ ആദ്യകാലത്ത് വെളുപ്പിന് എഴുന്നേറ്റ് അടുപ്പില്‍ തീ പിടിപ്പിച്ച് മുക്കാല്‍ കലം വെള്ളം വെച്ചാല്‍ അരിയിടാറാവുമ്പോഴേക്കും പാത്രം നിറഞ്ഞു കവിഞ്ഞ് അടുപ്പു കെടാറുണ്ടായിരുന്നത്രേ!
ഇത് പൊടിപ്പും തൊങ്ങലും ചേര്‍ത്തുണ്ടാക്കിയ കഥയാണെന്ന് വിശ്വസിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ പച്ചയായ സത്യമാണെന്നവര്‍ ആണയിടും. വെള്ളം എന്നാല്‍ ഐസുകട്ടയായിരുന്നത്രേ!. എന്നാല്‍ ഇന്ന് അടുപ്പു കത്തിച്ച് വെളളം വെച്ചാല്‍ കുറയുകയല്ലാതെ ധനുമാസത്തില്‍ പോലും കൂടാറില്ലെന്നതാണ് സത്യം.
അന്നൊക്കെ പറമ്പില്‍ ഒരുപാട് ഓറഞ്ചു മരങ്ങളായിരുന്നു. അവയൊക്കെ കായ്‌ച്ച് കുല കുത്തിക്കിടക്കും. പക്ഷികള്‍ കൊത്താന്‍ മരത്തില്‍ പറന്നിരുന്നാല്‍ മതി. മധുര നാരാങ്ങാമഴ ഉതിര്‍ന്നു വീഴാന്‍ തുടങ്ങും. പക്ഷികളെ ഓടിക്കാന്‍ വടിയുമായി കുട്ടികള്‍ അസ്ഥി കോച്ചുന്ന തണുപ്പിലും ആ മരത്തണലുകളിലിരുന്നു.
കേട്ടതൊക്കെ സത്യമാണോ എന്നു ചോദിച്ചാല്‍ അന്നു ജനിക്കാതെ പോയതിലും വയനാട്ടിലെത്തിപ്പെടാതിരുന്നതിലുമുള്ള പരാതി കേള്‍ക്കേണ്ടി വരും.
ആയിരം വട്ടം ഇതൊക്കെ സത്യമാണെന്ന് ഉരുവിട്ടാലും വിശ്വസിക്കാന്‍ പ്രയാസം. കാപ്പിച്ചെടികള്‍ക്കിടയില്‍ കുറച്ചുയരത്തില്‍ നിന്ന മധുര നാരകത്തെ ചൂണ്ടി പഴയ കാലത്തിന്റെ അവശേഷിപ്പിനെ കാണിച്ചു തരുമ്പോള്‍....മെലിഞ്ഞുണങ്ങിയ കമ്പുകളും ചെറുനാരങ്ങ വലിപ്പത്തിലെ ഓറഞ്ചും മുരടിച്ച്‌്‌്, മുരടിച്ച്....
ഞങ്ങളുടെ അയല്‍വാസിയായ നാണപ്പന്‍ ചേട്ടന്‍ വര്‍ഷത്തിലൊരിക്കല്‍ തെക്കേ ഇന്ത്യയിലെ പല സ്ഥലങ്ങളിലേക്കും തീര്‍ത്ഥയാത്ര പുറപ്പെടും. തിരിച്ചെത്തിയാല്‍ ഓരോ നാട്ടിലേയും കൗതുകകരമായ കാഴ്‌ചകള്‍ ഞങ്ങളോട് പങ്കുവെയ്‌ക്കും. കുറച്ചു മുതിര്‍ന്നപ്പോള്‍ കേട്ടു തുടങ്ങിയ സഞ്ചാര കഥകള്‍ ആ നാടിനപ്പുറം വിട്ടുപോകാത്ത ഞങ്ങള്‍ക്ക്‌് അനുഗ്രഹമായിരുന്നു.
അമ്പലങ്ങളേയും പ്രാര്‍ത്ഥനകളേയുമല്ല അദ്ദേഹം പരിചയപ്പെടുത്തിയത്. സഞ്ചാരത്തിനിടയില്‍ കണ്ട പ്രകൃതിയും കൃഷിയും ജനങ്ങളെയുമായിരുന്നു. വരണ്ടുണങ്ങിയ പാടങ്ങളും പൊടിക്കാറ്റും ചൂടും ഒരു മരത്തണല്‍ പോലുമില്ലാത്ത വിജന പ്രദേശങ്ങളുമൊക്കെ പരിചിതമായത് ആ യാത്ര വിവരണങ്ങളിലൂടെയായിരുന്നു. അപ്പോഴൊക്കെ അദ്ദേഹം വളരെ കൗതുകത്തോടെ പറയാറുണ്ട്‌്.
ദൈവം എല്ലാ ദേശങ്ങളേയും ഒരു കൈകൊണ്ടേ അനുഗ്രഹിച്ചിട്ടുള്ളു. എന്നാല്‍ കേരളത്തെ മാത്രം ഇരുകൈ കൊണ്ടുമാണനുഗ്രഹിച്ചതെന്ന്‌്‌്‌്.
ചുറ്റും മലകള്‍ നിറഞ്ഞ ഗ്രാമത്തിലായിരുന്നതുകൊണ്ട് ഉയരം കൂടിയ മുടിക്കു മുകളില്‍ നിന്ന് ദൈവം രണ്ടുകൈ കൊണ്ടും തണല്‍ വിരിക്കുന്നതായി സങ്കല്‍പ്പിച്ചു.
കേരളത്തില്‍ എങ്ങു നോക്കിയാലും പച്ചപ്പ്. ആവശ്യത്തിന് വെളളം. മഴയ്‌ക്ക് മഴ. വേനലിന് വേനല്‍...മിതോഷ്‌ണമായ കാലാവസ്ഥ. സഹ്യനപ്പുറം ഇതൊന്നുമല്ല സ്ഥിതി. അദ്ദേഹം ഓര്‍മപ്പെടുത്തും.
ഇന്നും ദൈവം ഇരു കൈയ്യുമുയര്‍ത്തി അനുഗ്രഹിച്ച നാടാണ് കേരളമെന്ന് അദ്ദേഹം പറയുമോ എന്തോ? സംശയമാണ്.
വേനലില്‍ മഴ. മഴ പെയ്യേണ്ട നേരത്ത് വെയില്‍...
സങ്കല്‌പമാണ് ..
എന്നാലും...
ഒരുകൈ താഴ്‌ത്തിയിട്ട ദൈവത്തെ ഇപ്പോള്‍ കാണുന്നു. മനുഷ്യന്റെ ചെയ്‌തികള്‍ തന്നെയാണ് അതിനു കാരണം.
വീടിനു മുന്നിലെ ആറ് ഒരുകാലത്ത് വേനലിലും നിറഞ്ഞൊഴുകിയിരുന്നെന്ന് പഴമക്കാര്‍ പറഞ്ഞറിയാം. അക്കാലത്ത് പാലമില്ലായിരുന്നു. വെള്ളം കുറയുമ്പോള്‍ കല്ലുകളില്‍ ചവിട്ടി അക്കരയ്‌ക്ക് പോകാനായിരുന്നത് ഒന്നോ രണ്ടോ മാസമാണ്. പക്ഷേ എന്റെ ഓര്‍മയില്‍ തന്നെ ഡിസംബറോടെ വെള്ളം കുറയാറുണ്ട്. അപ്പോഴെ അക്കരയ്‌ക്കുള്ള യാത്ര ആറു കടന്നാണ്. പിന്നെ ഏപ്രില്‍-മെയ് വരെ അങ്ങനെ പോകും.
വേനലിലും നിറഞ്ഞൊഴുകിയിരുന്ന ആറെങ്ങനെ ഇപ്പോള്‍ വൃശ്ചികത്തിലേ വറ്റി വരളുന്നു. നേര്യമംഗലം കാടിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശത്ത് വേനലിലും മുമ്പത്തേക്കാള്‍ നല്ല മഴ കിട്ടിയിട്ടും ആറു വരളുന്നു. ചെരിവുകളില്‍ താമസിക്കുന്ന ആളുകള്‍ വെള്ളത്തിനായി ആറ്റിറമ്പില്‍ കുത്തിയ ഓലിയിലേക്ക് വരുന്നു. ഇവിടെയൊരു ആറൊഴുകിയിരുന്നു എന്നതിന് തെളിവായി മുമ്പത്തെ ചില കയങ്ങള്‍ ചെളിക്കുഴികളായി മാറിയിട്ടുണ്ട്. ചിലയിടങ്ങളില്‍ കൈത്തോടിന്റെ വലിപ്പത്തില്‍ നീരൊഴുക്ക്.
സ്‌കൂളവധികളില്‍ വീട്ടുകാരുടെ കണ്ണുവെട്ടിച്ചു വരുന്ന കുട്ടികള്‍ മാത്രമാണ് ഇപ്പോള്‍ ചെളിക്കുഴിയിലിറങ്ങി നീന്താറ്. മണല്‍പ്പരപ്പില്‍ ഓലികുത്തി അതിലെ വെള്ളമെടുത്താണ് ആളുകള്‍ കുളിക്കുന്നത്‌്‌്‌്‌്‌്‌്‌്‌്‌്‌്...
ഇത്രവേഗം വററി വരളുന്നതിന് കാരണങ്ങളിലൊന്ന് ചില കുന്നുകളില്‍ വളരുന്ന അക്കേഷ്യയും യൂക്കാലിപ്‌റ്റ്‌സുമാവാം. പക്ഷേ ആ മരങ്ങള്‍ നിറഞ്ഞ കുന്നുകള്‍ ഞങ്ങളുടെ കുട്ടിക്കാലത്തേയുണ്ട്.
കോളനി കിട്ടി വന്ന കുറച്ചാളുകളുണ്ടായിരുന്നിടത്ത്‌് ഇപ്പോള്‍ എത്ര ജനങ്ങളാണ് ?
കാടുവെട്ടിത്തെളിക്കുമ്പോള്‍ അതു നമ്മുടെ ജലത്തെ എങ്ങനെ ബാധി്‌ക്കുമെന്നോ പരിസ്ഥിതിയേയും കാലാവസ്‌ഥയെയും ബാധിക്കുമെന്നോ ആരുമറിഞ്ഞില്ല.
ഒരു മരം മുറിക്കുമ്പോള്‍ അതിലെന്തിരിക്കുന്നു എന്നല്ലാതെ മറ്റൊന്നും ചിന്തിച്ചിട്ടുണ്ടാവില്ല. കൃഷി ഭൂമിക്കു വേണ്ടി കാടും മരങ്ങളും വെട്ടിത്തെളിച്ചു. വിറകിനും വീട്ടുപകരണങ്ങള്‍ക്കും വേണ്ടി കാടിനെ ആശ്രയിച്ചു. ചിലര്‍ കളളത്തടി വെട്ടുകാരായി...കാട് ശോഷിച്ചു ശോഷിച്ചു വന്നു.
അടുപ്പുകള്‍ കത്തിയെരിഞ്ഞു. റോഡുകള്‍ വന്നു. നിരവധി വാഹനങ്ങള്‍ പുകതുപ്പി കടന്നു പോകുന്നു.
ഞങ്ങളുടെ നാട്ടിലെ കാലാവസ്ഥ വ്യതിയാനത്തേക്കുറിച്ചു പറയുമ്പോള്‍ ലോകം മുഴവന്‍ ഈ മാറ്റം കൂടി വരികയാണെന്ന് കാണണം. ഇടുക്കിക്കും വയനാടിനും വളരെക്കുറച്ചു കാലത്തെ മാത്രം ജനവാസ ചരിത്രമുള്ളതുകൊണ്ട് താപ വര്‍ദ്ധനവും അതുമൂലമുള്ള മാറ്റവും വളരെ വേഗത്തില്‍ തിരിച്ചറിയാനാവുന്നു.
വയനാട്ടിലെ ഞങ്ങളുടെ വീട് ഒരു കാടിന്റെ നടുവിലാണ് എന്നാണ് എനിക്ക് തോന്നിയിരുന്നത്. ഏതു വെയിലത്തും തണുത്തു വിറച്ചു.
അല്‌പം ഉയര്‍ന്നയിടത്തായിരുന്നു വീടെങ്കിലും ചുറ്റും മരങ്ങളായിരുന്നു. കാട്ടുമരങ്ങള്‍ക്ക്‌്‌് പകരം പ്ലാവും മാവുമായിരുന്നെന്നു മാത്രം. അടിക്കാടുകള്‍ക്കു പകരം കാപ്പിയും മരങ്ങളില്‍ കുരമുളകു കൊടിയും. മുറ്റത്ത് നിന്നു നോക്കിയാല്‍ ഒരിരിട്ടിനെയാണ് കാണാനുണ്ടായിരുന്നത്. അടുത്തൊക്കെ വീടുകളുണ്ടായിട്ടും അവയൊന്നും കാണാവുന്ന ദൂരത്തായിരുന്നില്ല. അവിടെ ശബ്ദങ്ങളെ ചുറ്റും നിന്ന മരങ്ങളും ചീവീടുകളും ഇരുട്ടും തടഞ്ഞു നിര്‍ത്തി.
വീടിനു പുറകില്‍ മുള്ളുവേലി കെട്ടിത്തിരിച്ച പറമ്പ് പള്ളിപ്പറമ്പായിരുന്നു. അവിടെയും മരങ്ങളും കുരുമുളകു കൊടിയും മാത്രം. കുറച്ചപ്പുറം മാറി ഇടവഴിക്കപ്പുറത്തും പൊളിഞ്ഞുകിടന്ന കൊച്ചു പള്ളിപ്പറമ്പ്. ഉടമസ്ഥര്‍ വല്ലപ്പോഴും വന്നു നോക്കുന്നതുകൊണ്ട് തന്നെ അയല്‍ക്കാരുടെ ആടു വളര്‍ത്തല്‍ ഈ പറമ്പുകള്‍ കൊണ്ടു കഴിഞ്ഞു. ആടുകള്‍ക്ക് തീറ്റവെട്ടിയിരുന്നത്‌് ഇവിടെ നിന്നായിരുന്നു.
രണ്ടു പള്ളിപ്പറമ്പിന്റേയും ഇടയിലൂടെ പോകണമായിരുന്നു പടിഞ്ഞാറെ അയല്‍വീട്ടിലേക്ക്. പകല്‍ പോലും കൊണ്ടുവിടണോ എന്ന് ജാന്വേടത്തി ചോദിക്കും. ഇരുട്ടു വീണാല്‍ കൊച്ചുമകനെ കൂട്ടിനയക്കും. പിന്നെ അവനെ തിരിച്ചു വിടാന്‍ വേറെ രണ്ടുപേര്‍ പോകേണ്ടിയിരുന്നു.
ആദ്യം കൊച്ചുപള്ളിപ്പറമ്പാണ് മൊട്ടയായത്. അതിപ്പോള്‍ പുല്ലുപോലുമില്ലാത്ത കാലിപ്പറമ്പായി കിടക്കുന്നു. വീടിനു പുറകിലെ പള്ളിപ്പറമ്പിലേയും മരങ്ങള്‍ മുറിച്ചു മാറ്റി. അവിടെയിപ്പോള്‍ റബ്ബര്‍ തൈകള്‍ വളരുന്നുണ്ട്.
തെക്കേ അതിരിനപ്പുറവും ഇത്തരം ഇരുള്‍ പടര്‍ന്ന കാടായിരുന്നു. ഈയിടെ അവിടവും വെട്ടിത്തെളിച്ചു.
വയനാടിന്റെ ഒരു സൗന്ദര്യവും ഈ മുറ്റത്തുനിന്നാല്‍ കാണാനില്ലെന്ന് പരാതി പറഞ്ഞിരുന്ന എനിക്കിപ്പോള്‍ മുറ്റത്തു നിന്നാല്‍ കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള വീടുകള്‍ വരെ കാണാം. രാത്രി അവിടുത്തെ വെളിച്ചങ്ങള്‍ കാണാം. കുറേ കുരുമുളകുകൊടിയും കാപ്പിയും പ്ലാവും മുരിക്കും ഇരുട്ടും മാത്രം കണ്ടിരുന്നിടത്ത് , ഇവിടെ ഒന്നും കാണാനില്ലല്ലോ എന്ന പരാതിയില്ല. വെയില്‍ ഇലകളുടേയും മരങ്ങളുടേയും ഇടയിലൂടെയല്ല ഇപ്പോള്‍ ഇറങ്ങി വരുന്നത്. നേരിട്ട് മണ്ണില്‍ തൊടുന്നു. അയല്‍ക്കാര്‍ പറമ്പു വെളിപ്പിച്ചത് റബ്ബറുനടാനൊന്നുമല്ല. മുറിച്ചു വില്‌ക്കാനാണ്. ഒപ്പം അവരുടെ ഹോംസ്‌്‌്‌്‌്‌്‌്‌്‌്‌റ്റേയുടെ പരസ്യം ടൂറിസം ഗൈഡുകളിലും ഇന്റര്‍നെറ്റിലുമിപ്പോള്‍ കാണുന്നു. ഇന്നേ വരെ ഫാന്‍ ആവശ്യമില്ലായിരുന്നു. ചില ബന്ധുവീടുകളില്‍ ആഡംബരത്തിന്റെ ഭാഗമായി മാത്രമായിരുന്നു ഫാന്‍ കണ്ടിരുന്നത്. അടുത്ത വേനലില്‍ ഞങ്ങള്‍ക്കും ഫാന്‍ വേണ്ടി വരും.
വയനാട്ടില്‍ എവിടെ നോക്കിയാലും മൊട്ടക്കുന്നുകളും റിസോര്‍ട്ടുകളുമാണ് ഇപ്പോള്‍ കാണാനുള്ളത്. മരങ്ങള്‍ വെട്ടി റിസോര്‍ട്ടു നിര്‍മ്മാണം പുരോഗമിക്കുന്നു. അഞ്ഞൂറിലേറെ റിസോര്‍ട്ടും ഹോംസ്‌റ്റേകളും ഇപ്പോള്‍ വയനാട്ടിലുണ്ട്‌്. റിസോര്‍ട്ടു തേടി വരുന്നവര്‍ക്ക്‌്‌് തണുപ്പിന് എ സി വേണ്ടി വരുമെന്നു മാത്രം.
കേരളത്തിലേററവും കൂടുതല്‍ മഴ ലഭിച്ചിരുന്ന സ്ഥലമാണ് ലക്കിടി. ഇപ്പോള്‍ മഴക്കാലത്ത് കാര്യമായ മഴയില്ലാതെ റിസോര്‍ട്ടുകളുടെ വിളവില്‍ നില്‍ക്കുന്നു ലക്കിടി.
മുമ്പ് കുരുമുളകുവള്ളി പടരാന്‍ നട്ടു പിടിപ്പിച്ച മാവും പ്ലാവും ആഞ്ഞിലിയുമെല്ലാം വെട്ടികൂട്ടിയിരിക്കുന്നു.
ഒരിക്കല്‍ കോട മൂടിക്കിടന്ന ഇടുക്കിയിലും വയനാട്ടിലും ഉയര്‍ന്ന പ്രദേശങ്ങളിലുമൊക്കെ ഇപ്പോള്‍ തണുപ്പു കുറഞ്ഞു കൊണ്ടേയിരിക്കുന്നു. പത്തുകൊല്ലം മുമ്പ് ഫാന്‍ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വേനലായാല്‍ ഫാനില്ലാതെ പറ്റില്ലെന്നായിട്ടുണ്ട്. ഫ്രിഡ്‌ജും എ സിയുമൊക്കെ ആയിക്കഴിഞ്ഞു.
വേനലായാല്‍ എ സി വിപണി ഉണരുകയായി. പൊങ്ങച്ചത്തിന്റെ ഭാഗമായിട്ടുമാത്രമല്ല, ചൂടു സഹിക്കാന്‍ പറ്റാതായിട്ടുണ്ട്.
നേരം പുലരും മുമ്പേ തുടങ്ങുന്ന ജോലി രാത്രി ഏറെ വൈകിയാലും തീരുന്നില്ല. ഉറങ്ങുമ്പോഴെങ്കിലും സ്വസ്ഥമായി ഉറങ്ങേണ്ടേ? -കൂട്ടുകാരി ചോദിച്ചു.
ഇപ്പോള്‍ കോഴിക്കോട്ടെ ചൂടില്‍ ജീവിക്കുന്ന ഞങ്ങള്‍ക്കുമുണ്ടായി കഴിഞ്ഞ വേനലില്‍ ഒരു എ സി മോഹം.
ഒരു വീടിന്റെ മുകള്‍ നിലയില്‍ താമസിക്കുന്ന ഞങ്ങള്‍ക്ക് കിടന്നുറങ്ങാന്‍ പോലുമാകാത്ത വിധം ചൂട്. പകല്‍ മുഴുവന്‍ ജനലും വാതിലുകളും അടഞ്ഞുകിടക്കുന്നതും ചൂടു കൂടാന്‍ കാരണമാണ്. പക്ഷേ, തുറന്നിട്ട്‌്‌് പോകാമെന്നു കരുതിയാല്‍ അന്ന് കൊതുകു കടികൊണ്ട് ഉറങ്ങേണ്ട. വാടകവീടായതുകൊണ്ട് വീ്‌ട്ടുടമസ്ഥനോട് ചോദിച്ചിട്ടാവാം വാങ്ങുന്നത് എന്നു തീരുമാനിച്ചു.
മുതിര്‍ന്നവരുടെ കാര്യം പോകട്ടെ..നിങ്ങളുടെ കുട്ടി മൂന്നു വയസ്സിലെ എ സിയില്‍ കിടന്നു ശീലിച്ചാല്‍ എങ്ങനെയാണ് നാളെ മാറുന്ന കാലാവസ്ഥയില്‍, എ സിയില്ലാത്തിടങ്ങളില്‍ ജീവിക്കുക?
കൂടുന്ന വൈദ്യൂത ബില്ലിനെക്കുറിച്ച് ഓര്‍ത്തിട്ടുണ്ടോ?
അദ്ദേഹം ഇങ്ങനെ രണ്ടുമൂന്നു ചോദ്യങ്ങളാണ് ചോദിച്ചത്.
എ സി ഉപയോഗം കൊണ്ട് അന്തരീക്ഷത്തിലേക്ക് പടരാവുന്ന ക്ലോറോ ഫ്‌ളൂറോ കാര്‍ബണുകളെക്കുറിച്ചും ഓസോണ്‍ പാളിയെക്കുറിച്ചും ആഗോള താപനത്തെക്കുറിച്ചുമൊന്നും പറയാഞ്ഞത് ഭാഗ്യം.
എന്തായാലും ജനലുകള്‍ തുറന്നിട്ടും ടെറസിനു മുകളില്‍ ഓലയിട്ട്‌്‌്‌്‌്‌്‌്‌് വെള്ളം തളിച്ചും വേനല്‍ കഴിച്ചുകൂട്ടി?
നേര്യമംഗലം കാടിനോടു ചേര്‍ന്നു കിടക്കുന്ന ഞങ്ങളുടെ നാട്ടില്‍ കുറച്ചു വര്‍ഷങ്ങളായി വേനലിലും മഴയാണ്. എന്നിട്ടും ആററിലോ കിണറ്റിലോ വെള്ളമില്ല. കുരുമുളകും കാപ്പിയും പഴുത്ത്‌്‌് ഉണങ്ങേണ്ട വേനല്‍ക്കാലത്ത് തോരാമഴ......
പണ്ട് അക്കരെ മലകളില്‍ രാത്രിയില്‍ തീ പടര്‍ന്നു പിടിക്കുന്നതു കാണാന്‍ രസമുണ്ടായിരുന്നു. ഇരുട്ടില്‍ ആ വെളിച്ചങ്ങള്‍ മാലകോര്‍ക്കും പോലെയോ പല പല ആകൃതിയലുമൊക്കെ കാണാമായിരുന്നു. ആ കാഴ്‌ച കണ്ട് ഞങ്ങള്‍ ആനന്ദിച്ചു.
കല്ലുകള്‍ തമ്മില്‍ ഉരസിയുണ്ടാവുന്ന തീയല്ലെന്ന് കുറച്ച് വളര്‍ന്നശേഷമാണ് മനസ്സിലാക്കാനായത്. ആ കാടിനരികിലൂടെ പോകുന്നവര്‍ എറിയുന്ന ബീഡിക്കുറ്റിയില്‍ നിന്നോ ചിലപ്പോള്‍ മനപ്പൂര്‍വ്വം തീയ്യിടുന്നതോ ആണെന്ന് അമ്മച്ചി പറഞ്ഞു തന്നു. കത്തിയെരിയുന്ന കാട് പിന്നീട് കൈയ്യേറ്റഭൂമികളായി മാറിയിരുന്നു.
അന്നൊക്കെ കാഴ്‌ചയുടെ ആനന്ദത്തെ മാത്രമോര്‍ത്ത് വീടിനു പുറകിലെ മലയ്‌ക്കും തീയിടുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്. ഒരിക്കല്‍ അയല്‍വീട്ടിലെ കൂട്ടുകാരോടൊത്ത് തീയിടാനൊരുങ്ങി. ് അരുത് കുഞ്ഞുങ്ങളെ എന്ന ഐഷാബീ അമ്മച്ചിയുടെ വാക്കുകളായിരുന്നു ഞങ്ങളെ പിന്തിരിപ്പിച്ചത്. എന്നിട്ടും പലപ്പോഴും തീ പടര്‍ന്നു പിടിക്കുന്ന മലയെ സങ്കല്‍പിച്ചു.
ചൂടു കൂടുക മാത്രമായിരിക്കില്ല ഉണ്ടാവുന്നതെന്നും ഇഞ്ചക്കാടും അവിടുത്തെ താമസക്കാരായ കുറുക്കനും പാക്കാനും സര്‍പ്പങ്ങളും പക്ഷികളും അണ്ണാരക്കണ്ണനും കാട്ടുകോഴിയും ഉടുമ്പും അങ്ങനെ എന്തെല്ലാം വെന്തു വെണ്ണീറായി പോകുമെന്നും ഇന്നറിയാം. കുട്ടിയായിരിക്കുമ്പോഴാണെങ്കിലും അങ്ങനെയൊക്കെ ചിന്തിച്ചല്ലോ എന്നോര്‍ത്ത് സങ്കടപ്പെടുന്നു.
ഇപ്പോള്‍ ഗ്യാസടപ്പുകളില്ലാത്ത വീടുകളില്ല. ഗ്യാസ് പണം കൊടുത്ത് വാങ്ങുന്നതായതുകൊണ്ട് ഇപ്പോഴും പലരും സാധാരണ അടുപ്പുതള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. കാട്ടില്‍ നിന്നോ പറമ്പില്‍ നിന്നോ ശേഖരിക്കുന്ന വിറക് എത്ര ആളിക്കത്തിച്ചാലും വിഷമമില്ല. പലപ്പോഴും പണവുമായി ബന്ധപ്പെടുത്തിയാവും അടുപ്പ് ഉപയോഗിക്കുന്നത്. സാധാരണ അടുപ്പുകള്‍ മറ്റടപ്പുകളേക്കാള്‍ പ്രകൃതിക്ക് ചൂടുകൂട്ടുന്നുവെന്ന് പലര്‍ക്കുമറിയില്ല.
വയനാട്ടിലെ വീട്ടില്‍ അടുക്കളയുടെ മൂലയ്‌്‌്‌ക്ക് രണ്ടുവര്‍ഷത്തിലേറെക്കാലം പരിത്തിന്റെ ഒരു ചൂടാറാപ്പെട്ടിയിരുന്നു. ഒരുപയോഗവുമില്ലാതെ എന്നു പറഞ്ഞു കൂടാ...ശര്‍ക്കരയോ പഞ്ചസാരയോ ഉറുമ്പരിക്കാതിരിക്കാന്‍ പലപ്പോഴും അതിലെടുത്തു വെച്ചു. എന്നാല്‍ ഒരിക്കല്‍ പോലും അതിന്റെ യഥാര്‍ത്ഥ ഉപയോഗമെന്തെന്നറിയാന്‍ മിനക്കെട്ടില്ല. അക്കാലമത്രയും സാധാരണ അടുപ്പില്‍ മണിക്കൂറുകളോളം തീയാളിക്കത്തിച്ച് തന്നെ അരി വെന്തുകൊണ്ടിരുന്നു.
തീരപ്രദേശങ്ങളില്‍ താമസിക്കുന്ന സുഹൃത്തുക്കള്‍ക്ക് ഇടുക്കിയിലെ കുന്നും മലകളുമൊക്കെ കാണുമ്പോള്‍ പേടിയാണ്. എല്ലാം കൂടി ഒരു ദിവസം ഇടിഞ്ഞു വീണാലോ എന്ന ഭയം. നിര്‍ത്താതെ പെയ്യുന്ന മഴയും ഉരുള്‍പ്പൊട്ടലുമൊക്കെ ആ പേടിയെ വളര്‍ത്തുന്നുമുണ്ട്.
കാഴ്‌ചയ്‌ക്ക് സുന്ദരം. ജീവിക്കാന്‍ കൊള്ളില്ല എന്നൊക്കെ തമാശയായിട്ടെങ്കിലും പറയാറുമുണ്ട്.
ഒരമ്പതുകൊല്ലം കഴിയട്ടെ...കൊച്ചിയും ആലപ്പുഴയും കുട്ടനാടും മിക്കവാറും തീരപ്രദേശങ്ങളും ഭൂപടത്തിലുണ്ടാവില്ലെന്ന്‌്‌് അവരോട്‌്‌് തിരിച്ചും പറയാം.
കേന്ദ്ര ഭൗമശാസ്‌ത്ര മന്ത്രാലയം ശേഖരിച്ച സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് ഇന്ത്യന്‍ തീരത്ത് സമുദ്രനിരപ്പ് ഉയരുന്നതിന്റെ തോത് കൂടുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ വര്‍ഷം തോറും 3.1 മില്ലി മീറ്റര്‍ എന്ന തോതിലാണ് സമുദ്രനിരപ്പ് ഉയര്‍ന്നത്. രണ്ടായിരം വരെ 1.3 മില്ലീ മീറ്റര്‍ എന്ന തോതിലായിരുന്നു. 2050 തോടെ ഒരുമീറ്റര്‍ ഉയരുമെന്നാണ് സൂചന.
ആഗോളതാപനത്തിന് കാരണം കാര്‍ബണ്‍ഡയോക്‌സയിഡ് അടക്കമുള്ള ഹരിതഗൃഹവാതകങ്ങള്‍ അമിതമായി അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതാണ്. ഊര്‍ജോത്‌പാദനം, വാഹനഗതാഗതം, ഭക്ഷ്യോത്‌പാദനം തുടങ്ങിയവയാണ് വാതക വ്യാപനത്തിന് മുഖ്യ കാരണം. ഹരിതഗൃഹ വാതകങ്ങളില്‍ ഏറ്റവും അപകടകാരി 'ചിരിപ്പിക്കുന്ന വാതകം' എന്നറിയപ്പെടുന്ന നൈട്രസ് ഓകൈ്‌സഡാണ്. രാസ വളങ്ങളുടെ പ്രയോഗത്തിലൂടെയാണ് ഈ വാതകം അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത്. ഹരിത വിപ്ലവം തുടങ്ങിയ അറുപതുകള്‍ മുതലിങ്ങോട്ട്‌്‌് കൃഷിമേഖലയില്‍ നൈട്രോജെനസ് വളങ്ങളുടെ ഉപയോഗം 600 ശതമാനം വര്‍ധിച്ചിട്ടുണ്ട്. പ്രധാനമായും യൂറിയ, അമോണിയം സള്‍ഫേറ്റ് തുടങ്ങിയ നൈട്രോജെനസ് വളങ്ങളുടെ ഉപയോഗം മൂലമാണ് നൈട്രസ് ഓകൈ്‌സഡ്‌്‌് അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത്. ഇതിന് പരിഹാരമായി നിര്‍ദ്ദേശിക്കുന്നത് ജൈവകൃഷിയാണ്. ആദ്യവര്‍ഷങ്ങളില്‍ വിളവു കുറഞ്ഞാലും പിന്നീട് മാറ്റമുണ്ടാവുമെന്ന് പഠനങ്ങള്‍ പറയുന്നു.
കേരളാവസ്ഥയില്‍ അരിയോ മറ്റു ധാന്യങ്ങളോ ആയിരിക്കിരിക്കില്ല അടുത്ത തലമുറയുടെ പ്രധാന ആഹാരം. ഭക്ഷ്യധാന്യങ്ങളുടെ സ്ഥാനത്ത് കേരളത്തില്‍ കാലാവസ്ഥ വ്യതിയാനത്തെ അതിജീവിച്ച് നില്‍ക്കാന്‍ ശേഷിയുണ്ടാവുന്ന മരം പ്ലാവായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ചക്ക മുഖ്യ ഭക്ഷണമായി തീരും.
കാര്യമായ വള പ്രയോഗമൊന്നുമില്ലാതെ തന്നെ നന്നായി വളരുന്ന മരമാണ് പ്ലാവ്. രാസവള പ്രയോഗമില്ലാതെ ശുദ്ധമായ ഫലം തരുന്ന വൃക്ഷം. കടുപ്പമേറിയ തടിയും കിട്ടും. അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈയോക്‌സൈഡിനെ സ്വീകരിക്കാനും കഴിയുന്നു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്ലാവിന്റെ ഗുണങ്ങള്‍ പ്രചരിപ്പിക്കുകയും നട്ടു പിടിപ്പിക്കുകയും ചെയ്യുന്ന ഒരാള്‍ കേരളത്തിലുണ്ട്. ഇരിങ്ങാലക്കുടയ്‌ക്കടുത്ത് വേളൂര്‍ക്കരയിലെ പ്ലാവ് ജയന്‍ എന്ന കെ ആര്‍ ജയന്‍.
കുട്ടിക്കാലത്തെ ദാരിദ്ര്യമായിരുന്നു ജയനെ പ്ലാവിലേക്ക് അടുപ്പിച്ചത്. അന്നു വിശപ്പു മാറ്റാന്‍ ചക്കയും ചക്കക്കുരുവും മാത്രമേ ഉണ്ടായിരുന്നുള്ളു. വീട്ടില്‍ വളര്‍ത്തിയ ആടുകളുടെ ഭക്ഷണം പ്ലാവിലയായിരുന്നു. തന്റെ വീട്ടിനുള്ളിലെ ജീവനുള്ളവയെയെല്ലാം തീറ്റീപ്പോററുന്നത് പ്ലാവാണല്ലോ എന്ന ബോധം ജയനുണ്ടായി. സ്‌കൂള്‍ വളപ്പിലും റോഡരുകുകളിലും തൈകള്‍ നട്ടു തുടങ്ങുകയായിരുന്നു ഏഴാംക്ലാസുകാരന്‍..അപ്പോള്‍ തന്നെ പേരും വീണു. 'പ്ലാവുജയന്‍'. പിന്നീട് പത്താംക്ലാസു കഴിഞ്ഞ് കേരളത്തിനു പുറത്ത് പല ജോലിക്കും പോയിട്ടും ജയനെ പ്ലാവുകള്‍ വിളിച്ചു കൊണ്ടിരുന്നു. ഇടയ്‌ക്ക് ഗള്‍ഫില്‍ പതിനൊന്നുകൊല്ലം. നല്ല ജോലിയും ശമ്പളവുമായിരുന്നിട്ടും കുട്ടിക്കാലത്ത് തന്റെയും കുടുംബത്തിന്റെയും വിശപ്പുമാറ്റിയ വൃക്ഷത്തെ മറക്കാന്‍ ജയനായില്ല. ജോലി ഒഴിവാക്കി പോന്നു. ഇപ്പോള്‍ പ്ലാവിന്‍ തൈകള്‍ നട്ടും നനച്ചും പരിപാലിച്ചുമിരിക്കുന്നു. ഒരു ലക്ഷം പ്ലാവ് നട്ടു വളര്‍ത്തണമെന്നാണ് ജയന്റെ ആഗ്രഹം. ഇതുവരെ ആറായിരത്തി ഇരുന്നൂറ് പ്ലാവു നട്ടു വളര്‍ത്തി കഴിഞ്ഞു. ഈ പ്ലാവുകളിലെ ചക്കയായിരിക്കും വരും തലമുറയുടെ മുഖ്യാഹാരം എന്ന് ജയന്‍ ഉറപ്പിച്ചു പറയുന്നു.
മറയൂര്‍ വനവും നേര്യമംഗലം കാടുകളും പരിചയിച്ചവള്‍ക്ക്‌് കോഴിക്കോടു നഗരത്തിലെ ജീവിതം ചില കാര്യങ്ങളില്‍ അമ്പരിപ്പിക്കുന്നതായിരുന്നു. ആദ്യം വാടകക്കു താമസിച്ച വീടിനു ചുറ്റും മരങ്ങളുണ്ടായിരുന്നു. മാവും പ്ലാവും തെങ്ങുമൊക്കെയായി.....നഗരമാണെന്ന തോന്നലില്ലായിരുന്നു. പക്ഷേ മനുഷ്യരാണ് പ്രശ്‌നം. പ്ലാവിലൊരുപാട് ചക്ക. ഇടിച്ചക്ക, കൊത്തച്ചക്ക, പച്ചച്ചക്ക ഒന്നും ആര്‍ക്കും ആവശ്യമില്ല. പുഴുക്കും തോരനും ചക്കക്കുരുവും ഒന്നും വേണ്ട.
സ്വന്തമായൊരു വീടന്വേഷിച്ചപ്പോള്‍ കിണറും മരവുമുള്ള വീടാവണമെന്നാശിച്ചു. മുറ്റത്തൊരു പ്ലാവ്, പേര, രണ്ടു തെങ്ങുകള്‍, കിണര്‍....സന്തോഷമായി. ഞങ്ങള്‍ താമസമാക്കും മുമ്പേ അയല്‍ക്കാരന്‍ ലോഹ്യത്തില്‍ പറഞ്ഞു.
`എന്തിനാ ഈ പ്ലാവ്...?`
`ഒരു പ്ലാവല്ലേ അവിടെ നിക്കട്ടെ` ഞാന്‍ പറഞ്ഞു.
`ചക്കക്കുരു നട്ടാല്‍ എവിടെയും പ്ലാവുണ്ടാവും` ആ പറഞ്ഞതിന്റെ അര്‍ത്ഥം പിന്നീടാണു മനസ്സിലായത്. അതിരിനോടു ചേര്‍ന്നാണ് പ്ലാവ്. ഇപ്പോള്‍ തൈ മരമാണ്. വലുതാവുമ്പോള്‍ ഇലകള്‍ അവരുടെ മുറ്റത്തു വീഴും. മറ്റൊരയല്‍ വീട്ടുകാരുടെ മരങ്ങളില്‍നിന്ന് ഇലകള്‍ വീഴുന്നു എന്നും ചക്ക പഴുത്ത് ചീഞ്ഞ് ഈച്ചയാര്‍ക്കുന്നെന്നും എത്ര പറഞ്ഞിട്ടും വെട്ടി മാറ്റുന്നില്ലെന്നും അവര്‍ പറഞ്ഞു.
ആ വര്‍ഷം ഞങ്ങളുടെ പ്ലാവ് കന്നി കായ്‌ച്ചു. കണ്ടിട്ട് വെട്ടാന്‍ തോന്നുന്നില്ല. സങ്കടം...പക്ഷേ അയല്‍ക്കാരന്റെ കറുത്ത മുഖത്തിനു മുന്നില്‍ അവരുടെ അതിരിലേക്ക് നീണ്ടു നിന്ന കൊമ്പുവെട്ടിയൊതുക്കാന്‍ ഒരാളെ ഏല്‌പിച്ചു. പക്ഷേ, അയാള്‍ തലയടക്കം വെട്ടി. അക്കൊല്ലത്തെ വേനലില്‍ മരമുണങ്ങിപ്പോയി.....
വരണ്ടു നില്‍ക്കുന്ന നീണ്ട ഇടവേളകള്‍ക്കു ശേഷം കനത്ത് പെയ്യുന്ന മഴ (ഇടവപ്പാതിയല്ല) നല്‍കുന്ന സൂചന ആഗോള താപനത്തിന്റെ നിഴല്‍ നമ്മുടെ മുറ്റത്തും എത്തിയെന്നു തന്നെയാണ്. പത്ത് വര്‍ഷം മുമ്പ് വരെ ആഗോള താപനം ഊഹാപോഹങ്ങളുടെ ഒരു കുഴമറിച്ചിലായിരുന്നിരിക്കാം. ഇന്ന് അത് അങ്ങിനെയാകില്ല. ഒരു നൂറ്റാണ്ടിന്റെ കാലാവസ്ഥാ വിവരങ്ങളുടെ വിശകലനം നല്‍കുന്ന സൂചന അതാണ്. കേരളത്തില്‍ ഭൂമിശാസ്‌ത്രപരമായും കാലാവസ്ഥാപരമായും വ്യത്യസ്‌ത പുലര്‍ത്തുന്ന 12 കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്‌ത പഠനസംഘം നല്‍കുന്ന സൂചന കാലാവസ്ഥയില്‍ വളരെ പ്രകടമായ മാറ്റമുണ്ടാകുന്നുവെന്നു തന്നെയാണ്. കൃഷി, ഭക്ഷ്യ സുരക്ഷ, പൊതുജനാരോഗ്യം എന്നീ മേഖലകളില്‍ പുതിയ നയങ്ങള്‍ രൂപീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കഴിഞ്ഞ ഏപ്രില്‍ രണ്ടിന് കൊച്ചിയില്‍ നടക്കാനിരുന്ന ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി, അന്നത്തെ ദിവസം കനത്ത പേമാരിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ ഔദ്യോഗികമായി തന്നെ വിവരം നല്‍കിയിരുന്നു. ജീവിതത്തെ അപ്പാടെ മാറ്റി മറിക്കുന്ന കാലാവസ്ഥാ വ്യതിയാനമാണ് ആഗോള താപനം ഉണ്ടാക്കാന്‍ പോകുന്നതെന്ന് വിദഗധര്‍ പറയുന്നു.
ആഗോള തലത്തില്‍ തന്നെ സംഭവിക്കുന്ന ഈ മാറ്റം പ്രാദേശിക തലത്തില്‍ വ്യത്യസ്‌തമായ കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക പ്രതിഫലനങ്ങളുമാണ് സൃഷ്ടിക്കുക.
സമുദ്ര നിരപ്പിന്റെ ഉയരം വര്‍ധിക്കുക, കൂടിയ ചൂട്, വരള്‍ച്ച എന്നിവയായിരിക്കും പ്രധാന പ്രത്യാഘാതങ്ങള്‍. ചൂടുമായി ബന്ധപ്പെട്ട് രോഗങ്ങളും പകര്‍ച്ച വ്യാധികളുമുണ്ടാകും. പല മാരക രോഗങ്ങള്‍ക്കും കാരണമായ വൈറസുകള്‍ ആഗോള താപന ഫലമായി വളരെ വേഗം മറ്റു രാജ്യങ്ങളിലേക്ക് പെരുകാന്‍ സഹായകമാണെന്നാണ് കണ്ടെത്തല്‍. കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാന്‍ കഴിവുള്ള ജീവികളിലൂടെയാണ് ഈ വൈറസുകള്‍ പടരുന്നത്.
സമുദ്രജലത്തിന് ചൂടുകൂടുമ്പോള്‍ ഏതെല്ലാം ജീവികള്‍ക്ക്‌് നാശം നേരിടേണ്ടി വരുന്നുണ്ടെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.
നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും വേലിയിലും വയലിലും കാലം തെറ്റാതെ വന്നുകൊണ്ടിരുന്ന പലതരം പക്ഷികളും ഇപ്പോള്‍ വരാതായിട്ടുണ്ട്‌്‌്‌്.
കടലിലെ പോലെ തന്നെ നമുക്കു ചുറ്റുമുള്ള പക്ഷികളിലും പറവകളിലും സസ്യങ്ങളിലും എത്രയെണ്ണം ഇല്ലാതായെന്നും വംശനാശ ഭീഷണി നേരിടുന്നുവെന്നും അറിയാനിരിക്കുന്നതേയുള്ളു. ചൂടിനെ പ്രതിരോധിക്കാന്‍ ശേഷിയില്ലാത്ത ജീവജാലങ്ങള്‍ ഓരോ പ്രദേശത്തു നിന്നും മാറിപ്പോവുകയോ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയോ ചെയ്യുന്നുണ്ട്.
ലോകം നേരിടുന്ന എറ്റവും വലിയ പാരിസ്ഥിതിക പ്രശ്‌നത്തിന് അമേരിക്ക എന്തു തീരുമാനമെടുക്കുന്നു, ഇന്ത്യ എന്തു ചെയ്യുന്നു എന്നു നോക്കിയിരിക്കാതെ നമുക്ക് എന്തു ചെയ്യാനാകും എന്നു ചിന്തിക്കാം. പൂര്‍ണ്ണമായും പ്രകൃതിയിലേക്ക് മടങ്ങാനായില്ലെങ്കിലും അല്‌പമെങ്കിലും...
ആഗോളതാപനത്തെ ചെറുത്തു നിര്‍ത്താന്‍ ശേഷിയില്ലാത്ത പല സസ്യജന്തുജാലങ്ങളും ഭൂമുഖത്തുനിന്നും ഇല്ലാതായേക്കാം. ചില പരിണാമങ്ങളോടെ പുതിയവ വന്നു കൂടായ്‌കയുമില്ല.
എങ്കിലും ഈ ചൂടിനെ പ്രതിരോധിക്കാന്‍ നമുക്കൊരു മരമെങ്കിലും നട്ടു വളര്‍ത്താനായെങ്കില്‍... (വളര്‍ത്താന്‍ എന്നു പറയുന്നത് നടാനാര്‍ക്കുമാവും. വളര്‍ത്താനാണ് പ്രയാസമെന്നോര്‍ത്തു തന്നെ)
നാട്ടിലെ മഞ്ഞും തണുപ്പുമൊക്കെ ഏതെങ്കിലും മലയ്‌ക്കപ്പുറം ഒളിച്ചിരിപ്പുണ്ടെന്നും എന്നെങ്കിലുമൊരുനാള്‍ മടങ്ങി വരുമെന്നും സ്വപ്‌നം കാണാം. വെറുതെയാണെങ്കിലും...
ഞങ്ങളുടെ ആ മഞ്ഞിനെ കൊണ്ടു പോയതാരാണ്?
ആഗോളതാപനമല്ലാതെ...
* * * * * * * * * *
9 comments:
കുഞ്ഞുക്ലാസ്സിലായിരുക്കുമ്പോള്‍ അവസാനത്തെ പിരിയഡില്‍ സ്‌കൂളും ചുറ്റുപാടും മഞ്ഞുകൊണ്ടു മൂടും. സ്‌കൂളില്‍ നിന്നു കാണാവുന്ന മലകളുടെ തുഞ്ചത്തു നിന്നും പതുക്കെ പതുക്കെ പരന്നു തുടങ്ങുകയായിരുന്നു.
മലയ്‌ക്കപ്പുറം ഒരു ആനയുണ്ടെന്നും, ആ ആന പുകവലിച്ചൂതുന്നതാണ് മഞ്ഞെന്നും ഞങ്ങള്‍് വിശ്വസിച്ചു.
ഇക്കഥ കേള്‍ക്കുമ്പോഴൊക്കെ മല കയറി അപ്പുറത്തേക്ക് കടന്ന് പുകവലിക്കുന്ന ആനയെ കാണണമെന്ന് കൊതിച്ചു. പലപ്പോഴും ബീഡി വലിക്കുന്ന ആനയെ സങ്കല്‌പിച്ചിട്ടുണ്ട്. മലയ്‌ക്കപ്പുറത്തെ ലോകത്തെ അന്നു പരിചയമില്ലായിരുന്നതുകൊണ്ട് അവിടെ ഇത്ര പുകയുള്ള വലിയ ബീഡിയുണ്ടാക്കിക്കൊടുക്കാന്‍ ആരെങ്കിലുമുണ്ടാവുമെന്ന്‌്‌് ചിന്തിച്ചില്ല. നാട്ടിലെ ബീഡി തെറുപ്പുകാരന്‍ അമ്മാവന്‍ എടുത്താല്‍ പൊങ്ങാത്തത്ര വലിപ്പത്തിലുള്ളൊരു ബീഡിയുമായി മല കയറുന്നത് സ്വപ്‌നം കണ്ടു.
എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മലഞ്ചെരുവുകളില്‍ പോലും മഞ്ഞു കാണാതായി. പിന്നെ പിന്നെ ആനയെയും അമ്മാവനെയും മറന്നു. പക്ഷേ, ഏതു മലയ്‌ക്കപ്പുറത്തേക്കാണ് മഞ്ഞ് ഒളിച്ചുപോയതെന്നു മാത്രം ഇന്നും കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല
വല്യ പോസ്റ്റ്... വായിച്ചിട്ടും ബാക്കി :)
അതെ.. “നാട്ടിലെ മഞ്ഞും തണുപ്പുമൊക്കെ ഏതെങ്കിലും മലയ്‌ക്കപ്പുറം ഒളിച്ചിരിപ്പുണ്ടെന്നും എന്നെങ്കിലുമൊരുനാള്‍ മടങ്ങി വരുമെന്നും സ്വപ്‌നം കാണാം”
അതിനു വേണ്ടി കൈ കോര്‍ക്കാം നമുക്ക്
ഇതു മുഴുവൻ വായിച്ച് കഴിഞ്ഞപ്പോൾ ഒരാശ്വാസം മൈന.. കാരണം എന്റെ കഥകൾ നീളകൂടുതലാണെന്നാ ബൂലോകത്തെ പരാതി.. ഇത് വച്ച് നോക്കുമ്പോൾ ഞാനൊക്കെ നിസ്സാരം.. പിന്നെ പോസ്റ്റ് വായിച്ച് കമന്റിയേക്കാം എന്ന് കരുതിയപ്പോൾ ദേ കിടക്കുന്നു അവിടെയും നീളത്തിലൊന്ന്.. ഏതായാലും ബാല്യകാലസ്മരണകൾ.. നല്ല നൊസ്ടാൽജിക് അനുഭവം തന്നു കേട്ടോ.. അഭിനന്ദനങ്ങൾ
മാതൃഭൂമിയിൽ വായിച്ചിരുന്നു മൈനാ.....
മാതൃഭൂമിയില്‍ വായിച്ചിരുന്നു.
എന്താ കോഴിക്കോട്ടെ ഇപ്പോളത്തെ താപനില?
മൈന, മാതൃഭൂമിയില്‍ ഈ ലേഖനം വായിച്ചിരുന്നു. നല്ല വിവരണം. ഇഷ്ടപ്പെട്ടു.
നിങ്ങളുടെ മഞും തണുപ്പും ഒളിച്ചോടി ഇപ്പോള്‍ ഞങ്ങളുടെ ബാക്ക് യാര്‍ഡില്‍ വന്നുകിടപ്പുണ്ട്. ഒരു മാസം കൂടി ഇവിടെയൊക്കെ ചുറ്റിനടക്കും.
മാത്രുഭൂമിയിൽ ഈ ലേഖനം വായിച്ചിരുന്നു. കേരളത്തിലെ ഇപ്പോഴെത്തെ അവസ്ഥയിൽ ലേഖനം ഏറെ പ്രധാന്യം അർഹീക്കുന്നു..കേരളം ചൂട്ടുപൊള്ളുകയാണിപ്പോൾ..നമ്മുക്ക് കേട്ടു പരിചയം മാത്രമുണ്ടായിരുന്ന ‘സൂര്യാഘാതം‘ കേരളത്തീലും സംഭവിക്കുന്നു.മൂന്നാറിൽ റെക്കോർഡ് ചൂടായ 36 ഡിഗ്രി വരെ എത്തി. വീട്ടിലെ ചൂട് കുറയ്ക്കാൻ പാർപ്പിടം എന്ന ബ്ലൊഗ്ഗർ കഴിഞ്ഞ ഏപ്രിലിൽ 2 ഉപായങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.link: http://paarppidam.blogspot.com/2009/04/1.html
പ്ലാവ് ജയന്റെ ഒരു പുസ്തകം (പ്ലാവും ഞാനും) ഉണ്ടെന്ന് കേട്ടു. ആരാണ് പ്രസാധകർ എന്നറിയുമോ ? അതല്ലെങ്കിൽ അദ്ദേഹത്തിന്റെ ഫോൺ നമ്പർ ?
Post a Comment