Sunday, June 8, 2008

പേരില്ലാത്ത ബ്ലോഗെഴുത്തിന്റെ 'ബൂലോഗം'ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിച്ചേക്കാം. എന്തിരുന്നാലും ഇല്ലെങ്കിലും ബ്ലോഗര്‍മാരെ സംബന്ധിച്ച്‌ പേര്‌ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്‌. താനറിയാതെ കിട്ടിയ യാഥാര്‍ത്ഥപേരിനെ ഒന്നു മാറ്റി നിര്‍ത്താന്‍ പറ്റുന്ന സുവര്‍ണ്ണാവസരം.
ബ്ലോഗര്‍മാരില്‍ പലരും എന്തുകൊണ്ട്‌ യഥാര്‍ത്ഥപേരു കൊടുക്കുന്നില്ല എന്നത്‌ എന്നും വിവാദവിഷയമാണ്‌. പലതരം ന്യായങ്ങള്‍ ആവര്‍ത്തിക്കുന്നുമുണ്ട്‌.

വിശ്വപ്രഭ, വിശാലമനസ്‌ക്കന്‍, കണ്ണൂരാന്‍, ഏറനാടന്‍,ഇഞ്ചിപ്പെണ്ണ്‌. തോന്നാസി, അന്യന്‍, മലബാറി, ചിത്രകാരന്‍, ആലുവാവാല തുടങ്ങി എത്ര ബ്ലോഗര്‍മാരാ...പക്ഷേ ഇവരുടെയൊന്നും യഥാര്‍ത്ഥപേരിലല്ല നമ്മള്‍ അറിയുന്നത്‌.
പേര്‌ നമുക്ക്‌ വിലാസം തരുന്നുണ്ട്‌. ജനിച്ച്‌ ഇരുപത്തെട്ടിനോ അമ്പത്താറിനോ ഒരു കൊല്ലം കഴിഞ്ഞോ ഒക്കെ നമ്മുടെ വേണ്ടപ്പെട്ടവര്‍ നല്‌കുന്നതാണ്‌ ആ പേരുകള്‍. വളര്‍ന്നു വരുമ്പോള്‍ മറ്റു പേരുകള്‍ കേള്‍ക്കുമ്പോള്‍ എന്റെ അച്ഛനുമമ്മയ്‌ക്കും ഇടാന്‍ കിട്ടിയ ഒരു പേര്‌ എന്നു തോന്നിപ്പോകും.

സുശീല ദുര്‍ശീലയും ധര്‍മ്മരാജന്‍ ഏറ്റവും വലിയ പിശുക്കനും സന്തോഷ്‌ ദുഖിക്കുന്നവനും ഒക്കെ ആയിരിക്കും. പേരും അതിന്റെ അര്‍ത്ഥവും തമ്മില്‍ വ്യക്തിക്കോ ജീവിതത്തിനോ കാര്യമായ ബന്ധമൊന്നുമുണ്ടാവില്ല.
സദാശിവന്‍ ചിലപ്പോള്‍ കൃഷ്‌ണനായേക്കാം.
പ്രകാശിന്‌ ചേരുന്ന പേര്‌ ശ്യാമ എന്നായിരിക്കും.

ഇപ്പോള്‍ ഇരുപത്തഞ്ചിനും നാല്‌പതിനുമിടയില്‍ പെട്ടവര്‍ക്ക്‌ ചോയിക്കുട്ടി എന്നോ, ദാമോദരന്‍ നായരെന്നോ കാര്‍ത്ത്യായനി എന്നോ പേരുണ്ടെങ്കില്‍ അവരനുഭവിക്കുന്ന സംഘര്‍ഷം വലുതായിരിക്കും. പേരു പറയേണ്ടി വരുമ്പോള്‍ ഒരു മടി. ഈ പേരിട്ട സകല മനുഷ്യരേം തെറി പറഞ്ഞുകൊണ്ടായിരിക്കും പേര്‌ പറയുന്നത്‌. എല്ലാ മതത്തില്‍ പെട്ടവര്‍ക്കും ഈ വ്യത്യാസമുണ്ട്‌. പാത്തൂഞ്ഞും പക്കര്‍കോയയും കുഞ്ഞാലിയും കൊച്ചൗസേപ്പും മറിയാമ്മയും ഒന്നും പുതിയ ഗണത്തിലില്ല.
സ്റ്റുഡന്റ്‌സ്‌‌ ഒണ്‍ലിയിലെ ഗോവിന്ദന്‍കുട്ടിയും മറ്റും തനിക്കു കിട്ടിയ പഴയ പേരിനെ ആസ്വദിക്കുന്നുമുണ്ട്‌.

എഴുപത്തിയഞ്ചുവയസ്സു മുതല്‍ ഇങ്ങോട്ട്‌ പതിനഞ്ചുവര്‍ഷങ്ങള്‍ വീതം എടുത്ത്‌ പേരുകള്‍ പരിശോധിച്ചാല്‍ നമ്മുടെ സാംസ്‌ക്കാരിക മണ്‌ഡലത്തിലുണ്ടായ മാറ്റങ്ങള്‍ മനസ്സിലാക്കാനാകും.
ബാബു, ഷാജി, ഷീജ, ഷീബ തുടങ്ങിയ പേരുകള്‍ കേട്ടാല്‍ അവര്‍ ഏതു മതത്തില്‍പെട്ടവരാണെന്ന്‌ പറയാനാവത്തതായിരുന്നു.
ബിന്ദു, ബിജു, ബിനു, മിനി, സുനില്‍, സതീഷ്‌, പ്രകാശ്‌, അനില്‍ ഇങ്ങനെ കുറേ കുഞ്ഞുപേരുകള്‍ ഇടത്‌, ബംഗാള്‍ സ്വാധീനം അതില്‍ കാണാം.
തൊണ്ണൂറുകളോടെ മതം പേരുകളില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങി. എല്ലാമതത്തിനിടയിലും. ഹിന്ദു-മുസ്ലീമില്‍ കുറച്ചു കൂടിയ തോതില്‍.
ആതിര, ധന്യ, സന്ധ്യ, സംഗീതത്തില്‍ നിന്നൊക്കെ മാധവനും കൃഷ്‌ണനും, ഗൗരി, പാര്‍വതി, ജാനകിമാരിലേക്കെത്തി.
മുസ്ലീങ്ങള്‍ക്കിടയില്‍ നവാസും ഷെമീറും റസിയയും സുഹറയുമൊക്കെപോയി കടിച്ചാല്‍ പൊട്ടാത്ത അറേബ്യന്‍ പേരുകള്‍ കടന്നു വന്നു.ഡാമിന്‍ സെബ്‌ലോണ്‍, അമീലിയ ഫ്രെസ, അര്‍ഷക്‌സെയിം,കെന്‍സ്ലാസിം, ലുജൈന്‍ ഇസ്ര മുതലായവ ഈ പേരുകളൊക്കെ വിളിക്കാതെ രക്ഷപെടുന്നത്‌ ഓമനപ്പേരുകളുള്ളതുകൊണ്ടുമാത്രമാണ്‌.
ഇങ്ങനെയൊക്കെ പേരുകള്‍ കടന്നുപോകുമ്പോഴാണ്‌ നമ്മുടെ മലയാളം ബ്ലോഗര്‍മാരില്‍ ഭുരിപക്ഷവും ആണ്‍-പെണ്‍-ജാതി-വര്‍ഗ്ഗങ്ങളൊന്നും തിരിച്ചറിയാത്ത പേരുകളുമായി വരുന്നത്‌. ആണ്‍-പെണ്‍ എന്നുദ്ദേശിച്ചത്‌ സ്‌മിതം, തറവാടി, മാവേലി കേരളം തുടങ്ങിയവരെ ഓര്‍ത്താണ്‌. ദ്രൗപദിയും അതുല്യയുമൊക്കെ പെണ്ണായിപോയതാണ്‌
നമ്മുടെ പേരുകള്‍ നമ്മള്‍ നിശ്ചയിച്ചതല്ല. അത്‌ എങ്ങനെയൊക്കെയോ വന്നുചേര്‍ന്നു.
എന്നാല്‍ ബ്ലോഗില്‍ മറ്റൊരു പേര്‌ കൊടുക്കുമ്പോള്‍ ഇരട്ട വ്യക്തിത്വമല്ലേ എന്ന പഴി കേള്‍ക്കേണ്ടി വന്നേക്കാം. എന്തിനാണ്‌ യഥാര്‍ത്ഥ പേര്‌ മറച്ചുവെയ്‌ക്കുന്നത്‌? എന്തുകൊണ്ട്‌ സ്വന്തം പേര്‌ കൊടുത്തുകൂടാ? ബ്ലോഗര്‍മാര്‍ക്കിടയിലും ബ്ലോഗനക്കാര്‍ക്കിടയിലും ഈ വിവാദം കത്തിപ്പടരുകയാണ്‌.
കേരള ബ്ലോഗ്‌ അക്കാദമിയുടെ മുഖ്യ സംഘാടകരിലൊരാളായ ചിത്രകാരന്‍ ശില്‌പശാലയുമായി ജില്ലതോറും ഓടി നടക്കുന്നതിനിടയില്‍ 'സ്വന്തം പേര്‌ വെളിപ്പെടുത്താത്ത ഒരാളാണോ അക്കാദമിയുമായി നടക്കുന്ന'തെന്ന്‌ വിമര്‍ശനവും കേള്‍ക്കേണ്ടിവരുന്നുണ്ട്‌.
തൊഴില്‍പരമായ പരിമിതികള്‍ മൂലമാണ്‌ ചിലര്‍ ബ്ലോഗില്‍ യഥാര്‍ത്ഥപേര്‌ മറച്ചുവെയ്‌ക്കുന്നത്‌.
സാഹിത്യത്തില്‍ തൂലികാനാമം സ്വീകരിച്ചവര്‍ക്ക്‌ ഇത്രയും വിമര്‍ശനം ഏല്‌ക്കേണ്ടി വന്നിട്ടില്ല. സേതുവും ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവും, ബി. ആര്‍.പി. ഭാസ്‌ക്കറുമൊക്കെ സ്വന്തം പേരില്‍ തന്നെയാണ്‌ ബ്ലോഗെഴുത്തു നടത്തുന്നത്‌. ഇതൊന്നും ആലോചിച്ച്‌ തലപുണ്ണാക്കണ്ട. ഇഷ്‌ടമുള്ള പേരുകള്‍ കൊടുക്കാന്‍ ബ്ലോഗിലെങ്കിലും കഴിഞ്ഞില്ലെങ്കില്‍ പിന്നെ എവിടെ ലഭിക്കാനാണ്‌?
ബ്ലോഗിലൂടെയെങ്കിലും നമുക്കൊരു പേര്‌ സ്വയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നു. അതുകൊണ്ട്‌ തന്നെയാണ്‌ ബ്ലോഗര്‍മാര്‍ ഈ സ്വാതന്ത്ര്യത്തെ ആവോളം ആസ്വദിക്കുന്നതും...

കടപ്പാട്‌ വാരാദ്യമാധ്യമം 01.06.2008
പത്രത്തില്‍ നിന്ന്‌ കള്ളപ്പൂച്ച
എന്ന ബ്ലോഗില്‍ ഇത്‌ എടുത്തു കൊടുത്തിരുന്നു. അതെന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. സ്വന്തമായി ബ്ലോഗുള്ളപ്പോള്‍ ഒരു ലിങ്ക്‌ പോലുമില്ലാതെ......ഏതായാലും അഞ്‌ജാതന്‍ പോസ്‌റ്റ്‌ ഡിലീറ്റ്‌ ചെയ്‌തു.

53 comments:

മൈന said...

ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിച്ചേക്കാം. എന്തിരുന്നാലും ഇല്ലെങ്കിലും ബ്ലോഗര്‍മാരെ സംബന്ധിച്ച്‌ പേര്‌ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്‌. താനറിയാതെ കിട്ടിയ യാഥാര്‍ത്ഥപേരിനെ ഒന്നു മാറ്റി നിര്‍ത്താന്‍ പറ്റുന്ന സുവര്‍ണ്ണാവസരം.
ബ്ലോഗര്‍മാരില്‍ പലരും എന്തുകൊണ്ട്‌ യഥാര്‍ത്ഥപേരു കൊടുക്കുന്നില്ല എന്നത്‌ എന്നും വിവാദവിഷയമാണ്‌. പലതരം ന്യായങ്ങള്‍ ആവര്‍ത്തിക്കുന്നുമുണ്ട്‌.

അജ്ഞാതന്‍ said...

മൈന ബ്ലോഗ്ഗര്‍ ആണെന്ന് അറിയാതെ ആണ് ഞാന്‍ ആ പോസ്റ്റ് കൊടുത്തത് എന്ന് സൂച്ചിപ്പിചിട്ടുണ്ടായിരുന്നു ....അത് കൊണ്ടാണ് തന്റെ ബ്ലോഗിലേക്ക് ലിങ്ക് കൊടുക്കാതെ പോയത്. തെറ്റു മനസിലാക്കിയത് കൊണ്ടാണ് ഞാന്‍ അത് ഉടനെ ഡിലീറ്റ് ചെയ്തതും ക്ഷമ ചോദിച്ചതും.പോസ്റ്റ് വീണ്ടും ഇവിടെ കാണാന്‍ കഴിഞ്ഞതിലും ആദ്യത്തെ കമന്റ് എഴുതാന്‍ കഴിഞ്ഞതിലും സന്തോഷം ...തെറ്റു ക്ഷമിച്ചു ഒരു സുഹ്രത്തായി കാണും എന്നു വിശ്വസിക്കുന്നു ...അജ്ഞാതന്‍

അഞ്ചല്‍ക്കാരന്‍. said...

സൈബര്‍ ലോകത്ത് വ്യക്തിപരമായ വിവരങ്ങള്‍ കൂടുതല്‍ വെളിവാക്കപ്പെടുന്നത് സുരക്ഷിതത്വ പ്രശ്നവും കൂടിയാണ്. യാഹുവും ഗൂഗിളും ഒക്കെ വ്യക്തിപരമായ വിവരങ്ങള്‍ കഴിയുന്നതും മറച്ച് വെക്കാനാണ് ഉപദേശിക്കാറും. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ദുരുപയോഗം ചെയ്യാന്‍ കഴിയുന്ന തരത്തില്‍ വ്യക്തിവിവരങ്ങള്‍ ബ്ലോഗിലായാലും ഓര്‍ക്കുട്ടിലായാലും മറ്റേത് സൈബര്‍ മേഖലയിലായാലും തുറന്നിടാതിരിക്കുന്നതാണ് നല്ലത്.

സൈബര്‍ യുഗത്തില്‍ ആര് എപ്പോഴാണ് ഇരയായി മാറുന്നത് എന്ന് മുന്‍ കൂട്ടി പറയുവാന്‍ കഴിയില്ല. എങ്ങിനെയാണ് കെണിയൊരുങ്ങുക എന്നോ എപ്പൊഴാണ് കെണിയില്‍ വീഴുകയെന്നോ പറയാന്‍ കഴിയില്ല. കെണിയില്‍ പെട്ടതിന് ശേഷം മാത്രമായിരിക്കും പറ്റിപ്പോയതിനെ കുറിച്ച് മനസ്സിലാകുക.

ബ്ലോഗും സൈബര്‍ യുഗത്തിന്റെ ഒരു ഉപോല്‍പ്പന്നമാണ് എന്നതിനപ്പുറം ഒന്നുമല്ല. അതുകൊണ്ട് തന്നെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്ന് പോകാതെ സൂക്ഷിക്കുന്നത് അവരവരുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ഒന്നുമാണ്.

ലേഖനത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.

അഞ്ചല്‍ക്കാരന്‍. said...
This comment has been removed by the author.
യാരിദ്‌|~|Yarid said...
This comment has been removed by the author.
ആലുവവാല said...

ഇതു 'മാധ്യമ'ത്തില്‍ വായിച്ചപ്പോഴേ ഒരു നന്ദി പറയണം എന്ന് വിചാരിച്ചിരുന്നു. രണ്ടാഴ്ചയായിട്ട് വല്ലാതെ തിരക്കായിപ്പോയി. ഏതായാലും 'ആലുവവാല' എന്ന് പരാമര്‍ശിച്ചതിന് വളരെ നന്ദി മൈന.

പിന്നെ ഒരു വെറൈറ്റിക്കു വേണ്ടി 'ആലുവവാല' എന്നു പ്രയോഗിച്ചു എന്നേ ഉള്ളൂ.

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

ദി ഹിന്ദു ദിനപത്രത്തിന്റെ (ജൂലൈ-4) സപ്ലിമെന്റ്-Opportunities ദയവായി വായിക്കുമല്ലോ. അതില്‍ ഫ്രന്റ് പേജില്‍ തന്നെ കൊടുത്തിട്ടുള്ള ആര്‍ട്ടിക്കിള്‍ - Blogs emerge as the new job-hunting tool,ഉള്‍പേജില്‍ കൊടുത്തിട്ടുള്ള ലേഖനം- Build an online image to shine on Internet എന്നിവ വ്യക്തമായി പ്രതിപാദിക്കുന്നത് എന്തെന്നാല്‍; ഒരു തൊഴിലന്വേഷകനെക്കുറിച്ച് ഇന്ന് മിക്ക സ്ഥാപനങ്ങളും വസ്തുനിഷ്‌ടമായ വിവരങ്ങള്‍ ശേഖരിക്കുവാന്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്തും, ബ്ലോഗ്, മറ്റ് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ എന്നിവയില്‍ ഉദ്യോഗാര്‍ത്ഥിയുടെ ഓണ്‍‌ലൈന്‍ വ്യക്തിത്വം, ഓണ്‍‌ലൈന്‍ വ്യവഹാരങ്ങള്‍ എന്നിവ പഠിച്ചിട്ടാണ്. ഇത് ഉദ്യോഗാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം പരമപ്രദാനമായ സംഗതിയാണ്. അതുകൊണ്ട് ബ്ലോഗുകള്‍ യഥാര്‍ത്ഥനാമത്തില്‍ തുടങ്ങാനും തുടരാനും പലരും തയ്യാറാവുന്നില്ല എന്നാണ് വസ്തുത. നമ്മള്‍ ഒരു കമ്പനിയിലേക്ക് അയക്കുന്ന ബയോഡാറ്റയില്‍ നിന്നും കിട്ടുന്നതിനേക്കാളും അധികം യാഥാര്‍ത്ഥ്യങ്ങള്‍ നമ്മുടെ ബ്ലോഗുകളില്‍ നിന്നും ഗൂഗിളില്‍ നിന്നുമെല്ലാം ഉടനടി ലഭിക്കുമെന്നത് ശെരിയാണ്. എന്റെ പേര് അല്ലെങ്കില്‍ ഏതൊരു ബ്ലോഗറുടെ പേരും ഒന്ന് ഗൂഗിളില്‍ സേര്‍ച്ച് ചെയ്തുനോക്കിയാല്‍ മനസ്സിലാകും ഇതിന്റെ അപാരത, ഇതിലെ വസ്തുത.
അതുതന്നെ ആയിരിക്കാം ഇന്നത്തെ ചെറുപ്പക്കാര്‍ പ്രത്യേകിച്ചും അനോണികള്‍ ആയി ബ്ലോഗുന്നതിനുള്ള ഹേതു.

ഒരു കാര്യം സൂചിപ്പിച്ചോട്ടെ. ഏറനാടന്‍ എന്ന നാമധേയത്തില്‍ ബ്ലോഗുന്നെങ്കിലും ഞാന്‍ ഒരിക്കലും ഒരു അനോണിയല്ല. എന്റെ യഥാര്‍ത്ഥഫോട്ടോ, ഈമെയില്‍ ഐഡി എന്നിവ പ്രൊഫൈലില്‍ കൊടുത്തത് ശ്രദ്ധിക്കുമല്ലോ. മാത്രമല്ല, സാലിഹ് എന്ന എന്റെ പേരിനേക്കാളും ആകര്‍ഷകമായൊരു പേര് വേണമെന്ന് ആഗ്രഹിച്ചപ്പോള്‍; ഏറനാട് ദേശത്തെ കഥകള്‍ എഴുതാന്‍ ശ്രമമാരംഭിച്ചപ്പോള്‍ കൂടുതലൊന്നും ചിന്തിക്കാതെ സ്വയം ഏറനാടന്‍ എന്നങ്ങിട്ടതാണ്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നവരും ഉണ്ട്

അഞ്ചല്‍ക്കാരന്‍. said...

ഇതേ വിഷയവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ നിരീക്ഷണങ്ങളോടെ കെ.പി. സുകുമാരന്‍ മാഷിന്റെ ഒരു പോസ്റ്റ് ഇവിടെ വായിക്കാം.

യാരിദ്‌|~|Yarid said...

മൈന ക്ഷമിക്കുക.ഇതു മറ്റൊരാളുടെ പോസ്റ്റില്‍ ഇട്ട കമന്റായിരുന്നു.നാഴികക്കു നാല്പതു വട്ടം സ്വാതന്ത്ര്യത്തിനെക്കുറിച്ചു വാതോരാതെ പ്രസംഗിക്കുകയും എന്നാല്‍ സ്വന്തം പ്രവര്‍ത്തിയില്‍ അതൊട്ടു കാണാതിരിക്കുകയും ചെയ്യുന്ന ഒരാളുടെ പോസ്റ്റിലിട്ടത്. കമന്റ് മോഡറേഷന്‍ വെച്ചിരുന്നതിനാല്‍ അതു നേരെ ചവറുകുട്ടയില്‍ പോയി. ഈ ഒരു പോസ്റ്റുമായി ബന്ധമുള്ളതിനാല്‍ ഇവിടെയും ഞാനതു കമന്റുന്നു.

അപരനാമം എന്നുള്ളതു വ്യക്തിപരമായ ഒരു കാര്യം ആയതിനാല്‍ തന്നെ ബ്ലോഗര്‍മാരെ അതിനനുവദിക്കുക എന്നുള്ളതാണ് മറ്റുള്ളവര്‍ക്കു അവരോടു ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല സഹായം. അപരനാമത്തില്‍ വരുന്നവരുടെ ഊരും പേരും അവന്റെ എല്ലാവിവരങ്ങളും അറിഞ്ഞെ മതിയാകുള്ളൂ എന്നു പറയുന്നതു ഒരു തരം ഫാസിസമാണ്. ചിലര്‍ പ്രത്യേകിച്ചു യാതൊരു ജോലിയുമില്ലാതെ ബ്ലോഗിംഗ് ചെയ്യുന്നതു പോലെയായിരിക്കില്ല മറ്റുള്ളവരെല്ലാം. അനോണിമത്വം അല്ലെങ്കില്‍ അപരനാമം എന്നുള്ളതു അവരുടെ സ്വാതന്ത്ര്യമാണ്. നാഴികക്കു നാല്പതു വട്ടം സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിനെയും കുറിച്ച് പോസ്റ്റുകളിടുകയും കമന്റുകളിടുകയും ചെയ്യുന്നവരാണ് ഇതേ അവകാശവാദമുന്നയിക്കുന്നതു എന്നുള്ളതാണ് രസകരം.

ബ്ലോഗുകളില്‍ വന്നു ആഭാസമെഴുതുന്നവരെ അനോണിമാര്‍ അല്ലെങ്കില്‍ അപരനാമത്തില്‍ എഴുതുന്ന ബ്ലോഗര്‍മാരു സപ്പോറ്ട്ട് ചെയ്യുന്നതു എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? അപരനാമത്തില്‍ എഴുതുന്നവരെ അടച്ചാക്ഷേപിക്കുന്ന ഒരു പ്രസ്താവനയായിരുന്നു അതു. അനോണിമത്വംഅല്ലെങ്കില്‍ അപരനാമം ബ്ലൊഗുകളില്‍ വൃത്തികേടുകള്‍ എഴുതാനാണ് ഉപയോഗിക്കുന്നത് എന്നുള്ള ചിലരുടെ അഭിപ്രായത്തിനൊക്കെ എന്ത് മറുപടിയാണ് നല്‍കാന്‍ കഴിയുക ...?മനസ്സിന്റെ സങ്കുചിതത്വം തന്നെയാണ് അതിലുടെ വെളിപ്പെടുത്തുന്നത്. ഒരാളുടെ ആരോപണം അപരനാമത്തില്‍ല്‍ എഴുതുന്നവര്‍ ‍ ഇവിടെ മറ്റുള്ളവരെ വ്യക്തിഹത്യ ചെയ്യുന്നു, അവരുടെ ബ്ലോഗുകളില്‍ ചെളിവാരിയെറിയുന്നു.വഴിതെറ്റിക്കുന്നു എന്നുള്ളതാണ്. ഇത്തരത്തിലുള്ള ആരോപണം മുന്‍പെ തന്നെ അതിലെന്തു മാത്രം സത്യമുണ്ട് എന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും. ബിനാമി ഐഡികളില്‍ എഴുതുന്നവര്‍ ഡാറ്റാ മാല്യന്യങ്ങള്‍ മറ്റും ഉണ്ടാക്കുനുവത്രെ !!! അതിശയം തന്നെ ഈ ലോകം.

ഒരാള്‍‍ എന്തെഴുതുന്നു എന്നറിഞ്ഞാല്‍ പോരെ, അയാളുടെ ഊരും പേരും അന്വേഷിക്കുന്നതിലുള്ള സാംഗത്യം എന്താണ്. അന്യന്റെ വ്യക്തിപരമായ കാര്യങ്ങള്‍ അറിഞ്ഞെ തീരു എന്ന് പറയുന്നതു ഒരു തരം മാനസികരോഗമാണ്!!!!

ഓഫാണെന്നു തോന്നുന്നെങ്കില്‍ ഡിലിറ്റ് ചെയ്തേക്കുക...

മൈന said...

കള്ളപ്പൂച്ചയോട്‌ ഒരു പിണക്കവുമില്ലാട്ടോ..ആ പേരു കൊള്ളാം. പിന്നെ ഏറനാടന്‍ എന്ന പേര്‌ നിങ്ങളുടെ ഇഷ്ടത്തിനെടുത്ത പേരല്ലേ..അത്രേ സ്വാതന്ത്ര്യത്തെക്കുറിച്ചു പറഞ്ഞുള്ളു. സ്വന്തം പേരിനെ മാറ്റിനിര്‍ത്തി ഇഷ്ടമുള്ളതു സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം. യാരിദ്‌ എന്തു പറഞ്ഞാലും എനിക്ക്‌ നിങ്ങളുടെ മെയില്‍ Id തരണം. ഞാനിന്ന്‌ തെറഞ്ഞ്‌ വശംകെട്ടു.

യാരിദ്‌|~|Yarid said...

yaridmr at gmail dot com ഇതു തന്നെ എന്റെ ജിമെയില്‍ ഐഡി...:)

ചാണക്യന്‍ said...

മൈനക്ക്,
‘ബ്ലോഗര്‍മാരില്‍ പലരും എന്തുകൊണ്ട്‌ യഥാര്‍ത്ഥപേരു കൊടുക്കുന്നില്ല എന്നത്‌ എന്നും വിവാദവിഷയമാണ്‌. പലതരം ന്യായങ്ങള്‍ ആവര്‍ത്തിക്കുന്നുമുണ്ട്‌‘.
ന്യായങ്ങള്‍ അവിടെ നില്‍ക്കട്ടെ, പക്ഷെ അനോണിത്വം വിവാദമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അവരുടെ ഉദ്ദേശശുദ്ധിയാണ് മനസിലാവാത്തത്. മാടക്കടയില്‍ നിന്നും കിട്ടിയത് ചുളയുള്ള ചക്കയാണൊ പുളിയില്ലാത്ത മാങ്ങയാണൊ എന്ന് മാത്രം നോക്കിയാല്‍ പോരെ അത് വിറ്റത് കുഞ്ഞനാണോ കോരനാണൊ എന്നും പരിശോധിക്കണോ. ഇനി കിട്ടിയ സാധനം ഗുണമില്ലാത്തതാണെങ്കില്‍ ആ കടയില്‍ നിന്നും ഇനി സാധനം വാങ്ങണ്ട എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനപ്പുറം കടമൊയലാളിയുടെ കുടുംബചരിത്രം അറിഞ്ഞേ മതിയാകൂ എന്നുണ്ടോ...

സലാഹുദ്ദീന്‍ said...

പ്രിയ ചാണക്യന്‍ പറഞ്ഞത് ഒരര്‍ത്ഥത്തില്‍ ശരിയാണ്
എന്നാല്‍ അതിന് മറ്റൊരു വശം കൂടിയുണ്ടെന്ന് മനസ്സിലാക്കുന്നതാണ് ഉചിതം എന്ന് തോന്നുന്നു. ഒരാള്‍ ഒരു സത്യമാണ് പറയുന്നതെങ്കില്‍ അതയാള്‍ തന്റെ പേര് കൂടി വെളിപ്പെടുത്തികൊണ്ട് പറയുന്നതാണ് ആര്‍ജ്ജവത്വം. ചില പ്രത്യേക സാഹചര്യങ്ങള്‍ ഇതില്‍ നിന്ന് ഒഴിവാക്കപ്പെടേണ്ടതുമാണ്. മറ്റൊന്ന് ഒരാള്‍ പറയുന്നത് അയാള്‍ തന്നെ പാലിക്കാത്തതാണെങ്കില്‍ പറയാതിരിക്കുന്നതാണ് ഉചിതം. പറയുകയും എഴുതുകയും ചെയ്യുന്നവര്‍ അത് പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍ മത്രമേ അത് മാതൃകയാക്ക്കപ്പെടാ‍ന്‍ തരമുള്ളൂ. ഇത്തരം സന്ദര്‍ഭങ്ങളില്‍ ‘മാടക്കട’ ഉദാഹരിക്കാന്‍ പറ്റിയെന്നിരിക്കില്ല. വിശ്വസ്യത എല്ലായിടത്തും ആപ്ലിക്കബ് ള്‍ ആണ്‍
മൈന പക്ഷേ മറ്റൊരു തരത്തിലാണ് ഇതിനെ വിലയിരുത്തുന്നത്; ഏറനാടന്‍ തന്റെ പേരിടലിനെ കുറിച്ച് പറഞ്ഞത് പോലെ.. ..

യാരിദ്‌|~|Yarid said...

സലാഹുദ്ദീനു വേണമെങ്കില്‍ തന്റെ പേരും മേല് വിലാസവും, ഊരും പേരുമെല്ലാം വെണ്ടക്കാ അക്ഷരത്തില്‍ എഴുതി, അതില്‍ 12*8 സൈസില്‍ ഒരു ഫോട്ടൊയുമിട്ട് എഴുതുകയൊ കമന്റുകയൊ ചെയ്യാം. മറ്റുള്ളവര് കൂട് അതു ചെയ്യണമെന്നു നിര്‍ബന്ധിക്കാനൊ നിര്‍ദ്ദേശിക്കാ‍നൊ ആരാണധികാരം നല്‍കിയിരിക്കുന്നത്. ചാണക്യന്‍ പറഞ്ഞതു പോലെ മാടക്കടയില്‍ നിന്നും വാങ്ങുന്നതു പുളിപ്പന്‍ മാങ്ങയാണങ്കില്‍ അതു പിന്നീട് വാങ്ങാതിരിക്കുക, കടയുടമയുടെ ഊരും പേരും മേല്‍‌വിലാസവും എല്ലാം കിട്ടിയാല്‍ പുളിപ്പന്‍ മാങ്ങയായാലും ശരി ഞാനവിടുന്നു വാങ്ങിക്കോള്ളാം എന്നു പറയുന്നതു എവിടത്തെ ന്യായീകരണമാണെന്ന് മനസ്സിലാകുന്നില്ല. ഒളിഞ്ഞു നോട്ടക്കാരന്റെ മനശാസ്ത്രമേന്നു ആരൊ ഒരിക്കല്‍ എവിടെയൊ കമന്റിട്ടതു ഓര്മ്മ വരുന്നു.
എന്തെങ്കിലും കാരണം ഉണ്ടാകും ഒരുവന്റെ അപരനാമത്തിനു പിന്നിലെന്നു മനസ്സിലാക്കാതിരിക്കാന്‍‍ മാത്രം വിഡ്ഡികളാകരുത ആരും.മറ്റൊരാളിന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നത് ഒരു നാലാം കിട ഇടപാടാണെന്നു മനസ്സിലാക്കാത്തിടത്തോളം കാലം ഇത്തരം ജല്പനങ്ങള്‍ തുടര്‍ന്നു കൊണ്ടെയിരിക്കും.
അപരനാമത്തില്‍ എഴുതുന്ന ഒട്ടനവധി ആള്‍ക്കാരീ ബൂലോഗത്തില്‍ ഉണ്ട്. അതു കൊണ്ട് അവരുടെ രചനക്ക് എന്തെങ്കിലും കുഴപ്പമുണ്ടായി എന്നു കരുതാന്‍ പറ്റുമൊ? ഈ സൈബര്‍ ലോകത്തില്‍ നിയമങ്ങളും ന്യായങ്ങളും കൊണ്ട് വന്നു അതിനെയെല്ലാം ചൊല്പടിക്കാക്കാമെന്നു ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവരോട് ഒന്നും പറയാനില്ല.

പലര്‍ക്കും അപരനാമത്തില്‍ എഴുതുന്നവരെ പരസ്പരം അറിയാവുന്നതാണ്. പക്ഷെ എല്ലാവരോടും അതൊക്കെ വിളമ്പണമെന്നു പറയുന്നവരോട് എന്തു പറയാന്‍..

സലാഹുദ്ദീന്റെ പേരു ക്വോട്ട് ചെയ്തുവെന്നെയുള്ളൂ. സലാഹുദ്ദീനെയല്ല ഉദ്ദേശിച്ചത്..:)

വെള്ളെഴുത്ത് said...

എന്റെ മുന്നില്‍ അനാവൃതയായി വരിക എന്നു പഴയ ബ്രാഹ്മണ്യം തന്നില്‍ ചെറിയവരോട് നിഷ്കര്‍ഷിച്ചിരുന്നതിന്റെ ഇനിയും മാഞ്ഞുപോകാത്ത മാനസികാവശിഷ്ടമായും ബ്ലോഗര്‍മാരെല്ലാം തന്റെ മുന്നില്‍ പേരും ഊരും ജാതിയും വെളിപ്പെടുത്തിക്കൊള്ളണമെന്ന ആക്രോശത്തെ കണക്കിലെടുക്കാം. പറഞ്ഞു വന്നാല്‍ മൃദുവായ ഫാസിസം. എം കെ ഹരികുമാര്‍ ഇത്തരമൊരു ആക്രോശം നടത്തിയപ്പോള്‍ പേരയ്ക്ക ഇട്ട പോസ്റ്റാണ് ഓര്‍മ്മ വരുന്നത്. പാസ്പോര്‍ട്ടിന്റെ തലതിരിഞ്ഞ പടം! നിങ്ങള്‍ എന്തു ചെയ്യുന്നു എന്നു നോക്കി അനുകരിക്കുകയല്ല എന്റെ ലക്ഷ്യം, എന്റെ വഴി ഞാന്‍ തെരെഞ്ഞെടുക്കുകയാണ് ജനാധിപത്യത്തിന്റെ രീതി. അതുള്‍ക്കൊണ്ടാലേ തെളിഞ്ഞിരിക്കാനും മറഞ്ഞിരിക്കാനുമുള്ള സ്വാതന്ത്ര്യം എന്തുവകയാണെന്നു മനസ്സിലാവുകയുള്ളൂ. തൊലിപ്പുറത്തുള്ള ചര്‍ച്ചകള്‍ക്കെല്ലാം വേണ്ടിയാണീ കമന്റ്. ഇവിടത്തെ പോസ്റ്റ് ഒരു നിമിത്തമായെന്നെയുള്ളൂ..

മാവേലി കേരളം said...

'ബ്ലോഗര്‍മാരെ സംബന്ധിച്ച്‌ പേര്‌ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്‌. താനറിയാതെ കിട്ടിയ യാഥാര്‍ത്ഥപേരിനെ ഒന്നു മാറ്റി നിര്‍ത്താന്‍ പറ്റുന്ന സുവര്‍ണ്ണാവസരം.'

ഇതിനോടു വ്യക്തിപരമായി യോജിക്കുന്നില്ല.

എന്നെ സാംബന്ധിച്ചിടത്തോളം ആകസ്മികമായിക്കിട്ടിയ പേരാണ്‍് മാവേലികേരളം. ബ്ലോഗു തുടങ്ങിയാന്‍ ഒരുങ്ങിച്ചെന്നത് മാത്രുഭൂമിയിലെ ഒരു ലേഖനം വായിച്ചിട്ടായിരുന്നു. ബ്ലോഗില്‍ എല്ലാവര്‍ക്കും വിളിപ്പേരൊണ്ട് എന്നു ലേഖനം പറഞ്ഞിരുന്നു. അപ്പോള്‍ കമ്പ്യൂട്ടര്‍ വിളിപ്പേര്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു പേരുകൊടുത്തു. ഒരു പെണ്‍പേരു പക്ഷെ കമ്പ്യൂട്ടറതു നിഷേധിച്ചു. അങ്ങനെ പല നിഷേധങ്ങളൂം കഴിഞ്ഞപ്പ്പോള്‍േ പേര് ഒരാശയമാകാം എന്നു കരുതി. മാവേലീകാലം എനിക്കു താത്വികമായി വളരെ ഇഷ്ടപ്പെട്ട ഒരാശയമാണ്‍്. പക്ഷെ മാവേലിയും കിട്ടിയില്ല ഒടുവില്‍ മാവേലികേരളം കിട്ടി.

അല്ലാതെ ഇഷ്ടമീല്ലാത്ത പേരില്‍ നിന്നു സ്വാതന്ത്ര്യം നേടിയതോ ജെന്‍ഡറ് കണ്‍ഫ്യൂഷണ്‍ ഉണ്ടാക്കിയതോ അല്ല.

പക്ഷെ സെക്യൂരിട്ടിയെക്കുറിച്ചോര്‍ക്കൂമ്പോള്‍ ശരിയായ പേരു കൊടുക്കാത്തതു നല്ലതാണ്‍് എന്നു തന്നെയാണ്‍് ചീന്തിക്കുന്നത്. അതെന്താണ്‍് എന്നു ചോദിച്ചാല്‍, ഈ വെര്‍ച്വല്‍ റിയാലിറ്റിയില്‍ ഒരു നല്ല അംശം uncertainity ഉണ്ട്. ഇപ്പോള്‍ തന്നെ ബ്ലോഗേഴ്സിനെ ബാധിച്ചിരിക്കുന്ന കന്റെന്റെ മോഷ്ണം. മോഷണം മാത്രമല്ല, മര്യാദകേടു, ഭീഷണീ, ഒക്കെക്കൂടെ ആലോചിക്കുമ്പോള്‍, യഥാര്‍ഥപേര് കൊടുക്കാഞ്ഞതു നന്നായി എന്ന തോന്നല്‍.

പക്ഷെ ക്രമേണ ഞാന്‍ ഈ പേരിനെ ഇഷ്ടപ്പെടാന്‍ തുടങ്ങി. കാരണം എനിക്കു പ്രതികരണങ്ങള്‍ എഴുതുമ്പോള്‍ ഞാന്‍ ആണാണോ പെണ്ണാണോ എന്നറിയേണ്ട് ആവശ്യമില്ലല്ലോ? എന്റെ ആശയത്തിനു മറുപടി അതു മതിയല്ലോ?

ചുരുക്കം പറഞ്ഞാല്‍ പലര്ക്കും പല കാരണങ്ങള്‍ ഉണ്ട് ഈ വിളിപ്പേരിന്റെ പിന്നില്‍, എന്നാണ്‍് എന്റെ കാഴ്ചപ്പാട്. അതു ദോഷമില്ലാത്ത ഒരവസ്ഥയാണെന്നും. പക്ഷെ പലരും പലതരത്തീല്‍ ചിന്തിക്കുന്നു

കേരള കമന്‍റ് അക്കാദമി said...

തീര്‍ച്ചയായും യോജിക്കുന്നു. ചേര്‍ത്തുവായിക്കാവുന്ന ഒരു പോസ്റ്റ് [[http://keralacommentacademy.blogspot.com/2008/06/blog-post.html][ഇവിടെയും]]

ചാണക്യന്‍ said...

പ്രിയപ്പെട്ട സലാഹുദീന്‍,
സത്യം പറയുന്നവനെ എങ്ങനെ തിരിച്ചറിയാം, അയാളെന്താണ് എഴുതിയിരുക്കുന്നു എന്നതില്‍ നിന്ന് തന്നെ. എഴുതിയ ആളിന്റെ ശരിയായ പേരില്ലെങ്കില്‍ അയാളെഴുതിയത് തെറ്റാണ് എന്നു വരുമോ. തൂലിക നാമത്തിന് പകരമായി ഭൂലോഗത്ത് അറിയുന്നതാണ് അനോണി എന്ന പേര്‍ , അതിനും പുറമെ ഇനിയുമൊരു പേരോ. അനോണിയെന്ന പേരില്‍ എഴുതി എന്ന ഒറ്റക്കാരണം കൊണ്ട് സത്യം സത്യമല്ലാതായി തീരുന്നില്ല. വായനക്കാര്‍ വളരെ സെലക്റ്റീവ് ആയ ഇക്കാലത്ത് സ്വന്തപ്പേരിലോ അനോണിയായോ എഴുതിയവയെല്ലാം വായിക്കപ്പെടണമെന്നില്ല. അവനവന് സമൂഹത്തോട് എന്തെങ്കിലും പറയണമെന്ന് തോന്നുമ്പോള്‍ അത് സത്യസന്ധമായിരിക്കണം എന്ന് മാത്രമെ ഒരു എഴുത്തുകാരന്‍ ചിന്തിക്കേണ്ടതുള്ളൂ. യഥാര്‍ത്ഥപേരില്‍ എഴുതുന്നവര്‍ എഴുതുന്നതെല്ലാം തികച്ചും സത്യം മാത്രമാണെന്ന് സലാഹുദീന് അഭിപ്രായമുണ്ടോ, കള്ളനാണയങ്ങള്‍ എല്ലാത്തരത്തിലുമുണ്ട്. കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും തിരിച്ചറിയാന്‍ വായനക്കാരന് കഴിയും...

ചിത്രകാരന്‍chithrakaran said...

അന്യന്റെ എതിരഭിപ്രായത്തേയും,സ്വാതന്ത്ര്യത്തേയും,സ്വകാര്യ ജീവിതത്തേയും സമ്മതം കൂടാതെ അതിക്രമിച്ചു കയറാതെ ശ്രദ്ധിക്കുക. അതൊരു മാന്യതയാണ്. ആ മന്യത ഇല്ലാതിരിക്കുകയോ ,മാന്യത പുലര്‍ത്തുകയോ സ്വന്തം ഉത്തരവാദിത്വത്തില്‍ ആകാം.ബ്ലോഗില്‍ അഭിപ്രായങ്ങളോട് ഒരോ വ്യത്യസ്ത അഭിപ്രായങ്ങളോട് മാത്രം അനുകൂലമായോ,പ്രതികൂലമായൊ സംസാരിക്കുക എന്നതാണ് ചിത്രകാരന്റെ രീതി.എത്ര അടുത്ത സ്ഹൃത്തായാലും അഭിപ്രായ വ്യതാസങ്ങള്‍ ഉണ്ടാകും. സൌഹൃദത്തിനു വേണ്ടി അഭിപ്രായങ്ങള്‍ വിഴുങ്ങേണ്ടി വരുന്നത് സമൂഹത്തെ ദുഷിപ്പിക്കും. ചിത്രകാരന്റെ സുഹൃത്ത് സുനിലിനേയോ,മൈനയേയോ ബ്ലോഗില്‍ ചിത്രകാരന്‍ കാണുന്നില്ല.സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവരുന്ന നല്ലതോ ചീത്തയോ ആയ അഭിപ്രായങ്ങള്‍ക്ക് ചിത്രകാരന്‍ എന്ന സമൂഹ ജീവിയുടെ പ്രതികരണം എന്ന നിലക്ക് പ്രതികരിക്കാന്‍ ചിത്രകാരനു ബാധ്യത്യുണ്ടെന്ന ഒരു വിശ്വാസം മാത്രമാണ്‍ ബ്ലോഗില്‍ സാന്നിദ്ധ്യത്തിനു തന്നെ കാരണം.
എന്നാല്‍ വ്യക്തിപരമായ സൌഹൃദങ്ങള്‍കൊണ്ട് നമ്മുടെ അഭിപ്രായങ്ങളുടെ മുനയൊടിക്കാന്‍ നിലവിലുള്ള വ്യവസ്ഥിതിയുടെ സംരക്ഷകരും,കായികശേഷികൊണ്ട് മറ്റുള്ളവരുടെ വായടക്കാന്‍ ക്ഷുദ്രവാസനകളുള്ള മലിന മനസ്ക്കരായ(മനുഷ്യത്വം നശിച്ചവര്‍) സദാ ശ്രമിച്ചു കൊണ്ടിരിക്കും. അതിനെ പ്രതിരോധിക്കാനുള്ള ഒരു ചെറുശ്രമമാണ് അനോണിത്വം.നമ്മുടെ നാട് അത്രക്ക് സുരക്ഷിതവും, സംസ്കാര സംബന്നവും ആയിത്തീരുംബോള്‍ ഒരു പക്ഷെ അനോണിത്വം ആകര്‍ഷകമല്ലാതായിത്തീരുകയും,ജനം സ്വന്തം പേരുമാത്രമല്ല,കുടുബാംഗങ്ങളുടെ വിശദവിവരവും,ഫോണ്‍ നംബറും സഹിതം ബ്ലോഗില്‍ കൊടുത്തേക്കാം.

ചിത്രകാരന്‍chithrakaran said...

അന്യന്റെ വീട്ടിലെ വാതിലും,ജനലുമെല്ലാം നമ്മുടെ സൌകര്യത്തിനായി തുറന്നിടണമെന്നു പറയുന്നതുപോലെയാണ് അനോണിത്വത്തിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കരുതെന്ന് പറയുന്നത്. സ്വീകാര്യരെമാത്രംസ്വന്തം സ്വകാര്യതയിലേക്ക് സ്വാഗതം ചെയ്യാനും,അല്ലാത്തവര്‍ക്കു മുന്നില്‍ വാതില്‍ തുറക്കാതിരിക്കാനും ഒരാള്‍ക്ക് സ്വാതന്ത്ര്യമില്ലേ?
വാതില്‍ തുറക്കാതെ വരുംബോള്‍ വാതില്‍ തല്ലിപ്പൊളിക്കണമെന്നു പറുയുന്നത് എന്തു മാന്യതയാണുള്ളത്? മൈന അങ്ങിനെ പറഞ്ഞു എന്ന് അര്‍ഥമാക്കരുതെ.ഇത് ഒരു അനോണികള്‍ക്കെതിരെ അലമുറയിടുന്നവര്‍ക്കുള്ള പൊതുമറുപടിയാണ് :)

Ranjith chemmad said...

"അപരനാമം എന്നുള്ളതു വ്യക്തിപരമായ ഒരു കാര്യം ആയതിനാല്‍ തന്നെ ബ്ലോഗര്‍മാരെ അതിനനുവദിക്കുക എന്നുള്ളതാണ് മറ്റുള്ളവര്‍ക്കു അവരോടു ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല സഹായം. അപരനാമത്തില്‍ വരുന്നവരുടെ ഊരും പേരും അവന്റെ എല്ലാവിവരങ്ങളും അറിഞ്ഞെ മതിയാകുള്ളൂ എന്നു പറയുന്നതു ഒരു തരം ഫാസിസമാണ്. ചിലര്‍ പ്രത്യേകിച്ചു യാതൊരു ജോലിയുമില്ലാതെ ബ്ലോഗിംഗ് ചെയ്യുന്നതു പോലെയായിരിക്കില്ല മറ്റുള്ളവരെല്ലാം."

യാരിദ് ന്റെ പിന്നില്‍ ഒരു ഒപ്പ്

സലാഹുദ്ദീന്‍ said...

പ്രിയ യാരിദ്

“മറ്റുള്ളവര് കൂട് അതു ചെയ്യണമെന്നു നിര്‍ബന്ധിക്കാനൊ നിര്‍ദ്ദേശിക്കാ‍നൊ ആരാണധികാരം നല്‍കിയിരിക്കുന്നത്.“

മറ്റൊരാള്‍ എന്ത് ചെയ്യണമെന്ന് നിര്‍ബന്ധിക്കാന്‍ മനുഷ്യരില്‍ ഒരാള്‍ക്കും അധികാരമില്ലെന്ന് തന്നെയാണ് എന്റ്യും പക്ഷം. അത് പോലെ തന്നെയാണ് താന്‍ എഴുതുന്നതും പ്രസംഗിക്കുന്നതും സ്വയം പ്രാവര്‍ത്തികമാക്കാത്തവരുടെയും സ്ഥിതി. മറ്റുള്ളവര്‍ ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും വേണ്ടിയാണല്ലോ എല്ലാവരും എഴുതുന്നത്. ദിവസവും കള്ളുകുടിക്കുന്നവന്‍ മറ്റൊരുവനോട് കള്ളു കൂടിക്കരുതെന്ന് പറയുന്നതിലെ അസാംഗത്യം മാത്രമാണ് ഞാന്‍ ഉദ്ധേശിച്ചത്.

സ്വയം ഒരു വിനോദത്തിന് വേണ്ടി മാത്രം എഴുതുന്നവരെ ഇതില്‍ നിന്നൊഴിവാക്കാം.

മൈന പറഞ്ഞ പോലെ തന്നെ ഇഷ്ടമുള്ള പേര് നല്‍കുന്നതില്‍ കുഴപ്പമൊന്നുമില്ല.പക്ഷെ ആ പേരിന് പിന്നിലുള്ള ആള്‍ തിരിച്ചറിയപ്പെടണം എന്ന അഭിപ്രായം എനിക്കുണ്ട്.

പ്രിയ ചാണക്യന്‍
നാമം അനാവൃതമായി എന്നത് കൊണ്ട് മാത്രം
ഒരാള്‍ പറയുന്നത് സത്യമാകുമെന്ന അഭിപ്രായം എനിക്കുമില്ല. ഒരാളുടെ സത്യസന്തത അയാളുടെ എഴുത്തിനേക്കാള്‍, വാക്കിനേക്കാള്‍ പ്രവൃത്തിയിലാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനാല്‍ തന്നെ ഒളിഞ്ഞിരിക്കുന്നതില്‍ ഒരു ഒളിച്ചുകളിയില്ലെ എന്ന സംശയം എപ്പോഴും ബാക്കിയാവാന്‍ സാധ്യത ഏറെയാണ്.

ചാണക്യന്‍ said...

പ്രിയ സലാഹുദീന്‍
അനോണി എന്നത് ഒളിഞ്ഞിരുന്ന് എഴുതാനുള്ള ഒരു പഴുതല്ല. പലരും അനോണികളാവുന്നതിന് പിന്നില്‍ അവരുടേതായ കാരണങ്ങള്‍ കാണും. അത് പറയാന്‍ അവര്‍ കൂട്ടാക്കാതിരുന്നാല്‍ അതിനെ ചികഞ്ഞ് ചൊറിഞ്ഞ് പുറത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ഒരു നല്ല ഏര്‍പ്പാടാണെന്ന് എനിക്ക് തോന്നുന്നില്ല. സ്വന്തം പേര് ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ലെങ്കില്‍ അനോണിയാവുന്നതിലും കുഴപ്പമില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അനോണിത്വം എന്നത് ഒരു വലിയ കുറ്റമായി മാറ്റിയെടുക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്. അത്തരക്കാരുടെ ഉദ്ദേശശുദ്ധിയെയാണ് ഞാന്‍ ചോദ്യം ചെയ്യുന്നത്.

ഗുപ്തന്‍ said...

മൈന നല്ല നിരീക്ഷണങ്ങള്‍ക്ക് നന്ദി. പേരും വീട്ടുപേരും വച്ചെഴുതാത്തവര്‍ക്ക് തൊട്ടുകൂടായ്മ ഉണ്ടെന്നും അവര്‍ ആണ് ബൂലോഗത്തെ കുറ്റകൃത്യങ്ങള്‍ക്കെല്ലാം പിന്നില്‍ എന്നും ഉള്ള ആശയങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ കഴിഞ്ഞ ആഴ്ചയിലും വന്നിരുന്നു ഒന്നൂരണ്ടെണ്ണം.

വെള്ളെഴുത്തുമാഷിന്റെ കമന്റ് കട്ട് ആന്‍ഡ് പേസ്റ്റ് ചെയ്യാന്‍ തോന്നുന്നു. “എന്റെ മുന്നില്‍ അനാവൃതയായി വരിക എന്നു പഴയ ബ്രാഹ്മണ്യം തന്നില്‍ ചെറിയവരോട് നിഷ്കര്‍ഷിച്ചിരുന്നതിന്റെ ഇനിയും മാഞ്ഞുപോകാത്ത മാനസികാവശിഷ്ടമായും ബ്ലോഗര്‍മാരെല്ലാം തന്റെ മുന്നില്‍ പേരും ഊരും ജാതിയും വെളിപ്പെടുത്തിക്കൊള്ളണമെന്ന ആക്രോശത്തെ കണക്കിലെടുക്കാം. പറഞ്ഞു വന്നാല്‍ മൃദുവായ ഫാസിസം. എം കെ ഹരികുമാര്‍ ഇത്തരമൊരു ആക്രോശം നടത്തിയപ്പോള്‍ പേരയ്ക്ക ഇട്ട പോസ്റ്റാണ് ഓര്‍മ്മ വരുന്നത്. പാസ്പോര്‍ട്ടിന്റെ തലതിരിഞ്ഞ പടം! നിങ്ങള്‍ എന്തു ചെയ്യുന്നു എന്നു നോക്കി അനുകരിക്കുകയല്ല എന്റെ ലക്ഷ്യം, എന്റെ വഴി ഞാന്‍ തെരെഞ്ഞെടുക്കുകയാണ് ജനാധിപത്യത്തിന്റെ രീതി. അതുള്‍ക്കൊണ്ടാലേ തെളിഞ്ഞിരിക്കാനും മറഞ്ഞിരിക്കാനുമുള്ള സ്വാതന്ത്ര്യം എന്തുവകയാണെന്നു മനസ്സിലാവുകയുള്ളൂ.“

തറവാടി said...

അനോണിമിറ്റി വേണോ വേണ്ടയോ എന്നത് എഴുത്തുകാരന്‍‌റ്റെ മാത്രം താത്പര്യമാണ് വായനക്കാരനോ സമൂഹത്തിനോ പ്രത്യേകിച്ചൊരു ഗുണമോ ദോഷമോ ഇല്ല. അതേസമയം വ്യക്തിത്വമുള്ള ( പേരുള്ള എന്നത് വിവക്ഷ ) അനോണി നാമമായിപോലും രാഷ്ട്രീയം പ്രകടമാക്കുമ്പോള്‍ പേരില്ലാത്ത അനോണിക്ക് അതിന്‍‌റ്റെ ആവശ്യം ഉണ്ടാകുന്നില്ല ഈ ഒറ്റ കാരണമാണ് അനോണി സമൂഹത്തിന് ഗുണമാകുന്നതും തത്വം സൂക്ഷിക്കാത്ത അനോണികള്‍ തെമ്മാടിത്തരം കാണിക്കുന്നതും , എതിര്‍ക്കപ്പെടേണ്ടതും.

അതേ സമയം ചിലര്‍ അവകാശപ്പെടുന്നത് പോലെ , അനോണിമിറ്റി എഴുത്തിലുള്ള സ്വാതന്ത്ര്യമല്ല എഴുത്തുകാരന്‍‌റ്റെ വ്യക്തി സ്വാതന്ത്ര്യമാണ് രണ്ടും രണ്ടാണ്.

തറവാടി said...
This comment has been removed by the author.
യാരിദ്‌|~|Yarid said...

“അതേ സമയം ചിലര്‍ അവകാശപ്പെടുന്നത് പോലെ , അനോണിമിറ്റി എഴുത്തിലുള്ള സ്വാതന്ത്ര്യമല്ല എഴുത്തുകാരന്‍‌റ്റെ വ്യക്തി സ്വാതന്ത്ര്യമാണ് രണ്ടും രണ്ടാണ്“-

ഇതൊക്കെ തീരുമാനിക്കുന്നതു ആരാണ്. ഇതിനെന്തെങ്കിലും ക്രൈറ്റീരിയ നിശ്ചയിച്ചു വെച്ചിട്ടുണ്ടൊ? ഒരാളെന്തെഴുതണമെന്നു തീരുമാനിക്കേണ്ടതു മറ്റുള്ളവരാണൊ? അതൊ എഴുത്തുമാരനാണൊ താന്‍ എന്തെഴുതണമെന്നു തീരുമാനിക്കേണ്ടതു. അരുന്ധതി റോയി എന്തെഴുതണമെന്നും എന്തെഴുതേണ്ട എന്നു തീരുമാനിക്കുന്നതും അവരു തന്നെയാണ്. വായനക്കാരനല്ല, വായനക്കാരനുള്ള സ്വാതന്ത്ര്യം ഒരാളെഴുതിയതു വായിക്കണമൊ വേണ്ടയൊ എന്നുള്ളതാണ്.

സലാഹുദ്ദീന്‍ said...

പ്രിയ ചാണക്യന്‍

സാഹചര്യങ്ങള്‍ ഒരു പക്ഷേ ഒരാളെ അനോണിയാക്കാന്‍ നിര്‍ബന്ധിതനാക്കിയേക്കാം.അത് ഒരു കുറ്റമായി കാണേണ്ടതുമില്ല.

മറഞ്ഞിരുന്നു മാത്രം സുവിശേഷം പ്രസംഗിക്കുകയും സ്വ ജീവിതത്തില്‍ അതില്ലാതിരിക്കുകയും ചെയ്യുന്ന ആളുകളോട് മാത്രമേ എനിക്ക് വിയോജിപ്പുള്ളൂ.

അല്ലാതെ എഴുത്തുകാരന്റെ സ്വതന്ത്രിയത്തിന്‍ മേലുള്ള കൈ കടത്തലാണിതെന്നൊക്കെ വാദിച്ചാല്‍ അത്തരക്കാരൊട് സഹതപിക്കുകയല്ലാതെ വഴിയില്ല.

എല്ലാവരുടെയും സ്വതന്ത്ര്യം ഒരേ അളവുകൊല്‍ വെച്ച് അളക്കപ്പെടണം. യോജിക്കാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ വിയോജിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട്.

ചാണക്യന്‍ said...

തറവാടിക്ക്,
എഴുത്തുകാരന്റെ സ്വാതന്ത്ര്യം നിശ്ചയിക്കുന്നത് എന്ത് മാനദണ്ടം വച്ചിട്ടാണ്. മുഖ്യധാര എഴുത്തുകാരുടെ(ബ്ലോഗറല്ല) പല കോപ്രായങ്ങളും മലയാളികള്‍ക്ക് നേരിട്ട് അറിവുള്ളതാണ്. കവി അയ്യപ്പന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ കവിതകളെ അംഗീകരിക്കുന്ന വായനക്കാര്‍ അദ്ദേഹത്തിന്റെ മദ്യപാനാസക്തിയെ അനുകൂലിക്കുന്നില്ല. എന്ന് പറഞ്ഞ് കവി കവിയാവാതിരിക്കുന്നുമില്ല. ആരാകിലെന്ത് എഴുതി വിടുന്നതില്‍ കാര്യമുണ്ടോ എന്നെ വായനക്കാര്‍ നോക്കൂ. പിന്നെ എഴുത്തുകാരന് മാത്രമായി പ്രത്യേക വ്യക്തിസ്വാതന്ത്ര്യങ്ങളൊന്നും തന്നെ അനുവദിച്ചു കൊടുത്തിട്ടില്ല. എഴുത്തുകാരനെന്താ കൊമ്പുണ്ടോ. മുഖ്യ ധാരയിലെ എഴുത്തുകാരന് തൂലികാ നാമം സ്വീകരിക്കാനുള്ള അവകാശമുണ്ടെങ്കില്‍ മറ്റൊരു മീഡിയത്തില്‍കൂടി സംവദിക്കുന്ന ബ്ലോഗര്‍ക്കും അനോണിയായി നില്‍ക്കാനുള്ള അവകാശമുണ്ട്. അങ്ങനെ ചെയ്യാന്‍ പാടില്ലെന്ന് പറയാന്‍ ആര്‍ക്കാണ് അവകാശം. അതിനും വേണ്ടിയുള്ള നിയമസംഹിത നിലവിലുണ്ടോ എന്നറിയില്ല. എന്തെഴുതണം, എങ്ങനെയെഴുതണം, എന്ത് പേരിലെഴുതണം എന്നൊക്കെ ഒരു എഴുത്തുകാരനോട് പറയാന്‍ ഇവിടത്തെ പത്രമൊയലാളിമാര്‍ പോലും മടിക്കുന്നുണ്ട്. കാരണം മാറിയ സാഹചര്യങ്ങളില്‍ അങ്ങനെയൊരു നിര്‍ദ്ദേശം വച്ചാല്‍ എന്ത് സംഭവിക്കുമെന്ന് അവര്‍ക്ക് നന്നായി അറിയാം(ഇതിന് അപവാദമുണ്ടെന്ന കാര്യം മറച്ചു വെയ്ക്കുന്നില്ല)
ഒരു പേരു സ്വീകരിക്കാന്‍ പോലും ഇവിടത്തെ എഴുത്തുകാര്‍ക്ക് സ്വാതന്ത്ര്യമില്ലായെങ്കില്‍ എങ്ങനെയാണ് സ്വതന്ത്ര ചിന്തയും എഴുത്തും പുറത്ത് വരിക. ഒരാള്‍ ഒരു പേര് സ്വീകരിക്കുന്നത് അയാളുടെ വ്യക്തിസ്വാതന്ത്ര്യം തന്നെയാണ് അതിനെ വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് അയാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന് നേരെയുള്ള കൈകടത്തലായെ കാണാന്‍ കഴിയൂ..

ചാണക്യന്‍ said...

പ്രിയ സലാഹുദീന്,
മറഞ്ഞുനിന്ന് സുവിശേഷം പറയുന്നവന്‍ ഏറെക്കാലം ആ പരിപാടിയുമായി മുന്നോട് പോവില്ല.
മുഖ്യധാരയില്‍ നിന്നും അവന്‍ പുറംതള്ളപ്പെടും.
അതായത് സന്തോഷ് മാധവനെന്ന അമൃത ചൈതന്യയെ ജനം തിരിച്ചറിഞ്ഞ പോലെ. അനോണികളില്‍ സന്തോഷ മാധവന്മാര്‍ ഉണ്ടെങ്കില്‍ അവരെ വായനക്കാര്‍ തിരിച്ചറിഞ്ഞ് പുറന്തള്ളി ക്കൊള്ളും..

സാദിഖ്‌ മുന്നൂര്‌ said...
This comment has been removed by the author.
സാദിഖ്‌ മുന്നൂര്‌ said...
This comment has been removed by the author.
സാദിഖ്‌ മുന്നൂര്‌ said...

പേരില്ലാത്ത ബ്ലോഗെഴുത്തിന്‍റെ ബൂലോഗം വാരാദ്യമാധ്യമത്തില്‍ നേരത്തെ തന്നെ വായിച്ചിരുന്നു. നന്നായി. സ്വന്തം പേരും വിലാസവും വെളിപ്പെടുത്തിക്കൊണ്ടു തന്നെ സൗദി അറേബ്യില്‍ ബ്ലോഗറായിരുന്ന ഹദീല്‍ നടത്തിയ ഇടപെടല്‍ ഏറെ ശ്രദ്ധേയമായിരുന്നു. സൗദി പോലൊരു രാജ്യത്ത് അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ ബ്ലോഗ് ഉപയോഗിക്കണമെന്ന് അവര്‍ ശക്തമായി സഹബ്ലോഗര്‍മാരോട് ആഹ്വാനം ചെയ്തിരുന്നു. വ്യാജ പേരുകള്‍ക്കു മുന്നില്‍ മറഞ്ഞിരിക്കാതെ സ്വന്തം വിലാസത്തില്‍ മുന്നോട്ട് വരണമെന്ന് ശക്തമായി പ്രതികരിക്കാനുള്ള വേദിയായി ബ്ലോഗ് ഉപയോഗിക്കണണെന്നുമായിരുന്നു അവരുടെ പക്ഷം. അറബിയിലുള്ള ബ്ലോഗില്‍ അവര്‍ ശക്തമായി തന്‍റെ ദൗത്യം നിറവേറ്റുകയും ചെയ്തു.
ഹദീല്‍ പക്ഷേ ഏതാനും ദിവസം മുന്പ് ലോകത്തോട് വിടപറഞ്ഞു. അവരെക്കുറിച്ച അനുസ്മരണക്കുറിപ്പ് വായിക്കാം.

തറവാടി said...

യാരിദേ , ചാണക്യന്‍ ,

ഒരെഴുത്തുകാരന്‍ താമസിക്കുന്ന സ്ഥലത്തെ അധികാരികള്‍ ( ഉദാഹരണം :സര്‍‌ക്കാര്‍ ) സാധാരണ പൗരന്‍‌മാര്‍ക്ക് കൊടുക്കുന്ന സ്വാതന്ത്ര്യമില്ലെ അതാണ് വ്യക്തി സ്വാതന്ത്ര്യം എന്നു വിവക്ഷിച്ചത് , അതുതന്നെയാണ് എഴുത്തുകാരന് ലഭിക്കുന്നതും ,സാധാരണ പൗരനേക്കാള്‍ കൂടുതലൊന്നും ലഭിക്കില്ല (പത്രപ്രവര്‍‌ത്തകരുടെ കാര്യം പറഞ്ഞ് തിരിച്ചുള്ള ചോദ്യം അത് സ്വാതന്ത്ര്യമല്ലെന്നാദ്യമേ പറയുന്നു :))

ഇനി എഴുത്തിലെ സ്വാതന്ത്ര്യം , എഴുത്തുകാരന്‍‌ തന്‍‌റ്റെ എഴുത്തിലെടുക്കുന്ന സ്വാതന്ത്ര്യമാണത്.
( വ്യക്തിസ്വാതന്ത്ര്യം എഴുത്തിലെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന്‌കൂടി പറയുന്നു.

രണ്ട് പേരോടും ,

അനോണിമിറ്റിയുടെ അവകാശത്തെപ്പറ്റിയോ , പാടില്ലെന്നോ ; പാടുണ്ടെന്നോ ഞാന്‍ പറഞ്ഞില്ല ദയവ് ചെയ്ത് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനു മുമ്പെ കമന്‍‌റ്റ് മനസ്സിരുത്തിവായിക്കാന്‍ അഭ്യാര്‍ത്ഥിക്കുന്നു :)

manjalykkaran said...

ABDUL LATHEEF MAANJAALY
Read in Madhyamam.sent my comment to them.do not know whether they will publish it or not!.
let me tell u one thing.u wont blv it.during my school days I wrote a kutty lekhanam "perinte peril" & sent it to madhyamam & they published it in edit page as a middle.Now can u imagine it.and chiri adakkillenkil njan oru karyam koody parayam .the artcle starts 'oru perilenthirikkunnu? if i get the old clipping i will scan it and send it to u.
oru pakshe mahaan maarum mahathikalum ore pole chinthikkunnathu kondaayirikkam alle? ok

യാരിദ്‌|~|Yarid said...

"ഒരെഴുത്തുകാരന്‍ താമസിക്കുന്ന സ്ഥലത്തെ അധികാരികള്‍ ( ഉദാഹരണം :സര്‍‌ക്കാര്‍ ) സാധാരണ പൗരന്‍‌മാര്‍ക്ക് കൊടുക്കുന്ന സ്വാതന്ത്ര്യമില്ലെ അതാണ് വ്യക്തി സ്വാതന്ത്ര്യം എന്നു വിവക്ഷിച്ചത് , അതുതന്നെയാണ് എഴുത്തുകാരന് ലഭിക്കുന്നതും ,സാധാരണ പൗരനേക്കാള്‍ കൂടുതലൊന്നും ലഭിക്കില്ല (പത്രപ്രവര്‍‌ത്തകരുടെ കാര്യം പറഞ്ഞ് തിരിച്ചുള്ള ചോദ്യം അത് സ്വാതന്ത്ര്യമല്ലെന്നാദ്യമേ പറയുന്നു :))"


തറവാടി ചക്കയെക്കുറിച്ചു ചോദിക്കുമ്പോള്‍ മാങ്ങയെ ക്കുറിച്ചു പറയരുത്...!!!!

തറവാടി said...

മലയാളം വായിച്ച് മനസ്സിലാക്കാന്‍ കഴിയാത്തവര്‍ക്ക് മനസ്സിലാവാന്‍ കൊടുക്കുന്ന ഉദാഹരണങ്ങളെ ചിലര്‍ക്ക് ചക്കയെന്നും മാങ്ങയെന്നും ഒക്കെ തോന്നും :)

യാരിദ്‌|~|Yarid said...

ഇതിനുള്ള മറുപടി തരുന്നില്ല തറവാടിക്കു..അറിയില്ലാത്തതു കൊണ്ടല്ല. വേണ്ടാന്നു വെക്കുന്നു...:)

चेगुवेरा ചെഗുവേര said...

മൈനയും അഞ്ജാതനും സന്ധിയായി..ചെഗുവേര പുറത്തും..വെടിവെച്ചുകൊന്ന ശേഷം ശവം എന്തു ചെയ്തു എന്നു പോലും വെളിപ്പെടുത്താന്‍ അറച്ച ലോകമല്ലേ..മഞ്ഞാളിയും മൈനയും കേക്കാന്‍ പറയട്ടെ..വാക്കുകളും ചീന്തയും ആരുടെയും കുത്തകയല്ല..
’ഒരു പേരിലെന്തിരിക്കുന്നു‘ എന്നു ആദ്യം ചോദിച്ചതു ഷെക്സ്പിയറാണ് എന്നു കേട്ടിട്ടുണ്..പലരും ഇങ്ങനൊക്കെ ചിന്തിച്ച് അവരവരുടെ വീക്ഷണത്തില്‍ എഴുതാറുമുണ്ട്.

ചന്തു said...

നാളുകള്‍ക്കു മുന്നേ ചര്‍ച്ച ചെയ്തിട്ടുള്ള വിഷയമാണിത്.പേര് വെളിപ്പെടുത്തുന്നതും വെളിപ്പെടുത്താതിരിക്കുന്നതും അവരവരുടെ ഇഷ്ടം..

മൈനയെപ്പറ്റി ഒരു വാരികയില്‍ അടുത്തിടെ വായിച്ചിരുന്നു..

ഇട്ടിമാളു said...

മൈന.. നേരത്തെ വായിച്ചിരുന്നു... :)

കുട്ടിമാളുവിന്റെ കുട്ടിക്ക് ഇട്ടിമാളു ന്ന് പേരിടണമെന്ന് എന്റെ അച്ഛനും അമ്മക്കും തോന്നിയില്ല...അങ്ങിനെ വേണമെന്ന് പറയാന്‍ എനിക്കന്ന് സംസാരശേഷി കിട്ടിയിട്ടുമില്ലാരുന്നു.. പിന്നെ അല്പം വിവരം വെച്ചപ്പൊ തോന്നി ഇനി ഇപ്പൊ ഞാന്‍ പേരുമാറ്റിയിട്ട് അവര്‍ക്കൊരു വിഷമമാവണ്ടാന്ന്.. എന്നാ ശരി ഈ സങ്കല്പലോകത്തിലെങ്കിലും ഞാന്‍ ഇട്ടിമാളുവായിരുന്നോട്ടെ.. :)

ഗുപ്തന്‍ said...

ഓഫാണേ... മൈനയോട് മാപ്പ്.

ചക്കയെക്കുറിച്ചു പറയുന്നിടത്ത് മാങ്ങയെക്കുറിച്ച് പറയാനും ചക്ക മനസ്സില്‍ വച്ചിട്ട് മാങ്ങ എന്ന് പോസ്റ്റിടാനും ഏതു ചക്കക്കും മാങ്ങ എന്നു യൂസര്‍നെയിം എടുക്കാനും ഉള്ള ലതാണ് യാരിദേ ഈ വെക്തിസാതന്ത്ര്യം വെക്തിസാതന്ത്ര്യം എന്നൊക്കെപ്പറേണത്.. കാര്യം മനസ്സിലാക്കാതെ സംസാരിക്കരുത് :))

ഗുപ്തന്‍ said...
This comment has been removed by the author.
തറവാടി said...

കണ്ടാ... യാരിദേ... ഗുപ്തനെ കണ്ടാ...
ഓന്ക്ക് പുത്തിണ്ട്... ;)

ഗുപ്താ അനക്ക് ഞാന്‍ വെച്ചിട്ടുണ്ട് :)

യാരിദ്‌|~|Yarid said...

ഉണ്ടെന്ന് പറയപ്പെടുന്ന “തറവാടിത്തരം” മാത്രം പോരല്ലൊ തറവാടി. അല്പം ബുദ്ധി കൂടെ വേണ്ടെ..യേത്..;)

തറവാടി said...

:)

amv said...

സുകുമാര്‍ അഴീക്കോട് പേരുകളെ കുറിച്ചു പണ്ടു എഴുതിയിട്ടുണ്ട് (മനേക ഗാന്ധിയുടെ ഒരു ബുക്ക് റിവ്യൂ ആയിരുന്നു എന്ന് തോന്ന്ന്നു). പേരുകളെ കുറിച്ചു പറയുന്നതെല്ലാം ആശയപരമായി അതും ഇതും ഒന്നല്ലേ എന്നൊരു സംശയം !

അനില്‍ ഐക്കര said...

congrats myna...we will see soon..

ദസ്തക്കിര്‍ said...

ഞാന്‍ പേരക്കയെന്ന പേരുമാറ്റി ശരിക്കും പേരിട്ടു. അതെന്റെ ഇഷ്ടം. ഇനി ചിലപ്പോ വെള്ളരിക്ക എന്നാക്കിയേക്കും. അതും എന്റെ മനോധര്‍മം. ഇപ്പോ ചിലര്‍ ചോദിക്കുന്നു ദസ്തക്കിര്‍-ഇതെന്തു പേരെന്ന്? അപ്പൊ പേരൊന്നുമല്ല ഇവിടെ പ്രശ്നം.

അനോണി മാഷ് said...

മാമോദീസ മുക്കിയപ്പോള്‍ എനിക്ക് അനോണി എന്നു പേരിട്ടത് എന്റെ തെറ്റാണോ? ഫോട്ടൊയെടുത്ത് പ്രദര്‍ശിപ്പിക്കാന്‍ പറ്റാത്ത ഒരു മോന്തയായിപ്പോയത് എന്റെ കുറ്റമാണോ? കാശടക്കാത്തതിന് ഫോണ്‍ കണക്ഷന്‍ കട്ടു ചെയ്തതു കൊണ്ട് നമ്പര്‍ കൊടുക്കാന്‍ പറ്റാത്തതിന് ഞാനെന്തു പഴിച്ചൂ?

sudheermukkam said...

ഞന് ആ ലെഖനം വായിചിരുന്നു ഇപ്പൊഴനു ബ്ലൊഗ് വായിചദു.പൊധുവിൽ പെരുകൽക്കു വന്ന മാറ്റതേ കുരിചുല്ല പരാമർഷം നന്നായി

sudheermukkam said...

ഞന് ആ ലെഖനം വായിചിരുന്നു ഇപ്പൊഴനു ബ്ലൊഗ് വായിചദു.പൊധുവിൽ പെരുകൽക്കു വന്ന മാറ്റതേ കുരിചുല്ല പരാമർഷം നന്നായി