Sunday, September 6, 2009

ഒഴുകിപ്പോയ സ്വപ്‌ന ഭൂപടങ്ങള്‍-2

1169 കര്‍ക്കിടകം 30

മുറുക്കുന്നത്തയുടെ ജീവിതത്തിലെ അവസാനത്തെ കര്‍ക്കിടകമായിരുന്നു അത്‌‌. എന്തിനും ഒരാള്‍ കൂടെവേണം. ഓര്‍മ പലപ്പോഴും മുറിഞ്ഞുപോകുന്നു. ചിലപ്പോള്‍ സംസാരിക്കുന്നതൊന്നും തിരിഞ്ഞിരുന്നില്ല. കിടപ്പിലായിരുന്നു.
ഓര്‍മവെച്ചനാള്‍ മുതല്‍ കാണുന്നതാണ്‌ ഐഷാബി അമ്മച്ചിയുടെ വലിവ്‌. ഹൈറേഞ്ചിലെ ജീവിതത്തില്‍ കൂടെപിറപ്പായത്‌. മഴ തുടങ്ങുന്നതോടെ വലിവുകൂടും. രാത്രി പലപ്പോഴും ഉറങ്ങാറില്ല. വലിച്ചു വലിച്ചു നേരംവെളുപ്പിക്കും. സ്ഥിരമായി മരുന്നു കഴിക്കുന്നുണ്ട്‌. പക്ഷേ, മഴക്കാലത്ത്‌ കൂടിയിരിക്കും. അക്കൊല്ലം പേരക്കിടാങ്ങളായ ഞാനും അനിയത്തിയും മാത്രമാണ്‌ കൂടെയുളളത്‌. അടുത്തു തന്നെ ചെച്ചായുടെ (ഇളയച്ഛന്‍) വീടുണ്ട്‌‌. പക്ഷേ, അവര്‍ സഹായത്തിനൊന്നുമില്ല. ഇടക്കൊന്ന്‌ വന്നുനോക്കിപോകും. ആ അവസ്ഥയിലും മക്കളുടെ സഹായം മുറക്കുന്നത്തയും ഐഷാബി അമ്മച്ചിയും ആവശ്യപ്പെട്ടിരുന്നില്ല. മക്കള്‍ അറിഞ്ഞു പ്രവര്‍ത്തിച്ചിട്ടുമില്ല.

അക്കരെ കോളേജിലാണ്‌ ഞാന്‍ പഠിക്കുന്നത്‌. ഉച്ചയ്‌ക്ക്‌ വീട്ടില്‍ വന്നുപോകാറാണ്‌. അന്നു പക്ഷേ, ഭയങ്കര മഴയായിരുന്നു. ഉച്ചയ്‌ക്ക്‌ പോന്നില്ല. വൈകിട്ട്‌ വീട്ടിലെത്തുമ്പോള്‍ കാണുന്നത്‌ മുറുക്കുന്നത്ത കിടക്കുന്ന കട്ടിലിന്‌ എതിരെയുള്ള കട്ടിലില്‍ ഐഷാബി അമ്മച്ചി എഴുന്നേല്‍ക്കാന്‍ മേലാതെ പനിച്ചു കിടക്കുന്നു. ഉച്ചക്കുമുമ്പ്‌ മുറ്റത്തേക്കിറങ്ങിയപ്പോള്‍ കാല്‍തെന്നി വീണതാണ്‌. കൈയ്യുംകാലുമൊക്കെ മുറിഞ്ഞ്‌ മഴയത്ത്‌ കിടന്നു. അയല്‍ക്കാരി എന്തിനോ വന്നപ്പോഴാണ്‌ മുറ്റത്തുകിടക്കുന്ന അമ്മച്ചിയെ കണ്ടത്‌. അവര്‍ അകത്തു കയറ്റി കിടത്തി. ചായവെച്ചുകൊടുത്തു.

ആശുപത്രിയില്‍ പോകുന്ന കാര്യം പറഞ്ഞപ്പോള്‍
'സാരമില്ല കുഞ്ഞേ, കൊറച്ചുകഴിയുമ്പം മാറും' എന്നു പറഞ്ഞു. രാത്രി എനിക്കു പേടിയായി. അമ്മച്ചിയുടെ വേദനകൊണ്ടുള്ള കരച്ചില്‍...അതിനേക്കാള്‍ ഒച്ചയിലുള്ള വലിവ്‌....അടുത്ത കട്ടിലില്‍ കിടന്ന മുറുക്കുന്നത്തയുടെ തൊണ്ടയില്‍ ശ്വാസം കുറുകുന്നു. അന്നായിരുന്നു ഞാനേറ്റവുമേറെ ഭയന്ന രാത്രി. കര്‍ക്കിടകമാണ്‌. മരണം എവിടെയും പതുങ്ങി നില്‍ക്കും. ചെറിയൊരു വിടവുകിട്ടിയാല്‍ അതിലൂടെ അകത്തുകയറും. കിടന്നിട്ടും ഉറക്കം വന്നില്ല. രണ്ടു ശ്വാസത്തിന്റെയും താളം ശ്രദ്ധിച്ചു കിടന്നു. നിലക്കുന്നുണ്ടോ? ആരുടെ ശ്വാസമായിരിക്കും ആദ്യം നിലക്കുക? ആരെയാണ്‌ വിളിക്കുക? ഈ ഇരുട്ടത്തും മഴയത്തും ആരോടാണു പറയുക? ആറ്റില്‍ വെള്ളം കുത്തിമറിഞ്ഞൊഴുകുന്ന ശബ്ദത്തില്‍ ഒന്നുറക്കെ കരഞ്ഞാലും ആരു കേള്‍ക്കാനാണ്‌?

അന്നു വീട്ടില്‍ കറണ്ടു കിട്ടിയിട്ടില്ല. മണ്ണെണ്ണ വിളക്കാണ്‌ ആശ്രയം. ഒരു ടോര്‍ച്ചുള്ളത്‌ ബാറ്ററി തീര്‍ന്നു കിടക്കുന്നു. വിളക്കണക്കാന്‍ തോന്നിയില്ല. ഇടയ്‌ക്കിടക്ക്‌ എഴുന്നേറ്റു പോയി നോക്കും. ശ്വാസഗതി ശ്രദ്ധിക്കും. തൊണ്ടയില്‍ കഫം കുറുകുന്നതൊന്ന്‌...നെറ്റിയില്‍ തൊട്ടു നോക്കും. നാഡി പിടിച്ചുനോക്കും. ഈ രാത്രീ ഒന്നും പറ്റരുതേ..

'നീ ഉറങ്ങിയില്ലേ കുഞ്ഞേ' ഐഷാബി അമ്മച്ചി ചോദിച്ചു.
മറുപടി പറയാന്‍ നാവുചലിക്കാത്ത പോലെ.
'എന്നാത്തിനാ കുഞ്ഞേ വെളക്കു കത്തിച്ചുവെച്ചിരിക്കുന്നേ..'.
മിണ്ടാന്‍ പറ്റുന്നില്ല. വിളക്കണച്ചാല്‍ പേടികൂടും. മുന്നില്‍ മരണദേവത നൃത്തം ചെയ്‌തു നില്‌ക്കുന്നു. കണ്ണടച്ചാല്‍ എന്റെ ശ്വാസം പോലും നിലച്ചേക്കുമെന്നു തോന്നിപ്പോകുന്നു.

എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചെടുത്തു. ഐഷാബി അമ്മച്ചിയുടെ മുറിവുകള്‍ പഴുത്തുതുടങ്ങിയിരുന്നു. എഴുന്നേല്‌ക്കാന്‍ പ്രയാസപ്പെട്ടു.
ആശുപത്രിയില്‍ പോകാമെന്നു പറഞ്ഞപ്പോള്‍ അവന്‍ വരുവോന്ന്‌ നോക്കട്ടെ എന്നു പറഞ്ഞു. ആ പറഞ്ഞത്‌ തൊട്ടടുത്ത്‌ താമസിക്കുന്ന ഇളയമകനെ പ്രതീക്ഷിച്ചാണ്‌. പക്ഷേ ഉച്ചവരെ കാത്തു. വന്നില്ല.
'ചെച്ചായെ വിളിക്കട്ടെ.'ഞാന്‍ ചോദിച്ചു.
'ആരുംവേണ്ട കുഞ്ഞേ..നമുക്കുപോകാം'.
മകന്‍ അറിയാഞ്ഞിട്ടല്ല. എന്നുമുള്ള വലിവ്‌ അല്‌പം കൂടി. അതിനെന്താണെന്ന്‌ വിചാരിച്ചുട്ടുണ്ടാവണം. അനിയത്തിയെ മുറുക്കുന്നത്തയുടെ അടുത്തു നിര്‍ത്തി ഞങ്ങള്‍ നടന്നു.

രണ്ടുകൊല്ലം മുമ്പ്‌ പാലം പണി തുടങ്ങുകയും ഒരു കാലുവാര്‍ത്തു കഴിഞ്ഞപ്പോള്‍ പണി മുടങ്ങുകയും ചെയതതാണ്‌..... അക്കരെയെത്താന്‍ ചുറ്റിവളഞ്ഞ്‌ താഴെയുള്ള പാലം കടക്കണം. പോകുന്ന വഴിയില്‍ കൈത്തോടുകള്‍ നിറഞ്ഞൊഴുകുന്നു. വെള്ളത്തില്‍ കാലുതൊടാമ്മേല അമ്മച്ചിക്ക്‌.

എക്കാലവും വലിവായിരുന്നതുകൊണ്ട്‌ മെലിഞ്ഞ്‌ ശോഷിച്ചിട്ടായിരുന്നു. 'ഈ അമ്മച്ചിക്ക്‌ പാറ്റയുടെ കനംപോലുമില്ലല്ലോ' എന്നു പറഞ്ഞ്‌ പലപ്പോഴും മുറ്റത്തുകൂടി എടുത്തുകൊണ്ടു നടക്കുമായിരുന്നു. അപ്പോഴൊക്കെ 'നെലത്തു നിര്‍ത്ത്‌ കുഞ്ഞേ' എന്നു പറഞ്ഞ്‌ വഴക്കു പറയുമായിരുന്നു.
പക്ഷേ, ഇപ്പോള്‍ വഴിപോലും കൈത്തോടായിരിക്കുന്ന അവസ്ഥയില്‍ വെള്ളത്തില്‍ ചവിട്ടാതിരിക്കണമെങ്കില്‍ എടുക്കണം. എടുത്തും കൈപിടിച്ച്‌ നടത്തിയും കവലയിലെത്തുമ്പോള്‍ അമ്മച്ചിയുടെ വലിവിന്റെ ശക്തി കണ്ടിട്ടാവണം മലഞ്ചരക്കുകടക്കാരന്‍ കസേര പുറത്തേക്കെടുത്തിട്ടു. അയാള്‍ തന്നെ ജീപ്പുവിളിച്ചു തന്നു. തൈക്കാവുംപടിയിലെ കിരണ്‍ ആശുപത്രിയില്‍ കൊണ്ടുചെന്നു.

ഒരു വാര്‍ഡും കാഡ്‌‌ബോഡുകൊണ്ടുമറച്ചു മൂന്നു മുറികളുമുള്ള ചെറിയ ആശുപത്രിയായിരുന്നു അത്‌. മുറികളൊന്നില്‍ ഐഷാബി അമ്മച്ചിയെ കിടത്തി.
ഒരു ലക്കും കിട്ടുന്നില്ല. രാത്രിയേക്കാള്‍ ഒട്ടും മോശമല്ല പകലും. അമ്മച്ചിയേയോ അത്തായേയോ വിവരമറിയിക്കാന്‍ ഫോണില്ല. നമ്പറില്ല. അമ്മച്ചി ജോലിചെയ്യുന്നത്‌ അത്ര ദൂരത്തല്ല. പക്ഷേ, പറഞ്ഞുവിടാനാരുമില്ല. വരുന്നത്‌ വരട്ടേയെന്നു വിചാരിച്ച്‌ വീട്ടിലേക്കു നടന്നു.

കഞ്ഞിവെച്ച്‌ പാത്രത്തിലാക്കി , പുതപ്പും ആവശ്യത്തിനുള്ള സാധനങ്ങളുമൊക്കെയായി അനിയത്തിയെ ആശുപത്രിയിലേക്ക്‌ വിട്ടു. വീട്ടില്‍ കഫം കുറുകി മുറുക്കുന്നത്തയും ഞാനും മാത്രം. രാത്രി ഒറ്റക്കാവുന്നതോര്‍ത്ത്‌ ചെച്ചായുടെ വീട്ടില്‍ നിന്നു പഠിക്കുന്ന അമ്മായിയുടെ മകളെ കൂട്ടിനു വിളിച്ചു. മുറുക്കുന്നത്ത എന്റെ ധൈര്യമായിരുന്നു. പക്ഷേ, ഇപ്പോളെന്നെ വല്ലാതെ പേടിപ്പെടുത്തുന്നു.

വിളിച്ചാല്‍ എഴുന്നേല്‍ക്കും. കഞ്ഞികോരിക്കൊടുത്താല്‍ കുറച്ചു കുടിക്കും. .എഴുന്നേല്‍ക്കും മുമ്പേ മൂത്രം പോകും. ഇപ്പോള്‍ ജനിച്ച കുഞ്ഞിനെപ്പോലെയായിരിക്കുന്നു.
കൂട്ടുവന്നവള്‍ പേടിത്തൊണ്ടി. അവള്‍ക്കു പ്രേതങ്ങളെയും പിശാചുക്കളെയുമാണ്‌ പേടി. എനിക്കാണെങ്കില്‍ കടന്നുവന്നേക്കാവുന്ന മരണത്തെ, കള്ളനെ...
കര്‍ക്കിടകത്തില്‍ കള്ളന്മാരിറങ്ങും. മിക്കവീട്ടിലും ഒന്നുമുണ്ടായിട്ടല്ല. കിട്ടുന്നതെടുത്തോണ്ടു പോവും. അടുത്തവീട്ടില്‍ കള്ളന്‍ കേറിയിട്ട്‌ കൊണ്ടുപോയത്‌ മൂന്നുബാറ്ററിയുടെ ടോര്‍ച്ചും റേഡിയോയുമാണ്‌‌. എന്റെ കഴുത്തില്‍ ചെറിയൊരു മാലയുണ്ട്‌. കമ്മലുണ്ട്‌‌. വാതിലൊക്കെ അടച്ചുറപ്പുള്ളതാണ്‌. എന്നാലും...
കിടക്കാന്‍ നേരം കൂട്ടുകാരി കട്ടിലില്‍ കിടക്കില്ല. കട്ടിലോടെ പ്രേതം കൊണ്ടുപോകുമെന്നവള്‍ പറഞ്ഞു. അവള്‍ക്കറിയാവുന്ന പ്രേതകഥകളൊക്കെ അവള്‍ പറഞ്ഞു കൊണ്ടിരുന്നു. കിടക്ക വലിച്ച്‌ നിലത്തിട്ടു. അതു നന്നായെന്ന്‌ തോന്നി. ജനല്‍ചില്ലു പൊട്ടിച്ച്‌ നോക്കുന്ന കള്ളന്‍ കട്ടിലിലാരെയും കാണില്ല.

പ്രേതമടുക്കാതിരിക്കാന്‍ അവള്‍ കിടക്കയുടെ നാലുവശത്തും കുരിശു വരച്ചു. കോടാലി, വാക്കത്തി തുടങ്ങിയ ആയുധങ്ങളെല്ലാം തലക്കല്‍ കൊണ്ടുവെച്ചു. തലേന്ന്‌ ഉറങ്ങാഞ്ഞതുകൊണ്ടാവണം പ്രേതകഥകള്‍ക്കിടയില്‍ ഉറങ്ങിപ്പോയി. നേരം പുലര്‍ന്ന്‌ അനിയത്തി വന്നു വിളിക്കുമ്പോഴാണ്‌ ഉണര്‍ന്നത്‌.

ഉച്ചയോടെ വെയില്‍ തെളിഞ്ഞു. ഒന്നുമറിയാതെ അമ്മച്ചിയും വന്നെത്തി. അന്ന്‌ ചിങ്ങം ഒന്നുമായിരുന്നു. മറവിയും ഓര്‍മയുമായി അടുത്ത ഇടവം വരെ മുറുക്കുന്നത്ത കിടന്നു. പക്ഷേ, അതേപോലൊരു ശ്വാസം കുറുകല്‍ പിന്നീടു കേട്ടത്‌ മരണത്തിന്റെ തലേന്നുമാത്രമായിരുന്നു.

1172 കര്‍ക്കിടകം 5

അന്ന്‌ തിങ്കളാഴ്‌ചയായിരുന്നു. ഹര്‍ത്താലും. രാവിലെ മഴ തോര്‍ന്നു നില്‌ക്കുകയാണ്‌. തോര്‍ച്ച കണ്ടതുകൊണ്ടതുകൊണ്ടും അന്ന്‌ അവധിയായതുകൊണ്ടും അമ്മച്ചി ഞങ്ങളെ പുല്ലുമുറിക്കാന്‍ പറഞ്ഞയച്ചു. പശുവിനെ മാറ്റിമാറ്റികെട്ടി പറമ്പില്‍ പെട്ടെന്നു മുറിച്ചെടുക്കാന്‍ പരുവത്തില്‍ പുല്ലില്ല. ഞാനും അനിയത്തിയും വീടിനു പുറകിലെ മലകയറി. പാറ തെന്നി കിടക്കുന്നു. വളരെ സൂക്ഷിച്ച്‌ ചൂല്‍പുല്ലുകളുടെ കടക്കല്‍ ചവിട്ടി കയറണം. പാറയില്‍ വെള്ളമൊഴുകുന്നുണ്ട്‌‌. പായലും. ചിലയിടങ്ങള്‍ വെളുത്തുകിടക്കും. അവിടെ ധൈര്യമായി ചവിട്ടാം. തെന്നില്ല. എന്നും മലകയറിയിറങ്ങുന്നവര്‍ അതിലെ മാത്രം നടന്ന്‌ പായല്‍ പിടിക്കാതിരുന്നതാണ്‌.

മലയുടെ തുഞ്ചത്തു നിന്ന്‌ കിഴക്കോട്ടല്‌പം മാറി ഞങ്ങള്‍ പുല്ലരിഞ്ഞു തുടങ്ങി. പെട്ടെന്നാണ്‌ പുകപോലെ മഞ്ഞു പരക്കാന്‍ തുടങ്ങിയത്‌. പരസ്‌പരം കാണാനാവാത്തത്ര മഞ്ഞ്‌. അടുത്തെങ്ങും ആളില്ല. വിളിച്ചാല്‍ വിളികേള്‍ക്കുന്നിടത്തെങ്ങും വീടില്ല. അന്നുവരെ ഇത്തരമൊരു മഞ്ഞില്‍ പെട്ടിട്ടില്ല. വഴിയൊന്നുമില്ലാത്തിടമായതുകൊണ്ട്‌ തെരുവപ്പുല്ലുവകഞ്ഞുമാറ്റിവേണം നടക്കാന്‍. അനിയത്തി കുറച്ചുതാഴെയാണ്‌ നില്‍ക്കുന്നത്‌. മഞ്ഞിനിടയില്‍ അവള്‍ക്കു വഴിതെറ്റുമോ? എനിക്കു പേടിയായി. താഴെ കൊക്കയാണ്‌.

വീടിനുചറ്റും വല്ലപ്പോഴും കോടമൂടുമ്പോള്‍ ആ പുകയിലൂടെ നടക്കുന്നത്‌ ഞങ്ങള്‍ക്കിഷ്ടമായിരുന്നു. പരസ്‌പരം കാണാനാവാത്ത ഈ മഞ്ഞില്‍ നില്‍ക്കുമ്പോഴും ഭയംപോലെ ഉള്ളില്‍ ആഹ്ലാദവുമുണ്ടായിരുന്നു. കൂരിരുട്ടില്‍ നടക്കുംപോലെയാണ്‌ ഈ മഞ്ഞിലുമെന്നും തോന്നി. ഞാനവളെ വിളിച്ചുകൊണ്ടിരുന്നു. ഉള്ളില്‍ തീയാളുംപോലെ...മഞ്ഞ്‌ അല്‌പം നീങ്ങിയപ്പോള്‍ അവള്‍ അരികിലേക്കു വന്നു. പുല്ലുവാരിക്കെട്ടി പുകയിലൂടെ മലയിറങ്ങി. താഴെ എത്തിയപ്പോഴേക്കും മഴ തുടങ്ങിരുന്നു. കുളിച്ച്‌ ചോറിനു മുന്നിലിരിക്കുമ്പോള്‍ വല്ലാതെ വിറച്ചിരുന്നു.

പശുവിനുള്ള പിണ്ണാക്കു തീര്‍ന്നു. വൈകിട്ട്‌ കറിവെയ്‌ക്കാനൊന്നുമില്ല. ഹര്‍ത്താലായതുകൊണ്ട്‌ കടകളൊന്നും തുറന്നിട്ടില്ല. ബന്ധുവിന്റെ കടയുണ്ട്‌. പുറകിലൂടെ പോയാല്‍ കിട്ടും. പക്ഷേ, പതിവുപോലെ ആരു പോകുമെന്ന്‌ ഞങ്ങള്‍ തര്‍ക്കമായി. കടയുടെ പുറകിലൂടെ പോകാനാണെങ്കില്‍ ഞാന്‍ തന്നെപോകില്ലെന്നായപ്പോള്‍ ഇളയ അനിയത്തിയും കൂടെവരാമെന്നായി. മഴയാണെങ്കില്‍ തിമിര്‍ത്തു പെയ്യുന്നു.

'മഴ തോരട്ടെ..'അമ്മച്ചി പറഞ്ഞു.
മഴ തോരുന്നതും കാത്തിരുന്നു. കൂടുന്നതല്ലാതെ കുറയുന്നില്ല. ആററില്‍ വെള്ളം പൊങ്ങിത്തുടങ്ങി. കരയോടുചേര്‍ന്ന്‌ കൂര്‍ത്തുനിന്ന പാറയ്‌ക്കും മുകളിലായി. സന്ധ്യയോടെ അക്കരെ പറമ്പിലേക്ക്‌ വെള്ളം കയറി. കറണ്ടുപോയി.
ഉച്ചക്കുമുമ്പേ തുടങ്ങിയ മഴ ഇങ്ങനെ തോരാതെ പെയ്യുന്നത്‌ അപൂര്‍വ്വമാണ്‌. വെള്ളം ശക്തിയായി ഒഴുകുന്ന ശബ്ദം കേള്‍ക്കാം. തോട്ടിറമ്പിലെ അയല്‍ക്കാര്‍ കയ്യാലകെട്ടിയതും ആറിനു കുറുകെ കോണ്‍ക്രീറ്റ്‌ പാലം വന്നതും അക്കൊല്ലമാണ്‌ . കരയും പാലവും തമ്മില്‍ കുറച്ചു ദൂരമുണ്ടായിരുന്നു. ആ ദൂരം നികത്തിയത്‌ കരിങ്കല്ലുകൊണ്ടുള്ള ചെരിച്ച കെട്ടായിരുന്നു.

മഴ കുറഞ്ഞത്‌ ഒന്‍പതുമണിയോടെയാണ്‌. കുടയുമെടുത്ത്‌ ഞങ്ങള്‍ ആറ്റിറമ്പിലേക്ക്‌ നടന്നു. താഴത്തെ വീട്ടുകാരുടെ പുതുയ കയ്യാലക്കൊപ്പം വെള്ളം. കയ്യാല ഇല്ലായിരുന്നെങ്കില്‍ ആ വീടുണ്ടാവുമായിരുന്നില്ല...പാലം വെള്ളത്തിനും ഒരുപാടുതാഴെയാണ്‌. അക്കരെനിന്നുവന്നവര്‍ പാലം കടക്കാനാവാതെ തിരിച്ചു പോകുന്നുണ്ട്‌. രാത്രി ശക്തിയായി പെയ്‌തില്ല പക്ഷേ, നേരം പുലരുമ്പോള്‍ ആളുകളുടെ തിരക്കുപിടിച്ച ഓട്ടമാണ്‌ കാണുന്നത്‌.
വെള്ളം ഇറങ്ങിതുടങ്ങിയിട്ടുണ്ട്‌. പാലമുണ്ട്‌‌. പക്ഷേ, കരയില്‍ നിന്നു പാലത്തിലേക്കുണ്ടായിരുന്ന കെട്ടില്ല. കരിങ്കല്‍ കുറച്ചുദൂരേക്ക്‌ ചിതറികിടക്കുന്നു. പായും തുണികളും പാത്രങ്ങളും മരക്കഷ്‌ണങ്ങളുമൊക്കെ പാലത്തിലും പാറയിടുക്കുകളിലും മരക്കുറ്റികളിലും തങ്ങി നില്‌പ്പുണ്ട്‌.

ഞങ്ങളത്‌ നോക്കിനില്‌ക്കുമ്പോഴാണ്‌ കേള്‍ക്കുന്നത്‌. നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ആലുവ-മൂന്നാര്‍ റോഡിന്റെ പലഭാഗങ്ങളും മണ്ണിനടിയിലാണെന്ന്‌. മൂന്നാംമൈലിലെ പാലവും വാളറപ്പള്ളിയും തകര്‍ന്നെന്ന്‌. ഇനി അടുത്തെങ്ങും ഇതിലെ വണ്ടിയോടാന്‍ സാധ്യതയില്ലെന്ന്‌. കുറച്ചുതാഴെ ഒരു മലക്കുമപ്പുറം പഴംപള്ളിച്ചാലില്‍ ഉരുള്‍പൊട്ടി ഇരുപതിലേറെപ്പേരെ കാണാനില്ലെന്ന്‌.....

ഞങ്ങള്‍ വളര്‍ന്നത്‌ മഴയുടേയും വെള്ളപ്പൊക്കത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും കഥകള്‍ കേട്ടാണ്‌. ഉരുളെടുത്തത്‌ എത്രയെത്ര ജീവനും വീടും പറമ്പുമാണ്‌. മഴയുടെ കൂടുതല്‍ മിഴിവുള്ള ചിത്രം തേടിപ്പോയ വികടര്‍ ജോര്‍ജ്ജും അക്കൂട്ടത്തില്‍ ചേര്‍ന്നു.

മഴയുടെ ഭംഗി മരണം പോലെ പേടിപ്പെടുത്തുന്നതായിരുന്നു അന്നൊക്കെ..എന്നിട്ടും വെള്ളം പൊങ്ങുമ്പോള്‍ ആറ്റിറമ്പിലെ കുടിലുകളിലെ മനുഷ്യനല്ലാത്തതെല്ലാം ഒഴുകിപ്പോകുന്നത്‌ നോക്കിനില്‌ക്കുമ്പോള്‍ ഏതു വികാരമായിരുന്നു? അഞ്ച്‌‌ ആട്‌ , രണ്ടു പട്ടി, മൂന്ന്‌ മേല്‍ക്കൂര എന്നൊക്കെ കരയില്‍ നിന്ന്‌ കണക്കെടുക്കുമ്പോള്‍ സങ്കടംപോലെ ആഹ്ലാദവുമുണ്ടായിരുന്നെന്നോ? ജീവനല്ലാത്തതെല്ലാം നഷ്ടപ്പെട്ട ആ മനഷ്യരെ ഓര്‍ക്കാതെ, അവരുടെ സ്വപ്‌നങ്ങളുടെ എണ്ണമെടുക്കുന്നതിലെ സന്തോഷം ഇന്നെത്രമാത്രം സങ്കടപ്പെടുത്തുന്നു...



വീടിനു പുറകിലെ മലയുടെ മുകളില്‍ ഞങ്ങള്‍ക്ക്‌ കുറച്ചുസ്ഥലമുണ്ട്‌‌. സ്‌കൂളില്‍ ഭൂപടങ്ങള്‍ പഠിച്ചുതുടങ്ങിയപ്പോള്‍ ആ സ്ഥലത്തെ, ഇന്ത്യയുമായി താരതമ്യം ചെയ്യുമായിരുന്നു. കേരളത്തിലൂടെ മുകളിലോട്ട്‌ നടന്ന്‌ ആന്ധ്ര, ഒറീസ,പശ്ചിമബംഗാള്‍, ആസാം വഴി അരുണാചല്‍ പ്രദേശിലെ വന്‍കാടും കടന്നുവേണമായിരുന്നു മലയുടെ തുഞ്ചത്തെത്താന്‍. മൂന്നുഭാഗവും ഉറവയൊഴുകുന്ന പാറ. വടക്ക്‌ കുത്തനെ ഹിമാലയം. അരുണാചലിലെ കാടൊഴിച്ച്‌ ഇന്ത്യയുടെ നടുഭാഗം മുതല്‍ കിഴക്കോട്ടുള്ള സംസ്ഥാനങ്ങള്‍ മുഴുവന്‍ രണ്ടുകൊല്ലം മുമ്പ്‌്‌്‌ ഉരുള്‍പൊട്ടി ഒലിച്ചുപോയി.


1180 കര്‍ക്കിടം 11

മകള്‍ ജനിച്ചത്‌ അന്നായിരുന്നു. ശസ്‌ത്രക്രിയ ആയിരുന്നതുകൊണ്ട്‌ ബോധം തെളിഞ്ഞപ്പോള്‍ മുതല്‍ അതിശക്തമായ വേദനയില്‍ വിറച്ചു പനിച്ചു. രക്തസമ്മര്‍ദ്ദം കുറഞ്ഞുകൊണ്ടിരുന്നു. നേഴ്‌സുമാരുടെ പരിചരണത്തിലാണ്‌. അടുത്ത്‌ മറ്റാരുമില്ല. മകളെ കണ്ടിട്ടില്ല. വേദനകൊണ്ട്‌ ഇറുകെ കണ്ണടച്ചുകിടന്നു. ഉറങ്ങാന്‍ ശ്രമിച്ചു...കണ്ണുതുറക്കുമ്പോള്‍ ജനല്‍ചില്ലുകള്‍ക്കിടയിലൂടെ പുറത്തെ മഴകാണാം. മഴയല്ല എനിക്കെന്റെ മകളെയാണ്‌ കാണേണ്ടതെന്ന്‌ തോന്നി...
കണ്ണുതുറക്കാനേ തോന്നിയില്ല. ആ മുറിയില്‍ ഒഴിഞ്ഞ കുറെ കട്ടിലല്ലാതെ കാഴ്‌ചയെ പിടിച്ചു നിര്‍ത്തുന്ന ഒന്നുമില്ലായിരുന്നു.

പെട്ടെന്നാണ്‌ മുറിക്കുള്ളില്‍ ബഹളം കേട്ടത്‌. വേദനയുടെ കരച്ചിലുകള്‍.
ഒഴിഞ്ഞ കട്ടിലുകളെല്ലാം നിറഞ്ഞു കഴിഞ്ഞു. തൊട്ടടുത്ത കട്ടിലില്‍ ഒരു വല്ല്യമ്മയായിരുന്നു. രണ്ടുകാലും പ്ലാസ്‌റററിട്ട്‌....അന്നു മുഴുവന്‍ അവര്‍ മഴയെ പ്രാകിയും കരഞ്ഞും കിടന്നു. അടുത്ത കട്ടിലില്‍ കിടന്നവരൊക്കെ പരസ്‌പരം സംസാരിക്കുന്നുണ്ട്‌. അവര്‍ ഉരുള്‍പൊട്ടലില്‍ നിന്ന്‌ രക്ഷപെട്ടവരായിരുന്നു. ഒടിവും ചതവുമൊക്കെ പറ്റിയവര്‍. വല്ല്യമ്മ ചോദിക്കുന്നതിനൊക്കെ മറുപടി പറയുന്നുണ്ട്‌‌ കരച്ചിലിനിടയിലും.
'കൊറേക്കാലായിട്ട്‌ അനീത്തീടെ കൂടെയാര്‍ന്നു ഞാന്‍. .......ഈ മഴേത്തും കാറ്റത്തും പെരേടെ പൊറകിലെ തിട്ടിടിഞ്ഞു വീണതാ....അനീത്തീം മക്കളും വേറെ മുറീലാര്‍ന്നു. അവര്‍ക്കൊന്നും പറ്റീല്ലാ...ഞാന്‍ മണ്ണിനടീലാര്‍ന്നു.....രക്ഷപെടൂന്ന്‌ വിചാരിച്ചതല്ല ......'.
അവര്‍ പറഞ്ഞുകൊണ്ടിരുന്നു.
'എന്റെ അനീത്തിപ്പെണ്ണ്‌ പൊറത്തു നിപ്പൊണ്ട്‌. അവളെ ഇങ്ങോട്ട്‌ വിട്‌‌ കൊച്ചേ..'
ആരെയും മുറിയിലേക്ക്‌ കയറ്റില്ലെന്ന്‌ നേഴ്‌സു പറഞ്ഞു
'എന്നാ..എനിക്ക്‌ കൊഴപ്പവൊന്നുമില്ലാന്ന്‌ എന്റെ പെണ്ണിനോട്‌ പറയണോട്ടോ...'വല്ല്യമ്മ നേഴ്‌സിനോട്‌ പറഞ്ഞു.
അവര്‍ പുറത്ത്‌‌ നില്‌ക്കുന്ന അനിയത്തിയെക്കുറിച്ച്‌ പറഞ്ഞുകൊണ്ടിരുന്നു. ഞാനാണെങ്കില്‍ ഇതുവരെ കാണാത്ത എന്റെ മകളെക്കുറിച്ചോര്‍ത്തുകൊണ്ട്‌ കിടന്നു. എന്റെ മനസ്സില്‍ ജനിച്ചുവീണ കുഞ്ഞാണ്‌. അരികിലെ വല്ല്യമ്മ മരണത്തെ കണ്ടു മടങ്ങി വന്നതാണ്‌. ഈ മുറിയില്‍ നിന്ന്‌ പുറത്തേക്കു കടക്കാനായാല്‍ എനിക്കെന്റെ മകളെ കാണാം. പക്ഷേ, നേഴ്‌സുമാര്‍ പറഞ്ഞറിഞ്ഞു വല്ല്യമ്മക്കിനി ആരുമില്ലെന്ന്‌‌. അനിയത്തി പുറത്ത്‌‌ കാത്തുനില്‌പില്ലെന്ന്‌. ആ വീട്ടില്‍ ബാക്കിയായത്‌ വല്ല്യമ്മ മാത്രമാണെന്ന്‌‌.



* * * *

ഇരുപത്തിയൊന്നുകൊല്ലം ജീവിച്ച ആ ലോകത്തല്ല ഇന്ന്‌. മലയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഒന്നുമില്ലാത്തൊരിടത്തായിരിക്കുമ്പോള്‍ കാണുന്നത്‌ സൂപ്പര്‍ മാര്‍ക്കറ്റിലെ കര്‍ക്കിടക കഞ്ഞിയുടെ പായ്‌ക്കറ്റുകളാണ്‌. ആരോഗ്യം പുഷ്ടിപ്പെടുത്തേണ്ടുന്ന ഈ പായ്‌ക്കറ്റുകളോടുചേര്‍ന്ന്‌ രാമായണത്തിന്റെ പലവര്‍ണ്ണ കോപ്പികളുമുണ്ട്‌. ദേവിയാര്‍ രണ്ടായി പിരിഞ്ഞ്‌‌ തുരുത്തായി തീര്‍ന്നിടത്ത്‌ അമ്പലമുണ്ടാവുന്നത്‌ പത്തില്‍ പഠിക്കുമ്പോഴാണ്‌. അമ്പലമുറ്റത്തെ അടയ്‌ക്കാമരത്തില്‍ കെട്ടിവെച്ചിരുന്ന കോളാമ്പിയിലൂടെ അക്കൊല്ലം കുത്തിയൊഴുകുന്ന കലക്കവെള്ളത്തിന്റെ ഇരമ്പലിനൊപ്പം രാമായണ വായന കേട്ടു.

ഇപ്പോള്‍ സമതലത്തിലിരിക്കുന്നവര്‍ ആ വഴി പോയി വരുമ്പോള്‍

'ഹോ..പേടിയാവുന്നു കുന്നും മലയുമൊക്കെ കണ്ടിട്ട്‌...മഴയത്ത്‌ ഇതൊക്കെക്കൂടി ഇടിഞ്ഞു വീണാലോ' എന്ന്‌ ആശങ്കപ്പെടാറുണ്ട്‌‌.
'ആ മലമൂട്ടില്‍ നിന്ന്‌, പാറയിടുക്കില്‍ നിന്ന്‌ നീ രക്ഷപെട്ടു' എന്നു കേള്‍ക്കുമ്പോള്‍ ഉള്ളില്‍ സങ്കടം നിറയും.
എന്റെ അയല്‍ക്കാരും നാട്ടുകാരും വീട്ടുകാരും എല്ലാവരുമെല്ലാവരും ഇപ്പോഴും അവിടെ തന്നെയുണ്ട്‌. സ്വപ്‌നങ്ങളെത്ര ഒഴുകിപ്പോയിട്ടുണ്ടെങ്കിലും ഒരു ദേശം അവരുണ്ടാക്കിയിട്ടുണ്ട്‌.
മഴക്കാറുകാണുമ്പോള്‍ പലായനം ചെയ്‌തവരല്ല ഞങ്ങള്‍...



കടപ്പാട്‌-മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌

8 comments:

Myna said...

ഇപ്പോള്‍ സമതലത്തിലിരിക്കുന്നവര്‍ ആ വഴി പോയി വരുമ്പോള്‍

'ഹോ..പേടിയാവുന്നു കുന്നും മലയുമൊക്കെ കണ്ടിട്ട്‌...മഴയത്ത്‌ ഇതൊക്കെക്കൂടി ഇടിഞ്ഞു വീണാലോ' എന്ന്‌ ആശങ്കപ്പെടാറുണ്ട്‌‌.
'ആ മലമൂട്ടില്‍ നിന്ന്‌, പാറയിടുക്കില്‍ നിന്ന്‌ നീ രക്ഷപെട്ടു' എന്നു കേള്‍ക്കുമ്പോള്‍ ഉള്ളില്‍ സങ്കടം നിറയും.
എന്റെ അയല്‍ക്കാരും നാട്ടുകാരും വീട്ടുകാരും എല്ലാവരുമെല്ലാവരും ഇപ്പോഴും അവിടെ തന്നെയുണ്ട്‌. സ്വപ്‌നങ്ങളെത്ര ഒഴുകിപ്പോയിട്ടുണ്ടെങ്കിലും ഒരു ദേശം അവരുണ്ടാക്കിയിട്ടുണ്ട്‌.
മഴക്കാറുകാണുമ്പോള്‍ പലായനം ചെയ്‌തവരല്ല ഞങ്ങള്‍...

Rajesh T.C said...

ആത്മവിദ്യാലയത്തിനു ശേഷം മാത്രുഭൂമിയിൽ വന്ന ലേഖനവും നന്നായിരുന്നു..അതു ബ്ലൊഗ്ഗിൽ പോസ്റ്റ് ആയിവന്നപ്പോൾ വീണ്ടും വായിച്ചു.കർക്കിടത്തിലെ
മഴയെ കുറിച്ചുള്ള ഓർമ്മകൾ ഞങ്ങൾ പ്രവാസികൾക്ക് ഒരു നോമ്പരമാണ്. ഒരു നല്ല മഴ കണ്ടിട്ട് എത്ര നാളായി..വി.കെ.ശ്രീരാമൻ ചേട്ടനെ പോലെ മഴ കാണാൻ രാജി വെച്ചു നാട്ടിൽ പോകാൻ കഴിയുന്നില്ല.കർക്കിടത്തിലെ തോരാമഴയും, നിറഞ്ഞുകവിഞ്ഞു ഒഴുകുന്ന തോടും പുഴയും കുട്ടിക്കാലത്തെ ഓർമ്മകളാണ്.ഹൈറേജിലേ പൊലെ അത്ര ഭീകരമോന്നുമല്ലായിരുന്നു ഞങ്ങളുടെ നാട്ടിലെ കർക്കിടം. പക്ഷേ വറുതി- അതു കർക്കിടത്തിനു കേരളത്തിൽ എല്ലായിടത്തും ഒരു മുഖമാണന്നു തോന്നുന്നു.ഇന്ന് കർക്കിടത്തിൽ കരയെ തേടി പുഴ വരറില്ല, പകരം മണ്ണെടുത്ത് ആഴം കൂടിയ പുഴയിലേക്ക് കരയിടിഞ്ഞ് പോവുകയാണ് ചെയ്യുന്നത്.ഇങ്ങനെ ക്രിത്യമായി മലയാളമാസത്തിലെ തിയ്യതി തിരിച്ച് എങ്ങനെ എഴുതാ‍ൻ കഴിയുന്നു?.ഓണപ്പതിപ്പിൽ വന്ന മൂക്കുത്തി കഥ വായിച്ചു, നന്നയിരുന്നു.
ഇനിയും ഇതു പോലെത്തെ നല്ല അനുഭവങ്ങൾ/ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു

VINAYA N.A said...

മൈന നന്നായിട്ടുണ്ട്.ഉരുള്‍പൊട്ടലിന്റെ ഭീകരാവസ്തയും മനുഷ്യന്റെ പൊള്ളത്തരവും ഒരുപോലെ ഈ പോസ്റ്റ് ഓര്‍മ്മിപ്പിക്കുന്നു.പലപ്പോഴുംകടുത്ത പരാജയത്തില്‍ തന്നെയാണ് ഒന്നുമറിയാതെ വിജയിച്ചു എന്നു നാം കരുതുന്നത്

mukthaRionism said...

nannaayirikkunnu...

Echmukutty said...

ഒഴുകിപ്പോയ സ്വപ്ന ഭൂപടങ്ങൾ എന്ന തലക്കെട്ട് മനോഹരമായിരിക്കുന്നു.
പൊതുവെ മൈന എഴുതുന്നതെല്ലാം താല്പര്യത്തോടെ വായിക്കാറുണ്ട്.
അഭിനന്ദനങ്ങൾ.

Anamika said...

hello maina'
i read this in matrubumi azhapathipu. i like ur writings. ur language have a resemblence to madhavikutty's style of writings.
mazha gives us a nostalgic feeling. when i read ur feature about vishachikitsa in azhchapatip i excited that alady can write like this. from the very moment i became afan of urs.

Bijoy said...

Dear Blogger

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://sarpagandhi.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediatly.

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

മൌനം said...

ഹോ..പേടിയാവുന്നു കുന്നും മലയുമൊക്കെ കണ്ടിട്ട്‌...മഴയത്ത്‌ ഇതൊക്കെക്കൂടി ഇടിഞ്ഞു വീണാലോ' എന്ന്‌ ആശങ്കപ്പെടാറുണ്ട്‌‌.
'ആ മലമൂട്ടില്‍ നിന്ന്‌, പാറയിടുക്കില്‍ നിന്ന്‌ നീ രക്ഷപെട്ടു' എന്നു കേള്‍ക്കുമ്പോള്‍ ഉള്ളില്‍ സങ്കടം നിറയും.
എന്റെ അയല്‍ക്കാരും നാട്ടുകാരും വീട്ടുകാരും എല്ലാവരുമെല്ലാവരും ഇപ്പോഴും അവിടെ തന്നെയുണ്ട്‌. സ്വപ്‌നങ്ങളെത്ര ഒഴുകിപ്പോയിട്ടുണ്ടെങ്കിലും ഒരു ദേശം അവരുണ്ടാക്കിയിട്ടുണ്ട്‌.
മഴക്കാറുകാണുമ്പോള്‍ പലായനം ചെയ്‌തവരല്ല ഞങ്ങള്‍...