Monday, June 30, 2008
മറയൂര്‍ സഞ്ചാരികളുടെ സ്വപ്നഭൂമി
മറയൂരിലേക്കുള്ള ആദ്യയാത്ര എന്റെ ആറാമത്തെ വയസ്സിലായിരുന്നു. മനം മടുപ്പിക്കുന്ന ബസ്സുയാത്രയും വഴിനീളെ ഛര്‍ദ്ദിച്ചവശയായതുമാണ് ആ യാത്രയുടെ ഓര്മ. പിന്നീട് പലവട്ടം മറയൂരുപോയി. താമസിച്ചു. ഇന്നും ഒരു യാത്രയെക്കുറിച്ചു പറയുമ്പോള്‍ മനസ്സില്‍ ഓടിയെത്തുന്നത് മറയൂര്‍ മാത്രമാണ്. വളരെക്കുറച്ചു യാത്രകളെ ചെയതിട്ടുളളു. പക്ഷേ, മറയൂരുപോലെ ആഴത്തില്‍ പതിഞ്ഞ മറ്റൊരു നാടില്ലെന്നു പറയാം.
കേരളത്തിലെ ഭൂപ്രകൃതിയില്‍ നിന്ന് കാലാവസ്ഥയില്‍ നിന്ന് വ്യത്യസ്തമായി ഒരു ഗ്രാമഭംഗി ആസ്വദിക്കണോ...കൂടെ അല്പം ചരിത്രവും. എങ്കില്‍ അതു മറയൂരിലേക്കാവാം.
മറയൂരെന്നുകേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം എത്തുന്നത് ചന്ദനസുഗന്ധമാണ്. ലോകത്തില്‍ ഏറ്റവും ഗുണമേന്മയുള്ള ചന്ദനം വളരുന്ന സ്വാഭാവിക ചന്ദനവനം ഇവിടെയാണ്.
നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന കരിമ്പിന് തോട്ടങ്ങള്‍...കരിമ്പുപൂക്കുമ്പോള്‍ അവയുടെ വെള്ളക്കാവടിയാട്ടം...മറയൂര്‍ തടത്തിന്റെ വെള്ളിയരഞ്ഞാണമായി കിഴക്കോട്ടൊഴുകുന്ന പാമ്പാര്‍...ശീതകാല പച്ചക്കറികള്‍..ആപ്പിള്‍ വിളയുന്ന കാന്തല്ലൂര്‍...ചരിത്രാവിശിഷ്ടങ്ങളായ മുനിയറകള്‍...
മൂന്നാറില്‍ നിന്നും 45 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മറയൂരിലെത്താം. ചിന്നാര്‍ വന്യമൃഗസംരക്ഷണകേന്ദ്രത്തിന്റെയും കണ്ണന്‍ദേവന്‍ തേയിലത്തോട്ടങ്ങളുടേയുമിടയില്‍ ഒളിഞ്ഞിരുന്ന ഇടം. നാലുവശവും മലകളാല്‍ ചുറ്റപ്പെട്ട മറയൂര്‍. മഴനിഴല്‍ താഴ്വര. സ്വാഭാവിക ചന്ദനമരങ്ങള്‍...കരിമ്പുകാടുകള്‍...മറയൂരിന്റെ പ്രകൃതി കണ്ടാല്‍ കേരളത്തിലെ മറ്റു പ്രദേശങ്ങളുമായി ഒരു സാമ്യവുമില്ല.
അല്പം ചരിത്രം
മറയൂര്‍ എന്നാല്‍ മറഞ്ഞിരിക്കുന്ന ഊര് എന്നര്‍ത്ഥം. ഇത് പാണ്ഡവരുമായി ബന്ധപ്പെട്ടതാണ്. വനവാസക്കാലത്ത് ഇവിടെയും വന്നിരുന്നു എന്നു പറയുപ്പെടുന്നു. 10000 BC ക്കുമുമ്പുള്ള മഹാശിലായുഗകാലത്ത് ഇവിടെ മനുഷ്യവാസമുണടായിരുന്നു എന്നതിനു തെളിവാണ് മുനിയറകളും ഗുഹാക്ഷേത്രവും ശിലാലിഖിതങ്ങളും ......
മുതുവാന്മാര് മലയുടെ ചെരുവുകളിലും മറ്റും പാര്‍ക്കുന്നുണ്ടെങ്കിലും
അഞ്ചുനാട്ടുകാരായ ഗ്രാമക്കാരാണ് മുമ്പെയുള്ള താമസക്കാര്‍. അഞ്ചുനാടിന്റെ പൂര്‍വ്വികര്‍ പാണ്ടിനാട്ടില്‍ നിന്നും രാജകോപം ഭയന്ന് കൊടൈക്കാടുകള്‍ കയറി. അവര്‍ മറഞ്ഞിരിക്കാനൊരിടം തേടി അലഞ്ഞു. ഒടുവില്‍ അവര്‍ താഴ്വരയിലെത്തി.
പല ജാതികളില്‍പ്പെട്ട അവരുടെ കൂട്ടത്തില്‍
തമ്പ്രാക്കളും കീഴാളരുമുണ്ടായിരുന്നു. അഞ്ചുനാട്ടുപാറയില്‍ ഒത്തുചേര്‍ന്ന
അവര്‍ പാലില്‍തൊട്ട് സത്യം ചെയ്ത് ഒറ്റ ജാതിയായി. അവര്‍ അഞ്ച് ഊരുകളുണ്ടാക്കി
അഞ്ചുനാട്ടുകാരായി ജീവിച്ചു പോന്നു.
അവര്‍ക്ക് അവരുടേതായ നീതിയും നിയമങ്ങളും ശിക്ഷാരീതികളുമുണ്ട്. നാലുവശവും മലകള്‍ ഉയര്‍ന്നു നില്ക്കുന്ന മറയൂര്‍തടം. അങ്ങു ദൂരെ കാന്തല്ലൂര്‍ മലയുടെ താഴ്വാരം വരെ നീണ്ടു പോകുന്ന വയലുകള്‍. കാന്തല്ലൂര്‍ മലയുടെ നെറുകയില്‍ അഞ്ചുനാടിന്റെ കാന്തല്ലൂര്‍ ഗ്രാമം. പിന്നെ താഴേക്കു ചെരിഞ്ഞ് കീഴാന്തൂര്‍ ഗ്രാമവും കാരയൂര്‍ ഗ്രാമവും. കൊട്ടകുടി ഗ്രാമം കാന്തല്ലൂര്‍ മലയ്ക്കപ്പുറമാണ്. അവര്‍ക്ക് അവരുടേതായ ദൈവങ്ങളും ആഘോഷങ്ങളുമുണ്ട്.
ദൈവത്തിന്റെ സ്വന്തം നാട് എന്ന് എല്ലാ അര്‍ത്ഥത്തിലും മറയൂരിനെ വിളിക്കാം. മുക്കിനുമുക്കിന് അമ്പലങ്ങള്‍...തെങ്കാശിനാഥനും അരുണാക്ഷിയമ്മയും മുരുകനും ഗണപതിയും മുപ്പതുമുക്കോടി ദൈവങ്ങളും മറയൂരില്‍ ഒരുമിച്ചു വാണു.
നാലു വശവും മലകള്‍ ഉയര്‍ന്നു നില്ക്കുന്ന മറയൂര്‍തടം മഴ നിഴലിലാഴ്ന്നു കിടന്നു.
ചന്ദന കാടുകളില്‍ അവരുടെ മാടുകള്‍ മേഞ്ഞു.
താഴ്വരയിലെ വയലുകളില്‍ നെല്ലും കൂവരകും വിളഞ്ഞു.
പക്ഷേ ഇപ്പോള്‍ സ്ഥിതി ആകെ മാറി. വയലുള്ള ഊരുകാര്‍ കുറവാണ്. ഉള്ള വയലുകളെല്ലാം കുടിയേറിവന്ന മലയാളികള്‍ സ്വന്തമാക്കി. ഊരുകാരുടെ എസ്.എസ്. എല്‍.സി ബുക്കിലെ ജാതിക്കോളം ഒഴിഞ്ഞു കിടക്കുന്നു. ആദിവാസികളാണോ മലവേടനാണോ പിള്ളമാരാണോ എന്ന് തീരുമാനമാവാതെ ബിരുദമെടുത്തവര്‍പോലും കരിമ്പുകാട്ടില്‍ പണിക്കുപോയി ജീവിക്കുന്നു.
മുനിയറകള്‍
മുനിയറകളാണ് മറയൂരിന്റെ മറ്റൊരു പ്രത്യേകത. മഹാശിലായുഗസംസ്ക്കാരത്തിന്റെ ബാക്കിപത്രം. അക്കാലത്തുള്ളവരെ മറവുചെയ്ത ശവക്കല്ലറകളാണെന്നും മുനിമാര്‍ തപസ്സുചെയ്തിരുന്നിടമാണെന്നും പറയപ്പെടുന്നു. ഒരാള്‍ക്ക് നില്‍ക്കുകയും കിടക്കുകയും ചെയ്യാവുന്ന ഉയരവും നീളവുമുണ്ട് ഓരോ മുനിയറക്കും. പലതും പൊട്ടിയും അടര്‍ന്നും വീണു തുടങ്ങി. മറയൂര്‍ കോളനി കഴിഞ്ഞ് ഹൈസ്കൂളിനരുകിലെ പാറയില്‍ ധാരാളം മുനിയറകളുണ്ട്. ഹൈസ്ക്കൂളിനു പുറകിലെ പാറയുടെ നെറുകയില്‍നിന്നും മലയുടെ ചെരിവുകളില്‍നിന്നും നോക്കിയാല്‍ പാമ്പാറൊഴുകുന്നതു കാണാം. കോവില്‍ കടവും തെങ്കാശിനാഥന്‍ കോവിലും കാണാം. നാച്ചിവയലിലെ കരിമ്പുകാടുകളും, ചന്ദനമരങ്ങളും, പൈസ്നഗര്‍ സെമിനാരിയും പിന്നെയും എന്തൊക്കെ.........
കോവില്‍ കടവില്‍ നിന്നും വീശുന്ന കാറ്റിന് ചന്ദനത്തണുപ്പ്. ഒരു മുനിയറയുടെ മുകളിലെ കല്പാളികളില് രണ്ടു വരകളുണ്ടെന്നു കേട്ടിട്ടുണ്ട്. പണ്ട് പാണ്ഡവരുടെ തേരുരുണ്ടതാത്രേ.
തെങ്കാശിനാഥന്‍ ക്ഷേത്രം
മുനിയറ കണ്ട് താഴോട്ടിറങ്ങിയാല്‍ കോവില്‍ക്കടവായി.
പാമ്പാറിലേക്കിറങ്ങാന്‍ തോന്നുന്നെങ്കില്‍ ആ മോഹം ഉപേക്ഷിക്കുന്നതാണ് നല്ലത്. ചില്ലുപാറയാണ്..പെട്ടെന്ന് വഴുക്കും...അപകടം ഒപ്പമുണ്ട്.
മുപ്പതുമക്കോടി ദൈവങ്ങളും അവര്‍ക്കൊക്കെ അമ്പലങ്ങളുമുണ്ടെങ്കിലും തെങ്കാശിനാഥന്‍ ക്ഷേത്രമാണ് ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നത്.
പാണ്ഡവര്‍ വനവാസക്കാലത്ത് മറയൂരില്‍ എത്തിയിരുന്നു എന്നും അവര്‍ ഒറ്റക്കല്ലില്‍ പണിതതാണ് ഈ ക്ഷേത്രം എന്നും പറയുന്നു. കോവില്‍ക്കടവില്‍ പാമ്പാറിന്റെ തീരത്താണ് ക്ഷേത്രം. അവിടെ ഒരു ഗുഹാമുഖമുണ്ട്. പ്രാചീനലിപികളില്‍ എന്തൊക്കെയോ കല്ലില്‍ കൊത്തിവെച്ചിട്ടുണ്ട്. അതുവായിക്കാനായാല്‍ ഗുഹാമുഖം തുറക്കുമത്രേ. ഗൂഹ അവസാനിക്കുന്നത് മുരുകന്റെ പഴനിമലയിലാണുപോലും. ഏതായാലും അടുത്തകാലത്തൊന്നും ആ ശിലാലിഖിതങ്ങള്‍ ആര്‍ക്കും വായിക്കാനായിട്ടില്ല. അളളുകളിലേക്ക് ആര്‍ത്തുവീഴുന്ന പാമ്പാര്‍. അളളുകളുടെ താഴ്ച പാതാളം വരെ......അവിടെ ജലകന്യകമാര്‍ വാഴുന്നു. മുമ്പെന്നോ തെങ്കാശിനാഥന്‍ കോവിലിനരികിലെ പ്ലാവില്‍ തൂങ്ങിചാവാന്‍ കൊതിച്ച തമിഴത്തി. കഴുത്തില്‍ കുരുക്കിയ കയര്‍ മുറുകിയില്ല. പുല്ലരിവാള്‍ കൊണ്ടവള്‍ കയററുത്തു. അവളുടെ ശരീരം പാമ്പാറിന്റെ ചുഴികളില്‍ വട്ടം കറങ്ങി, ചുവപ്പ് പടര്‍ന്ന് കൂത്തിലേക്ക് പതിച്ചു.
പിന്നീടോരോ വര്‍ഷവും തെങ്കാശിനാഥന്‍ കോവിലിനു മുന്നിലെ കുത്തില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ പേര് വീണു മരിക്കുന്നു. ചില്ലുപാറയുടെ കാന്തികശക്തി വലിച്ചടുപ്പിക്കുകയാണ്. പുത്തന്‍ ചെരിപ്പ് കാല്‍കഴുകിയിടാന്‍ അച്ഛന്റെ കൈവിടുവിച്ച് പാമ്പാറിലേക്കിറങ്ങിയോടിയകുട്ടി.....ഊരുവിലക്കിയതിന്റെ പേരില്‍ നിറവയറുമായി പാമ്പാറിലേക്കെടുത്തുചാടിയ ഊരുകാരിപ്പെണ്ണ്......പാമ്പാറിന്റെ ചുഴികളില്‍, ഗര്‍ത്തങ്ങളില്‍ ജലകന്യകമാര്‍ നീരാടി. അളളുകളിലേക്കു വീഴുന്നവരെ ജലകന്യകമാര്‍ വിഴുങ്ങി. പിന്നെയും എത്രയോപേര്‍.............തെങ്കാശിനാഥന്‍ കോവിലിലെ കാളിയുടെ നട തുറന്നിരുന്നകാലത്ത് പത്തും പ്ന്ത്രണ്ടുമൊക്കെയായിരുന്നു മരണം. നട അടച്ചതില്‍ പിന്നെ ഒന്നു രണ്ടുമൊക്കെയായി കുറഞ്ഞിട്ടുണ്ട് എന്ന് ഇവിടത്തുകാര്‍ പറയുന്നു.
അക്കാതങ്കച്ചി മല
നാലുവശവും മലകളാണെങ്കിലും അക്കാതങ്കച്ചി മലയ്ക്കാണ് കഥ പറയാനുള്ളത്്. മുമ്പ് കൂട്ടുകാരികള്‍ വിറകുപെറുക്കാന്‍ കാട്ടില്‍ പോയി. അവര്‍ വിറകുപെറുക്കിക്കഴിഞ്ഞ് ക്ഷീണമകറ്റാന്‍ ഒരു ഗുഹയക്കുള്ളില്‍ കയറി ഇരുന്ന് പേന്‍ പെറുക്കിക്കൊണ്ടിരുന്നു. പേന്‍പെറുക്കിയിരുന്നു അക്കൂട്ടത്തിലെ അനിയത്തിയും ജ്യേഷ്ഠത്തിയും ഉറങ്ങിപ്പോയി. കൂട്ടുകാരൊക്കെ വിറകുമായി നടന്നു. അനിയത്തിയേയും ജ്യേഷ്ഠത്തിയേയും കാണാതെ അന്വേഷിച്ചു വന്നവര്‍ കണ്ടത് ഗുഹാമുഖം അടഞ്ഞിരിക്കുന്നതാണ്.അന്നുമുതല്‍ ആ മലക്ക് അക്കാതങ്കച്ചി മലയെന്നു പേരു വന്നു.
കാലാവസ്ഥ
മൂന്നാറിന് സമാനമായ തണുപ്പ് മറയൂരുമുണ്ട്. എന്നാല്‍ മഴ വളരെ കുറവാണ്. അത് പുതച്ചിക്കനാല്‍ വഴി തടത്തെ നനക്കുന്നു. പെയ്യുന്നത് അധികവും നൂര്‍മഴയാണ്. വര്‍ഷത്തില്‍ 50 സെമി താഴെയാണ് മഴ ലഭിക്കുന്നത്. കേരളത്തില്‍ ഇടവപ്പാതി തകര്‍ത്തുപെയ്യുമ്പോള്‍ മറയൂരില്‍ കാറ്റാണ്..ആളെപ്പോലും പറത്തിക്കളയുന്നകാറ്റ്. ് തുലാമഴയാണ്് കൂടുതല്‍.
മലമുകളില്‍ മഴപെയ്യും. നാലു വശവുമുള്ള മലകള്‍ മഴയെ തടഞ്ഞു നിര്‍ത്തും. അതുകൊണ്ട് എപ്പോഴും താഴ്വര മഴ നിഴലിലാഴ്ന്നു കിടക്കും. പിന്നെ മഞ്ഞാണ്. വര്‍ഷത്തില്‍ അധികവും ഈ കലാവസ്ഥയായതുകൊണ്ട് ശീതകാല പച്ചക്കറിക്കളായ കാരറ്റ്, ബീറ്റ് റൂട്ട്, കാബേജ്, കോളിഫ്ളവര്‍, ഉരുളക്കിഴങ്ങ്, ഉള്ളി തുടങ്ങിയവ നന്നായി വളരും. കേരളത്തില്‍ ആപ്പിള്‍ വിളയുന്ന ഏക സഥലമാണ് അഞ്ചുനാടുകളിലൊന്നായ കാന്തല്ലൂര്‍...ഈ സവിശേഷ കാലാവസ്ഥകൊണ്ടാവാം ചന്ദനം വളരാനും കാരണം.
തമിഴരും മലയാളികളും ഇടകലര്‍ന്നു ജീവിക്കുന്നു. തമിഴരില്‍ അധികവും കണ്ണന് ദേവന് തോട്ടത്തില്‍ നി്ന്ന് പിരിഞ്ഞശേഷം മറയൂരില്‍ താമസമാക്കിയവരാണ്. കച്ചവടവും കാലിനോട്ടവുമൊക്കെയായി പലതരത്തില്‍ വന്നവരുമുണ്ട്. മലയാളികളില്‍ അധികവും കോളനി കിട്ടിവന്നവരാണ്. ജോലികിട്ടി വന്നവരും കുടിയേറി വന്നവരുമുണ്ട്.
പട്ടം താണുപിള്ള ഇടുക്കി ജില്ലയിലെ പല ഭാഗങ്ങളില്‍ കോളനി അനുവദിച്ചപ്പോള്‍ അതിലൊന്ന് മറയൂരായിരുന്നു. അന്നു അഞ്ചേക്കര്‍ കോളനികിട്ടിയ പലരും അതുപേക്ഷിച്ചുപോയി. കാലാവസ്ഥയുമായി മല്ലിടാന്‍ വയ്യാതെയും ഉള്ളിയും ഉരുളക്കിഴങ്ങും മാത്രമേ വിളയൂ എന്ന ധാരണയിലുമായിരുന്നു. ഇന്ന് തെങ്ങ് വ്യാപകമായിക്കഴിഞ്ഞു.ഗുണനിലവാരത്തിന് പേരുകേട്ടതാണ് മറയൂര്‍ ശര്‍ക്കര. ഒരിക്കല്‍ കരിമ്പുനട്ടാല്‍ നാലഞ്ചുവര്‍ഷത്തേക്ക് വേറെ ചെടി നടേണ്ട. കരിമ്പുവെട്ടിക്കഴിഞ്ഞാല്‍ വയലില്‍ തീയിടുകയാണ് ചെയ്യുന്നത്. പിന്നെ ഒരാഴ്ചയോളം വെള്ളം കെട്ടിനിര്‍ത്തും.
കത്തിയ കരിമ്പിന് കുറ്റികള്‍ തളിര്‍ക്കാന്‍ തുടങ്ങും.
അഞ്ചുനാടുകളില്‍ മാത്രമുള്ള കൃഷിരീതിയാണ് പൊടിവിത.
പണ്ട് പണ്ട് രണ്ടയല്‍ക്കാര്‍ തമ്മില്‍ പിണക്കമായിരുന്നു. ഒന്നാമന് തന്റെ വയലില്‍ വിത്തുവിതച്ചു. വിത്തുമുളച്ചുവരുന്നതു കണ്ടപ്പോള്‍ അയല്ക്കാരന് സഹിച്ചില്ല. അയാള്‍ തന്റെ കാളയെ വെച്ച് മുളച്ചുവന്ന നെല്ലുമുഴുവന്‍ ഉഴുതുമറിച്ചിട്ടു.
ഒന്നാമന് പരാതിയുമായി നാട്ടുകൂട്ടത്തെ സമീപിച്ചു. നാട്ടുകൂട്ടം സത്യമറിയാന്‍ വന്നപ്പോള്‍ കണ്ടത് ഉഴുതുമറിച്ചിട്ട വയലില്‍ നെല്ല് തഴച്ചു വളരുന്നതാണ്. അന്നുതുടങ്ങിയതാണിവിടെ പൊടിവിത.
ചരിത്രമറിയേണ്ടവര്‍ക്ക് അഞ്ചുനാടുകളില്‍ പോകാം. അവരുടെ ആഘോഷങ്ങളും ആചാരങ്ങളും കാണാം. പങ്കുചേരാം...
റോഡുമാര്‍ഗ്ഗം മാത്രമാണ് യാത്ര പറ്റൂ. താമസത്തിന് ധാരാളം ഹോട്ടലുകള്‍ ഇപ്പോഴുണ്ട്.
മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ ഇരവികുളം വരയാട് സങ്കേതവും മാട്ടുപ്പെട്ടിയിലും ഒതുക്കും യാത്ര. ആ യാത്ര മറയൂരിലേക്കുകൂടി നീട്ടിയാല്‍ അതൊരിക്കലും നഷ്ടമാവില്ല. തൂവാനം വെള്ളച്ചാട്ടവും രാജീവ്ഗാന്ധി ദേശീയപാര്ക്കും മറയൂരിന് സമീപമാണ്. തട്ടുതട്ടായ പച്ചക്കറി തോട്ടങ്ങളും കരിമ്പും നെല്‍ വയലുകളും മഞ്ഞും നൂല് മഴയുമൊക്കെയായി മറയൂര്‍ ഒരു സ്വപ്നഭൂമി തന്നെയാണ്.
ഫോട്ടോ സുനില്‍ കെ ഫൈസല്‍
Labels:
യാത്ര
Subscribe to:
Post Comments (Atom)
21 comments:
ഒത്തിരി തവണ പോയിട്ടുണ്ട് മറയൂരു്. പക്ഷേ ഇപ്പറഞ്ഞതൊന്നും കാണാനൊത്തില്ല. ആന ഓടിച്ചതും മാനുകളെയും കാട്ടു പോത്തുകളേയും കണ്ടതും മായാതെ നില്‍പ്പുണ്ട് മനസ്സില്‍.. പിന്നെ മറയൂര്‍ ചന്ദന ബാറും :)
മറയൂര്‍ ശര്ക്കരയെകുറിച്ച് ആവോളം കേട്ടിട്ടുണ്ട്
കേരളത്തിലെ ഭൂപ്രകൃതിയില്‍ നിന്ന് കാലാവസ്ഥയില്‍ നിന്ന് വ്യത്യസ്തമായി ഒരു ഗ്രാമഭംഗി ആസ്വദിക്കണോ...കൂടെ അല്പം ചരിത്രവും. എങ്കില്‍ അതു മറയൂരിലേക്കാവാം.
മറയൂരെന്നുകേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം എത്തുന്നത് ചന്ദനസുഗന്ധമാണ്. ലോകത്തില്‍ ഏറ്റവും ഗുണമേന്മയുള്ള ചന്ദനം വളരുന്ന സ്വാഭാവിക ചന്ദനവനം ഇവിടെയാണ്.
വളരെ വിജ്ഞാനപ്രദമായ വിവരണം.. ചരിത്റം പരിചയപ്പെടുത്തിയതും രസകരമായി.. നന്ദി
മറയൂര്‍ പോകണം പോകണം എന്നു വിചാരിച്ചിട്ട് കുറെനാളായി.ഇതുവരെ സമയവും സന്ദര്‍ഭവും ഒത്തില്ല..
ചന്ദനം മാത്രമല്ല അവിടെയുള്ളതു. ഒരു പിടി ചന്ദനക്കള്ളന്മാരുമുണ്ട്, ഇങ്ങനെ പോയാല്‍ കുറെ കാലം കഴിയുമ്പോള്‍ ഇവിടെ മുഴുവന്‍ ചന്ദനക്കാടായിരുന്നു എന്നു പറയേണ്ടി വരും, ആ രീതിയിലുള്ള ചന്ദന മോഷണം ശരിക്കും നടക്കുന്നുണ്ട് അവിടെ..!
ശര്‍ക്കരക്കും ചന്ദനത്തിനുമപ്പുറം ഇങ്ങനെയുമുണ്ടല്ലെ മറയൂര്‍ ചരിത്രത്തില്‍.. എല്ലാം മറഞ്ഞിരിക്കുകയായിരുന്നല്ലെ...
നല്ല കുറിപ്പ്..
ഒരു മാസം മുന്‍പ് മൂന്നാര്‍ വരെ പോയിട്ട് മറയൂര്‍ കാണാത്തതില്‍ വിഷമം തോന്നുന്നു മൈനയുടെ ഈ കുറിപ്പ് കണ്ടപ്പോള്‍. വിക്കിയില്‍ ചേര്‍ത്തൂടെ ഈ കുറിപ്പ്?
മറയൂരിലേക്ക് ഇനി ഞാന്‍ വരുന്നില്ല.
മറയൂര്‍ ഞാനിതാ ഇവിടെ കണ്ടു.
എന്റെ കൂട്ടുകാരന് അയ്യപ്പന് മറയൂരിലെ പൊതുമരാമത്ത് വകുപ്പ് ഓഫീസില്‍ ജോലി കിട്ടി. അവധി ദിനങ്ങളിലെല്ലാം അവന് ഞങ്ങളെ മറയൂരിലേക്ക് ക്ഷണിക്കും. മറയൂരിന്റെ സൗന്ദര്യം വര്‍ണിച്ച് കൊതിപ്പിച്ചു. ഒരോ തവണയും ഞാനും സതീഷും രാധാകൃഷ്ണനും അടുത്ത വാരാന്ത്യത്തില്‍ മറയൂര്‍ യാത്ര പ്ലാന്‍ ചെയ്യും. പക്ഷേ ശനിയാഴ്ചെയത്തുന്പോള് ഞാന്‍ കോഴിക്കോട്ടേക്കും സതീഷ് പാലക്കേട്ടും വണ്ടി കയറും. കൊല്ലത്തായിരുന്നു അന്ന് ജോലി. പെണ്ണ് കെട്ടുന്നതിന് മുന്പാണെങ്കില് ഞായറാഴ്ച പുലരുന്പോള്‍ നാട്ടിലെത്തിയില്ലെങ്കില്‍ വല്ലാത്ത അസ്വസ്ഥതയാണ്.
അങ്ങിനെ മറയൂര്‍ യാത്ര ഒരിയ്ക്കലും നടക്കാതെ പോയി. അയ്യപ്പന് ഇപ്പോഴും അവിടെയുണ്ടോ അതോ സ്ഥലം മാറിപ്പോയോ എന്നറിയില്ല. സതീഷ് സ്ഥലം മാറി പാലക്കാട്ടേക്ക് പോയി. രാധാകൃഷ്ണന് ഇപ്പോഴും പ്രസ് ക്ലബ്ബിലുണ്ടാകും. ഞാന്‍ ഗൃഹാതുരത്വത്തിന്റെ എല്ലാ നൊന്പരങ്ങളുമായി ഇവിടെ കടലിനിക്കരെ മരുണമല്ക്കാട്ടില്.
മറയൂരിന്റെ ചന്തം ഞാന്‍ മൈനയുടെ വാക്കുകളില്‍ കാണുന്നു. അവിടുത്തെ ജീവിതം മൈന നേരത്തെ ചന്ദനഗ്രാമത്തില്ലൂടെ കാണിച്ചു തന്നിട്ടുണ്ട്.
മറയൂരും കണ്ടു, മറയൂരിലെ ജീവിതവും കണ്ടു.
ഇനിയെന്തിന് ഞാന്‍ മറയൂരില്‍ പോകണം?
ആണ്ടിപ്പട്ടിയിലെത്തിയ ശേഷം എന്റെ ആദ്യ യാത്ര മൂന്നാറിലേയ്ക്കായിരുന്നു, അവിടെനിന്ന് കൂട്ടുകാര്‍ക്കൊപ്പം മറയൂരിലേയ്ക്കും.......ഇപ്പോ ആറു മാസത്തെ ഇടവേളയ്ക്കു ശേഷം ഞാന്‍ വീണ്ടും മറയൂരിലെത്തി......
മറയൂര്‍ക്ക് കൊണ്ടുപോയതിനു നന്ദി.കേട്ടിട്ടുണ്ട് പോയിട്ടില്ല. താങ്കളുടെ ഭൂമിസാസ്ത്രം ചരിത്രം ക്ലാസ്സിനു നന്ദി. എനിക്ക് അങ്ങോട്ട് പോകാന്‍ അതും എന്റെ പ്രതിപക്ഷ നേതാവിനെയും മകളെയും കൂട്ടി.പിന്നെ വീരപ്പന്റെ പ്രേതം അവിടെ അലയുന്നുണ്ടാകുമോ ? പിന്നെ എന്റെ ഭാര്യ ഉള്ളിടത്ത് ഒരു മാതിരി പ്രേതം ഒന്നും അടുക്കില്ല! മറയൂര്‍ ശര്‍ക്കര ഇപ്പോളും ജീവിച്ചിരിപ്പുണ്ടോ? ഇത്തരം പ്രയോജന പ്രദമായ ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.ശോഭ ദേ യുടെ കാലടിപ്പാട് പിന്തുടരാതെ ഈ പാതയിലൂടെ മുന്നോട്ട്!please make your xpert opnn on manjalyneeyam .blogspot.com
ഓർമകളിൽ മറയൂരും കാന്തല്ലൂരും ഉറങ്ങിക്കിടക്കുന്നു.. എനിക്ക് 7 വയസ്സുള്ളപ്പോൾ, 1983 ൽ മധ്യവേനല്‍ അവധിക്കാലത്ത് രണ്ടു മാസത്തോളം ഞാൻ കാന്തല്ലൂരിൽ താമസിച്ചിട്ടുണ്ട്. അച്ചൻ കീഴാന്തൂർ വില്ലെജ് ഓഫിസിൽ ജോലി ചെയ്തിരുന്ന കാലം.... ഗവ. ക്വാർടെഴ്സിൽ ആയിരുന്നു താമസം...
അന്ന് കോവില്‍ക്കടവ് വരെയേ ബസ്സുള്ളു. തൊടുപുഴയില്‍ നിന്ന് ഒരു പകല്‍ മുഴുവന്‍ സഞ്ചരിച്ചാണ് അവിടെയെത്തുക. കോവില്‍ക്കടവില്‍ നിന്ന് കാന്തല്ലൂരിലേക്ക് ട്രിപ്പ് ജീപ്പാണാശ്രയം. അതിന്റെ ബോണറ്റില്‍ വരെ ആളുണ്ടാകും.
പോകുന്ന വഴി കീഴാന്തൂര്‍ കഴിയുമ്പോള്‍ വലതുവശത്ത് കീഴ്ക്കാം തൂക്കായി ഒരു പാറ കാണാം. അതില്‍ നിറയെ വലിയ തേനീച്ച കൂടുകള്‍...
ചന്ദനമരങ്ങള്‍ക്കിടയില്‍ ചാടിക്കളിക്കുന്ന മറയൂരിലെ കുരങ്ങന്മാര്.
കാന്തല്ലൂരില്‍ ജംഗ്ഷനു സമീപത്തുള്ള ഗ്രൗണ്ടില്‍ ചില ദിവസങ്ങളില്‍ ആഘോഷമുണ്ടാകും. റെക്കോര്‍ഡിലൂടെ ഒഴുകിവരുന്ന തമിഴ്പാട്ടുകള്‍. അതിനനുസരിച്ച് വേഷം കെട്ടിക്കളിക്കുന്ന തമിഴര്‍.
പിന്നെ നീണ്ടുകിടക്കുന്ന പാടത്തു വിളയുന്ന കാബേജ്, ഉള്ളി, ഉരുളക്കിഴങ്ങ്... നിറഞ്ഞൊഴുകുന്ന അരുവികള്‍. വഴിയോരത്തുനിന്ന് എനിക്ക് പുതിയ പടങ്ങളുള്ള തീപ്പെട്ടിക്കവറുകള്‍ കിട്ടിയതവിടെ നിന്നായിരുന്നു.
ഞാനാദ്യം കാട്ടുപോത്തിന്റെ ഇറച്ചി തിന്നതും അവിടെവച്ചായിരുന്നു.
മാനിന്റെ കൊമ്പും മുള്ളന്‍പന്നിയുടെ മുള്ളും കണ്ടതവിടെ നിന്നായിരുന്നു.
എനിക്കവിടെ രണ്ടുമൂന്നു കൂട്ടുകാരെ കിട്ടി. അവരുടെ പേരു പോലും ഇപ്പോൾ ഓര്‍മയിലില്ല. (ഒരാളുണ്ട്. അത് രസകരമായ ഒരു കഥയായതിനാല്‍ പിന്നെപ്പറയാം). അവരൊക്കെ ഇപ്പോള്‍ എവിടെയാണെന്നുപോലും അറിയില്ല.
വര്‍ഷങ്ങള്‍ക്കുശേഷം 1999 ലോ മറ്റോ ആണ് ഞാന്‍ പിന്നെ കാന്തല്ലൂരില്‍ പോകുന്നത്. കുറേ കൂട്ടുകാര്‍ക്കൊപ്പം. ആ ക്വാര്‍ട്ടേഴ്സ് കാടുപിടിച്ച് അവിടെത്തന്നെയുണ്ട്. മൈതാനത്തിനും കൃഷിസ്ഥലങ്ങള്‍ക്കും ഒന്നും മാറ്റം വന്നിട്ടില്ല. ബസ് ഇപ്പോള്‍ കാന്തല്ലൂരില്‍ വരെയെത്തും.
അന്ന് കാന്തല്ലൂരിന്റെ ഓര്‍മയ്ക്കായി കുറേ വെളുത്തുള്ളിയും വാങ്ങി വണ്ടിയിലിട്ടാണ് ഞങ്ങള്‍ തിരിച്ചുപോന്നത്.....
ഓര്‍മകളിലേക്ക് വീണ്ടും നയിച്ചതിന് നന്ദി മൈനാ......
അഭിനന്ദനങ്ങള്‍ മൈന!
മാതൃഭൂമിയിലെ ഇന്നത്തെ സൃഷ്ടി നന്നായി.
7 വയസ്സുള്ള കുട്ടിക്ക് ‘വലിയ ശുദ്ധിയും’‘’‘ ’ചെറിയ ശുദ്ധിയും ‘’ഹൈളും നിഫാസും‘ സംഭോഗവുമൊക്കെ മനസ്സിലാകും! 12 വയസ്സുള്ള കുട്ടിക്കു മതേതരത്വം മനസ്സിലാകില്ല ! അസ്സല് കമന്റ്!!
ഇത്രയും ഭംഗിയായി ചരിത്ര പുസ്തകങ്ങളില്‍ എഴുതിയിരുന്നെങ്കില്‍ എനിക്ക് ഹിസ്റ്ററിക്ക് ഉയര്‍ന്ന മാര്‍ക്ക് കിട്ടിയേനെ.
പോകാതെ തന്നെ ഞാന്‍ മറയൂരിനെ കണ്ടു, ഒരു പക്ഷെ നേരിട്ടവിടെപ്പോയാലും ഇതൊന്നും അറിഞ്ഞിട്ടുണ്ടാവില്ല. നന്ദി മൈനെ.
ഓ.ടോ..
എണ്‍പതുകളുടെ ആദ്യ പകുതിയില്‍ പെരുമ്പാവൂരില്‍ നിന്ന് ക്രാന്തല്ലൂരിലേക്ക് പ്രൈവറ്റ് ബസ്സ് ഉണ്ടായിരുന്നു.( കോതമംഗലം അടിമാലി മൂന്നാര്‍ മറയൂര്‍ ക്രാന്തല്ലൂര് ശാന്തന്‍പാറ ഇങ്ങിനെയായിരുന്നു ആ ബസ്സിന്റെ ബോര്‍ഡ്, ഇതില്‍ ശാന്തന്‍പാറ ശരിയാണൊ എന്നൊരു സംശയവും ഉണ്ട്) പുലര്‍ച്ചെ ആ ബസ് പെരുമ്പാവൂരില്‍ നിന്നു പോകും( ആലുവായില്‍ നിന്നാണ് വരുന്നത് ). ഇത് പറയാന്‍ കാരണം വക്ര ബുദ്ധി എഴുതിയത് കണ്ടു ക്രാന്തല്ലൂര്ക്ക് ബസ്സ് ഉണ്ടായിരുന്നില്ലെന്ന്. അപ്പോള്‍ ഈ ബസ്സ്..?
ഒരു തിരുത്ത്
*** കാന്തല്ലൂര്‍ എന്നത് ക്രാന്തല്ലൂര് എന്നാണ് ഞാനെഴുതിയത്.
കുഞ്ഞാ,
ശാന്തന്‍പാറ ആ വഴിക്കല്ല കെട്ടൊ.
കോതമംഗലം -അടിമാലി -മൂന്നാര്‍ -മറയൂര്‍ -കാന്തല്ലൂര്‍ വരെ ശരിയാണ് .
ശാന്തന്‍പാറ പോകണമെങ്കില്‍ മുന്നാര്‍ നിന്നും തിരിഞ്ഞ് നെടുംകണ്ടം-കട്ടപ്പന വഴി പോകണം.
4 മാസം മുന്‍പും ഞാന്‍ മറയൂര്‍ക്ക് പോയിരുന്നു.മനോഹരമായ സ്ഥലം. നല്ല വിവരണം!.
കുഞ്ഞാ, ഞാന്‍ 83ലാണ് കാന്തല്ലൂരില്‍ താമസിച്ചത്. അന്ന് ബസില്ലായിരുന്നു. മറയൂര്‍ വരെ പെര്‍മിറ്റുള്ളവ കോവില്‍ക്കടവു വരെ എത്തും. ഒന്നു രണ്ടു വര്‍ഷത്തിനുള്ളില്‍ അവ കാന്തല്ലൂരിനു നീട്ടി. കുഞ്ഞന്റെയും എന്റെയും ഓര്മകള്തമ്മില് വര്‍ഷത്തില്‍ ചെറിയൊരന്തരം വന്നിരിക്കാം.
സജിക്കും ഭൂമിശാസ്ത്രം തെറ്റി. ശാന്തമ്പാറയ്ക്ക് കോതമംഗലം വഴിയുള്ള ബസുകള്‍ അടിമാലിയിലെത്തിയാണ് തിരിഞ്ഞുപോകുന്നത്. മൂന്നാറില്‍ നിന്ന് നെടുങ്കണ്ടത്തിനുള്ള ബസുകളാണ് ശാന്തന്‍പാറ വഴി പോകുക. ശാന്തന്‍പാറയില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരമുണ്ട് നെടുങ്കണ്ടത്തിന്. അവിടെനിന്ന് 25 കിലോമീറ്റര്‍ കട്ടപ്പനയ്ക്ക്. കോതമംഗലം വഴിയുള്ള ബസുകള്‍ നേര്യമംഗലത്തുനിന്ന് തിരിഞ്ഞ് കരിമ്പന്‍, ചെറുതോണി, ഇടുക്കി വഴി കട്ടപ്പനയിലെത്തും. വഴിതെറ്റരുതെ. ആവഴിക്കെങ്ങാന് പോകുന്നെങ്കില്‍ വഴിതെറ്റാതിരിക്കാന്‍ എന്നെയോ മൈനയേയോ ബന്ധപ്പെടുക.
മൈന എന്താണ് മറയൂരിനെപ്പറ്റി എഴുതാത്തത് എന്ന് അത്ഭുതപ്പെടുകയായിരുന്നു. നന്നായി. പതിനഞ്ച് വര്‍ഷം മുമ്പ് പോയപ്പോള്‍ കണ്ട, കരിമ്പിന് പാടങ്ങള്‍ നിറഞ്ഞ താഴ്വരയല്ല ഇപ്പോള്‍ മറയൂരിലേത്. എല്ലാം മാറിയിരിക്കുന്നു. മഴനിഴല്‍ മേയുന്ന പഴയപ്രൗഡിയൊന്നും ഇന്ന് മറയൂരിനില്ല.
ഒരു മറയൂര്‍ പോസ്റ്റ് ഇവിടെ
മറയൂര്‍ ഇതുവരെ പോയിട്ടില്ല. പോകാനുള്ള സ്ഥലങ്ങളുടെ ലിസ്റ്റില്‍ ഇടം പിടിച്ചിട്ട് കുറേയേറെ നാളായി. എന്തായാലും പോകുമ്പോള്‍ മൈനയുടെ ഈ പോസ്റ്റ് മാത്രം റെഫര്‍ ചെയ്താല്‍ മതിയല്ലോ ?
വളരെ നന്ദി....ഇനിയും യാത്രാവിവരണങ്ങള്‍ പ്രതീക്ഷിക്കുന്നു. എനിക്ക് ഏറ്റവും താല്‍പ്പര്യമുള്ള വായന യാത്രാവിവരണങ്ങള്‍ തന്നെയാണ്.
ഓ.ടോ:- പാമൂ...ജ്ജ് ഒരിടത്തും പോകാറില്ലന്നാണല്ലോ ഞമ്മളോട് പറഞ്ഞത് ? ചന്ദനമരം പറിക്കാന്‍ പോയപ്പോളാണോ ആന ഓടിച്ചത് ?
ഞാന്‍ ഓടി...ഡിസ്ട്രിക്റ്റ് വിട്ടു. :) :)
മറയൂരിന്റെ പിന്നിലെ ചരിത്രം ഇതുവരെ അറിയില്ലായിരുന്നു..കൊവില്കടവിലെ ഗുഹയെപറ്റിയും കേള്‍ക്കുന്നതു അധ്യമാണ് ..വളരെ നന്ദി ഈ പോസ്റ്റിനു
മറയൂര്‍ ഞാന്‍ ഏറ്റവുമധികം ഇഷ്ടപെടുന്ന സുന്ദരമായ സ്ഥലങ്ങളിലൊന്നാണ്.വളരെയധികം പോകാനും താങ്ങാനും സാധിച്ചിട്ടുണ്ട്.ചന്ദന വനത്തിനുള്ളിലെ "അക്കര സീമ" എന്ന സ്ഥലമാണ് ഏറ്റവും മനോഹരമായി തോന്നിയിട്ടുള്ളത് .മുട്ടത്തു നിന്നാല്‍ മന്കൂട്ടാതെ കാണാന്‍ പറ്റുന്ന വീടുകള്‍..
പഴതോട്ടത്തിലെ പതിനഞ്ചിലധികം പഴങ്ങള്‍ വിളയുന്ന തോട്ടവും ഏറെ സുന്ദരമാണ്.
ഇത്തവണ മറയൂര്‍ പോയപ്പോള്‍ കോവില്‍ കടവിലെ ഹൈസ്കൂള്‍ പരിസരത്തെ ചന്ദനമരങ്ങള്‍ കള്ളന്മാര് മുറിച്ചു മാറ്റിയതും മിക്ക മുനിയരകളും തകര്‍ത്തിരിക്കുന്നതും കണ്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി.
നല്ലത്, ഇനിയും എഴുതുക...
Post a Comment