നിരന്തരം ശല്യപ്പെടുത്തിയപ്പോഴാണ് സൈ്വര്യക്കേടൊഴിയാന്‍ അമ്മ ഞങ്ങളെ സിനിമക്കു വിട്ടത്. അന്നു വരെ സിനിമയോ തീയറ്ററോ ഞങ്ങള്‍ക്ക് പരിചതമായിരുന്നില്ല.
അമ്മയുടെ പുതിയ ജോലിസ്ഥലം എന്തുകൊണ്ടും ഞങ്ങള്‍ക്ക് ബോധിച്ചു. അന്നു വരെ ഞങ്ങള്‍ താമസിച്ചിരുന്ന കുഗ്രാമത്തില്‍ നിന്ന് മറയൂരിലേക്കുള്ള താമസം മാറ്റം വെളിച്ചത്തിലെത്തിപ്പെട്ടതുപോലെയായിരുന്നു.
എങ്ങും ചന്ദനമരങ്ങള്‍, ചുവപ്പും റോസും കൊങ്ങിണി പൂക്കള്‍, കരിമ്പു തോട്ടങ്ങള്‍, ......അതിലേറെ അയല്‍വാസി ജോഷിച്ചേട്ടന്റെ വീടും പറമ്പും പറുദീസയായിരുന്നു.
മുന്തിരിവള്ളി, പപ്പായമരങ്ങള്‍, ഫാഷന്‍ഫ്രൂട്ട് , പേര, മാതളനാരകം, നെല്ലി, മുറ്റത്ത് കനകാംബരം,പിച്ചി, പലതരത്തിലും നിറത്തിലും പനിനീര്‍പൂക്കളും...വയലില്‍ നിലക്കടല, പിന്നീടങ്ങോട്ട് കരിമ്പിന്‍ തോട്ടം. തോട്ടത്തിനിടയിലൂടെ തെളിഞ്ഞൊഴികിയ കൈത്തോട്....ഭൂമിയിലെ സ്വര്‍ഗ്ഗത്തിലെത്തപ്പെട്ടതുപോലെ ഞങ്ങള്‍ ആ പരിസരത്ത് കളിച്ചു നടന്നു.
ഞാനന്ന് മൂന്നിലും അനിയത്തി രണ്ടിലുമാണ് പഠിക്കുന്നത്. അധികം ദൂരത്തല്ല ചന്ദന തീയറ്റര്‍. സിനിമയെക്കുറിച്ച് കേട്ടറിവുകളെ ഉള്ളൂ. സിനിമ കാണണമെന്നു പറയുമ്പോഴൊക്കെ അമ്മയക്ക് അലക്കൊഴിഞ്ഞിട്ട് നേരമില്ല.
സൈ്വര്യം കെട്ടപ്പോള്‍ അമ്മ ജോഷിച്ചേട്ടന്റെ കൂടെ ഞങ്ങളെ മാറ്റിനിക്കു പറഞ്ഞയച്ചു. ജോഷിച്ചേട്ടന്‍ അന്ന് ഒന്‍പതില്‍ പഠിത്തം നിര്‍ത്തി വീട്ടിലെ മാടുകളെ കാട്ടിലേക്കടിച്ചും വൈകിട്ട് തിരിച്ചടിച്ചും നടക്കുന്ന കാലം.
എന്തോ ഞങ്ങള്‍ ഇത്തിരിപോന്ന കൊച്ചുങ്ങളുടെ കൂടെയിരുന്ന് സിനിമകാണാന്‍ പറ്റില്ലെന്നു തോന്നിയാവണം ടിക്കറ്റെടുത്ത് ഞങ്ങളെ തീയറ്ററിനകത്ത് ഇരുത്തിയിട്ട് മൂപ്പര്‍ മുങ്ങി. മുമ്പേ അമ്മയോട് പറഞ്ഞതുമാണ്.
സിനിമ മൂന്നു മണിക്കാണ് തുടങ്ങുന്നത്. സിനിമ കഴിഞ്ഞ് കാട്ടില്‍ പോയി മാടുകളെ തിരിച്ചടിക്കാന്‍ ബുദ്ധിമുട്ടാണെന്നു പറഞ്ഞാണ് ജോഷിച്ചേട്ടന്‍ ടിക്കറ്റെടുത്ത് കയറ്റി വിടാം എന്നേറ്റത്. വീട്ടിലേക്ക് അധികം ദൂരത്തല്ലാത്തതുകൊണ്ട് ഞങ്ങള്‍ തനിച്ചു മടങ്ങിക്കോളാം എന്നേറ്റു.
തീയറ്ററിനുള്ളില്‍ മങ്ങിയ വെളിച്ചം.
വലിയൊരു വെള്ളത്തുണി വലിച്ചു കെട്ടിയിരിക്കുന്നു.
തുണിക്കിരുവശവും ഭിത്തിയില്‍ ശകുന്തള മാന്‍പേടയെ ഓമനിക്കുന്ന ചിത്രം വരച്ചു വെച്ചിരുന്നു. തുണിക്കു താഴെ ചുവപ്പു പെയിന്‍റടിച്ച കുറെ ഇരുമ്പുതൊട്ടിള്‍ തൂക്കിയിരുന്നു. അതെന്തിനാണെന്ന് മനസ്സിലായില്ല.
ഏറ്റവും മുന്നില്‍ കുറേ സ്‌ഥലം ഒഴിഞ്ഞു കിടന്നിരുന്നു. അതിനടുത്തായി ബഞ്ചുകള്‍. ഞങ്ങളിരുന്നത് നടുക്കാണ്- സെക്കന്റ് ക്ലാസ്. അവിടെ ചാരു ബെഞ്ചാണ്. ഏറ്റവും പുറകില്‍ കസേര. ജോഷിച്ചേട്ടന്‍ എന്തിനാണ് ഞങ്ങളെ നടുക്കു കൊണ്ടുപോയി ഇരുത്തിയത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. മുമ്പിലിരുന്നാല്‍ മതിയായിരുന്നു. നല്ലോണം കാണായിരുന്നു-
എന്നോര്‍ത്ത് സങ്കടപ്പെട്ടു.
പിന്നെ സമാധാനിച്ചു. എറ്റോം പുറകിക്കൊണ്ടിരുത്തിയില്ലല്ലോ.
കുറച്ചു സമയം അങ്ങനെ ചിന്തിച്ചും എന്തൊക്കെയോ സംസാരിച്ചും ഇരുന്നപ്പോഴേക്കും ആളുകള്‍ നിറഞ്ഞു. മുന്നില്‍ നിന്ന് വെളുത്ത പുകച്ചുരുളുകള്‍ മേലോട്ടുയര്‍ന്നു. ബീഡിയുടെ കട്ടു മണം...ഛര്‍ദിക്കാന്‍ തോന്നി.
അക്കാലത്ത് മറയൂര്‍ ചന്ദനയിലും കോവില്‍ക്കടവ് റോസയിലും തമിഴ് സിനിമകളാണ് വരാറ്.
അന്നു വരെ കാണാത്ത അത്ഭുതം ഞങ്ങള്‍ നോക്കിയിരുന്നു. ് അന്നുവരെ കാണാത്ത നടന്മാരെയും ഭാഷയും കഥയും ഒന്നും മനസ്സിലാവാതെ മിഴിച്ചിരുന്നു കണ്ടു. സാധാരണ മനുഷ്യനേക്കാള്‍ പത്തെരട്ടിയോളം വലിപ്പമുള്ള മുഖങ്ങളും ഓട്ടവും ചാട്ടവും ബസ്സും കാറും പല പല നിറങ്ങളും പാട്ടും ഡാന്‍സും....ഒന്നുമൊന്നും മനസ്സിലായില്ലെങ്കിലും വെള്ളിത്തിരയിലെ ആ അത്ഭുതം ഞങ്ങള്‍ക്ക് രസിച്ചു. എവിടെ നിന്നാണ് സിനിമവരുന്നതറിയാന്‍ ചുറ്റും നോക്കി. ഒരു പിടുത്തവുമില്ല. പുറകോട്ട് തിരിഞ്ഞു നോക്കുമ്പോള്‍ തലക്കു മുകളിലൂടെ ടോര്‍ച്ചടിക്കുന്നതു പോലെ ഒരു വെളിച്ചം കടന്നു പോകുന്നുണ്ട്‌്. അങ്ങനെ രസിച്ചിരുന്നു കാണുമ്പോഴാണ് സിനിമ തീര്‍ന്നത്. ഇനി എന്തെങ്കിലുമുണ്ടോ എന്നറിയാന്‍ ചാരുബഞ്ചില്‍ അമര്‍ന്നിരുന്നു നോക്കി. നേര്‍ത്ത വെളിച്ചത്തില്‍ വെളുത്തതുണി മാത്രം.
പുകച്ചുരുളുകള്‍ വീണ്ടുമുയര്‍ന്നു. ആളുകള്‍ പുറത്തേക്കു കടക്കുന്നു. ഞങ്ങളും എഴുന്നേറ്റ് പുറത്തേക്കു നടന്നു. പുറത്തിറങ്ങിയപ്പോള്‍ കണ്ണിനു പുളിപ്പ്. വെയിലിനു ശക്തി കൂടിയതു പോലൊരു തോന്നല്‍. നല്ല പ്രകാശം.
ആദ്യമായി സിനിമ കണ്ടു എന്ന അത്യാഹ്ലാദത്തില്‍ ഞങ്ങള്‍ ഓടിയും ചാടിയും പുതുക്കടക്ക് അടുത്തുകൂടിയുള്ള വഴിയെ പട്ടിക്കാട്ടിലെ തീട്ടപ്പറമ്പ് കടന്ന് വൃത്തിഹീനമായ തെരുവിലൂടെ കരിമുട്ടിയിലേക്കുള്ള വഴിയേ ....
നേരെ ജോഷിച്ചേട്ടന്റെ വീട്ടിലേക്കാണു ചെന്നത്. അമ്മ മുറ്റത്തെ മുന്തിരവള്ളിക്കരുകിലിട്ടിരുന്ന ഉരലില്‍ അരി ഇടിച്ചു കൊണ്ടു നില്‌ക്കുന്നു.
അമ്മ സിനിമാക്കഥ ചോദിക്കുമെന്നും കണ്ട അത്ഭുതം വാതോരാതെ പറയണമെന്നും വിചാരിച്ചത് തെറ്റി.
ഞങ്ങളെ കണ്ടതേ അമ്മ അര ഇടിക്കല്‍ നിര്‍ത്തി ഉലക്ക പിടിച്ചു നിന്ന് ചോദിച്ചു. ഇത്ര വേഗം സിനിമ തീര്‍ന്നോ?
തീര്‍ന്നു എന്ന് ഞങ്ങള്‍
ചേച്ചിയെ നേരമെന്നായി..എന്ന് അമ്മ ജോഷിച്ചേട്ടന്റെ അമ്മ ഏലിയാമ്മ ചേച്ചിയോട് വിളിച്ചു ചോദിച്ചു. അമ്മയ്‌ക്കുണ്ടായ സംശയം തീര്‍ക്കണമല്ലോ.
അപ്പോള്‍ നാലരമണിയായിരുന്നു.
പിന്നെ ഉച്ചത്തിലുള്ള കൂട്ടച്ചിരിയാണ് ഞങ്ങള്‍ കേട്ടത്.
കാരണം ഞങ്ങള്‍ ഇന്റര്‍വെല്ലിനാണ് ഇറങ്ങിപ്പോന്നത്‌്.
8 comments:
ഏറ്റവും മുന്നില്‍ കുറേ സ്‌ഥലം ഒഴിഞ്ഞു കിടന്നിരുന്നു. അതിനടുത്തായി ബഞ്ചുകള്‍. ഞങ്ങളിരുന്നത് നടുക്കാണ്- സെക്കന്റ് ക്ലാസ്. അവിടെ ചാരു ബെഞ്ചാണ്. ഏറ്റവും പുറകില്‍ കസേര. ജോഷിച്ചേട്ടന്‍ എന്തിനാണ് ഞങ്ങളെ നടുക്കു കൊണ്ടുപോയി ഇരുത്തിയത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. മുമ്പിലിരുന്നാല്‍ മതിയായിരുന്നു. നല്ലോണം കാണായിരുന്നു-
എന്നോര്‍ത്ത് സങ്കടപ്പെട്ടു.
ഹ ..ഹ..ഹ...എങ്ങനെ ചിരിയ്ക്കാതിരിയ്ക്കും!നിഷ്ക്കളങ്കതയുടെ പ്രായത്തിലെ നിഷ്ക്കളങ്കമായ ഒരു ചെയ്തി ആണെങ്കിലും നന്നായി രസിച്ചു!
ആദ്യമായുണ്ടാകുന്നതെന്തും നമുക്കു പ്രിയപ്പെട്ടതാണല്ലോ..ആദ്യമായി നടക്കുന്നത് മുതല്‍, ആദ്യം അക്ഷരം കുറിയ്ക്കുനതു മുതല്‍...അതു നീണ്ടു നീണ്ട് അദ്യാനുരാഗവും, ആദ്യ ചുംബനവും വരെ നീണ്ട് പോകുന്നു.
ഇത്തരം ആദ്യാനുഭവങ്ങളുടെ ഓര്‍മ്മകള്‍ പലപ്പോളും മധുരിയ്ക്കുന്നതാവാം..ചിലപ്പോള്‍ തിരിച്ചുമാവാം..മൈനയുടെ ഈ ചെറിയ ജീവിതാനുഭവം സ്വന്തം ഭൂതകാലങ്ങളിലേയ്യ്ക്കു ഒന്നു തിരിഞ്ഞു നോക്കാന്‍ പ്രേരകമാവും, തീര്‍ച്ച..
പെട്ടെന്നു ഞാന്‍ ആദ്യം കണ്ട സിനിമ ഏതാണെന്നു ഓര്‍ത്തു...പിടി കിട്ടി “വാഴ്വേമായം”........!!എല്ലാന്‍ അങ്ങനെയല്ലേ
ഹഹ! ഇന്റര്‍വെല്‍ സമയത്തിറങ്ങി പോന്നുവോ?
ഇടുക്കിക്കാരിയാണു ഞാനും. ഞാന്‍ ആദ്യമായി കാണാന്‍ പോയ സിനിമ കണ്ടില്ല! ഫസ്റ്റ് ക്ലാസും സെക്കന്റ് ക്ലാസും തമ്മില്‍ തിരിയ്ക്കുന്ന മതിലു ചാടിക്കളിച്ചു. എന്നാലിനി ഇത്തിരി നേരം കണ്ടേക്കാം എന്നു കരുതി എവിടെയോ ഇരുന്നപ്പോള്‍ ആരോ എന്റെ കണ്ണു പൊത്തി. കുട്ടികള്‍ കാണരുതാത്ത സീന്‍ ആണത്രേ!
ആദ്യം കണ്ടത്,
ഓര്‍മ്മയില്ല ഒന്നും.
ആദ്യം കണ്ട വെളിച്ചത്തെ,
കാറ്റിനെ
ഇലയെ
ജലത്തെ
സ്വപ്നത്തെ....
ഈ കുറിപ്പ് ഇങ്ങിനെയൊരു
കാവ്യവിചാരരേഖ നല്‍കി.
ആദ്യം കണ്ട സിനിമയേതാണ്? ഓര്‍മ്മ തെളിയുന്നില്ല, പണിതീരാത്ത വീടാണെന്നു തോന്നുന്നു, കണ്ണൂര്‍ പ്രഭാതില്‍ നിന്നും. പ്രഭാത് പൊളിച്ചു മാറ്റി ഷോപ്പിംഗ് കോംപ്ലക്സും ഫ്ലാറ്റും വന്നു അവിടെ ഇപ്പോള്‍.
hi...hi...what i say. it is so funny...
:)
ആദ്യ സിനിമയുടെ ഓര്‍മ്മകുറിപ്പ് കൊള്ളാം!
Post a Comment