Thursday, July 31, 2008

കറണ്ടുപോകുന്നത്‌ എനിക്കെന്തിഷ്ടമാണെന്നോ!

ബൂലോഗരില്‍ ഭൂരിഭാഗവും കേരളത്തിലല്ലാത്തതുകൊണ്ടു ലോഡ്‌ഷെഡ്ഡിംഗ്‌ അറിയുന്നുണ്ടോ ആവോ? മഴയില്ല. വെള്ളമില്ല. കേന്ദ്രവിഹിതമില്ല, ഊര്‍ജ്ജ പ്രതിസന്ധിഎന്നൊക്കെ പറഞ്ഞ്‌ രാത്രിയായാല്‍ അരമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിംഗ്‌. ലോഡ്‌ഷെഡ്ഡിംഗ്‌ എന്നു കേട്ടപ്പോഴേ കേരളം വിറച്ചു. അയ്യോ എങ്ങനെ കഴിച്ചുകൂട്ടും അരമണിക്കൂര്‍...ഈ നേരത്ത്‌ കള്ളനിറങ്ങും. ഐഡിയ സ്റ്റാര്‍ സിംഗര്‍ പകുതി പോകും. സീരിയല്‍ ഒരാഴ്‌ച. പിള്ളേരുടെ പഠുത്തം..പത്താംക്ലാസ്‌, പ്ലസ്‌ടു, കോച്ചിംഗ്‌..എല്ലാം അരമണിക്കൂര്‍കൊണ്ട്‌ പോകും! സര്‍ക്കാരു ചെയ്യുന്ന ജനദ്രോഹം നോക്കണേ..പ്രകൃതി അതിലേറെ...

എന്തോ ലോഡ്‌ഷെഡ്ഡിംഗ്‌ എനിക്കു സന്തോഷം തരുന്നു. ടിവിയുടെ ഒച്ചയില്ല (വല്ല്യമ്മച്ചിയും മോളും). കമ്പ്യൂട്ടറിനു മുന്നില്‍ ആരുമില്ല (ഞാനും സുനിലും). എപ്പോഴും കറങ്ങിക്കൊണ്ടിരിക്കുന്ന മൂന്നു ഫാനില്ല. ഫ്രിഡ്‌ജില്ല. എന്തിനേറെ ജോലികഴിഞ്ഞെത്തിയാല്‍ അടുക്കളയും ടിവിയും കമ്പ്യൂട്ടറും പുസ്‌തകവുമൊക്കെയായി ആകെ ഏതില്‍ കൈവെക്കണം എന്ന കണ്‍ഫ്യൂഷനില്‍ നിന്ന്‌ അരമണിക്കൂറില്‍ ഒരു കണ്‍ഫ്യൂഷനുമില്ല. ഒരു കൊച്ചുള്ളതിനെ ടിവിക്കുമുന്നിലും ചപ്പാത്തി ഉണ്ടാക്കുമ്പോള്‍ ബോളുരുട്ടാന്‍ കൊടുത്തുമൊക്കെയാണ്‌ അവളോടൊപ്പം ചെലവഴിക്കുന്നതെന്നോര്‍ക്കണം. അവളെ ശ്രദ്ധിക്കുന്നില്ലെന്ന്‌ കണ്ടാല്‍ അവള്‍ ചിലപ്പോള്‍ കടിക്കും. നുള്ളും. അടിക്കും. ഇടിക്കും. എല്ലാത്തിനുംകൂട്ടി “ഈ കൊച്ചിനേകൊണ്ടു തോറ്റൂ“ എന്നങ്ങലറും.
കറണടുപോകുമ്പോള്‍ അവളുറങ്ങിയിട്ടില്ലെങ്കില്‍ അവളോടൊപ്പം ഞങ്ങള്‍ക്കൊരുമിച്ചിരിക്കാം. കളിക്കാം. കൊഞ്ചിക്കാം.
ഉറങ്ങിയാലോ ആരുടെയെങ്കിലും കുറ്റവും പരദൂഷണവും പരസ്‌പരം പറഞ്ഞിരിക്കാം. ഇടക്ക്‌ ഇഷ്‌‌ടപ്പെടാത്തതെന്തെങ്കിലും പറഞ്ഞ്‌ വഴക്കടിക്കാം.
രാത്രി ഭക്ഷണം കഴിക്കുന്നതിനു ഒരു നേരമൊക്കെ വേണ്ടേ. പലപ്പോഴും അതേറെ വൈകും. ഭക്ഷണം നമ്മളെ കാത്തിരിക്കരുത്‌ എന്ന്‌ പത്തുവട്ടം പറഞ്ഞാലും നമ്മള്‌ കഴിക്കില്ല.
കറണ്ടുപോകുന്നതുകൊണ്ട്‌ ‘ഇപ്പോ കറണ്ടുപോകും’ എന്നു പറഞ്ഞ്‌ നേരത്തേ ഇക്കാര്യം നടക്കും.
ഒന്നുമല്ലെങ്കില്‍ മെഴുകുതിരിയുടെ ചെറിയ നാളത്തിന്‌ പണ്ടെന്തു പ്രകാശമായിരുന്നു എന്നോര്‍ത്ത്‌ പഴയകാലത്തേക്ക്‌ ഓര്‍മയെ തിരിച്ചുവിടാം. ഡിഗ്രിവരെ ഈ വെളിച്ചത്തിലല്ലേ പഠിച്ചേ എന്നോര്‍ക്കാം. അന്നൊക്കെ രാത്രി ചോറുണ്ണുമ്പോള്‍ മണ്ണെണ്ണ വിളക്കിന്‌ എന്തു പ്രകാശമായിരുന്നു. മുറ്റത്തിറങ്ങണമെങ്കിലും വിളക്കുവേണമായിരുന്നു. കാറ്റു പതുക്കെ വന്നാല്‍ മതി. ഒരു കൈകൊണ്ടു കാറ്റിനെ തടുത്തു നിര്‍ത്തും. വെളിച്ചത്തെ സംരക്ഷിക്കും...
ഹ ഹ..ഹ
ഓര്‍ക്കാനെന്തുരസം.
പക്ഷേ ഈ അരമണിക്കൂര്‍മാറി കുറേ നേരം കൂടി കറണ്ടില്ലാതായാലോ? ...
പ്രാകുന്നതാരെയൊക്കെയാണെന്ന്‌ എനിക്കേ അറിയൂ..ചിലപ്പോള്‍ അതും ഓര്‍മ കിട്ടില്ല.
ഏതായാലും ഈ അരമണിക്കൂര്‍ എനിക്കെത്ര ഇഷ്ടമാണെന്നോ!

Thursday, July 24, 2008

ഇതാണോ ആണത്തം?

ആരാണ്‌ വ്യഭിചാരി? എന്നപേരില്‍ ഞാന്‍ കൊടുത്ത പോസ്‌റ്റിന്‌ AK എന്നൊരു ബ്ലോഗര്‍ കമന്റിട്ടു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അതു വെളിച്ചം കണ്ടില്ല. കാരണം കമന്റ്‌കള്‍ പോസ്‌റ്റിലെ വിഷയത്തില്‍ നിന്ന്‌ വ്യതിചലിച്ച്‌ പോകുന്നതുകണ്ടപ്പോള്‍ കമന്റ്‌ മോഡറേഷന്‍ കൊടുക്കുകയും പോസ്‌റ്റില്‍ ചില തിരുത്തലുകള്‍ വരുത്തുകയും ചെയ്‌തു. അതിനു ശേഷമാണ്‌ AK യുടെ കമന്റു വന്നത്‌. അത്‌ അങ്ങേയറ്റം എന്നെയും ഇട്ടിമാളുവിനെയും മുംതാസിനെയും ചീത്തവിളിച്ചുകൊണ്ടുള്ളതും കാന്തപുരത്തെ അടുത്തറിയാന്‍ ചില സൈറ്റുകളിലേക്കുള്ള ലിങ്കും ഇംഗ്ലീഷിലുള്ള വലിയൊരു മാറ്ററുമായിരുന്നു. കമന്റ്‌ മോഡറേഷന്‍ വെറുതെ വെച്ചതല്ലാത്തതുകൊണ്ട്‌ അത്‌ Reject ചെയ്‌തു.
അതിനുള്ള പ്രതികരണമാണ്‌ ഇത്‌.
AK Said:
എന്തേ ഇപ്പോള്‍ ഇങ്ങിനെ ഒരു മനം മാറ്റം ?
വിഷയത്തില്‍ നിന്ന് വ്യതിചലിച്ച്‌ ഇട്ടിയും പൊട്ടിയും പൊട്ടനും കാന്തപുരത്തിനെതിരെയും ഇസ്ലാമിനെതിരെയും നുണപ്രചാരണം നടത്തിയപ്പോള്‍ മൈന അത്‌ ആസ്വസിച്ച്‌ ( ബ്ലൂടൂത്ത്‌ ആസ്വദിച്ച പോലെ ) വികാരവതിയായി പോസ്റ്റിയിരുന്നല്ലോ ..എന്തേ മൈനക്ക്‌ അത്‌ ഡിലിറ്റ്‌ ചെയ്യാമായിരുന്നില്ലേ ? ഇപ്പോള്‍ കൗണ്ടര്‍ ആര്‍ഗ്യൂമന്റ്‌ വന്നപ്പോള്‍ അത്‌ അങ്ങട്‌ ദഹിക്കുന്നില്ല അല്ലേ.. സൂക്കേട്‌ നമുക്കറിയാം. അതിനു മരുന്നില്ല.. അല്ലാഹു നല്ല ബുദ്ധി തരട്ടെ

ഞാന്‍ എഴ്തിയ മറുപടി മൈന ( ?) എഡിറ്റ്‌ കൊടുത്തില്ല..
ഇതും കൊടുക്കുമുമെന്ന് തോന്നുന്നില്ല.. ഇനി കൊടുത്തില്ലെങ്കിലും എനിക്കൊരു മൈ. ഇല്ല ( മൈനയും ഇല്ല )

നിനക്ക്‌ നല്ലത്‌ ആ പഴയ നോട്ടം തന്നെ (ആണുങ്ങളുടെത്‌ നോക്കല്‍ )

ഞാനടുത്തറിയുന്ന ഇസ്ലാം സഹിഷ്‌ണുതയുടേയും സ്‌നേഹത്തിന്റെയും മതമാണ്‌. ഞാനൊരിക്കലും ഇസ്ലാമിനെ വിമര്‍ശിച്ചിട്ടില്ല. എന്നാല്‍ ഇതാണ്‌ ഇസ്ലാം എന്നു കാണിക്കാന്‍ വരുന്ന ചിലതിനോട്‌ കലഹിച്ചിട്ടുണ്ട്‌. കാന്തപുരത്തെയോ മറ്റേതെങ്കിലും മതനേതാക്കളെ ഞാന്‍ വിമര്‍ശിച്ചിട്ടില്ല. ജയകൃഷ്‌ണന്‍ കാവാലം ഒരു കമന്റിട്ടത്‌ തന്നെ ആദ്യഭാഗത്തോടുമാത്രമേ എനിക്ക്‌ യോജിപ്പുള്ളു എന്നും മറുപടി കൊടുത്തിരുന്നു

ഇവിടെ AK യുടെ കമന്റിനോടുള്ള പ്രതികരണമാണ്‌ ആവശ്യപ്പെടുന്നത്‌. അല്ലാതെ ഇസ്ലാം വിമര്‍ശനമല്ലെന്ന്‌ പറയട്ടെ.
ഒരു പോസ്‌റ്റിനോടുള്ള അസഹിഷ്‌ണുത ക്രിയാത്മകമായ വിമര്‍ശനമാണെങ്കില്‍ അത്‌ ബൂലോഗത്തെ കൂട്ടയ്‌മയെയും ആശയസംവാദങ്ങളെയും ആരോഗ്യകരമാക്കുകയുള്ളു. അതല്ലാതെ അന്ധമായ മതഭ്രാന്തും അസഹിഷ്‌ണുതയും വ്യക്തിവിദ്വേഷവും തീര്‍ക്കാന്‍ പെണ്ണിനോട്‌ 'മൈ' പ്രയോഗം നടത്തുകയാണോ വേണ്ടത്‌?
സര്‍വ്വശക്തനും കരുണാനിധിയുമായ അള്ളാഹുവിന്റെ മുമ്പില്‍ ഖുര്‍-ആന്‍ സൂക്തങ്ങള്‍ ഉരുവിട്ട്‌ കുമ്പിടുന്ന യഥാര്‍ത്ഥ മുസ്ലീമിന്റെ നാവിലും വിരല്‍ തുമ്പിലും എങ്ങനെയാണ്‌ 'മൈ'പ്രയോഗം വരുന്നത്?
ബൂലോഗത്തെ ആണുങ്ങളില്‍ ഇയാള്‍ക്കിടമുണ്ടോ?

Sunday, July 20, 2008

ആരാണ് വ്യഭിചാരി? / 'ബ്ലൂ' ടൂത്ത്

ഇന്നലെ എന്നെ ആകെ ആശയക്കുഴപ്പത്തിലാക്കിയ ഒരു സംഭവമുണ്ടായി. ബ്ലൂടുത്ത്‌‌ വഴി ഒരു മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട കമിതാക്കളുടെ ഫോണ്‍ സംഭാഷണമായിരുന്നു അത്‌. ഭര്‍ത്താവ്‌ ഗള്‍ഫിലായ ഒരു കാമുകിയും, ഭാര്യയുമൊത്ത് നാട്ടില്‍ ജീവിക്കുന്ന കാമുകനുമാണ്‌ കഥാപാത്രങ്ങള്‍. ഒന്നുകില്‍ ഇവരറിയാതെ ആരോ ഫോണ്‍ ചോര്‍ത്തിയിരിക്കുന്നു. അല്ലെങ്കില്‍ ഇവരിലൊരാള്‍ റിക്കോര്‍ഡ്‌ ചെയ്‌തിരിക്കുന്നു. ഏതായാലും ബ്ലൂടുത്ത്‌ വഴി പടര്‍ന്നുകൊണ്ടിരിക്കുകയാണ്‌ ഇവരുടെ സല്ലാപം. ബ്ലൂടൂത്ത്‌ വഴി ഇപ്പോള്‍ കന്യാസ്‌ത്രീയും ഡ്രൈവറും കോളേജുവിദ്യാര്‍ത്ഥികളായ പ്രണയിനികളുമൊക്കെ വീഡിയോ ക്ലിപ്പുകള്‍ പ്രചരിക്കുന്നു. (അറിഞ്ഞതെത്രയോ തുച്ഛം..അറിയാനെത്രയോ ബാക്കി).
ഇവിടെ സദാചാരം പഠിപ്പിക്കലല്ല എന്റെ ഉദ്ദേശ്യം. ന്യായീകരിക്കലുമല്ല.
സ്‌ത്രീയായാലും പുരുഷനായാലും ഒരാള്‍ മറ്റേയാളെ അങ്ങേയറ്റം വിശ്വസിക്കുന്നുണ്ട്‌. ഏതായാലും ആ വിശ്വാസത്തിനേറ്റ മുറിവാണ്‌ ഓരോരുത്തരുടേയും മൊബൈല്‍ ഫോണ്‍വഴി പടര്‍ന്നു കൊണ്ടിരിക്കുന്നത്‌.

രണ്ടു വ്യക്തികള്‍ക്കിടയിലുള്ള രഹസ്യമാണ്‌ ചോര്‍ന്നു പോകുന്നത്‌. ഇവിടെ കാമുകികാമുകന്മാരാവാം.
ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയിലേക്ക്‌, അവരുടെ കിടപ്പറകളില്‍ ഒളികാമറകളുമായി ആരെങ്കിലും പതുങ്ങി ഇരിക്കുന്നില്ലെന്ന്‌ എങ്ങനെ ഉറപ്പിക്കും?
വിവരസാങ്കേതികവിദ്യ എന്തിനുവേണ്ടിയാണ്‌?
എന്റെ സഹപ്രവര്‍ത്തകയോട്‌ ഞാനിതു പറയുമ്പോള്‍ അവര്‍ വികാരാധീനയായി. തന്റെ മകള്‍ക്ക്‌ ഒരിക്കലും ഒരു മൊബൈല്‍ വാങ്ങികൊടുക്കില്ല എന്ന്‌ ആ അമ്മ പറയുന്നു. വ്യക്തിപരമായ അഭിപ്രായമാണ്‌. എങ്കിലും അവര്‍ വാങ്ങികൊടുത്തില്ലെങ്കിലും കൂട്ടുകാരിയുടെ കൈയ്യിലെ മൊബൈലായാലും മതി ഈ ദൃശ്യങ്ങള്‍ കാണാന്‍..കേള്‍ക്കാന്‍ എന്നവര്‍ മറക്കുന്നെങ്കിലും. കൊച്ചുകുട്ടികളുടെ കൈയ്യില്‍വരെ മൊബൈലുള്ള കാലമാണ്‌...

ഒരു മൊബൈല്‍ ഫോണില്‍ നിന്ന്‌ മറ്റൊന്നിലേക്ക്‌ പടരുന്ന കമിതാക്കളുടെ ഫോണ്‍ സംഭാഷണം കേട്ട്‌ ആനന്ദിക്കുകയാണ്‌ ചുറ്റുമുള്ളവര്‍. നമ്മുടെ കൂട്ടത്തിലെ ആരുടെയെങ്കിലും മക്കളുടേയോ ബന്ധുക്കളുടേയോ കൂട്ടുകാരുടേയോ പ്രണയരംഗങ്ങളും വഴിവിട്ട ഏതെങ്കിലും ബന്ധങ്ങളുമാണ് ഇങ്ങനെ പകര്‍ത്തപ്പെട്ട് പ്രചരിപ്പിക്കുന്നതെങ്കിലോ?‍.
ചിലരോട്‌ ഞാന്‍ ചോദിച്ചും അല്ലാതെയും മനസ്സിലാക്കിയത്‌- അവര്‍ ഇവിടെ ഇതിനെ ഒരു സദാചാരപ്രശ്‌നമായിട്ടല്ല കാണുന്നത്‌,മറിച്ച് ആനന്ദമായിട്ടാണ് എന്നതാണ്‌.
കുടുംബം, കുട്ടികള്‍, ബന്ധുക്കള്‍, അയല്‍വാസികള്‍ എല്ലാമുള്ളവരാണ്‌ കമിതാക്കള്‍. ഈ ഫോണ്‍ സംഭാഷണം അവരിലേക്കാണ്‌ ചെന്നെത്തുന്നതെങ്കിലോ? പിന്നീടുണ്ടാവുക എന്തായിരിക്കും എന്നോര്‍ത്ത്‌ എനിക്ക്‌ സൈ്വര്യം നശിച്ചു. ഇപ്പോള്‍ തന്നെ എന്തായിരിക്കാം അവരുടെ അവസ്ഥ. ആ സ്‌ത്രീയെക്കുറിച്ച്‌ വല്ലാതെ ആലോചിച്ചു. ഈ ബന്ധം അവര്‍ക്കാവശ്യമായിരുന്നിരിക്കാം. പക്ഷേ അത്‌ ആരുമറിയാത്ത ഒരു രഹസ്യമാക്കാനല്ലേ അവരാഗ്രഹിച്ചിരിക്കുക. അവരൊരിക്കലും ഇത്‌ ലോകമറിയണമെന്ന്‌ ആഗ്രഹിച്ചിരിക്കില്ല. നമ്മുടെ വിചാരലോകം വിശാലമൊന്നുമല്ല. പുരുഷന്റെ തെറ്റിനെ ന്യായീകരിക്കപ്പെടുകയും സ്‌ത്രീയുടേത്‌ അപരാധവുമാവും. ഇവിടെ സഹിക്കേണ്ടിവരുന്നത്‌ സ്‌ത്രീ തന്നെയായിരിക്കും.
ഇവര്‍ മാത്രമല്ല ഇവരുടെ അടുപ്പമുള്ളവര്‍ കാണുമ്പോഴുള്ള /കേള്‍ക്കുമ്പോഴുള്ള അവസ്ഥകൂടി ആലോചിച്ചു നോക്കൂ ....

അതെന്തുമാകട്ടെ ഇവിടെ പ്രശ്‌നം പടര്‍ന്നു പിടിക്കുന്ന രോഗമാണ്‌. ഒളിഞ്ഞുനോട്ടം. അന്യന്റെ സ്വകാര്യതയിലേക്ക്‌ കടന്നുകയറല്‍..പോരാത്തതിന്‌ താന്‍ കണ്ടുകഴിഞ്ഞത്‌/കേട്ടത്‌
അടുത്തയാള്‍ക്ക്‌ കൈമാറുന്നു. അവരും ആനന്ദിക്കുന്നു...
ഒരാളെങ്കിലും ആദ്യത്തെ രണ്ടുപേരെക്കുറിച്ചോ അവരുടെ ചുറ്റുപാടിനെയോ ചിന്തിച്ചിരിക്കുമോ?....
എനിക്ക് ഒരു സംശയമേ ഉള്ളൂ ‘ആരാണ് വ്യഭിചാരി?’

Tuesday, July 15, 2008

മഴക്കാലത്തെ സ്‌കൂള്‍ ദിനങ്ങള്‍


അഴുകി ദ്രവിച്ച ഒരു അസ്ഥികൂടത്തിന്റെ ഓര്‍മയുണ്ടെങ്കിലും ഞങ്ങള്‍ കുട്ടികള്‍ക്ക്‌ മഴക്കാലം സന്തോഷത്തിന്റേതായിരുന്നു. അല്‌പം ക്രൂരമാണെങ്കിലും. മധ്യവേനലവധി കഴിഞ്ഞ്‌ സ്‌കൂളിലെത്തിയാല്‍ ഒരുമാസം കഴിയും മുമ്പേ സ്‌കൂളുപൂട്ടേണ്ടിവരും പലപ്പോഴും. സ്‌കൂളില്‍ അഭയാര്‍ത്ഥിക്യാമ്പു തുടങ്ങുമ്പോഴാണ്‌ ഞങ്ങള്‍ക്ക്‌ അവധി കിട്ടുന്നത്‌. പുസ്‌തകമെടുക്കേണ്ട. പഠിക്കേണ്ട. കളിച്ച്‌, ചിരിച്ച്‌ രസിച്ച്‌ നടക്കാം.
പത്തുപതിനാലു കിലോമീറ്റര്‍ ചുറ്റളവില്‍ ആകെയുള്ള ഹൈസ്‌കൂളാണ്‌ ഞങ്ങളുടേത്‌. കുട്ടികള്‍ കൂടുതലും സൗകര്യം കുറവുമായിരുന്നു. അതുകൊണ്ട്‌ സ്‌കൂള്‍ ഷിഫ്‌റ്റിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌.
മഴ തുടങ്ങിയാല്‍ പലയിടത്തും മലയിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടാവും. തോട്ടുപുറമ്പോക്കുകളിലെ കുടിലുകള്‍ ആറെടുക്കും. അവരുടെ കട്ടിലും പായും, പാത്രങ്ങളും കലക്കവെള്ളത്തില്‍ ഒഴുകിപ്പോകും. വെള്ളം കുറയുമ്പോള്‍ കാണാം മരക്കുറ്റികളിലും വേരുകളിലും പാറയിടുക്കുകളിലും തടഞ്ഞു നില്‌ക്കുന്ന വസ്‌ത്രങ്ങള്‍...
അഭയാര്‍ത്ഥികളാവുന്നവര്‍ക്ക്‌ പിന്നെ രക്ഷ സ്‌കൂളാണ്‌. ഞങ്ങളുടെ കൂട്ടുകാരും അക്കൂട്ടത്തിലുണ്ടാവും. അവര്‍ക്കും സ്‌കൂളിലെ വാസം സന്തോഷമാണ്‌. കാറ്റിലും പേമാരിയിലും വീട്‌ നിലംപൊത്തുമെന്ന പേടിയില്ലാതെ ഉറങ്ങാം. പുതിയ കൂട്ടുകാരെ കിട്ടും. പഠിക്കേണ്ട. സാറന്മാരെ പേടിക്കണ്ട. പക്ഷേ അഭയാര്‍ത്ഥികളാവുന്ന മുതിര്‍ന്നവരുടെ മനസ്സ്‌ ആറ്റിലെ വെള്ളത്തേക്കാള്‍ കലങ്ങിയിരിക്കും.
സ്‌കൂളു തുറന്നാലും ക്ലാസില്‍ പകുതിയിലേറെപ്പേര്‍ ഹാജരുണ്ടാവില്ല. അവരിലധികവും പിന്‍ബഞ്ചുകാരാണ്‌. കുറച്ചു മുതിര്‍ന്നവര്‍. പലക്ലാസ്സിലും തോറ്റുതോറ്റ്‌ പിന്‍ബഞ്ചിലെത്തിയവര്‍....
മഴക്കാലത്ത്‌ ഇവരാരും സ്‌കൂളിലേക്കുള്ള സാഹസികയാത്രക്ക്‌ മുതിരില്ല. ആഴ്‌ചയില്‍ ഒന്നോ രണ്ടോ ദിവസം മുഖം കാണിക്കാനെത്തും ചിലര്‍. ഞങ്ങള്‍ സ്‌കൂളിനടുത്തുള്ള കുറച്ചു കുട്ടികള്‍ മാത്രമാണ്‌ ക്ലാസിലുണ്ടാവുക.
രണ്ടും മൂന്നും മലകള്‍ കയറിയിറങ്ങി, ഈറ്റക്കാടുകളും യൂക്കാലിതോട്ടങ്ങളും താണ്ടി കൈത്തോടുകളും ആറും കടന്നാണവര്‍ സ്‌കൂളിലെത്തുന്നത്‌. ക്ലാസിലെത്തിയാല്‍ ഇരിക്കില്ല. കൂനിപ്പിടിച്ച്‌ നില്‌ക്കും. അവരുടെ നനഞ്ഞൊട്ടിയ പാവാടത്തുമ്പുകളില്‍ നിന്ന്‌ വെളളം ഇറ്റിറ്റു വീണുകൊണ്ടിരിക്കും. ഒപ്പം രക്തം കുടിച്ചുവീര്‍ത്ത തോട്ടപ്പുഴുക്കളും നിലത്തു വീഴും. പലരുടേയും കാലില്‍ ഉണങ്ങാത്ത വലിയ വ്രണങ്ങളുണ്ടാവും. തോട്ടപ്പുഴു കടിക്കുന്നതാണ്‌. രക്തം കുടിച്ചു വീര്‍ത്ത്‌ തനിയേ വീണാല്‍ കുഴപ്പമില്ല. പക്ഷേ, കടിച്ചിരിക്കുന്നിടത്തുനിന്ന്‌ വലിച്ചെടുത്താല്‍ കൊമ്പ്‌ മാംസത്തില്‍ തന്നെയിരിക്കും. ഇതു പഴുക്കും. വ്രണമാവും...
പാവാടത്തുമ്പുകളില്‍ നിന്ന്‌ വെള്ളം ഇറ്റി വീണിരുന്ന കൂട്ടുകാരികളിലൊരാള്‍ക്കും രണ്ടുജോഡിയില്‍ കുടുതല്‍ പാവാടയും ബ്ലൗസുമില്ലായിരുന്നു.

സ്‌കൂള്‍ ആറിന്‌ ഇക്കരെയായിരുന്നു.
ഞാന്‍ മൂന്നാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌ ദേവിയാറിനു കുറുകെ പാലംപണി തുടങ്ങിയത്‌്‌. മൂന്നുവര്‍ഷമെടുത്തു പണി തീരാന്‍..അതുവരെ ചങ്ങാടത്തിലായിരുന്നു അക്കരെയിക്കരെ കടന്നത്‌.
ഇപ്പോള്‍ മുമ്പത്തേക്കാള്‍ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെട്ടു. കാറ്റിനു വീഴാവുന്ന വീടുകളൊന്നുമില്ലെന്നു പറയാം. എന്നാലും ഒരുപാടു കുട്ടികള്‍ ഇപ്പോഴും കിലോമീറ്ററുകള്‍ നടന്ന്‌ മലയും കുന്നുമൊക്കെ കയറിയിറങ്ങിതന്നെയാണ്‌ സ്‌കൂളിലെത്തുന്നത്‌.

നാലാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌ കൂട്ടുകാരിയുടെ അച്ഛന്‍ രണ്ടുകിലോമീറ്റര്‍ മുകളിലുള്ള തടിപ്പാലത്തില്‍ തെന്നി ആറ്റില്‍ വീണു പോയത്‌. പുഴയിലൂടെ ഒരാള്‍ ഒഴുകുപ്പോകുന്നത്‌ കണ്ടിട്ടും അതാരാണെന്ന്‌‌ ആര്‍ക്കും മനസ്സിലായില്ല. ദിവസങ്ങള്‍ കഴിഞ്ഞാണ്‌ തന്റെ അച്ഛനാണ്‌ ഒഴുകിപ്പോയതെന്ന്‌ അവളും അമ്മയും തിരിച്ചറിയുന്നത്‌ . ഒരുമാസം കഴിഞ്ഞ്‌ വെള്ളം താണപ്പോള്‍ വാളറകുത്തിനു താഴെ നിന്ന്‌ ഒരസ്ഥികൂടം കിട്ടി.
ഇന്നും ആറ്റില്‍ നീന്താനിറങ്ങുന്ന കുട്ടികളെ അദ്ദേഹത്തിന്റെ പ്രേതത്തെക്കുറിച്ച്‌ പറഞ്ഞാണ്‌ അമ്മമാര്‍ പേടിപ്പിക്കുന്നത്‌.

കടപ്പാട്‌ വര്‍ത്തമാനം ആഴ്‌ചപ്പതിപ്പ്‌ 06.07.2008
photo: Bobinson

Sunday, July 6, 2008

ഞങ്ങള്‍ക്ക്‌ ആകാശമിഠായികളാവണം

എന്റെ ഹൈസ്‌കൂള്‍കാലത്താണ്‌ റേഡിയോയില്‍ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പ്രേമലേഖനം നാടകരൂപത്തില്‍ കേട്ടത്‌. സാറാമ്മയും കേശവന്‍നായരും കുഞ്ഞുണ്ടായാല്‍ പേരിടുന്നതിനെക്കുറിച്ചു തര്‍ക്കിക്കുമ്പോള്‍ ഞാന്‍ കാതോര്‍ത്തിരുന്നു. ഞങ്ങള്‍ക്കിട്ടതുപോലുള്ള പേരായിരിക്കുമോ?
ഇല്ല. മതമേതെന്നറിയാത്ത പേര്‌ `ആകാശമിഠായി`

മറ്റൊരു സാറാമ്മയുടേയും കേശവന്‍നായരുടേയും മക്കളായിരുന്നു ഞങ്ങള്‍. അല്ലെങ്കില്‍ ഏഴാംക്ലാസ്സിലെ `വിവാദ`പാഠഭാഗത്തിലെ അന്‍വര്‍ റഷീദിന്റെയും ലക്ഷ്‌മീദേവിയുടേയും മക്കള്‍.
ഉമൈബാന്‍, നുസൈബാന്‍, മെഹര്‍ബാന്‍ എന്നിങ്ങനെ അന്‍വര്‍ റഷീദിന്റെ മതം സൂചിപ്പിക്കുന്ന മൂന്നുപേരുകളാണ്‌ ഞങ്ങള്‍ക്കുളളത്‌. ചിലര്‍ക്കെങ്ങിലും നാവല്‌പം വളക്കേണ്ട അല്‌പം നീണ്ടപേരുകള്‍...ഒരു കൊച്ചുകൂടി ഉണ്ടായാല്‍ ടെമ്പോവാന്‍ എന്നുപേരിടുമായിരുന്നോ എന്ന്‌ ഞങ്ങളുടെ അയല്‍വാസി ഷാജിച്ചേട്ടന്‍ ചോദിച്ചു. ഷാജിച്ചേട്ടന്‍ പലപ്പോഴും ടെമ്പോവാന്‍ കൂടി ചേര്‍ത്തായിരുന്നു വിളിച്ചിരുന്നതും.

ഏഴാംക്ലാസ്സിലെ `വിവാദ`പാഠഭാഗം വായിച്ചപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്‌ തോന്നിയത്‌. എന്റെ ഏഴാംക്ലാസ്സില്‍ അങ്ങനെയൊരു പാഠമില്ലാതപോയതില്‍ സങ്കടവും തോന്നി.
അഞ്ചിലോ ആറിലോ പഠിക്കുമ്പോള്‍ ഞാനും അനിയത്തിയും നിലത്തുവിരിച്ച കിടക്കയില്‍ അമ്മയുടെ ഇടതും വലതുമായി കിടന്നുകൊണ്ട്‌ വയറ്റില്‍ കെട്ടിപ്പിടിച്ച്‌ ചോദിച്ചു.
`എന്തിനാ ഞങ്ങള്‍ക്കിങ്ങനത്തെ പേരിട്ടത്‌?`

ഒരേമതത്തില്‍പ്പെട്ടവരുടെ മക്കളായിരുന്നിട്ടും കൂട്ടുകാരില്‍ ഭൂരിപക്ഷത്തിനും മതമേതെന്ന്‌ തിരിച്ചറിയാത്ത പേരുകള്‍ കേട്ടാണ്‌ ആ ചോദ്യം ഞങ്ങള്‍ ചോദിച്ചത്‌. രണ്ടു മതങ്ങളില്‍പ്പെട്ടവര്‍ മക്കള്‍ക്ക്‌ മതമറിയുന്ന പേരിട്ടതിലായിരുന്നു ഞങ്ങളുടെ ആ പ്രതിഷേധം.

ആ രാത്രി തന്റെ നടക്കാതെപോയ സ്വപ്‌നങ്ങളെക്കുറിച്ച്‌ അമ്മ എട്ടും പത്തും വയസ്സുകാരായ മക്കളോട്‌ പറഞ്ഞു.
`നിങ്ങള്‍ക്ക്‌ ജാതി അറിയാത്ത പേരിടണോന്നായിരുന്നു എനിക്ക്‌...നിങ്ങടെ അപ്പനുംകൂടി അങ്ങനെ തോന്നണ്ടേ?`...അന്‍വര്‍ റഷീദിന്‌ മക്കള്‍ക്ക്‌ പേരിടുന്നതില്‍ ഒരുറച്ച തീരുമാനെടുക്കാന്‍ കഴിഞ്ഞില്ലെന്ന്‌ അമ്മ കുറ്റപ്പെടുത്തി.
വിവാഹത്തോടെ അമ്മയെ വീട്ടുകാര്‍ പടിയടച്ച്‌ പിണ്ഡം വെച്ചതാണ്‌. എന്നാല്‍ അത്തയുടെ വീട്ടുകാരാണെങ്കില്‍ മരുമകളെ ഒരുപാധിയുമില്ലാതെ സസന്തോഷം സ്വീകരിക്കുകയും ചെയ്‌തു. അവരുടെ ആ സ്‌നോഹത്തിനുമുന്നില്‍ മക്കളുടെ പേരുകള്‍ സ്വയം തീരുമാനിക്കാനാവാതെ മനസ്സില്ലാമനസ്സോടെ വിട്ടുകൊടുക്കുകയായിരുന്നു. പിന്നീട്‌ പലപ്പോഴും അമ്മ ജീവിതത്തിനും മതത്തിനുമിടയില്‍ ഒറ്റയക്ക്‌ തീരുമാനമെടുക്കാനാവാതെ പലവിട്ടുവീഴ്‌ചകളും ചെയ്യുന്നത്‌ ഞങ്ങള്‍ കണ്ടു.

മതവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വീട്ടുകാര്‍ വലിയ നിര്‍ബന്ധം പിടിച്ചില്ല. അതിലുമേറെ അമ്മ അന്ന്‌ മദ്രസകളില്ലാത്ത മറയൂരിലായിരുന്നു മക്കളേയും കൊണ്ട്‌ ജോലിനോക്കിയിരുന്നത്‌. ഒരിക്കലും അമ്മ അവരുടെ മതം ഞങ്ങളില്‍ അടിച്ചല്‌പിക്കാന്‍ ശ്രമിച്ചില്ല. അത്തയും(അച്ഛന്‍).
എന്നിട്ടും മറയൂരിലെ യു.പി. സ്‌കൂളില്‍ ചേരും മുമ്പ്‌ അത്തത്തയുടേയും അത്താമ്മയുടേയും അടുത്തായിരുന്നപ്പോള്‍ ഞങ്ങള്‍ ഓത്തുപള്ളിയില്‍ പോയിരുന്നു. പള്ളിയോട്‌ ചേര്‍ന്ന വരാന്തയായിരുന്നു അന്ന്‌ ഓത്തുപള്ളി. ആയിടക്ക്‌ മതപഠനം കഴിഞ്ഞിറങ്ങിയ നാട്ടുകാരനായ കൊച്ചുസ്‌താദ്‌്‌ ഞങ്ങളെ പരിചയപ്പെട്ടു. പേരുചോദിച്ചു. പേരില്‍ തൃപ്‌തനായി. നാട്ടുകാരനായതുകൊണ്ട്‌ മാതാപിതാക്കളുടെ പേരു ചോദിച്ചു. അന്ന്‌ ഏഴുവയസ്സുകാരിയായ അനിയത്തി അമ്മയുടെ പേര്‌ ലക്ഷ്‌മിദേവി എന്നു പറഞ്ഞു.

ആ പേര്‌ ഇനിയാരോടും പറയരുതെന്ന്‌ അദ്ദേഹം ഞങ്ങളെ താക്കീതു ചെയ്‌തു.
പിന്നെയും എത്രയോ കഴിഞ്ഞാണ്‌ മതം ഞങ്ങളുടെ മനസ്സിനെ പിടിച്ചുലക്കാന്‍ തുടങ്ങിയത്‌.
അച്ഛനും അമ്മയും ഒരേ സമുദായത്തില്‍പ്പെട്ടവരായിരുന്നിട്ടും കൂട്ടുകാരിയുടെ രജിസ്‌ട്രറില്‍ മതവും ജാതിയും ഇല്ലെന്നറിഞ്ഞപ്പോല്‍ ഞാന്‍ അമ്പരുന്നു. അച്ഛനമ്മമാരുടെ തീരുമാനം അങ്ങനെ ആയിരുന്നത്രേ. വലുതാവുമ്പോള്‍ സ്വയം തീരുമാനിക്കട്ടെ എന്ന്‌.

ഞങ്ങളുടെ അച്ഛനുമമ്മയും വ്യത്യസ്‌തമതങ്ങളില്‍പ്പെട്ടവരായിരുന്നിട്ടും സമൂഹം പുരുഷനു നല്‌കുന്ന അമിതാപ്രാധാന്യത്തില്‍ അവന്റെ മതം ഞങ്ങളുടെ എസ്‌. എസ്‌. എല്‍. സി. ബുക്കില്‍ സ്ഥാനം പിടിച്ചു. എന്നാല്‍ ബുക്കിലെ അമ്മയുടെ പേര്‌ ലക്ഷ്‌മിദേവി എന്നു തന്നെയായിരുന്നു.

ഞങ്ങളെപ്പോലെ മിശ്രവിവാഹിതരുടെ മക്കള്‍ ഒരുപാടു പേരുണ്ടായിരുന്നു കൂടെ...ഞങ്ങളൊന്നും മതമില്ലായ്‌മയെക്കുറിച്ചല്ല ചിന്തിച്ചത്‌. മതനിഷേധത്തെക്കുറിച്ചുമല്ല. മതങ്ങളുടെ സമന്വയങ്ങളെക്കുറിച്ചും നന്മയേക്കുറിച്ചുമാണ്‌.
ഞങ്ങള്‍ ഖുര്‍-ആന്‍ വായിച്ചു, പ്രാര്‍ത്ഥിച്ചു, നൊയമ്പുനോക്കി...ആരുടേയും നിര്‍ബന്ധത്തിലല്ല..ചിലവഴികളിലൂടെ ചിലനേരങ്ങളില്‍ നടന്ന്‌ അമ്പലനടയിലെത്തി. ക്രൂശിതരൂപത്തിനു മുന്നില്‍ മുട്ടുകുത്തി. അപ്പോഴൊക്കെ മൂന്നാംക്ലാസില്‍ സാമൂഹ്യപാഠം പഠിപ്പിച്ച അമ്മിണി ടീച്ചറെ ഓര്‍ത്തു. ഏത്‌ ആരാധാനലയം കണ്ടാലും ശിരസ്സുനമിക്കണമെന്ന്‌‌ അവര്‍ ഒരിക്കല്‍ പറഞ്ഞത്‌ എന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു.

എന്നാല്‍ അഞ്ചാംക്ലാസിലെ മധ്യവേനലവധിക്ക്‌ നാട്ടില്‍ പോയപ്പോള്‍ അമ്മായി എന്നെ വീണ്ടും ഓത്തുപള്ളിയിലെ രണ്ടാംക്ലാസ്സില്‍ ചേര്‍ത്തു. അനുഷ്‌ഠാനങ്ങളെക്കുറിച്ചുള്ള അറബിമലയാളം പുസ്‌തകത്തിലെ ഹൈളും നിഫാസും എന്തെന്നറിയാതെ അന്തിച്ചു. സംഭോഗത്തിനുശേഷം കുളിക്കണം, കുളിച്ചാലെ ശുദ്ധിയാവൂ എന്നുവായിച്ച്‌ വിഡ്‌ഢിയായി. അഞ്ചാംക്ലാസുകാരിക്ക്‌ എന്താണ്‌ സംഭോഗം? (ഞാനല്‌പം പുറകിലാണ്‌..സാധാരണ സ്‌കൂളില്‍ മൂന്നിലോ നാലിലോ പഠിക്കുമ്പോഴാണ്‌ മദ്രസയില്‍ രണ്ടിലെത്തുന്നത്‌‌)
ഏഴാംക്ലാസിലെ കുട്ടി മതനിരപേക്ഷതയെക്കുറിച്ചുള്ള പാഠം പഠിക്കുന്നത്‌ അനുചിതവും അനവസരത്തിലുമാണെന്ന്‌ ചിലര്‍ക്ക്‌ തോന്നുന്നുണ്ടെങ്കില്‍ ഓത്തുപള്ളിയില്‍ വലിയ അശൂദ്ധിയും ചെറിയ അശുദ്ധിയും പഠിക്കുന്നത്‌ ഏഴോ, എട്ടോ വയസ്സിലാണെന്നോര്‍ക്കണം.

` മതമില്ലാത്ത ജീവന്‍ ` എന്ന പാഠം കണ്ട്‌ സമരത്തിനിറങ്ങുന്ന മതമേധാവികളും, സാമൂഹ്യ-സാംസ്‌ക്കാരിക-രാഷ്ട്രീയക്കാരുമറിയണം ഞങ്ങള്‍ ആ പാഠം കണ്ട്‌ അതിയായി സന്തോഷിക്കുന്നുവെന്ന്‌. അതില്‍ ഒരു മതവികാരവും വ്രണപ്പെടാനില്ലെന്ന്‌.

രാജീവിനേയും സോണിയയേയും, ടി.വി തോമസിനേയും ഗൗരിയേയും, വയലാര്‍ രവിയേയും മേഴ്‌സിയേയും കണ്ട്‌ ഒരാവേശം തോന്നിയിരുന്നു വിവാഹത്തിന്‌ മുമ്പ്‌ എന്ന്‌ അമ്മ പറഞ്ഞു.


മുതിര്‍ന്നപ്പോള്‍ എനിക്ക്‌ ക്രിസ്‌ത്യാനി പയ്യനെ പ്രണയിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ഒരാള്‍ക്കും എന്റെ മനസ്സില്‍ കേറിക്കൂടാന്‍ കഴിഞ്ഞില്ല. നെഹ്‌റു യുവകേന്ദ്രയില്‍ എന്‍. എസ്‌. വി. ആയിരുന്നപ്പോള്‍ ആഴ്‌ചക്കൊന്ന്‌ വെച്ച്‌ തൊടുപുഴയില്‍ പോകണമായിരുന്നു. അവിടെ നിന്ന്‌ എന്നെകണ്ട റഫീക്കിന്‌ വിവാഹം കഴിക്കണമെന്നു തോന്നി. എന്റെ പേരിലെ മതമായിരുന്നു അവന്റെ കല്ല്യാണാലോചനക്ക്‌ കാരണം. പലവട്ടം എന്നെ ഫോണ്‍ ചെയ്‌ത്‌ ചോദിച്ചു. പക്ഷേ വിവാഹത്തെക്കുറിച്ച്‌ കൃത്യമായ കാഴ്‌ച്ചപ്പാടുണ്ടായിരുന്നതുകൊണ്ട്‌ ഒരുദിവസം അവന്റെ ഓഫീസിലേക്ക്‌ ഞാന്‍ കയറിച്ചെന്നു. ധൈര്യപൂര്‍വ്വം എന്റെ അമ്മ ലക്ഷ്‌മീദേവിയാണെന്നു പറഞ്ഞു. അവന്റെ മുഖം കരുവാളിച്ചു അപ്പോള്‍.
പലപ്പോഴും സങ്കരയിനം എന്ന്‌ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്‌. ടി*ഡി വിത്ത്‌ എന്നു വിളിച്ച്‌ ഭര്‍ത്താവ്‌ കളിയാക്കാറുമുണ്ട്‌.
അതേ ഞങ്ങള്‍ ടി*ഡി കളാണ്‌. സമ്മതിക്കുന്നു.
ഞങ്ങളുടെ പേര്‌ എന്തുതന്നെയായാലും ഞങ്ങള്‍ ആകാശമിഠായികളാണ്‌.
ആകാശമിഠായികള്‍ മാത്രം!

മാതൃഭൂമി വാരാന്തപ്പതിപ്പ്‌ 06.07.2008