Tuesday, February 5, 2008

ആനന്ദമാര്‍ഗ്ഗം വായിക്കുമ്പോള്‍

...."മധ്യവയസ്സില്‍ ആത്മഹത്യ ചെയ്യുന്നവരാണോ ടീച്ചറെ നമ്മള്‍?"
രാധാമണി ദേവകി ടീച്ചറിനോട്‌ ചോദിച്ചു.
"അതങ്ങനാ രാധാമണീ, ഒരു നദിക്കു ഒഴുക്കു നിലയ്‌ക്കും പോലെ അതങ്ങു നിന്നു കഴിഞ്ഞാല്‍ പിന്നെ നമ്മുടെ ശരീരം ആര്‍ക്കും വേണ്ട്‌."
മഞ്ഞ്‌ ഓരോ മുഖത്തെയും മറച്ചു.
"ഇനി മുതല്‍ നമുക്കും ചിലതൊക്കെ വേണമെങ്കിലോ?"
.......
(ആനന്ദമാര്‍ഗ്ഗം-ഉണ്ണി ആര്‍)


"നമുക്കും ഇങ്ങനെയൊന്ന്‌ ടൂര്‍ പോയാലോ" എന്നാണ്‌ ആനന്ദമാര്‍ഗ്ഗം എന്ന കഥവായിച്ച എന്റെ സഹപ്രവര്‍ത്തകര്‍ പ്രതികരിച്ചത്‌.
ഒരു കഥ വായിച്ചാല്‍ ഇതിലപ്പുറം ഒരു കഥാകൃത്തിന്‌ എന്താണ്‌ ലഭിക്കേണ്ടത്‌ എന്ന്‌ ഓര്‍ത്തുപോയി.

ഒരു സ്‌കൂളിലെ അധ്യാപികമാര്‍ വിനോദയാത്രക്ക്‌ പോകുന്ന കഥയാണ്‌ ആനന്ദമാര്‍ഗ്ഗം. നാല്‌പത്തിയഞ്ചു വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍ മാത്രമേ ഒരു ദിവസം തങ്ങി പിറ്റേന്നുള്ള മടക്കത്തിനു തയ്യാറാകുന്നുള്ളു.
അങ്ങനെ അവര്‍ തേക്കടിക്കു പുറപ്പെടുന്നു. ഇഷ്‌ടമുള്ള വേഷങ്ങള്‍ ധരിച്ച്‌ ആടിപ്പാടി അവര്‍ യാത്രയാവുന്നു. ഡ്രൈവറേയോ കിളിയേയോ അവര്‍ തങ്ങളുടെ യാത്രയില്‍ ഭാഗമാക്കുന്നില്ല. സ്‌ത്രീകള്‍മാത്രം. രാത്രി തങ്ങുന്ന ബംഗ്ലാവുല്‍ നിന്നും സൂക്ഷിപ്പുകാരനും പോയിക്കഴിഞ്ഞപ്പോള്‍, സ്‌ത്രീകളുടെ മാത്രം ലോകം തീര്‍ക്കുകയാണവര്‍. മദ്ധ്യ വയസ്‌ക്കരായ അവര്‍ അവരവരുടെ ദുഖങ്ങള്‍ പങ്കുവെയ്‌ക്കുന്നു.

ഉണ്ണി ആര്‍ എഴുതിയ ഈ കഥ വായിക്കുമ്പോള്‍ മറ്റൊരു ലോകത്ത്‌ എത്തിപ്പെടുന്നു. ചിരി, പിന്നെ സങ്കടം ...വായിച്ചു കഴിയുമ്പോള്‍ ഈ കഥ വിടാതെ പിന്തുടരുന്നു. വായനക്കാരും ആ വിനോദയാത്രയില്‍ അവരിലൊരാളി മാറുന്നു.
ഒരു കഥയുടെ വിജയവും അതാവാം.

ഈ കഥ വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ സഹപ്രവര്‍ത്തകരെക്കൂടി വായിപ്പിക്കണമെന്നു തോന്നിപ്പോയി. അങ്ങനെയാണ്‌ ഇടവേള നേരത്ത്‌ മുന്നു സഹപ്രവര്‍ത്തകമാരും ഈ കഥ വായിച്ചത്‌. വായിച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ക്കു കണ്ണു നിറഞ്ഞു. രണ്ടുപേര്‍ മിണ്ടാനാവാതെ ഇരുന്നു.

ഈ ആഴ്‌ചത്തെ മാതൃഭൂമി ആഴ്‌ചപ്പതിപ്പിലാണ്‌ ആനന്ദമാര്‍ഗ്ഗം വന്നത്‌.
വായിക്കാന്‍ താത്‌പര്യമുള്ളവര്‍ വായിക്കുക. തീര്‍ച്ചയായും വായനക്കാരെ നിരാശ
പ്പെടുത്തില്ല ഈ കഥ.

ഒപ്പം കഥാകൃത്തിന്‌ ഭാവുകങ്ങള്‍ നേരുന്നു.

11 comments:

Myna said...

അവര്‍ തേക്കടിക്കു പുറപ്പെടുന്നു. ഇഷ്‌ടമുള്ള വേഷങ്ങള്‍ ധരിച്ച്‌ ആടിപ്പാടി അവര്‍ യാത്രയാവുന്നു. ഡ്രൈവറേയോ കിളിയേയോ അവര്‍ തങ്ങളുടെ യാത്രയില്‍ ഭാഗമാക്കുന്നില്ല. സ്‌ത്രീകള്‍മാത്രം. രാത്രി തങ്ങുന്ന ബംഗ്ലാവുല്‍ നിന്നും സൂക്ഷിപ്പുകാരനും പോയിക്കഴിഞ്ഞപ്പോള്‍, സ്‌ത്രീകളുടെ മാത്രം ലോകം തീര്‍ക്കുകയാണവര്‍. മദ്ധ്യ വയസ്‌ക്കരായ അവര്‍ അവരവരുടെ ദുഖങ്ങള്‍ പങ്കുവെയ്‌ക്കുന്നു.

Pongummoodan said...

നന്ന്.

ശാലിനി said...

മൈനേ, എനിക്ക് ആ കഥയൊന്നു വായിക്കണം, പ്ലീസ് ഒന്നു സ്കാന്‍ ചെയ്തിടാമോ?

ഇവിടെ മാതൃഭൂമി കിട്ടാന്‍ വലിയ പ്രയാസമാണ്. പ്ലീസ്. മൈനയുടെ ഈ പോസ്റ്റ് ആ കഥവായിക്കാന്‍ എന്നെ കൊതിപ്പിച്ചു, ശരിക്കും.

siva // ശിവ said...

Thanks for introducing the story...and the writer...

കാഴ്‌ചക്കാരന്‍ said...

നന്നായി ഈ പരിചയപ്പെടുത്തല്‍

കാഴ്‌ചക്കാരന്‍ said...

നന്നായി ഈ പരിചയപ്പെടുത്തല്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നന്നായി ഈ പരിചയപ്പെടുത്തല്‍ അതോടൊപ്പം
കഥാകൃത്തിന്‌ ഭാവുകങ്ങള്‍ നേരുന്നു.

സാക്ഷരന്‍ said...

നല്ല കഥ

ഭൂമിപുത്രി said...

എന്റെ ഇഷ്യു ആടിപ്പാടി പോസ്റ്റിലെത്തുന്നതേയുള്ളു..കുറിപ്പിനുനന്ദി മൈന,അല്ലെങ്കില്‍ ചിലപ്പോള്‍ ഞാന്‍ വായിയ്ക്കാതെ
വിട്ടേനെ.

Myna said...

പോങ്ങുമൂടന്‍, ശിവകുമാര്‍കാഴ്‌ചക്കാരന്‍, മിന്നുമിനുങ്ങേ, സാക്ഷരാ, ഭൂമിപുത്രി എല്ലാവര്‍ക്കും നന്ദി. കഥവായിച്ചു നോക്കു. പിന്നെ ശാലിനി..മാതൃഭൂമി കിട്ടാന്‍ പ്രയാസമുള്ളതുപോലെ തന്നെയാണ്‌ എനിക്ക്‌ സ്‌കാന്‍ ചെയ്‌തിടലും. പിന്നെ പകര്‍പ്പവകാശത്തെ മാനിക്കേണ്ടേ..ഏതായാലും അധികം വൈകാതെ പുസ്‌തകമായേക്കാം.

വായിച്ചവരൊക്കെ നല്ല അഭിപ്രായം പറയുന്നു. അടുത്തെങ്ങും കഥവായിച്ചിട്ട്‌ കഥയാണെന്ന്‌ തോന്നിയില്ല. ഇതാണ്‌ കഥ എന്ന്‌.
എല്ലാവര്‍ക്കും നന്ദി.

അനാഗതശ്മശ്രു said...

ഈയിടെ മാതൃഭൂമിയില്‍ ഇങ്ങിനെയുള്ള്‌ കഥകള്‍ക്കാ പ്രസിധീകരണ ഭാഗ്യം!
ഇത്തിരി ചൊറിച്ചുമല്ലലും തെറിയും അശ്ലീല പടങ്ങളും പുതിയ ആഴ്ചപ്പതിപ്പിന്റെ മുഖം മാറിയത്‌ ഈ കഥക്കും ആപ്ലികബിള്‍